അനിത


കാറിന്റെ ഡോർ തുറന്ന് അനിത ഇറങ്ങി. ഇതൊരു പുതിയ ജീവിതത്തിലോട്ടുള്ള എന്റെ കാൽവെപ്പാണ്. കഴിഞ്ഞ എട്ട് വർഷം താമസിച്ച വീടും നാടും എന്തിനേറെ താലി ചാർത്തിയ ഭർത്താവിനെയും ഉപേക്ഷിച്ച്‌ മറ്റൊരു ജീവിതം അതും ഞാൻ സ്വപ്നം കണ്ട ആർഭാടമായ ജീവിതം.
രണ്ട് വർഷമായി ഫേസ്ബുക് വഴി ഞാൻ പീറ്ററേ പരിചയപെട്ടിട്ട്. ബാംഗ്ലൂരിൽ ഒരു മെഡിസിൻ നിർമാണ കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആണ് പീറ്റർ, അധികം ഫ്രണ്ട്‌സ് ഒന്നുമില്ലാത്ത, വളരെ നല്ലരീതിയിൽ സംസാരിക്കുന്ന എപ്പോളും സ്നേഹത്തോടെയും സംരക്ഷണരീതിയിലും നല്ലത് മാത്രം സംസാരിച്ചിരുന്ന ഒരു പാലാക്കാരൻ നസ്രാണി. എന്നെക്കാളും പ്രായം കൊണ്ട് രണ്ട് വയസ് ഇളയതാണ്. പക്ഷെ എപ്പോളാണ് ഞങ്ങൾക്കിടയിലെ സൗഹൃദം പ്രണയത്തിന് വഴിമാറിയതെന്ന് അറിയില്ല.
ഒരുപക്ഷേ ചെറുപ്പം മുതലേ കൊതിച്ച ആർഭാട ജീവിതം കൊണ്ടാവും, പണവും സൗന്ദര്യവും ഉള്ള പീറ്ററോട് എനിക്ക് പ്രണയം തോന്നാൻ കാരണം. വടക്കൻ മലബാറിൽ കണ്ണൂരിന്റെ ഒരു ഉൾഗ്രാമത്തിൽ ദരിദ്രകുടുംബത്തിൽ ജനിച്ച് ഡിഗ്രി കഴിഞ്ഞ് നിൽക്കുമ്പോൾ എന്റേതുപോലെ മറ്റൊരു കുടുംബത്തിൽ നിന്നും ഏഴാം ക്ലാസ്സ്‌ പോലും പാസ്സാവാത്ത ഒരു കൂലി പണിക്കാരനെ വരനായി കണ്ടെത്തിയപ്പോൾ തന്നെ എന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീഴാൻ തുടങ്ങിയതാണ്. കൂട്ടുകാരികൾ പലരും പറഞ്ഞു അയാളെ കെട്ടണ്ട... നിനക്ക് ഒട്ടും ചേരില്ല എന്ന്. പക്ഷേ അച്ഛന്റെ നിർബന്ധം... എനിക്ക് മറ്റൊരു വഴി ഇല്ലായിരുന്നു.
ഫേസ്ബുക് തുറന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ എനിക്ക് വന്ന റിക്വസ്റ്റ്‌ ആണ് പീറ്റർ.
മെസ്സഞ്ചർ സൗഹൃദം വാട്സാപ്പിലേക്കും അവിടെ നിന്നും ഫോൺകാൾ വരെ എത്തിയപ്പോളാണ് എന്റെ മനസിൽ തിങ്ങി നിറഞ്ഞ പല കാര്യങ്ങളും ഞാൻ പീറ്ററിനോട് പങ്ക് വെച്ചത്. എപ്പോഴും എന്റെ സങ്കടം കേൾക്കാൻ മാത്രമാണ് പീറ്ററിന്‌ ഇഷ്ടം, എല്ലാം കേട്ട് പീറ്റർ ആശ്വാസ വാക്കുകൾ പറയുമ്പോൾ എനിക്ക് കിട്ടിയിരുന്ന ഒരു സമാധാനം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.
പലപ്പോഴും പീറ്റർ എന്നെകാണാൻ നാട്ടിൽ വന്നിട്ടുണ്ട്. ഒരിക്കൽ എന്റെയും എനിക്കാകെ ഉള്ള ആറുവയസുകാരി മിനിമോളുടെയും രക്തം പരിശോധിച്ചു ഞങ്ങൾക്ക് ആവശ്യമായ പ്രോട്ടീൻ ഗുളികകൾ കൊണ്ടുതരികയും ചെയ്യ്തു.
അന്നു മുതലാണ് ഞാൻ പീറ്ററെ അളവിൽ കവിഞ്ഞു സ്നേഹിച്ചു പോയത്. ഭർത്താവിനെ കാണുന്നതും , മിണ്ടുന്നതും അത്രമാത്രം വെറുക്കുകയും ചെയ്യ്തു.
കഴിഞ്ഞ ആഴ്ച്ചയാണ് പീറ്റർ പറഞ്ഞത്
"വീട്ടിൽ വിവാഹ ആലോചനകൾ നടക്കുന്നു. നമ്മുക്ക് എത്രയും പെട്ടന്ന് ഒന്നാവണം, നീ ഇല്ലാതെ എനിക്കിനി ജീവിക്കാൻ പറ്റില്ലന്ന്. "
ഞാൻ സ്വപ്നം കണ്ട ജീവിതമാണ് എനിക്കുമുന്പിൽ ഇപ്പോൾ ഈശ്വരൻ പീറ്ററിലൂടെ തിരിച്ചു തരുന്നത്. എങ്കിലും എനിക്ക് മുൻപിൽ ഏറ്റവും വല്യ ചോദ്യമായിരുന്നു എന്റെ "മിനിമോൾ "...!!
ആ ചോദ്യത്തിനും എനിക്ക് പീറ്റർ ഉത്തരം തന്നു.
"എന്റെ കൂടെ നീ പോരണം ഒപ്പം നിന്റെ കൂടെ 'നമ്മുടെ മിനിമോളും' ഉണ്ടാവണം, ഇനി നമുക്കിടയിൽ എന്റെ നിന്റെ എന്നൊരു വേർതിരിവ് വേണ്ടാ, എല്ലാം നമ്മുടെയാണ് "
പീറ്ററിന്റെ ആ വാക്ക് എനിക്ക് മറ്റൊനും ചിന്തിക്കാൻ സമയം അനുവദിച്ചില്ല.
പീറ്റർ പല രാത്രികളിലും എന്നെ കാണാൻ വരുമ്പോൾ അവൻ തന്നെ തന്നൊരു ഗുളിക ഞാൻ ചോറിൽ കലർത്തി സജിയേട്ടന് കൊടുക്കും, ഭാര്യ പ്രിയമോടെ തരുന്ന ചോറും കഴിച്ച് ആ മൊശകോടൻ ഭർത്താവ് ബോധം കെട്ട് ഉറങ്ങുമ്പോളാണ് പുറത്ത് കാത്തു നിക്കുന്ന പീറ്റർ അകത്തേക്ക് വരിക.
ഇന്നലെ രാത്രിയും അതെ ഗുളിക ഡോസ് കൂട്ടി കൊടുത്താണ് അയാളെ ഉറക്കിയത്.
അയാൾ കണ്ട ചേറിലും വെയിലിലും പണിത് വാങ്ങി തന്ന ഒന്നും ഞാൻ എടുത്തില്ല. അയാൾ കെട്ടിയ താലി വരെ അവിടെ പൊട്ടിച്ചു വെച്ചാണ് ഞാൻ വന്നത്. ഇനി എന്റെ എല്ലാം എല്ലാം പീറ്ററാണ്.
ഇന്നലെ രാത്രി തുടങ്ങിയ യാത്രയാണ്, അപ്പോൾ തുടങ്ങിയ മഴ ഇപ്പോളും നിക്കാതെ പെയുകാണ്, യാത്രയിൽ ഞാൻ എപ്പോളോ ഉറങ്ങിപോവുകയും ചെയ്യ്തു.
അനിത ചുറ്റും നോക്കി ഇടതൂർന്നു വളരുന്ന വൃക്ഷങ്ങൾക്കിടയിൽ തടികൊണ്ടുണ്ടാക്കിയ വളരെ ഭംഗിയുള്ള ഒരു വീട് , ചുറ്റും കൊടും കാട് പോലെ എവിടെയും ഒരാൾ അനക്കം പോലുമില്ല.
"ഇതെന്താണ് പീറ്റർ ഇങ്ങനെ ഒരു സ്ഥലം.? "
" ഹാ ഇതാണ് മാക്കൂട്ടം ഫോറസ്ററ്, കേരളാ കർണാടക ബോർഡർ. "
" നമ്മൾ എന്തിനാ ഇതിനകത്ത് വന്നത് ?"
"എന്റെ അനി നമ്മൾ ഇപ്പോൾ ബാംഗ്ലൂർ പോയാൽ പെട്ടന്ന് പിടിക്കപെടും, അപ്പോൾ കുറച്ചു നാള് നമ്മുക്ക് ഇവിടെ താമസിക്കാം . ഇവിടെ വേറെ ആരും വരില്ല . "
"പീറ്റർ , അതിന് നിന്നെയാർക്കും അറിയില്ലാലോ.. ? പിന്നെന്തിന് ഒളിക്കണം. ?"
" നീ ഇപ്പോളും ആ കൂലിപണിക്കാരന്റ ഭാര്യ ആയി സംസാരിക്കാതെ ചിന്തിക്ക്. നിന്നെ കാണാതായാൽ നീ ഉപയോഗിച്ച ഫോണും fb..യും വാട്സപ്പും എല്ലാം സൈബർ സെൽ പരിശോധിക്കും. അപ്പോൾ ഞാൻ ആണ് ഇതിനെല്ലാം പിന്നിലെന്ന് തിരിയും. അവർ എന്നെതിരഞ്ഞു എന്റെ നാട്ടിലും ബാംഗ്ളൂരിലും ചെല്ലും , പതിയെ എല്ലാം തണുത്തതിനു ശേഷം നമ്മുക്ക് വെളിയിൽ പോകാം. അതിന് അധികനാൾ ഒന്നും വേണ്ടിവരില്ല. പിന്നെ ഞാൻ പറഞ്ഞത് പോലെതന്നെ ഫോൺ വരുന്ന വഴിയിൽ, പുഴയിൽ എറിഞ്ഞില്ലേ നീ."
" ഉം, എറിഞ്ഞു. നിനക്ക് എങ്ങനെ അറിയാം പീറ്റർ ഈ ഫോറസ്റ്റിൽ ഇങ്ങനൊരു വീട്, ? "
"എന്റെയൊരു ഫ്രണ്ടാണ് ഇവിടെ ഫോറസ്ററ് ഓഫീസർ, അപ്പോൾ ഈ ഉൾവനത്തിൽ ഞങ്ങൾ ഇടക്ക് കൂടാറുണ്ട്. "
" എല്ലാം ഷേർ ചെയുന്നു എന്ന് പറഞ്ഞിട്ട് നീ എന്നോട് ഒരിക്കൽ പോലും ഇത് പറഞ്ഞിട്ടില്ല പീറ്റർ. പിന്നെ നമ്മുക്ക് ഇവിടെ നിക്കണ്ടാ. ഈ ഫോറസ്ററ് വിട്ട് പുറത്ത് പോവാം, എനിക്കെന്തോ പേടി ആവുന്നു. "
" എന്താണ് അനി നീ ഈ പറയുന്നത്...?? എന്റെ കൂടെ ഇറങ്ങി വന്നതാണ് നീ നിനക്കിവിടെ ഒന്നും സംഭവിക്കില്ല. ഇത് പീറ്ററിന്റെ വാക്കാണ്.!"
" പീറ്റർ ഞാൻ... "
"നീ ഒന്നും പറയണ്ട. മോളെ എടുത്ത് അകത്തു പോ.. പുറത്ത് നല്ല തണുപ്പ് ആണ് കൂടാതെ മഴയും. "
അനിത മറുത്തൊന്നും പറയാതെ മിനിമോളെ എടുത്ത് അകത്തേക്ക് നടന്നു , മരുന്നിന്റെ ചെറിയ ഗന്ധമുണ്ട് ഈ വീടിന്. ഞാൻ എന്തിന് പേടിക്കണം. ? പീറ്റർ ഉള്ളപ്പോൾ അവന് ഞാൻ ജീവനാണെന്ന് എനിക്ക് നന്നായി അറിയാം.!
എങ്കിലും ഈ ഉൾവനത്തിൽ മനസിൽ എവിടെയൊക്കെയോ ഒരു ഭയം വന്നിരിക്കുന്നു.
" പുറത്ത് ബാത്‌റൂം ഉണ്ട് നീ പോയി ഒന്ന് ഫ്രഷ്‌ ആയിട്ട് വാ, മോളെ ഉണർത്തണ്ട ഇപ്പൊ. "
പെട്ടന്ന് പിന്നിൽ നിന്നും പീറ്ററിന്റെ ശബ്ദം കേട്ട് അനിതയൊന്ന് ഞെട്ടി.
"ഡാ ഞാൻ പേടിച്ചു പോയിട്ടോ "
"പേടിച്ചു പോയോ
എന്തിനാ അങ്ങനെ പേടിക്കുന്നത് ? ഞാൻ മാത്രമല്ലേ ഇവിടെ ഉള്ളൂ. "
പീറ്റർ പതിയെ നടന്ന് വന്ന് അനിതയെ കെട്ടിപിടിച്ചു. അവളുടെ അരക്കെട്ടിൽ കൈ അമർതികൊണ്ടവൻ പറഞ്ഞു.
"പോയി ഒന്ന് ഫ്രഷ്‌ ആയിട്ട് വാ. "
" ഹോ എന്താ പീറ്റർ ഇന്ന് ആദ്യം കാണുനത് പോലെ നീ എന്നെ നോക്കുന്നത്. ?"
" എനിക്ക് നിന്നെ എത്ര കണ്ടാലും മതിവരുന്നില്ല പെണ്ണേ.!"
"എന്നാൽ ഞാനൊന്ന്‌ ഫ്രഷ്‌ ആയിട്ട് വരാം"
അവനെ ബലമായി പിടിച്ചകത്തികൊണ്ടവൾ പറഞ്ഞു.
" മ്മ് . പോയി വാ ഞാൻ ചായ ഇട്ട് വെക്കാം, പിന്നെ വെള്ളം ഭയങ്കര തണുപ്പ് ആയിരിക്കും "
ഒന്നും മിണ്ടാതെ ബാത്‌റൂം എന്നും പറഞ്ഞ് അവൻ കൈ ചൂണ്ടിയ ദിശ ലക്ഷ്യം വച്ചവൾ നടന്നു. പീറ്ററിന്റെ കണ്ണിൽ കൗശലകാരന്റെ ചിരിപടർന്നു.
ഫ്രഷ്‌ ആയി വന്ന അനിതക്ക് നേരെ ആവി പറക്കുന്ന കട്ടൻ ചായയും, വണ്ടിയിൽ മേടിച്ചു കരുതിയിരുന്ന ബ്രെഡിൽ ജാമും തേച്ച് പീറ്റർ നൽകി. ചായ കുടിക്ക് ശേഷം അവർക്കിടയിൽ നടന്ന പ്രണയ ശൃംഗാരങ്ങൾക്കൊടുവിൽ ആർത്തിരമ്പി പെയ്യുന്ന മഴയെ സാക്ഷിയാക്കി അനിതായെപ്പോളോ ഉറക്കത്തിലേക്ക് വഴുതിവീണു.
പീറ്റർ തന്റെ നെഞ്ചിൽ നിന്നും അനിതയുടെ കൈ പതിയെ എടുത്തു മാറ്റി. ഫോണെടുത്തു സമയം നോക്കി. സമയം 9:30. ചുണ്ടിലൊരു സിഗരറ്റ് തിരുകിവച്ച് അതിന് തീയും കൊടുത്ത് അവൻ പുറത്തേക്കിറങ്ങി .
ഈ സമയം മഴയെ കീറി മുറിച്ചുകൊണ്ട് കാട്ടുപാതയെ ചതച്ചരച് രണ്ട് വണ്ടികൾ പാഞ്ഞു വന്നു.
**********************
ഒരു ഞെരുക്കത്തോടെ അനിത കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. തലയ്ക്കു അടി കിട്ടിയത് പോലെ , കൈ കാലുകൾ ബന്ധിക്കപ്പെട്ടതുപോലെ... മൂക്കിലേക്ക് മരുന്നിന്റെ ദുർഗന്ധം തുളച്ചു കയറുന്നു. അടഞ്ഞു പോകുന്ന കണ്ണുകളെ ബലമായി തുറന്ന് അനിത ചുറ്റും കണ്ണോടിച്ചു. വ്യക്തമാകാത്ത കാഴ്ചകളിൽ പല നിഴലുകൾ തനിക്ക് മുൻപിലൂടെ ചലിക്കുന്നത് കണ്ടവൾ ഞെട്ടി.
"ഹാ... അനിതാ എട്ടുമണിക്കൂറിന്റെ ഉറക്കത്തിൽ നിന്നും നിനക്ക് സ്വാഗതം "
അനിതക്ക് മുൻപിലോട്ട് അപരിചിതനായ ഒരു യുവാവ് വന്നുനിന്നു. അനിത ചുറ്റും നോക്കി അവിടെയെങ്ങും പീറ്ററില്ല.
" നീ ആരെയാണ് നോക്കുനത് അനിത ? റോയിയെ ആണോ ? അവൻ ഈ സമയം ഏത്തേണ്ടിടം എത്തിക്കാണും "
" അല്ല... പീറ്റർ... , എന്റെ മോള്... "
"ഹോ നിന്റെ പീറ്റർ ഞങ്ങളുടെ റോയ് ആണ് . പിന്നെ നിന്റെ മോള്... അവളെയും ഞങ്ങൾ എത്തിക്കേണ്ടേടത് എത്തിച്ചിട്ടുണ്ട്. അടുത്തത് നിന്റെ ഊഴമാണ് , മകളെ അയച്ച ചടങ്ങുകൾ തീർന്നു വരുന്നതേ ഉള്ളൂ. അതൊന്ന് തീർന്നാൽ നിനക്കും പോകാം. "
"നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് ? എന്റെ മോളെവിടെ. ?"
"പീറ്റർ......... "
അനിത ശരീര തളർച്ചയെ മറികടന്നുകൊണ്ട് ഉറക്കെ വിളിച്ചു.
" ഹഹഹ.. ഇനിയും സ്വരമെടുത്തു വിളിക്ക് . നിന്റെ പീറ്റർ കേൾക്കുമോ എന്ന് ഞാനൊന്ന് നോക്കട്ടെ. "
"ആരാണ് നിങ്ങൾ. ? എന്താണ് നിങ്ങൾക്ക് വേണ്ടത്. ? അവരെവിടെ ?"
ഇടറിയ സ്വരത്തിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളാൽ അനിത ചോദിച്ചു.!
"ഉം., ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ പിരിയും . പിന്നീടൊരിക്കലും കണ്ടുമുട്ടുകയും ഇല്ല... , അപ്പോൾ നിന്റെ ഈ വെറും മൂന്ന് ചോദ്യത്തിനുത്തരം തരാതിരിക്കുന്നത് മോശമല്ലേ ? നിന്റെ ഈ സംശയങ്ങൾ ഞാൻ തീർത്തുതരാം.!"
" ആരാണ് ഞങ്ങൾ അല്ലേ.. ? ഞാൻ സൈമൺ, തൊഴില് കൊട്ടേഷൻ. ഒരു കണ്ണൂരുകാരിയോട് കൊട്ടേഷൻ എന്താണെന്ന് ഞാൻ അധികം വിശദികരിച്ചു തരണ്ടല്ലോ,
എങ്കിലും വ്യക്തമായി പറയാം... നിന്നെപോലെ വഴിപിഴക്കാൻ വേണ്ടിമാത്രമുള്ള ചില ജന്മങ്ങൾ ഉണ്ട് അവരെ തേടി പിടിച്ച് റോയിയും അവന്റെ ബോസും അവർക്കാവശ്യം ഉള്ളതെല്ലാം കുത്തിപറിച്ചെടുക്കും, അതിന് ശേഷം നിന്റെയൊക്കെ ശരീരത്തിൽ ജീവൻ ബാക്കി ഉണ്ടേൽ അത് ഞാനും എടുക്കും. ആരും കാണാത്ത അറിയാത്ത ഒരു പ്രതേകതരം കൊട്ടേഷൻ, എല്ലാം പണത്തിന് വേണ്ടി നീ സ്നേഹനിധിയായ നിന്റെ ഭർത്താവിനെ ഉറക്കി കിടത്തി റോയ് എന്ന പീറ്ററിന്റെ കൂടെ വന്നതും പണം കൊണ്ടുള്ള മനോഹരമായ ജീവിതം കൊതിച്ചല്ലേ. നിന്നെ ഇവിടെ കൊണ്ടുവന്നതും ഞങ്ങൾക്ക് അതേ പണം ഉണ്ടാക്കാൻ ആണ്. "
"ഇല്ല പീറ്റർ എന്നെ ചതിക്കില്ല, "
അനിത അലറിക്കൊണ്ട് പറഞ്ഞു.
" പീറ്റർ ചതിക്കില്ലായിരിക്കും പക്ഷേ റോയ് ചതിക്കും. അതാണ് അവന്റെ ജോലി. ഹിഹിഹി..., നിനക്കറിയോ റോയ് ആരെന്ന്. ബാംഗ്ലൂർ ബെയിസ്ഡ് ആയിട്ടുള്ള ഒരു വൻ മാഫിയയിലെ അംഗമാണ് അവൻ.
പണമുള്ളവന്റെ ശരീരത്തിൽ കേടാകുന്ന അവയവങ്ങൾ നിന്നെപോലുള്ള വിഡ്ഢികളുടെ ശരീരത്തിൽ നിന്നും അറുത്തെടുത്തു നൽകുന്ന മെഡിക്കൽ മാഫിയ.
കഴിഞ്ഞ എട്ടുമണിക്കൂർ നീ ഉറങ്ങിയില്ലേ അവന് വേണ്ടി പല രാത്രിയും നീ നിന്റെ ഭർത്താവിനെ ഉറക്കിയ അതെ ഗുളികകൊണ്ട് അവൻ നിന്നെയും ഉറക്കി.
നിന്റെ മകളുടെ ഹൃദയം അതെ പ്രായത്തിലുള്ള മറ്റൊരു പണക്കാരി പുത്രിക്ക് മാറ്റി വെക്കാൻ . നീ എന്ത് കരുതി നിന്നോടുള്ള സ്നേഹം കൊണ്ടാണ് നിന്റെയും മകളുടെയും രക്തം പരിശോധിച്ചതെന്നോ ? പ്രോട്ടീൻ ഗുളികകൾ കൊണ്ടുതന്നതെന്നോ ? ഒന്നുമല്ല ഏത് ബ്രാന്റാണ് നിന്റെയും മകളുടെയും ഹൃദയം എന്നറിയാൻ വേണ്ടിയുള്ള അവരുടെ വെറുമൊരു പരീക്ഷണം മാത്രം. ഇപ്പോ വന്നത് നിന്റെ മകളുടെ ഹൃദയത്തിന് ആവശ്യക്കാർ ആണ്. അതുകൊണ്ട് ബാംഗ്ലുരില്ലേ പ്രമുഖ ഡോക്ടർമാർ മണിക്കൂറുകൾക്ക് മുൻപിവിടെ ഓപ്പറേഷൻ നടത്തി നിന്റെ മകളുടെ ഹൃദയവുമായവർ പോയി... മറ്റൊരു കുഞ്ഞിൽ അത് തുന്നി ചേർക്കാനുള്ള ജോലി ഇപ്പോളവിടെ നടക്കുകയായിരിക്കും. അവരുടെ കൂടെ നിന്റെ എല്ലാം എല്ലാം ആയ പീറ്ററും. "
സൈമൺ പറയുന്നത് കേട്ട് ഒന്ന് കരയാൻ പോലും കഴിയാതെ അനിത തരിച്ചിരുന്നു.
" ഈ വനത്തിനുള്ളിൽ പുറംലോകം അറിയാത്ത പലതും അരങ്ങേറുന്നുണ്ട്, ഈ കാട്ടിൽ ഒരു ഓപ്പറേഷൻ നടത്തുക എന്നത് ഞങ്ങൾക്ക് വെറും നിസാര കാര്യം. അതാണ് ഞങ്ങൾ തീർത്ത ഞങ്ങളുടെ ലോകം.
നിന്നെ പോലെ എപ്പോൾ വേണമെങ്കിലും വേലി ചാടാൻ നിൽക്കുന്ന സ്ത്രീകൾ പലരും ഈ കാട്ടിൽ അന്തിയുറന്നുണ്ട്. ഞങ്ങൾ ഉറക്കിയിട്ടുണ്ട് ഇവിടുത്തെ മരങ്ങൾക്ക് വളമാകാൻ , കൊച്ചു ജീവിതമെങ്കിലും അതിൽ തൃപ്തയാവാത്ത പലരും ഇപ്പോളും റോയിടെയും ബോസ്ന്റെയും കസ്റ്റഡിയിൽ ഉണ്ട്, എന്നാണോ അവരെ ആവശ്യം വരിക അന്നുകൊണ്ടുവന്നു കീറി എടുക്കും ഞങ്ങൾ. അതാണ് മെഡിക്കൽ മാഫിയ. പലപല വമ്പൻ മാറും ഞങ്ങുടെ സഹായത്തിനുണ്ട്. പണത്തിന് പവർ ഉള്ളിടത്തോളം കാലം ഞങ്ങൾക്ക് ഭയമില്ല.
എനിക്ക് ഇപ്പോഴും തിരിയാത്തത് സ്വന്തം ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് എന്ത് കണ്ടാണ് നീയൊക്കെ ഈ ഇറങ്ങി തിരിക്കുന്നത് എന്നാണ്. അതാ അവിടെ കണ്ടോ ഈ മഴയിൽ അവർ ഒരു കുഴി മൂടാൻ കഷ്ടപ്പെടുന്നത്...? അവിടെയാണ് ആ കുഴിയിലാണ് നിന്റെ മകൾ വിശ്രമിക്കുന്നത് ഇനിയാർക്കും കട്ടെടുക്കാൻ ഹൃദയമില്ലാതെ. ' നീ എന്ന അമ്മയുടെ അത്യഗ്രഹം' ആ കുരുന്ന് ജീവനെ കൂടെ കുരുതി കൊടുത്തു. ഭർത്താവിനെ ഉറക്കി കാമുകന് വാതിൽ തുറന്ന് കൊടുക്കുന്ന നിന്നെപോലുള്ളവരെ കൊല്ലാൻ ഒരിക്കലും സൈമണിന്റെ കൈ വിറച്ചിട്ടില്ല. നിന്നെക്കാളൊക്കെ അന്തസ്സ് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്കുന്ന സ്ത്രീകൾക്കുണ്ട്.! "
പറഞ്ഞു തീരും മുൻപേ സൈമൺ കൈയിലിരുന്ന സർജിക്കൽ ബ്ലേഡ്‌ അനിതയുടെ കഴുത്തിന് നേരെ വീശി. പൈപ്പ് പൊട്ടിയത് പോലെ സൈമൺന്റെ മുഖത്തേക്ക് അവളുടെ കഴുത്തിൽ നിന്നും രക്തം ചീറ്റി.
അനിതക്ക് കൈ ഉയർത്തി കഴുത്തിൽ ഒന്ന് പൊത്തി പിടിക്കണം എന്ന് തോന്നി, ബന്ധിക്ക പെട്ട കൈകൾ അനങ്ങുന്നില്ല.
ശരിയാണ് ഞാനാണ്‌ തെറ്റുകാരി ഞാൻ മാത്രം.! എനിക്കോ മോൾക്കോ ചെറിയൊരു പനി വന്നാൽ പോലും ഉറങ്ങാതെ ഞങ്ങൾക്ക് കൂട്ടിരിക്കുന്ന സജിയേട്ടനെ ഞാൻ എന്തിന് ചതിച്ചു...??? സ്നേഹത്തേക്കാൾ വില പണത്തിനുണ്ടെന്ന തോന്നൽ തന്നെയാണ് അതിന് കാരണം. ഈ മരണം എനിക്കർഹതപ്പെട്ടത് തന്നെ. പക്ഷെ എന്റെ മോൾ.... , ഈ അമ്മയുടെ അത്യഗ്രഹത്തിന്റെ ഇരയായി. അവളുടെ ആത്മാവ് പോലും എന്നോട് ക്ഷമിക്കില്ല, ഇനിയൊരുവട്ടം കൂടി ആ കുഞ്ഞ് മുഖം എനിക്ക് കാണാൻ കഴിയില്ലലോ ഈശ്വരാ...
കണ്ണ് എന്നെന്നേക്കുമായി അടഞ്ഞു പോകുമ്പോൾ അനിത തലതിരിച്ചു പതിയെ നോക്കി താൻ കാരണം കൊഴിഞ്ഞുപോയ മകളെ മൂടിയ കുഴിക്കരികെ ചിലർ മറ്റൊരു കുഴി വെട്ടുന്നു, തനിക്കുള്ള കുഴി....!!!

ഞായർ


ഞായർ
.........
'ടിയേ രാവിലെ കഴിക്കാനെന്തുവാ ?'
'പുട്ട്... '
'പുട്ടോ....?'
' ങാ..... '
'കറി.....?'
പറഞ്ഞ പോലെ കറി വേണമല്ലൊ.... കുറച്ചു ദിവസം മുൻപ് ഞാലിപ്പൂവന്റെ ഒരു കുല വെട്ടി ചാക്കിൽ കയറ്റിയിരുന്നു. രണ്ടു ദിവസം മുൻപ് നോക്കിയപ്പോഴും , പഴുക്കാനോ.... അതിന് വേറെ ആളെ നോക്കെടേയ് എന്ന മട്ടിൽ മുഖം കറുപ്പിച്ച് ഇരിക്കുന്നു .ഇന്നെങ്കിലും പീതാംബരധാരി ആയോ എന്തോ.....
' പഴം.....'
' ഞായറാഴ്ചയായിട്ട് രാവിലെ ഇവിടാർക്കും ഇഷ്ടമില്ലാത്ത സാധനം .. പുട്ടും പഴവും .... നീ ഇന്നലെ അങ്ങനെയല്ലല്ലൊ പറഞ്ഞത് . ബൂരിയും കുറുമയും ഉണ്ടാക്കും എന്നല്ലെ ....'
'ഓ.... അതോ..... അത്.... ഇന്നലെ ബീച്ചിലും കടൽപ്പാലത്തിലുമൊക്കെ കറങ്ങി തിരിഞ്ഞു വന്ന റൊമാന്റിക് മൂഡിൽ ചുമ്മാ ഒരു പ്രസ്ഥാവന ഇറക്കിയതല്ലെ ....'
' തലവഴിയെ ഷീറ്റും മൂടിക്കിടന്ന് അവൾടൊരു പ്രസ്ഥാവന . സൂര്യൻ ഉദിച്ച് ഉച്ചിയിലായി ... നീ കിടന്നോ....'
ഓ ... ഈ സൂര്യന്റെ ഒരു കാര്യം... ഇതിയാന് സൺഡേം മൺഡേം ഒന്നുമില്ലേ.....
'അതേ ,ആറു ദിവസം ജോലി ചെയ്തവന് ഒരു ദിവസം വിശ്രമിക്കാം എന്നാ മഹത് വചനം. '
'മഹത് വചനമൊക്കെ ശരിയാ.. അത് നിന്നെ പോലെ പുട്ടും പഴവും ഉണ്ടാക്കുന്നവരെ ഉദ്യേശിച്ചല്ല..
എടീ, നിന്റമ്മ ഏഴര നാഴിക വെളുപ്പിനെ ഉണരുന്ന ഒരാളല്ലെ ... എന്നിട്ട് ഹരിനാമകീർത്തനവും ആദിത്യ സ്തുതിയും ഒക്കെ ആയിട്ട് മൊത്തത്തിൽ ഒരു ഭക്തിമയമാണ്. .. സത്യത്തിൽ നീ അവരുടെ മോളു തന്നാണോ ....'
അതു ശരി രാവിലെ നമ്മുടെ അസ്തിത്വത്തിൽ തൊട്ടാണ് കളി ......' അവരുടെ മോളാന്നും പറഞ്ഞല്ലെ എന്നെ രണ്ടു കയ്യു നീട്ടി വാങ്ങിക്കൊണ്ടുവന്നെ... എന്നിട്ടിപ്പോൾ DNA ടെസ്റ്റിനു വരുന്നോ ......?
ആ പരമശിവനെ പോലെ ഒരാളെ കെട്ടിയാൽ മതിയായിരുന്നു. അങ്ങേരെ പോലൊരു സോഷ്യലിസ്റ്റ് ലോകത്ത് വേറെ ആരുണ്ട് .... മാലേം കമ്മലും ഒന്നുമല്ല ,പാതിമെയ്യാ കൊടുത്തത് ... പാതിമെയ്........
'പാതിമെയ് കൊടുക്കണമെങ്കിലേ ,കൂടെ ഇരിക്കുന്നത് പാർവ്വതി ആയിരിക്കണം ... അല്ലാതെ ശൂർപ്പണഖയ്ക്ക് ആരാ പാതിമെയ് കൊടുക്കുന്നത് ....കൊടുക്കില്ലന്നു മാത്രമല്ല ,കയ്യിലിരിക്കുന്നത് എന്തെങ്കിലുമൊക്കെ പോകുകയും ചെയ്യും....'
'എന്റെ ഭർത്താവേ ,മനുഷ്യന്റെ അമിതമായ കാമക്രോധത്തെ ഇല്ലായ്മ ചെയ്യണം എന്നതിന്റെ പ്രതീകമാണ് ശൂർപ്പണഖാ ഛേദം... മനസ്സിലായോ....'
വേദസാരം ഉപദേശിച്ചിട്ട് , നീക്കി മാറ്റിയ ഷീറ്റ് വീണ്ടും തല വഴിയെ പുതച്ച് അലസമായൊരു മയക്കത്തിലേയ്ക്ക് ഞാൻ ചുരുണ്ടുകൂടി .
'അവൾടൊരു വേദാന്തം ' അതും പറഞ്ഞ് തല വഴി പുതച്ചിരുന്ന ഷീറ്റ് വലിച്ചെടുത്ത് ചുരുട്ടി കൂട്ടി ഒരേറ്. അലോസരത്തിൽ പ്രതിഷേധിച്ച് മുഖവും വീർപ്പിച്ച് എഴുന്നേറ്റ എന്റെ നേർക്ക് Think Positively എന്നെഴുതിയ വെള്ള നിറത്തിലുള്ള വലിയ കപ്പിൽ അടിച്ചു പതപ്പിച്ച നല്ല ആവി പറക്കുന്ന ചായ ,കറുത്ത രോമങ്ങൾ നിറഞ്ഞ് മനോഹരമായ കയ്യാൽ നീണ്ടു വരുന്നു .
ജടയും പാമ്പും പുലിതോലും ഒന്നും കാണുന്നില്ലല്ലൊ .. ഏതായാലും പരമശിവനല്ല......
'അതേ, ബൂരിയ്ക്കുള്ള മാവ് കുഴച്ച് വെച്ചിട്ടുണ്ട് , കുറുമയ്ക്കുള്ളതെല്ലാം അരിഞ്ഞും...... ഭവതി തിരുവുള്ളമുണ്ടായി അതൊന്നു ഉണ്ടാക്കിയിരുന്നെങ്കിൽ ഈയുള്ളവന് ഒൻപത് മണിക്കുള്ള മീറ്റിംങ്ങിന് പോകാമായിരുന്നു.
'"വിരലൊന്നില്ലങ്കിലും വീരനല്ലങ്കിലും ഭർത്താവ് നിങ്ങൾ മതി..... എനിക്ക് ഭർത്താവ്...... FM ൽ ആരോ ആർക്കോ വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് തകർക്കുകയാണ് ...
' നീ പരമശിവനല്ലടാ മോനേ .... അതുക്കും മേലേ.....'
തമ്മിൽ തമ്മിൽ അൽപ്പമൊന്ന് മനസ്സിലാക്കാനും കുറച്ചൊന്ന് വളഞ്ഞു കൊടുക്കാനും നമുക്ക് കഴിഞ്ഞാൽ സ്വർഗ്ഗം തിരക്കി ആരും എങ്ങും പോകേണ്ടി വരില്ല. ചെറിയ പ്രശ്നത്തിൽ തുടങ്ങി ,പരസ്പരം വെറുത്ത് ,കോടതി വരാന്തയിലൂടെ ഇടനെഞ്ച് തകർന്ന് നിഴലായ് അകലുന്ന എത്രയെത്ര നൊമ്പരകാഴ്ചകൾ നമുക്കില്ലാതെയാക്കാം .....
ഓരോ ഭവനവും സ്വർഗ്ഗമാകട്ടെ എന്ന് ആശംസിക്കുന്നു.....
..................
ഷീബാ വിലാസിനി.

തീർത്ഥാടനം


സ്വരൂപാനന്ദ സ്വാമി, തങ്ങളുടെ നാട്ടിൽ സന്ദർശനത്തിനു വരുന്നു. സ്കൂൾ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വാമി, മുഖ്യ പ്രഭാഷണം നടത്തുകയും, ഭക്തജനങ്ങളെ കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നത്.
സ്വാമിയെ എങ്ങനെയെങ്കിലും കാണണം. തങ്ങളുടെ ജീവിതത്തിൽ കൂടെ കൂടിയിരിക്കുന്ന സ്ഥിരമായ ദു:ഖത്തെ , സ്വാമിയുടെ മുന്നിൽ ഇറക്കി വയ്ക്കണം. അദ്ദേഹത്തിന്റെ അരുൾ വചനങ്ങൾ ശ്രവിക്കണം. പറ്റുമെങ്കിൽ, ശിഷ്ടകാലം അദ്ദേഹത്തിന്റെ ആശ്രമത്തിലെ അന്തേവാസികളാകണം , സ്വാമി വരുന്നുണ്ട് എന്ന് അറിഞ്ഞ നാൾ മുതൽ മോഹനന്റെയും, വസുമതിയുടേയും മനസ്സിൽ ഉരുണ്ടുകൂടിയ ആഗ്രഹങ്ങളാണ് മേല്പ്പറഞ്ഞതെല്ലാം .
അവർ കാത്തിരുന്ന ദിവസം വന്നെത്തി. മോഹനനും, വസുമതിയും നേരത്തെ വന്ന് വേദിക്കു മുമ്പിലെ ആദ്യ സീറ്റുകളിൽ ഇടം പിടിച്ചിരുന്നു. അല്പസമയത്തി നുള്ളിൽ സ്കൂൾ മൈതാനം മുഴുവൻ സ്വാമിയെ കാണാൻ വന്ന ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം, സ്വരൂപാനന്ദസ്വാമി, തന്റെ അനുയായിക വൃന്ദത്തോടൊപ്പം വേദിയിലേക്ക് കയറി വന്നു.
സ്വരൂപാനന്ദ സ്വാമി , കൈകൾ ഉയർത്തി എല്ലാവരേയും ആശീർവദിച്ച് പ്രഭാഷണം തുടങ്ങി. പ്രഭാഷണങ്ങൾ അത്യന്തം, തീക്ഷണമേറിയതും, മികച്ചതും ആയിരുന്നു. എല്ലാവരും അതിന്റെ മാസ്മരിക വലയത്തിൽപ്പെട്ടെന്ന പോലെയായിരുന്നു സ്വാമിയുടെ പ്രഭാഷണത്തിൽ ലയിച്ചിരുന്നത്.
പ്രഭാഷണത്തിനും ഭജനയ്ക്കും ശേഷം, ഭക്തരോട് തന്റെ സമീപത്തേക്ക് വരുവാൻ അനുവദിച്ചു. ആളുകൾ സ്വാമിയെ കാണാനും, അനുഗ്രഹം വാങ്ങുന്നതിനും തിക്കിതിരക്കി. ആ കൂട്ടത്തിൽ മോഹനനും, വസുമതിയും ഉണ്ടായിരുന്നു. സ്വാമിയുടെ അടുത്തെത്തിയപ്പോൾ,
സ്വാമീ .. അനുഗ്രഹിക്കണം. സ്വാമിയോട് മനസ്സു തുറന്നു സംസാരിക്കണം എന്ന് അവർ പറഞ്ഞു.
അപ്പോൾ സ്വാമി അവരോട് പറഞ്ഞു,
ഒന്നു കാത്തിരിക്കൂ.. ഈ തിരക്കുകൾ കഴിഞ്ഞിട്ടാവാം.
ശരി സ്വാമി.. എന്നവർ പറഞ്ഞ്, തങ്ങളുടെ ഇരിപ്പിടത്തിൽ വന്നിരുന്നു.
അവർ സ്വാമിയെ ശ്രദ്ധിക്കുകയായിരുന്നു സ്വാമിയുടെ മുഖത്ത് എന്തൊരു തേജസ് ആണ്. ആരായാലും നോക്കി നിന്നു പോകും.
കുറേ സമയം കഴിഞ്ഞപ്പോൾ, സ്വാമി വിശ്രമിക്കാൻ , സ്വാമിക്ക് സൗകര്യമൊ രുക്കിയിട്ടുള്ള മുറിയിലേക്ക് പോയി. പോകുന്നതിനു മുമ്പ്‌ സ്വാമി, മോഹനനോടും , വസുമതിയോടും തന്നെ അനുഗമിക്കാൻ നിർദ്ദേശം നല്കി.
മുറിയിൽ സ്വാമിയ്ക്കായി തയ്യാറാക്കിയ പീ0ത്തിൻമേൽ സ്വാമി ചമ്രം പടിഞ്ഞിരുന്നു കൊണ്ട് അവരോട് അടുത്തു കണ്ട കസേരകളിൽ ഇരിക്കാൻ നിർദ്ദേശിച്ചു.
വേണ്ട സ്വാമീ .. ഞങ്ങൾ അങ്ങയുടെ മുന്നിൽ ഇരിക്കാൻ യോഗ്യരല്ല. ഞങ്ങൾ നിന്നോളാം.. എന്ന് കൈകൂപ്പിക്കൊണ്ട് അവർ പറഞ്ഞു.
ഇരിക്കൂ... സ്വാമി വീണ്ടും അവരോട് നിർദ്ദേശിച്ചു.
മടിച്ചു മടിച്ചാണെങ്കിലും അവർ ഇരുന്നു.
എന്താണ് നിങ്ങളുടെ ദുഃഖം?
സ്വാമീ.... എങ്ങനെ പറയണം, എങ്ങനെ തുടങ്ങണം എന്നറിയില്ല. ഞങ്ങൾ പാപികളാണ്. ഞങ്ങൾക്ക് മോക്ഷം ലഭിക്കുന്നതിന് അങ്ങയുടെ ആശ്രമത്തിൽ ശിഷ്ടകാലം അന്തേവാസികളായി കഴിയണം എന്നാഗ്രഹമുണ്ട്. സ്വാമി അതനുവദിക്കണം.
മോഹനൻ വീണ്ടും തുടർന്നു,
ഞാൻ ഒരു ചുമട്ടുതൊഴിലാളിയായിരുന്നു. വസുമതി വീട്ടമ്മയും. ഞങ്ങൾക്ക് മൂന്നു ആൺമക്കളായിരുന്നു ഉണ്ടായിരുന്നത്. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ തായിരുന്നു ഞങ്ങളുടെ ജീവിതം. സിമൻറ് ചാക്കുകൾ ചുമന്ന് ചുമന്ന്, അവസാനം ഞാൻ കടുത്ത ആസ്തമ രോഗിയായി. ചുമടെടുക്കുവാൻ സാധിക്കുന്നില്ല. ചെറിയ കുട്ടികൾ ആയതിനാൽ വസുമതിക്കും കൂലിപ്പണിക്കു പോകുവാനും ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും അടുത്ത വീടുകളിൽ പോയി വീട്ടുവേല ചെയ്താണ് കഴിഞ്ഞു പോന്നത്. മൂത്ത മകൻ ഗവൺമെന്റ് സ്കൂളിൽ പോയിത്തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം എന്റെ പരിചയത്തിലൊരാൾ, എൻെറടുത്തേക്ക് മുത്തുച്ചാമി എന്നൊരു തമിഴനെ കൊണ്ടുവന്നത്. അയാൾ എന്നെ മാറ്റി നിർത്തിക്കൊണ്ട്, പറഞ്ഞു ,
മോഹനാ ... നിന്റെ ബുദ്ധിമുട്ടുകൾ അറിയാവുന്നതുകൊണ്ടാണ്, ഞാൻ നിന്റെടുത്തേക്ക് ആ തമിഴനെ കൊണ്ടുവന്നത്. അയാൾ നിന്നെ സഹായിക്കാൻ ഒരുക്കമാണ്. പക്ഷേ ഒരു നിബന്ധന നിന്റെ മക്കളിലാരെയെങ്കിലും കൊടുക്കണം. ആ തമിഴന് മക്കളില്ല . ഒരു ലക്ഷം രൂപ തരും. നീ ആലോചിച്ചിട്ടു മറുപടി പറഞ്ഞാൽ മതി.
പ്രഭാകരാ... നീ എന്തൊക്കെയാണ് പറയുന്നത്?
മോഹനാ .. നിന്റെ ബുദ്ധിമുട്ടുകൾ കണ്ട് ദൈവം വഴി കാണിച്ചു തന്നതാണെന്ന് നീ വിചാരിച്ചാൽ മതി.
മോഹനൻ ആലോചിച്ചു. കടബാദ്ധ്യത യിൽ നട്ടം തിരിയുന്ന തന്നെ സംബന്ധിച്ചിടത്തോളം, ഒരു ലക്ഷം രൂപ വലിയൊരു തുകയാണ്. തനിക്കു മൂന്നു ആൺ മക്കളാണ്. അയാളുടെ മനസ്സിൽ തുലാസ് രൂപപ്പെട്ടു. ഒരു തട്ടിൽ ഒരു ലക്ഷം രൂപ. രണ്ടാമത്തെ തട്ടിൽ മക്കളാരെങ്കിലും.
കുറേ നേരത്തെ കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോൾ ഒരു ലക്ഷം രൂപയുടെ തുലാസാണ് താഴ്ന്നു നിന്നത്. മോഹനൻ ഒന്നു നിശ്ചയിച്ചുറപ്പിച്ചു. പണം വേണം. തന്റെ മക്കളിലൊരാളെങ്കിലും, തമിഴന്റെ കൂടെയാണെങ്കിലും പട്ടിണിയില്ലാതെ കഴിക്കാമല്ലോ.
അയാൾ വിവരം വസുമതിയോട് പറഞ്ഞു. അയാൾ പ്രതീക്ഷിച്ചപ്പോലെ തന്നെ വസുമതി ശക്തിയായി എതിർത്തു. അയാൾ പറഞ്ഞു,
വസുമതീ.... നീ ഒന്നു ചിന്തിക്കണം. നമുക്ക് മൂന്നു ആൺ മക്കളാണ്. എങ്ങനെ തീറ്റിപ്പോറ്റും എന്ന് എനിക്കറിയില്ല . കടം കയറി ഞാൻ മുടിഞ്ഞിരിക്കുകയാണ്. നീ സമ്മതിക്കണം. സമ്മതിച്ചേ പറ്റൂ.. നമ്മുടെ നല്ലതിനാണ്.
കുറേ ആലോചിച്ചതിനു ശേഷം, അവൾ പറഞ്ഞു, എനിക്ക് ഏറ്റവും ഇളയ കുഞ്ഞിനെ വേണം. അവനെ വിട്ടു കൊടുക്കുവാൻ ഞാൻ തയ്യാറല്ല. അപ്പോൾ മോഹനൻ പറഞ്ഞു, എനിക്ക് മൂത്ത മകനെയാണ് വേണ്ടത്. എന്റെ കാലശേഷം , ശേഷക്രിയകൾ ചെയ്യാൻ അവൻ വേണം. അവർ രണ്ടു പേരും കൂടി രണ്ടാമത്തെ മകനെ തമിഴന് കൈമാറാൻ തീരുമാനിച്ചു.
വളരെയധികം വിഷമത്തോടെയാണെ ങ്കിലും, അനന്തു എന്ന ആ മകനെ മുത്തുച്ചാമിയെന്ന തമിഴന് കൈമാറുമ്പോൾ അവന്റെ നിലവിളി , മോഹനന്റെ കൈയ്യിൽ കിട്ടിയ ഒരു ലക്ഷം രൂപ നോട്ടുകൾക്കു മുമ്പിൽ, ആ മാതാപിതാക്കളുടെ കർണ്ണപുടങ്ങളിൽ കേട്ടില്ലെന്നു വരുത്തി.
കാലങ്ങൾ കടന്നു പോയി. തന്റെ കാലശേഷം , തനിക്കു ശേഷക്രിയ ചേയ്യേണ്ട മൂത്ത മകൻ ഗുരുതരമായ എന്തോ അസുഖം ബാധിച്ചു മരിച്ചു. വയസ്സായ ഞങ്ങളെ നോക്കും എന്നു പ്രതീക്ഷിച്ച ഇളയ മകൻ, ജ്യേഷ്oന്റെ അതേ അസുഖം ബാധിച്ചു മരിച്ചു. ഇനി ഞങ്ങൾക്ക് ആരുമില്ല.
ഇതെല്ലാം കേട്ടു കഴിഞ്ഞ സ്വാമി, മോഹനനോട് ചോദിച്ചു.
അപ്പോൾ രണ്ടാമത്തെ കുട്ടിയായ അനന്തുവിനെക്കുറിച്ച് പിന്നെ നിങ്ങൾ അന്വേഷിച്ചില്ലേ ..?
അന്വേഷിച്ചു, ഒരുപാട് . മുത്തുച്ചാമിയെ പരിചയപ്പെടുത്തി തന്ന പ്രഭാകരനോട് പല തവണ ചോദിച്ചു, എന്റെ മകൻ എന്തിയേ എന്ന്?
അപ്പോൾ അയാൾ പുഛത്തോടെ പറയുമായിരുന്നു, ഒരു ലക്ഷം രൂപയ്ക്ക് മകനെ വിറ്റതല്ലേന്ന്‌.
അല്ലെങ്കിലും ഞാനിതൊക്കെ കേൾക്കണം. എങ്കിലും ഞാൻ തമിഴ്നാട്ടിൽ പോയി. മുത്തുച്ചാമിയെ കണ്ടെത്താൻ . കുറേ അലഞ്ഞു. തിരിച്ചു നാട്ടിൽ വരാൻ ട്രെയിൻ കാത്തിരുന്ന നേരത്തു, അവിടെ സിമന്റു ബഞ്ചിൽ ഇരുന്ന് കുറേ നേരം കരഞ്ഞു. ഞാനിരുന്ന് കരയുന്നത് യാദൃശ്ചികമായി കണ്ട ഒരു റെയിൽവേ പോലീസുകാരൻ എന്നോട് വിവരങ്ങൾ ആരാഞ്ഞു. വിവരങ്ങളെല്ലാം കേട്ട പോലീസുകാരൻ പറഞ്ഞു,
'മുത്തുച്ചാമി പക്കാ ക്രിമിനലാണെന്നും, കുട്ടികളെ തട്ടിയെടുത്ത് വില്ക്കുന്ന തൊഴിലാണ് അയാൾ ഇതുവരെ ചെയ്തിരുന്നതെന്നും, മാഫിയകൾ തമ്മിലുള്ള കുടിപ്പകയിൽ അയാൾ ഏതാനും വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടെന്നും.'
നിരാശനായി ഞാൻ തിരികെ നാട്ടിൽ പോന്നു. ഞങ്ങൾ ഇപ്പോൾ, അവനെ എന്നെങ്കിലും കണ്ടുമുട്ടും എന്നു പരസ്പരം ആശ്വസിപ്പിച്ചു ജീവിതം കഴിച്ചു കൂട്ടുകയാണ്. അങ്ങയുടെ ആശ്രമത്തിൽ കഴിയാൻ ഞങ്ങളെ അനുവദിക്കണം. ഞങ്ങൾ ചെയ്ത വലിയൊരു തെറ്റിന് പ്രായശ്ചിത്തമായി, കഴിഞ്ഞതെല്ലാം മറക്കാനും, ഇനിയുള്ള കാലം പ്രാർത്ഥനയും ഭജനയുമായി ആശ്രമത്തിൽ ജീവിക്കാനാണ് താല്പര്യം. ഇത്രയും പറഞ്ഞതിനു ശേഷം മോഹനൻ നിർത്തി.
അല്പ സമയത്തെ നിശബ്ദതയ്ക്കു ശേഷം , സ്വരൂപാനന്ദ സ്വാമി അവരോട്, അടുത്ത മുറിയിൽ പോയി വിശ്രമിക്കാൻ നിർദ്ദേശിച്ചു. അവർ പോയിക്കഴി ഞ്ഞതിനു ശേഷം, തന്റെ അനുയായികളോട് തനിക്കു ഒറ്റയ്ക്ക് ഇരിക്കേണ്ടതുണ്ടെന്നും അവരോട് പുറത്തേക്ക് പോയ്ക്കൊള്ളാനും നിർദേശിച്ചു.
മുറിയിൽ തനിച്ചായ സ്വരൂപാനന്ദ സ്വാമി, വിങ്ങിപ്പൊട്ടിക്കരയാൻ തുടങ്ങി. തന്റെ അച്ഛനും, അമ്മയുമായിരുന്നു അവർ. തന്നെ തള്ളിപ്പറഞ്ഞവർ. ജ്യേഷ്ഠനേയും, അനിയനേയും അവർ ചേർത്തു പിടിച്ചപ്പോൾ , പകച്ചു നിന്ന എന്റെ ആ നില്പ്, എനിക്കൊരിക്കലും മറക്കാനാവില്ല . തമിഴൻ എന്നെ എടുത്തു കൊണ്ടു പോകുമ്പോൾ , ഉച്ചത്തിലുള്ള എന്റെ കരച്ചിലിനു , അച്ഛന്റെയും, അമ്മയുടേയും മനസ്സ് ഇളക്കാനായില്ല.
തമിഴ്നാട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ, കരഞ്ഞു കൊണ്ടിരുന്ന എന്നെ, ഒരു സന്യാസി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്തിനാണ് കരയുന്നത് എന്നു ചോദിച്ച അദ്ദേഹത്തോട്, മുത്തുച്ചാമി പറഞ്ഞു , എന്റെ മകനാണെന്നും, വിശന്നിട്ടാണെന്നും പറഞ്ഞു.
ആ സന്യാസി, മുത്തുച്ചാമിയോട് കുട്ടിക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുവാനും, അത് വാങ്ങി വരുന്നതുവരെ കുട്ടിയെ താൻ നോക്കിക്കൊള്ളാം എന്നു പറഞ്ഞു. തൊട്ടടുത്ത സറ്റേഷനിൽ ട്രെയിൻ നിറുത്തിയ സമയത്ത്, അയാൾ ഭക്ഷണം വാങ്ങാൻ ഇറങ്ങിയ സമയത്ത് ഞാൻ എന്റെ കഥ ആ സന്യാസിയോട് പറഞ്ഞു, ഒപ്പം തന്നെ രക്ഷിക്കാനും .
മനസ്സലിഞ്ഞ ആ സന്യാസി തന്നേയും കൊണ്ട്, കംപാർട്ടുമെന്റുകളിലൂടെ സഞ്ചരിച്ച്, ആ സ്റ്റേഷന്റെ വേറൊരു ഭാഗത്ത് ഇറങ്ങിയതും, ഭക്ഷണവുമായി എത്തിയ മുത്തുച്ചാമിയേയും കൊണ്ട് ട്രെയിൻ നീങ്ങിയതും ഒരുമിച്ചായിരുന്നു.
തന്നെ രക്ഷിച്ച ആ സന്യാസിയുടെ പേരായിരുന്നു തീർത്ഥാനന്ദ സ്വാമി. പിന്നെ അദ്ദേഹത്തോടൊപ്പമായിരുന്നു ജീവിതം. വളർന്നു വന്നപ്പോൾ , അദ്ദേഹം തന്നെ പിൻഗാമിയായി തിരഞ്ഞെടു ക്കുകയും, അനന്തു എന്ന തന്റെ പേര് സ്വരൂപാനന്ദ സ്വാമി എന്നാക്കി മാറ്റുകയും ചെയ്തു.
ഭജനയും, പ്രഭാഷണങ്ങൾ നല്കുകയും ചെയ്യുന്ന കാലത്തുപോലും, തന്റെ ജന്മനാട്ടിൽ വരുന്നതിനും, ഒരിക്കൽ കൂടി തന്റെ മാതാപിതാക്കളേയും , സഹോദരങ്ങ ളേയും, അവർ അറിയാതെ കാണുന്നതിനും ആഗ്രഹിച്ചിരുന്നു.
ഇപ്പോൾ, അവർ എന്റെ മുന്നിൽ.. സ്വരൂപാനന്ദ സ്വാമി നെടുവീർപ്പെട്ടു.
അല്പനേരം കഴിഞ്ഞ്, സ്വരൂപാനന്ദ സ്വാമി , തന്റെ ഒരു അനുയായിയെ വിളിച്ച് , അവരോട് തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ നിർദ്ദേശിച്ചു.
മുറിയിലേക്ക് വന്ന മോഹനനും, വസുമതിയും സ്വരൂപാനന്ദ സ്വാമിയുടെ മുന്നിൽ കൈകൂപ്പിക്കൊണ്ട് നിന്നപ്പോൾ, സ്വാമി അവരുടെ അടുത്തേക്ക് ചെന്ന് , അവരെ ആലിംഗനം ചെയ്തു കൊണ്ട്,
അച്ഛാ.. അമ്മേ .. എന്നു വിളിച്ചു .
ആ മാതാപിതാക്കൾക്ക് സ്വാമിയുടെ വിളിയിൽ തന്നെ മനസ്സിലായി, കേവലം പണത്തിനു വേണ്ടി വിറ്റ , അനന്തു എന്ന മകനാണ് സ്വരൂപാനന്ദ സ്വാമിയായി തങ്ങളുടെ മുന്നിൽ നില്ക്കുന്നത് എന്ന്.
സുമി ആൽഫസ്
****************

പപ്പടം


പപ്പടം
പണ്ടൊരു സായിപ്പ് കേരളത്തിൽ വന്നു രണ്ടു മൂന്നാലു ദിവസം തങ്ങി പോലും...
ആദ്യത്തെ ദിവസം പുള്ളി അന്വേഷിച്ച് കണ്ടുപിടിച്ച് സൂപ്പും പാസ്തയുമൊക്കെ കിട്ടുന്ന ഹോട്ടലീന്ന് മുണുങ്ങി. സായിപ്പിനെ കണ്ടപ്പൊ സ്വർണം കെട്ടിയ ഒരു മെനു കാർഡ് ഹോട്ടലുകാരൻ എടുത്ത് കൊടുത്തു പോലും..
രണ്ടു നേരത്തെ ഭക്ഷണം കഴിഞ്ഞപ്പോ സായിപ്പ് ഒരു ഓട്ടോറിക്ഷാക്കാരനോട് ട്രഡീഷണൽ ഇന്ത്യൻ ഫുഡ് കിട്ടുന്ന ജോയിന്റ് ചോദിച്ചു പോലും...
അങ്ങനെയാണ് സായിപ്പ് ഇട്ടീരച്ചേട്ടന്റെ ഹോട്ടലിൽ ഉച്ചയൂണിനു പാകത്തിന് എത്തിയത്.
ആദ്യമായി ഉച്ചയൂണിന് ഒരു സായിപ്പിനെ കണ്ട സന്തോഷത്തിൽ മതിമറന്ന ഇട്ടീരച്ചേട്ടൻ മൂന്നു നാലുതരം മീൻ പൊരിച്ചതും ചൂരത്തലക്കറിയും പോത്ത് വരട്ടിയതും കോഴി ഉലർത്തിയതും പച്ച മോരും പപ്പടവുമൊക്കെയായി ഒരു സദ്യ തന്നെ തയ്യാറാക്കി.
മുൻപിലെ മൊന്തയിൽ വെച്ച സാമ്പാറോ കുഴിപ്പാത്രത്തിൽ വെച്ച ചൂരക്കറിയോ ഒന്നു തൊട്ടു പോലും നോക്കാതെ വെറും പപ്പടം മാത്രം കൂട്ടി സായിപ്പ് പച്ചച്ചോറു വാരിവാരി രണ്ടാമതും മൂന്നാമതും മേടിച്ച് കഴിക്കുന്നതു കണ്ട ഇട്ടീരച്ചേട്ടൻ അമ്പരന്നു. എച്ചി സായിപ്പ് എന്ന് മനസ്സിലോർക്കുകയും ചെയ്തു.
കട അടയ്‌ക്കുന്നതിന് അൽപ നേരം മുൻപ് മൊത്തം അടിച്ചു വാരികൊണ്ടിരിക്കേ ദേ വരണു മാരണം പിന്നെയും.
വീണ്ടും ചോറു ചോദിച്ചു.
ഉച്ചക്കത്തെ അനുഭവം വെച്ച് ചോറും രണ്ടു പപ്പടവും കൊടുത്തു. സായിപ്പ് മൃഷ്‌ടാന്നം കഴിക്കുകയും ചെയ്തു..എന്തെങ്കിലും ഒരു രുചി വേണ്ടേ എന്നു കരുതി ഇച്ചിരെ നെല്ലിക്ക അച്ചാറിട്ടത് ഇലയുടെ സൈഡിൽ വെച്ചിരുന്നത് തൊട്ടു പോലും നോക്കിയിട്ടില്ല.
ഇത്തവണ ഇട്ടീരച്ചേട്ടന് ശരിക്കും ദേഷ്യം വന്നു. അടക്കാനാവാതെ ചോദിക്കുകയും ചെയ്തു.
’എന്നാ സായിപ്പേ ഞങ്ങടെ കറീമൊന്നും പിടിച്ചില്ലേ? നിങ്ങടെ നാട്ടിലൊന്നും കിട്ടണതല്ല..ഈ ചൂരത്തലക്കറിയൊക്കെ ഇവിടത്തെ സ്‌പെഷ്യലാ....’
ഊണു കഴിഞ്ഞ് ഇല വടിച്ചു കൊണ്ടിരുന്ന സായിപ്പ് തനിക്കറിയാവുന്ന ഭാഷയിൽ സ്‌പെഷ്യൽ എന്നു കേട്ടപ്പോ തലപൊക്കി നോക്കി.
പിന്നെ കൈ കൊണ്ട് ഒരു തംസപ് അടിച്ച് ഇട്ടീരച്ചേട്ടനോട് പറഞ്ഞു. ’സ്‌പെഷ്യൽ....ഓസം!’
പിറ്റേന്ന് ഉച്ചയായപ്പോ സായിപ്പ് പിന്നെം ചെന്നു. ചോറു ചോദിച്ചു.
ഇട്ടീരച്ചേട്ടൻ ഒരു സംശയത്തോടെ ചോറും സ്‌പെഷ്യൽ പോത്തിറച്ചിയും മത്തി പീര പറ്റിച്ചതും രാവിലെ റോസച്ചേടത്തി ഭരണി പൊട്ടിച്ച് എടുത്തു കൊടുത്ത കേര അച്ചാറിട്ടതും ഇലയിൽ വെളമ്പി.
പിന്നെ, മൊന്തയിലെ സാമ്പാറും മീൻചാറും എടുത്ത് സായിപ്പിനടുത്തേക്ക് ചെന്നു.
അപ്പോഴേയ്‌ക്കും ഇട്ടീരച്ചേട്ടന്റെ കംപ്ലീറ്റ് കൺട്രോളും തകർക്കും വിധം സായിപ്പ് പപ്പടം കൂട്ടി ചോറു തീറ്റി ആരംഭിച്ചിരുന്നു.
ഇന്ന് ഇവനെ ഞാൻ കൊന്നിട്ടേയുള്ളു എന്ന മട്ടിൽ കലി തുള്ളി മുന്നോട്ടാഞ്ഞ ഇട്ടീരച്ചേട്ടനെ അപ്പോ ഹോട്ടലിലേക്ക് കയറി വന്ന രാഘവൻ മാഷ് തടഞ്ഞു.
’എന്നതാ ഇട്ടീരച്ചേട്ടാ പ്രശ്‌നം? ഈ പാവം സായിപ്പ് എന്തു പെഴച്ചു?’
കലിയടങ്ങാതെ ഇട്ടീരച്ചേട്ടൻ മാഷോട് പറഞ്ഞു. ’എന്റെ പൊന്നു മാഷേ ഈ ഡാഷ് മോൻ ഇന്നലെ മൊതൽ ഓസം എന്നും പറഞ്ഞ് ഞാൻ കഷ്‌ടപ്പെട്ട് ഒണ്ടാക്കിയ ഈ കറിയൊന്ന് തൊട്ടു നക്ക പോലും ചെയ്യാണ്ടെ വെറും പപ്പടം കൂട്ടി പച്ചച്ചോറ് വാരിത്തിന്നണു..എനിക്ക് സങ്കടം സഹിക്കാൻ മേല...’
ഒന്നമ്പരന്ന മാഷ് സായിപ്പിനെ നോക്കി. ശരിയാണ്. കറിയൊന്നും തൊട്ടിട്ടു കൂടിയില്ല. പപ്പടം മാത്രമാണ് തീറ്റി.
മാഷ് പതുക്കെ സായിപ്പിന്റെ അടുത്തേക്ക് നീങ്ങി. എന്നിട്ടു ചോദിച്ചു.
’ഹലോ സർ, വൈ യു ആർ നോട് ഈറ്റിംഗ് ദീസ് കറീസ്.. ദീസ് ആർ അവർ വെരി പ്രെഷ്യസ് സ്‌പെഷ്യൽ ഡിഷെസ്..’
ചോറിൽ നിന്ന് മുഖമുയർത്തിയ സായിപ്പ് മാഷിനെ കണ്ട് എഴുന്നേറ്റു. പിന്നെ, ഇടത്തേ കൈ കൊണ്ട് മാഷിന് ഒരു ഷേക് ഹാൻഡ് കൊടുത്തു
’ഹായ്...നൈസ് ഫുഡ്. സ്‌പെഷ്യലി ദിസ്.’ പിന്നെ, ഒരു കഷണം പപ്പടം ഉയർത്തിക്കാട്ടി. ’കാൻ യു പ്ലീസ് സേ ഹൗ എയർ ഈസ് ട്രാപ്പ്‌ഡ് ഇൻസൈഡ് ദിസ് ടു ലെയെഴ്‌സ്....’
പപ്പടത്തിനകത്ത് കാറ്റെങ്ങനെ നിറച്ചു എന്ന് സായിപ്പിനോടും കാറ്റു കൊണ്ടുണ്ടാക്കിയ പലഹാരം സായിപ്പിന് നന്നായി ഇഷ്‌ടപ്പെട്ടു എന്ന് ഇട്ടീരച്ചേട്ടനോടും പറയാനാവാതെ ഒകെ ഡാ... ബൈ ഡാ... എന്നൊക്കെ പറഞ്ഞ് രാഘവൻ മാഷ് സ്‌ഥലം കാലിയാക്കി...
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

എന്നെന്നും സ്നേഹത്തോടെ

Image may contain: 1 person, beard and closeup

'ഏട്ടാ ഞാൻ നാട്ടിലുണ്ട്. ഇവിടെ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. അതെല്ലാം സോൾവാക്കി ഞാൻ വരും കാണാൻ...'
പതിവില്ലാത്തവണ്ണം മെസ്സെൻജറിൽ ഒരു ചുവന്ന പ്രകാശം. അത് എന്താണെന്ന് അറിയുവാൻ തുറന്നു നോക്കിയപ്പോഴാണ് ആ മെസ്സേജ് കണ്ടത്. അത് അവനായിരുന്നു. ഒരിക്കൽ തന്റെ ഏറ്റവും പ്രിയമുള്ള സുഹൃത്തെന്ന് താൻ അഹങ്കാരത്തോടെ പലരോടും പറഞ്ഞ പ്രിയ സുഹൃത്ത്. ..നവാസ്.
മെസ്സേജ് വായിച്ചിട്ടും ആ വാക്കുകൾക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ തന്റെ മനസ്സ് ചാഞ്ചല്യപ്പെട്ടു. ചിരിക്കേണമോ കരയേണമോ അതോ സന്തോഷത്തോടെ തുള്ളിച്ചാടേണമോ എന്നറിയാതെ ഒരു നിമിഷം. ..
ഇല്ല. . തുള്ളിച്ചാടുവാൻ കഴിയില്ല. കാരണം ആ പ്രായം കടന്നുപോയിരിക്കുന്നു. ഇന്ന് താൻ തുള്ളിച്ചാടിയാൽ തനിക്ക് ഭ്രാന്താണെന്ന് കാണുന്നവർ മുദ്ര കുത്തും. പിന്നെ ചിരിക്കേണമോ....?
എന്തിന്...?
വർഷങ്ങളായി കാണാതിരുന്ന ആത്മ മിത്രത്തിനെ അപ്രതീക്ഷിതമായി ഉടനെ കാണുവാൻ കഴിയും എന്നറിയുമ്പോഴുള്ള സ്നേഹിതന്റെ മാനസികാവസ്ഥ. പക്ഷേ, ഇപ്പോൾ ഇതൊന്നുമല്ലാത്ത ഏതോ ഒരവസ്ഥയിലേക്ക് താൻ സ്വയം എത്തിക്കഴിഞ്ഞിരിക്കുന്നു.
ഒരുതരം നിസ്സംഗത..
നിർവ്വികാരമായ മനസ്സിന്റെ പ്രതിരോധമാണോ ഈ നിസ്സംഗതക്കു കാരണം. .... ഒരുപക്ഷെ ആയിരിക്കും. .
നീണ്ട നാലു വർഷങ്ങൾ. ... പരസ്പരം കാണാതിരുന്ന നാലു വർഷങ്ങൾ. ...അതിന് നാല്പത് വർഷത്തിന്റെ ദൈർഘ്യം ഉള്ളതുപോലെ..... അങ്ങനെയാണ് മനസ്സ്. .
പ്രതീക്ഷിക്കുവാൻ ഒന്നുമില്ലാത്തവന്റെ വെറും കാത്തിരിപ്പ്. യൗവ്വനം പടിയിറങ്ങി വാർദ്ധക്യം തന്റെ ഊഴവും കാത്തിരിക്കുന്ന, പരാജയങ്ങൾ മാത്രം കൈമുതലായുള്ള ഒരാളുടെ ജീവിതത്തിലേക്ക് ഒരു പച്ച വെളിച്ചവുമായി അവൻ വരുമോ...? അറിയില്ല. .
ഏറെ പ്രതീക്ഷകളോടെ ആയിരുന്നു കഴിഞ്ഞ വർഷവും ഇതുപോലൊരു വരവിനായി കാത്തിരുന്നത്.
അന്നും വാക്ക് തന്നതായിരുന്നു വരാമെന്ന്. അന്ന് മനസ്സിലേക്ക് ഒരു കുളിർക്കാറ്റായി ആ വാക്കുകളെത്തി. പക്ഷേ ഇന്ന്. .....
അനുഭവങ്ങളിൽ നിന്നാണ് ഓരോ പാഠങ്ങളും സ്വായത്തമാവുന്നത്. ഇനിയും കാണാത്ത അറിയാത്ത തലങ്ങളിലൂടെ ഒരു യാത്ര. ഓരോ ദിവസവും ഓരോ വ്യക്തിയും ഓരോ പുതിയ അനുഭവങ്ങൾ സമ്മാനിച്ചു കടന്നു പോകുന്നു. അതാണ് ജീവിതമെന്ന് പഠിപ്പിക്കുന്നു.
അത് മാത്രമാണോ ജീവിതം. .?
ഇനിയും അറിഞ്ഞിട്ടില്ലാത്ത കാണാത്ത തലങ്ങളിലേക്ക് ജീവിതം നമ്മെ കൈ പിടിച്ചു കൊണ്ടു പോകുന്നു.
ആദ്യമായി ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഒരു നവജാത ശിശുവിന്റെ മിഴികൾ ആദ്യമായി തുറന്ന് അവൻ തന്റെ ചുറ്റിലും കാണുന്ന ഈ ലോകത്തെ ആശ്ചര്യപൂർവ്വം വീക്ഷിക്കുന്ന അവസ്ഥ. അത് ഈ ജീവിതാന്ത്യം വരെ തുടരുന്നു. ഓരോന്നും കണ്ടും കേട്ടും അന്നും ഇന്നും നമ്മൾ ആശ്ചര്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.
'ഇവിടെ കുറെ പ്രശ്നങ്ങൾ ഉണ്ട്. ഞാൻ എങ്ങോട്ടെങ്കിലും പോവാണ് ഏട്ടാ...'
'എങ്ങോട്ട്....? എന്ത് പ്രശ്നങ്ങൾ. ..?'
'ഭ്രാന്ത് പിടിക്ക്ണ് മനുഷ്യന്. ...എങ്ങോട്ടെന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. എല്ലാം ഒന്നു ചൂടാറും വരെ എനിക്ക് എങ്ങോട്ടെങ്കിലും മാറി നില്ക്കണം.. ഇല്ലെങ്കിൽ ഭ്രാന്താവും. ...'
'എങ്കിൽ നീ ഒരു കാര്യം ചെയ്യൂ. അവിടെയും ഇവിടേയും കറങ്ങി നടക്കേണ്ട. നീ നേരെ എന്റെ വീട്ടിലേക്ക് പോരു. അവിടെ നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. മാത്രവുമല്ല എനിക്ക് അത് സന്തോഷമാണ്. എല്ലാം ശരിയാവുമ്പോൾ പോവാം...'
'നോക്കട്ടെ. . ഞാൻ വിളിക്കാം ഏട്ടാ. ...'
മനുഷ്യന്റെ ജീവിതത്തിൽ പരീക്ഷണങ്ങൾക്ക് ഒരിക്കലും അവസാനമില്ലേ. .? പരീക്ഷണങ്ങൾക്ക് വേണ്ടി മാത്രമായി എന്തിനാണ് ഈശ്വരൻ എന്നും നല്ല മനുഷ്യരെ മാത്രം തെരഞ്ഞെടുക്കുന്നത്. .? പരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിലേക്ക്. .. ദുഃഖങ്ങളിൽ നിന്നും അതീവ ദുഃഖങ്ങളിലേക്ക് നിഷ്ക്കരുണം അങ്ങനെ തള്ളിവിട്ട് ആ സങ്കടക്കടലിൽ നിന്ന് കര കയറുവാനാവാതെ കൈകാലിട്ടടിച്ച് നെഞ്ചിൽ കൈ വെച്ച് കണ്ണീരോടെ അവൻ മിഴികളുയർത്തി അവസാന ആശ്രയമായി മനസ്സിൽ കരുതുന്ന ദൈവത്തെ ആത്മാർത്ഥമായി വിളിക്കുമ്പോഴും ആ കാഴ്ച കണ്ടു കുലുങ്ങിച്ചിരിച്ച് ഒരു കാഴ്ചക്കാരൻ മാത്രമായി ദൈവം മേലെ അവനെ നോക്കി ചിരി തൂകുന്നു....
ആശ്രയമറ്റവന്റെ കണ്ണുനീരൊപ്പുന്ന, നിരാലംബനായവന് ആലംബമേകുന്ന ദൈവത്തെ നോക്കി നിറമിഴികളോടെ വീണ്ടും വീണ്ടും അവൻ ആ സങ്കല്പത്തിൽ ആശ്രയം തേടുന്നു.
ജീവിതം ഇതാണെന്നും ഓരോ മനുഷ്യന്റേയും ജീവിതം ഇത്തരം വ്യത്യസ്തങ്ങളായ പ്രതീക്ഷകളോടെയാണ് മുന്നോട്ട് നീങ്ങുന്നത് എന്നതറിയാതെ തന്റേതു മാത്രമാണ് ഏറ്റവും വലിയ ദുഃഖം എന്ന് കരുതി വിലപിക്കുമ്പോഴും അവനറിയുന്നില്ല ഇതിനേക്കാൾ വലുതാണ് തുടർന്നുള്ള ജീവിതത്തിലെ പരീക്ഷണങ്ങൾ എന്ന്. ....
'എന്തേ... വരുന്നില്ലെ...?'
'വരാം ഏട്ടാ. ... നമ്മുടെ വിനീഷിന്റെ കല്ല്യാണമാണ്. ഞങ്ങൾ നാലുപേർ ഇപ്പോൾ നാട്ടിലുണ്ട്. എല്ലാവരും കൂടി ഒരുമിച്ചു വരാം. '
'എപ്പോഴാ വരുന്നത്. ..?'
'കണ്ണൂർ നിന്ന് ട്രെയിന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അത് വെളുപ്പിന് മൂന്നു മണിക്കുള്ളിൽ തൃശ്ശൂർ എത്തും. '
'എന്നിട്ടോ....?'
'റെയിൽവെ സ്റ്റേഷനിൽ വെയിറ്റ് ചെയ്യും. നേരം വെളുത്തിട്ട് അങ്ങോട്ട് പോകാം. പിന്നേയും ഒരു മണിക്കൂർ യാത്രയില്ലെ. ..'
'എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്. .വെറുതെ റെയിൽവെ സ്റ്റേഷനിൽ കറങ്ങിത്തിരിഞ്ഞ് ഉറക്കമിളച്ച് ഒരു വിവാഹ വീട്ടിലേക്ക് എങ്ങനെയാണ് പോകുന്നത്. .. ഒരു കാര്യം ചെയ്യൂ. ആ ടിക്കറ്റ് റെദ്ദാക്കാൻ കഴിയുമെങ്കിൽ ചെയ്ത് ബസ്സിന് തലേന്ന് രാത്രിയോടെ ഇവിടെ എത്തുന്ന രീതിയിൽ സമയം നോക്കി വരൂ. നാലുപേരും കൂടി ഇവിടെ വന്ന് സുഖമായി ഉറങ്ങി ഫ്രഷ് ആയി രാവിലെ പോകാം. ...ഇവിടെ നിന്നു കുറച്ചു ദൂരമല്ലെ ഉള്ളൂ...'
'അത് ശരിയാണ്. ..ഞാൻ അത് ഓർത്തില്ല. എന്നാ അങ്ങനെ ചെയ്യാം. ഞാൻ എല്ലാവരോടും പറയാം. '
'ഉം.... ശരി. .. ഞാൻ പ്രതീക്ഷിക്കും. ..'
'ആ... ഏട്ടാ.... ഞാൻ എന്തായാലും വരും .'
ആദ്യമായാണ് അവരെല്ലാം തന്റെ വീട്ടിലേക്ക് വരുന്നത്. എങ്ങനെയൊക്കെയാണ് അവരെ സൽക്കരിക്കേണ്ടത് .. തന്റെ ഈ ചെറിയ വീട്ടിൽ അവർക്കായി എങ്ങനെയൊക്കെ സൗകര്യങ്ങൾ ഒരുക്കും എന്നതായിരുന്നു മനസ്സിലെ പിന്നീടുള്ള ചിന്തകൾ.
എല്ലാറ്റിലുമുപരി ആത്മസുഹൃത്തിന്റെ ആഗമനം. മൂന്നു വർഷമായി കാണാതിരുന്നുവെങ്കിലും മൊബൈൽ നമ്പർ നഷ്ടമായി എങ്കിലും എഫ് ബി അതിനെല്ലാം ഒരു പരിഹാരമായി വർത്തിച്ചതിനാൽ വീണ്ടും കാണാമെന്നുള്ള പ്രതീക്ഷ മനസ്സിൽ ചേക്കേറി.
ഓർമ്മകൾ വീണ്ടും വർഷങ്ങൾക്ക് പിറകിലേക്ക് പറന്നുപോയി. സ്വപ്നങ്ങൾക്ക് ചിറകു നൽകി ആ സ്വപ്നഭൂമിയിൽ കഴിഞ്ഞ നാളുകളിലേക്ക്. എല്ലാ ദുരിതങ്ങളും തീർന്ന് നല്ലൊരു ഭാവിജീവിതം സ്വപ്നം കണ്ടു തനിക്ക് അതിനു ഭാഗ്യമേകിയ സർവ്വശക്തന് നന്ദി പറഞ്ഞുകൊണ്ട് ഉറ്റവരേയും ഉടയവരേയും വേർപിരിഞ്ഞ് മറ്റൊരു ലോകത്തേക്ക്. .. ഇതുവരെ കാണാത്ത പുതിയ ലോകത്തേക്ക് ഒരു യാത്ര. .. ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഏതൊരു മലയാളിയേയും പോലെ ഒട്ടും വ്യത്യസ്തനല്ലാതെ താനും അവിടെ എത്തിച്ചേർന്നു. .....
'പുറപ്പെട്ടോ....?'
'ഇല്ല ഏട്ടാ. ..... ഇവിടെ പണിത വീട് പെങ്ങൾക്ക് കൊടുക്കാണ്. ഞാൻ വേറെ സ്ഥലം കൂടി വാങ്ങിയിട്ടുണ്ട്. അവിടെ പുതിയ വീടിന് കുറ്റി അടിക്കുവാൻ ആള് വരും നാളെ. അതിനാൽ വരാൻ പറ്റില്ല...'
'സാരമില്ല. .. ഞാൻ കുറെ പ്രതീക്ഷിച്ചു.. പലതും കരുതി വെച്ചു... പോട്ടെ... സാരമില്ല. .'
'നേരത്തെ വന്നാൽ മതിയായിരുന്നു. അതാ പറ്റിപ്പോയത്...'
'ശരി.... പോയിട്ട് സമയം കിട്ടിയാൽ വിളിക്കണം...'
'ഉം.... വിളിക്കാം. ...'
സ്വപ്നഭൂമി. ..
എല്ലാം പുതുമകൾ ആയിരുന്നു. ഭാഷയും സംസ്കാരവും വേഷവും നാടും അന്തരീക്ഷം പോലും വ്യത്യസ്തം.
ആദ്യമായി തന്നെ സ്വീകരിക്കുവാനായി ഒരു വിദേശി തന്റെ പേരെഴുതി ഫോട്ടോ പതിച്ച പ്ലക്കാർഡുമായി പുഞ്ചിരി തൂകി നില്ക്കുന്നു. ഇനി ഇവിടെ നിന്ന് എങ്ങനെ എന്നറിയാതെ എയർപോർട്ടിനു വെളിയിലേക്ക് ഇറങ്ങിയപ്പോൾ അങ്ങനെ ഒരാളെ കണ്ടത് ആശ്വാസമായി തോന്നി. അയാളോടൊപ്പം കൗതുകത്തോടെ കാറിന്റെ മുൻഭാഗവും ആപ്പെ ഗുഡ്സ് വണ്ടിയുടെ പിൻഭാഗവുമായി കൂട്ടിച്ചേർത്ത ഒരു വണ്ടിയിൽ കയറിയതും ഇംഗ്ളീഷും അറബിക്കും കലർന്ന അറബിയുടെ അവ്യക്തമായ സംസാരത്തിന് അറിയുന്ന ഇംഗ്ലീഷ് പോലും വാക്കുകളായി പുറത്തുവരുവാൻ മടിച്ചു നില്ക്കെ മുക്കിയും മൂളിയും ഇംഗ്ളീഷും ഹിന്ദിയും കലർത്തി അയാൾക്ക് മറുപടി നൽകിയതും പുതിയൊരു താവളത്തിൽ എത്തിപ്പെട്ടതും നീണ്ട ആറു വർഷം കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ചൊരു പുതിയ ജീവിത മാർഗ്ഗം തെളിയിച്ചു തന്ന ആ സർവ്വശക്തനോട് ആദ്യം വിരോധത്തോടെ വിലപിക്കുമ്പോഴും പിന്നീട് ആശ്വാസത്തോടെ നന്ദി പറയുകയും ചെയ്തതും ഒന്നും മറക്കുവാനാകുന്നില്ല. ...
ജീവിതം ഒരു വഴിത്തിരിവിലേക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി അവന്റെ വരവ്. ഒരു പാവം പയ്യൻ. ഏതോ ഒരു മുജ്ജന്മ ബന്ധംപോലെ ആദ്യമേ തന്നെ പരസ്പരം സുഹൃത്തുക്കളായി.
ആരായിരുന്നു തനിക്ക് അവൻ. .....
ഒരു മകനോ കൂടപ്പിറപ്പോ, കുഞ്ഞനുജനോ സുഹൃത്തോ അതോ ഇതെല്ലാം കൂടിച്ചേർന്നതോ. .. അതെ... അതെല്ലാം ആയിരുന്നു. ..
അവനും അങ്ങനെ തന്നെ. ...ഏട്ടനായും കൂട്ടുകാരനായും അച്ഛനായും സ്ഥാനം നൽകി പലരും പറഞ്ഞപ്പോൾ അതെല്ലാം അംഗീകരിക്കുന്നതായിരുന്നു അവന്റെ മനസ്സ്.
സ്നേഹം കൊണ്ടു തന്റെ കൂടെ നിന്നപ്പോൾ അതുവരെ അറിയാത്ത ഒരനുജന്റെ അല്ലെങ്കിൽ മകന്റെയോ അതോ ആത്മ മിത്രത്തിന്റേയോ സ്നേഹത്തോടെ എന്നും അവൻ കൂടെ നിന്നു. സ്നേഹം എന്താണെന്ന് തന്നെ പഠിപ്പിച്ചതും അത് അനുഭവിച്ചതും അവനിൽ നിന്നും ആയിരുന്നു. നാലരവർഷം ഒരുമിച്ച് ആ മരുഭൂമിയിലെ പ്രതിസന്ധികളിൽ താങ്ങും തണലുമായി പരസ്പരം കൂടെ നിന്നു. മറ്റുള്ളവർക്ക് മാതൃകയായി അറബികൾ പോലും അംഗീകരിച്ച സൗഹൃദം. മത വിദ്വേഷം ആളിപ്പടരുമ്പോഴും അതിനേക്കാൾ മേലെയാണ് യഥാർത്ഥ മനുഷ്യസ്നേഹം എന്ന് സ്വന്തം ജീവിതത്തിലൂടെ തങ്ങൾ വരച്ചുകാട്ടി.
പക്ഷേ, സന്തോഷങ്ങൾ ഒരിക്കലും ശാശ്വതമല്ലല്ലോ. ..മത വൈരികൾക്ക് ഈ സ്നേഹം അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒരിക്കലും കണ്ടുമുട്ടാത്ത രണ്ടു ദിക്കുകളിലേക്ക് മാറ്റി നടുകയായിരുന്നു അതിന് അവർ കണ്ട മാർഗ്ഗം.
അടക്കുവാനാവാത്ത വേദനയുമായി നിറമിഴികളോടെ യാത്രപോലും പറയുവാനാവാതെ അവന്റെ മൂർദ്ധാവിൽ ഉമ്മവെച്ച് മൗനമായി യാത്ര പറയുമ്പോൾ ഒരു കൊച്ചു കുഞ്ഞിനേപ്പോലെ പൊട്ടിക്കരഞ്ഞ് അവന്റെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ആ സുഹൃത്തിന്റെ. .. തന്റെ കുഞ്ഞിമോന്റെ മുഖം ഇന്നും മായാതെ മനസ്സിൽ ഒരു നോവായ് സ്നേഹമായ് തെളിഞ്ഞു കിടക്കുന്നു. ....
കാലത്തിന് എല്ലാം മായ്ക്കുവാനും മറക്കുവാനും കഴിയും എന്ന് കാലം തെളിയിച്ചു. മറക്കാനാവാതെ തന്റെ മനസ്സ് ഒരു നിഴലായി അവന്റെ കൂടെ നില്ക്കുമ്പോഴും മനുഷ്യരേക്കാൾ ശക്തരാണ് മത വിശ്വാസികൾ എന്ന് തെളിയിച്ചുകൊണ്ട് അവനും ആ വഴിയിൽ അകപ്പെടുന്നത് അറിയേണ്ടതായി വന്നു.
എല്ലാം മറന്നുവോ അതോ മറക്കുവാൻ ശ്രമിച്ചതോ. ....... അറിയില്ല. സ്വന്തം കാലിൽ നില്ക്കുവാനായാൽ അതുവരെ തന്നെ കൈ പിടിച്ചു നടത്തിയ തന്റെ സ്വന്തം മാതാപിതാക്കളേപ്പോലും തള്ളി പറയുകയും തള്ളിക്കളയുകയും ചെയ്യുന്ന ഇക്കാലത്ത് അവൻ തന്നെ മറന്നത് അത്ര വലിയ തെറ്റാണോ. ..? അറിയില്ല. .
എങ്കിലും പരിഭവങ്ങളില്ലാതെ ഇനിയും ഒരു ജന്മമുണ്ടെങ്കിൽ അവന്റെ ഏട്ടനായിത്തന്നെ പുനർജ്ജനിക്കണമെന്ന പ്രാർത്ഥനയോടെ തന്റെ മനസ്സിൽ ഇന്നും അവനെക്കുറിച്ചുള്ള നല്ല ഓർമ്മകൾ എന്നും നിറഞ്ഞു നില്ക്കുന്നു.
'എന്തേ വരാമെന്ന് പറഞ്ഞിട്ട്. .? ഇത്തവണയും ലീവ് കഴിഞ്ഞ് പോയൊ. .?'
'ലീവൊക്കെ കഴിഞ്ഞു. പുതിയ വീടിന്റെ പണി കഴിയാത്തതുകൊണ്ട് പോയിട്ടില്ല. ടിക്കറ്റ് എടുത്തു.... പതിനാലിനു പോകും. ....'
'പിന്നെ എന്തിനായിരുന്നു ഈ വാഗ്ദാനം. ...? നിങ്ങൾ പ്രവാസി സുഹൃത്തുക്കൾക്ക് തട്ടിക്കളിക്കാനായി ഒരു കാറ്റുപോയ പന്തുപോലെ ആയി ഞാൻ അല്ലെ.... നടക്കട്ടെ....'
പ്രതീക്ഷകൾ അസ്തമിക്കുന്നില്ല.... ഇനിയും....
***മണികണ്ഠൻ അണക്കത്തിൽ***

നിഴൽ പോലെ ഒരാൾ


നിഴൽ പോലെ ഒരാൾ
---------------------------------------------------------
കാർമേഘങ്ങൾ ഇരുണ്ടുകൂടി മഴ പെയ്ത ഒരു വൈകുന്നേരമാണ് ആൻമേരി ആ പുസ്തകക്കടയെക്കുറിച്ച് പറഞ്ഞത്.. അവളുടെ വിചിത്രമായ കൗതുകങ്ങൾക്കിടയിൽ അനിർവചനീയമായ അനുഭൂതി നൽകുന്ന വായനയും ഉൾപ്പെട്ടു എന്നറിഞ്ഞ സന്തോഷത്തിലായിരുന്നു ഞാനപ്പോൾ.
കട്ടിലിൽ നിരത്തി വെച്ച പുസ്തകക്കൂട്ടത്തിനിടയിൽ കിടന്നുള്ള അവളുടെ വായനയ്ക്കിടയിലാണ് ഞാൻ മുറിയിലേക്ക് കടന്നത്.
ചേച്ചീ ചേച്ചിക്കെന്തിനോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ? അവളുടെ ചോദ്യം ചിരിയുണർത്തിയെങ്കിലും മുഖത്ത് ഗൗരവം വരുത്തി ഞാൻ പറഞ്ഞു.
"ഇപ്പോൾ തിമിർത്തു പെയ്ത മഴയോടെനിക്ക് പ്രണയം തോന്നി."
ചേച്ചിയേ?
ഞാൻ പുസ്തകങ്ങളെ പ്രണയിച്ചു തുടങ്ങി .അവളുടെ കണ്ണുകളിൽ അപ്പോൾ കുസൃതി നിറഞ്ഞ ചിരിയാണ് കണ്ടത്.
ഓരോ ദിവസവും വിചിത്രമായ കൗതുകങ്ങളായിരിക്കും അവൾക്ക്. ഇന്നവൾ ഗൗരവക്കാരിയാണ്.
"ചേച്ചീടെ മുടി കാണാൻ എന്ത് ഭംഗിയാ?"
ഞാനും സ്ട്രെയിറ്റൺ ചെയ്യും ഇന്നലെ പറഞ്ഞത് ഓർത്തപ്പോൾ അറിയാതെ ചിരിച്ചു പോയി.
ഞങ്ങൾക്കാകെയുള്ള പുറം കാഴ്ച്ചകൾ നീളുന്നത് തുണിക്കടയ്ക്ക് പിറകിലെ ചായ്പ്പിലുള്ള കുഞ്ഞാപ്പൂന്റെ ഇസ്തിരിക്കടയിലേക്കാണ്..
പട്ടണത്തിലെ മൊത്തം തുണികളുടേയും ചുളിവ് മാറ്റുന്നത് കുഞ്ഞാപ്പു ആണെന്ന് തോന്നും അവിടെയെത്തുന്ന തുണിക്കെട്ടുകൾ കണ്ടാൽ. പരാതിയില്ലാതെ സഹായി ചെറുക്കൻ ഊതിയെടുക്കുന്ന കനലുകൾ നിറച്ച പെട്ടി കൊണ്ട് പലരുടേയും പുറംമോടിയുടെ ചുളിവുകൾ നിവർക്കുന്ന തിരക്കിലാവും കുഞ്ഞാപ്പുവിന്റെ പുലർകാലം.
ഞായറാഴ്ച്ച ഞങ്ങളുടെ നേരം മ്പോക്കുകൾക്കിടയിൽ കുഞ്ഞാപ്പൂം കൂടും.
വെറ്റിലക്കറയുള്ള നീളൻ പല്ലുകാട്ടിയുള്ള കുഞ്ഞാപ്പൂന്റെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ എനിക്ക് അമ്മയുടെ അമ്മാവൻ അപ്പുമാമയെ ഓർമ്മ വരും.
ആൻമേരിയുടെ കയ്യിലെ കടും നീല പുറംചട്ടയിൽ കറുപ്പു മഷികൊണ്ടെഴുതിയ ഖസാക്കിന്റെ ഇതിഹാസം എന്റെ മനസ്സിനെ ഓർമ്മകളുടെ തിരശ്ശീല നീക്കി ഒരു പതിനഞ്ചു വർഷം പുറകിലേക്കെത്തിച്ചു.
ഹൃദയത്തിലപ്പോ ആരോ പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു.. ചില ഓർമ്മകൾ ചില വസ്തുക്കളുമായി, ചില നിറങ്ങളുമായി കെട്ട് പിണഞ്ഞ് കിടക്കും.
**********************
" അനിയൻ കുട്ടിക്കാരാകാനാ മോഹം."
രൂപ ചേച്ചിയുടെ ചോദ്യത്തിന് മറുത്തൊരു മറുപടി അവനുണ്ടായിരുന്നില്ല. പരിഷത്ത് മാഷാ പുസ്തകങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചത്. എനിക്ക് പുസ്തക വിൽപ്പനക്കാരൻ ആയാൽ മതി.
ചാരുകസേരയിൽ നിവർന്നിരുന്ന് അടക്കാ കിളികൾക്ക് ഗോതമ്പ് മണികൾ എറിഞ്ഞു കൊടുത്തോണ്ടിരുന്ന മുത്തശ്ശൻ ഉറക്കെ ചിരിച്ചു.
"ഇവൻ വല്യ എഴുത്തുകാരൻ ആവും.. ഞങ്ങളെ ഒക്കെ ഓർക്കുമോ നീ "
മുത്തശ്ശന്റെ നരച്ചു തുടങ്ങിയ താടിയിൽ പിടിച്ച് കവിളിൽ ഒരുമ്മയായിരുന്നു അവന്റെ മറുപടി. ആൻമേരിയെപ്പോലെ അനേകം പേരിൽ നിന്ന് വേർതിരിച്ചെടുക്കാൻ പറ്റുന്ന വ്യക്തിത്വം..
ദിവസങ്ങൾ മാത്രമുള്ള പരിചയം ഒരായുസ്സിന്റെ ഓർമ്മകളിലേക്ക് നിറച്ച് വിസ്മൃതിയിലേക്ക് മറഞ്ഞവൻ. കാണുമായിരിക്കും എന്നെങ്കിലും..
മാഞ്ഞു പോയ ഓർമ്മകളിൽ അവന്റെ മുഖം.തേടി കണ്ടു പിടിയ്ക്കണം
ഇടിയും മിന്നലും മഴയും ഒരുമിച്ച് വന്ന് ഞങ്ങളെ പേടിപ്പിച്ച വൈകുന്നേരമാണ് ഉണ്ണി മാഷ് ആ വർഷത്തെ കലാമേളയുടെ സവിശേഷത പറഞ്ഞത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നും എത്തുന്ന കൂട്ടുകാർ. അവരെ വീട്ടിലേക്ക് വിളിക്കണം . പങ്കെടുക്കുന്നവർ ഏഴാം ക്ലാസ്സ് വരെ ആയതു കൊണ്ട് വാണി ചേച്ചിക്കും രൂപ ചേച്ചിക്കും പങ്കെടുക്കാൻ പറ്റിയില്ല.
അന്ന് മുത്തശ്ശി വിളക്ക് വെച്ച് രാമനാമം ജപിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചത് പെൺകുട്ടിയെ കിട്ടണേ എന്നാണ്. എന്റെ പ്രാർത്ഥന ദൈവം കേട്ടതുമില്ല.
കുതിരകളെ കുളമ്പടിച്ച് മാറ്റി നിർത്തുന്ന പോലെയായിരുന്നു കലാമേളയുടെ ആദ്യ ദിനം. ആരൊക്കെ ആരുടെ വീട്ടിലേക്ക് എന്നറിയാനുള്ള കാത്തിരിപ്പ്.
ഹൃദയത്തിലെ പെരുമ്പറ കൊട്ടലിനിടയിൽ എന്റെ പേരും വിളിച്ചു.ഹരിനാരായണൻ ,ദിവ്യ.
എന്റെ മുഖം സങ്കടവും ഭയവും കൊണ്ട് ചുവന്നു. എന്നോളം വലിപ്പമുള്ള , നെറ്റിയിൽ ചന്ദനക്കുറിയിട്ട ഒരു അമ്പലവാസി പയ്യൻ. അവൻ വെളുക്കെ ചിരിച്ചു കൊണ്ട് എന്റെ പിറകിൽ മാറാതെ നടന്നു.
കണക്കിലെ കളികൾ കൊണ്ട് മനസ്സിൽ മന്ത്രവിദ്യകൾ നെയ്ത പരിഷത്തിലെ ശിവദാസ് മാഷുടെ ക്ലാസ്സുകളും കളികളുമായി മേള മറക്കാൻ പറ്റാത്ത അനുഭവവുമായി .
ഒരാഴ്ച്ചത്തെ താമസത്തിനിടയിൽ ഞങ്ങളുമായവൻ ഒരായുസ്സിന്റെ അടുപ്പവും ആയി.
യാത്ര പറച്ചിലിനിടയിൽ പരിഷത്ത് മാഷ് അവന് സമ്മാനിച്ച ഖസാക്കിന്റെ ഇതിഹാസം
എനിക്കവൻ സമ്മാനമായി തന്നു.
/വരദ /
/Po നെല്ലിയാംങ്കോട്'' ''. /
പോസ്റ്റ്മാൻ പേര് വായിക്കുമ്പോൾ രൂപ ചേച്ചി ഓടും .അവന്റെ കുസൃതികൾ ഏറെ ചിരിപ്പിച്ചത് അവളെയാണ്.വാണി, രൂപ ,ദിവ്യ ഞങ്ങൾ മൂന്ന് ചേച്ചിമാർക്ക് അവനിട്ട പേരാണ് വരദ.
കുറച്ച് ദിവസം കൊണ്ട് വീട്ടിലെ എല്ലാവരുടേയും മനസ്സ് കീഴടക്കിയൻ.
എഴുത്തിനുള്ളിൽ ഒളിപ്പിച്ച വികാരം എപ്പോഴോ പ്രണയത്തിലേക്ക് വഴി മാറാൻ തുടങ്ങുന്നു എന്ന തോന്നലുണ്ടായപ്പോൾ അമ്മ മറുപടി അയക്കാനുള്ള അനുമതി നിഷേധിച്ചു.കത്തുകളും ഓർമ്മകളും തിരക്കുകൾക്കിടയിൽ മറയുകയും ചെയ്തു.
* * * * * * * * * * * * *
ഓർമ്മകളുടെ ചിതൽപ്പുറ്റ് മാറ്റി വെളിയിൽ വരുമ്പോൾ ആൻമേരി വായനയിൽ തന്നെ .
യാത്ര സ്ക്കൂട്ടിയിൽ ആയതിൽ പിന്നെ വഴിയിലുള്ള കാഴ്ച്ചകളൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. വല്ലപ്പോഴും നാരങ്ങാവെള്ളം കുടിച്ചിരുന്ന ഉസ്മാനിക്കയുടെ കടയുടെ മുന്നിലുള്ള കുശലാന്യേഷണത്തിലൊതുങ്ങിയിരിക്കുന്നു വഴിക്കാഴ്ച്ചകൾ .
വണ്ടി വാങ്ങാൻ തീരുമാനിച്ച് അമ്മയെ വിളിച്ചപ്പോൾ അമ്മ പറഞ്ഞതും അതു തന്നെ.
ദുർമ്മേദസ്സ് കൂടും കുട്ട്യേ. നടക്കാനുള്ള ദൂരല്ലേ ഉള്ളൂ നിനക്ക്. അതങ്ങനാ തന്നിഷ്ടത്തിനല്ലേ കാര്യങ്ങൾ... പിന്നെ ഒരു നെടുവീർപ്പും. അതിൽ എല്ലാം ഉണ്ട്.
ലോകത്തെ കീഴ്മേൽ മറിക്കാതിരുന്നാൽ മതി. അമ്മ അർദ്ധസമ്മതത്തിൽ പറഞ്ഞതോർത്തപ്പോൾ താനേ ചിരിച്ചു പോയി.
അമ്മ അങ്ങനെയായിരുന്നു സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കില്ല.എന്നാൽ കടലോളം സ്നേഹം വാക്കുകളിൽ ഒളിപ്പിയ്ക്കും.
"ചേച്ചീ സ്ക്കൂട്ടി ഞാനിന്നെടുക്കും .നടന്നു പോയാലേ ചേച്ചിക്ക് അയാളെ കാണാനൊക്കൂ.. ആൻ ഏതാണ്ടുറപ്പിച്ച പോലയാണ് ആ പുസ്തക വിൽപ്പനക്കാരൻ അവസാനം പ്രണയകവിത എഴുതി കടന്നു പോയ അനിയൻ കുട്ടിയാണെന്ന് . രാവിലെ ഞാൻ ഡ്രോപ്പ് ചെയ്യാം. രാവിലെ അയാൾ കട തുറക്കില്ലായിരിക്കും. "
അവളങ്ങനെയാണ് അവളൊക്കെ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
മാസങ്ങൾ മാത്രമുള്ള പരിചയത്തിനിടയിൽ മനസ്സിലേക്ക് തുറന്ന് വെച്ച സൗഹൃദങ്ങൾ .
ഓഫീസിലെ തിരക്ക് കാരണം ഇറങ്ങാൻ ഇത്തിരി വൈകി പോയിരുന്നു.
ആൽമരത്തിന്റെ ചോട്ടിലെ കടയിലെത്തും വരെ മനസ്സിൽ കണക്കെടുപ്പായിരുന്നു .പ തിനഞ്ചു വർഷം ഒരാൾക്ക് വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച്... കടയിലെത്തുമ്പോൾ .അവിടെ തിരക്കൊഴിഞ്ഞിരുന്നു. ഒരു മാസികയിൽ മുഖം പൂഴ്ത്തി ഒരു ചെറുപ്പക്കാരൻ.രണ്ടു മൂന്ന് ആഴ്ച്ചപതിപ്പുകളുടെ പേര് പറഞ്ഞ് മുഖം അവനിലേക്ക് തിരിച്ചു.
പോയ കാലത്തിന്റെ യാതൊരു ശേഷിപ്പും ആ മുഖത്ത് കാണാൻ കഴിഞ്ഞില്ല.
മനസ്സിന്റെ ഭ്രാന്ത് ഓർത്തു തനിയേ ചിരിച്ചു. എന്നോ സഹോദരനായവനെ ഒന്ന് കാണാനുള്ള ആഗ്രഹം ഇത്തവണയും വ്യർത്ഥമായി. ആൾക്കൂട്ടത്തിൽ എവിടെ വച്ചെങ്കിലും കണ്ടുമുട്ടും മനസ്സ് പറയാൻ തുടങ്ങി വീണ്ടും...
തിരിച്ചു നടക്കുമ്പോൾ തെരുവിന് കൂടുതൽ ഭംഗിയുള്ളതായി തോന്നി. യാതൊരു ഭയാശങ്കകളും ഉണ്ടായിരുന്നില്ല. തെരുവുവിളക്കുകൾ ആരെയോ പ്രതീക്ഷിച്ച് വെളിച്ചം വീശി കൊണ്ടിരുന്നു.
(കവിതസഫൽ )
29 / 01/18

പത്തു രൂപ


പത്തു രൂപ
...................
മാസാവസാനം ആണ്, കയ്യിൽ നിന്നും ഒരു പത്തു രൂപ പോയാൽ തന്നെ ആകെ വിഷമം. പോകുന്നതു ഒരു പത്തുരൂപ കൂടിയാണെങ്കിലും ആ പത്തു കയ്യിലുണ്ടാവുമ്പോൾ അതു നാളേക്കുള്ള ഒരു പ്രതീക്ഷ കൂടിയാകുന്നു.
ഇന്നലെ കയ്യിലുണ്ടായിരുന്ന ഒരു പത്തു രൂപ എന്നെ ഒരൽപ്പം മുൾമുനയിൽ നിർത്തിയെന്നു പറയും. പണം ആണ് ഓരോ മനുഷ്യനെയും നിയന്ത്രിക്കുന്നത്.
വൈകീട്ട് ജോലി കഴിഞ്ഞു വരുന്ന വഴിയിൽ വീടിനടുത്തുള്ള സ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നു.
സ്കൂളിന് ഫ്രണ്ടിലെ ഗേറ്റിലെ വലിയ ഫ്ലെക്സിൽ സി. കെ. വിനീതും ഇയാൻ ഹ്യൂമും പന്തിനായി ഓടുന്നു.
ഫ്ലെക്സിൽ ഹ്യൂമും, സി. കെ. വിനീതും ഒക്കെയാണെങ്കിലും കളിക്കുന്നത് ലോക്കൽ ടീമുകൾ തന്നെയാണു.
ബൈക്ക് സൈഡിലൊതുക്കി ഞാൻ ചുറ്റുമൊന്നു നോക്കി. വേറെ ഒന്നും കൊണ്ടല്ല നോക്കിയത് ഇനി പാസ്‌ വച്ചുള്ള കളിയാണെങ്കിൽ നേരെ വീട്ടിലേക്കു വിടാമല്ലോ. ഞാൻ പറഞ്ഞ ആ പത്തു രൂപയില്ലേ അതു കയ്യിൽ നിന്നും പോവില്ലല്ലോ.
പക്ഷെ കളി പാസ്‌ വച്ചുള്ളത് അല്ലെന്നു മനസിലായ ഞാൻ ഏറോപ്ലെയിൻ കണക്കെ ഗ്രൗണ്ടിലേക്ക് കുതിച്ചു.
പാസ്‌ ഇല്ലാത്തതു കൊണ്ടു ഗ്രൗണ്ടിന് ചുറ്റും ഒരു കയറ് പോലും കെട്ടിയിട്ടില്ല.
ആളുകൾ തിക്കി തിരക്കി കളി കാണാൻ
തിരക്ക് കൂട്ടുന്നു.
Isl സീസൺ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു കാണികൾക്കും കളിക്കാൻ തെയ്യാറെടുക്കുന്ന ടീമംഗങ്ങൾക്കും വല്ലാത്തൊരു ആവേശം തന്നെ.
ഞാൻ കറങ്ങി തിരിഞ്ഞു ഗ്രൗണ്ടിന്റെ ഒത്ത നടുക്കു തമ്പടിച്ചു. നടുക്കു നിൽക്കുന്നത് കൊണ്ടു രണ്ടു ടീമുകളുടെയും കളി എനിക്കു യഥേഷ്ടം ആസ്വദിക്കാൻ കഴിയും.
അങ്ങനെ വിസിൽ മുഴങ്ങി കളി തുടങ്ങി.
രണ്ടു ടീമിലെയും കളിക്കാർ തമ്മിൽ പരസ്പരം പന്തിനായി ഗ്രൗണ്ടിൽ കിടന്നു തലങ്ങും വിലങ്ങും ഓടുന്നു.
പോസ്റ്റിലേക്കു ഏതെങ്കിലുമൊരു കളിക്കാരൻ അനായാസമായി ഒരു ഷോട്ട് തൊടുത്താൽ കാണികൾ ആർപ്പുവിളിച്ചു കൈ കൊട്ടുന്നു. ഗോൾ മുഖത്തു ഗോൾ അടിക്കാൻ കിട്ടുന്ന അവസരം തുലച്ചു കളയുന്ന കളിക്കാരനെ പച്ചതെറിയും വിളിക്കുന്നുണ്ട്. നമ്മുടെ നാട്ടുകാരല്ലേ, വേറെ ഒന്നും കൊണ്ടല്ല ഞാൻ നേരത്തെ പറഞ്ഞ ആ "ആവേശം" ഇല്ലേ അത് ഒന്നുകൊണ്ടു മാത്രം ആണ് ഇതെല്ലാം സംഭവിക്കുന്നത്.
ഏതാണ്ട് ഒരു പതിനഞ്ചു മിനുറ്റു കഴിഞ്ഞപ്പോൾ എനിക്കു മനസിലായി,
കളി അത്ര പോരാ രണ്ടു ടീമും കണക്കാണ്. എങ്കിലും ഹാഫ് ടൈം വരെ കാണാം എന്നു കരുതി.
റഫറി അങ്ങനെ ഹാഫ് ടൈമിന്റെ വിസലൂതി. ഞാൻ പതുക്കെ ഗ്രൗണ്ടിൽ നിന്നും വീട്ടിലേക്കു പോകാൻ നടന്നു.
കുറച്ചു നടന്നതും പുറകിൽ നിന്നും എന്റെ പേരു വിളിച്ചു.
തിരിഞ്ഞു നോക്കുമ്പോൾ കോൾഗേറ്റിന്റെ പരസ്യം കണക്കെ ഈ എന്നു ഇളിച്ചു കൊണ്ടു രണ്ടു കമ്മിറ്റി ഭാരവാഹികൾ.
അതിലൊരു ഭാരവാഹി എന്റെ ഒരു പരിചയക്കാരനും.
" ഒരു സമ്മാന കൂപ്പൺ എടപ്പ.
ഞാൻ പോക്കറ്റൊന്നു തപ്പി പൈസ എടുത്തില്ല എന്നു പറയാൻ വന്നപ്പോഴേക്കും പരിചയക്കാരൻ ഭാരവാഹി ഒരു കൂപ്പൺ കീറി എന്റെ പോക്കെറ്റിൽ തിരുകി.
ഞാൻ പെട്ടു.. ഇനി പൈസ കൊടുക്കാതിരിക്കാൻ നിവർത്തിയില്ല.
പിന്നെ ഏക ഒരു ആശ്വാസം പത്തു രൂപയെ കൂപ്പണ് ഉള്ളു എന്നതാണ്.
എന്നാലും മാസാവസാനം അല്ലെ പത്തു രൂപ അങ്ങു പോയാൽ അതും പ്രശ്നം ആകും. മനസില്ല മനസോടെ പേഴ്സിൽ നിന്നും ഒരു പത്തുരൂപ ഞാൻ ഭാരവാഹികൾക്ക് നൽകി.
വീടിലേക്ക്‌ പോകാൻ വണ്ടിയെടുത്തപ്പോഴാണ് അനൗൺസ്മെന്റ് കേട്ടത്.
പ്രിയപ്പെട്ട നാട്ടുകാരെ സമ്മാന കൂപ്പണുകൾ എല്ലാവരും എടുത്തു സഹകരിക്കേണ്ടതാണ്.
ഫസ്റ്റ് പ്രൈസ്. ഒരു ഫുൾ ഗ്രിൽഡ് ചിക്കെൻ.
ഇതു കേട്ടതും ഞാൻ വണ്ടിയിലേക്ക് വച്ച കാൽ പുറകോട്ടു എടുത്തു.
ങേ ഒരു ഫുൾ ഗ്രിൽഡ് ചിക്കെനോ.
ശേ പത്തു രൂപ പോയാലും ഇത്രയും വിഷമം എനിക്കുണ്ടാവില്ല പക്ഷെ ഇത്.
ഇനി പത്തു രൂപയ്ക്കു ആ ഫുൾ ഗ്രിൽഡ് ചിക്കെൻ എനിക്കെങ്ങാനും അടിച്ചാലോ.
നൂറെ നൂറിൽ വീട്ടിലേക്കു പോകാൻ ഇറങ്ങിയ ഞാൻ ഇരുന്നൂറേ ഇരുന്നൂറിൽ നേരെ പിന്നെയും ഗ്രൗണ്ടിലെത്തി.
ഹോ ഈ അലമ്പ് കളി ഇനിയും സഹിക്കണമല്ലോ എന്നോർത്ത് വീണ്ടും ഞാൻ ഗ്രൗണ്ടിൽ, പക്ഷെ ഇത്തവണ നടുക്കു പോയി നിൽക്കാതെ ഗോൾ പോസ്റ്റിന്റെ അടുത്തു പോയി നിന്നു.
മനസ് മുഴുവൻ ഗ്രിൽഡ് ചിക്കെനായിരുന്നു. ഈശ്വര അതെനിക്കെങ്ങാനും അടിച്ചാൽ പോളിചെനെ എന്നു ചിന്തിച്ചു നിൽക്കുമ്പോഴാണ് പോസ്റ്റിലോട്ടു ഒരു കളിക്കാരന്റെ ഒരുഗ്രൻ ഷോട്ടു വരുന്നത്.
ഓടിക്കോ എന്നു ഗോൾ പോസ്റ്റിന്റെ അടുത്തു കളി കണ്ടു നിന്നവർ പറഞ്ഞതും.
ചിലര് ഒന്നു കുനിഞ്ഞു, ചിലര് അങ്ങോട്‌ ചിന്നി തെറിച്ചു, ആ കൂട്ട വെപ്രാളത്തിനു ഇടയിൽപെട്ട എനിക്കു ഒന്നു കുനിയാനും പറ്റിയില്ല, ചിന്നി ചിതറാനും പറ്റിയില്ല. ശരവേഗത്തിൽ വന്ന ആ പന്ത് വേറെ ആർക്കും തന്നെ വിട്ടുകൊടുക്കാതെ ഒട്ടും സങ്കോചമില്ലാതെ തിരിഞ്ഞു നിന്നു എന്റെ നിതംബം കുണ്ഡലത്തിൽ ഏറ്റു വാങ്ങി.
ജീൻസ് ആയതു കൊണ്ടു "പടക്കോ'' എന്നൊരു ഒച്ചയും കേട്ടു.
പിന്നെ ഒരു നിമിഷം പോലും ഞാൻ അവിടെ നിന്നില്ല, ഗ്രിൽഡ് ചിക്കെനും വേണ്ട ഒന്നും വേണ്ട, അപ്പൊ തന്നെ ഒരു ഗ്രൗണ്ടിന്റെ ഒരു അരികു പിടിച്ചു ഞാൻ ബൈക്ക് വച്ചോടുത്തേക്കു നടന്നു.
ഈശ്വര ബാക്കിലാകെ ഒരു കടന്നൽ കൂട്ടം കൊത്തിയ ഒരു ഫീൽ ആണ് എനിക്കപ്പോ തോന്നിയത്. മൊത്തത്തിൽ ഒരു അരിപ്പൊ, തരിപ്പോ അങ്ങനെ എന്നാണ്ടൊക്കെ തോന്നുന്നു.
ഏതായാലും പിന്നാമ്പുറത് ആയതോണ്ട് നന്നായി, അതുകൊണ്ട് എന്റെ മൂന്നാംമുറ പോയില്ല എന്ന സന്തോഷത്തിൽ ഞാൻ ബൈക്കെടുത്തു വീടിലേക്ക്‌ വിട്ടു.
Aneesh. pt

"ഹലോ സർ...."


"ഹലോ സർ...."
മെസഞ്ചറിലൂടെ ഒഴുകിയ വരികളിൽ ഞാൻ താഴേക്കു കണ്ണോടിച്ചു....
"സാറിന്റെ രചനകളുടെ സ്ഥിരം വായനക്കാരിയാണു ഞാൻ. കഥകൾ പലതും യാഥാർത്ഥ്യങ്ങളോടു കിടപിടിക്കുന്നുണ്ട്.പലതും നമ്മുടെ ജീവിതത്തിൽ സംഭവിച്ചതു പോലെയൊരു തോന്നൽ...."
മറുപടിയായി ഞാനൊരു സ്മൈലി അയച്ചു കൊടുത്തു...
അവൾ തുടർന്നു കൊണ്ടിരുന്നു.....
"സർ ഇതൊരു ഫെയ്ക്ക് ഐഡിയാണ്.എങ്കിലും ഞാൻ പെണ്ണുതന്നെയാണ്...."
ഞാൻ ,,,അമ്പരക്കുന്നൊരു സ്മൈലി ഇട്ടു...
"സാറെന്താ സ്മൈലിയിട്ടു കളിക്കുന്നത്..കഥകളെഴുതുവാനെ ടൈപ്പു ചെയ്യാറുള്ളോ..."
മറുപടിക്കൊപ്പം ദേഷ്യപ്പെട്ടു ചുവന്നൊരു സൈമൈലി എനിക്കു തിരിച്ചയച്ചിരിക്കുന്നു...
ഇനിയെങ്കിലും മറുപയെഴുതിയില്ലെങ്കിൽ ഞാൻ ജാഡക്കാരനായാലോ...
"അതെന്തുപറ്റി മേഡം..ഫെയ്ക്ക് ഐഡിയിൽ കൂടി..."
"അപ്പോൾ സാറിനു മിണ്ടാനും അറിയാം അല്ലേ...."
പുഞ്ചിരിക്കുന്നൊരു സ്മൈലി ഞാൻ അയച്ചില്ല.പകരം "ഹ ഹാ ഹാ" എന്നു എഴുതി വിട്ടു....
"അതേ എന്നെ മേഡമെന്നൊന്നും വിളിക്കരുത്.ഞാൻ വലിയ ആളൊന്നുമല്ല.പാവം ഒരു വീട്ടമ്മ.ഹസിനു ജോലിയുണ്ട്.മകൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു...."
അവളെ കുറിച്ച് സ്വയം പരിചയപ്പെടുത്തിയപ്പോൾ ഇനി ഞാനായിട്ട് ഒന്നും പറ യാ തിരിക്കുന്നത് മോശമല്ലേയെന്നു കരുതി എന്നെക്കുറിച്ചുളള വിവരങ്ങളും പറഞ്ഞു...
"പിന്നേ എന്നെയിനി സാറേന്നു വിളിക്കരുത്..."
"അയ്യോ സാറേ...ഒരു പോലീസുകാരനെ സാറേന്നല്ലാതെ എന്താ വിളിക്കുക.ഞാൻ മാഷെന്നു വിളിക്കട്ടേ..."
"എന്റെ പൊന്നുപെങ്ങളേ ..‌മാഷേന്നു വിളികേട്ടു മടുത്തു.ഒന്നുകിൽ നെയിം വിളിക്കാം. പ്രായത്തിൽ ഇളയതാണെങ്കിൽ ഏട്ടാന്നു വിളിക്കൂ...താങ്കൾക്ക് എത്ര വയസ്സുണ്ട്..."
"സ്ത്രീകളോടു പ്രായം ചോദിക്കരുത്.എന്നാണ് ചൊല്ല്..."
"ശരി എങ്കിൽ Date of birth പറയൂ..."
ഞാൻ ജനനത്തീയതി പറഞ്ഞു കൊടുത്തു...
തുടർന്നു അവളുടെ പറഞ്ഞിട്ട് എന്റെ മോന്റെയും ഭാര്യയുടെയും ജനനത്തീയതി ചോദിച്ചു....
അവളുടെ മറുപടിയായി മെസേജ് വന്നു...
"എന്റെയും ഹസിന്റെയും മകന്റെയും സാറിന്റെ ഫാമിലിയുടെയും സെയിം ആണല്ലോ.ഇതെന്തൊരു അത്ഭുതം...."
"ഒരുപക്ഷേ കഴിഞ്ഞ ജന്മത്തിൽ നീയെന്റെ സഹോദരി ആയിരുന്നിരിക്കും...."
"ശരിയാണു ഏട്ടാ..എന്തോ വല്ലാത്തൊരു മാനസിക അടുപ്പം എനിക്കു തോന്നുന്നു..ഞാനിനി ഏട്ടാന്നു വിളിക്കൂ.എനിക്ക് ഒരുചേച്ചിയും അനിയനും ഉളളൂ..എനിക്കൊരു ഏട്ടനില്ലാത്ത കുറവ് ഇപ്പോൾ മാറിക്കിട്ടി...."
"ഒരുപാട് സന്തോഷം.കണ്ണില്ലെങ്കിലെ പലരും അതിന്റെ വില അറിയൂ...."
"ശരിയാണേട്ടാ.ഞാനിപ്പോൾ തന്നെ ഫെയ്ക്ക് ഐഡിയിൽ വന്നതു തന്നെ ഹസ് ഒരു പ്രത്യേക ടൈപ്പാണു.മൂപ്പർക്ക് എത്രനേരം വേണമെങ്കിലും മൊബൈലും കുത്തിപ്പിടിച്ചിരിക്കാം‌.ഞാനൊന്ന് എടുത്താൽ കുറ്റമാ..."
"നല്ല ഭർത്താവ് ആണല്ലോ അനിയത്തി..."
"ആൾ കുഴപ്പമൊന്നും ഇല്ല .പക്ഷേ മുൻ കോപം കൂടുതലാണ്. പെട്ടെന്ന് ദേഷ്യപ്പെട്ട് പെട്ടന്ന് തണുക്കും..."
"അതെന്തായാലും നന്നന്നായി...
" ഏട്ടനെ പേടിച്ചാ ഫെയ്ക്ക് ഐഡി ഉണ്ടാക്കിയത്.കഥകൾ സമാധാനമായി വായിച്ചു അഭിപ്രായം പറയാം. പരിചയമുളളവർ നമ്മളെ തിരിച്ചറിയുകയുമില്ല.ആരെയും ഭയക്കണ്ട..."
"അത് നല്ല ഐഡിയ ആണ്. എന്നാലും ഒരു സംശയം അനിയത്തി ഫോൺ എടുക്കുന്നുന്നത് ഹസ് കണ്ടാൽ പ്രശ്നമല്ലേ..."
"മൂപ്പരിന്നു ജോലിക്കു പോയിട്ടില്ല.ഫോണുമായി മുറിയിൽ കയറി എന്തക്കയൊ പൊട്ടത്തരങ്ങൾ എഴുതി വിടുന്നുണ്ട്..ആരെങ്കിലും ഇൻബോക്സിൽ ഒന്നു പുകഴ്ത്തിയാൽ എന്നെ കൊണ്ട് വന്നു കാണിക്കും.ഇത് നേരെ തിരിച്ചാണെങ്കിൽ അടിയുടെ പൊടി പൂരമായിരിക്കും...."
"അത് ശരിയാണ്.‌ചില ആണുങ്ങൾ ഇങ്ങനെ കോംപ്ലക്സ് ഉളളവരാണു..."
"ഞാനിപ്പം തലവേദന എന്നു പറഞ്ഞിട്ട് മറ്റൊരു മുറിയിലാണു.ഒർജിനൽ ഐഡിയിൽ അല്ലാത്തതിനാൽ പച്ചവെളിച്ചം അദ്ദേഹം കാണില്ല.ഓഫീസിൽ പോയാൽ കുഴപ്പമില്ല...
" മം..."
"ഏട്ടാ ഞാനിത്രയും പറഞ്ഞതു വെച്ചൊരു കഥയെഴുതണേ.പിന്നെ ഫെയ്ക്ക് ഐഡിയിൽ എഫ്ബിയിലേക്ക് കടന്നുവരുന്ന പെൺകുട്ടികളുടെ സാഹചര്യങ്ങളും കൂടി ചേർക്കണം...."
നല്ലൊരു തീം കിട്ടിയതിൽ ഞാൻ വളരെയധികം സന്തോഷിച്ചു.ഇതു പൊളിക്കും .ലൈക്കുകൾ വാരിക്കൂട്ടും ഞാൻ മനക്കോട്ടകെട്ടി...
"പിന്നെ ഏട്ടാ ഈ ഐഡി ഞാൻ ഡീ ആക്റ്റിവേഷൻ ചെയ്യുവാ..ഒർജിനൽ ഐഡിയിൽ നിന്ന് ഞാനൊരു മെസേജ് ഇടാം. ഏട്ടൻ കഥയെഴുതി അയച്ചു തരണേ..."
"യെസ് ഷുവർ.ആശയം കിട്ടിയാൽ ഒരു മുപ്പതു മിനിറ്റ് മതി കഥയായി മൊബൈലിൽ പകർത്താൻ.എന്തു ചെയ്യാനാ ഇവിടത്തെ ഭദ്രകാളി ഇവിടെയുണ്ട്.ഇന്നിനി ഇതു കണ്ടാൽ മൊബൈൽ തല്ലിപ്പൊട്ടിക്കും..."
അവളൊരു ചിരിക്കുന്നൊരു സ്മൈലി അയച്ചു...അവളു റ്റാറ്റയും പറഞ്ഞു പോയി...
പെട്ടനാണു അടിവയറ്റിലൊരു കത്തൽ അനുഭവപ്പെട്ടത്.വയറു വിശക്കുന്നു.ഉച്ചഭക്ഷണം കഴിച്ചില്ല....
മൊബലിലിൽ ടൈം നോക്കിയതും അറിയാതെയൊന്നു ഞെട്ടി...
"സമയം മൂന്നര....കഴിഞ്ഞു...."
മൊബൈൽ ചാർജിലിട്ട് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ഭാര്യ ചായ ശരിയാക്കുന്ന തിരക്കിൽ...
"ടീ ചാറു താ...."
അവളെന്നെ രൂക്ഷമായിട്ടൊന്ന് നോക്കി...
"ചോറു പൂച്ച തിന്നു...വേണമെങ്കിൽ ചായ തരാം...."
ഇവിടെ കുറെ കളളപ്പൂച്ചകൾ ഉണ്ട്. തരം കിട്ടിയാൽ അടുക്കളയയിൽ കയറി സാധനങ്ങൾ തട്ടി മറിക്കും..
"നിങ്ങൾക്കു സമയത്ത് കഴിക്കണമെന്നില്ലല്ലോ..ഏതുനരവും മൊബൈലിൽ പെറ്റു കിടക്കുവല്ലേ.എനിക്കറിയാം ഞാൻ മാറിയൊന്നു കിടന്നപ്പോൾ മൊബൈൽ എടുത്ത് കാണുമെന്ന്..."
"സത്യമായിട്ടും ഇല്ലെടീ.ഞാൻ സത്യം ചെയ്യാം..‌"
"നിങ്ങളുടെ കള്ളസത്യം എനിക്കു കേൾക്കണ്ട.ഒരുദിവസം ഞാനതു വെട്ടിക്കീറി അടുപ്പിൽ വെക്കും..."
"ദൈവമേ എന്റെ Oppo f 5 youth Icon .കൊതിച്ചു വാങ്ങീതാണു.അതിന്റെ കലിപ്പ് അവൾക്കുണ്ട്..."
അവളു നൽകിയ ചായ കുടിച്ചു വിശപ്പിനെ അടിച്ചമർത്തി...
രാത്രിയിൽ ചോറു കറിയും കൂട്ടി കുശാലായി കഴിക്കാമെന്നു വെച്ചപ്പോൾ മൂന്നു ചപ്പാത്തി... കറിയില്ല...
"വണ്ണം കൂടുതലാ...അതുകൊണ്ട് ഇന്നുമുതൽ മൂന്നു ചപ്പാത്തി മാത്രം.. കറിയില്ല...."
ഒന്നും മിണ്ടാതെ കിട്ടിയതു കഴിച്ചു മാറിക്കിടന്നു...
കട്ടിലിൽ അടുത്ത് വന്നു കിടന്ന ഭാര്യയെ ഒന്നു ആശ്ലേഷിച്ചു...
"തൊട്ടു പോകരുതെന്നെ..."
അവളുടെ അലർച്ചയിൽ ഞാൻ അമ്പരന്നു പോയി....
"അനിയത്തിയെ ആരെങ്കിലും കെട്ടിപ്പിടിക്കുമോ മനുഷ്യാ..."
കാര്യമറിയാതെ ഞാൻ കണ്ണുമിഴിച്ചു....
"ഫെയ്സ്ബുക്കിൽ ഇന്ന് നിങ്ങളോട് ചാറ്റിയ നിങ്ങളുടെ അനിയത്തിയാ ഞാൻ. നിങ്ങളെന്താ പറഞ്ഞതെന്ന് ഞാൻ മറന്നില്ല..നിങ്ങളുടെ ഭദ്രകാളിയായ അനിയത്തിയാ ഞാൻ...."
ഞാനൊന്നും മിണ്ടാതെ പുതപ്പു തലവഴി മൂടിപ്പുതച്ചു.ഉറക്കം വന്നില്ലെങ്കിലും അങ്ങനെ കിടന്നു....
കുറച്ചു ദിവസമെടുത്തു അവളുടെ പിണക്കം തീർക്കാൻ...
അയ്യായിരം രൂപയുടെ ഒരു സാരി വാങ്ങി കൊടുക്കേണ്ടി വന്നു അതിനു...
അതോടെ മെസഞ്ചറും അൺ ഇൻസ്റ്റാൾ ചെയ്തു...
അടുത്ത പണി കിട്ടാതിരിക്കാൻ.....
A story by സുധീ മുട്ടം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo