നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

***ഫ്ലാഷ് ബാക്ക് ***

***ഫ്ലാഷ് ബാക്ക് ***
ജോലി കഴിഞ്ഞു വന്നു എങ്ങനെ എങ്കിലും അത്താഴത്തിനു തട്ടി കൂട്ടുന്നതിന്റെ ഇടയിൽ ശ്രദ്ധിച്ചു ആർദ്ര മോളിന്നു ഭയങ്കര സൈലെൻസ്. ദൈവമേ എന്താണാവോ ?സ്കൂളിൽ ടീച്ചർ എന്തേലും പറഞ്ഞതാകുമോ ?പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ അവളുടെ മനസിലൂടെ മിന്നി മാഞ്ഞു. ചങ്ക് ഒന്നു പിടഞ്ഞു. കഴുകിയ അരി അടുപ്പത്തു വയ്ക്കാതെ, പാതകത്തിൽ തന്നെ വച്ചിട്ടൊരു ഓട്ടം ഓടി മോളുടെ അടുത്തേക്ക്.
ആർദ്ര സോഫയിൽ കിടക്കുകയാണ്. ടീവി യിൽ അവളുടെ ഏറ്റവും പ്രിയപ്പെട്ട കാർട്ടൂൺ ഏതാണാവോ ? പെപ്പ പിഗ് വരെയൊക്കെ പടിക്കാൻ മാത്രമേ തനിക്കു കഴിഞ്ഞുള്ളു. മഴയത്തു കൂൺ മുളയ്ക്കുന്ന പോലെ അല്ലേ ഇപ്പൊ കുട്ടികളുടെ ചാനലും പരിപാടിയും ഒക്കെ. അവൾ ടീവി യിലേക്ക് നോക്കുന്നതെ ഇല്ല. എവിടേക്കോ കണ്ണും നട്ടു ആലോചനയിലാണ്.
"എന്താ മാളു നിനക്ക് പനിക്കുന്നുണ്ടോ ?ഒരു വല്ലായ്മ പോലെ അമ്മ നോക്കട്ടെ". ശബ്ദം കേട്ടു അവൾ പെട്ടെന്നു ചിന്തയിൽ നിന്നുണർന്നു.ഒരു പ്ലാസ്റ്റിക് ചിരി ചിരിച്ചു എന്നിട്ടു പറഞ്ഞു "ഒന്നും ഇല്ലമ്മേ".
ദൈവമേ ഞാൻ ഭയക്കുന്നപോലെ ഒന്നും ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ സകല ധൈര്യവും സമ്മേളിച്ചു അവളോട്‌ ചോദിച്ചു. "ആരേലും മോളെ എന്തേലും പറഞ്ഞോ, അതോ ഏതേലും രീതിൽ ബുദ്ധിമുട്ടുണ്ടാകിയോ ?അമ്മയോട് പറ ധൈര്യമായി പറഞ്ഞോ ?".
അവളുടെ മുഖത്ത് എനിക്ക് പേര് പറഞ്ഞു വർണിക്കാനാവാത്ത ഒരു ഭാവം വിടർന്നു. പുച്ഛത്തിന്റെയും കളിയാക്കലിന്റെയും ഒക്കെ ഒരു ശിങ്കിടി ആയി വരും എന്ന് തോന്നുന്നു. "എന്റെ പൊന്നു അമ്മേ, എന്നെ ആരും പീഡിപ്പിച്ചില്ല ". അവൾ ചീറിക്കൊണ്ട് പറഞ്ഞു
മനസ്സിൽ ആദ്യം വന്നത് ഞെട്ടലും തുടർന്ന് വാല് മുറിഞ്ഞതിന്റെ ലജ്ജയും ആയിരുന്നു. അവസാനം ആരുടെയും ക്ഷണം കിട്ടാതായപ്പോൾ ആശ്വാസവും സ്വയം വന്നു മനസ്സിൽ നിറഞ്ഞു. വെറുതെ പേടിച്ചു, ഞാൻ ഓർത്തു . എന്നാലും ഇവൾ ഇതെങ്ങനെ പച്ചയ്ക്ക് പറഞ്ഞു. നാലാം ക്ലാസ്സിൽ ആയെ ഉള്ളു എന്നിട്ടാണ്.
മനസ്സിൽ ഒരുപാട് ചിന്തകൾ കുമളയിട്ടു കൊണ്ടിരുന്നു അപ്പോഴാണ് വെള്ളത്തിൽ കുതിർന്നു മോക്ഷം പ്രാപിക്കാൻ കൊതിച്ചു നിന്ന അരിയെ ഓർത്തത്‌. വീണ്ടും ഓടി അടുക്കളയിലേക്കു. യുദ്ധം ചെയ്യുന്നപോലെ ഒരു വശത്തു നിന്നു തുടങ്ങി. കഞ്ഞിയും, കറിയും, പിറ്റേന്നേക്കുളത്തും അങ്ങനെ പണി ഒക്കെ തീർത്തു വന്നോണ്ടിരിക്കുമ്പോൾ. ആർദ്ര അടുക്കളയിലോട്ടു വന്നു .
ഈശ്വര ഇവൾക്കിതെന്തു പറ്റി സാധരണ കഴിക്കാൻ നേരത്തും, വിശക്കുമ്പോളും, വിരുന്നുകാര് വരുമ്പോൾ അത്തരം പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ആണ് ഇങ്ങോട്ട് വരുന്നത്.ഇന്നിപ്പോ ഇതെന്തിന്റെ പുറപ്പാടാണാവോ ?എന്തായാലും ആള് പാതകത്തിൽ കയറി ഇരുന്നു. കുറച്ചു നേരം ഒന്നും ഇല്ലാത്ത മട്ടിൽ എന്നെ നോക്കി ഇരുന്ന അവളെ കണ്ടപ്പോൾ തന്നെ മനസിലായി എന്തൊ വലുത് വരാനുണ്ട് എന്ന്.
"അമ്മേ, അമ്മ ലൈൻ അടിച്ചിട്ടുണ്ടോ ?". പെട്ടെന്നുള്ള ചോദ്യം കേട്ടത് കൊണ്ടാണോ എന്നറിയില്ല ചീന ചട്ടി മൂടി വച്ചിരുന്ന അലുമിനിയം പാത്രം നിലത്തു വീണു. മനസ്സിൽ വന്ന രണ്ടാമത്തെ ഞെട്ടൽ ഒട്ടും മുഖത്തിലൂടെ ചോർന്നു പോകാതെ ഞാൻ ചോദിച്ചു "എന്താ പെണ്ണേ നിന്റെ പ്രശ്നം ?".
ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു "എനിക്ക് ഒരാളെ ഇഷ്ടമാണ് അമ്മേ". ഹിരോഷിമയിലും നാഗസാക്കിയിലും ഒക്കെ ഇട്ടതു പോലെ ദേ എന്റെ നെഞ്ചത്തും ഇട്ടിട്ടു അവൾ ചിരിച്ചോണ്ട് തേങ്ങാപ്പീര തിന്നുന്നു. പ്രായം നൽകുന്ന ഒരു വരമാണ് പക്വത. മുഖത്തെ ചിരി ഒരല്പം കൂടി വിടർത്തിയിട്ടു ഞാൻ ചോദിച്ചു ആരാ ആള്.
"എന്റെ ക്ലാസ്സ്‌മേറ്റ് ആണ് അമ്മേ തോമസ് ". "അവനു നിന്നെ ഇഷ്ടമാണോ ". സ്വാഭാവികമായ അടുത്ത ചോദ്യം എന്റെ പക്കൽ നിന്നും തൊടുത്തു വിട്ടു. അതെനിക്കറിഞ്ഞൂടാ അവളുടെ ഉത്തരം ഉടനെ വന്നു.
ഇതൊക്കെ പ്രായത്തിന്റെ തോന്നലാണ് പഠിത്തത്തിൽ ശ്രദ്ധിക്കു എന്നൊക്കെ എന്റെ അമ്മ എന്നോട് പണ്ട് പറഞ്ഞപ്പോൾ ഞാൻ ഒരു ലോഡ് പുച്ഛം അഴിച്ചു വിട്ടിരുന്നു. ഇതിപ്പോ അൾട്രാ ന്യൂ ജെൻ ആണല്ലോ. അതു കൊണ്ട് സാരോപദേശം വേണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചു. എന്നിട്ടു അവളോട്‌ ചോദിച്ചു "സീരിയസ് ആണോ ?". മനസിൽ ചിരിയായിരുന്നു എനിക്ക്.
പക്ഷെ, "അറിയില്ല അമ്മ ഒരു അട്ട്രാക്ഷൻ" എന്ന് അവൾ പറഞ്ഞപ്പോൾ കണ്ണ് തള്ളിയത് വീണ്ടും എന്റെയാണ്. അപ്പോൾ ഞാൻ അവളോട്‌ പറഞ്ഞു എന്തായാലും നിങ്ങൾ നല്ല സുഹൃത്തുക്കൾ ആയി തുടരൂ എന്നിട്ടു ബാക്കി ഒക്കെ പിന്നീട് ആലോചിക്കാം. ഒരു 18-20 ഒക്കെ ആകുമ്പോൾ. അങ്ങനെ ആകുമ്പോൾ നിനക്ക് ഡിസിഷൻ എടുക്കാൻ ഒരു പക്വത ഒക്കെ വരും. വളരെ ഗൗരവത്തോടെ അവൾ തലയാട്ടി.
അന്ന് അത്താഴം കഴിച്ചപ്പോൾ ഇച്ചായനോട് ഈ കഥ പറഞ്ഞു. പിള്ളേരുടെ ഒക്കെ ഒരു റേഞ്ച് എന്ന് പറഞ്ഞു മൂക്കത്തു വിരൽ വച്ച ഇച്ചായൻ പെട്ടെന്നു തന്നെ ഒരു ഡയലോഗ് അടിച്ചു "എന്റെ പൊന്നു സിസിലി മത്തൻ കുത്തിയ കുമ്പളം മുളയ്ക്കുമോ ?". അതോടെ ആ ചർച്ച അവിടെ അവസാനിച്ചു
നാളുകൾക്കു ശേഷം.ഒരു സായാനം.
സാരി ഉടുക്കണം എന്ന് ഇച്ചായനും മോൾക്കും നിർബന്ധം. കൊല്ലങ്ങൾക് മുൻപ് കല്യാണത്തിനും പിന്നെ ഒന്നു രണ്ടു ചടങ്ങുകൾക്കും മാത്രം ആണ് ഈ ആറു മീറ്റർ തുണി ചുറ്റിയതു. ഒരുമാതിരി ഒപ്പിച്ചിട്ടു കാറിലേക്ക് ഓടി. മോളും പപ്പയും റെഡി ആയി ഇരിക്ക. ഇന്ന് മോളുടെ സ്കൂൾ ഡേ ആണല്ലോ.
പതിവില്ലാതെ ഞങ്ങൾ മൂന്ന് പേരുടെ ഒരു വഴിക്ക് ഇറങ്ങിയിട്ടും ഒരു സീൻ ഉം ഉണ്ടായില്ല സമയത്തു തന്നെ എത്തി. ഹാളിലേക്ക് കേറുന്ന വഴിയിൽ ആർദ്ര എന്നാരോ വിളിക്കുന്ന കേട്ടു തിരിഞ്ഞു നോക്കിയതാണ്. ഒരു കുട്ടി അവന്റെ അപ്പന്റെ കയ്യിൽ തൂങ്ങി നില്കുന്നു. മോളു ചിരിച്ചോണ്ട് ഓടി ചെന്നു എന്നിട്ടു ഞങ്ങൾക്ക് പരിചയപ്പെടുത്തി. അമ്മ ഇതാണ് തോമസ്, ഇത് തോമസിന്റെ പപ്പാ ആൽവിൻ അങ്കിൾ.
ആൽവിൻ അങ്കിൾനെ കണ്ടതും ഗ്യാസ് പോയ ഗോലി സോഡാ പോലെ ആയി ഞാൻ . അവിടെ നിന്നും നടന്നു ഹാളിൽ പോയി ഇരുന്നത് മാത്രമേ ഓർമ യുള്ളൂ അപ്പോളേക്കും മനസ്സ് ഫ്ലാഷ്ബാക് ഇട്ടു.
രണ്ടായിരത്തിഅഞ്ച്‌ ആറു കാലഘട്ടം. ബാംഗ്ലൂർ നഗരം . മനോഹരം. നിങ്ങൾ ഞെട്ടേണ്ട ഇന്നത്തെ പോലെ ഒന്നും അല്ല അന്ന് കുറെ ഒക്കെ ഭേദമായിരുന്നു. ചെറിയ ഒരു തണുപ്പും, മഞ്ഞും അധികം വണ്ടികൾ ഒന്നും ഇല്ലാത്ത റോഡ് ഉം ഒക്കെ ഉണ്ടായിരുന്ന കാലം.
എന്നും രാവിലെ ഉറക്കം എണീറ്റിരുന്നത് കൂട്ടുകാരികൾ ചായ യെപ്പറ്റി പറയുന്ന കുറ്റങ്ങൾ കേട്ടിട്ടാണ്. ഹോസ്റ്റൽ ലെ ചായ പൊതുവെ മോശമാണ് പക്ഷെ ഞങ്ങളുടെ അന്നത്തെ ഹോസ്റ്റലിൽ തരുന്ന കട്ടൻ ചായപോലും ശോകം ആണെന്നാണ് പിള്ളേര് അഭിപ്രായ പെട്ടിരുന്നത്. ചായ /കാപ്പി മുതലായവ ഇഷ്ടമല്ലാത്തത് കൊണ്ട് അതെനിക്ക് ഒരു പ്രശ്നം അല്ലായിരുന്നു.
രാവിലത്തെ ഇഡലിയോ ഉപ്പുമാവോ ഒക്കെ കുത്തി ഇറക്കി യിട്ട് എന്നും ഒരു ഓട്ടമായിരുന്നു കോളേജ് ലേക്ക്. പതിവ് പോലെ അന്നും അതാണ് സംഭവിച്ചത്. പക്ഷെ ഒരല്പം നേരത്തെ ഇറങ്ങിയത് കൊണ്ട് പതുക്കെ നടന്നാണ് പോയത്.
പോകുന്ന വഴിയിൽ ഒരു എടിഎം കൗണ്ടർ ഉണ്ട് എന്നും അവിടെ ചുള്ളൻ പയ്യൻ മാർ ഉണ്ടാകാറുണ്ട് പക്ഷെ സമയക്കുറവു മൂലം നന്നായി ഒന്നു നോക്കാൻ കഴിയുന്നത് അന്നാണ്. ഉടനെ തന്നെ കൂട്ടുകാരികൾ പറഞ്ഞു ഡി മലയാളികൾ ആണെന്ന് തോന്നുന്നു. നീ പരിചയപ്പെടു എന്ന് പറഞ്ഞു.
ആർക്കും ധൈര്യം ഇല്ലാതിരുന്ന വേളയിൽ ഒരു ലിറ്റർ ഫാന്റയ്ക്ക് വേണ്ടി ബെറ്റ് വച്ചു ആ ദൗത്യം ഞാൻ ഏറ്റെടുത്തു.ഇതുപോലെ ഉള്ള എല്ലാ മണ്ടത്തരങ്ങളും അന്ന് ഞാൻ ഏറ്റെടുത്തിരുന്നു. നടത്തത്തിന്റെ വേഗത കൂട്ടി അവർക്കൊപ്പം എത്തി.മുഖത്ത് നോക്കി പുഞ്ചിരിച്ചു. അവരും ചിരിച്ചു.ആ ചിരിയല്ലാതെ വേറെ ഒരു പ്രോഗ്രസ്സ് ഇല്ല എന്ന് കണ്ട ഞാൻ. അവരെ തടഞ്ഞു നിർത്തി എന്നിട്ടു പറഞ്ഞു "അതേ നിങ്ങളെ പരിചയപെടാൻ ഒരു ഫാന്റ ബെറ്റ് വച്ചിട്ടുണ്ട് അതാ ഞാൻ ഇങ്ങനെ പുറകെ കൂടിയത്, സോറി. "
കാണാൻ ആവറേജ് ആയ പെൺകുട്ടികൾ തലകുത്തി മറിഞ്ഞാലും പയ്യൻ മാർ തിരഞ്ഞു നോക്കില്ല അത് അന്നും ഇന്നും ഒരുപോലെ ആണ്. ഈ സത്യം അന്നേ അറിയാവുന്ന കാരണം ഞാൻ അടവ് മാറ്റി. സംഗതി ഏറ്റു. നാല് പേരെയും പരിചയപെട്ടു കൂട്ടുകാരികൾക്ക് പരിചയപ്പെടുത്തി. അതിൽ ഏറ്റവും ക്യൂട്ട് ആയി എനിക്ക് തോന്നിയത് ആൽവിൻ ആയിരുന്നു. അമ്മ ഗോവകാരിയും അപ്പൻ പാലാകാരനും. ചെക്കന്റെ ഡ്രസ്സിങ് കണ്ടാൽ അറിയാം ഫ്രീക്കൻ ആണെന്ന്.
ഇന്നത്തെ പോലെ അന്ന് ഫ്രീക്കൻ മാർ ഹിറ്റലായിരുന്നു.എക്സിക്യൂട്ടൻ ചെക്കൻ മാർക്കായിരുന്നു ഡിമാൻഡ്. ഫ്രീക്കൻ മാരുടെ ട്രെൻഡ് വരുന്നേ ഉണ്ടായിരുന്നുള്ളു. പെട്ടെന്ന് ആണ് അവരുടെ കയ്യിലേക്ക് ശ്രദ്ധ പോയത് ഒരു പത്തിരുപതു ഷൂ ലേസ് ഭംഗിയിൽ കെട്ടി ഇരിക്കുന്നു.നല്ല ഭംഗിയുണ്ട് ഞാൻ മനസ്സിൽ ഓർത്തു.
പിന്നെ യുള്ള നാളുകളിൽ സൗഹൃദം വളരുകയും. ഗോവ കാരി അമ്മ എന്നത് വെറും തള്ളാണ് എന്നും, ഒക്കെ ഞാൻ മനസിലാക്കി. എന്തായാലും ആ സൗഹൃദം പ്രണയവും പിന്നീട് പ്രണയ നൈരാശ്യവും തുടർന്ന് വൈരാഗ്യവും ഒക്കെ ആയി പല പല രൂപങ്ങൾ ഏറ്റെടുത്തു. ഒടുവിൽ ദേ തോമസ് ന്റെ അപ്പന്റെ രൂപത്തിൽ മുൻപിൽ വന്നു നില്ക്കുന്നു.
ഇച്ചായൻ പറഞ്ഞത് ശരിയാ 'മത്തൻ കുത്തിയ കുമ്പളം മുളയ്ക്കില്ലലോ '. ഐസ്ക്രീം വാങ്ങി മോൾ കയ്യിൽ തോണ്ടിയപ്പോൾ ആണ് ഫ്ലാഷ്ബാക്കിനു മനസ്സ് കട്ട്‌ പറഞ്ഞത്. അപ്പോൾ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ തോമസിന്റെ പപ്പയുടെ മുഖത്തും അതേ ചിരി കാണാൻ കഴിഞ്ഞു.
****ജിയ ജോർജ് ****

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot