നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പപ്പടം


പപ്പടം
പണ്ടൊരു സായിപ്പ് കേരളത്തിൽ വന്നു രണ്ടു മൂന്നാലു ദിവസം തങ്ങി പോലും...
ആദ്യത്തെ ദിവസം പുള്ളി അന്വേഷിച്ച് കണ്ടുപിടിച്ച് സൂപ്പും പാസ്തയുമൊക്കെ കിട്ടുന്ന ഹോട്ടലീന്ന് മുണുങ്ങി. സായിപ്പിനെ കണ്ടപ്പൊ സ്വർണം കെട്ടിയ ഒരു മെനു കാർഡ് ഹോട്ടലുകാരൻ എടുത്ത് കൊടുത്തു പോലും..
രണ്ടു നേരത്തെ ഭക്ഷണം കഴിഞ്ഞപ്പോ സായിപ്പ് ഒരു ഓട്ടോറിക്ഷാക്കാരനോട് ട്രഡീഷണൽ ഇന്ത്യൻ ഫുഡ് കിട്ടുന്ന ജോയിന്റ് ചോദിച്ചു പോലും...
അങ്ങനെയാണ് സായിപ്പ് ഇട്ടീരച്ചേട്ടന്റെ ഹോട്ടലിൽ ഉച്ചയൂണിനു പാകത്തിന് എത്തിയത്.
ആദ്യമായി ഉച്ചയൂണിന് ഒരു സായിപ്പിനെ കണ്ട സന്തോഷത്തിൽ മതിമറന്ന ഇട്ടീരച്ചേട്ടൻ മൂന്നു നാലുതരം മീൻ പൊരിച്ചതും ചൂരത്തലക്കറിയും പോത്ത് വരട്ടിയതും കോഴി ഉലർത്തിയതും പച്ച മോരും പപ്പടവുമൊക്കെയായി ഒരു സദ്യ തന്നെ തയ്യാറാക്കി.
മുൻപിലെ മൊന്തയിൽ വെച്ച സാമ്പാറോ കുഴിപ്പാത്രത്തിൽ വെച്ച ചൂരക്കറിയോ ഒന്നു തൊട്ടു പോലും നോക്കാതെ വെറും പപ്പടം മാത്രം കൂട്ടി സായിപ്പ് പച്ചച്ചോറു വാരിവാരി രണ്ടാമതും മൂന്നാമതും മേടിച്ച് കഴിക്കുന്നതു കണ്ട ഇട്ടീരച്ചേട്ടൻ അമ്പരന്നു. എച്ചി സായിപ്പ് എന്ന് മനസ്സിലോർക്കുകയും ചെയ്തു.
കട അടയ്‌ക്കുന്നതിന് അൽപ നേരം മുൻപ് മൊത്തം അടിച്ചു വാരികൊണ്ടിരിക്കേ ദേ വരണു മാരണം പിന്നെയും.
വീണ്ടും ചോറു ചോദിച്ചു.
ഉച്ചക്കത്തെ അനുഭവം വെച്ച് ചോറും രണ്ടു പപ്പടവും കൊടുത്തു. സായിപ്പ് മൃഷ്‌ടാന്നം കഴിക്കുകയും ചെയ്തു..എന്തെങ്കിലും ഒരു രുചി വേണ്ടേ എന്നു കരുതി ഇച്ചിരെ നെല്ലിക്ക അച്ചാറിട്ടത് ഇലയുടെ സൈഡിൽ വെച്ചിരുന്നത് തൊട്ടു പോലും നോക്കിയിട്ടില്ല.
ഇത്തവണ ഇട്ടീരച്ചേട്ടന് ശരിക്കും ദേഷ്യം വന്നു. അടക്കാനാവാതെ ചോദിക്കുകയും ചെയ്തു.
’എന്നാ സായിപ്പേ ഞങ്ങടെ കറീമൊന്നും പിടിച്ചില്ലേ? നിങ്ങടെ നാട്ടിലൊന്നും കിട്ടണതല്ല..ഈ ചൂരത്തലക്കറിയൊക്കെ ഇവിടത്തെ സ്‌പെഷ്യലാ....’
ഊണു കഴിഞ്ഞ് ഇല വടിച്ചു കൊണ്ടിരുന്ന സായിപ്പ് തനിക്കറിയാവുന്ന ഭാഷയിൽ സ്‌പെഷ്യൽ എന്നു കേട്ടപ്പോ തലപൊക്കി നോക്കി.
പിന്നെ കൈ കൊണ്ട് ഒരു തംസപ് അടിച്ച് ഇട്ടീരച്ചേട്ടനോട് പറഞ്ഞു. ’സ്‌പെഷ്യൽ....ഓസം!’
പിറ്റേന്ന് ഉച്ചയായപ്പോ സായിപ്പ് പിന്നെം ചെന്നു. ചോറു ചോദിച്ചു.
ഇട്ടീരച്ചേട്ടൻ ഒരു സംശയത്തോടെ ചോറും സ്‌പെഷ്യൽ പോത്തിറച്ചിയും മത്തി പീര പറ്റിച്ചതും രാവിലെ റോസച്ചേടത്തി ഭരണി പൊട്ടിച്ച് എടുത്തു കൊടുത്ത കേര അച്ചാറിട്ടതും ഇലയിൽ വെളമ്പി.
പിന്നെ, മൊന്തയിലെ സാമ്പാറും മീൻചാറും എടുത്ത് സായിപ്പിനടുത്തേക്ക് ചെന്നു.
അപ്പോഴേയ്‌ക്കും ഇട്ടീരച്ചേട്ടന്റെ കംപ്ലീറ്റ് കൺട്രോളും തകർക്കും വിധം സായിപ്പ് പപ്പടം കൂട്ടി ചോറു തീറ്റി ആരംഭിച്ചിരുന്നു.
ഇന്ന് ഇവനെ ഞാൻ കൊന്നിട്ടേയുള്ളു എന്ന മട്ടിൽ കലി തുള്ളി മുന്നോട്ടാഞ്ഞ ഇട്ടീരച്ചേട്ടനെ അപ്പോ ഹോട്ടലിലേക്ക് കയറി വന്ന രാഘവൻ മാഷ് തടഞ്ഞു.
’എന്നതാ ഇട്ടീരച്ചേട്ടാ പ്രശ്‌നം? ഈ പാവം സായിപ്പ് എന്തു പെഴച്ചു?’
കലിയടങ്ങാതെ ഇട്ടീരച്ചേട്ടൻ മാഷോട് പറഞ്ഞു. ’എന്റെ പൊന്നു മാഷേ ഈ ഡാഷ് മോൻ ഇന്നലെ മൊതൽ ഓസം എന്നും പറഞ്ഞ് ഞാൻ കഷ്‌ടപ്പെട്ട് ഒണ്ടാക്കിയ ഈ കറിയൊന്ന് തൊട്ടു നക്ക പോലും ചെയ്യാണ്ടെ വെറും പപ്പടം കൂട്ടി പച്ചച്ചോറ് വാരിത്തിന്നണു..എനിക്ക് സങ്കടം സഹിക്കാൻ മേല...’
ഒന്നമ്പരന്ന മാഷ് സായിപ്പിനെ നോക്കി. ശരിയാണ്. കറിയൊന്നും തൊട്ടിട്ടു കൂടിയില്ല. പപ്പടം മാത്രമാണ് തീറ്റി.
മാഷ് പതുക്കെ സായിപ്പിന്റെ അടുത്തേക്ക് നീങ്ങി. എന്നിട്ടു ചോദിച്ചു.
’ഹലോ സർ, വൈ യു ആർ നോട് ഈറ്റിംഗ് ദീസ് കറീസ്.. ദീസ് ആർ അവർ വെരി പ്രെഷ്യസ് സ്‌പെഷ്യൽ ഡിഷെസ്..’
ചോറിൽ നിന്ന് മുഖമുയർത്തിയ സായിപ്പ് മാഷിനെ കണ്ട് എഴുന്നേറ്റു. പിന്നെ, ഇടത്തേ കൈ കൊണ്ട് മാഷിന് ഒരു ഷേക് ഹാൻഡ് കൊടുത്തു
’ഹായ്...നൈസ് ഫുഡ്. സ്‌പെഷ്യലി ദിസ്.’ പിന്നെ, ഒരു കഷണം പപ്പടം ഉയർത്തിക്കാട്ടി. ’കാൻ യു പ്ലീസ് സേ ഹൗ എയർ ഈസ് ട്രാപ്പ്‌ഡ് ഇൻസൈഡ് ദിസ് ടു ലെയെഴ്‌സ്....’
പപ്പടത്തിനകത്ത് കാറ്റെങ്ങനെ നിറച്ചു എന്ന് സായിപ്പിനോടും കാറ്റു കൊണ്ടുണ്ടാക്കിയ പലഹാരം സായിപ്പിന് നന്നായി ഇഷ്‌ടപ്പെട്ടു എന്ന് ഇട്ടീരച്ചേട്ടനോടും പറയാനാവാതെ ഒകെ ഡാ... ബൈ ഡാ... എന്നൊക്കെ പറഞ്ഞ് രാഘവൻ മാഷ് സ്‌ഥലം കാലിയാക്കി...
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot