Slider

ഒരു പെണ്ണിനെ വെറും പെണ്ണാക്കുന്ന കഥ . * * * * * * * * * * * * * * * * * * * * * * * * * * * ഭാഗം : 2.

1

ഒരു പെണ്ണിനെ വെറും പെണ്ണാക്കുന്ന കഥ . * * * * * * * * * * * * * * * * * * * * * * * * * * *
ഭാഗം : 2.
$ $ $ $ $ $

ഒന്നിരുന്നോ ... അമ്മ പറഞ്ഞു.
ഒന്ന് പോയേ .. പ്രലോഭിപ്പിക്കാതെ മൂരാച്ചിയമ്മേ. ഇരുന്നാൽ സിസ്സേറിയനായാൽ ...ഹാ... ഞാൻ നടക്കും. നടന്ന് നടന്ന് പ്രസവിക്കും .
മനസ്സിൽ പറഞ്ഞത് അമ്മ കേട്ടോ ?
ന്നാ നടന്നോ ... ഒരൊഴുക്കൻ മട്ടിൽ.
പണ്ടമ്മ പറയാറുണ്ട് ഒരു മുറിവായാൽ ചീറി പൊളിക്കുന്ന നീയൊക്കെ ഒന്ന് പെറേണ്ടി വന്നാൽ ചുമരിമ്മേൽ കേറോ ...ന്ന് .
ദാ കണ്ടോളൂ കണ്ടോളൂ .. ചുമരിനെ ഒന്ന് തൊടുക പോലും ചെയ്യാതെ ഞാൻ പ്രസവത്തിലേക്ക് നടന്നടുക്കുന്നത്. ആഹ്ലാദിപ്പിൻ.. ആഹ്ലാദിപ്പിൻ.
കേരളാ ഫയർ ഫോഴ്സിനും പ്രിയ്യപ്പെട്ട നാട്ടുകാർക്കും...
യ്യോ ...
ഒരൊന്നൊന്നര വേദന.
കണ്ണ് മേലോട്ട് പോണ കണ്ട് അമ്മ വന്ന് പിടിച്ചു.
ഇവിടിരിക്ക്.
ഞാൻ വൺ ടൂ ത്രീ ഒരു ഡീപ്പ് ബ്രീത്.
വിട്ടേ വിട്ടേ.. നടക്കട്ടേ. വണ്ടി വീണ്ടും മുന്നോട്ട് .
പതിനൊന്ന് മണിക്ക് ഡോക്ടർ വരുമെന്ന് പറഞ്ഞിരുന്നു. കൃത്യം പതിനൊന്ന് മണിക്ക് . അകത്ത് ന്ന് വിളി വന്നു.
അശ്വനീ..
വേച്ച് വേച്ച് ഉള്ളിലേക്ക് . വേദനയുടെ സുഖം കൊണ്ട് കട്ടിലിലെത്തിയത് അറിഞ്ഞതേയില്ല . കണ്ണടച്ച് കിടന്നു . ഡോക്ടർ വരട്ടേ . പതിനൊന്നേ കാലായി . വലിയ ക്ലോക്കാ.. ഡോക്ടറിതെവിടെ...
സിസ്റ്റർ ... ഡോക്ടർ വരുന്ന വരെ ഞാൻ പോയി നടക്കട്ടേ ? സിസ്റ്റർമാരെല്ലാം എന്തോ അപരാധം കേട്ടപോലെ . അവിടെ കിടക്കെടോ.. ഡോക്ടറിപ്പോൾ വരും .
ശാരി അപ്പുറത്തെ ബെഡ്ഡിൽ.. വേദനിച്ച് പുളയുന്നു. അനന്ത നാരായണൻ ഡോക്ടർ . സമാധാനിപ്പിക്കുന്നൊക്കെയുണ്ട്. ചെറിയ വലിയ കരച്ചിലുകൾ.
ശ്രമങ്ങൾ . ഫ്ലൂയിഡ് തീരെ ഇല്ലാ ... പ്രസവം നടക്കാൻ പ്രയാസം .
സിസ്സേറിയൻ ! ശാരിയുടെ കരച്ചിൽ നിലച്ചു.. എങ്ങോട്ട് കൊണ്ടു പോയവളെ.. കാണാനില്ല .
പതിനൊന്നര. രണ്ടാമത്തെ ശാരിയും സിസ്സേറിയന് കീഴടങ്ങുന്നത് കണ്ട് എൻറെ... നാഡി ഞെരമ്പ് വലിഞ്ഞു മുറുകണ് പേശികളൊക്കെ .. ഉരുണ്ട് കയറ്ണ്..
അങ്ങിനെയെന്തൊക്കെയോ ...
ഞാൻ പതുക്കെ കട്ടിലിൽ നിന്നെണീറ്റു . ശ്രദ്ധിച്ചില്ലേൽ കട്ടിലിന് തലപ്പത്തെ വലിയ പൊത്തിലൂടെ ഞാൻ താഴെ വീണാലോ .. എണീറ്റ് വാതിൽക്കലെത്തി . ആരും ശ്രദ്ധിക്കുന്നൊന്നുമില്ല. എന്നാലും നമുക്കൊരു മര്യാദയില്ലേ .
സിസ്റ്റർ ; ഞാൻ പുറത്ത് നടക്കുന്നുണ്ട് . ഡോക്ടർ വന്നാൽ വിളിച്ചാൽ മതി . അവരുടെ ചിരി കാണാതെ ഞാൻ പുറത്തെത്തി . അമ്മ ഓടി വരുന്നു . ഞാൻ പ്രസവിച്ചയുടനെ എണീറ്റ് പോന്നതാണെന്ന് കരുതിക്കാണും . പാവം .
ഡോക്ടർ വന്നില്ല.
ഹാ . അമ്മ ശ്വാസം വിട്ടു .
കുറച്ചൂടെയങ്ങ് നടന്നു. ഇനിയെങ്ങാനും ഇത് സിസ്സേറിയനായാൽ എൻറെ വിധം മാറും . ആരോടെന്നില്ലാതെ ഞാൻ .
വേദനയുടെ ഏതോ യാമത്തിൽ ഡോക്ടർ വന്നെന്ന് പറഞ്ഞ് ഒരു സിസ്റ്റർ കൂട്ടാൻ വന്നു.
വീണ്ടും ഓട്ടക്കട്ടിലിൽ മലർന്ന് കിടന്നു. കാല് മുകളിലോട്ട് . ഡോക്ടറുടെ കൈ ഉള്ളിലോട്ട് .
പ്ലും .
ഡോക്ടർ പണി പറ്റിച്ചു. ഫ്ലൂയിഡ് പൊട്ടിച്ചു . മുന്നീർകുടം പൊട്ടുന്നതിനെപ്പറ്റി വായിച്ചിരുന്നു. ഇതിങ്ങനെ പൊട്ടിച്ച് കളിക്കുന്നത് ഇവിടെ വന്നപ്പോഴാ കണ്ടത് . നടത്തക്കാരിൽ ചിലർ നടക്കുന്ന വഴിക്ക് നിലം നനക്കുന്നത് കണ്ട് മനസ്സിലാക്കിയതാണ്. ഇനി ഞാനും നനഞ്ഞൊലിച്ച് ആ വഴി നടന്ന് നനക്കണോ... ഡോക്ടർ അപ്രത്യക്ഷയായി. സിസ്റ്റർ ഒരു നീല യൂനിഫോമുമായി വന്നു . ഡ്രെസ് മാറ്റി സുന്ദരിയായ ഞാൻ ബാത്റൂമിൽ നിന്ന് തലയിട്ട് ചോദിച്ചു. ഇനിയും നടക്കാനാണോ ? അല്ല ഇനി ഉള്ളിൽ പോയി കിടക്കണം .
അയ് വാ ..അത് കൊള്ളാം . നടക്കാൻ പോയിട്ട് കിടക്കാൻ പോലും വയ്യാത്ത പാവം ഞാൻ വീണ്ടും കട്ടിലിൽ .
മലർന്ന് കിടന്ന് ചുറ്റും നോക്കി . പല പല ശബ്ദങ്ങൾ . ഞെരക്കങ്ങൾ . ഡോക്ടർ തൊട്ടടുത്ത കട്ടിലിൽ . ഡീ എൻസിയോ മറ്റോ ആണ് . ആ ചേച്ചി കലിപ്പിലാണ് .
ചേച്ചി : അയ്യോ ... വേണ്ട.
ഡോക്ടർ : എന്ത് ..?
ചേ : വയറ് വേദനിക്ക്ണൂ.
ഡോ : ഏ..അതിന് ഞാൻ തൻറെ വയറ്റത്തൊന്നും ചെയ്തില്ലല്ലോ.
ചേ : ഹാആആആ
ഡോ : എത്ര മക്കളാ.. വീടെവിടാ..
ദാ കഴിഞ്ഞു .
ചേ : ഹൂ..
ഡോ : കഴിഞ്ഞെടോ.
എന്തോ സംഭവിച്ചു . വേണേൽ എനിക്ക് നോക്കിയാൽ കാണായിരുന്നു . ഞാൻ നോക്കാൻ പോയില്ല. വെറുതെ പേടിച്ച് പ്രഷറ് കൂട്ടണ്ടല്ലോ .
സ്വന്തം വേദന തന്നെ സഹിക്കാൻ പറ്റാത്തപ്പോഴാ .. ആരാൻറെ വേദന..
നഴ്സ് മാർ ഓരൊരുത്തരായി വന്ന് എന്തൊക്കെയോ ചെയ്തു . ഗ്ലൂക്കോസിടുന്നു . മൂത്രം കുത്തിയെടുത്തോണ്ട് പോകുന്നു. വയറൊക്കെ പരിശോധിക്കുന്നു . മുറുമുറുക്കുന്നു . കുശുകുശുക്കുന്നു .
വലിയതും ചെറിയതുമായ വേദനകൾ . ഞാൻ ശ്വാസം പതുക്കെയെടുത്ത് വേദനയ്ക്കൊപ്പം അയച്ച്.... കൂളിറ്റ്... കൂളിറ്റ് . എവരിതിങ്ങ് വിൽ ബീ ഫൈൻ സൂൺ . ആം ഗോയിങ്ങ് ടൂ ബീ ഏ മതർ . കൂളിറ്റ് .
ഒന്നുറങ്ങിയെണീറ്റോ . എന്നിട്ടൊക്കെയേ പ്രസവം ഉണ്ടാവൂ . മയങ്ങാൻ മരുന്ന് വെച്ചിട്ടുണ്ട് .
മാലാഖ പോലൊരു നഴ്സ് കണ്ണിൽ വന്ന് മങ്ങി മങ്ങി പോയി .മയക്കത്തിലേക്ക്.
കണ്ണടച്ചപ്പോഴേക്കും ആകെ ബഹളം . ചുറ്റും സിസ്റ്റർമാർ .
ദാ പറയുന്നു . കുട്ടി ഇറങ്ങി വന്നിട്ടുണ്ട് ട്ടാ . താൻ ശ്രമിച്ചാൽ മാത്രം മതി .
ങേ ?
അപ്പൊ ഡോക്ടറെവിടെ ? ടാക്സി വിളിയെടോ ..
എന്ത് . ആരാ പ്പൊ പടക്കം പൊട്ടിച്ചേ .. ഇന്നെന്താ വിഷുവാ ?
മയക്കം വിട്ടു മാറുന്നില്ല. ഞാനിപ്പൊ കണ്ണടച്ചല്ലേ ഉള്ളൂ . അതോ കുറേ നേരായോ ? കുഞ്ഞിറങ്ങി വന്നെന്നല്ലേ പറഞ്ഞേ .
ഞാൻ ശ്രമിക്കണം . അതെ ആഞ്ഞൊന്ന് തള്ളി നോക്കി . തല കിറുങ്ങി പോകുന്നു . കാലുറക്കുന്നില്ല . വീറയ്ക്കുന്നു .
നന്നായൊന്ന് മുക്കി നോക്ക് ട്ടാ ...
ഇടയ്ക്കൊരു സിസ്റ്റർ വരും .
സിസ്റ്ററേ എനിക്ക് ബലം കിട്ടുന്നില്ല. കാല് തളരുന്നു . മുറിഞ്ഞ ശബ്ദത്തിൽ .
എന്നാവിടെ കിടന്നോ .. എടോ കുട്ടി നന്നായിറങ്ങീട്ട്ണ്ട് . ഇയാളൊന്ന് ശ്രമിച്ചാൽ മതി . പ്രസവിക്കണ്ടേ ..? വേണ്ടെങ്കിൽ അവിടെ തളർന്ന് കിടന്നോ ..
വേണം വേണം .. എൻറെ ചുങ്കിടിയെ കാണണം . വായിച്ചതോർമ്മ വന്നു . എല്ലാവരും അമ്മയുടെ ലാബർ പെയ്ൻ മാത്രം കാണുമ്പോൾ കാണാതെ പോകുന്ന ഒന്നാണ് കുഞ്ഞിൻറ്റെ വേദന . പുറത്ത് വരാനായി അത് കാണിക്കുന്ന ശ്രമങ്ങൾ . പലപ്പോഴും നമ്മളോർക്കുന്നില്ല കുഞ്ഞിൻറെ ലേബർ.
ഇവിടെയിപ്പോ കുഞ്ഞ് താഴെ വന്നിരിക്കുന്നു . ഞാൻ ..ഞാനാണിനി ശ്രമിക്കേണ്ടത് . വേദനകൊണ്ട് തളർന്നെങ്കിലും .... ദാ ഇത് കഴിഞ്ഞാൽ പിന്നെ ..ഞാനും കുഞ്ഞേട്ടനും ഞങ്ങടെ കുഞ്ഞും ...
അമ്മേ ...എന്നിടയ്ക്കൊന്നു വിളിച്ചു . ചുറ്റുമുള്ള കട്ടിലുകളിൽ നിന്നും അമ്മയും ഉമ്മയും ഭഗവാനും പടച്ചോനും പൊങ്ങി വരുന്നു .
ഡോക്ടർ വന്നു . എന്നെ എന്തൊക്കെയോ ചെയ്യുന്നുണ്ട് .. മുള്ളെടുക്കാൻ കാല് നീട്ടി വച്ച് പച്ചില നോക്കി കിടക്കുന്ന കുട്ടിയെ പോലെ ഞാൻ മുന്നോട്ട് നോക്കാതെ കിടന്നു .. വേദന വന്നപ്പോൾ ഇടയ്ക്ക് ഞെരങ്ങി ... മയക്കത്തിൽ കണ്ടു സിസ്റ്റർമാരെ.. ആശ ഡോക്ടറെ .. ഗോപി സാറിനെ ... ഒന്നുറക്കെ ഞെരങ്ങേണ്ടി വന്നു .
ഛെ ..! ആശ ഡോക്ടർ തുറിച്ച് നോക്കിയതോർമ്മയുണ്ട്. പിന്നെ എൻറെ ശബ്ദം പൊങ്ങിയില്ല.
ചുങ്കിടീ എന്ന് ഉള്ളിൽ വിളിച്ച് സർവ്വ ശക്തിയുമെടുത്തൊന്ന് പ്രെസ്സ് ചെയ്തു . ...
മയക്കം വരുന്നു. കണ്ണടയുന്നു.
ആരാ പ്ലാസൻറ വാങ്ങാൻ റെഡിയാവുന്നത് . ആശ ഡോക്ടറുടെ ചോദ്യം .
ഞാൻ ... ഏതോ സിസ്റ്റർ .
അപ്പോ...കഴിഞ്ഞു.
ചുങ്കിടി പുറത്തെത്തിയത് ഞാനറിഞ്ഞില്ല. പ്ലാസൻറയിലെത്തി കാര്യങ്ങൾ . ഞാനൊരു നീണ്ട ശ്വാസം വിട്ടു .
ദാ . അശ്വനി ...ആൺകുഞ്ഞാണ് . ഒരുമ്മ കൊടുത്തോ .
സിസ്റ്ററുടെ കയ്യിൽ ചുങ്കിടി . ആൺകുഞ്ഞോ .. ! മയക്കത്തിലും ഞാനൊന്ന് പ്ലിങ്ങി . ഉമ്മ വെച്ചത് കുഞ്ഞിനെയാണോ സിസ്റ്ററുടെ കയ്യിലാണോ എന്ന് പോലും അറിഞ്ഞില്ല .
പിന്നെ കുഞ്ഞിനെ കണ്ടില്ല . വേദനയുടെ മറ്റൊരു തരം താഴേന്ന് പടർന്നു . നീറുന്നു . ആരോ കുത്തിപ്പറിക്കുന്നു താഴെ . മുറിവ് തുന്നുന്നതാണ് . വേദനകൊണ്ട് പുളഞ്ഞപ്പോൾ തുന്നുന്ന രൂപങ്ങളെ ചവിട്ടിത്തെറിപ്പിക്കാൻ വരെ തോന്നി . അപ്പോഴൊക്കെയും ദാ കഴിഞ്ഞു...ദാ കഴിഞ്ഞു എന്ന് മാത്രം അവർ പറഞ്ഞു .
തുന്നിക്കൂട്ടി തുണിവെച്ച് പാക്ക് ചെയ്ത് ഞാൻ പുറത്തെ റൂമിലെത്തി . നടത്തക്കാരെയൊന്നും കാണാനില്ല . ഒരുത്തി കുഞ്ഞുമായി തൊട്ടപ്പുറത്ത് .
ചുങ്കിടിയേം കൊണ്ട് അമ്മ വന്നു. അതൊരു പൂച്ചക്കുഞ്ഞിനെപോലെ ങീ ങീ ന്ന് കരഞ്ഞുകൊണ്ടിരുന്നു. എൻറെ അടുത്ത് കിടത്തിയപ്പോൾ അത് പിടഞ്ഞുകൊണ്ടിരുന്നു. വായിൽ വിരലിട്ട് കരഞ്ഞു .
കുഞ്ഞിന് പാല് കൊടുക്കണം . ആദ്യമായിട്ടെങ്കിലും അറിവുള്ള അമ്മയെ പോലെ അവനെ മാറോട് ചേർത്തു. അവൻ ചുണ്ടൊന്ന് ചേർത്ത് വലിച്ചു . ഭയന്ന് പിൻമാറി പിടഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു.
അശ്വനി മൂത്രമൊഴിച്ചോ ? മൂത്രമൊഴിച്ചാൽ ഇവിടെന്ന് റൂമിലേക്ക് പോവാം .
സിസ്റ്റർ പറഞ്ഞപ്പോൾ ഞാനതിശയിച്ചു. മൂത്രമൊഴിക്കുന്നതിത്ര വലിയ കാര്യമായോ .. !
ടോയ്ലറ്റിൽ കയറിയപ്പോൾ മനസ്സിലായി നീറുന്ന വേദനക്കൂട്ടിൽ നിന്നിറ്റിവീണ നാല് തുള്ളിയുടെ വില .
റൂമിലെത്തി. ചുറ്റും സ്നേഹ മുഖങ്ങൾ . കുഞ്ഞെൻറെ അരികിൽ കിടന്നു ചിണുങ്ങി . കുഞ്ഞേട്ടൻ വന്നൊന്ന് ചിരിച്ചു .
ദേ നമ്മുടെ ചുങ്കിടി എന്ന് കണ്ണുകൾകൊണ്ട് പറഞ്ഞതിനെ ഉമ്മ വെച്ചു .
പെണ്ണായില്ല കുഞ്ഞേട്ടാ . ഞാൻ പതുക്കെ പറഞ്ഞു .
സാരല്ല്യ ആണായാലും നമ്മുടെ ചുങ്കിടിയല്ലേ കുഞ്ഞേട്ടനവനെ ചേർത്ത് പിടിച്ച് ഒന്നൂടെ ഉമ്മ വെച്ചു .
ഞാനപ്പോഴാണവനെ ശരിക്ക് നോക്കുന്നത് . ഒരു റോസ് ചുങ്കിടി . കുഞ്ഞിക്കണ്ണ് ..കുഞ്ഞിച്ചുണ്ട് . ചുരുണ്ട കൈകാലുകൾ .
മേലോട്ട് നോക്കി വാ തുറന്നങ്ങിനെ. ഞങ്ങടെ പ്രാണൻറെ പാതി .
പാല് കുടിക്കാനാവാതെ അവൻ കരഞ്ഞുകൊണ്ടിരുന്നു . പിന്നീട് രണ്ടാഴ്ചയോളം അവനെ പാല് കുടിപ്പിക്കാൻ എല്ലാവരും ബുദ്ധിമുട്ടി. പിഴിഞ്ഞെടുത്തും സിറിഞ്ചുകൊണ്ട് വലിച്ചും ഞാൻ കുറേ വേദന കൂടി തിന്നെങ്കിലും അവൻറെ വിശപ്പിന് മുന്നിൽ എല്ലാം എളുപ്പം മറന്നു.
കുഞ്ഞിനെ കാണാൻ പലരും വന്നും പോയും കൊണ്ടിരുന്നു. പ്രിയ്യപ്പെട്ടവർ പലരും ഫോൺ ചെയ്ത് വിശേഷങ്ങളന്വേഷിച്ചു. സ്നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ . ഈ ദിവസങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരാത്തത് എടപ്പാൾ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഒക്കെയാണ്.പ്രത്യേകിച്ച് ഗോപിനാഥൻ സാറിനും ആശ ഡോക്ടർക്കും പിന്നെ രാത്രി ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന സിസ്റ്റേഴ്സിനും .ആരേം കൂടുതൽ പരിചയപ്പെട്ടിട്ടില്ല . ദൈവവും മാലാഖമാരുമൊക്കെ ഭൂമിയിൽ തന്നെയാണെന്നല്ലേ അവർ കാണിച്ചു തന്നത്. ഈ കൂട്ടത്തിൽ രഘുവിനെക്കൂടി ഓർക്കേണ്ടതെങ്കിലും സൗഹൃദത്തിന്നാഴങ്ങളിൽ നന്ദിവാക്കിനിടമില്ലെന്ന് ഉള്ളിലാരോ പറയുന്നു .
കുഞ്ഞേട്ടന് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. കുഞ്ഞിനെ എങ്ങിനെ എടുക്കുമെന്ന് പോലുമറിയാതെ തൊട്ടു നോക്കി മാറി നിൽക്കുന്ന ടിപ്പിക്കൽ അച്ഛൻമാരിൽ നിന്ന് മാറി ഒരു യഥാർത്ഥ അച്ഛനായി . ആദ്യ ദിവസം തന്നെ കുഞ്ഞാഞ്ഞയെ എടുക്കുന്നു ... അവന് പാല് കൊടുക്കാൻ സഹായിക്കുന്നു... ചീച്ചീം അപ്പീം വൃത്തിയാക്കുന്നു ... ഒരു വലിയ മുണ്ടെടുത്ത് കീറി ഡയപ്പർ കെട്ടുന്നതെങ്ങിനെയെന്ന് അമ്മമാർക്ക് കാണിച്ചു കൊടുക്കുന്നു .. പാല് കൊടുത്ത ശേഷം വളരെ പ്രൊഫഷണൽ ആയി കുഞ്ഞിൻറെ ഗ്യാസ് തട്ടിക്കളയുന്നു . അമ്മമാർ അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുമ്പോൾ എനിക്ക് ഭക്ഷണം എടുത്ത് തരുന്നു .. മുടി വേറെടുത്ത് കെട്ടിത്തരുന്നു.. പലതിനും വേണ്ടി ഓടി നടക്കുന്നു. ഒപ്പം ഉണ്ണിയും .
ഒരാഴ്ച് കഴിഞ്ഞാണ് ഡിസ്ചാർജ്ജായത് . കുഞ്ഞാഞ്ഞയ്ക്ക് മഞ്ഞ. ലൈറ്റിന് കീഴേ കിടത്തി . ഫോട്ടോ തെറാപ്പി. പാല് നേരിട്ട് കുടിക്കാത്തോണ്ട് ഇടയ്ക്ക് NICU . ഒക്കെ കഴിഞ്ഞ് വീട്ടിലെത്തി സെറ്റിലാവാൻ പിന്നേം സമയമെടുത്തു.
കാലം എത്രയൊക്കെ മുന്നോട്ട് പോയിട്ടും പ്രസവത്തിൻറെ അയിത്തോം തീണ്ടലും പറയുന്ന വീട്ടുകാരുടെ കൺമുന്നിലൂടെ കുഞ്ഞേട്ടൻ ഞങ്ങളുടെ മുറിയിലേക്ക് കടന്നു വന്നു .
ഞാനിവിടെ കിടന്നോളാം .
അമ്മമാർ രണ്ടും മിണ്ടാണ്ട് പോയി കിടന്നുറങ്ങിയ രാത്രികളിൽ കുഞ്ഞാഞ്ഞയെ എടുത്തും .. പാൽ കൊടുക്കാൻസഹായിച്ചും.. സ്റ്റിച്ച് വേദനിച്ച് അമർന്നിരിക്കാൻ പോലും പറ്റാതിരുന്നപ്പോഴൊക്കെ എന്നെ ആശ്വസിപ്പിച്ചും.. അവൻ ഉറങ്ങാതിരുന്ന രാത്രികളിൽ അവനെ എടുത്തിരുന്നും . . നീയുറങ്ങിക്കോ എന്ന് എന്നോട് പറഞ്ഞ് അവനെ തൊട്ടിലിലാട്ടിയുറക്കിയും അച്ഛനാണ് ഞാനെന്ന് വീണ്ടും വീണ്ടും പറഞ്ഞു .
അമ്മത്താരാട്ടുകളേക്കാൾ അച്ഛൻ താരാട്ട് കേട്ട് കുഞ്ഞാഞ്ഞ വളർന്നു. അവനും അവനൊപ്പം നേടിയ ഓർമ്മകൾക്കും ഒരു വയസ്സായിരിക്കുന്നു .
പ്രസവം ഒരു സംഭവമാണെന്നോ മാതൃത്വം അതി മഹത്തരമാണെന്നോ അഭിപ്രായമില്ല. മാതൃത്വത്തെ മഹനീയമാക്കി കുഞ്ഞിൻറെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന പിതൃത്വമാണ് മാറ്റിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് . ഒരു പെണ്ണ് ശരീരം കൊണ്ട് ഒന്ന് പ്രസവിക്കുന്ന സമയം കൊണ്ട് കൂടെയുള്ള ഭർത്താവും വീട്ടുകാരും ഒന്നിലേറെ തവണ പെറ്റിട്ടിരിക്കും മനസ്സിൽ ഗർഭം ധരിച്ച ആധിയുടെ കുഞ്ഞുങ്ങളെ . സർവ്വ ജീവജാലങ്ങളിലും സാധാരണവും സ്വാഭാവികവുമായി നടക്കുന്ന ഒന്നിനെ നാം മനുഷ്യരെത്രയോ ജാഗ്രതയോടെ നോക്കിക്കാണുന്നു .
ഓരോ ഘട്ടത്തിലൂടെ ജീവിതം കടന്ന് പോകുമ്പോഴും പുതിയ പുതീയ പാഠങ്ങൾ നാമോരോരുത്തരും പഠിക്കുന്നു . ഗർഭകാലവും.. പ്രസവവും .. വേദനകളും ..ഉറക്കമില്ലാത്ത രാത്രികളും നമ്മെ ഓർമ്മപ്പെടുത്തുന്നത് നമ്മുടെ മാതാപിതാക്കളെ കുറിച്ചാണ് .. അമ്മേ എന്ന് വിളിക്കാതെ പെറ്റിടാനാവില്ല നോവിൽ കുതിർന്ന ഒരു കുഞ്ഞിനേയും . പ്രസവം ഒരോർമ്മപ്പെടുത്തലാണ് . ചിലർക്ക് ചിലതിനെക്കുറിച്ചുള്ള ഉറക്കെയുറക്കെയുള്ള ഓർമ്മപ്പെടുത്തൽ പെറ്റമ്മയെ തള്ളിപ്പറയുന്നവരേയും .. അച്ഛനമ്മാരെ അനാഥാലയത്തിലയക്കുന്നവരേയും... പെണ്ണിനെ വെറും കാമം ശമിപ്പിക്കാനുള്ള ഉപാധിയായി മാത്രം കാണുന്നവനേയും .. പെണ്ണായി പിറന്നിട്ടും പെണ്ണിനെ അറിയാത്തവളേയും ...ഒരു ദിവസത്തേക്ക് തടവിലിടണം ഒരു ലേബർ റൂമിൽ .
ഞെരക്കങ്ങളിൽ നിന്ന് ... അലർച്ചകളിൽ നിന്ന്...പരിഭ്രാന്തികളിൽ നിന്ന് ... അടക്കിപ്പിടിച്ച തേങ്ങലുകളിൽ നിന്ന്... രക്ത ചൊരിച്ചിലുകളിൽ നിന്ന് ... ചോരത്തുണികളിൽ നിന്ന്... ജനനങ്ങളിൽ നിന്ന് ...മരണങ്ങളിൽ നിന്ന്.. അവർ ജീവിതം പഠിക്കട്ടെ ....
( ശുഭം )
Aswani Sajeesh.
1
( Hide )
  1. അഭിനന്ദിക്കാൻ വാക്കുകളില്ല...ഹൃദയത്തെ തൊട്ടു..എഴുത്തു തുടരുക..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo