Slider

താഴ്വര ഭാഗം - 1

0

താഴ്വര ഭാഗം - 1
----------------------------
ദീർഘദൂര യാത്ര കഴിഞ്ഞ് ഞാൻ അവളുടെ വീട്ടുപടിക്കൽ എത്തി. ഇതിനുമുന്പുള്ള എന്റെ എല്ലാ വരവിനും ഈ മുറ്റത്ത് കാത്തു നിൽക്കാൻ അവൾ ഉണ്ടാവാറുണ്ട്. പക്ഷെ ഇത്തവണ...
ഇരുമ്പ് ഗേറ്റ് കിരുകിരാ ശബ്ദത്തോടെ അകത്തേക്ക് തുറന്ന് എനിക്കുള്ള പാത തെളിച്ചു. താഴെ വീണു കിടക്കുന്ന പൂക്കളെ ചവിട്ടി മെതിച്ച് ആ മുറ്റത്തേക്ക് കയറുമ്പോൾ ഓടി വന്നെന്റെ കൈയിൽ പിടിക്കുന്ന അവളെയാണ് ഓർമ്മ വന്നത്. ഒരു നിമിഷം ഒഴുകി വന്ന കാറ്റിൽ അവളുടെ ഗന്ധം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി.
തലയുയർത്തി ഞാൻ ആ വീടിന്റെ ഉമ്മറത്തേക്ക് നോക്കി. അവളുണ്ടാക്കിയ ശൂന്യത ആ വീടിനെ മയക്കത്തിലാഴ്ത്തിയിരിക്കുന്നു. ചവിട്ടുപടികൾ കയറി ഞാൻ ഉമ്മറത്തേക്ക് എത്തുമ്പോഴേക്കും അമ്മാവൻ അകത്തു നിന്നും ഇറങ്ങി വന്നു.
എല്ലാ തവണയും നിറഞ്ഞ ആഹ്ലാദത്തോടെ തന്നെ സ്വീകരിച്ചിരുന്ന ആ മുഖത്ത് വിഷാദം കുടിലുകുത്തി പാർക്കും പോലെ തോന്നിച്ചു. ഒരു പുഞ്ചിരി വിടർത്താൻ അദ്ദേഹം ഒരു വിഫലശ്രമം നടത്തി. ഞാനും.
ഒരു ആരംഭത്തിനായി തിരയുന്ന ഞങ്ങൾക്കിടയിലെ മൗനത്തിനു അമ്മാവൻ തന്നെ വിരാമമിട്ടു.
"വണ്ടിയൊക്കെ സമയത്തിന് തന്നെ എത്തി, അല്ലെ..?"
"ഉവ്വ്."
ആ ചോദ്യവും ഉത്തരവും ആ സന്ദർഭത്തിൽ ഒട്ടും ചേരുന്നില്ലെന്നു തോന്നി. പക്ഷെ മറ്റെന്താണ് ചോദിക്കേണ്ടതെന്ന് ഒരു രൂപവും കിട്ടിയതുമില്ല. അദ്ദേഹം അകത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
"അകത്ത് അവളുണ്ട്."
അമ്മായിയെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമായി മനസ്സിലായെങ്കിലും വെറുതെ ഞാൻ പ്രതീക്ഷയോടെ അകത്തേക്ക് നോക്കി. അകത്തു നിന്നും അവളുടെ കിലുങ്ങുന്ന ഒച്ച തന്നെ തേടിവരുന്നുണ്ടെന്ന് മനസ്സാൽ പ്രതീക്ഷിച്ച് കാത്തു നിന്നു. പക്ഷെ ഒന്നും വന്നില്ല. ഒടുവിൽ നിരാശയോടെ ആ വീടിനകത്തേക്ക് കയറി.
ഒരു ഇരുണ്ട ഗുഹയിലേക്ക് എന്ന പോലെയാണ് അകത്തേക്ക് കയറിയപ്പോൾ എനിക്ക് തോന്നിയത്. ആ വീടിന്റെ എല്ലാ പ്രകാശവും അവളായിരുന്നു. വാസുകി. തന്റെ വസു.
അകത്തേക്ക് കടന്നപ്പോൾ അമ്മായിയെ കണ്ടു. തന്നെ കണ്ടപാടെ അമ്മായി കരയുവാൻ തുടങ്ങി. ഇത് പ്രതീക്ഷിച്ചതാണ്. എങ്കിലും ഒരു വേദന നെഞ്ചിൽ പടർന്നു. അമ്മായിയുടെ കണ്ണീരുണങ്ങാത്ത കവിളിൽ പിന്നെയും നനവ് പടർന്നു. ആശ്വസിപ്പിക്കാൻ എന്തെങ്കിലും പറയണം എന്ന് തോന്നിയെങ്കിലും കഴിഞ്ഞില്ല. സ്വയം ആശ്വസിക്കാൻ കഴിയാതെ ഞാൻ എങ്ങനെ അവരെ ആശ്വസിപ്പിക്കാനാണ്?
ആ രംഗത്തിന് തിരശ്ശീല വീണ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സ് വല്ലാതെ ശൂന്യമായിരുന്നു. വേഷം പോലും മാറാതെ കട്ടിലിലേക്ക് ചാഞ്ഞു. ഉള്ളിൽ അടക്കി വച്ചിരുന്ന സങ്കടം ഒരു പുഴ പോലെ പുറത്തേക്കൊഴുകി. കണ്ണീരിൽ കുതിർന്ന തലയിണ മുടിയിൽ വിരലോടിച്ച് ആശ്വസിപ്പിക്കും പോലെ തോന്നി.
എത്ര നേരം അങ്ങനെ കിടന്നുവെന്ന് ഓർമ്മയില്ല. വസു വന്നു വിളിക്കുംപോലെ തോന്നിയാണുണർന്നത്. പ്രതീക്ഷയോടെ ഞാൻ ചുറ്റിലും നോക്കി. പക്ഷെ അവളെ കണ്ടിലല്ല. ഒരു ദീർഘനിശ്വാസത്തോടെ ആ കട്ടിലിൽ നിന്നും എഴുന്നേറ്റു.
******
അമ്മാവനും അമ്മായിയും ഭക്ഷണം വിളമ്പി തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. ഊണ് മേശക്ക് ചുറ്റും ഇരിക്കുമ്പോൾ പരസ്പരം ഒന്നും സംസാരിക്കാൻ ഞങ്ങൾക്കായില്ല. അല്ലെങ്കിലും ഞങ്ങളാരുമല്ല, അവൾ തന്നെയാണ് എപ്പോഴും സംസാരിക്കാറുള്ളത്. ആരും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യരുതേ എന്ന് ഞങ്ങൾ ഓരോരുത്തരും പ്രാർത്ഥിച്ച് കാണണം.
വസുവിന്റെ മുറി തുറന്ന് അകത്തേക്ക് അകത്തേക്ക് കടക്കുമ്പോൾ മനസ്സിലെ വികാരം എന്തായിരുന്നു എന്ന് തിട്ടമില്ല. ഒരു നിമിഷം ഞാൻ കണ്ണടച്ച് നിന്നു. 'കിച്ചുവേട്ടാ...' എന്ന അവളുടെ വിളിയും ആ മുഖവും മനസ്സിലേക്ക് ഓടിയെത്തി.
അവളുടെ കട്ടിലിൽ ഞാൻ ഇരുന്നു. എന്തൊക്കെയോ ഓർമ്മകൾ എന്നെ കുത്തി നോവിക്കുന്നുണ്ട്. ഒന്നിനും മുഖം കൊടുക്കാതെ തിരിഞ്ഞ് നടക്കാൻ ആവുന്നത്ര ശ്രമിച്ചു. എന്നിട്ടും...
ഉണർന്നപ്പോൾ അറിഞ്ഞു, നേരം പുലരുവോളം അവളുടെ മുറിയിൽ ആണുറങ്ങിയതെന്ന്. പെട്ടെന്നെന്തോ ഓർമ്മ വന്ന പോലെ ഞാൻ ആ മുറിയിൽ ആകെ ഒന്ന് പരതി. എന്താണ് തിരയുന്നതെന്ന് നിശ്ചയമില്ലെങ്കിലും എന്തിനോ വേണ്ടി ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു.
കൈയിൽ തടഞ്ഞ പുസ്തകം തുറക്കാൻ ആഞ്ഞപ്പോഴേക്കും പുറകിൽ നിന്നും അമ്മായിയുടെ വിളി എത്തി.
"ഇവിടെയാണോ കിടന്നത്? ഞാൻ മുറിയിൽ പോയി നോക്കി."
ഞാൻ തിരിഞ്ഞു നോക്കി. നിറഞ്ഞ വിഷാദം ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ഒന്നും മിണ്ടാതെ ഞാൻ ചിരിക്കാൻ ശ്രമിച്ചു. അതിൽ വിജയിച്ചോ എന്ന് ഉറപ്പില്ല എങ്കിലും അമ്മായിയുടെ മറുപടി വന്നു.
"കുളിച്ച് വന്നാ ഭക്ഷണം കഴിക്കാം.."
ഒന്ന് തലയാട്ടുക മാത്രം ചെയ്തു. അമ്മായി തിരിഞ്ഞ് നടന്നു. കൈയിലെ പുസ്തകം തുറന്നു പോലും നോക്കാതെ ഞാൻ അതുമായി എന്റെ മുറിയിലേക്ക് നടന്നു.
******
ഏറെ നേരം കഴിഞ്ഞാണ് ഞാൻ ആ പുസ്തകം തുറന്നു നോക്കിയത്. എനിക്കായി കാത്തിരുന്ന പോലെ ഒരു പേജ് തുറന്നു വന്നു. അതിലെ തലക്കെട്ട് വായിച്ചപ്പോൾ തന്നെ തലച്ചോറിനുള്ളിൽ ഒരു മിന്നൽ പാഞ്ഞു പോയത് പോലെ തോന്നിച്ചു.
'മീനാക്ഷി മലയുടെ താഴ്വര'
എന്റെ ഉള്ളിൽ എന്തിനെന്നറിയാതെ വസുവിന്റെ മുഖം തെളിഞ്ഞു വന്നു. പുസ്തകം മടക്കി ബാഗിലാക്കി ഞാൻ ഒരു യാത്രക്ക് തയ്യാറെടുത്തു.
*******
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo