Slider

മരിയ - Last Part

0
അടുത്ത കുറച്ചു ദിവസങ്ങളിൽ ഫെയ്സ്ബുക്കിൽ ഉണ്ടാകില്ലെന്നു തോന്നുന്നു. അതിനാൽ ബാക്കി ഭാഗങ്ങൾ പോസ്റ്റുന്നു.
*********
മരിയ
*********
കഥ ഇതു വരെ.
അമേരിക്കയിലാണിതെല്ലാം സംഭവിച്ചത്. സിയാറ്റിലിൽ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലെ മെയിൽ മാനായ അലെക്സ് ആണ്‌ കഥ പറയുന്നത്.
പുതുതായി ജോലിക്കു കയറിയ അയാൾ മരിയ എന്ന ഒരു കനേഡിയൻ സുന്ദരിയെ പരിചയപ്പെടുന്നു. ഇൻഡ്യൻ ആസ്ട്രോളജിയിലെ അവളുടെ താല്പ്പര്യം മനസ്സിലാക്കിയ കഥാകാരൻ, തന്റെ കസിന്റെ സഹായത്തോടെ ഒരു ഓൺലൈൻ ജാതകം സംഘടിപ്പിച്ച് അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിക്കുന്നു.പക്ഷേ, ജാതകം വായിച്ചുകൊണ്ടിരുന്നപ്പോളാണ്‌ ആ കുട്ടിയുടെ ഭാവം മാറിയത്. വിചിത്രമായി പെരുമാറിയ
അവൾക്ക് എന്തോ മാനസീക പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കിയ കഥാകാരൻ വല്ലാത്ത ആശയകുഴപ്പത്തിലാകുന്നു.
ഓഫീസിലെ തന്നെ കാട്രിയോന എന്നൊരു സ്ത്രീയുടെ ശല്യവും ഇതിനിടെ അലെക്സിനു നേരിടേണ്ടി വരുന്നു. തീവ്ര ഭക്തി മാർഗ്ഗത്തിലുള്ള ആ സ്ത്രീ അലെക്സിനെ അവരുടെ ചർച്ചിലേക്കു ക്ഷണിച്ചപ്പോൾ അവരെ ഒഴിവാക്കാനായി അലെക്സ് പറഞ്ഞ ഒരു നുണയും അതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണിനി.
തുടർന്നു വായിക്കുക.
ഇതിനു മുൻപത്തെ പാർട്ട് വായിക്കാനായി, ലിങ്ക് അമർത്തി സഹകരിക്കുക.
ഒരു പ്രത്യേക സാഹചര്യത്തിൽ അലെക്സ്, ബ്ലിമ്പി എന്ന ഒരു റെസ്റ്റോറന്റിലെ വീക്കെൻഡ് ജോലിക്കാരനാകുന്നു.
എന്നാൽ അവിടെയും മരിയ എത്തുന്നതാണ്‌ ഈ ഭാഗം.
ഇതുവരെ സഹകരിച്ച എല്ലാ മാന്യ സുഹൃത്തുക്കൾക്കും നന്ദി. തുടർന്നും ഇതേ സ്നേഹം ഉണ്ടായിരിക്കുമല്ലോ.
പാർട്ട് 7 (അവസാന ഭാഗം)
മരിയയുടെ ശബ്ദം കേട്ടതും ഞാൻ ഏതു വഴിയേ ഓടണം എന്നാണ് ആദ്യം ചിന്തിച്ചത്. എവിടെ ചെന്നാലും ഈ പെൺകൊച്ച് എന്റെ പുറകേയാണല്ലൊ ദൈവമെ!
പക്ഷെ, ഒപ്പം തന്നെ കഴിഞ്ഞ പ്രാവശ്യം കണ്ടതിനു ശേഷം അവൾക്കെന്തു സംഭവിച്ചു എന്നറിയാനും ആഗ്രഹം തോന്നുന്നുണ്ട്.
എന്റെ പരുങ്ങൽ കണ്ട് അനിമോൾ അടുത്തു വന്നു.
ഞാൻ മിണ്ടല്ലേ എന്ന് ചുണ്ടിൽ വിരൽ വെച്ച് ആംഗ്യം കാണിച്ചു.
തൊട്ടപ്പുറത്ത് പ്രിപ്പറേഷൻ ടേബിളിൽ മരിയ ഓർഡർ ചെയ്ത സാൻഡ്വിച്ചുകൾ പിറന്നു വീണു തുടങ്ങി. എല്ലാം അതി വേഗത്തിലാണ് !
“അതാണോ ആ പെണ്ണ് ” അനിമോൾ സ്വകാര്യമായി ചോദിച്ചു.
“തന്നെ...അതു തന്നെ! എവടെ ചെന്നാലും...ലവൾ എന്റെ പുറകേയുണ്ട് ...” ഞാനിപ്പൊ കരയും
“ചേട്ടായി എന്നാത്തിനാ ഒളിച്ചിരിക്കുന്നേ ? അവളെ പേടിക്കണ്ട കാര്യമെന്ത് ? അതേ അവൾ നമ്മുടെ ഒരു റെഗുലർ കസ്റ്റമർ ആണ്. എല്ലാ വീക്കെൻഡിലും വന്ന് പത്തു മുപ്പത് സാൻഡ്വിച്ചും വാങ്ങി പോകും.ഒളിക്കാനാണെങ്കി, ചേട്ടായിക്ക് അതിനേ നേരം കാണൂ.”
“പറ്റൂലാ... എനിക്കതിനെ കാണണ്ടാ...” ഞാൻ അല്പ്പം കൂടി താഴ്ന്നു കുനിഞ്ഞിരുന്നു. പക്ഷേ,
“അലെക്സ്! ഒന്നിങ്ങോട്ടു വരൂ...” ആറെമ്മിന്റെ വിളി. ആ പന്നിയാണ് മരിയയുടെ അടുത്ത് നിന്ന് ഓർഡറെടുക്കുന്നത്.
എന്തൊരു കഷ്ടം!!
ഞാൻ മനസ്സിൽ പ്രാകിക്കൊണ്ട് അങ്ങോട്ട് ചെന്നു.
എന്നെ കണ്ടതും മരിയയുടെ കണ്ണുകൾ വിടർന്നു.
“അലെക്സ് എന്താ ഇവിടെ ?”
“സർപ്രൈസ് ??” ഞാനൊരു പുഞ്ചിരി വരുത്തി. മനേജരും അമ്പരന്നു.
തുടർന്ന് ഞങ്ങൾ തമ്മിലുള്ള പരിചയവും മറ്റും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷം മനേജർ ‘എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം’ വിവരിച്ചു.
ആ കൊച്ചു വാങ്ങി വെച്ചിരിക്കുന്ന 30 സാൻഡ്വിച്ചുകളും പാക്ക് ചെയ്ത് അടുത്തുള്ള ഒരു പാർക്കിൽ എത്തിക്കണം. ചുമന്നു കൊണ്ടു പോയാൽ മതി. വണ്ടിയൊന്നും ഓടിച്ച് കഷ്ടപ്പെടേണ്ട. പിന്നെ, പോകുന്ന വഴിക്ക് ഒരു 30 കുപ്പി വെള്ളവും വാങ്ങണം. അതും ഞാൻ തന്നെ ചുമക്കണം. കാരണം, ഈ മരിയ ഒരു ഇമ്പോർട്ടന്റ് കസ്റ്റമർ ആണ്. പിന്നെ ഞാൻ ഇതെല്ലാം ചുമന്ന് ആ പാർക്കിൽ ചെല്ലുമ്പോ എനിക്കൊരു പ്ലെസന്റ് സർപ്രൈസ് അവിടെ കാത്തിരിക്കുന്നുണ്ടത്രേ !
ഞാൻ ധൃതംഗ പുളകിതനായി! പ്രത്യേകിച്ച് 30 ബോട്ടിൽ വെള്ളം കൂടി ചുമക്കണമെന്നു കേട്ടപ്പോ... സന്തോഷം സഹിക്കാനാവുന്നില്ല. ഈ പെണ്ണിനെ എപ്പൊ കണ്ടാലും എന്തെങ്കിലും ഒരു ‘പ്ലെസന്റ് സർപ്രൈസ്’ ഉറപ്പാണ്.
ഞാൻ മുഖത്തെ ചിരി അല്പ്പം പോലും മായ്ക്കാതെ ആ വലിയ പെട്ടി സാൻഡ്വിച്ചുകൾ തോളത്തേറ്റി. “പോവാം ?” മരിയയെ നോക്കി കണ്ണു കൊണ്ട് ചോദിച്ചു.
അവൾ ഇറങ്ങിക്കഴിഞ്ഞു.
അങ്ങനെ അവൾ മുൻപിലും, ഞാൻ പുറകിലുമായി അടുത്തുള്ള പാർക്കിലേക്ക് നടക്കുകയാണ്.
“ഇതെന്തിനാ മരിയ ? 30 എണ്ണമൊക്കെ ഒരുമിച്ച് തിന്നാനുള്ള പരിപാടിയാണോ ? ഒരെണ്ണം ഏതാണ്ട് അര അടി നീളമുണ്ട്. ചത്തു പോകില്ലേ ?” ഞാൻ ചോദിച്ചു
“ഇതെനിക്കല്ല.!” അവൾ പൊട്ടിച്ചിരിച്ചു “ഞാൻ നോണ്വെജ് ഒന്നും കഴിക്കില്ല.അലെക്സ് വാ, കാണിച്ചു തരാം.”
“ഓഹോ... ”
കിലുക്കത്തിൽ, മോഹൻ ലാൽ രേവതിയുടെ പുറകേ പെട്ടിയും ചുമന്ന് നടക്കുന്ന ആ സീൻ...
അങ്ങനെ ഞങ്ങൾ പാർക്കിലെത്തി.
പാർക്ക് എന്നു വെച്ചാൽ, അതൊരു ഡോഗ് പാർക്കാണ്. പട്ടികൾക്കു വേണ്ടി ഒരു പാർക്ക്.
ചുറ്റും വേലി കെട്ടിത്തിരിച്ചിട്ടുണ്ട്. അതിന്റെ ഒരു വശം ബീച്ചിലേക്ക് തുറക്കുന്നു. അവിടെയാണ് കൂടുതലും തിരക്ക്.
അതിനകത്തു കയറിയാൽ നമുക്ക് ഒരു പട്ടിയായി അമേരിക്കയിൽ ജനിക്കാതിരുന്നത് എന്തു കഷ്ടമായിപ്പോയി എന്നു മനസ്സിലാകും.
ഞങ്ങളിങ്ങനെ മുൻപോട്ട് നടക്കുമ്പോ ഒരു സ്ത്രീ പട്ടിയുടെ വായിൽ മുലക്കുപ്പി വെച്ചു കൊടുക്കുന്നതു കണ്ടു ഞാൻ ഞെട്ടി. കുതിരയെപ്പോലെ ഇരിക്കുന്ന ഒരു പട്ടി അതിന്റെ യജമാനനെ വലിച്ചിഴച്ചു കൊണ്ട് ഓടുന്നതും കണ്ടു.
മനോഹരം! നയനാനന്ദകരം! മനുഷ്യരേക്കാൾ വിലപിടിപ്പുള്ള പട്ടികൾ!
അങ്ങനെ നടന്നു നടന്ന് ഞങ്ങൾ ആ ബീച്ചിലെ ഒരു പാറക്കെട്ടിനു പുറകിലെത്തി.
അപ്പൊളാണു ഞാൻ ശരിക്കും ഞെട്ടിയത്.
അവിടെ കുറേ മനുഷ്യർ ഇരിക്കുന്നുണ്ട്.
അമേരിക്കയിൽ “ഹോംലെസ്സ്” എന്ന വിഭാഗത്തിൽ പെട്ട കുറേ പാവം മനുഷ്യർ.
ഹോംലെസ്സ് എന്നു വെച്ചാൽ, വീടില്ലാത്തവർ. പക്ഷേ, വീട് മാത്രമല്ല അവർക്കില്ലാത്തത്. എല്ലാം അവർക്ക് “ലെസ്സ്” ആണ്! പട്ടിണിയാണ് പലരും.
ഞാൻ തിരിഞ്ഞു നോക്കി, ഈ പാറക്കെട്ടിന്റെ ഇപ്പുറത്ത് മനുഷ്യർ പട്ടികളെപ്പോലെ കഴിയുമ്പോൾ അപ്പുറത്ത് പട്ടികൾ മനുഷ്യരേക്കാൾ സുഭിക്ഷമായി ജീവിക്കുന്നു !
എനിക്കെല്ലാം മനസ്സിലായി. അത്രയും നേരം ഞാൻ ചുമന്ന ആ ഭാരം ആ നിമിഷം എനിക്കഭിമാനമായി മാറി.
മരിയയെ കണ്ടതും, ഓരോരുത്തരായി എണീറ്റു വന്ന് പുഞ്ചിരിയോടെ ഭക്ഷണം വാങ്ങി പോകാൻ തുടങ്ങി. കുറച്ചു പേർക്ക് എടുത്തു കൊടുത്തതിനു ശേഷം അവൾ ആ പെട്ടി നിലത്തു വെച്ചു. “ദയവായി ഒരെണ്ണം മാത്രം എടുക്കുക!” എന്നൊരു സ്റ്റിക്കെർ അവൾ കയ്യിൽ കരുതിയിരുന്നു. അത് ഭദ്രമായി ആ പെട്ടിയിൽ ഒട്ടിച്ച് ഞങ്ങൾ തിരിഞ്ഞു നടന്നു.
എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
എന്തുകൊണ്ടോ എനിക്കെന്റെ അപ്പനെയും അമ്മച്ചിയെയും ഓർമ്മ വന്നു.ആ പാവങ്ങളിൽ പലർക്കും എന്റെ അപ്പന്റെയോ അമ്മയുടെയോ മുഖമായിരുന്നെന്നു തോന്നി.
ഖടാ ഖടിയന്മാരായ രണ്ട് മക്കളുണ്ടായിട്ടും ഒറ്റക്ക് നാട്ടിൽ പെട്ടു പോയ ജന്മങ്ങൾ. അവരും ഹോംലെസ്സ് ആണ് ഒരർഥത്തിൽ. മക്കൾ കൂടെയില്ലാതെ എന്തു ഹോം ? (വർഷങ്ങൾക്കിപ്പുറം ഞാൻ എന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു പോകുന്ന ആ ദിവസമോർത്ത് ഭയന്നു കഴിയുകയാണ്. കർമ്മഫലം അനുഭവിക്കണ്ടേ...)
“പൊയ്ക്കോട്ടെ മരിയ ഞാൻ ?” ഞാൻ ചോദിച്ചു. “ഡ്യൂട്ടി തീർന്നിട്ടില്ല.”
“ഒരിത്തിരി സമയം എന്റെ കൂടെ ഇവിടെ ഇരിക്ക്വോ അലെക്സ് ? ചെറിയൊരു ബ്രെയ്ക്ക് എടുക്കൂ പ്ലീസ് ?” അവൾ യാചിക്കുന്നതു പോലെയാണെനിക്കു തോന്നിയത്.
മുൻ അനുഭവങ്ങൾ വേട്ടയാടാൻ തുടങ്ങിയെങ്കിലും, എന്റെ മനസ്സ് വല്ലാതെ ആർദ്രമായിപ്പോയിരുന്നു.
ഞങ്ങൾ രണ്ടാളും ആ ബീച്ചിൽ വെറും മണലിൽ ഇരുന്നു.
ശാന്തമായ കടൽ. ഒരു ചെറിയ തിര പോലുമില്ല. സൂരാസ്ഥമയത്തിന് ഇനിയുമുണ്ട് 2-3 മണിക്കൂറുകൾ. എങ്കിലും, നല്ല കാലാവസ്ഥ.
അങ്ങനെ ആ ഇരിപ്പിൽ, മരിയ അവളുടെ ജീവിത കഥ എന്നോട് പറഞ്ഞു.
ഞാൻ ചോദിച്ചിട്ടല്ല, ഞാൻ അറിഞ്ഞിരിക്കണമെന്ന് അവൾക്കു നിർബന്ധമുള്ളതുപോലെ.
“ക്യാനഡായിലാണ് എന്റെ ജനനം. ഞാൻ ഒറ്റ മകൾ. ചെറുപ്പത്തിലേ എന്റെ പപ്പ മരിച്ചു . എനിക്കു നേരിയ ഓർമ്മയേയുള്ളൂ എന്റെ പപ്പയെ.എന്നെ ജീവനായിരുന്നെന്നു മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അതെല്ലാം കഴിഞ്ഞ് എനിക്ക് 8 വയസ്സായപ്പോ മമ്മ വേറൊരാളെ കല്യാണം കഴിച്ചു.ലോഗൻ! അതായിരുന്നു അയാളുടെ പേര്.
അന്നു മുതൽ എന്റെ ജീവിതത്തിന്റെ ഡൗൺ ഫാൾ തുടങ്ങി. എന്റെ പപ്പ ഉണ്ടാക്കിയ മില്ലിയൻസിന്റെ സ്വത്തായിരുന്നു ലോഗന്റെ ലക്ഷ്യം.മമ്മ അതു മനസ്സിലാക്കി വന്നപ്പോളേക്കും വൈകിപ്പോയി. അയാൾ എല്ലാം ഓരോന്നായി കീഴ്പ്പെടുത്തി തുടങ്ങി. പപ്പായുടെ ബിസിനസ്സുകൾ. മമ്മായുടെ സേവിങ്ങ്സ് അക്കൌണ്ടുകൾ.അങ്ങനെ അങ്ങനെ... ഒരു വല്ലാത്ത പേഴ്സണാലിറ്റി ആയിരുന്നു അയാൾക്ക്. മമ്മ ഒരു അടിമയേപ്പോലെ അയാൾക്കു വഴങ്ങുന്നത് ഞാൻ കണ്ടു.“
ഇതൊക്കെ ഒത്തിരി കേട്ടിട്ടുള്ള കഥ പോലെ എനിക്കു തോന്നി . ഒടുവിൽ
”അങ്ങനെ അലെക്സ്, ഒരു ദിവസം രാത്രി അയാൾ കുടിച്ച് ലക്കു കെട്ട് എന്റെ മുറിയിൽ കയറി വന്നു.എനിക്കന്ന് ഒൻപതു വയസ്സായിട്ടില്ല ! മമ്മ വീട്ടിലുണ്ടായിരുന്നില്ല അന്ന്. അയാൾ എല്ലാം കണക്കു കൂട്ടിയാണ് വന്നത്.
അയാളെന്താണീ ചെയ്യുന്നതെന്നു പോലും എനിക്കു മനസ്സിലായില്ല. പലപ്പോഴും എന്നെ തൊടാനും പിടിക്കാനുമൊക്കെ മുൻപും വന്നിട്ടുണ്ട് പക്ഷേ അന്ന്...(അവൾ പൊട്ടി വന്ന കരച്ചിൽ ചുണ്ടു കടിച്ചമർത്തി).
തലക്കൊരടി കിട്ടിയ പോലെ തോന്നി എനിക്ക്. പെട്ടെന്നായിരുന്നു കഥ വേറൊരു ദിശയിൽ തിരിഞ്ഞത്.. ഒൻപതു വയസ്സുള്ള കുഞ്ഞിനെ ???
“ഞാൻ ആകെ തകർന്നു പോയി അലെക്സ്. അന്നു രാത്രി ഞാൻ മരിച്ചു! പിന്നെ മരിയ ഇല്ല! പിന്നെ ജീവിച്ചത് മരിയയുടെ പ്രേതമാണ്...(ഇപ്രാവശ്യം അവൾ ശരിക്കും കരഞ്ഞു പോയി.)
തുടർന്നു കേൾക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ മരിയ തുടരുകയാണ്. ഒരിക്കലും കേട്ടിരിക്കാനാവാത്ത പോലെ ഡീറ്റൈൽഡ് ആയിട്ടവൾ വിവരിക്കുകയാണ്. ചെവി പൊത്താൻ തോന്നി എനിക്ക്.
(മരിയ പറഞ്ഞ എല്ലാ വിവരങ്ങളും ഇവിടെ എഴുതാൻ നിർവ്വാഹമില്ല. പ്രധാനപ്പെട്ട വിഷയങ്ങൾ മാത്രം എഴുതട്ടെ.)
“അയാൾ ഇത് വീണ്ടും വീണ്ടും ആവർത്തിച്ചു. എപ്പോളൊക്കെ എന്നെ ഒറ്റക്കു കിട്ടുന്നുവോ അപ്പോളൊക്കെ അയാൾ എന്നെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ആരോടെങ്കിലും ഞാൻ പറഞ്ഞാൽ, എന്റെ മമ്മയെ കൊന്നു കളയുമെന്നായിരുന്നു ഭീക്ഷണി. തുടർച്ചയായുള്ള ഈ അനുഭവങ്ങൾ കൊണ്ട് ഞാൻ ആകെ മരവിച്ചു പോയിരുന്നു. ആരോടെങ്കിലും ഇതൊന്നു പറയാനാകാതെ ഞാൻ വീർപ്പു മുട്ടി.
ഓരോ തവണ കഴിയുമ്പോഴും അയാളിലെ മൃഗം കൂടുതൽ കൂടുതൽ വന്യമായ നിലയിലേക്ക് മാറിക്കൊണ്ടിരുന്നു. ഞാൻ മിണ്ടാതെ കിടക്കുന്നത് അയാൾക്കിഷ്ടപ്പെട്ടില്ല, ഉറക്കെ കരഞ്ഞാലേ അയാൾക്ക് തൃപ്തിയാകൂ... അതിനായിട്ട് അയാൾ (തുടർന്നു പറഞ്ഞത് ഇവിടെ എഴുതാനാകില്ല.)
ഒരു ദിവസം അയാൾ വന്നത് ഒരു ചുവന്ന മാസ്കും വീഡിയോ ക്യാമറയുമായിട്ടാണ്. എന്നെ ഉപദ്രവിക്കുന്നതെല്ലാം അയാൾ ക്യാമറയിൽ റെക്കോർഡ് ചെയ്യാൻ തുടങ്ങി. ആ സമയത്തെല്ലാം അയാൾ മുഖത്ത് മാസ്ക് വെക്കും.
ആ മാസ്ക് ഓർക്കുമ്പോൾ......ഓ ഗോഡ്!” മരിയ കാൽ മുട്ടുകളിൽ മുഖമമർത്തി വിങ്ങിപ്പൊട്ടി.
“അയാൾ ഇതെല്ലാം വീഡിയോയിൽ പകർത്തി ഒരു ചൈൽഡ് പോൺ സൈറ്റിൽ വില്ക്കുകയായിരുന്നു.
അഥവാ വീഡിയോ എങ്ങനെയെങ്കിലും പോലീസിന്റെ കയ്യിൽ എത്തിയാൽ അയാളെ തിരിച്ചറിയാതിരിക്കാനാണ് മാസ്ക്.കൊച്ചു കുട്ടികളെ ലൈംഗീകമായി ഉപദ്രവിച്ചാൽ ജീവപര്യന്തം ജയിലിലാകും ക്യാനഡയിൽ.
തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ ആ മാസ്ക്ഡ് മുഖം സ്വപ്നം കണ്ട് ഞെട്ടി ഉണരാൻ തുടങ്ങി. അതായിരുന്നു എന്റെ അസുഖത്തിന്റെ തുടക്കം.
രാത്രി, ലൈറ്റ് അണച്ചാൽ ഉടൻ തന്നെ ഈ മുഖം റൂമിലെ ഇരുണ്ട ഏതെങ്കിലും മൂലയിൽ പ്രത്യക്ഷപ്പെടും. ചിലപ്പോ മൂന്നു നാലെണ്ണം. ഞാൻ അലറിക്കരഞ്ഞുകൊണ്ട് എഴുന്നേല്ക്കുമ്പോൾ അവ അപ്രത്യക്ഷമാകും.
ഇതിങ്ങനെ തുടർന്നപ്പോൾ മമ്മ എന്റെ കൂടെ വന്നു കിടക്കാൻ തുടങ്ങി. പക്ഷേ അതുകൊണ്ടൊന്നും ഹലൂസിനേഷൻസ് മാറിയില്ല.
ഒരു പ്രാവശ്യം സഹിക്കവയ്യാതെ ഞാൻ ”ലോഗൻ! പ്ലീസ് ലീവ് മെ എലോൺ!“ എന്നലറിക്കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു.
അമ്മ നടുങ്ങിപ്പോയി! ലൈറ്റ് ഓൺ ചെയ്ത് എന്നെത്തന്നെ തുറിച്ചു നോക്കി കുറേ നേരം നിന്നു. സത്യത്തിൽ അമ്മക്ക് മുൻപേ സംശയമുണ്ടായിരുന്നിരിക്കണം. ഒന്നും മിണ്ടിയില്ല പാവം. അന്നു രാത്രി അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ കിടന്നുറങ്ങി. ഇടക്കിടക്ക് അമ്മ തേങ്ങുന്നുണ്ടായിരുന്നു.
പിറ്റേന്ന് അമ്മക്കു വീണ്ടും നൈറ്റ് ഡ്യൂട്ടി. ഞാൻ ഒറ്റക്ക് കണ്ണും തുറന്നങ്ങനെ കിടക്കുകയാണ് രാത്രിയിൽ. അയാൾ വന്ന് എന്നെ കൊന്നു തിന്നിട്ട് (അവൾ പല്ലു കടിച്ചു) ഒന്നു വേഗം പോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു കിടക്കുമ്പോൾ എന്റെ മുറിയിലെ അലമാര അനങ്ങുന്ന പോലെ തോന്നി. എഴുന്നേറ്റപ്പോൾ പെട്ടെന്ന് അലമാരക്കു പുറകിൽ ഒരു മാസ്ക് ഇട്ട രൂപം എന്നെ നോക്കി പല്ലിളിക്കും പോലെ തോന്നി.
ഞാൻ തലയിലൂടെ ഒരു പുതപ്പിട്ട് മൂടി.
പിന്നെ കണ്ണു തുറക്കുമ്പോൾ ലോഗൻ എന്റെ കട്ടിലിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ ബലം പ്രയോഗിച്ച് ആ പുതപ്പ് വലിച്ചു മാറ്റി. പിന്നെ ആ മാസ്ക് മുഖത്തണിഞ്ഞ് ഒരു കയ്യിൽ ഒരു ക്യാമറയും പിടിച്ച് എന്നെ വലിച്ചെഴുന്നേല്പ്പിച്ചു.
“ഇന്നു നമുക്കൊരു പുതിയ പരീക്ഷണം നടത്തണം...” അയാൾ ക്രൂരമായി ചിരിച്ചുകൊണ്ട് ക്യാമറ ഓൺ ചെയ്തു.
അടുത്ത നിമിഷം, അയാൾക്കു പുറകിൽ അലമാര തുറന്നു.
അയാൾ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോളേക്കും എല്ലാം കഴിഞ്ഞു. എന്റെ മമ്മ...ഒരു സിംഹത്തെപ്പോലെ അയാളുടെ മേൽ ചാടി വീണ് കയ്യിലിരുന്ന രണ്ടടി നീളമുള്ള കത്തി അയാളുടെ നട്ടെല്ലിലൂടെ കുത്തിയിറക്കി!
എന്താണു സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായപ്പോളേക്കും മമ്മ പത്തു പതിനഞ്ചു പ്രാവശ്യം അയാളെ കുത്തിയിരുന്നു. എന്റെ ശരീരം മുഴുവൻ അയാളുടെ ചോരയിൽ കുതിർന്നു! ഞാൻ ബോധരഹിതയായി.
”മരിയ ... അയാം റീയലി സോറി റ്റു ഹിയർ ആൾ ദിസ്.ബട്ട് പ്ലീസ്... ഇനി എനിക്കു കേൾക്കണ്ട... നമുക്കു തിരിച്ചു പോകാം.“ ഞാൻ വല്ലാതെ തളർന്നിരുന്നു.
അവൾ പറഞ്ഞ ഓരോ വാക്കുകളും കൂരമ്പുകളായി എന്റെ നെഞ്ചിൽ തറക്കുകയാണ്. പക്ഷെ അവൾ അത് ശ്രദ്ധിച്ചതു പോലുമില്ല.
”അലെക്സ്... ഞാനിപ്പൊ നോർമ്മലാണ്. പക്ഷേ ഏതു നിമിഷവും അയാൾ വരും. മുഖത്ത് മാസ്കണിഞ്ഞ്, ദേഹം മുഴുവൻ ചോരയൊലിപ്പിച്ച് ...അതാണെന്റെ പ്രശ്നം... അയാൾ ഒരിക്കലും എന്നെ വിട്ടു പോകുന്നില്ലലക്സ്...എനിക്കറിയാം ഇതെന്റെ മനസ്സിന്റെ തോന്നലാണെന്ന്.അയാൾ മരിച്ചു പോയെന്നെനിക്കറിയാം. പക്ഷെ ഇപ്പോഴും ഞാൻ മുറിയിൽ കടന്ന് വാതിലടച്ച് ലൈറ്റ് കെടുത്തിയാൽ, ഒരു മൂലയിൽ ആ മാസ്കിന്റെ തിളക്കം എനിക്കു കാണാം. അയാൾ ഒരു കൊച്ചു കത്തിയുമായി എന്റെ അടുത്തു വന്നിരിക്കും. പിന്നെ...“
എനിക്കെല്ലാം മനസ്സിലായി വരുന്നുണ്ടായിരുന്നു.
”മരിയ ഇതെല്ലാം ഡോക്റ്റരോട് പറഞ്ഞില്ലേ ?“
“ഡോക്റ്റർ... അയാൾക്കെന്തറിയാം ? എന്റെ അസുഖത്തിന്റെ പേര് സ്കിസോഫ്രീനിയ എന്നാണ്. ആ അസുഖമുള്ളവർക്കു സംഭവിക്കുന്നതു തന്നെയാണ് എനിക്കും സംഭവിക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്.”
“അപ്പൊ ഈ മുറിവുകൾ ?”
“സെല്ഫ് ഇൻഫ്ലിക്റ്റഡ്! ഞാൻ സ്വയം ചെയ്തതാണത്രെ!”
“അതായിരിക്കില്ലേ സത്യം മരിയ ? ” ഞാൻ ചോദിച്ചു.
“നിങ്ങൾക്ക് ആയിരിക്കാം അലെക്സ്. പക്ഷേ എനിക്കങ്ങനെയല്ല. ഞാൻ അയാളെ കാണുന്നു. അയാളുടെ സ്പർശം അനുഭവിക്കുന്നു. എന്നെ സംബന്ധിച്ച് അയാൾ വളരേ റിയലാണ്. പിന്നെ ഞാനെന്താ ചെയ്യുക ?
ചെയ്യാവുന്ന എല്ലാ ചികിൽസയും ഞാൻ ചെയ്തുകഴിഞ്ഞു അലെക്സ്. സ്കിസോഫ്രീനിയ അങ്ങനെ എളുപ്പം ചികിൽസിച്ചു ഭേദമാക്കാവുന്ന ഒന്നല്ല. സൂക്ഷിച്ചില്ലെങ്കിൽ, ചികിൽസ കാരണം അസുഖം കൂടുതൽ വഷളാകാനും സാധ്യതയുണ്ട്. എന്റെ കേസിൽ അങ്ങനെയും സംഭവിച്ചിട്ടുണ്ട്.“
”ഇപ്പൊ മരിയക്ക് ഒരു പ്രശ്നവുമില്ലല്ലോ . “
”ഇല്ല, പക്ഷെ, ചില സാധനങ്ങൾ കണ്ടാൽ, അസുഖം ട്രിഗർ ആകും. പിന്നെ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാനാവില്ല. ഉദാഹരണത്തിന്, ഒരു മാസ്ക് . അല്ലെങ്കിൽ ഒരു കുരിശ് (കാരണം ലോഗന്റെ വലതു തോളിൽ ഒരു വലിയ കുരിശ് പച്ച കുത്തിയിട്ടുണ്ടായിരുന്നു.) അങ്ങനെ ചില സാധനങ്ങൾ കണ്ടാൽ അസുഖം ട്രിഗറാകും. പിന്നെ എന്താണുണ്ടാകുക എന്ന് നിനക്കറിയാമല്ലോ.“
തിരിച്ചുള്ള യാത്രയിൽ ഞാൻ തികച്ചും നിശബ്ദനായിരുന്നു.
നേരം വൈകിയത് പ്രശ്നമാകുമോ എന്തോ. പക്ഷേ അതൊന്നും എനിക്കൊരു വലിയ വിഷയമായി തോന്നിയില്ല. ഒരായുഷ്കാലം മുഴുവനും ഈ അസുഖവും പേറി ജീവിക്കേണ്ടി വരുന്ന ഈ പെൺകുട്ടിയുടെ മുന്നിൽ എന്റെ പ്രശ്നങ്ങൾ ഒന്നുമല്ല.
അലെക്സിനറിയുമോ ? ഇതേ അസുഖം വന്നിട്ടുള്ള ചിലർ ഭാഗ്യം ചെയ്തവരാണ്. അവർ കാണുന്നത് ജീസസിനെയും മദർ മേരിയെയുമൊക്കെയാണ്. ഞാനാകട്ടെ ഈ പിശാചിനെയും.“ ചെറുതായി ചിരിച്ചുകൊണ്ടാണ് അവളതു പറഞ്ഞത്. പക്ഷേ എനിക്കതിലെ തമാശയൊന്നും ഉൾക്കൊള്ളാനായില്ല. നെഞ്ചിൽ ഒരു വലിയ ഭാരം കേറ്റി വച്ചിരിക്കുന്ന പോലെ.
അങ്ങനെ, ആ ദിവസവും വല്ലാത്ത രീതിയിൽ അവസാനിച്ചു. വൈകിട്ട് ജോലി കഴിഞ്ഞു പോരുന്നതുവരെ ഞാൻ ആരോടും സംസാരിച്ചില്ല. എന്റെ മുഖഭാവം കണ്ടിട്ടാണോ എന്തോ, ആരും എന്നെയും ശല്യം ചെയ്തില്ല. രാത്രി എങ്ങനെയെങ്കിലും വീട്ടിലെത്തി ഒന്നു കുളിച്ച് കിടക്കാനായിരുന്നു എനിക്ക് ധൃതി.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ എന്റെ പഴയ ജോലിസ്ഥലത്തെത്തി.
മനസ്സിനു വല്ലാത്ത മടുപ്പ്.
മെയിലുകൾ ഒന്നും വന്നു തുടങ്ങിയിട്ടില്ല.
ഞാൻ തല ഡെസ്കിൽ വെച്ച് കിടന്നു.
ഏതാണ്ട് 11 മണിയായപ്പോൾ കാട്രിയോന വന്ന് പറഞ്ഞു, ”അലെക്സ്, അത്യാവശ്യമായി മിസ്റ്റർ കോക്സിന്റെ ഓഫീസിലെത്തണം. “
ഞാൻ ഞെട്ടി. അയാളുടെ ഹോറോസ്കോപ്പിനു വേണ്ടിയായിരിക്കും. ആ വിഷയം ഞാൻ മറന്നേ പോയിരുന്നു. ഞാൻ ഉടൻ തന്നെ അയാളുടെ ഓഫീസിലെത്തി.
മരിയയുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.
ഉള്ളിൽ ഒരു വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു. അവൾക്കൊന്നും സംഭവിച്ചിരിക്കരുതേ എന്ന് മനസ്സിൽ പ്രാർഥിച്ചു കൊണ്ട് ഞാൻ മി. കോക്സിനരികിലെത്തി,
അയാൾ എന്നെ കണ്ടതും ഒരു നല്ല ചിരി സമ്മാനിച്ചു.
”സാർ! ആ ഹോറോസ്കോപ്... എനിക്ക് പിന്നീട് തീരെ സമയം കിട്ടിയില്ല. വീക്കെൻഡിൽ നല്ല തിരക്കായിപ്പോയി. “ ഞാൻ പരുങ്ങി
”അതൊക്കെ വിടൂ അലെക്സ്... നമുക്ക് അതിനേക്കാൾ എത്രയോ അത്യാവശ്യമുള്ള കാര്യങ്ങൾ സംസാരിക്കാനുണ്ട് . അലെക്സ് ഇരിക്കൂ.“ അയാൾ കസേരയിലേക്കു ചൂണ്ടി.
”യൂ നോ, ആ സീറ്റിലിരിക്കുന്ന കുട്ടിയില്ലേ, മരിയ ... ആ അലെക്സിനറിയാമല്ലോ മരിയയെ. അതു ഞാൻ മറന്നു. ആ കുട്ടി ഇന്നു രാവിലെ റിസൈൻ ചെയ്തു.“
”ഓ മൈ ഗോഡ്!, ഹൃദയം ഒരു നിമിഷം ഒന്നു നിലച്ച പോലെ തോന്നി എനിക്ക്. “എന്തു പറ്റി അവൾക്ക് ? അവൾ ഓക്കെയല്ലേ ?“
”ആർക്കറിയാം അലെക്സ്. അവൾക്കു മുഴുവട്ടാടോ. എങ്ങനെയെങ്കിലും അതിനെയൊന്ന് ഒഴിവാക്കാൻ ഞാൻ നോക്കിയിരിക്കുകയായിരുന്നു. അതിനീ അസുഖമുള്ളതുകൊണ്ട് നമ്മൾ പറഞ്ഞു വിട്ടാൽ, അവൾ കേസുകൊടുക്കും. അസുഖം കാരണം നമ്മൾ അവളെ ടെർമിനേറ്റ് ചെയ്തെന്നും പറഞ്ഞ്. ഇതിപ്പൊ, അവൾ തന്നെ റിസൈൻ ചെയ്ത കാരണം നമ്മൾ രക്ഷപ്പെട്ടു.“
” ഒരു കുഷ്ഠരോഗിയെപ്പോലെയാണ് അവളെ എല്ലാവരും കാണുന്നത് അലെക്സ് “ (കെവിന്റെ വാക്കുകൾ ഞാനോർത്തു)
”സോ, ഗുഡ് ന്യൂസ് എന്താന്നു വെച്ചാൽ, ആ പോസ്റ്റിൽ ഇനി അലെക്സ് ആണ്. കാട്രിയോന റെക്കമൻഡ് ചെയ്തു നിന്നെ. നീ ഇനി വീക്കെൻഡിൽ വേറേ ജോലിക്കൊന്നും പോകേണ്ട യാതൊരു ആവശ്യവുമില്ല. നല്ല സാലറിയാണ്.ഹാപ്പി ?“
ഞാനൊന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ അയാൾ അമ്പരന്നു
” അലെക്സ് അഭിപ്രായം ഒന്നും പറഞ്ഞില്ല...“
ഞാൻ മനസ്സിൽ ദൃഢമായ ചില തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അല്പ്പ സമയത്തെ നിശബ്ദതക്കു ശേഷം ഞാൻ മുഖമുയർത്തി.
”സോറി സാർ...പേഴ്സണലായ ചില കാരണങ്ങളാൽ ഞാനിനി ഈ സ്ഥാപനത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ല...ദയവായി എന്നെ പോകാനനുവദിക്കണം.“ എന്റെ മറുപടി വളരെ യാന്ത്രികമായിരുന്നു.
”വാട്ട് ?“
”സോറി സാർ... “ ഞാൻ തിരിഞ്ഞു നടന്നു
അലെക്സ്... ഒരു മിനിറ്റ് ഇരിക്കൂ... സാലറിയാണു പ്രശ്നമെങ്കിൽ നമുക്കു സംസാരിക്കാം.” അയാൾ എന്റെ പുറകേ വന്നു.
ഞാൻ തിരിഞ്ഞു പോലും നോക്കാതെ പതിയെ നടന്ന് എന്റെ ഡെസ്കിൽ എത്തി.
മേശപ്പുറത്ത് എന്റേതെന്നു പറയാൻ ആകെയുണ്ടായിരുന്നത് ഒരു ഫാമിലി ഫോട്ടോയാണ്. അതെടുത്ത് ഞാൻ വാതില്ക്കലെത്തി ഒന്നു തിരിഞ്ഞു നോക്കി എല്ലാവരോടും മനസ്സിൽ യാത്ര ചോദിച്ചു.പിന്നെ, ലിഫ്റ്റിന്റെ ബട്ടൻ അമർത്തി.
*************** ******************** *******************
വർഷങ്ങൾക്കിപ്പുറം, അമേരിക്കയിൽ 19 ബ്രാഞ്ചുകളുള്ള ഒരു സാൻഡ്വിച്ച് ഷോപ്പിന്റെ ഉടമയാണു ഞാനിന്ന്.
തിരിഞ്ഞു നോക്കുമ്പോൾ, എന്നും മനസ്സിലൊരു വിങ്ങലായി കിടക്കുന്ന ഓർമ്മയാണ് മരിയ. ഞാൻ പിന്നെയും പല പ്രാവശ്യം അവളെ കണ്ടു. ചിലപ്പോൾ നോർമ്മലായി, ചിലപ്പോൾ...
പക്ഷെ, എന്തു തന്നെയായാലും, എല്ലാ വീക്കെൻഡിലും ഒരിക്കലും മുടക്കമില്ലാതെ എന്റെ റെസ്റ്റോറന്റിന്റെ എല്ലാ ബ്രാഞ്ചിലും വൈകിട്ട് 4 മണിയാകുമ്പോൾ ഒരു സ്റ്റാഫ് 50 സാൻഡ്വിച്ചുകളുമായി ഇറങ്ങും. ഹോംലെസ്സ് ആയിട്ടുള്ളവരെ തേടി.
(അവസാനിച്ചു)
പോസ്റ്റ് സ്ക്രിപ്റ്റ്: മരിയയെ ഞാൻ കണ്ടിട്ട് 12 വർഷങ്ങൾക്കു മേലെയായി. ഇപ്പൊ അന്വേഷിക്കാറില്ല. കാരണം, ഈ കഥയിൽ എഴുതിയതു മാത്രമല്ല സംഭവിച്ചിട്ടുള്ളത്.
അബിയും അനിമോളും ഇപ്പോ ന്യൂസിലാൻഡിൽ ഓക്ലൻഡ് എന്നൊരിടത്താണ്‌. രണ്ടു പേരും ഡോക്റ്റർമാരാണ്‌.
എഡ്ഢി - വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിലൂടെ ബാസ്കറ്റ് ബോൾ കളിയിൽ തിരിച്ചെത്തി. ഇപ്പോൾ നാഷണൽ ലെവലിൽ അറിയപ്പെടുന്ന താരമാണ്‌. (അയാളെപ്പറ്റിയുള്ള ചില വിവരങ്ങൾ ഭാവനയാണ്‌.) .
കാട്രിയോനയെ പിന്നെ കണ്ടിട്ടേയില്ല എന്നാണു തോന്നുന്നത്.
കഥാകൃത്ത് ഇപ്പോ വിദേശവാസമെല്ലാം അവസാനിപ്പിച്ച് ത്രിശ്ശൂരിൽ സുഖവാസം.

Alex
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo