നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൗദിയിലേക്ക്

സൗദിയിലേക്ക്
-----------------------
വീടും നാടുമെല്ലാം വിട്ട് ഇക്കയുടെ അടുത്തേക്ക് യാത്രയാവുകയാണ്.
ചെറുപ്പത്തിൽ ഉമ്മയുടെയും ഉപ്പയുടെയും കൂടെ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം ഓർമ്മകളിലെ മൂടൽ മഞ്ഞുകളായിട്ടുണ്ട്.
ഇതിപ്പോൾ തനിച്ചു പോവുകയാണ്. എമിഗ്രേഷൻ കഴിഞ്ഞു ബോർഡിംഗ് പാസും വാങ്ങി ഫ്ലൈറ്റിനുള്ളിൽ കയറിയ ഞാൻ ജാലകത്തിനടുത്തുള്ള ഇരിപ്പിടത്തിലിരുന്നു പുറത്തേക്ക് നോക്കി.ഇനി അടുത്തൊന്നും നാട് കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ ഒരു നെടുവീർപ്പ്.വിമാനം പറക്കാൻ തുടങ്ങി,മുകളിലേക്കുയരും തോറും പച്ചപ്പ്‌ പരന്ന് കിടക്കുന്നു. ദൂരക്കാഴ്ച്ചകൾക്ക് ഭംഗി കൂടുതൽ.
നേരം ഇരുട്ടും വരെ വിവിധ വർണ്ണങ്ങളിൽ കാണുന്ന പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങളെ നോക്കിയിരുന്നു. പിന്നെ ഭക്ഷണവും കഴിച്ചു ലൈറ്റ് മിക്കതും ഓഫ്‌ ചെയ്തു ആളുകൾ മയങ്ങാൻ തുടങ്ങി.സമയം പോകുന്നില്ലല്ലോ ദൈവമേ.. മിനിറ്റുകളും മണിക്കൂറുകളും എണ്ണി ഇരുന്നു. ഏറ്റവും കൂടുതൽ ബോറടിക്കുന്ന യാത്ര പോലെ തോന്നി. പുറത്തേക്ക് നോക്കിയാലിപ്പോൾ ഇരുട്ട് മാത്രം.ചിന്ത നാട്ടിലും പിന്നെ കാണാ ലോകത്തെ പ്രതീക്ഷകളും.നാട്ടിലിപ്പോൾ എല്ലാവരും ഉറങ്ങുകയാകും,പക്ഷെ രണ്ടര മണിക്കൂർ വ്യത്യാസമുള്ള സൗദിയിൽ ഡ്യൂട്ടി കഴിഞ്ഞു എയർപോർട്ടിൽ ഇക്ക എത്തിക്കാണും.എങ്ങനെയൊക്കെയോ അഞ്ചു മണിക്കൂർ കഴിച്ചു കൂട്ടി.
സൗദിയിൽ ലാൻഡ് ചെയ്യാനായപ്പോൾ സിം മാറ്റി ഇക്കയ്ക്ക് വിളിച്ചു പറഞ്ഞു. ജനലിലൂടെ കാണുന്നത് മനോഹരമായ കാഴ്ച. രാത്രിയുടെ ഇരുട്ടിലും അനേകം ലൈറ്റ് കൊണ്ട് തിളക്കമാർന്ന സിറ്റി. സമയം 11. 30. എയർ ഹോസ്റ്റസിനോട് റ്റാറ്റാ പറഞ്ഞു വിമാനത്തിൽ നിന്നുമിറങ്ങി.
ഉറക്കം തന്റെ അരികിലെത്തി തോണ്ടുന്നപ്പോലെ, ആട്ടിപ്പായിക്കാൻ ശ്രമിച്ചിട്ടും പോകുന്നില്ലല്ലോ, തന്റെ കൺപോളകളെ തലോടുന്നു. ആ തലോടലിന്റെ സുഖത്തിലകപ്പെടാതിരിക്കാൻ വേണ്ടി ആഞ്ഞുശ്രമിക്കുന്നുണ്ട് ഞാൻ.
ആളുകൾ വേഗത്തിൽ എമിഗ്രേഷൻ ക്യൂവിൽ നിൽക്കാൻ തുടങ്ങി. ഞാനും വേഗത്തിൽ നടന്നു. എത്രയും പെട്ടെന്ന് പുറത്തിറങ്ങാനും ഇക്കയുടെ അടുത്തെത്താനുമായിരുന്നു അപ്പോൾ മനസ്സിൽ. നീണ്ട വരിയിൽ അക്ഷമയായി നിൽക്കുകയാണ് ഞാൻ.കൗണ്ടറിൽ ആളെത്തിയിട്ടില്ല.
കഴുത്ത് വരെ നീണ്ട മുടിയുള്ള കുറ്റിത്താടിയും കട്ടി കുറഞ്ഞ മീശയുമുള്ള ഒരാൾ അതിലൂടെ മൊബൈലിൽ സൊള്ളി നടക്കുന്നത് കാണാനുണ്ട്. അയാളാണെന്നു തോന്നുന്നു ഞങ്ങളുടെ കൗണ്ടറിലേക്ക്. വിചാരിച്ചപ്പോലെ തന്നെ കുറച്ചു നേരം കഴിഞ്ഞപ്പോളായാൾ സീറ്റിൽ വന്നിരുന്നു. ഓരോരുത്തരെയായി നോക്കി സീൽ വെച്ചു വിടുന്നു. ആശ്വാസം, വരി നീങ്ങുന്നുണ്ട്.
അതുവരെ വേഗത്തിൽ എമിഗ്രേഷൻ നടത്തിയിരുന്നയാൾ എന്റെ ഊഴമെത്തിയപ്പോൾ മന്ദഗതിയിലായി. വേറൊന്നുമല്ല ഫോൺ വന്നിട്ടുണ്ട്,ഇയർഫോണിലൂടെ സംസാരം തുടരുന്നു. അതിനിടയിൽ അയാളെന്നോട് അറബിയിൽ പേര് ചോദിച്ചു. ഞാൻ പേര് പറഞ്ഞു കൊടുത്തു,പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.അതു എന്നോടാണോ അതോ ഫോണിലെ വ്യക്തിയോടാണോ എന്നെനിക്കറിയില്ല, ഭാഷ വശമില്ലാത്തതു കൊണ്ട് ഞാൻ പാസ്പോർട്ടും ഇക്കയുടെ ഇഖാമയുടെ കോപ്പിയും കൊടുത്തു.
എന്നാലും അറബി അറിയാത്ത ഞാൻ എങ്ങനെ ഇയാളുടെ ചോദ്യങ്ങൾക് മറുപടി കൊടുക്കും.
അയാൾ എന്നോട് 'മുസ്തഷ്ഫാ ' എന്ന് ആവർത്തിച്ചു ചോദിക്കുന്നുണ്ട്. കാര്യം പിടികിട്ടാതെ അന്തം വിട്ടു നിന്നപ്പോൾ തൊട്ടു പിറകിലുള്ള മലയാളി പറഞ്ഞു തന്നു,
"റെസിഡൻസി ആണോ അതോ വർക്ക്‌ ചെയ്യാനാണോ എന്നൊക്കെയ ചോദിക്കുന്നത്. മുസ്തഷ്ഫാ എന്ന് പറഞ്ഞത് ഹോസ്പിറ്റലിൽ ആണോ വർക്ക്‌ എന്ന ഉദ്ദേശിച്ചത്"
ഞാൻ പറഞ്ഞു ഫാമിലി വിസയാണ്. വീണ്ടും അയാൾക്കെന്തോ സംശയം ഉള്ളത് പോലെ. എനിക്കെന്തൊ പേടിയായി. ഇനിയിപ്പോ ഇതിൽ വല്ല തെറ്റുമുണ്ടാവുമോ ?
അയാൾ തൊട്ടടുത്ത കൗണ്ടറിലെ ആളോട് എന്തൊക്കെയോ എന്റെ പാസ്പോർട്ട്‌ ചൂണ്ടി ചോദിക്കുന്നുണ്ട്. അവർ കമ്പ്യൂട്ടറിൽ നോക്കി പ്രോബ്ലം ഒന്നുല്ല, എന്ന് പറഞ്ഞത് ഞാൻ മനസ്സിലാക്കിയെടുത്തു.എന്റെ പിറകിലുള്ള മലയാളി പറയുന്നുണ്ടാട്ടിരുന്നു, ഇയാള് വെറുതെ കളിപ്പിക്കയാണ്, എല്ലാ കാര്യങ്ങളും അതിലുള്ള സ്ഥിതിക്ക് സമയം കളയേണ്ട ആവശ്യമില്ല...
വെരിഫിക്കേഷൻ കഴിഞ്ഞു സീലും വെച്ചു ഇനി പോവാലോ പാസ്പോർട്ട്‌ വാങ്ങാൻ നിൽക്കുമ്പോൾ വീണ്ടും ചോദ്യങ്ങൾ.. ഭർത്താവിന്റെ പേര്, ജോലി, സ്ഥലം അങ്ങനെ...
വെറുതെ ചോദിക്കുന്നതാണെന്നു മനസ്സിലായിരിക്കെ ഞാൻ പിന്നെ, നല്ല ഒഴുക്കോടെ ഇംഗ്ലീഷിൽ പറഞ്ഞു കൊടുത്തു എല്ലാം. പിന്നെ ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല, 'ശുക്രൻ' എന്ന് പറഞ്ഞു പുഞ്ചിരിയോടെ പാസ്പോർട്ട്‌ തന്നു എന്നോട് പോകാൻ പറഞ്ഞു.സന്തോഷത്തോടെ എയർപോർട്ട് ഇറങ്ങി ഇക്കയുടെ അടുത്തേക്ക്.
പിന്നീടുള്ള പല യാത്രകളിലും ചില അറബി ഫ്രീക്കന്മാർ അറബി സംസാരിച്ചു പിടിച്ചു നിറുത്താൻ ശ്രമിച്ചിട്ടുണ്ട്, അറബി അറിയാത്ത ഞാൻ ഇംഗ്ലീഷിൽ പറയാൻ തുടങ്ങുമ്പോഴേ ശുക്രൻ എന്ന് പറഞ്ഞു വിടും.അതെന്ത് കൊണ്ടാണെന്നറിയില്ല.ഇത്തരം സന്ദർഭങ്ങളിലും ചിലരെങ്കിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാത്തത് അറിയാഞ്ഞിട്ടാണോ അതോ വേണ്ടാന്ന് വച്ചിട്ടാണോ അറിയില്ല.
അറബികൾ മാതൃഭാഷാ സ്നേഹികളാണെന്നു കേട്ടിട്ടുണ്ട്. ആംഗലേയ ഭാഷ നന്നായി അറിയുന്നവരും അറബിക് മാത്രമേ ഉപയോഗിക്കു എന്നത് മാതൃകാപരമാണ്. മാത്രവുമല്ല ഓരോ ഇംഗ്ലീഷ് വാക്കിനും തത്തുല്യമായ വാക്കുകളുടെ ഉത്ഭവവും അറബിക് ഭാഷയെ ശക്തമാക്കുന്നു.ഉദാഹരണം പറയാണെങ്കിൽ കംപ്യൂട്ടറിനും,മൊബൈലിനും അറബിയിൽ അൽഹസൂബ്,ജവാൽ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ മലയാളത്തിൽ അതിനൊരു വാക്കില്ല എന്നത് സത്യമാണ്.
നമ്മളിൽ മിക്ക മണ്ടന്മാരും 'സ്റ്റാറ്റസ് ' ആയിക്കണ്ട് സംസാരം വരെ ഇംഗ്ലീഷിൽ ആക്കുന്നത് ഭാഷയോടുള്ള പുച്ഛവും പല വാക്കുകളുടെയും അജ്ഞതയുമാണ്.പോരാത്തതിന് നിലവിലുള്ള വാക്കുകൾ പോലും ഉപയോഗിക്കാനാവാതെ ഇംഗ്ലീഷ് ആധിപത്യം സ്ഥാപിക്കുന്നു എന്നത് ഖേദകരമാണ്.ഇംഗ്ലീഷ് പഠിക്കുന്നതിനോടൊപ്പം മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കാനും അത് നശിക്കാനനുവദിക്കാതെ നില നിർത്താനും എല്ലാവർക്കും കഴിയട്ടെ.
സാജിദ മുഹമ്മദ്‌

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot