Slider

രാഗിണിയുടെ മൂന്നാമത്തെ പ്രസവം

0
രാഗിണിയുടെ മൂന്നാമത്തെ പ്രസവം
കഥ
രാഗിണിക്ക് വീണ്ടും കുളി നിന്നു എന്നു കേട്ടപ്പോൾ നാരായണിയമ്മ കലികൊണ്ടു വിറച്ചു. ഒരു പണിയും തൊരയും ഇല്ലാത്തോൻ പിള്ളേരെ പടച്ചിട്ട് എന്തു കാര്യം. അവറ്റകളെ നോക്കണ്ടേ. പോരാത്തതിന് എന്തോരം ചെലവ്. ഓളെ ടോട്ടരെ കാണിക്കണം. മരുന്ന് നല്ലനല്ല ആഹാരം. പിന്നെ ആശുപത്രി ചെലവ്. പിന്നെ പത്തു നൂറു ദെവസം പോറ്റണം. ഇതിനൊക്കെ അഞ്ചു പൈസ ഓന്റെ ചെലവാക്കാൻ ഓളെ പുരുവന്റെ കൈശം ഇല്ല.
ഒരു പണിയും എടുക്കാതെ പീടിക തിണ്ണ നിരങ്ങി നടക്കും. നാണം കെട്ടോന്. അല്ലെങ്കിലും ഈ ടൈലർമാരുടെ കൂടേ യൊന്നും പെണ്ണിനെ അയക്കാൻ പറ്റില്ല.
പഴയ ചക്കടാ മിഷീനും വെച്ച് ഉണങ്ങിയ പീടില് ആരെങ്കിലും അടിക്കാൻ കൊടുക്കുമോ ?ഒരു അടിപ്പാവാട മര്യാദക്ക് തയ്ച്ചു കൊടുക്കാൻ അറിയില്ല. കള്ളൻ
പേര് ടിപ്പ് ടോപ് ടൈലർ ഷോപ്പ്. കേട്ടാൽ വിചാരിക്കും വമ്പൻ സംഭവം ആണെന്ന്. ഒരു ഉണങ്ങിയ ബെഞ്ചും കുറെ പഴയ തുണികളും. അതും കെട്ടിടത്തിന്റെ ഏണികൂട്ടിൽ. പെരുമടിയൻ.
എന്തു ചെയ്യും ഒരു മോളെ ഇല്ലെന്നു കരുതി ലാളിച്ചു വളർത്തി. എന്നിട്ട് പ്രേമിച്ചതോ ഒരു ടൈലറെ. ഇക്കാലത്തു ആരെങ്കിലും പ്രേമിക്കുമോ ഇങ്ങനെ ഒരാളെ ?, ഓന്റെ ജിമ്മു ബോഡി. ചോറ് തരുമോ ഈ ബോഡി ?
ഈ ബോഡി വെച്ച് കല്ല് ചുമക്കാൻ പോയെങ്കിൽ ഓളെ പോറ്റാൻ പറ്റും. മംഗലം കഴിഞ്ഞു രണ്ടു മാസം ഓന്റെ വീട്ടിൽ നിന്നിട്ട് ഉണ്ടാകുമോ എന്നു സംശയം. പിന്നീട് ഇവിടെ വന്നുകൂടി മര്യാദക്ക് പണി എടുക്കാതെ നടന്നാൽ വീട്ടുകാർ പൊറുപ്പിക്കുമോ ?
അവനറിയാം ഇവിടെ ആരുമില്ലെന്ന് ചിലവിനു കൊടുത്തില്ലേലും ഞാൻ നോക്കുമെന്ന്. സാരമില്ലെന്ന് വെക്കാം. ഇങ്ങനെ കൂടെകൂടെ പെറ്റുകൂട്ടിയാൽ ആരുനോക്കും ?
സ്വന്തം മകളായാലും ഉപദ്രവിച്ചാൽ ഏതു അമ്മയ്ക്കും നോവും. എനിക്ക് വയ്യ ഭാരം പേറാൻ.
അതാ ടൈലർ പ്രഭാകരൻ വരുന്നുണ്ട്. പരമ ദ്രോഹി.
പ്രഭാകരൻ.നല്ല പേര്. പക്ഷെ ഒരു കാര്യവുമില്ല. മൂന്നു നേരം വെട്ടിവിഴുങ്ങി തിന്നുപോകും. ചായക്കടയിൽ കുത്തിയിരുന്ന് ദേശാഭിമാനി വായിച്ച് വന്നാളോടും പോന്നാളോടും വെറും വയറ്റിൽ രാഷ്ട്രീയം പറഞ്ഞു വെറുപ്പ്‌ തികച്ചും വാങ്ങി കൂട്ടിയതാ വരുന്നു.
മോളുടെ പൊന്നാര കെട്ടിയോൻ.
മൂപ്പർ സംഗതിഒന്നു അറിഞ്ഞു കാണില്ലേ ?
വന്ന ഉടനെ അടുക്കളയിലേക്കാണ് പോകുന്നത്. തീറ്റയുടെ വിചാരം അല്ലാതെ വേറൊരു ചിന്തയുമില്ല.
പ്രഭാകര അവിടെ നില്ക്കു
അടുക്കളയിലേക്കു വലതു കാലെടുത്തു വെച്ച പ്രഭാകരൻ നിന്നു.
എന്തെ... കറി വെച്ചിട്ടില്ലേ ?
കണ്ടോ ഇതാണ് പ്രഭാകരൻ. ജീവിതത്തെ ഗൗരവപൂർവം സമീപിക്കാത്തവൻ. സ്വന്തം ഓള് വീണ്ടും ഗർഭിണി ആയിട്ടും അല്ല ആക്കിയിട്ടും ഒരു കൂസലും കൂടാതെ നടക്കുന്നവൻ.
ഇനി എനിക്ക് വയ്യ ഈ ഭാരം താങ്ങാൻ. കൊറച്ചൊക്കെ നാണവും മാനവും വേണം.ആണുങ്ങളായാൽ...
പ്രഭാകരൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി. അല്ലെങ്കിലും അവന്റെ നാവിനു നീളം ചായക്കടയിൽ മാത്രം.എന്റെ മുമ്പിൽ പച്ച പ്പാവം.
അല്പം കഴിഞ്ഞപ്പോൾ തുണി അലക്കി കൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്നും തൊണ്ട അനക്കം കേട്ടത്.
പ്രഭാകരൻ.
എല്ലാരും ഉണ്ടല്ലോ. മകളും കുട്ടികളും.
കയ്യിൽ ബാഗും ഉണ്ടല്ലോ. എവിടേക്കാണ്.
ഇങ്ങനെ ചിന്തിച്ചു കൊണ്ടു നിന്നപ്പോൾ അവൻ പറഞ്ഞു.
ഞങ്ങൾ പോവുകയാണ്. ഒരാളുടെ ആട്ടും തുപ്പും ഏറ്റിട്ട് എത്ര കാലം ജീവിക്കും. സുഹൃത്തു തല്ക്കാലം താമസിക്കാൻ ഒരു വീട് ശരിയാക്കി തന്നിട്ടുണ്ട്. ഞങ്ങൾ അവിടത്തേക്ക് മാറുകയാണ്.
പെട്ടെന്ന് കിട്ടിയ ഒരടിയായി തോന്നി. ഇത്രയും പ്രതീക്ഷിച്ചില്ല.
മോളെ നീ ഈ അവസ്ഥയില്..
ഇല്ലമ്മേ ഞാനും പോകുന്നു. അവിടെ സുഖം ആയാലും ദുഃഖം ആയാലും അതൊരു ജീവിതം തന്നെ.അമ്മക്ക് അതറിയില്ല. എന്റെ അച്ഛൻ ആരാണെന്നു അമ്മക്ക് തന്നെ നിശ്ചയം ഉണ്ടോ ?
ബോധം കെടുന്നത് പോലെ തോന്നി. വീഴാതിരിക്കാൻ അലക്കുകല്ലും പിടിച്ചു നിന്നു.
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo