##വിവാഹം##
ഭാവിജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്തുകൂട്ടുന്നത് ഏതാണ്ടൊരു ഹോബി ആയി മാറിയ സമയത്ത്, കൃത്യമായി പറഞ്ഞാൽ ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി എന്റെ മുന്നിലേക്ക് അവരെത്തിയത്..എന്നോടൊന്ന് ചോദിക്കുക പോലും ചെയ്യാതെ വീട്ടുകാർ ഒരു പെണ്ണുകാണൽ ഏർപ്പെടുത്തിയിരിക്കുന്നു..കെട്ടിച്ചുവിടാൻ എന്താണിത്ര ധൃതി എന്ന് ചോദിയ്ക്കണമെന്നുണ്ടായിരുന്നു. പ്ലസ്ടു പഠിക്കുമ്പോൾ തന്നെ കെട്ടിച്ചു വിടുന്നത് ഞങ്ങളുടെ നാട്ടിൽ സാർവ്വത്രികമായ ഒരു കാര്യം ആയതിനാൽ അങ്ങനൊരു സന്ദർഭത്തിൽ വാശി കൊണ്ട് പ്രയോജനമില്ല എന്നു തോന്നി.ഉള്ളിൽ ഏറെ വിഷമം തോന്നിയെങ്കിലും എനിക്കിഷ്ടമില്ലെന്നു പറഞ്ഞാൽ അവർ ആ ശ്രമം ഉപേക്ഷിക്കുമെന്ന വിശ്വാസത്തിൽ ഞാൻ എതിർത്തോ വാശിപിടിച്ചോ ഇല്ല.
പെണ്ണിനെ അഥവാ എന്നെ കൺകുളിർക്കെ കണ്ട ചെക്കനും ബ്രോക്കറും ചടങ്ങൊക്കെ മുറപോലെ ചെയ്തു..കുട്ടികൾ തമ്മിൽ സംസാരിക്കട്ടെ എന്നും പറഞ്ഞ് ചെക്കനെ എന്റെ അടുത്തേക്ക് വിടുമ്പോൾ വേണ്ട , എനിക്ക് സംസാരിക്കാനുള്ളത് എന്റെ ഉമ്മയോടാണ് എന്ന് വിളിച്ച് പറയാൻ നാവ് ധൃതി കൂട്ടി..പക്ഷെ ചങ്കിൽ പിടിമുറുക്കിയ വേദന ഒരക്ഷരം മറുത്തു പറയാൻ എന്നെ അനുവദിച്ചില്ല.
പേരും ഊരും സ്കൂളും ക്ലാസും മുന്നേ പഠിച്ച സ്കൂളും ഒക്കെ വഴിക്കുവഴിയായി ചോദിച്ച അയാളുടെ മുന്നിൽ നിർവികാരതയോടെ നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളു..അല്ലെങ്കിലും അയാളെന്തു പിഴച്ചു..ആദ്യം എന്നെ മനസ്സിലാക്കേണ്ടതും മനസ്സറിയേണ്ടതും അയാളല്ലല്ലോ..എന്റെ ഉമ്മയല്ലേ..ഒരു വിവാഹത്തിന് മനസ്സുകൊണ്ട് ഞാൻ ഒരുക്കമല്ല..വിവാഹപ്രായവും ആയിട്ടില്ല..
കണ്ണുകൾ നിറഞ്ഞു തുളുമ്പാതെ മനസ്സാനിധ്യം വീണ്ടെടുത്ത് ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി..നിലത്തു പെരുവിരൽ കൊണ്ട് കളം വരക്കാനും നാണം കൊണ്ട് മുഖം ചുവപ്പിക്കാനും നിന്നില്ല.. യാതൊരു വികാരവും കൂടാതെയുള്ള എന്റെ മറുപടി കേട്ടാലെങ്കിലും എനിക്ക് വിവാഹത്തിന് താല്പര്യമില്ല എന്നയാൾക്ക് മനസ്സിലാവും കരുതി. അപ്പോഴേക്കും ചങ്കിലെ പിടച്ചിൽ കൈകാലുകളിൽ ഒരു വിറയലായി മാറി.
ചോദ്യങ്ങൾ തീർന്നതോടെ അയാൾ പുറത്തേക്കും ഞാൻ കിടപ്പുമുറിയിലേക്കും നടന്നു.സകലനിയന്ത്രണങ്ങളും വിട്ട ഞാൻ ബെഡിൽ കിടന്ന് ഏറെ നേരം കരഞ്ഞു.പുറമേക്ക് ഒരു ഞരക്കം പോലും കേൾക്കാത്ത വിധം തലയിണയിൽ മുഖമമർത്തിക്കരഞ്ഞു...
വന്നവർ പോയി ഏറെക്കഴിഞ്ഞും എനിക്ക് മുഖം തരാതെ നടക്കുന്ന ഉമ്മയോട് എനിക്കൊന്നും ചോദിയ്ക്കാനോ പറയാനോ കഴിഞ്ഞില്ല..എല്ലാത്തിനും ഉമ്മക്ക് സഹായിയായി ഉണ്ടായിരുന്നത് മാമൻ ആയിരുന്നു..ചെറിയൊരു പ്രതീക്ഷയോടെ മാമനെക്കണ്ട് എന്റെ ആവശ്യം പറഞ്ഞപ്പോൾ ഇതൊക്കെ അവരുടെ ശല്യം കൊണ്ട് ചെയ്യുന്നതാണെന്നും ,എന്റെ ഇഷ്ടങ്ങൾക്ക് ഒരു ഭംഗവും വരില്ലെന്നും പറഞ്ഞു..ചെക്കനെക്കുറിച്ച് വാതോരാതെ സംസാരിച്ച അവരാരും എന്റെ ഇഷ്ടക്കേട് പറഞ്ഞിട്ട് പോലും ചെവികൊണ്ടില്ല..
പിറ്റേന്ന് ചെക്കന്റെ ബന്ധുക്കളും മറ്റും വന്നപ്പോൾ എനിക്ക് മനസ്സിലായി.എന്റെ ഇഷ്ടങ്ങൾക്ക് കൂടെ നില്ക്കാൻ ആ വീട്ടിൽ ആരുമില്ലെന്ന്..കൂടെ ചേർത്തുനിർത്താൻ ഒരാൾപോലും ഇല്ലാതെ വന്നപ്പോൾ ഞാൻ എന്ന പതിനാറുകാരിയുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും മോഹങ്ങളും അവിടെ കരിഞ്ഞുതുടങ്ങി..
ഒരാഴ്ചക്കുള്ളിൽ വളരെ ധൃതിപ്പെട്ട് കല്യാണനിശ്ചയം കൂടി നടത്തി എല്ലാവരും സന്തോഷിക്കുമ്പോൾ , അങ്ങനെ ഒരവസരത്തിൽ ഏറെ സന്തോഷിക്കേണ്ട ഞാൻ മാത്രം കരഞ്ഞുകൊണ്ട് നേരം വെളുപ്പിച്ചു.. ഒരുപാട് രാത്രികളിൽ..
കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ ഒരു കുറവും വരാതെ ചെയ്യാൻ അവരൊക്കെ ശ്രദ്ധിച്ചപ്പോൾ , പ്രകാശം മങ്ങിയ എന്റെ കണ്ണുകളും പുഞ്ചിരിപോലും മറന്നുതുടങ്ങിയ മുഖവും അവർ കണ്ടില്ലെന്നു നടിച്ചു .ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ സമയങ്ങളിൽ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും പ്രിയസുഹൃത്തുക്കൾ മാത്രേ ഉണ്ടായിരുന്നുള്ളു...
സ്കൂളിലും ഞാൻ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു.മുസ്ലീംകുട്ടികൾ നന്നേ കുറവായിരുന്ന അവിടെ , പഠിക്കുന്ന സമയത്തൊരു കല്യാണം എല്ലാവർക്കും അത്ഭുതമായിരുന്നു..ഞാൻ അങ്ങനൊരു അത്ഭുതവസ്തുവും ആയി മാറി....
കല്യാണത്തലേന്ന് കയ്യിൽ മൈലാഞ്ചി ഇട്ടിരുന്ന അടുത്തവീട്ടിലെ കുട്ടി എങ്ങനെ ഇടണമെന്ന് ചോദിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി..അവളെങ്കിലും എന്റെ ഇഷ്ടം ചോദിച്ചല്ലോ എന്നോർത്ത്.. കല്യാണച്ചെക്കൻ ഉൾപ്പെടെ എല്ലാതും ആരുടെയൊക്കെയോ ഇഷ്ടങ്ങളായിരുന്നല്ലോ..പിന്നെ മൈലാഞ്ചിയിൽ മാത്രമായി എനിക്കെന്തിനാണ് ഒരിഷ്ടം..അവളുടെ ഇഷ്ടം പോലെ ഇട്ടുകൊള്ളാൻ പറയുമ്പോൾ എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടാവണം അവളുടെ മുഖത്തെയും ചിരി മാഞ്ഞു..
പിറ്റേന്നു ശരിക്കും ഞാനൊരു യന്ത്രം കണക്കിനായിരുന്നു..മുഖത്തൊരു ചിരിയും ഘടിപ്പിച്ച് ഉള്ളിൽ കരഞ്ഞുകൊണ്ട് നടക്കാൻ വല്ലാതെ പണിപ്പെട്ടു.. നിക്കാഹ് കഴിയും വരെ എങ്ങനെയെങ്കിലും കല്യാണം മുടങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി..നിക്കാഹിന്റെ സമയത്ത് എല്ലാവിധ പ്രതീക്ഷകളും കൈവിട്ട എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ഞാൻ കരഞ്ഞു .മൗനമായി തേങ്ങിക്കരഞ്ഞു.ജനിച്ചുവളർന്ന വീടും നാടും വിട്ടു പോവുന്ന വേദനയാണെന്നു കരുതി ചിലരൊക്കെ ആശ്വസിപ്പിച്ചു...അവരിൽ ചിലർക്കൊക്കെ എന്റെ കണ്ണീരിന്റെ അർത്ഥം നന്നായി അറിയാമായിരുന്നിട്ടു കൂടി..
ചടങ്ങുകളെല്ലാം കഴിഞ്ഞ് ബന്ധുക്കളോടൊക്കെ യാത്ര പറയുമ്പോൾ ആരുടെയൊക്കെയോ വിതുമ്പൽ ചുറ്റിലും കേട്ടു.. പക്ഷേ ഒരു തുള്ളി കണ്ണീര് പൊഴിക്കാൻ പോലും പിന്നീട് എനിക്ക് കഴിഞ്ഞില്ല..മനസ്സ് അത്രമേൽ മരവിച്ചുപോയിരുന്നു..മുന്നിൽ കണ്ടവരോടൊക്കെ യാത്ര ചോദിച്ചു.ആരൊക്കെയോ എന്നെ ചേർത്തുപിടിച്ചു കരഞ്ഞു.അവരിൽ ഉമ്മയുണ്ടായിരുന്നില്ല .ഉമ്മയെ അവിടെയെങ്ങും കണ്ടില്ല. മാറിനിന്ന് കരയുന്നുണ്ടാവും .. ഉമ്മാടെ മുഖത്ത് നോക്കാനോ യാത്ര പറയാനോ കഴിയാത്തതിനാൽ ഞാൻ കൂടുതൽ അന്വേഷിച്ചതുമില്ല.
ഉള്ളിലെ വേദനയെല്ലാം കടിച്ചമർത്തി ഒരുതുള്ളി കണ്ണീരുപോലും പൊഴിക്കാതെ ഭർത്താവിന്റെ കൂടെ കാറിലേക്ക് കാലെടുത്തു വെക്കുമ്പോൾ പുറകിൽനിന്നും വിതുമ്പലുകൾ മാത്രമല്ല ,ആരൊക്കെയോ പുലമ്പുന്നത് കൂടി കേട്ടു " ആ പെണ്ണിന്റെ ഒരു അഹന്ത കണ്ടോ. ഒരു കൂസലുമില്ലാതെ അല്ലെ സ്വന്തം വീടുംവിട്ടു പോകുന്നേ.. പെറ്റതള്ളയെ പോലും നോക്കുന്നില്ല. അല്ലേലും ഇന്നത്തെ പെൺകുട്ട്യോൾക്ക് ഒരു നാണവും മാനവുമില്ല..അഹങ്കാരം തന്നെ..കഷ്ടം.."
"അതെ..കഷ്ടം"..ഞാനും മനസ്സിൽ പറഞ്ഞു..
............
ഇതെന്റെ സ്വന്തം കഥ..ഇന്ന് വരെ ഞാൻ ഉമ്മയോട് ചോദിച്ചിട്ടില്ല..എന്തിനായിരുന്നു എന്നോടന്നു അങ്ങിനെ ചെയ്തത് എന്ന്..എന്തായാലും പ്രതിബന്ധങ്ങൾ പലതും ഉണ്ടായെങ്കിലും ദൈവകൃപ കൊണ്ട് എന്റെ പഠനം എനിക്ക് പൂർത്തീകരിക്കാൻ പിന്നീട് കഴിഞ്ഞു. സ്ഥിരമായ ഒരു ജോലി നേടാനും കഴിഞ്ഞു..കൂടെ കുടുംബവും കൊണ്ട് പോവുന്നു..അപ്പോഴും പല ഇഷ്ടങ്ങളും മോഹങ്ങളും വേണ്ടെന്നു വെക്കാൻ ഞാൻ നിർബന്ധിതയാണ്..
ഇന്നെനിക്കൊരു മകളുണ്ട്..അവളുടെ വളർച്ച കാണുമ്പോളൊക്കെ ഞാൻ എന്നെയും എന്റെ ഉമ്മയെയും ഓർത്തുപോവും..
പൂമ്പാറ്റയെ പോലെ അവൾ പാറിപ്പറക്കട്ടെ..പണ്ട് ഞാൻ കണ്ടപോലെ കുറെ സ്വപ്‌നങ്ങൾ കാണട്ടെ..ലക്ഷ്യങ്ങൾ ഉണ്ടാക്കട്ടെ..
ആ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും ചിറക് മുളപ്പിച്ച് വർണങ്ങൾ വാരിവിതറി ഞാൻ കൂടെയുണ്ടാകും..അതെന്റെ തീരുമാനമാണ്.എന്തൊക്കെ തടസ്സങ്ങൾ നേരിടേണ്ടി വന്നാലും അവളുടെ ജീവിതം ഞാൻ അവൾക്കായി വിട്ടുകൊടുക്കും...
ഞാനും എന്റെ പോലെ ആയിരക്കണക്കിന് പെൺകുട്ടികളും അനുഭവിച്ച ആ വേദന ഇനി എന്റെ മകൾ എന്നല്ല ,ലോകത്തൊരു പെൺകുട്ടിയും അനുഭവിക്കരുത്. അവരുടെ ജീവിതം അവരുടെ അവകാശമാണ്. അവർക്കു നേരിന്റെ പാത കാണിച്ച് കൊടുക്കൽ നമ്മുടെ ചുമതലയും..ബാധ്യത തീർക്കാൻ വേണ്ടി നമുക്കോരോരുത്തർക്കും അവരോട് അന്യായം ചെയ്യാതെ ഇരിക്കാം....
Arifa
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക