നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴൽ പോലെ ഒരാൾ


നിഴൽ പോലെ ഒരാൾ
---------------------------------------------------------
കാർമേഘങ്ങൾ ഇരുണ്ടുകൂടി മഴ പെയ്ത ഒരു വൈകുന്നേരമാണ് ആൻമേരി ആ പുസ്തകക്കടയെക്കുറിച്ച് പറഞ്ഞത്.. അവളുടെ വിചിത്രമായ കൗതുകങ്ങൾക്കിടയിൽ അനിർവചനീയമായ അനുഭൂതി നൽകുന്ന വായനയും ഉൾപ്പെട്ടു എന്നറിഞ്ഞ സന്തോഷത്തിലായിരുന്നു ഞാനപ്പോൾ.
കട്ടിലിൽ നിരത്തി വെച്ച പുസ്തകക്കൂട്ടത്തിനിടയിൽ കിടന്നുള്ള അവളുടെ വായനയ്ക്കിടയിലാണ് ഞാൻ മുറിയിലേക്ക് കടന്നത്.
ചേച്ചീ ചേച്ചിക്കെന്തിനോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ? അവളുടെ ചോദ്യം ചിരിയുണർത്തിയെങ്കിലും മുഖത്ത് ഗൗരവം വരുത്തി ഞാൻ പറഞ്ഞു.
"ഇപ്പോൾ തിമിർത്തു പെയ്ത മഴയോടെനിക്ക് പ്രണയം തോന്നി."
ചേച്ചിയേ?
ഞാൻ പുസ്തകങ്ങളെ പ്രണയിച്ചു തുടങ്ങി .അവളുടെ കണ്ണുകളിൽ അപ്പോൾ കുസൃതി നിറഞ്ഞ ചിരിയാണ് കണ്ടത്.
ഓരോ ദിവസവും വിചിത്രമായ കൗതുകങ്ങളായിരിക്കും അവൾക്ക്. ഇന്നവൾ ഗൗരവക്കാരിയാണ്.
"ചേച്ചീടെ മുടി കാണാൻ എന്ത് ഭംഗിയാ?"
ഞാനും സ്ട്രെയിറ്റൺ ചെയ്യും ഇന്നലെ പറഞ്ഞത് ഓർത്തപ്പോൾ അറിയാതെ ചിരിച്ചു പോയി.
ഞങ്ങൾക്കാകെയുള്ള പുറം കാഴ്ച്ചകൾ നീളുന്നത് തുണിക്കടയ്ക്ക് പിറകിലെ ചായ്പ്പിലുള്ള കുഞ്ഞാപ്പൂന്റെ ഇസ്തിരിക്കടയിലേക്കാണ്..
പട്ടണത്തിലെ മൊത്തം തുണികളുടേയും ചുളിവ് മാറ്റുന്നത് കുഞ്ഞാപ്പു ആണെന്ന് തോന്നും അവിടെയെത്തുന്ന തുണിക്കെട്ടുകൾ കണ്ടാൽ. പരാതിയില്ലാതെ സഹായി ചെറുക്കൻ ഊതിയെടുക്കുന്ന കനലുകൾ നിറച്ച പെട്ടി കൊണ്ട് പലരുടേയും പുറംമോടിയുടെ ചുളിവുകൾ നിവർക്കുന്ന തിരക്കിലാവും കുഞ്ഞാപ്പുവിന്റെ പുലർകാലം.
ഞായറാഴ്ച്ച ഞങ്ങളുടെ നേരം മ്പോക്കുകൾക്കിടയിൽ കുഞ്ഞാപ്പൂം കൂടും.
വെറ്റിലക്കറയുള്ള നീളൻ പല്ലുകാട്ടിയുള്ള കുഞ്ഞാപ്പൂന്റെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ എനിക്ക് അമ്മയുടെ അമ്മാവൻ അപ്പുമാമയെ ഓർമ്മ വരും.
ആൻമേരിയുടെ കയ്യിലെ കടും നീല പുറംചട്ടയിൽ കറുപ്പു മഷികൊണ്ടെഴുതിയ ഖസാക്കിന്റെ ഇതിഹാസം എന്റെ മനസ്സിനെ ഓർമ്മകളുടെ തിരശ്ശീല നീക്കി ഒരു പതിനഞ്ചു വർഷം പുറകിലേക്കെത്തിച്ചു.
ഹൃദയത്തിലപ്പോ ആരോ പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു.. ചില ഓർമ്മകൾ ചില വസ്തുക്കളുമായി, ചില നിറങ്ങളുമായി കെട്ട് പിണഞ്ഞ് കിടക്കും.
**********************
" അനിയൻ കുട്ടിക്കാരാകാനാ മോഹം."
രൂപ ചേച്ചിയുടെ ചോദ്യത്തിന് മറുത്തൊരു മറുപടി അവനുണ്ടായിരുന്നില്ല. പരിഷത്ത് മാഷാ പുസ്തകങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചത്. എനിക്ക് പുസ്തക വിൽപ്പനക്കാരൻ ആയാൽ മതി.
ചാരുകസേരയിൽ നിവർന്നിരുന്ന് അടക്കാ കിളികൾക്ക് ഗോതമ്പ് മണികൾ എറിഞ്ഞു കൊടുത്തോണ്ടിരുന്ന മുത്തശ്ശൻ ഉറക്കെ ചിരിച്ചു.
"ഇവൻ വല്യ എഴുത്തുകാരൻ ആവും.. ഞങ്ങളെ ഒക്കെ ഓർക്കുമോ നീ "
മുത്തശ്ശന്റെ നരച്ചു തുടങ്ങിയ താടിയിൽ പിടിച്ച് കവിളിൽ ഒരുമ്മയായിരുന്നു അവന്റെ മറുപടി. ആൻമേരിയെപ്പോലെ അനേകം പേരിൽ നിന്ന് വേർതിരിച്ചെടുക്കാൻ പറ്റുന്ന വ്യക്തിത്വം..
ദിവസങ്ങൾ മാത്രമുള്ള പരിചയം ഒരായുസ്സിന്റെ ഓർമ്മകളിലേക്ക് നിറച്ച് വിസ്മൃതിയിലേക്ക് മറഞ്ഞവൻ. കാണുമായിരിക്കും എന്നെങ്കിലും..
മാഞ്ഞു പോയ ഓർമ്മകളിൽ അവന്റെ മുഖം.തേടി കണ്ടു പിടിയ്ക്കണം
ഇടിയും മിന്നലും മഴയും ഒരുമിച്ച് വന്ന് ഞങ്ങളെ പേടിപ്പിച്ച വൈകുന്നേരമാണ് ഉണ്ണി മാഷ് ആ വർഷത്തെ കലാമേളയുടെ സവിശേഷത പറഞ്ഞത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നും എത്തുന്ന കൂട്ടുകാർ. അവരെ വീട്ടിലേക്ക് വിളിക്കണം . പങ്കെടുക്കുന്നവർ ഏഴാം ക്ലാസ്സ് വരെ ആയതു കൊണ്ട് വാണി ചേച്ചിക്കും രൂപ ചേച്ചിക്കും പങ്കെടുക്കാൻ പറ്റിയില്ല.
അന്ന് മുത്തശ്ശി വിളക്ക് വെച്ച് രാമനാമം ജപിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചത് പെൺകുട്ടിയെ കിട്ടണേ എന്നാണ്. എന്റെ പ്രാർത്ഥന ദൈവം കേട്ടതുമില്ല.
കുതിരകളെ കുളമ്പടിച്ച് മാറ്റി നിർത്തുന്ന പോലെയായിരുന്നു കലാമേളയുടെ ആദ്യ ദിനം. ആരൊക്കെ ആരുടെ വീട്ടിലേക്ക് എന്നറിയാനുള്ള കാത്തിരിപ്പ്.
ഹൃദയത്തിലെ പെരുമ്പറ കൊട്ടലിനിടയിൽ എന്റെ പേരും വിളിച്ചു.ഹരിനാരായണൻ ,ദിവ്യ.
എന്റെ മുഖം സങ്കടവും ഭയവും കൊണ്ട് ചുവന്നു. എന്നോളം വലിപ്പമുള്ള , നെറ്റിയിൽ ചന്ദനക്കുറിയിട്ട ഒരു അമ്പലവാസി പയ്യൻ. അവൻ വെളുക്കെ ചിരിച്ചു കൊണ്ട് എന്റെ പിറകിൽ മാറാതെ നടന്നു.
കണക്കിലെ കളികൾ കൊണ്ട് മനസ്സിൽ മന്ത്രവിദ്യകൾ നെയ്ത പരിഷത്തിലെ ശിവദാസ് മാഷുടെ ക്ലാസ്സുകളും കളികളുമായി മേള മറക്കാൻ പറ്റാത്ത അനുഭവവുമായി .
ഒരാഴ്ച്ചത്തെ താമസത്തിനിടയിൽ ഞങ്ങളുമായവൻ ഒരായുസ്സിന്റെ അടുപ്പവും ആയി.
യാത്ര പറച്ചിലിനിടയിൽ പരിഷത്ത് മാഷ് അവന് സമ്മാനിച്ച ഖസാക്കിന്റെ ഇതിഹാസം
എനിക്കവൻ സമ്മാനമായി തന്നു.
/വരദ /
/Po നെല്ലിയാംങ്കോട്'' ''. /
പോസ്റ്റ്മാൻ പേര് വായിക്കുമ്പോൾ രൂപ ചേച്ചി ഓടും .അവന്റെ കുസൃതികൾ ഏറെ ചിരിപ്പിച്ചത് അവളെയാണ്.വാണി, രൂപ ,ദിവ്യ ഞങ്ങൾ മൂന്ന് ചേച്ചിമാർക്ക് അവനിട്ട പേരാണ് വരദ.
കുറച്ച് ദിവസം കൊണ്ട് വീട്ടിലെ എല്ലാവരുടേയും മനസ്സ് കീഴടക്കിയൻ.
എഴുത്തിനുള്ളിൽ ഒളിപ്പിച്ച വികാരം എപ്പോഴോ പ്രണയത്തിലേക്ക് വഴി മാറാൻ തുടങ്ങുന്നു എന്ന തോന്നലുണ്ടായപ്പോൾ അമ്മ മറുപടി അയക്കാനുള്ള അനുമതി നിഷേധിച്ചു.കത്തുകളും ഓർമ്മകളും തിരക്കുകൾക്കിടയിൽ മറയുകയും ചെയ്തു.
* * * * * * * * * * * * *
ഓർമ്മകളുടെ ചിതൽപ്പുറ്റ് മാറ്റി വെളിയിൽ വരുമ്പോൾ ആൻമേരി വായനയിൽ തന്നെ .
യാത്ര സ്ക്കൂട്ടിയിൽ ആയതിൽ പിന്നെ വഴിയിലുള്ള കാഴ്ച്ചകളൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. വല്ലപ്പോഴും നാരങ്ങാവെള്ളം കുടിച്ചിരുന്ന ഉസ്മാനിക്കയുടെ കടയുടെ മുന്നിലുള്ള കുശലാന്യേഷണത്തിലൊതുങ്ങിയിരിക്കുന്നു വഴിക്കാഴ്ച്ചകൾ .
വണ്ടി വാങ്ങാൻ തീരുമാനിച്ച് അമ്മയെ വിളിച്ചപ്പോൾ അമ്മ പറഞ്ഞതും അതു തന്നെ.
ദുർമ്മേദസ്സ് കൂടും കുട്ട്യേ. നടക്കാനുള്ള ദൂരല്ലേ ഉള്ളൂ നിനക്ക്. അതങ്ങനാ തന്നിഷ്ടത്തിനല്ലേ കാര്യങ്ങൾ... പിന്നെ ഒരു നെടുവീർപ്പും. അതിൽ എല്ലാം ഉണ്ട്.
ലോകത്തെ കീഴ്മേൽ മറിക്കാതിരുന്നാൽ മതി. അമ്മ അർദ്ധസമ്മതത്തിൽ പറഞ്ഞതോർത്തപ്പോൾ താനേ ചിരിച്ചു പോയി.
അമ്മ അങ്ങനെയായിരുന്നു സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കില്ല.എന്നാൽ കടലോളം സ്നേഹം വാക്കുകളിൽ ഒളിപ്പിയ്ക്കും.
"ചേച്ചീ സ്ക്കൂട്ടി ഞാനിന്നെടുക്കും .നടന്നു പോയാലേ ചേച്ചിക്ക് അയാളെ കാണാനൊക്കൂ.. ആൻ ഏതാണ്ടുറപ്പിച്ച പോലയാണ് ആ പുസ്തക വിൽപ്പനക്കാരൻ അവസാനം പ്രണയകവിത എഴുതി കടന്നു പോയ അനിയൻ കുട്ടിയാണെന്ന് . രാവിലെ ഞാൻ ഡ്രോപ്പ് ചെയ്യാം. രാവിലെ അയാൾ കട തുറക്കില്ലായിരിക്കും. "
അവളങ്ങനെയാണ് അവളൊക്കെ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
മാസങ്ങൾ മാത്രമുള്ള പരിചയത്തിനിടയിൽ മനസ്സിലേക്ക് തുറന്ന് വെച്ച സൗഹൃദങ്ങൾ .
ഓഫീസിലെ തിരക്ക് കാരണം ഇറങ്ങാൻ ഇത്തിരി വൈകി പോയിരുന്നു.
ആൽമരത്തിന്റെ ചോട്ടിലെ കടയിലെത്തും വരെ മനസ്സിൽ കണക്കെടുപ്പായിരുന്നു .പ തിനഞ്ചു വർഷം ഒരാൾക്ക് വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച്... കടയിലെത്തുമ്പോൾ .അവിടെ തിരക്കൊഴിഞ്ഞിരുന്നു. ഒരു മാസികയിൽ മുഖം പൂഴ്ത്തി ഒരു ചെറുപ്പക്കാരൻ.രണ്ടു മൂന്ന് ആഴ്ച്ചപതിപ്പുകളുടെ പേര് പറഞ്ഞ് മുഖം അവനിലേക്ക് തിരിച്ചു.
പോയ കാലത്തിന്റെ യാതൊരു ശേഷിപ്പും ആ മുഖത്ത് കാണാൻ കഴിഞ്ഞില്ല.
മനസ്സിന്റെ ഭ്രാന്ത് ഓർത്തു തനിയേ ചിരിച്ചു. എന്നോ സഹോദരനായവനെ ഒന്ന് കാണാനുള്ള ആഗ്രഹം ഇത്തവണയും വ്യർത്ഥമായി. ആൾക്കൂട്ടത്തിൽ എവിടെ വച്ചെങ്കിലും കണ്ടുമുട്ടും മനസ്സ് പറയാൻ തുടങ്ങി വീണ്ടും...
തിരിച്ചു നടക്കുമ്പോൾ തെരുവിന് കൂടുതൽ ഭംഗിയുള്ളതായി തോന്നി. യാതൊരു ഭയാശങ്കകളും ഉണ്ടായിരുന്നില്ല. തെരുവുവിളക്കുകൾ ആരെയോ പ്രതീക്ഷിച്ച് വെളിച്ചം വീശി കൊണ്ടിരുന്നു.
(കവിതസഫൽ )
29 / 01/18

1 comment:

  1. നിഴലുകൾ മാത്രമെന്നും നമുക്ക് സ്വന്തം.
    നന്നായെഴുതി..!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot