നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മ ഉറങ്ങുകയാണ്

കത്തിച്ചുവെച്ച നിലവിളക്കിന്ന് ചാരെ ഇരുന്ന് 'അമ്മ പതിവ്പോലെ രാമായണം പാരായണം ചെയ്യാൻ തുടങ്ങിയതും ഗോപി കട്ടിലിൽ നിന്നും എഴുന്നേറ്റു ,നേരെ ഉമ്മറത്തേക്ക് നടന്നു.പടിഞ്ഞാറ്റിലേക്ക് കാൽ നിവർത്തി ഇരിക്കുകയായിരുന്ന അമ്മയുടെ കൈ പതിയെ അവൻ പൊക്കിവെച്ചു.പിന്നെ അവന്റെ ശിരസ്സ് ആ മടിയിലേക്ക് നീട്ടി വെച്ചു.
''എന്താ ഇവാൻ കാണിക്കുന്നേ...വയസ്സ് നാല്പത് കഴിഞ്ഞു.പക്ഷെ ഇപ്പോഴും ആ അഞ്ചു വയസ്സുകാരനാണെന്ന വിചാരം''
''മോളെ ഭാർഗ്ഗവി ചുന്ദരി...." അവൻ അമ്മയുടെ മൂക്കിൽ വിരലമർത്തി പതിയെ താഴോട്ട് വലിച്ചതും അമ്മയുടെ കയ്യിലുണ്ടായിരുന്ന രാമായണം അവന്റെ മുഖത്തേക്ക് വീണു.
''എന്താ ഗോപി ഈ കാണിക്കണേ...ഇതൊന്ന് വായിച്ചു തീർക്കാൻ സമ്മതിക്കുമോ നീ ??''
''മതി മതി....ഇന്ന് വായിച്ചതൊക്കെ ധാരാളം....ചുന്ദരി എന്റെ തലയിലൊന്ന് മസ്സാജ് ചെയ്തേ...''
''മതി മതി ...മസ്സാജ് ചെയ്യലെല്ലാം ഞാൻ ഇന്നലത്തോടെ നിർത്തി....പനയോളം വളർന്ന നിന്നെയിനി മസ്സാജ് ചെയ്ത് പുന്നാരിക്കാൻ എനിക്കിനി വയ്യ ...പോയി ഒരു പെണ്ണ് കെട്ട് ...എന്നിട്ട് അവളോട് പറ മസ്സാജ് ചെയ്യാൻ ''
''പെണ്ണോ...ഈ നാല്പതാം വയസ്സിലോ??..നടന്നത് തന്നെ''
പെട്ടെന്നാണ് അമ്മയുടെ മുഖം വാടിയത്.ഗോപിയുടെ മുടിയിഴയിലൂടെ വിരലുകളോടിച്ചുക്കൊണ്ട് 'അമ്മ പറഞ്ഞു
''ഡാ ...എന്റെ എല്ലാ ആഗ്രഹങ്ങളും നീ സാധിച്ചു തന്നിട്ടുണ്ട് ....ഒന്നൊഴിച്ച്... നിന്റെ കല്യാണക്കാര്യം..നിനക്കറിയാല്ലോ നിന്റെ താഴെയുള്ള വേണുവിന് കുട്ടികൾ രണ്ടായി...നാട്ടുകാർ മൊത്തം ഇപ്പൊ എന്നോടാണ് ചോദിക്കുന്നത് ...ഗോപിയെന്താ കല്യാണം കഴിക്കാതെ ഇങ്ങനെ നടക്കുന്നെ...അവനെന്തെങ്കിലും പ്രണയ നൈരാശ്യമുണ്ടോ എന്നൊക്കെ ...നീ അമ്മയോട് കാര്യം പറ..നിന്റെ മനസ്സിൽ വല്ല പെണ്കുട്ടിയുമുണ്ടോ??''
അമ്മയുടെ ചോദ്യം കേട്ട ഗോപി ഒരു നിമിഷം നിശബ്ദനായി.പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു
''പ്രണയമോ?? ഈ എനിക്കോ??...നല്ല കാലത് അതുണ്ടായിട്ടില്ല...പിന്നെ ആണോ ഈ പ്രായത്തിൽ ....അതൊന്നുമല്ല അമ്മെ... അമ്മയ്‌ക്കോർമ്മയില്ലേ ...അച്ഛന്റെ ചലനമറ്റ ശരീരം ഈ ഉമ്മറത്തു നിന്ന് കൊണ്ടുപോകുമ്പോൾ എന്നെയും വേണുവിനെയും കൂട്ടിപ്പിടിച്ച് 'അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത് ...ഇനി നമ്മൾ എങ്ങനെ ജീവിക്കുമെന്ന്,പഠിക്കാൻ മിടുക്കനായ വേണുവിനെ എങ്ങനെ പഠിപ്പിക്കുമെന്ന് ....ഒടുവിൽ നിത്യവൃത്തിക്ക് വകയില്ലാതെ തൊട്ടപ്പുറത്തുള്ള വീടുകളിലെല്ലാം കൂലിവേല ചെയ്യാൻ 'അമ്മ പോയി തുടങ്ങിയില്ല ...വാശിയായിരുന്നു എന്റെ മനസ്സ് നിറയെ ...പൊരുതി ജയിച്ചു കയറാനുള്ള വാശി...അങ്ങനെയാണ് എന്റെ സുഹൃത്ത് സുബൈർ കൊണ്ടുവന്ന വിസയിൽ ഞാൻ ഗൾഫിലേക്ക് വിമാനം കയറിയത്....കിട്ടുന്ന തുച്ഛ വരുമാനത്തിൽ ഒരു രൂപ പോലും മാറ്റിവെക്കാതെ വീട്ടിലേയ്ക്കുമ്പോൾ മനസ്സ് നിറയെ സന്തോഷമായിരുന്നു ...എന്റെ അമ്മയ്ക്കിനി ജോലിയ്ക്ക് പോകേണ്ടല്ലോ??..വേണുവിന് ഈ മാസത്തെ ഫീസ് കൊടുക്കാൻ സാധിച്ചല്ലോ???....അതിനപ്പുറം മറ്റൊരു സന്തോഷം എന്നെ സംബന്ധിച്ചിടത്തോളം അന്ന് ഉണ്ടായിരുന്നില്ല....ഇന്നും ഇല്ല ...''
ഗോപിയുടെ കണ്ഠമിടറി തുടങ്ങുമ്പോഴേക്കും അമ്മയുടെ കണ്ണുനീർ അവന്റെ മുഖത്തേക്ക് വീണു.സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നപോലെ അവൻ മടിയിൽ നിന്നും തലയുയർത്തി.
''അയ്യേ...എന്റെ ഭാർഗ്ഗവി കരയാണോ??''
''ഡാ..ഇനി നീ പോകേണ്ടെടാ...അമ്മയ്ക്കിനി എന്നും നിന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കണം ...''
ഗോപി അമ്മയുടെ കരയുന്ന മുഖത്തെ തന്റെ കൈകുമ്പിളിലാക്കി.ഈറൻ പറ്റിയ അമ്മയുടെ കവിൾത്തടങ്ങൾ അവൻ കൈക്കൊണ്ട് തുടച്ചു.
''നിർത്തി അമ്മെ...ഇനി വെറും രണ്ടുകൊല്ലം ...അതുകഴിഞ്ഞു വന്നാൽ പിന്നെ ഒരു തിരിച്ചുപോക്കില്ല ...ഇനിയുള്ള കാലം ഈ മടിയിലിങ്ങനെ കിടക്കണം ...ഇത്രയും കാലം നഷ്ടമായ ഈ പുണ്യത്തെ കൂടെ നിർത്തണം''
ഗോപി അമ്മയെയുംകൂട്ടി അകത്തേക്ക് നടന്നു.
രാത്രി ഒൻമ്പതര കഴിഞ്ഞു.തീന്മേശയിൽ ഒരുക്കിവെച്ച ഭക്ഷണം കഴിക്കാൻ ഗോപി വന്നിരുന്നു.കൂടെ വേണുവും മക്കളായ ദീപുവും ലീനയും.ഭക്ഷണം കഴിക്കാൻ ആരംഭിക്കുന്നതിനിടയിലാണ് വേണുവിന്റെ ഭാര്യ സ്വാതി ചോദിച്ചത്.
''ഏട്ടാ....ഏട്ടനെന്നാണ് പോകുന്നതെന്ന് തീരുമാനിച്ചോ??"
''അതെ...അടുത്ത തിങ്കളാഴ്ചയാണ് ടിക്കറ്റ് റെഡി ആക്കിയിട്ടുള്ളത്''
''എന്തേ സ്വാതി..പതിവില്ലാത്ത ഒരു ചോദ്യം??"
''അത്...ഏട്ടനെന്തായാലും ഇനി കല്യാണം കഴിക്കാൻ പോകുന്നില്ല...ആ വടക്കേപുറത്തെ ഭൂമിയുടെ കാര്യത്തിൽ പോകുന്നതിന് മുൻപ് ഒരു തീരുമാനം ഉണ്ടാക്കണം....ആ സ്ഥലത്തിന് പറ്റിയ കോളുകാരെ വേണുവേട്ടനറിയാം...നല്ല വില തരാമെന്നും പറഞ്ഞിട്ടുണ്ട്...ആ പൈസ ലീനയുടെ പേരിൽ ബാങ്കിൽ ഇടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം...അവൾ വളർന്നു വരുമ്പോഴേക്കും നല്ല ഒരു തുകയാകും''
'അമ്മ നിസ്സഹായതയോടെ ഗോപിയുടെ മുഖത്തേക്ക് നോക്കി.വേണ്ട എന്ന അർത്ഥത്തിൽ പതിയെ തലയാട്ടി.പക്ഷേ ഗോപി പുഞ്ചിരി തൂക്കിക്കൊണ്ട് അവളോട് പറഞ്ഞു
''അതിനെന്താ...എനിക്കെന്തിനാ ഇനി ആ ഭൂമി..എവിടെയാണ് ഒപ്പിടേണ്ടതെന്ന് പറഞ്ഞാൽ മതി''
ഗോപിയുടെ മറുപടി കേട്ടതും 'അമ്മ മറുത്തൊന്നും പറയാതെ മുഖം കുനിച്ച് അടുക്കളയിലേക്ക് നടന്നു.സ്വാതിയും വേണുവും വളരെയധികം സന്തോഷവാരായി കാണപ്പെട്ടു.അവർ പരസ്പരം മുഖത്തേക്ക് നോക്കി.തങ്ങളുടെ പദ്ധതികളെല്ലാം ലക്‌ഷ്യം കണ്ടതിന്റെ വിജയ ഹർഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
''ഡീ ..നോക്കി നിൽക്കാതെ നീ ഏട്ടന് കുറച്ചുകൂടെ ചോറ് വിളമ്പ്''
അവൾ അത്യുത്സാഹത്തോടെ ഗോപിയുടെ നേരെ ചോറ്റുപാത്രവുമായി വന്നെങ്കിലും അവൻ കസേരയിൽ നിന്നും എഴുന്നേറ്റ് നേരെ വാഷ്‌ബേസിലേക്ക് നടന്നു.
ഗോപി പോയെന്ന് ഉറപ്പുവരുത്തിയതും വേണു സ്വാതിയുടെ കൈത്തണ്ടയിൽ ചെറുതായൊന്ന് നുള്ളി.അതോടെ അവളൊന്ന് പുളഞ്ഞു
''നോക്ക് ...ഏട്ടൻ കല്യാണം കഴിക്കാത്തതുകൊണ്ട് നമുക്കാണ് നേട്ടം ''
''പക്ഷേ ,എന്നാലും വേറൊരു പ്രശ്നമുണ്ടല്ലോ ??...'അമ്മ...അമ്മയെ നമ്മൾ തന്നെ നോക്കേണ്ടി വരില്ലേ "
''അത് സാരല്ല...കുറച്ചു കാലത്തേക്കല്ലേ ??...പിന്നെ ഏട്ടന്റെ അനാഥമായി കിടക്കുന്ന സ്വത്തുക്കളെല്ലാം നമ്മുടെ മക്കൾക്കല്ലേ??...അപ്പോൾ അമ്മയെ കുറച്ചു കാലം സഹിച്ചാലും നഷ്ടമില്ല ...''
പിറ്റേ ദിവസം തന്നെ വേണു പറഞ്ഞുറപ്പിച്ച ആളുകൾ വീട്ടിലേക്ക് വന്നു.സ്ഥലം അളന്നു.റെജിസ്ട്രേഷൻ പൂർത്തിയായി.കിട്ടിയ കാശുമൊത്തം ലീനയുടെ പേരിൽ ഒരു അക്കൗണ്ട് തുറന്ന് അവർ അതിൽ നിക്ഷേപിച്ചു.പക്ഷേ,അമ്മയുടെ മുഖം തെല്ലും പ്രസന്നമായിരുന്നില്ല.
ഒടുവിൽ ആ തിങ്കളാഴ്ച ദിവസം വന്നെത്തി.പതിവിലും നേരത്തെ ഉണർന്ന 'അമ്മ വിഭവ സമൃദ്ധമായ പ്രാതൽ ഗോപിക്ക് വേണ്ടി തയ്യാറാക്കി.അവന് കൊണ്ടുപോകാനുള്ള വസ്ത്രങ്ങളെല്ലാം പെട്ടിയിലാക്കുന്ന കൂട്ടത്തിൽ അവനേറെ ഇഷ്ടമുള്ള അച്ചാർ കുപ്പികളും അതിലൊളിപ്പിച്ചു. വിതുമ്പിക്കരഞ്ഞുക്കൊണ്ടിരുന്ന അമ്മയുടെ നനുത്ത കവിളിൽ ഒരു ചുടു മുത്തം നൽകി ഗോപി നേരെ കാറിലേക്ക് നടന്നു.
ഗോപിയുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ അമ്മ വാതിൽപ്പടിയിൽ ചാരി നിന്നു.ഗോപി പോയതും വേണു തന്റെ കടയിലേക്ക് നടന്നു.സ്വാതി തന്റെ മക്കളെ മുഴുവൻ അണിയിച്ചൊരുക്കിയും സ്വയം അണിഞ്ഞൊരുങ്ങിയും അമ്മയുടെ അടുത്തേക്ക് വന്നു.
''അമ്മെ ...ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു...ഗോപിയേട്ടന് പോകുന്നതും കാത്തു നിൽക്കായിരുന്നു.രാത്രിയിലേക്കുള്ള ഭക്ഷണം വേണുവേട്ടൻ കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്..'അമ്മ ഇനി അടുക്കളയിൽ കയറേണ്ട''
സ്വാതി മക്കളെയും കൂട്ടി മുറ്റത്തേക്കിറങ്ങി. 'അമ്മ ഉമ്മറപ്പടിയിൽ ഇരുന്ന് ആരോയെക്കെയോ പ്രതീക്ഷിച്ചെന്ന പോലെ മുറ്റത്തേക്ക് നോക്കിയിരുന്നു.പിന്നെ പതിയെ എഴുന്നേറ്റ് അച്ഛന്റെ അസ്ഥിത്തറയുടെ അടുത്തേക്ക് നടന്നു.
രാത്രിയായി .വേണു കടപ്പൂട്ടിയതിന് ശേഷം അമ്മയ്ക്കുള്ള ഭക്ഷണപ്പൊതിയുമായി വീട്ടിലേക്ക് വന്നു.വീട്ടിലെവിടെയും പ്രകാശമില്ല. ഉമ്മറ വാതിൽ തുറന്നു കടക്കുന്നു.അവൻ ലൈറ്റിട്ടു.പിന്നെ അമ്മയെ വിളിച്ച്
മുറിയിലൂടെയെല്ലാം നടന്നു.പക്ഷേ അമ്മയെ കാണ്മാനില്ല .അവനുടനെ തന്നെ ഫോണെടുത്തു.
''സ്വാതി ...അമ്മയെ കാണുന്നില്ല...വാതിലാരൊക്കെയോ തുറന്നിട്ടുണ്ട് ...നീ വേഗം വീട്ടിലേക്ക് വാ ''
''ഈശ്വര...ഞാൻ പോരുമ്പോൾ 'അമ്മ പടിയിൽ ഇരുക്കുന്നുണ്ടായിരുന്നല്ലോ ..ഏട്ടൻ പേടിക്കേണ്ട ..ഞാൻ ഉടനെ വരാം''
അവൾ ഒരു ഓട്ടോ പിടിച്ച് വേഗം വീട്ടിലെത്തി. പുറത്തെ തിണ്ണയിലിരുന്ന് തേങ്ങിക്കരയുകയായിരുന്ന വേണുവിനെ കണ്ടതും അവൾ അടുത്തേക്ക് ഓടി.
''ഏട്ടാ...ഇനി നമ്മൾ എന്താ ചെയ്യാ''
''അറിയില്ല എനിക്ക്...ഈശ്വര..എന്റെ അമ്മയ്ക്ക് ഒരാപത്തും വരുത്തരുതേ''
പെട്ടെന്നാണ് വേണുവിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചത്.ഗോപി ആയിരുന്നു അത് .
''ഡാ..ഇത് ഞാനാ ...ഇവിടെയെത്തിയ കാര്യം പറയാൻ വിളിച്ചത്...'അമ്മ ഉറങ്ങിക്കാണുമല്ലേ...സാരമില്ല ..ഞാൻ നാളെ വിളിച്ചോളാം ''
ഗോപി ഫോൺ കട്ട് ചെയ്തതും ഒരു ദീർഘ നിശ്വാസത്തോടെ വേണു ചുമരിലേക്ക് തല ചാരിവെച്ചു.
''നാളെ രാവിലെ ഏട്ടൻ വിളിച്ചാൽ ഞാനെന്താണ് പറയുക ദൈവമേ ...ഒരു ദിവസം പോലും അമ്മയെ നോക്കാൻ കഴിഞ്ഞില്ലല്ലോ ??''
അവൻ സ്വയം പിറുപിറുത്തുക്കൊണ്ടിരുന്നു.
അടുത്ത ദിവസത്തെ പ്രഭാതമായി.വേണു കുളിച്ചൊരുങ്ങി മുറ്റത്തേക്കിറങ്ങി.അവനെ പിന്തുടർന്നുകൊണ്ട് സ്വാതിയും .അടുത്തുള്ള പോലീസ് സ്റ്റേഷനാണ് അവരുടെ ലക്‌ഷ്യം.
പെട്ടെന്നാണ് അവന്റെ മൊബൈൽ ശബ്ദിച്ചത്.ഗോപിയാണ് വിളിക്കുന്നതെന്നറിഞ്ഞതുകൊണ്ട് അവൻ മടി മടിച്ചു ഫോൺ എടുത്തു.
''ഡാ...ഇന്നലെ എനിക്ക് അമ്മയോട് സംസാരിക്കാൻ പറ്റിയില്ല ...അമ്മയുണ്ടോ അടുത്ത്''
''ഏട്ടാ ...അതുപിന്നെ...'അമ്മ''
''അമ്മയ്‌ക്കെന്ത് പറ്റി??''
''അമ്മയെ ഇന്നലെ രാത്രി മുതൽ കാണാനില്ല''
''കാണാനില്ലെന്നോ???....നീ എന്തൊക്കെയാടാ ഈ പറയുന്നേ "
''അതെ ഏട്ടാ...ഇന്നലെ ഏട്ടൻ പോയ ഉടനെ ഞാൻ കടയിലേക്ക് പോയി.സ്വാതി അവളുടെ വീട്ടിലേക്കും ...രാത്രി വന്ന ഞാൻ കാണുന്നത് തുറന്നുവെച്ച വാതിലാണ്...അമ്മയെ തിരഞ് ഞങ്ങൾ ചുറ്റിലും നടന്നു ..പക്ഷേ കണ്ടില്ല...ഇപ്പൊ പോലീസിൽ പരാതി കൊടുക്കാൻ പോകുന്നതിനിടെയിലാണ് ഏട്ടൻ വിളിച്ചത്''
''ങും..പോലിസിലൊന്നും പരാതി കൊടുക്കേണ്ട...'അമ്മ എന്റെ കൂടെയുണ്ട് ..ഓർക്കുന്നുണ്ടോ ...ഒരു രാത്രി ...എന്റെ കയ്യിൽ നിന്ന് വടക്കേപുറത്തെ സ്ഥലം ചോദിച്ചു വാങ്ങിയ ആ രാത്രി...എനിക്ക് ഒരുപാട് തിരിച്ചറിവുകൾ നൽകിയ രാത്രിയായിരുന്നു അത്....എന്റെ അനിയൻ എന്നെക്കാളും എന്റെ അമ്മയെക്കാളും സ്വന്തം സുഖത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കി തന്ന രാത്രി...ഇനിയും അമ്മയെ നിങ്ങളുടെ കൂടെ നിർത്തിയാൽ അമ്മയുടെ ജീവന് തന്നെ അപകടമാകുമോ എന്ന പേടിയിലാണ് ഞാൻ അന്ന് രാത്രി ഉറങ്ങിയത്..പിറ്റേന്ന് രാവിലെ തന്നെ ഞാൻ അമ്മയ്ക്ക് വേണ്ടി ടിക്കറ്റ് തയ്യാറാക്കി...ഇതൊന്നും നിന്നോട് പറയാതിരുന്നത് മറ്റൊന്നും കൊണ്ടല്ല..ഒരു ദിവസമെങ്കിലും എന്റെ അനിയൻ അമ്മയ്ക്ക് വേണ്ടി കരയട്ടെ എന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ടാണ് ....അതെ ..ഞാനത് കേട്ടു..ഇന്നലെ രാത്രി ...അമ്മയ്ക്ക് വേണ്ടി ഇടറിയ നിന്റെ ആ ശബ്ദം.....അതുമതി...
അച്ഛന്റെ അസ്ഥിത്തറയിൽ എന്നും വിളക്ക് വെക്കാൻ നീ സ്വാതിയോട് പറയണം...അമ്മയില്ലെന്ന് കരുതി അതിൽ മുടക്കം വരുത്തരുത്...ശെരി എന്നാ...പിന്നെ വിളിക്കാം...'അമ്മ ഉറങ്ങുകയാണ്...''
സമീർ ചെങ്ങമ്പള്ളി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot