Slider

ഇതൊക്കെ സത്യാണ്

0
ഇതൊക്കെ സത്യാണ്
"കള്ളം പറഞ്ഞാൽ അട്ടയെ തിന്നും. ഒരു കള്ളത്തിന് ഒരു അട്ട.നമ്മൾ മരിച്ചു മുകളിൽ ചെല്ലുമ്പോൾ ഒരു മുടിപ്പാലത്തിലൂടെ നമ്മളെ നടത്തും എന്നിട്ട് ഈ അട്ടയെ തിന്നാൻ തരും "
അവളുടെ മുഖത്തു ഗൗരവം.
ഓഫീസിൽ നിന്ന് വൈകിയതിന്റെ കാരണം പറഞ്ഞിട്ടു ഏറ്റില്ല. ഈ അട്ടക്കഥ അപ്പോൾ തുടങ്ങിയതാണ്. പറഞ്ഞു പറഞ്ഞു എനിക്ക് ചെറിയ ഒരു സംശയം തോന്നി തുടങ്ങി. ഇനി ഉള്ളതാണോ ?
"ശരിക്കും ?ഒന്ന് പോടീ അന്ധവിശ്വാസം.. "
ഞാൻ അത് തമാശയാക്കി
"അയ്യോ അല്ല.. സത്യം ആണ്. അച്ഛമ്മ പറഞ്ഞിട്ടുണ്ട്. ഭഗവതത്തിലുണ്ട്. "
"ങേ ?ഭഗവതത്തിലൊക്കെയുണ്ടോ ?"ഞാൻ ഒന്ന് ഞെട്ടി.
"പിന്നേ സംശയം ഉണ്ടേൽ വായിച്ചു നോക്കിക്കോ "അവൾക്കു കൂസലില്ല.
പിന്നേ ഇതറിയാൻ ഇനി ആ ബ്രഹ്മാണ്ഡം മുഴുവനും വായിക്കാൻ പോവാ.. ദൈവമേ ഇനി ഈ കഴുത പറയുന്നത് സത്യമാണോ ?
"എടീ ഏതു അട്ടയാ ?കറുപ്പോ ?, ചുവപ്പോ ?"
"അത് നിങ്ങളുടെ കള്ള ത്തിന്റെ വലിപ്പം പോലിരിക്കും... കുഞ്ഞ് കള്ളം ആണേൽ ചുവപ്പ് അല്ലേൽ കറുപ്പ് "
അവൾ സീരിയസ് ആണ്
എന്റെ കൃഷ്ണ !
ഒരു നാട്ടിന്പുറത്തുകാരി പെൺകുട്ടി മതി ഭാര്യ ആയിട്ടു എന്നഎന്റെ ഒറ്റ വാശിയുടെ ഫലം ആണ് ഈ അട്ട കഥ പറയുന്നവൾ
ജനിതകമാറ്റം വരാത്ത ഫേസ്ബുക് വാട്സ് ആപ്പ് മൊബൈൽ ഇതൊന്നും സ്വന്തം ആയില്ലാത്ത ഒറ്റ പീസ് മാത്രേ ഈ ഉലകത്തിലുണ്ടാവു. എന്റെ ഭാര്യ. പക്ഷെ ഈ കഴുത പൊട്ടപുളുകഥകളുടെ സംഭരണി ആണ്,
"കറുത്ത പൂച്ച കുറുകെ വന്നാൽ അന്ന് ആ വഴി പോകരുത് "
"പൂച്ചക്കും കറുപ്പും വെളുപ്പുമുണ്ടോടീ പാവമല്ലേടീ ആ ജന്തു ?
ഞാൻ പറഞ്ഞു നോക്കി.
"നിങ്ങൾ വിശ്വസിക്കേണ്ട.. സത്യമാ "
ഞാൻ ഭയങ്കര യുക്തിവാദി ആയതു കൊണ്ടും പ്ലസ് ടു വരെ മാത്രം പഠിച്ച അവളുടെ വിദ്യാഭ്യാസക്കുറവിനെ തീരെ മതിപ്പില്ലാത്ത കൊണ്ടും അയലത്തെ നാണിയമ്മയുടെ കറുത്ത പൂച്ച എതിരെ വന്നിട്ട് ഞാൻ തീരെ ശ്രദ്ധിച്ചില്ല.
യാദൃച്ഛികമോ അല്ലയോ അന്ന് എന്റെ വണ്ടി പോലീസ് പിടിച്ചു..വണ്ടിയുടെ ബുക്കും പേപ്പറും ഹെൽമെറ്റും ഇല്ലായിരുന്നു അന്ന്. പോലീസിനൊക്കെ സരസ്വതി ദേവിയുടെ കടാക്ഷം നല്ലോണം കിട്ടിയിട്ടുണ്ടെന്നു മനസ്സിലായ ദിവസം ആയിരുന്നു അത്. പിന്നേ കറുപ്പ് അല്ല ഏതു നിറത്തിലുള്ള പൂച്ച കുറുകെ വന്നാലും ഒന്ന് മടിക്കും. അനുഭവങ്ങൾ മനുഷ്യനെ അന്ധവിശ്വാസിയാക്കും. ഉറപ്പാ
പിന്നേ ഒരു കറുത്ത ചിത്രശലഭത്തിന്റെ കഥയായിരുന്നു
"കറുത്ത ചിത്രശലഭം വീട്ടിലോ നമ്മുക്ക് ചുറ്റുമോ പറന്നാൽ ദോഷമാ "
അന്നും ഞാൻ ഇത് പോലെ കളിയാക്കി. പക്ഷെ അത് പറന്നതിന്റെ വൈകിട്ടു ബൈക്ക് മറിഞ്ഞു കാൽ ഒടിഞ്ഞു ഒരു മാസം ആണ് ഒരേ കിടപ്പ് കിടന്നേ
ഇതിന് മുന്നെ ചിത്രശലഭമൊന്നും എനിക്ക് ചുറ്റും പറന്നില്ലായിരുന്നോ ദൈവമേ !! അതോ ഞാൻ കാണാഞ്ഞതാണോ ?
അട്ടയെ ഒക്കെ തിന്നുക എന്ന് പറഞ്ഞാൽ !
"ഡി മോളെ... ഈ കള്ളമൊരിക്കൽ പറഞ്ഞിട്ടു തിരുത്തി സത്യം പറഞ്ഞാൽ അട്ടയെ തിന്നണോ ?"
എന്റെ വളിച്ച മുഖത്തു നോക്കി അവളൊരു ചിരി.
"വൈകിട്ടു വിവേകിന്റെ കൂടെ സിനിമക്ക് പോയതാ അതാ വൈകിയേ. ഇതാണ് സത്യം. "
അവൾ പൊട്ടിച്ചിരിക്കുന്നു
"എടീ നീ പറ്റിച്ചതാണല്ലേ ?" അവളുടെ ചിരി കണ്ട് എനിക്ക് ചമ്മൽ
"അല്ല... നിങ്ങൾ വണ്ടിനെ തിന്നുന്നതോർത്തു ചിരിച്ചതാ.. കള്ളം പറഞ്ഞിട്ടു തിരുത്തി സത്യം പറഞ്ഞാലും കള്ളം പറഞ്ഞു പോയില്ലേ അപ്പൊ ശിക്ഷ കുറയും എന്നാലും കള്ളം പറഞ്ഞതിന് ശിക്ഷ ഉണ്ട്. കുഞ്ഞ് വണ്ടിനെ തിന്ന മതി "
വണ്ടോ ?ദൈവമേ... സത്യത്തിൽ ഇത് വല്ലതും ഉള്ളതാണോ ?
അപ്പോൾ രാഷ്ട്രീയക്കാരൊക്ക.....
അതിനും മാത്രം അട്ട ഈ ഭൂമണ്ഡലത്തിലുണ്ടോ ?
ഇല്ലേൽ സൃഷ്ടിക്കും.. ഇത്രേം ജീവികളെ സൃഷ്ടിക്കാമെങ്കിൽ പിന്നെ ഇതാണോ പറ്റാത്തെ ?ദൈവം ആരാ മോൻ ?
എന്റെ അവസ്ഥ ആണ് ഭീകരം ഇവളുടെ മട്ടും മാതിരിയും കണ്ടിട്ടു ഇനിയും കുറെ കഥകൾ വരും.. ഞാൻ എങ്ങോട്ട് പോകും ?

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo