നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരിയ - Part 5

അടുത്ത കുറച്ചു ദിവസങ്ങളിൽ ഫെയ്സ്ബുക്കിൽ ഉണ്ടാകില്ലെന്നു തോന്നുന്നു. അതിനാൽ ബാക്കി ഭാഗങ്ങൾ പോസ്റ്റുന്നു.
*********
മരിയ
*********
കഥ ഇതു വരെ.
അമേരിക്കയിലാണിതെല്ലാം സംഭവിച്ചത്. സിയാറ്റിലിൽ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലെ മെയിൽ മാനായ അലെക്സ് ആണ്‌ കഥ പറയുന്നത്.
പുതുതായി ജോലിക്കു കയറിയ അയാൾ മരിയ എന്ന ഒരു കനേഡിയൻ സുന്ദരിയെ പരിചയപ്പെടുന്നു. ഇൻഡ്യൻ ആസ്ട്രോളജിയിലെ അവളുടെ താല്പ്പര്യം മനസ്സിലാക്കിയ കഥാകാരൻ, തന്റെ കസിന്റെ സഹായത്തോടെ ഒരു ഓൺലൈൻ ജാതകം സംഘടിപ്പിച്ച് അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്നു.പക്ഷേ, ജാതകം വായിച്ചുകൊണ്ടിരുന്നപ്പോളാണ്‌ ആ കുട്ടിയുടെ ഭാവം മാറിയത്. വിചിത്രമായി പെരുമാറിയ
അവൾക്ക് എന്തോ മാനസീക പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കിയ കഥാകാരൻ വല്ലാത്ത ആശയകുഴപ്പത്തിലാകുന്നു.
രാത്രിയിൽ ആരോ അവളെ ഉപദ്രവിക്കുന്നുണ്ടെന്നു പറഞ്ഞ അവൾ ജീവിതം മടുത്തെന്നും, ആത്മഹത്യ മാത്രമേ ഇനി ഒരു വഴിയുള്ളൂ എന്നും അയാളോട് പറയുന്നു. ശരീരം മുഴുവൻ ബ്ലേഡുകൊണ്ട് വരഞ്ഞു കീറിയ മുറിവുകൾ അവൾ അലെക്സിനെ കാണിക്കുന്നു
അന്നു വൈകിട്ട് ഓഫീസിനടുത്തുള്ള പാർക്കിൽ മരിയയെ ഓവർഡോസ് മരുന്നു കഴിച്ച നിലയിൽ അലെക്സ് കാണുന്നു. അവളുടെ നിർദ്ദേശ പ്രകാരം മുൻ ഭർത്താവ് കെവിനെ അയാൾ വിളിക്കുന്നു. വിവരമറിഞ്ഞ കെവിൻ അലെക്സിനെ തെറ്റിദ്ധരിക്കുന്നു. തുടർന്ന് കെവിൻ പാർക്കിലേക്കു വരാനായി അലെക്സ് കാത്തു നില്ക്കുകയാണ്‌. കൂട്ടിന്‌ കസിൻ അബിയും അയാളുടെ ഒരു സുഹൃത്ത് എഡ്ഢിയും എത്തുന്നു.
തുടർന്നു വായിക്കുക.
ഇതിനു മുൻപത്തെ പാർട്ട് വായിക്കാനായി, ലിങ്ക് അമർത്തി സഹകരിക്കുക.
https://www.facebook.com/groups/nallezhuth/permalink/1645167218899092/
പാർട്ട് 5
കാറു തുറന്ന് വെളിയിലിറങ്ങിയ കെവിനെ ഞാനൊന്ന് അടിമുടി നോക്കി.
ഈ നരുന്തിനെയാണോ ഞാൻ പേടിച്ചത് ? ഒരു ചിന്ന പയ്യൻ ! കാലു മടക്കി ഒരടി കൊടുത്താൽ തീരും അവന്റെ അഹങ്കാരം. എന്തു ജാതി തെറിയാ പന്നി എന്നെ വിളിച്ചത് ?
ഇറങ്ങിയ പാടേ അവൻ ആകെ ഷോക്കായതു പോലെ ഒന്നു നിന്നു.
ആ കാഴ്ച്ച കണ്ടാൽ ആരായാലും ഒന്നു ഞെട്ടും. സുന്ദരിയായ ഒരു യുവതി അബോധാവസ്ഥയിൽ കിടക്കുന്നു. ചുറ്റും അവളുടെ ബാഗും മറ്റും ചിതറിക്കിടക്കുന്നു. മൂന്നു തടിമാടന്മാർ അവളുടെ ചുറ്റും. അതിലൊരുത്തനാണെങ്കിൽ രണ്ടാളുടെ വലുപ്പം.
“വാട്ട് ദ ഹെൽ ഈസ് ഗോയിങ്ങ് ഓൺ ഹിയർ ?” അതാണ് ഞാൻ ആദ്യം പ്രതീക്ഷിച്ച ചോദ്യം.
പക്ഷേ അയാൾ ഒന്നും മിണ്ടിയില്ല.നേരേ ഓടി മരിയക്കടുത്തെത്തി ബെഞ്ചിൽ ഇരുന്ന് അവളെ പരിശൊധിച്ചു.
കെവിൻ തട്ടി വിളിച്ചപ്പോൾ അവൾ ഞരങ്ങുന്നുണ്ട്.
“ലെറ്റ്സ് ടെയ്ക്ക് ഹെർ റ്റു എ ഹോസ്പിറ്റൽ ഫസ്റ്റ്. അവിടെ ചെന്നിട്ടു നമുക്കു സംസാരിക്കാം.” എഡ്ഢി പറഞ്ഞു.
“വേണ്ട... ” കെവിൻ പതിയെ മന്ത്രിച്ചു. “നാളെ ഉച്ചയോടു കൂടി അവൾ എഴുന്നേല്ക്കും.പേടിക്കാനൊന്നുമില്ല. ഇങ്ങനെ മുൻപും സംഭവിച്ചിട്ടുണ്ട്.” പിന്നെ അവൻ എന്റെ നേരേ തിരിഞ്ഞു.
“എത്ര ടാബ്ലറ്റ്സ് കഴിച്ചെന്നാണവൾ പറഞ്ഞത് ?”
നാലെണ്ണം... നാലു ഡോസ് ,പക്ഷേ എനിക്കറിയില്ല എന്തു ടാബ്ലറ്റാണെന്ന് ... “
“നാലെണ്ണം പ്രശ്നമില്ല...കുറേ നേരം ഉറങ്ങും. അത്രേയുള്ളൂ. അതു നല്ലതാ. എത്ര ഉറങ്ങുന്നോ അത്ര നല്ലതാ.”
പിന്നെ അവൻ എന്റെ മുഖത്തേക്കു നോക്കി ഒരു നിമിഷം ഇരുന്നു. എന്നെ പഠിക്കുന്ന പോലെ.ഒടുവിൽ പറഞ്ഞു,
“സോറി അലെക്സ്. ഞാൻ അലെക്സിനോട് ഷൗട്ട് ചെയ്തതിന്. സത്യം പറഞ്ഞാൽ, ഞാൻ മടുത്തു. എന്തൊക്കെ ചെയ്തിട്ടും ഫലമില്ല. അവൾ നോർമ്മൽ ആയെന്നു കരുതി സമാധാനിച്ചു വരികയായിരുന്നു.അപ്പൊളാണ് അലെക്സ് ഹോറോസ്കോപ്പും മറ്റുമായി പിന്നെയും ചെന്ന് അവളെ പ്രവോക്ക് ചെയ്തത് . പക്ഷേ എനിക്കറിയാം, ഇതിപ്പൊ അലെക്സ് അല്ലെങ്കിൽ മറ്റൊരാൾ...ആരെങ്കിലും അവളെ വീണ്ടും പ്രകോപിപ്പിക്കും. ആർക്കും പ്രതീക്ഷിക്കാനൊക്കില്ലല്ലോ. പെട്ടെന്നല്ലേ അവളുടെ സ്വഭാവം മാറുക.“
“കെവിൻ. (എന്റെ തൊണ്ട ഇടറിപ്പോയി) സത്യമായിട്ടും, ഞാൻ ഒരു സൈക്കിക്കോ മന്ത്രവാദിയോ ഒന്നുമല്ല. എനിക്ക് ഈ വക കാര്യങ്ങളിൽ ഒരു വിശ്വാസവുമില്ല.ഉള്ളതു പറഞ്ഞാൽ, ആ ജാതി ആളുകളെ ഓടിച്ചിട്ടു തല്ലി കാലൊടിക്കണം എന്ന ചിന്താഗതിക്കാരനാണു ഞാൻ. ചുമ്മാ നാട്ടുകാരെ പറഞ്ഞു പറ്റിച്ച് ജീവിക്കുന്ന സൺസ് ഓഫ് ബിച്ചെസ്. മരിയ എന്നോടാവശ്യപ്പെട്ടിട്ടാണ് ഞാൻ ... വെറുതേ ഒരു തമാശക്ക് ...”
“കുഴപ്പമില്ല. എന്തായാലും നിന്റെ മനസ്സ് നല്ലതാ. ആ ഓഫീസിൽ ഒരൊറ്റ എണ്ണം അവളെ ഹെല്പ് ചെയ്യില്ല. വീണു കിടന്നാൽ തിരിഞ്ഞു നോക്കില്ല. കുഷ്ഠ രോഗിയെപ്പോലെയാണിവളെ കാണുന്നത്. എന്തോ ടാക്സ് സേവ് ചെയ്യാനായിട്ട് ഇതു പോലെ ഓരോ മാറാ രോഗമുള്ള കുറച്ചു പേരെ കമ്പനികൾ സ്റ്റാഫ്ഫ് ആക്കും. ഗവണ്മെന്റ് പ്രോഗ്രാം ആണ്.ബൈ ദ വേ, ഇവരൊക്കെ ? ”അബിയെയും എഡ്ഢിയെയും നോക്കിയാണ് ചോദ്യം.
“ഇത് എന്റെ ബ്രദർ അബി. പിന്നെ ...”
“അയാളെ എനിക്കറിയാം.എഡ്ഢി മെയ്സൺ അല്ലേ ? ”
എഡ്ഢി ഒന്നും മിണ്ടിയില്ല. അയാൾക്കറിയാം ഇനി ആ സംഭാഷണം എങ്ങനെ ആയിരിക്കുമെന്ന്. അയാളുടെ ബാസ്കറ്റ് ബോൾ കളിയെക്കുറിച്ചായിരിക്കും അടുത്ത ചോദ്യം. ആക്സിഡന്റ് ആയി, റിട്ടയർ ചെയ്യേണ്ടി വന്നു എന്നു പറയുമ്പോ “അയാം സോ സോറി റ്റു ഹിയർ ദാറ്റ് എഡ്ഢി...” എന്നൊരു മറുപടിയും. ഒരു ദിവസം ഇതെത്ര തവണയാണെന്നു വെച്ചാ കേൾക്കുന്നത് . എഡ്ഢി മുത്താണ്. പക്ഷേ ബാസ്കറ്റ് ബോളിനേക്കുറിച്ചു മാത്രം ചോദിക്കരുത്. സങ്കടമാണ്.
തുടർന്ന് കെവിൻ മരിയയെ കോരിയെടുത്ത് കാറിലിരുത്തി. പാതി ബോധത്തിൽ അവൾപിച്ചും പേയും പോലെ പറഞ്ഞത് ഞാൻ കേട്ടു. “മമ്മാ... ഞാൻ വരാൻ റെഡിയാ, പക്ഷേ അയാൾ അവിടെയും വന്നാലോ...”
മരിയയുടെ സീറ്റ് ബെൽട്ടൊക്കെ ഇട്ട് ഭദ്രമാക്കി കെവിൻ വണ്ടിയിലേക്ക് കയറാൻ നേരത്ത് ഞാൻ ചോദിച്ചു,
“കെവിൻ, ഒരു കാര്യം ചോദിക്കട്ടെ ? പേഴ്സണലാണേങ്കിൽ ക്ഷമിക്കണം. മരിയ എന്നോട് പറഞ്ഞത് നിങ്ങൾ ...”
“ഡൈവൊഴ്സ്ഡ് ആണെന്നല്ലേ ? സത്യമാണ്. രണ്ടു വർഷമായി ഞങ്ങൾ പിരിഞ്ഞിട്ട്. എങ്ങനെയാ ഇതു പോലൊരു പെൺകുട്ടിയുടെ കൂടെ ഒരു കുടുംബ ജീവിതം സാധിക്കുക ? അലെക്സിനെക്കൊണ്ടു പറ്റുമോ ?”
ഞാൻ ഒന്നും മിണ്ടിയില്ല.
“പക്ഷേ അലെക്സ്...അസുഖം അവളുടെ കുറ്റമല്ലല്ലോ. അതിന്റെ പേരും പറഞ്ഞ് ശത്രുത കാണിച്ചിരിക്കാൻ പറ്റുമോ ? ഞാൻ മനുഷ്യനല്ലേ ? ” അവന്റെ കണ്ണുകളിൽ നനവിന്റെ തിളക്കം.
“ഡൈവോഴ്സ് കഴിഞ്ഞ് മാറി താമസിച്ചു തുടങ്ങിയപ്പോളാണ് ഞങ്ങൾക്ക് പരസ്പരം എത്ര ഇഷ്ടമായിരുന്നു എന്നു മനസ്സിലാകുന്നത്. വിധി! അല്ലാതെന്താ ? ... ഹസ്ബൻഡ് അല്ല ഞാനിപ്പൊ, അവളുടെ കെയർ ടേക്കറാണ്.ഒരു പൂച്ചക്കുഞ്ഞിനെ നോക്കുന്ന പോലെ ഞാനിപ്പൊ കൊണ്ടു നടക്കുകയാണിവളെ.”
“ബൈ ദ വേ , താങ്കൾ അവളുടെ ദേഹത്തെ മുറിവുകൾ ശ്രദ്ധിച്ചാരുന്നോ ? ” മടിച്ച് മടിച്ചാണു ഞാൻ ചോദിച്ചത് .
“വാട്ട് ? എന്തു മുറിവുകൾ ? ” അവൻ എന്നെ സംശയഭാവത്തിലൊന്നു നോക്കി പിന്നെ പെട്ടെന്ന് കാറിനകത്തേക്കു കയറി. അതിനുള്ളിൽ ലൈറ്റ് തെളിഞ്ഞു.
തുടർന്ന് കാറിനുള്ളിൽ നിന്നും കുറേ അസഭ്യ പദങ്ങൾ കേട്ടു. പാവം കെവിൻ. ഞെട്ടിപ്പൊയി കാണും.
അല്പ്പ സമയം കഴിഞ്ഞ് വെളിയിലിറങ്ങിയ അയാൾ നെറ്റിയിൽ രണ്ടു കയ്യും താങ്ങി ആ ബെഞ്ച്ചിലേക്കു നടന്നു.
“നിങ്ങൾ പൊയ്ക്കോളൂ അലെക്സ്. താങ്ക്സ് ഫോർ എവെരിത്തിങ്ങ്. ഇനി ഇതു ഞാൻ ഡീൽ ചെയ്തോളാം. ”
“മാൻ ..ദ സെൻസിബിൾ തിങ്ങ് റ്റു ഡു ഇസ്...” എഡ്ഢി ഇടപെട്ടു. “നമുക്ക് പോലീസിനെ വിളിക്കാം. അവരു വന്ന് എല്ലാത്തിനും ഒരു തീരുമാനമുണ്ടാക്കട്ടെ. നമ്മളെല്ലാരും ടാക്സ് കൊടുക്കുന്നവരാണ്, ഇതെല്ലാം അന്വേഷിക്കേണ്ട ഉത്തരവാദിത്തമില്ലേ അവർക്ക് ?”
“എന്നിട്ടെന്തിനാ ?? ” കെവിൻ പൊട്ടിത്തെറിച്ചു. “വീണ്ടും അവളെ ആ നരകത്തിൽ കൊണ്ടു പോയി പൂട്ടിയിടാനോ ? ഒരിക്കൽ ഒരു ഭാന്താസ്പത്രിയിൽ അഡ്മിറ്റ് ആയാൽ പിന്നെ വെളിയിലിറങ്ങണമെങ്കിൽ എന്തു ബുദ്ധിമുട്ടാണെന്നറിയാമോ ? ഇനി ഒരിക്കൽ കൂടി അവൾ അതിനകത്തു പെട്ടാൽ, പിന്നെ അവൾ വെളിച്ചം കാണില്ല. എനിക്കുറപ്പാണ്.”
“ഞാൻ അവളുടെ ദേഹത്തെ മുറിവുകളുടെ കാര്യമാ പറഞ്ഞത്.അതങ്ങനെ നമുക്ക് അന്വേഷിക്കാതെ വിടാൻ പറ്റില്ലല്ലോ. അരാ എന്താ അവളെ ഉപദ്രവിക്കുന്നതെന്ന് കണ്ടു പിടിക്കണ്ടേ ? “ എഡ്ഢി വിശദീകരിച്ചു.
”നോ വേ. വീ ആർ നോട്ട് കോളിങ്ങ് പോലീസ് . അയാം ടെയ്ക്കിങ്ങ് ഹെർ ഹോം. നിങ്ങൾ ചെയ്ത എല്ലാ സഹായത്തിനും നന്ദി. ഗോ ബാക്ക് റ്റു യുവർ ലൈവ്സ് പ്ലീസ്. “ കെവിൻ വളരെ ഗൗരവത്തിലാണതു പറഞ്ഞത്..
”ബൈ ദ വേ അവസാനമായിട്ട് എനിക്കൊരു ഉപകാരം കൂടി ചെയ്തു തരാമോ ? “
”എന്താണെങ്കിലും പറയൂ കെവിൻ.“ ഞാൻ തിരിഞ്ഞു നിന്നു.
”ഈ കാർ ഒന്നു തിരിച്ചിട്ടു തരാമോ ? അപ്പോഴത്തെ ആവേശത്തിന് ഞാൻ ഇങ്ങോട്ട് ഓടിച്ചിറക്കി. ഇപ്പൊ ഇവിടെ തിരിക്കാൻ തീരെ സ്ഥലമില്ല... പോരാത്തതിന് ഇരുട്ടും..“
അപ്പോഴത്തെ ആ പിരിമുറുക്കത്തിനിടയിലും, അറിയാതെ ചിരിച്ചു പോയി ഞങ്ങൾ.
”കെവിനെന്താ ജോലി ?“ അത്ര നേരം ഒന്നും മിണ്ടാതെ നിന്ന അബിയാണത് ചോദിച്ചത്.
”ഞാൻ എയർ ട്രാഫിക്കിലാ . സീ-ടാക്കിൽ“ ( സിയാറ്റിൽ-ടക്കോമ ഇന്റർ നാഷണൽ എയർപോർട്ട് ) .
ദൈവമേ ഒരു കാറു തിരിച്ചിടാൻ അറിയാത്ത ഇവനാണോ എയർ ട്രാഫ്ഫിക്ക് കണ്ട്രോളർ!! എന്തു വിശ്വസിച്ച് ഇനി നാട്ടിൽ പോയി വരും ? എന്നായിരുന്നു എന്റെ ചിന്ത.
എഡ്ഢി ആ കൃത്യം ഏറ്റെടുത്തു. ഞാനും അബിയും കെവിനും കൂടി പുറത്തു നിന്ന് കഥകളി നടത്തി ഒരു തരത്തിൽ വണ്ടി തിരിച്ചെടുത്തു എന്നു പറയുന്നതാകും ശരി. പക്ഷേ അതോടു കൂടി എല്ലാവരുടെയും പിരിമുറുക്കം അല്പ്പം കുറഞ്ഞു.
അങ്ങനെ കെവിനെ യാത്രയാക്കിയതിനു ശേഷം എഡ്ഢി എന്റെ നേരേ തിരിഞ്ഞു.
“എനിക്കൊരു 25 ബിയർ കുടിക്കണം ഇന്ന്. നീയാണു വാങ്ങുന്നത്. നടക്ക്!”
“ഓക്കെ! ഞാനും കുടിക്കട്ടെ ഈ ബീയർ ഒരെണ്ണം. ഒത്തിരി കേട്ടിട്ടുണ്ട് പക്ഷേ എന്താണീ സാധനം എന്നറിയില്ല.”
അനവസരത്തിലെ തമാശയായിപ്പോയോന്നൊരു സംശയം. ആരും ചിരിച്ചില്ല.
അതു കഴിഞ്ഞ് സൈക്കിളും തള്ളി ഞങ്ങളിങ്ങനെ പാർക്കു ക്രോസ്സ് ചെയ്യുമ്പോ, ആരും തമ്മിൽ ഒന്നും സംസാരിച്ചില്ല. അബി ആകെ സെന്റിയാണ്. പെട്ടെന്നു കരച്ചിലൊക്കെ വരും. എഡ്ഢിയാനെങ്കിൽ മുഖം തരാതെ വേഗം നടക്കുകയാണ്. അല്ലെങ്കിലും, അവന്റെ ഒപ്പം നടന്നെത്താൻ എളുപ്പമല്ല.
അങ്ങനെ ഞങ്ങൾ മെയിൻ റോഡിലെത്തിയപ്പോ എഡ്ഢി പെട്ടെന്നു തിരിഞ്ഞു.
“ഗയ്സ് ! എനിക്ക് ആ സൺ ഓഫ് ബിച്ചിനെ സംശയമുണ്ട്. ആ കെവിനെ. ഇനി അവനായിരിക്കുമോ അവളെ ഉപദ്രവിച്ചത് ? വല്ല സാഡിസ്റ്റും ആയിരിക്കും അവൻ. നമ്മുടെ മുൻപിൽ കാണിച്ചതെല്ലാം വെറും അഭിനയമാണെങ്കിൽ ??”
“നോ വേ!!” അബി സമ്മതിച്ചില്ല. “ആ മനുഷ്യൻ ശരിക്കും കരയുന്നുണ്ടായിരുന്നു. റിയൽ ടിയേഴ്സ് ആൻഡ് എവെരിതിങ്ങ്. അവനവളെ ശരിക്കും ഇഷ്ടമാണ്. ”
“ ഐ ഡോണ്ട് നോ മാൻ... ” എഡ്ഢി താഴേക്കു നോക്കി ഗാഢമായ ആലോചനയിലാണ് “ എന്തായാലും, ഞാൻ ഇതോടെ ഈ വിഷയം വിട്ടു. ഇനി ഈ കേസിൽ എന്നെ സഹായത്തിന് വിളിക്കരുത്. റ്റൂ വിയേർഡ് ഫോർ മി.”
അതാ കാണുന്നു, ബീ ഏ ആർ - ബിയർ. അങ്ങോട്ടു നടക്കാം.
അങ്ങനെ ഞങ്ങൾ ലവനു ബിയറും വാങ്ങിക്കൊടുത്ത് ഒരു അരക്കിലോ കപ്പലണ്ടിയും പ്രെറ്റ്സെൽസും തിന്ന് വീട്ടിലേക്കു നടന്നു. കൊച്ചപ്പൻ നാട്ടിലോ മറ്റോ പോകുന്ന സമയത്തേ ഞങ്ങൾക്കു രണ്ടു ബിയർ അടിക്കാൻ പറ്റുകയുള്ളൂ. കള്ളും കുടിച്ച് വീട്ടിൽ കയറിയാൽ അതോടെ തീരും എല്ലാം.
പോരുന്ന വഴിക്ക് ഒരു സുന്ദരി പെങ്കൊച്ച് എന്റെ സൈക്കിളിൽ വന്ന് തട്ടി.
“ഡൂ യൂ വാണ ബൈ മി എ ഡ്രിങ്ക് ?? ” (എനിക്കൊരു ഡ്രിങ്ക് വാങ്ങിത്തരാമോ ?) നല്ല ലക്ഷണമൊത്തൊരു പ്രോസ്റ്റിറ്റ്യൂട്ടു കുട്ടി.
ഒരു നിമിഷം ഞാനവളെ നിർന്നിമേഷനായി നോക്കി നിന്നു. (ഈ പ്രഷർ കുക്കർ ഒക്കെ അടുപ്പത്തിരിക്കുന്നതു കണ്ടിട്ടില്ലേ . അതു പോലെ.) അടുത്ത നിമിഷം...
“യൂ ബ്ലഡി അമേരിക്കൻ പന്ന.................... മോളേ! ചവിട്ടി നിന്റെ എല്ലു ഞാൻ വെള്ളമാക്കും. ഒരെണ്ണത്തിനെ ഒരു തരത്തിൽ ഒഴിവാക്കിയിട്ടു വരുന്നേയുള്ളൂ... അപ്പളാണ് അടുത്ത വല. വേറെ ആളെ നോക്കടീ ............”
തുടങ്ങിയത് ഇംഗ്ലീഷിലായിരുന്നെങ്കിലും ഇടക്കെപ്പൊഴോ ഞാൻ പോലുമറിയാതെ നല്ല ‘മാതൃഭാഷ’ കടന്നു വന്നിരുന്നെന്നു പിന്നീടാണെനിക്ക് മനസ്സിലായത്. (വിട്ടു പോയ ഭാഗങ്ങൾ പൂരിപ്പിച്ചു വായിക്കാൻ നിക്കണ്ട. അപ്പോഴത്തെ അവസ്ഥയിൽ പറഞ്ഞു പോയതാ.)
“ജീസസ്!! വാട്ട് ഹാപ്പെൻഡ് റ്റു യൂ മാൻ ?? നിനക്കു ‘ഫൺ’ ഇഷ്ടമല്ലെങ്കി വേണ്ടാ നീ പോ. ഇങ്ങനെ വയലന്റാകുന്നതെന്തിന് ?”
അവൾ ചൂണ്ട വലിച്ചെടുത്ത് തിരിഞ്ഞു നടന്നു. “ബ്ലഡി ഇൻഡ്യൻ .......” പിന്നെന്തോ ഒരു വാക്കു പറഞ്ഞു.
അങ്ങനെ മുറ്റത്തെത്തിയപ്പോൾ അതാ ഫോണടിക്കുന്നു.
നാട്ടിൽ നിന്നായിരിക്കുമെന്നു കരുതി ഫോണെടുത്ത് നോക്കിയ ഞാൻ ഞെട്ടി.
കാട്രിയോന!!
(ഹല്ലേലുയ്യാ ! സ്തോത്രം! )
പെട്ടെന്നു ഞാൻ ഓർത്തു. വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയപ്പോ പഞ്ച് ചെയ്യാൻ മറന്നു! പണ്ടാരം. അതിനായിരിക്കും പിശാച് വിളിക്കുന്നത്.
“ഹലോ മാഡം!...” ഞാൻ വളരെ സ്വീറ്റ് ആയി ഫോണെടുത്തു. “ സോറി കേട്ടോ, പഞ്ച് ചെയ്യാൻ വിട്ടു പോയി. ഒരബദ്ധം പറ്റിയതാ. ഞാൻ വൈകിട്ട് താഴെയായിരുന്നു. മറന്നു പോയി.”
“ഏയ്! നോ പ്രോബ്ലം അലെക്സ്! ഞാൻ അതിനൊന്നുമല്ല വിളിച്ചത്. വെറുതേ സുഖാന്വേഷണം. അത്രേയുള്ളൂ...”
“ഓ...അത്രേയുള്ളോ...(സുഖമാണു മാഡം. പരമ സുഖമാണ്. ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്രേം സുഖം അനുഭവിച്ചിട്ടില്ല.)
“ഓക്കേ.. അപ്പോ ഞാൻ കാര്യത്തിലേക്കു വരാം. മറ്റന്നാൾ സണ്ടേ, അലക്സിനെ ഞങ്ങളുടെ ചർച്ചിലേക്കു ക്ഷണിക്കാനാണു വിളിച്ചത്. ഞാൻ ഇപ്പൊ പാസ്റ്ററെ വിളിച്ചു വെച്ചതേയുള്ളൂ... ഞാൻ അലെക്സിനെപ്പറ്റി എല്ലാം പറഞ്ഞു. അങ്ങേർക്ക് എന്തായാലും അലെക്സിനെ ഒന്നു കാണണമെന്നു പറഞ്ഞു.”
(എന്തിന് ? അയാൾടെ മോളെ കെട്ടിച്ചു തരാനോ ? ഓരോരോ പുതിയ വലകളു വന്നു കേറുന്ന നോക്ക്!)
“അപ്പൊ, രാവിലെ ഒരു 8 മണിയാകുമ്പൊ, റെഡിയായിരുന്നോ. അലെക്സ് ഇപ്പോളും 163ർഡിൽ തന്നെയല്ലേ താമസം ?”
(അല്ല... ഞാൻ ഇന്നു രാവിലെ നരകത്തിലോട്ട് താമസം മാറ്റി. ശവം!
! പുര കത്തിനിക്കുമ്പോഴാണു അവൾ...)
“സോറി മാഡം, സണ്ടേ എനിക്കു വേറൊരു എൻഗേജ്മെന്റുണ്ട്...റീയലി സോറി ” ഞാൻ പറഞ്ഞൊപ്പിച്ചു.
“ഓ... ദാറ്റ്സ് സോ ബാഡ്...എന്താ എവിടെയെങ്കിലും യാത്ര പോകുന്നോ ?”
ഈ പ്രശ്നം എന്നെനേക്കുമായി അവസാനിപ്പിക്കണമെന്നെനിക്കു മനസ്സിലായി. അല്ലെങ്കിൽ ഇവരു എല്ലാ ഞായറാഴ്ച്ചയും ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കും.
ഈ സമയത്താണ് അനി മോൾ (അബിയുടെ അനിയത്തിയാണ്) അവിടെ വന്നിറങ്ങിയത്. അവളെ കണ്ടതും എന്റെ ഉള്ളിൽ ലഡ്ഡു പൊട്ടി. ഉഗ്രൻ ഐഡിയ!!
“മാഡം, ഞാൻ എല്ലാ വീക്കെൻഡിലും, ‘ബ്ലിമ്പിയിൽ’ പാർട്ട് ടൈമായി വർക്കു ചെയ്യുന്നുണ്ട്. ഒരു ചെറിയ എക്സ്ട്രാ വരുമാനം...”
( ‘ബ്ലിമ്പി’ ഒരു ഫാസ്റ്റ് ഫുഡ് ചെയിനാണ്. ഒരു അമേരിക്കൻ സാൻഡ്വിച്ച് കട. എനിക്കതോർമ്മ വരാൻ കാരണം, നമ്മുടെ അനി മോൾ അവിടെ പാർട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ട്. അവിടത്തെ സൂപ്പർവൈസർ ആയെന്നൊക്കെ പറയുന്നതു കേട്ടിരുന്നു. എന്തായാലും, എനിക്ക് പിടിച്ചു നില്ക്കാൻ ഒരു കച്ചിത്തുരുമ്പു കിട്ടി)
“ഓ... ദാറ്റ്സ് ഗ്രെയ്റ്റ് അലെക്സ്! ഏതു ബ്ലിമ്പിയിലാ ? (ബ്ലിമ്പിക്ക് കുറേ റെസ്റ്റോറന്റുകളുണ്ട്) .
എനിക്കൊട്ടും ആലോചിക്കാനില്ലായിരുന്നു.
”ഇവിടെ അടുത്ത്, ആർഗന്റ് റോഡിൽ...മാഡം ചിലപ്പൊ അറിയില്ലായിരിക്കും. കുറച്ച് ഉള്ളിലേക്കു കേറിയിട്ടാ ...“
”വണ്ടർഫുൾ!! ഫന്റാസ്റ്റിക്ക്!! ഇത് തീർച്ചയായിട്ടും ഒരല്ഭുതം തന്നെ! അലെക്സിനറിയാമോ ? നമ്മുടെ ചർച്ചും ആർഗന്റ് റോഡിൽ തന്നെയാണ്. ബ്ലിമ്പിയുടെ രണ്ട് ബ്ലോക്ക് ഇപ്പുറം. “
“ഈശോയേ!!” ഞാൻ ആ ഫോൺ കൊണ്ട് എന്റെ തലക്കിട്ടു തന്നെ കൊടുത്തു ഒരെണ്ണം.
”ഒരു കാര്യം ചെയ്യാം അലെക്സ്. സണ്ടേ, സർവ്വീസ് കഴിഞ്ഞ് ഞങ്ങളെല്ലാരും കൂടി അങ്ങോട്ടു വരാം. ഞങ്ങടെ ലഞ്ച് അന്ന് അവിടെയായിക്കോട്ടെ.ബ്ലിമ്പിക്ക് നല്ലൊരു ബിസിനസും കിട്ടും. ഞങ്ങൾ പത്തറുപത് പേരുണ്ട്. എന്താ അലെക്സിന്റെ അഭിപ്രായം ? അലെക്സിനു ഞങ്ങൾ ഹോൾ ഗ്യാങ്ങിനെ മീറ്റ് ചെയ്യുകയുമാവാം ! “
തള്ളക്കു സന്തോഷം സഹിക്കുന്നില്ല. ”ഇതെല്ലാം, ദൈവത്തിന്റെ പദ്ധതിയാണു മോനേ! ...“
”തീർച്ചയായിട്ടും മാഡം! സീ യൂ ദെയർ!“ ഞാൻ ഫോൺ കട്ട് ചെയ്തു.
“ചേട്ടായീ ... ! ” പുറകിൽ നിന്ന് നിഷ്കളങ്കമായൊരു വിളി. “ചേട്ടായി എന്നു മുതലാ ബ്ലിമ്പിയിൽ വർക്കു ചെയ്തു തുടങ്ങിയെ ? ”
ഞാൻ അനിമോളെ നോക്കി വെളുക്കെയൊരു ചിരി ചിരിച്ചു.
“അനിക്കുട്ടി ഇങ്ങു വന്നേ, ചേട്ടായി ഒരു കാര്യം പറയട്ടെ...”
(തുടരും)
Alex

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot