അപ്പാപ്പൻ

വീടിനോടു തൊട്ടു ചേർന്നുള്ള അങ്കണവാടിയിൽ പ്രവേശനോത്സവം നടക്കുകയാണ് ....
കുറെ പീക്കിരികൾ സർവ്വശക്തിയെടുത്തും അലമുറയിട്ടു കരയുന്നു,, ആകെ ബഹളമയം ....
ഞാൻ ഇതൊക്കെ കണ്ടു രസിച്ചു നിൽക്കുമ്പോൾ ആണ് അവൾ കടന്നു വരുന്നത് ....
എന്റെ പഴയ കാമുകി '"
ഒക്കത്തൊരു കുട്ടിയുമുണ്ട് .
അവൾ എന്നെ കണ്ടു കണ്ട പാടെ മുഖത്തേക്ക് ഒരു പിടി സങ്കടങ്ങൾ വാരിയിട്ടു എന്നെ നോക്കി .
ഞാൻ മനസിൽ പറഞ്ഞു "നിനക്കു വേറെ അങ്കണവാടിയൊന്നും കിട്ടിയില്ലേ പെണ്ണേ.
അവൾ കുട്ടിയെ അകത്താക്കി പുറത്തു വന്നപ്പോൾ എന്നെയും പിന്നെ അകത്തു നിന്ന കുട്ടിയെയും നോക്കിട്ടു സ്ലോമോഷനിൽ തിരിച്ചു നടന്നു പോയി .
ആ നോട്ടത്തിന്റെ അർത്ഥം എനിക്കു മനസിലായി അവൾ മനസിൽ പറഞ്ഞത് വേറൊന്നുമല്ല
"എന്റെ മോനാണ് ഒരു മാമനായി ഇവനെ നോക്കിക്കോണേ ".
ഇതെല്ലാം കണ്ടു കൊണ്ടു അപ്പുറത്തു നിന്ന പുതിയ കാമുകി അവളുടെ ചേച്ചിയുടെ കുട്ടിയുടെ ചെവിയിൽ ഇങ്ങനെ പറയുന്നുണ്ടാർന്നു '"
ദേ നോക്കു മോളെ മോളുടെ "ഇളയച്ഛൻ ".
ഒരൊറ്റ ദിവസം കൊണ്ടു '"മാമനും
ഇളയച്ഛനും "'ആവാൻ കഴിഞ്ഞ സന്തോഷത്തിൽ ഞാൻ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.
പതിയെ വീട്ടിലേക്കു നടന്നു .
വേറൊന്നും കൊണ്ടല്ല എനിക്കു പണ്ടേ ഈ സ്ഥാന മാനങ്ങളോട് വല്ലാത്ത വെറുപ്പാണ് '"😂
ഇനി ഇവിടെ നിന്നാൽ ചിലപ്പോ കൊച്ചച്ചൻ ,വല്ല്യച്ഛൻ,
അമ്മായിയച്ഛൻ. എന്തിനു അപ്പാപ്പൻ വരെ ആയിപ്പോകും. 👳
Aneesh pt

നോവൽ 💘💘സ്നേഹ തീരം💞💞 ഭാഗം 17

നോവൽ 💘💘സ്നേഹ തീരം💞💞
ഭാഗം 17
എന്തടി ഹേമേ..നീ എവിടേക്കാ ഒന്നും പറയാതെ പോണേ..
എന്തു പറയാനാ മക്കൾ വളർന്നപ്പോൾ ഞാൻ അവർക്കു നാണക്കേടത്രേ...
അതിനവർ എന്തു പറഞ്ഞന്നാ..
രമക്കൊരു കുട്ടി പിറന്നു.അതും ഒരാൺ കുട്ടി അതിനഞ്ചു വയസ് തികയുകയാ നാളെ എങ്കിൽ നമ്മളെല്ലാർക്കും ഒന്നിച്ചു പോകാം എന്നു കരുതി മക്കളോടു പറഞ്ഞപ്പോൾ എന്റെ കൂടെ വരാൻ അവർക്കു നാണക്കേടാണന്നു.നിങ്ങളുപറ അവരുടെ കണ്ണു നനയാതിരിക്കാനല്ലേ.,ഞാൻ അന്നു അങ്ങനൊക്കെയായതു .ഇപ്പോൾ അവർക്കച്ഛനെ മതിയന്നു.നിങ്ങളാണുങ്ങൾ എത്ര ചെളിയിൽ ചവിട്ടിയാലും കാലൊന്നു കഴുകിയാൽ നീറ്റായി.സമത്വം പറയാൻ മാത്രം കൊള്ളാം പെണ്ണു പിഴച്ചാൽ പള്ളേലാകും എന്നു കേട്ടിട്ടുണ്ട് .മക്കളുടെ വായിൽ നിന്നു വരെ ഇങ്ങനെ ചീത്ത പേരു കേട്ടെനിക്കു ജീവിക്കണ്ട .
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.എല്ലാം ക്ഷമിച്ചു ഒരു ജീവിതം തുടങ്ങിയ ദിനേശനു അവളോടു എന്തു പറയണമെന്നു കൂടി അറിയാതെ നിന്നു.അങ്ങോട്ടു കടന്നു വന്ന മൂത്ത മകളാണതിനു ഉത്തരം പറഞ്ഞത്
അതേ ചുമ്മാനിന്നു കരഞ്ഞു ഷോയിറക്കി എനി നാറ്റിക്കാനാ ഭാവം.ഞാൻ പ്ലസ് വണ്ണിനു പഠിക്കണ ഒരു പെണ്ണാ.,അമ്മക്കെന്തു പറഞ്ഞാലും കുറേ ന്യായമുണ്ടല്ലോ.
എന്റെ അച്ഛാ അമ്മയുടെ കൂടെ എങ്ങും വരണില്ലന്നു പറഞ്ഞതു ഞാനാ..അച്ഛനറിയുമോ കൂടെ പഠിക്കുന്നവർ ഡ്രൈവിങ്ങ് സ്ക്കൂളിന്റെ മോളാ.,കൊച്ചു വണ്ടി എന്നൊക്കെ കളിയാക്കി വിളിച്ചു ഒരു ജാതി നോട്ടോം തൊലിയുരിഞ്ഞു പോകാറുണ്ട് .എന്തു പറഞ്ഞാലും വീടിനു വെളിയിൽ അമ്മയുമായി എവിടെ പോകാനും ഞങ്ങളില്ല. കുറ നാളായല്ലോ ചാകും ചാകും എന്നു ഭയപ്പെടുത്തുന്നു എങ്കിൽ പോയി ചത്തൂടെ .ചുമ്മാ ഒാരോ ഷോ
അതും പറഞ്ഞവൾ മുഖം കറുപ്പിച്ചകത്തേക്കു പോയി.തന്റെ കണ്ണുനീരിനു വിലയില്ലന്നറിഞ്ഞ ഹേമ എന്തേ മനസ്സിലുറപ്പിച്ചു പുറത്തേക്കിറങ്ങി പോയി .സ്ഥിരമുള്ള പോലെ കുറേ നേരം എവിടെങ്കിലും പോയി ഇരുന്നു മടങ്ങി വരും എന്നു കരുതി ദിനേശനും അത് അത്ര കാര്യമാക്കിയില്ല
ചീറി പാഞ്ഞു വരുന്ന ട്രയിൻ അവളെ ഭയപ്പെടുത്തിയില്ല അവൾ ആ ട്രാക്കിലൂടെ വളരെ വേഗം നടന്നു.അൽപ്പ സമയത്തിനുള്ളിൽ അതു സംഭവിച്ചു .അവളുടെ ജീവിതത്തിൽ ആ ശരിരം കൊണ്ടു നഷ്ടപ്പെട്ടതും നേടിയതും എല്ലാം ഇവിടെ ഉപേക്ഷിച്ചവൾ യാത്രയായി.
ചത്തൂടെ എന്നു ദേഷ്യം കൊണ്ടു പറഞ്ഞ മക്കളും സമാധാന ജീവിതത്തിനായി സ്വയമാറിയ ദിനേശനും നിറകണ്ണുകളോടെ പിറ്റേ ദിവസം ചിന്നി ചിതറിയ അവളുടെ മാംസ പിണ്ടങ്ങളേറ്റു വാങ്ങി .
***************************
മുകുന്ദന്റെ അമ്മ മരിച്ചെങ്കിലും വളരെ സന്തോഷവതിയായി അവസാനനാളുകൾ അവർ ജീവിച്ചത് .ശരിരത്തിന്റെ വേദനെയെ മനസ്സു കൊണ്ടു തോൽപ്പിക്കാൻ അവർക്കു രമ എപ്പോഴും അടുത്തുണ്ടായിരുന്നു. പെങ്ങളുടെ കല്ല്യാണവും ഉറപ്പിച്ചു .ഏട്ടൻ കണ്ടെത്തിയ കെഎസ് ആർ ടിയിലെ കണ്ടക്ടറായിരുന്ന പയ്യൻ പയ്യനെ അവൾക്കും നന്നേ ഇഷ്ടമായി.
ഇന്നീവീട്ടിൽ എല്ലാവരുടേയും മുഖത്തു സന്തോഷം മാത്രം .അവരുടെ മകൻ വിച്ചുവിന്റെ അഞ്ചാം പിറന്നാൾ വളരെ ആഡംബരമായി ആഘോഷിക്കുകയാണവർ അതിനും ഒരു കാരണമുണ്ടേ.,.രമ വീണ്ടും ഒരമ്മയാകാൻ തയ്യാറെടുക്കയാണു .എല്ലാവർക്കും ഇനി ഒരു പെൺകുഞ്ഞെന്ന സ്വപ്നമാണു .അതിനു അവരെ ദൈവം അനുഗ്രഹിക്കട്ടെ .
അപ്പോൾ എല്ലാവർക്കും ഒന്നിച്ചൊരാഘോഷമായാലോ .മുകുന്ദൻ പറഞ്ഞതും വിച്ചു കേക്കു മുറിച്ചു .കൂടി നിന്നവർ ഒരുമിച്ചു പാടി
ഹാപ്പി ബർത്ത് ഡേ ..ടു യു,,,,,
അവസാനിച്ചു

ഹല്ലോ സർ

ഹല്ലോ സർ
എന്താടി
ഇന്ന് ഒരു സ്പെഷ്യൽ കല്ല്യണവിളി വന്നിട്ടുണ്ടെന്ന് പറഞ്ഞവൾ കല്ല്യാണക്കുറി പൊക്കിപ്പിടിച്ചു. പിടിച്ചു വാങ്ങി തുറന്നപ്പോൾ ആയിഷ എന്നാ പേരു കണ്ടപ്പോഴെ ഓളുടെ മുഖത്തെക്ക്‌ ഞാൻ ഒന്ന് പാളി നോക്കി...
"ആ കള്ള നോട്ടം ഇങ്ങോട്‌ നോക്കിയാലുണ്ടല്ലോ ആ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും" എന്നവൾ പറഞ്ഞപ്പോൾ തന്നെ , പുറത്തെക്ക്‌ വന്ന കണ്ണുകൾ അകത്താക്കി ലെറ്ററിലെ ബാക്കി ഭാഗം നോക്കുന്നത്‌ പോലെ നിന്നു...
"എന്തോന്നാ ഇത്രക്ക്‌ നോക്കാൻ, മൂന്ന് കൊല്ലം നിങ്ങളെ പ്രണയിച്ച്‌ അവസാനം നിങ്ങളെ തേച്ചിട്ട്‌ പോയ ആ ആയിഷ തന്നെയാ അത്" എന്ന അവളുടെ വാക്ക്‌ കേട്ട് റൂമിലേക്കു കയറി.
ഇക്ക നമ്മുക്ക്‌ ഈ കല്ല്യണത്തിനു പോകണം എന്ന അവളുടെ വാക്കിനെ ആദ്യം എതിർത്തെങ്കിലും , ആയിഷനെ ഒന്ന് കാണണമെന്നുള്ള അവളുടെ നിർബന്ധം കൂടിയപ്പോഴാണു പോകമെന്ന് സമ്മതിച്ചത്‌...
മൂന്ന് വർഷത്തെ പ്രണയം, ജീവനുള്ള കാലം വെരെ കൂടെ കാണുമെന്ന് പറഞ്ഞവൾ എംബിബിസിനു അഡ്മിഷൻ കിട്ടിയപ്പോൾ പ്രവസിയോട്‌ എപ്പോഴോ തോന്നിയ ഒരു യോഗ്യത കുറവ്‌, എന്റെ വാപ്പിക്ക്‌ ഇഷ്ടമില്ലാത്തതോന്നും ഞാൻ ചെയ്യില്ലെന്ന് പറഞ്ഞ്‌ പിരിയുമ്പോഴും അവളെ ശപിച്ചിരുന്നില്ല, അല്ല അതിനു കഴിയുമായിരുന്നില്ല..
വീടും നാടും അറിഞ്ഞ ആ പ്രണയത്തിലെ രക്തസാക്ഷി ഞാൻ ആയത്‌ കൊണ്ടാണു ലീവിനു നാട്ടിൽ വന്നയുടനെ വീട്ടുകാരുടെ നിർബന്ധത്തിൽ എന്റെ കല്ല്യണം നടന്നത്‌. ഭാര്യയുടെ ഇഷ്ടങ്ങളോ, സന്തോഷങ്ങളോ മനസ്സിലാക്കാൻ എനിക്ക്‌ താൽപ്പര്യമില്ലാതിരുന്നത്‌ മനസ്സിലെ ആയിഷക്ക് അവൾ പകരക്കാരിയാവില്ലെന്നു ഉറപ്പുള്ളതുകൊണ്ടായിരുന്നു.
ആയിഷയുടെ കല്ല്യണത്തിനായി ഒരുങ്ങിയിറങ്ങിയ അവൾ അന്ന് കൂടുതൽ സുന്ദരിയായിരുന്നു, അത്‌ ഞാൻ ശ്രദ്ദിച്ചുന്ന് മനസ്സിലായത്‌ കൊണ്ടാകണം "ഷാനുന്റെ സെലക്ഷ്‌ൻ ബെസ്റ്റ്‌ ആണെന്ന് അവർ മനസ്സിലാക്കട്ടെ എന്ന് പറഞ്ഞു അവൾ കണ്ണിറുക്കിയത്. വണ്ടി ആഡിറ്റോറിയത്തിന്റെ ഗേറ്റ്‌ കടന്നപ്പോൾ എന്റെ ഹൃദയമിടുപ്പ്‌ കൂടിയിരുന്നു..
മണവാട്ടി മൊഞ്ചിൽ ആയിഷ സുന്ദരിയായിരുന്നെങ്കിലും, ഒപ്പനയുടെ പുറകിൽ മാരനരികിലെക്ക്‌ നീങ്ങുന്ന ആയിഷയുടെ ദൃശ്യം എന്റെ മുഖഭാവം മാറ്റിയത് കണ്ടിട്ടാവും അവൾ എന്റെ കൈയ്യിൽ മുറുകെ പിടിച്ചു. , കണ്ണുകൾ തുടച്ച്‌ അവളുടെ മുഖത്തെക്ക്‌ നോക്കിയപ്പോഴെക്കും പകുതി നിറഞ്ഞിരുന്നു ആ കണ്ണുകളും...
താലി കെട്ടിനു ശേഷം ഫ്രീയായി നിൽക്കുന്ന അവരുടെ അടുത്തേക്ക് അവളുടെ കയ്യും പിടിച്ച്‌ കയറി ചെല്ലുമ്പോൾ അൽഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു പുതിയ പെണ്ണ്. അവളുടെ മുന്നിലെക്ക്‌ എന്റെ പെണ്ണിനെ നിർത്തിയിട്ട്‌ "ഇത്‌ ഡോക്‌ടർ നൈഷാനാ. എന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയപ്പോൾ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു എന്നോട്‌ ചേർന്ന് നിന്ന് പ്രവാസി അവൾക്ക് ഒരു അപമാനമല്ലന്നവൾ തെളിയിച്ചു..
ഇറങ്ങും മുമ്പ്‌ "സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഇക്കാനെ എനിക്ക്‌ തന്നതിനു മരണം വരെ ഞാൻ കടപ്പെട്ടിരിക്കും എന്നവൾ പുതിയപ്പെണ്ണിന്റെ ചെവിയിൽ പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സിനുള്ളിൽ....
ഇതുവരെ ഒരുമിച്ച് പുറത്തെവിടെയും കറങ്ങാൻ പോകാത്തത്‌ കൊണ്ട്‌ പതിയെ അവളോട് ചോദിച്ചു. നമുക്ക് ഒന്ന് കറങ്ങീട് തിരിച്ചു പോകാം. മോൾക്ക് എങ്ങോട്ടാണ് പോകേണ്ടത്?
ആ ചോദ്യത്തിനു എന്റെ കൽബിലെക്ക്‌ വിരൽ ചൂടിയ അവളെ ചേർത്ത്‌ പിടിച്ച്‌ ഒരു മുത്തം നെറ്റിയിൽ നൽകി ഞാൻ മെല്ലെ പറഞ്ഞു. "ഇപ്പൊ അവിടെ നീ മാത്രമേ ഉള്ളൂ പെണ്ണേ.

Shanavas

കടലും ഭർത്താവും പിന്നെ കുട്ടിയും

കടലും ഭർത്താവും പിന്നെ കുട്ടിയും
============================
ബീച്ച് ഹോസ്പിറ്റലിൽ പ്രസവിക്കാനായി അഡ്മിറ്റ് ആയ അമ്മ ഒരു നാലുമണി സന്ദർശനസമയത്തു അച്ഛനെ സോപ്പിട്ട് കടൽത്തീരത്തേക്കു പോയപ്പോഴാണ് കുട്ടി ആദ്യമായി കടലിരമ്പം കേൾക്കുന്നത്. തിരകൾ പാദങ്ങളെ ചുംബിച്ചപ്പോൾ അമ്മയോടൊപ്പം കുട്ടിയും കുളിർകൊണ്ടു. ആ തണുത്ത ഉപ്പുകാറ്റേറ്റ് അമ്മയുടെ രോമകൂപങ്ങൾ ഉണർന്നപ്പോൾ കുട്ടിയും ഉഷാറായി. എന്താ ഇത്.. എനിക്കിപ്പോൾ കാണണം. കുട്ടി പുറത്തേക്കുള്ള വാതിൽ അന്വേഷിച്ചു തുടങ്ങി. അതിന്റെ ഫലമായുണ്ടായ വേദനയും കടിച്ചമർത്തി ഇടിഞ്ഞുതുടങ്ങിയ വയറും താങ്ങി അമ്മ ആശുപത്രിയിലേക്ക് തിരിച്ചുപിടിച്ചു.
കുട്ടിക്കാകെ പരവേശം ആയിരുന്നു. പുറത്തേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കുറച്ചു നേരത്തെ പരാക്രമത്തിനു ശേഷം കുട്ടി പുറത്തെത്തി. ആകെപ്പാടെ ബഹളവും തിരക്കും.., പിന്നെ കണ്ണിൽ കുത്തുന്ന വെളിച്ചവും. നേരത്തേ കേട്ട ഇരമ്പം മാത്രം കേൾക്കുന്നില്ല. കുട്ടി ഒരു കരച്ചിൽ..!
കുട്ടിയും അമ്മയും മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ പോയി. കുട്ടി പല പല ആളുകളുടെ ശബ്‌ദം കേട്ടു... കിളികളുടെ കരച്ചിൽ കേട്ടു... വാഹങ്ങളുടെ ഇരമ്പൽ കേട്ടു... പക്ഷേ അമ്മയുടെ വയറ്റിൽവെച്ചു തന്നെ മോഹിപ്പിച്ച കടലിരമ്പം മാത്രം കേട്ടില്ല. കുഞ്ഞോളങ്ങൾ തത്തിക്കളിക്കുന്ന കായലും താണ്ടി.., തലയെടുപ്പോടെ നിൽക്കുന്ന കേരവൃക്ഷങ്ങളും താണ്ടി.., പച്ചവിരിച്ച വയലുകളും താണ്ടി വന്ന കാറ്റിനും കുട്ടിയുടെ രോമകൂപങ്ങൾ ഉണർത്താൻ സാധിച്ചില്ല. കുട്ടി തന്നെ മോഹിപ്പിച്ച വസ്തുവിനായി കാത്തിരിപ്പ്‌ തുടർന്നു.
അങ്ങനെ നാൽപ്പത്തഞ്ചാം ദിനം കുട്ടിയും അമ്മയും വീണ്ടും ആശുപത്രിയിലേക്ക്. കുട്ടിക്കൊരസ്സൽ കുത്തിവെയ്പ്പൊക്കെ കിട്ടിക്കഴിഞ്ഞപ്പോൾ കരയുന്ന കുട്ടിയേയുംകൊണ്ട് അമ്മയും അച്ഛനും നടക്കാൻ തുടങ്ങി. കുറച്ചു നടന്നുകഴിഞ്ഞപ്പോൾ കുട്ടി കരച്ചിൽ നിർത്തി. കുട്ടിയെ മോഹിപ്പിച്ച കടലിരമ്പം.! പൊതിഞ്ഞുപിടിച്ച ടൗവലിന്റെ പുറത്തേക്ക് നീണ്ടുനിന്ന കാലിൽ ഉപ്പുകാറ്റേറ്റപ്പോൾ കുട്ടിക്ക് രോമാഞ്ചം.. അമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കിടന്ന കുട്ടിയെ അൽപ്പം ചെരിച്ചു കടലിനു നേരെ നോക്കി അമ്മ പറഞ്ഞു "വാവേ നോക്കിയേ... ദേ കടൽ...."
കടൽ ! കുട്ടി ചുണ്ടുകൾ വിടർത്തി ഒന്നു ചിരിക്കാൻ ശ്രമിച്ചു. കുട്ടിയുടെ കാഴ്ച്ചയുറയ്ക്കാത്ത കണ്ണുകളിൽ അവ്യക്തമായി ഒരു ചിത്രം പതിഞ്ഞു. കുട്ടി തന്റെ ആദ്യ പ്രണയം കണ്ടെത്തി.....കുട്ടിക്ക് പ്രണയം, അത് കടലിനോടാണ്..!
കുട്ടി വളരുന്നതിനോടൊപ്പം കടലിനോടുള്ള പ്രണയവും കൂടിക്കൂടി വന്നു. എന്ത് ഔട്ടിങിന് പോയാലും കുട്ടിക്ക് കടൽത്തീരത്തും പോവണം. കുട്ടി മാതാപിതാക്കളുടെ കൂടെ കടല് കാണാൻ പോയി, കൂട്ടുകാരുടെ കൂടെ പോയി, പിന്നെ കാമുകന്റെ ഒപ്പവും പോയി. കമിതാക്കൾക്കെന്നും കടലൊരു ഹരമാണല്ലോ. ഓരോ തവണ കാണും തോറും കുട്ടിക്ക് കടലിനോടുള്ള പ്രണയം വർധിച്ചതേയൊള്ളു.
കല്യാണം കഴിഞ്ഞു കാമുകനിൽനിന്നും ഭർത്താവായപ്പോഴാണ് ഈ കടൽ സ്നേഹം കൊണ്ട് കുട്ടിയുടെ കുട്ടൻ ശരിക്കും വലഞ്ഞത്. ഹണിമൂണിന് പോയപ്പോൾ കടൽത്തീരം, ആൽബം ഔട്ട്ഡോർ ഷൂട്ടിംഗിനു കടൽത്തീരം, ഒരു അവധിദിവസം കിട്ടിയാൽ കടൽത്തീരം... സിനിമക്കു പോയാലോ എന്നു ഭർത്താവ് ചോദിക്കുമ്പോൾ ബീച്ചിൽ പോവാം എന്നു കുട്ടി.
ഒടുവിൽ സഹികെട്ട് ഒരു ദിവസം ഭർത്താവ് ചോദിച്ചു "നിനക്ക് എന്നെയാണോ അതോ കടലിനെ ആണോ ഇഷ്ട്ടം...? ഇന്നെനിക്ക് രണ്ടിലൊന്നറിയണം."
കുട്ടി നിന്നു വിയർത്തു. ആരെ തഴയും..? ഒരുവശത്ത് ഒത്തിരി പ്രണയിക്കുന്ന ഭർത്താവ്.. മറുഭാഗത്ത് പ്രണയം എന്തെന്ന് അറിയുന്നതിനും മുൻപേ, അമ്മയുടെ വയറിനുള്ളിൽവെച്ചേ സ്നേഹിച്ചു തുടങ്ങിയ കടൽ...
ഒടുവിൽ കുട്ടി കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ഭർത്താവിന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു...
"കടലിനോളം ഞാൻ നിന്നെ പ്രണയിക്കുന്നു പ്രിയനേ..."
വാൽക്കഷ്ണം: ലവരിപ്പോഴും കടൽത്തീരത്തു പോവാറുണ്ടെന്നാണ് എന്റെ ഒരു അറിവ്...
രേവതി എം ആർ
27/02/2018

,,,,,,,,,,,,,പ്ലാവിലത്തൊപ്പി,,,,,,,,,,,,,,


,,,,,,,,,,,,,പ്ലാവിലത്തൊപ്പി,,,,,,,,,,,,,,
അമ്മ അമ്മേടെ സുന്ദുവിനെ കുളത്തിൽ നിർത്തി കുളിപ്പിക്കുകയാണ്. തലയിൽ ഒരു കൈ കൊണ്ട് സോപ്പ് പുരട്ടി മറ്റേ കൈ കൊണ്ട് വെള്ളം കോരി തലയിൽ ഒഴിച്ചു കൊണ്ടിരുന്നപ്പോൾ അമ്മ സുന്ദിനോട് പറഞ്ഞു.
മുത്തേ കണ്ണടച്ചോ അല്ലെങ്കിൽ കണ്ണിൽ സോപ്പു പോയിട്ട് കണ്ണുനീറുമേ.
രണ്ടു വയസ്സുകാരന് അങ്ങിനെ പറഞ്ഞാൽ എന്തു മനസ്സിലാകാനാണ് അവൻ കൃത്യമായി കണ്ണു തുറക്കുകയും കണ്ണുനീറിയപ്പോൾ എന്നത്തേയും പോലെ ഉച്ചത്തിൽ കരയുകയും ചെയ്തു. പക്ഷെ വെള്ളത്തിൽ മുങ്ങുന്നത് അവനിഷ്ടമാണ്. അതറിയാവുന്ന അമ്മ അവനെ രണ്ടു മൂന്നു പ്രാവശ്യം മുക്കി പൊക്കി എടുത്തപ്പോൾ അവന്റെ കരച്ചിൽ മാറി കുടു കുടു ചിരിയായി. അമ്മ അവന്റെ തല എല്ലാം നന്നായി തോർത്തി മേലും നന്നായി തുടപ്പിച്ച് തലയിൽ അല്പം രാസ്നാദി പൊടിയും തേച്ച് അവനേയും എടുത്ത് പ്ലാവിന്റെ ചോട്ടിലേക്ക് വന്നു. കൊച്ചിന് മാമ്മം കൊടുക്കുന്നതിന്നു മുമ്പ് കുറച്ച് തുണികൾ ഉള്ളത് കഴുകി ഇടണം. അലക്കു കല്ല് പ്ലാവിന്റെ താഴെയാണ് ഇട്ടിരിക്കുന്നത്.
ഉണ്ണിയെ താഴെ നിർത്തി അമ്മ തുണികൾ അലക്കു കല്ലിൽ ഇട്ട് കഴുകി തുടങ്ങി. പ്ലാവിന്റെ താഴെ നല്ല പഴുത്ത പ്ലാവിലകൾ ധാരാളം വീണുകിടക്കുന്നുണ്ട്. ഉണ്ണി ആ പഴുത്ത പ്ലാവിലകൾ പെറുക്കി എടുത്ത് അമ്മയെ കാണിച്ച്
അമ്മേ ഉണ്ണിക്ക് തൊപ്പി വേണം.
അമ്മ ഇതു കഴുകി കഴിഞ്ഞ് മോനു തൊപ്പി ഉണ്ടാക്കി തരാട്ടോ
ഇല്ല എനിച്ചിപ്പം വേണം എന്നും പറഞ്ഞ് കിണുങ്ങി തുടങ്ങി.
അമ്മ പകുതി കഴുകിയ തുണി അലക്കു കല്ലിൽ വച്ചിട്ട് ചെന്ന് പച്ചീർക്കലി ഒടിച്ച് കൊണ്ടുവന്ന് പ്ലാവില കൊണ്ട് തൊപ്പി ഉണ്ടാക്കി ഉണ്ണിക്ക് കൊടുത്തു. ഉണ്ണിക്ക് അത് വളരെ ഇഷ്ടപ്പെട്ടു. അമ്മ ബാക്കി പ്ലാവില കൊണ്ട് ഒരു ബെൽട്ടും ഉണ്ടാക്കി കൊടുത്തു. അതും കൂടെ കിട്ടിയപ്പോൾ ഉണ്ണീടെ സന്തോഷം ഇരട്ടിച്ചു.
അപ്പോൾ നാലു കാലിൽ ചാടി ചാടി വന്ന ആട്ടുമ്പ ഉണ്ണിയെ മുട്ടി മുട്ടി ചാരി നിന്നു. ഉണ്ണി ആട്ടുമ്പയുടെ തല പിടിച്ച് പുറകോട്ട് തള്ളുമ്പോൾ ആട്ടുമ്പ മുന്നോട്ടു തള്ളും . പിന്നെ രണ്ടു പേരും കൂടെ മണ്ണിലേക്ക് ഉരുണ്ടു വീഴും പിന്നേം ഓടും ചാടും വീഴും ഇതു തന്നെ കുറേ നേരം കളി.
ഇപ്പോൾ കുളിപ്പിച്ച് നിർത്തിയതേ ഉള്ളൂട്ടാ മണ്ണിൽ കിടന്നുരുണ്ടാൽ ഉണ്ണിക്ക് അടി ഉണ്ടേ.
അതൊക്കെ കേൾക്കാൻ ഉണ്ണിക്കെവിടെ നേരം. പ്ലാവിന്റെ കൊമ്പിൽ നിന്ന് പുളിങ്കൊമ്പിലേക്ക് ചാടുന്ന അണ്ണാറക്കണ്ണന്റെ ച്ഛിൽ ച്ഛിൽ ശബ്ദത്തിനൊപ്പം ചിൽ ചിൽ ശബ്ദം ഉണ്ടാക്കി പുറകെ ഓടുന്ന തിരക്കിൽ അല്ലെ.
അപ്പോഴാണ് പ്ലാവിൽ ഇരുന്ന് ചക്ക കൊത്തുന്ന കാക്കച്ചിയെ കണ്ടത് . പിന്നീട് കാക്കച്ചിയിൽ ആയി ശ്രദ്ധ.
അമ്മേ അമ്മേ ചാച്ചത്തി ചച്ച ചൊത്തുന്നു. എനിച്ചും ചച്ച വേണം.
അതു പറഞ്ഞില്ലല്ലോ ഉണ്ണിക്ക് ക എന്ന് പറയാൻ അറിയില്ല. പുള്ളി ക എന്നതിനു ച എന്നാണ് പറയുന്നത്.
അമ്മേടെ ചുന്തിന് ചഞ്ഞി വേണ്ട എന്ന് എപ്പോഴും പറയും ഉണ്ണിക്ക് കഞ്ഞി ഇഷ്ടമില്ല എന്നാണ്.
പിന്നിടും ആട്ടുമ്പയുടെ കൂടെ പ്ലാവിനു ചുറ്റും ഓടി കളിച്ച് മണ്ണിൽ കുഴഞ്ഞ് കുത്തി മറിഞ്ഞ് ഉണ്ണി തളർന്നു.
തള്ള ആടിന്റെ കരച്ചിൽ കേട്ട് അമ്മ അങ്ങോട്ട് നോക്കി ആട്ടിൻകുട്ടിയെ കാണാതെ ആയിരിക്കും തള്ള ആട് കരയുന്നത് എന്നോർത്ത് അമ്മ ചുറ്റും തിരിഞ്ഞു നോക്കി . ആട്ടിൻകുട്ടി കുളത്തിനു ചുറ്റും ഓടി കളിക്കുന്നു പക്ഷെ ഉണ്ണിക്കുട്ടനെ കാണുന്നില്ല. അമ്മ ഉണ്ണിക്കുട്ടാ എന്നു നീട്ടി വിളിച്ചിട്ടും കാണുന്നില്ല.
വീണ്ടും വീണ്ടും വിളിച്ചിട്ട് കാണാഞ്ഞപ്പോൾ അമ്മ ഓടി കുളത്തിന്റെ അടുത്തേയ്ക്ക് വന്നു. അമ്മ ഞെട്ടിപ്പോയി കുളത്തിൽ ആ പ്ലാവിലത്തൊപ്പി ഒഴുകിയൊഴുകി നടക്കുന്നു . ഒരാർത്തനാദത്തോടെ അമ്മ കുളത്തിലേക്ക് ആഞ്ഞു കുതിച്ചു.
കുറച്ചു നേരത്തെ തിരച്ചിലിനു ശേഷം അമ്മയക്ക് വെള്ളത്തിന്റെ അടിയിൽ നിന്ന് ഉണ്ണിക്കുട്ടനെ കിട്ടി . നിശ്ചലമായ ആ കുഞ്ഞു ശരീരത്തിന്റെ ചുണ്ടിൽ അപ്പോഴും ഉണ്ടായിരുന്നു ഒളിമങ്ങാത്ത തിളങ്ങുന്ന ഒരു ചെറുപുഞ്ചിരി. അമ്മയുടെ ഹൃദയഭേദകമായ കരച്ചിൽ കേട്ട് അടുത്ത വീട്ടുകാരും നാട്ടുകാരും എല്ലാവരും എത്തിചേർന്നു . ആ ദു:ഖ സാന്ദ്രമായ നിമിഷങ്ങളിൽ വിങ്ങിപൊട്ടുന്ന ഹൃദയവും ആയി എല്ലാവരും തകർന്നു നിന്നു. ആർക്കും ഒന്നും മിണ്ടുവാനോ ചെയ്യുവാനോ ആകാത്ത അവസ്ഥ. എല്ലാ കണ്ണുകളും ആ കുഞ്ഞു ശരീരത്തിൽ തന്നെ നോക്കിനിൽക്കെ അടുത്ത വീട്ടിലെ ഒരമ്മയ്ക്ക് തോന്നി ഉണ്ണീടെ കുഞ്ഞു കുരുവി കൂടുപോലുള്ള നെഞ്ചകം പയ്യെ ഒന്ന് ഉയർന്നു താഴുന്നുവോ, അവർ പിന്നൊന്നും നോക്കിയില്ല ആ കുഞ്ഞു ശരീരവും എടുത്ത് തലയിൽ കമഴ്ത്തി കിടത്തി അകലെയുള്ള ആശുപത്രിയിലേക്ക് പാഞ്ഞു. അന്നൊന്നും ഇത്ര യാത്രാ സൗകര്യങ്ങൾ ഇല്ലല്ലോ ഇന്നത്തെ പോലെ ഓട്ടോറിക്ഷകൾ മുക്കിലും മൂലയിലും ഒന്നും ഓടിത്തുടങ്ങിയിട്ടില്ല. അവർ കൊച്ചിനേയും തലയിൽ വച്ച് ദേശീയപാതയുടെ മദ്ധ്യഭാഗത്ത് കേറി നിന്നു. ചീറി പാഞ്ഞു വന്ന ഒരു കാർ അവരുടെ അടുത്തായി വന്ന് സഡൻ ബ്രേക്കിട്ട് നിർത്തി. വണ്ടിയിൽ ഉള്ളവർ അവരേയും കയറ്റി കൊണ്ട് അകലെയുള്ള ആശുപത്രിയിലേക്ക് യാത്ര ആയി.
പരിശോധനക്ക് ശേഷം ഡോക്ടർ ഉണ്ണിക്കുട്ടന്റെ ഉള്ളിൽ ഉള്ള വെള്ളമെല്ലാം നീക്കം ചെയ്തു. കുഞ്ഞിളം ശരീരമല്ലെ അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല. പന്ത്രണ്ടു മണിക്കൂർ ഒബ്സർവേഷനിൽ ആണ്. അതിനു ശേഷം പറയാം.
അഞ്ചാറു മണിക്കൂറുകൾ ഒച്ചിഴയുന്ന പോലെ കടന്നു പോയി. അല്പനേരം കൂടി കഴിഞ്ഞപ്പോൾ ആ കുന്നിക്കുരു മണി കണ്ണുകൾ ചിമ്മി ചിമ്മി തുറന്ന് അമ്മയുടെ മുഖത്തു നോക്കി ചിരിച്ച് ചിരിച്ച് ഉണ്ണിക്കുട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

Anilkumar

വാവാച്ചി

വാവാച്ചി
👶👶👶
‘അമ്മേ… ഈ കൊച്ചിനെ എടുത്തോണ്ട് പോകുന്നുണ്ടോ.. എന്റെ കട്ടിലുമുഴുവൻ മൂത്രമൊഴിച്ചു നശിപ്പിച്ചു.. ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ സാധനത്തിനെ എന്റെ കട്ടിലിൽ കൊണ്ട് കിടത്തരുതെന്നു.. അമ്മേ.. ഇങ്ങോട്ടു വരുന്നോ.. അതോ ഞാൻ ഇതിനെ എന്റെ കട്ടിലിന്ന് തള്ളി താഴെ ഇടണോ. ‘
‘എന്താ അനു ഇത്… നിന്റെ സ്വന്തം അനിയത്തിയല്ലേ.. ഇങ്ങനൊക്കെ പറയാമോ.. ഒന്നര വയസ്സല്ലേ ആയുള്ളൂ അതിന്.. ചേച്ചിന്ന് പറഞ്ഞാൽ അമ്മയുടെ സ്ഥാനമാ.. അത്രക്കൊന്നുമില്ലേലും നിന്റെ കൂടിപ്പിറപ്പെന്ന പരിഗണന എങ്കിലും കൊടുക്ക്..’
‘പിന്നെ പരിഗണന.. അമ്മ ഇതിനെ എടുത്തൊണ്ടു പോ നിന്നു പ്രസംഗിക്കാതെ.. 'അമ്മ എന്തൊക്കെ പറഞ്ഞാലും ഇഷ്ടമല്ല എനിക്കിതിനെ’
അനുവിന്റെ ബഹളം കേട്ട് പേടിച്ച കുഞ്ഞ് അപ്പോഴേ അലറിക്കരയാൻ തുടങ്ങി..
‘അമ്മേടെ വാവാച്ചി വായോ.. ‘
‘അമ്മേടെ കൂവാച്ചി..’
അനു കൊഞ്ഞനം കുത്തിക്കൊണ്ട് ബെഡ്ഷീറ്റെടുത്തു മാറ്റി..
***********
ആ വീട്ടിലെ ഏക സന്താനമായിരുന്നു അനു. എല്ലാത്തിലും മിടുക്കിയായിരുന്നു അവൾ. പക്ഷെ ഒറ്റമോളായതുകൊണ്ട് അല്പം പിടിവാശി കൂടുതലായിരുന്നു.. പക്ഷെ അവളുടെ അച്ഛനും അമ്മയും അവളുടെ വാശികളെല്ലാം നടത്തിക്കൊടുത്തിരുന്നു. രാജകുമാരിയെപ്പോലെ അവർ അവളെ വളർത്തി..
ഇടക്കിടെ അവരുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയും ചിറ്റയും ഭർത്താവും അവരുടെ മക്കളും വരുമായിരുന്നു.. പക്ഷെ അവൾ ആരുമായും വലിയ അടുപ്പമൊന്നും കാണിച്ചില്ല. അച്ഛന്റെ ജോലി സംബന്ധമായി അവർ അല്പം ദൂരെയായിരുന്നു. അതുകൊണ്ട് വിശേഷ ദിവസങ്ങളിൽ മാത്രമേ എല്ലാവരും ഒത്തുകൂടിയിരുന്നുള്ളൂ.. അതും അനുവിന്റെ ശാഠ്യങ്ങൾക് ഒരു കാരണമായിരുന്നു. നല്ല സാമ്പത്തിക സ്ഥിതി ഉള്ളതുകൊണ്ട് എല്ലാം അവൾക്ക് ഏറ്റവും നല്ലത് തന്നെയായിരുന്നു കിട്ടിയിരുന്നത്..
അനു പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞു നില്കുമ്പോളാണ് അവളുടെ അമ്മ വീണ്ടും ഗർഭിണി ആയത്.. അനുവിന്റെ സംബന്ധിച്ചിടത്തോളം അതൊരു വലിയ നാണക്കേടായിരുന്നു. അവൾ അച്ഛനോടും അമ്മയോടും കെഞ്ചി പറഞ്ഞു കോളജിൽ പോകുമ്പോ നാണക്കേടാണ് ആ കുഞ്ഞിനെ വേണ്ടാന്നു വെക്കാൻ.. അന്ന് അച്ഛന്റെ കയ്യിന്നു പടക്കം പൊട്ടുന്നതുപോലെ കരണക്കുറ്റിക്ക് ഒരു അടിയായിരുന്നു മറുപടിയായി ലഭിച്ചത്… ജീവിതത്തിലാദ്യമായി.. . അതുകൊണ്ട് അവൾക്ക് ജനിക്കുന്നതിനുമുന്നേ ആ കുഞ്ഞിനോട് വെറുപ്പായിരുന്നു.. ഒരു വശത്ത് നാണക്കേട്.. മറുവശത്ത് സ്നേഹം പങ്കുവക്കപ്പെടുമ്പോളുള്ള ദേഷ്യം.. ജനിക്കുന്നത് ചാപിള്ളയാവനെയെന്ന് അവൾ പലതവണ ആരുമാറിയതെ നേർച്ചയിട്ടു പ്രാർത്ഥിച്ചു..
കുഞ്ഞു ജനിച്ചപ്പോൾ മുതൽ അവൾക്ക് അമ്മയോടും അച്ഛനോടും ദേഷ്യമായിരുന്നു.. ആവശ്യത്തിനു മാത്രം മിണ്ടും അത്രമാത്രം.. അവൾ കുഞ്ഞിനെ ഒന്നു സ്നേഹത്തോടെ നോക്കുകയോ തൊടുകയോ ചെയ്തിട്ടില്ല.. കണ്ണുതെറ്റിയാൽ അതിനെ ഉപദ്രവിക്കാനും തുടങ്ങി..
വാവാച്ചി വളർന്നപ്പോൾ മുതൽ എപ്പോഴും ചേച്ചി.. ചേച്ചി.. എന്നു വിളിച്ചു പുറകെ നടക്കുമെങ്കിലും അവൾ തിരിഞ്ഞു നോക്കാറില്ലായിരുന്നു. വാവാച്ചി അനുവിനെക്കാളും വെളുത്തതായിരുന്നു. വരുന്നോരൊക്കെ താരതമ്യം ചെയ്ത് പറയാൻ തുടങ്ങി.
‘അനുക്കുട്ടിയെ.. വാവാച്ചി വളരുമ്പോൾ നിന്നെക്കാളും സുന്ദരിയാവും കേട്ടോ..’
അതൊക്കെ അനുവിന്റെ ഉള്ളിൽ വീണ്ടും വീണ്ടും ദേഷ്യം വളർത്തി..
അങ്ങനെയിരിക്കെ അനു പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന സമയം.. അനുവിന്റെ കോളജിൽ പഠിപ്പിക്കുന്ന സാറുമായി ആണ് ഇഷ്ടത്തിലായി.. നല്ല പയ്യനായിരുന്നു സുധീപ്.. അനുവിന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടമായി.. പക്ഷെ സുധീപ് ഒരു അനാഥനായിരുന്നു. അതു കാരണം അനുവിന്റെ അച്ഛൻ ഒന്നു മടിച്ചു.. അനുവിന്റെ പിടിവാശിക്കുമുന്നിൽ അവർ സമ്മതം മൂളി..
വിവാഹം കഴിഞ്ഞു സുധിയും അനുവും അവരുടെ വീട്ടിലേക്കു താമസം മാറ്റി. സുധിക്ക് നിർബന്ധമായിരുന്നു സ്വന്തമായുണ്ടാക്കിയ വീട്ടിൽ തന്നെ ഭാര്യയുമൊത്തു താമസിക്കണമെന്ന്.. സുധിക്ക് വാവച്ചിയെ വലിയ കാര്യമായിരുന്നു.. അവളെ അവരുടെ വീട്ടിൽ കൊണ്ടുപോകാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷെ അനു അതിനൊന്നും സമ്മതിച്ചില്ല…
താമസിക്കാതെ അനു ഗർഭിണിയായി.. പക്ഷെ അവൾക്ക് ജനിച്ചത് പണ്ട് അവൾ പ്രാർത്ഥിച്ചതുപോലെ ഒരു ചാപിള്ളയെ . പ്രസവരക്ഷ ഒക്കെ ചെയ്തു കഴിഞ്ഞു അച്ഛനും അമ്മയും അനുവിന്റെ വീട്ടിൽ കൊണ്ടു വിട്ടു..സുധിയുടെ നിർബന്ധം കാരണം വാവാച്ചിയെയും അവിടെ നിർത്തി.. കുഞ്ഞില്ലാത്തതിന്റെ വേദന അവൾ മറക്കുമല്ലോ എന്നു കരുതി. പക്ഷെ അനുവിന്റെ ചിന്ത മറ്റൊരു രീതിയിലായിരുന്നു.. വാവാച്ചിയുടെ ദോഷം കാരണമാണ് കുഞ്ഞു മരിച്ചതെന്ന് അവൾ വിശ്വസിച്ചു.. അന്ന് അച്ഛനും അമ്മയും സുധിയെ മാറ്റി നിർത്തി എന്തൊക്കെയോ പറഞ്ഞു..
അന്ന് ആ പോയ പോക്കിൽ അവരുടെ കാർ ആക്‌സിഡന്റായി.. അച്ഛനും അമ്മയും തൽക്ഷണം മരിച്ചു.. പതിവില്ലാതെ വാവാച്ചി അവിടെ നിന്നതുകൊണ്ട് അവൾ രക്ഷപെട്ടു.. അതിനു ശേഷം വാവച്ചിയെ ഏറ്റെടുക്കാൻ ആരുമില്ലാത്തത് കൊണ്ട് അവൾ പിന്നീട് അനുവിന്റെയും സുധിയുടെയും കൂടെ തന്നെ താമസമാക്കി.. അച്ഛന്റെയും അമ്മയുടെയും മരണത്തിലും അനു വാവാച്ചിയിൽ ദോഷം കണ്ടെത്തി..
സുധി ജോലിക്ക് പോയിക്കഴിഞ്ഞാൽ അനു തുടങ്ങും പാവം വാവാച്ചിയോടുള്ള പോര്.. ഒരു ദിവസം കോളജിൽ സമരമായതുകൊണ്ട സുധി നേരത്തെ വന്നു. അവൻ വന്നത് അനു ഒട്ടു കണ്ടതുമില്ല.. അനു വാവാച്ചിയെയും കൊണ്ട് മുറ്റമടിപ്പിക്കുകയായിരുന്നു.
സുധി ചെന്നപാടെ അനുവിന് ഒരടിയാണ് കൊടുത്തത്.. എന്നിട് അവളെ വിളിച്ച റൂമിൽ കയറി വാതിലടച്ചു.. അവൻ തന്റെ മൊബൈലിൽ സ്റ്റോർ ചെയ്തു വച്ചിരുന്ന അവളുടെ അമ്മയുടെ സംസാരം കേൾപ്പിച്ചു..
‘സുധിമോൻ ഞങ്ങളോട് ക്ഷമിക്കണം. ഒരു വിവരം മറച്ചു വച്ചാണ് ഞങ്ങൾ ഈ വിവാഹം നടത്തിയത്. ‘
‘എന്താമ്മേ..’
‘അത് .. അത്.. മോനെ.. അത്.. അനു ഞങ്ങൾക്കുണ്ടായ മോളല്ല . .’
ഞെട്ടലോടെ അനു സുധിയെ നോക്കി. അവളുടെ അമ്മയുടെ ശബ്ദംസംസാരം തുടർന്നുകൊണ്ടേയിരുന്നു
‘അതേ മോനെ അവൾ ഞങ്ങടെ സ്വന്തം മോളല്ല.. എന്റെ അനുജത്തിയുടെ മകളാണ്.. കല്യാണത്തിന് മുന്നേ അവൾ ഞങ്ങളുടെ കടയിൽ സാധനങ്ങളുമായി വരുന്ന ഒരു തമിഴൻ ലോറിക്കാരനെ സ്നേഹിച്ചിരുന്നു.. അന്ന് അവൾ അവനെ വിശ്വസിച്ചു.. പിന്നീട് അവനു വേറെ ഭാര്യയും മക്കളും ഉണ്ടെന്നറിഞ്ഞു പിന്മാറിയപ്പോഴേക്കും വൈകിയിരുന്നു. അവന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടായിരുന്നു.. അതിനെ നശിപ്പിച്ചു കളയാനുള്ള സമയവും കഴിഞ്ഞു പോയിരുന്നു. അന്ന് ഞങ്ങൾ വയനാട്ടിലാണ് താമസം. അവളെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നു. കല്യാണം കഴിഞ്ഞു മൂന്നു നാലു വർഷമായിട്ടും കുഞ്ഞുണ്ടാകാതിരുന്ന ഞങ്ങൾ ആ കുഞ്ഞിനെ ഏറ്റെടുക്കാമെന്നു വാക്ക് കൊടുത്തു. കുഞ്ഞുണ്ടായി കഴിഞ്ഞു ഞങ്ങൾ ഇങ്ങോട്ടേക്ക് സ്സ്ഥലം മാറ്റം വാങ്ങി പോന്നു.. ഞങ്ങളെ കൂടാതെ എൻറെ വീട്ടുകാർക്ക് മാത്രമേ ഇതറിയൂ.. ഇദ്ദേഹത്തിന്റെ വീട്ടുകാർക്കുപോലും അനു ഞങ്ങളുടെ ചോരയാ.. അങ്ങനല്ലേലും അതിനും മീതെ ഞങ്ങൾ അവളെ സ്‌നേഹിക്കുന്നുണ്ട്.. പിന്നീട് ഒരു കുഞ്ഞിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചിട്ടേയില്ല.. ഞങ്ങളുടെ മോൾക്ക് കിട്ടേണ്ട സ്നേഹം പങ്കുവച്ച പോകേണ്ട എന്നു ഞങ്ങൾ കരുതി.. വാവാച്ചിയെപോലും ഞങ്ങൾ ആഗ്രഹിക്കാതെ കിട്ടിയതാണ്.. പക്ഷെ അനുമോൾ വാവച്ചിയെ ഒരുപാട് ഉപദ്രവിക്കുന്നുണ്ട്.. ഇപ്പൊ അവൾടെ കുഞ്ഞില്ലാത്തതുകൊണ്ട് വാവച്ചിയെ അവൾ സ്നേഹിക്കുമാരിക്കും.. അതുകൊണ്ട് കുഞ്ഞിനെ ഞങ്ങൾ ഇവിടെ നിർത്തുവാ.. ആ കുഞ്ഞിന്റെ സ്നേഹം അവൾ തിരിച്ചറിയാതിരിക്കില്ല.... നീയെങ്ങനെയെങ്കിലും ഞങ്ങളുടെ അനുമോളെ മാറ്റിയെടുക്കണം.. പോട്ടെ മോനെ..’
അനു ഭിത്തിയിൽ ചാരി മുട്ടുകാലിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. സുധി അവളുടെ അരികിൽ ഇരുന്നു.. അവളുടെ മുഖം താടിയിൽ പിടിച്ചുയർത്തി. കരഞ്ഞുകലങ്ങിയ കണ്ണിൽ നോക്കി പറഞ്ഞു..
‘ഇനി ഞാൻ ഒന്നും പറഞ്ഞു തരേണ്ടല്ലോ.. എന്റെ അനുക്കുട്ടിക്ക് എല്ലാം മനസ്സിലായല്ലോ.. ഇതിനുവേണ്ടിയാണ് ഞാൻ അച്ഛനും അമ്മയും അറിയാതെ ഇത് റെക്കോർഡ് ചെയ്തത്.. ‘
അപ്പോൾ അവൾ പണ്ട് വീട്ടിൽ വന്നുകൊണ്ടിരുന്ന ചിറ്റയെ ഓർത്തു.. അവർ അമിത വാത്സല്യം കാണിച്ചിരുന്നു. അവൾ അവരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല..
അനു ഓടിച്ചെന്നു വാവാച്ചിയെ കെട്ടിപ്പിടിച്ചു.. 'അമ്മ പണ്ട് പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലായി.. ചേച്ചി എന്നാൽ അമ്മയും കൂടിയാണ്.. അതേ ചേച്ചിയമ്മ.. അന്നുമുതൽ ആണ് വാവാച്ചിക്ക് ചേച്ചിയമ്മയായി.. പക്ഷെ അച്ഛനും അമ്മയും ചെയ്ത തെറ്റ് അവൾ ആവർത്തിച്ചില്ല.. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അനുവും സുധിയും വാവാച്ചിക്ക് ഒരു കൂടിപ്പിറപ്പിനെ കൊടുത്തു.. വാവാച്ചി ആ കുഞ്ഞിന്റെ ചിറ്റയും ചേച്ചിയും അമ്മയുമായി..
ദീപാ ഷാജൻ..

സാന്ദ്രം - Part 5

Part 5
നീന ഇപ്പോൾ നില്ക്കുന്നത് ഒരു ഹോസ്പിറ്റൽ മുറിയിലാണ്.
അവിടെ... കിടക്കയിൽ തന്റെ ശരീരം അവൾക്കു കാണാം.
കൃത്യമായ ഇടവേളകളിൽ ഒരു ബീപ് ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു.
തന്റെ ഹൃദയ താളത്തിനൊപ്പിച്ചാണാ ശബ്ദമെന്നവൾ തിരിച്ചറിഞ്ഞു.
തിരിച്ച് പോകാൻ സമയമായോ ?
എനിക്കിനിയും എന്റെ റോബിയെ കാണാനാകുമോ ?
അവൾക്കതോർത്തപ്പോൾ തന്നെ സന്തോഷമടക്കാനായില്ല.
ഒരിക്കൽ കൂടി റോബി തന്നെ ചേർത്തു പിടിക്കുന്ന നിമിഷമോർത്ത് അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
അപ്പോൾ ഒരു ഡോക്ടർ അകത്തേക്ക് കയറി വരുന്നതു കണ്ടു.
പുറകിലായി റോബിയും!
അവനെ കണ്ടതും പിന്നെ അവൾക്ക് പിടിച്ചു നില്ക്കാനായില്ല.
“ഞാൻ വരുവാ റോബീ...” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
ആ നിമിഷം തന്നെ ശരീരം നുറുങ്ങുന്ന വേദനയാൽ അവൾ പുളഞ്ഞു.
വിരലുകൾ ബെഡ്ഷീറ്റിൽ അള്ളിപ്പിടിച്ചുകൊണ്ട് അവൾ എഴുന്നേല്ക്കാൻ ഒരു വിഫല ശ്രമം നടത്തി.
ഇല്ല... സാധിക്കുന്നില്ല. അനങ്ങാനേ കഴിയുന്നില്ല... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“നോക്കൂ ഡോക്ടർ...” റോബിയുടെ ശബ്ദം. “നീന കരയുന്നു...അതാ...”
“സോറി റോബി...കോമയിൽ അതൊക്കെ സാധാരണയാണ്. ” ഡോക്ടറുടെ ശബ്ദം “ ശരിക്കും ഇപ്പൊ എന്താ നടക്കുന്നതെന്ന് പറയാനൊക്കില്ല. നീന ഗ്രാജ്വലി റിക്കവറായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, ഈ കണ്ണുനീരൊക്കെ അതിന്റെ ലക്ഷണമാണെന്നു പറയാനാവില്ല.എന്തായാലും നല്ല ഡെവലപ്പ്മെന്റ് കാണാനുണ്ട്. നല്ല ബ്രെയിൻ ആക്റ്റിവിറ്റിയുണ്ട്. ചിലപ്പോ കണ്ണുകൾ അനങ്ങുന്നതു കാണാം. അതു നല്ല ലക്ഷണമാണ്.“
”നീന എഴുന്നേല്ക്കും എന്നു തന്നെയാണ് അപ്പോ ഡോക്ടറുടെ അഭിപ്രായം.“
”നമുക്ക് പ്രാർഥിക്കാം റോബി.“
”ഇപ്പൊ നമ്മളീ സംസാരിക്കുന്നതൊക്കെ അവൾക്കു കേൾക്കാനാകുന്നുണ്ടോ ?“
”ഉണ്ടാകാം... അതിരിക്കട്ടെ, ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് വല്ല അറിവും കിട്ടിയോ ? ആരാ നീനയെ...“
”ഇല്ല ഡോക്ടർ...“ റോബിയിൽ നിന്നും ഒരു ദീർഘ നിശ്വാസമുതിർന്നു.
***** ***** ***** ***** ***** *****
അതിരാവിലെ തന്നെ മാത്യൂസ് എസ് പീ ഓഫീസിലെത്തി. സീ ഐ യും ഒല്ലൂർ എസ് ഐയും ചേർന്ന് എസ് പീയുമായി കൂടിയാലോചിച്ച് ബെന്നിയെ അറസ്റ്റു ചെയ്യാനാണു തീരുമാനം.
കൃത്യമായ തെളിവുകളില്ലാതെ ബെന്നിയെ അറസ്റ്റു ചെയ്യുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് എസ് പീ യുടെ അഭിപ്രായം. കാരണം ഇതിനു മുൻപുണ്ടായിട്ടു സകല കേസുകളിലും അവൻ വളരെ വിദഗ്ധമായി തടിയൂരിയിട്ടുണ്ട്. എന്നിരുന്നാലും, അവനെ എങ്ങനെയെങ്കിലും കുറേ കാലത്തേക്ക് അകത്തിടാൻ സാധിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കും. അത്രക്ക് അപകട കാരിയാണ് ബെന്നി.
“എന്താ മാത്യൂസിന്റെ തിയറി ?” എസ് പീ കൂടുതൽ സംസാരത്തിനൊന്നും നിന്നില്ല. നേരേ കാര്യത്തിലേക്കു കടന്നു.
“സർ.” മാത്യൂസ് താൻ എഴുതി തയാറാക്കിയ നോട്ടുകൾ നിവർത്തി.
“പുതിയ രണ്ടു കേസുകളാണ് ഞാൻ ചാർജ്ജു ചെയ്യാൻ ഉദ്ദേശിക്കുന്നത്. 1. റിട്ടയേർഡ് കേണൽ ചെറിയാന്റെ ദുരൂഹമായ സാഹചര്യത്തിലുള്ള മരണം. 2. റോബിൻ സക്കറിയായുടെ കൊലപാതക ശ്രമം. എന്റെ ഊഹം ഇങ്ങനെയാണ്.
കേണൽ തന്റെ മോട്ടോർ ബൈക്ക് റിപ്പയർ ചെയ്യാനായി ചെന്നതാണ് ബെന്നിയുടെ അടുക്കൽ. അവിടെ വെച്ച് ബെന്നി കേണലിന്റെ മകൾ നീനയെക്കുറിച്ചറിയുന്നു. കോളേജിൽ പഠിക്കുമ്പോഴെ തനിക്ക് താല്പ്പര്യമുള്ള അവളെ സ്വന്തമാക്കാനായി അയാൾ കേണലുമായി സംസാരിക്കുന്നു. സ്വതവേ ഗൗരവക്കാരനായ കേണൽ ആ പ്രൊപ്പോസൽ തള്ളിക്കളയുന്നു. ഒരു പക്ഷേ ബെന്നിയെ ഇൻസൾട്ട് ചെയ്തിരിക്കാനും ഇടയുണ്ട്. കാരണം അത് കേണലിന്റെ ഒരു സ്വഭാവ രീതിയാണ്. ആ സംഭവത്തിനു ശേഷം , കേണൽ തനിക്കൊരു തടസ്സമായിത്തീരുമെന്ന് കരുതിയ ബെന്നി അദ്ദേഹത്തെ വക വരുത്തുന്നു. അതിനു ശേഷം കല്യാണാലോചനയുമായി നീനയെ നേരിൽ കാണാൻ ചെന്നപ്പോളാണ് നീനയും റോബിയും തമ്മിലുള്ള കല്യാണം ഉറപ്പിച്ചതായി മനസ്സിലാക്കുന്നത്. അതോടെ അയാൾ റോബിയെയും ഒഴിവാക്കാനായി ശ്രമം തുടങ്ങുന്നു. അങ്ങനെ, ഇന്നലെ വൈകിട്ട് ഏതാണ്ട് 9:30 ന് -------- ജംഗ്ഷനിൽ വെച്ച് റോബി സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്ക് അപകടത്തിൽ പെടുത്തി അയാളെ കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ, റോബി പരിക്കുകളോടെ രക്ഷപ്പെട്ടു ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു.“
”ഓക്കേ...കൊള്ളാം.“ എസ് പീ ക്ക് താല്പര്യമായി. ”ഇതിൽ അവൻ കുടുങ്ങിയാൽ നമ്മൾ രക്ഷപ്പെട്ടു. പിന്നെ കുറേ കാലത്തേക്ക് ശല്യമുണ്ടാകില്ല. ബാക്കി പറയൂ. എങ്ങനെയാണ് നമുക്ക് ബെന്നിയെ ബന്ധപ്പെടുത്താനാവുക ?“
”അവിടെയാണ് പ്രശ്നം. കേണലിന്റെ മരണം ഒരു കൊലപാതകമാണെന്നത് എന്റെ ഒരു ഊഹം മാത്രമാണ്. ഹാർട്ട് അറ്റാക്ക് ആയിരുന്നു മരണകാരണം എന്നാണ് ഡോക്റ്റർ പറയുന്നത്. പക്ഷെ, എന്റെ കണക്കു കൂട്ടൽ പ്രകാരം അത് വളരെ വെൽ പ്ലാൻഡ് ആയിട്ടുള്ള ഒരു മർഡർ ആണ്. ഭക്ഷണത്തിലോ മദ്യത്തിലോ കലർത്തി കൊടുത്ത എന്തെങ്കിലും വിഷമായിരിക്കണം മരണ കാരണം. ബെന്നി മുൻപ് അങ്ങനെ ഒരു കേസിൽ പ്രതിയായിരുന്നു. തിരുവനന്തപുരം വർക്കല ഭാഗത്തു നടന്ന ഒരു കൊലക്കേസ് ഫയൽ ഞാൻ പരിശോധിച്ചിരുന്നു. എന്നാൽ ആ കേസും ആത്മഹത്യയായി മാറി ബെന്നി ഊരിപ്പോന്നു.“
”കേണലിന്റെ മരണം നമ്മൾ റെജിസ്റ്റർ ചെയ്തിട്ടുണ്ടോ ?“
”ഇല്ല സർ. അത് സ്വഭാവിക മരണമായിട്ടാണ് അന്ന്...“
”ഓക്കേ - റോബിനെ ഇടിച്ച വാഹനത്തിന്റെ വല്ല വിവരവും ? “
”അതുമില്ല സർ. നംബർ പ്ലേറ്റ് ഇല്ലായിരുന്നു . ഒരു കറുത്ത ജീപ്പാണ്. ട്രാഫിക്ക് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പക്ഷേ ഒന്നും വ്യക്തമല്ല.“
”പിന്നെ തന്റെ കയ്യിൽ എന്തു കോപ്പാ ഉള്ളത് ?“ എസ് പീ പെട്ടെന്ന് ക്ഷുഭിതനായി.
”അതല്ല സർ... ബെന്നിയെ ഒന്നു കസ്റ്റഡിയിലെടുക്കാൻ സാധിച്ചാൽ, നമുക്ക് ...“
”എന്ത് കാരണം പറഞ്ഞാടോ ? തനിക്കിതെന്താ പറ്റിയേ മാത്യൂസ് ? റോബി തന്റെ ഫ്രണ്ടായകൊണ്ടുള്ള ആവേശമാണോ ?“
”അല്ല സർ... സാധാരണ എന്റെ ഇങ്ങനത്തെ ഇന്റ്യൂഷൻസ് ഒന്നും പിഴക്കാറില്ല സർ. എങ്ങനേലും ഒരു വാറണ്ടുണ്ടാക്കി റോബിയെ പൊക്കിയാൽ ... “
”ഒരു കുന്തവും സംഭവിക്കില്ല. രാവിലെ തന്നെ ആളെ മിനക്കെടുത്തി. എണീറ്റു പൊക്കേ എല്ലാരും. ഒത്തിരി പ്രതീക്ഷിച്ചു ഞാൻ.“
“സർ... ഞാൻ മുഴുവൻ പറയട്ടെ. പ്ലീസ്.” മാത്യൂസ് നിരാശനായിട്ടില്ല.
“ഞാൻ നീനയുമായി സംസാരിച്ചു. കേണലിന്റെ മരണ ശേഷം അവർ അദ്ദേഹത്തിന്റെ ഓഫീസ് മുറി അടച്ചു പൂട്ടി. അതിൽ പിന്നെ ആരും ആ മുറിയിൽ കടക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. ക്ലീനിങ്ങ് പോലും. സോ, . ഞാൻ ആ മുറി മുഴുവൻ ഫോറൻസിക്കുമായി ചെന്ന് പരിശോധിക്കാനാണ് വിചാരിക്കുന്നത്. എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല. മാത്രമല്ല,
കേണൽ അജയ്പാൽ സിങ്ങ് തന്ന അസൈന്മെന്റ് പ്രകാരം കേണലുമായി അവസാനം ബന്ധപ്പെട്ടിരുന്ന എല്ലാവരെയും ചോദ്യം ചെയ്ത് റിപ്പോർട്ടുണ്ടാക്കേണ്ട ചുമതല എനിക്കുണ്ട്. ആ ഒരു ചാൻസ് വെച്ച് എനിക്ക് ബെന്നിയെ ചോദ്യം ചെയ്യാം.
പിന്നെ, നീനയുടെയും റോബിന്റെയും മൊഴിയെടുത്തിട്ടുണ്ട്.
എല്ലാ കേസുകളും തുടക്കം ഇങ്ങനെയൊക്കെയയിരിക്കില്ലേ സർ. ഞാനൊന്നു ശ്രമിക്കട്ടെ പ്ലീസ്.”
“അതിലൊന്നും എനിക്കൊരു വിരോധവുമില്ല മാത്യൂസ്. പക്ഷേ അവസാനം ദേ മറ്റേതു പോയ അണ്ണാനെപ്പോലെ വന്നു നില്ക്കരുത് എന്റെ മുൻപിൽ. എനിക്കത്രേ പറയാനുള്ളൂ.”
മീറ്റിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ മാത്യൂസ് ഒല്ലൂർ എസ് ഐ രാജ ശേഖരനുമായി സംസാരിച്ചു.
“ഞാൻ രാവിലെ തന്നെ രണ്ടു പോലീസുകാരെ വിട്ടിട്ടുണ്ട് ബെന്നിയെ പൊക്കാൻ. ഇനി അറിഞ്ഞില്ല കേട്ടില്ല എന്നു പറയരുത്.”
“താനെന്തേലും കാണിക്ക്. ദേഹോപദ്രവം ഒഴികെ ബാക്കി എന്തു വേണേലും ചെയ്തോ. അവസാനം എന്റെ തലേൽ വരരുത്.”
“അങ്ങനത്തെ ഒരു പരിപാടിയുമില്ല എനിക്ക്. പക്കാ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യും. ഡോണ്ട് വറി.”
“റോബിന് പ്രൊട്ടക്ഷനില്ലേ ?” ചോദിച്ചത് സീ ഐ ആയിരുന്നു.
“രണ്ട് പേരെ പോസ്റ്റ് ചെയ്തിട്ടുണ്ട് സർ. അതോർത്തിനി പേടിക്കണ്ട. പിന്നെ സർ... ആ ഫോറൻസിക്കിന്റെ കാര്യം ഒന്ന്...”
“അതൊക്കെ ഞാൻ വിളിച്ചു പറഞ്ഞോളാം. എന്താ നോക്കുന്നത് ? ഫിന്ഗർ പ്രിന്റ് മാത്രം പോരല്ലോ.”
“പോരാ സർ. ലാബ് വേണ്ടി വരും. ഭാഗ്യമുണ്ടെങ്കിൽ കേണൽ കഴിച്ച ഡ്രിങ്കിന്റെ കുപ്പി ഇപ്പൊഴും അവിടെ കാണും. അതൊന്ന് വിശദമായി പരിശോധിച്ചാൽ. ഒരു ടോക്സിക്കോളജി റിപ്പോർട്ടുണ്ടാക്കാമെന്നാണ് ഞാൻ കരുതുന്നത്.”
“നമ്മടെ ലാബും സൗകര്യവുമൊക്കെ വെച്ച് എനിക്ക് വല്യ പ്രതീക്ഷയൊന്നുമില്ല. എന്തായാലും താനിതൊന്നും ചാടിക്കേറി മിലിട്ടറി സിങ്ങിനെ അറിയിക്കാൻ നിക്കരുത്.”
“ഇല്ല സർ. പോകട്ടെ. വളരെ ബിസിയായിരിക്കും ഇന്നത്തെ ദിവസം.“
മാത്യൂസ് പോയിക്കഴിഞ്ഞപ്പോൾ ഒല്ലൂർ എസ് ഐ സീ ഐ യെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു.
”ഫയങ്കര ആത്മാർഥതയാണല്ലോ കക്ഷിക്ക്.“
”ഹോസ്പിറ്റലിൽ കിടക്കുന്ന റോബി അങ്ങേരുടെ ക്ലോസ് ഫ്രണ്ടാ. അതിന്റെ ചൂടാ. “
***** ***** ***** ***** ***** ***** ***** *****
11:30
മാത്യൂസിന്റെ ഫോണടിച്ചു.
“സർ... ബെന്നി മുങ്ങി. അവനിവിടില്ല. ഏതോ പള്ളിയിലെ എന്തോ പ്രോഗ്രാമിനായിട്ട് പോയിരിക്കുവാണത്രേ. എന്തോ ടീവീയിൽ പ്രസംഗമോ മറ്റോ ഉണ്ടത്രെ.”
“ആര് ? ബെന്നിയാണോ പ്രസംഗിക്കുന്നേ ?”
“തന്നെ സർ. അവൻ തന്നെ. പഠിച്ച കള്ളനാ സാറേ. അവന്റെ പാസ്റ്ററെ കണ്ടു. ആളാ പറഞ്ഞെ . അങ്ങേരെ പൊക്കണോ ? ബെന്നി വരുമ്പൊ പുള്ളിക്കാരൻ തന്നെ കൂട്ടിക്കൊണ്ടു വരാന്നാണു പറയുന്നെ.”
“വേണ്ട... ആളെ പൊക്കിയിട്ടെന്തിനാ ? അവനെപ്പൊ വരുമെന്നു ചോദിക്ക്. നിങ്ങളിങ്ങു പോരെ. അല്ലെങ്കി വേണ്ട, നിങ്ങളു നേരേ കേണൽ ചെറിയാന്റെ വീട്ടിലേക്കു വിട്ടോ. ഞാനിപ്പൊ അങ്ങോട്ട് വരാം.”
“ഓക്കെ. സർ. ”
അതിനു ശേഷം മാത്യൂസ് നീനയുടെ നംബർ ഡയൽ ചെയ്തു
“ഹലോ - നീന വീട്ടിലേക്കെത്തിയോ ?”
“എത്തി സർ. ഇവിടെ രണ്ട് ഓഫീസർമാർ വന്നിട്ടുണ്ട്. ഫോറൻസിക്ക് ന്നോ മറ്റോ പറഞ്ഞു.
”ഓക്കേ - ഞാനിതാ വരുന്നു. ഒരു കാര്യം. അവിടെ രണ്ട് പട്ടികളില്ലേ ? കേണൽ സാറിന്റെ...“
”ഉവ്വ സർ. കൂട്ടിലാണ്.“
”അതുങ്ങളെ അവിടുന്നൊന്നു മാറ്റണം. ഞാൻ ഡോഗ് സ്ക്വാഡിനെയും അറിയിച്ചിട്ടുണ്ട്. അവർ വരുമ്പൊ പട്ടികൾ തമ്മിൽ പ്രശ്നമാകണ്ട.“
”അതിപ്പൊ സർ...ജെർമ്മൻ ഷെപ്പേർഡ്സ് ആണ് രണ്ടും. എനിക്കും അമ്മക്കും അടുത്തേക്കു പോകാൻ തന്നെ പേടിയാ. ജോലിക്കാരൻ ഇന്നു രാവിലെ എന്തോ എമർജൻസി ആയിട്ട് അവന്റെ നാട്ടിലേക്കു പോയിരിക്കുവാ.“
ജോലിക്കാരൻ ഛോട്ടാ രാജിന്റെ മുഖം മാത്യൂസിന്റെ മനസ്സിൽ തെളിഞ്ഞു.
“കഷ്ടമായല്ലോ. അവനെ എനിക്കൊന്നു കാണണമായിരുന്നു. അവന്റെ പേപ്പറുകളൊക്കെ ഉണ്ടോ നീനാ ?”
“അറിയത്തില്ല സർ. പപ്പാ ഏർപ്പാടാക്കിയതാ. അവർ കുടുംബമായിട്ട് നമ്മുടെ കൂടെയാ താമസിച്ചിരുന്നെ. പേപ്പറുകളൊക്കെ കാണും . പപ്പായുടെ ഓഫീസിൽ നോക്കാം.”
“ഓക്കേ. ഞാനിതാ വരുന്നു.”
ഫോൺ വെച്ചതും സീ ഐ വിളിച്ചു.
“തനിക്കു പ്രാന്തായോടോ മത്തായി ?”
“എന്തു പറ്റി സർ ?”
“ആറു മാസം മുൻപ് നടന്ന മരണത്തിന് താൻ ഇപ്പൊ ഡോഗ് സ്ക്വാഡിനെയും കൊണ്ട് ചെന്നിട്ടെന്തൊണ്ടാക്കാനാ ?”
“സർ.. ഒന്നും മിസ്സാകണ്ട എന്നു കരുതിയാണ്...”
“താനിത് നാട്ടുകാരെ മൊത്തം അറിയിക്കും. അവസാനം നാറും. ആദ്യം താൻ പറഞ്ഞ പോലെ തെളിവെടുക്ക്. ഫോറൻസിക്കിനെ വിട്ടിട്ടുണ്ട് ഞാൻ. പതിയെ പോ. ചുമ്മാ കിടന്നു ചാടി വല്ല പത്രക്കാരും അറിഞ്ഞാ ...”
“സോറി സർ... ഞാൻ...”
“ഓവർ സ്മാർട്ടാവല്ലെ മത്തായി. തനിക്കു തന്നെ പണി കിട്ടും.”
“സർ!”
***** ***** ***** ***** ***** *****
മാത്യൂസ് എത്തിയതിനു ശേഷമാണ് തെളിവെടുപ്പു തുടങ്ങിയത്.
ആദ്യം തന്നെ അവർ കേണലിന്റെ ഓഫീസ് മുറി തുറന്ന് പരിശോധന ആരംഭിച്ചു.
ഒഴിഞ്ഞ രണ്ട് ഗ്ലാസ്സുകൾ അപ്പോഴും മേശപ്പുറത്തുണ്ടായിരുന്നു. കൂടാതെ കേണൽ അവസാനം ഒഴിച്ച വൈറ്റ് മിസ്ചീഫ് റമ്മിന്റെ കുപ്പിയും തൊട്ടടുത്തായി മറിഞ്ഞു കിടന്നിരുന്നു.
“ആ കുപ്പി പരിശോധിക്കണം. പ്രിന്റ്സും കണ്ടെന്റ്സും നോക്കണം.” മാത്യൂസ് നിർദ്ദേശിച്ചു.
“ഓക്കേ സർ... ധാരാളം ഫിന്ഗർ പ്രിന്റുകളുണ്ട് റൂമിൽ. ക്രോസ്സ് മാച്ചു ശെയ്യരുതുക്ക് ആളുകളുണ്ടോ ?”
“നമുക്ക് തല്ക്കാലം ഒരാളുണ്ട്. ബെന്നി. അവൻ മാത്രേ ഉള്ളു സസ്പെക്റ്റ് ആയിട്ട്.അവന്റെ പ്രിന്റ് ഒക്കെ നമ്മുടെ സിസ്റ്റത്തിൽ കാണും. ധാരാളം കേസുള്ള വല്യ പുള്ളിയാ.”
ഫോറൻസിക്ക് വിദഗ്ധൻ മുരുകേഷ് പാതി തമിഴനാണ്. മലയാളം അല്പ്പം കഷ്ടമാണ്.
“ഇനിയെന്താ സർ അടുത്ത പരിപാടി ?” ഒരു കോൺസ്റ്റബിൾ അടുത്തു വന്നു.
“ഇനി...ഹ്മ്മ്...” മാത്യൂസ് ആലോചിച്ചു. “ഇവിടൊരു ജോലിക്കാരനുണ്ട്. ഛോട്ടാ രാജൻ. അവന്റെ പേപ്പറുകൾ തപ്പിയെടുക്കണം. ഇവിടെത്തന്നെ കാണും. ”
പിന്നെ അതിനായുള്ള തിരച്ചിലായിരുന്നു. അതിനിടെ ...
“സർ... കുപ്പിയിൽ എന്തോ ഉണ്ട് കേട്ടോ. ” മുരുകേഷ് കുപ്പി വെളിച്ചത്തിൽ പിടിച്ചു. “കാണുന്നുണ്ടോ സർ ? എന്നമോ പൗഡർ മാതിരി...”
മാത്യൂസിന്റെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു.
“ഞാൻ പറഞ്ഞില്ലേ മുരുകേഷ്... എന്റെ ഒരു തോന്നലും അങ്ങനെ ചുമ്മാതായിട്ടില്ല. ആ ബെന്നീടെ മോന്ത കണ്ടപ്പോളേ ഞാൻ അപകടം മണത്തതാ. ഈ സാധനം ടെസ്റ്റു ചെയ്യാനുള്ള സംവിധാനം നമുക്കില്ലേ ?“
”കെമിക്കൽ അനലൈസിങ്ങ്... ഒക്കെ റൊംബ കഷ്ടം... നോക്കാം സർ.“
”അതൊന്നും പറഞ്ഞാ പറ്റില്ല മുരുകേഷ്. നമുക്ക് ഇന്നു തന്നെ പറ്റിയാൽ റിപ്പോർട്ട് കിട്ടണം. ഞാൻ പോയി മറ്റവനെ പൊക്കട്ടെ.“
”ഒക്കേ സർ. നാൻ വിളിക്കാം.“ മുരുകേഷ് ജോലിയിലേക്കു മടങ്ങി.
”അതേ - എന്തെങ്കിലും ഞാൻ പറഞ്ഞാ അതുടനേ സീ ഐക്ക് കൊണ്ടെ കൊളുത്തുന്ന പരിപാടി വേണ്ട കേട്ടോ. ഇത് അനലൈസ് ചെയ്ത് എതെങ്കിലും ഉറപ്പു കിട്ടിയിട്ട് ഇനി ആരെയെങ്കിലും അറിയിച്ചാ മതി. എല്ലാരോടും കൂടെയാ പറഞ്ഞത്. “ വളരെ ഗൗരവത്തിൽ പോലീസുകാരോട് അത്രയും പറഞ്ഞ് മാത്യൂസ് ഇറങ്ങി. ഫോൺ പോക്കറ്റിൽ കിടന്ന് അടിക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായിരുന്നു.
അയാൾ തിരിച്ചു വിളിച്ചു.
”സർ...നമ്മുടെ ബെന്നി ഇവിടെ വന്നിരിപ്പുണ്ട്. “
”എവിടെ ? സ്റ്റേഷനിലോ ??“
”അതേ സർ. ഇവിടിരിപ്പുണ്ട്. നമ്മൾ എന്തിനാ അന്വേഷിച്ചതെന്നു ചോദിക്കുന്നു. ‘അകത്തോട്ട്’ കേറ്റിയിടണൊ ?“
”വേണ്ടാ...ഞാനിതാ വരുന്നു.“
മാത്യൂസ് അമ്പരന്നു പോയിരുന്നു.
12:30
മാത്യൂസ് സ്റ്റേഷനിലെത്തിയപ്പോൾ ബെന്നിയും കൂടൊരാളും സ്റ്റേഷൻ വളപ്പിൽ ഒരു പ്ലാവിന്റെ ചുവട്ടിൽ സംസാരിച്ചു നില്ക്കുന്നതാണ് കണ്ടത്.
“ബെന്നി... അകത്തേക്കിരിക്കാം. വരൂ.” മാത്യു വിളിച്ചു.
രണ്ടാളും തിടുക്കത്തിൽ നടന്ന് മാത്യൂസിനരികിലെത്തി.
“എന്താ പ്രശ്നം സാറേ ?” കൂടെ നിന്നിരുന്ന വെള്ള ജുബ്ബ ധരിച്ചയാൾ ചോദിച്ചു.
“ഇയാടെ വക്കീലാ ?”
“അല്ല സാറേ, ഞാൻ പാസ്റ്റർ പീ കേ അബ്രഹാം. ബെന്നി എന്റെ ചർച്ചിലെ ഒരു വിശ്വാസിയാണ്.”
“അതെയാ...അപ്പോ പാസ്റ്റർ ഇവിടെ നിക്ക്. നീ അകത്തോട്ട് നടക്ക്.. ” മാത്യു ബലത്തിൽ ബെന്നിയെ പിടിച്ച് അകത്തേക്ക് തള്ളി.
“സാറേ ഞാൻ ഓടുവൊന്നുമില്ല. സംസാരിക്കാൻ തന്നെയാ വന്നത്. എന്താ കേസെന്നു പറ ?”
മാത്യൂസ് ആകെ ചിന്താകുഴപ്പത്തിലായിരുന്നു.
ഇതിപ്പൊ ഇവൻ തന്നെ ഇങ്ങോട്ട് വന്നു കീഴടങ്ങിയപ്പോ ആകെ കൺഫ്യൂഷനായി.
“ഇന്നലെ രാത്രി ഒൻപതിനും പത്തിനുമിടക്ക് നീ എവിടാരുന്നു ?”
ബെന്നി ഒരല്പ്പം ആലോചിച്ചു. “ഞാൻ പള്ളിയിൽ...കൊയർ പ്രാക്റ്റീസിലായിരുന്നല്ലോ. ഇന്നലെ രാത്രി 12 വരെ.”
“നീ..!! കൊയറിൽ ? എന്തുവാടേ ? ആരെയാ നീ ഈ മൂഞ്ചിക്കാൻ നോക്കുന്നെ ?”
“സാർ...” ബെന്നി പുഞ്ചിരിച്ചു. “ഞാനൊരു പുതിയ സൃഷ്ടിയാണ് സർ. ഒരു വർഷവും 3 മാസവുമായി ഞാൻ രക്ഷിക്കപ്പെട്ടിട്ട്.”
“ഓഹോ...ആരാ നിന്നെ രക്ഷിച്ചെ ?”
“സർ കേസെന്താന്നു പറ. പഴയതു വല്ലതും കുത്തിപ്പൊക്കുവാണോ ? അതോ പുതിയതു വല്ലതും ?”
“രക്ഷിക്കപ്പെട്ടില്ലേ ? പിന്നെ നിനക്കിനി കേസുണ്ടാകുന്നതെങ്ങനെ ?”
“സാറെന്തോ മനസ്സിൽ വെച്ചു സംസാരിക്കുവാ. കാര്യം പറ സാറെ. രണ്ടാൾക്കും സമയം ലാഭിക്കാം.”
“നിനക്ക് നീനയെ അറിയാമോ ?”
“നീന...” ബെന്നി കുറച്ചു നേരം ആലോചിച്ചു. “ആ മിലിട്ടറീടെ മോളാണോ ?”
“അതേ...അല്ലാതെ നിനക്കെത്ര നീനയെ അറിയാം ?”
“നീന എന്റെ കൂടെ പഠിച്ചതാ സാർ. ഇന്നലെ കൂടി കൂടി കണ്ടതാ. ഞാൻ അവ്ളുടെ വീട്ടിൽ പോയിരുന്നു. അല്ല - സാറിന്നലെ വന്നപ്പളല്ലേ ഞാനവിടെ നിന്ന്...”
“എന്തിന് ?”
“അതൊരു കഥയാ സർ. ആ കൊച്ചിന്റെ അപ്പൻ ആ മിലിട്ടറി അയാൾടെ ഒരു വണ്ടി എന്റെ ഷോപ്പിൽ കൊണ്ടെ വെച്ചിട്ട് പോയതാ. അഞ്ചാറു മാസമായി. ആളുമില്ല കാശുമില്ല. ഞാൻ കുറേ അന്വേഷിച്ചു. അവസാനം വീട് മനസ്സിലായത് ഇന്നലെയാ. അവടെ ചെന്നപ്പളാ മനസ്സിലാകുന്നെ നീനേടെ വീടാന്ന്. അപ്പൻ മരിച്ചു പോയെന്നു പറഞ്ഞു.അത്രേയുള്ളൂ. ഞാൻ അവിടുന്നു പോന്നു.“
”നീന പറഞ്ഞത് അങ്ങനെയല്ലല്ലോ.“
”പിന്നെ ?“
”നീ അവളെ പ്രൊപൊസ് ചെയ്തില്ലേടാ ?“
”അയ്യോ! പ്രൊപോസൊന്നും അല്ല സർ.ഞാൻ എനിക്ക് നീനയെ കോളേജീ പഠിക്കുമ്പളേ ഇഷ്ടമായിരുന്നു എന്നു പറഞ്ഞു. നീനക്കു താല്പര്യമാണെങ്കി ഞാനിനിയും റെഡിയാണെന്നു പറഞ്ഞു കല്യാണത്തിന്. അപ്പൊ അവളെനിക്ക് ഒരു കല്യാണക്കുറി എടുത്തു തന്നു. “ ബെന്നി പുഞ്ചിരിച്ചു. ”ഞാൻ ചുമ്മാ തമാശക്കു ചോദിച്ചതല്ലേ സർ. അല്ലാതെ നീനയെപ്പോലൊരു പെണ്ണ് എന്നെയൊക്കെ കെട്ടാൻ സമ്മതിക്കുമോ ? എന്നിട്ടിപ്പൊ എന്താ ഉണ്ടായത് ? അവൾ കമ്പ്ലൈന്റ് ചെയ്തോ ?“
“ഇതുവരെ അവൾ കമ്പ്ലെയിന്റ് ചെയ്തില്ല. അടുത്തു തന്നെ ചെയ്യും. എന്നിട്ട് വേണം എനിക്ക് നിന്നെ ഒന്നു വിശദമായി കാണാൻ.“ മാത്യൂസ് പല്ലു ഞെരിച്ചു.
“സാർ... എനിക്കൊന്നും മനസ്സിലാകുന്നില്ല. വന്നപ്പൊ തൊടങ്ങി സാറെന്തോ കൊള്ളിച്ച് പറയുന്നു. വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ ... ”
“വ്യക്തമാക്കിത്തരാടാ...നിന്റെ ആ ജീപ്പെവടെ ? നിനക്കൊരു ബ്ലാക്ക് ജീപ്പില്ലേ ? അതെവിടെ ?”
“ഏത് ജീപ്പ് ? സാറെന്താ ഈ പറയുന്നേ ? എനിക്കാകെ ഉള്ളത് ഒരു വാഗൺ ആർ ആണ്. അതാണെങ്കി ഞാൻ മുഴുവൻ സമയവും ചർച്ചിന് വിട്ടുകൊടുത്തിരിക്കുവാ. സാറിനെന്തെങ്കിലും എന്റെ തലേട്ടു വെച്ചു കെട്ടാനാണെങ്കി ആയിക്കോ സാറേ. പണ്ടു തൊട്ടേ ശീലമാ എനിക്ക്. ഞാൻ സ്വപ്നത്തിൽ അറിയാത്ത കാര്യങ്ങളാ എനിക്ക് വെച്ചു തരാറ്.”
“ഈ ജീപ്പ് നിന്റെയല്ലേടാ ?” മാത്യൂസ് തന്റെ ഫോണിൽ ഒരു സീ സീ ടീ വി ദ്രശ്യം തുറന്നു.
“ഇന്നലെ രാത്രി ഒൻപതരക്ക് ------- ജങ്ങ്ഷനിൽ... ഇത് നിന്റെ വണ്ടിയല്ലേടാ ?”
ബെന്നിയുടെ മുഖം ഇരുണ്ടു.
“ഇതെന്റെ വണ്ടിയല്ല സാറേ. പക്ഷേ ഈ വണ്ടി എനിക്കറിയാം.”
(തുടരും)

Alex John, Biju V

കുഞ്ഞിമാളു

Image may contain: മുരളിലാസിക മുരളിലാസിക, selfie and closeup

വയലിലേക്ക് മകരക്കുളിരരിച്ചിറങ്ങിയിരുന്നു പടിഞ്ഞാറേ ദിക്കിൽ ചുവപ്പിൽ മുങ്ങി സൂര്യൻ താഴാനൊരുങ്ങി
"അമ്മേ ... തെക്കേക്കളത്തിൽ വിളക്കു വച്ചിട്ടില്ല .
ആറാം ക്ലാസ്സുകാരനായ എന്റെ ചോദ്യം കേട്ട് പൂമുഖത്ത് നിന്നും ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു.
" വച്ചിട്ടുണ്ടാവും നന്ദുട്ടാ ... സന്ധ്യയായതേയുള്ളു ഇരുട്ട് പരന്നാൽ കാണുംട്ടോ .
അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ട് ഏട്ടനും വന്ന് തെക്കേക്കളത്തിലേക്ക് നോക്കി .
" ഉണ്ട് ട്ടോ നീ ശരിക്ക് നോക്ക് ...
ഏട്ടനെന്റെ തല പിടിച്ച് മുൻപി
ലേക്ക് ഉന്തി തള്ളി നോക്കാൻ പറഞ്ഞു.
" ഒരു മിന്നാമിനുങ്ങു പോലെ കാണണില്ലേ ? ഡാ ശരിക്ക് നോക്ക് ...
" ഉം കണ്ടു ... മിന്നാമിന്നി വെട്ടം പോലെ ..
എന്റെ മുഖത്തൊരു ചിരി വിടർന്നു തെക്കേക്കളം ... ദേവൻ മാഷും ശാരദ ടീച്ചറും ...
വീട്ടിൽ നിന്നും നോക്കിയാൽ വിശാലമായി പരന്നു കിടക്കുന്ന പാടശേഖരത്തിന്റെ തെക്കേ ദിക്കിൽ കാണുന്ന വലിയ വീട് .
ഞാൻ സംഗീതത്തിന്റെ ആദ്യ സ്വരങ്ങൾ പഠിക്കാൻ പോകുന്ന തെക്കേക്കളം മന .ദേവൻ മാഷും ശാരദ ടീച്ചറും വിവാഹം കഴിഞ്ഞ് 20 വർഷം കഴിഞ്ഞിട്ടാണ് അവർക്കൊരു പെൺകുഞ്ഞു ജനിച്ചത് കാർത്തിക എന്നു പേരുള്ള കാർത്തു. അവൾ എന്റെ ക്ലാസ്സിലായിരുന്നു.
മുറ്റത്തെ തുളസിത്തറയ്ക്കഭിമുഖമായി കോലായിയിൽ ഇരുന്നു സന്ധ്യാനാമം ചൊല്ലുന്ന മുത്തശ്ശിയുടെ വിറയാർന്ന ശബ്ദത്തിനിടയിൽ ഒരു കുഞ്ഞു കിളി ശബ്ദം കേട്ടപ്പോൾ ഞാനും ഏട്ടനും കോലായിലേക്ക് ചെന്നു .
കുഞ്ഞിമാളു എട്ടു വയസ്സുകാരി തൊട്ടാവാടി പെണ്ണ് .. ഞങ്ങളുടെ അയൽവാസി ശങ്കരേട്ടന്റെ മോള് ... വാടകക്കാരായിരുന്നു അവർ ശങ്കരേട്ടൻ അന്ന് ഡൽഹിയിലോ മറ്റോ ട്രെയിൻ തുരങ്കത്തിന്റെ പണിയിലാണ് 6 മാസം കൂടുമ്പോഴേ വരു .
ഏട്ടൻ സന്ധ്യാനാമത്തിനിരിക്കുമ്പോൾ ഞാൻ വേഗം അച്ഛന്റെ മുറിയിലെ വലിയ റേഡിയോയിൽ ആകാശവാണിയിലെ ശ്രീ കാവാലം ശ്രീകുമാറിന്റെ ലളിതസംഗീത പാഠം ശ്രവിച്ചിരിക്കും ...
അതു കാണുമ്പോഴേ അമ്മ വന്നു ചെവിയിൽ തൂക്കി മുത്ത്ത്തശ്ശിക്കരികിൽ ഇരുത്തും ... സന്ധ്യയിൽ ഇരുട്ട് കനത്ത് വരുമ്പോൾ പുസ്തക കെട്ടുമായി പൂമഖത്തിരുന്ന് പഠിക്കാൻ കുഞ്ഞിമാളുവും ഉണ്ടാകും ... കുഞ്ഞിമാളു കൂടപ്പിറപ്പല്ലെങ്കില്ലും ... ഞങ്ങൾക്ക് അനിയത്തിക്കുട്ടി തന്നെയായിരുന്നു . അമ്മയ്ക്കും മുത്തശ്ശിക്കും അവളോടല്പം സ്നേഹകൂടുതലായിരുന്നു. പൊതുവേ എന്ത് കാര്യത്തിനും പെട്ടന്ന് സമ്മതിക്കാത്ത പ്രകൃതമായ ഞാനും അവളും തന്നെയായിരുന്നു മിക്ക്യ്പ്പോഴും വഴക്ക് ...
താലൂക്കാപ്പീസിൽ ജോലിയുള്ള അച്ഛൻ നേരത്തേ ആപ്പീസിൽ നിന്നിറങ്ങിയാലും വീട്ടിലെത്താൻ രാത്രിയാകും കാവിനോട് ചേർന്നുള്ള പാട വരമ്പിലൂടെ രണ്ട് കട്ട ബാറ്ററിയുടെ മങ്ങിയ വെളിച്ചം കാണുമ്പോഴെ ഉച്ചത്തിൽ വായിക്കുന്ന ഞങ്ങൾക്ക് അച്ഛന്റെ പോക്കറ്റിലെ നൂലിൽ തിരിയ്ക്കാവുന്ന വട്ടത്തിലുള്ള ഗ്യാസ് മിഠായിയിലാകും മനസ്സ് മുഴുവൻ ...
വീട്ടിലെ അത്താഴവും കഴിച്ച് കുഞ്ഞിമാളുവിനെ അവളുടെ വീട്ടിലേക്കയക്കാൻ അച്ഛന്റെ മിന്നാമിന്നി ടോർച്ചുമായി എനിക്കു തന്നെ നടക്കണമായിരുന്നു മുൻപിൽ .
തിരിച്ച് വീട്ടിലേക്ക് ശരവേഗത്തിലൊരോട്ടം .
പുലർച്ചേ കാവിലെ കാഞ്ഞിരമരക്കൊമ്പത്തിരുന്നു കാക്ക കരയുന്നതിനു മുൻപേ കുഞ്ഞിമാളു ഉണർന്നു വരും .അമ്മയുടെ അടുക്കള പാത്രങ്ങളുടെ കലപിലയിൽ അവളുടെയും കലപില കൂടിക്കലരുമ്പോൾ മഞ്ഞുവീണ് ആവി പറക്കുന്ന കുളത്തിലേക്കോടുന്ന എനിക്ക് തെക്കേക്കളത്തിലെ ശാരദ ടീച്ചറുടെ ഇലയടയിൽ കുതിർന്നു കിടക്കുന്ന അവിലിലും ശർക്കരയിലുമാകും മനസ്സ് ...
ഒറ്റക്കരയുള്ള കുഞ്ഞു മുണ്ടുടുത്ത് കറുകപ്പുല്ലുകളിലെ മഞ്ഞിൻ കണങ്ങളെ തട്ടി തെറിപ്പിച്ചു വെള്ളിയരഞ്ഞാണം പോല കിടക്കുന്ന തോടും തോട്ടുവരമ്പിലൂടെ കൈതപ്പൂവും കുമ്പള പൂവും പറിച്ച് കുഞ്ഞിമാളുവും ഞാനും ഏട്ടനും ഓടുകയാകും ... പാതി വഴിയിൽ കൈയ്യിലേ പാൽ പാത്രവുമായി ഏട്ടൻ ബാപ്പുട്ടി ഇക്കയുടെ ചായപ്പീടികയിലേക്ക് തിരിഞ്ഞോടുമ്പോൾ ഏട്ടൻ എന്നും വിളിച്ചു പറയും കുഞ്ഞിമാളുവിനെ നോക്കണംട്ടോ ..
വെറ്റില ചെല്ലവുമായി ദേവൻ മാഷ് വായനിറയെ മുറുക്കി ക്ലാവു പിടിച്ച കോളാമ്പിയും മുന്നിൽ വച്ച് കാവൽഭടൻമാരെ പോലെ കറുത്ത് തടിച്ച മരത്തൂണുകളുള്ള നീണ്ട കോലായിയിൽ ഇരുപ്പുണ്ടാകും ...
മുൻപിൽ പൊന്നുട്ടനും ... കരീമിക്കയുടെ മുനീറ്ക്കുട്ടിയും ജാനു ചേച്ചിയുടെ കുട്ടാപ്പിയും പല്ലു തേയ്ക്കാതെ വരുന്ന...കുട്ടാപ്പിയ്ക്ക് കാലിന് സുഖമില്ല ജനിച്ചപ്പഴേ അങ്ങനെയായിരുന്നെന്ന് അമ്മ പറഞ്ഞിട്ടാണറിഞ്ഞത് ...
അവന്റെ അച്ഛൻ മഞ്ഞപ്പിത്തം വന്നു മരിക്കുമ്പോൾ അവൻ മുലകുടിമാറിയിട്ടില്ലായിരുന്നുവെന്നും അമ്മയാണ് പറഞ്ഞത് .
അടുക്കളയിലേക്കൊന്നു എത്തിനോക്കി നടുമുറ്റത്തേ മൺത്തറയിൽ തളിർത്തു നിൽക്കുന്ന കൃഷ്ണ തുളസിയിൽ നിന്നും ഒരു തളിരിലയും ഇറുത്ത് ചവച്ചരച്ച് നീരിറക്കിയിട്ടേ ദേവൻ മാഷിന്റെ മുൻപിൽ ഞാനിരിക്കു ..
സംഗീത ക്ലാസിനിടയിൽ കാർത്തുവിനെ വിളിച്ചുണർത്തുന്ന ശാരദ ടീച്ചറുടെ ഒച്ചപ്പാടും ബഹളവും കേൾക്കാം .. നേരത്തെ എഴുന്നേൽക്കാൻ മടിയുള്ള കർത്തുവിന്
പഠിക്കാനും മടിയായിരുന്നു. എന്നാൽ പാട്ട് പഠിക്കാനുമിരിക്കില്ല വികൃതിക്ക് കൈയും കാലും വച്ചൊരു നീർക്കോലി പെണ്ണ് .
തിരിച്ച് പോരാൻ നേരം സ്നേഹത്തോടെ ശാരദ ടീച്ചറുടെ കൈയ്യിൽ നിന്നും കിട്ടുന്ന ഇലയടയും തിന്ന് അടുക്കളയിൽ നിന്ന് കോലായിലേക്ക് വരുമ്പോൾ വാതിൽ പൊളിയിൽ മറഞ്ഞു നിൽക്കുന്ന കാർത്തുവിന്റെ നുള്ള് കൊണ്ട് വേദനയോടെ കണ്ണു നിറച്ചു കോലായിലേക്കിറങ്ങും.
മുറ്റവും കഴിഞ്ഞു പോരുമ്പോഴേക്കും അകത്തു നിന്നും കാർത്തുവിന്റെ അലറിക്കരച്ചിൽ കോൾക്കാം ...
എന്നെ നുള്ളുന്നത് കണ്ട് ശാരദ ടീച്ചർ അവൾക്ക് ചുട്ടയടി തുടയിൽ കൊടുത്തിട്ടാവും ആ കരച്ചിൽ ...
കരച്ചിൽ കേൾക്കുമ്പോൾ നിറഞ്ഞ കണ്ണുകളോടെ ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ...അങ്ങിനെ വേണമവൾക്കെന്നും പറഞ്ഞ് കുഞ്ഞിമാളു എന്റെ കൈ പിടിച്ച് വലിച്ച് നടന്നിട്ടുണ്ടാകും ...പോരുമ്പോൾ നിറയെ പൂക്കൾ പറിക്കും തോട്ടുവരമ്പിലെ മുള്ളുള്ള കൈതതുമ്പിലേക്ക് കൈതപ്പൂ പറിക്കാൻ പണിപ്പെട്ട് കൈ എത്തിക്കുമ്പോഴാകും കുഞ്ഞിമാളു അത് പറയുക .
" നന്ദുട്ടനെന്താ കാർത്തുവിനൊരു അടി കൊടുത്താൽ നീ ആങ്കുട്ടിയല്ലേ ...?
അത് കേട്ട് കുഞ്ഞിമാളുവിനെ ഒന്നു തിരിഞ്ഞു നോക്കുമ്പോഴേക്കും പിടി വിട്ട് തോട്ടിലേക്ക് വീണിട്ടുണ്ടാകും .
കയ്യിലും കാലിലും തറഞ്ഞു കയറിയ കൈതമുള്ളുകൾ വേദനയിൽ നിന്റെ തല എന്ന് ദേഷ്യത്തോടെ
പറഞ്ഞു കൊണ്ട് കരയിലേക്ക് കയറുമ്പോൾ അവളുടെ കാലിലെ നൂല് കൊണ്ട് കെട്ടി നിറുത്തിയ വെള്ളിക്കൊലുസിന്റെ കിലുക്കം പോലുള്ള നിറുത്താതെയുള്ള ചിരിയാകും .
നനഞ്ഞൊട്ടി പാടവരമ്പിലൂടെ പോരുമ്പോൾ എതിരെ വരുന്ന പണിക്കാര് പെണ്ണുങ്ങളുടെ കളിയാക്കൽ
" ആഹാ നനഞ്ഞ യേശുദാസും ജാനകിയും ഇതാ പോണു. കറുത്ത നീലിയാണ് എപ്പോഴും കളിയാക്കാറ് ... അവരെ കാണുന്നത് തന്നെ ദേഷ്യമായിരുന്നു അന്നെനിക്ക്
കാളപ്പൂട്ട് കണ്ടത്തിൽ നിന്ന് വാരിയെല്ലുന്തിയ കാളകളെ പൂട്ടുന്ന കടുങ്ങൻ ചേട്ടന്റെ ചേറിന്റെ മണമുള്ള നാടൻപാട്ട് കേൾക്കാം .മണ്ണിന്റെ ആത്മാവിൽ നിന്നും വരുന്ന ആ പാട്ട് കേൾക്കുമ്പോൾ ഒരു വേദനയാണ് മനസ്സിൽ .
വടക്കേല കതിരുകൾ കൊയ്യട്ടെ തമ്പ്രാ ....
തെക്കേലേ വല്ലം നിറക്കട്ടെ തമ്പ്രാ ...
മാനത്ത് കത്തുന്ന സൂര്യൻ മൂർദ്ധാവിലെത്തുമ്പോൾ
ഏങ്കളെ പള്ളേലെരിയുന്നു വിശപ്പ് ...
കടുങ്ങൻ ചേറിൽ കുളിച്ച് നീട്ടി പാടുന്ന നാടൻ പാട്ട് .
എന്നും രാവിലെ തെക്കേക്കളത്തിലേക്കുള്ള ഓട്ടവും പൂ പറിക്കലും ചിത്രശലഭങ്ങളെ പോലെ ഒരു ബാല്യകാലം .
ഇലകൾ കൊഴിയും പോലെ ദിനങ്ങൾ മാസങ്ങൾ
കൊഴിഞ്ഞു പോകവേ ... കുംഭമാസത്തിലെ ഒരു സന്ധ്യയിൽ മുത്തശ്ശി നാഗപ്പത്തി വിളക്ക് കഴുകി വൃത്തിയാക്കുമ്പോൾ കുഞ്ഞിമാളു ചോദിച്ചു .
" എന്തിനാ മുത്തശ്ശി ഇപ്പോ ഈ വിളക്ക് കഴുകണേ ?
" അതോ ആയില്യം നാളടുക്കാറായില്യേ കുഞ്ഞ്യേ... കാവില് പൂജയ്ക്കാ .
" നിക്ക് പേടിയാ കാവിലെ സർപ്പത്തേ ...
ഇത് കേട്ട മുത്തശ്ശി ഒന്നു ചിരിച്ചു .
" പേടിക്കണ്ട ട്ടോ .. സ്നേഹമുള്ളവരാ സർപ്പങ്ങള് ഈ മണ്ണും മനുഷ്യനും മരങ്ങളും സർപ്പങ്ങളും ഒക്കെ ബന്ധുക്കളാ ... സർപ്പങ്ങളില്ലെങ്കി നമ്മുക്കൊന്നും ജീവിക്കാൻ പറ്റില്യാ ന്റെ കുട്ട്യേ ...
ഒന്നും മനസ്സിലാകാതെ കുഞ്ഞിമാളു ഞങ്ങളെ നോക്കി .
അന്ന് സന്ധ്യയായപ്പോഴേക്കും അച്ഛനെത്തി . കൂടെ തെങ്ങുകയറ്റക്കാരൻ വാസുവേട്ടനും പിന്നെ നാണുപ്പിളളയും ..
അമ്മയോട് ഇരുപതോളം പേർക്കുള്ള കട്ടൻ ചായ ഉണ്ടാക്കാൻ പറഞ്ഞപ്പോഴേ എനിക്ക് കാര്യം പിടിക്കിട്ടി ... ഇന്ന് വീട്ടിൽ സാക്ഷരതാ ക്ലാസ്സ് ഉണ്ടാകും .
അല്പനേരം കഴിഞ്ഞപ്പോൾ പാടവരമ്പിലൂടെ നിറയെ ചൂട്ടു വെളിച്ചങ്ങൾ മിന്നി ആളുകൾ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. ആദ്യം വന്നത് നീലി തള്ളയായിരുന്നു. എന്നെ കണ്ടയുടനെ ... യേശുദാസാ അത്താഴം കഴിച്ചോ എന്നൊരു ചോദ്യവും പിന്നെ നേരെ അടുക്കളയിലക്ക് .ഇരുപതോളം വൃദ്ധജനങ്ങൾ ... അവസാനം വന്നത് ദേവൻ മാഷും കാർത്തുവും .. മഞ്ഞ ദാവണിയുടുത്ത് കാർത്തു ഞങ്ങൾ കുട്ടികളടുത്തേക്ക് ഓടി വന്നപ്പോൾ ... അവളുടെ ദാവണിയിൽ പിടിച്ച് കുഞ്ഞിമാളു ചോദിച്ചു ..
" ഇത് പുതിയതാ ?
" ഉം
കാർത്തു ഗമയോടെയൊന്നു മൂളി .
കുഞ്ഞിമാളുവിന്റെ കണ്ണുകൾ കാർത്തുവിന്റെ മഞ്ഞ ദാവണിയിൽ തന്നെ ഇഷ്ടത്തോടെ പതിഞ്ഞു കിടന്നു.
ദേവൻ മാഷും അച്ഛനും സാക്ഷരതാ ക്ലാസ്സെടുക്കുമ്പോളായിരുന്നു കാർത്തു കുഞ്ഞിമാളുവിനെ നുള്ളിയത് .
മഞ്ഞ ദാവണിയിൽ എപ്പോഴും പിടിച്ചു നോക്കിയിട്ടായിരുന്നു ആ നുള്ള് .
നുള്ളിയ കർത്തുവിന്റെ കൈ പിടിച്ച് ഞാനൊരു കടിയും കൊടുത്തു. വാച്ച് പോലെ ചുവന്ന് തിണർത്ത കൈ തണ്ടയുമായി അവൾ പൂമുഖത്ത് അമ്മയുടെ മടിയിൽക്കിടന്ന് കുറേ കരഞ്ഞു.
പോകുമ്പോൾ ചിണുങ്ങി കരയുന്ന കാർത്തുവിനോട് ദേവൻമാഷ് പറഞ്ഞു .
" നീ എന്നും രാവിലെ നന്ദൂനെ വേദനിപ്പിക്കാറില്ലേ ...?
അപ്പോഴേക്കും അമ്മ എന്റെ ചെവി പിടിച്ചു തുരുമ്മി പൊന്നാക്കിയിരുന്നു.
മുറ്റവും കഴിഞ്ഞ്‌ മാഷും കാർത്തുവും ഇരുട്ടു പുതച്ച പാടവരമ്പിലൂടെ ചൂട്ടും മിന്നിപോകുമ്പോൾ അവളുടെ മഞ്ഞ ദാവണി മറയും വരെ നോക്കി നിന്നു മനസ്സിൽ അവളുടെ തേങ്ങിക്കരച്ചിലും .
പിറ്റേന്ന് രാവിലെ തെക്കേക്കളത്തിൽ നിന്ന് സംഗീത ക്ലാസ് കഴിഞ്ഞ് പോരുമ്പോൾ ദേവൻ മാഷും ശാരദ ടീച്ചറും വയറ് നിറയെ പലഹാരവും കഴിപ്പിച്ചാണ് വിട്ടത് .. തോട്ടുവരമ്പത്തെത്തിയപ്പോൾ കൈത പൂക്കളെ കണ്ട് കുഞ്ഞിമാളു ഒന്നു കെഞ്ചി പറഞ്ഞു .
" നന്ദു ട്ടാ നിക്കാ കാണുന്ന പൂ വേണം .
" നേരല്യാ കുഞ്ഞി വേഗം പോകാം പൂ നാളെ പറിക്കാം സ്ക്കൂളി പോണ്ടേ ...ഏട്ടൻ ഒരിങ്ങീട്ട്ണ്ടാവും.
" നിക്കിന്ന് സ്ലൈറ്റ് മായ്ക്കാൻ ഒന്നുല്യാ .
അന്ന് ഞങ്ങൾ കൈത പൂവിന്റെ തടിച്ചതണ്ടുകൊണ്ടായിരുന്നു സ്ലൈറ്റ് മായ്ക്കുവാൻ ഉപയോഗിച്ചിരുന്നത് .
" ഞാൻ പോവ്വാ നീ വാ ...
അമ്മ വഴക്ക് പറയും ട്ടോ .
" ഞാനി പൂ പറിക്കട്ടെ നിക്ക് ...
" വേണ്ട കുഞ്ഞി വെള്ളത്തില് വീഴും ... നീ വാ നാളെ പറിക്കാം ..
എന്റെ വാക്കുകളെ അവഗണിച്ച് കുഞ്ഞിമാളു കൈത പൂവിലേക്ക് കൈയെത്തിച്ചതും അയ്യോ ... എന്ന് ഉറക്കെ കരഞ്ഞു വരമ്പിലേക്ക് മലച്ചു വീണതും ഒരുമിച്ചായിരുന്നു.
പേടിയോടെ ഞാൻ ഓടിച്ചെന്ന് കുഞ്ഞിമാളുവിനെ പിടിചെഴുന്നേൽപ്പിക്കുമ്പോൾ അവൾ വലതു കൈയ്യിന്റ വിരലുകൾ മുറുകെ പിടിച്ചു കരച്ചിലായ് വിരൽ പിടിച്ച് നോക്കുമ്പോൾ വിരലിന്റെ അറ്റത്ത് രണ്ട് ചോരത്തുള്ളികൾ ..കുഞ്ഞിമാളു കുഴഞ്ഞു എന്റെ കൈയ്യിൽ നിന്നും താഴേക്ക് ഊർന്ന് വീഴുമ്പോൾ ഞാൻ കൈതപൂ വിലേക്ക് ഒന്നു നോക്കി ... ഇഴഞ്ഞിറങ്ങി പോകുന്ന മഞ്ഞ നിറമുള്ള പാബ് ... അതിവേഗം അത് കൈതോല ചപ്പിലേക്ക് മറഞ്ഞു.
എന്റെ നെഞ്ചിലൊരു ഇടിമിന്നൽ ... ഭയത്താൽ ഞാൻ ഉറക്കെ കരഞ്ഞു ..
വിഷവൈദ്യന്റെ അടുക്കൽ നിന്നും കുഞ്ഞിയെ പട്ടണത്തിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത് ..
കുഞ്ഞിയുടെ അമ്മ കരഞ്ഞു തളർന്നിരുന്നു. വീടും നാടും ശോകമൂകമായ അന്തരീക്ഷം രണ്ട് നാൾ കഴിഞ്ഞ് കുഞ്ഞിയുടെ അച്ഛൻ വന്നു അപ്പോഴും കുഞ്ഞിക്ക് ബോധം വന്നിട്ടില്ലായിരുന്നു.
ഒരു നാട് മുഴുവനും അവൾക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായി ... അന്ന് ദീപാരാധനക്ക് കാർത്തുവും വന്നിരുന്നു നിറകണ്ണുകളോടെ കുഞ്ഞിക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ അവളുടെ പുറകിൽ നിന്നും കണ്ണീരോടെ ഞാനും ഏട്ടനും പ്രാർത്ഥനയിൽ മുഴുകി .
മൂന്നാം നാൾ കുഞ്ഞി ഭൂമിയിൽ നിന്ന് ഞങ്ങളിൽ നിന്ന് യാത്രയായ് എന്ന വാർത്ത ഹൃദയം തകരുന്നതായിരുന്നു.
കുഞ്ഞിയുടെ ചെറിയ വാടകവീടിന്റെ മുറ്റത്ത് അബാലവൃദ്ധം ജനങ്ങൾ .കുഞ്ഞിയുടെ മരണം ഉൾക്കൊള്ളാനാവാതെ ഞാനും ഏട്ടനും കരഞ്ഞു തളർന്നിരുന്നു.
കുഞ്ഞിയുടെ വീട്ടുമുറ്റത്തേക്ക് ഒരു വെള്ള വാഹനം വന്നു നിന്നു. മുറ്റത്ത് കൂടി നിന്നവരിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു ... കാണേണ്ടവർക്കെല്ലാം കാണാം .. ആൾക്കാരുടെ ഇടയിലൂടെ ഞാൻ പതിയെ കുഞ്ഞിയെ കിടത്തിയ കട്ടിലിനടുത്തെത്തി ...
മനസ്സിലൂടെ ഇന്നലകളുടെ ചിത്രങ്ങൾ ഓരോന്നും അതിവേഗം മിന്നി മറഞ്ഞു കൊണ്ടിരുന്നു. കൈത പൂക്കളും തൊട്ടാവാടി പൂക്കളും വെള്ള സിമ്മിയിട്ട് പത്ത് വയസ്സുകാരന്റെ വിരലിൽ തൂങ്ങി പരൽമീൻ കണ്ണുള്ള തൊട്ടാവാടി പെണ്ണ് ...
കൈതോല പായയിൽ വെള്ള പട്ടിൽ ഒരു പരൽമീൻ കിടക്കുന്ന പോലെ .... അവൾ കുഞ്ഞിമാളു ... ചുറ്റുമുള്ള തേങ്ങലുകളൊന്നും എന്റെ കാതിൽ വന്നു പതിച്ചില്ല അവൾ കിടക്കുന്നതിനപ്പുറം ശൂന്യമായി കാണപ്പെട്ടു ... കാഴ്ചയിൽ കുഞ്ഞിമാളു മാത്രം .മുഖത്ത് മറച്ച വെള്ളത്തുണി ആരോ മാറ്റിയപ്പോൾ ചുവന്നു തുടിച്ചിരുന്ന അവളുടെ കുഞ്ഞു കവിളും കൺപോളകളും ചുണ്ടുകളും നീല നിറമാർന്നു കിടന്നു .
കണ്ണീരിനാൽ ആ കാഴ്ച അവ്യക്തമായ് പോകുന്നു.
വെളുത്ത നീളമുള്ള ആ വാഹനം മുന്നോട്ട് പോയി കൊണ്ടിരുന്നു കുഞ്ഞിമാളുവിനെയും കൊണ്ട് ... ദൂരേ അവളുടെ ജൻമദേശത്തേക്ക് ... വന്നവരെല്ലാം പാടവരമ്പിലൂടെ നാലു വഴിക്കും പിരിഞ്ഞു പോയി .. ഓരോ ആളും കണ്ണിൽ നിന്നും മറയും വരെ നോക്കി നിന്നു .
ദേവൻ മാഷും കാർത്തുവും ശാരദ ടീച്ചറും മടങ്ങുമ്പോൾ സന്ധ്യയോടടുക്കുകയായിരുന്നു നേരം പോക്കുവെയിലേറ്റു പരന്നു കിടക്കുന്ന പാടശേഖരത്തിന്റെ നടുവിലൂടെയുള്ള ഇരുവശവും കൈതകൾ നിറഞ്ഞ തോട്ടുവരമ്പിലൂടെ അച്ഛന്റെ കൈ പിടിച്ച് കാർത്തുവും നടന്നകലുന്നത് കോലായിലെ പഴകിയ തൂണും ചാരി നോക്കി നിന്നു.... ഇടയ്ക്ക് അവളൊന്നു തിരിഞ്ഞു നോക്കി ... പിന്നെ ദൂരേ ഒരു പൊട്ടു പോലെ കാഴ്ചയിൽ നിന്നും മറഞ്ഞു.
വന്യമായൊരു നിശ്ശബ്ദയിൽ വീടും അകത്തളവും ചുറ്റുപാടും മുങ്ങിക്കിടന്നു
ശോകമൂകമായ ഒരു പകലിന്റെ അവശേഷിപ്പുകളുമായി പടിഞ്ഞാറേ ചക്രവാളത്തിൽ വെന്തുരുകിയൊലിക്കുന്ന സൂര്യൻ അവ്യക്തമായ രണ്ട് മലയിടുക്കിലേക്കിറങ്ങി കൊണ്ടിരുന്നു. തുരുത്തുകൾ തേടി കലപിലയോടെ മടങ്ങുന്ന മുറിവാലൻ കിളികൾ ... കാവിന് മുകളിൽ മാത്രം ആകാശവും മേഘങ്ങളും നീലവർണ്ണങ്ങളിൽ തന്നെ കാണപ്പെട്ടു കുഞ്ഞിമാളുവിന്റെ കൺപോളകളിലും കവിളിലും ചുണ്ടിലും നിഴലിച്ച അതേ നീലവർണ്ണം ... കൈത പൂ മണമുള്ള ഒരു തണുത്ത കാറ്റ് എന്റെ മുടിയിഴകളെ തഴുകി മെല്ലെ കടന്നു പോയി ...
കോലായിയിൽ കത്തുന്ന നിലവിളക്കിനു ചുറ്റും ആരുമില്ലാത്തത് കൊണ്ടാവാം ദീപങ്ങൾ കെട്ടും കെടാതെയും പൊലിഞ്ഞു കൊണ്ടേയിരുന്നു.
ഉമ്മറക്കോലായിലെ കഴുക്കോലിൽ വാർദ്ധക്യം പിടിച്ച കാതിലം ചെറുകാറ്റിൽ മെല്ലെ ആടിക്കൊണ്ടിരുന്നു.
പൂജാമുറിയിൽ കത്തുന്ന തിരിനാളത്തിന്റെ ചെറു പ്രഭയിൽ കഴുകി വൃത്തിയാക്കിയ ആ നാഗപ്പത്തി വിളക്ക് ...
നിക്ക് സർപ്പങ്ങളെ പേടിയാ
മനസ്സിലേക്ക് കുഞ്ഞിമാളുവിന്റെ വാക്കുകൾ ഓടിയെത്തിയപ്പോൾ നിറക്ണ്ണുകളോടെ
കാവിലേക്കൊന്നു തിരിഞ്ഞു നോക്കി . ചിത്രകൂടങ്ങൾക്കരികിൽ എരിഞ്ഞു തീർന്ന എണ്ണത്തിരിയിൽ നിന്നും സർപ്പം പോലൊരു ധൂമപടലം അന്തരീക്ഷത്തിലേക്കുയരുന്നുണ്ടായിരുന്നു...
... മുരളിലാസിക...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo