Slider

രസതന്ത്രം -ഒരോർമ്മക്കുറിപ്പ്

0
രസതന്ത്രം -ഒരോർമ്മക്കുറിപ്പ്
****************************
സംഭവം നടക്കുന്നത് രണ്ടുദിവസം മുമ്പ്,
രാത്രി : ഞാൻ അടുക്കളയിൽ പണിയിലാണ്. മാളു പേടിച്ചരണ്ട് കൂവിക്കൊണ്ട് ഓടി വന്നു....
"എന്താദ് രാത്രിനേരത്തിങ്ങനെ കിടന്ന് കൂവണെ "? ഞാൻ ചൂടായി.
"എന്റെ കൈ മുറിഞ്ഞു.." അവൾ പറഞ്ഞു...
"ആ പൊടിയിട്ടുതരാം."...
എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കിപ്പോ..... കൈപ്പത്തി യുടെ പുറകുവശം മൊത്തം ചോര !!!!
ചോദിച്ചപ്പോ പറയാ പേപ്പർ മുറിച്ചപ്പോ... കത്രിക കൊണ്ടതാണ് ന്ന്...
"എന്റമ്മോ"... ധൈര്യം കൊടുക്കേണ്ട ഞാൻ അന്ധാളിച്ചു പോയി..
വേഗം ഭരതേട്ടനെ വിളിച്ചു, ഭരതേട്ടൻ വന്ന ഓട്ടോ യിൽത്തന്നെ അമലയിലേക്ക്... കുതിച്ചു..
പ്രതീക്ഷിച്ച പോലെത്തന്നെ രണ്ടു സ്റ്റിച്ച്... മെഡിസിനും
( അതിപ്പോ പിള്ളേരായതിൽപ്പിന്നെ വർ ഷാവർഷമായി മുടങ്ങാതെ നടത്തിപ്പോരുന്നൊരു വഴിപാടാണീ സ്റ്റിച്ചിടൽ.... )
തിരിച്ചു വന്നിട്ട് അവൾക്കൊരു "ഡോസ്" കൊടുക്കാനിരുന്ന എന്നെ.... എന്റെ ഉള്ളിൽത്തന്നെ ഇരിക്കുന്നൊരു പ്ലസ്‌ടുക്കാരി, വന്ന് തടഞ്ഞു... കണ്ണുരുട്ടി... "Don't do, Don't do.....
അതൊരു നീണ്ട കഥയാണ്. പത്തുപതിനെട്ടു വർഷം മുമ്പ്... ഒരു പരീക്ഷാചൂടുള്ളൊരു മാർച്ചുമാസം.... രാവിലെ...
രംഗം :1.
എന്റെ വീട്, ഒരു മുറി.
സംഭവം നടക്കുന്നത് കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ അന്ന് രാവിലെയാണ്... സാധാരണ ലാബിൽ നല്ല രസമാണ്, മൂന്ന് പേരുകൂടി ഒരു experiment ചെയ്താൽ മതി. പിന്നെ ഡൗട്ടടിച്ചാ... മ്മ്‌ടെ രതിച്ചേച്ചി ( ലാബ് അറ്റൻഡർ cum എന്റെ tuition ടീച്ചർ )ഹെല്പ് ചെയ്യും. ഇതിപ്പോ അങ്ങനല്ലാ.... Public exam ആയോണ്ട് വേറെ ഏതേലും സ്കൂളിലെ ടീച്ചർ ആയിരിക്കും... രതിചേച്ചിയാണെങ്കി ആലുവ മനപ്പുറത്ത് വെച്ചു കണ്ട പരിചയം പോലും കാണിക്കില്ല...
Experiment ഒക്കെ അറിയാം.. പക്ഷേ ആള് മ്മ്‌ടെ കെമിസ്ട്രി അല്ലേ... എല്ലാം കൂടി ഒരുമിച്ചു പഠിക്കുമ്പോ ആകെ ചക്കകുഴഞ്ഞ അവസ്ഥയാണ്...
ഞാൻ രാവിലെതന്നെ എണീറ്റ് കുളിച്ചു... രണ്ടുമൂന്നു കളർ ചന്ദനം തൊട്ട് (പരീക്ഷയല്ലേ.... ഇനി അതിന്റെ കുറവ് വേണ്ടാ.. ) പോവാനുള്ള ഡ്രസ്സ്‌ ഒക്കെ ഇട്ടു റെഡിയായി... ഇനി പോണവരെ ഇരുന്നു പഠിക്കാലോ......
അങ്ങനെ കുറച്ചുനേരം പഠിച്ചു.... ബോറ്... ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു... അപ്പോഴതാ ജനൽപ്പടിയിൽ Johnson & Johnson ന്റെ പൗഡർ ടിൻ... ചേച്ചിടെ മോന്റെ യാണ്... എടുത്തു നോക്കിപ്പോ കാലിയാണ്....
Idea !!!! അതെടുത്തു നോക്കി.. ഇതിന്റെ മുക്കാൽ ഭാഗത്തു വെച്ചു മുറിച്ചുകളഞ്ഞ്, സ്കെച്ച് പെൻ കൊണ്ട് ഡെക്കറേറ്റ് ചെയ്തെടുത്താൽ പേനയും പെൻസിലും ഇടാൻ ടേബിളിൽ വെക്കാം "..(ഇങ്ങനത്തെ കുരുത്തം കെട്ട ഐഡിയകളൊക്കെ അല്ലെങ്കിലും പരീക്ഷാക്കാലത്തെ തലയിലുദിക്കൂ..., അല്ലാത്തപ്പോ കുത്തിയിരുന്നാലോചിച്ചാലും കിട്ടൂലാ.... )
ഇപ്പൊ തല്ക്കാലം മുറിച്ചു വെക്കാം, വൈകീട്ടാവാം ഡെക്കറേഷൻ.... ഞാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കി...
പതുക്കെ അവിടന്നെണീറ്റു, അച്ഛേടെ ഷേവിങ്ങ് ബോക്സിൽ തപ്പിയപ്പോ swish ന്റെ ഒരു പാക്കറ്റ് പുത്തൻ ബ്ലേയ്ഡ് ഇരുപ്പുണ്ട്.. പതുക്കെ അതിന്നൊരെണ്ണം എടുത്തു... ഇങ്ങു പോന്നു...
ആദ്യം സ്കെച്ച് എടുത്തു മുറിക്കേണ്ടഭാഗത്തു കൃത്യമായി ചുറ്റും ലൈൻ വരച്ചു.... ഇനി അതിലൂടെ ഒന്നു മുറിച്ചെടുത്താൽ സംഗതി ok.
ഞാൻ, ഇടതു കൈയിൽ ടിൻ പിടിച്ചു കൊണ്ട്.. അടയാളമിട്ട ഭാഗത്തുകൂടി ഒന്നു വരഞ്ഞു...best.... ഒരു ചുക്കും സംഭവിച്ചിട്ടില്ല...
ഇത് അത്യാവശ്യം നല്ല കട്ടിയുണ്ട്... ഞാൻ ടിൻ നോക്കി മനസ്സിലാക്കി...
ഇത്തിരികൂടി ശക്തിയിൽ ബ്ലേഡ് പിടിച്ച്,,, ആഴത്തിലൊന്നു വരഞ്ഞു... എല്ലാം പെട്ടന്നായിരുന്നു.. മുറിഞ്ഞു.... മുറിഞ്ഞു... ടിന്നല്ല.... അതിൽ വഴുക്കി എന്റെ തള്ളവിരലിനു മുകളിലൂടെ ആഴത്തിലോരു മുറിവ്... Best !!! (അതാണ് കൊക്കിനുവെച്ചത് ചക്കിനു കൊള്ളുക എന്ന് പറയുന്നത് )
ഇത്തവണ അബദ്ധം പറ്റരുതല്ലോ എന്നു കരുതി നല്ല ഫോഴ്‌സിൽ വരഞ്ഞതാ... ടിൻ വഴുക്കി തടിതപ്പി...
അത്യാവശ്യം നന്നായി ചോരവരുന്നുണ്ട്.. പേടിം വെപ്രാളോം വേറെ...
അന്നേരം കൈയിൽ കിട്ടിയ ഒരു തുണിയെടുത്ത് ചുറ്റിക്കെട്ടി.. നോക്കുമ്പോ ഞാനിട്ടിരിക്കുന്ന തൂവെള്ളപാവാട മൊത്തം ചോര... വേഗം ഡ്രസ്സ്‌ മാറി, പാവാട ഒരു കവറിലാക്കി അലമാരയുടെ താഴത്തെ തട്ടിലേക്ക് തിരുകി...
അല്പം വെള്ളമെടുത്തു കുടിച്ചു.... ഫാൻ ഫുൾ സ്പീഡിലിട്ടു.. ഇത്തിരി ആശ്വാസമുണ്ട്. പതുക്കെ കെട്ടൊന്നഴിച്ചു നോക്കി... ഒരു രക്ഷേമില്ല... ചോരത്തിളപ്പ് മാറിയിട്ടില്ല... കെട്ടു മുറുക്കി ഞാൻ മുറിക്കു പുറത്തിറങ്ങി..
ചെന്ന് ചാടിക്കൊടുത്തത് അച്ഛന്റെ മുന്നിൽ... എന്റെ പരിഭ്രമം കണ്ട് ആള് കാര്യം തിരക്കി..
"പെൻസിൽ ചെത്തിയപ്പോ ബ്ലേഡ് കൈയിൽ കൊണ്ടതാ... "
അപ്പൊ വായിൽ വന്നതെങ്ങനെയാ.....
"അമ്മയോട് പറ, പൊടി വെച്ചു കെട്ടിത്തരാൻ...... "
അമ്മക്ക് എന്റെ കൈയിലെ പന്തം കാണിച്ചു കൊടുത്തു.... (അത്യാവശ്യം വലിയ കേട്ടാണ്, എണ്ണയൊഴിച്ചാൽ കത്തിക്കാം )....'അമ്മ പതുക്കെ മുറിവഴിച്ചു....
അപ്പഴേക്കും തുള്ളിച്ചാടി ഇങ്ങട് പോരാണ്.... ആര് ?നമ്മടെ O+ve ചോര...
"ഇത് സ്റ്റിച്ചിടേണ്ടിവരും ന്നാ തോന്നണേ ".....'അമ്മ അച്ഛനോട്
പരീക്ഷയെഴുതാൻ കൊതിപൂണ്ടിരിക്കുന്ന ഞാൻ ഇടയ്ക്കു കയറി... "വേണ്ട, വേണ്ട. ഏങ്ങടും പോണ്ടാ... എനിക്കിന്നു പരീക്ഷയാ... "
ഇതൊന്നും ശ്രദ്ധിക്കാതെ ചേച്ചിമാർ ചിന്തയിലാണ്... "പെൻസിൽ ചെത്തുമ്പോ എങ്ങനെ ഇവിടെ മുറിയണെ ?"...(സാഹചര്യത്തെളിവുകൾ എനിക്കനുകൂലമല്ലാത്തോണ്ട്.. ഞാനൊന്നും മിണ്ടിയില്ല.....
"മൗനം, വിദ്വാനു ഭൂഷണം " )
'അമ്മ വേഗം എന്നെ അപ്പുറത്തെ ശാരദേച്ചിടെ വീട്ടിൽ കൊണ്ടുപോയി... വാരിക്കോരി കൊടുക്കുന്ന പ്രകൃതമായ ശാരദേച്ചി അയോഡിനിൽ മുങ്ങിക്കുളിപ്പിച്ച ഒരു വലിയ കോട്ടൺ ബോൾ എന്റെ മുറിവിൽ വെച്ചുതന്നു......
ഒരു ചെറിയ തണവിനോടൊപ്പം വലിയൊരു പുകച്ചിൽ എനിക്കനുഭവപ്പെട്ടു.....ഈശ്വരാ !!!!
ഇപ്പൊ എനിക്ക് പരലോകം മൊത്തം വിസിറ്റ് ചെയ്യാൻ നേരല്ല്യാ ട്ടാ... എനിക്ക് പരീക്ഷക്ക് പോണം...
ശാരദേച്ചി തന്ന ഐസ് വാട്ടർ മൊത്തം കുടിച്ചിട്ടും ദാഹം മാറിയില്ല....
വീട്ടിലെത്തി, എന്തോ കഴിച്ചെന്നു വരുത്തി... അല്പം കിടന്നു... ഇപ്പൊ വല്യ കുഴപ്പല്ല്യാ... ന്നാ ഇനി പോവല്ലേ... ക്ലോക്കിൽ സമയം 9.15 പത്തുമണിക്കാണ് പരീക്ഷ. നടക്കാനുള്ള ദൂരമേയുള്ളൂ... ഞാൻ പതുക്കെ നടന്നു
അവിടെയെത്തിപ്പോ 9.30,
ലാബ് അടച്ചിട്ടിരിക്കയാണ്.. പരീക്ഷക്കുള്ള സെറ്റപ്പ് റെഡി ആക്കുവാ....
ഒരു ക്ലാസ്സിൽ ബബിതയിരുന്നു പഠിക്കുന്നു.. വല്ല്യ പുള്ളിയാ... നന്നായി പഠിക്കും.. ക്ലാസ്സിൽ ടോപ്പ് ആണ്. എനിക്ക് പഠിക്കാനൊന്നും തോന്നിയില്ല... അല്ലേലും... !!!ഇനീപ്പോ എന്ത് നോക്കാനാ...
"എന്ത് പറ്റി കയ്യില് ?"..?.
അവള് ചോദിച്ചു സംഭവങ്ങളുടെ ഒരു ചുരുക്കം ഞാൻ പറഞ്ഞൊപ്പിച്ചു... ഞാൻ കെട്ടിൽ നോക്കി നടന്നപ്പോ അനങ്ങിതോണ്ടാവും ചെറുതായൊരു നനവുണ്ട്...
വാണിംഗ് ബെല്ലടിച്ചതും, ബുക്കൊക്കെ ബാഗിലാക്കി ഹാൾടിക്കറ്റും, ബോക്സും, ക്ലാർക്സ് ടേബിളും ഒക്കെ എടുത്ത് ലാബിലേക്ക് നടന്നു.
രംഗം 2: ലാബ്
**************
എക്സാമിനർ വന്നു, ഹാൾടിക്കറ്റ് ഒക്കെ check ചെയ്തു,... Sign ചെയ്യിച്ചു... ബെല്ലടിച്ചതും exam തുടങ്ങി..... നമുക്കുള്ള എല്ലാ experiment ന്റെ പേരും എഴുതി ചുരുളാക്കി ഒരു ബൗളിൽ ഇട്ടിട്ടുണ്ട്. ഓരോരുത്തർ പോയി ഓരോന്നെടുത്താൽ മതി..
ഞാനും ചെന്നെടുത്തു ഒന്ന്.... തിരിച്ചു വന്ന് തുറന്ന് നോക്കിപ്പോ.... വല്ല്യ കൊഴപ്പല്യ... Organic liquid ന്റെ boiling point കണ്ടുപിടിക്കാനുള്ള experiment ആണ്... ഇപ്പൊ വിശദമായിട്ടെനിക്കോര്മയില്ല (വേണ്ടാത്ത കുരുത്തക്കേടുകൾ മാത്രേ ഓർമയുള്ളൂ..... )
പിന്നെ ഒരു ചെറിയ ഗ്ലാസ് ബൗളുമായി രതിച്ചേച്ചി വന്നു... ലവൻ ഏതോ salt ആണ്... എന്താ.. ഏതാ.. ഒന്നും അറിയില്ല... നമ്മളോരോ പരീക്ഷണം നടത്തി വേണം ഓന്റെ ഊരും, കൂടീം, ഗോത്രോം, കുലോം ഒക്കെ കണ്ടുപിടിക്കാൻ..... മാത്രല്ലാ എല്ലാം എഴുതേം വേണം..
ഞാൻ പോയി ബ്യുറെറ്റ്, പിപ്പറ്റ്, ഒക്കെ set ചെയ്ത ടേബിളിനടുത്തേക്ക് പോയി.. എന്തോ പേരറിയാത്തൊരു കെമിക്കല് പിപ്പറ്റിലൂടെ വലിച്ചു... ജ്യൂസ് കുടിക്കണ പോലെ... എന്നിട്ട് വായ്ഭാഗം അടച്ചുപിടിച്ചു ടെസ്റ്റ് ട്യൂബിലേക്കൊഴിച്ചു....
പിന്നെ ആകെ ഒരു പൊക പോലെ വന്ന് എന്റെ കണ്ണു മൂടി.... നമ്മടെ ബ്യുററ്റും, പിപ്പറ്റും, ടെസ്റ്റ്യൂബും പിന്നെ ഞാനും കൂടി ദാ.... കെടക്കണ്...
തലകറങ്ങിതാണ്.... 😇😇
ഒരു മയക്കത്തിന്റെ ആലസ്യത്തിൽ നിന്ന് മടിയോടെ കണ്ണുതുറന്നപ്പോ ഞാൻ കിടക്കാണ്...
"ഇന്ന് പരീക്ഷ ഉള്ളതല്ലേ.. എന്തേ അമ്മയെന്നെ വിളിക്കാഞ്ഞേ"....?
അപ്പോഴാണ്..... ഞാൻ വീട്ടിലല്ല, ഇത് ലാബ് ആണ് എന്നെനിക്ക് മനസ്സിലായത്...
പെട്ടെന്നു തന്നെ എനിക്ക് കഴിഞ്ഞതെല്ലാം ഓർമവന്നു..
രതിച്ചേച്ചി അടുത്തേക്ക് വന്നു കുടിക്കാൻ വെള്ളം തന്നു... ലാബിലെ വാഷ്ബേസിനിൽ മുഖം കഴുകി... ബബിത ടീച്ചറോട് മുറിഞ്ഞു ബ്ലഡ് പോയ കാര്യമൊക്കെ പറഞ്ഞിരുന്നു....
ഞാൻ നോക്കിപ്പോ സമയം അധികം ഇല്ല... പിന്നെ എന്തോന്നെടുത്തു പരീക്ഷിക്കാൻ.... ? എനിക്ക് തന്ന ഉപകരണങ്ങളെല്ലാം പൊട്ടിച്ചിതറി അതെല്ലാം കൊട്ടയിൽ കോരി ലാബിന്റെ മൂലയിൽ വെച്ചിരിക്കയാണ്....
വേഗം salt എടുത്തു, ആദ്യത്തെ ടെസ്റ്റിൽ തന്നെ പുള്ളി കീഴടങ്ങി....
അടുത്ത ടെസ്റ്റിൽ ഗോത്രോം കിട്ടി... വേഗം ചറപറാ ന്ന് തിയറി എഴുതിക്കൊടുത്തു.
ലാബിൽ നിന്നും ഇറങ്ങി... വേഗം വീട്ടിലേക്ക് പോന്നു.
രംഗം ,വീട്
************
'അമ്മ... സേതുരാമയ്യരെപ്പോലെ, കട്ട ഗൗരവം.. .. കൂടെ മുകേഷും, ജഗതിയും ആയി ചേച്ചിമാരും.. ... നോക്കിപ്പോ അവിടടുത്ത്... നമ്മടെ തൊണ്ടി മുതലുകളായ പൗഡർ ടിൻ, ബ്ലേഡ്, കവറിലെ പാവാട....
ഇനീപ്പോ എല്ലാം മനസ്സിലായ സ്ഥിതിക്ക് ഞാനൊന്നും പറയേണ്ടതില്ലല്ലോ.... ഞാൻ മിണ്ടാതെ നിന്നു....
അപ്പോഴാണത് ശ്രദ്ധിച്ചത്.... നമ്മുടെ പൗഡർടിന്നിൽ ചോര ഉണങ്ങിട്ട് നിറയെ ചുവന്ന കുത്തും, പുള്ളിം, വരേം.... ഹാവൂ ഇനീപ്പോ അത് ഡിസൈൻ കൊടുക്കണ്ടാ...
അല്ലേലും ആർക്ക് വേണം ഇനിയത് ? ഞാൻ പുച്ഛത്തിൽ തലവെട്ടിച്ച് അകത്തേക്ക് പോന്നു.

#Bini Bharathan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo