Slider

മകളുടെ അച്ഛൻ - കഥോദയം - 1

0

By.സജി വർഗീസ്
"ചിന്നുക്കുട്ടീ, നീയെവിടെയാ ഒളിച്ചിരിക്കുന്നത്, അച്ഛൻ കളി നിർത്തി മോളേ.."
"ഒളിച്ചും പാത്തും ഒന്നൂടെകളിക്കണച്ഛാ.."
"പെണ്ണ് പോത്തുപോലെ വളർന്നു.."
"നാണമില്ലേ.. നിനക്ക്,
അടുത്ത കൊല്ലം ഏഴാം ക്ളാസിലിരിക്കേണ്ട കുട്ട്യാ.. കൊച്ചു കുട്ടിയേപ്പോലെ.."
അനിത അടുക്കളയിൽ മീൻ മുറിക്കുന്ന തിരക്കിലാണ്.
"ഹോ അച്ഛനും മോൾക്കും എല്ലാം ഞാൻ തന്നെ ഒരുക്കി വയ്ക്കണം..
ഇനി വൈകിയെത്തിയതിന് ആ കാലമാടൻ സൂപ്രണ്ടിന്റെ മരമോന്ത കാണണം ഇന്നും വൈകൂന്നാ തോന്നണേ..."
"ഹോ... കറന്റും പോയി.. ഇനി കറിക്കരയ്ക്കാക്കാനും പറ്റില്ലല്ലോ എന്റീശ്വരാ.."
"നീയൊക്കെയല്ലേ ഇലക്ട്രിസിറ്റി ആഫീസിലുള്ളത് പിന്നെങ്ങനെ കറന്റു വരും"
"ഇതേ ഒരൊറ്റ കുത്തു തന്നാലുണ്ടല്ലോ"
"ആ ,എന്നാൽ വേഗം സ്ഥലം കാലിയാക്കാൻ നോക്ക് "
"ഓ. ശരി.. അഛനും മോളും ചായയൊക്കെ മെല്ലെ കുടിക്ക്'
"വണ്ടിയെടുത്ത് മെല്ലെപ്പോ"
അനിത വളരെ വേഗത്തിൽ വണ്ടിയെടുത്തു പോയി.
"ചന്ദ്രേട്ടാ... മോള് വളർന്നുവരുന്നു,
ഇത്ര വലുതായിട്ടും നമ്മുടെ കൂടെ തന്നെ കിടത്തണോന്ന് വച്ചാൽ
അവൾക്ക് വേറെ മുറി കൊടുക്കണം"
"നമ്മുടെ ഈ ചുറ്റിക്കളിയൊക്കെ പെണ്ണിനു മനസ്സിലാകുന്നുണ്ട്"
"അവളിപ്പളും നമ്മടെ പൊന്നുമോളല്ലേ,
ഇവൾക്ക് വേണ്ടിയല്ലോ ഞാൻ ഗൾഫിലെ ജോലിപോലും വേണ്ടാന്നു വച്ചത്"
"നമ്മുടെയെല്ലാം ഇവളല്ലേ അനിതേ,
നിനക്ക് രണ്ടാമതൊന്നു റിസ്ക്കാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു, മോൾക്കൊരു കൂട്ടില്ലല്ലോയെന്നോർത്ത്,
ഇപ്പം, ഞാൻ തന്നെ അവളുടെ എല്ലാം"
"സാരല്യ ചന്ദ്രേട്ടാ.... നമുക്ക് നല്ലൊരു മരുമോനെ കിട്ടും..."
************************
"എന്താ ചന്ദ്രട്ടാ, ആലോചിച്ചു കിടക്കുന്നേ"
"നിങ്ങളിങ്ങനെ തളർന്നു പോയാൽ ഞാനാകെ തകരും,
നിസ്സാര കാര്യല്ലേ.. അരുൺ വരും"
'എന്താ,ചന്ദ്രനും അനിതയും തമ്മിൽ സീരിയസ് സിസ്കഷൻ".
"എന്താ അച്ഛാ... ".ചിന്നുക്കുട്ടി ചന്ദ്രന്റെ ചെവിയിൽപ്പിടിച്ച് തിരിച്ചു.
"മോളേ... "
"അച്ഛൻ കരയാതെ... "
"അതിനിപ്പം എന്താ ഉണ്ടായേ.. "
"എന്താ ഉണ്ടായേന്നോ ബാംഗ്ളൂരിൽനിന്ന് നീ എൽ ആൻഡ് ടി കമ്പനിയിൽ രാജി കൊടുത്തതെന്താ "
"ഞാൻ ഇതിനാണോ നിന്നെ ഇല്ലാത്ത കാശു മുടക്കി ഇലക്ട്രിക്കൽ എഞ്ചിനീയറാക്കിയത് "
"നീ അരുണിന്റെ മുഖത്തടിച്ചെന്ന് അവൻ അച്ഛനെ വിളിച്ചു പറഞ്ഞല്ലോ..."
"ഓ.. അരുൺ കാരണമൊന്നും പറഞ്ഞില്ലേ.. "
"ഉം.. പറയില്ലല്ലോ."
"മോള് അച്ഛനോട് പറയില്ലേ.. "
"എന്നാൽ ഞാൻ രണ്ടാളോടും പറയാം."
"അമ്മേ കല്യാണം കഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയത്..,
അച്ഛനും അമ്മയും ദിവസവും രാത്രിയിൽ വിളിക്കും."
"രണ്ടാഴ്ചകൂടുമ്പോൾ അച്ഛനെ കാണണമെന്ന് ഞാൻ പറഞ്ഞു ".
"അച്ഛന് ഞാനില്ലാതെ ഉറക്കംവരില്ല അരുൺ.. അമ്മയ്ക്ക് എന്നെ കണ്ടില്ലെങ്കിൽ... ആകെ ആധിയാ.".
"ഛേ... നാണമില്ലല്ലോ.. ഒരച്ഛനും മോളും "
"വേറെ ലോകത്തിലാരുമില്ല".
"എന്താ അരുൺ എന്റെ അച്ഛന് കുറവ്..."
"എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ... ഇത്രയും വലുതായിട്ടും അച്ഛനും മോൾക്കും ഒരുമിച്ച് കിടന്നില്ലെങ്കിൽ ഉറക്കം വരില്ലത്രെ,
ആർക്കറിയാം..."
"പ്ടേ.... മുഖമടച്ചൊരടിയായിരുന്നു.
"നീയെന്നെ അടിച്ചല്ലേ..."
ചിന്നുവിന്റെ അഞ്ചുവിരലുകളും അരുണിന്റെ കവിളിൽപ്പതിഞ്ഞിരുന്നു.
"അരുൺ, നീ ബന്ധത്തിന്റെ മഹത്വം മനസ്സിലാക്കണം,
അച്ഛനുംമകളും തമ്മിലുള്ളബന്ധം
അത് നിനക്ക്മനസ്സിലാകില്ലല്ലോ"
"മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ നീ പഠിക്കേണ്ടതല്ല.. അത്.."
"ഓ, എങ്ങനെ പഠിക്കാനാ.,കോൺട്രാക്ടർ ശങ്കരന്റെയും മാലതിയുടെയും ഏകമകനെ അത് പഠിപ്പിച്ചില്ലല്ലോ.. "
"ഒരച്ഛനുംമകളും തമ്മിലുള്ള ആത്മബന്ധം എന്ന് നീ മനസ്സിലാക്കുന്നോ, അന്ന് നിന്റെ കൂടെ ഞാൻ വരാം.. "
"അധികകാലം കാത്തിരിക്കുമെന്ന് നീ കരുതേണ്ട... ആറു മാസം.. ഇത് ന്യൂ ജൻ പെണ്ണാ.. "
"എന്റെ അച്ഛനെപ്പറഞ്ഞാ.. എനിക്ക് സഹിക്കോ അച്ഛാ.. "
"മോളേ... ചന്ദ്രൻ ചിന്നുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. "
"എന്റെ മോളാണു ശരി.. "
അനിത കണ്ണുതുടച്ചു കൊണ്ട് പറഞ്ഞു.
"ഇന്നിത്രയും പറഞ്ഞവൻ നാളെ നിന്നെക്കൊണ്ടെന്തെല്ലാം പറയും.. "
"കൂടുതൽ സെന്റിയാകല്ലേ, രണ്ടാളും.
വേഗം ചോറ് വിളമ്പ്.."
"മോളേ, ഫോണടിക്കുന്നുണ്ട്... "
"അരുണാ വിളിക്കുന്നത്..."
"ഞാനെടുക്കില്ലച്ഛാ..."
"എടുക്ക് മോളേ... "
"ചിന്നൂ..
പിണക്കമാണോ..?
"സോറി.. എനിക്ക് സംസാരിക്കാൻ താല്പര്യമില്ല.. "
"എന്നോട്, നീ ക്ഷമിക്കണം. ഞാൻ വെറുതെയൊരു തമാശ പറഞ്ഞപ്പോൾ... ഞാനിത്രയും വിചാരിച്ചില്ല.. "
"സോറി ചിന്നു.. "
"അമ്മ ,എന്നോട് ചോദിച്ചു ചിന്നു എന്താ പോയേന്ന്, നിനക്കറിയാലോ ഞാൻ എല്ലാക്കാര്യവും അമ്മയോട് പറയുമെന്ന്.. ഞാൻ പറഞ്ഞ തമാശ ഞാനമ്മയോട് പറഞ്ഞു. "
' അതവൾ നിന്നോടാണ് പറഞ്ഞതെങ്കിൽ നിനക്ക് സഹിക്കുമോടാ,... '
"മുഖമടച്ച് ഒരടി അമ്മയുടെയും അടുത്ത് നിന്നും കിട്ടി."
"സോറി ചിന്നൂ.. ആറു മാസം പോയിട്ട് ഒരു ദിവസം പോലും നിന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ല..
ഞാൻ നാളെ രാവിലെ തന്നെ കോഴിക്കോടെത്തും "
"നല്ല കാറ്റുണ്ടല്ലേ ചിന്നു..."
"നീയെന്താ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത് "
"ഒന്നുമില്ല അരുൺ:. സാരമില്ല കെട്ടോ "
ചിന്നു അരുണിന്റെ കവിളിൽ തലോടി.
"നന്നായി വേദനിച്ചോ.. "
"ഒന്നൊന്നര അടിയായിപ്പോയി,
എന്നാലും അമ്മയുടെ അടിയാ അടി.. "
അരുൺ ഇടത്തേ കവിൾ തടവിക്കൊണ്ട് പറഞ്ഞു.
"അമ്മയുടെ കൈപ്പത്തി കവിളിലൊന്നു പതിയുന്നതു നല്ലതാ.. കള്ളാ... "
"മുളയിലേ മനസ്സിൽ മുളയ്ക്കുന്ന വിഷവിത്തുകളെ കരിച്ചു കളയണം അരുൺ "
കുളിർമ്മയുള്ള കടൽക്കാറ്റ് അരുണിന്റെ കവിളിൽ തലോടിക്കടന്നു പോയി.
"എന്നാൽ ജീവിതം തുടങ്ങാണല്ലേ "
ചിന്നു അരുണിന്റെ കവിളിലൊരു മുത്തം കൊടുത്തു.
ശക്തിയായ് വന്ന ഒരു തിരമാല അവരുടെ കാലുകളെ നനച്ച് തിരിച്ചുപോയി.പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ എരിഞ്ഞടങ്ങിയിരുന്നു. നാളെയൊരു പുതിയ ഉദയത്തിനായി.അരുൺ ചിന്നുവിനെ ചേർത്തു പിടിച്ചു.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo