നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ നാട് !

എന്റെ നാട് !
" ഞങ്ങൾക്ക് സ്ഥലം തപ്പിനടന്ന് മതിയായി .. ഒരു വെക്കേഷൻ മുഴുവൻ തപ്പി തപ്പി പോയി .. മനസിന് പിടിച്ച ഒരു പ്ലോട്ട് പോലും കണ്ടില്ല .. ചിലതു കണ്ടപ്പോൾ ഞങ്ങളുടെ ഇഷ്ടങ്ങൾ ചിലത് മറന്നുകൊണ്ട് അങ്ങ് വാങ്ങിയാലോ എന്ന് തോന്നി .. പക്ഷെ വില !! അടുക്കാൻ പറ്റുന്നില്ല .. ഇനി ഞങ്ങളില്ല തപ്പി നടക്കാൻ.. അച്ഛനല്ലേ ഞാനിപ്പംതന്നെ വീടുവെക്കണമെന്ന് നിർബന്ധം .. അതുകൊണ്ട് ഇനി വസ്തുതപ്പൽ അച്ഛനായിക്കോ"
ഞങ്ങളുടെ ഒരു മാസത്തെ അവധി മുഴുവൻ തപ്പി തീർന്നതിന്റെ നിരാശയാണ് ... ഒരുവർഷം നോക്കി നൊക്കിയിരുന്ന് കിട്ടിയ ഒരു മാസം .. അതിങ്ങനെ ഒരു പ്രയോജനവും ഇല്ലാതെയങ്ങ്‌ തീർന്നുപോകുന്നതിന്റെ ദുഃഖം പ്രാവാസിക്കെ മനസ്സിലാവൂ ..
"അതെങ്ങനാ .. നിങ്ങൾക്ക് ടൗണിൽ സ്ഥലം വേണ്ട .. ഗ്രാമത്തിൽ വേണം , പക്ഷെ നല്ല റോഡ് വേണം .. വീടിനടുത്ത് അമ്പലം വേണം അമ്പലക്കുളം വേണം , ഇതൊന്നും പോരാഞ്ഞിട്ട് ആ അമ്പലത്തിനടുത്ത് ആലും വേണം !! ബഹളങ്ങൾ ഒന്നും പാടില്ല .. ശാന്തമായ സ്ഥലമാവണം .. നല്ല അയൽപക്കം വേണം .. ഇതിൽ ഒന്നുപോലും കോംപ്രമൈസ് ചെയ്യാൻ നിങ്ങൾ തയ്യാറുമല്ല ... അതിന് കൂട്ട് നിൽക്കാൻ പറ്റിയ ഒരനിയനും .. എല്ലാം കൂടി എങ്ങനെ ഒത്തുവരും കുട്ടികളെ ?? "
അച്ഛൻ അല്പം ഉപദേശ രൂപത്തിലും ശാസനാ ഭാവത്തിലും പറഞ്ഞു ...
ഞങ്ങൾ പരസ്പരം നോക്കി .. സംഭവം സത്യമാണ് .. വസ്തു വാങ്ങാൻ ഉദ്ദേശിച്ചപ്പോൾ ബ്രോക്കർമാർ പലരും ഞങ്ങളുടെ ഈ ഡിമാന്റുകൾ കേട്ട് നെറ്റിചുളിച്ചതാണ് ..
ഇനി ഏതായാലും പോകും മുൻപേ ഒരു വസ്തുവാങ്ങൽ നടക്കില്ല .. തൽക്കാലം ഞങ്ങൾ തേടൽ നിർത്തിവെച്ചു ..
എയർപോർട്ടിൽ വെച്ച് ഞങ്ങൾ അച്ഛനോട് പറഞ്ഞു
" അച്ഛൻ സ്ഥലം നോക്കി ഇഷ്ട്ടപ്പെട്ടെങ്കിൽ ഞങ്ങളെ അറിയിക്കൂ .. ഇനി അച്ഛൻ പറയുന്ന സ്ഥലം ഞങ്ങൾ വാങ്ങും "
"നിങ്ങളുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം .. ഞാനൊന്ന് നോക്കട്ടെ നിങ്ങളുടെ ഐഡിയയിലുള്ള വല്ല സ്ഥലവും ഉണ്ടോന്ന് "
അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു .
ഏതാണ്ട് രണ്ടുമാസം കഴിഞ്ഞപ്പോൾ അച്ഛൻ ഫോണിൽ പറഞ്ഞു
"ഇന്നലെ ഞങ്ങൾ ഒരുസ്ഥലം പോയി കണ്ടു.. എനിക്കും അമ്മയ്ക്കും ഇഷ്ടപ്പെട്ടു .. "
"എവിടെയാ അച്ഛാ ?"
" മാവേലിക്കര "
" മാവേലിക്കരയോ ?? അതെന്താ അച്ഛാ അവിടെ?"
" ഒരാൾ പറഞ്ഞു കേട്ട് പോയി നോക്കിയതാണ്.. നിങ്ങളുടെ ഡിമാന്റുകൾ എല്ലാം ഏറെകുറെ ഒക്കുന്നുണ്ട് "
"പക്ഷെ അച്ഛാ .. നമുക്കവിടെ ആരെയും അറിയില്ലല്ലോ ?? പോരാഞ്ഞിട്ട് നമ്മുടെ സ്ഥലത്തുനിന്നും ഒരുമണിക്കൂറിൽ കൂടുതൽ ദൂരവും "
"അതിനെന്താ ?? അതും ആലപ്പുഴ തന്നെ .. നമ്മൾ എവിടെ താമസിക്കുന്നോ അതാണ് നമ്മുടെ നാട് "
"അച്ഛന് ആ സ്ഥലം അത്രക്കിഷ്ടപ്പെട്ടോ?"
ഉത്തരം പറഞ്ഞത് അമ്മയാണ്
" ഇന്നലെ ആ സ്ഥലം കണ്ടീട്ട് വന്നപ്പോൾ മുതൽ അത് തന്നെ പറഞ്ഞോണ്ടിരിക്കുവാ .. വല്ലാതങ്ങ് പിടിച്ച മട്ടുണ്ട് .. പിന്നെ വിലയും ഒക്കും .. സ്ഥലം എനിക്കും ഇഷ്ടമായി .. ബന്ധുക്കളാരും അടുത്തില്ലെന്ന ഒരു കുഴപ്പം മാത്രമേ ഉള്ളൂ "
"ശരി അമ്മേ .. നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമായെങ്കിൽ നമുക്കതു തന്നെ വാങ്ങാം"
അച്ഛൻ ഫോൺ വാങ്ങി പറഞ്ഞു
"ആ സ്ഥലത്തിന് മുൻപിൽ അമ്പലമുണ്ട് .. വളരെ വലുതല്ല .. ചെറിയൊരു കുടുംബ ക്ഷേത്രം .. ആലുമുണ്ട് , ചെറിയൊരു കുളവുമുണ്ട് !! "
അച്ഛന്റെ ആവേശം കണ്ടപ്പോൾ ഞങ്ങൾക്ക് ചിരി വന്നു .
"നമുക്കത് വാങ്ങാം .. " ഞങ്ങൾ സമ്മതിച്ചു
അങ്ങനെ ഞങ്ങൾ ആലപ്പുഴയുടെ ഹൃദയ ഭാഗത്തു നിന്നും ഒരറ്റത്തേക്ക് പറിച്ചു നടപ്പെട്ടു ..
'മാവേലിക്കര' .. ഓണാട്ടുകാരയുടെ ഒരു ഭാഗം ..
ചെട്ടികുളങ്ങര ക്ഷേത്രം, കണ്ടിയൂർ മഹദേവക്ഷേത്രം, മാവേലിക്കര ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രം അതിനോട് ചേർന്ന് സന്താനഗോപാല മൂർത്തി ക്ഷേത്രം , തഴക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , കാട്ടുവള്ളി അയ്യപ്പസ്വാമി ക്ഷേത്രം, പുന്നമൂട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ,കല്ലുമല പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ ,തഴക്കര മാർത്തോമാ പള്ളി , സെന്റ് ജൊസഫ്‌ റോമൻ കാത്തലിക് പള്ളി,മാവേലിക്കര ജുമാ മസ്ജിദ് , കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് തുടങ്ങിയവയൊക്കെ ഇവിടുത്തെ നൂറ് കണക്കിന് തീർഥാടന കേന്ദ്രങ്ങളിൽ ചിലത് മാത്രം ..
എള്ള് വിളയുന്ന പാടങ്ങൾ , ഉൾപ്രദേശങ്ങളിലേക്കു പോലും ടാർ ചെയ്ത റോഡുകൾ , അദ്ധ്വാനിക്കാൻ മടിയില്ലാത്ത വളരെ പെട്ടന്ന് തന്നെ ഇടപഴകുന്ന ആളുകൾ, കിഴങ്ങു വർഗ്ഗങ്ങൾ ധാരാളം വിളയുന്നത് കൊണ്ടാവും അവ കൂടുതലായി ഉൾപ്പെടുത്തിയ ആഹാര രീതി , അമ്പലങ്ങളിലും അവയെച്ചുറ്റിയുള്ള വിശ്വാസങ്ങളിലും കാണിക്കുന്ന ആത്മാർത്ഥത ഒക്കെ ഞങ്ങൾക്ക് മാവേലിക്കരയെ പ്രിയപ്പെട്ടതാക്കി .
കുംഭഭരണിയും , കെട്ട്കാഴ്ചയും, കുതിരമൂട്ടിൽ കഞ്ഞിയും , കുത്തിയോട്ടവും ഞങ്ങൾക്ക് പുതിയ കാഴ്ചകളും അനുഭവങ്ങളുമായി ..
ഓലക്കീറുകൊണ്ട് തട ഇട്ട് അതിൽ വാഴയില വെച്ച് ചൂട് കഞ്ഞി അതിൽ പകർന്ന് അസ്ത്രവും മുതിരപുഴുക്കും കടുമാങ്ങയും പപ്പടവും കൂട്ടി പ്ലാവില കുമ്പിൾ കൊണ്ട് കോരി കുടിക്കുന്ന കുതിരമൂട്ടിൽ കഞ്ഞി
കുംഭഭരണിക്ക്‌ എല്ലാ വീട്ടിലും ഉണ്ടാക്കുന്ന കൊഞ്ചും മാങ്ങയും കറി ( പണ്ട് ഒരു ഭക്ത കൊഞ്ചും മാങ്ങയും കറി വെക്കാൻ ഒരുങ്ങിയപ്പോൾ ചെട്ടികുളങ്ങര ഭഗവതിയുടെ പറയെടുപ്പ് എഴുന്നള്ളത്ത് വഴിയിൽ കൂടി പോകുന്നത് കണ്ടെന്നും , പരമ ഭക്തയായ അവർ കറി വെക്കുന്ന കാര്യം മറന്ന് ദേവിയെ തൊഴാൻ പോയെന്നും, വളരെ നേരം കഴിഞ്ഞ് മഹാദേഷ്യക്കാരനായ ഭർത്താവ് ഊണു കഴിക്കാൻ വരാറായല്ലോ എന്നോർത്ത് പേടിച്ച് തിരികെ വീട്ടിൽ എത്തിയപ്പോൾ ആരോ കൊഞ്ചും മാങ്ങയും കറി വെച്ചു വെച്ചിരിക്കുന്നതും കണ്ടത്രേ .. ഭക്തയെ അവരുടെ ഭർത്താവിന്റ വഴക്കിൽ നിന്നും രക്ഷിക്കാൻ ഭഗവതി തന്നെ കറി വെച്ചതാണ് എന്ന് ഐതിഹ്യം )
പനമ്പും കയറും കൊണ്ട് വലിയ കൊന്നത്തെങ്ങിനെക്കാൾ ഉയരത്തിൽ കെട്ടിയുണ്ടാക്കുന്ന കെട്ടുകാഴ്ച്ച
കാഴ്ചക്കാർ പോലും അറിയാതെ ചുവടു വെച്ച് പോകുന്ന കുത്തിയോട്ട കുമ്മികളും ചുവടുകളും
കുംഭഭരണിക്ക് ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ കാഴ്ച്ചക്കണ്ടത്തിൽ നിരന്നു നിൽക്കുന്ന പതിമൂന്നു കരയുടെ കൂറ്റൻ തേരുകൾ ..
പല കരകളിൽ നിന്നും അവ വലിച്ചു കൊണ്ടുവന്ന് കാഴ്ച്ചക്കണ്ടത്തിൽ സുരക്ഷിതമായി ഇറക്കാൻ ഒത്തുകൂടുന്ന നാട്ടുകാരുടെ ഒരുമ ഇവയെല്ലാം മാവേലിക്കരക്ക് സ്വന്തം ..!
വർഷം പലതു കഴിഞ്ഞിരിക്കുന്നു ഞങ്ങളും മാവേലിക്കരക്കാർ ആയീട്ട്‌.. ഞങ്ങളെ ദത്തെടുത്ത നാട് ..
പറമ്പിന് 'അയ്യം' എന്നും പുല്ലിന് 'പോച്ച' എന്നും പറയാൻ ഞങ്ങൾ ശീലിച്ചു കഴിഞ്ഞിരിക്കുന്നു ...
കണ്ടു പരിചയം മാത്രമുള്ളവരെ 'ചേട്ടൻ അല്ലെങ്കിൽ ചേച്ചീ' എന്ന് വിളിക്കുന്നതിന് പകരം 'കൊച്ചേട്ടൻ ,ഇച്ചേയി' എന്ന് ഞങ്ങളും സ്നേഹത്തോടെ വിളിച്ചുതുടങ്ങിയിരിക്കുന്നു ..
വിദേശങ്ങളിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാർ നാട്ടിൽ അവധിക്കു വന്നാൽ പിറ്റേന്നു മുതൽ തന്നെ അറിയാവുന്ന തൊഴിൽ ചെയ്യാൻ പോകുന്നത് കാണുമ്പോൾ ആദ്യം തോന്നിയ അതിശയം ഇപ്പോൾ തോന്നാറില്ല !!
ഒരിക്കൽ ഗൾഫിൽ വന്നുപോയാൽ പിന്നെ നാട്ടിൽ ഒരു ജോലിയും ചെയ്യാൻ പാടില്ല എന്ന പോളിസി വെച്ചു പുലർത്തുന്ന വളരെപേരെ കണ്ടീട്ടുണ്ട് മുൻപ് ..
ജനിച്ച നാടും വീടും വിട്ടുപോരുക എളുപ്പമല്ല .. എങ്കിലും ...
സ്നേഹമാണ് ഞങ്ങൾക്കും മാവേലിക്കരയോട്.. നെടുമുടിയോടും കളർകോടിനോടും ഉള്ള അതേ സ്നേഹം !!
(എഴുതിയതെല്ലാം മാവേലിക്കരയിൽ വന്നതിനു ശേഷം കണ്ടറിഞ്ഞ കാര്യങ്ങളാണ് .. അവിടെ ജനിച്ചു വളർന്നവർക്ക് ഇതിൽ കൂടുത്താൽ അറിവുണ്ടാവും.. )
വന്ദന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot