നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ

ഐ.സി.യുവിന്റെ വാതിലിനരികിൽ നിൽക്കുമ്പോൾ രാജീവ് നന്നേ തളർന്നിരുന്നു.
അകത്ത് കിടക്കുന്നത് ആരാണെന്നോ എവിടുള്ളതാണെന്നോ ഒന്നും അറിയില്ല. തിരിച്ചറിയാനായി അയാളുടെ കയ്യിൽ ഒന്നും തന്നെ ഇല്ല. ഫോണോ പ ഴ്സോ ഒന്നും കാണാനില്ല.എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.
രാവിലെ പോലീസ് വന്ന് അന്വോഷിക്കാൻ പോയതാണ് ഇതുവരെ വന്നില്ല.... ആരോടു പറയും.....
കഴിഞ്ഞ അഞ്ചു മണിക്കൂറായി ആരും വന്നിട്ടില്ല.
അതു കൊണ്ട് തന്നെ വീട്ടിൽ പോവാൻ മനസ്സാക്ഷി അനുവദിക്കുന്നില്ല.
ഇത്ര നേരത്തിനുള്ളിൽ പല കാര്യങ്ങൾക്കുമായി ഒരു പാട് പൈസ ചിലവായി...
ആദ്യമൊക്കെ തന്റെ കയ്യിൽ ഒന്നുമില്ലെന്നും തന്റെ ആരുമല്ലെന്നുമൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും കാശ് അടക്കാതെ ഹോസ്പിറ്റലുകാര് ട്രീറ്റ്മെന്റ് ഒന്നും ചെയ്യില്ലാന്ന് മനസ്സിലായപ്പോ അടുത്തുള്ള സ്വർണ്ണ കടയിൽ പോയി കഴുത്തിലുണ്ടായിരുന്ന മാലയും
കൈ ചെയിനും വിറ്റു.....
കല്യാണത്തിന് അമ്മുവിന്റെ വീട്ടുകാരിട്ട് തന്നതാണ് മാല... ആകെയുള്ള അനിയത്തി കുട്ടി കല്യാണത്തിന് ഗിഫ്റ്റ് തന്നതാണ് കൈ ചെയിൻ... ഒരു വർഷം പോലുമായില്ല.... രണ്ടു പേർക്കും പരിഭവം കാണും...
ഒരാളുടെ ജീവനേക്കാൾ വിലയുള്ളതൊന്നുമല്ലല്ലോ അതൊന്നും... അമ്മുവിനേം പൊന്നൂസിനേം പറഞ്ഞു മനസ്സിലാക്കാം.....
രാവിലെ ഓഫീസിലേക്ക് പോവുമ്പോഴാണ് റയിൽവേ പാലത്തിനരികിൽ ഒരു ആൾകൂട്ടം കണ്ടത്... വണ്ടി സൈഡാക്കി നോക്കിയപ്പോൾ പത്തിരുപതു പേർ കൂടി നിന്ന് ഒരാളുടെ മരണം ആസ്വദിക്കുന്നു.... പലരും സെൽഫി എടുക്കുന്നു... ഇരുന്നും നിന്നും വരെ പല പൊസിഷനിൽ അയാളുടെ പിടച്ചിൽ ഒരുപാട് മൊബൈലുകൾ പകർത്തുന്നു.....
കണ്ടു നിന്നു സഹിക്കാനാവാതെ ഒച്ചയെടുത്തപ്പോൾ അതിലാരോ ചോദിച്ചു തന്റെ അമ്മായിഅപ്പനൊന്നും അല്ലല്ലോന്ന്.....
രക്തം തിളച്ചു വന്നെങ്കിലും അപ്പോൾ പ്രതികരിച്ചില്ല... അയാളുടെ ദയനീയ യാചനയോടെയുള്ള കരച്ചിൽ മനസ്സിൽ തട്ടാത്തവരോട് പറഞ്ഞിട്ടെന്ത് കാര്യം....
ഒറ്റക്ക് അയാളെ താങ്ങി എടുക്കാനാകാതെ ഒന്നു സഹായിക്കാൻ പലരോടും അപേക്ഷിച്ചു നോക്കി. ആരും മുന്നോട്ടുവന്നില്ല. സ്വയം നിക്കാൻ പോലും ശേഷിയില്ലാത്ത ഒരു അപ്പൂപ്പനാണ് ഒന്നു പിടിക്കാൻ സഹായിച്ചത്....
ഇവരൊക്കെ എന്ത് മനുഷ്യരാണാവോ.?? മനുഷ്യൻ എന്ന് ഇവരെ വിളിക്കാനാവുമോ??
ഒരാൾ രക്തം വാർന്ന് പിടയുന്നത് കാമറയിൽ ഒപ്പിയെടുത്ത് കണ്ട് രസിക്കാനാൻ മാത്രം നികൃഷ്ഠരോ മനുഷ്യർ???
അതോ അതിലെ ദീന രോദനം മക്കൾക്ക് താരാട്ടായി കേൾപ്പിക്കാനായിരിക്കുമോ..? സ്വന്തം മരണം ആസ്വദിക്കാൻ പറ്റില്ലെന്നറിയാവുന്നോണ്ട് മറ്റുള്ളവരുടേത് കണ്ട് രസിക്കാനോ, അതുമല്ലെങ്കിൽ ഇതുപോലൊരു നാൾ ഞാനും ഏതെങ്കിലും വണ്ടിയിടിച്ച് റോട്ടിൽ ചോരയെലിപ്പിച്ച് കിടന്നാൽ ഇങ്ങനൊക്കെ പിടഞ്ഞാണ് മരിക്കുന്നതെന്ന് പ്രാക്ടീസ് ചെയ്യാനോ...?
എന്തായിരിക്കും അവരുടെ ഉള്ളിലെ അപ്പോഴത്തെ വികാരം..?
ഒരോന്നാലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് നേരത്തെ വന്നിട്ടുപോയ പോലീസുകാരുടെ കൂടെ ഒരു പെൺകുട്ടിയും അമ്മയും കൈയിലൊരു കൈ കുഞ്ഞുമായി വരുന്നത്....
ഐ സി യു വിന്റെ ചില്ലുവാതിലിലൂടെ മകനെ കണ്ട ആ അമ്മ വാവിട്ടു നിലവിളിച്ചു. നിലവിളി ശബ്ദം പോലും പുറത്തേക്ക് വരാതെ ആ പെൺകുട്ടി തളർന്ന് നിലത്തേക്കിരുന്നു...
അമ്മയുടെയും മുത്തശ്ശിയുടെയും കരച്ചിൽ എന്തിനെന്നറിയാതെ കുഞ്ഞും വലിയ വായിൽ കരയുന്നു...
കണ്ടു നിൽക്കാനാവാതെ കുറച്ചകലേക്ക് മാറി നിന്നു...
കുറേ നേരം എന്തൊക്കെയോ ആലോചിച്ചു നിന്നപ്പോഴാണ് പുറകിൽ നിന്ന് മേനെ എന്ന വിളി കേൾക്കുന്നത്.
തിരിഞ്ഞ് നോക്കിയപ്പോൾ കുഞ്ഞിനേയും തോളത്തിട്ട് ആ അമ്മ നിൽക്കുന്നു.
മോനാണല്ലേ എന്റെ കുഞ്ഞിനെ ഇവിടെത്തിച്ചത്. മോനെ ദൈവം രക്ഷിക്കുമെന്ന് പറഞ്ഞെന്റെ കൈയിൽ പിടിച്ചു. എന്റെ ഷർട്ടിലും മറ്റും പടർന്ന മകന്റെ ചോര കണ്ടവർ ശബ്ദമില്ലാതെ കരഞ്ഞു....
കുറച്ചകലെ മാറി ആ പെൺകുട്ടി ഒരു കസേരയിൽ തളർന്നിരിക്കുന്നുണ്ട്....
ചെറുപ്പത്തിലെ അച്ചനുപേക്ഷിച്ചു പോയ മകനെ കൂലി പണിയെടുത്ത് വളർത്തിയതും നന്നായി പഠിച്ചവൻ ജോലി വാങ്ങിയതും അനാഥാലയത്തിൽ നിന്നും ആരോരുമില്ലാത്ത കുട്ടിയെ അവനു വേണ്ടി കണ്ടെത്തിയതുമൊക്കെ കരഞ്ഞുകൊണ്ടാണവർ പറഞ്ഞു തീർത്തത്.
കുറച്ച് നേരം കഴിഞ്ഞപ്പോൾ വീട്ടിലൊന്ന് പോയി കുളിച്ചിട്ടു വരാമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്നും പറഞ്ഞു മൈബൈൽ നമ്പർ എഴുതി കൊടുത്ത് ഞാൻ പോന്നു....
കുറച്ച് നടന്ന കഴിഞ്ഞപ്പോഴാണ് ഏട്ടാ എന്ന് വിളിച്ച് ആ പെൺകുട്ടി ഓടി വരുന്നത്...
കയ്യിലും കഴുത്തിലുമുള്ള സ്വർണ്ണമെല്ലാം ഊരി എന്നെ ഏൽപ്പിച്ച്, ഇതൊന്ന് വിറ്റ് തരുമോ ഏട്ടാ ഞങ്ങളെ കയ്യിൽ പൈസയെന്നൂല്ലാന്ന് പറഞ്ഞപ്പോൾ ഞാനും തളർന്ന് പോയി...
കയ്യിൽ അവശേഷിച്ച പൈസയെടുത്ത് അവളെ ഏൽപിച്ചപ്പോൾ അവൾ പറഞ്ഞു, ഇത്രനേരം ബില്ലൊക്കെ അടച്ചത് ഏട്ടനാന്ന് പോലീസുകാരുപറഞ്ഞു..
എന്റെ ചേട്ടായിക്കു സുഖമാവുമ്പോ തിരിച്ചു തരാട്ടോ എന്നവൾ പറഞ്ഞപ്പോൾ എന്റെയും അവളുടെയും കണ്ണു നിറഞ്ഞിരുന്നു.
കയ്യിൽ തന്ന സ്വർണ്ണമെല്ലാം വിറ്റ് കാശ് അവരെ ഏൽപ്പിച്ച് വേഗം വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോന്നു...
വന്ന ഉടനെ അമ്മയോടും അമ്മൂസിനോടും കാര്യങ്ങളെല്ലാം പറഞ്ഞു.
കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അമ്മ ചോറെടുത്ത് വച്ചിരുന്നു. അതു കഴിച്ച് അമ്മയോട് ഞാനൊന്നൂടെ പോയി നോക്കീട്ട് വരാമെന്ന് പറഞ്ഞപ്പോഴാണ് ഞാനും വരുന്നുണ്ടെന്ന് പറഞ്ഞ് അമ്മു ഒരുങ്ങി വരുന്നത്..
അവളേം കൂട്ടി ഹോസ്പിറ്റലിൽ എത്തി ലിഫ്റ്റിൽ കേറാൻ നിന്നപ്പോഴാണ് ലിഫ്റ്റിൽ നിന്നും കരഞ്ഞുകൊണ്ടിറങ്ങുന്ന അമ്മയേയും മരുമോളെയും കണ്ടത്...
കൂടെ ആരൊക്കെയോ ഉണ്ട്. എന്നെ കണ്ടതും ആ അമ്മ വാവിട്ടു നിലവിളിച്ചു. പോയി മോനെ ഇനി അവനില്ലാന്നും പറഞ്ഞെന്നെ ചുറ്റിപിടിച്ചു..
അമ്മു പേടിച്ച് എന്റെ കയ്യിൽ മുറുകെ പിടിച്ചു..
കരഞ്ഞു തളർന്ന ആ പെൺകുട്ടിയെ ഞാൻ നോക്കിയപ്പോഴാണ് അമ്മുവും അവളെ ശ്രദ്ധിച്ചത്... അവൾ അടുത്ത് ചെന്ന് അവളുടെ തോളിലുറങ്ങുന്ന കുഞ്ഞിനെ വാങ്ങി അവളെ ചേർത്ത് പിടിച്ചു... ഒരാശ്രയമെന്നോണം അവൾ അമ്മുവിന്റെ തോളിലേക്ക് ചാഞ്ഞു...
പോസ്റ്റ്മോർട്ടത്തിനായി ബോഡി മെഡിക്കൽ കോളേജിൽ കൊണ്ട് പോണം. അവന്റെ കുറെ സുഹൃത്തുക്കളും അയക്കാരുമൊക്കെ വന്നിട്ടുണ്ട്.
അമ്മയെയും മരുമകളെയും വീട്ടിൽ കൊണ്ടാക്കി... ഒരാശ്വസത്തിനായി അമ്മുവിനെ അവർകൊപ്പം നിർത്തി പോന്നു. കുഞ്ഞിനെയെങ്കിലും അവളു നോക്കിക്കോളുമല്ലോ....
എല്ലാം കഴിഞ്ഞ് പോരാൻ നേരം അമ്മയോടും മോളോടും പിന്നെ വരാമെന്ന് പറഞ്ഞ് എറങ്ങിയപ്പോഴാണ് അവൾ സ്വർണ്ണം വിറ്റ കാശ് എന്റെ നേരെ നീട്ടിയത്.. ഏട്ടന് എത്ര രൂപ ചിലവായീന്ന് എനിക്കറിയില്ല. എത്രയാന്നു വച്ചാ ഇതീന്നെടുത്തോന്നു പറഞ്ഞതും അമ്മു ആ കയ്യിൽ പിടിച്ചു...
ഇത് ഇവിടെ ഇരിക്കട്ടെ..... ഇനിയും ജീവിതം കഴിയേണ്ടതല്ലെ, ഞങ്ങളെ ചേച്ചി അന്യരായിട്ട് കാണാതിരുന്നാ മതി. ...
അപ്പോ ഇതൊരു ബാധ്യതയായിട്ട് തോന്നൂല്ലാന്ന് പറഞ്ഞതും അവൾ ഒരു തേങ്ങലോടെ അമ്മുവിനെ കെട്ടിപ്പിടിച്ചു...
എന്റെ അമ്മു ആരുമില്ലാത്ത അവൾക്ക് അനിയത്തി കുട്ടിയാകുന്നത് നിറഞ്ഞ മനസ്സോടെ ഞാൻ കണ്ടു......
ഇനിയും ഞങ്ങള് വരുമെന്ന് പറഞ്ഞ് അവിടുന്നെറങ്ങുമ്പോഴും മനസ്സ് ശൂന്യമായിരുന്നു....
അമ്മുവും പൊന്നൂസും അച്ചനും അമ്മയുമൊക്കെ മനസ്സിലൂടെ ഓടി മറഞ്ഞു കൊണ്ടിരുന്നു.
മുക്കാൽ മണിക്കൂറോളം റോട്ടിൽ ചോര വാർന്ന് പിടഞ്ഞ് കിടക്കുമ്പോൾ അയാളുടെ മനസ്സിലും അമ്മയും ഭാര്യയും ആ പൊടിക്കുഞ്ഞുമൊക്കെ ഉണ്ടായിട്ടുണ്ടാവില്ലെ???
അവിടെ കൂടി നിന്ന് ഫോട്ടോയും വീഡിയോയും പകർത്തിയവരുടെ വീട്ടിലും കാണില്ലേ ഇങ്ങനൊരു ഭാര്യയും അമ്മയും കുഞ്ഞുമൊക്കെ... ?
തനിക്കും ഒരുനാൾ ഇങ്ങനെ വന്നാലോ എന്ന് എന്തെ ഒരാളും ചിന്തിക്കാത്തത്...
ഒരു മനുഷ്യന്റെ ജീവന് വേറൊരു മനുഷ്യൻ ഒരു വിലയും കൽപിക്കുന്നില്ലേ..????
ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ മനസ്സിൽ കിടന്ന് പുളഞ്ഞു കൊണ്ടിരിക്കുന്നു....
Rinna Jojan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot