നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#റോഡപകടങ്ങളും_മുൻകരുതലുകളും.

"കാറും ബൈക്കും കൂട്ടിമുട്ടി യുവാക്കൾ മരിച്ചു"
"അമിതവേഗതയിൽ വന്ന ബൈക്ക് ബസ്സിനു പിന്നിൽ പാഞ്ഞു കയറി വിദ്യാർത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ"
പത്രങ്ങളിലും ചാനലുകളിലുമായി ദിവസവും നാം കാണുന്ന വാർത്തകളിൽ അധികവും ഇത്തരത്തിലുള്ളവയാണ്. രേഖകൾ പ്രകാരം ഏകദേശം പതിനാറിനും മുപ്പത്തിയഞ്ചിനും ഇടക്ക് പ്രായമുള്ള യുവാക്കളും വിദ്യാർത്ഥികളുമാണ് അതിലധികവും എന്നുള്ളതാണ് ഏറ്റവും ദുഃഖകരമായുള്ളത്. ദൈനംദിന ജീവിതത്തിൽ മിക്കവാറും ഇത്തരം വാർത്തകളിൽ ഒന്നെങ്കിലും നമ്മൾ കാണാറുണ്ട്. എന്നാൽ എത്രപേർ അതിന് അർഹിക്കുന്ന പ്രാധാന്യം നൽകുന്നുണ്ട് ? ഇരുപതു ശതമാനം ജനങ്ങൾ പോലുമുണ്ടാകില്ലെന്നു നിസംശയം നമുക്ക് പറയാൻ സാധിക്കും. അതിനൊരു കാരണവുമുണ്ട്. നമ്മൾ മലയാളികൾ എത്ര കണ്ടാലും കേട്ടാലും ഒന്നും പഠിക്കില്ല എന്നുള്ളതാണ് സത്യം. സ്വന്തം അനുഭവത്തിൽ വരുന്നത് വരെ കാത്തിരിക്കുകയാണ് മിക്കവാറും നമ്മളെല്ലാവരും ചെയ്യുന്നത്. എന്നാൽ ജീവിതം ആരംഭിക്കും മുൻപേ കൊഴിഞ്ഞു പോകുന്ന ഇവരെപ്പറ്റി ഒരിക്കലെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ ?
2016 ജനുവരി മുതൽ 2017 നവംബർ വരെയുള്ള പോലീസിന്റെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം കേരളത്തിൽ മാത്രം 74544 റോഡപകടങ്ങളിലായി 7986 ജീവനുകളാണ് പൊലിഞ്ഞത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 83122 പേർ. രേഖപ്പെടുത്താത്ത കണക്കുകൾ വേറേ. വർധിച്ചു വരുന്ന ഇത്തരം റോഡപകടങ്ങൾ എങ്ങനെ സംഭവിക്കുന്നുവെന്നും ഒരുപരിധി വരെയെങ്കിലും അതിനെ എങ്ങനെ നിയന്ത്രിക്കാമെന്നും എപ്പോഴെങ്കിലും നമ്മൾ ആലോചിച്ചിട്ടുണ്ടോ ? ഉണ്ടാകില്ല - കാരണം അവരാരും നമ്മുടെ ഉറ്റവരോ ഉടയവരോ ആയിരുന്നില്ല.
പല കാരണങ്ങൾ കൊണ്ടും വാഹനാപകടങ്ങൾ ഉണ്ടാകാറുണ്ട്. അമിതവേഗത, മദ്യപിച്ചു വാഹനമോടിക്കുക , ഡ്രൈവിംഗ് സമയത്തുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം, അശ്രദ്ധ തുടങ്ങിയവയെല്ലാം സ്വയം വരുത്തിവക്കുന്ന അപകടങ്ങളാണെങ്കിൽ റോഡിന്റെ ശോചനീയാവസ്ഥ , മറ്റു വാഹനങ്ങളുടെ മരണപ്പാച്ചിൽ , വാഹനപ്പെരുപ്പം, എന്നിവയെല്ലാം റോഡപകടങ്ങൾക്കുള്ള മറ്റ് കാരണങ്ങളാണ്. ഇതൊഴിവാക്കാൻ നമ്മളെന്താണ് ചെയ്യേണ്ടത് ?
നാം നന്നായാൽ മാത്രമേ നമ്മുടെ കുടുംബം നന്നാവുകയുള്ളൂ. നമ്മുടെ കുടുംബം നന്നായാൽ മാത്രമേ നമ്മുടെ സമൂഹം നന്നാവുകയുള്ളൂ എന്നുള്ള ആശയം മുൻനിർത്തി അപകടങ്ങൾ ഉണ്ടാവാതിരിക്കുവാനുള്ള മുൻകരുതലെന്നോണം ആദ്യം നമുക്കെന്ത് ചെയ്യാൻ കഴിയും എന്നുള്ളതാണ് ചിന്തിച്ചു തുടങ്ങേണ്ടത്.
അമിതവേഗതയും അശ്രദ്ധയും കൊണ്ടുള്ള അപകടങ്ങൾ ഉണ്ടാക്കുന്നവരിൽ കൂടുതലും പതിനാറിനും ഇരുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ളവരാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ അതിനുള്ള വഴിയൊരുക്കുന്നത് സ്വന്തം രക്ഷിതാക്കൾ തന്നെയാണെന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് സാധിക്കും. ദിനംപ്രതി ഇതുപോലുള്ള അപകടങ്ങൾ നമ്മുടെ കണ്മുന്നിലുണ്ടായിട്ടും മക്കളോടുള്ള സ്നേഹം കൊണ്ടും അവരുടെ വാശിക്ക് മുന്നിൽ തോറ്റുകൊടുത്തുകൊണ്ടും അവരാവശ്യപ്പെടുന്ന ഇരുനൂറും മുന്നൂറും എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ അറിഞ്ഞുകൊണ്ട് തന്നെ അവരെ മരണത്തിലേക്ക് തള്ളിവിടുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് രക്ഷിതാക്കളും ചിന്തിക്കാറില്ല.
ആദ്യമായി നമ്മൾ ചെയ്യേണ്ടത് സ്കൂളിലും കോളേജിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാഹനത്തിന്റെ ആവശ്യമുണ്ടോയെന്നു മനസ്സിരുത്തി ചിന്തിക്കുക. അതൊഴിവാക്കിയാൽ മാത്രം അൻപത് ശതമാനത്തോളം റോഡപകടങ്ങളെങ്കിലും ഒഴിവാക്കുവാൻ നമുക്ക് സാധിക്കും.
രണ്ടാമതായി റോഡപകടങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് ബസ്സുകളുടെയും സമാനമായ വാഹനങ്ങളുടെയും മരണപ്പാച്ചിലുകൾ. മണിക്കൂറിൽ 60 കിലോമീറ്റർ മാത്രം വേഗത അനുവദിച്ചിട്ടുള്ള നമ്മുടെ റോഡുകളിൽ മിക്ക വാഹനങ്ങളുടെയും വേഗത 90നും100നും മുകളിലാണ്. ഇതിന് നിയന്ത്രണമെന്നോണം ഗവൺമന്റ് വേഗതാപ്പൂട്ട് (speed governor) എന്ന സംവിധാനം കൊണ്ടു വന്നെങ്കിലും മിക്ക വാഹനങ്ങളിലും അത് പ്രവർത്തിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഉത്തരവാദിത്തപ്പെട്ടവർ ഇത് പരിശോധിക്കുന്നതോ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന സമയത്തു മാത്രവും.
കൃത്യമായ പരിശീലനമില്ലാതെ തിരക്കുള്ള റോഡുകളിൽ വാഹനമോടിക്കുക എന്നുള്ളതാണ് അപകടങ്ങളുണ്ടാകാനുള്ള മറ്റൊരു കാരണം. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് കൂടുതലും സ്ത്രീകളാണ്. പുരുഷന്മാരും പിന്നിലല്ല.
ഇനിയും ഒരുപാടൊരുപാട് കാരണങ്ങൾ കൊണ്ട് റോഡപകടങ്ങൾ സംഭവിക്കാറുണ്ട്. എല്ലാം വിശദീകരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും നമുക്ക് കഴിയുന്ന കുറച്ചു കാര്യങ്ങളെങ്കിലും ശ്രദ്ധിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കുവാൻ നമുക്ക് സാധിക്കും.
1) പ്രധാനമായും വിദ്യാർത്ഥികൾക്കും കൗമാരക്കാർക്കും കഴിയുന്നതും വാഹനങ്ങൾ വാങ്ങി നൽകാതിരിക്കുക.
2) കൃത്യമായും റോഡ് നിയമങ്ങൾ പാലിക്കുക.
3) കൃത്യമായ പരിശീലനമില്ലാതെ വാഹനങ്ങളുമായി റോഡിലിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
4) മദ്യപിച്ചു വാഹനമോടിക്കാതിരിക്കുക.
5) അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിക്കാതിരിക്കുക.
6) വാഹനങ്ങൾ തമ്മിലുള്ള മത്സരങ്ങൾ ഒഴിവാക്കുക.
7) ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.
8) ഓരോ സ്ഥലങ്ങളിലും അനുവദിച്ചിട്ടുള്ള വേഗതയിൽ മാത്രം വാഹനം ഓടിക്കുക.
9) ഓരോ വാഹനത്തിനും അനുവദിച്ചിരിക്കുന്ന സമയത്തിനിടക്ക്‌ തന്നെ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തുക.
ഇത്രയും ചെയ്യേണ്ടത് ജനങ്ങളുടെ ഭാഗത്ത്‌ നിന്നാണെങ്കിൽ ഇനിയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും ഗവൺമന്റുമാണ്. റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കീഴിൽ കഴിയുന്നത്ര റോഡ് സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുക. കൃത്യമായ പരിശോധനകളിലൂടെ ബസ്സുകളിലും അതുപോലുള്ള മറ്റ്‌ വാഹനങ്ങളിലും വേഗതപ്പൂട്ടിന്റെ പ്രവർത്തനം ഉറപ്പു വരുത്തുക. വാഹനങ്ങളുടെ ഫിറ്റ്നസ് യഥാസമയം ഉറപ്പുവരുത്തുക. മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ ലൈസൻസ് എന്നന്നേക്കുമായി റദ്ദ് ചെയ്യുക തുടങ്ങിയ വിട്ടുവീഴ്ചയില്ലാത്ത കർശനമായ നിയമങ്ങൾ കൊണ്ടുവരാനും ഗവൺമന്റിന് കഴിയണം.
എല്ലാത്തിലുമുപരിയായി ഇതെല്ലാം പ്രാവർത്തികമാകണമെങ്കിൽ നമ്മുടെ ഗവൺമന്റ്, പോലീസ്, റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവരുടെയെല്ലാം ആത്മാർത്ഥമായ പരിശ്രമവും പരിപൂർണ്ണ സഹകരണവും എന്നും ജനങ്ങളോടൊപ്പം ഉണ്ടാകണം. എങ്കിൽ മാത്രമേ ദിനംപ്രതി വർധിച്ചു വരുന്ന റോഡപകടങ്ങൾക്ക് കുറച്ചെങ്കിലും ഒരറുതി വരുത്തുവാൻ നമുക്ക് സാധിക്കുകയുള്ളു.
അശ്രദ്ധയും അഹങ്കാരവും കൊണ്ട് ഇനിയൊരു ജീവൻ കൂടി റോഡിൽ പൊലിയാതിരിക്കട്ടെ.
ഓർക്കുക ഓരോ ജീവനും വിലപ്പെട്ടതാണ്.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot