Slider

വാൽ ആണ് താരം

0
വാൽ ആണ് താരം
°°°°°°°°°°°°°°°°°°°°°
ക്രൂരനായ ഒരു മാർജ്ജാരന്റെ
വധശ്രമത്തിൽ നിന്നു
രക്ഷപ്പെടുവാനായി 
എനിക്കെന്റെ വാൽ ത്യജിക്കേണ്ടി വന്നു.
മരിച്ചില്ലെങ്കിലും
വാലില്ലാത്ത,
വിരൂപമാക്കപ്പെട്ട
എന്റെ ചിത്രം
ഒരു മാധ്യമവും പ്രസിദ്ധീകരിച്ചില്ല.
അനേകായിരം
ഉത്തരങ്ങളും,
കഴുക്കോലുകളും
താങ്ങി നിർത്തുന്ന എന്നെ,
ഈ പ്രതിസന്ധി ഘട്ടത്തിൽ
ആരും തിരിഞ്ഞു നോക്കുന്നില്ല.
സഹായ വാഗ്ദാനങ്ങളോ,
പ്രശസ്തി പത്രങ്ങളോ,
ധീരതയ്ക്കുള്ള പുരസ്കാരങ്ങളോ
എനിക്കു ലഭിച്ചില്ല.
ഇന്ന്
വിജയ സോപാനങ്ങളിൽ വിരാജിക്കുന്നവർ
ഒരിക്കൽ
ശുഭലക്ഷണത്തിനായി
ഞാൻ ചിലക്കുന്നത് കാത്തിരുന്നവരാണ്.
അവർ
ഇപ്പോഴെന്നെ
തിരിച്ചറിയുക പോലും ചെയ്യുന്നില്ല.
ഭരണകൂടമേ നീതിപാലിക്കുക
അധികാരികളേ, കണ്ണു തുറക്കുക..
അല്ലെങ്കിൽ
താഴെ വീഴുന്ന
ഒരുപാട് ഉത്തരങ്ങൾക്കും,
കഴുക്കോലുകൾക്കും
ഉത്തരവാദികൾ നിങ്ങൾ മാത്രമായിരിക്കും.
നന്ദിയില്ലാത്ത,
സ്വാർത്ഥരായ ജനങ്ങളേ
നിങ്ങളോടുള്ള
എന്റെ പ്രതിഷേധം അറിയിക്കുവാനായി
ഞാൻ താങ്ങി നിർത്തുന്ന
ഈ പടുകൂറ്റൻ മേൽപ്പാലത്തിൽ നിന്നും
ഞാനിതാ പിടി വിടുകയാണ്.
അനന്തരം :
തിരക്കേറിയ നിരത്തിൽ
വീണു കിടക്കുന്ന പല്ലി.
ഏതോ ഒരു വാഹനം
ആ ശരീരത്തിലൂടെ കയറിയിറങ്ങി.
പുറത്തു വന്ന ഒരു നേർത്ത ചിലക്കൽ
തെരുവിലെ ബഹളങ്ങളിൽ അലിഞ്ഞു പോയി.
°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,തൃശ്ശൂർ
°°°°°°°°°°°°°°°°°°°°°°°°°°°

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo