നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം പൂത്തൊരു യാത്ര...


പ്രണയം പൂത്തൊരു യാത്ര...
======================
"ഡീ, പെട്ടെന്ന് നിന്റെ രണ്ടോ മൂന്നോ ജോഡി ഡ്രെസ്സ് പായ്ക്ക് ചെയ്ത് റെഡിയാക്..... മോന്റേം എടുത്തോ... എന്നിട്ടു രണ്ടാളും പെട്ടെന്ന് റെഡി ആയിക്കേ... ഒരു സ്ഥലം വരെ പോവാൻ ഉണ്ട്...."
വിനോദ് വീട്ടിലേക്കു തിടുക്കത്തിൽ കയറിക്കൊണ്ടു പറഞ്ഞു.
അടുക്കളയിൽ ഉച്ചക്കത്തെ ഊണിനുള്ള അരി അളന്ന് കഴുകാനായി പാത്രത്തിലേക്ക് ഇട്ടോണ്ടിരുന്ന നിഷ അന്തിച്ചുപോയി.
സാധാരണ ശനിയാഴ്ചകളിൽ വിനോദ് രാവിലത്തെ കാപ്പികുടി കഴിഞ്ഞു ഗ്രൗണ്ടിലോട്ടു ഇറങ്ങുന്നതാണ്. പിന്നെ ഊണിന്റെ സമയമാകും തിരികെ വരുമ്പോൾ.
ഗ്രൗണ്ട് എന്നു പറഞ്ഞാൽ കാര്യമായി ഒന്നുമില്ല. ഒരു വലിയ പറമ്പ്..... അതിന്റെ രണ്ടു അറ്റത്തും നാല് കമ്പ് നാട്ടി വല വലിച്ചുകെട്ടിയ ഗോൾപോസ്റ്റും. വിനോദും കൂട്ടുകാരും പണ്ട് കുറേ ഫുട്ബോൾ കളിച്ചതാ അവിടെ. ഇപ്പോൾ പുതുതലമുറക്കായി വഴിമാറി കൊടുത്തു. എങ്കിലും അവധി ദിവസങ്ങളിൽ രാവിലേയും വൈകിട്ടും കൂട്ടുകാരെല്ലാം ഒത്തുകൂടും. കുറേ നേരം നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കും. ഇടക്ക്‌ പഴയ കളിക്കമ്പം പുറത്തെടുക്കും. ഇരുന്നുള്ള ഓഫീസ് ജോലിയല്ലേ എല്ലാർക്കും. മേലനങ്ങാൻ ആകെയുള്ള ഒരു മാർഗ്ഗമാണീ ഫുട്‌ബോൾ. ആ കളി ഒഴിവാക്കാത്ത ആളാണിപ്പോൾ പോയത്തിലും വേഗം തിരികെ വന്നിരിക്കുന്നത്.
" അയ്യോ ഞാൻ അരിയിട്ടില്ല വിനോദേട്ടാ..." നിഷ പറഞ്ഞു.
"അരിയൊന്നും ഇടേണ്ട.. പിന്നെ...., രാവിലത്തെ ഭക്ഷണം വല്ലതും മിച്ചമുണ്ടേൽ അതും പൊതിഞ്ഞെടുത്തോ.... രണ്ടു ദിവസം കഴിയും തിരിച്ചെത്താൻ......" അതും പറഞ്ഞു അവൻ കുളിക്കാൻ കേറി.
"നിന്റെ കുളിയും ജപവും രാവിലെ കഴിഞ്ഞതല്ലേ... മോനെ വേഗം കുളിപ്പിക്ക്. സമയം പോവാ...." ഷവറിൽ നിന്നും വീഴുന്ന വെള്ളത്തിന്റെ ശബ്ദത്തോടൊപ്പം വിനോദ് വിളിച്ചുപറഞ്ഞു.
നിഷക്കൊന്നും മനസിലായില്ല. എങ്കിലും അവൾ വേഗം കുഞ്ഞിനെ കുളിപ്പിക്കാൻ വെള്ളം ചൂടാക്കാൻ വെച്ചു. മോൻ റിയാൻ ഇപ്പോൾ ഒന്നര വയസ്സായി. വലിയ വികൃതി അല്ലാത്ത കുട്ടി...... അടുക്കളയിൽ നിലത്തിരുന്നു കളിക്കുവാരുന്നു അപ്പോളവൻ. അവൾ വേഗം മോനെ എണീല്പിച്ചു തലയിൽ എണ്ണ തേച്ചു. വെള്ളം ചെറുചൂടായപ്പോൾ എടുത്ത് അടുക്കളമുറ്റത്തേക്ക് വെച്ചു.
വെള്ളമൊക്കെ തട്ടി തെറിപ്പിച്ചും, സ്വയം കോരി ദേഹത്തൊഴിച്ചും കുളിക്കാൻ കുറഞ്ഞത് അര മണിക്കൂർ എങ്കിലും വേണ്ടതാണ് അവന്. ഇന്ന് നിഷ ബലമായി പിടിച്ചു നിർത്തി പത്തു മിനിട്ടുകൊണ്ട് കുളിപ്പിച്ചു. അതിന്റെ ഒരു അലർച്ചയിൽ നിന്ന അവനെ ഒരുവിധത്തിൽ മുറിയിൽ കൊണ്ടുവന്നപ്പോൾ വിനോദ് കുളി കഴിഞ്ഞിറങ്ങി വരുവായിരുന്നു. അച്ഛനെ കണ്ടതും റിയാൻ ഓടിച്ചെന്നു വിനോദിന്റെ ദേഹത്തേക്ക് ചാടിക്കയറി.
"ആഹാ... ഇനി മോനെ അച്ഛൻ ഒരുക്കിക്കൊള്ളുമല്ലോ" എന്നും പറഞ്ഞു അവൾ വിനോദിന്റെ വയറ്റത്തു ഒരു നുള്ളു വെച്ച് കൊടുത്തു. ആൾക്ക് ഒരു ചിരിയും ഇല്ല......! അല്ലെങ്കിൽ അവൾ അങ്ങനെ നുള്ളുമ്പോൾ അവൻ "ഇക്കിളി.. ഇക്കിളി..." എന്നു പറഞ്ഞു കുട്ടികളെപ്പോലെ ചിരിക്കുന്നതാണ്. ഇന്നിപ്പോൾ ഒരുമാതിരി ഗൗരവം.
അവൾ പിന്നെ കൂടുതൽ കിന്നാരത്തിനൊന്നും പോയില്ല. ഒരു ബാഗ് എടുത്ത് അതിൽ അവളുടെ മൂന്നു ജോഡി ഡ്രെസ്സും മോന്റെ അഞ്ചാറു ഡ്രെസ്സും വെച്ചു. അപ്പോളേക്കും വിനോദും തന്റെ ഒരു ജീൻസും മൂന്നു ടീഷർട്ടും പിന്നെ ഒരു ത്രീ ഫോർത്തും എടുത്ത് ബാഗിൽ വെച്ചു. കാര്യമായി ആണല്ലോ.. നിഷ മനസിൽ ഓർത്തു. അവൾ വേഗം മോന് ഇട്ടുകൊണ്ടുപോവാനുള്ള ഡ്രസ്സ് എടുത്ത് അയാളുടെ കയ്യിൽ കൊടുത്തു.
"ഡീ, ജാക്കറ്റ്‌ എടുക്കാൻ മറക്കണ്ട.. കുറച്ച് ലോങ് പോണം..." വിനോദിന്റെ വാക്കുകൾ കേട്ട് നിഷയ്ക്ക് ജിജ്ഞാസ അടക്കാൻ പറ്റിയില്ല. "ലോങ്ങോ?? അതെങ്ങോട്ടാണാവോ....?"
"നിന്നേം കുഞ്ഞിനേം നിന്റെ വീട്ടിൽ കൊണ്ടാക്കാൻ പോവാ... നീ ഇയ്യിടെയായി എന്നെ ഭരിക്കുന്നത് ഇത്തിരി കൂടുന്നുണ്ട്...." അവന്റെ പെട്ടെന്നുള്ള മറുപടി കേട്ട് അവൾ ഒന്നു ശങ്കിച്ചു..
ഇന്നലെ രാത്രി കൂടി തന്റെയടുത്തു കിന്നരിച്ചു കിടന്ന മനുഷ്യനാണ്. രാവിലെ ഗ്രൗണ്ടിലേക്ക് പോകുന്നത് വരെ പ്രശ്നം ഒന്നും ഉണ്ടാരുന്നില്ലല്ലോ...
"ഡീ, പോത്തെ... വേഗം റെഡി ആയിക്കേ..." ആവന്റെ ശബ്ദം അവളെ ചിന്തയിൽനിന്നും ഉണർത്തി. ഒരു ആശങ്കയോടെ ഒരുങ്ങുന്ന അവളെ ഇടങ്കണ്ണിട്ടു നോക്കിയപ്പോൾ ചിരിപൊട്ടിയെങ്കിലും ഒരുവിധം അതടക്കിപ്പിടിച്ചവൻ കുഞ്ഞിനെ ഒരുക്കി.
അങ്ങനെ രണ്ടു പേരും ജാക്കറ്റ്‌ ഒക്കെ ഇട്ട് റെഡി ആയി.... കാറ്റടി കൊള്ളാതിരിക്കാൻ പറ്റിയ തരത്തിലുള്ള ഡ്രെസ്സും തൊപ്പിയുമാണ് മോന്റെയും. ട്രാവൽ ബാഗ് വിനോദ് ബുള്ളെറ്റിന്റെ പിന്നിലെ കാരിയർ സ്റ്റാൻഡിൽ വെച്ചു കെട്ടി. അങ്ങനെ ബുള്ളറ്റിൽ മകനെയും നടുക്കിരുത്തി അവർ യാത്ര തുടങ്ങി.
ഹൗസിങ്‌ കോളനിയിലെ ഇടറോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്ന ഭാഗത്ത്‌ വിനോദ് വണ്ടി നിർത്തി. വണ്ടികൾ ചീറിപ്പാഞ്ഞു വരുന്നുണ്ട്. ഇടതെടുത്തു നേരെ പോകണം കോട്ടയത്തിന്...., അവിടാണ് നിഷയുടെ വീട്. വണ്ടികളുടെ വരവ് ഒന്നു കുറഞ്ഞപ്പോൾ അവൻ മെയിൻ റോഡിലേക്ക് ഇടത്തെടുത് വണ്ടി കയറ്റി. അൽപ്പം മുന്നോട്ട് ഓടിക്കഴിഞ്ഞു അവൻ വലതുവശം ചേർന്ന് ഓടിക്കാൻ തുടങ്ങി.... എന്നിട്ടു യൂ ടേണിംഗിനുള്ള സ്ഥലത്തെത്തിയപ്പോൾ ഇൻഡിക്കേറ്റർ ഇട്ട് വണ്ടി വളച്ചു. ഇപ്പോൾ വണ്ടി മൂവാറ്റുപുഴയിൽ നിന്നും കോട്ടയത്തിന് പോകേണ്ട ദിശയ്ക്ക് വിപരീതമായി പോവുകയാണ്.
"എന്തിനാ ഏട്ടാ ഈ റോഡിൽ കയറിയെ? വഴി മറന്നോ?" അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.. ഇത്തവണ ആശാൻ സത്യം പറയും.. അവൾ മനസിൽ കരുതി.
"വഴി മറന്നതൊന്നുമല്ല.. വീട്ടിൽ ആക്കിയാൽ നിന്റെ അച്ഛനും അമ്മയും കൂടി വീണ്ടും നിന്നെ എന്റെ തലേൽ കെട്ടിവെക്കും. അതുകൊണ്ട് നിന്നെ കാട്ടിൽ കൊണ്ടു കളയാൻ പോവാ..." അതും പറഞ്ഞവൻ ഒരു കള്ളച്ചിരി ചിരിക്കുന്നത് കണ്ണാടിയിലൂടെ കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി. പിന്നെ ഒന്നും ചോദിച്ചില്ല.. ഉറങ്ങുന്ന റിയാനെ രണ്ടു കൈകൊണ്ടും കെട്ടിപിടിച്ചു അവൾ ഏതോ ഒരു പാട്ടിന്റെ വരികൾ മൂളാൻ തുടങ്ങി...
വീടുകളും കടകളും ആരാധനാലായങ്ങളും മരങ്ങളും പുഴകളും പാലങ്ങളും പിന്നിട്ട് "കുഡ് കുഡ്" ശബ്ദത്തോടെ ബുള്ളറ്റ് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു.
****************************************************
സംസ്ഥാനപാത 16 ; ദേശീയപാത 85.. എന്നെഴുതിയ റോഡിലേക്ക് കയറിയ ശേഷം വിനോദ് ബുള്ളറ്റ് വലത് ദിശയിലേക്ക് തിരിച്ചു.
"നമുക്കൊരു വെള്ളം കുടിച്ചാലോ... കുറച്ചായില്ലേ ഒരേ ഇരിപ്പ് തുടങ്ങിയിട്ട്." വഴിയരുകിൽ ഒരു കൂൾബാർ കണ്ടപ്പോൾ നിഷ ചോദിച്ചു. ബോട്ടിലിൽ വെള്ളം ഉണ്ടായിരുന്നെങ്കിലും ഒന്ന് നടു നിവർത്തണമല്ലോ.
"എന്റെ മോളൊരിത്തിരി നേരംകൂടി പിടിച്ചിരുന്നോ.. ഒരടിപൊളി സ്ഥലത്ത് നിർത്താം." അതും പറഞ്ഞു വിനോദ് വണ്ടിയുടെ സ്പീഡ് ഒരൽപ്പം കൂട്ടി.
ഒരു അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ അവർ ഒരു പുഴയുടെ മേലേ എത്തി. പാലത്തിൽ കയറുന്നതിനു മുൻപ് അവൻ ആ പുഴയുടെ ഭംഗി ആസ്വദിക്കാനെന്നവണ്ണം വേഗത നന്നായി കുറച്ചു. നല്ല വിശാലമായി ഒഴുകുന്ന പുഴ. ഇടതൂർന്ന മരക്കൂട്ടങ്ങൾ നിറഞ്ഞ കരകൾക്കിടയിലൂടെ അവളിങ്ങനെ ഒഴുകി ഒഴുകി പോകുന്നത് കാണാൻ എന്ത് രസമാണ്..
"ഏതാ ഏട്ടാ ഈ പുഴ....?" വിസ്മയംകൊണ്ടു വിടർന്ന കണ്ണുകളോടെ നിഷ ചോദിച്ചു. മറുപടിയായി അവനിൽ നിന്നും ഒരു പാട്ടാണ് കേട്ടത്..
"പെരിയാറേ.... പെരിയാറേ......
പാർവതനിരയുടെ പനിനീരേ....."
"ഏഹ്... ഇത് പെരിയാറാണോ?? പറ്റിക്കല്ലേ മനുഷ്യാ...." അവൾ അത്ഭുതംകൂറി.
"ആ ഉണ്ടക്കണ്ണെടുത്തു അകത്തിട്ടിട്ടു ഇറങ്ങിക്കേ...." അവൻ പാലത്തിനക്കരെ വണ്ടി ഒതുക്കി. റിയാനെ ഉറക്കത്തിൽ നിന്നും ഉണർത്തി നിഷയുമായി ഒരു സെൽഫി എടുത്തശേഷം അവർ അടുത്ത് കണ്ട ഒരു ബേക്കറിയിലേക്കു കയറി. കുഞ്ഞിന് ബിസ്ക്കറ്റും പാലും കൊടുത്തു കഴിഞ്ഞതോടെ അവൻ അവിടാകെ ഓട്ടമായി. ഒരുവിധത്തിൽ ഓർഡർ ചെയ്ത സാൻവിച്ചും ജ്യൂസും കുടിച്ചുതീർത്തിനുശേഷം അവർ വീണ്ടും ബുള്ളറ്റിൽ കയറി.
"ഇനിയെങ്കിലും പറ വിനോദേട്ടാ എങ്ങോട്ടാ പോവുന്നതെന്ന്....." നിഷ കൊഞ്ചലോടെ ചോദിച്ചു.
"കുറച്ചൂടി ക്ഷമിക്കൂ മോളെ...... " ഫോൺ പോക്കറ്റിൽനിന്ന് എടുത്തുകൊണ്ട് അവൻ പറഞ്ഞു.. അവൾ പരിഭവം നടിച്ച് തലതിരിച്ചു പെരിയാറിന്റെ ഒഴുക്കിലേക്കു നോക്കിക്കൊണ്ടിരുന്നു. അവനാവട്ടെ അവളെ കാണിക്കാതെ ഫേസ്ബുക്കിൽ തങ്ങൾ അല്പം മുൻപ് എടുത്ത സെൽഫി അപ്‌ലോഡ് ചെയ്യുകയായിരുന്നു.....
"വിനോദ് ബാലൻ ഫീലിംഗ് ലവ്ഡ് വിത് നിഷ വിനോദ് അറ്റ്‌ നേര്യമംഗലം പാലം"..... സ്ഥലവും ഫീലിംഗും എല്ലാം കൊടുത്തതിനുശേഷം അവൻ ഫോട്ടോയ്ക്ക് മുകളിലായി എഴുതി........
"ഓൺ ദി വേ ടു മൂന്നാർ....."
എന്നിട്ടൊരു കള്ളച്ചിരിയോടെ അവൻ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു.
****************************************************
പോകുന്ന വഴി വെള്ളച്ചാട്ടങ്ങൾ കണ്ടപ്പോൾ അവിടേക്കാവും കൊണ്ടുവന്നതെന്ന് അവൾ ഊഹിച്ചെങ്കിലും അവിടൊന്നും നിർത്താതെ അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു. അടിമാലി ടൗൺ കഴിഞ്ഞു മുന്നോട്ടു പോകവെയാണ് മൂന്നാർ എന്ന ബോർഡ് വെച്ചിരിക്കുന്നത് നിഷയുടെ കണ്ണിലുടക്കിയത്. ഓഹോ അപ്പോൾ ഇതാണല്ലേ ഇങ്ങേരുടെ സർപ്രൈസ്....
"നമ്മള് മൂന്നാർ പോകുവല്ലേ ഏട്ടാ.... " ഒരു കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു...
"ഡീ പെണ്ണേ... മൂന്നാർ ഒക്കെ തന്നെ... പക്ഷേ സർപ്രൈസ് ഇപ്പോഴും ബാക്കിയുണ്ട്...."
അങ്ങനെ കുറേ നേരംകൂടി യാത്ര ചെയ്‌തുകഴിഞ്ഞു അവൻ ഒരിടത്തു വണ്ടി നിർത്തി. നിരനിരയായി നിർത്തിയിട്ടിരുന്ന വണ്ടികളുടെ അരികിലായി ബുള്ളെറ്റ് വെച്ചിട്ട് അവൻ ട്രാവെൽബാഗ് എടുത്തു പുറത്തിട്ടു... ഒരു കൈകൊണ്ട് മോനെയും എടുത്തു മറുകയ്യിൽ അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടക്കവേ അവൻ പറഞ്ഞു...
"ഡീ ഭാര്യേ.... പണ്ട് നിന്നെ ഞാൻ പ്രേമിച്ചു നടക്കണ കാലത്ത് നീ എന്നോടൊരു ആഗ്രഹം പറയില്ലാരുന്നോ....! കല്യാണം കഴിഞ്ഞ് എവിടെക്കെയോ പോവണമെന്നോ... എന്തൊക്കെയോ കാണണമെന്നോ...... കല്യാണം കഴിഞ്ഞു ബന്ധുവീടുകളിലൊക്കെ പോയി ഒന്നു സ്വസ്ഥമായപ്പോൾ ദേ ഈ കുറുമ്പൻ നിന്റെ വയറ്റിൽ കേറിപ്പറ്റിയില്ലേ... അന്നുതൊട്ടു ഞാൻ മനസ്സിൽ കരുതിയതാ ഇങ്ങനൊരു യാത്ര... ഇവനൊരു രണ്ടു വയസ്സാവട്ടെ എന്നു കരുതിയതാ... പക്ഷേ....."
അവനൊന്നു നിർത്തി.
"പക്ഷേ....... എന്താ നിർത്തിയത്......? പറയെന്നെ..." നിഷ അവന്റെ കണ്ണുകളിലേക്കു നോക്കി.
"അത്രയുംനാൾ കാത്തിരുന്നാൽ ഇവ വാടി പോയാലോ....നീ കാണാൻ ഒത്തിരി ആഗ്രഹിച്ചവ..... " അതും പറഞ്ഞ് അവനവളുടെ മുഖം മൃദുലമായി ഒരു വശത്തേക്ക് ചെരിച്ചു. അവൻ നയിച്ച ദിശയിലേക്ക് നോക്കിയ അവളുടെ കണ്ണുകൾ അത്ഭുതംകൊണ്ട്‌ വിടർന്നു. ആ കണ്ണുകളിൽ അപ്പോൾ തെളിഞ്ഞുനിന്ന പ്രതിബിംബം പൂത്തുലഞ്ഞ നീലക്കുറിഞ്ഞികളാൽ നിറഞ്ഞ മലനിരകൾ ആയിരുന്നു....
വിനോദിന്റെ കയ്യും പിടിച്ച് ആ മലനിരകളിലൂടെ നടക്കവേ നിഷ വീണ്ടും ഏതോ പാട്ടിന്റെ വരികൾ മൂളുകയായിരുന്നു....
" തപസ്സിനൊടുവിൽ നീ വരപ്രസാദമായ്........
എനിക്കു കൈവന്ന ജന്മസുകൃതമായ്.........
ഞാൻ ചെയ്ത പുണ്യങ്ങൾ നീയെന്ന ഗീതമായ്......
ജീവനിലെന്നും തുടിക്കുന്ന താളമായ്........"
അതേ......, പ്രണയം നിറയ്ക്കാൻ നീലക്കുറിഞ്ഞികൾ വീണ്ടും പൂത്തിരിക്കുന്നു...... മണ്ണിലും..... മനസ്സിലും....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot