നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പഞ്ച പാണ്ഡവർ നാലും കൂടെ




പഞ്ച പാണ്ഡവർ നാലും കൂടെ കുന്തിനെയോ ദമയന്തിനെയോ കെട്ടട്ടെ ... സഹായിക്കാൻ നമ്മളില്ലപ്പാ..

ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കണ കാലം. മിക്ക കൂട്ടുകാരികൾക്കും എവിടുന്നൊക്കെയോ ലൈൻ സെറ്റ് അപ്പ് ആവുന്നു. ലൈൻ ന്നു പറഞ്ഞാ പണ്ടത്തെ കാലത്തു പ്രേമം. ഇപ്പോഴും അത് തന്നെയാണോ അർത്ഥമെന്നു അറിയില്ല. നമ്മൾ ആ ഫീൽഡ് വിട്ടിട്ടു കാലം കുറെ ആയി. വാക്കുകൾക്കൊക്കെ ഓരോ കൊല്ലം കഴിയും തോറും അർത്ഥം മാറും.  ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ആളാണ് എന്റെ അച്ഛൻ.  ഞാൻ എന്റെ ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി  തയ്യാറാക്കിയ നോട്ടു കണ്ട് " അയ്യേ ,ഇങ്ങനെയാ ബി.എ.ക്കു പഠിക്കണ പിള്ളേർക്ക് നോട്ട് എഴുതണേ? നീയൊക്കെ പഠിപ്പിച്ചു ഏതു കുട്ടി  നന്നാവാനാ?" എന്ന് പരിഹസിക്കുന്ന അഹങ്കാരി രാജുമോനായ എന്റെ  ഡാഡി ഒരിക്കൽ എന്നോട് ചോദിച്ചു " ഈ സ്ക്രൂ എന്ന വാക്കിനു വേറെ എന്തെങ്കിലും അർത്ഥമുണ്ടോന്നു".പാവം സ്ക്രൂ ഡ്രൈവറിന്റെ സ്ക്രൂ മാത്രേ ആ സാധുവിനു അറിയൂ. "ആഹ് ,ഉണ്ട് അച്ഛാ സ്ക്രൂ എന്ന വാക്കിന്റെ അർത്ഥവ്യാപ്തി അറിയാൻ അച്ഛൻ വായിച്ചു തഴമ്പിച്ച ഡിക്കെൻസും , ഷെല്ലിയും ,ഷേക്‌സ്‌പിയറും ഒന്നും  പോരാ, സ്വല്പം ആധുനികം കൂടി വേണം" അച്ഛന് ഞാൻ പറഞ്ഞതത്ര പിടിച്ചില്ലെങ്കിലും സ്ക്രൂവിന്റെ അർത്ഥം അറിയാൻ വേണ്ടി അതൊന്നും പുറത്തു കാണിച്ചില്ല.  "ആ എന്ന നീ പറ , എന്താ സ്ക്രൂവിന്റെ ആധുനിക അർത്ഥം ?”  ഞാൻ പരുങ്ങലിലായി. സ്ക്രൂവിന്റെ ആധുനിക അർത്ഥവും അതിന്റെ വ്യാകരണവും വെള്ളിയാഴ്ചയും അസ്സലായി അറിയാമെങ്കിലും, അച്ഛനായി പോയി. എങ്ങനെ പറയും?  സ്വയം oxford  dictionary  ആണെന്ന വിചാരത്തിൽ വിലസിയിരുന്ന മനുഷ്യൻ തകർന്നിരിക്കുകയാണ് - ഒരു വാക്കിന്റെ അർത്ഥം  മാറി , താൻ അതറിഞ്ഞുമില്ല. 
" ഓ എനിക്കറിയില്ലച്ഛാ. അല്ലെങ്കിലും ക്ലാസ്സിലെ കുട്ടികൾക്കുള്ള നോട്ട് നേരെ എഴുതാൻ അറിയാത്തവളാണല്ലോ ഞാൻ.  ഞാൻ ആരാ അച്ഛന് അർത്ഥം  മനസ്സിലാക്കി തരാൻ? " സെന്റി അടിച്ചു ഒരുവിധത്തിൽ  ഞാൻ സ്കൂട്ടായി. 
അപ്പൊ പറഞ്ഞു വന്നത് ലൈൻ ഇപ്പോഴും പ്രേമമാണോന്നറിയില്ല. ഓക്കേ ബാക് ടു പ്രീ ഡിഗ്രി. എല്ലാർക്കും കാമുകന്മാർ. കുറച്ചു പേര് പ്രേമിച്ചു തുടങ്ങി, കുറച്ചു കൂട്ടുകാരികളുടെ പുറകെ ബൈക്ക് റാലി , കുറച്ചു പേർക്ക് പ്രേമ ലേഖനങ്ങളുടെ പെരുമഴ. ഞാൻ മാത്രം , ഈ എന്നെ മാത്രം പ്രേമിക്കാൻ ആരുമില്ല.  പക്ഷേ ഒരിക്കലും എനിക്കില്ലാത്തതു മറ്റുള്ളവർക്ക് കിട്ടരുത് എന്ന് വിചാരിക്കുന്ന ദുഷ്ട ഹൃദയം അന്നും ഇന്നും എനിക്കില്ല. സത്യം. നമുക്കോ ഇല്ല. ഉള്ളവരെങ്കിലും നേരാം  വണ്ണം പ്രേമിക്കട്ടെ എന്ന് കരുതി ഞാൻ എന്നെ കൊണ്ടാവുന്ന സേവനങ്ങൾ - കത്ത് കൈമാറൽ, ഫോൺ ബൂത്തിന് പുറത്തു കാവൽ നിക്കൽ, കമിതാക്കൾ വാങ്ങിച്ചു തരുന്ന ഐസ് ക്രീം നുണഞ്ഞു കൊണ്ട് അവരുടെ പ്രേമ സല്ലാപത്തിനു കാവലിരിക്കൽ അങ്ങനെ അങ്ങനെ. ഇപ്പോഴും സിനിമയിൽ ഈ സുധീഷ് , അജു വര്ഗീസ് അങ്ങനെ ഈ പ്രേമത്തിന് വേണ്ടി നടക്കുന്ന കൂട്ടുകാരെ കാണുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വരും. 
എന്റെ സേവനങ്ങൾ നാട്ടിലുടനീളം പ്രസിദ്ധിയാർജിച്ചതു വളരെ പെട്ടന്നായിരുന്നു. ഒരു ദിവസം അവൾ എന്റെ ക്ലാസ്സിൽ വന്നു. " അതെ എനിക്ക്  ഒരാളെ ഇഷ്ടാ, ആൾക്ക് എന്നെയും. ആളെ നീ അറിയും.  നിന്റെ അച്ഛന്റെ കൂടെ ജോലി ചെയ്യണ സുധാകരൻ അങ്കിളിന്റെ മോൻ. നീയും അവനും കുഞ്ഞു നാൾ മുതലേ ഫ്രണ്ട്സ് അല്ലെ? നിനക്ക് എപ്പോ വേണേലും അങ്ങോട്ട് കേറി ചെല്ലാല്ലോ  . നീ കംബൈൻഡ് സ്റ്റെടിക്കൊക്കെ പോകാറില്ലേ? എന്നേം കൂടെ നിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു കൊണ്ട് പോകുവോ? മാസത്തിൽ ഒരു ദിവസം പ്ളീസ് ". 
സുധാകരൻ അങ്കിളിന്റെ മകൻ - ഞാൻ സ്വന്തം സഹോദരനെ പോലെ കരുതുന്നവൻ -കാർത്തിക്. അവനു കുറച്ചു കൂടെ സ്റ്റാൻഡേർഡ് ഉണ്ടാകും എന്നാണു ഞാൻ കരുതിയത്. ഇവള് , അയ്യേ . 
 "ഞാനേ കുറച്ചു നിലവാരമുള്ള കേസുകളേ എടുക്കാറുള്ളു. അവൾടെ ഒരു പ്രേമം. ഇനി മേലാൽ ഇതും പറഞ്ഞോണ്ട് വരരുത്" വിരട്ടി ഓടിക്കാൻ നോക്കിയ എന്നെ അവളുടെ ചോദ്യം തളർത്തികളഞ്ഞു . "നിനക്ക് കാർത്തിക്കിനെ ഇഷ്ടമാണല്ലേ ? അതല്ലേ നീ ചാടിക്കടിക്കാൻ വരണേ? എനിക്കറിയാം" . 
അവൾ എന്നെ സംശയിച്ചതല്ല എന്നെ സങ്കടപ്പെടുത്തിയത് .കാർത്തിക്കിനെ പോലൊരു ചെക്കനെ പ്രേമിക്കാൻ മാത്രമുള്ള നിലവാരമേ എന്നെ കണ്ടിട്ട് അവൾക്കു തോന്നിയുള്ളൂ? ലജ്ജാവഹം. ഞാൻ സഹായിക്കില്ലാന്നു മനസ്സിലാക്കിയ അവൾ കാർത്തിക്കിനെ  വിളിച്ചു ഒരേ കരച്ചിൽ. അവരുടെ പ്രേമത്തിന് തടസ്സം നിക്കണത് ഞാനാണെന്നും , ഞാൻ അവളെ അപമാനിച്ചെന്നും ആകെ പുകില്. ഈ ചെക്കന്മാർക്കൊരു വൃത്തികെട്ട സൂക്കേടുണ്ട്. പ്രേമിക്കുന്ന പെണ്ണ് ഒന്ന് കരഞ്ഞു കാണിച്ചാ , വർഷങ്ങളായുള്ള കൂട്ടുകാരിയാണെന്നൊന്നും അവര് നോക്കൂല്ല , നല്ല ചീത്ത വിളിക്കും. അങ്ങനെ അവന്റെ വായിലിരിക്കണത് മുഴുവൻ കേട്ടപ്പോ "നൻബെൻ ഡാ " എന്നും പറഞ്ഞു ഞാൻ അവളേം കൊണ്ട് അവന്റെ വീട്ടിലോട്ടു കെട്ടിയെടുക്കാൻ തുടങ്ങി. പിള്ളേര് പഠിക്കുവാണല്ലോന്ന് കരുതി അവന്റെ 'അമ്മ കൊണ്ട് വെക്കുന്ന പലഹാരങ്ങളെല്ലാം ഞാൻ ആർത്തിയോടെ കഴിച്ചു. അവർക്കു ആർത്തി വേറെ പലതിനോടായിരുന്നു. ഇവർ  മുകളിലെ മുറിക്കകത്തും ഞാൻ അതിനോട് ചേർന്ന ടെറസിലും. 
സഹായിക്കില്ലാന്നു ഞാൻ പറഞ്ഞപ്പോൾ ഈ പെണ്ണിന്റെ ഉള്ളിൽ ഒരു സംശയരോഗി ജനിച്ചത് ഞാനും അവനും അറിഞ്ഞില്ലായിരുന്നു. ഒരിക്കൽ അവന്റെ 'അമ്മ ഒരു പ്ലേറ്റിൽ തന്ന ചിപ്സും കഴിച്ചു കാക്കയെ നോക്കി കൊഞ്ഞനം കുത്തിക്കോണ്ടിരുന്ന എന്നോട് "നിനക്കീ പച്ച ചുരിദാറ് നന്നായി ചേരുന്നു " എന്ന് അവൻ പറഞ്ഞു .പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ശടപടേ ശടപടേന്നു അവളുടെ ഭാവം മാറി.  എന്റെ കൈയ്യിലിരുന്ന ചിപ്സിന്റെ പ്ലേറ്റ് തട്ടിപ്പറിച്ചു അവന്റെ മുഖത്ത്  വലിച്ചെറിഞ്ഞു അവൾ ഇറങ്ങി പോയപ്പോൾ,  വളരെ വേദനയോടെ ഞാൻ മനസ്സിലാക്കി ഇത്രെയും നാൾ ഞാൻ ടെറസിലെ വെയില് കൊണ്ടത് ഈ പ്രാന്തിക്കു വേണ്ടിയാണെന്ന്. കാർത്തിക് ഞെട്ടി നിൽക്കുന്നു . "എന്തുവാടെ ഇതിനു വട്ടാണാ?" എന്ന് ചോദിച്ച എന്നോട് "നാരായണൻ കുട്ടി" എന്ന് വിളിച്ചു കരയുന്ന കിലുക്കത്തിലെ ലാലേട്ടനെ പോലെ അവൻ നിന്നു. 
പക്ഷേ,, അത് കൊണ്ടൊന്നും കാർത്തിക്കിലെ കാമുകൻ തളർന്നില്ല. അവൾടെ സംശയരോഗം മാറ്റാൻ ഒരു കാമുകനും സഞ്ചരിക്കാത്ത വഴികളിലൂടെ അവൻ സഞ്ചരിച്ചു. ഇടക്കൊക്കെ അവൾ അനുസരണയോടെ അവൻ വരച്ച കളത്തിൽ വന്നിരിക്കുമെങ്കിലും , പൂർണമായി അവളിലെ രോഗി ആ ദേഹം വിട്ടു പോകാൻ സമ്മതിച്ചില്ല. കുറച്ചു മാസങ്ങൾ ശ്രമിച്ചു പരാജയപ്പെട്ടു കാർത്തിക് അവളെ ഉപേക്ഷിച്ചു. സംശയ  രോഗിയാണെങ്കിലും വാശിക്ക് ഒരു കുറവുമില്ലാത്ത അവൾ കാർത്തിക്കിന്റെ വേക്കൻസിയിൽ വേറെ റിക്രൂട്മെന്റ് ഉടൻ നടത്തി.  അവളുടെ ചീത്തവിളിയും, മുടിക്ക് കുത്തിപ്പിടിക്കലും ഒക്കെ കൊണ്ട് അവശ ഹംസമായ ഞാൻ കുറച്ചു കാലത്തേക്ക് എന്റെ സർവീസ് ഏജൻസി പൂട്ടിയിട്ടു. 
സ്വന്തം പ്രണയത്തിൽ ബിസി ആയി പോയ ഞാൻ ,പിന്നെ ഈ സഹായ സഹകരണ സംഘം പുതുക്കി പണിയുന്നത് കഴിഞ്ഞ വർഷമാണ്. അതും ഞാൻ ജീവിതത്തിൽ ഹാൻഡിൽ ചെയ്തിട്ടില്ലാത്ത ടൈപ്പ് പ്രേമം - അത് തന്നെ അവിഹിതം. 
ഞാൻ ബാംഗളൂരിലെ ഒരു കോളേജിൽ പഠിപ്പിക്കുന്നു. അപ്പോഴാണ് അവളെ പരിചയപ്പെടുന്നത്. അവൾ എന്റെ ക്യാമ്പസ്സിന്റെ അടുത്താണ് താമസം. പല സ്ഥലങ്ങളിൽ വച്ച് ഞങ്ങൾ കണ്ടു മുട്ടി .  പരിചയം വളരെ പെട്ടെന്ന് സൗഹൃദത്തിലേക്കു വഴി മാറി. മാസങ്ങൾക്കുള്ളിൽ ഞങ്ങൾ "മച്ചു മച്ചു" ആയി. അല്ലേലും അതങ്ങനെയാണല്ലോ സുനാമി ,ഭൂകമ്പം ഇതൊക്കെ നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കുന്നതാണല്ലോ. 
ഇവളുടെ ഫേസ്ബുക്കിൽ ഞാൻ സ്ഥിരം കമെന്റ് തൊഴിലാളിയായിരുന്നു. എന്റെ കമെന്റുകൾക്കു താഴെ എന്നെ കൊഞ്ഞനം കുത്തി കാണിക്കാൻ വേണ്ടി മാത്രം ഒരുത്തൻ - ഇവൾ പോലും കണ്ടിട്ടില്ലാത്ത അദൃശ്യനായ സുഹൃത്ത്.  അതും ഒരു ഹിന്ദിക്കാരൻ. എനിക്കാണെങ്കിൽ ഈ ഹിന്ദി ഒട്ടും പിടിയില്ലാത്ത ഭാഷയാണ്.  "മേം ഗൂർഖ ഹം ഹോയ്‌ ഹേ ","മേരെ പ്യാരേ ദേശവാസിയോം" ഇത് രണ്ടും അല്ലാതെ ഹിന്ദിയിൽ ഒരു കുന്തോം എനിക്കറിയില്ല. ഇയാളാണെങ്കിൽ അമിതാഭ് ബച്ചന്  അംജദ് ഖാനിലുണ്ടായവനെ പോലെ ഹിന്ദി മാത്രേ പറയു. ഇംഗ്ലീഷ് വശമില്ല. അത് കൊണ്ട് , അത് കൊണ്ട് മാത്രം ഞാൻ അയാളുടെ ഉരുളയ്ക്ക് ഉപ്പേരി കൊടുത്തില്ല. ഒരു ദിവസം എന്നെ കാണാൻ അവൾ കോളേജിൽ വന്നു. ക്യാന്റീനിൽ ഇരുന്നു ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ പരിപ്പുവടയും ചായയും കഴിക്കുന്ന  എന്നോട് ഒരു വെളിപ്പെടുത്തൽ " എനിക്ക് അവനെ ഇഷ്ടമാണ്. അവൻ ചുമ്മാ നിന്റെ കാര്യം അന്വേഷിക്കുന്നു . എനിക്കിഷ്ടമല്ല അത്. അതോണ്ട് നീ ഇനി എന്റെ ഫോട്ടോസിനു കമന്റ് ചെയ്യണ്ട" 
വേണ്ടെങ്ങി വേണ്ടാ അല്ല പിന്നെ. ഇവള് തിന്നണതും കുടിക്കണതും ഫേസ്ബുക്കിൽ ഇടും. കമന്റാൻ പെടണ പാട് നമുക്കറിയാം . എന്നാലും ഹിന്ദിക്കാരനെ പ്രേമിക്കുമ്പോൾ , തനി മലയാളിയായ കെട്ടിയോനെ എന്ത് ചെയ്യും? അവളെക്കാൾ ടെൻഷൻ എനിക്കാണ്. 
" ഓ അതൊക്കെ ഒരു സൈഡ് ട്രാക്കിൽ കൂടെ പോകും. ചേട്ടനും ,അവന്റെ ഭാര്യക്കും ഒരു പ്രശ്നവും വരാതെ നോക്കും”.
  ഹോ പെണ്ണ് രണ്ടും മൂന്നും കൽപ്പിച്ചാണ്. ഞാനീ അവിഹിത ബന്ധങ്ങൾ കഥകളിൽ വായിച്ചിട്ടുണ്ടെന്നല്ലാതെ ലൈവ് കാണുന്നത് ആദ്യമായായിരുന്നു. സത്യം പറഞ്ഞാൽ അതിന്റെ ത്രില്ലും എനിക്കുണ്ടായിരുന്നു. 
"നീ ഇത് അവനോടു പറഞ്ഞോ? നിനക്കിഷ്ടമാണെന്നു? " എന്റെ ചോദ്യം അവൾ ചിരിച്ചു തള്ളി. "ഡി പ്രൊപ്പോസ് ചെയ്യാൻ ഇത് കല്യാണം കഴിക്കാൻ വേണ്ടിയല്ലല്ലോ. അപ്പൊ പ്രൊപോസൽ ഒന്നും വേണ്ട. എല്ലാം രണ്ടു പേർക്കും മനസ്സിലാവും". 
ശോ.. എനിക്കങ്ങു രോമാഞ്ചം വന്നു. ദിവസം 3 തവണ ഫോൺ ചെയ്തിട്ടും, ചോദിക്കുമ്പോഴൊക്കെ കാശ് കടം കൊടുത്തിട്ടും, റെക്കോർഡ് ബുക്ക് എഴുതി കൊടുത്തിട്ടും എന്റെ കെട്ടിയോനായ , മുൻകാല കാമുകന്,  എനിക്കങ്ങേരെ ഇഷ്ടമായിരുന്നൂന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. ഹോ ! അവിഹിതത്തിന്റെ ഒരു മാന്ത്രിക ശക്തി. 
പിന്നീടങ്ങോട്ട് അവൾ ഒരു cid മൂസിയായി മാറി. എന്റെ whatsapp, messenger എന്നീ തുരുത്തിലൊക്കെ പച്ചവെളിച്ചം കണ്ടാൽ , ഉടൻ അവന്റെ പച്ചവെളിച്ചവും ഓൺ ആണോന്നു നോക്കും. ആണെങ്കിൽ തീർന്നു “ നീയല്ലേടി പോൾ ബാർബർ” എന്ന മട്ടിലുള്ള മെസ്സേജുകളാണ് അന്ന് മുഴുവൻ. 
കഴിഞ്ഞ ജൂണിൽ ഞാൻ അമേരിക്കയിലോട്ടു കുറ്റിയും പറിച്ചു വന്നു. ഒരു ദിവസം അവളുടെ ഫോൺ." നിനക്ക് സമാധാനമായല്ലോ ? എന്റെ പ്രേമം തുലച്ചപ്പോള്. അവൻ എന്നോട് പറഞ്ഞു അവൻ എന്നെ  നല്ല സുഹൃത്തായിട്ടേ കണ്ടിട്ടുള്ളു. ഞാൻ സങ്കല്പിച്ചു കൂട്ടിയതാ ബാക്കിയെല്ലാമെന്ന്. നീ ഒറ്റൊരുത്തിയാണ് ഇതിനു കാരണം. നീയല്ലേ  സദാചാര പ്രസംഗം നടത്തി  അവന്റെ മനസ്സ് മാറ്റിയത്. നിനക്ക് ഇത് കൊണ്ട് എന്ത് ലാഭം? " 
ഹിന്ദി അക്ഷരമാല പോലും നേരെ അറിയാത്ത ഞാൻ അവനെ ധ്യാനം കൂടിച്ചു നന്നാക്കീന്നു. പുകഴ്ത്തുമ്പോ ഒരു മയത്തിലൊക്കെ വേണ്ടേ? 
ആ സംഭവവും കൂടി കഴിഞ്ഞതോടെ ഞാൻ എന്റെ സഹകരണ സംഘം അടച്ചു പൂട്ടി സീൽ വെച്ചു.  ചുമ്മാതല്ല ഇവിടെ സോഷ്യലിസം വരാത്തത്. ചങ്കു പറിച്ചു കാണിച്ചാലും ... പോട്ടെ ... ഈശ്വരാ ഭഗവാനെ  ഇവർക്കൊക്കെ നല്ലതു മാത്രം വരുത്തണെ!

BY Deepa Narayanan ( Deepa Ram)

2 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot