നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്ന് സ്വന്തം രാജകുമാരി....


എന്ന് സ്വന്തം രാജകുമാരി....
ഫോൺ വീണ്ടും നിരാശയോടെ നോക്കി, ദിവ്യ ബ്ലാങ്കറ്റിലേക്ക് ഒതുങ്ങി. " ഇവൾക്കിതെന്തുപറ്റി ? ഓഫ്‌ ആയി കിടക്കുന്നെ. അല്ലെങ്കിൽ ഡ്യൂട്ടി ഇല്ലാത്ത ദിവസം മനുഷ്യന് സമാധാനം തരാറില്ലല്ലോ " റൂംമേറ്റ്‌ നിയ അത്ഭുതപെട്ടു. " അവളുടെ ബൂസ്റ്റർ ഡോസ് വിളിച്ചിട്ടുണ്ടാവില്ല.... അതാവും... " ശിഖ കളിയായി പറഞ്ഞു.
" സൂരജേട്ടൻ കോളിങ്... " വീഡിയോ കോൾ ആണ്. ദിവ്യ ഒറ്റ കുതിപ്പിന് ഫോൺ കൈയിൽ എടുത്തു. " ആഹാ... കറണ്ട് വന്നല്ലോ... " നിയ അവളെ കളിയാക്കി. ചുണ്ടുകൾ കൊണ്ട് കോക്രി കാട്ടി ദിവ്യ ഉത്സാഹത്തോടെ ഫോൺ അറ്റൻഡ് ചെയ്തു. " ഇതെവിടെയായിരുന്നു സൂരജേട്ടാ... എത്ര നേരമായി ഞാൻ നോക്കിയിരിക്കുന്നു... " " അയ്യോ.. സോറി മോളൂ.. കുറച്ച് ബിസിയായി പോയി. മാസാവസാനമല്ലേ... " " ഉം... " അവന്റെ മറുപടിയിൽ അവൾ വെറുതെ മൂളി...
" ദേ.... പിണങ്ങിയോ... " സൂരജിന്റെ മൃദുല സ്വരം.
" ഉം... ഇവിടെ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ്.. ഉറങ്ങാതെ കുത്തി പിടിച്ചിരിക്കുവാ... അപ്പോഴാ... ഒരു മാസാവസാനവും മാങ്ങാത്തൊലിയും... " ശരിക്കും സൂരജിന് ചിരിയാണ് വന്നത്. " സോറി ഡാ ഞാനിന്നലെ പറഞ്ഞതല്ലേ.... അല്പം താമസിക്കും വിളിക്കാനെന്ന. എന്റെ ദിവ്യക്കുട്ടി അല്ലേ.... പിണങ്ങല്ലേ... ദേ.. പിണങ്ങുന്ന ഈ മുഖം കാണാൻ ഒരു ഭംഗിയും ഇല്ലാട്ടോ... " അനുനയ ശ്രമങ്ങൾക്ക് ഒടുവിൽ ദിവ്യ ചിരിച്ചു.
" ഹാവൂ... സമാധാനമായി... " സൂരജ് നെഞ്ചിൽ കൈവച്ചു. ദിവ്യ പിന്നെയും ചിരിച്ചു. ..
" കുറുമ്പി.... " പ്രണയം തുളുമ്പിയ ആ വിളിയിൽ... നാണം കൊണ്ട് ദിവ്യയുടെ മുഖം ചുവന്നു. ഏതോ സിനിമയിൽ ആരോ പറഞ്ഞ പോലെ , " അടിവയറ്റിൽ ഒരു മഞ്ഞു തുള്ളി ' വീണ സുഖം.
ഈ പിണക്കങ്ങളും പരാതി പറച്ചിലും പിന്നെ ആശ്വസിപ്പിക്കലും ഒക്കെയാണ്, കഴിഞ്ഞ ആറു മാസമായി... ദിവ്യയുടെയും സൂരജിന്റെയും ദിവസങ്ങൾ പുലരുന്നതും അണയുന്നതും... ഈത്തപ്പനയുടെ നാട്ടിലെ കൊടും ചൂടിൽ.... ഈ വിളികൾ ഒരുപാട് ആശ്വാസമാണ് ഇരുവർക്കും.
പ്രായം കൂടി വരുന്നു എന്ന അമ്മയുടെ സ്ഥിരം പരാതിയുടെ അടിസ്ഥാനത്തിൽ ആണ്... എണ്ണിപ്പെറുക്കി കിട്ടിയ, വെക്കേഷനിൽ
' ചെക്കനെ തപ്പാൻ ' മാട്രിമോണിയൽ കാരെയും ബ്രോക്കർ രാമൻ കുട്ടിയേയും ഏല്പിച്ചത്. ദിവ്യയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ, കുറവല്ലാത്ത സൗദര്യവും പണം കായ്ക്കുന്ന, പർദ്ദയെ സ്നേഹിക്കുന്നവരുടെ നാട്ടിലെ ആതുര സേവനമെന്ന തൊഴിലും.... വിവാഹ മാർക്കറ്റിൽ, പെണ്ണിന് ചന്തം കൂട്ടി. താല്പര്യമുള്ള ഒരുപാട് പേർ ആലോചനയുമായി വാതിലിൽ മുട്ടി... നാട്ടിലും വിദേശത്തും ജോലിയുള്ളവർ, പഠിച്ചിറങ്ങിയവർ, വിദേശത്തെക്ക് പറക്കാൻ എൻട്രി വിസക്ക് കാത്തിരിക്കുന്നവർ.... അങ്ങനെ... ഒരുപാട് പേർ...
" ഇങ്ങനെ ലോകത്തില്ലാത്ത ഡിമാന്റും വച്ചോണ്ടിരുന്നോ... ഇപ്പൊ വരും... തുർക്കിന്ന് രാജകുമാരൻ... " ഓരോ പ്രൊപ്പോസലും ദിവ്യ ഉഴപ്പുന്നാത് കണ്ട അമ്മ ലളിതക്ക് ദേഷ്യം വന്നു. പക്ഷേ അനിയൻ ദീപു, ചേച്ചിക്ക് സപ്പോർട്ട് ആയിരുന്നു. " നീ വിഷമിക്കണ്ട ടീ ദിവ്യെച്ചി... നമുക്ക് തുർക്കിലെ രാജകുമാരനെ ഒന്നും വേണ്ട. നല്ല കിടുകാച്ചി ദുൽകർ സൽമാൻ വരും..... നീ നോക്കിക്കോ... "
അങ്ങനെ, വെക്കേഷൻ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്ന ആഴ്ചയിൽ ഒരു ദിവസം... നേരം പുലർന്നപ്പോഴേ, നൂറു വോൾട്ട ചിരിയോടെ ബ്രോക്കർ രാമൻകുട്ടി ഉമ്മത്തിണ്ണയിൽ ഹാജർ.അയാൾ സൂരജിന്റെ ഫോട്ടോ കൈയിലെടുത്തു ഒപ്പം അന്നത്തെ പത്രവും. " പ്രകാശേട്ടാ... ദിവ്യമോളെ വിളിച്ചേ.. ഈ ഫോട്ടോ കാണിക്ക്... ഇഷ്ടമായാൽ... നാളെ തന്നെ നിശ്ചയം. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ കല്യാണം.. ", ഒരു വിജയിയുടെ ഭാവത്തിൽ രാമൻകുട്ടി പ്രകാശന് മുന്നിൽ നിന്നു.
സൂരജിന്റെ ഫോട്ടോ എല്ലാവർക്കും ഇഷ്ടമായി, ഒപ്പം ദിവ്യയ്ക്കും. തൊട്ടടുത്ത ദിവസം തന്നെ ' പെണ്ണ് കാണൽ' ചടങ്ങ് നടന്നു. ജീവിതത്തിലെ ആദ്യ പെണ്ണ് കാണൽ. സൂരജിന്റെയും ബന്ധുക്കളുടെയും കാർ മുറ്റത്തു വന്നപ്പോൾ തുടങ്ങിയ നെഞ്ചിടിപ്പ് അവരിറകുന്നത് വരെ ദിവ്യയ്ക് ഉണ്ടായിരുന്നു.
ചായ സത്കാരത്തോടൊപ്പം ബന്ധുക്കളുടെ കുശലം പറച്ചിൽ. പറഞ്ഞു വന്നപ്പോൾ ഇരുകൂട്ടരുടെയും പൂർവ പിതാക്കന്മാർ തമ്മിൽ എവിടെയോ ഒരു ബന്ധം.... " എന്നാൽ പിന്നെ.. പിള്ളേര് തമ്മിൽ സംസാരിക്കട്ടെ... അല്ലേ... പ്രകാശേട്ടാ... " ബ്രോക്കർ രാമൻകുട്ടി വീണ്ടും ഇടപെടുന്നു. ദിവ്യ പതുക്കെ അകത്തേക്ക് വലിഞ്ഞു.
ടി വി ഹാളിലെ മുഴുവൻ സാധനങ്ങളിലേക്കും നോക്കി, ഒരു ആമുഖത്തിനായ് സൂരജ് പരതി. വീണ്ടും ദിവ്യയുടെ മുട്ടിടിക്കാൻ തുടങ്ങി. നീണ്ട മൗനത്തിന് ഇടവേള നൽകി, സൂരജ് ചോദിച്ചു, " എന്ന തിരിച്ചു പോകുന്നത്.... "
" അടുത്ത സൺ‌ഡേ " ദിവ്യ വിറയലോടെ മറുപടി പറഞ്ഞു. " എനിക്ക് പിന്നെയും ഒരാഴ്ച കൂടിയുണ്ട്.... " " ഉം " " വിവാഹത്തിന് ശേഷം നമുക്ക് ദുബായിൽ തന്നെ സെറ്റിൽ ആകാം അല്ലേ ? " പതിയെ പതിയെ തന്റെ വിറയൽ ഇല്ലാതാവുന്നത് ദിവ്യ അറിഞ്ഞു.... ഒപ്പം അമ്മയുടെ ' തുർക്കിയിലെ രാജകുമാര'നെയും ദീപുവിന്റെ ' ദുൽകർ സൽമാനെ'യും തനിക്ക് ഇഷ്ടമായെന്നും.
രണ്ടു ദിവസത്തിനുള്ളിൽ തന്നെ മോതിരം മാറൽ ചടങ്ങ് നടന്നു, ആർഭാടമായി തന്നെ. ആ വെക്കേഷന് ശേഷമുള്ള മടങ്ങി വരവ് മരണ വീട്ടിൽ നിന്നിറങ്ങി വരുന്നത് പോലെയായിരുന്നു. എയർപോർട്ടിൽ കെട്ടിപിടിത്തവും കൂട്ടക്കരച്ചിലും....
അങ്ങനെ ആറു മാസം പോയി. അടുത്ത മാസം വീണ്ടും വെക്കേഷനാണ്. കല്യാണം വിളിയും സദ്യയും ഓഡിറ്റോറിയം ബുക്കിങ്ങും ഡ്രസ്സ്‌ എടുക്കലും എല്ലാം നാട്ടിൽ തകൃതിയായി നടക്കുന്നു. ഇരുവരുടെയും സാമീപ്യമില്ലാതെ തന്നെ.
കൈയിലിരുന്ന കണ്ണാടി തിരിച്ചും മറിച്ചും നോക്കി, ദിവ്യ തന്റെ സൗദര്യം ഒന്നുകൂടി ഉറപ്പിച്ചു. മറുകൈയിൽ സൂരജിന്റെ വീഡിയോ കോൾ പോയ്ക്കൊണ്ടിരിക്കുന്നു. " ഹലോ.. എന്ത് പറ്റി.. " സൂരജ് സംശയത്തോടെ ചോദിച്ചു. " അല്ല... സൂരജേട്ടാ... എന്നെ കാണാൻ ഒട്ടും കൊള്ളില്ലേ... ? " ദിവ്യയുടെ മറുചോദ്യം കേട്ട് സൂരജ് പൊട്ടി ചിരിച്ചു. " ആ... സ്വയം ഒരു അവബോധം ഉള്ളത് നല്ലതാ.... " " പോ... ഞാൻ ഫോൺ വയ്ക്കുവാ... " ദിവ്യ പിണങ്ങി.
" അയ്യോ... വയ്ക്കല്ലേ... വയ്ക്കല്ലേ... " സൂരജ് ചിരിയടക്കാൻ പാട് പെട്ടു. " എന്തെ... ഇപ്പൊ ഇങ്ങനെയൊരു തോന്നൽ... " ചോദിച്ചതിന് മറുപടി പറ സൂരജേട്ടാ... " " എന്റെ ദിവ്യക്കുട്ടി സുന്ദരിയല്ലേ.... അല്ല എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ... " " അല്ല.... എന്നെയാരും ഇതുവരെ പ്രണയിച്ചിട്ടില്ല സൂരജേട്ടാ.... " " അത്രേയുള്ളൂ.... ഞാനിപ്പോ പ്രണയിക്കുന്നില്ലേ.... നീ എനിക്ക് വേണ്ടി ജനിച്ചതല്ലേ.... നീയെന്റെ രാജകുമാരിയല്ലേ.... " പ്രണയം വാരി വിതറിയ ആ നിമിഷങ്ങളിൽ ദിവ്യ പുഞ്ചിരിയോടെ ഓർത്തു... ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയാണ് താനെന്ന്....
###########
" കേസ് നമ്പർ 215/2016, സംയുക്ത വിവാഹ ഹർജി, സൂരജ്. എ. സ്. നായർ - ദിവ്യാ പ്രകാശ്.... "
" മോളെ... " ഓർമകളിൽ നിന്ന്, ഒരു സ്വപ്നത്തിൽ എന്ന പോലെ ഞെട്ടിയുണർന്ന ദിവ്യ, പ്രതീക്ഷയറ്റ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കി. " വാ... നമ്മളെ... അകത്തേക്ക് വിളിച്ചു... " ദിവ്യ ചുറ്റും നോക്കി. അപ്പോഴാണ് താൻ കുടുംബ കോടതിയുടെ ചേംബറിന്റെ പുറത്തു ബെഞ്ചിൽ ഇരിക്കുകയാണെന്ന ബോധം അവൾക്കുണ്ടായത്.
#########
മണിക്കൂറുകൾ നീണ്ട ഫോൺ വിളികൾക്കിടയിൽ, പങ്കു വച്ച സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമിടയിൽ.... ഇരുവരും ഭാവിയിൽ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് വരെ പേരിട്ടിരുന്നു..... ആ ആറു മാസം കൊണ്ട്....
ആര്ഭാടമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ നാളുകളിലും അവന് അവൾ രാജകുമാരി തന്നെയായിരുന്നു. ബൈക്കിലെ കറക്കവും, ആഴ്ചയിൽ ആഴ്ചയിൽ ഉള്ള സിനിമ കാണലും, വിരുന്നൂട്ടലും.... എവിടെയാണ് താളം തെറ്റിയതെന്ന് ദിവ്യയ്ക്കും കൃത്യമായി ഓർമയില്ല.
ഒന്നര മാസത്തെ വെക്കേഷന് ശേഷം ഇരുവരും രണ്ടിടത്തായി പ്രവാസത്തേക്ക് മടങ്ങി. പതിയെ പതിയെ എവിടെയൊക്കെയോ ചില പൊട്ടി തെറികൾ ദിവ്യക്ക് തോന്നി തുടങ്ങി. മാറി മാറി വരുന്ന ഡ്യൂട്ടി ഷിഫ്റ്റിലെ തളർന്നുറക്കത്തിനിടയിൽ ഫോൺ വിളികളുടെ സമയ ക്രമത്തിൽ മാറ്റം വന്നാൽ.... അവന്റെ ഫോൺ കോളുകൾ വിളിക്കുമ്പോൾ തന്നെ അറ്റൻഡ് ചെയ്തില്ലെങ്കിൽ തുടങ്ങി.... ശമ്പളം കൃത്യമായി അവന്റെ വീട്ടുകാരുടെ അക്കൗണ്ടിൽ എത്തിയില്ലെങ്കിൽ വരെ സൂരജ് പൊട്ടിത്തെറിച്ചു. ദിവ്യ ആരെയും ഒന്നും അറിയിച്ചില്ല. അവൾക്കതിന് കഴിയുമായിരുന്നില്ല. വലിയൊരു കടബാധ്യതയാണ് തന്റെ വിവാഹം അച്ഛന് സമ്മാനിച്ചത്. അതിന്മേൽ ഒന്നും ചെയ്യാൻ തനിക്ക് സാധിക്കുന്നുപോലും ഇല്ല. പിന്നെ എങ്ങനെ സൂരജിന്റെ സ്വഭാവമാറ്റം വീട്ടുകാരെ അറിയിക്കും.
പിന്നീട്, പെട്ടെന്ന് ഒരു ദിവസം അവൻ പറഞ്ഞു.. " എനിക്കിവിടെ മടുത്തു ദിവ്യ... ഞാൻ നാട്ടിലേക്ക് മടങ്ങുവാ... നീയൊരു വെക്കേഷന് ട്രൈ ചെയ്യ്.... നിന്റെ കൂടെ ജീവിച്ചെനിക്ക് മതിയായില്ല.... "
അങ്ങനെയാണ്, സ്വന്തം വീട്ടിൽ എതിർപ്പ് ഉണ്ടായിട്ടും ദിവ്യ റിസൈൻ വച്ച് നാട്ടിലേക്ക് മടങ്ങിയത്. പതിയെ പതിയെ അവളറിഞ്ഞു, അവന് തന്റെ ശരീരത്തോട് മാത്രമാണ് സ്നേഹമെന്ന. പലപ്പോഴും അവനിലെ മൃഗം അവനറിയാതെ പുറത്തു ചാടുന്നുണ്ടായിരുന്നു. റോഡിന്റെ അരികത്തായി ഉള്ള വീടിന്റെ മുറ്റം അടിക്കാൻ പോലും സൂരജിന്റെ മേൽ നോട്ടമുണ്ടായിരുന്നു. റോഡിലൂടെ കടന്ന് പോകുന്ന വഴിയാത്രക്കാർ ആരെങ്കിലും ദിവ്യയെ നോക്കുന്നുണ്ടോ അല്ലെങ്കിൽ ദിവ്യ ആരെയെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ. എന്തിന് അധികം, സൂരജിന്റെ സുഹൃത്തുക്കൾ വന്നാൽ പോലും ദിവ്യയ്ക് ഹാളിലേക്ക് പ്രവേശനമില്ലാതായി. അറിയാതെയെങ്ങാനും അതുവഴി കടന്ന് പോയാൽ പിന്നെ.... അന്ന് രാത്രി അവൾക്ക് കാളരാത്രിയാണ്. സുഹൃത്തുക്കൾ ഓരോരുത്തരായി അവൻ അഭിനയിക്കും. അവരോരുത്തരായി തന്നെ അവളെ പ്രാപിക്കും... നിറയുന്ന കണ്ണുകളോടെ അല്ലാതെ ഒരു ദിവസം പോലും അവളുറങ്ങിയില്ല.
സ്വന്തം വീട്ടിൽ നിന്നുള്ള ഫോൺ വിളികൾ പോലും എടുക്കാൻ അവൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. മാസാമാസം അക്കൗണ്ടിലേക്ക് കയറാറുള്ള വലിയ തുകയുടെ വരവ് നിന്നതോടെ, സൂരജിന്റെ വീട്ടുകാർ പ്രതികരിക്കാൻ തുടങ്ങി. പലപ്പോഴും അവർ, അമ്മയും മകനും തമ്മിൽ ചേരാതെയായി. " നീയിങ്ങനെ ജോലിക്കും കൂലിക്കുമൊന്നും പോവേണ്ടടാ... ഭാര്യയെയും കെട്ടിപിടിച്ചിരുന്നോ. സമയാസമയം കൈ കഴുകി വന്നിരുന്ന മതിയല്ലോ.... പ്ലേറ്റിന് മുന്നില് ".
പല ദിവസങ്ങളിലെയും ഉച്ച കഴിഞ്ഞ്, നാട്ടുകാരുമൊത്തുള്ള സൂരജിന്റെ അമ്മയുടെ പരദൂഷണ പറച്ചിലുകളിൽ ദിവ്യയും ഒരു വിഷയമായി. " പെൺകൊച്ചിന് വിശേഷം വല്ലതുമുണ്ടോ ജാനകിയമ്മേ... ?" " ഓ.... എവിടുന്നു... സൗദര്യം പോകുമെന്ന് കരുതി അവള് പ്രസവിക്കുകേലാന്ന പറയുന്നേ.... "
" അയ്യോ.. അങ്ങനെയും പെണ്പിള്ളാരുണ്ടോ " " ആ.... എല്ലാം എന്റെ മോന്റെ തലേ വിധി.. എങ്ങനെ നടന്ന ചെറുക്കനാ. അവന്റെ മുഖത്തെ തേജസെല്ലാം പോയി... "
മനസ്സറിയാത്ത കാര്യത്തിന് പോലും കുറ്റപ്പെടുത്തുമ്പോൾ പലപ്പോഴും പ്രതികരിക്കാൻ ദിവ്യ മറന്നു. എവിടെയോ എന്തോ ഒരു പന്തികേട് തോന്നിയ അച്ഛൻ പ്രകാശൻ, ഒരാഴ്ചതേക്ക് വീട്ടിൽ നിർത്താനായി ദിവ്യയെ വിളിക്കാൻ സൂരജിന്റെ വീട്ടിലെത്തി. സൂരജിന്റെ വീട്ടുകാർ അവളെ വിടാൻ തയ്യാറായിരുന്നില്ല. മകളുടെ അവസ്ഥ പ്രകാശനെ വേദനിപ്പിച്ചു. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വാക്ക് തർക്കമായി. സ്ത്രീധനം കുറഞ്ഞു പോയതിലും, രണ്ടു വർഷം മുൻപ് നടന്ന കല്യാണത്തിന് സദ്യ എല്ലാവർക്കും കിട്ടിയില്ലെന്നുമുള്ള പരാതി വരെ ജാനകിയമ്മ നിരത്തി. " അച്ഛൻ പോയ്‌കൊള്ളൂ... എനിക്കിവിടെ സുഖമാണ്.... " ആ രംഗം അവസാനിപ്പിക്കാനായി മകൾ പറഞ്ഞ വലിയ കള്ളത്തരം വിശ്വസിക്കാൻ പ്രകാശന് കഴിയുമായിരുന്നില്ല. ബലപ്രയോഗത്തിലൂടെയാണ് ദിവ്യയെ പ്രകാശൻ സ്വന്തം വീട്ടിലേക്ക് കൂട്ടിയത്.
മകളുടെ മുഖത്തെ ദൈന്യത കണ്ടു അമ്മ ലളിത പൊട്ടി കരഞ്ഞു. മകളുടെ മനസ് കൈവിട്ടു പോവാതിരിക്കാൻ, അവർ അവളുടെ ജീവന് കൂട്ടിരുന്നു,കണ്ണിമ ചിമ്മാതെ..... അവർക്കറിയാമായിരുന്നു, അവളുടെ ഉള്ളിൽ ഒരു സങ്കട കടൽ ആർത്തിരമ്പുന്നുടെന്നു.
ഒരു സന്ധ്യാ നേരത്ത, ഉമ്മറത്തിണ്ണയിൽ വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്ന ദിവ്യയെ പ്രകാശൻ ചിന്തകളിൽ നിന്നുണർത്തി.
" എന്താ.. എന്റെ മോൾക്ക്‌ പറ്റിയത്... " ദിവ്യ ഉത്തരമില്ലാതെ തല കുമ്പിട്ട നിന്നു. " നമ്മൾ, aഅച്ഛനും അമ്മയും മക്കളും മാത്രമായിരുന്നില്ല.നല്ല നാല് സുഹൃത്തുക്കളായിരുന്നു.... അല്ലേ ?" ദിവ്യയുടെ കണ്ണുകൾ നിറഞ്ഞു. " മോള് പറയാറില്ലേ... നിന്റെ എല്ലാ പ്രശ്നങ്ങൾക്കും അച്ഛന്റെ കൈയിൽ പരിഹാരമുണ്ടെന്ന്..... ഇപ്പോഴുമുണ്ട്.... പറയടാ... എന്താ നിന്റെ മനസില്.... ?" തന്റെ ചുമലിലേക്ക് ചേർന്ന അച്ഛന്റെ വലതു കൈ ദിവ്യ സ്വന്തം കൈകുമ്പിളിലൊതുക്കി. അച്ഛന്റെ നെഞ്ചിൽ കിടന്നവൾ പൊട്ടി കരഞ്ഞു. " എനിക്കയാളെ പേടിയാണച്ഛാ... " മകൾ പറഞ്ഞ കഥ കേട്ട് പ്രകാശനും ലളിതയും സ്തംഭിച്ചിരുന്നു പോയി.
" എനിക്ക് അച്ഛന്റെ മകളായി മാത്രം ജീവിച്ചാ മതി. ഈ കൈകളിലെ സുരക്ഷിതത്വം പോലും ആ വീട്ടിലില്ല.... അമ്മ ലളിതയും മകളെ കെട്ടിപിടിച്ചു കരഞ്ഞു.
പിന്നീട്, പതിവ് പോലെ ബന്ധുക്കളുടെയും കരയോഗ പ്രമാണിമാരുടെയും നേതൃത്വത്തിൽ അനുനയ ശ്രമങ്ങൾ.... മകളെ ജീവനോടെ തിരിച്ചു കിട്ടിയതിൽ സമാധാനിച്ചു നിയമ നടപടി സ്വീകരിക്കണമെന്ന നിലപാടിലായിരുന്നു പ്രകാശൻ. " പ്രകാശാ.... ഒരു ബന്ധം പിരിക്കാൻ എളുപ്പവാ. പക്ഷേ, കൂട്ടി ചേർക്കാൻ പാടാ. നമുക്ക് രണ്ടു പേരുടെയും ഭാഗം കേൾക്കാം. മകൾക്ക് പറ്റുന്നില്ലെങ്കിൽ നിയമത്തിന്റെ വഴി നോക്കാം... " കരയോഗ പ്രസിഡന്റ് നിലപാട് വിശദീകരിച്ചു.
സൂരജ് തേനൂറുന്ന വാക്കുകളുമായാണ് എത്തിയത്. " ദിവ്യ.... എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല....നിന്നോടെനിക്ക് സ്നേഹം മാത്രമേ ഉള്ളൂ... "
" ഈ സ്നേഹ കൂടുതലിന്റെ പേരാണോ സംശയം. അതോ സംശയത്തിന്റെ പുതിയ പേരോ... സ്നേഹക്കൂടുതൽ....... " ദിവ്യ തിരിച്ചു ചോദിച്ചു.
" ഞാൻ ഇനി ഒന്നും ആവർത്തിക്കില്ല, ദിവ്യാ... പ്ലീസ്... വീട്ടിലേക്ക് നീ തിരികെ വരണം. നീയില്ലാതെ എനിക്ക്.... "
സൂരജിന്റെ അഭിനയത്തെ ദിവ്യ കൈ നീട്ടി തടഞ്ഞു.
" പറഞ്ഞ് പഴകിയ വാക്കുകളൊന്നും ഇനി പ്രയോഗിക്കണ്ട. നിങ്ങളിനി എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കാനും പോണില്ല. രാജകുമാരിയെ പോലെ നോക്കിക്കൊള്ളാമെന്ന് വാക്ക് തന്നിട്ട്.... " തന്റേടത്തോടെ നിന്ന് മറുപടി പറഞ്ഞിട്ടും ദിവ്യയുടെ കണ്ണുകൾ നിറഞ്ഞു. പുറംകൈയ്യാൽ കവിളുകൾ തുടച് ദിവ്യ അച്ഛൻ പ്രകാശന് നേരെ തിരിഞ്ഞു., " അച്ഛാ... ഈ ചർച്ച എങ്ങും എത്തില്ല. എനിക്ക് തിരിച്ചു മടങ്ങാൻ താല്പര്യമില്ല.... ഇവരോട് പൊയ്ക്കൊള്ളാൻ പറയൂ.. "
#########
"കേസ് നമ്പർ 215/2016,സൂരജ്. എ. സ്. നായർ, ദിവ്യാ പ്രകാശ് എന്നിവർ നൽകിയ സംയുക്ത വിവാഹ മോചന ഹർജിയിന്മേൽ, ഇരുവരും ഒന്നര വർഷത്തിലധികമായി വേർപിരിഞ്ഞു താമസിക്കുകയാണ് എന്നും കോടതി തന്നെ നേരിട്ട് നടത്തിയ കൗൺസിലിംഗിലും ഇരുവരും പൂർണ പരാജിതരായതിനാലും സൂരജ്, ദിവ്യ ദമ്പതികൾക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാനാവില്ല എന്നും കോടതിക്ക് ഇതിനാൽ ബോധ്യപെട്ടിരിക്കുന്നു. ആയതിനാൽ, ഇരുവരുടെയും സംയുക്ത വിവാഹ മോചന ഹർജി നിയമ പരമായി ഈ കോടതി ശരി വയ്ക്കുന്നു.ടി വിവാഹ മോചന ഹർജിയിൻ മേൽ വാദം കേട്ടതിൽ നിന്നും, സ്ത്രീത്വത്തെ മാനസികമായും ശാരീരികമായും അപമാനിച്ചതിന് സൂരജിനെ മുന്നറിയിപ്പോടെ വിട്ടയക്കുന്നതായതും ഈ കോടതി വിധിക്കുന്നു... "
ദിവ്യ കണ്ണുകൾ ഇറുക്കി അടച്ചു. ഒന്നര വർഷത്തെ നിയമ യുദ്ധം.... ഇതൊരു പരാജയമാണോ... അല്ല.... മറിച്ചു വിജയമാണോ... അറിയില്ല. പക്ഷേ.... ആശ്വാസത്തിന്റെ ഒരു തുണ്ട് പുഞ്ചിരി, അച്ഛന്റെ ചുണ്ടിലെവിടെയോ ദിവ്യ കണ്ടു.
മാസങ്ങൾ കടന്ന് പോയി... ആ പഴയ രാജകുമാരി വീണ്ടും പറക്കാൻ ഒരുങ്ങുകയാണ്.... ജീവിതവും സമ്പാദ്യവുമെല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങാൻ.... അമ്മ പറയും പോലെ.... നടന്നതെല്ലാം ഒരു ദുസ്വപ്‌നം പോലെ മറന്ന്... വീണ്ടും ഈന്തപ്പനയുടെ നാട്ടിലേക്ക്.... ഇതിനിടയിൽ സൂരജിന്റെ വിവാഹം കഴിഞ്ഞെന്ന് നാട്ടുകാരിലൂടെ ദിവ്യയും അറിഞ്ഞു. അവളൊരു തമാശ കേട്ട പോലെ ചിരിച്ചു തള്ളി... ഉള്ളിലെവിടെയോ ചെറിയൊരു നോവ് ബാക്കിയാക്കി......
ജ്യോതി ലക്ഷ്മി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot