ഗായികയൊന്നുമാല്ലാതിരുന്നിട്ടും പാടി
ഞാനെത്ര പാട്ടുകള്‍ നിനക്കായി,
അതുകേട്ടുകേട്ടു നീയുറങ്ങിക്കഴുയുമ്പോള്‍
ആ ഓമനമുഖം നോക്കിയാനന്ദിച്ചു.
അതിലേറെ പാടിഞാനെത്ര നിനക്കായി
അതുകേട്ടു നീ കൈകൊട്ടിയാനന്ദിക്കുന്ന-
തുകണ്ടെന്‍ മനമേറെ കുളിര്‍ത്തു.
ചിത്രകാരിയായിരുന്നില്ല ഞാനെങ്കിലും,
എത്രവരകള്‍വരച്ചു നിനക്കായി
അതുകണ്ട് നിന്നില്‍വിരിയുന്നയത്ഭുതം
പെയ്യിച്ചുവെന്നില്‍ പൂമഴയെന്നും.
നിന്നിളം കൈപിടിച്ചക്ഷരം കുറിക്കുമ്പോള്‍
പിന്നെയെന്‍ കൈതട്ടിമാറ്റി നീയെഴുതുംപോഴൊ-
ക്കെയുമെത്രയഭിമാനംകൊണ്ടുവെന്നറിയുമോ?
കവിതയും കഥകളും അറിയാത്ത ഞാന്‍
എത്രയെത്ര കഥപറഞ്ഞോരോ രാത്രിയും,
അതുകേട്ടുനീ ചോദിക്കും ചോദ്യങ്ങള്‍ക്കെന്തു
മറുപടി ഞാന്‍ ചൊന്നാലും തൃപ്തനാകും
നിന്‍ നിഷ്കളങ്കമുഖമിന്നും ഞാന്‍കാണുന്നു.
ആദ്യമായ് നിന്നിളംനാവിന്മേലമ്മിഞ്ഞ-
പ്പാലിറ്റിച്ചുതരുംപോഴും പിന്നെ ഞാന്‍
പിന്നെയെന്നും ചുണ്ടിലേറെ രുചികള്‍
പകര്‍ന്നുതന്നപോഴും എല്ലാം നുകര്‍ന്നുനീ
യെറെക്കൊതിയോടെ പിന്നെയും പിന്നെയും
കിട്ടാന്‍ കൊതിച്ചു, വീണ്ടുമെത്രയോ വട്ട-
മെന്‍കൈയില്‍നിന്നു നീ മാമുണ്ടു, വപ്പോള്‍
നിറഞ്ഞതു നിന്‍കുഞ്ഞുവയറു മാത്രമല്ല-
യെന്‍ മനവുമുദരവുമാണുണ്ണി.
ഇന്നേറെ വര്‍ഷങ്ങള്‍ പിന്നിട്ടു നീ വളര്‍-
ന്നെക്കാളും ഉയരത്തിലെത്തിനില്‍ക്കുമ്പോള്‍
എന്‍റെ രുചികളും പാട്ടിനുമെന്തിനെന്‍
ശബ്ദംപോലും നിനക്കരോചകമാകുമ്പോള്‍
നിന്‍റെ പരിഹാസച്ചുവയുള്ള വാക്കുകള്‍
അമ്പുകണക്കെയെന്നിലേക്കുതിര്‍ക്കുമ്പോള്‍
പുഞ്ചിരിതൂകുന്നുവെങ്കിലും പിടയുന്നതുണ്ടി
മാതൃഹൃദയമെന്നോര്‍ക്കുന്നതുണ്ടോ
ഒരിക്കലെങ്കിലും നീയെന്‍ കണ്മണി??
BY:
പ്രീത
പ്രനീഷ് നിവാസ്
ഹരിപ്പാട്
ആലപ്പുഴ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക