Showing posts with label NeelimaA. Show all posts
Showing posts with label NeelimaA. Show all posts

സോമ്നാംബുലിസം


ഏതാണ്ട് എട്ട് വയസ്സുള്ളപ്പോഴാണ് എനിക്ക് സോമ്നാംബുലിസം എന്ന പ്രത്യേക അസുഖം ഉള്ളതായി വീട്ടുകാർ തിരിച്ചറിയുന്നത്.

ഞങ്ങൾ മൂന്നുപേരും ഭക്ഷണം കഴിച്ച് നേരത്തെ കിടക്കും. അച്ഛനും അമ്മയും താമസിച്ചാണ് കിടക്കാറ്. ഒരു ദിവസം നോക്കുമ്പോൾ ഞാൻ എഴുന്നേറ്റ് ചെന്ന് ഒരു സ്റ്റൂൾ ഒക്കെ എടുത്ത് കൊണ്ട് വന്ന് ഊണുമേശയുടെ അടുത്ത് പോയിരിക്കുന്നു. ഇവൾ ഭക്ഷണം ഒക്കെ കഴിച്ച് കിടന്നതാണല്ലോ ഇതെന്താ വീണ്ടും വന്നിരിക്കുന്നെ എന്നോർത്ത് അമ്മ അതിശയിച്ചു. നിനക്ക് ചോറ് വേണോ എന്ന ചോദ്യത്തിന് മറുപടി ഒന്നുമില്ല. പോയി കിടക്ക് പെണ്ണേ എന്ന് അമ്മ പറഞ്ഞപ്പോൾ സ്റ്റൂൾ എടുത്ത് പഴയ സ്ഥാനത്ത് കൊണ്ട് വെച്ച് പോയി കിടന്നു.

ഇക്കാര്യങ്ങൾ ഒക്കെ പിറ്റേന്ന് എണീറ്റപ്പോൾ അമ്മ പറഞ്ഞാണ് അറിയുന്നത്. എനിക്ക് അങ്ങനെ ഒരു സംഭവം ഉണ്ടായതായി ഒട്ടും ഓർമ്മയില്ലായിരുന്നു.അങ്ങനെ ഇത്‌ പോലെ പല തവണ ആവർത്തിച്ചു. ചില സമയങ്ങളിൽ വാതിൽ ഒക്കെ തുറക്കാൻ ശ്രമിക്കാറുണ്ട്. സാക്ഷ ഒക്കെ ഉള്ള പഴയ വാതിൽ ആയത് കൊണ്ട് എനിക്ക് തുറക്കാൻ പറ്റില്ല എന്ന ആശ്വാസത്തിൽ ആയിരുന്നു വീട്ടുകാർ.

പിന്നീട് നവോദയ പരീക്ഷ ജയിച്ച് അവിടെ ചേരാൻ ചെന്നു. ഹോസ്റ്റൽ എന്ന് പറയുന്നത് വലിയ ഒരു ഹാൾ ആണ് അവിടെ നിരത്തി ഡബിൾ കോട്ട് ഇട്ടിട്ടുണ്ട്. രണ്ട് കട്ടിൽ അടുപ്പിച്ച് ഇട്ട് താഴെ മൂന്ന് പേരും മുകളിൽ രണ്ടുപേരും ആയാണ് കിടക്കുന്നത്. ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സൂക്കേട് ഉള്ളതിനാൽ മുകളിൽ കിടത്തേണ്ടെന്ന് അച്ഛൻ ആദ്യമേ ടീച്ചറെ ചട്ടം കെട്ടി.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. രണ്ട് പേർക്കിടയിൽ ഞെങ്ങി ഞെരുങ്ങി കിടന്ന് എനിക്ക് മടുത്തു. മാത്രമല്ല ഞാൻ കിടന്നിടത്ത് നിന്ന് തിരഞ്ഞ് അടുത്ത് കിടക്കുന്ന ആൾ മിക്കവാറും നിലത്ത് വീഴും. അത് കാരണം അവളുടെ ചീത്തവിളി വേറെ. അങ്ങനെ ബെഡ് മാറാൻ തീരുമാനിച്ചു. കൂടാതെ ഡബിൾകോട്ടിന്റെ മുകളിൽ കിടക്കാൻ വല്ലാത്തൊരു പൂതിയും. അങ്ങനെ വേറൊരു കുട്ടിയുമായി പറഞ്ഞുറപ്പിച്ച് ഞങ്ങൾ കിടപ്പ്സ്ഥലം മാറി.

അങ്ങനെ സ്റ്റെപ് ഒക്കെ കയറി മുകളിൽ കയറി കിടന്നു.ഫാനിന്റെ നേരെ താഴെ ആയത് കൊണ്ട് നല്ല കാറ്റും. എന്താ സുഖം. പെട്ടെന്ന് തന്നെ ഉറക്കം പിടിച്ചു. രാത്രി എപ്പോഴോ ഉറക്കം ഞെട്ടിയപ്പോ എന്താ കഥ !. ഞാൻ എന്റെ പഴയ സ്ഥാനത്ത് തന്നെ കിടക്കുന്നു. മൂന്ന് പേര് കിടക്കുന്നിടത്ത് ഞാൻ അടക്കം നാലുപേർ. ഭാഗ്യം ! ഞാൻ അവിടെ ചെന്ന് കിടന്നത് ആരും അറിഞ്ഞിട്ടില്ല.ഉടനെ എഴുന്നേറ്റ് എന്റെ പുതിയ സ്ഥലത്ത് തന്നെ ചെന്ന് കിടന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോൾ എന്റെ ചപ്പൽ കാണാനില്ല. കുറെ തപ്പി.എവിടേം കാണാനില്ല. പെട്ടെന്നാണ് തലേന്നത്തെ സംഭവം ഓർമ്മയിൽ വന്നത്. പതുക്കെ അവിടെ ചെന്ന് നോക്കുമ്പോൾ ദാണ്ടെ കിടക്കുന്നു എന്റെ ചപ്പൽ. പതിയെ ചപ്പൽ ഇട്ട് അവിടുന്ന് സ്കൂട്ടായി.

ഈ സംഭവം ഓർക്കുമ്പോൾ എനിക്ക് തന്നെ അതിശയം തോന്നുന്നു. മുകളിലത്തെ നിലയിൽ നിന്നുമിറങ്ങി ചെരിപ്പുമിട്ട് ഇരുട്ടിൽ പഴയസ്ഥലത്ത് എങ്ങനെ പോയി കിടന്നു. അതാണെങ്കിൽ വേറെ ആരും അറിഞ്ഞുമില്ല.

ഒരു പത്താം ക്ലാസ്സ്‌ വരെയൊക്കെ ഈ സ്വഭാവം ഉണ്ടായിരുന്നു.പക്ഷെ ഒരിക്കലും ഒരപകടവും ഉണ്ടായില്ല എന്നതും അതിശയം ആണ്. പല തവണ സ്റ്റെയർകേസിന്റെ പടിക്കൽ എത്തി ഉറക്കം ഞെട്ടും. എവിടെ എത്തി എന്ന് ഒരു ഐഡിയയും ഇല്ലാതെ തപ്പി തപ്പി സ്വിച്ച് ഇടുമ്പോഴാണ് എവിടെ ആണ് എത്തിയതെന്ന് അറിയൂ.

ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ തമാശയാണ് തോന്നുന്നത്. നിങ്ങൾക്കാർക്കെങ്കിലും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ

നീലിമ A

ഒരു പേരിനു പിന്നിൽ


ഏപ്രിലിൽ നാട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്ത് കൊറോണ കാരണം യാത്ര ക്യാൻസൽ ആയി. ഒടുവിൽ ഡിസംബറിൽ നാട്ടിൽ വരാൻ ഏതാണ്ട് തീരുമാനം ആയതായി കെട്ടിയോൻ അറിയിച്ചിട്ടുണ്ട്.

മൂപ്പര് വരുന്നതിന് മുൻപ് ചില കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അതിൽ ഏറ്റവും പ്രധാനം കുറച്ചു നല്ല പാട്ടുകൾ മതിയാവോളം കേട്ട് തീർക്കുക എന്നതാണ്. കാരണം എനിക്ക് പ്രിയപ്പെട്ട ചില ഗാനങ്ങൾ പുള്ളിക്ക് തീരെ ഇഷ്ടമല്ല.അബദ്ധത്തിൽ റേഡിയോവിലോ മറ്റോ വന്നാൽ പുള്ളി റേഡിയോ എടുത്തെറിയാൻ സാധ്യത ഉള്ളത് കൊണ്ട് അതിന് മുൻപ് ഞാൻ തന്നെ റേഡിയോ ഓഫ്‌ ചെയ്യാറാണ് പതിവ്.

വിവാഹത്തിന് മുൻപ് പുള്ളിക്ക് ഇഷ്ടം ആയിരുന്ന ഗാനങ്ങൾ പോലും വിവാഹശേഷം വെറുത്ത് പോയെന്ന് പറയാറുണ്ട്. അതിന് കാരണം എന്റെ പേര് ആണത്രേ. നീലിമ എത്ര മനോഹരമായ പേരാണ് അല്ലെ..എത്ര എത്ര കവികൾ അവരുടെ കവിതകളിൽ ആകാശനീലിമയെ കുറിച്ചും കടലിന്റെ നീലിമയെ കുറിച്ചും പ്രണയിനിയുടെ കണ്ണുകളിലെ നീലിമയെക്കുറിച്ചും എഴുതിയിരിക്കുന്നു. എത്ര എത്ര സിനിമാഗാനങ്ങളിൽ നീലിമ നിറഞ്ഞു നിൽക്കുന്നു.

പറഞ്ഞിട്ടെന്താ പുള്ളിക്ക് അത് കേൾക്കുന്നതെ ഇഷ്ടമല്ല. എന്തിന് പറയുന്നു കഴിഞ്ഞ തവണ വന്നപ്പോൾ ഒരു സംഭവം ഉണ്ടായി. ആകാശവാണി കണ്ണൂർ നിലയത്തിൽ നിന്നുള്ള ചലച്ചിത്ര ഗാനങ്ങൾ കേൾക്കുകയാണ് പുള്ളി. ആദ്യം തന്നെ ഹൃദയ സരസ്സിലെ പ്രണയപുഷ്പമേ എന്ന ഗാനം ആയിരുന്നു. ഗാനത്തിന്റെ ഇടയിൽ 'ഇത്രയും നീലിമ നിന്റെ കണ്ണിൽ 'എന്ന് പാടിയത് പുള്ളിക്ക് പിടിച്ചില്ല എങ്കിലും സഹിച്ചു. അടുത്തത് അതാ വരുന്നു 'കടലിന്നഗാധമാം നീലിമയിൽ '.പുള്ളി എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു സമയം അവിടെ തന്നെ ഇരുന്നു. ഇതൊക്കെ നിരീക്ഷിച്ച് വാതിലിന് പിറകിൽ ഞാൻ നിൽക്കുന്നുണ്ട്. എന്ത് സംഭവിക്കും എന്നറിയണമല്ലോ. ഒടുവിൽ അത് തീർന്നു. ദാ വരുന്നു അടുത്ത ഗാനം 'ഇന്ദ്രനീലിമയോലും… 'പുള്ളിയുടെ മുഖം ചുവന്നു. ഉടനെ എഴുന്നേറ്റ് ചെന്ന് റേഡിയോ ഓഫ്‌ ചെയ്തു. ഞാൻ പതിയെ അവിടെ നിന്നും വലിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ ഇറയത്ത് നിന്നും ചില ഒച്ചപ്പാടുകൾ കേട്ട് അങ്ങോട്ട് ചെന്നപ്പോൾ പുള്ളിയുണ്ട് പത്രമൊക്കെ വലിച്ചെറിഞ്ഞ് എന്തൊക്കെയോ പിറുപിറുത്ത് പുറത്തേക്ക് പോകുന്നു. എന്താപ്പോ കഥ എന്ന് കരുതി പത്രം എടുത്ത് നോക്കിയപ്പോൾ എനിക്ക് ചിരിയടക്കാൻ പറ്റിയില്ല.

ഏതോ മോഷണക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്ന ആളിന്റെ പേര് രാജേഷ് (എന്റെ കെട്ടിയോന്റെ പേരും അതന്നെ )
തൊട്ടടുത്ത് തന്നെ പീഡനക്കേസിൽ പ്രതിയായിരിക്കുന്നവന്റെ പേരും രാജേഷ് എന്ന് തന്നെ. വേറെ ഏതോ കേസിൽ കൂട്ട് പ്രതിയായവനും രാജേഷ് തന്നെ.

ഇപ്പോൾ മനസ്സിലായില്ലേ പുള്ളിക്ക് നീലിമ എന്ന് കേൾക്കുമ്പോൾ കലി വരാനുള്ള കാരണം. സിനിമാഗാനങ്ങളിലും കവിതകളിലും 'നീലിമ' നിറഞ്ഞു നിൽക്കുമ്പോൾ പോലീസ് തേടുന്ന പ്രതികളുടെ കൂട്ടത്തിലാണ് 'രാജേഷ്' നിറഞ്ഞു നിൽക്കുന്നത്. അതിപ്പോ എന്റെ കുറ്റമാണോ...

നീലിമ A

മാഷ് (കഥ)


ഇരുപത് വർഷങ്ങൾക്കു മുൻപുള്ള ഒരു ഹൈസ്കൂൾ
ബെൽ അടിച്ചു. ക്ലാസ്സിലും പുറത്തുമായി കറങ്ങി നടന്ന കുട്ടികളൊക്കെ ക്ലാസ്സിലേക്ക് കയറി
പ്രാർത്ഥന കഴിഞ്ഞു, പത്താം ക്ലാസ്സ്‌ ബി ഡിവിഷനിൽ ആദ്യത്തെ പിര്യേഡ് ഇംഗ്ലീഷ് ആണ്. സുധാകരൻ മാഷ് ആണ് ക്ലാസ്സ്‌ ടീച്ചർ. കുട്ടികളൊക്കെ മാഷെ പ്രതീക്ഷിച്ച് ഇരിക്കുകയാണ്.
അല്പം കഴിഞ്ഞപ്പോൾ മാഷ് കയറി വന്നു. അദ്ദേഹം അല്പം അസ്വസ്ഥനാണെന്ന് തോന്നി.
എല്ലാവരും എഴുന്നേറ്റു നമസ്തെ പറഞ്ഞു. ഹാജർ എടുത്ത ശേഷം രജിസ്റ്റർ മടക്കിവെച്ചു. ഹീറോ പേന ക്യാപ് ഇട്ട് പോക്കറ്റിൽ കുത്തി വെച്ചു.
ശേഷം കുട്ടികൾക്ക് അഭിമുഖമായിനിന്നു.
"ബൈജു ഇവിടെ വാ "
കനത്ത ശബ്ദത്തിൽ മാഷ് വിളിച്ചു.
ആൺകുട്ടികൾ ഇരിക്കുന്ന ഭാഗത്ത്‌ ഏറ്റവും പിറകിലെ ബെഞ്ചിൽ അരഭിത്തിയോട് ചേർന്ന കോർണറിൽ ആണ് ബൈജു ഇരിക്കാറ്.
അവൻ എഴുന്നേറ്റ് വരാൻ തുടങ്ങവേ പെട്ടെന്ന് മാഷ് വല്ലാത്ത ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് ആഞ്ഞടുത്തു.
അവന്റെ ഇരു കവിളുകളിലും മാറി മാറി തല്ലാൻ തുടങ്ങി
കുട്ടികളൊക്കെ സ്തബ്ധരായി
മാഷിനെ ഇത് വരെ ഇത്രയും ദേഷ്യത്തിൽ ആരും കണ്ടിട്ടില്ല.
മാഷ് അവനെ നിർത്താതെ തല്ലുകയാണ്. പുറത്തും കവിളുകളിലും കാലുകളിലും അങ്ങനെ ദേഹാസകലം. കയ്യിൽ കിട്ടിയ പ്രതിയെ പോലീസുകാർ കൈകാര്യം ചെയ്യുന്നത് പോലെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ആണ് മർദ്ദനം.
അത് വരെ മാഷ് കുട്ടികളെ ചെറുതായി ശാസിക്കും എന്നല്ലാതെ ആരെയും തല്ലിയിട്ടില്ല
"നീ എന്തിനാണ് സ്കൂളിൽ വരുന്നത്? തന്തയും തള്ളയും ചോര നീരാക്കി രാവും പകലും അധ്വാനിക്കുന്നത് അവർക്ക് വേണ്ടിയല്ല. വല്ലതും നാലക്ഷരം പഠിച്ച് മക്കളെങ്കിലും ഒരു കരപറ്റട്ടെ എന്ന പ്രതീക്ഷയിലാണ്. "
"എന്നിട്ട് നീയൊക്കെ കാട്ടുന്നതെന്താണ്? ഞാൻ പഠിപ്പിക്കുന്ന കുട്ടികളൊന്നും ഇങ്ങനെ വഴി തെറ്റിപ്പോകും എന്ന് കരുതിയില്ല. "
തല്ലി തളർന്ന മാഷ് കിതപ്പോടെ കസേരയിൽ വന്നിരുന്നു. കൈകൾ കൊണ്ട് മുഖം മറച്ച് മേശപ്പുറത്തേക്ക് ചാഞ്ഞു.
കാര്യമൊന്നും മനസ്സിലാവാതെ കുട്ടികളൊക്കെ തരിച്ചിരിക്കുകയാണ്.
ഇത്രയും തല്ല് കിട്ടിയിട്ടും ബൈജു കരഞ്ഞില്ല. ഒരു തുള്ളി കണ്ണ് നീര് പോലും അവന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞില്ല. മാഷ് തല്ലുമ്പോൾ എതിർക്കാതെ താൻ അതിനർ ഹനാണെന്ന മട്ടിൽ നിന്ന് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.
എല്ലാ കുട്ടികളും പരസ്പരം നോക്കി മിണ്ടാതിരിക്കുകയാണ്.
മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന നിശബ്ദത ക്ലാസ്സിൽ നിറഞ്ഞു.
കുറച്ചു സമയം അങ്ങനെ കടന്ന് പോയി.
മാഷ് പതിയെ തല ഉയർത്തി. കണ്ണുകളൊക്കെ ചുവന്നു വീർത്തിരിക്കുന്നു.
"ബൈജു ഇവിടെ വാ "മാഷ് വിളിച്ചു.
ബൈജു പതുക്കെ മാഷിന് സമീപം വന്ന് കൈകൾ കെട്ടി നിന്നു.
എല്ലാവരും വീർപ്പടക്കി ഇരിക്കുകയാണ്.മാഷ് അവനെ വീണ്ടും തല്ലുമോ എന്ന ആകാംക്ഷ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ് നിൽപ്പുണ്ട്.
മാഷ് കസേരയിൽ നിന്നും എഴുന്നേറ്റു. പതിയെ ബൈജുവിന്റെ തോളുകളിൽ പിടിച്ച് അഭിമുഖമായി നിർത്തി.
"എന്റെ കുഞ്ഞേ,നീ എന്തിനാണ് ഇങ്ങനെ ഒക്കെ പ്രവൃത്തിക്കുന്നത്? "
അതും പറഞ്ഞ് ഒരു വിതുമ്പലോടെ ബൈജുവിനെ അദ്ദേഹം നെഞ്ചോട് ചേർത്ത് പിടിച്ചു. അത് വരെ പെയ്യാതെ പിടിച്ചു നിന്ന അവനും മാഷെ കെട്ടിപ്പിടിച്ച് ആർത്തലച്ചു കരയാൻ തുടങ്ങി.
ഇതൊക്കെ വീക്ഷിച്ചിരിക്കുന്ന കുട്ടികളുടെയും കണ്ണ് നിറഞ്ഞു.
"കുട്ടികളെ, നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് പഠിക്കാനാണ്. പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം. അല്ലാതെ നാട്ടുകാരെ കൊണ്ട് വീട്ടുകാരെ പറയിക്കരുത് "
"ഇവിടെ ചില കാര്യങ്ങൾ നടന്നിട്ടുണ്ട്. നിങ്ങളൊക്കെ അറിയണം. നിങ്ങളൊക്കെ കൗമാരപ്രായക്കാരാണ്. ഈ പ്രായത്തിൽ പെൺകുട്ടികളോട് ആകർഷണം തോന്നും. അതൊക്കെ സ്വാഭാവികം ആണ്. "
"എന്ന് കരുതി പെൺകുട്ടികളുടെ പിറകെ നടന്ന് അവരെ ശല്യപ്പെടുത്തുന്നത് നല്ല കാര്യം അല്ല "
"ഈ സ്കൂളിൽ തന്നെ മറ്റൊരു ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ പിറകെ നടന്ന് ഇവൻ ശല്യപ്പെടുത്തി. അവളുടെ പിറകെ വീട് വരെ ചെന്നു. ആ കുട്ടിയുടെ വീട്ടുകാർ വെറുതെ വിടുമോ, അവിടെ നാട്ടുകാരുടെ മുൻപിൽ വെച്ച് കൊച്ചു പയ്യനാണെന്നു പോലും നോക്കാതെ അവർ തല്ലിച്ചതച്ചു "
"ഇത് വല്ലതും കൂട്ടികളെ നിങ്ങൾ ആരെങ്കിലും അറിഞ്ഞിരുന്നോ "
ഇല്ലെന്ന് കുട്ടികൾ തലയാട്ടി.
"അത് മാത്രമല്ല, ഇവനെ സ്കൂളിൽ നിന്നും പുറത്താക്കണം എന്ന് പറഞ്ഞ് ആ വീട്ടുകാർ മാനേജ്മെന്റിന് പരാതി നൽകിയിരിക്കുന്നു."
"ബൈജുവിന്റെ മാതാപിതാക്കൾ കാല് പിടിച്ച് അപേക്ഷിച്ചത് കൊണ്ട് മാത്രം ആണ് അവർ പിൻവാങ്ങിയത് "
"മക്കളെ "
സ്നേഹം നിറഞ്ഞ ഒരു അച്ഛന്റെ വാത്സല്യം തുളുമ്പുന്ന സ്വരത്തിൽ മാഷ് വിളിച്ചു.
"പ്രണയിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല, പക്ഷേ അതിപ്പോഴല്ല, പഠിച്ച്, ഉദ്യോഗം നേടി വീട്ടിലെ ഉത്തരവാദിത്തം ഒക്കെ നിറവേറ്റി, ഒരാളെ കൂടെ കൂട്ടാം എന്ന് തോന്നുമ്പോൾ, പ്രണയവും കല്യാണവും ഒക്കെ ആവാം. "
"കുഞ്ഞുങ്ങളെ, പത്താം ക്ലാസ്സ്‌ എന്ന് പറയുന്നത് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവാണ്.ഇവിടെ കാലിടറിയാൽ മുന്നോട്ട് പോകുന്നത് ദുഷ്കരമാണ്. അത് കൊണ്ട് എല്ലാവരും നന്നായി പഠിക്കുക "
"ബൈജുവിന് മനസ്സിലായോ "
മാഷിന്റെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല. പകരം അദ്ദേഹത്തിന്റെ കാൽക്കലേക്ക് വീണു.
മാഷ് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് പുറത്ത് സ്നേഹത്തോടെ തട്ടി, സീറ്റിൽ പോയിരിക്കാൻ പറഞ്ഞു.
"എല്ലാവരും ടെക്സ്റ്റ്‌ എടുത്തേ "
അറിവിന്റെ ലോകത്തേക്ക് മാഷ് വീണ്ടും കുട്ടികളുടെ ശ്രദ്ധ ക്ഷണിച്ചു.
നീലിമ A

വെറുക്കപ്പെട്ടവർ (കഥ)


ഗ്രാമത്തിന്റെ നിഷ്കളങ്കത പേറുന്ന ശുദ്ധരായ ചില മനുഷ്യരെ കാണാം നമ്മുടെ നാട്ടിൻപുറങ്ങളിൽ. പ്രത്യേകിച്ചു മോഹങ്ങളോ സ്വപ്നങ്ങളോ ഇല്ലാതെ ഓളങ്ങളിൽ ഒഴുകുന്ന പൊങ്ങുതടിപോലെ ജീവിച്ചു തീർക്കുന്നവർ
അതിൽ പെട്ട ഒരാൾ ആയിരുന്നു തുരപ്പൻ കേളു എന്ന് നാട്ടുകാർ വിളിക്കുന്ന കേളുവേട്ടൻ
ഏതോ ഒരു വഴക്കിൽ നഷ്ടമായ ഇടതുകണ്ണ് ഒരു നിറം മങ്ങിയ തോർത്തിനാൽ മറച്ച് തലയിൽ കെട്ടി കയ്യിൽ ബീഡിക്കെട്ടും ചുണ്ടിൽ എരിയുന്ന ബീഡിയുമായി നിൽക്കുന്ന കൃശഗാത്രനായ കേളുവേട്ടൻ ആണ് എന്റെ ഓർമ്മകളിൽ.അയാൾ ആ തലക്കെട്ട് ഒരിക്കലും അഴിച്ചു കണ്ടിട്ടില്ല
കേളുവേട്ടൻ ഓർമ്മയായിട്ട് വർഷങ്ങൾ ഏറെ ആയിരിക്കുന്നു.
ചിലപ്പോഴൊക്കെ ഷാപ്പിൽ നിന്നും നിറയെ കള്ളും മോന്തി ആടിക്കുഴഞ്ഞു വഴിയിൽ കണ്ടവരെ ചീത്ത വിളിച്ചും നടക്കുന്നത് കണ്ടിട്ടുണ്ട്
നാട്ടുകാരുടെ കണ്ണിൽ അയാൾ ഒരു കൊള്ളരുതാത്തവൻ ആണ്
നാട്ടിൻപുറത്തെ ദാദയായി ജനം കണക്കാക്കുന്നവൻ. പക്ഷെ അയാൾ ആരോടെങ്കിലും വഴക്കിടുന്നത് ഞാൻ കണ്ടിട്ടേയില്ല.
കള്ളും കുടിച്ച് വരുമ്പോൾ ഞങ്ങളെ ആരെയെങ്കിലും കണ്ടാൽ ഒരു ചിരിയുണ്ട്. വൃത്തികെട്ട വഷളൻ ചിരിയല്ല, ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന ചിരി…
പണ്ടെപ്പോഴോ അയാൾ ഒരു പോലീസുകാരനെ കൊന്നു എന്ന പേരിൽ അയാൾക്കെതിരെ ഒരു കേസ് ഉണ്ടായിരുന്നു. അയാൾ മരിക്കുന്നത് വരെ ആ കേസിന്റെ പിറകെ നടക്കേണ്ടി വന്നിട്ടുണ്ട്.
ഏതോ അടിപിടി കേസിൽ അയാൾക്കെതിരെ ഒരു കേസ് ഉണ്ടായി, അതിനെ കുറിച്ച് ചോദിക്കാൻ കേളുവേട്ടൻ പോലീസുകാരന്റെ വീട്ടിൽ ചെന്നത്രെ. കേളുവേട്ടനെ കണ്ടതും അയാൾ കുഴഞ്ഞു വീണു, ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ആള് മരിച്ചു പോയിരുന്നു
മരിച്ചത് പോലീസുകാരൻ ആയതിനാൽ തന്നെ കേളു കൊന്നതാണെന്ന മട്ടിൽ കേസ് മാറി. അയാൾക്ക് വേണ്ടി വാദിക്കാൻ ആരും ഉണ്ടായില്ല
പിന്നെ കുറച്ചു നാൾ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങി. ജനങ്ങളുടെ കണ്ണിൽ അയാൾ കൂടുതൽ വെറുക്കപ്പെട്ടവനായി മാറി. നാട്ടിലെ ചെറിയ ചെറിയ ജോലികൾ ചെയ്തു പോന്നിരുന്ന അയാളെ ആരും പണിക്ക് വിളിക്കാതായി
ആ കാലത്താണ് ഞങ്ങൾ അച്ഛന്റെ നാട്ടിൽ നിന്നും ഇവിടെ എത്തുന്നത്. അയാളോട് അല്പം മനുഷ്യത്വം കാട്ടിയിരുന്നത് അച്ഛൻ മാത്രം ആയിരുന്നു.
ഒരു വീട്ടിലും അയാളെ അടുപ്പിക്കില്ല, വീട്ടിൽ കയറ്റിയാൽ തന്നെ കുട്ടികളെ ഒക്കെ മാറ്റിനിർത്തും
കേളുവേട്ടന് ഭാര്യയും മക്കളുമൊന്നുമില്ല.
ഞങ്ങളുടെ വീട്ടിൽ മാവിൽ കയറാനും പുളി പറിക്കാനും മറ്റ് പണികൾക്കും ഒക്കെ കേളുവേട്ടനെ ആണ് വിളിക്കാറ്. വീട്ടിൽ വന്നാൽ ഞങ്ങൾ അടുത്ത് ചെല്ലും. ഞങ്ങളോട് സംസാരിക്കും, പാട്ട് പാടിത്തരും…
മടങ്ങിപ്പോകുമ്പോൾ ആളുടെ കണ്ണ് നിറയും,
തന്നോട് മറ്റാരും ഇത് പോലെ സംസാരിക്കാറില്ല, കുഞ്ഞുമക്കളെ പോലും നോക്കാനോ സംസാരിക്കാനോ ആളുകൾ അനുവദിക്കാറില്ല
അതും പറഞ്ഞ് കനത്ത ഹൃദയവ്യഥയോടെ നടന്നു നീങ്ങുന്ന അയാളെ കാണുമ്പോൾ ഞങ്ങൾ കുട്ടികൾക്കും നൊന്തിരുന്നു.
ആർത്തലച്ചു പെയ്യുന്ന ഒരു മഴക്കാലത്ത് കലക്കവെള്ളം കുത്തിയൊഴുകുന്ന തോട്ടിൻ കരയിൽ തണുത്തു മരവിച്ച് കേളുവേട്ടൻ കിടന്നു..
ഇങ്ങനെയും ചിലർ…
വെറുക്കപ്പെടാനായി മാത്രം.

നീലിമ A

ഒരു പ്രവാസിയുടെ വെള്ളിയാഴ്ച അപാരത (കഥ)


"രാജേഷ് ഭായ്, ഇങ്ങള് ഇണ്ടാക്കുന്ന ഉപ്പുമാവിനെന്താ ഒരു കയ്പ്പ് രസം " പയ്യന്നൂർക്കാരൻ സഹമുറിയൻ
"അതിപ്പോ, ഭക്ഷണത്തിന്റെ ക്വാളിറ്റി കൂടുമ്പോ ച്ചിരി കയ്പ്പൊക്കെ ഇണ്ടാകും, അനക്ക് ബേണ്ടിക്കില് തിന്നാ മതി, അല്ല പിന്നെ… "
"എന്റെ ഭായ്, ഇത്രേം ക്വാളിറ്റി നമ്മക്ക് താങ്ങൂല്ല, ഇത് മുഴുവൻ ഇങ്ങളെന്നെ കയിച്ചോ , മ്മള് വല്ല ഹോട്ടലുന്നും ക്വാളിറ്റി കുറഞ്ഞ ഫുഡ്‌ കഴിച്ചോളാം "
"അണ്ണാ, ഇത് തന്നെ എനിക്കും പറയാനുള്ളത്. അണ്ണൻ ബുദ്ധിമുട്ടി ഉണ്ടാക്കിയതല്ലേ, താങ്കൾ തന്നെ കഴിച്ചോളൂ"
തിരുവനന്തപുരം സ്വദേശി
"ഓ, അങ്ങനെ ആയിക്കോട്ടപ്പാ, അന്നോട് ഒക്കെ സ്നേഹം തോന്നി ഇണ്ടാക്കിത്തന്നപ്പോ ഓന്റെ ഒക്കെ ബർത്താനം കേട്ടില്ലേ.. "
കണ്ണൂർക്കാരൻ രാജേഷ് ഭായ് ഒരു നെടുവീർപ്പിട്ടു, ശേഷം കിച്ചണിൽ ചെന്ന് ഒരു പ്ലേറ്റിൽ ഉപ്പുമാവ് കോരിയിട്ടു തന്റെ ബെഡിൽ ഇരുന്ന് ഫോണിൽ യൂട്യൂബ് ഓണാക്കി വെച്ച് കഴിക്കാൻ തുടങ്ങി. ഒരു സ്പൂൺ വായിലിട്ടപ്പോഴേ എന്തോ പന്തികേട് തോന്നി.സഹമുറിയന്മാർ പറയുന്നത് പോലെ പുള്ളി ഉണ്ടാക്കുന്ന ഉപ്പുമാവിന് ഇച്ചിരി കയ്പ്പ് രസം ഉണ്ടാകാറുണ്ടെങ്കിലും ഇന്ന് അത് അല്പം കൂടുതലാണോ എന്ന് മൂപ്പർക്ക് തോന്നി.ലവന്മാർ പറയുന്നതിൽ കാര്യമുണ്ട്. താൻ ഉപ്പുമാവുണ്ടാക്കുമ്പോൾ അതിന് ഇത്തിരി കയ്പ്പ് അനുഭവപ്പെടാറുണ്ട്. അത്യാവശ്യം പാചകം ചെയ്യുന്ന ആളാണെങ്കിലും കയ്പ്പിനു പിന്നിലെ കാരണം ഇത് വരെ പിടികിട്ടിയില്ല. എന്തായാലും നാട്ടിലേക്ക് വിളിച്ച് ശ്രീമതിയോട് ചോദിച്ചു കളയാം
"ഹലോ "
"എണേ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതാ "
"ഇങ്ങള് ബല്ല്യ ബുദ്ധിജീവിയല്ലേ, ഞാൻ പറഞ്ഞ് അറിയേണ്ട എന്ത്‌ കാര്യാ ഇപ്പോ ഉള്ളത് "
"ഞാൻ ഉപ്പുമാവുണ്ടാക്കുമ്പോ എപ്പളും അതിന് കയ്പ്പ് രസം, അതെന്തീറ്റാ.. "
"ഇങ്ങള് ഇണ്ടാക്കുമ്പോ കരിഞ്ഞ് പോവുന്ന്ണ്ടാകും, അതോണ്ടേരിക്കും "
"അല്ലണേ, കരിഞ്ഞിറ്റൊന്നുമില്ല, നല്ല സൂപ്പറായിനി "
"സൂപ്പറായിറ്റാ കയ്ക്കുന്നത്.. ഇങ്ങള് അതില് എന്തെല്ലാ ചേർത്തിനീ,, "
"ഉള്ളി, പച്ചമുളക്,ഇഞ്ചി, ഉപ്പ്‌ പിന്നെ ഒരു പിടി ഉലുവയും "
"ഹെന്ത് ! ഉലുവയോ? "
"അതെന്നേ, നിങ്ങള് പെണ്ണുങ്ങമ്മാറ് ഇണ്ടാക്കുമ്പോൾ അതില് കാണാറുണ്ടല്ലോ ഉലുവ പോലത്തെ സാധനം "
"എന്റെ പൊന്നേ, അത് ഉലുവയല്ല, ഉഴുന്നാണ് "
ശ്രീമതി രാജേഷ് നിർത്താതെ ചിരിക്കാൻ തുടങ്ങി.
"നീ അങ്ങനെ കളിയാക്കുകയൊന്നും ബേണ്ട, ഒരബദ്ധം ഏത് പോലിസ് കാരനും പറ്റും "
രാജേഷ് ഭായ് ഫോൺ വെച്ചു.
ചുമ്മാതല്ല ലവന്മാർ വെള്ളിയാഴ്ച നട്ടുച്ച വരെ കിടന്നുറങ്ങുന്നത്, കയ്ക്കുന്ന ഉപ്പുമാവ് തിന്നണ്ടന്നോർത്തിട്ടാവും, ഇനി ഇപ്പൊ ഇതാര് തിന്ന് തീർക്കും പടച്ചോനെ.. രാജേഷ് ഭായ് ദുഖത്തോടെ പ്ലേറ്റിലിരിക്കുന്ന ഉപ്പുമാവിനെ നോക്കി.
നീലിമ A

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo