അഥര്‍വ്വം -ഭാഗം 4
മേശപ്പുറത്ത് വെച്ചിരിക്കുന്ന മണ്‍കുടത്തിലേയ്ക്ക് നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി ജീവനും മാധവനും .ജീവന് അത് തുറന്നുനോക്കിയാല്‍ കൊള്ളാമെന്നുണ്ട് പക്ഷെ മാധവന്‍റെ എതിര്‍പ്പ് എന്തുകൊണ്ടോ ജീവന്‍ മുഖവിലയ്ക്ക് എടുക്കുകയായിരുന്നു
“മാധവന്‍ സാര്‍ നമുക്ക് ഇത് എന്താ ചെയ്യാന്‍ പറ്റുക ? തുറന്നു നോക്കിയാലോ ? “
“വേണ്ട സാര്‍ ..താന്ത്രികമായി അറിവുള്ള ഒരാള്‍ വേണം ഇത് തുറക്കാന്‍ “
“മാധവന് ഭയമുണ്ടോ ? “
“ഉണ്ട് സാര്‍ ..ഒടിയനെ പിടിച്ചതായി ഓര്‍ക്കുന്നില്ലേ സാര്‍ ..ആ മഴയത്ത് പോത്തിന്‍റെ രൂപം മാറി അയാള്‍ മനുഷ്യന്‍ രൂപത്തിലേക്ക് മാറുന്നത് സാറും കണ്ടതല്ലേ ..അതുപോലെ എന്തോ ഒന്ന്‍ ഈ കേസില്‍ ഉണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു സാര്‍ “
“ഉണ്ട് സാര്‍ ..ഒടിയനെ പിടിച്ചതായി ഓര്‍ക്കുന്നില്ലേ സാര്‍ ..ആ മഴയത്ത് പോത്തിന്‍റെ രൂപം മാറി അയാള്‍ മനുഷ്യന്‍ രൂപത്തിലേക്ക് മാറുന്നത് സാറും കണ്ടതല്ലേ ..അതുപോലെ എന്തോ ഒന്ന്‍ ഈ കേസില്‍ ഉണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു സാര്‍ “
“മം ..തന്ത്രികമായ അറിവുള്ള ഒരാള്‍ ? “ ജീവന്‍ ഒരുനിമിഷം ചിന്തിച്ചു
“ഒരാളുണ്ട് മാധവന്‍ സാര്‍ ..മാധവന്‍ മറന്നുകാണില്ല എന്ന് തോന്നുന്നു “
“ആരാണ് സാര്‍ ? “
“ഫാദര്‍ ഡേവിഡ് “
“ങേ അയാളോ ..ആ കിറുക്കന്‍ ഫാദറോ ? അയാളുടെ ശിഷ്യനെ ഏതോ പെണ്‍കുട്ടികള്‍ വഞ്ചിച്ചെന്ന് പറഞ്ഞു ആ നാലു പെണ്‍കുട്ടികളെ കൊലചെയ്ത ഫാദര്‍ ഡേവിഡോ ?..അയാള്‍ അതിന് ഇപ്പൊ ജയിലില്‍ അല്ലേ ? “
“അതെ അയാള്‍ തന്നെ ..അല്ലെങ്കിലും മാധവന്‍ സാറിന് അയാളെ മറക്കാന്‍ ആവില്ലലോ “ ജീവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
“ഓര്‍മിപ്പിക്കല്ലേ സാര്‍ ..പക്ഷെ അയാള്‍ക്ക് താന്ത്രിക വിദ്യകളെ പറ്റി അറിവുണ്ടാകുമോ അയാളൊരു സെമിനാരിയിലെ അദ്ധ്യാപകന്‍ മാത്രമല്ലേ “
“അയാളുടെ കഴിവുകള്‍ നമ്മള്‍ അന്ന് കണ്ടതല്ലേ മാധവന്‍ ..അയാളെ വളഞ്ഞ അത്രയും പോലീസുകാരെ ഹിപ്നോട്ടിസം ചെയ്തല്ലേ അയാള്‍ അന്ന് ആ വീടിന് അകത്തേയ്ക്ക് കയറിയതും കൊലനടത്തിയതും ..എനിക്ക് തോന്നുന്നു ഈ കേസില്‍ അയാള്‍ക്ക് നമ്മളെ സഹായിക്കാന്‍ ആകുമെന്ന് ..ഞാന്‍ ഇന്നു തന്നെ അയാളെ കാണുവാന്‍ പോകുന്നുണ്ട് “
“സാര്‍ ശ്യാമിനെ പറ്റി അന്വേഷിക്കാന്‍ പറഞ്ഞിരുന്നില്ലേ അതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്യാമും അജയനും ക്ലോസ് ഫ്രണ്ട്സ് ആണെന്നും രണ്ടുപേരും വര്‍ക്ക് ചെയ്യുന്നത് ബംഗ്ലൂരിലെ ഒരു ഐടി കമ്പനിയില്‍ ആണെന്നും മനസ്സില്ലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് അതിന് പുറമേ അവരുടെ തന്നെ ഫ്രണ്ടായ ശ്രീകാന്തിന്റെ കല്യാണം കൂടാന്‍ രണ്ടുപേരും ഒരാഴ്ചയായി നാട്ടിലാണെന്നും അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് സാര്‍ “ ജീവന്‍റെയും മാധവന്റെയും അടുത്തേയ്ക്ക് വന്ന ഒരു പോലീസുകാരന്‍ അവരോടായി പറഞ്ഞു
“ഗുഡ് ..വേറെ എന്തൊക്കെ ഡീറ്റെല്‍സ് ലഭിച്ചു “
“സാര്‍ ഇതൊന്ന് നോക്കൂ “ ജീവന്‍റെ കൈയ്യിലേക്ക് ഒരു പെന്‍ഡ്രൈവ് നല്‍കികൊണ്ട് പോലീസകാരന്‍ പറഞ്ഞു.ജീവന്‍ ആ പെന്‍ഡ്രൈവ് ലാപ്ടോപ്പില്‍ കണക്ട് ചെയ്തു
“ഇന്നലെ ശ്യാമിനെ പറ്റി അന്വേഷിച്ചപ്പോള്‍ ലഭിച്ചതാണ് ഈ വീഡിയോ ..ടൌണിലെ പോലീസ് സര്‍വെയിലെന്‍സ് ക്യാമറയില്‍ നിന്നു ലഭിച്ച സിസിടിവി ഫൂട്ടേജാണ് സാര്‍ ഇത് “
ജീവന്‍ പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്ന വീഡിയോ പ്ലേ ചെയ്തു
“ആ കാര്‍ ശ്യാമിന്റെതാണ് “ ലാപ്ടോപ്പില്‍ പ്ലേ ആയികൊണ്ടിരിക്കുന്ന വീഡിയോ നോക്കി പോലീസുകാരന്‍ പറഞ്ഞു .ജീവനും മാധവനും ആ വീഡിയോ സൂക്ഷമമായി കാണാന്‍ തുടങ്ങി.
നിറുത്തിയിട്ടിരുന്ന കാറിന്‍റെ ഒരു വശത്ത് നിന്നു മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ശ്യാമിന്റെ അടുത്തേയ്ക്ക് റോഡ് ക്രോസ് ചെയ്തു കൊണ്ട് ഒരു പെണ്‍കുട്ടി നടന്നുവരുന്നു .പുറകില്‍ നിന്നുള്ള അവളുടെ ദൃശ്യമാണ് അവര്‍ക്ക് ലഭിച്ചിട്ടുണ്ടായിരുന്നത് .അവളുടെ വേഷമായ ചുവന്ന ധാവണിയും അവളുടെ തലമുടിയിലെ മുല്ലപ്പൂവും ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.അവള്‍ ശ്യാമിനോട് എന്തോ ചോദിക്കുന്നുണ്ട് സര്‍വെയിലെന്‍സ് ക്യാമറയിലെ ദൃശ്യങ്ങള്‍ക്ക് ശബ്ദം ഇല്ലാത്തതിനാല്‍ അവര്‍ സംസാരിച്ചത് എന്തെന്ന് മനസ്സിലാക്കാന്‍ ജീവന് മനസ്സിലായില്ല .അവള്‍ക്ക് മറുപടി കൊടുത്തുകൊണ്ട് ശ്യാം അവള്‍ക്ക് കാറിന്‍റെ ഡോര്‍ തുറന്ന് കൊടുക്കുകയും കാര്‍ അവിടെ നിന്ന് പോവും വരെയുള്ള ദൃശ്യങ്ങളാണ് ആ വീഡിയോയില്‍ പിന്നെ ഉണ്ടായിരുന്നത്.വീഡിയോ കണ്ടുതീര്‍ന്നതും പോലീസുകാരന്‍ തുടര്‍ന്നു
“ശ്യാമിന്റെ കാര്‍ വിശദമായി പരിശോധിച്ചതില്‍ ഒരു സ്ത്രീയുടെ മുടിയിഴകളും മുല്ലപ്പൂവിന്‍റെ ഇതളുകളും സീറ്റില്‍ നിന്ന് ലഭിച്ചിരുന്നു..അതുകൊണ്ട് ഈ പെണ്‍കുട്ടിയ്ക്ക് ശ്യാമിന്റെ മരണമായി ബന്ധം ഉണ്ടെന്ന് ഒരു സംശയം “
“യെസ് ..മാധവന്‍ സാര്‍ ഓര്‍ക്കുന്നുണ്ടോ അജയന്‍റെ ഷര്‍ട്ടിന്‍റെ ബട്ടന്‍റെ മുകളില്‍ പറ്റിപിടിച്ചിരുന്ന മുല്ലപ്പൂവിന്റെ ഇതളുകള്‍ “ ജീവന്‍ അത് പറഞ്ഞു വീഡിയോ വീണ്ടും റീവൈന്‍ഡ് ചെയ്തു
“ക്യാമറ പിന്നിലായത് കൊണ്ട് ആ പെണ്‍കുട്ടിയുടെ മുഖം കാണുന്നില്ലലോ മാധവന്‍ സാറെ “ ജീവന്‍ ആ വീഡിയോ വീണ്ടും മുന്നോട്ടും പിന്നോട്ടും ഓടിച്ചുകൊണ്ടിരുന്നു
“യെസ് “ ആ പെണ്‍കുട്ടിയുടെ മുഖം അല്പമെങ്കിലും കാണാന്‍ കഴിഞ്ഞപ്പോള്‍ വീഡിയോ പോസ് ചെയ്ത് ജീവന്‍ പറഞ്ഞു
“ഇത് നോക്കൂ മാധവന്‍ സാര്‍ ..ഭാഗികമായിട്ടാണെങ്കിലും മുഖം കാണാനുണ്ട് ഇപ്പോ “ ജീവന്‍ തുടര്‍ന്നു
“ഇത് ..ഇവള്‍ ? “ എന്തോ ഓര്‍ത്തപ്പോലെ ജീവന്‍ ഒരുനിമിഷം ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കി നിന്നു .ജീവന്‍ കുറച്ചൂടെ അവളുടെ മുഖം സൂം ചെയ്തു
“ഇവളെ എനിയ്ക്കറിയാം മാധവന്‍ ..ഛെ പേര് മറന്നു “ വീണ്ടും എന്തോ ആലോചിച്ചു കൊണ്ട് ജീവന്‍ പറഞ്ഞു
“ദുര്‍ഗ്ഗ..അതെ ദുര്‍ഗ്ഗ എന്നാണ് അവളുടെ പേര് ..കഴിഞ്ഞ ആഴ്ചയില്‍ ആണെന്ന് തോന്നുന്നു ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രി തനിച്ച് റോഡില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാനാണ് അവളെ ജീപ്പില്‍ കയറ്റി വീട്ടില്‍ കൊണ്ടുവിട്ടത് “ ജീവന്‍ അവളുടെ മുഖത്തോട്ട് ചൂണ്ടികൊണ്ട് പറഞ്ഞു
“കഴിഞ്ഞ ആഴ്ചയില്‍ എന്നുപറയുമ്പോള്‍ ഏതു ദിവസം ? “ മാധവനാണ് ആ ചോദ്യം ചോദിച്ചത്
“കഴിഞ്ഞ വെള്ളിയാഴ്ച “
“കഴിഞ്ഞ വെള്ളിയാഴ്ച ..എന്ന് പറയുമ്പോള്‍ അജയന്‍ കൊല്ലപ്പെട്ടതിന്റെ മുന്നത്തെ ദിവസം അല്ലേ സാര്‍ ? “
“വെയിറ്റ് “ ജീവന്‍ മേശപ്പുറത്തിരുന്ന ഫയലുകളില്‍ എന്തോ തിരഞ്ഞുപിടിച്ച് പുറത്തേയ്ക്ക് എടുത്തു .മരിച്ച അജയന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആയിരുന്നു ജീവന്‍ പുറത്തേയ്ക്ക് എടുത്തത് .അത് തുറന്നശേഷം അജയന്‍ മരിച്ച സമയത്തിന്‍റെ ഭാഗം തിരഞ്ഞു
“ദിവസം ശനിയാഴ്ച സമയം 12.20 AM “ എന്തോ ആലോചിച്ചശേഷം ജീവന്‍ തുടര്‍ന്നു
“അവളെ അവളുടെ വീട്ടില്‍ കൊണ്ടുവിടുമ്പോള്‍ സമയം ഏകദേശം രാത്രി പന്ത്രണ്ടു മണിയായി കാണും..അതെ ഞാന്‍ ഓര്‍ക്കുന്നു അവള്‍ എന്നോട് സമയം ചോദിച്ചിരുന്നു..തീര്‍ച്ചയായും അവളെ സംശയിക്കേണ്ടിയിരിക്കുന്നു ..മരിച്ച ശ്യാമിനെ കണ്ടെത്തിയ ആ സ്ഥലത്തിന് അടുത്ത് തന്നെയാണ് അവളെ അന്ന് ഞാന്‍ ഇറക്കി വിട്ടതും ..എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ ഇവള്‍ ആയിരിക്കണം നമ്മള്‍ അന്വേഷിക്കുന്ന കൊലയാളി “
“പക്ഷേ സാര്‍ ഈ ഫൂട്ടെജ് വെച്ചു നമ്മുക്ക് എന്തെങ്കിലും ചെയ്യാനാകുമോ ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം സ്വാഭാവിക മരണമെന്ന് പറയുമ്പോള്‍ ..ഈ ഫൂട്ടേജിന് എന്ത് വിലയുണ്ടാവും ..ഒരു മുല്ലപ്പൂവിന്റെയും മുടിയിഴയുടെയും ബലത്തില്‍ നമുക്ക് എങ്ങനെ ഇവരെ സംശയിക്കാന്‍ ആവും ? “ മാധവന്‍ സാര്‍ തന്‍റെ സംശയങ്ങള്‍ വ്യക്തമാക്കി
“അത് ശരിയാണ് മാധവന്‍ സാര്‍ പറഞ്ഞത് ..തെളിവെന്ന് പറയാന്‍ നമ്മുടെ കൈയ്യിലോന്നുമില്ല..അജയന്‍, ശ്യാം ഇവര്‍ക്കിടയില്‍ ആരാണ് ഈ ദുര്‍ഗ്ഗ..പിന്നെ ഈ മണ്‍കുടം..ഇനിയും അഴിയാത്ത കുരുക്കുകള്‍ ഓരോന്നും അഴിക്കണം മാധവന്‍ “ മേശപ്പുറത്തിരുന്ന മണ്‍കുടത്തിലേക്ക് നോക്കി ജീവന്‍ പറഞ്ഞു
---------------------------
സെല്ലുകളുടെ വാതില്‍ ഓരോന്ന് തുറന്നുകൊണ്ട് ആ പോലീസുകാരന്‍ മുന്നിലായി നടന്നു അയാളെ അനുഗമിച്ചെന്ന പോലെ ജീവന്‍ അയാളുടെ പുറകിലായി നടന്നു.ഒരു സെല്ലിന്‍റെ മുന്നിലെത്തിയപ്പോള്‍ പോലീസുകാരന്‍ നിന്നു .അയാള്‍ കൈയ്യിലുണ്ടായിരുന്ന ലാത്തികൊണ്ട് സെല്ലിന്‍റെ കമ്പികളില്‍ തട്ടി
“നിങ്ങളെ കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു “ സെല്ലിന്‍റെ അകത്തേയ്ക്ക് നോക്കി പോലീസുകാരന്‍ പറഞ്ഞു
“ക്യുസ് എസ്റ്റ് (ആരാ അത് ) “ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തില്‍ നിന്ന് മുഖം മാറ്റി സെല്ലിന്‍റെ അകത്ത് നിന്നൊരു ശബ്ദം പുറത്തേയ്ക്ക് വന്നു.അയാളുടെ പ്രായം അമ്പത് കടന്നുകാണും ,വൃത്തിയില്‍ വെട്ടിയൊതുക്കിയ നര കയറിയ മുടിയും താടി രോമങ്ങളും ചൈതന്യം ഓതുന്ന മുഖവും കണ്ടപ്പോള്‍ തന്നെ ജീവന്‍ അയാളെ മനസ്സിലാക്കി
“ജീവന്‍ ..ജീവന്‍ അഗസ്റ്റിന്‍ “ ആ ചോദ്യത്തിന് മറുപടി കൊടുത്തത് ജീവനായിരുന്നു .
“ക്യുഡ് ആജിസ് മേയ ഫിലിയുസ് (സുഖമാണോ മകനേ )“ സെല്ലിന്‍റെ അകത്തുള്ള അയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു
“ക്യുഡ് ആജിസ് മേയ ഫിലിയുസ് (സുഖമാണോ മകനേ )“ സെല്ലിന്‍റെ അകത്തുള്ള അയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു
“ബെനെ സം ഫാദര്‍(സുഖമാണ് ഫാദര്‍ ) “ ജീവനും ചിരിച്ചാണ് മറുപടി പറഞ്ഞത്
“മം ..നോട്ട് ബാഡ് ..ലാറ്റിന്‍ പഠിച്ചല്ലേ ഓഫീസര്‍ “ കൈയ്യിലുണ്ടായിരുന്ന പുസ്തകം നിലത്തുവെച്ചു ഫാദര്‍ ഡേവിഡ് ജീവന്‍റെ അടുത്തേയ്ക്ക് നടന്നുവന്നു
“എന്താണ് സണ്‍ പാപിയായ ഈ പുരോഹിതനെ കാണാന്‍ വന്നത് ? “
“ഫാദറിന്റെ സഹായം ഒന്നുവേണമായിരുന്നു “
“ഹ ഹ ..ഒടിയനെ പിടിച്ച ,കൊലപാതകിയായ പള്ളിയിലെ അച്ചനെ പിടിച്ച ഡിപ്പാർട്ട്മെന്റിലെ ഏറ്റവും സമര്‍ത്ഥനായ ഓഫീസര്‍ ജീവന്‍ അഗസ്റ്റിന് ജയില്‍ പുള്ളിയായ എന്‍റെ സഹായം വേണമെന്നോ “
“യെസ് ഫാദര്‍ ..കുറ്റവാളി മനുഷ്യന്‍റെ യുക്തിയ്ക്ക് അപ്പുറമുള്ള ഒരാളാണ് ..പോലീസിന് ഇപ്പോള്‍ നിങ്ങളുടെ സഹായം ആവശ്യമാണ്..വിശദമായി കേസിനെ പറ്റി ഞാന്‍ പറയാം ..ഫാദര്‍ സഹായിക്കില്ലേ ? “
“ഇല്ല സണ്‍ ..ഞാനൊരു പുതിയൊരു മനുഷ്യനാവാന്‍ ശ്രമിക്കുകയാണ് ..പഴയ ഡേവിഡിനെ ഞാന്‍ തന്നെ മറന്നിരിക്കുകയാണ്..ഇനി എന്തിന്‍റെ കാരണം ആയാലും ഞാന്‍ അതൊന്നും ഓര്‍ക്കുന്നില്ല സണ്‍ ..ഒരുത്തരത്തിലും സഹായം ചെയ്യാന്‍ എനിക്കാകില്ല ..സോറി സണ്‍ “ ഫാദര്‍ ഡേവിഡ് നിലത്ത് വെച്ച പുസ്തകം എടുക്കാനായി പുറകിലേക്ക് നടന്നു
“ഫാദര്‍ ഞങ്ങളെ സഹായിക്കുകയാണെങ്കില്‍ ..എനിയ്ക്കും ഫാദറിന്റെ ശിക്ഷയില്‍ ഇളവ് ചെയ്യാനാകും “ ജീവന്‍ ഒരു ഓഫര്‍ നല്‍കും പോലെ പറഞ്ഞു .അത് കേട്ടപ്പോള്‍ എന്തോ ആലോചിച്ച പോലെ ഫാദര്‍ ഒരു നിമിഷം പുസ്തകം കൈയ്യിലെടുത്ത് അങ്ങനെ നിന്നു
“എന്താ പറഞ്ഞേ ജീവന്‍ ? “ വിശ്വാസം വരാതെ ഫാദര്‍ ചോദിച്ചു
“യെസ് ഫാദര്‍ ..പോലീസിനെ സഹായിക്കുകയാണെങ്കില്‍ ഫാദറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ എനിയ്ക്കാകും ..ജീവപര്യന്തത്തില്‍ ഇളവുകള്‍ ഞാന്‍ വാങ്ങി തരും..ഫാദര്‍ സമ്മതമല്ല എന്ന് മാത്രം പറയരുത് “
ഒരുനിമിഷം ആലോചിച്ചശേഷം ഫാദര്‍ മറുപടി നല്‍കി
“ശരി ..ഞാന്‍ സഹായിക്കാം “
“വളരെ നന്ദി ഫാദര്‍ ..ഏഴുദിവസത്തെ പരോളിനു വേണ്ടി ഞാന്‍ റിക്വസ്റ്റ് നടത്തിയിട്ടുണ്ട് ..അപ്പ്രൂവല്‍ ലഭിച്ചാല്‍ ഞാന്‍ ഫാദറിനെ കൂട്ടികൊണ്ട് പോകാം “
--------------------------
ജീവന്‍റെ റിക്വസ്റ്റ് പ്രകാരം ഫാദര്‍ ഡേവിഡിന് വളരെ പെട്ടെന്ന് തന്നെ പരോള്‍ ലഭിച്ചിരുന്നു.പരോളില്‍ ഇറങ്ങിയ ഫാദറിനെ കൂട്ടികൊണ്ട് പോകാന്‍ ജീവന്‍ ജയില്‍ എത്തിയിരുന്നു.അവിടെ നിന്നു നേരെ പോയത് സ്റ്റേഷനിലേയ്ക്കായിരുന്നു
“സുഖമല്ലേ മാധവന്‍ സാര്‍ ? “ മാധവനെ കണ്ടതും ചിരിച്ചുകൊണ്ട് ഫാദര്‍ ചോദിച്ചു .പക്ഷെ മാധവന്‍ അതിന് മറുപടി നല്‍കിയില്ല
“മാധവന് ഇപ്പോഴും എന്നോട് പഴയ ദേഷ്യം ഉണ്ടെന്ന് തോന്നുന്നു ജീവന്‍ “
“ഫാദര്‍ വരൂ “ അവര്‍ നേരെ പോയത് ജീവന്‍റെ മുറിയിലേയ്ക്കായിരുന്നു
“ഫാദര്‍ ഞാന്‍ കേസിന്‍റെ ഡീറ്റെയില്‍സ് പറഞ്ഞുതരാം..രണ്ടാഴ്ചയ്ക്ക് ഇടയില്‍ രണ്ടു ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടു ..അജയനും ശ്യാമും ..രണ്ടുപേരും ചങ്ങാതിമാരാണ് ..ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നവരുമാണ് ..രണ്ടുപേരും മരണപ്പെട്ടത് അല്ലെങ്കില്‍ അവരുടെ മരണകാരണം രക്തധമനികളില്‍ രക്തം കട്ടപിടിച്ചും തുടര്‍ന്ന്‍ തലച്ചോറില്‍ ഉണ്ടായ സ്ട്രോക്ക് മുഖാന്തിരം ..മറ്റൊരു സാമ്യത എന്ന് പറഞ്ഞാല്‍ രണ്ടുപേരുടെയും കാലുകളിലെ ഉപ്പൂറ്റി മുതല്‍ കാല്‍മുട്ടുകള്‍ വരെയുള്ള ഭാഗത്തെ ഞെരമ്പുകള്‍ മുഴച്ച് വികൃതമായിട്ടാണ് ഉണ്ടായിരുന്നത് ..പ്രഥമ അന്വേഷണത്തില്‍ ഇതൊരു സ്വാഭാവിക മരണമാണെന്ന് തോന്നിയിരുന്നെങ്കിലും ശ്യാമിന്റെ മരണം സംഭവിച്ച സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഈ കുടം “ മേശപ്പുറത്ത് വെച്ചിരുന്ന മണ്‍കുടം കാണിച്ചുകൊണ്ട് ജീവന്‍ ഒന്ന് നിറുത്തിയ ശേഷം തുടര്‍ന്നു
“ഈ കുടത്തിന് ഈ മരണങ്ങളില്‍ എന്തോ പങ്കുണ്ടെന്ന് തോന്നി ..ശ്യാമിന്റെ നഷ്ടപ്പെട്ട ഷൂ ലഭിച്ച ഇടത്തില്‍ നിന്നാണ് ഈ കുടം ലഭിച്ചത്..മനുഷ്യ യുക്തിയ്ക്ക് അപ്പുറമായി എന്തോ ഈ കേസില്‍ ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഫാദറിന്റെ സാഹായം ചോദിച്ചത് “
“ഫാദര്‍ ഇത് കണ്ടോ ? “മരിച്ച അജയന്റെയും ശ്യാമിന്റെയും ഫോട്ടോഗ്രാഫ് കാണിച്ചുകൊണ്ട് ജീവന്‍ പറഞ്ഞു
“അവരുടെ കാലുകള്‍ കണ്ടോ ? ഈ കാണുന്ന നിറം രക്തം ക്ലോട്ട് ആയതാണ് ..അതിന്മൂലം പ്രഷര്‍ കൂടി സ്ട്രോക്ക് സംഭവിക്കുകയായിരുന്നു ..പക്ഷെ രക്തത്തില്‍ ഇതെങ്ങനെ ഫോം ആയെന്ന് മാത്രം അറിയുന്നില്ല “
ഫാദര്‍ ഡേവിഡ് ആ ഫോട്ടോഗ്രാഫ് കൈയ്യിലെടുത്തു അതിലേയ്ക്ക് സൂക്ഷിച്ചുനോക്കി
“വേറെ എന്തൊക്കെയാണ് പോലീസിന്റെ കണ്ടെത്തലുകള്‍ ? “ ഫാദര്‍ ജീവനോട് ചോദിച്ചു .
“പിന്നെ ഇവള്‍ ..ദുര്‍ഗ്ഗ ഇവളയാണ് പോലീസിന് സംശയം “ ദുര്‍ഗ്ഗയുടെ ഫോട്ടോയും ഫാദറിനെ കാണിച്ചുകൊണ്ട് ജീവന്‍ പറഞ്ഞു
“മം” ഫാദര്‍ ഒന്ന് മൂളിയ ശേഷം മണ്‍കുടത്തിന്‍റെ മുകളില്‍ കെട്ടിയിരുന്ന ചുവന്ന തുണി പതിയെ അഴിച്ചെടുത്തു
“ഒരു ന്യൂസ്‌പേപ്പര്‍ എടുത്തു വരൂ “ മാധവനോടായി ഫാദര്‍ പറഞ്ഞു .മാധവന്‍ അപ്പോള്‍ത്തന്നെ ഫാദറിന് ആവശ്യപ്പെട്ട പ്രകാരം ന്യൂസ്‌പേപ്പര്‍ എടുത്തുകൊടുത്തു .ഫാദര്‍ ആ പേപ്പര്‍ ജീവന്‍റെ മേശപ്പുറത്തു വെച്ച ശേഷം മണ്‍കുടം പതിയെ ആ പേപ്പറിലെയ്ക്ക് ചരിഞ്ഞു .കുറച്ചു മണ്ണും ഒരു തകിടുമായിരുന്നു അതില്‍ ഉണ്ടായിരുന്നത്.മണ്ണില്‍ കിടന്നിരുന്ന ചുരുട്ടിയ തകിട് ഫാദര്‍ പതിയെ നിവര്‍ത്തി.അതിലെഴുതിയിരിക്കുന്നതിലെയ്ക്ക് നോക്കി അതിനു ശേഷം മന്ദഹസിച്ചു
“വേട്ടയാടി ജീവിച്ച മനുഷ്യനുനേരെ പ്രകൃതിനടത്തുന്ന അവിചാരിതമായ ആക്രമണങ്ങളെ ചെറുക്കുവാനും അതിൽനിന്ന് മോചനം നേടുവാനും പ്രാചീന മനുഷ്യൻ കണ്ടുപിടിച്ച ഒരു വിദ്യയാണ് മന്ത്രവാദം ..നാലാമത്തെ വേദമായ അഥർവ വേദത്തിൽ മന്ത്രവാദത്തെപ്പറ്റി വിശദമായി പറയുന്നുണ്ട്..പ്രധാനമായും വൈഷ്‌ണവം, ശാക്തേയം, ശൈവം എന്നിങ്ങനെ മൂന്നുവിധത്തിലുളള മന്ത്രവാദരീതികളാണ് നിലവിലുളളത്. ഇതിലൂടെ ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നീ ഷഡ്‌കർമ്മങ്ങളാണ് നിർവ്വഹിക്കപ്പെടുന്നത് “ ഫാദര്‍ അത്രയും പറഞ്ഞുനിര്‍ത്തി .ആ സമയം ജീവനും മാധവനും പരസ്പരം മുഖത്തോടു മുഖം നോക്കി നില്‍ക്കുകയായിരുന്നു
“ആ ഫോട്ടോഗ്രാഫ് ഒന്ന് കാണിക്കൂ “ ഫാദര്‍ വീണ്ടുംമരിച്ചുകിടക്കുന്ന അജയന്റെയും ശ്യാമിന്റെയും ഫോട്ടോസ് ആവശ്യപ്പെട്ടു
“മം ..എനിയ്ക്ക് തോന്നുന്നത് ഇവിടെ നടന്നത് സ്തംഭനമാണ് നടന്നതെന്നാണ് ..രക്തധമനികള്‍ സ്തംഭിപ്പിച്ചുള്ള മരണമാണ് താന്ത്രികന്‍ ഉദേശിച്ചതും നടപ്പിലാക്കിയതും “
“പക്ഷെ എങ്ങനെ ഫാദര്‍ ? അത് എങ്ങനെ സാധ്യമാവും ? “
“പറയാം അതിലേക്കാണ് വരുന്നത് ..ഇവിടെ അയാള്‍ ചെയ്തിരിക്കുന്നത് ഒടി പ്രയോഗമാണ് “
“ഒടി പ്രയോഗം എന്ന് പറഞ്ഞാല്‍ ? ഒടിയനാണോ ഫാദര്‍ ? “ജീവന്‍ ഇടയ്ക്ക് കയറി ചോദിച്ചു
“ഒടിയന്‍ വേറെ ഒടി പ്രയോഗം വേറെ ..ശരിയ്ക്കും പറഞ്ഞാല്‍ നിങ്ങളെ പോലെയുള്ള പുതിയ തലമുറയ്ക്ക് ഈ ഒടി പ്രയോഗത്തെ പറ്റി പറഞ്ഞാല്‍ ആശ്ചര്യവും അത്ഭുതവും അവിശ്വാവുമൊക്കെ ഉണ്ടാകാന്‍ ഇടയുള്ള കാര്യമാണ് എന്നാല്‍ ഉത്തരകേരളത്തില്‍ ഒരു വിഭാഗത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്ന ഒരു ആഭിചാരക്രിയയാണ് ഒടി വെയ്ക്കല്‍ അഥവാ ഒടി പ്രയോഗം ..ഇതൊരു ദ്രാവിഡ മാന്ത്രിക വിഭാഗത്തില്‍പ്പെട്ട ആഭിചാര ക്രിയയാണ് ..ചന്ദസ്സുകളോ അതുപോലെതന്നെ ബീജക്ഷരങ്ങളോ ഒന്നുമല്ലാതെ ഗദ്യരൂപത്തിലുള്ള മന്ത്രങ്ങളാണ് ദ്രാവിഡ മന്ത്രികത്തിന്റെ പ്രത്യേകത തന്നെ ..ഇനി ഈ ഒടി എന്ന കര്‍മ്മം ചെയ്യുന്നത് എങ്ങനെയാ എന്ന് വെച്ചാല്‍ ..ഒരു വണ്ണാത്തിപ്പുള്ള് എന്നൊരു പക്ഷിയുണ്ട് ..ഈ പക്ഷിയെ പിടിച്ച് അതിന്‍റെ രക്തം വാര്‍ന്നുപോകാതെ കൊന്ന് ഒരു ചിരട്ടയില്‍ ഇട്ടു അടച്ചു മറ്റൊരു ചിരട്ടകൊണ്ട് അത് മൂടി നൂലുകൊണ്ട് അത് കെട്ടിയ ശേഷം മണ്ണില്‍ കുഴിച്ചിടും ..പതിനൊന്ന് ദിവസങ്ങള്‍ കഴിയുമ്പോള്‍ അതിനെ വീണ്ടും പുറത്തേയ്ക്ക് എടുത്ത് അതിനെ ഒരു മണ്‍കാലത്തില്‍ ഇട്ടു കഴുകിയ ശേഷം അതിന്‍റെ എല്ലുകള്‍ എടുത്തു ഗുരുതി കൂട്ടും അതിനുശേഷം ഉച്ചാടനത്തിനു ആണെങ്കില്‍ പനയുടെ ഓലയിലും മാരണത്തിന് ആണെങ്കില്‍ ഇയ്യതകിടിലും സാധ്യന്‍റെ പേരും നക്ഷത്രവും എഴുതി ഒരു മണ്‍കുടത്തില്‍ ഇട്ടശേഷം അതിലേയ്ക്ക് പക്ഷിയുടെ ഗുരുതി കൂട്ടിയ എല്ലുകളും സാധ്യന്റെ കാല്‍പാദം പതിഞ്ഞിട്ടുള്ള മണ്ണും ഇട്ടശേഷം സാധ്യന്‍ വരാന്‍ ഇടയുള്ള വഴിയില്‍ ഇത് കുഴിച്ചിടും ..സാധ്യന്‍ ഈ ഒടിയെ മാറി കടന്നാല്‍ സാധ്യനെ ഒടിപിടിക്കുകയും സാധ്യനു മരണം വരെ സംഭവിക്കാന്‍ ഇടവരുകയും ചെയ്യും ..ഇതാണ് ഇവിടെ നടന്നിരിക്കുന്നത് ..ഒടിയേറ്റ അജയനും ശ്യാമും സ്തംഭന ക്രിയയുടെ ശക്തികൊണ്ട് അവരുടെ രക്തധമനികളും സ്തംഭിച്ചു പോയതാണ് അവരുടെ മരണ കാരണം ..ഈ വിദ്യ അറിയുന്നവര്‍ ഇപ്പോഴും ജീവനോടെ ഉണ്ട് ജീവന്‍ ..കേട്ടാല്‍ വിശ്വസിക്കില്ല ...നമ്മുടെ ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിയാത്ത ,തെളിയിക്കാന്‍ കഴിയാത്ത പലതും ഇനിയും ഈ ഭൂമിയിലുണ്ട് ജീവന്‍ “
മരണകാരണം വിവരിച്ചത് കേട്ട് ജീവനും മാധവനും അന്തംവിട്ടു മുഖത്തോട് മുഖം നോക്കി
(തുടരും )
Lijin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക