Showing posts with label Maruppachakal. Show all posts
Showing posts with label Maruppachakal. Show all posts

മരുപ്പച്ചകൾ - Part 2


മരുപ്പച്ചകൾ - Part 1 Read here - https://www.nallezhuth.com/2019/06/Maruppachakal-Part-1.html

അപ്രതീക്ഷിതമായി പെയ്തൊഴിഞ്ഞ മഴയിൽ നനഞ്ഞു കിടന്ന റോഡിലൂടെ വീട്ടിലേയ്ക്ക് ഡ്രൈവുചെയ്യുമ്പോൾ മഹേഷ് ഏറെ അസ്വസ്ഥനായിരുന്നു.
ഫോൺ സൈലന്റ് മോഡിലായിരുന്നതിനാൽ തുടരെത്തുടരെയെത്തിയ, രാജശ്രീയുടെ പത്തോളം കോളുകൾ അറിയാതെ പോയി. പരിഭവം കാരണമാകാം തിരിച്ചുവിളിക്കുമ്പോൾ ഫോണെടുക്കുന്നുമില്ല. അത്യാവശ്യ കാര്യങ്ങളെന്തെങ്കിലുമാണെങ്കിൽ മെസേജ് അയക്കുമായിരുന്നല്ലോ എന്ന് അയാൾ ആശ്വസിക്കാൻ ശ്രമിച്ചു.
ഏറെ വെപ്രാളപ്പെട്ട് കോളിങ്ങ് ബെല്ലമർത്തിയപ്പോൾ, അനുക്കുട്ടിക്കു പകരം സുമിത്രയാണ് വാതിൽ തുറന്നത്. അമ്മയുടെ മുഖത്തെ ശാന്ത ഭാവം അയാളുടെ ഉള്ളിൽ അൽപം തണുപ്പു വീഴ്ത്തി.
" അമ്മേ,..അനുക്കുട്ടി? " അയാൾ ചോദിച്ചു.
"ഉറങ്ങുകയാണെന്നു തോന്നുന്നു." അവർ നിസ്സാരമട്ടിൽ പറഞ്ഞു.
ഈ സമയത്ത് അങ്ങനെയൊരു പതിവില്ലാത്തതാണല്ലോ എന്നോർത്ത് അയാൾ അകത്തേയ്ക്കു കയറി. ബാഗ് സോഫയിൽ വെച്ച് ഡ്രെസ് മാറ്റാൻ നിൽക്കാതെ കിച്ചനിലേയ്ക്കു നടന്നു.
അൽപം മുമ്പ് പെയ്തിറങ്ങിപ്പോയ കാർമേഘമെല്ലാം രാജശ്രീയുടെ മുഖത്ത് കൂടു കൂട്ടിയിരുന്നു.
"രാജീ... " അയാൾ പതിയെ വിളിച്ചു.
കലങ്ങിയ കണ്ണുകളോടെ രാജശ്രീ അയാളെ തറപ്പിച്ചു നോക്കി, പിന്നെ തലവെട്ടിച്ച് അടുക്കള ജനൽ തുറന്നിടുന്ന ഇത്തിരി ചതുരാകാശത്തേയ്ക്ക് നോക്കി മിണ്ടാതെ നിന്നു
"സോറി ... ബോസിന്റെ കാബിനിൽ കയറുമ്പോൾ ഫോൺ സൈലന്റാക്കിയതാണ്. പിന്നീടത് മറന്നുപോയി. " അയാൾ ക്ഷമാപണമെന്നോണം പറഞ്ഞു.
"പിന്നീടെത്ര തവണ ഞാൻ തിരിച്ചുവിളിച്ചു..? ഇത്രയ്ക്കൊക്കെ വിഷമിക്കാൻ എന്തുണ്ടായി രാജീ..."
അയാൾ തുടർന്നു ചോദിച്ചു.
"അച്ഛമ്മയും പേരക്കുട്ടിയും കൂടി എന്നെ നാണം കെടുത്തിക്കളഞ്ഞു. "രാജശ്രീ പൊട്ടിത്തെറിച്ചു.
'' അറിഞ്ഞോ ...? നിങ്ങടെയമ്മ കെട്ടുകണക്കിനു പണവുമായാണ് വന്നിരിക്കുന്നത് .. " അവൾ പുച്ഛഭാവത്തിൽ പറഞ്ഞു.
"മകൾ അതും കൊണ്ട് റ്റ്യൂഷനു പോയിരിക്കുന്നു. ഐ പാഡ് വാങ്ങാനാണു പോലും. ഇവളുടെ ട്യൂഷൻ ടീച്ചർ എന്നെ വിളിപ്പിച്ചു. അവരുടേയും കുട്ടികളുടെയും മുന്നിൽ വച്ച് എന്റെ തൊലിയുരിഞ്ഞു പോയി. " രാജശ്രീ കിതപ്പോടെ പറഞ്ഞു നിർത്തി.
മഹേഷ് അമ്മയെ നോക്കി. ആ മുഖത്ത് നിസ്സംഗഭാവം.
അമ്മയ്ക്കെവിടെ നിന്നാണ് പണം..? അയാൾ ചോദിച്ചു.
"ആ... എനിക്കറിയില്ല... നേരിട്ടങ്ങു ചോദിക്കണം." രാജശ്രീ ചൊടിച്ചു.
ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിലിരിക്കുന്ന സുമിത്ര മഹേഷിനെ അതിശയിപ്പിച്ചു. ഇങ്ങനൊരു ഭാവത്തിൽ അയാൾ തന്റെ അമ്മയെ കണ്ടിട്ടേയില്ല.
അയാൾ റൂമിലേയ്ക്കു നടന്നു. തട്ടി വിളിച്ചതും അനുക്കുട്ടി ഉണർന്ന് അച്ഛനെ കെട്ടിപ്പിടിച്ചു.
"അച്ഛാ ... അമ്മയെന്നെ അടിച്ചു. എനിക്കിഷ്ടല്ല അമ്മയെ... അച്ഛമ്മയാ നല്ലത്..." അവൾ വിതുമ്പി.
"സാരമില്ല." അയാൾ അനുവിനെ എടുത്ത് തോളിലേയ്ക്കു കിടത്തി. "വാ... അച്ഛൻ ചോദിക്കട്ടെ .."
അടുക്കളയിൽ ഏതോ പാത്രം വലിയ ശബ്ദത്തോടെ തറയിൽ വീഴുന്ന ശബ്ദം കേട്ടു .അവൾ അച്ഛനെ ഇറുക്കിപ്പിടിച്ചു.
"മോളിന്ന് റ്റ്യൂഷനു പോകുമ്പോൾ പൈസ കൊണ്ടു പോയോ?" അയാൾ ചോദിച്ചു.
"ഉം.. " അനുക്കുട്ടി മൂളി.
"എവിടുന്നാണ് പൈസ കിട്ടിയത്? അച്ഛമ്മ തന്നതാണോ ?"
"അല്ല. ഞാനെടുത്തതാ.." അനുവിന്റെ സ്വരം നേർത്തു. " അച്ഛമ്മേടെ കൈയിലുള്ളതൊക്കെ അനുക്കുട്ടിക്കുള്ളതാന്ന് അച്ഛമ്മ പറഞ്ഞല്ലോ ...''
"എത്ര കാലമായി അച്ഛനോട് ഐ പാഡ് വാങ്ങിത്തരാൻ പറയുന്നു ... "സങ്കടം കൊണ്ട് അവളുടെ വാക്കുകൾ മുറിഞ്ഞു.
"ക്ലാസ്സിലെ എല്ലാവർക്കുമുണ്ട്... പൈസ ഇല്ലാത്തതു കാരണമല്ലേ വാങ്ങാത്തത്..." കുഞ്ഞുഗദ്ഗദങ്ങൾ വീണ്ടുമുയർന്നു.
ശരിയാണ്.മഹേഷ് ഓർത്തു. പലപ്പോഴായി മകൾ ചോദിക്കുന്നു., വാങ്ങാമെന്ന് വാക്കു പറയുകയല്ലാതെ വാങ്ങിക്കൊടുക്കാൻ സാധിച്ചിട്ടില്ല .. ഇതുവരെ.. തന്റെ ഇല്ലായ്മയിൽ അയാളുടെ അഭിമാനത്തിനൽപം പൊള്ളലേൽക്കാതിരുന്നില്ല.
"അതിനെന്തിനാണ് പൈസയും കൊണ്ട് അങ്ങോട്ടു പോയത്? "അയാൾ അൽപം കയർത്തു ചോദിച്ചു.
.അനു താഴേക്ക് പിടഞ്ഞിറങ്ങി. ഓടി അച്ഛമ്മയുടെ മടിയിൽ മുഖം പൂഴ്ത്തി. " പൈസ തികയോന്ന് ഷോപ്പിലെ ചേട്ടനോട് ചോദിക്കാനാ.... " അവൾ തലയുയർത്താതെ പറഞ്ഞു.
" അവിടെ തൊട്ടടുത്തുള്ള മൊബൈൽ ഷോപ്പിൽ ഈ പൈസയും കൊണ്ട് അവൾ കയറിച്ചെന്നെന്ന് .. " രാജശ്രീ നൂറിന്റെ നോട്ടുകളുടെ ഒരു കെട്ട് മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു. ഷോപ്പിലെ പയ്യൻ ടീച്ചറെ വിളിച്ച് ഇത് അവരെ ഏൽപ്പിച്ചു. പത്തു പതിനയ്യായിരം ഉലുവയുമായി ഐ പാഡ് വാങ്ങാൻ വാങ്ങാൻ നടക്കുന്നവള് ..! " രാജശ്രീ പല്ലുകൾ ഞെരിച്ചമർത്തി.
" കെട്ടി വെച്ചു പൂത്തു പോയതുപോലുണ്ട്...ഈ പണമൊക്കെ കയ്യിലുണ്ടായിട്ടാണോ മാസാമാസം ഇവിടുന്ന് കാശയച്ചുകൊടുത്തിരുന്നത്? " അവൾ സുമിത്രയ്ക്കു നേരെ ചീറ്റി...
അത്യാവശ്യം പണം മാത്രമേ താനയക്കാറുള്ളൂ. അതും ചില മാസങ്ങളിൽ വിട്ടു പോകും...സാധിക്കില്ല... മഹേഷോർത്തു. പിന്നെങ്ങനെ അമ്മയുടെ കൈയിൽ ഇത്രയും പണം? അഥവാ ഉണ്ടെങ്കിൽ തന്നെ അതും കൊണ്ടെന്തിനിങ്ങോട്ടു വന്നു... തന്റെ സാമ്പത്തിക പ്രയാസങ്ങൾ അന്യർക്കു മുന്നിൽ വെളിപ്പെട്ടതോർത്ത് അയാൾക്കും വല്ലാതെ ഈർഷ്യ വന്നു തുടങ്ങിയിരുന്നു.
അയാൾ അമ്മയ്ക്കു നേരെ തിരിഞ്ഞു. "അമ്മേ, പ്ലീസ്....എന്താണിതൊക്കെ?... എവിടുന്നാണിത്...? അയാൾ അസഹ്യതയോടെ മുരണ്ടു.
" അത് അരവിന്ദൻ മാഷിന്റെ പണമാണ് " സുമിത്ര അയാളെ ശാന്തമായി നേരിട്ടു.
അയാൾ ശക്തമായൊന്നു ഞെട്ടി. "എന്തിന്..??" അറിയാതെ അയാളുടെ ശബ്ദമുയർന്നു.
"നീ റ്റ്യൂഷൻ ഫീസായി കൊണ്ടു കൊടുത്ത പണമാണത്. നമ്മുടെ ബുദ്ധിമുട്ടറിയാവുന്ന കാരണം മാഷത് നിർമലടീച്ചർ വഴി എന്റെ കൈയിൽ തരുമായിരുന്നു. നീയത് അറിയരുതെന്ന് അവർക്കിരുവർക്കും നിർബന്ധമായിരുന്നു ... " അവർ പറഞ്ഞു.
കുറച്ചു നിമിഷങ്ങളിലേയ്ക്ക് അയാൾ വാക്കുകൾ മറന്നു പോയി... വല്ലാത്തൊരു മരവിപ്പിലേയ്ക്കയാൾ ആഴ്ന്നു പോയിരുന്നു.
ഓരോ മാസവും എത്ര ബുദ്ധിമുട്ടിയാണെങ്കിലും അമ്മ റ്റ്യൂഷൻ ഫീസ് തന്നു വിടാറുണ്ടായിരുന്നതയാളോർത്തു.അപകർഷതയില്ലാതെ പഠിക്കാനും അഭിമാനത്തോടെ ജോലി ചെയ്യാനും അയാൾക്കു സാധിച്ചത് അതുകൊണ്ടു മാത്രമാണ്.
"അമ്മ എന്തിനതു വാങ്ങി..?" അയാൾ വേദനയോടെ ചോദിച്ചു.. വലിയ ഉയരങ്ങളിലൊന്നുമെത്തിയില്ലെങ്കിലും താൻ എന്തൊക്കെയോ നേടിയെന്നൊരു വിശ്വാസം അയാൾക്കുണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് കത്തി വീണിരിക്കുന്നത്.. തന്റെ ജീവിതം മാഷിന്റെ ഔദാര്യമായിരുന്നോ.. അയാൾക്ക് അമ്മയോടു വെറുപ്പു തോന്നി..
"അമ്മയതു വാങ്ങരുതായിരുന്നു.. " ഉള്ളിലെ പിടച്ചിലിൽ അയാളുടെ ശബ്ദം ചിലമ്പിച്ചുയർന്നു
"അന്നത്തെ അവസ്ഥയിൽ അവർ സ്നേഹത്തോടെ വച്ചുനീട്ടുന്നത് വേണ്ടെന്നു പറയാൻ തക്ക ദുരഭിമാനം അമ്മയ്ക്കുണ്ടായില്ല. എന്നാൽ നിന്നെയോർത്തപ്പോൾ അത് ചെലവാക്കാനും തോന്നിയില്ല." സുമിത്ര പറഞ്ഞു.മഹേഷ് കസേരയിലേയ്ക്കിരുന്നു. വികാര വിക്ഷോഭം കാരണം അയാളുടെ നെറ്റിയിലെ ഞരമ്പുകൾ പിടഞ്ഞു
" ഞാനീ പണം എണ്ണിയിട്ടില്ല. ഞാനിതിനെ പണമായിട്ടു കാണുന്നുമില്ല.." സുമിത്ര തുടർന്നു. "എന്റെ ദൈവങ്ങൾക്കൊപ്പമാണ് ഞാനിത് സൂക്ഷിച്ചത്.. പക്ഷേ എന്നെങ്കിലും ഇരട്ടിയായി തിരികെ കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു..."
"ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്ത് എത്രയാ വേണ്ടതെന്നു വെച്ചാൽ കൊടുക്കാമായിരുന്നല്ലോ..." രാജി ഒച്ചവെച്ചു
"ഇപ്പോഴവർക്കാവശ്യം പണമല്ല..." സുമിത്ര ശാന്തയായി തുടർന്നു.
"ഞാൻ ചോദിച്ചിട്ടല്ല മാഷന്ന് ആ പണം തിരിച്ചു തന്നത്. ഇന്ന് ഈ പണം അദ്ദേഹത്തിന് കിട്ടിയാൽ അത് വെറും കടലാസിനു തുല്യമായിപ്പോകും... അനാരോഗ്യത്തിൽ താങ്ങായി കൂടെ നിൽക്കാൻ ഒരാളാണ് അദ്ദേഹത്തിനിപ്പോൾ ആവശ്യം.. ഇങ്ങോട്ടു വരും വരെയും ഞാനവിടെ പോയിരുന്നു... "
ഒന്നു നിർത്തി അവർ മഹേഷിന്റെ കണ്ണുകളിലേക്കുനോക്കി. "എനിക്കറിയാമായിരുന്നു ആളുകൾ ചിലതെല്ലാം പറയുന്നുണ്ടെന്ന്. എനിക്കവരെയൊന്നും പറഞ്ഞു ബോധ്യപ്പെടുത്താനാവില്ല. പക്ഷേ നീയറിയണം. ഇനിയെങ്കിലും..."
അറിയാതെ അയാളുടെ ശിരസ്സു താഴ്ന്നു. "ഈ പണം കൂടി ചേർത്ത് അനുക്കുട്ടിക്ക് വേണ്ടത് നീ വാങ്ങിക്കൊടുക്ക്." അവർ പറഞ്ഞു നിർത്തി.
പേമാരിക്കു ശേഷമുള്ള നിശ്ശബ്ദതയെന്നവണ്ണം പിന്നീടവിടാരും ശബ്ദിച്ചില്ല
"അമ്മയ്ക്ക് നാട്ടിലേയ്ക്കുള്ള ടിക്കറ്റ് ഉടനെ ശരിയാക്കണം., രാത്രി കിടക്കുന്ന സമയം മഹേഷ് രാജശ്രീയോടു പറഞ്ഞു
"ഉം. " അവൾ മൂളി
അവളും ദീർഘമായ ചിന്തയിലായിരുന്നു. ഇടയ്ക്കെപ്പോേഴോ അവൾ ചോദിച്ചു. "മഹേഷേട്ടാ...ഈ വർഷം സ്കൂളടച്ചാൽ ഞാനും മോളും നാട്ടിൽ പോകട്ടെ? മോളെ അടുത്ത വർഷം നാട്ടിലെ സ്കൂളിൽ ചേർത്തു പഠിപ്പിക്കാം.. "
അയാൾ അവിശ്വസനീയതയോടെ ഭാര്യയെ നോക്കി.
" എങ്കിൽ... നാലഞ്ചു വർഷം കൊണ്ട് ചെറിയൊരു സമ്പാദ്യമുണ്ടാക്കാൻ മഹേഷേട്ടനു സാധിക്കും. എന്നിട്ട് ഈ നാടുപേക്ഷിക്കാം... ഇനിയെങ്കിലും അമ്മയെ തനിച്ചാക്കിക്കൂടാ.." അവൾ കൂട്ടിച്ചേർത്തു.
നിറഞ്ഞ കണ്ണുകളോടെ ഭാര്യയെ പുണരുമ്പോൾ ആദ്യമായി അയാൾക്കവളെക്കുറിച്ച് ആകാശത്തോളം അഭിമാനം തോന്നി.
(അവസാനിച്ചു)
..... Surya Manu.

മരുപ്പച്ചകൾ - Part 1


"അച്ഛാ.. അച്ഛമ്മയെ കൂട്ടിക്കൊണ്ടുവരാൻ ഞാനും വരട്ടെ?"
ഗെയിം കളിച്ചു കൊണ്ട് ടിവിക്കു മുമ്പിലെ സോഫയിൽ ഒടിഞ്ഞു മടങ്ങിയിരുന്ന അനുക്കുട്ടി ടാബിൽ നിന്നു കണ്ണുയർത്താതെ അടുത്തു കസേരയിലിരുന്നു ടി.വി കാണുകയായിരുന്ന മഹേഷിനോടു ചോദിച്ചു.
ച്ലും... !!
ചില്ലുടയുന്ന ശബ്ദം കേട്ട് അനുക്കുട്ടി വലിയ കണ്ണടയ്ക്കു മുകളിലൂടെ അച്ഛനെ നോക്കി. ഉച്ചയൂണ് കഴിഞ്ഞുള്ള പാത്രം കഴുകലിലാണ് രാജശ്രീ.
ഇന്നിത് രണ്ടാമത്തെ ചില്ലു പാത്രമാണ് കിച്ചണിൽ വീണുടയുന്നത്. മഹേഷ് മകളെ സാരമില്ലെന്ന് കണ്ണടച്ചു കാണിച്ചു.
രാജശ്രീക്കു ദേഷ്യം വന്നാൽ അടുക്കളയൊരു യുദ്ധക്കളമാകും. ഒറ്റയാൾ തേരോട്ടത്തിൽ അവിടെ പലതും ഗളച്ഛേദം ചെയ്യപ്പെടും,.. അംഗഭംഗത്തിനിരയാക്കപ്പെടും.... തകർന്നു തരിപ്പണമാകാനും മതി.
ഈ സമയം അങ്ങോട്ടു പോകാതിരിക്കുന്നതാണ് നല്ലതെന്ന് അച്ഛനും മകൾക്കുമറിയാം.
മഹേഷ് ടി വിയുടെ വോള്യം അൽപം കൂട്ടി നിറങ്ങളുടെ ചലനാത്മകതയിലേയ്ക്ക് ശ്രദ്ധിച്ചിരുന്നു.
"ഈ അങ്കക്കലിക്ക് രാജിയെ കുറ്റപ്പെടുത്താനാവില്ല ," അയാളോർത്തു.ഈ ഒറ്റ ബെഡ് റൂം ഫ്ലാറ്റിലേയ്ക്ക് അമ്മ കൂടി വന്നാൽ കാര്യങ്ങൾ ആകെ താളം തെറ്റുമെന്നയാൾക്കറിയാം.
അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങൾ കൊണ്ടും നിത്യോപയോഗ സാധനങ്ങളും കൊണ്ട് അവരുടെ ഹാളും റൂമും കിച്ചനും നിറഞ്ഞിരുന്നു. അഞ്ചു വയസ്സുകാരിയായ അനാമികയ്ക്കു പഠിക്കാനും പുസ്തകങ്ങൾ വയ്ക്കാനുമായി ബെഡ് റൂമിൽ സ്ഥലം കണ്ടെത്തിയതോടെ അലമാര ഹാളിലേക്കിറങ്ങി. ഓരോ ദിവസവും ഉയർന്നു വരുന്ന ആവശ്യങ്ങൾ, പലവിധ സാധനങ്ങളായി ഇവിടേയ്ക്ക് കയറി വരുന്നതല്ലാതെ ഒന്നും ഇറങ്ങിപ്പോകുന്നില്ല.
ഒരു പുതിയ ഫ്ലാറ്റെടുക്കണമെന്ന ആലോചന അവരുടെ സംഭാഷണങ്ങളിലേക്ക് പലവട്ടം കടന്നു വന്നിട്ടും, ഒത്തു പോകാനാവാത്ത ഫ്ളാറ്റ് വാടക ഒരുറച്ച തീരുമാനത്തിലെത്തുന്നതിൽ നിന്നും അയാളെ വിലക്കിക്കൊണ്ടിരുന്നു.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ അമ്മയെ കൂടി ഇങ്ങോട്ടു കൊണ്ടുവരണമെന്ന മഹേഷിന്റെ തീരുമാനം രാജശ്രീയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.
വയസ്സായ അമ്മയെ നാട്ടിൽ തനിയെ നിർത്തിയാൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴെല്ലാം തന്റെ വാക്കുകളിലെ ആത്മാർത്ഥതക്കുറവ് മഹേഷിനു തന്നെ തിരിച്ചറിയാനാവുന്നുണ്ടായിരുന്നു. പക്ഷേ അതിനുമപ്പുറം എന്തെങ്കിലും പറയാൻ അയാൾക്കു സാധിക്കുകയുമില്ലായിരുന്നു.
ഈ പ്രയാസം മുൻകൂട്ടി കണ്ടതുകൊണ്ട് പാസ്പോർട്ടെടുക്കലും വിസയടിക്കലുമുൾപ്പെടെയുള്ള കാര്യങ്ങൾ ഏതാണ്ടു വരുതിയിലായ ശേഷം മാത്രമാണ് അയാൾ അമ്മയെ കൊണ്ടുവരുന്ന കാര്യം ഭാര്യയോട് പറഞ്ഞത്. അന്നു തുടങ്ങിയ ശീതസമരമാണ് അടുക്കളയിലെ പൊട്ടലും ചീറ്റലും അനുക്കുട്ടിയെ ശകാരിക്കലുമായി തുടർന്നുകൊണ്ടിരിക്കുന്നത്.
ഒന്നര മാസം മുമ്പാണ് ലുലു മാളിൽ വെച്ച് നാട്ടിലെ പഴയ സ്നേഹിതൻ അൻവറിനെ മഹേഷ് കണ്ടത്. ഓരോ കട് ലറ്റിനും ചായയ്ക്കും മുകളിൽ പലതും പറ
ഞ്ഞിരുന്ന കൂട്ടത്തിൽ കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അറിയാൻ കഴിഞ്ഞ ചില കാര്യങ്ങൾ വളരെ പ്രയാസപ്പെട്ടാണ് അയാൾ മഹേഷിനോടു പറഞ്ഞത്.
മഹേഷിന്റെ പഴയ റ്റ്യൂഷൻ മാസ്റ്റർ അരവിന്ദൻ മാഷിന്റെ വീട്ടിൽ സ്ഥിരമായി അയാളുടെ അമ്മ പോകാറുണ്ടെന്നും, വിഭാര്യനായ അദ്ദേഹത്തെ ശുശ്രൂഷിക്കാനായി ചില രാത്രികളിൽ പോലും അമ്മയവിടെ തങ്ങാറുണ്ടെന്നും ഇതേക്കുറിച്ച് നിറം പിടിപ്പിച്ച പല കഥകളും നാട്ടിൽ പലരും പറഞ്ഞു നടക്കുന്നുണ്ടെന്നുമായിരുന്നു അത്. ഇപ്പോഴും അതൊന്നും വിശ്വസിക്കാൻ മഹേഷിനു സാധിച്ചിട്ടില്ല.
അമ്മയുടെ വലംകൈ വിരലുകളിൽ ചുറ്റിപ്പിടിച്ച ഇടം കൈയിലാണ് അയാളുടെ ഓർമകൾ ആരംഭിക്കുന്നത്. വെളുത്തു കൊലുന്നനെയുള്ള അമ്മയുടെ തെളിഞ്ഞ നെറ്റിയിൽ മായാതെ കിടക്കുന്ന ഭസ്മക്കുറിയുടെ നനവും, കറുത്ത കരയുള്ള മുണ്ടിന്റെയും നേരിയതിന്റെയും നേർത്ത കഞ്ഞിപ്പശമണവും വീടുവിട്ടിറങ്ങുങ്ങുമ്പോൾ അയാൾ കൂടെ കൂട്ടിയിരുന്നു. ഭേദപ്പെട്ട ഒരു ജോലി കണ്ടെത്തി ഇവിടെ നിലയുറപ്പിക്കും വരെയും അതുതന്നെയായിരുന്നു അയാളുടെ കരുത്ത്.
അരവിന്ദൻ മാഷ് അയാൾക്കു പിതൃതുല്യൻ തന്നെയായിരുന്നു.അമ്മ വീട്ടുജോലിക്കു സഹായിക്കാൻ പോയിരുന്ന നിർമല ടീച്ചറുടെ, സൗമ്യനും സഹൃദയനുമായ ഭർത്താവ്.
അക്കൗണ്ടൻസി മെയിനായെടുത്ത് ടൗണിലെ ഗവൺമെന്റ് കോളേജിൽ പഠനമാരംഭിച്ചെങ്കിലും ഇടവിട്ടുണ്ടാകുന്ന അലർജിക്കും ആസ്ത് മയ്ക്കും പുറമേ വിദ്യാർത്ഥി സമരങ്ങളും ചേർന്ന് മഹേഷിന്റെ പഠനം അവതാളത്തിലായ സമയത്താണ് അമ്മയുടെ ആവശ്യപ്രകാരം അരവിന്ദൻ മാഷ് അയാൾക്കു ട്യൂഷനെടുത്തു തുടങ്ങിയത്.
അക്കാലത്ത്, മഹേഷിന്റെ അസുഖം, ദൂരെ പട്ടണത്തിൽ പോയുള്ള പഠനം, ട്യൂഷൻ ഫീസ് എന്നിങ്ങനെ പല വിധ കാര്യങ്ങൾക്കു പണം കണ്ടെത്താനായി അമ്മ വേറെയും രണ്ടു വീടുകളിൽ ജോലിക്കു പോയിരുന്നു. പോസ്റ്റ് ഗ്രാജുവേഷനു ശേഷം മാഷിന്റെ തന്നെ പരിചയത്തിലൊരാൾ വഴിയാണ് ഇവിടുത്തെ ജോലി ശരിയായതും.
ചെറിയൊരു വാർപ്പു വീടുണ്ടാക്കി വാടക വീട്ടിൽ നിന്നും അതിലേയ്ക്കു മാറിയ ദിവസം അമ്മയെ ചേർത്തു പിടിച്ച്, "ഇനിയെന്റെയമ്മ കഷ്ടപ്പെടരുതെന്നു പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ വിരിഞ്ഞ നനവാർന്ന ചിരി അയാളുടെ മനസ്സുനിറച്ചിരുന്നു. വിവാഹശേഷം ഭാര്യ നിൽക്കേണ്ടത് ഭർത്താവിനൊപ്പമെന്നു പറഞ്ഞ് രാജശ്രീയെ ഇങ്ങോട്ടു കൊണ്ടുവരാൻ നിർബന്ധിച്ചതും അമ്മയായിരുന്നു.
നന്നേ ചെറുപ്പത്തിലേ വിധവയായ അമ്മയ്ക്ക് മറ്റൊരു വിവാഹത്തിന് താൽപര്യമുണ്ടോയെന്ന് താനൊരിക്കലും അന്വേഷിച്ചില്ലെന്ന് അയാൾ കുറ്റബോധത്തോടെ ഓർത്തു. എങ്കിൽ ഈ സമയത്ത് അമ്മ തനിച്ചാകില്ലായിരുന്നു. ഇങ്ങനെയൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു. എപ്പോഴെങ്കിലും അമ്മ ആ രീതിയിൽ മാഷിനെ കണ്ടിട്ടുണ്ടാവുമോ എന്ന ചിന്ത അയാളുടെ മനസ്സിലേയ്ക്കു കടന്നു വന്നതും അമ്മയുടെ നിറകൺചിരി വന്നതിനെ മൂടിക്കളഞ്ഞു.
രണ്ടു വർഷം മുമ്പാണ് നിർമല ടീച്ചർ മരിച്ചത്. മക്കളില്ലാതെ പരസ്പരം താങ്ങും തണലുമായ ദമ്പതികളിലൊരാളുടെ വിയോഗം മറ്റേയാളെ പക്ഷാഘാതത്തിൽ കൊണ്ടു ചെന്നെത്തിച്ചതും ആയുർവേദ ചികിത്സയും മറ്റുമായി മാഷ് പിന്നീട് മെല്ലെ എണീറ്റു നടന്നു തുടങ്ങിയതുമെല്ലാം നോവായും ആശ്വാസമായും ആഹ്ലാദമായും അമ്മയുടെ ഫോൺ സംഭാഷണങ്ങളിൽ നിറഞ്ഞു. അപ്പോഴൊന്നും കാര്യങ്ങൾ മറ്റൊരു വഴിക്കു നീങ്ങുന്നതിനുള്ള സാഹചര്യം അയാൾ ഓർത്തതേയില്ല.
എന്തു തന്നെയായാലും കുറച്ചു നാളേക്കെങ്കിലും അമ്മയെ മാറ്റി നിർത്തുന്നതായിരിക്കും നല്ലതെന്ന തോന്നൽ അൻവറിനോട് യാത്ര പറഞ്ഞു പിരിയും മുമ്പേ മഹേഷിൽ ഉറച്ചിരുന്നു.
നാട്ടിലുള്ള ട്രാവൽ ഏജൻസിയിലേക്ക് വിളിച്ച് അമ്മയുടെ പാസ്പോർട്ടിന്റെ കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരിയാക്കാൻ ഏർപ്പാടു ചെയ്ത ശേഷം മാത്രമാണ് അയാൾ അമ്മയെ വിളിച്ച് അക്കാര്യം പറഞ്ഞത്. ആദ്യം ചെറിയൊരു എതിർപ്പു പറഞ്ഞെങ്കിലും, അയാളുടെ സ്വരത്തിലെ ഗൗരവം മനസ്സിലാക്കിയാവണം പിന്നീടവർ വിസമ്മതതമൊന്നും പറഞ്ഞില്ല.
"മോള് റെഡിയായിക്കോ..." അയാൾ ക്ലോക്കിലേയ്ക്കു നോക്കി എഴുന്നേറ്റ് ഹാങ്ങറിൽ നിന്നും ഷർട്ടും പാന്റ്സുമെടുത്ത് മുറിയിലേയ്ക്കു കയറി. ആവശ്യത്തിലുമധികം ശബ്ദമുണ്ടാക്കി പാത്രങ്ങൾ കിച്ചൻറാക്കിലേക്ക് വച്ചു കൊണ്ടിരുന്ന അമ്മയെ ഒന്നെത്തി നോക്കി അനുക്കുട്ടി സ്വയം അലമാര തുറന്ന് ഒരു ഉടുപ്പെടുത്തു ധരിച്ച് പെട്ടെന്നു തയ്യാറായി.
എയർപോർട്ടിൽ നിന്നും ഇറങ്ങി വന്ന അച്ഛമ്മ സുമിത്രയെ അനുക്കുട്ടി ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. ഓർമയിലൊന്നും അമ്മയെ സാരിയുടുത്തു കണ്ടിട്ടിട്ടില്ലല്ലോ എന്നയാൾ ഓർത്തു. ആദ്യമായി വിമാനയാത്ര ചെയ്തതിന്റെ പരിഭ്രമത്തിലും പേടിയിലും സുമിത്ര കുഴഞ്ഞു പോയിരുന്നു.
മെലിഞ്ഞു ക്ഷീണിച്ചു പ്രായം ബാധിച്ചു തുടങ്ങിയ അമ്മയുടെ ശരീരവും ഓജസ്സറ്റ മുഖവും കാൺകേ അമ്മയെ അവസാനമായി കണ്ടത് നാലു വർഷം മുമ്പായിരുന്നെന്ന കുറ്റബോധത്തിന്റെ കനൽ വീണ് അയാളുടെ ഇടനെഞ്ചരിഞ്ഞു. ക്ഷീണിച്ച
കണ്ണുകളുയർത്തി അമ്മ അയാളെ നോക്കി ആർദ്രമായി ചിരിച്ചു.
കാറിലേയ്ക്കു കയറുമ്പോൾ, "രാജി വന്നില്ലേ മോനേ..." എന്ന ചോദ്യത്തിന്, "അവൾക്ക് വീട്ടിലെ ജോലി... അടുക്കളയിലെ തിരക്ക്.. അങ്ങനെയെന്തെല്ലാമോ അയാൾ അവ്യക്തമായി പറഞ്ഞൊഴിഞ്ഞു.
അനുക്കുട്ടി വലിയ സന്തോഷത്തിലായിരുന്നു. ആംഗലം കലർന്ന അവളുടെ ചോദ്യങ്ങൾ പലതും അച്ഛമ്മയ്ക്കു മനസ്സിലാകുന്നുണ്ടായിരുന്നില്ലെങ്കിലും അവർ അവളെ വാൽസല്യത്തോടെ ചേർത്തു പിടിച്ച് നെറ്റിയിലും മൂർദ്ദാവിലും ഉമ്മ വെച്ചു. ചിലപ്പോഴെല്ലാം എരിഞ്ഞിട്ടെന്ന പോലെ കണ്ണുകൾ ചിമ്മിത്തുറക്കുകയും സാരിത്തുമ്പുയർത്തി അവ മെല്ലെ തുടയ്ക്കുകയും ചെയ്തു.
ഹാളിലെ സോഫയ്‌ക്കു താഴെയായി അച്ഛമ്മയും പേരക്കുട്ടിയും കിടക്കാനിടം കണ്ടെത്തി.അച്ഛമ്മയുടെ അപരിചിതത്വം അനുക്കുട്ടിയും അവളുടെ കുറുമ്പുകൾ അച്ഛമ്മയും ഏറ്റെടുത്തു.വീട് ഒതുക്കി വെക്കാനും അടുക്കള ജോലികളിലും അമ്മ വലിയ സഹായമായതോടെ രാജശ്രീയുടെ ഈർഷ്യയും കുറഞ്ഞു വന്നു.
പാലിൽ പഞ്ചസാര അലിഞ്ഞു ചേരും പോലെ അമ്മ തന്റെ കുടുംബത്തിൽ മധുരം നിറയ്ക്കുന്നത് മഹേഷ് വിസ്മയത്തോടെ കണ്ടു.
........................... ............................ ..............................
(ഇതൊരു തുടർക്കഥയല്ല. അൽപം നീളക്കൂടുതൽ തോന്നിയതുകൊണ്ട് രണ്ടു ഭാഗങ്ങളാക്കുന്നു.)
തുടരും -  
ഒരു മണിക്കൂറിൽ അടുത്ത ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo