Slider

ചിലന്തിവലകൾ

0
ചിലന്തിവലകൾ
======+++======
പുലർച്ചെ രണ്ടുമണിയ്ക്ക് ഗെയ്റ്റിന് പുറത്ത് കാത്തുനിൽക്കുമെന്നാണ് സമീർ പറഞ്ഞിരിക്കുന്നത്, സമയം പതിനൊന്നു മണി ആയതേയുള്ളൂ.....
ശ്രുതിയ്ക്ക് ക്ളോക്കിലെ സൂചി ഒന്നുവേഗം കറക്കണമെന്ന് തോന്നി. അച്ഛനും അമ്മയുമെല്ലാം നല്ല ഉറക്കത്തിലായിട്ടുണ്ടാകും, ഒൻപതരയ്ക്ക് ലൈറ്റെല്ലാം അണച്ച് കിടക്കുന്നതാണ് വീട്ടിലെ പതിവ്. വെക്കേഷൻ ആയതിനാൽ ഏട്ടത്തിയമ്മ കുട്ടികളേയും കൂടി വീട്ടിലേക്ക് പോയി, ഇനി അടുത്ത മാസം ഏട്ടൻ ഗൾഫിൽ നിന്നും അവധിയ്ക്ക് വരുമ്പോൾ വരാമെന്നും പറഞ്ഞാണ് പോയത്, അതുകൊണ്ട് സമീറിനൊപ്പം പോകാൻ എളുപ്പമായി.
സമീർ...അവനെ വേണ്ടെന്നു വെയ്ക്കാൻ സാധിക്കുന്നില്ല, അവനെയൊന്നു സ്നേഹിക്കാൻ വേണ്ടി എന്റെ പുറകെയവൻ ഭ്രാന്തനെപ്പോലെയാണ് നടന്നത്. അന്ന് ഫാസിൽ എന്റെ കൈയിൽ കയറിപിടിച്ചപ്പോൾ എനിയ്ക്ക് വേണ്ടിയാണ് സമീർ അവരുമായ് വഴക്കിട്ടത്, അത് അടിപിടിയിൽ കലാശിക്കുകയും സമീറിന്റെ കൈ ഒടിയുകയും ചെയ്തു. ഒടിഞ്ഞ കൈയും പ്ലാസ്റ്ററിട്ടു വന്ന സമീറിനോട് നന്ദി പറയാതിരിക്കാൻ തോന്നിയില്ല, പിന്നീട് പതിയെ ഞാനും സമീറിനെ പ്രണയിച്ചു. എന്നെ ഇത്രത്തോളം സ്നേഹിക്കുന്ന സമീറിന്റെ പ്രണയം ഞാനെങ്ങനെ നിരസിക്കും. ഇപ്പോൾ സമീറെനിക്ക് എല്ലാമാണ്. വ്യത്യസ്ത മതവിഭാഗത്തിൽപെട്ടവരായതിനാൽ വീട്ടുകാർ വിവാഹത്തിന് അനുവദിക്കാത്തതുകൊണ്ട് ഒളിച്ചോടാമെന്ന് അവനെടുത്ത തീരുമാനമായിരുന്നു. സമീറിനെ പിരിയാൻ സാധ്യമല്ലാത്തതിനാൽ ഞാനും പോകാൻ തയ്യാറായി.
ചെന്നൈയിൽ അവന്റെ സുഹൃത്തുക്കളുണ്ട് അങ്ങോട്ടാണ് യാത്ര. മൊബൈൽ വൈബ്രെറ്റ് ചെയ്യുന്നത് കേട്ട് ചിന്തയിൽ നിന്നുമുണർന്ന് നോക്കിയപ്പോഴാണ് സമീർന്റെ കോൾ, സമയം രണ്ടാകുന്നു ഞാൻ വേഗം മൊബൈൽ ഓഫാക്കി, ആദ്യമേ പാക്ക് ചെയ്ത ബാഗുമായ് പതുക്കെ വീടിന് വെളിയിലിറങ്ങി. സമീറും രണ്ടു കൂട്ടുകാരും പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു. അവരോടൊപ്പം കുറച്ചു ദൂരെയായി നിർത്തിയിട്ട കാറിലേക്ക് കയറി. വണ്ടി മുന്പോട്ടെടുത്തപ്പോൾ ശ്രുതിയൊന്നു തിരിഞ്ഞുനോക്കി. മനസ്സിൽ എല്ലാവരോടും മാപ്പു പറഞ്ഞു. ശ്രുതിയുടെ കണ്ണു നിറഞ്ഞതു കണ്ട് സമീർ അവളെ ചേർത്തിരുത്തി,
"വിഷമിക്കേണ്ട ഞാനുണ്ടല്ലോ മോളെ നിനക്ക്."
അവൾ അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി കരഞ്ഞു.
ഉല്ലാസയാത്ര കണക്കെയാണവർ യാത്ര തിരിച്ചത്, യാത്രയിൽ സമീറിന്റെ സ്നേഹവും കെയറും ശ്രുതി അനുഭവിച്ചറിഞ്ഞു. രണ്ടു ദിവസത്തിനു ശേഷമവർ ചെന്നൈയിൽ എത്തി. മുന്തിയ ഒരു ഹോട്ടലിൽ ആയിരുന്നു റൂമെടുത്തത്, എന്നെയും സമീറിനെയും നാളെ രാവിലെ കാണാമെന്നും പറഞ്ഞു സുഹൃത്തുക്കൾ യാത്രയായ്. കുളിച്ചു ഫ്രഷായപ്പോഴേക്കും ഫുഡ് എത്തിയിരുന്നു, ഞാനും സമീറും പൊറോട്ടയും ചിക്കനും ആസ്വദിച്ചു കഴിച്ചു, ഇടയ്ക്ക് സമീർ പറയുന്ന തമാശ കേട്ട് ഞാൻ പൊട്ടിചിരിച്ചു. ഭക്ഷണം കഴിഞ് ഞങ്ങൾ ടി.വി ഓൺ ചെയ്ത് പാട്ടും ആസ്വദിച്ചു ഉറങ്ങാൻ തയ്യാറെടുത്തു. ഞാൻ സമീറിന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു, സമീർ എന്നെ മാറ്റി നിർത്തി.
"മോളൂ, നാളെ വിവാഹം കഴിഞ്ഞു മതിയെല്ലാം രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ചു റെഡിയാകണം. നമ്മുക്ക് ഏഴ് മണിയ്ക്ക് മുന്പിറങ്ങണം, ഫ്രെണ്ട്സ് എല്ലാം നേരെ രജിസ്ട്രാഫീസിലെത്തും നേരത്തെ ഇറങ്ങിയാലേ അവിടെയെത്തുകയുള്ളൂ. അതുകൊണ്ട് നല്ല കുട്ടിയായ് എന്റെ ശ്രുതിമോൾ ഉറങ്ങു. പിന്നെ, നീ കൊണ്ടുവന്ന ഗോൾഡും കേഷും എന്റെ ബാഗിൽ വെക്കാം, അതാണ് സേഫ്, എന്റെ സുഹൃത്ത് ഒരു വീട് കണ്ടുവെച്ചിട്ടുണ്ട്, കുറച്ചു പണം ആവശ്യം വരും"
ചിണുങ്ങിക്കൊണ്ട് ഞാൻ കിടന്നു. സമീറിനെ കുറിച്ചോർത്തപ്പോൾ എനിക്കഭിമാനം തോന്നി. സമീറിന്റെ സ്നേഹത്തിൽ വീടും വീട്ടുകാരുമെല്ലാം വിസ്‌മൃതിയിലാഴ്ന്നു.
അടുത്ത ദിവസം പുലർച്ചെ എഴുന്നേറ്റ് കുളിച്ച് കൊണ്ടുവന്ന സാരിയെല്ലാമുടുത്ത് ഞാനൊരുങ്ങി നിന്നു. സമീറും വേഗം റെഡിയായി വന്നു.
"നീയിപ്പോൾ ഒരു ദേവതയെപ്പോലുണ്ട് കാണാൻ, ഈ കണ്ണുകളും ചുണ്ടുകളും എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു."
സമീർ ശ്രുതിയുടെ കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു. ശ്രുതിയുടെ മുഖം നാണത്താൽ ചുമന്നു അവൾ സമീറിലേക്ക് സ്വയം അലിയാൻ തുനിഞ്ഞതും സമീർ തടഞ്ഞു.
"ശ്രുതി, സമയം വൈകി വേഗം ഇറങ്ങാം ബാക്കിയെല്ലാം പിന്നീട്."
ശ്രുതി സമീറിന്റെ കവിളിലൊരുമ്മ നൽകി, സമീർ ശ്രുതിയെയും കൈപിടിച്ചു വേഗം പുറത്തിറങ്ങി ഒരു ടാക്സി വിളിച്ചു. ടാക്സിയിൽ അവർ പോയിറങ്ങിയത് ജനങ്ങൾ തിങ്ങിപാർക്കുന്ന വൃത്തിഹീനമായ ഒരിടത്തായിരുന്നു. ടാക്സിയിൽ നിന്നുമിറങ്ങുമ്പോൾ വഴിവക്കിൽ സ്ത്രീകൾ വെള്ളത്തിനായ് തല്ലുകൂടുന്നതവൾ കണ്ടു. രാവിലെ തന്നെ കുടിച്ചുന്മത്തരായി റോഡരികിലൂടെ നടക്കുന്നവരെക്കണ്ടു ശ്രുതി ഭയന്ന് സമീറിന്റെ കൈകളിൽ മുറുകെപ്പിടിച്ചു. അവർ റോഡിൽ നിന്നും ചെറിയൊരു വഴിയിലേക്ക് കയറി, ശ്രുതി ഭയത്തോടെ എവിടേയ്ക്കാണെന്ന് സമീറിനോട് ചോദിച്ചു. അവിടൊരു വീട്ടിൽ നിന്നും സുഹൃത്തുക്കളെയും വിളിച്ചു വേണം പോകാനെന്നും അവർക്കേ രജിസ്ട്രാഫീസ് അറിയുവെന്നും സമീർ പറഞ്ഞു.
കുറച്ചു നടന്നപ്പോൾ ഒരു പഴയ വലിയ കെട്ടിടത്തിലേക്ക് അവർ കയറി. പഴയ കെട്ടിടമെങ്കിലും അകമെല്ലാം ഭംഗിയായി ഒരുക്കി വെച്ചിരിക്കുന്നു, മുറിയാകെ നല്ല സുഗന്ധം പരക്കുന്നുണ്ട്. അകത്തുനിന്നും ഒരു തടിച്ച സ്ത്രീ ഇറങ്ങി വന്നു, അവരുടെ പുറകിൽ ഒരു കപ്പടാ മീശക്കാരനുമുണ്ടായിരുന്നു. ഞാൻ സമീറിന്റെ കൈയിൽ മുറുകെപ്പിടിച്ചു. എന്തോ ഒരു ഭയം എന്നെ വലയം ചെയ്തു തുടങ്ങിയിരുന്നു. എന്നെ ആ തടിച്ച സ്ത്രീ കൈയിൽ പിടിച്ചു അകത്തേയ്ക്ക് ക്ഷണിച്ചു, സമീർ കൂടെ പോകാൻ കണ്ണുകൊണ്ട് കാണിച്ചു. അവരെന്നെ ഒരു മുറിയിലിരുത്തി, നല്ല ഭംഗിയുള്ള മുറി, കട്ടിലും സോഫയും ടി.വിയുമെല്ലാമുണ്ട് ആ മുറിയിൽ. ഞാൻ ജനാലയ്ക്കരികിലേയ്ക്ക് ചെന്നു, ജനാലകൾക്കിടയിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ സമീറിനെ ആ മീശക്കാരൻ മാറ്റിനിർത്തി സംസാരിക്കുന്നതു കണ്ടു. ഞാൻ ചെവിയോർത്തു,
"ഇത് ഒരു ലക്ഷമുണ്ട്, പിന്നെ നീ പുതിയ മൊബൈൽ വേണമെന്ന് പറഞ്ഞത് ഫാസിലിന്റെ കൈയിൽ കൊടുത്തിട്ടുണ്ട്. പുതിയൊരു ചരക്ക് വന്നിട്ടുണ്ടെന്ന് അവൻ പറഞ്ഞു, ഫുൾ ഡീറ്റെയിൽസ് എടുത്തിട്ട് അവൻ നിനക്ക് സെൻഡ് ചെയ്യും. അതിനെ വളച്ചെടുത്തോളണം എങ്ങിനെയെങ്കിലും, ഇതിലും നല്ല മുതലാണെങ്കിൽ ഞാൻ നിനക്ക് പണവും കൂടുതൽ വാങ്ങിച്ചു തരാം."
സമീർ എല്ലാം കേട്ട് തലകുലുക്കി പണം വാങ്ങി പോക്കറ്റിലിട്ടു. ശ്രുതിയ്ക്ക് ഉറക്കെ അലറിവിളിക്കാൻ തോന്നിയെങ്കിലും അവൾ ശബ്ദമടക്കി, കെണിവെച്ചു വീഴ്ത്തിയ ഒരു പെണ്ണുടലായിരുന്നു താനെന്ന സത്യം അവളുടെ സപ്തനാഡികളെയും തളർത്തി. തന്നെ ഇത്രമേൽ പ്രണയിച്ച സമീർ വെറുമൊരു പെൺ വേട്ടക്കാരനാണെന്ന സത്യം അവൾക്ക് വിശ്വസിക്കാനായില്ല. എങ്ങിനെയെങ്കിലും രക്ഷപ്പെട്ട് അമ്മയുടെ അടുത്തെത്താൻ അവളുടെ ഹൃദയം വെമ്പി. ശബ്ദമുണ്ടാക്കാതെ അവൾ മുറിയ്ക്ക് പുറത്തിറങ്ങി. ചുറ്റുപ്പാടും നോക്കി, അവൾ പതുക്കെ വീടിനു പുറത്തിറങ്ങാനുള്ള വഴി തിരഞ്ഞു. അടുക്കളയിലേക്ക് കയറും മുൻപ് പുറത്തേക്കായൊരു വാതിൽ കണ്ടവൾ പതിയെ ആരുടേയും കണ്ണിൽപ്പെടാതെ പുറത്തിറങ്ങി. ഇടവഴിയിലേക്കിറങ്ങിയ അവൾ ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തിയ ശേഷം വേഗത്തിൽ നടന്നു, റോഡിലേക്കെത്തിയതും അവൾ ഓടാൻ തുടങ്ങി. രക്ഷയ്ക്കായി അവൾ വാഹനങ്ങൾ തേടുമ്പോഴാണ് ഒരു പോലീസ് ജീപ്പ് വരുന്നത് കണ്ടത്. അവൾ റോഡിലേക്ക് കയറി നിന്ന് ജീപ്പിനു മുൻപിൽ കൈവീശി. ജീപ്പ് നിർത്തിയതും അവളതിലേക്ക് ചാടിക്കയറി.
"സാർ എന്നെ രക്ഷിക്കൂ....അവരെന്നെ പിടിക്കും....പ്ലീസ് സാർ."
പോലീസുകാരൻ ശ്രുതിയെ അടിമുടിയൊന്നു നോക്കി, ഒന്നമർത്തി മൂളിയ ശേഷം വണ്ടി മുന്പോട്ടെടുത്തു. യാത്രയിൽ അവൾ കാര്യങ്ങൾ വിശദമായി അയാളെ അറിയിച്ചു. എല്ലാം അയാൾ മൂളികേട്ടു. ജീപ്പ് ചുറ്റും കാടുപോലെ പടർന്നു കിടക്കുന്ന ഒരു കൊച്ചു വീടിനു മുൻപിൽ നിന്നു, ശ്രുതി ഭയത്തോടെ പുറത്തേയ്ക്ക് നോക്കി,
"നീ കവലപ്പെടാതമ്മ എനക്ക് കൊഞ്ചം മലയാളം തെരിയും. ഇങ്കെ വെളിയിൽ നിക്കവേണ്ടാ അവുങ്ക ആളുകൾ യാറാവത് പാർത്താൽ പ്രച്ചനമായിടും... ഉളൈ വാങ്കോ, ഇത് എനുടൈ വീട് താൻ, ഉളൈ പോയി പേസലാം...സ്റ്റേഷനിക്ക് പോയാൽ അവരുടെ ആളുകൾ പാത്തിടും, ഇങ്കെ സേഫ് താൻ "
ജീപ്പിൽ നിന്നും ശ്രുതി പുറത്തിറങ്ങി, ഒരു രക്ഷാധികാരിയുടെ കരവലയത്തിൽ സുരക്ഷിതയായെന്നുള്ള ചിന്തയിൽ അവൾ അയാളോടൊപ്പം വീടിനകത്തേയ്ക്ക് കയറി. അവളോട് ഇരിക്കാൻ പറഞ്ഞ ശേഷം അയാൾ വാതിലടച്ചു കുറ്റിയിട്ടു. അതു കണ്ടപ്പോൾ ഉള്ളിലെ ഭയം വീണ്ടും തലപൊക്കി. ശ്രുതി ചുറ്റുപ്പാടുമൊന്ന് നിരീക്ഷിച്ചു, ഒരു ഹാളും ബെഡ്‌റൂമും ഒരു കൊച്ചു അടുക്കളയും മാത്രമുള്ള വീട്.
"ഉങ്കൾക്ക് വേണോന്നാ ഉളൈ പോയി ഫ്രെഷായിട്ട് വാമ്മാ...ഉളൈ ബാത്ത്റൂമിരിക്ക്, എനുടൈ വൈഫ് സ്‌കൂൾ വാദ്ധ്യാർ താൻ, സായാഹ്നന്തനാമായിടും വീട്ടുക്ക് വരുമ്പോത്.... നീങ്കൈ ഫ്രഷ് ആയി വന്തതുക്കപ്പുറം ഉങ്ക ഊരു വീട്ടിൽ ഫോണിൽ പേസി എല്ലാത്തുക്കും മുടിവെടുക്കലാം, കവലപ്പെടാതെ"
ഒന്ന് ഫ്രഷ് ആകാമെന്ന് കരുതി ശ്രുതി കിടപ്പുമുറിയിലേക്ക് കയറിയപ്പോഴാണ് മുറിയ്ക്കൊന്നും വാതിൽ ഇല്ലെന്നും കർട്ടൻ ഇട്ട് മറയ്ക്കുക മാത്രമാണെന്നും മനസ്സിലായത്. മനസ്സില്ലാമനസ്സോടെ ശ്രുതി ബാത്റൂമിലേക്ക് പോയി.
ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ശ്രുതി കണ്ടത് മേശമേൽ നിരത്തി വെച്ച മദ്യകുപ്പിയും ഗ്ളാസ്സും ഒരു ചെറിയ പാത്രത്തിൽ അച്ചാറുമാണ്. അയാൾ ജനാലയ്ക്കരികിൽ നിന്നും ആരോടോ മൊബൈലിൽ സംസാരിക്കുകയാണ്, വസ്ത്രമെല്ലാം മാറ്റിയിട്ടുണ്ട്. ശ്രുതി അയാൾ സംസാരിക്കുന്നത് ചെവിയോർത്തു.
"സെൽവ, ഇത് റൊമ്പ റിസ്ക്.... അന്ത പൊണ്ണ് എന്നുടെ ജീപ്പ് മുന്നാടി വന്താച്ചു, വേറെ ആരുടെ കൈയിൽ മാട്ടികിട്ടാ റൊമ്പ പ്രസനമായിടും, ജാഗ്രതൈ. നീ സായന്തനം വന്ന് അവളെ കൊണ്ടുപോയിട്, ഇപ്പോ അവളെ നാൻ ....... " അയാൾ പൊട്ടിച്ചിരിച്ചു.
ചെന്നായകൂട്ടിൽ നിന്നും പുലിക്കൂട്ടിൽ വന്ന അവസ്ഥയായി ശ്രുതിയ്ക്ക്. പോലീസുകാരൻ സമീറിന്റെ ആൾക്കാർ ആണെന്നുള്ള അറിവ് ശ്രുതിയിൽ തീക്കനലിൽ വീണ അവസ്ഥയുണ്ടാക്കി. അവൾ രക്ഷപ്പെടാനായുള്ള പഴുത് തേടാൻ തുനിഞ്ഞപ്പോഴേക്കും അയാൾ തിരിഞ്ഞു നോക്കി. താൻ പറഞ്ഞതവൾ കേട്ടെന്നു മനസ്സിലാക്കിയ അയാൾ ഫോണ് താഴെവെച്ച് ഓടിവന്നു ശ്രുതിയെ കടന്നുപിടിച്ചു.
"നീ എൻകെയെടി പോകുന്നേ... ഇന്ന് നീയാണെന്റെ രാസാത്തി, ഫസ്റ്റ് ടൈം താൻ ഒരു പൊണ്ണേ ഫസ്റ്റ് ചാൻസ് കിട്ടുന്നത്. എപ്പൊതുമേ എനക് ലാസ്റ്റ് താൻ...."
ശ്രുതിയുടെ കണ്ണീരും അപേക്ഷയും അയാൾ ചെവിക്കൊണ്ടില്ല. വരുന്ന വഴിയിൽ വീടുകൾ ഒന്നും കാണാത്തതിനാലും ചുറ്റും കാടുപോലുള്ള സ്ഥലമായതിനാലും തന്റെ ശബ്‌ദം കേട്ട് ആരും വരില്ലെന്ന് അവൾക്കുറപ്പായിരുന്നു, എങ്കിലും അവൾ സഹായത്തിനായി അലറി വിളിച്ചു. പുറത്ത് മഴ ശക്തിയായി പെയ്തുതുടങ്ങി, അയാൾ അവളെ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു. അവളുടെ പ്രത്യാക്രമങ്ങൾ അയാളുടെ ബലിഷ്ഠമായ ശരീരത്തിന് മുൻപിൽ തോൽവിയണഞ്ഞു.
മുറിയുടെ മൂലയിലൊരു ചിലന്തി വലയിൽകിടന്നു ചിത്രശലഭം ചിറകടിച്ചുയരാൻ ശ്രമിക്കുന്നുണ്ടായിരുന്നു, എന്നാൽ പാഞ്ഞടുത്ത ചിലന്തി ശലഭത്തിന്റെ ഓരോ ചിറകും കടിച്ചെടുത്തു.
ശ്രുതിയുടെ കണ്ണുകളിലൂടെ ഒഴുകുന്ന കണ്ണുനീരിൽ അമ്മയുടെയും അച്ഛന്റെയും മുഖം പ്രതിഫലിച്ചു, അവൾ ഉച്ചത്തിൽ അലറി അമ്മേ.........
ആ വിലാപത്തിന്റെ മാറ്റൊലികൾ മഴത്തുള്ളികളിൽ തട്ടി ദൂരങ്ങൾ താണ്ടി ട്രെയിനിലെ ജനൽകമ്പികൾക്കിടയിലൂടെ സമീറിന്റെ ചെവികളിൽ വന്നു പതിച്ചു.
 സമീർ അപ്പോൾ മൊബൈലിൽ വന്ന മെസ്സേജ് നോക്കുകയായിരുന്നു.
Your next target, Shikha .... Further details will be send. Save her photos sending with this messege
സമീർ ഫോട്ടോ ഡൗണ്ലോഡ് ആകാൻ കാത്തിരുന്നു....
Wow... Beautiful.....,
തന്റെ അടുത്ത കാമുകിയ്ക്കായ് സമീർ ചിലന്തിവലകൾ നെയ്തുതുടങ്ങി..
***രേഷ്മ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo