Showing posts with label ReshmaAnil. Show all posts
Showing posts with label ReshmaAnil. Show all posts

#അച്ഛനെ പ്രണയിച്ച പെണ്കുട്ടി

#അച്ഛനെ പ്രണയിച്ച പെണ്കുട്ടി
*******************************
പ്ലാറ്റ്ഫോമിലെ ഒരു ഒഴിഞ്ഞ ബെഞ്ച് നോക്കി ഹേമ ഇരുന്നു. തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്നു ചുറ്റുപാടും നിരീക്ഷിച്ചു. തന്നിലേക്ക് നീളുന്ന രണ്ടു തുറിച്ച കണ്ണുകൾ കണ്ടതും അവൾ വീണ്ടും അയാളെ നോക്കി, അയാൾ വേഗം കണ്ണെടുത്ത്‌ മൊബൈലിലേക്ക് ശ്രദ്ധമാറ്റി തിരിഞ്ഞുനടന്നു. ഹേമ സമയം നോക്കി പത്തു മണിയാകുന്നു, ഇനിയും രണ്ടു മണിക്കൂർ കാത്തിരിക്കണം എറണാകുളത്തേക്ക് ട്രെയിൻ കിട്ടാൻ. റീനയെ വിളിച്ചു താമസം ശരിയാക്കിയിട്ടുണ്ട് അതുകൊണ്ട് അവിടെയെത്തിയിട്ട് നേരെ ഓട്ടോ വിളിച്ചങ് പോയാൽ മതി എന്നൊരു ആശ്വാസമുണ്ട്, അവൾ ജോലി ചെയ്യുന്ന തുണിക്കടയിൽ ഒഴിവുള്ളതുകൊണ്ടു ജോലിയുടെ കാര്യത്തിലും ഭയം വേണ്ട. ഒന്നു വേഗം പന്ത്രണ്ടു മണിയാകാൻ ഹേമ പ്രാർത്ഥിച്ചു.
താൻ ഇനിയും എത്ര നാൾ ഇങ്ങിനെ ഒളിച്ചോടുമെന്ന ചിന്ത അവളുടെ മനസ്സിലെ ചിന്താശകലങ്ങളെ കീറിമുറിക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ് ഇന്ന്, തുണികൾ അടുക്കി വെക്കുന്നതിനിടയിൽ താഴെ സെക്ഷനിൽ നിന്നും പുതുതായി വന്ന സാമുദ്രിക പട്ടിന്റെ സ്റ്റോക്ക് എടുക്കാൻ പോയതാണ്. അപ്പോഴാണ് അമ്മയും പ്രകാശഛനും റിസപ്ഷനിൽ സംസാരിക്കുന്നത് കണ്ടത്. അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുകളെ അമ്മ തൂവാലകൊണ്ട് ഇടതടവില്ലാതെ തുടച്ചുകൊണ്ടേയിരിക്കുന്നുണ്ട്. പ്രകാശച്ഛൻ എല്ലാം തകർന്നവനെ പോലെ പുറകിൽ മുഖം താഴ്ത്തി നിൽക്കുന്നു. ആ മുഖം കണ്ടപ്പോഴേ ശരീരമാകെ ഒരു തളർച്ച ബാധിച്ചു.
റിസപ്ഷനിൽ നിന്നും ശ്രീജ ചേച്ചി അവരെയും കൂട്ടി എം.ഡി യുടെ റൂമിലേക്ക് പോകുന്നത് കണ്ടതും പിന്നെ സമയം പാഴാക്കിയില്ല ആരോടും പറയാതെ ബാഗും എടുത്ത് എല്ലാവരുടെയും കണ്ണ് വെട്ടിച്ചു സീനിയ ടെക്സ്റ്റൈൽസിന്റെ പടിയിറങ്ങി. ഇനിയും എങ്ങോട്ടെന്നു ആലോചിച്ചു വിഷമിക്കുമ്പോഴാണ് റീനയെ ഓർത്തത്. കഴിഞ്ഞ മാസമാണ് അവൾ റീസൈൻ ചെയ്ത് എറണാകുളത്തേക്ക് മാറിയത്, അവൾ അങ്ങോട്ട് ക്ഷണിച്ചത് ഒരു കച്ചിത്തുരുമ്പായി. പെട്ടെന്ന് തന്നെ അവളെ വിളിച്ചു താന്‍ വരുന്നുണ്ടെന്നും ബാക്കിയെല്ലാം അവിടെ വന്നിട്ട് പറയാമെന്നും പറഞ്ഞു മൊബൈല്‍ കട്ട് ചെയ്തു. ഹോസ്റ്റലില്‍ ഉള്ള വസ്ത്രങ്ങളും മറ്റും പിന്നീട് എടുപ്പിക്കാമെന്നു ഉറപ്പിച്ചു, ഇപ്പോള്‍ എങ്ങിനെയെങ്കിലും രക്ഷപ്പെടുക ബാക്കിയെല്ലാം പിനീട്. പിന്നൊന്നും ആലോചിച്ചില്ല നേരെ റയിൽവേ സ്റ്റേഷനിലേക്ക് ഒരു ഓട്ടോ പിടിച്ചു. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് ഒരു പറിച്ചു നടൽ, വയനാട് എന്ന സ്വദേശത്ത് നിന്നുമുള്ള ഒളിച്ചോട്ടം എറണാകുളത്തേക്കും തുടരുന്നു.
മൊബൈൽ തുരു തുരേ റിംഗ് ചെയ്യുന്നുണ്ട്, ഹേമ മൊബൈൽ എടുത്ത് സ്വിച്ച്‌ ഓഫ് ചെയ്തു ബാഗിൽ വെച്ചു. എല്ലാവരും തന്നെ അന്വേഷിക്കുകയാകും, ഇനിയല്ലെങ്കിലും അവരുടെയൊന്നും മുഖത്ത് നോക്കാനാകില്ല, അത്രമേൽ മോശപ്പെട്ട കാര്യമാണല്ലോ താൻ ചെയ്തത്. നിറഞ്ഞു വന്ന കണ്ണുകൾ ചേർത്തു പിടിച്ച മൂല പൊടിഞ്ഞു തുടങ്ങിയ കറുത്ത ബാഗിലെ കുഞ്ഞറയിൽ സൂക്ഷിച്ച തൂവാലയെടുത്ത് തുടച്ചു. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഏറണാകുളത്തേക്ക് ടിക്കറ്റും എടുത്തു. 12 മണി വരെ കാത്തിരുന്നേ പറ്റു, ഹേമ വീണ്ടും സമയം നോക്കി, 10.30 ആയതേയുള്ളൂ. ഹേമ നേരത്തെ തന്നെ തുറിച്ചു നോക്കിയ ആളെ ഒന്ന് കണ്ണ് കൊണ്ട് തിരഞ്ഞു, അവിടെയെങ്ങുമില്ലെന്നു ഉറപ്പു വരുത്തി. ഉള്ളിലൊരു ഭയം, കാലമതാണല്ലോ.... ഹേമയുടെ മനസ്സിലേക്ക് ഓര്‍മ്മകളുടെ മഴപ്പെയ്ത്ത് നടക്കുകയായിരുന്നു.
ഓർമ്മ വയ്ക്കും മുന്പ് അച്ഛൻ അമ്മയെയും തന്നെയും തനിച്ചാക്കി പോയിരുന്നു, വര്ഷാവർഷ്മുള്ള ബലിയിടൽ ചടങ്ങിൽ ഓർക്കുന്ന ഒരു അതിഥിയായെ തനിക്കച്ഛനെ അറിയൂ. അച്ഛനോടൊത്തു പ്രണയിച്ചു വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിനാൽ വീട്ടുകാർ ആരും തിരിഞ്ഞു നോക്കിയില്ല. അച്ഛൻ സ്നേഹമുള്ള ഒരാളാണെന്നു അമ്മ പറഞ്ഞു തന്നിട്ടുണ്ട്.
മിച്ചം പിടിച്ച പൈസയും അമ്മയുടെ സ്വർണ്ണവും ചേർത്ത് കേറിക്കിടക്കാൻ അച്ഛനൊരു കൊച്ചു വീട് പണിതിട്ടത് കൊണ്ട്, അമ്മയ്ക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നില്ല. വീട്ടു ജോലികൾ ചെയ്തും തുന്നിയുമെല്ലാം അമ്മ തന്നെ വളർത്തി വലുതാക്കി. 'അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് താൻ വളർന്നത്, പലപ്പോഴും ഓർത്തിട്ടുണ്ട് ആരോടും പരാതി പറയാനില്ലാതെ ഒരു അഭിപ്രായം ചോദിക്കാനില്ലാതെ ഒരു തലോടൽ ഇല്ലാതെ അമ്മ എങ്ങിനെ പിടിച്ചു നിൽക്കുന്നു എന്നു. നനവാർന്ന തലയിണകൾ അമ്മയുടെ ഹൃദയ സൂക്ഷിപ്പുകാരാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
ഡിഗ്രി കഴിഞ്ഞു വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് അമ്മ തനിച്ചാകുന്നു എന്നൊരു ബോധം മനസ്സിലുണ്ടായത്. തന്റെ ജീവിതത്തിൽ ഒരാൾ വന്നാൽ അമ്മ ഒറ്റപ്പെട്ടു പോകുമെന്ന് മനസ്സു ഭയന്നു, അങ്ങിനെയാണ് ഒരുപാട് ചിന്തിച്ചു ഒരു തീരുമാനം എടുത്തത്. അമ്മയെ പുനർ വിവാഹം കഴിപ്പിക്കുക. അമ്മയുടെ സമ്മതം വാങ്ങിയെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും തന്റെ പട്ടിണി സമരത്തിൽ അമ്മ തോൽവി സമ്മതിച്ചു. ആദ്യ ആലോചനയായിരുന്നു ഭാര്യ മരിച്ച പ്രകാശച്ഛന്റേത്. ബാധ്യതകൾ ഇല്ലാത്ത അദ്ധ്വാനിക്കുന്ന സൗമ്യനായ ഒരാൾ. അധികം ചിന്തിക്കാതെ എത്രയും വേഗം വിവാഹം നടന്നു, പിന്നീട് വീട്ടിൽ ഉത്സവമായിരുന്നു. ഒരിക്കലും അറിയാത്ത അച്ഛന്റെ സ്നേഹവാത്സല്യം പ്രകാശച്ഛന് ആവോളം തന്നു. അമ്മയെ അദ്ദേഹം പ്രണയിക്കുകയായിരുന്നു, അടുക്കളയിലും മുറികളിലും പറമ്പിലും അവര്‍ പ്രണയജോടികളെപ്പോലെ ജീവിക്കുന്നത് കണ്ടു അത്ഭുതമായിരുന്നു. തന്റെ കോളേജ് കാലത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും ഇത്രയേറെ സ്നേഹിക്കുന്ന ഒരു കാമുകനെ കണ്ടിട്ടില്ലെന്നത് തനിക്ക് അതിശയമായി, അതു കണ്ടു തനിക്കും അതുപോലൊരു ഭർത്താവ് മതിയെന്ന തോന്നൽ തെറ്റായിരുന്നില്ല പക്‌ഷേ തനിക്കീ ഭർത്താവ് വേണമെന്ന ചിന്ത കയറിക്കൂടിയിടത്തു തെറ്റി. പ്രകാശഛന്റെ സ്നേഹം തന്നിൽ ഇതുവരെ അനുഭവിക്കാത്ത എന്തെല്ലാമോ വികാരങ്ങൾ ജനിപ്പിച്ചു എന്നാൽ അദ്ദേഹം ഒരിക്കലും തന്നെ അങ്ങിനെ കാണാത്തത് മനസ്സിൽ ഒരു ഈർഷ്യ ഉണ്ടാക്കി. ആ ദേഷ്യം അമ്മയോടാണ് താൻ തീർത്തത്. പാവം അമ്മയ്ക്കൊന്നും മനസിലായില്ല.
തന്റെ ഇഷ്ടം അറിയിക്കാന്‍ പലയാവര്‍ത്തി ശ്രമിച്ചെങ്കിലും അദ്ദേഹം അത് അച്ഛനോടുള്ള സ്നേഹമായാണ് കണ്ടത്, തിരിച്ചു നല്‍കിയ വാത്സല്യം തന്നിലെ സ്ത്രീയോടുള്ള വെല്ലുവിളിയായി തോന്നി. അമ്മയില്ലാത്ത ആ ദിവസം പ്രകാശച്ചനോട് എല്ലാ പരിമിതികളും ലംഘിച്ചാണ് ഇടപെട്ടത്, ഏതൊരു പുരുഷനെയും സ്ത്രീയുടെ അംഗലാവണ്യത്തില്‍ തോല്ല്പ്പിക്കാമെന്ന തന്റെ തെറ്റായ ചിന്തയ്ക്ക് തോല്‍വി സംഭവിച്ചു, ആ ഒരു തെറ്റായ സമീപനത്തിലൂടെ എല്ലാം നശിച്ചു, പ്രകാശച്ഛന്‍ അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്നെ വഴക്കു പറഞ്ഞത് തന്നിൽ വാശിയാണ് ഉണ്ടാക്കിയത് എന്നാൽ എല്ലാം കണ്ടും കേട്ടും അമ്മ പുറകിൽ ഉണ്ടായിരുന്നു എന്നത് ഒരു ആത്മഹത്യാ ശ്രമത്തിലൂടെയാണ് അമ്മ അറിയിച്ചത്. സ്വർഗ്ഗതുല്യമായ വീട് ശ്മശാന മൂകതയിലാഴ്ന്നു.
ഭർത്താവിനെ ഒഴിവാക്കുന്നു എന്ന അമ്മയുടെ ഉറച്ച തീരുമാനത്തിന് പ്രകാശച്ഛന്റെ പ്രതികരണം മൗനമായിരുന്നു. പക്ഷേ ആ കണ്ണുകളിലെ വേദനയുടെ നീർച്ചാലുകൾ തന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു. അന്ന് രാത്രി ആരും അറിയാതെ വീട് വിട്ടിറങ്ങി. അമ്മയുടെ ദുഃഖം കാണാൻ വയ്യ പ്രകാശച്ഛനെ അച്ഛന്റെ സ്ഥാനത്ത് കാണാനാകുന്നില്ല, ഇനിയും അവിടെ നിന്നാൽ ജീവൻ പലതും നഷ്ടപ്പെടുമെന്നതിലും ഭേദം താൻ അവിടെ നിന്നും മാറുന്നതാണ് നല്ലതെന്നു തോന്നി. കോഴിക്കോട് ഉള്ള സുഹൃത്ത് ശ്യാമയുടെ വീട്ടിലേക്കാണ് നേരെ പോയത്. അവളോട്‌ കുറച്ചു കള്ളങ്ങൾ പറഞ്ഞു അവളുടെ അമ്മ ജോലി ചെയ്യുന്ന സീമാസിൽ ജോലി തരപ്പെടുത്തി. രണ്ടു മൂന്നു മാസം ആരും ഒന്നുമറിയാതെ പോയി, വീട്ടിലെ അവസ്ഥ അന്വേഷിക്കാന്‍ തുനിഞ്ഞില്ല, എല്ലാത്തില്‍ നിന്നുമുള്ള ഒളിചോട്ടമായിരുന്നല്ലോ...
തികച്ചും അപ്രതീക്ഷിതമായി അവർ തന്നെ അന്വേഷിച്ചു ഇവിടെയും എത്തിയിരിക്കുന്നു.
ആർക്കും മുഖം കൊടുക്കാൻ വയ്യ, രക്ഷപ്പെടണം
ഇനിയൊരിക്കലുമൊരു തിരിച്ചുപോക്കില്ല, തനിക്കു വേണ്ടി സ്നേഹസമ്പന്നനായ ഭർത്താവിനെ ഒഴിവാക്കാൻ തയ്യാറായ അമ്മയെ ഇനിയും വേദനിപ്പിക്കാൻ വയ്യ, ഇനിയുള്ള ജീവിതമെങ്കിലും അവർ സന്തോഷമായി ജീവിക്കട്ടെ. പക്ഷേ, അമ്മയുടെ വിങ്ങിപ്പൊട്ടിയ കരച്ചിൽ..... ഒന്നും ഓര്‍ക്കരുത് ഒന്നും, തന്റെ യാത്ര തടസ്സപ്പെടുത്തുന്ന ഒന്നുമിനി ചിന്തിക്കരുത്. പോകണം, ആരുമറിയാത്ത എവിടേക്കെങ്കിലും ഓടിപ്പോകണം. ഹൃദയ ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന അവിശുദ്ധ പ്രണയത്തIന്റെ ഒരുതരിയും ശേഷിക്കാത്ത വിധം പതിയെ തുടച്ചു വൃത്തിയാക്കണം, നശിച്ച ഈ മനസ്സും ജന്മവും ഒളിച്ചുവെക്കണം, ഹേമ നെടുവീർപ്പിട്ടു.
തന്റെ മുൻപിലൂടെ പാഞ്ഞുപോയ ട്രെയിൻ ഹേമയെ ചിന്തകളിൽ നിന്നുമുണർത്തി. അവൾ സമയം നോക്കി, 11 മണി കഴിഞ്ഞിട്ടുണ്ട് ട്രെയിൻ വരാൻ ഇനിയും കാത്തിരിക്കണം. സമയത്തെ ഓടിക്കാൻ വല്ല കഴിവും ഉണ്ടായിരുന്നെങ്കിലെന്നു അവൾ വെറുതെ ഓർത്തു.
തന്റെ ചുമലിൽ ആരുടെയോ കൈത്തലം പതിച്ചത് പോലെ തോന്നിയ ഹേമ ഞെട്ടിതിരിഞ്ഞുനോക്കി, പ്രകാശച്ഛൻ..... തൊട്ടു പുറകിലായി അമ്മ, കൂടെ ടെക്സ്റ്റൈൽസിലെ ഫ്ലോർ മാനേജർ മനോജ്. താൻ പിടിക്കപ്പെട്ടു എന്ന ചിന്തയും നാണക്കേടും ഹേമയെ ശിലയുടെ അവസ്ഥയിലാക്കി. അമ്മ ഹേമയെ ചേർത്തുപിടിച്ചു കരഞ്ഞു.... അവൾ പതുക്കെ പ്രകാശച്ഛന്റെ മുഖത്തേക്ക് നോക്കി.
'എന്തൊരു പ്രസരിപ്പുള്ള മുഖമായിരുന്നു, പെട്ടെന്ന് പ്രായം ചെന്നതുപോലെയായിപ്പോൾ, മനസ്സത്രത്തോളം പിടയുന്നുണ്ടാകണം.... ഹേമയ്ക്ക് കുറ്റബോധം തോന്നി, പക്ഷേ അവളുടെ ചുണ്ടുകൾ ചലിച്ചില്ല കണ്ണുകൾ ഓടിയൊളിക്കാൻ വെമ്പുന്നതിനിടയ്ക്ക് മാനേജര്‍ മനോജിന്റെ മേലുടക്കി. അയാൾ കൈപിടിച്ചു സംസാരിക്കുന്ന വ്യക്തിയെ അവൾ സൂക്ഷിച്ചു നോക്കി, ഇയാളല്ലേ തന്നെ കുറച്ചുസമയം മുൻപ് തുറിച്ചുനോക്കിയതെന്ന ചിന്ത മനസ്സിലുയർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകി. പ്രകാശച്ഛനെ മാനേജർ മനോജ് അയാൾക്ക് പരിചയപ്പെടുത്തുന്നത് കണ്ടു,
"ഇത് ഷാജി, മാർക്കറ്റിങ്ങിൽ ആണ്. ഷാജിയ്ക്ക് ഷോപ്പിൽ ഉള്ളവരെയൊക്കെ പരിചയമുണ്ട്. ഹേമ പുതിയതായത് കൊണ്ടാണ് ഷാജിയെ മനസ്സിലാകാതിരുന്നത്, ഹേമയുടെ യൂണിഫോം സാരി കണ്ടതുകൊണ്ടാണ് ഷാജി ശ്രദ്ധിച്ചത്, ഏതായാലും നിങ്ങൾക്ക് മകളെ തിരിച്ചു കിട്ടിയല്ലോ.... ഇനി വീട്ടിലേക്ക് തിരിച്ചോളൂ, ബാക്കിയെല്ലാം വിളിച്ചു സംസാരിക്കാം"
മറുത്തൊന്നും പറയാതെ ഒരു തടവുപുള്ളിയെപ്പോലെ ഹേമ അമ്മയുടെ കൂടെ നടന്നു.... ബസ് സ്റ്റാൻഡിൽ ഹേമയെയും ഭാര്യ ലതയെയും ബസ്സിൽ കയറ്റിയ ശേഷം പ്രകാശൻ തിരിഞ്ഞു നോക്കാതെ നടന്നു. ഹേമ തിരിച്ചു വിളിക്കാൻ തുനിഞ്ഞപ്പോൾ അമ്മ തടഞ്ഞു.
"ഇനി നമ്മൾ മതി, നമുക്കിടയിൽ ആരും വേണ്ട. നീ കഴിഞ്ഞേ എനിക്കാരുമുള്ളു, ഞാൻ ജീവിച്ചതും നിനക്ക് വേണ്ടിയാണ്. നമുക്ക് പഴയതു പോലെയെല്ലാം മതി, നിന്നെ വിഷമിപ്പിച്ചൊരു ജിവിതം എനിക്ക് വേണ്ട"
എന്തോ പറയാന്‍ തുടങ്ങിയ ഹേമയുടെ വാ ലത്‌ പൊത്തിപ്പിടിച്ചു, ഒന്നും പറയേണ്ടെന്ന് കണ്ണുകള്‍കൊണ്ട് അപേക്ഷിച്ചു.
ഹേമ ലതയുടെ തോളിൽ തല വെച്ചു കിടന്നു, ലത അവളെ ചേർത്തുപിടിച്ചു.
പ്രകാശൻ തിരിഞ്ഞുനോക്കാതെ നടന്നു. തന്റെ ഭാര്യയെയും മകളെയും തിരിച്ചു പിടിക്കണമെന്ന ദൃഢനിശ്ചയം ആ മനസ്സിലുണ്ടായിരുന്നു. ഹേമയ്ക്ക് നല്ല സ്നേഹമുള്ളൊരു പങ്കാളിയെയും കൊണ്ടേ ഇനി വരൂ എന്ന് ലതയ്ക്ക് കൊടുത്ത സത്യം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന ചിന്ത അയാളെ മുന്‍പോട്ടു നയിച്ചു.
അപ്പോഴും ആ ഹൃദയം കേഴുന്നുണ്ടായിരുന്നു...
"ഞാന്‍ വളര്‍ത്തച്ഛനല്ല മകളെ നിന്റെ അച്ഛനാണ് ജന്മം കൊണ്ടല്ലെങ്കിലും ഹൃദയ ബന്ധം കൊണ്ട് ......"
***രേഷ്മ***
19/8/2017

യാദൃശ്ചികം

യാദൃശ്ചികം
===========
''പ്രശസ്ത സാഹിത്യകാരന്‍ സേതുനാഥ്
കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ .ഭാര്യയെയും മക്കളെയും കാണാനില്ല''വാര്‍ത്ത വായിച്ചവരൊക്കെ ഞെട്ടിത്തരിച്ചു.ഈ വര്‍ഷത്തെ സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ !മികച്ച തിരക്കഥക്ക് കഴിഞ്ഞ വര്‍ഷം സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ആള്‍..പത്രത്തിലെ ഫീച്ചര്‍ അങ്ങനെ പോകുന്നു
,,,പോലീസ് അന്വേഷണ മാരംഭിച്ചു.കിടപ്പുമുറിയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്.മറ്റു സാധന സാമഗ്രി കളൊക്കെ യഥാസ്ഥാനത്തു തന്നെയുണ്ട്...!മറ്റെവിടെയും രക്തപ്പാടുകളില്ല,പിടിവലി നടന്ന ലക്ഷണങ്ങളുമില്ല,ഭാര്യയും ഏഴു വയസുള്ള ഇരട്ടക്കുട്ടികളും എവിടെ അപ്രത്യക്ഷരായി...?? മാധ്യമങ്ങളും അധികാരികളും പോലീസിന് സ്വസ്ഥത നല്‍കിയില്ല,ഒരു പ്രശസ്ത വ്യക്തിയാണ് കൊല്ലപ്പെട്ടത്,അതും ഒരു ക്ലീന്‍ ഇമേജുള്ള സാഹിത്യകാരന്‍ !...സേതുനാഥിനെ കൊന്നതാര് ??..നാടെങ്ങും പ്രതിഷേധയോഗങ്ങള്‍...കൊലപാതകിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന എഴുത്തുകാരന്‍ പുനലൂര്‍ സുധാകരന്‍ നിരാഹാരമാരംഭിച്ചു ''
"അക്ബാർ മേ ക്യാ ലിഖാ ഹേ ബേട്ടീ.... തും പരേഷാൻ മത് ഹോ, ഹം ഹേ ന സാത്... യഹാ കോയി നഹീം ആയേങ്കെ.... അബ് തോ യഹ്‌ ചായ് പീയോ... ബച്ചിയാം സോ രഹീ ഹേ"
സീത ജീജ ഭായുടെ കൈയിൽ നിന്നും ചായ വാങ്ങി, പത്രം മേശമേൽ വെച്ചു. പറഞ്ഞതെല്ലാം മനസ്സിലായെങ്കിലും തിരിച്ചു മറുപടി പറയാനറിയാതെ സീത അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജിതയായി. സീതയുടെ മനസ്സറിഞ്ഞത് പോലെ അവർ അടുക്കളയിലേക്ക് തിരിച്ചുപോകുമ്പോൾ ബോലാ റാം പുറത്തു നിന്നും കയറി വന്നു.
 അയാളെ കണ്ടതും ചായ താഴെ വെച്ച് സീത എഴുന്നേറ്റു.
"മോള് അവിടെ ഇരുന്നു ചായ കുടിക്കു, ഒന്നുമുണ്ടാകില്ല... പേടിക്കേണ്ട . ഇനി ഇവിടെയാണ് ജീവിക്കേണ്ടത്. എനിക്കെന്റെ മരിച്ചു പോയ മോളാണ് നീ, അക്ബാറിൽ എന്തെങ്കിലും ഉണ്ടോ...? പട്ടണത്തിൽ പോയി വരുന്ന രാഘവ് ആണ് മലയാളം പത്രം കൊണ്ടുതന്നത്.."
സീത ബോലാ റാമിന്റെ കൈകൾ കൂട്ടിപ്പിടിച്ചു നെറ്റിയിൽ ചേർത്തു പിടിച്ചു കരഞ്ഞു. തന്നോടൊരിക്കലും ഇത്ര സ്നേഹം ആരും കാണിച്ചില്ല എന്ന ചിന്ത ആ കണ്ണുകളെ കൂടുതൽ ഈറണനിയിച്ചു. ബോലാ റാം സീതയെ ആശ്വസിപ്പിച്ചു മുറിയിൽ പോയി കിടക്കാൻ പറഞ്ഞ ശേഷം ഭാര്യയുടെ അടുത്തേക്ക് പോയി.
സീത ആലോചിക്കുകയായിരുന്നു, ബോലാ റാം നന്നായി മലയാളം സംസാരിക്കുന്നു. ഒരു വർഷം കൊണ്ട് അയാൾ ഭാഷ പഠിച്ചെങ്കിൽ ഈ പ്രായത്തിലും അയാൾ എത്ര കഴിവുള്ളവനാണ്, തന്റെ അച്ഛന്റെ പ്രായമായിരിക്കണം, പക്ഷേ ഇപ്പോഴും നല്ല ആരോഗ്യവാനാണ്.
ബോലാ റാമിനെ ആദ്യമായി കാണുന്നത് ഒരു സന്ധ്യയ്ക്കാണ്, സേതുവിന്റെ തന്റെ മേലുള്ള പരാക്രമം കഴിഞ്ഞു അയാൾ ഉറങ്ങുകയായിരുന്നു. പഴയ വസ്ത്രങ്ങൾ ചോദിച്ചാണ് അയാൾ വന്നത്, അന്നാ മുഖത്തെ ദൈന്യതയും സ്നേഹം നിറഞ്ഞ ബേട്ടീ.... എന്നുള്ള വിളിയും അയാളോട് എന്തോ അനുകമ്പ തോന്നിപ്പിച്ചു. കൈയിൽ അധികം സാരി ഉണ്ടായിട്ടല്ല, താൻ വീട്ടിലുടുക്കുന്ന കീറിയ സാരികളിലൊന്നു അയാൾക്കെടുത്തു കൊടുത്തു. കൊടുക്കുമ്പോൾ ഒരു കിടപ്പു മുറിയും ഹാളും അടുക്കളയും മാത്രമുള്ള ആ വാടക വീടിന്റെ അകത്തേയ്‌ക്കയാൾ എത്തിനോക്കുന്നുണ്ടായിരുന്നു. അന്ന് എന്താ നോക്കുന്നതെന്നു ചോദിച്ചപ്പോൾ കുട്ടികളുടെ ചെരുപ്പ് കണ്ടു അവരെ നോക്കിയതാണെന്നും, തനിക്കൊരു കൊച്ചുമോൾ ഉണ്ടെന്നും പറഞ്ഞു അയാൾ പോയി.
പിന്നീടയാളെ കണ്ടത് അന്നാണ്, സേതു കൊല്ലപ്പെട്ട രാത്രി.
 സേതുവിനെ പ്രേമിച്ചു കെട്ടുമ്പോൾ വീട്ടുകാരെ എതിർക്കേണ്ടി വന്നു, അവർ അന്ന് പടിയടച്ചു പിണ്ഡം വെക്കുകയും ചെയ്തു. പിന്നീടാരും ഇല്ലായിരുന്നു സഹായത്തിന്, സേതുവിന്റെ വീട്ടുകാർ എന്നു പറയാൻ ആരുമില്ലായിരുന്നു. അമ്മ മരിച്ചു അച്ഛൻ ഏതോ സ്ത്രീയുടെ കൂടെ.... സേതുവിന്റെ പ്രണയത്തിൽ മുങ്ങി കുളിച്ചപ്പോൾ അതൊന്നും ഒരു പ്രേശ്നമല്ലായിരുന്നു. സേതുവിന്റെ എഴുത്തുകളിൽ അത്രയേറെ ആകൃഷ്ടയായിരുന്നു താൻ. എന്നാൽ ജീവിതം ആരംഭിച്ചപ്പോൾ സേതുവിന്റെ മറ്റൊരു മുഖമാണ് കാണാനായത്. എന്നും കുടിച്ചു വന്നു തന്റെ കാമാസക്തി പൂർത്തീകരിക്കാനും ഭക്ഷണം പാകം ചെയ്യാനും ഒരാൾ അത്രയ്ക്കും സ്ഥാനമേ അയാൾ നൽകിയുള്ളു. എഴുതും മുൻപ് അയാൾക്ക് ലൈംഗിക സുഖം ലഭിക്കണം, അതും അതി ക്രൂരമായി, അതിന് വേണ്ടിയാണ് അയാൾ വിവാഹം ചെയ്തതെന്നു തോന്നി. താൻ തിരഞ്ഞെടുത്ത വഴി ആയതിനാലും പരാതി പറയാൻ ആരും ഇല്ലാതിരുന്നതിനാലും ഒന്നും മിണ്ടാതെ എല്ലാം അനുഭവിച്ചു. അതിനിടയിൽ ഗർഭിണിയായി, ഈശ്വരൻ ശിക്ഷയെന്നോണം രണ്ട് പെണ്കുട്ടികളെയും നൽകി. വളരെ കഷ്ടപ്പെടേണ്ടി വന്നു കുട്ടികളെ വലുതാക്കിയെടുക്കാൻ, അയാൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. കുട്ടികളുടെ മുൻപിൽ വെച്ചും അയാൾ തന്നെ അതി ക്രൂരമായി മർദിച്ചു, തടയാൻ വന്നാൽ കുട്ടികളെയും, അവർ അച്ഛനെ ഭയന്നു.
സേതു എഴുത്തിന്റെ ലോകത്ത് അപ്പോഴേയ്ക്കും പേരെടുത്തിരുന്നു. നിരവധി അവാർഡുകൾ അയാളെ തേടിയെത്തി. പലപ്പോഴും യാത്രകളിലായിരിക്കും അയാൾ, കൈയിൽ തന്നു പോകുന്ന തുച്ഛമായ പണം, ജീവിതം മടുത്തെങ്കിലും കുട്ടികളെ കാണുമ്പോൾ മരണത്തെ മറന്നു.
അയാൾ പോയാൽ അയാളുടെ എഴുത്തിൽ ആരാധന മൂത്ത് ആരാധകർ അയക്കുന്ന കത്തുകൾ ഒന്നും പൊട്ടിക്കാതെ എടുത്തു വെക്കണം, കൂടുതലും സ്ത്രീകൾ ആണ് എഴുതുന്നത്. അയാളറിയാതെ ചില കത്തുകൾ വായിച്ചതിൽ നിന്നും പല സ്ത്രീകളും ആയയാൾക്ക് ബന്ധം ഉണ്ടെന്നു മനസ്സിലായി. എങ്കിലും ഒന്നും ചോദിച്ചില്ല, സഹിച്ചു.
എന്നാൽ അന്നത്തെ ദിവസം, കുട്ടികളെ സ്‌കൂളിൽ നിന്നും വിളിച്ചു കൊണ്ടു വന്നപ്പോൾ കണ്ട കാഴ്ച്ച, അത് തന്റെ ഹൃദയം മുറിഞ്ഞു പൊട്ടിച്ചിതറിയ അവസ്ഥയായിരുന്നു. വാതിൽ അടച്ചിട്ടത് കണ്ട് അടുക്കള വാതിൽ തുറന്നാണ് കയറിയത്, അതായാൾ അടയ്ക്കാൻ മറന്നിരുന്നു, അല്ലങ്കിലും ആ ഭാഗത്തേക്ക് കയറാറില്ലാലോ. ഞാൻ കുട്ടികളെ ഹാളിൽ ഇരുത്തി ബെഡ് റൂം തുറന്നു, അവിടെ ബെഡിൽ അയാളോടൊപ്പം ഒരു പെണ്കുട്ടി. അപ്രതീക്ഷിതമായി കതക് തുറന്നത് കൊണ്ട് അവൾ പേടിച്ചു ചാടിയെഴുന്നേറ്റു വസ്ത്രം തിരഞ്ഞു. എന്നാൽ സേതുവിന് ഒരു കൂസലും ഇല്ലായിരുന്നു. ആ കുട്ടി വേഗം വസ്ത്രം ധരിച്ചു ബാഗുമായി തല താഴ്ത്തിപ്പിടിച്ചുകൊണ്ടു ഇറങ്ങിപ്പോയി.
കോളേജിൽ പഠിക്കുന്ന അധിക പ്രായമില്ലാത്ത കുട്ടിയാണെന്നു കാഴ്ചയിൽ തോന്നിച്ചു.
സേതു, എന്താണിത്... ? എനിക്കിത് അംഗീകരിക്കാൻ സാധിക്കില്ല എന്നു പറഞ്ഞതെ ഓർമ്മയുള്ളൂ, അയാൾ മുഖത്താഞ്ഞടിച്ചു, കട്ടിലിൽ പിടിച്ചെങ്കിലും താഴെ വീണു.
"ഇതൊക്കെ സാഹിക്കാമെങ്കിൽ നിൽക്ക്, അല്ലെങ്കിൽ ഇറങ്ങി പോ" എന്നും പറഞ്ഞു സേതു പോയി.
അന്ന് മക്കളെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു, മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. കുട്ടികളെ ഉറക്കി കിടത്തി സേതുവിനായ് കാത്തിരുന്നു.
സേതു വരുമ്പോൾ വൈകിയിരുന്നു, കുട്ടികളെ നേരത്തെ കിടത്തിയുറക്കി, അവർ ഹാളിൽ ആണ് കിടത്തം. സേതു വിളിച്ചാൽ അയാളോടൊപ്പം കിടപ്പറയിൽ അല്ലങ്കിൽ ഹാളിൽ അതാണ് തന്റെ സ്ഥിതി. അയാൾ ഒന്നും കഴിക്കാതെ നേരെ പോയി കിടന്നു, മൂക്കറ്റം കുടിച്ച് ആടിയാടിയാണ് വന്നത്. സേതു ഗാഢനിദ്രയിൽ ആകാനായിരുന്നു താനും കാത്തിരുന്നത്.
സേതു ഉറക്കമായെന്നു ഉറപ്പായപ്പോൾ ശബ്ദമുണ്ടാക്കാതെ സൂക്ഷിച്ചു വെച്ച കത്തിയുമായി അയാളുടെ അടുത്തേക്ക് ചെന്നു. തലയിണയെടുത്തു മുഖത്തമർത്തി വെയ്ക്കലും നെഞ്ചിൽ തുടിക്കുന്ന ആ വൃത്തികെട്ട ഹൃദയം നോക്കി ആഞ്ഞു കുത്തി, ചോര ചുമരിലേക്ക് ചീറ്റി, ഭയക്കാതെ വീണ്ടും നാല് തവണ കത്തി ആ ഹൃദയത്തിൽ കയറിയിറങ്ങി. മദ്യലഹരിയിൽ ഉറങ്ങിയതിനാൽ സേതുവിന് അനങ്ങാനായില്ല. ആ നാഡിയിടിപ്പ് നിശ്ചലമായെന്നു ഉറപ്പായപ്പോൾ തലയിണ യഥാസ്ഥാനത്തു വെച്ച് ഹാളിലേക്ക് നടന്നു. കണ്ണു ഇറുക്കി പിടിച്ചു കൈ ഉയർത്തി മകളുടെ കഴുത്തിലേക്ക് കത്തി ചലിച്ചതും കൈ ആരോ പിടിച്ചു വെച്ചതുപോലെ നിന്നു. കണ്ണു തുറന്നു നോക്കിയപ്പോൾ തന്റെ കൈ ഒരാൾ മുറുകെ പിടിച്ചിരിക്കുന്നു, അലറിക്കരയാൻ വാ തുറന്നതും അയാൾ വാ പൊത്തി മിണ്ടരുതെന്നു പറഞ്ഞു. അന്നേരമാണ് ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയത്, അന്ന് പഴയ വസ്ത്രം ചോദിച്ചു വന്ന വൃദ്ധൻ. തന്റെ മുഖത്തെ ആശ്ചര്യത്തെ കണക്കിലെടുക്കാതെ അയാൾ കൈയിലുള്ള തോർത്ത് തന്ന് കൈ എല്ലാം തുടച്ചു കത്തി അതിൽ വെക്കാൻ നിർദ്ദേശിച്ചു, ഒന്നും മിണ്ടാതെ അനുസരിച്ചു. ശേഷം കിടന്നുറങ്ങുന്ന ഒരു മോളെ അയാൾ തോളിലെടുത്തിട്ടു അടുത്ത ആളെ എടുക്കാൻ അയാൾ ആംഗ്യം കാട്ടി. പിന്നീട് അയാളുടെ പുറകേ നടന്നു. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച തനിക്ക് അയാൾ പറയുന്നത് അനുസരിക്കാനേ തോന്നിയുള്ളൂ.
ഇരുട്ടിൽ അന്യനായ ഒരാളോടൊപ്പം നടക്കുമ്പോൾ ഭയം തോന്നിയില്ല. ഇരുട്ടിന്റെ മറ പിടിച്ച് അവർ വേഗം നടന്നു.
******
ട്രെയിനിൽ ബോലാ റാമിനൊത്ത് യാത്ര ചെയ്യുമ്പോൾ ഇത്രനാളും അനുഭവിക്കാത്ത സുരക്ഷിതാവസ്ഥ തനിക്കനുഭവപ്പെട്ടു. ബോലാ റാം ശേഖരിച്ച വസ്ത്രങ്ങളിൽ നിന്നും ഒരു സാരി തനിക്കുടുക്കാൻ നൽകി. കുട്ടികളിൽ ഒരാളെ ആണ്കുട്ടിയെപ്പോലെ വേഷം ധരിപ്പിച്ചു. തന്റെ സാരി കത്തിച്ചു കളയാനും ട്രെയിൻ യാത്രക്കിടയിൽ കത്തി പുഴയുടെ ആഴത്തിലേക്കെറിയാനും അയാൾ മറന്നില്ല.
 അച്ഛനെന്ന ഭയത്തിൽ നിന്നും ഓടിയൊളിക്കുമ്പോൾ എന്തെല്ലാം കളവുകൾ പറയണമോ അതെല്ലാം കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. ബോലാ റാം ആയി കുട്ടികൾ പെട്ടെന്നിണങ്ങി, ഇതുവരെ കിട്ടാത്ത മുത്തശ്ശന്റെ സ്നേഹം അവർക്ക് അയാളിൽ കാണാനായി.
താൻ കൊന്നില്ലെങ്കിൽ ബോലാ റാമിന്റെ കൈകളിൽ തീർന്നേനെ സേതുവിന്റെ ജീവിതം, സേതുവിനെ കുത്തുമ്പോൾ എല്ലാം കണ്ടുകൊണ്ടു ബോലാ റാം വാതിലിനു പുറകിൽ ഉണ്ടായിരുന്നു എന്നത് അയാൾ പറഞ്ഞപ്പോഴാണ് അറിയുന്നത്. താൻ കുട്ടികളെ കൊല്ലും എന്നു തോന്നിയത് കൊണ്ടു മാത്രം അയാൾ പുറത്തേക്ക് വന്നു, അതുകൊണ്ട് മൂന്ന് ജീവൻ രക്ഷപ്പെട്ടു.
ബോലാ റാം സേതുവിനെ കൊല്ലാനായി ഒരു വർഷമായി ബോംബെയിൽ നിന്നും വന്ന്‌ കാത്തിരിക്കുന്നു എന്നറിവ് എല്ലാമറിയുന്നതിന് മുൻപ് അതിശയമാണ് തോന്നിച്ചത്. ബോലാ റാമിനും ഭാര്യ ജീജാ ഭായ്ക്കും
 ആകെ ഉണ്ടായിരുന്ന ഒരു മകളും ഭർത്താവും ആക്സിഡന്റിൽ മരിച്ചപ്പോൾ ശേഷിച്ചത് കൊച്ചുമകൾ സാധിക മാത്രമായിരുന്നു. പട്ടണത്തിൽ നിന്നും കൊച്ചുമകളെയും കൂട്ടി അവർ ഗ്രാമത്തിലേക്ക് വന്നു, പിന്നീടാ കുഞ്ഞായിരുന്നു അവരുടെ ലോകം. നല്ല മാർക്കോടെ വിജയിച്ച അവൾ ഉന്നത വിദ്യാഭ്യാസത്തിനായി പട്ടണത്തിൽ ചേർന്നു ഹോസ്റ്റലിൽ താമസമാക്കി. ഇടയ്ക്കവധി കിട്ടുമ്പോൾ വീട്ടിൽ വരും. ആയിടെ സേതു കഥ എഴുതാൻ അവരുടെ വീടിന്റെ അടുത്ത് താമസമാക്കി. ഒരവധിയ്ക്ക് നാട്ടിൽ വന്ന സാധിക അടുത്ത ദിവസം സേതു താമസിച്ച വീട്ടിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്, പിച്ചിച്ചീന്തിയ ശരീരം ഉപേക്ഷിച്ചു സേതു രക്ഷപ്പെട്ടു. പോലീസ്കാർ കഷ്ടപ്പെടാൻ മടിച്ച് കേസ് അന്വേഷിച്ചില്ല. പോലീസ് സ്റ്റേഷൻ ഉണ്ടെന്നല്ലാതെ ഗ്രാമവാസികൾക്ക് ഒരുപകാരവും ഉണ്ടായിരുന്നില്ല.
 ബോലാ റാമിന് പക്ഷേ സേതുവിനെ വെറുതെ വിടാനായില്ല. ഒരു വർഷം അയാൾ കേരളത്തിൽ അലഞ്ഞെങ്കിലും അവസാനം വീട് കണ്ടുപിടിച്ചു. വീടും ചുറ്റുപാടും നോക്കാനായിരുന്നു അന്ന് പഴയ വസ്ത്രം അന്വേഷിച്ചു അയാൾ വീട്ടിൽ വന്നത്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ തെറ്റ് ചെയ്തെന്നുള്ള കുറ്റബോധം മായ്ഞ്ഞുപോയതായി സീതയ്ക്ക് തോന്നി.
******
"ബേട്ടീ ആവോ... ഖാനാ ഖാവോ... ബച്ചിയാം കിതനെ ദേർ സെ ദേക് രഹീ ഹേ..."
ചിന്തയിൽ നിന്നുണർന്ന സീത എഴുന്നേറ്റു.
"മോളെ വാ, ഒന്നും ഓർത്ത് പേടി വേണ്ട, മോൾക്ക് ഇഷ്ടമാണെങ്കിൽ എന്തെങ്കിലും ജോലി നോക്കാം. കുട്ടികളെ സ്‌കൂളിൽ ആക്കാം. ഇവിടെ ആരും അന്വേഷിച്ചു വരില്ല....വന്നാലും ഞങ്ങളുണ്ട്"
ബോലാ റാമിനെ നോക്കി സീത പറഞ്ഞു,
"ഹാം ബാപ്പു..."
ഇനിയെന്ത് സംഭവിച്ചാലും തന്റെ കുട്ടികൾ അനാഥരാകില്ലെന്ന ആശ്വാസം ആ മുഖത്തുണ്ടായിരുന്നു.
ബോലാ റാം സീതയെ ചേർത്തുപിടിച്ച് വാത്സല്യത്തോടെ തലയിൽ ചുംബിച്ചു, തന്റെ മകളെ തിരിച്ചു ലഭിച്ച സന്തോഷം ആ കണ്ണുകളിലൂടെ ഒഴുകി.
അപ്പോഴും കേരള പൊലീസ് സേതുനാഥ്ന്റെ കൊലപാതകിയ്ക്കെതിരെ തെളിവുകൾ അന്വേഷിക്കുകയായിരുന്നു.
***രേഷ്മ***

ചിലന്തിവലകൾ

ചിലന്തിവലകൾ
======+++======
പുലർച്ചെ രണ്ടുമണിയ്ക്ക് ഗെയ്റ്റിന് പുറത്ത് കാത്തുനിൽക്കുമെന്നാണ് സമീർ പറഞ്ഞിരിക്കുന്നത്, സമയം പതിനൊന്നു മണി ആയതേയുള്ളൂ.....
ശ്രുതിയ്ക്ക് ക്ളോക്കിലെ സൂചി ഒന്നുവേഗം കറക്കണമെന്ന് തോന്നി. അച്ഛനും അമ്മയുമെല്ലാം നല്ല ഉറക്കത്തിലായിട്ടുണ്ടാകും, ഒൻപതരയ്ക്ക് ലൈറ്റെല്ലാം അണച്ച് കിടക്കുന്നതാണ് വീട്ടിലെ പതിവ്. വെക്കേഷൻ ആയതിനാൽ ഏട്ടത്തിയമ്മ കുട്ടികളേയും കൂടി വീട്ടിലേക്ക് പോയി, ഇനി അടുത്ത മാസം ഏട്ടൻ ഗൾഫിൽ നിന്നും അവധിയ്ക്ക് വരുമ്പോൾ വരാമെന്നും പറഞ്ഞാണ് പോയത്, അതുകൊണ്ട് സമീറിനൊപ്പം പോകാൻ എളുപ്പമായി.
സമീർ...അവനെ വേണ്ടെന്നു വെയ്ക്കാൻ സാധിക്കുന്നില്ല, അവനെയൊന്നു സ്നേഹിക്കാൻ വേണ്ടി എന്റെ പുറകെയവൻ ഭ്രാന്തനെപ്പോലെയാണ് നടന്നത്. അന്ന് ഫാസിൽ എന്റെ കൈയിൽ കയറിപിടിച്ചപ്പോൾ എനിയ്ക്ക് വേണ്ടിയാണ് സമീർ അവരുമായ് വഴക്കിട്ടത്, അത് അടിപിടിയിൽ കലാശിക്കുകയും സമീറിന്റെ കൈ ഒടിയുകയും ചെയ്തു. ഒടിഞ്ഞ കൈയും പ്ലാസ്റ്ററിട്ടു വന്ന സമീറിനോട് നന്ദി പറയാതിരിക്കാൻ തോന്നിയില്ല, പിന്നീട് പതിയെ ഞാനും സമീറിനെ പ്രണയിച്ചു. എന്നെ ഇത്രത്തോളം സ്നേഹിക്കുന്ന സമീറിന്റെ പ്രണയം ഞാനെങ്ങനെ നിരസിക്കും. ഇപ്പോൾ സമീറെനിക്ക് എല്ലാമാണ്. വ്യത്യസ്ത മതവിഭാഗത്തിൽപെട്ടവരായതിനാൽ വീട്ടുകാർ വിവാഹത്തിന് അനുവദിക്കാത്തതുകൊണ്ട് ഒളിച്ചോടാമെന്ന് അവനെടുത്ത തീരുമാനമായിരുന്നു. സമീറിനെ പിരിയാൻ സാധ്യമല്ലാത്തതിനാൽ ഞാനും പോകാൻ തയ്യാറായി.
ചെന്നൈയിൽ അവന്റെ സുഹൃത്തുക്കളുണ്ട് അങ്ങോട്ടാണ് യാത്ര. മൊബൈൽ വൈബ്രെറ്റ് ചെയ്യുന്നത് കേട്ട് ചിന്തയിൽ നിന്നുമുണർന്ന് നോക്കിയപ്പോഴാണ് സമീർന്റെ കോൾ, സമയം രണ്ടാകുന്നു ഞാൻ വേഗം മൊബൈൽ ഓഫാക്കി, ആദ്യമേ പാക്ക് ചെയ്ത ബാഗുമായ് പതുക്കെ വീടിന് വെളിയിലിറങ്ങി. സമീറും രണ്ടു കൂട്ടുകാരും പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു. അവരോടൊപ്പം കുറച്ചു ദൂരെയായി നിർത്തിയിട്ട കാറിലേക്ക് കയറി. വണ്ടി മുന്പോട്ടെടുത്തപ്പോൾ ശ്രുതിയൊന്നു തിരിഞ്ഞുനോക്കി. മനസ്സിൽ എല്ലാവരോടും മാപ്പു പറഞ്ഞു. ശ്രുതിയുടെ കണ്ണു നിറഞ്ഞതു കണ്ട് സമീർ അവളെ ചേർത്തിരുത്തി,
"വിഷമിക്കേണ്ട ഞാനുണ്ടല്ലോ മോളെ നിനക്ക്."
അവൾ അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി കരഞ്ഞു.
ഉല്ലാസയാത്ര കണക്കെയാണവർ യാത്ര തിരിച്ചത്, യാത്രയിൽ സമീറിന്റെ സ്നേഹവും കെയറും ശ്രുതി അനുഭവിച്ചറിഞ്ഞു. രണ്ടു ദിവസത്തിനു ശേഷമവർ ചെന്നൈയിൽ എത്തി. മുന്തിയ ഒരു ഹോട്ടലിൽ ആയിരുന്നു റൂമെടുത്തത്, എന്നെയും സമീറിനെയും നാളെ രാവിലെ കാണാമെന്നും പറഞ്ഞു സുഹൃത്തുക്കൾ യാത്രയായ്. കുളിച്ചു ഫ്രഷായപ്പോഴേക്കും ഫുഡ് എത്തിയിരുന്നു, ഞാനും സമീറും പൊറോട്ടയും ചിക്കനും ആസ്വദിച്ചു കഴിച്ചു, ഇടയ്ക്ക് സമീർ പറയുന്ന തമാശ കേട്ട് ഞാൻ പൊട്ടിചിരിച്ചു. ഭക്ഷണം കഴിഞ് ഞങ്ങൾ ടി.വി ഓൺ ചെയ്ത് പാട്ടും ആസ്വദിച്ചു ഉറങ്ങാൻ തയ്യാറെടുത്തു. ഞാൻ സമീറിന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു, സമീർ എന്നെ മാറ്റി നിർത്തി.
"മോളൂ, നാളെ വിവാഹം കഴിഞ്ഞു മതിയെല്ലാം രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ചു റെഡിയാകണം. നമ്മുക്ക് ഏഴ് മണിയ്ക്ക് മുന്പിറങ്ങണം, ഫ്രെണ്ട്സ് എല്ലാം നേരെ രജിസ്ട്രാഫീസിലെത്തും നേരത്തെ ഇറങ്ങിയാലേ അവിടെയെത്തുകയുള്ളൂ. അതുകൊണ്ട് നല്ല കുട്ടിയായ് എന്റെ ശ്രുതിമോൾ ഉറങ്ങു. പിന്നെ, നീ കൊണ്ടുവന്ന ഗോൾഡും കേഷും എന്റെ ബാഗിൽ വെക്കാം, അതാണ് സേഫ്, എന്റെ സുഹൃത്ത് ഒരു വീട് കണ്ടുവെച്ചിട്ടുണ്ട്, കുറച്ചു പണം ആവശ്യം വരും"
ചിണുങ്ങിക്കൊണ്ട് ഞാൻ കിടന്നു. സമീറിനെ കുറിച്ചോർത്തപ്പോൾ എനിക്കഭിമാനം തോന്നി. സമീറിന്റെ സ്നേഹത്തിൽ വീടും വീട്ടുകാരുമെല്ലാം വിസ്‌മൃതിയിലാഴ്ന്നു.
അടുത്ത ദിവസം പുലർച്ചെ എഴുന്നേറ്റ് കുളിച്ച് കൊണ്ടുവന്ന സാരിയെല്ലാമുടുത്ത് ഞാനൊരുങ്ങി നിന്നു. സമീറും വേഗം റെഡിയായി വന്നു.
"നീയിപ്പോൾ ഒരു ദേവതയെപ്പോലുണ്ട് കാണാൻ, ഈ കണ്ണുകളും ചുണ്ടുകളും എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു."
സമീർ ശ്രുതിയുടെ കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു. ശ്രുതിയുടെ മുഖം നാണത്താൽ ചുമന്നു അവൾ സമീറിലേക്ക് സ്വയം അലിയാൻ തുനിഞ്ഞതും സമീർ തടഞ്ഞു.
"ശ്രുതി, സമയം വൈകി വേഗം ഇറങ്ങാം ബാക്കിയെല്ലാം പിന്നീട്."
ശ്രുതി സമീറിന്റെ കവിളിലൊരുമ്മ നൽകി, സമീർ ശ്രുതിയെയും കൈപിടിച്ചു വേഗം പുറത്തിറങ്ങി ഒരു ടാക്സി വിളിച്ചു. ടാക്സിയിൽ അവർ പോയിറങ്ങിയത് ജനങ്ങൾ തിങ്ങിപാർക്കുന്ന വൃത്തിഹീനമായ ഒരിടത്തായിരുന്നു. ടാക്സിയിൽ നിന്നുമിറങ്ങുമ്പോൾ വഴിവക്കിൽ സ്ത്രീകൾ വെള്ളത്തിനായ് തല്ലുകൂടുന്നതവൾ കണ്ടു. രാവിലെ തന്നെ കുടിച്ചുന്മത്തരായി റോഡരികിലൂടെ നടക്കുന്നവരെക്കണ്ടു ശ്രുതി ഭയന്ന് സമീറിന്റെ കൈകളിൽ മുറുകെപ്പിടിച്ചു. അവർ റോഡിൽ നിന്നും ചെറിയൊരു വഴിയിലേക്ക് കയറി, ശ്രുതി ഭയത്തോടെ എവിടേയ്ക്കാണെന്ന് സമീറിനോട് ചോദിച്ചു. അവിടൊരു വീട്ടിൽ നിന്നും സുഹൃത്തുക്കളെയും വിളിച്ചു വേണം പോകാനെന്നും അവർക്കേ രജിസ്ട്രാഫീസ് അറിയുവെന്നും സമീർ പറഞ്ഞു.
കുറച്ചു നടന്നപ്പോൾ ഒരു പഴയ വലിയ കെട്ടിടത്തിലേക്ക് അവർ കയറി. പഴയ കെട്ടിടമെങ്കിലും അകമെല്ലാം ഭംഗിയായി ഒരുക്കി വെച്ചിരിക്കുന്നു, മുറിയാകെ നല്ല സുഗന്ധം പരക്കുന്നുണ്ട്. അകത്തുനിന്നും ഒരു തടിച്ച സ്ത്രീ ഇറങ്ങി വന്നു, അവരുടെ പുറകിൽ ഒരു കപ്പടാ മീശക്കാരനുമുണ്ടായിരുന്നു. ഞാൻ സമീറിന്റെ കൈയിൽ മുറുകെപ്പിടിച്ചു. എന്തോ ഒരു ഭയം എന്നെ വലയം ചെയ്തു തുടങ്ങിയിരുന്നു. എന്നെ ആ തടിച്ച സ്ത്രീ കൈയിൽ പിടിച്ചു അകത്തേയ്ക്ക് ക്ഷണിച്ചു, സമീർ കൂടെ പോകാൻ കണ്ണുകൊണ്ട് കാണിച്ചു. അവരെന്നെ ഒരു മുറിയിലിരുത്തി, നല്ല ഭംഗിയുള്ള മുറി, കട്ടിലും സോഫയും ടി.വിയുമെല്ലാമുണ്ട് ആ മുറിയിൽ. ഞാൻ ജനാലയ്ക്കരികിലേയ്ക്ക് ചെന്നു, ജനാലകൾക്കിടയിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ സമീറിനെ ആ മീശക്കാരൻ മാറ്റിനിർത്തി സംസാരിക്കുന്നതു കണ്ടു. ഞാൻ ചെവിയോർത്തു,
"ഇത് ഒരു ലക്ഷമുണ്ട്, പിന്നെ നീ പുതിയ മൊബൈൽ വേണമെന്ന് പറഞ്ഞത് ഫാസിലിന്റെ കൈയിൽ കൊടുത്തിട്ടുണ്ട്. പുതിയൊരു ചരക്ക് വന്നിട്ടുണ്ടെന്ന് അവൻ പറഞ്ഞു, ഫുൾ ഡീറ്റെയിൽസ് എടുത്തിട്ട് അവൻ നിനക്ക് സെൻഡ് ചെയ്യും. അതിനെ വളച്ചെടുത്തോളണം എങ്ങിനെയെങ്കിലും, ഇതിലും നല്ല മുതലാണെങ്കിൽ ഞാൻ നിനക്ക് പണവും കൂടുതൽ വാങ്ങിച്ചു തരാം."
സമീർ എല്ലാം കേട്ട് തലകുലുക്കി പണം വാങ്ങി പോക്കറ്റിലിട്ടു. ശ്രുതിയ്ക്ക് ഉറക്കെ അലറിവിളിക്കാൻ തോന്നിയെങ്കിലും അവൾ ശബ്ദമടക്കി, കെണിവെച്ചു വീഴ്ത്തിയ ഒരു പെണ്ണുടലായിരുന്നു താനെന്ന സത്യം അവളുടെ സപ്തനാഡികളെയും തളർത്തി. തന്നെ ഇത്രമേൽ പ്രണയിച്ച സമീർ വെറുമൊരു പെൺ വേട്ടക്കാരനാണെന്ന സത്യം അവൾക്ക് വിശ്വസിക്കാനായില്ല. എങ്ങിനെയെങ്കിലും രക്ഷപ്പെട്ട് അമ്മയുടെ അടുത്തെത്താൻ അവളുടെ ഹൃദയം വെമ്പി. ശബ്ദമുണ്ടാക്കാതെ അവൾ മുറിയ്ക്ക് പുറത്തിറങ്ങി. ചുറ്റുപ്പാടും നോക്കി, അവൾ പതുക്കെ വീടിനു പുറത്തിറങ്ങാനുള്ള വഴി തിരഞ്ഞു. അടുക്കളയിലേക്ക് കയറും മുൻപ് പുറത്തേക്കായൊരു വാതിൽ കണ്ടവൾ പതിയെ ആരുടേയും കണ്ണിൽപ്പെടാതെ പുറത്തിറങ്ങി. ഇടവഴിയിലേക്കിറങ്ങിയ അവൾ ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തിയ ശേഷം വേഗത്തിൽ നടന്നു, റോഡിലേക്കെത്തിയതും അവൾ ഓടാൻ തുടങ്ങി. രക്ഷയ്ക്കായി അവൾ വാഹനങ്ങൾ തേടുമ്പോഴാണ് ഒരു പോലീസ് ജീപ്പ് വരുന്നത് കണ്ടത്. അവൾ റോഡിലേക്ക് കയറി നിന്ന് ജീപ്പിനു മുൻപിൽ കൈവീശി. ജീപ്പ് നിർത്തിയതും അവളതിലേക്ക് ചാടിക്കയറി.
"സാർ എന്നെ രക്ഷിക്കൂ....അവരെന്നെ പിടിക്കും....പ്ലീസ് സാർ."
പോലീസുകാരൻ ശ്രുതിയെ അടിമുടിയൊന്നു നോക്കി, ഒന്നമർത്തി മൂളിയ ശേഷം വണ്ടി മുന്പോട്ടെടുത്തു. യാത്രയിൽ അവൾ കാര്യങ്ങൾ വിശദമായി അയാളെ അറിയിച്ചു. എല്ലാം അയാൾ മൂളികേട്ടു. ജീപ്പ് ചുറ്റും കാടുപോലെ പടർന്നു കിടക്കുന്ന ഒരു കൊച്ചു വീടിനു മുൻപിൽ നിന്നു, ശ്രുതി ഭയത്തോടെ പുറത്തേയ്ക്ക് നോക്കി,
"നീ കവലപ്പെടാതമ്മ എനക്ക് കൊഞ്ചം മലയാളം തെരിയും. ഇങ്കെ വെളിയിൽ നിക്കവേണ്ടാ അവുങ്ക ആളുകൾ യാറാവത് പാർത്താൽ പ്രച്ചനമായിടും... ഉളൈ വാങ്കോ, ഇത് എനുടൈ വീട് താൻ, ഉളൈ പോയി പേസലാം...സ്റ്റേഷനിക്ക് പോയാൽ അവരുടെ ആളുകൾ പാത്തിടും, ഇങ്കെ സേഫ് താൻ "
ജീപ്പിൽ നിന്നും ശ്രുതി പുറത്തിറങ്ങി, ഒരു രക്ഷാധികാരിയുടെ കരവലയത്തിൽ സുരക്ഷിതയായെന്നുള്ള ചിന്തയിൽ അവൾ അയാളോടൊപ്പം വീടിനകത്തേയ്ക്ക് കയറി. അവളോട് ഇരിക്കാൻ പറഞ്ഞ ശേഷം അയാൾ വാതിലടച്ചു കുറ്റിയിട്ടു. അതു കണ്ടപ്പോൾ ഉള്ളിലെ ഭയം വീണ്ടും തലപൊക്കി. ശ്രുതി ചുറ്റുപ്പാടുമൊന്ന് നിരീക്ഷിച്ചു, ഒരു ഹാളും ബെഡ്‌റൂമും ഒരു കൊച്ചു അടുക്കളയും മാത്രമുള്ള വീട്.
"ഉങ്കൾക്ക് വേണോന്നാ ഉളൈ പോയി ഫ്രെഷായിട്ട് വാമ്മാ...ഉളൈ ബാത്ത്റൂമിരിക്ക്, എനുടൈ വൈഫ് സ്‌കൂൾ വാദ്ധ്യാർ താൻ, സായാഹ്നന്തനാമായിടും വീട്ടുക്ക് വരുമ്പോത്.... നീങ്കൈ ഫ്രഷ് ആയി വന്തതുക്കപ്പുറം ഉങ്ക ഊരു വീട്ടിൽ ഫോണിൽ പേസി എല്ലാത്തുക്കും മുടിവെടുക്കലാം, കവലപ്പെടാതെ"
ഒന്ന് ഫ്രഷ് ആകാമെന്ന് കരുതി ശ്രുതി കിടപ്പുമുറിയിലേക്ക് കയറിയപ്പോഴാണ് മുറിയ്ക്കൊന്നും വാതിൽ ഇല്ലെന്നും കർട്ടൻ ഇട്ട് മറയ്ക്കുക മാത്രമാണെന്നും മനസ്സിലായത്. മനസ്സില്ലാമനസ്സോടെ ശ്രുതി ബാത്റൂമിലേക്ക് പോയി.
ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ശ്രുതി കണ്ടത് മേശമേൽ നിരത്തി വെച്ച മദ്യകുപ്പിയും ഗ്ളാസ്സും ഒരു ചെറിയ പാത്രത്തിൽ അച്ചാറുമാണ്. അയാൾ ജനാലയ്ക്കരികിൽ നിന്നും ആരോടോ മൊബൈലിൽ സംസാരിക്കുകയാണ്, വസ്ത്രമെല്ലാം മാറ്റിയിട്ടുണ്ട്. ശ്രുതി അയാൾ സംസാരിക്കുന്നത് ചെവിയോർത്തു.
"സെൽവ, ഇത് റൊമ്പ റിസ്ക്.... അന്ത പൊണ്ണ് എന്നുടെ ജീപ്പ് മുന്നാടി വന്താച്ചു, വേറെ ആരുടെ കൈയിൽ മാട്ടികിട്ടാ റൊമ്പ പ്രസനമായിടും, ജാഗ്രതൈ. നീ സായന്തനം വന്ന് അവളെ കൊണ്ടുപോയിട്, ഇപ്പോ അവളെ നാൻ ....... " അയാൾ പൊട്ടിച്ചിരിച്ചു.
ചെന്നായകൂട്ടിൽ നിന്നും പുലിക്കൂട്ടിൽ വന്ന അവസ്ഥയായി ശ്രുതിയ്ക്ക്. പോലീസുകാരൻ സമീറിന്റെ ആൾക്കാർ ആണെന്നുള്ള അറിവ് ശ്രുതിയിൽ തീക്കനലിൽ വീണ അവസ്ഥയുണ്ടാക്കി. അവൾ രക്ഷപ്പെടാനായുള്ള പഴുത് തേടാൻ തുനിഞ്ഞപ്പോഴേക്കും അയാൾ തിരിഞ്ഞു നോക്കി. താൻ പറഞ്ഞതവൾ കേട്ടെന്നു മനസ്സിലാക്കിയ അയാൾ ഫോണ് താഴെവെച്ച് ഓടിവന്നു ശ്രുതിയെ കടന്നുപിടിച്ചു.
"നീ എൻകെയെടി പോകുന്നേ... ഇന്ന് നീയാണെന്റെ രാസാത്തി, ഫസ്റ്റ് ടൈം താൻ ഒരു പൊണ്ണേ ഫസ്റ്റ് ചാൻസ് കിട്ടുന്നത്. എപ്പൊതുമേ എനക് ലാസ്റ്റ് താൻ...."
ശ്രുതിയുടെ കണ്ണീരും അപേക്ഷയും അയാൾ ചെവിക്കൊണ്ടില്ല. വരുന്ന വഴിയിൽ വീടുകൾ ഒന്നും കാണാത്തതിനാലും ചുറ്റും കാടുപോലുള്ള സ്ഥലമായതിനാലും തന്റെ ശബ്‌ദം കേട്ട് ആരും വരില്ലെന്ന് അവൾക്കുറപ്പായിരുന്നു, എങ്കിലും അവൾ സഹായത്തിനായി അലറി വിളിച്ചു. പുറത്ത് മഴ ശക്തിയായി പെയ്തുതുടങ്ങി, അയാൾ അവളെ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു. അവളുടെ പ്രത്യാക്രമങ്ങൾ അയാളുടെ ബലിഷ്ഠമായ ശരീരത്തിന് മുൻപിൽ തോൽവിയണഞ്ഞു.
മുറിയുടെ മൂലയിലൊരു ചിലന്തി വലയിൽകിടന്നു ചിത്രശലഭം ചിറകടിച്ചുയരാൻ ശ്രമിക്കുന്നുണ്ടായിരുന്നു, എന്നാൽ പാഞ്ഞടുത്ത ചിലന്തി ശലഭത്തിന്റെ ഓരോ ചിറകും കടിച്ചെടുത്തു.
ശ്രുതിയുടെ കണ്ണുകളിലൂടെ ഒഴുകുന്ന കണ്ണുനീരിൽ അമ്മയുടെയും അച്ഛന്റെയും മുഖം പ്രതിഫലിച്ചു, അവൾ ഉച്ചത്തിൽ അലറി അമ്മേ.........
ആ വിലാപത്തിന്റെ മാറ്റൊലികൾ മഴത്തുള്ളികളിൽ തട്ടി ദൂരങ്ങൾ താണ്ടി ട്രെയിനിലെ ജനൽകമ്പികൾക്കിടയിലൂടെ സമീറിന്റെ ചെവികളിൽ വന്നു പതിച്ചു.
 സമീർ അപ്പോൾ മൊബൈലിൽ വന്ന മെസ്സേജ് നോക്കുകയായിരുന്നു.
Your next target, Shikha .... Further details will be send. Save her photos sending with this messege
സമീർ ഫോട്ടോ ഡൗണ്ലോഡ് ആകാൻ കാത്തിരുന്നു....
Wow... Beautiful.....,
തന്റെ അടുത്ത കാമുകിയ്ക്കായ് സമീർ ചിലന്തിവലകൾ നെയ്തുതുടങ്ങി..
***രേഷ്മ***

പൂക്കാത്ത മുല്ലകൾ


പൂക്കാത്ത മുല്ലകൾ
*********************
അണിഞ്ഞൊരുങ്ങി വന്ന സാന്ദ്രയെ കണ്ട് അമ്മയുടെയും അച്ഛന്റെയും മനസ്സ് നിറഞ്ഞു.,
തങ്ങൾ ആഗ്രഹിച്ചത്പോലെ മകളുടെ വിവാഹം നടക്കുന്നതിൽ അവർ അതിയായി സന്തോഷിച്ചു. സാന്ദ്രയും ആരോടോ പ്രതികാരമെന്നത്പോലെ തകർത്തു അഭിനയിച്ചു. അരവിന്ദ് താലി കെട്ടുമ്പോൾ മാത്രം സാന്ദ്രയുടെ കണ്ണ് നിറഞ്ഞു, ആരുമറിയാതെ അവളത് തുടച്ചു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ ഹൃദയം പിടഞ്ഞു.
വിവാഹശേഷം അധികനാൾ കഴിയും മുൻപേ സാന്ദ്ര അരവിന്ദിനൊപ്പം കാനഡയിലേക്ക് പറന്നു.
ആദ്യമെല്ലാം സാന്ദ്ര അരവിന്ദിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രമിച്ചെങ്കിലും പതിയെ അരവിന്ദിനെ അവൾ സ്നേഹിച്ചു തുടങ്ങി. അരവിന്ദ് സാന്ദ്രയെ ജീവനേക്കാൾ ഉപരി സ്നേഹിക്കുന്നുവന്നത് സാന്ദ്ര അനുഭവിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു.
വർഷങ്ങൾ കടന്നുപോയി, മൂന്ന് വർഷങ്ങൾക്ക് ശേഷം സാന്ദ്രയും അരവിന്ദു ഒരു വയസ്സായ മകളുമായി നാട്ടിൽ അവധിയ്ക്ക് വന്നു. ഒറ്റ മകളായ സാന്ദ്രയെ പിരിഞ്ഞ വിഷമം അച്ഛനും അമ്മയ്ക്കും സഹിക്കാനായിരുന്നില്ലെങ്കിലും മകളും ഭർത്താവും തമ്മിലുള്ള സ്നേഹം കണ്ട് അവർ സന്തോഷിച്ചു.
അന്ന് അരവിന്ദിന്റെ സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹമായിരുന്നു, അരവിന്ദു സാന്ദ്രയും വിവാഹത്തിന് പോയി. അരവിന്ദ് സുഹൃത്തുക്കളോടൊപ്പം ചേർന്നു. സാന്ദ്ര മകളെയുമായി ഹാളിൽ നിരത്തിയിട്ട ഒരു കസേരയിൽ പോയിരുന്നു, കുഞ്ഞുറക്കമായിരുന്നതിനാൽ അവൾ കൈകൊണ്ട് പതുക്കെ കുഞ്ഞിന്റെ പുറത്ത് തട്ടികൊണ്ടിരുന്നു. 'മോളെ' എന്നുള്ള വിളികേട്ട് സാന്ദ്ര തിരിഞ്ഞുനോക്കി. 'അമ്മ.... ..' അറിയാതെ അവളുടെ ചുണ്ടുകൾ ചലിച്ചു.
സുധിയുടെ അമ്മ........., എങ്ങിനെ മറക്കും അവരെ. സുധിയുടെ അച്ഛൻ മരിച്ച ശേഷം അമ്മയ്ക്ക് ഞാനായിരുന്നു കൂട്ട്. എന്നും വിളിക്കും വിശേഷങ്ങൾ തിരക്കും, അമ്മയ്ക്ക് എന്നെക്കാൾ സാന്ദ്രയെ ആണിഷ്ട്ടമേന്നും പറഞ്ഞ് സുധി അമ്മയോടെപ്പോഴും വഴക്കിടും. ക്ലാസ്സ് കട്ട് ചെയ്ത് ഇടയ്ക്ക് അമ്മയുടെ അടുത്ത് പോകും, ഞാനും അമ്മയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ സുധി പറയും,
"അല്ല സാന്ദ്ര..... നീ എന്നെയാണോ എന്റെ അമ്മയെയാണോ പ്രണയിക്കുന്നത്....?"
ഞാനത് കേട്ട് പൊട്ടിച്ചിരിക്കും....
അത്രയേറെ സ്നേഹിച്ചിട്ടും പിരിയേണ്ടി വന്നപ്പോൾ സുധി എന്നെ തേടിവന്നില്ല. വീട്ടിൽ അച്ഛൻ എല്ലാം അറിഞ് വഴക്കായിരുന്നു, ഞാൻ പക്ഷേ സുധിയെ മറക്കില്ലെന്നു വാശിപിടിച്ചു. അന്നച്ഛൻ ആദ്യമായെന്നെ തല്ലി. പിന്നീട്‌ ഉണ്ടായതെല്ലാം ആ വാശിപ്പുറത്തായിരുന്നു. വാതിൽ പൂട്ടി കുറ്റിയിട്ടു, മേശയിൽ ഇരുന്ന മരുന്നുകളെല്ലാം കൂടെ കുത്തിപ്പൊടിച്ചു വെള്ളത്തിലിട്ട് അങ്ങു കുടിച്ചു. അച്ഛൻ വാതിൽ ചവിട്ടിതുറന്നു എന്നെയും വണ്ടിയിലിട്ട് ആശുപത്രിയിലേക്കോടി. കൃത്യസമയത്ത് എത്തിച്ചത് കൊണ്ടു ഞാനന്ന് രക്ഷപ്പെട്ടു. കേസ് ഒന്നും ഉണ്ടാകാതെ അച്ഛൻ നോക്കി. രണ്ടു ദിവസങ്ങൾക്കു ശേഷം തിരിച്ചു വീട്ടിലേക്ക് പോയി.
സുധിയെ മറക്കാൻ എനിക്കാവില്ലായിരുന്നു, രണ്ടുവർഷം ഞാൻ സുധിയ്ക്ക് വേണ്ടി കാത്തിരുന്നു. വന്ന ആലോചനകൾ എല്ലാം വേണ്ടെന്നു വെച്ചു. ഒരിക്കൽപ്പോലും സുധി എന്നെ അന്വേഷിച്ചു വരാതിരുന്നതിൽ എന്റെ ഹൃദയം മുറിയുന്നുണ്ടായിരുന്നു. ജോലിയൊന്നുമില്ലാത്ത അച്ചനില്ലാത്ത ഒരു കൊച്ചു വീട്ടിൽ താമസിക്കുന്ന സുധിയ്ക്ക് നല്ല സാമ്പത്തികവും ഉയർന്ന പദവിയിലിരിക്കുന്ന ബന്ധുക്കളും ഉള്ള സാന്ദ്ര എന്ന എന്നെ വിവാഹം ചെയ്തു കൊടുക്കുന്നത് അച്ഛനും കുടുംബത്തിനും നാണക്കേടായിരുന്നു.
വിവാഹം ക്ഷണിക്കാൻ വന്ന കൂട്ടുകാരി ശ്രീജയാണ് എന്നോട് പറഞ്ഞത് സുധിയുടെ വിവാഹം കഴിഞ്ഞു എന്ന്. അത് കേട്ടതും ഞാൻ മരവിച്ചുപോയി, എന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞില്ല. സുധിയോടെനിക്ക് വെറുപ്പായി. പിന്നീട് അച്ഛനെ ഞാൻ എതിർത്തില്ല, ഇഷ്ടത്തിന് നിന്നുകൊടുത്തു. അച്ഛൻ നല്ലൊരു പങ്കാളിയെ തന്നെ മകൾക്കായ്‌ കണ്ടെത്തുകയും ചെയ്തു.
ഇന്ന് ഇവിടെ വെച്ചു സുധിയുടെ അമ്മയെ കണ്ടത് അപ്രതീക്ഷിതമായിരുന്നു. എനിക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല.... അവർ എന്റെ കൈയിൽ കിടക്കുന്ന കുഞ്ഞിനെ പതുക്കെ തലോടി... .
"മോൾക്ക് സുഖമാണോ..? എന്നും മോളെ ഓർക്കാറുണ്ട്. നല്ലത് വരണമേ എന്നു പ്രാർത്ഥിക്കും."
എനിക്ക് അവരുടെ അടുത്ത് നിന്നും ഓടിപ്പോകാൻ തോന്നി. ഞാൻ വെറുതെ ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി. അവർ അത് മനസ്സിലാക്കിയത് പോലെ എന്നോട് പറഞ്ഞു,
"മോൾക്ക് എന്നോട് ദേഷ്യമാകും എന്നറിയാം. ഞാൻ ഒരു സഹായം ചോദിക്കാനാ മോളെ കണ്ടപ്പോൾ ഓടിവന്നത്. മോൾക്കെ സഹായിക്കാൻ സാധിക്കു"
ഞാൻ എന്താ എന്നുള്ള ആശ്ചര്യത്തോടെ അവരുടെ മുഖത്തേയ്ക്ക് നോക്കി.
"മോള് സുധിയെ ഒന്നുപദേശിക്കണം. അവൻ ഇങ്ങിനെ പോയാൽ നശിച്ചുപോകും. ഈ അമ്മയുടെ കാലം കഴിഞ്ഞാൽ അവൻ ഒറ്റപ്പെട്ടു പോകും. അവനൊരു കൂട്ട് വേണം. മോളവനോട് പറഞ്ഞാൽ അവൻ കേൾക്കും, എനിക്കുറപ്പുണ്ട്."
അവരെന്റെ കൈയിൽ മുറുകെപ്പിടിച്ചു. എന്റെ ഹൃദയം പൊട്ടിയൊലിച്ചു് ചുടുനിണം ശരീരത്തിലൂടെ ഒഴുകുന്നതായെനിക്കു തോന്നി. സുധിയ്ക്ക് കൂട്ട്.... അപ്പോൾ സുധി വിവാഹം കഴിച്ചില്ലേ.... ഞാൻ അറിഞ്ഞതൊന്നും സത്യമല്ലന്നോ, ഞാൻ ഇരുന്ന കസേരയിൽ മുറുകെപ്പിടിച്ചു.
"അമ്മ എന്താ പറഞ്ഞത്, സുധി വിവാഹം കഴിച്ചില്ലെന്നോ....?"
"ഇല്ല മോളെ, നീയല്ലാതെ അവൻ എങ്ങിനാ.....നിങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞശേഷം ഒരുദിവസം മോളുടെ അച്ഛൻ വീട്ടിൽ വന്നു. കുറേനേരം സംസാരിച്ചു, ജോലിയില്ലാത്ത സുധിയ്ക്ക് മോളെ തരില്ലെന്നു പറഞ്ഞു, ഇത്രയും ചെറിയൊരു വീട്ടിലേക്ക് പറഞ്ഞു വിടാനല്ല മകളെ വളർത്തിയതെന്നു പറഞ്ഞു. മകളെ വിട്ടു തരണമെന്ന് പറഞ്ഞുകൊണ്ട് മോളുടെ അച്ഛൻ എന്റെ കാല് പിടിക്കാൻ വന്നു. ഒരച്ഛന്റെ ദുഃഖം എനിക്ക് മനസ്സിലാകും. അത്രത്തോളം ആ മനുഷ്യൻ താഴ്ന്നു. ഞാൻ സുധിയോട് പറഞ്ഞെങ്കിലും അവൻ അത് കാര്യമാക്കിയില്ല. ഏതൊരച്ഛനും ഇങ്ങിനെയാണമ്മെ എന്നവൻ പറഞ്ഞു. ഞാൻ പക്ഷേ അവനെ അച്ഛന്റെ കുഴിമാടത്തിനടുത്തു കൊണ്ടുനിർത്തി സത്യം ചെയ്യിച്ചു, മോളെ മറക്കണമെന്നു.... അവൻ മറന്നു മോളെ. നിന്നെ തേടി വന്നില്ല, എന്നാൽ നിന്റെ വിവാഹം കഴിഞ്ഞ അന്ന് മുതൽ ന്റെ കുട്ടി കുടിച്ചും വലിച്ചും വഴക്കടിചും നശിച്ചു, എന്നോടുള്ള വാശി. മോള് പറഞ്ഞാൽ കേൾക്കും അവനെന്നെനിക്കറിയാം. മോള് പറയണം"
ഇപ്പോൾ എന്റെ ഹൃദയമിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എന്നോ ഉറഞ്ഞുപോയ കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. ഞാൻ കണ്ണുതുടച്ച് മോളെയുമെടുത്തു അരവിന്ദിന്റെ അടുത്തേക്ക് ഓടി, പെട്ടെന്ന് പോകണം എന്ന് പറഞ്ഞു പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റി. വണ്ടി മുൻപൊട്ടെടുക്കുമ്പോൾ ഞാൻ കണ്ടു എതിരെ നടന്നു വരുന്ന സുധിയെ.... ദിക്കറിയാതെ നടക്കുന്ന ഒരു പേക്കോലം, ഇത് തന്റെ സുധിയല്ല..അവനെ എല്ലാവരും ചേർന്ന് കൊന്നു, അറിയാതെയെങ്കിലും ഈ ഞാനും.
എന്താണുണ്ടായതെന്നു അരവിന്ദ് ചോദിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. തലവേദനിക്കുന്നു കിടക്കണം എന്നു പറഞ്ഞു.
അവധി കഴിഞ്ഞു ഞങ്ങൾ തിരിച്ചു യാത്രയായി. എല്ലാം അറിയാവുന്ന അരവിന്ദിനോട് സുധിയുടെ അമ്മയെ കണ്ടതെല്ലാം പറഞ്ഞു. സുധിയെ വിളിച്ചു സംസാരിക്കാൻ അരവിന്ദ് നിർബന്ധിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ സുധിയുടെ മൊബൈലിലേക്ക് വിളിച്ചു, ശ്രീജയിൽ നിന്നും സുധിയുടെ നമ്പർ വാങ്ങിയിരുന്നു. അച്ഛൻ ശ്രീജയേകൊണ്ട് അന്നങ്ങിനെ പറയിപ്പിച്ചതാണെന്നു അവൾ ഏറ്റു പറഞ്ഞു. സുധിയ്ക്ക് എന്റെ ശബ്ദം കേട്ടപ്പോഴേ മനസ്സിലായി.
അമ്മ വിവരങ്ങൾ സുധിയോട് പറഞ്ഞിരുന്നു. ,സുധി എന്നോട് മാപ്പ് പറഞ്ഞു.......എല്ലാത്തിനും. എന്റെ മനസ്സ് കൈവിട്ടുപോകുമെന്നു തോന്നിയപ്പോൾ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു,
"സുധീ.... കഴിഞ്ഞത് ഇനി നമുക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ല. എന്നു കരുതി ഇനിയുള്ള കാലം ജീവിതം നശിപ്പിക്കാനും സാധിക്കില്ല. സുധി ഒരു വിവാഹം കഴിക്കണം. എനിക്ക് വേണ്ടിയെങ്കിലും കഴിക്കണം, കാരണം എന്റെ മനസ്സ് സുധിയുടെ ജീവിതം സന്തോഷപൂര്ണമാകും വരെ നീറിപ്പുകയും. എനിക്ക് വേണ്ടി ഇനി നിനക്ക് ചെയ്യാൻ ഇതേയുള്ളൂ. നമ്മുടെ സ്വപ്നങ്ങൾ എല്ലാം വിടരാത്ത മൊട്ടുകൾ പോലെ പൊഴിഞ്ഞുപോയി. എനിക്ക് നിന്നോട് ഒന്നേ ആവശ്യപ്പെടാൻ ഉള്ളൂ.... നിന്റെ വിവാഹം. അത് നടക്കണം, എന്നെ സ്നേഹിച്ചത് സത്യമായിരുന്നെങ്കിൽ ദുശീലങ്ങൾ കളഞ്ഞു അമ്മയെ അനുസരിക്കണം. അല്ലങ്കിൽ എന്റെ മനസ്സ് സ്വസ്ഥത കിട്ടാതെ അലയും"
സുധി എല്ലാം മൂളികേട്ടു. കുറച്ചു സമയം കൂടെ സംസാരിച്ച ശേഷം ഫോണ് വെച്ചു.
പിന്നീട് ഇടയ്ക്ക് ഞാൻ സുധിയുടെ അമ്മയെ വിളിക്കും, സുധിയിൽ ഉണ്ടായ മാറ്റങ്ങൾ അറിഞ്ഞു സന്തോഷിക്കും. അധികം താമസിയാതെ അമ്മയുടെ കുടുംബത്തിൽ ഉള്ള ഒരു കുട്ടിയുമായി സുധിയുടെ വിവാഹം നടന്നു. സുധിയെക്കുറിച്ച് എല്ലാമറിയുന്നവൾ, ഇപ്പോൾ വിളിക്കുമ്പോൾ അമ്മ അവൾക്കും ഫോണ് കൊടുക്കും സംസാരിക്കാൻ.
അടുത്തപ്രാവശ്യം നാട്ടിൽ പോകുമ്പോൾ വീട്ടിൽ ചെല്ലാമെന്നു ഉറപ്പു കൊടുത്തിട്ടുണ്ട് അമ്മയ്ക്ക്. സുധിയെയും ഭാര്യയെയും ജനിക്കാൻ പോകുന്ന കുഞ്ഞിനെയും കാണാൻ.......
***രേഷ്മ***

ഭാരതി എന്ന മിടുക്കി


Image may contain: 1 person, standing

പാലക്കാടിലെ ഉള്‍നാടന്‍ ഗ്രാമമായ പെരുമാട്ടി എന്ന ഗ്രാമത്തിലേക്ക് ചീറിപ്പാഞ്ഞു വരുന്ന ആംബുലന്‍സ്. പുറകെ
 കരഞ്ഞുകൊണ്ട് ഓടിവരുന്ന നാട്ടുകാര്രും. ആംബുലന്‍സ് വന്നു നിന്നത് ലക്ഷ്മിയുടെ വീടിനു മുന്‍പിലായിരുന്നു. വീട്ടുമുറ്റത്ത് ജനപ്രതിനിധികളുടെ തിക്കും തിരക്കും. തിരഞ്ഞെടുപ്പ്‌ അടുത്തതുകൊണ്ടുള്ള പ്രഹസനം മാത്രമാണതെന്ന് കൂടിനില്‍ക്കുന്നവര്‍ക്കറിയാം. അതുകൊണ്ട് പക്ഷേ ഒരു ഗുണമുണ്ടായി, എല്ലാനടപടിക്രമങ്ങളും പെട്ടെന്ന് തീര്‍ത്ത്‌ മൃതശരീരം വീട്ടില്‍ എത്തിക്കാന്‍ സാധിച്ചു.
ഈ ബഹളത്തില്‍ നിന്നെല്ലാം മാറി അടുക്കള വാതിലിനരികില്‍ നിര്‍ജീവമായിരിക്കുന്ന ഒരു സ്ത്രീരൂപമുണ്ടായിരുന്നു, ലക്ഷ്മി.... ഈ ലോകത്തൊന്നുമല്ല അവള്‍, അനുജത്തി സരസ്വതി പുറകിലൂടെ ചെന്ന് ലക്ഷ്മിയെ തട്ടി വിളിച്ചു.
"ലക്ഷ്മി അക്കാ.... നമ്മ ഭാരതി വന്താച്ച്, ഉനക്ക് പാക്കവേണ്ടയാ...?, ഉന്നെ പാക്കാമേ അവള്‍ പോയാച്ച്. എഴുന്തിര് വാ പാക്കലാം .."
ലക്ഷ്മി തിരിഞ്ഞുനോക്കിയില്ല, മനസ്സ്‌ കഠിനമാക്കി അവൾ പറഞ്ഞു.
"എനിക്ക് എന്നുടെ മകളെ കാണവേണ്ടാ... ജീവനോടെ അവളെന്നുടെ മനസ്സിലുണ്ട്. ചിന്നി ചിതറിയ ആ ശരീരം എനക്ക്
കാണവേണ്ടാ..." കടിച്ചുപിടിച്ച കരച്ചില്‍ അണപൊട്ടി ഒഴുകാതിരിക്കാന്‍ അവള്‍ നന്നേ പാടുപെട്ടു.
ആരും ലക്ഷ്മിയെ നിര്‍ബന്ധിച്ചില്ല. എല്ലാവരും ചേര്‍ന്ന് കര്‍മ്മങ്ങളെല്ലാം ഭംഗിയാക്കി മടങ്ങി. ജനപ്രധിനിധികള്‍
ലക്ഷ്മിയെ ആശ്വസിപ്പിച്ചു, "ലക്ഷ്മി, ഭാരതി നമ്മുടെ നാടിന്‍റെ അഭിമാനമാണ്.... ചേച്ചി തളരരുത്.. ഞങ്ങള്‍ എല്ലാം കൂടെയുണ്ട്."
മറുപടിയൊന്നും പറയാതെ ലക്ഷ്മി ജീവച്ഛവം പോലെ ഇരുന്നു.
****
"ഭാരതീ.... കുട്ടിയ്ക്ക് ഭാവിയില്‍ ആരാകാനാണ് ഇഷ്ട്ടം..?"
ടീച്ചറുടെ ചോദ്യം കേട്ടതും ഭാരതി ചാടിഎഴുന്നേറ്റു, അവളുടെ മുഖത്തെ നിശ്ചയദാര്‍ഡ്യം ടീച്ചര്‍ക്ക് മനസ്സിലാക്കാമായിരുന്നു.
"എനിക്ക്.... എനിക്കും എല്ലാവരെയും പോലെ ഡോക്ട്റാകാന്‍ ആഗ്രഹമുണ്ട്. പക്ഷേ ദാരിദ്ര്യം മാത്രം കൈമുതലായുള്ള ഞങ്ങളെ പോലുള്ളവര്‍ക്ക് അതെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമാണ്. ഞാനാഗ്രഹിക്കുന്നത്, എന്‍റെ നാടിനും നാട്ടുകാര്‍ക്കും പ്രയോജനമുള്ള എന്തെങ്കിലും ചെയ്യണം എന്നതാണ്. നാട്ടില്‍ നശിച്ചുപോയ നെയ്ത്തുശാലകള്‍ പുനരാരംഭിക്കണം. അതിലൂടെ എല്ലാവര്‍ക്കും ജോലി ലഭിക്കണം, തീ പുകയാത്ത വീടുകള്‍ ഇല്ലാതാകണം..."
ഭാരതി പറഞ്ഞവസാനിപ്പിച്ചതും ക്ലാസ്സ് മുഴുവന്‍ കൈയടി ശബ്ദത്തില്‍ മുഴങ്ങി, ടീച്ചര്‍ അവളെ അനുഗ്രഹിക്കാനും പ്രശംസിക്കാനും മറന്നില്ല.
നിഷ്കളങ്കയും കുട്ടിക്കുറുംബിയും വായാടിയുമായ ഭാരതി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു.പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞദിവസം വീട്ടിലേക്ക്‌ പോയ ഭാരതി കണ്ടത് വീട്ടുമുറ്റം മുഴുവന്‍ തിങ്ങിക്കൂടിയ ജനത്തെയായിരുന്നു. അകത്തേയ്ക്ക് ഓടിക്കയറിയ അവള്‍കണ്ടു വെള്ളപുതപ്പിച്ചു കിടത്തിയ അച്ഛനെയും അച്ഛന്‍റടുത്തു കിടന്നു കരയുന്ന അമ്മയെയും. കൂലിപ്പണിക്കാരന്‍ ആയിരുന്ന അയാള്‍ ജോലിക്കിടയില്‍ ഉണ്ടായ ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ആരൊക്കെയോ പറയുന്നത് ഭാരതി കേട്ടു.
ജീവിതത്തിന്‍റെ താളംതെറ്റാന്‍ ആ മരണം കാരണമായി. അനിയനും അമ്മയും മുത്തശ്ശിയും ഭാരതിയും ഇത്രയുംപേരുടെ വയറുനിറയ്ക്കാന്‍ ലക്ഷ്മിയുടെ കൂലികൊണ്ട് സാധിക്കുമായിരുന്നില്ല. ലക്ഷ്മി ഭാരതിയെ കോയമ്പത്തൂരിലെ പച്ചപ്പാളയം ഗ്രാമത്തില്‍ താമസിക്കുന്ന അനുജത്തി സരസ്വതിയുടെ വീട്ടിലേക്കു അയക്കാന്‍ തീരുമാനിച്ചു.
പരീക്ഷയുടെ റിസള്‍ട്ട്‌ വന്ന ദിവസം ടീച്ചര്‍ ഭാരതിയുടെ വീട്ടിലെത്തി... ടീച്ചറെ കണ്ടതും ഭാരതി ഓടി വന്നു കെട്ടിപ്പിടിച്ചു.
"സുഖമാണോ ടീച്ചര്‍ക്ക്... കൂട്ടുകാരോന്നുമില്ലാതെ ഒരു രസവുമില്ല."
ടീച്ചര്‍ ഭാരതിയുടെ തലയില്‍ കൈ വെച്ചുകൊണ്ട് പറഞ്ഞു... "റിസള്‍ട്ട്‌ വന്നു ഭാരതി, കുട്ടിക്കാണ് സ്ക്കൂളില്‍ ഉയര്‍ന്ന മാര്‍ക്ക്, എനിക്കറിയാമായിരുന്നു നീ സ്ക്കൂളിന്റെ അഭിമാനം ആകുമെന്ന്."
സന്തോഷംകൊണ്ട് തുള്ളിച്ചാടാന്‍ ഒരുങ്ങിയ ഭാരതിയുടെ മുഖം പെട്ടന്ന് മ്ലാനമായി.
"ടീച്ചര്‍ അറിഞ്ഞില്ലേ അച്ഛന്‍ മരിച്ചത്, ഞാനും കൂടെ ജോലി ചെയ്തില്ലെങ്കില്‍ അമ്മയ്ക്ക് ഒറ്റയ്ക്ക് പിടിച്ചു നില്‍ക്കാന്‍
ആകില്ല. പഠിപ്പൊന്നും ഇനി എനിക്ക് പറ്റില്ല ടീച്ചര്‍. ഞാനിന്നു സരസ്വതി അക്കാവുടെ കൂടെ അവരുടെ ഊരുക്ക് പോവുകയാ, ടീച്ചര്‍ പോയ്ക്കോളു അമ്മ കാണേണ്ട, അമ്മയ്ക്ക് പിന്നീടതൊരു വിഷമമാകും. "
അമ്മയെ കാണാതെ ടീച്ചറെ പറഞ്ഞയക്കാന്‍ ഭാരതി നന്നേ കഷ്ട്ടപ്പെട്ടു. പടിയിറങ്ങുമ്പോള്‍ ടീച്ചറുടെയും ഭാരതിയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഭാരതി സരസ്വതിയുടെ കൂടെ അവരുടെ ഊരിലേക്ക് പോയി.
സരസ്വതിയുടെ ഭര്‍ത്താവ് അളകപ്പന്‍ കുടിയനായിരുന്നു. അവര്‍ക്ക് രണ്ടു ആണ്‍കുളന്തകള്‍, ഭാരതിയെ കുട്ടികള്‍ക്ക് വളരെ പ്രിയ്യമായിരുന്നു ഭാരതിയ്ക്ക് തിരിച്ചും. ഭാരതി
ചെന്നതിനു ശേഷം കുട്ടികളുടെ പഠിത്തവും മറ്റു കാര്യങ്ങളുമെല്ലാം അവളുടെ മേല്‍നോട്ടത്തില്‍ ആയി. സരസ്വതിയ്ക്ക് ഒരു ചെറിയ തുന്നല്‍ക്കടയുണ്ട് അവിടെ സഹായത്തിനായാണ് ഭാരതിയെ അവര്‍ കൊണ്ട് വന്നത്. ഭാരതി പെട്ടെന്ന് തന്നെ തുന്നല്‍ പഠിച്ചു. പുതിയ ഡിസൈനുകളില്‍ എല്ലാം അവള്‍ തുന്നിത്തുടങ്ങി. അവള്‍ വന്നശേഷം തുന്നല്‍ക്കട അഭിവൃദ്ധി പ്രാപിച്ചു. തയ്യല്‍ക്കടയിലെ മുഖ്യ തയ്യല്‍ക്കാരി എന്നസ്ഥാനം അവള്‍ തട്ടിയെടുത്തു കഴിഞ്ഞിരുന്നു.
അളകപ്പന് വീടിനോട് ചേര്‍ന്ന് ഒരു ചെറിയ മസാലക്കടയായിരുന്നു, കുടിയൊഴിഞ്ഞു സമയമില്ലാതിരുന്നതിനാല്‍ സരസ്വതി രണ്ടു കടയും കൂടെ ഓടി നടന്നായിരുന്നു നോക്കിയിരുന്നത്. ഭാരതി വന്നതില്‍പ്പിന്നെ അവളായി എല്ലാം. അളകപ്പനും സരസ്വതിയും തിരക്കിലാകുമ്പോള്‍ അവളുടെ നോട്ടത്തിലായി കട, കടയില്‍ എപ്പോഴും വരുന്ന സുമതി അക്കന് ഭാരതിയെ വളരെ ഇഷ്ട്ടമായിരുന്നു, അടുത്തൊരു കോളേജിലെ ജോലിക്കാരിയായിരുന്ന അവര്‍ ഭാരതിയ്ക്ക് വായനയിലുള്ള ആഭിമുഖ്യം മനസ്സിലാക്കി വളരെയേറെ പുസ്തകങ്ങള്‍ കൊണ്ട് കൊടുത്തു. രാത്രികളില്‍ ഭാരതി ഒരു പുസ്തകപ്പുഴുവായി ഓരോ ഏടുകളും കാര്‍ന്നുതിന്നു വിശപ്പടക്കികൊണ്ടിരുന്നു. പഠനവിശപ്പ് അടക്കിയതവള്‍ അങ്ങിനെയായിരുന്നു.
ഒരു ദിവസം വൈകുന്നേരം സുമതി അക്കന്‍ തുന്നല്‍ക്കടയില്‍ തിരക്കിട്ട് വന്നു, കൈയിലെ കവറില്‍ നിന്നും ഒരു ചുരിദാര്‍ മറ്റീരിയല്‍ എടുത്ത്‌ ഭാരതിയുടെ മുന്‍പില്‍ വെച്ചു, കൂട്ടത്തില്‍ ഒരു ചിത്രവും.
"ഭാരതീ, നീയിതു രണ്ടുമണിക്കൂറിനുള്ളില്‍ തയ്ച്ചു തരണം, ഈ കാണുന്ന ചിത്രത്തില്‍ ഉള്ളത് പോലെ, വിലകൂടിയ തുണിയാണ്, നല്ല ഭംഗിയില്‍ തയ്ക്കണം. പെട്ടെന്ന് വേണം."
സുമതി അക്കന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടു ഭാരതി കാര്യം പറയാന്‍ നിര്‍ബന്ധിച്ചു.
"ഭാരതീ, റോഡ്‌ക്കപ്പുറം അമേരിക്കാവില്‍ ജോലി പാക്കണ റോസാ അക്കാവില്ലയാ, അവര്‍ അവധിക്കു വന്ത് ഒരു വാരം ആച്ച്. ഇന്ത തുണി സിറ്റീല്‍ കൊടുത്ത് സ്ടിച്ചു സെയ്ത് വറാന്‍ എന്നുടെ കൈയില്‍തന്നു, നാന്‍ മറന്തു പോയാച്ച്, അവറിക്ക്ന്നു പാര്‍ട്ടി പോകണം, പെരിയ ആള്‍ക്കാറൊക്കെ വന്തിടും, ഇപ്പോ നാന്‍ എങ്ക പോയിടും... ഭാരതീ നീ എന്ഗിനാവത് സ്ടിച് ചെയ്തിട്... "
ഭാരതി സുമതി അക്കനെ സമാധാനിപ്പിച്ചു വിട്ടു, രണ്ടു മണിക്കൂര്‍ കഴിഞ്ഞു വരാന്‍ പറഞ്ഞു.
 ഭാരതി കേട്ടറിവുണ്ട് റോസയെ പറ്റി. ആ നാട്ടിലെ ഏറ്റവും വലിയ പണക്കാര്‍, വിദേശങ്ങളിലും നാട്ടിലുമായി ഒരുപാട് വ്യവസായ സ്ഥാപനങ്ങള്‍. റോസായും കുടുംബവും അമേരിക്കയില്‍ ആണ്, ചെന്നൈല്‍ വന്നു പോവുകയാണ് പതിവ്‌, വളരെ അപൂര്‍വ്വമായേ ഇവിടേയ്ക്ക് വരാറുള്ളൂ. സുമതി അക്കന്റെ ഭര്‍ത്താവാണ് ആ വീടിന്റെ കാര്യസ്ഥന്‍.
രണ്ടു മണിക്കൂറിനു ശേഷം സുമതി അക്കന്‍ വന്നപ്പോള്‍ വസ്ത്രം തയ്ച്ചു കവറില്‍ ആക്കി വെച്ചിരുന്നു ഭാരതി. അവര്‍ വേഗം വന്നു തുണിയുമായി പോയി.
അടുത്ത ദിവസം രാവിലെ തന്നെ സുമതി അക്കന്‍ കടയില്‍ വന്ന് ഭാരതിയെ റോസാ മാഡം വിളിക്കുന്നു ഒന്നവിടം വരെ വരാന്‍ പറഞ്ഞു. കേരളത്തിലെ പോലെയല്ല അവിടങ്ങളില്‍ പൊതുവേ എല്ലാവരും പണക്കാര്‍ക്ക് മുന്‍പില്‍ അമിതവിധേയത്വം പ്രകടിപ്പിച്ചിരുന്നു. സരസ്വതി അക്കന്‍ ഭാരതിയോട്‌ അവിടെ ചെന്നാല്‍ എങ്ങിനെ പെരുമാറണം എന്നെല്ലാം പറഞ്ഞു വിട്ടു.
ഭാരതി സുമതി അക്കന്റെ കൂടെ റോസാ മാഡത്തിന്റെ വീട്ടിലേക്കു പോയി. ഗേറ്റ് തുറന്നതും ആശ്ച്ചര്യത്താല്‍ അവളുടെ കണ്ണുകള്‍ തള്ളി, വലിയ മതില്‍ക്കെട്ടായതിനാല്‍ പുറത്തു നിന്നാല്‍ അകത്തേയ്ക്ക് കാണുമായിരുന്നില്ല. താന്‍ വന്ന് പെട്ടത് സ്വര്‍ഗത്തില്‍ ആണോ എന്ന് അവള്‍ക്കു തോന്നിപ്പോയി, അത്ര മാത്രം ഭംഗിയുണ്ടായിരുന്നു അവിടം.
നിറയെ പനിനീര്‍പ്പൂക്കളും പേരറിയാത്ത ഏതല്ലാമോ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പൂങ്കാവനം പച്ചപ്പരവതാനി വിരിച്ചു അവിടമാകെ പച്ചപ്പ് സമ്മാനിക്കുന്നു. അതിനു നടുവിലായി നാല് പേര്‍ക്കിരിക്കാവുന്ന വലിയൊരു ഊഞ്ഞാല്‍. അവിടവിടെയായി മുയലുകള്‍ ഓടി നടക്കുന്നു. ഒരു വലിയ കൂട്ടില്‍ അല്ല വീട്ടില്‍ നിറയെ ലവ്ബേര്‍ഡ്സ്. നായ്ക്കളുടെ ഉച്ചത്തിലുള്ള കുര അവളെ സ്വപ്ന ലോകത്ത് നിന്നും ഉണര്‍ത്തി, നോക്കിയപ്പോള്‍ ഒരു കൂട്ടില്‍ വലിയ രണ്ടു നായ്ക്കള്‍, അതിന്റെ പേരൊന്നും അവള്‍ക്കറിയില്ലായിരുന്നു. മുന്‍പോട്ടു നടക്കാനാകാതെ ഭയപ്പാടോടെ അവള്‍ നിന്നു.
"ബ്രൌണി, ടെസ്സ.... സ്റ്റോപ്പ്‌ ബാര്‍ക്കിംഗ് "
ആ സ്ത്രീ ശബ്ദം കേട്ടതും നായ്ക്കള്‍ കുരനിര്‍ത്തി, ഒരു മൂലയില്‍ പോയിരുന്നു.
" ഭാരതി ഇവിടെ വരൂ, ഇവിടെ ഇരിക്കാം."
മുറ്റത്തോട് ചേര്‍ന്ന് ഒരു വലിയ വരാന്ത അവിടെ കുറച്ചു കസേരകള്‍ നിരത്തിയിട്ടിട്ടുണ്ട് അവിട്യ്ക്ക് കൈ ചൂണ്ടിയാണ് റോസാ പറഞ്ഞത്.
ചാരകളറില്‍ ഉള്ള സ്ലീവലെസ് ബനിയനും നീല ജീന്‍സും ധരിച്ച ബോബ് ചെയ്ത മുടിയും നീണ്ട ചെമ്പന്‍ കണ്ണുകളും നീണ്ടു മെലിഞ്ഞു വെളുത്തിരിക്കുന്ന അവരെ ഒരു മദാമ്മയെ പോലെയുണ്ട് കാണാനെന്നു ഭാരതിയ്ക്കു തോന്നി.
നിലത്തിരിക്കാന്‍ പോയ ഭാരതിയോടു കസേരയില്‍ ഇരിക്കു എന്ന് കൈകൊണ്ട് കാണിച്ച് റോസാ അവളുടെ നേരെയിട്ടിരിക്കുന്ന കസേരയില്‍ ഇരുന്നു.
"ഭാരതി ഏതു വരെ പഠിച്ചു...? സ്ടിച്ചിംഗ് എവിടുന്നാണ് പഠിച്ചത്...?"
അന്ധാളിച്ചുള്ള ഭാരതിയുടെ നോട്ടം കണ്ട് അവര്‍ പറഞ്ഞു.
 " മൈ ഹസ്ബണ്ട് മൈക്കിള്‍ ഈസ്‌ എ മലയാളി..... ഭാരതിയെക്കുറിച്ചു സുമതി പറഞ്ഞു അറിഞ്ഞു. ആക്ച്വലി ഞാന്‍ ഭാരതിയെ വിളിപ്പിച്ചത് അഭിനന്ദിക്കാന്‍ ആണ്. വളരെ ബുദ്ധിമുട്ടേറിയ കട്ടിംഗ് ആയിരുന്നു ഞാന്‍ തന്ന ഡിസൈനില്‍, അതുപോലെ തയ്ച്ചു കിട്ടുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ബട്ട്, ഇത് കണ്ടപ്പോള്‍ ഐ എക്സൈട്ടെഡ്‌. കൈ കൊണ്ട് ഇത്ര നന്നായി കട്ട് ചെയ്ത് തുന്നുക എന്ന് പറഞ്ഞാല്‍ ഇറ്റ്‌ ഈസ്‌ ഇമ്പോസ്സിബിള്‍."
ഭാരതി എല്ലാം കേട്ട് ആശ്ചര്യചകിതയായി ഇരുന്നു. "ഇത്രയ്ക്കും വലിയ കാര്യമാണോ താന്‍ ചെയ്തതെന്ന് അവള്‍ ആലോചിച്ചു."
"ഭാരതി, എനിക്ക് സ്ടിച്ചിംഗ് ഫാക്ടറീസ് ഉണ്ടെന്നു അറിയാമല്ലോ...? ഭാരതിയ്ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്‍റെ കൂടെ അമേരിക്കയ്ക്ക് വരാം . എനിക്കിതുപോലുള്ള യന്ഗ് ടാലെന്റ്സ് ആണാവശ്യം. ആലോചിച്ചിട്ടു പറയു. വെറുതെ ജോലിക്കാരിയായല്ല, ഡിസൈനിംഗ് വിഭാഗത്തിലേക്ക്, മൂന്നു മാസത്തെ ട്രെയിനിംഗ് ഉണ്ടാകും. ഭാരതിയെ കൊണ്ട് പോകണമെങ്കില്‍ കുറച്ചു ഫോര്‍മാലിട്ടീസ് മറി കടക്കാന്‍ ഉണ്ട്, അതൊക്കെ ഞാന്‍ ശരിയാക്കിക്കൊളാം. "
എന്ത് പറയണമെന്നറിയാതെ ശില കണക്കെ ഭാരതി ഇരുന്നു. സുമതി അക്കന്‍ തട്ടി വിളിച്ചപ്പോഴാണ് ഭാരതിയ്ക്ക് സ്ഥലകാലബോധം ഉണ്ടായത്.
"ഭാരതീ, അമ്മാ ഉന്നെ ദൈവം കാത്താച്ച്, റോസാ മാഡം റൊമ്പ നല്ലവര്‍. നീ പോയിട്, ഉനക്ക് നല്ലതേ വരൂ."
ഭാരതി ഒന്നും പറയാനാകാതെ എഴുന്നേറ്റ്‌ വീട്ടിലേക്കു നടന്നു.
ഒന്നും മിണ്ടാതെ അവള്‍ വരാന്തയില്‍ പോയിരുന്നു. സരസ്വതി അക്ക ചോദിച്ചിട്ട് അവളൊന്നും മിണ്ടിയില്ല. സുമതിഅക്കന്‍ കാര്യങ്ങളെല്ലാം സരസ്വതിയോടു പറഞ്ഞു. സരസ്വതി ഭാരതിയെ പോകാന്‍ നിര്‍ബന്ധിച്ചു, പോയാല്‍ കുടുംബത്തിനുണ്ടാകാന്‍ പോകുന്ന ഐശ്വര്യവും, സമ്പത്തും, ഭാരതിയ്ക്ക് ലഭിക്കാന്‍ പോകുന്ന നല്ല ജീവിതവുമെല്ലാം അവര്‍ വിവരിച്ചു കൊണ്ടിരുന്നു. മറുപടി ലഭിയ്ക്കാതയപ്പോള്‍ അവര്‍ എഴുന്നേറ്റു അടുക്കളയിലേക്കു പോയി, അവിടിരുന്നു എന്തെല്ലാമോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഭാരതിയുടെ ചെവിയില്‍ അതൊന്നും എത്തുന്നിലായിരുന്നു. അവളുടെ ചിന്തകള്‍ മറ്റെവിടെയോക്കെയോ സഞ്ചരിക്കുകയായിരുന്നു. രാത്രി കണ്ണുകളെ പുല്കിയതെയില്ല. സൂര്യപ്രഭ കണ്ണില്‍ വീഴാനായവള്‍ കാത്തിരുന്നു.
രാവിലെ ആയതും അവള്‍ റോസാ മാഡത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു. നിശ്ചയധാര്‍ഡ്യം അവളുടെ മുഖത്തെ പ്രകാശപൂരിതമാക്കി. പുറകില്‍ നിന്നും സരസ്വതി അക്ക പറഞ്ഞതൊന്നും അവള്‍ കേട്ടില്ല. ഗേറ്റ് കടന്നു ചെന്നതും അവള്‍ കണ്ടു പച്ചപ്പരവതാനിയില്‍ യോഗ ചെയ്യുന്ന റോസാ മാഡത്തെയും കൂടെ ഒരാളെയും.
"ഭാരതി, കം ഹിയര്‍... " റോസാ വിളിച്ചു.
ഭാരതി ചിരിച്ചു കൊണ്ട് അവിടേക്ക് ചെന്നു.
"ഭാരതീ ഇത് മൈക്കിള്‍, മൈക്കിള്‍ ഇത് ഭാരതി ഞാനിന്നലെ പറഞ്ഞിരുന്നില്ലേ. "
മൈക്കിള്‍ തലകുലുക്കി കൊണ്ട് കൈ വീശികാണിച്ചു. കുറച്ചു മാറി നിന്ന് അയാള്‍ യോഗ തുടര്‍ന്നു.
തോട്ടത്തിലുള്ള ഇരിപ്പിടത്തില്‍ റോസാ ഇരുന്നു, ഭാരതിയോടു ഇരിക്കാന്‍ പറഞ്ഞു.
"എന്തായി ഭാരതി തീരുമാനം. ?"
ഭാരതി എങ്ങിനെ തുടങ്ങണം എന്നറിയാതെ ശങ്കിച്ചു.
" ഭാരതിയ്ക്ക് മനസ്സില്‍ എന്തോ ആശയം പറയാനുണ്ടെന്ന് മുഖം പറയുന്നു. എന്താണെങ്കിലും പറയു, കഴിയുന്ന സഹായം എന്‍റെ ഭാഗത്ത്‌ നിന്നും പ്രതീക്ഷിക്കാം."
ഇവര്‍ക്ക് മനസ്സ് വായിക്കാനുള്ള കഴിവുണ്ടോ...? ഭാരതി അതിശയത്തില്‍ അവരെ നോക്കി. റോസാ മാഡത്തിന്റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നിരുന്നു .
പതുക്കെ മുരടനക്കികൊണ്ട് ഭാരതി പറയാന്‍ ആരംഭിച്ചു.
"മാഡം, എന്‍റെ നാട്ടില്‍ തുറക്കാനാകാതെ കിടക്കുന്ന ഒരു തുണി മില്ലുണ്ട്, നാട്ടുകാരെല്ലാം ചേര്‍ന്ന് തുടങ്ങി വെച്ചതാണ്... പക്ഷേ പല കാരണങ്ങള്‍ കൊണ്ടും അത് മുന്‍പോട്ടു കൊണ്ട് പോകാന്‍ സാധിക്കാതെ പൂട്ടേണ്ടി വന്നു. അത് വീണ്ടും തുറക്കാന്‍ മാഡത്തിന് സാധിക്കുമോ...? നാട്ടിലുള്ളവര്‍ക്കെല്ലാം ജോലി ലഭിയ്ക്കും. ഒരു കാലത്ത് കൃഷിയുടെ ഈറ്റില്ലമ്മായിരുന്നു ഞങ്ങളുടെ ഗ്രാമം. ഇന്ന് ദാരിദ്ര്യമല്ലാതെ മറ്റൊന്നുമില്ല. മാഡത്തിന് എന്തെങ്കിലും സാധിയ്ക്കുമോ...?"
റോസാ മാഡം ഭാരതിയുടെ കണ്ണുകളിലേക്ക് തറച്ചു നോക്കി. ഭാരതി എന്ന മിടുക്കി അവര്‍ക്ക് ഒരു അതിശയം ആകുകയായിരുന്നു. കുറച്ചു നേരം അവര്‍ ഒന്നും ശബ്ധിച്ചില്ല.
ഭാരതിയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുന്നുണ്ടായിരുന്നു. അല്‍പ്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം റോസായുടെ ചുണ്ടുകള്‍ ചലിയ്ക്കാന്‍ തുടങ്ങി.
"ഇത്ര ചെറുപ്പത്തില്‍ ഇത്രയും നല്ല ചിന്താഗതി, അതിശയത്തോടൊപ്പം അഭിമാനവും തോന്നുന്നു എനിക്ക് ഭാരതി, എന്‍റെ കണ്ടെത്തല്‍ തെറ്റായില്ല. ഭാരതിയുടെ ഗ്രാമത്തെ സംബന്ധിച്ച് എനിക്കൊന്നും അറിയില്ല , എല്ലാമന്വേഷിച്ച് പുനരാരംഭിക്കാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും അത് ഭാരതിയുടെ നല്ല മനസ്സിന് ഞാന്‍ തരുന്ന സമ്മാനമാണ്. ആ മില്ല് സഹകരണാടിസ്ഥാനത്തില്‍ നടത്താന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കാം, സാധിച്ചാല്‍ ഭാരതിയെ സാരഥിയാക്കി കമ്പനിയുമായി ചേര്‍ന്ന് ഒരു കരാര്‍ തയ്യാറാക്കാം. സാധിച്ചില്ലെങ്കില്‍ ഭാരതി എന്നോടൊപ്പം വരണം. ഭാരതിയെ എന്‍റെ കമ്പനിയ്ക്ക് ആവശ്യമുണ്ട്. ഒരുപാട് സമ്പാദിച്ചു, ഭാരതിയിലൂടെ ഒരു പുണ്യ പ്രവര്‍ത്തിയ്ക്കു തുടക്കമാകട്ടെ."
ഭാരതിയ്ക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു, സന്തോഷം കൊണ്ടവള്‍ തുള്ളിച്ചാടി. നന്ദിയുടെ ഒരു കൂമ്പാരം സമ്മാനിച്ച ശേഷം അവള്‍ വീട്ടിലേക്കോടി.
രണ്ടു ദിവസത്തെ പരിചയം കൊണ്ട് അവള്‍ തന്നില്‍ ഒരുപാട് മാറ്റം സൃഷ്ട്ടിച്ചിരിക്കുന്നു എന്ന് റോസായ്ക്ക് തോന്നി. എന്തോ ഒരു കാന്തിക ശക്തിയുണ്ടവളില്‍. അത് തന്നെ അവളിലെയ്ക്കടുപ്പിക്കുന്നു. ഒരുപക്ഷേ, മുജ്ജന്മബന്ധം എന്ന് പറയുന്നത് ഇതാകുമോ..?
മൈക്കിള്‍ അടുത്തേയ്ക്ക് വന്നതും അവര്‍ ആ നെഞ്ചിലേയ്ക്ക് ചാഞ്ഞു. "മൈക്കിള്‍, നമ്മുക്കെന്തേ ദൈവം ഇതുപോലൊരു മകളെ തന്നില്ല. ഓടി തളര്‍ന്നിരിക്കുന്നു. എല്ലാമുണ്ടായിട്ടും നമുക്ക് മാത്രമായ്‌ ഒരു കുഞ്ഞിനെ മാത്രം ദൈവം തന്നില്ല."
മൈക്കിളിന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.
"റോസാ, മതി രാവിലെ മനസ്സ് വിഷമിപ്പിക്കാതെ. നമുക്കായി ദൈവം പല കര്‍മ്മങ്ങളും ഏല്‍പ്പിച്ചിട്ടുണ്ട്, അതിലൊന്നാണ് ഇതും എന്ന് കരുതി മുന്‍പോട്ടു പോകുക."
മൈക്കിള്‍ റോസയെ ചേര്‍ത്തു പിടിച്ചു വീട്ടിലേക്കു നടന്നു.
സരസ്വതിയുടെ വീട്ടില്‍ ആകെ ബഹളമായിരുന്നു. നാട്ടിലേക്ക് കാര്യങ്ങള്‍ ഭാരതി വിളിച്ചു പറഞ്ഞതും അമ്മയ്ക്ക് സന്തോഷം അടക്കാന്‍ സാധിക്കുന്നില്ലായിരുന്നു. എല്ലാവരും ഭാരതിയെ അഭിനന്ദിച്ചു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം .....
റോസായോടൊപ്പം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാരതി. സരസ്വതി കരഞ്ഞു കൊണ്ട് അവളെ അനുഗ്രഹിച്ചു. അളകപ്പനെ ആദ്യമായാണ് ഭാരതി കുടിയ്ക്കാതെ കാണുന്നത്, ആ കണ്ണുകള്‍ സജലങ്ങലായിരുന്നോ...?
എല്ലാവരോടും യാത്ര പറഞ്ഞ് അവള്‍ റോസാ മാഡത്തിനൊപ്പം കാറില്‍ കയറി. പാലക്കാട്‌ എത്തും വരെ അവള്‍ കിലുകിലാ സംസാരിച്ചു കൊണ്ടിരുന്നു, റോസാ എല്ലാം കേട്ടിരുന്നു, .
"മാഡം, നമുക്കാദ്യം മില്ല് കാണാം എന്നിട്ട് എന്‍റെ വീട്ടിലേക്കു പോകാം."
"ശരി" റോസാ ചിരിച്ചു കൊണ്ട് പറഞ്ഞു.
കുറെക്കാര്യങ്ങളെല്ലാം അവര്‍ ശരിയാക്കിയിരുന്നു... ഇനി ആ നാട്ടിലെ ജനപ്രതിനിധികളുമായി സംസാരിച്ചു മറ്റു കാര്യങ്ങള്‍ എല്ലാം ശരിയാക്കണം.
കാര്‍ പതുക്കെ തുണിമില്ലിന് അകത്തേയ്ക്ക് കയറി. അടുത്തു താമസിക്കുന്ന ഗോപാലേട്ടന്‍ ഓടി വന്നു ഗേറ്റ് തുറന്നു. ആദ്യമേ വിളിച്ചു പറഞ്ഞതിനെല്ലാം എല്ലായിടവും വൃത്തിയാക്കിയിട്ടിരുന്നു.
കാറില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും ഗോപാലേട്ടനും പുറകെ ഓടിയെത്തി. താക്കോലെടുത്ത് മില്ല് തുറന്നു. ഗോപലെട്ടനാണ് ഇടയ്ക്ക് വന്നു അവിടമൊക്കെ വൃത്തിയാക്കിയിടുന്നത്. റോസയും ഭാരതിയും അകത്തേയ്ക്ക് കയറിയപ്പോള്‍ ഗോപാലേട്ടന്‍ പോയി മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്തു. അകമാകെ മാറാലയും പൊടിയും പിടിച്ചു കിടക്കുന്നു.
റോസാ മെഷിനറീസ് ഓരോന്നായി ചെക്ക്‌ ചെയ്യുമ്പോഴാണ് കറന്‍റ് പോയത്. ഭാരതി സന്തോഷം കൊണ്ട് എല്ലായിടവും ചുറ്റി നടക്കുകയായിരുന്നു. കറന്‍റ് പോയപ്പോള്‍ അവള്‍ അവിടെയുള്ള ഒരു നീണ്ട മേശ പോലെ തോന്നിയ ഒരിടത്തിരുന്നു.
ഉച്ചത്തില്‍ അവള്‍ വിളിച്ചു "മാഡം, ഞാനിവിടെ ഉണ്ട്, ഗോപാലെട്ടനോട് ടോര്‍ച്ച് കൊണ്ട് വരാന്‍ പറയാമോ...? സന്ധ്യ ആയതുകൊണ്ട് അകത്തെല്ലാം ഇരുട്ടാണ്, വേഗം വരാന്‍ പറയു."
ഭാരതി പറഞ്ഞതൊന്നും വ്യക്തമായി മനസ്സിലായില്ലെങ്കിലും റോസാ ഗോപാലേട്ടനെ വിളിച്ചു ടോര്‍ച്ച് കൊണ്ട് വരുന്ന് പറഞ്ഞു.
" മാഡം ഞാനിപ്പോള്‍ പോയി കൊണ്ട് വരാം "
എന്നും പറഞ്ഞു ഗോപാലേട്ടന്‍ തിരിഞ്ഞു നടന്നതും കറന്‍റ് വരുകയും വല്ലാത്തൊരു ശബ്ദം ഉണ്ടാവുകയും ചെയ്തു. മാഡവും ഗോപാലേട്ടനും ഞെട്ടിപ്പോയി. പെട്ടെന്ന് എന്താണെന്ന് അവര്‍ക്ക് മനസ്സിലായില്ല.
തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടത് കറന്‍റ് പോകുന്ന സമയത്ത് റോസാ അവിടെയുള്ള സ്വിച്ചുകള്‍ ഓണാക്കിയിരുന്നു കറന്‍റ് വന്നപ്പോള്‍ അത് പ്രവൃത്തിക്കാന്‍ തുടങ്ങി. ഉപയോഗിക്കാതെ കിടന്നതിനാല്‍ വല്ലാതെ ശബ്ദം വന്നു. റോസാ വേഗം സ്വിച്ച് എല്ലാം ഓഫാക്കി.
"ഗോപാലേട്ടാ, നാളെ പകല് വരാം ഞാന്‍. ഭാരതിയെ വീട്ടിലാക്കിയിട്ട് വേണം എനിക്ക് സിറ്റിയിലുള്ള ഹോട്ടലിലേക്ക് പോകാന്‍. ചേട്ടന്‍ ചെന്നു അവളോടിങ്ങു വരാന്‍ പറയു."
ഗോപാലേട്ടന്‍ വേഗം അകത്തേയ്ക്ക് പോയി ഭാരതിയെ വിളിച്ചു കൊണ്ട്, റോസാ കാറിനടുത്തേക്ക് നടന്നപ്പോള്‍ ഗോപാലേട്ടന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു.
"അയ്യോ... മാഡം ഓടി വായോ "
റോസായും കാറിലെ ഡ്രൈവറും ഓടി ചെന്നപ്പോള്‍ കണ്ടത് വിശ്വസികാനാകാത്ത ഒരു കാഴ്ച്ച ആയിരുന്നു. ബോധം നശിച്ച് പുറകിലേക്ക് വീണ റോസയെ ഡ്രൈവര്‍ താങ്ങി പിടിച്ചു കാറിലേക്ക് മാറ്റി. ഗോപാലേട്ടന്‍ നാട്ടുകാരെ വിളിക്കാന്‍ പോയ സമയം ഡ്രൈവര്‍ പോലീസിലും ഹോസ്പിറ്റലില്‍ ആമ്ബുലന്‍സിനും വിളിച്ചു പറഞ്ഞിരുന്നു.
ഓടിക്കൂടിയ നാട്ടുകാരില്‍ പലര്‍ക്കും ബോധക്ഷയം ഉണ്ടായി.
"എന്താ സംഭവിച്ചത്...? " നാട്ടുക്കാര്‍ ഗോപാലെട്ടനോട് ചോദിച്ചു.
" കറന്‍റ് പോയപ്പോള്‍ മാഡം അറിയാതെ മെഷിനുകള്‍ ഓണ്‍ ചെയ്തു. കറന്‍റ് വന്നപ്പോള്‍ അതെല്ലാം വര്‍ക്ക് ആയി, ആ ശബ്ദത്തില്‍ ഭാരതി കുഞ്ഞിന്റെ അലര്‍ച്ച ഞങ്ങള്‍ കേട്ടില്ല. കറന്‍റ് പോയപ്പോള്‍ കുഞ്ഞ് കയറിയിരുന്നത് തുണി മുറിക്കുന്ന മെഷിനില്‍ ആണ്, പെട്ടന്ന് കറന്‍റ് വന്നപ്പോള്‍ മെഷിന്‍ ഓണായ്, തുണി അകത്തേയ്ക്ക് വലിച്ചിട്ട് കട്ട് ചെയ്യുന്ന മെഷിനല്ലേ, അത് നീങ്ങിയപ്പോള്‍ കുഞ്ഞ് വീണു കാണും , പെട്ടെന്നൊന്നും ചെയ്യാന്‍ സാധിച്ചു കാണില്ല, കരഞ്ഞത് ഞങ്ങള്‍ ഈ ശബ്ദത്തില്‍ കേട്ടുമില്ല. ഉള്ളിലേക്ക് വലിച്ചിട്ട കുഞ്ഞിനെ കട്ടിംഗ് മെഷീന്‍................. ഒരു മനുഷ്യ ശരീരം ഇത്രയും കഷ്ണങ്ങള്‍ ആയി മുറിച്ചിട്ടതു കാണെണ്ടി വന്നല്ലോ...."
പറഞ്ഞു കഴിഞ്ഞതും ഗോപാലേട്ടന്‍ ആ ദൃശ്യം ഓര്‍ത്തിട്ടെന്നപോലെ തികട്ടി വന്ന ചര്‍ദില്‍ തുപ്പാന്‍ പുറത്തേയ്ക്കോടി.
**************
റോസാ മാഡം ലക്ഷ്മിയുടെ മുന്‍പിലേക്ക് പോയത് വളരെ പ്രയാസപ്പെട്ടായിരുന്നു. എല്ലാമറിഞ്ഞു മൈക്കിള്‍ എത്തിയിരുന്നു, ധൈര്യം ചോര്‍ന്നു പോകാതിരിക്കാനായി റോസാ മൈക്കിളിന്‍റെ കൈകളില്‍ മുറുകെ പിടിച്ചു,
"ഭാരതിയുടെ അമ്മയോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, എനിക്ക് ജനിക്കാതെ പോയ മകളാണവള്‍......... ഞാനിന്നു ഏറെ വേദനിക്കുന്നത് കറന്‍റ് പോയ ആ ഒരു നിമിഷത്തെയാണ്. എല്ലാം മാറ്റി മറിച്ച ആ ഒരു നിമിഷം. ഞാന്‍ വീണ്ടും വരും ഭാരതി ഉറങ്ങുന്ന മണ്ണ്‍ ഞാന്‍ വിട്ടു കളയില്ല.... അവള്‍ തുടങ്ങി വെച്ചത് അവളുടെ പേരില്‍ ഞാന്‍ പൂര്‍ത്തിയാക്കും. "
ലക്ഷ്മി റോസയുടെ കാലില്‍ വീണു പൊട്ടിക്കരഞ്ഞു. റോസാ പെട്ടെന്ന് കാലുകള്‍ പിന്‍വലിച്ച് കുനിഞ്ഞിരുന്ന് ലക്ഷ്മിയുടെ തോളില്‍ പിടിച്ചുയര്‍ത്തി.
"വിഷമിക്കരുത്.... ഭാഗ്യം ചെയ്ത അമ്മയാണ് നിങ്ങള്‍. അഭിമാനിക്കുക മകളെയോര്‍ത്ത്. ഇപ്പോള്‍ പോകുന്നു , പക്ഷേ തിരിച്ചു വരും"
റോസാ മൈക്കിളിന്‍റെ കൈയില്‍ പിടിച്ചു പുറത്തേയ്ക്ക് നടന്നു. ലക്ഷ്മി കണ്ണില്‍ നിന്നും മറയും വരെ അവരെ നോക്കി നിന്നു. അപ്പോഴവരുടെ മുഖം അഭിമാനത്താല്‍ ശോഭിച്ചിരുന്നു.
ശുഭം.
***രേഷ്മ***

കാർക്കൂന്തലിലൊളിപ്പിച്ച രഹസ്യം

Image may contain: 1 person, closeup

"നീയറിഞ്ഞോടി....വടക്കേലെ സുമിത്രേച്ചി തൂങ്ങി മരിച്ചെന്ന്" , ഇതും പറഞ്ഞുകൊണ്ട് അയൽവക്കത്തെ സീത ചേച്ചി ജാനകിയമ്മയുടെ വീട്ടിലേക്കോടി.
ഉറക്കത്തിൽ നിന്നുമെഴുന്നേറ്റു വന്ന ഞാൻ കേട്ട വാർത്ത എന്നെ വാതിൽപ്പടിയിലേക്ക് തളളിയിട്ടു. അമ്മ ഓടി വന്നെന്നെ പിടിച്ചെഴുന്നേൽപ്പിച്ച് അകത്ത് കൊണ്ട് കിടത്തി. ഞാൻ കിടക്കാൻ കൂട്ടാക്കിയില്ല.
"എനിക്ക് സുമിത്രേച്ചിയെ കാണണം.... അമ്മ മാറി നിൽക്കൂ... എന്റെ സുന്ദരിച്ചേച്ചി എന്തിനാ അങ്ങിനെ ചെയ്തേ ...? ഇനി ആരുടെ കൂടെയാ ഞാൻ അമ്പലത്തിൽ പോവുക...?"
അമ്മയെ തളളിമാറ്റി കവിളുകളിലേക്ക് ഉതിർന്നു വീണ നീർതുളളികളെ കൈപ്പത്തിയുടെ പുറം ഭാഗം കൊണ്ട് തുടച്ചു കൊണ്ട് ഞാനോടി. 'അമ്മ വീട് പൂട്ടി ഇറങ്ങുമ്പോഴേക്കും നേരം വൈകും, അച്ഛൻ ജോലിയ്ക്കു പോവുകയും ചെയ്തു.
ജാനകിയമ്മയുടെ മുറ്റം നിറയെ ജനക്കൂട്ടമാണ്, വരാന്തയിൽ നിൽക്കുന്ന മുക്കാൽ ട്രൗസർ ഇട്ട കൊമ്പൻ മീശക്കാരൻ പോലീസുകാരനെ കണ്ടപ്പോഴേ എനിക്ക് പേടിയായി. അല്ലങ്കിലേ പൊലീസുകാരെ എനിക്ക് പേടിയാണ്. രാമേട്ടന്റെ ചായക്കടയിൽ പാല് കൊടുക്കാൻ പോകുമ്പോൾ പോലീസ് ജീപ്പ് ഉണ്ടാകും കടയ്ക്ക് മുൻപിൽ, കടയ്ക്ക് മുൻപിൽ ആരെങ്കിലും സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ അവരുടെ തലയ്ക്കിട്ടു കൊട്ടി "പോയിനടാ എല്ലാം..." എന്ന ഉച്ചത്തിലുള്ള അലർച്ച കേൾക്കുമ്പോഴേ എന്റെ നെഞ്ചിടിക്കും. പാൽപ്പാത്രത്തിനായ് കാത്തു നിൽക്കുന്ന സമയം അയാളുടെ ഒരു നോട്ടമുണ്ട്, കൊമ്പൻ മീശ പിരിച്ചുകൊണ്ടു ചോരക്കണ്ണാൽ ശരീരത്തെയാകെ ഉഴിഞ്ഞ നോട്ടം. അത് കാണുമ്പോഴേ ആകെ ഉരുകിയൊലിക്കും . പാത്രം കൈയിൽ കിട്ടിയാൽ പിന്നെ തിരിഞ്ഞു നോക്കില്ല, ഒരൊറ്റ ഓട്ടമാണ്.
ഈ പോലീസ് ഉളളപ്പോൾ എങ്ങിനെയാ സുമിത്രേച്ചിയെ കാണുന്നത്. ഏതായാലും മുൻവശത്തൂടെ പോകേണ്ടെന്നു തീരുമാനിച്ചു. ഞാൻ അടുക്കള വാതിലിലൂടെ അകത്തേയ്ക്ക് കയറി, അവിടെയെല്ലാം തിരക്കാണ്. തിരക്കിനിടയിലൂടെ അകത്തേയ്ക്ക് കയറുമ്പോൾ അയൽവക്കത്തെ കുശുമ്പിപ്പെ ണ്ണുങ്ങളുടെ പതം പറച്ചിൽ കേൾക്കാമായിരുന്നു.
"എന്തായിരുന്നു ഗമ, ലോക സുന്ദരിയാണെന്നായിരുന്നു ഭാവം. എന്നിട്ടിപ്പൊ എന്തായി, ഒരു മുഴം തുണിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടില്ലേ? ആരെയെങ്കിലും കണ്ണും കൈയും കാണിച്ചു വലയിലാക്കി പളേളൽ ആയിക്കാണും."
ആ പറഞ്ഞവളുടെ മുഖത്തേയ്ക്ക് ഞാനൊന്നിരുത്തി നോക്കി, അവൾ വേഗം മുഖം വെട്ടിച്ചു. ഒന്നും മിണ്ടാതെ ഞാൻ അകത്തേയ്ക്ക് നടന്നു. കീറിമുറിച്ചു കൊണ്ട് വരും മുൻപേ എനിക്കൊന്നു കാണണം.
 എത്തി വലിഞ്ഞു ഞാൻ മുറിയിലേക്ക് നോക്കി,
രണ്ടു പേർ സുമിത്രേച്ചിയെ താഴെ ഇറക്കാൻ ശ്രമിക്കുവാണ്. മുഖം കാണുന്നില്ല... പനം കുല പോലെയുള്ള മുടി അഴിച്ചിട്ടിരിക്കുന്നു. ചന്തിയിറങ്ങി മുട്ടു വരെ നീണ്ടു കിടക്കുന്ന മുടി. ചേച്ചിയെ പിടിക്കുന്ന ആൾ മുടി കൈയിലൊതുക്കി നിർത്താൻ പാടുപെടുന്നുണ്ടായിരുന്നു.
നല്ല കറുത്ത ചെറിയ ഒടിവുള്ള നീണ്ട മുടിയായിരുന്നു ചേച്ചിയുടേത്. മുടി അഴിച്ചിട്ടാൽ നല്ല ഭംഗിയിൽ പരന്നു കിടക്കും, ഒരു തുളസിക്കതിർ എപ്പോഴും ആ തലമുടിയിൽ ഉണ്ടാകും. ചേച്ചിയുടെ മുടി കാണാനായി മാത്രം ചെക്കന്മാർ അമ്പലത്തിൽ പോകുമ്പോൾ മുൻപേ നടക്കാതെ പുറകിൽ നടക്കുമായിരുന്നു.
കെട്ടഴിച്ചു അവർ സുമിത്രേച്ചിയെ താഴെ കിടത്തി . താഴെയാകെ മലമൂത്രവിസർജ്യം കിടക്കുന്നതിനാൽ നീക്കിയാണ് കിടത്തിയത്.
ചന്ദനനിറമുള്ള ആ വട്ടമുഖത്തെ പ്രഭ ഇപ്പോഴും കുറഞ്ഞില്ലെന്നു എനിക്ക് തോന്നി. മാൻപേടക്കണ്ണുകൾ പുറത്തേക്ക് തുറിച്ചിരിക്കുന്നു, കണ്ണിലെ കരിമഷി പടർന്നിട്ടുണ്ട്, "ചേച്ചി കരഞ്ഞിട്ടുണ്ടാകുമോ ....? ഉണ്ടാകും പാവത്തിന് വേദനിച്ചു കാണും . കഴുത്തു മുറുകിയപ്പോൾ നിലവിളിക്കാൻ ശ്രമിച്ചു കാണും. ഒരുറുമ്പിനെ പോലും വേദനിപ്പിക്കാത്ത എൻറെ സുമിത്രേച്ചിയ്ക്ക് എങ്ങിനാ സ്വയം വേദനിപ്പിക്കാൻ സാധിച്ചത്?"
മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകാതെ ഞാൻ വീടിനു പുറത്തേക്കു നടന്നു.
അടുത്ത ഗ്രാമത്തിൽ നിന്നൊക്കെ ആൾക്കാർ വന്നിട്ടുണ്ട്, എങ്ങിനെ വരാതിരിക്കും ചേച്ചിയുടെ സൗന്ദര്യം പരിസര ഗ്രാമത്തിലെ വണ്ടുകളെയെല്ലാം ആകർഷിച്ചിരുന്നു. ചേച്ചിയുടെ ഒരു നോട്ടം കിട്ടാൻ ആഗ്രഹിക്കാത്ത ഒരു പുരുഷകേസരിയും അവിടെയൊന്നും ഇല്ലായിരുന്നു എന്നതാണ് സത്യം. ചേച്ചി പക്ഷെ ഒന്നിലും വഴുതി വീഴാതെ നടന്നു. ഞാനായിരുന്നു സന്തത സഹചാരി, ആ ഞാൻ കാരണം തന്നെ എന്റെ സുന്ദരിച്ചേച്ചി അറിയാതെ ശിവേട്ടന്റെ പ്രണയത്തിൽ വീണു. എങ്ങിനെ വീഴാതിരിക്കും ചേച്ചിയെ പറ്റി ശിവേട്ടൻ എഴുതിയ കവിതകൾ അത്ര മനോഹരമായിരുന്നു. ആ കവിതകളെല്ലാം കൂടെ ഒരു പുസ്തകമാക്കി ചേച്ചിയെ ഏല്പിക്കാനായി എന്റെ കൈവശം തന്നപ്പോൾ ഞാൻ അറിഞ്ഞില്ല ഇതിന്റെ അവസാനം ഇങ്ങിനെ ആകുമെന്ന്. ആ കവിതകൾ മുഴുവൻ അന്ന് രാത്രി തന്നെ ചേച്ചി വായിച്ചു തീർത്തു. അതിലൊരു എഴുത്തും ഉണ്ടായിരുന്നു ,
"എന്റെ ഹൃദയരക്തത്താൽ എഴുതിയ ഇതിലെ ഓരോ വരിയും എന്റെ മനസ്സാണ്, എനിക്ക് നിന്നൊടുളള പ്രണയമാണ്.... എന്റെ ഹൃദയം ആ ഹൃദയത്തിലേക്ക് ആവാഹിക്കാൻ തയ്യാറാണെങ്കിൽ ഈ പുസ്തകം എനിക്ക് തിരിച്ചു തരരുത്."
എന്ന്,
ശിവൻ
ആ വരികൾ ചേച്ചിയുടെ ഹൃദയത്തിലാണ് തുളച്ചു കയറിയത്. പിന്നീടവർക്കിടയിലെ ഹംസം ഞാനായിരുന്നു. ശിവേട്ടനും നല്ല സുമുഖൻ ആയിരുന്നു, നാട്ടിലെ പ്രമാണിയുടെ മകൻ.
ക്ഷയിച്ചു പോയ പഴയ നായർ തറവാടാണ് സുമിത്രേച്ചിയുടേത്. വീടും ചുറ്റുമുള്ള അൻപത് സെന്റ് സ്ഥലവും. അവിടുന്ന് കിട്ടുന്ന തുച്ഛമായ ആദായമാണ് അമ്മയുടെയും സുമിത്രേച്ചിയടക്കം താഴെയുള്ള മൂന്നു പെണ്മക്കളുടെയും വിശപ്പടക്കുന്നത്. പണ്ടത്തെ തറവാടാണെന്നു ചിത്രകൂടകല്ലുറങ്ങുന്ന ആ നാഗകോട്ട കണ്ടാലേ അറിയൂ. ബാക്കിയെല്ലാം നശിച്ചു.അച്ഛനില്ലാതെ വളർത്തുന്നത് കൊണ്ടാകും ജാനകിയമ്മ മക്കളെ അച്ചടക്കത്തിലാണ് വളർത്തിയത്. നാല് പെണ്മക്കൾ ആണവർക്ക്, മൂത്തതാണ് സുമിത്ര ചേച്ചി, താഴെ മൂന്നു പെൺകുട്ടികൾ. നാല് പെൺകുട്ടികളെ പറ്റിയും നാട്ടിൽ നല്ല പേരാണ്, നടക്കുമ്പോൾ തല ഉയർത്തിപ്പോലും ആരെയും നോക്കില്ല. അവർക്കറിയാം അമ്മയുടെ കഷ്ടപ്പാട്. എന്നും 'അമ്മ അവർക്കു പറഞ്ഞു കൊടുക്കുന്നത് ആത്മാഭിമാനം നശിപ്പിക്കരുത് എന്നാണു. സുമിത്രേച്ചിയും പാവം ആയിരുന്നു, ഞാൻ അന്ന് ആ പുസ്തകം കൊടുത്തില്ലായിരുന്നെങ്കിൽ.... ഒരുപക്ഷേ ...!!
"എന്നാലും എന്തിനായിരിക്കും ചേച്ചി ഇത് ചെയ്തത്.....? ശിവേട്ടൻ എന്തെങ്കിലും പറഞ്ഞോ... ?"
ചോദ്യങ്ങൾ മനസ്സിനെ തളർത്തികൊണ്ടിരുന്നു, വീടെത്തിയതറിഞ്ഞില്ല, മുറിയിൽ പോയി കിടന്നു. സുമിത്രേച്ചി ഇല്ലാതെ ഒരാഴ്ച്ച ഞാൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. ജനവാതിലിലൂടെ നോക്കുമ്പോൾ ചേച്ചിയുടെ മുറി കാണാം, ജനവാതിലിനിടയിലൂടെ കൈ നീട്ടി മാടി വിളിക്കുന്നത് പോലെ തോന്നും. ഉറക്കം കണ്ണുകളോട് പിണങ്ങിയിട്ട് ഒരാഴ്ചയായി .. അമ്മ നിർബന്ധിച്ചാണ് അമ്മാവന്റെ വീട്ടിൽ കൊണ്ട് പോയാക്കിയത്. അവിടെ ഒരാഴ്ച്ച എങ്ങിനെയോ തളളി നീക്കി, പക്ഷേ മനസ്സ് പതുക്കെ സ്വസ്ഥമായി. വീട്ടിൽ പോകണമെന്ന് വാശി പിടിച്ചപ്പോൾ അമ്മാവനാണെന്നെ വീടിനത്തുള്ള സരസ്വതി ചേച്ചിയുടെ കൂടെ പറഞ്ഞയച്ചത്.
വീട്ടിലെത്തിയപ്പോൾ അമ്മയില്ല, വാതിൽ പൂട്ടിയിരിക്കുന്നു. "എന്നെ അമ്മാവന്റെ വീട്ടിൽ ആക്കി അച്ഛനും അമ്മയും കൂടെ എവിടെയെങ്കിലും പോയോ ഇനി...? ". എന്തായാലും ജാനകി അമ്മയുടെ വീട്ടിൽ പോയി ഇരിക്കാം, സുമിത്രേച്ചിയുടെ മരണശേഷം അങ്ങോട്ട് പോയിട്ടേയില്ല. 'അമ്മ ചിലപ്പോൾ അവിടെ ഉണ്ടായിരിക്കാം എന്നും തോന്നി. അമ്മയോടാണ് ജാനകിയമ്മ വിഷമങ്ങൾ പറയുന്നത്.
ഞാൻ പതുക്കെ സുമിത്രേച്ചിയുടെ വീട്ടിലേക്ക് നടന്നു. അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്, കോലായുടെ അരികിലെ ചാരുപടിയിൽ ഇരുന്നാണ് സംസാരം . സുമിത്രേച്ചി എന്ന് കേട്ടപ്പോൾ ഞാൻ ഒച്ചയെടുക്കാതെ അവർ കാണാത്ത വിധം ചുമരിന് മറഞ്ഞു നിന്നു. ജാനകി അമ്മ പറയുകയാണ്......
"ഒരു ദിവസം കോട്ടയിൽ പതിയെ ഉളള സംസാരം ഞാൻ കേട്ടതാ, പോയി നോക്കുകയും ചെയ്തു ആരെയും കണ്ടില്ല. കോട്ടയിൽ ആരും കയറാറില്ല, വിളക്ക് കത്തിക്കാൻ പോലും ഞാൻ മക്കളെ അങ്ങോട്ട് പറഞ്ഞയക്കാറില്ല. അവിടുത്തെ ദോഷം കൊണ്ടാണ് എനിക്കീ ഗതി എന്നാണ് എല്ലാവരും പറയുന്നത്. പ്രതിവിധി ചെയ്യാൻ പറയുന്ന പൂജയ്ക്ക് എന്റെ കൈയിൽ എവിടെയാണ് പണം. ഓരോ ദിവസം തള്ളി നീക്കുന്ന ബുദ്ധിമുട്ട് എനിക്കെ അറിയൂ. പിന്നീടൊരിക്കലും കോട്ടയിൽ അതുപോലെ ശബ്ദം ഞാൻ കേട്ടിട്ടില്ല. എന്നും പുലർച്ചെ സുമിത്രയാ മുറ്റം തൂത്ത് വാരുന്നത്. അന്ന് അവൾ മുറ്റം തൂക്കുമ്പോൾ ഞാൻ പുറത്തേക്കിറങ്ങി വന്നു, തലേന്ന് വിറകെടുത്തു വെക്കാൻ മറന്നു പോയി, വിറകുപുരയിലേക്ക് പോകാൻ ചെന്നതാ, സുമിത്രയ്ക്ക് എന്തോ ഒരു പരുങ്ങൽ. എന്താടീ..... ഇന്നെന്താ എഴുന്നേൽക്കാൻ വൈകിയത്എന്നും ചോദിച്ചു ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവളുടെ മുടിയുടെ പുറകിൽ നിന്നും ആരോ ഓടിപ്പോയി. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച്ച. മുടി അഴിച്ചിട്ടു മുറ്റം അടിക്കരുതെന്നു ഞാൻ പറയുന്നതാ... അന്നാണ് മുടി അഴിച്ചിട്ട് മുറ്റം തൂക്കുന്നതിന്റെ രഹസ്യം എനിക്ക് മനസ്സിലായത്. അവളെ പിടിച്ചു വലിച്ചു ഞാൻ വിറകുപുരയിലേക്ക് കൊണ്ട് പോയി. ..... ഇളയതുങ്ങൾ അറിയരുതല്ലോ ഒന്നും. കുറെ തല്ലിയപ്പോഴാ അവൾ എല്ലാം പറഞ്ഞത്, പറയുന്നതെല്ലാം കേട്ട് ഞാൻ ഞെട്ടി തരിച്ചിരുന്നു.
കുറെ നാളായി തുടങ്ങിയതാണത്രെ .... രാത്രി അവളോടൊപ്പം കിടക്കുന്ന അവൻ രാവിലെ ഇറങ്ങിപ്പോകും..... അവളൊറ്റയ്ക് നടുമുറിയിൽ ആണ് കിടന്നിരുന്നത്, ഇളയതുങ്ങൾ മൂന്നും അടുത്ത മുറിയിലും, ഞാൻ ഇടനാഴിയിലും. അവളുടെ മുടിയുടെ മറ പിടിച്ച അവൻ വരുന്നതും പോകുന്നതും , അന്നവർ എഴുന്നേൽക്കാൻ വൈകി..... അതുകൊണ്ട് എന്റെ കണ്മുമ്പിൽ പെട്ടു.
ആളാരാണെന്ന് ആദ്യമവൾ പറഞ്ഞില്ല, ഞാൻ നെഞ്ചത്തടിച്ചു കരഞ്ഞപ്പോഴാ അവൾ ആ നശിച്ച പേര് പറഞ്ഞത്. വാരിയത്തെ ശിവൻകുട്ടി. ആ നായരുടെ മോൻ."
അത് പറഞ്ഞതും അവർ പൊട്ടിക്കരയുന്നതും അമ്മ ആശ്വസിപ്പിക്കുന്നതും ഞാൻ കേട്ടു . ശ്വാസം പിടിച്ചിരിക്കവേ കരച്ചിലിനിടയിൽ അവരുടെ സംസാരം തുടരുന്നത് ഞാൻ ശ്രദ്ധിച്ചു.
"വേറെ ആരാണെങ്കിലും ഞാൻ സമ്മതിച്ചേനെ നിർമ്മലേ..... ശിവൻ. അവൻ നല്ല കുട്ടിയാ, പക്ഷേ നിനക്കറിയാമോ എന്നെനിക്കറിയില്ല അവന്റെ അച്ഛനാ എന്റെ ആദ്യ സംബന്ധക്കാരൻ..... വേളി ആയിട്ടൊന്നും നടത്തിയിട്ടില്ല, സംബന്ധം കൂടിയതാ. രാത്രികളിൽ വരും പോകും. പിന്നീട് പതുക്കെ വരാതെ ആയി. സുമിത്ര ഉണ്ടായിട്ടും അയാൾ വന്നില്ല. സുമിത്രയ്ക്ക് അഞ്ചു വയസ്സായപ്പോഴാ അറിഞ്ഞത് അയാൾ വേറെ പണക്കാരിയെ സംബന്ധം ചെയ്തെന്നു. എന്റെ ശല്യം ഒഴിവാക്കാൻ ആങ്ങളമാർ എന്നെ ഭാര്യ മരിച്ച എന്നെക്കാൾ 25 വയസ്സ് മൂപ്പുള്ള രാമൻ നായരെക്കൊണ്ട് വീണ്ടും സംബന്ധം ചെയ്യിച്ചു, മൂന്ന് മക്കളെയും തന്നു അങ്ങേര് കാശിയ്ക്കെന്നും പറഞ്ഞു പോയി. ജീവനുണ്ടോ മരിച്ചോ എന്നൊന്നും ഇതുവരെ അറിവില്ല. ഈ നാട്ടിലേക്ക് സുമിത്രയുടെ അച്ഛൻ വന്നത് ഞാൻ അറിഞ്ഞത് തന്നെ കഴിഞ്ഞ ഓണത്തിന് പാണൻമാർ വന്നപ്പോഴാ.
ആ ബന്ധം നടക്കില്ലെന്ന്ഞാൻ അവളോട് കട്ടായം പറഞ്ഞതാ.... അവളെന്റെ കാലിൽ പിടിച്ചു കരഞ്ഞു കൊണ്ട് പറയുകയാ അവളുടെ കുഞ്ഞിന് അച്ഛനില്ലാതാക്കല്ലേ എന്ന്. എന്റെ നെഞ്ച് തകർന്നു പോയി നിർമ്മലേ ..... ഒരിക്കലും നടക്കാത്ത ബന്ധം. എനിക്കെല്ലാം അവളോട് എല്ലാം പറയേണ്ടി വന്നു . എല്ലാം കേട്ട് അവൾ ഒന്നും മിണ്ടാതെ 'അമ്മ എന്നോട് ക്ഷമിക്കണം എന്നും പറഞ്ഞു മുറിയിൽ കേറിക്കിടന്നു. ഞാനും വിളിച്ചില്ല. പക്ഷേ ഇങ്ങനൊരു കടും കൈ........"
ജാനകിയമ്മയുടെ കരച്ചിൽ ഉച്ചത്തിലായി, അവരെ സമാധാനിപ്പിക്കാൻ 'അമ്മ ശ്രമിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ അവിടുന്ന് ഇറങ്ങി നടന്നു. വീടിന്റെ വേലിയ്ക്കരുകിൽ ശിവേട്ടൻ നിൽക്കുന്നത് ഞാൻ കണ്ടു, എന്റെ നെഞ്ചിടിക്കാൻ തുടങ്ങി. കേട്ടതെല്ലാം പറയണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ഞാൻ നിന്നപ്പോൾ ശിവേട്ടൻ അടുത്തേയ്ക്കു വന്നു.
"മോളെ, സുമിത്ര എന്തിനിത് ചെയ്‌തെന്ന് സത്യമായും എനിക്കറിയില്ല. മോളോട് വല്ലതും പറഞ്ഞിരുന്നോ...? "
ഇല്ലായെന്ന് ഞാൻ തലയാട്ടി.
"അവളില്ലാത്ത ഈ നാട്ടിൽ എനിക്ക് നിൽക്കാൻ വയ്യ. ഞാൻ പോവുകയാണ്, തിരിച്ചെന്ന് വരുമെന്ന് അറിയില്ല. ചിലപ്പോൾ ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല. നീ വരുന്നത് ഞാൻ കണ്ടിരുന്നു. പോകുമ്പോൾ മോളോടെങ്കിലും പറയണം എന്ന് തോന്നി. "
കേട്ടതൊന്നും പറയാതെ ഞാൻ ശിവേട്ടനു മുൻപിൽ തലകുനിച്ചു നിന്നു. തിരിഞ്ഞു നോക്കാതെ ശിവേട്ടൻ സുമിത്രേച്ചിയ്ക്ക് വേണ്ടി എഴുതിയ വരികൾ പാടിക്കൊണ്ടു നടന്നകന്നു.... പാട്ടിന്റെ അലയടികൾ എന്റെ ചെവിയിലും വന്നു പതിച്ചു.
" പ്രിയതേ .... എങ്ങു പോയ് മറഞ്ഞു നീ....
കാച്ചിയെണ്ണ മണക്കും നിൻ കാർക്കൂന്തലിൽ
പ്രിയനേയൊളുപ്പിച്ച മനോഹരീ ......."
***രേഷ്മ***

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo