അടിസ്ഥാനം
വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയപ്പോൾ വെറുതേ തോന്നിയതാണ്, ചുറ്റിക്കറങ്ങി പതിയെ വീട്ടിൽ പോകാം. രാവിലെത്തേത് എന്തോ ചൊരുക്കുന്നുണ്ട്. ഓവർ ബ്രിഡ്ജിലിറങ്ങി ബുക്ക്സ്റ്റാളിൽ നിന്ന് പുതുവർഷത്തെ കലണ്ടറും മകൾക്ക് കളർബുക്കും വാങ്ങി ടീ സ്റ്റാളിൽ നിന്നു കട്ടനും കുടിച്ച് പവർഹൗസ് റോഡുവഴി നേരെ പഴവങ്ങാടിയിലേക്ക്. സൂപ്പർ സ്റ്റാറിന്റെ തട്ടുപൊളിപ്പൻ സിനിമ കളിക്കുന്ന തീയ്യേറ്ററിനു മുമ്പിൽ നിന്ന് കയറണോ വേണ്ടയോ എന്ന് അല്പം ശങ്കിച്ചു. പിന്നീട് അവിടെ നിന്ന് കടലയും വാങ്ങി കൊറിച്ച് നേരേ ഗാന്ധി പാർക്കിലേക്ക് കയറി.
എന്താ ഇങ്ങനെ? എന്തിനും ഏതിനും അവസാനഘട്ടത്തിൽ മറ്റുള്ളവരുടെ വെറുപ്പിന് ഇരയാകുന്ന തന്നെപ്പറ്റി ആലോചിച്ചു. മന:സമാധാനം കിട്ടാത്തതെന്തെന്ന് പിടികിട്ടുന്നില്ല. തന്റെ ഭാഗത്തെ തെറ്റെന്താണ്? ദേഷ്യം... ശരിയാണ്, ദേഷ്യം വരുമ്പോൾ നിയന്ത്രണം പോകുന്നു. ഭാര്യയേയും തീരെ കുറ്റപെടുത്തേണ്ട. എന്നിട്ടും നിരത്തിലൂടെ ഞെരുങ്ങി നീങ്ങുന്ന ദാമ്പത്യങ്ങളെ കണ്ടപ്പേൾ തെല്ലൊരു പരിഹാസം മനസ്സിൽ തോന്നി. തന്റെ എല്ലാ ശരികളേയും കുഴിച്ചുമൂടുന്ന ദേഷ്യത്തെ അയാൾ വെറുത്തു.
ചിന്തകൾ കുറേക്കൂടി ആഴത്തിലാണ്ടു. സ്വന്തം ദേഷ്യത്തിന്റെ ഉള്ളറകളിലേക്കയാൾ ഇറങ്ങിപ്പോയി. കാര്യകാരണങ്ങൾ, ഭയം, വിദ്വേഷം, അസൂയ, നിരാശ, വെറുപ്പ്, കാമം, ആത്മാർത്ഥത, സ്നേഹം, കരുതൽ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വികാരങ്ങളുടെ ചുഴലിയാണ്.....എല്ലാം പരസ്പരം കെട്ടുപിണഞ്ഞ് വരിഞ്ഞ് മുറുക്കുന്നു.....നില തെറ്റുന്നു.... ഭ്രാന്തമായി ചികഞ്ഞുചികഞ്ഞ് ദേഷ്യത്തെ മാത്രം ഇഴപിരിച്ചെടുക്കുന്നതിനിടയിൽ പൊട്ടിപ്പോകുന്ന പരസ്പരം ബന്ധിച്ചിരുന്ന വികാര-കണ്ണികൾ പൊക്കിൾക്കൊടി ബന്ധം നഷ്ടപ്പെട്ട ഭ്രൂണത്തെ പ്പോലെ തേങ്ങി. ആവുന്നത്ര ആവേശത്തിൽ ദേഷ്യത്തിന്റെ കടഭാഗം കണ്ടു പിടിക്കാൻ അയാൾ ശ്രമം തുടങ്ങി.
അരുതെന്ന് തേങ്ങി വരിഞ്ഞു പുണരുന്ന ഇഴകളെ ഒരോന്നായി പറിച്ചെറിയുമ്പോഴും തെല്ലും ദയ അയാൾക്ക് തോന്നിയില്ല. കിണഞ്ഞ് പരിശ്രമിച്ച് അവസാനം ദേഷ്യത്തിന്റെ കടയ്ക്കലെത്തി. പലതിലൊന്നു മാത്രമായിരിക്കും എന്ന ധാരണകളെ തെറ്റിച്ചുകൊണ്ട് ദേഷ്യം മാത്രമാണ് തറയിൽ വേരുകളാഴ്ത്തി നിന്നിരുന്നത്. അതുവരെ കേൾക്കാത്ത, അറിയാത്ത ഒരു സ്പന്ദനം ചെവിയിൽ മുഴങ്ങി.... ക്രമേണ മുഴക്കം കൂടിവരുന്നതായി അയാൾക്കു തോന്നി. സർവ്വ ശക്തിയുമെടുത്ത് കടയിൽ പിടിമുറുക്കി. പിഴുതെറിയുക മാത്രം ബാക്കി. ആവുന്നത്ര ശ്രമിച്ചു. ഇല്ല, കൈകൾക്ക് തീരെ ശക്തിയില്ല.
ഒരു ഞെട്ടലോടെ അയാൾ തന്റെ ശരീരത്തിലേക്ക് നോക്കി. ശൂന്യം. സ്വയം കൈ കൊണ്ടുഴിഞ്ഞു നോക്കി. ഇല്ല കൈകളല്ലാതെ തന്റെതായി ഒന്നുമില്ല. താനിരുന്ന പാർക്കെവിടെ? നഗരമെവിടെ? കാറും കോളും ചുഴലിയും അസ്തമിച്ചിരിക്കുന്നു. സ്തബ്ദനായിപ്പോയ അയാൾ എല്ലാം പൂർവ്വസ്ഥിതിയിൽ ആകാൻ ആഗ്രഹിച്ചു. വെപ്രാളത്താൽ പൊട്ടിച്ചെറിഞ്ഞ വികാര തന്തുക്കളെ കൂട്ടിയിണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തിരികെക്കയറാൻ ചുറ്റിലും പരതിയെങ്കിലും ഇറങ്ങിവന്ന വഴികളില്ല. നിലവിളിക്കാൻ ഒരു തൊണ്ട പോലും ബാക്കിയാവാതെ വെറും കൈകൾ മാത്രമായി സ്വന്തം ബുദ്ധിമോശത്തെ പഴിച്ച് ഭയന്നുനിന്ന അയാളെ നോക്കി ദേഷ്യം മന്ദഹസിച്ചു.
............
മൂന്നാം ദിവസം പത്രത്തിന്റെ ഉൾപ്പേജിലെ ഒരു മൂലയിൽ ഫോട്ടോ സഹിതം ഒരു സാധാരണ അറിയിപ്പ്: 48 വയസ്സ്, 170 cm, ഇരുനിറം. ടിയാളെ ജനുവരി 5 വൈകുന്നേരം മുതൽ കാൺമാനില്ല.
Satheesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക