നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യഥാർത്ഥ കാരണം

ഈ പെണ്ണിനിത്‌ എന്ത്‌ പറ്റി എന്നുള്ള ഉമ്മിയുടെ ചോദ്യത്തിനു "അത്‌ മനസിലായില്ലെ ഉമ്മ?? ഇന്നലെ ഓളെ കാണാൻ വന്ന ചെക്കൻ മനസ്സിൽ കയറിയതാണെന്ന് മറുപടി നൽകിയത്‌ ഞാനായിരുന്നു.
അതുവരെ ഒന്നും മിണ്ടാതെയിരുന്ന ഓളുടെ മുഖത്തെ കടുപ്പിച്ചുള്ള നോട്ടത്തിന്റെ ഉദ്ദേശം മനസ്സിലായത്‌ കൊണ്ട്‌ തന്നെ ഞാൻ ഉമ്മിയുടെ അടുത്തെക്ക്‌ ചേർന്ന് നിന്നു.. "ഉമ്മി എനിക്ക്‌ ഇപ്പോൾ കല്ല്യണം വേണ്ട ..." എന്ന അവളുടെ വാക്ക്‌ കേട്ടില്ല എന്ന ഭാവത്തിൽ ഉമ്മി ഞങ്ങളുടെ മുന്നിലുടെ അടുക്കളയിലെക്ക്‌ പോയി..
"ടി .. ഒന്നുമില്ലെങ്കിലും നമ്മൾ ഇരട്ടകളല്ലെ, നിന്നെ വിട്ടിട്ട്‌ പോകുന്നത്‌ പിന്നെയും സഹിക്കാം, ഉമ്മിയെയും ഉപ്പയെയും വിട്ടിട്ട്‌ പോകുന്നത്‌ എനിക്ക്‌ സഹിക്കാൻ കഴിയുന്നില്ലെന്നുള്ള അവളുടെ സെന്റിമെന്റൽ ഡയലോഗ്‌ ഒരു പുച്ഛത്തോടെ ഞാൻ തള്ളി കളഞ്ഞു..
ജനിച്ചത്‌ മിനിറ്റുകളുടെ വ്യത്യസമെ ഉള്ളുവെങ്കിലും ആദ്യം വന്നത്‌ അവളായത്‌ കൊണ്ട്‌ കൂട്ടത്തിൽ മൂത്തത്‌ അവളായത്‌, കുഞ്ഞു നാളിലെ ഫോട്ടോസിൽ ഒരെ നിറത്തിലുള്ള ഫ്രോക്കിൽ, ഒരു പൊലെ മുടി കെട്ടി, നിൽക്കുന്നത്‌ കണ്ടാൽ ഉമ്മിക്ക്‌ അല്ലാതെ മറ്റാർക്കും ഞങ്ങളെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല, ഒരിക്കൽ പേരു മാറി വിളിച്ചതിനു ഉപ്പയോട്‌ വഴക്കിട്ടത്‌ കൊണ്ടാണോന്നറിയില്ല പിന്നിടിത്‌ വേരെ ഉപ്പ ഞങ്ങളെ വിളിച്ചിരുന്നത്‌ മുത്തുമണികളെന്നായിരുന്നു..

വീട്ടിൽ മുഖത്തോട്‌ മുഖം കണ്ടാൽ കീരിയും പാമ്പുമാണെങ്കിലും , സ്കൂളിൽ അടുത്തടുത്ത സീറ്റുകൾ ഞങ്ങൾക്ക്‌ നിർബന്ധമായിരുന്നു. നിസ്‌ക്കരിച്ചിട്ട് ഇരിക്കുന്ന ഉമ്മിയുടെ മടി പകുത്ത്‌ എടുത്ത്‌ ഉറങ്ങാനും, ഉപ്പയുടെ ബുള്ളറ്റിൽ പുറകിൽ കൈകൾ വിടർത്തിയിരിക്കാനും എനിക്കെന്നും അവൾ കൂട്ടായിരുന്നു... കുഞ്ഞു നാൾ മുതലുള്ള അസുഖങ്ങളിലും തുല്ല്യരായത്‌ കൊണ്ട്‌ കഷ്ടപ്പാട്‌ മൊത്തം ഉമ്മിക്കായിരുന്നുവെന്ന് പറഞ്ഞ്‌ കേൾക്കുമ്പോഴും, ഗർഭസമയത്ത്‌ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഴിയാത്തതും, ജനിച്ചിട്ട്‌ ഒരുമിച്ചുള്ള കരച്ചിലിന്റെ കഥയും മറ്റും ഉമ്മ പറയുമ്പോൾ അറിയാതെ എന്റെ കണ്ണു നിറയും....
"ടീ... പട്ടി നീ ഇത്‌ മുടക്കി താ... " എന്നുള്ള അവളുടെ ആവശ്യം അംഗികരിക്കാൻ ഞാൻ തയ്യാറയത്‌ പോലും അവളെ പിരിഞ്ഞിരിക്കാൻ എനിക്ക്‌ കഴിയാത്തത്‌ കൊണ്ടായിരുന്നു, പെണ്ണു കാണാൻ വന്ന ദിവസം തിരികെ ഇറങ്ങും മുമ്പ്‌ ചെക്കൻ നൽകിയ നമ്പരിൽ വിളിച്ച്‌ ഞങ്ങൾക്ക്‌ പിരിയാൻ കഴിയില്ലെന്നും, അത്‌ കൊണ്ട്‌ ഇരട്ടകളെ മാത്രമെ ഞങ്ങൾ കല്ല്യാണം കഴിക്കുകയുള്ളുവെന്നും ഒറ്റ ശ്വസത്തിൽ പറഞ്ഞിട്ട്‌ ഞാൻ ഫോൺ കട്ട്‌ ചെയ്ത്പ്പോഴെക്കും കെട്ടിപ്പിടിച്ചോരു ഉമ്മ തന്നിരുന്നു അവൾ എനിക്ക്‌....
ഒട്ടും പ്രതീക്ഷിക്കാതെ പിറ്റേന്ന് ബ്രോക്കറിനോപ്പം ആ ചെക്കൻ വീട്ടിലേക്കു കയറി വരുന്നത്‌ കണ്ടപ്പോൾ എന്റെ ഹൃദയം കിടന്ന് ഇടിക്കാൻ തുടങ്ങി, വീട്ടിൽ അറിഞ്ഞാലുള്ള പുകിൽ ഓർത്തപ്പോഴെ തല കറങ്ങുന്നത്‌ പോലെ....
അവർ വീട്ടിൽ വന്നിരുന്നിട്ട്‌ ഉപ്പയോട്‌ എന്തോ സംസാരിക്കുന്നതും, ഉപ്പ ഇടക്കിടക്ക്‌ മുകളിലെ ഞങ്ങളുടെ റൂമിലെക്ക്‌ നോക്കുന്നതും കണ്ടപ്പോഴെ സംഗതി കൈ വിട്ടു എന്നെനിക്ക്‌ മനസ്സിലായി.. ഷഹന എന്നുള്ള ഉപ്പയുടെ ഒറ്റ വിളിക്ക്‌ ഓടി ഞാൻ താഴെയെത്തി..
" എന്താ നിനക്കിഷ്ടമായോ ചെറുക്കനെ??" എന്നുള്ള ഉപ്പയുടെ ചോദ്യം കേട്ട്‌ ദേഷ്യം വന്നെങ്കിലും പുറത്ത്‌ കാണിക്കാതെ ഉപ്പയോട്‌ ഞാൻ പറഞ്ഞു
" ഉപ്പ ഞാൻ ഷഹനയ.. ഇക്ക കണ്ടത്‌ ഷംസിയെയാണ്" മറുപടി അവിടെ നിന്ന എല്ലാവരെയും ചിരിപ്പിച്ചു.. "ടി... പൊട്ടി പെണ്ണെ നീയല്ലെ ഇന്നലെ അവിടെ വിളിച്ച്‌ നിങ്ങൾക്ക്‌ പിരിയാൻ കഴിയില്ലെന്നും, ഇരട്ടകളെ മാത്രം വിവാഹം കഴിക്കു.." എന്നൊക്കെ പറഞ്ഞത്‌.. ഇവരും ഇരട്ടകളാ.. വിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ഷംസിയെ ഒന്ന് അമ്പരപ്പിക്കാൻ വേണ്ടി മാറ്റി നിർത്തിയതായിരുന്നു ഇയാളെ..." പിന്നെ ഈ കാരണം കൊണ്ട്‌ ഇത്‌ മുടങ്ങാതിരിക്കാൻ നിന്നെ പെണ്ണു കാണാൻ വന്നതാ ഇവരെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല...
വണ്ടിയിൽ നിന്നും കള്ളച്ചിരിയോടെ ഷംസിയുടെ ചെക്കനും ഇറങ്ങി വന്നപ്പോഴാണ് സത്യത്തിൽ എനിക്ക്‌ വിശ്വസം വന്നത്‌..
ഒറ്റക്കുള്ള സംസാരത്തിനോടുവിൽ "കല്ല്യാണം കഴിഞ്ഞും ഞങ്ങൾ ഇരട്ടകളാണ്... പിരിയാൻ കഴിയില്ല... അത്‌ കൊണ്ട്‌ ഞങ്ങൾ ഒരുമിച്ചെ കിടക്കു... എന്ന് മാത്രം പറഞ്ഞെക്കല്ലെ മോളെ" എന്ന ആ ചെക്കന്റെ വാക്ക്‌ കേട്ട്‌ നാണത്തിൽ എന്റെ മുഖം ചുമന്ന് തുടുത്തിരുന്നു..
അകത്തിരുന്ന് എല്ലാം കേട്ടവൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞ ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു അവൾ ആദ്യം ഈ വിവാഹം വേണ്ടാന്ന് പറഞ്ഞതിന്റെ യഥാർത്ഥ കാരണം ...

Shanavas

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot