നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

37 പാരലൽ നോർത്ത് - നോവൽ - പാർട്ട് 1


Prologue
2004 ഫെബ്രുവരി 12
ബളാർഡ് - യുട്ടാ - യുണൈറ്റഡ് സ്റ്റേറ്റ്സ്
രാത്രി 3 മണി.
ഫാർമേഴ്സ് യുണൈറ്റെഡിന്റെ ഗെയ്റ്റിനു സമീപം കാത്തിരിക്കുകയാണ് ഐറീൻ മെയ്സൽ എന്ന പതിനാലുകാരി.
അവളുടെ പപ്പ അലൻ മെയ്സൽ അകത്തേക്ക് പോയിട്ട് ഏതാണ്ട് അര മണിക്കൂറാകുന്നു.
നല്ല തണുത്ത കാറ്റുണ്ട്. ഐറീൻ ട്രക്കിനുള്ളിൽ നിന്ന് ഒരു ബ്ലാങ്കെറ്റു കൂടി വലിച്ചെടുത്ത് പുതച്ചു. അവൾക്കു ക്ഷമ കെട്ടു തുടങ്ങിയിരിക്കുന്നുവെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തം.
പെട്ടെന്ന് അവളുടെ കാൽ ചുവട്ടിൽ ഒരു പ്രകാശ വലയം പ്രത്യക്ഷപ്പെട്ടു. ആരോ മുകളിൽ നിന്ന് ടോർച്ചടിച്ച പോലെ.
അവൾ മുകളിലേക്കു നോക്കി. അവിടെങ്ങും ഒന്നും കാണാനില്ല.
ഇതെവിടെനിന്നു വരുന്നു ഈ വെളിച്ചം ?
അവൾക്കു കൗതുകമായി.
അപ്പോൾ, പതിയെ ആ വലയം മുൻപോട്ട് നീങ്ങിത്തുടങ്ങി. ഒപ്പം അതിന്റെ വലുപ്പം ചെറുതായി കൂടി വരുന്നുണ്ട്.
സ്വയമറിയാതെയെന്നവണ്ണം ഐറീൻ അതിന്റെ പിന്തുടർന്നു തുടങ്ങി.
പല പ്രാവശ്യം മുകളിലേക്കു നോക്കിയിട്ടും ആ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. വളരെ വിചിത്രമായി തോന്നി അവൾക്ക്.
കുറച്ചു കഴിഞ്ഞപ്പോൾ അവൾ തിരിച്ചറിഞ്ഞു . താൻ വളരെ ദൂരത്തെത്തിയിരിക്കുന്നു.
പെട്ടെന്നാണ് ആ പ്രകാശം അവൾക്കു നേരേ മുകളിലെത്തിയത്. ഒപ്പം അതിന്റെ തീവ്രതയും ഇരട്ടിച്ചു.
അതോടെ അവൾക്ക് പേടിയായി. എന്തോ ഒരപകടം തലക്കു മുകളിൽ പതിയിരിക്കുന്ന പോലെ ഒരു തോന്നൽ. അപ്പോൾ.
“ഐറീൻ...!!” ഒരു വിളി ശബ്ദം കേട്ടു.
പപ്പയുടെ ശബ്ദം തിരിച്ചറിഞ്ഞ അവൾ ഞെട്ടി തിരിഞ്ഞു നിന്നു.
പപ്പ ഓടി വരികയാണ്...
“വേണ്ട പപ്പാ, ഞാനങ്ങോട്ട് വരാം. ” ഐറീൻ കയ്യുയർത്തി വിളിച്ചു പറഞ്ഞു.
ആ നിമിഷം.
അവളുടെ തലക്കു മുകളിൽ ഭീമാകാരമായ ഒരു കറുത്ത തളിക പ്രത്യക്ഷപ്പെട്ടു.
ഐറീൻ അലറിക്കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം വെളിയിൽ വന്നില്ല . ശരീരം പതിയെ തളർന്നു തുടങ്ങുന്നതായി അവൾക്കനുഭവപ്പെട്ടു.
അപ്പോൾ തളികയിലെ ആ വെളിച്ചം ഒരു പോർട്ടലായി രൂപപ്പെട്ടു.
നിമിഷങ്ങൾക്കുള്ളിൽ ഐറീൻ മെയ്സൽ ആ തളികക്കുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു.
“ശ്വാസം നിലക്കുന്ന ആ കാഴ്ച്ച കണ്ട് അലൻ സ്തംഭിച്ചു നിന്നു. അടുത്ത നിമിഷം ഒരു മിന്നലോടെ ആ തളിക അപ്രത്യക്ഷമായി.
*************** **************** ****************
നോവൽ തുടങ്ങുന്നു. - പാർട്ട് 1
2014 ഏപ്രിൽ 18
ഡെന്വർ - കൊളറാഡൊ - യുണൈറ്റഡ് സ്റ്റേറ്റ്സ്
രാവിലെ 8 മണി.
അലാറം ബഹളം വെക്കുന്നതിനും വളരെ മുൻപേ ഞാൻ എഴുന്നേറ്റിരുന്നു. തലേന്നത്തെ ഉറക്കം ശരിയായില്ല. എന്തൊക്കെയോ വല്ലാത്ത സ്വപ്നങ്ങൾ.
ഡെൻവറിൽ ഒരു ബിസിനസ് ആവശ്യത്തിനെത്തിയതാണ് ഞാൻ. ഒരു കൊച്ചു റെസ്റ്റോറന്റ് ബ്രാഞ്ച് തുറക്കണമെന്നുണ്ട് . എന്നാൽ, സിറ്റി നിയമങ്ങൾ കുറച്ച് കഷ്ടമാണ് . ഞാൻ പതിയെ അതിന്റെ ഒരു രീതിയിലേക്ക് വരുന്നതേയുള്ളൂ. ചുവപ്പു നാടകൾ ഓരോന്നായി അഴിച്ചെടുക്കണം. എനിക്കു ശീലമാണിതൊക്കെ. എന്നാലും, രാവിലെ എഴുന്നേറ്റ് സിറ്റി ഹാളിലേക്കുള്ള യാത്ര മടുത്തു തുടങ്ങിയിരിക്കുന്നു. നല്ലൊരു സുഹൃത്തായിട്ട് ആരുമില്ലിവിടെ. അതിന്റെയൊക്കെയാകണം, എനിക്കു വല്ലാത്തൊരു ശൂന്യത തോന്നി മനസ്സിൽ.
ബെഡിൽ നിന്ന് എഴുന്നേല്ക്കാൻ തോന്നിയില്ല. ഇന്നൊരു അവധിയെടുത്താലോ എന്നാണു ചിന്ത. ചുമ്മാ ഈ സിറ്റി മുഴുവൻ ഒന്നു കറങ്ങാം. അതല്ലെങ്കിൽ എന്തെങ്കിലും അഡ്വെഞ്ചർ ട്രിപ്പ് ? പക്ഷേ ഒറ്റക്ക് ശരിയാവില്ല. ഒരാഴ്ച്ചയോളം ഇവിടെയുണ്ട്. ഭാവിയിൽ ഓർത്തിരിക്കത്തക്കവണ്ണം എന്തെങ്കിലും ചെയ്യണം.ഞാൻ എഴുന്നേറ്റു . ഷെറിന്റെ നമ്പർ ഡയൽ ചെയ്തു.
ഷെറിനെപ്പറ്റി –
എനിക്കാകെ വിരലിലെണ്ണാവുന്നത്രയേ ഉള്ളൂ സുഹൃത്തുക്കൾ. പക്ഷേ ഉള്ളവന്മാരൊക്കെ വളരെ ക്ലോസ് ഫ്രെണ്ട്സ് ആണ്. അതിൽ തന്നെ ഏറ്റവും ക്ലോസായിട്ടുള്ള ഒരുത്തനാണ് ഷെറിൻ. 12 വർഷത്തെ പരിചയമുണ്ട്. ഏതു നരകത്തിലേക്കു വിളിച്ചാലും ഓടി വരും. പക്ഷേ, കുടുംബവും പ്രാരാബ്ധവുമൊക്കെ ആയതിനു ശേഷം ഞാൻ ഒന്നൊതുങ്ങി എന്നു മാത്രം. ഇപ്പൊ പഴയ പോലെ വിളിയും സംസാരവുമൊന്നുമില്ല.
അവനാണെങ്കിൽ അപ്പൻ- റോബർട്ട് ഫെർണാണ്ടസിന്റെ കാശ് മുടിപ്പിക്കാനായി മാത്രം ജനിച്ച ഒരു സാക്ഷാൽ ധൂർത്ത് പുത്രൻ . പൈലറ്റ് ആയിരുന്നു ഒരിക്കൽ. ഇപ്പൊ ചുമ്മാ കറങ്ങി നടക്കുന്നു. ഓരോ ആഴ്ചയിലും ഓരോ സ്പോർട്സ് കാറുമായാണ് കറക്കം. ഞാൻ അവസാനം കാണുമ്പോ ഒരു മസരാട്ടി കാറിലാണ് എന്നെ എയർപോർട്ടിൽ കൊണ്ടാക്കിയത് . എനിക്കെന്നും അത്ഭുതമാണവൻ . അവനെന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ - പിന്നത്തെ ആഴ്ച്ച അതുമായി അവൻ നടക്കുന്നതു കാണാം. എവിടുന്നാണാവോ . അപ്പന്റെ കാശ് തന്നെയായിരിക്കണം.
ഇവർ നാട്ടിൽ തിരുവനന്തപുരം നിവാസികളാണ് . റോബർട്ട് ഫെർണാണ്ടസ് വളരെ പ്രസിദ്ധനായ ഒരു ആർക്കിടെക്ട് ആയിരുന്നു. ഇപ്പൊ ദുബായിൽ ജീവിച്ചിരിക്കുന്നുണ്ടെന്നു കരുതുന്നു .
ഞാൻ അവനെ വിളിച്ചു വിവരം പറഞ്ഞു .
അവന്റെ മറുപടി ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ .
" അടിപൊളി! ഞാനും നീയും ഒറ്റക്ക്! ഡെന്‌വറിൽ... അതിമനോഹരം! നീ അവിടെ നിൽ. ഞാനിതാ പുറപ്പെടുന്നു. ഡെൻവറിൽ എവിടെയാ നീ ? "
ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ പേര് പറഞ്ഞു
"അതൊന്നും പറ്റില്ല . റിനൈസൻസിലോട്ടു വാ . ഞാൻ ഒരു 4 മണിക്കൂറിനുള്ളിൽ അവിടുണ്ട്."
ദരിദ്രവാസി എന്നെ മുടിപ്പിക്കാനുള്ള പരിപാടിയാണ് .
ഇനി സമയം കളയുന്നില്ല, ബാക്കി അവനിവിടെ എത്തിയിട്ട് . ബ്രെയ്ക്ക് .
*************** **************** ****************
അങ്ങനെ ഞാനും അവനും കണ്ടുമുട്ടുന്നു . ലവനാണെങ്കിൽ, ഒറ്റക്ക് നടക്കുന്ന സ്വഭാവക്കാരനല്ല .ഒരു പട തന്നെയുണ്ട് കൂടെ. എന്റെ പോക്കറ്റ് ഇന്ന് കീറും .
അവനെ കണ്ടതും ഞാൻ വല്ലാതെ ഇമോഷണലായിപ്പോയി . ജീവിതം വെയ്സ്റ് ആയിപ്പോകുന്നതിലെ എന്റെ സങ്കടം ഞാൻ പങ്കുവെച്ചു.... (അതിന്റെ ഇടയ്ക്കു അവന്മാർ എന്തോക്കെയോ കുടിക്കാൻ തന്നിരുന്നു കേട്ടോ . ഇനി അതിന്റെയാണോന്നറിയില്ല .)
എന്താ സംഭവിച്ചതെന്നറിയില്ല, പിന്നെ എനിക്ക് ബോധം വരുമ്പോൾ, ഞാൻ കൊളറാഡോ സ്പ്രിങ്ങിൽ സ്കൈ ഡൈവിങ്ങ് നടത്താനുള്ള ക്യൂവിലാണ് .
ഇതൊക്കെ എപ്പൊ സംഭവിച്ചു ??
സ്കൈ ഡൈവിങ്ങ് എന്താണെന്നറിയാമല്ലോ, പ്ലെയിനിൽ കയറി താഴോട്ടു ചാടുന്ന പരിപാടിയാണ് . സിനിമയിലും ടീവിയിലും മാത്രം കണ്ടിട്ടുള്ള കാഴ്ച്ച .
ക്യൂവിങ്ങനെ മുൻപോട്ടു നീങ്ങുമ്പോൾ എന്താണെന്നറിയില്ല, ഒരു പഴയ ക്രിസ്തീയ ഭക്തിഗാനത്തിന്റെ ഈരടികൾ മനസ്സിലേക്ക് കടന്നു വന്നു .
"സമയമാം രഥത്തിൽ ഞാൻ ..."
ഒടുവിൽ അവരുടെ കൗണ്ടറിലെത്തിയപ്പോൾ, കാര്യങ്ങൾ ഏതാണ്ട് തീരുമാനമായി. ഇന്നു ഞാൻ ചാവും.
കൗണ്ടറിലെ സുന്ദരി ഒരു ഫോം എന്റെ നേരെ നീട്ടി.
"നന്നായി വായിച്ചു മനസ്സിലാക്കിയിട്ട് ഒപ്പിട്ടു തരൂ."
ഞാൻ ആ ഫോം ഒന്ന് ഓടിച്ച് വായിച്ച് നോക്കി . തലക്കകത്ത് എന്തൊക്കെയോ തട്ടി മറിഞ്ഞു വീണ പോലെ ...
എനിക്ക് മതിയായി.
"മക്കളെ, നിങ്ങള് പോയി ചാടിയേച്ചും വാ . ഞാനില്ല . ഈ എഴുതി വെച്ചെക്കുന്ന കണ്ടോ ? "
"അതൊക്കെ അങ്ങനെ പലതും എഴുതും മനുഷ്യാ . നിങ്ങ വാ !"
ഷെറിൻ ആകെ ത്രില്ലിലാണ്. അവന്റെ കൂടെയുള്ള കുട്ടിപ്പിശാചുക്കൾ പതിയെ എന്റെ ചുറ്റും ഒരു വലയം തീർക്കുകയാണോ എന്നൊരു സംശയം ... ഒരു ബലപ്രയോഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പൊട്ടന്മാരാണ് ... എന്നെപ്പോലെ കുടുംബവും പരാധീനങ്ങളുമൊന്നും ഉള്ള ജാതിയല്ല .
പിന്നെ ഒട്ടും ആലോചിച്ചില്ല,
"എനിക്ക് ചാടണ്ടാ ...!!!" എന്നലറി വിളിച്ച് ഞാൻ ഒറ്റ ഓട്ടം വെച്ച് കൊടുത്തു.
പുറകിൽ അവന്മാർ ആർത്തു ചിരിക്കുന്നതെനിക്ക് കേൾക്കാമായിരുന്നു .
അവന്മാരും ഞാനും തമ്മിലുള്ള ഘടനാപരമായ അന്തരം എനിക്ക് മനസ്സിലായി . ഇതൊന്നും എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ല .
ഞാനവിടെ അടുത്ത് കണ്ട കോഫീ ഷോപ്പിൽ പോയി ഒരു ട്രിപ്പിൾ എസ്പ്രേസ്സോ ഓർഡർ ചെയ്തു . ആദ്യം കുടിച്ച സാധനത്തിന്റെ കെട്ടെറങ്ങാൻ നല്ലതാ .
ഞാനതിങ്ങനെ സിപ്പ് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ ലവന്മാർ പ്ലെയിനിൽ നിന്നും ചാടിത്തുടങ്ങിയിരുന്നു . അവിശ്വസനീയമായ ആ കാഴ്ച്ച ഞാൻ അന്തം വിട്ട് നോക്കി നിന്നു.
ആ കുട (പാരച്യൂട്ട്) എങ്ങാൻ ഉദ്ദേശിച്ച പോലെ വിടർന്നില്ലെങ്കിൽ ... അതല്ല, ഇനി കാറ്റ് പിടിച്ച് ഇവന്മാർ പറന്നു ചെന്ന് വല്ല മെക്സിക്കോയിലോ മറ്റോ ചെന്ന് വീണാൽ ??
ഒക്കെ, ആ സീനും കഴിഞ്ഞു . അടുത്ത സീൻ അന്ന് വൈകിട്ട് .
*************** **************** ****************
ഹോട്ടൽ റിനയസൻസിന്റെ ഭക്ഷണം ലവന് പിടിക്കില്ല . ഞങ്ങൾ ഒരു ലോക്കൽ ബാറിലേക്ക് നീങ്ങി . മദ്യപാനത്തിലും ഞാൻ വീക്കാണെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കണമല്ലോ .
ഹോട്ടലിന്റെ ഏതാണ്ട് ഒരു കിലോമീറ്റർ അടുത്ത് തന്നെയുള്ള ഒരു കൊച്ചു ബാർ . അതിനോട് ചേർന്ന് തന്നെ ഒരു റെസ്റ്റോറന്റുമുണ്ട് . ആകെ ഇരുണ്ട അന്തരീക്ഷം . ഓരോ ടേബിളിനു മുകളിലും ചെറിയൊരു ബൾബ് മാത്രം . ഞങ്ങൾ ബാർ കൌണ്ടർ ലാണ് ചെന്നിരുന്നത് . അവിടെ മാത്രം അൽപ്പം വെളിച്ചമുണ്ടായിരുന്നു .
"ഹാപ്പി അവർ " ആയിരുന്നു. ബിയറിനൊക്കെ പകുതി വില മാത്രം . ഷോട്ടുകൾ (ചെറിയ ഗ്ലാസിൽ വെള്ളം ചേർക്കാതെയുള്ള ) രണ്ടു ഡോളർ മാത്രം . കൂടാതെ ധാരാളം ചെറുകടികൾ തികച്ചും ഫ്രീ . എന്തൊക്കെയോ സാധനങ്ങൾ വറുത്തതും പൊരിച്ചതും ചുട്ടതും പുഴുങ്ങിയതും എല്ലാം ഒരൊറ്റ പ്ലെയിറ്റിൽ . ഞാൻ ആ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. അവന്മാർ ഒരു മിനിറ്റിൽ എത്ര ഷോട്ടുകൾ അകത്താക്കാം എന്നൊരു മത്സരം നടത്തുകയാണ് .
ഞാൻ മാറിയിരുന്നാലോചിച്ചു. എനിക്കെന്തിന്റെ കേടായിരുന്നു . അവനോന്റെ കാര്യമന്വേഷിച്ച് വന്ന പണി തീർത്ത് പോകാനുള്ളതിനു പകരം ചുമ്മാ വഴിയേ പോയ മാരണങ്ങളെയൊക്കെ വിളിച്ച്…
അപ്പോളാണ് ടീവിയിൽ ആ വാർത്ത വന്നത്. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ വാർത്ത!
കുപ്രസിദ്ധ കുറ്റവാളി കില്ലർ സർജൻ എന്നറിയപ്പെടുന്ന ഡോ. മൈക്ക് മെൽക്കിന്റെ വധ ശിക്ഷ നീണ്ടു പോകുന്നതിൽ ജനങ്ങളുടെ ആശങ്കയെക്കുറിച്ചാണ് വാർത്ത .
കൊളോറാഡോയുടെ തൊട്ടടുത്ത സ്റ്റേറ്റ് ആയ യൂട്ടാ യിലാണ് സംഭവം . കഴിഞ്ഞ 6 വർഷങ്ങളായി യൂട്ടയിലെ വിവിധ സിറ്റികളിലായി നടന്ന 35 ൽ അധികം കൊലപാതകങ്ങൾക്ക് ഉത്തരവാദി എന്ന് കണ്ടെത്തി കോടതി പരമാവധി ശിക്ഷ വിധിച്ച ഒരു സീരിയൽ കില്ലറാണ് ഡോ. മൈക്ക് മെൽക്കിൻ . വിധി വന്നിട്ട് ഒന്നര വര്ഷമായെങ്കിലും, ഇതുവരെയും ശിക്ഷ നടപ്പാക്കിയിട്ടില്ല . വ്യക്തമായ ഒരു കാരണമില്ലാതെ ശിക്ഷ നടപ്പാക്കുന്നതിങ്ങനെ നീണ്ടു പോകുകയാണ് . അതിനെക്കുറിച്ചുള്ള ഒരു ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടാണ് .
ആദ്യം എനിക്ക് വലിയ താൽപ്പര്യം തോന്നിയില്ലെങ്കിലും, റിപ്പോർട്ടർ കാര്യങ്ങൾ കുറച്ചു കൂടി വിശദമാക്കിയപ്പോൾ, ഞാൻ ടീവിയുടെ വോളിയം അൽപ്പം കൂട്ടാൻ ആവശ്യപ്പെട്ടു .
റിപ്പോർട്ടിലേക്ക്…
വളരെ വിചിത്രമായിരുന്നു ഈ കേസ്.
1960 കൾ മുതൽ യൂട്ടാ പോലുള്ള പടിഞ്ഞാറൻ അമേരിക്കൻ സ്റ്റേറ്റുകളിൽ കണ്ടു വന്നിരുന്ന ഒരു പ്രശ്നമായിരുന്നു 'കന്നുകാലികളിലെ മ്യൂട്ടിലേഷൻ ' . ആയിരക്കണക്കിന് കന്നുകാലികൾ കൊല്ലപ്പെട്ടതായി കണ്ടെത്തി . എല്ലാം ഒരേ രീതിയിൽ . ഒരു വശം ചെരിഞ്ഞായിരിക്കും അവയുടെ ജഡം കിടക്കുന്നത് .വയറിൽ വളരെ കൃത്യമായി ഏതാണ്ട് ഒരടി വ്യാസമുള്ള ഒരു ദ്വാരം ഉണ്ടായിരിക്കും. മിക്ക ആന്തരീകാവയവങ്ങളും അപ്രത്യക്ഷമായിട്ടുണ്ടാകും. ഒരു തുള്ളി രക്തം പോലുമില്ലാതെ ഊറ്റിയെടുത്തിട്ടുണ്ടാകും . വളരെ ദുരൂഹമായ പ്രതിഭാസം.
ഇതിങ്ങനെ വർഷങ്ങളോളം തുടർന്നപ്പോൾ മൂന്നു സ്റ്റേറ്റ് ഗവർണർമാർ ചേർന്ന് അറ്റോർണി ജനറലിന് ഒരു കത്തയക്കുകയും, അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസി ആയ എഫ് ബീ ഐ ഈ കേസന്വേഷിക്കുകയും ചെയ്തിരുന്നു . നൂറു പേരടങ്ങുന്ന എഫ് ബീ ഐ സംഘം ഏതാണ്ട് പത്തു വർഷത്തോളം ഈ കേസന്വേഷിച്ചു . ഒടുവിൽ എന്തോ കാരണത്താൽ അന്വേഷണം അവസാനിപ്പിച്ചു.
ഏതാണ്ട് 6 വർഷങ്ങൾക്കു മുൻപാണ് ഇതേ സിറ്റികളിൽ സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇപ്രാവശ്യം പക്ഷെ, കന്നുകാലികളല്ല, മനുഷ്യരായിരുന്നു മരിച്ചു കിടന്നതെന്നു മാത്രം . അതേ കഥ . ജഡങ്ങളുടെ ആന്തരീകാവയവങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു . വയറിന്റെ ഒരു ഭാഗത്ത് വളരെ സൂക്ഷ്മമായി മുറിച്ച് മാറ്റിയ പോലെ ഒരു ദ്വാരം .രക്തം മുഴുവൻ ഊറ്റിയെടുത്ത നിലയിലായിരുന്നു .
എഫ് ബീ ഐ തന്നെ ഈ കേസും ഏറ്റെടുത്തു. എന്നാൽ, വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലും അവർക്ക് യാതൊരു തെളിവും കണ്ടെത്താൻ സാധിച്ചില്ല. ആരെയും അറസ്റ് ചെയ്തില്ല . എന്നാൽ ഒപ്പം, ലോക്കൽ അതോറിറ്റിയും കേസ് അന്വേഷിക്കുന്നുണ്ടായിരുന്നു . അപ്രകാരം ഷെരിഫ്'സ് ഓഫീസിലെ (പോലീസ് പോലെ അമേരിക്കയിലെ മറ്റൊരു കുറ്റാന്വേഷണ വിഭാഗം. റൂറൽ ആയ പ്രദേശങ്ങളിൽ കൂടുതലും ഷെറിഫ്സ് ആണ് ഇൻ ചാർജ്. പോലീസിനുള്ള മിക്ക അധികാരങ്ങളും ഇവർക്കുമുണ്ട്.) ഒരു ഡെപ്യൂട്ടി ഷെരിഫ് മി. ചക്ക് സുക്കോവ്സ്കി യാണ് (യഥാർത്ഥ പേരാണ് . ഗൂഗിളിൽ സെർച്ച് ചെയ്താൽ ആളെ കിട്ടും. എന്ന് വെച്ച് കഥ കഥയായിത്തന്നെ കാണണമെന്നപേക്ഷിക്കുന്നു) ഒടുവിൽ കുറ്റവാളിയെ കണ്ടെത്തി അറസ്റ് ചെയ്തത് .
വിചിത്രമായ കാര്യം, ഈ ഓഫീസറും കൊലപാതകിയായ ഡോ. മൈക്ക് മെൽക്കിനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നുള്ളതാണ് .
മൊത്തം 35 കൊലപാതകങ്ങളാണ് നടന്നത് . എല്ലാത്തിന്റെയും പൊതുവായ സ്വഭാവം കണക്കിലെടുത്ത് കൊന്നത് ഡോക്ടർ തന്നെ എന്നുറപ്പിക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ . കാരണം, ആ അറസ്റ്റിനു ശേഷം ഡോക്ടർ ഒരക്ഷരം പോലും സംസാരിക്കാതെ തികച്ചും നിർവികാരനായി ഇരിക്കുകയാണുണ്ടായത്. ചീഫ് എഫ് ബീ ഐ ഏജന്റ്സ് മുതൽ പല രാജ്യങ്ങളിൽ നിന്നുള്ള സൈക്കോളജിസ്റ്റുകൾ വരെ ശ്രമിച്ചിട്ടും ഒരക്ഷരം പോലും ഡോക്ടർ മൈക്ക് ഉരിയാടിയില്ല . പക്ഷെ, തെളിവുകൾ എല്ലാം ഡോക്ടറിലേക്കു വിരൽ ചൂണ്ടി .
രണ്ടു ഡെഡ് ബോഡികൾ ഡോക്ടറുടെ ബെഡ് റൂമിൽ നിന്നാണ് കിട്ടിയത് . കൂടാതെ ഡോക്ടറെ അറസ്റ് ചെയ്ത് ഏതാണ്ട് ഒൻപതു മാസത്തോളം, സൈക്കോളജിക്കൽ അസ്സെസ്സ്മെന്റ് ചെയ്യാനായി പല സ്റ്റേറ്റുകളിലും കൊണ്ട് പോയിരുന്നു . ആ സമയത്തതൊന്നും ഒരു കൊലപാതകം പോലും നടക്കാതിരുന്നത് കൊലപാതകി ഇയാൾ തന്നെ എന്ന് തെളിയിക്കാൻ ധാരാളമായിരുന്നു .
അങ്ങനെ കോടതി അയാളെ വധശിക്ഷക്ക് വിധിച്ചു .
അതിനു ശേഷമാണ് നാടകീയമായ ചില സംഭവ വികാസങ്ങളുണ്ടായത് .
മൈക്കിനെ അറസ്റ് ചെയ്ത ഓഫീസർ ചക്ക്, വളരെ വിചിത്രമായ ചില വെളിപ്പെടുത്തലുകളുമായി മുൻപോട്ടു വന്നു .
തുടർന്ന് സ്ക്രീനിൽ ഓഫീസർ ചക്കിന്റെ മുഖം തെളിഞ്ഞു .
"ഈ കേസിലെ ഏറ്റവും നിർണ്ണായകമായ അന്വേഷണവും, അറസ്റ്റും എല്ലാം നടത്തിയത് ഞാനാണ് . പക്ഷെ, ഞാൻ പറയുന്നു, ഇതിനു പുറകിൽ നിഗൂഡമായ എന്തൊക്കെയോ നടന്നിട്ടുണ്ട് . ഡോ. മൈക്ക് എന്റെ അടുത്ത സുഹൃത്താണ് . എനിക്ക് വളരെ നാളുകളായി അറിയാവുന്ന ഒരാൾ . ഒരിക്കലും ഇത്തരമൊരു കൃത്യം ചെയ്യാൻ അയാൾക്ക് സാധിക്കില്ല എന്നെനിക്കുറപ്പാണ് . പക്ഷെ, അന്ന് അയാളുടെ ബെഡ് റൂമിൽ ആ ഡെഡ് ബോഡികൾ യാദൃശ്ചികമായി കണ്ടപ്പോൾ, ഉത്തരവാദിത്തബോധമുള്ള ഒരു ഓഫീസർ എന്ന നിലയിൽ ഞാൻ വേണ്ടപ്പെട്ടവരെ അറിയിച്ചു എന്നുള്ളത് സത്യമാണ് . എന്നാൽ ശരിക്കും നടന്നതെന്താണെന്ന് ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു . എനിക്ക് ഏകദേശം ഒരു ധാരണ ഉണ്ട് . പക്ഷെ, അത് വെളിപ്പെടുത്തുന്നതിൽ യാതൊരു അർത്ഥവുമില്ല . ഈ വാർത്ത കാണുന്നവരൊക്കെ ചിരിക്കും. അല്ലാതെ വേറൊരു പ്രയോജനവുമില്ല ."
"തീർച്ചയായിട്ടും ഏതഭിപ്രായവും ഞങ്ങൾ അതർഹിക്കുന്ന ഗൗരവത്തിൽ തന്നെയെടുക്കും. മി. മൈക്ക്. ദയവു ചെയ്തു പറയൂ " ചെറുപ്പക്കാരിയായ റിപ്പോർട്ടർ അയാളെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.
"നോക്കൂ, ഒരിക്കൽ ഞാൻ എന്റെ സീനിയേഴ്സിനോട് പറഞ്ഞതാണീ കാര്യം. അധികം വൈകാതെ എനിക്കെന്റെ ജോലി നഷ്ടപ്പെട്ടു. കാരണം അവരെല്ലാം കരുതി എനിക്ക് ഭ്രാന്താണെന്ന് . ഇപ്പൊ ഞാൻ എന്റെ വീടും സ്വത്തുമെല്ലാം, വിറ്റ് ഒരു ആർ വി (റിക്രിയേഷനൽ വെഹിക്കിൾ - നമ്മുടെ നാട്ടിൽ കാരവാന് പോലെ. ബെഡ് റൂം, കിച്ചൻ ഹാൾ ബാത്ത്റൂം തുടങ്ങി ഒരു വീട്ടിലുള്ള മിക്ക സൗകര്യങ്ങളുമുള്ള ഒരു വാഹനം.) വാങ്ങി അതിൽ പടിഞ്ഞാറൻ സ്റ്റേറ്റുകളിലൂടെ ഒരു പര്യവേഷണത്തിലാണ് . ഇതിന്റെയെല്ലാം പുറകിൽ ആരാണെന്നോ, എന്താണെന്നോ, ഒരിക്കൽ ഞാൻ കണ്ടെത്തും എന്ന പ്രതീക്ഷയോടെ."
"എന്തിനെയാണ് താങ്കൾ അന്വേഷിക്കുന്നത് ? ഡോ. മൈക്ക് അല്ലെങ്കിൽ പിന്നാരാണ് കൊലപാതകി ? താങ്കൾക്കറിയാമോ ?"
"ഞാൻ മൂന്നക്ഷരങ്ങൾ പറയാം. അതോടെ ഈ ഇന്റർവ്യൂ അവസാനിപ്പിക്കണം. പിന്നെ നിങ്ങൾക്ക് മാറി നിന്ന് ചിരിക്കാം . " ഓഫീസർ ചക്ക് ഒന്ന് നിർത്തി . എന്നിട്ട് മുഖമുയർത്തി ദൃഡമായ സ്വരത്തിൽ ഉരുവിട്ടു.
"യു എഫ് ഓ . അൺ ഐഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജെക്ട്സ് !! "
പിന്നെ അൽപ്പ സമയം നിശബ്ദത . ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത് അവിടെയിരുന്ന മിക്കവരും ഈ വാർത്ത ശ്രദ്ധിച്ച് കാണുന്നുണ്ട്.
"വേറൊരു യൂ എഫ് ഓ പ്രാന്തൻ!" ആരോ വിളിച്ച് പറഞ്ഞു. ബാറിൽ കൂട്ടച്ചിരി മുഴങ്ങി .
"യൂ സീ മി. ചക്ക് . തീർച്ചയായിട്ടും താങ്കളുടെ അന്വേഷണം വിജയിക്കട്ടെ എന്നാശംസിക്കുന്നു ..."(അത് പറഞ്ഞപ്പോൾ, റിപ്പോർട്ടറുടെ മുഖത്തും ഒരു ചെറിയ പരിഹാസച്ചിരി കണ്ടപോലെ തോന്നി.)
തുടർന്ന് കേസ് വാദിച്ച വക്കീലിന്റെ മുഖം സ്ക്രീനിൽ വന്നു.
അപ്പോൾ തന്നെ ബാർ അറ്റൻഡർ ചാനെൽ മാറ്റി .
അത്ഭുതം! നമ്മുടെ ഷാരൂഖിന്റെ ഛയ്യാ ഛയ്യാ ... അമേരിക്കൻ ടീവീയിൽ ! ഏ ആർ റഹമാനെ ഓർത്ത് അഭിമാനം തോന്നിയ നിമിഷം .
പക്ഷെ, ആ സന്തോഷം അധികസമയം നീണ്ടു നിന്നില്ല . പെട്ടെന്ന് തന്നെ എന്റെ മനസ്സിൽ ഓഫീസർ ചക്ക് ന്റെ മുഖം തെളിഞ്ഞു .എന്തോ അയാൾ പറഞ്ഞതെല്ലാം സത്യമാണെന്ന് തോന്നി എനിക്ക് . കള്ളം പറയുന്ന ഒരാളുടെ മുഖമല്ല അത് .
" ഷെറി... നീ അത് കണ്ടാരുന്നോ ? യൂട്ടായിലെ ആ ഓഫീസർ ... " ഞാൻ ഷെറിന്റെ അടുത്തേക്ക് മാറിയിരുന്നു .
"വട്ടൻ... ഈ ഇരുപത്തി നാലാം നൂറ്റാണ്ടിലും യൂ എഫ് ഓ ന്നു പറഞ്ഞു നടക്കണമെങ്കിൽ ... "
"ഇരുപത്തി ?? വേണ്ട, അത് പോട്ടെ… ഡാ, എനിക്കൊരാഗ്രഹം. എന്തായാലും, ഇറങ്ങി തിരിച്ചു . നമുക്ക് യൂട്ടാ വരെ ഒന്ന് പോയാലോ ? ഒരു അഡ്വെഞ്ചർ ട്രിപ്പ് ? ഞാനിതുവരെ ആ സ്റ്റേറ്റിൽ പോയിട്ടില്ല .പറ്റിയാൽ അയാളെ ഒന്ന് കാണുകയുമാകാം . ന്താ ?"
" യൂട്ടാ ...” ഷെറിൻ കുറെ നേരം നിർവികാരനായി എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു . “ശരി. പോയേക്കാം ... ഇപ്പ ഇറങ്ങിയാലോ ? രാത്രി മുഴുവൻ ഓടിച്ചാൽ, നാളെ അതിരാവിലെ സാൾട് ലെയ്ക് സിറ്റി എത്താം . പത്തെണ്ണൂറ് കിലോമീറ്ററുണ്ട് . "
"ഇപ്പളാ ?? " ഞാൻ ഞെട്ടി . ഈ പിശാചിനോട് ഒന്നും പറയാൻ നിവൃത്തിയില്ല . "നാളെ നേരം വെളുത്ത് നമുക്ക് ഫ്ളൈറ്റിന് പോകാം . ഇവിടുന്നു യൂട്ടാ വരെ കാറോടിക്കാൻ പ്രാന്തുണ്ടോ !"
"ഫ്ലൈറ്റ് എനിക്ക് താല്പര്യമില്ല ... നമുക്ക് ഡ്രൈവ് ചെയ്തു , ചോദിച്ചു ചോദിച്ചു പോകാം . അതാണതിന്റെയൊരു ... "
ഏതാണ്ട് ഇതേ സമയത്ത് ബാർ അറ്റൻഡർ ഞങ്ങളോട് ചോദിച്ചു.
"നിങ്ങൾ മൊത്തം അഞ്ചു പേരല്ലേ ? എല്ലാവരും മദ്യപിച്ചല്ലോ . സൊ, നിങ്ങളുടെ കാറിന്റെ താക്കോൽ ഇവിടെ ഏൽപ്പിക്കണം. രാവിലെ ദാ, തൊട്ടപ്പുറത്തെ ആ റെസ്റ്റോറന്റിൽ നിന്നും വാങ്ങാം ...വെറുതെ ഒരു മല്പിടുത്തതിന് നിൽക്കരുത് . ഞങ്ങൾ ഈയൊരു കാര്യത്തിൽ ഭയങ്കര സ്ട്രിക്ട് ആണ് . "
ഞാൻ ഷെറിനെ നോക്കി . അവൻ ചെറിയ ആറ്റിറ്റിയൂഡ് പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണ് . ഇപ്പോൾ അവിടെയൊരു അടി നടക്കും എന്നെനിക്കു തോന്നി . പക്ഷെ, ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഒരു ഇരുപത് ഷോട്സ് എങ്കിലും അകത്താക്കിയത് കൊണ്ടാകണം, ഷെറിൻ ഒന്നും മിണ്ടിയില്ല .
ഞാൻ പെട്ടെന്ന് തന്നെ താക്കോൽ എടുത്ത് ബാറിൽ ഏൽപ്പിച്ചു മര്യാദക്കാരനായി. എന്റെ ഡീറ്റയിൽസും കൊടുത്തു . എന്നിട്ട് ബാക്കിയുള്ള മാരണങ്ങളെയും തട്ടിയെഴുന്നേല്പിച്ച് ഹോട്ടലിലേക്ക് നടന്നു.
വിചിത്രമായൊരു യാത്രയായിരുന്നു അത്. അവിടം മുതൽ ഹോട്ടൽ വരെയുള്ള എല്ലാ മരങ്ങൾക്കും ‘വെള്ളവും വളവും’ കൊടുത്തുകൊണ്ടുള്ള മനോഹര യാത്ര, രസമെന്താണെന്നു വെച്ചാൽ , ഞങ്ങൾ ഹോട്ടലിലെത്തിയപ്പോളേക്കും, കൂടെയുണ്ടായിരുന്നവരിൽ, ഷെറിൻ ഒഴികെ ബാക്കി എല്ലാവരും കൊഴിഞ്ഞു പോയിരുന്നു .
"അവന്മാരെയൊക്കെ ഇനി എങ്ങനെ ?" ഞാൻ പുറത്തെ ഇരുട്ടിലേക്ക് നോക്കി . തികച്ചും വിജനമായ തെരുവ്.
"അവന്മാരൊക്കെ ഇവിടുത്തുകാരാ . വീട്ടീപ്പോയിക്കാണും. നമുക്ക് പോയിക്കെടന്നൊറങ്ങി നാളെ അതിരാവിലെ ഒരു 4 മണിക്കെഴുന്നേൽക്കണം. അളിയൻ വാ ..." ഷെറിൻ ലിഫ്റ്റിലേക്ക് വഴുതി വീണു.
ഞാൻ വാച്ചിൽ നോക്കി . 3 :30 . നാലുമണിക്കെഴുന്നേൽക്കണമെങ്കിൽ...
അങ്ങനെ ആ സീനും കഴിഞ്ഞു
**************** ******************** *******************
അടുത്ത സീൻ,
ഒരു അത്യാവശ്യം ബോധമാകാൻ പിറ്റേ ദിവസം ഉച്ചയാകേണ്ടി വന്നു .
അങ്ങനെ ഏതാണ്ട് പന്ത്രണ്ട് മണിയോട് കൂടി ഞങ്ങൾ രണ്ടു പേരും ഉപ്പു തടാകങ്ങളുടെ നാടെന്നറിയപ്പെടുന്ന യൂട്ടാ തലസ്ഥാനത്തേക്കു പുറപ്പെട്ടു .
ഏതാണ്ട് നാല് മണിക്കൂറോളം വണ്ടിയോടിച്ചതിനു ശേഷമാണ് ഷെറിൻ ആ നിഷ്കളങ്കമായ ചോദ്യം ചോദിച്ചത് .
"എന്തിനാടെ ഈ വഴി മുഴുവൻ കാറും ഓടിച്ച് മെനക്കെടുന്നത് ? ഫ്ലൈറ്റിൽ വരുന്നതല്ലാരുന്നോ നല്ലത് ? അതിരിക്കട്ടെ, ഇപ്പൊ എന്തിനാ നമ്മൾ യൂട്ടാ ക്കു പോകുന്നെ ? ആരെ കാണാനാ ??"
ഞാനും നിഷ്കളങ്കമായി അവനെ നോക്കി . കൊട്ടുവടിയായിരുന്നോ ഇവന്മാരിന്നലെ മടു മാടാന് വലിച്ച് കേറ്റിയത് ?
ഈ സമയത്ത് അതി മനോഹരമായ എൽക്ക് മൗണ്ടൻസ് ഞങ്ങളുടെ വലതു ഭാഗത്തായി കാണാമായിരുന്നു . നമ്മുടെ നാട്ടിലെ കൊളുക്കു മലയെ അനുസ്മരിപ്പിക്കുന്ന ഭൂപ്രകൃതി . പക്ഷെ, തണുപ്പൽപ്പം കൂടുതലാണെന്നു മാത്രം . പർവ്വതാഗ്രങ്ങൾ മഞ്ഞു പുതച്ചാണ് നിൽപ്പ് . എന്നാൽ, താഴേക്കു വരും തോറും, നിറഞ്ഞ പച്ചപ്പ് .താഴ്വാരത്തിൽ ധാരാളം കന്നുകാലികളെ കാണാം .
യാത്ര പകുതി വഴി പോലും ആയിട്ടില്ല . പക്ഷെ, വഴിയോര കാഴ്ച്ചകൾ അതി സുന്ദരം. വന്നത് എന്തായാലും വെറുതെയായില്ല എന്ന് പറഞ്ഞു ഷെറിൻ.
(തുടരും)

Alex john

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot