നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തീർത്ഥാടനം


സ്വരൂപാനന്ദ സ്വാമി, തങ്ങളുടെ നാട്ടിൽ സന്ദർശനത്തിനു വരുന്നു. സ്കൂൾ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വാമി, മുഖ്യ പ്രഭാഷണം നടത്തുകയും, ഭക്തജനങ്ങളെ കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നത്.
സ്വാമിയെ എങ്ങനെയെങ്കിലും കാണണം. തങ്ങളുടെ ജീവിതത്തിൽ കൂടെ കൂടിയിരിക്കുന്ന സ്ഥിരമായ ദു:ഖത്തെ , സ്വാമിയുടെ മുന്നിൽ ഇറക്കി വയ്ക്കണം. അദ്ദേഹത്തിന്റെ അരുൾ വചനങ്ങൾ ശ്രവിക്കണം. പറ്റുമെങ്കിൽ, ശിഷ്ടകാലം അദ്ദേഹത്തിന്റെ ആശ്രമത്തിലെ അന്തേവാസികളാകണം , സ്വാമി വരുന്നുണ്ട് എന്ന് അറിഞ്ഞ നാൾ മുതൽ മോഹനന്റെയും, വസുമതിയുടേയും മനസ്സിൽ ഉരുണ്ടുകൂടിയ ആഗ്രഹങ്ങളാണ് മേല്പ്പറഞ്ഞതെല്ലാം .
അവർ കാത്തിരുന്ന ദിവസം വന്നെത്തി. മോഹനനും, വസുമതിയും നേരത്തെ വന്ന് വേദിക്കു മുമ്പിലെ ആദ്യ സീറ്റുകളിൽ ഇടം പിടിച്ചിരുന്നു. അല്പസമയത്തി നുള്ളിൽ സ്കൂൾ മൈതാനം മുഴുവൻ സ്വാമിയെ കാണാൻ വന്ന ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം, സ്വരൂപാനന്ദസ്വാമി, തന്റെ അനുയായിക വൃന്ദത്തോടൊപ്പം വേദിയിലേക്ക് കയറി വന്നു.
സ്വരൂപാനന്ദ സ്വാമി , കൈകൾ ഉയർത്തി എല്ലാവരേയും ആശീർവദിച്ച് പ്രഭാഷണം തുടങ്ങി. പ്രഭാഷണങ്ങൾ അത്യന്തം, തീക്ഷണമേറിയതും, മികച്ചതും ആയിരുന്നു. എല്ലാവരും അതിന്റെ മാസ്മരിക വലയത്തിൽപ്പെട്ടെന്ന പോലെയായിരുന്നു സ്വാമിയുടെ പ്രഭാഷണത്തിൽ ലയിച്ചിരുന്നത്.
പ്രഭാഷണത്തിനും ഭജനയ്ക്കും ശേഷം, ഭക്തരോട് തന്റെ സമീപത്തേക്ക് വരുവാൻ അനുവദിച്ചു. ആളുകൾ സ്വാമിയെ കാണാനും, അനുഗ്രഹം വാങ്ങുന്നതിനും തിക്കിതിരക്കി. ആ കൂട്ടത്തിൽ മോഹനനും, വസുമതിയും ഉണ്ടായിരുന്നു. സ്വാമിയുടെ അടുത്തെത്തിയപ്പോൾ,
സ്വാമീ .. അനുഗ്രഹിക്കണം. സ്വാമിയോട് മനസ്സു തുറന്നു സംസാരിക്കണം എന്ന് അവർ പറഞ്ഞു.
അപ്പോൾ സ്വാമി അവരോട് പറഞ്ഞു,
ഒന്നു കാത്തിരിക്കൂ.. ഈ തിരക്കുകൾ കഴിഞ്ഞിട്ടാവാം.
ശരി സ്വാമി.. എന്നവർ പറഞ്ഞ്, തങ്ങളുടെ ഇരിപ്പിടത്തിൽ വന്നിരുന്നു.
അവർ സ്വാമിയെ ശ്രദ്ധിക്കുകയായിരുന്നു സ്വാമിയുടെ മുഖത്ത് എന്തൊരു തേജസ് ആണ്. ആരായാലും നോക്കി നിന്നു പോകും.
കുറേ സമയം കഴിഞ്ഞപ്പോൾ, സ്വാമി വിശ്രമിക്കാൻ , സ്വാമിക്ക് സൗകര്യമൊ രുക്കിയിട്ടുള്ള മുറിയിലേക്ക് പോയി. പോകുന്നതിനു മുമ്പ്‌ സ്വാമി, മോഹനനോടും , വസുമതിയോടും തന്നെ അനുഗമിക്കാൻ നിർദ്ദേശം നല്കി.
മുറിയിൽ സ്വാമിയ്ക്കായി തയ്യാറാക്കിയ പീ0ത്തിൻമേൽ സ്വാമി ചമ്രം പടിഞ്ഞിരുന്നു കൊണ്ട് അവരോട് അടുത്തു കണ്ട കസേരകളിൽ ഇരിക്കാൻ നിർദ്ദേശിച്ചു.
വേണ്ട സ്വാമീ .. ഞങ്ങൾ അങ്ങയുടെ മുന്നിൽ ഇരിക്കാൻ യോഗ്യരല്ല. ഞങ്ങൾ നിന്നോളാം.. എന്ന് കൈകൂപ്പിക്കൊണ്ട് അവർ പറഞ്ഞു.
ഇരിക്കൂ... സ്വാമി വീണ്ടും അവരോട് നിർദ്ദേശിച്ചു.
മടിച്ചു മടിച്ചാണെങ്കിലും അവർ ഇരുന്നു.
എന്താണ് നിങ്ങളുടെ ദുഃഖം?
സ്വാമീ.... എങ്ങനെ പറയണം, എങ്ങനെ തുടങ്ങണം എന്നറിയില്ല. ഞങ്ങൾ പാപികളാണ്. ഞങ്ങൾക്ക് മോക്ഷം ലഭിക്കുന്നതിന് അങ്ങയുടെ ആശ്രമത്തിൽ ശിഷ്ടകാലം അന്തേവാസികളായി കഴിയണം എന്നാഗ്രഹമുണ്ട്. സ്വാമി അതനുവദിക്കണം.
മോഹനൻ വീണ്ടും തുടർന്നു,
ഞാൻ ഒരു ചുമട്ടുതൊഴിലാളിയായിരുന്നു. വസുമതി വീട്ടമ്മയും. ഞങ്ങൾക്ക് മൂന്നു ആൺമക്കളായിരുന്നു ഉണ്ടായിരുന്നത്. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ തായിരുന്നു ഞങ്ങളുടെ ജീവിതം. സിമൻറ് ചാക്കുകൾ ചുമന്ന് ചുമന്ന്, അവസാനം ഞാൻ കടുത്ത ആസ്തമ രോഗിയായി. ചുമടെടുക്കുവാൻ സാധിക്കുന്നില്ല. ചെറിയ കുട്ടികൾ ആയതിനാൽ വസുമതിക്കും കൂലിപ്പണിക്കു പോകുവാനും ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും അടുത്ത വീടുകളിൽ പോയി വീട്ടുവേല ചെയ്താണ് കഴിഞ്ഞു പോന്നത്. മൂത്ത മകൻ ഗവൺമെന്റ് സ്കൂളിൽ പോയിത്തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം എന്റെ പരിചയത്തിലൊരാൾ, എൻെറടുത്തേക്ക് മുത്തുച്ചാമി എന്നൊരു തമിഴനെ കൊണ്ടുവന്നത്. അയാൾ എന്നെ മാറ്റി നിർത്തിക്കൊണ്ട്, പറഞ്ഞു ,
മോഹനാ ... നിന്റെ ബുദ്ധിമുട്ടുകൾ അറിയാവുന്നതുകൊണ്ടാണ്, ഞാൻ നിന്റെടുത്തേക്ക് ആ തമിഴനെ കൊണ്ടുവന്നത്. അയാൾ നിന്നെ സഹായിക്കാൻ ഒരുക്കമാണ്. പക്ഷേ ഒരു നിബന്ധന നിന്റെ മക്കളിലാരെയെങ്കിലും കൊടുക്കണം. ആ തമിഴന് മക്കളില്ല . ഒരു ലക്ഷം രൂപ തരും. നീ ആലോചിച്ചിട്ടു മറുപടി പറഞ്ഞാൽ മതി.
പ്രഭാകരാ... നീ എന്തൊക്കെയാണ് പറയുന്നത്?
മോഹനാ .. നിന്റെ ബുദ്ധിമുട്ടുകൾ കണ്ട് ദൈവം വഴി കാണിച്ചു തന്നതാണെന്ന് നീ വിചാരിച്ചാൽ മതി.
മോഹനൻ ആലോചിച്ചു. കടബാദ്ധ്യത യിൽ നട്ടം തിരിയുന്ന തന്നെ സംബന്ധിച്ചിടത്തോളം, ഒരു ലക്ഷം രൂപ വലിയൊരു തുകയാണ്. തനിക്കു മൂന്നു ആൺ മക്കളാണ്. അയാളുടെ മനസ്സിൽ തുലാസ് രൂപപ്പെട്ടു. ഒരു തട്ടിൽ ഒരു ലക്ഷം രൂപ. രണ്ടാമത്തെ തട്ടിൽ മക്കളാരെങ്കിലും.
കുറേ നേരത്തെ കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോൾ ഒരു ലക്ഷം രൂപയുടെ തുലാസാണ് താഴ്ന്നു നിന്നത്. മോഹനൻ ഒന്നു നിശ്ചയിച്ചുറപ്പിച്ചു. പണം വേണം. തന്റെ മക്കളിലൊരാളെങ്കിലും, തമിഴന്റെ കൂടെയാണെങ്കിലും പട്ടിണിയില്ലാതെ കഴിക്കാമല്ലോ.
അയാൾ വിവരം വസുമതിയോട് പറഞ്ഞു. അയാൾ പ്രതീക്ഷിച്ചപ്പോലെ തന്നെ വസുമതി ശക്തിയായി എതിർത്തു. അയാൾ പറഞ്ഞു,
വസുമതീ.... നീ ഒന്നു ചിന്തിക്കണം. നമുക്ക് മൂന്നു ആൺ മക്കളാണ്. എങ്ങനെ തീറ്റിപ്പോറ്റും എന്ന് എനിക്കറിയില്ല . കടം കയറി ഞാൻ മുടിഞ്ഞിരിക്കുകയാണ്. നീ സമ്മതിക്കണം. സമ്മതിച്ചേ പറ്റൂ.. നമ്മുടെ നല്ലതിനാണ്.
കുറേ ആലോചിച്ചതിനു ശേഷം, അവൾ പറഞ്ഞു, എനിക്ക് ഏറ്റവും ഇളയ കുഞ്ഞിനെ വേണം. അവനെ വിട്ടു കൊടുക്കുവാൻ ഞാൻ തയ്യാറല്ല. അപ്പോൾ മോഹനൻ പറഞ്ഞു, എനിക്ക് മൂത്ത മകനെയാണ് വേണ്ടത്. എന്റെ കാലശേഷം , ശേഷക്രിയകൾ ചെയ്യാൻ അവൻ വേണം. അവർ രണ്ടു പേരും കൂടി രണ്ടാമത്തെ മകനെ തമിഴന് കൈമാറാൻ തീരുമാനിച്ചു.
വളരെയധികം വിഷമത്തോടെയാണെ ങ്കിലും, അനന്തു എന്ന ആ മകനെ മുത്തുച്ചാമിയെന്ന തമിഴന് കൈമാറുമ്പോൾ അവന്റെ നിലവിളി , മോഹനന്റെ കൈയ്യിൽ കിട്ടിയ ഒരു ലക്ഷം രൂപ നോട്ടുകൾക്കു മുമ്പിൽ, ആ മാതാപിതാക്കളുടെ കർണ്ണപുടങ്ങളിൽ കേട്ടില്ലെന്നു വരുത്തി.
കാലങ്ങൾ കടന്നു പോയി. തന്റെ കാലശേഷം , തനിക്കു ശേഷക്രിയ ചേയ്യേണ്ട മൂത്ത മകൻ ഗുരുതരമായ എന്തോ അസുഖം ബാധിച്ചു മരിച്ചു. വയസ്സായ ഞങ്ങളെ നോക്കും എന്നു പ്രതീക്ഷിച്ച ഇളയ മകൻ, ജ്യേഷ്oന്റെ അതേ അസുഖം ബാധിച്ചു മരിച്ചു. ഇനി ഞങ്ങൾക്ക് ആരുമില്ല.
ഇതെല്ലാം കേട്ടു കഴിഞ്ഞ സ്വാമി, മോഹനനോട് ചോദിച്ചു.
അപ്പോൾ രണ്ടാമത്തെ കുട്ടിയായ അനന്തുവിനെക്കുറിച്ച് പിന്നെ നിങ്ങൾ അന്വേഷിച്ചില്ലേ ..?
അന്വേഷിച്ചു, ഒരുപാട് . മുത്തുച്ചാമിയെ പരിചയപ്പെടുത്തി തന്ന പ്രഭാകരനോട് പല തവണ ചോദിച്ചു, എന്റെ മകൻ എന്തിയേ എന്ന്?
അപ്പോൾ അയാൾ പുഛത്തോടെ പറയുമായിരുന്നു, ഒരു ലക്ഷം രൂപയ്ക്ക് മകനെ വിറ്റതല്ലേന്ന്‌.
അല്ലെങ്കിലും ഞാനിതൊക്കെ കേൾക്കണം. എങ്കിലും ഞാൻ തമിഴ്നാട്ടിൽ പോയി. മുത്തുച്ചാമിയെ കണ്ടെത്താൻ . കുറേ അലഞ്ഞു. തിരിച്ചു നാട്ടിൽ വരാൻ ട്രെയിൻ കാത്തിരുന്ന നേരത്തു, അവിടെ സിമന്റു ബഞ്ചിൽ ഇരുന്ന് കുറേ നേരം കരഞ്ഞു. ഞാനിരുന്ന് കരയുന്നത് യാദൃശ്ചികമായി കണ്ട ഒരു റെയിൽവേ പോലീസുകാരൻ എന്നോട് വിവരങ്ങൾ ആരാഞ്ഞു. വിവരങ്ങളെല്ലാം കേട്ട പോലീസുകാരൻ പറഞ്ഞു,
'മുത്തുച്ചാമി പക്കാ ക്രിമിനലാണെന്നും, കുട്ടികളെ തട്ടിയെടുത്ത് വില്ക്കുന്ന തൊഴിലാണ് അയാൾ ഇതുവരെ ചെയ്തിരുന്നതെന്നും, മാഫിയകൾ തമ്മിലുള്ള കുടിപ്പകയിൽ അയാൾ ഏതാനും വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടെന്നും.'
നിരാശനായി ഞാൻ തിരികെ നാട്ടിൽ പോന്നു. ഞങ്ങൾ ഇപ്പോൾ, അവനെ എന്നെങ്കിലും കണ്ടുമുട്ടും എന്നു പരസ്പരം ആശ്വസിപ്പിച്ചു ജീവിതം കഴിച്ചു കൂട്ടുകയാണ്. അങ്ങയുടെ ആശ്രമത്തിൽ കഴിയാൻ ഞങ്ങളെ അനുവദിക്കണം. ഞങ്ങൾ ചെയ്ത വലിയൊരു തെറ്റിന് പ്രായശ്ചിത്തമായി, കഴിഞ്ഞതെല്ലാം മറക്കാനും, ഇനിയുള്ള കാലം പ്രാർത്ഥനയും ഭജനയുമായി ആശ്രമത്തിൽ ജീവിക്കാനാണ് താല്പര്യം. ഇത്രയും പറഞ്ഞതിനു ശേഷം മോഹനൻ നിർത്തി.
അല്പ സമയത്തെ നിശബ്ദതയ്ക്കു ശേഷം , സ്വരൂപാനന്ദ സ്വാമി അവരോട്, അടുത്ത മുറിയിൽ പോയി വിശ്രമിക്കാൻ നിർദ്ദേശിച്ചു. അവർ പോയിക്കഴി ഞ്ഞതിനു ശേഷം, തന്റെ അനുയായികളോട് തനിക്കു ഒറ്റയ്ക്ക് ഇരിക്കേണ്ടതുണ്ടെന്നും അവരോട് പുറത്തേക്ക് പോയ്ക്കൊള്ളാനും നിർദേശിച്ചു.
മുറിയിൽ തനിച്ചായ സ്വരൂപാനന്ദ സ്വാമി, വിങ്ങിപ്പൊട്ടിക്കരയാൻ തുടങ്ങി. തന്റെ അച്ഛനും, അമ്മയുമായിരുന്നു അവർ. തന്നെ തള്ളിപ്പറഞ്ഞവർ. ജ്യേഷ്ഠനേയും, അനിയനേയും അവർ ചേർത്തു പിടിച്ചപ്പോൾ , പകച്ചു നിന്ന എന്റെ ആ നില്പ്, എനിക്കൊരിക്കലും മറക്കാനാവില്ല . തമിഴൻ എന്നെ എടുത്തു കൊണ്ടു പോകുമ്പോൾ , ഉച്ചത്തിലുള്ള എന്റെ കരച്ചിലിനു , അച്ഛന്റെയും, അമ്മയുടേയും മനസ്സ് ഇളക്കാനായില്ല.
തമിഴ്നാട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ, കരഞ്ഞു കൊണ്ടിരുന്ന എന്നെ, ഒരു സന്യാസി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്തിനാണ് കരയുന്നത് എന്നു ചോദിച്ച അദ്ദേഹത്തോട്, മുത്തുച്ചാമി പറഞ്ഞു , എന്റെ മകനാണെന്നും, വിശന്നിട്ടാണെന്നും പറഞ്ഞു.
ആ സന്യാസി, മുത്തുച്ചാമിയോട് കുട്ടിക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുവാനും, അത് വാങ്ങി വരുന്നതുവരെ കുട്ടിയെ താൻ നോക്കിക്കൊള്ളാം എന്നു പറഞ്ഞു. തൊട്ടടുത്ത സറ്റേഷനിൽ ട്രെയിൻ നിറുത്തിയ സമയത്ത്, അയാൾ ഭക്ഷണം വാങ്ങാൻ ഇറങ്ങിയ സമയത്ത് ഞാൻ എന്റെ കഥ ആ സന്യാസിയോട് പറഞ്ഞു, ഒപ്പം തന്നെ രക്ഷിക്കാനും .
മനസ്സലിഞ്ഞ ആ സന്യാസി തന്നേയും കൊണ്ട്, കംപാർട്ടുമെന്റുകളിലൂടെ സഞ്ചരിച്ച്, ആ സ്റ്റേഷന്റെ വേറൊരു ഭാഗത്ത് ഇറങ്ങിയതും, ഭക്ഷണവുമായി എത്തിയ മുത്തുച്ചാമിയേയും കൊണ്ട് ട്രെയിൻ നീങ്ങിയതും ഒരുമിച്ചായിരുന്നു.
തന്നെ രക്ഷിച്ച ആ സന്യാസിയുടെ പേരായിരുന്നു തീർത്ഥാനന്ദ സ്വാമി. പിന്നെ അദ്ദേഹത്തോടൊപ്പമായിരുന്നു ജീവിതം. വളർന്നു വന്നപ്പോൾ , അദ്ദേഹം തന്നെ പിൻഗാമിയായി തിരഞ്ഞെടു ക്കുകയും, അനന്തു എന്ന തന്റെ പേര് സ്വരൂപാനന്ദ സ്വാമി എന്നാക്കി മാറ്റുകയും ചെയ്തു.
ഭജനയും, പ്രഭാഷണങ്ങൾ നല്കുകയും ചെയ്യുന്ന കാലത്തുപോലും, തന്റെ ജന്മനാട്ടിൽ വരുന്നതിനും, ഒരിക്കൽ കൂടി തന്റെ മാതാപിതാക്കളേയും , സഹോദരങ്ങ ളേയും, അവർ അറിയാതെ കാണുന്നതിനും ആഗ്രഹിച്ചിരുന്നു.
ഇപ്പോൾ, അവർ എന്റെ മുന്നിൽ.. സ്വരൂപാനന്ദ സ്വാമി നെടുവീർപ്പെട്ടു.
അല്പനേരം കഴിഞ്ഞ്, സ്വരൂപാനന്ദ സ്വാമി , തന്റെ ഒരു അനുയായിയെ വിളിച്ച് , അവരോട് തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ നിർദ്ദേശിച്ചു.
മുറിയിലേക്ക് വന്ന മോഹനനും, വസുമതിയും സ്വരൂപാനന്ദ സ്വാമിയുടെ മുന്നിൽ കൈകൂപ്പിക്കൊണ്ട് നിന്നപ്പോൾ, സ്വാമി അവരുടെ അടുത്തേക്ക് ചെന്ന് , അവരെ ആലിംഗനം ചെയ്തു കൊണ്ട്,
അച്ഛാ.. അമ്മേ .. എന്നു വിളിച്ചു .
ആ മാതാപിതാക്കൾക്ക് സ്വാമിയുടെ വിളിയിൽ തന്നെ മനസ്സിലായി, കേവലം പണത്തിനു വേണ്ടി വിറ്റ , അനന്തു എന്ന മകനാണ് സ്വരൂപാനന്ദ സ്വാമിയായി തങ്ങളുടെ മുന്നിൽ നില്ക്കുന്നത് എന്ന്.
സുമി ആൽഫസ്
****************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot