നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദേവപ്രശ്നം

ദേവപ്രശ്നം
കഥ
''ദെെവദോഷം പറയരുത്, കാര്‍ത്തൂ.'' അമ്മാവന്‍ കിട്ടുനായര്‍ ആശ്വസിപ്പിച്ചു.''ആ ക്ഷേത്രത്തിലെ ചോറുണ്ടല്ലേ നമ്മളു കഴിഞ്ഞത്? '' കരച്ചില്‍ ഭ്രാന്താവസ്ഥയിലെത്തിയ കാര്‍ത്തു പെട്ടന്നു കരച്ചില്‍ നിര്‍ത്തി. അവളുടെ ഭ്രാന്തമായ നോട്ടം കണ്ട് അമ്മാവന്‍ പകച്ചു.
''ആ ചോറല്ലേ അതേ ദേവന്‍ തട്ടിക്കളഞ്ഞത്. ?'' അവളുടെ ചോദ്യത്തിന്റെ പാരുഷ്യം സഹിക്കാനാവാതെ അയാള്‍ കാതു പൊത്തി.
അവള്‍ പറയുന്നതില്‍ ന്യായമുണ്ട്. മുപ്പത്തഞ്ചു വയസ്സുമാത്രമുണ്ടായിരുന്ന അവളുടെ ഭര്‍ത്താവ് കേശു പത്തു വര്‍ഷമായി അമ്പലത്തിലെ ആനയുടെ പാപ്പാനായിരുന്നു. കലൃാണം കഴിഞ്ഞ പിറ്റെ വര്‍ഷമാണ് അയാള്‍ ഉണ്ണികൃഷ്ണന്റെ പാപ്പാനായത്. കാര്‍ത്തുവിനെ പോലെ വിശ്വാസമായിരുന്നു അവന് ആ കൊമ്പനെ. ഉച്ചയൂണ് അവന്റെയൊപ്പം, അത്താഴം അവളുടെയൊപ്പം.പകലുറക്കം അവന്റെ തണലില്‍. രാത്രി അവളുടെ ഇരുട്ടില്‍.
ഉത്സവങ്ങളൂം വേലകളുമില്ലാത്ത കാലവര്‍ഷക്കാലത്ത് അവളുടെ പരിചരണത്തില്‍ അവന്‍ കൊച്ചുകുട്ടിയെ പോലെ ഉറങ്ങി.പുഴയില്‍ കുളിക്കുമ്പോള്‍ അവന്‍ തുമ്പിക്കെെനിറയെ വെള്ളം ചീറ്റി അവളെ ആറാട്ടി.
ഉണ്ണിയില്ലാത്ത അവര്‍ക്ക് ഉണ്ണിയായിരുന്നു ഉണ്ണികൃഷ്ണന്‍ .
കേശൂനെ അവന് ചവുട്ടിക്കൊല്ലാനാവില്ല.
ദേവസ്വം മേനേജരുടെ ആശ്രിതന്‍ പപ്പനെ പാപ്പാക്കാനുള്ള ഒരടവാണ് ഈ കൊല എന്ന കാര്‍ത്തുവിന്റെ സംശയത്തിനും ന്യായമുണ്ട്. കീഴെ തൃക്കോവമ്പലത്തിലെ ആനയെ പീഡിപ്പിച്ച കുറ്റത്തിനു പാപ്പാന്‍ പണി നഷട്പ്പെട്ട പപ്പന്‍ തന്റെ ആനത്തോട്ടിയുമായി ദേവസ്വം കച്ചേരിയില്‍ എന്നും വട്ടം ചുറ്റുന്നത് കേശുവും കാര്‍ത്തുവും കാണാറുള്ളതാണ്. കേശൂന്റെ പേരില്‍ പല കുറ്റങ്ങളും ദേവസ്വക്കാര്‍ ആരോപിക്കുന്നത് ഈയിടെ പതിവായിരുന്നു. ആനപ്പുറത്ത് തിടമ്പ് ഉറയ്ക്കുന്നില്ലെന്നും ദേവകോപത്തിന്റെ അടയാളങ്ങള്‍ കാണുന്നുണ്ടെന്നും തിരുമേനിമാര്‍ ഊണിനും വെടിവട്ടത്തിനുമിടയില്‍ പറയാറുണ്ടത്രെ.
''ദേവകോപാത്രെ, ദേവകോപം !'' ഇളകിമറിയുകയാണ് കാര്‍ത്തു.'' ദേവപ്രശ്നം വെയ്ക്കണ വാരരോട് ഞാന്‍ തന്നെ ചോദിക്കും..''
ഒരു കൊടുങ്കാറ്റു പോലെ അമ്പല നടയിലേയ്ക്ക് ആഞ്ഞടിച്ച കാര്‍ത്തുവിന്റെ മുമ്പില്‍ വെെക്കോല്‍ പോലെ കിട്ടുനായര്‍ നിസ്സഹായനായി .അയാളുടെ ''കാര്‍ത്തൂ '' വിളി എവിടെയും എത്താതെ ചിന്നച്ചിതറി.
അമ്പലനടയ്ക്കല്‍ സ്ഥലത്തെ പ്രധാന സ്വര്‍ണാഭരണ വ്യാപാരിയുടെ പേരോടുകൂടിയ '' ഓം നമഃ ശിവായ .മേലെതൃക്കോവ് ക്ഷേത്രത്തിന്റെ പരിശുദ്ധിക്കുവേണ്ട പരിഹാരകര്‍മ്മങ്ങള്‍ക്ക് എല്ലാ ഭക്തജനങ്ങളും ഉദാരമായി സംഭാവന ചെയ്യുക '' എന്ന ഫ്ലെക്സ് കാറ്റില്‍ ഉലഞ്ഞാടി. പിരിവിന് രശീതിയും പണപ്പെട്ടിയുമായി ഇരിക്കുന്ന കമ്മറ്റിക്കാര്‍ പെട്ടന്ന് പുസ്തകങ്ങളും പെട്ടിയുമടച്ചു.
ഊണു കഴിഞ്ഞു കെെകഴുകാന്‍ പുറത്തുവരുന്ന തിരുമേനിമാര്‍ എച്ചില്‍ക്കെെ മുകളിലേയ്ക്ക് ഉയര്‍ത്തി അവരുടെ സംശയം സ്ഥിരീകരിച്ചു.''ദേവകോപം തന്നെ . ദാ, തേവര് അടയാളം കാട്ടുണു.ശൂദ്രസ്ത്രീ പ്രദക്ഷിണ വഴീല് ഒറഞ്ഞു തുള്ളുണൂ. ശങ്കരാ, ഒരാഴ്ച്ചക്ക് കോളായി. ശുദ്ധി,പരിഹാരം, കലശം, .. പണിക്കര്‍ക്ക് പെഴച്ചില്യ.''
ശൂദ്രസ്ത്രീയുടെ ശബ്ദം അതിലും ഉച്ചത്തിലായിരുന്നു. '' എവടെ ആ വാരര് ? കവടി നോക്കിപ്പറയട്ടെ ,പാവം എന്റെ കേശുവേട്ടന്‍ ദേവനോട് എന്ത് അപരാധാ ചെയ്തേന്ന്. ദേവന്റെ പേരില് പണം പിരിക്കണോരും സദ്യ ഉണ്ണനോരും പറയേന്‍ ആരാ...''ആരോ അവളുടെ വായപോത്തി.
ഊണു കഴിഞ്ഞു അമ്പലത്തിലെ പത്തായപ്പുരയില്‍ വിശ്രമിച്ചിരുന്ന ജ്യോത്സ്യന്‍ വാരിയര്‍ പാതി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. '' പ്രശ്നക്കളത്തിന്റെ മുന്‍പിലു വച്ച വെളക്കു കെട്ടൂ ,അല്ലേ ? '' ജ്യോത്സ്യന്റെ സംശയം തീര്‍ക്കാന്‍ ഭക്തര്‍ ചുറ്റമ്പലത്തിലേയ്ക്ക് ഓടി.
'' ഹായ്, ഹായ്, വാരര് കവടി വാര്യാ പെഴക്കില്ല്യ.''കെട്ടുപോയ വിളക്കു കണ്ട് ആനന്ദപരവശരായവര്‍ മാറത്തു കെെവച്ചു.
'' വലിയ ആപത്തുകള്‍ വരാനിരിക്കുന്നു. ചാര്‍ത്തു തരാം. ഉടന്‍ പരിഹാരക്രിയകള്‍ തുടങ്ങണം. '' തോര്‍ത്തുകൊണ്ട് നെറ്റിയിലെ വിയര്‍പ്പു തുടച്ചുകൊണ്ട് വാരിയര്‍ പ്രവചിച്ചു..
അമ്പലം കമ്മറ്റി അടിയന്തരയോഗത്തിനു നോട്ടീസയച്ചു. തന്ത്രി-മേല്‍ശാന്തി -കീഴ്ശാന്തിമാര്‍ വിസ്തരിച്ചൊന്നു മുറുക്കി നിവര്‍ന്നിരുന്ന് കര്‍മ്മങ്ങള്‍ക്കു വേണ്ടിവരുന്ന നെയ്യ്,ശര്‍ക്കര, ഉണക്കല്ലരി, ഇണവസ്ത്രങ്ങള്‍, എന്നീ ഇനങ്ങള്‍ പരികര്‍മ്മികളുടെ പേരുകളുമായി ചേരും പടി ചേര്‍ക്കാന്‍ വട്ടത്തിലിരുന്നു.

Rajan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot