നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആത്മസമർപ്പണം

ആത്മസമർപ്പണം
(ചെറുകഥ)
*******
ഞാൻ ഒരു കഥ പറയാം. പക്ഷേ അത് എന്റെ കഥയല്ല. എന്റെ കഥ കഴിഞ്ഞിരിക്കുന്നു, കാരണം പേരുണ്ടായിരുന്ന ഞാൻ മരിച്ചിട്ട്‌ കാലം കുറച്ചായി.
എന്റെ ഭർത്താവ് ജീവിത പ്രാരാബ്ദങ്ങൾ ഒക്കെ കഴിഞ്ഞ് എന്റെ അസ്ഥി ഒഴുക്കാം എന്ന് കരുതി മാറ്റിവച്ചതാണ്. അതു കൊണ്ട് എന്റെ ശരീരത്തിന്റെ റിട്ടയർമെന്റ് കഴിഞ്ഞിട്ടും ആത്മാവ് ഫുൾ & ഫൈനൽ സെറ്റിൽമെന്റ് ഇപ്പോഴും കാത്തിരിക്കുകയാണ്.
ഇപ്പോ വേറെ തൊഴിലൊന്നുമില്ലാത്തതിനാൽ ഭർത്താവിനെ പിന്തുടരുന്നു, മുക്തി കാത്തു കഴിയുന്ന ഒരു പ്രേതമായി. പണ്ട് ജീവിച്ചിരുന്നപ്പോൾ എനിക്കിതുപോലെ അദ്ദേഹത്തെ പിന്തുടരാൻ പറ്റാറുണ്ടായിരുന്നില്ല, അപ്പോൾ ഞാൻ വേണ്ടാത്തതെല്ലാം ആലോചിച്ച് ഉണ്ടാക്കും. അങ്ങിനെ ആവശ്യമില്ലാത്തത് ആലോചിച്ചാലോചിച്ച് എന്റെ പ്രഷറും ഷുഗറും കൊളസ്ട്രോളും ഒക്കെ വല്ലാതെ കൂടി. പിന്നെ ഒരു ദിവസം ഡിം എന്ന് പറഞ്ഞ് താഴെ വീണു. എന്നേയും എടുത്ത് ചേട്ടൻ ആശുപത്രിയിൽ കൊണ്ട് പോയി, പക്ഷേ വഴിയിൽ വച്ചുതന്നെ ഞാൻ "മരണ"പ്പെട്ടിരുന്നു, അദ്ദേഹം ആശുപത്രിയിൽ കൊണ്ടുപോയത് എന്റെ വെറും പിണം മാത്രം.
ഇനി ചേട്ടന്റ കഥ പറയാം. അതിലാവുമ്പോൾ ഞാനും കഥയിൽ വരും. അത് കുറച്ച് സങ്കടം പിടിച്ചതാണ്. നമ്മൾ വിചാരിക്കുന്നപോലെ ഒന്നും അല്ലല്ലോ മനുഷ്യന്റെ കാര്യങ്ങൾ. മരിച്ചു കഴിഞ്ഞപ്പോഴാണ് ചേട്ടന്റെ ഉള്ളറിയാൻ കഴിഞ്ഞത്, കാരണം ഞാൻ ആത്മാവല്ലേ!
ചേട്ടന്റെ ജനനം കേരളത്തിലെ ഒരു കുഗ്രാമത്തിൽ രാമൻ നായരുടെയും ലക്ഷ്മിയമ്മടെയും മൂന്നു മക്കളിൽ മൂത്തവനായിട്ടായിരുന്നു. അച്ഛന് നൂൽ കമ്പനിയിൽ ആയിരുന്നു ജോലി. അതുകൊണ്ടാണോ എന്നറിയില്ല അച്ഛനെ കാണാനും നൂൽ പോലെ തന്നെ ആയിരുന്നു. ചടച്ച് ഒരു സോമാലിയൻ ലുക്ക് ആയിരുന്നു കക്ഷിക്ക്.
എന്നാൽ അമ്മ അങ്ങനെ അല്ല. നല്ല തിന്നാനും കുടിക്കാനും ഒക്കെയുള്ള വീട്ടിലെ സ്ത്രീ ആണെന്ന് കണ്ണടച്ചാലും ആരും പറയും, ആവശ്യത്തിലധികം തടിയും ഒക്കെ ആയി.
അക്കാലത്തെ എല്ലാ അമ്മമാരേയും പോലെ അല്ലായിരുന്നു ചേട്ടന്റെ അമ്മ, പുലി ആയിരുന്നു, ആളുകളെ വേട്ടയാടിപ്പിടിച്ച് ഇൻഷൂറൻസ് എടുപ്പിക്കുന്ന ഒരു പെൺ പുലിയായ LIC ഏജന്റ്. അമ്മയുടെ വായിൽ നിന്നും ഉതിരുന്ന പോളിസിയുടെ സുന്ദര ഭാവി വാഗ്ദ്ധാനങ്ങൾ കേട്ട് പോളിസി വാങ്ങി മരിക്കാൻ കൊതിച്ചിരിക്കുന്ന ആൾക്കാർ വരെ നാട്ടിൽ ഉണ്ടായിരുന്നത്രെ.
ചേട്ടൻ പഠിക്കാൻ ഒഴിച്ച് ബാക്കി എല്ലാത്തിലും മിടുക്കനായിരുന്നു. എന്തായാലും പത്താം ക്ലാസ് എങ്ങിനെയൊക്കെയോ പാസ്സായി, കൂടെ സൈക്കിൾ ചവിട്ടും കൂടി പഠിച്ചപ്പോൾ ഉപരിപഠനം വേണ്ടെന്ന് വെച്ചു. അച്ഛന്റെ നിർബ്ബന്ധത്തിന് വഴങ്ങി ടൈപ്പിംങ്ങും ഷോർട്ട് ഹാൻറും പഠിക്കാൻ തുടങ്ങി. അതും ഒരു വിധം ചവിട്ടിക്കുത്തി പാസ്സായി. അങ്ങിനെ നാട്ടിലെ സുന്തരികളായ പെൺകുട്ടികളെ വായ് നോക്കി വിലസി നടക്കുന്ന സമയം, അച്ഛൻ മെലിഞ്ഞ് മെലിഞ്ഞ് ഒരു ദിവസം ഇല്ലാതായി. അപ്പോൾ അച്ഛന്റെ ജോലിക്ക് അനന്തരാവകാശിയായി എന്റെ ഭർത്താവ്. ടൈപ്പിംങ്ങ് അറിയുന്ന കാരണം ചേട്ടന് ഓഫീസിൽ ടൈപ്പിസ്റ്റ് ആയി ജോലി കിട്ടി.
അനുജന്മാരെ ഒക്കെ പഠിപ്പിച്ചു എന്ന് പറയാൻ പറ്റില്ല, അവരൊക്കെ അവരവരുടെ മിടുക്കു കൊണ്ട് പഠിച്ച് നല്ല നിലയിലായി. ഒരാൾക്ക് ബാങ്കിലും മറ്റേയാൾക്ക് സർക്കാർ ജോലിയും കിട്ടി.
അങ്ങിനെ കഴിയുന്നതിനിടയിലാണ് ചേട്ടൻ എന്നെ ഭാര്യയാക്കി ആ വീട്ടിലേക്ക് കൊണ്ട് വന്നത്.
ജേഷ്ടാനുജന്മാരും അമ്മയും ഏറെ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. രണ്ട്‌ അനുജന്മാരും കല്യാണം കഴിച്ചു. ഇതിനിടെ ഞങ്ങൾക്ക് രണ്ട് പെൺമക്കൾ ഉണ്ടായി. അനുജന്മാർക്കും അവരുടെ ഭാര്യമാർക്കും ഒക്കെ എന്റെ മക്കളെ വലിയ കാര്യമായിരുന്നു.
അങ്ങിനെ ഒരു കൂട്ടുകുടുംബമായി ജീവിതം സന്തോഷപൂർണ്ണമായി പോകുന്ന കാലത്തൊരു ദിവസം രാവിലെ അമ്മ ഉറക്കത്തിൽ നിന്നും ഉണർന്നില്ല. അമ്മയുടെ മരണത്തിനു ശേഷം വീടിന്റെ ഉത്തരവാദിത്വം മുഴുവന്‍ എനിക്കായി.
അനുജന്മാർക്ക് രണ്ടുപേർക്കും നല്ല ഉദ്യോഗം ആയതു കൊണ്ട് നല്ല വരുമാനം ഉണ്ടായിരുന്നു. അതുകൊണ്ട് അവരുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടതാണെന്ന് എന്ന് അസൂയയോടെയാണെങ്കിലും എനിക്ക് തോന്നാറുണ്ടായിരുന്നു. മാത്രവുമല്ല അവരുടെ ഭാര്യമാർ നല്ല സ്വത്തുള്ള കുടുംബങ്ങളിൽ നിന്നും ആയിരുന്നു. അവരുടെ മുന്നിൽ ഞാൻ താഴ്ന്നു പോകുന്നുണ്ടോ എന്നും എനിക്ക് പലപ്പോഴും തോന്നാറുണ്ടായിരുന്നു.
സാധാരണ ഏതൊരു സ്ത്രീയിലും കാണുന്ന അസാമാന്യ കഴിവുകളായ കുശുമ്പ് അസൂയ എന്നിവയെല്ലാം എനിക്കും ധാരാളം ഉണ്ടായിരുന്നു. എന്റെ നിരന്തരമായ തലയിണ മന്ത്രങ്ങൾ ചേട്ടന്റെ മനസ്സിൽ അനുജന്മാരോട് ദേഷ്യവും അസൂയയും ഉളവാക്കിയിരുന്നു. ചേട്ടൻ എന്നെ കൂടുതൽ സ്നേഹിക്കണം, അനുജന്മാർ അവരവരുടെ ഭാര്യമാർക്കു കൊടുക്കുന്നതുപൊലെ എനിക്കും സ്വർണവും വസ്ത്രങ്ങളും വാങ്ങിത്തരണം എന്നൊക്കെ മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷേ ഞാൻ വിചാരിച്ചതിലും അപ്പുറമായിരുന്നു ചേട്ടന്റെ പ്രതികരണം.
ചില സന്ദർഭങ്ങളിൽ വാക്കുതർക്കങ്ങൾ പരിധിക്ക് പുറത്തായി, തമ്മിൽ പറയാൻ പാടില്ലാത്ത പലതും പറഞ്ഞു. അവസാനം ഞങ്ങള്‍ വീട് വിട്ടിറങ്ങി താമസം വാടക വീട്ടിലാക്കി. പറഞ്ഞ വാക്കുകൾ മുറിച്ചത് ഹൃദയങ്ങൾ ആയിരുന്നു, ആ അകൽച്ച പിന്നീട് അടുപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിന്റെ കുറ്റബോധം എന്നും എന്നെ വല്ലാതെ അകറ്റിയിരുന്നു.
മക്കൾ രണ്ടു പേരും പഠിച്ചു വളർന്നു. ഒരാൾ കോളെജിലും മറ്റൊരാൾ പ്ലസ്ടുവിനും പഠിക്കുകയായിരുന്നു. പണ്ട് കൂട്ടുകുടുംബത്തിൽ ആയിരുന്നപ്പോൾ മറ്റൊന്നും ചിന്തിക്കാൻ സമയം കിട്ടാറുണ്ടായിരുന്നില്ല. അതിനു പുറമേ ചേട്ടന് സാമ്പത്തികമായി ബുദ്ധിമുട്ടുകളും ഉണ്ടായി. എന്നാലും കടമെടുത്തും മറ്റും ഒരു വീട് പണിതു.
അതിനിടയിലായിരുന്നു എനിക്ക് സംശയരോഗം പിടിപെട്ടത്. ചേട്ടന്റെ വൈകിയുള്ള വരവും മറ്റും എന്നിൽ സംശയം ഉളവാക്കാൻ തുടങ്ങി. ഓവർടൈം ചെയ്യുന്നു എന്നാണ് പറയാറുള്ളത് പക്ഷേ എന്റെ മനസ്സിൽ കയറിക്കൂടിയ സംശയങ്ങൾ എന്റെ ജീവിതം താറുമാറാക്കാൻ തുടങ്ങി. ചേട്ടന്റെ ഓരോ ചലനങ്ങളും എന്നിൽ സംശയങ്ങൾ ഉളവാക്കി.
മക്കളോടുള്ള എന്റെ സമീപനവും മാറാൻ തുടങ്ങി. അവർ ഏതെങ്കിലും ആൺകുട്ടികളുമായി സംസാരിച്ചാൽ പിന്നെ എനിക്ക് വേവലാതിയാവും, ഞാൻ എന്തെങ്കിലുമൊക്കെ ആലോചിച്ച് കൂട്ടും. അങ്ങിനെ ചിന്തിച്ച് ചിന്തിച്ചാണ് എനിക്ക് അസുഖങ്ങൾ തുടങ്ങിയത്. ഹൈപ്പർ ടെൽഷൻ ആണെന്ന് ഡോക്ടർ ചേട്ടനോട് പറഞ്ഞത്.
അങ്ങിനെയാണ് ഞാൻ പോലും അറിയാതെ , ഒരു നാൾ ഞാൻ മരിച്ചത്. മരിച്ചപ്പോൾ അനിയന്മാർ വന്നിരുന്നുവെങ്കിലും അവർ ചേട്ടനുമായി അപ്പോഴും സംസാരിച്ചില്ല.
എന്റെ മരണത്തിൽ ഉണ്ടായ അഭാവം അറിയിക്കാതെ തന്നെ ചേട്ടൻ മക്കളെ വളർത്തി. പിന്നീട് രണ്ടു പേരുടേയും വിവാഹവും ഭംഗിയായി നടത്തി.
മൂത്ത മകളെ വിവാഹം ചെയ്തയാൾക്ക് നാട്ടിൽ തന്നെയാണ് ജോലി. അവരാണ് ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ താമസിക്കുന്നത്. താഴെയുള്ള മകൾ അവളുടെ ഭർത്താവിന്റെ വീട്ടിൽ ആണ് താമസം. മരുമകന് അവിടെ അടുത്തൊരു ബാങ്കിലാണ് ജോലി.
ഒറ്റയ്ക്കുള്ള ജീവിതം ചേട്ടനെ ഭ്രാന്ത് പിടിപ്പിക്കുന്നുവെന്ന് ചേട്ടൻ കൂട്ടുകാരോട് പറയുന്നതു് ഞാൻ കേൾക്കാറുണ്ടായിരുന്നു. മകളുടെ കൂടെയാണ് താമസമെങ്കിലും പലപ്പോഴും ചേട്ടൻ ഒറ്റപ്പെടുന്ന പോലെ തോന്നാറുണ്ടായിരുന്നത്രേ.
അങ്ങിനെയാണ് ഒരു ദിവസം ചേട്ടൻ വീട്ടിൽ ഒരു കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയത്. ഒരിക്കലും തിരിച്ചു വരില്ലെന്ന് തീരുമാനിച്ചുള്ള യാത്രയായിരുന്നു അത്. പോരുമ്പോൾ കൂടെ എന്റെ ചിതാഭസ്മം അടങ്ങിയ കൊച്ചുകുടവും കയ്യിൽ വച്ചു.
അങ്ങിനെ ചേട്ടൻ കാശിയിൽ എത്തി. കൂടെ ആത്മാവായി ഞാനും. ഒരു നല്ല ദിവസം നോക്കി അസ്ഥി വിസർജനം ചെയ്യണം എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു.
ഒരു ദിവസം കാശി വിശ്വനാഥക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു ദശാശ്വമേദ്‌ ഘാട്ടിലെ പടികളിൽ അസ്തമയസൂര്യന്റെ കിരണങ്ങൾ ഏറ്റിരിക്കുമ്പോഴാണ് ചേട്ടൻ ഒരു സന്യാസിയെ പരിചയപ്പെടുന്നത്.. ജടപിടിച്ച താടി വച്ച് നരച്ച തലമുടി നീട്ടി വളർത്തി, കണ്ടാൽ അൽപം പോലും വൃത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖത്തിന് ഒരു അസാമാന്യചൈതന്യം ഉണ്ടായിരുന്നു.
സംസാരത്തിനിടയിൽ ചേട്ടൻ അദ്ദേഹത്തോട് തന്റെ ആഗ്രഹം പറഞ്ഞു. താൻ ജീവിതത്തിലെ എല്ലാ കടമകളും ചെയ്തുവെന്നും ഇനി സമാധാനം ആയി മരിക്കണം, അതിനാണ് കാശിയിൽ എത്തിയത് എന്ന്. അദ്ദേഹം ചേട്ടനോട് എല്ലാ കടമകളും കഴിഞ്ഞുവോ എന്ന് ചോദിച്ചു. പെട്ടെന്ന് വേണ്ട നന്നായി ചിന്തിച്ച് പിറ്റേന്ന് തിരിച്ചു വരാൻ പറഞ്ഞു.
അടുത്ത ദിവസം വൈകുന്നേരം അതേസമയം ചേട്ടൻ സന്യാസിയെ കണ്ടു. താൻ നല്ലതുപോലെ ആലോചിച്ചുവെന്നും ഇനി തനിക്കായ് കർത്തവ്യങ്ങൾ ഒന്നും ബാക്കിയില്ല എന്നും തീർത്തു പറഞ്ഞു.
അപ്പോൾ സന്യാസി വീണ്ടും ചോദിച്ചു, കടമകൾ അല്ലാതെ നിന്റെ ബാധ്യതകൾ ഒക്കെ നീ തീർത്തു എന്നുറപ്പാണോ? ബാധ്യതകളെന്നാൽ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ നീ മൂലം വേദനിക്കപ്പെട്ടവർ, നിന്നോട് പിണങ്ങിയവർ, നീ പിണങ്ങിയവർ, നീ പിണക്കിയവർ അങ്ങിനെ എന്തെങ്കിലും ഉണ്ടോ എന്ന് . പെട്ടെന്നൊന്നും പറയരുത്, ഒരു ദിവസം കൂടി ചിന്തിച്ച് അടുത്ത ദിവസം വീണ്ടും വരാന്‍ പറഞ്ഞു.
പിറ്റേന്ന് വീണ്ടും ആ സന്യാസിയെ കണ്ടപ്പോൾ ചേട്ടൻ അദ്ദേഹത്തോട് തന്റെ അനുജന്മാരുമായുള്ള പിണക്കവും, എന്റെ ചിതാഭസ്മം ഒഴുക്കലും ബാക്കിയുള്ള വിവരങ്ങളും പറഞ്ഞു. അദ്ദേഹം വളരെ ശാന്തതയോടെ ചേട്ടനെ ഉപദേശിച്ചു.
"ചിതാഭസ്മം ഒഴുക്കി ബലി ഇട്ട്‌ കർമ്മങ്ങൾ ചെയ്യുന്നതൊക്കെ നമ്മുടെ വിശ്വാസങ്ങളുടെ ഭാഗമാണ്‌. നിന്റെ ഭാര്യ ചെയ്ത തെറ്റാണ് നിന്റെ അനുജന്മാരുമായുള്ള ബന്ധം തകർത്തത്‌. അതിന്റെ കുറ്റബോധം നിന്റെ ഭാര്യയുടെ ഉപബോധമനസ്സിനെ വല്ലാതെ ബാധിച്ചിരുന്നു. അതിനെ ന്യായികരിക്കാൻ അവർ നിന്നിലെ തെറ്റുകൾ തിരയാൻ തുടങ്ങി. പിന്നെയത്‌ അവരുടെ ജീവിതം തന്നെ എടുത്തു. അവരുടെ ആത്മാവിന് ശാന്തി കിട്ടാൻ നീ ആദ്യം ചെയ്യേണ്ടത് നിന്റെ അനുജന്മാരുമായി ഉള്ള പിണക്കങ്ങൾ തീർക്കണം. പിന്നെ നീ ആ ചിതാഭസ്മം കൊണ്ടുപോയി ഒഴുക്കി എല്ലാ കർമ്മങ്ങളും ചെയ്യുക"
ഒന്നും വിശ്വസിക്കാനാവാതെ ഞാനിരുന്നു, അതെ, അദ്ദേഹം വായിക്കുന്നത് എനിക്ക് പോലും മനസ്സിലാവാത്ത എന്റെ മനസ്സാണ്. ശരിയാണ്, മനസ്സിൽ കുറച്ചൊന്നുമല്ല ആ കുറ്റബോധം എന്നെ അലട്ടിയിരുന്നത്.
അദ്ദേഹം തുടർന്നു.
"പിന്നെ കടമകൾ തീർന്നു എന്നു നീ പറഞ്ഞതും തെറ്റാണ് .. ഈ ജീവിതത്തിൽ ഒരാളുടെയും കടമകൾ തീരുന്നില്ല, ഓരോ നിമിഷവും ഓരോ പുതിയ കടമകൾ നമ്മെ തേടി എത്തും, മരണം വരെ നിനക്കാകാവുന്ന പോലെ അവ നിർവ്വഹിക്കണം. "
"കടമകൾ തീരുമ്പോഴല്ല, ആയുസ്സ്‌ തീരുമ്പോഴാണ് മനുഷ്യനും പക്ഷിമ്യഗാദികളും മരിക്കുന്നത്‌. നിന്റെ മക്കൾക്ക് നിന്നോടുള്ള കടമകൾ ബാക്കിയാണ്, അവർക്ക്‌ നിന്നെ സ്നേഹിച്ചു മതിയായിട്ടില്ല. നിന്നെ അവരല്ല, നീ സ്വയം അവരിൽനിന്നും ആണ് ഒറ്റപ്പെട്ടത്, നിന്റെ മക്കൾക്ക് പിറക്കാനിരിക്കുന്ന മക്കൾക്ക് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സ്നേഹം മുഴുവൻ ഇനി നീ തന്നെ കൊടുക്കണം. "
ആ സന്യാസിവര്യനോട്‌ അനുഗ്രഹം വാങ്ങി അന്നു തന്നെ നാട്ടിലേക്ക് തിരിച്ചു. തിരിച്ചു വന്ന അച്ഛനെ മകളും ഭർത്താവും സന്തോഷത്തോടെ വീട്ടിലേക്ക് സ്വാഗതം ചെയ്‌തു കൂടെ ചേട്ടൻ ഒരു മുത്തച്ഛൻ ആകാൻ പോകുന്നു എന്ന സന്തോഷവാർത്തയും..
അനിയന്മാരോട് മാപ്പു ചോദിക്കാൻ പോയ ചേട്ടനെ കണ്ടതും അനുജന്മാർ തന്നെ ഓടിച്ചെന്ന് ചേട്ടന്റെ കാൽക്കൽ വീണ് മാപ്പ് ചോദിച്ചു. അത്‌ വീണ്ടും മറ്റൊരു തുടക്കത്തിന്റെ ആരംഭമായിരുന്നു.
മൂന്ന് മക്കളും അവരുടെ മക്കളും ഭാര്യമാരുമൊക്കെയായ്‌ ഒരു ബസ്സിൽ ഇന്നു കാലത്ത്‌ തിരുനാവായിൽ എത്തി. അച്ഛന്റെയും അമ്മയുടെയും എന്റെയും ചിതാഭസ്മം നിറച്ച കലശങ്ങൽ അവരുടെ കൈകളിൽ ഉണ്ടായിരുന്നു. താഴെ വാദ്ധ്യാൻ മന്ത്രങ്ങൾ ഉച്ചരിച്ച്‌ ബലികർമ്മങ്ങൾ തുടങ്ങിയിരിക്കുന്നു.
ഞാൻ എല്ലാം മറക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ ഉയരങ്ങളിലേക്ക് പറന്നുപറന്നു പോകുന്നപോലെ തോന്നുന്നു. താഴത്തു് എവിടെയോ അവ്യക്തമായി കൈകൊട്ടുന്ന ശബ്ദം കേൾക്കുന്നു. ഇതിനു മുമ്പു് ആരൊക്കെയോ പറഞ്ഞുമാത്രം കേട്ടിട്ടുള്ള, ഉള്ളിന്റെ ഉള്ളിൽ പരമോന്നതമായ ശാന്തത അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അവസാനം സാധാരണക്കാർക്ക് തീർത്തും അപ്രാപ്യമായ, എല്ലാറ്റിൽ നിന്നും മുക്തമായ അവസ്ഥയിൽ ഞാൻ വിലയം പ്രാപിക്കുന്നു..
ഗിരി ബി വാരിയർ
25 ജനുവരി 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot