Showing posts with label RajeshDamodaran. Show all posts
Showing posts with label RajeshDamodaran. Show all posts

കണവ പറ്റിച്ച കെണി! (നർമ്മകഥ)

Image may contain: 2 people, including Rajesh Damodaran, outdoor and nature
ചോറ്റുപാത്രം തുറക്കുംവരെ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷകൾ എത്രയോ വലുതായിരുന്നു. പാതി വഴറ്റിയ വെണ്ടയ്ക്കാ മെഴുക്കുപെരട്ടി ചോറിനു മുകളിലിരുന്നാർത്തട്ടഹസിച്ചു ചിരിക്കുന്നു. പെരുവിരലിൽ നിന്നൊരു തരിപ്പ് പതച്ചുയർന്നു! വിവാഹശേഷം സാധാരണ സംഭവിക്കാറുള്ളതുപോലെ, നിമിഷങ്ങൾക്കകം തരിപ്പ് തിരികെയിറങ്ങിയതിന്റെ പാട്ടിനു പോയി. ചെറിയ പ്ലാസ്റ്റിക് ഡപ്പയിലെ കറി തുറന്നു മൂക്കിനോടടുപ്പിച്ചാഞ്ഞു വലിച്ചു. "സാമ്പാ ാ ാ ാ ർ!"
വലി മതിയാക്കി!
ചില വിവാഹങ്ങളിലും, നല്ല ഹോട്ടലിലുമൊക്കെ വച്ചു "സാമ്പാർ " കൂട്ടാൻ അവസരം കിട്ടിയിട്ടുള്ളതിനാൽ സാമ്പാർ ദൈവങ്ങളോടു മനസ്സിൽ മാപ്പു ചോദിച്ചു യാത്ര തുടങ്ങി, അല്ല ഊണു തുടങ്ങി.!
നേരം ഇരുട്ടിയതിനു ശേഷമാണ് ഓഫീസിൽ നിന്നിറങ്ങിയത്. വൈകുന്നേരം ഭാര്യാശ്രീയുടെ പതിവ്മെസേജ് വന്നു. പണ്ട് സ്ഥിരം 143 ആയിരുന്നെങ്കിൽ
ഇപ്പോൾ സ്ഥിരം Pal, pachakkary, pazham എന്നിവയാണ്. തൊട്ടു പിറകെ ഫോൺ കോളും വന്നു.
മെസേജ് കിട്ടി........!
ഗൗരവത്തിൽ പറഞ്ഞു. അല്ലങ്കിലും മിക്ക ഭർത്താക്കൻമാരും ഭാര്യയോടു ഫോണിൽ സംസാരിക്കുമ്പോൾ, ശത്രു രാജ്യത്തെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി സ്വന്തം ഗവൺമെന്റ് ശാസിക്കുന്ന രീതിയാണവലംബിക്കാറ്.
കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങളേ ചോദിക്കാവു. ഉത്തരങ്ങൾ ഒരു വരിയിൽ ഒതുങ്ങുകയും ചെയ്യും!
"അണ്ണാ, കുഞ്ഞിനെ നാളെയാണ് സ്കൂളിൽ നിന്നും ടൂർ കൊണ്ടു പോകുന്നത്. എന്തെങ്കിലും സ്നാക്ക്സും, ഒരു ജ്യൂസും വാങ്ങിച്ചേക്കണേ?"
"ഉം, വാങ്ങാം"! അമർത്തി മൂളി ഫോൺ കട്ടു ചെയ്തു. അവൾ എന്തോ പറയാൻ വീണ്ടും ശ്രമിച്ചുവെന്നു തോന്നിയതുപോലെ?
കടയിൽ നിന്നും ആവശ്യമുള്ളതെല്ലാം വാങ്ങി, കാറിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫിഷ്സ്റ്റാളിലെ വെളിച്ചവും, മീനിന്റെ ഭംഗിയും എന്നെ അവിടേയ്ക്ക് നയിച്ചു.
"സാറിനെന്താ വേണ്ടത്? നല്ല മോതയുണ്ട്, കേരയുണ്ട്, ചൂരയുണ്ട്.
പച്ചയ്ക്കു പച്ച കിളിയുണ്ട,യലയുണ്ടുണ്ണിമേരിയുണ്ട്."!
കൊഞ്ചുണ്ടു, നെത്തോലിയുണ്ട്, കണവയുണ്ട്!"സാറിനു മോതയെടുക്കട്ടെ, കിലോ വെറും മുന്നൂറ് രൂപാമാത്രം, ടാ, സാറിനിത് മുറിച്ചു കൊട്! സാറേ, പീസാക്കണോ?
കടക്കാരൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയതും, ഹെൽപ്പർ പണി തുടങ്ങി.
ഞാനെന്തോ പറയാൻ ഭാവിച്ചെങ്കിലും, അയാളുടെ സ്പീഡിന്റെ മാസ്മരികതയിൽ നിന്നുണർന്നു വന്നപ്പോഴേക്കും മോത "ചക ചകാന്ന് " പീസായി.
കവറിലാക്കിയ മീൻ കൈയ്യിലോട്ടു തന്നപ്പോൾ, വീണ്ടുമെനിക്കഹങ്കാരം!
കണവയിലേക്കൊരു നോട്ടം! എന്റെ ഇംഗിതം മനസ്സിലാക്കിയ ഹെൽപ്പർ മുതലാളിയെക്കാൾ വലിയ കച്ചോടക്കാരനായി.
"സാർ സൂപ്പർ കണവയാണ്, പച്ചക്കു പച്ച" ഒരു കിലോ കൊണ്ടുപോയിച്ചിരി മഞ്ഞപ്പൊടീം തേങ്ങാപ്പീരേം കൂടങ്ങോട്ടിട്ട് തോരൻ വച്ചങ്ങോട്ടർമാദിക്കെന്റെ സാറെ...?
"വാരിക്കൊടുക്കടാ അങ്ങോട്ട്‌, പകുതി വെല വാങ്ങിച്ചാമതി, നമ്മടെ സാറല്ലെ?"
മുതലാളി ശവപ്പെട്ടിയിൽ ഒരാണി കൂടിത്തറച്ചു.
മോതയും, കണവയും കൂടി വീണ്ടും ഒരു കവറിലാക്കി കാറിന്റെ പിൻസീറ്റിനു വലതുഭാഗത്ത് താഴെയായി വച്ചു, സീറ്റിൽ വച്ചാൽ മീൻവെള്ളം സീറ്റിൽ വീഴും.!
ചെറിയ ചാറ്റൽ മഴയുണ്ട്, രാവിലെ മഴയാണങ്കിൽ കുഞ്ഞിനെ സ്ക്കൂളിൽ കൊണ്ടുവിടുന്ന കാര്യം കഷ്ടമാണ്. തന്നെയുമല്ല നാളെ രാവിലെ തന്നെ ഓഫീസിൽ എത്തേണ്ട ആവശ്യവുമുണ്ട്. കാറോടിക്കുമ്പോൾ മുഴുവൻ രാവിലത്തെ സമയ ക്രമീകരണങ്ങളായിരുന്നു മനസ്സിൽ!
പതിവുപോലെ വാതിലിൽ ഇളയ മകൻ കാത്തു നിൽപ്പുണ്ട്, നാളത്തെ യാത്രക്കു വേണ്ടി സ്നാക്സും, ജ്യൂസും വാങ്ങിയോന്നറിയാനാണ്. അവനെ കളിപ്പിക്കാനായി ഞാൻ അതൊക്കെ ഓഫീസ് ബാഗിൽ തന്നെയാണ് വാങ്ങി വച്ചത്.
ഞാൻ താമസിക്കുന്ന വാടക വീട്ടിൽ കാർ കയറ്റിയാടാനാകാത്തതിനാൽ, അയൽപക്കത്തെ വീടിന്റെ പോർച്ചിലായ് വണ്ടിപാർക്കു ചെയ്തിറങ്ങി. വാങ്ങിയ സാധനങ്ങളൊക്കെയെടുത്തു കൊണ്ട് വീട്ടിലേക്ക് കയറി ചെന്നപ്പോൾ മകന്റെ ചോദ്യം!
"അച്ഛാഛാ.....ശ്നാക്ശും, ജ്യൂശും വാങ്ങിച്ചോ......?
അത്യാകാംക്ഷയോടെയുള്ള ചോദ്യം!
"യ്യോ "??? മറന്നു പോയി " "എന്താ ഒന്നു വിളിച്ചു പറയാഞ്ഞത്?"
"അമ്മ പറഞ്ഞാരുന്നല്ലോ "?
"ആരോട്? എന്നാടോ? ഞാനെങ്ങും കേട്ടില്ല!"
"അമ്മച്ചി, പറഞ്ഞാർന്നല്ലോ? " ഡാം തുറന്നു വിടുന്നതിനു മുൻപുള്ള റെഡ് അലേർട്ടാണത്. എന്റെ ഒരു വാക്കു കൂടി താങ്ങാനുള്ള ശേഷി അവന്റെ കുഞ്ഞു ഹൃദയത്തിനില്ല!
" ഞാനെങ്ങും കേട്ടില്ല! "ടീ മൊബൈലിൽ മെസേജയച്ചതിൽ നോക്കിക്കെ.....? പാലും പഴവും പച്ചക്കറിയും മാത്രമല്ല പറഞ്ഞിരുന്നുള്ളൂ"? കപട ദേഷ്യത്തിൽ ഞാൻ ഭാര്യയോടു ചോദിച്ചു!
"അല്ലണ്ണാ, ഞാൻ ഫോൺ വിളിച്ചപ്പം പറഞ്ഞാരുന്നു" സ്ഥിരമിങ്ങനെ കളിപ്പിക്കുന്നതായിട്ടും ഭാര്യക്കും ഒരു സംശയം, ഇനി അണ്ണൻ ഞാൻ പറഞ്ഞതെങ്ങാനും കേട്ടില്ലിയോ???
പെട്ടന്ന് മകൻ,ഭിത്തിയോട് തിരിഞ്ഞു നിന്നു!
കൈയ്യിലിരിക്കുന്ന സാധനങ്ങൾ ഡൈനിംങ് ടേബിളിലേക്കു വച്ചിട്ട്, അവനെ ബലമായി തിരിച്ച് അഭിമുഖമായി നിർത്തി!
സജലങ്ങളായ മിഴിയിണകൾ! വിതുമ്പുന്ന മുഖം!
അത്രയും ഞാനും പ്രതീക്ഷിച്ചില്ല, വെറുതെ ഒന്നു ദേഷ്യപ്പെടുത്തുക എന്നു മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളു....? പണി പാളി!
ഞാനവനെ ചേർത്തു പിടിച്ചൊരുമ്മ കൊടുത്തു, മിഴിനീര് വിരൽത്തുമ്പിനാൽ ഞൊട്ടിക്കളഞ്ഞു, എന്നിട്ടു ചോദിച്ചു,
"അച്ഛൻ മറക്കുമോടാ മുത്തേ നിന്റെ കാര്യം "???
എന്നിട്ട്, ബാഗിൽ നിന്നും പതിയെ സ്നാക്സിന്റെ കവറും ജ്യൂസും പുറത്തെടുത്തു.!
കണ്ണീരിൽ നനഞ്ഞ ചിരിയോടെ അവനതു ചാടിപ്പിടിച്ചു! എന്നിട്ടു പറഞ്ഞു!
"കള്ളനാ ഈ അച്ഛാച്ചൻ!"
മുഖമുയർത്തി ഭാര്യയെ നോക്കിയപ്പോൾ ദാ, അമ്പരന്നിരുന്ന അവളും ചിരിക്കുന്നു!
---------------------------------------------------------------------------------------
പതിവില്ലാതെ മകൻ നേരത്തെയുണർന്നു, ടൂർ പോകാനുള്ള ആവേശമാണ്. സ്ക്കൂളിൽ 7 മണിക്കെത്തണം, എനിക്ക് 7.30 ന് ഓഫീസിലും പോകണം! ഭാര്യയോടു പറഞ്ഞു, "ഒരു കാര്യം ചെയ്യ്! നീയും ഒരുങ്ങ്, ഞാൻ നിങ്ങളെ സ്ക്കൂളിലേക്കു വിടാം, എന്നിട്ടെനിക്കതു വഴി ഓഫീസിലേക്ക് പോകാമല്ലോ?"
റഡിയായി ഇറങ്ങിയപ്പോൾ സമയം 6.45 am. കുഴപ്പമില്ല സമയമുണ്ട്.ഞങ്ങൾ വീടുപൂട്ടിയിറങ്ങി കാറു കിടക്കുന്ന വീട്ടിലേക്ക് റോഡു ക്രോസുചെയ്തു. അവരുടെ ഗേറ്റിന്റെയവിടെ എന്തോ ചീഞ്ഞവാടയെടുക്കുന്നു. "പന്നിയെലിയെവിടെയോ ചത്തു കിടപ്പുണ്ട് " എന്ന ആത്മഗതത്തോടെ മകന്റെ ബാഗ് വയ്ക്കാനായി കാറിന്റെ ബാക്ക്ഡോർ തുറന്നു.
സർപ്പദംശനമേറ്റതു പോലെയൊന്നു കിടുങ്ങി!
അതാ സീറ്റിനു താഴെ ഫുട്ബോൾ പോലെ വീർത്തിരിക്കുന്ന പ്ലാസ്റ്റിക്ക് കവർ! "മോതയും,കണവയുമാണ് "!
ആസ്വാദനത്തിന്റെ അവസാന ഗ്രന്ഥി വരെ പൊട്ടിത്തെറിക്കുന്ന അതിരൂക്ഷമായ ഗന്ധം! ഭാര്യയും മകനും മൂക്കുപൊത്തിക്കോണ്ടു തിരിച്ചോടി!
ഒരു കിലോ കണവയ്ക്ക് ഒരു പ്രദേശം നശിപ്പിക്കാനുള്ള കഴിവുണ്ടന്നു മനസ്സിലാക്കിയ ഞാൻ, ഒരു കൈ കൊണ്ടു മൂക്കുപൊത്തിക്കൊണ്ടു, മറുകൈകൊണ്ടു കവർ പുറത്തെടുത്തു.
" കൊണ്ടുപോയിക്കുഴിച്ചിടടോ!!!! "
ആ വീട്ടുകാരൻ സകല നിയന്ത്രണങ്ങളും വിട്ടലറി!
ഇൻസർട്ട് ചെയ്ത് ഷൂവുമിട്ട് കൂന്താലിയെടുത്ത് കിളയ്ക്കുന്ന എന്നേക്കണ്ട് താഴത്തെ വീട്ടിലെ പട്ടി കുരയ്ക്കുന്നു. വാടയെടുത്തതു കൊണ്ടാണോ, ആളെ മനസ്സിലാകാഞ്ഞിട്ടാണോ എന്നറിയില്ല?
ഒടുക്കം കുഴിയിലേക്കിട്ട പ്ലാസ്റ്റിക്ക് ബോംബിന്റെ മുകളിലേക്ക് മണ്ണുവെട്ടിയിടുമ്പോൾ വിയർത്തു കുളിച്ചിരുന്നു.
വീട്ടിലുണ്ടായിരുന്നതു പോരാഞ്ഞിട്ട് അയൽവീടുകളിൽ നിന്നു വാങ്ങിയ സ്പ്രേകളും കാറിലേക്ക് അടച്ചു കയറ്റിക്കൊണ്ടു കാർ സ്റ്റാർട്ടു ചെയ്തു. 10 മിനിട്ടോളം മനുഷ്യർക്ക് മൂക്കുപൊത്തി കാറിൽ സഞ്ചരിക്കാനാകും എന്ന് ഭാര്യയും മകനും (ഒരു പരാതിയുമില്ലാതെ) തെളിയിച്ചു.(സ്ക്കൂൾ വരെ). പ്രഭാതസവാരിക്കറങ്ങിയവർ മൂക്കുപൊത്തിക്കോണ്ട് അകന്നു പോകുന്ന കാറിനെ നോക്കി അഭിനന്ദനങ്ങൾ ചൊരിയുന്നത് റിയർവ്യൂ മിററിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു.!
വൈകിട്ട് കാറുവാങ്ങാൻ ചെന്നപ്പോൾ
വാട്ടർസർവ്വീസ് ചെയ്ത പയ്യൻ പറഞ്ഞു, " സാറു പുലിയെ വണ്ടിയിൽ കയറ്റുമോ?"
"ഇല്ല എന്തേ?"
"അല്ല രാവിലെ എലി ചത്തു കിടന്ന വണ്ടിയെന്നു പറഞ്ഞാ വണ്ടി കഴുകാൻ തന്നത്? ഹൊ! മൂക്കിലെ രോമങ്ങൾകൂടി കരിഞ്ഞു പോയി."
ദയനീയമായി ചിരിച്ചു കൊണ്ടവനോടു സത്യം പറഞ്ഞു!
"എന്റെ സാറേ സ്പ്രേ വാങ്ങിച്ചടിച്ചാലൊന്നും ഈ വാട പോകില്ല, വണ്ടി ഡോറുകളെല്ലാം തുറന്ന് ഒരാഴ്ച്ചയെങ്കിലും നല്ല വെയിലത്തിട്ടുണങ്ങണം"!
വണ്ടിയാലോട്ട് കയറുമ്പോൾ ഛർദ്ദിക്കാൻ വരുന്നതു പോലെ? തിരികെ വരുന്ന വഴി, ദാ മീൻ സ്റ്റാളിൽ നമ്മുടെ ഹെൽപ്പർ ആരെയോ അടിച്ചു കമിഴ്ത്തുന്നു.
അവന്റെ ഇന്നലത്തെ വാക്കുകൾ ഒരുശ്ശരീരി പോലെ..... !
"സാർ സൂപ്പർ കണവയാണ്, പച്ചക്കു പച്ച" ഒരു കിലോ കൊണ്ടുപോയിച്ചിരി മഞ്ഞപ്പൊടീം തേങ്ങാപ്പീരേം കൂടങ്ങോട്ടിട്ട് തോരൻ വച്ചങ്ങോട്ടർമാദിക്കെന്റെ സാറെ...?
മഞ്ഞപ്പൊടീം, തേങ്ങാപ്പീരയും അൽപ്പം പോലുമിടാതെ തന്നെ അർമാദിച്ചെന്റെ പ്രീയസുഹൃത്തേ!!!
© രാജേഷ് ദാമോദരൻ.

മാ....നിഷാദാ!

Image may contain: Rajesh Damodaran

പ്രളയം കഴിഞ്ഞെത്ര മാസമായി?
പ്രതികാരചിന്തകൾ മാത്രമായി?
പ്രാണനം നിന്നോരു കാലം മറന്നുനാം,
പ്രതിയാക്കിയന്യോന്യമാർത്തലപ്പൂ?
തോടായ തോടുകൾ വറ്റിയിട്ടും
തിമിരങ്ങൾ ദുരിതങ്ങളേറ്റിയിട്ടും,
തീച്ചൂളയിൽ വെന്തു നീർച്ചോലകൾ,
തീർത്തകനിവും കുടിച്ചങ്ങകന്നുനമ്മൾ!
ദൈവങ്ങളാകെപ്പറഞ്ഞ സത്യം,
ദയയാണു പരമമെന്നേകസത്യം!
ദൈവത്തെയോർത്തുനീ കാട്ടുന്ന ദംഭനം,
ദൈവത്തിനായിപ്പകുത്തിടല്ലേ?
അറിയാത്തതായ് നമുക്കൊന്നുമില്ല,
അറിവിനായൗന്നിത്യമൊട്ടുമില്ല!
അറിവുകൂട്ടിക്കൂട്ടി,യധികാരമോഹമായ്,
അധികപ്രസംഗങ്ങൾ മാത്രമായി!
സ്നേഹമാണഖിലവും സാരമെങ്കിൽ,
സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം!
സ്നേഹവാൽസല്യങ്ങൾ മാത്രമീ ഭൂതലം
സോദരാ മാറ്റുന്നു സ്വർഗ്ഗമായ്!
ഓർമ്മിക്കുവാൻ നമുക്കൊട്ടുമില്ലേ?
ഓരോ കബന്ധവും തീർത്ത ചോദ്യം?
ഓർക്കുവാനാകില്ലയെങ്കിൽ നമുക്കിനി-
ഓർമ്മകൾക്കുള്ളിൽ മറഞ്ഞുപോകാം!
ഇനിയും പഠിക്കാത്ത പാഠങ്ങളോ?
ഇനിയും തുറക്കാത്ത ഹൃദയങ്ങളോ?
ഇരുൾ മൂടിയലയുമീ മാനവപ്പുരകളിൽ
ഇനിയെന്നു തെളിയുമാ സ്നേഹസത്യം?
........
.........
ഇനിയെന്നു വിരിയുമാ നിത്യസത്യം?
© രാജേഷ് ദാമോദരൻ..

ഓർമ്മപ്പൂക്കാലം

Image may contain: 2 people, including Rajesh Damodaran, people smiling

കരളിൽ കഥപറയും കാലം
നിനവിൽനിന്നു മറഞ്ഞൊരു
നിഴലിൽ കനവോടും കാലം,
നിറയുന്നോർമ്മപ്പൂക്കാലം!
പൂമ്പൊടി പെയ്തൊരു
നടവഴികളിലെന്നോർമ്മപ്പൂക്കാലം
പഴമയിൽ,വാകപ്പൂമഴ ചാറിയ തൊടികളിലോർമ്മപ്പൂക്കാലം,
നിറയുന്നോർമ്മപ്പൂക്കാലം!
നറുസൗരഭമായ് പാതി
വിടർന്നൊരരിമുല്ലപ്പൂവ്,
നറുമണമോർമ്മയിലലിയും
മിഴികളിലത്ഭുതമായ് മല്ലിപ്പൂവ്!
നിറയുന്നോർമ്മപ്പൂക്കാലം!
പീതജമന്തികൾ പാത
വിരിച്ചതുപോൽ നിരപാകുമ്പോൾ,
കരളിൽ കനകാംബരമൊരു
ദേവമനോഹരിയായ് കഥപറയുമ്പോൾ,
നിറയുന്നോർമ്മപ്പൂക്കാലം!
നന്ത്യാർവട്ടം നിറഞ്ഞു
തൂവിയപുഞ്ചിരി തന്നപ്പോൾ,
മനസ്സിൽ നാലുമണിപ്പൂവായി
നിറഞ്ഞൊരു
കുളിർമഴ ചാറുമ്പോൾ,
നിറയുന്നോർമ്മപ്പൂക്കാലം!
ചെമ്പൊട്ടിൻ തൊടുകുറിയായ്, കാഴ്ച്ചയിലൊരുപനിനീർപ്പൂവ്
വിടരും പത്മദളത്തിലെ നീഹാരം
പോലൊരു തുള്ളിച്ചാറ്,
നിറയുന്നോർമ്മപ്പൂക്കാലം!
വിടരുന്നെന്നുടെ ഓർമ്മച്ചില്ല-
യിലഴകിൻ പുഷ്പങ്ങൾ,
ഹൃദയത്തുടിയിലൊരോമന
സഖിയായ് നിറയാൻ
സ്മൃതിതൻപുഷ്പങ്ങൾ,
നിറയുന്നോർമ്മപ്പൂക്കാലം!
© രാജേഷ് ദാമോദരൻ..

പൊഴിഞ്ഞ മാമ്പൂവ്!

Image may contain: Rajesh Damodaran

----------------------------------●
എനിക്കൊരിത്തിരി കാരിയം നിന്നോടു പറയുവാനുണ്ടെടീ, പെണ്ണാളെ പറയുവാനുണ്ടെടീ!
തനന്ന തന്നന തന്നാനാനന തനന്ന തന്നാനാ, തന്നാനാ തനന്ന തന്നാനാ!
കരിമഷിതേച്ച മിഴിയിൽ നോക്കുമ്പോ, മൊഴി മറന്നോടീ, പെണ്ണേ ഞാൻ മൊഴി മറന്നോടീ! (തനന്ന തന്നന)
വിരിഞ്ഞചുണ്ടിന്റെ ചൊമപ്പു കാണുമ്പോ
മനം തുടിക്കുന്നെടീ പെണ്ണേയെൻ മനം തുടിക്കുന്നെടീ! (തനന്ന തന്നന)
പഴുത്ത ചാമ്പക്കാ തുടുത്തപോലെയാക്കവിൾത്തടം കാണുമ്പോ പെണ്ണേയെന്നകം വിറയ്ക്കുന്നെടീ.! (തനന്ന തന്നന)
തറഞ്ഞുകേറുന്ന കൊരുത്ത നോട്ടത്തിലകം മുറിഞ്ഞോടീ, പെണ്ണേയെന്നകം മുറിഞ്ഞോടീ.? (തനന്ന തന്നന)
കനവിലെത്രയോ കഥകൾ ചൊല്ലിയെൻ കരളിലായവളെ പെണ്ണേയെൻ മനമറിഞ്ഞോടീ.? (തനന്ന തന്നന)
കൊതുമ്പുവള്ളത്തിൽത്തുഴഞ്ഞു പോകുമ്പോളടുത്തിരിക്കുമോടീ പെണ്ണേയെന്നടുത്തിരിക്കുമോടീ.? (തനന്ന തന്നന)
തനിച്ചുകാണുന്ന വഴിക്കടവിൽ ഞാനൊളിച്ചു നിന്നതല്ലേ, പെണ്ണേ പ്രേമം തുടിച്ചു നിന്നതല്ലേ..?
(തനന്ന തന്നന)
കടന്നുവന്നതാ ഒരുത്തനോടൊപ്പം ചിരിച്ചുകുഴഞ്ഞു നീ, കൊഞ്ചൽ കേട്ടു തരിച്ചുനിന്നുപോയ് ഞാൻ! (തനന്ന തന്നന)
തുടിച്ചനൊമ്പരം വടിച്ചുമാറ്റി ഞാനൊതുങ്ങി നിന്നീടവെ, പെണ്ണേ നീ കടന്നു പോയീടവേ..! (തനന്ന തന്നന)
വടക്കെമുറ്റത്തു പൊഴിഞ്ഞ മാമ്പൂ പോൽകൊഴിഞ്ഞതീമോഹവും, പെണ്ണേ ഞാനൊഴിഞ്ഞു പോകുന്നെടീ!
(തനന്ന തന്നന)
രാജേഷ് ദാമോദരൻ

ഉണ്ണികൾക്കായി!

Image may contain: Rajesh Damodaran, smiling, closeup
-----------------------------♡
അറിവൊന്നും ചെറുതല്ലുണ്യേ...!
ചെറുതായുള്ളോരറിവില്ലുണ്യേ..!
അകതാരിൽ ആശയുണർന്നാ-
ലാകാശവുമതിരല്ലുണ്യേ..!
രാവിലെ തന്നുണരണമുണ്യേ..
ചര്യകളൊക്കെ തീർക്കണമുണ്യേ..
അന്നത്തെ പാഠം മുഴുവൻ
അന്നന്നു പഠിക്കണമുണ്യേ..!
ചുറ്റും കണ്ണോടണമുണ്യേ..
പുതുകാഴ്ച്ചകളനുഭവമുണ്യേ...
കുയിൽപാടും ഗാനം കേൾക്കാ-
നുൾക്കാതുതുറക്കെന്നുണ്യേ..!
ഈ ലോകം വലുതാണുണ്യേ..
മിഴികൾ വളരെ ചെറുതാണുണ്യേ..
ഗുരുനാഥൻമാരില്ലെങ്കിൽ
ഉൾക്കണ്ണു തുറക്കില്ലുണ്യേ...!
വിനയത്താൽ കുനിയണമുണ്യേ
ലാളിത്യം പുലരണമുണ്യേ
പ്രായത്തെ ബഹുമാനിക്കാ-
താരാരും പോകരുതുണ്യേ !
സ്നേഹം നിറകുടമാണുണ്യേ..
സഹനം പരിപാവനമുണ്യേ..
പകചൊരിയും സാഗരമധ്യേ
ക്ഷമയെന്നതൊ,രായുധമുണ്യേ..!
ഈ വഴിയിൽ ശരിയുണ്ടുണ്യേ.!
ശരിയോടൊപ്പം നിഴലാണുണ്യേ.!
ശരിയെങ്കിൽ നിഴലോടൊപ്പം
മരണംവരെപ്പൊരുതണമുണ്യേ..!
© രാജേഷ് ദാമോദരൻ..

പൊൻപ്രഭാതം!

Image may contain: Rajesh Damodaran, smiling, closeup


--------------------------®
എത്തിനോക്കുന്നു,യിതാ-
പൊൻ പ്രഭാകിരണങ്ങൾ
തൂമഞ്ഞിൻ പുതപ്പുകൾ -
ക്കിടയിൽക്കൂടി മെല്ലെ!
ഓരോരോ മലയിലും,
ഓരോരോ നദിയിലും
വൈഡൂര്യത്തിളക്കങ്ങൾ
വജ്രമോതിരം പോലെ!
മഞ്ഞിലത്തുമ്പിൽ നിന്നു-
മൂറുന്ന കണങ്ങളെ-
ന്നാത്മാവിലുതിർക്കുന്നൊ-
രാശ്ചര്യതീർത്ഥം പോലെ!
ദൂരെയാസമതല -
തീരത്തേക്കൊഴുകുന്ന
വെള്ളിയരിഞ്ഞാണത്തിൻ
തുമ്പങ്ങുമലയ്ക്കുള്ളിൽ!
കേൾക്കുവാനെന്താ,രസം
കാട്ടുചോലക്കുണുങ്ങ-
ലോർക്കുവാൻ, കൊലുസ്സി-
ന്റെയിക്കിളിച്ചിരി പോലെ!
കാടിന്റെ നിഗൂഢതയ്-
ക്കുള്ളിൽ നിന്നുണരുന്ന
വന്യമാം സ്വരത്തിനും
കാതോർത്താലതിഭംഗി!
ചേലെഴും കിളികൾതൻ
കളകൂജനങ്ങളിൽ
കാടാകെയുണരുമ്പോ-
ളൈശ്വര്യമിപ്രഭാതം!
നിധികാക്കും പോലെയാ-
വിന്ധ്യപർവ്വതങ്ങളീ-
സംസ്കൃതി സൂക്ഷിയ്ക്കയാ-
ണത്യന്തം ഗമയോടെ!
എത്രസുന്ദരങ്ങളീ-
ക്കാഴ്ച്ചകളോരോന്നുമെ-
ന്നുൾത്തടം, കവരുവാ-
നെത്തുന്നു നിരപോലെ!
ആശയുമാവേശവും
നിറയ്ക്കാനുതകുന്നൊ-
രിത്തരം പ്രഭാതത്തിൻ
സ:ത്ത ഞാൻ മൊത്തീടട്ടെ!
© രാജേഷ് ദാമോദരൻ

എന്റെ മുത്തശ്ശി

Image may contain: Rajesh Damodaran, smiling, closeup
■■■■■■■■
ഉണ്ടെനിക്കൊരു മുത്തശ്ശി വാതിലി-
ന്നപ്പുറം വഴിക്കണ്ണുമായ് കാത്തതാ,
എന്നുമെത്തുന്ന നേരത്തിനപ്പുറം
എത്തിയില്ലങ്കിലാധി പൂക്കുന്നൊരാൾ!
കുളികഴിഞ്ഞു ഞാനെത്തുമ്പോഴിപ്പൊഴും
തല തുവർത്തുവാനോർമയേകുന്നൊരാൾ
നെറുക പൊട്ടിച്ചുമയ്ക്കുമ്പോഴെപ്പോഴും
മറുചുമതീർത്തു ശിരസ്സുതട്ടുന്നൊരാൾ.!
വിരലുതട്ടി ഞാൻ വീണോരു മാത്രയിൽ,
കരളുപൊട്ടിക്കരഞ്ഞൊരാൾ മുത്തശ്ശി!
നീറിയെത്തുമാ രക്തത്തിനപ്പുറം,
ഊറിയെത്തുന്ന സ്നേഹമായ് മുത്തശ്ശി!
അങ്ങു ബാല്യത്തിലോർമ്മകൾപ്പാറവെ,
കാലുതട്ടാതുയർത്തി നടക്കൂ നീ,
പാതയോരത്തു ചേർന്നുപോയീടൂ നീ,
പാരിതിൽനൻമ ചേർക്കൂ നീ നാൾക്കുനാൾ!
കട്ടെടുക്കരുതാരുടേതാകിലും,
ഇഷ്ടമെങ്കിൽ നീ ചോദിച്ചുവാങ്ങണം!
കഷ്ടകാലം വരുന്ന മുൾപ്പാതയിൽ
നഷ്ടബോധം വെടിഞ്ഞു നീ താണ്ടണം!
ഇത്തരമുപദേശങ്ങളൊക്കെയെൻ,
വ്യക്തിബോധം സ്ഫുടം ചെയ്തെടുത്തതിൻ
ഉത്തമമാ,മുദാഹരണം തന്നെ -
യിപ്രകാരം ഞാൻ നിൽപ്പൂയിതാമണ്ണിൽ!
മുത്തശ്ശിയെന്ന മാധുര്യമുണ്ണാത്ത, 
കൊച്ചുമക്കളുണ്ടോയീയുലകത്തിൽ?
എത്രയെത്ര ശകാരം ചൊരിഞ്ഞാലു-
മിത്രമേൽ സ്നേഹം വേറെയുണ്ടാകുമോ?
© രാജേഷ് ദാമോദരൻ

പൂപ്പാട്ട്

Image may contain: Rajesh Damodaran, smiling, closeup
------------®
പുലരിപ്പെണ്ണിൻ പുഞ്ചിരിയഴകിൽ
പൂവുകളുണരുമ്പോൾ..
പുതുതായെന്നിൽ പുളകംവിതറി
പൂമരമുലയുമ്പോൾ..
പൂതിയുണർന്നേ, പൂമുറ്റത്തൊരു
പൂക്കളമിട്ടീടാൻ..
പൂമ്പാറ്റകളുടെ പൂഞ്ചിറകേറി
പൂന്തേനുണ്ടീടാൻ..
പൂവട്ടികളിൽ പൂവുനിറയ്ക്കാൻ
പൂത്തുമ്പികളെത്തി..
പൂമുറ്റത്തെ പുൽകിയുണർത്താൻ
പൂമഞ്ഞിൻകണവും..
പൂത്തിരുവാതിര പുലരിയിലിങ്ങനെ
പൂപ്പാട്ടുണരുമ്പോൾ..
പുളകംനിറയും പൂമനസ്സിൻപുതു
പുളിനവുമലിയുന്നേ..!
© രാജേഷ് ദാമോദരൻ..

വിത്ത്

Image may contain: Rajesh Damodaran, smiling, closeup
●●●
ഞാനുറങ്ങിക്കിടക്കുന്നിതാ മണ്ണി,
ലെത്രകാലം കഴിഞ്ഞാലുമിത്തിരി 
തീർത്ഥമേറ്റാലുണർന്നിടും,കാലമെ
വാർത്തിടൂനിന്റെകണ്ണുനീർത്തുള്ളികൾ!
പാരിതിൽനൻമ പെയ്യുന്നനാളിലെൻ
വേരിലൂടെത്തലോടുന്ന സ്നേഹമേ
യാർത്തിടട്ടെ, മുളച്ചിടട്ടെയെന്റെ, 
യിഷ്ടനാളുകളാലോലമാടുവാൻ!
കാരിരുമ്പിൻ കരുത്തോടെയന്നു ഞാൻ
മാനമാകെപ്പടർന്നുല്ലസിച്ചിടും
പൂത്തിടും കായ്ച്ചിടും പിന്നെയാ,ഫലം
തീർത്തുനൽകും ധരിത്രിക്കു മാത്രമായ്!
ഓർത്തു പോകേണ്ടതൊന്നുമാത്രം ഫലം,
തീർത്തശേഷമീവിത്തുകൾ മണ്ണിലേ -
ക്കാഴ്ത്തണം, കുത്തിനോവിക്കരുതു നീ, 
കൂർത്തകല്ലിനാൽ തീർത്തിടല്ലെയെന്നേ!
രാജേഷ് ദാമോദരൻ

യാചകനിരോധിതമേഖല

Image may contain: Rajesh Damodaran, smiling, closeup
■■■■■■■■■■■■
എവിടെയോ
ഒരുതേങ്ങൽ?
സാരമില്ല!
പുതിയ നിയമങ്ങളുടെ
വെളിച്ചത്തിൽ
നഗരം കൂടുതൽ
സുന്ദരിയായതുപോലെ?
രാജേഷ് ദാമോദരൻ

നാശംപിടിച്ചത്!


Image may contain: Rajesh Damodaran, smiling, closeup

----------------------------®
എപ്പോൾ കണ്ടാലും "നാശം പിടിച്ച പട്ടിയെന്നാണ് ഞാൻ പറയുക...!
അവനെത്ര സ്നേഹം പ്രകടിപ്പിച്ചാലും!
അവന്റെ കുണുക്കവും, വാലാട്ടലുമൊക്കെയെനിക്ക് അരോചകമുളവാക്കിയിരുന്നു!
എന്റെ പുതിയ വിരുന്നുകാരെയെന്നുമവൻ കുരച്ചു കൊണ്ടാണ് എതിരേൽക്കുന്നത് എന്നതാണ് എന്റെ ഏറ്റവും വലിയ ദേഷ്യം !
എത്ര പറഞ്ഞാലും, വാലാട്ടി
അവൻ വാതിലിന്നു വെളിയിൽ കാണും!
ഊണു കഴിക്കുമ്പോൾ അടച്ചിട്ട
വാതിലിനു വെളിയിൽ ചെറിയ മൂളൽ കേൾക്കാം!
എനിക്കു കൂടി.... എന്നാവണം?
അടുക്കള വാതിൽ തുറക്കുമ്പോൾ ഒറ്റയോട്ടത്തിനവിടെയെത്തും!
അവകാശമായി കിട്ടിയ പാത്രത്തിനു
മുന്നിൽ അതിവിനയാന്വിതനായി അവൻ കാണും!
രാത്രി ദയനീയമായ മോങ്ങൽ കേട്ടാണ് മഴയിലേക്ക് വാതിൽ തുറന്നത്!
റോഡിലെ ചെളിവെള്ളത്തിൽ നിന്നും ഏന്തി വലിഞ്ഞെണീക്കുന്ന ദൃശ്യത്തിന് അകന്നുപോകുന്ന വാഹനത്തിന്റെ ചുവന്നവെളിച്ചം അകമ്പടിച്ചാർത്തൊരുക്കി!
വാതിൽപ്പടിയിലേക്കൂർന്നു വീണ അവന്റെ നിലവിളി ഉള്ളിൽ സമ്മാനിച്ചത് നിസ്സഹായതയുടെ വിതുമ്പലുകൾ!
ഞാനൊഴിച്ചു കൊടുത്ത വെള്ളം കടവായിലൂടെ ഒലിച്ചിറങ്ങിയപ്പോഴും
അവന്റെ നിലയ്ക്കാത്ത വീര്യത്തിന്റെ
മൂളൽ അവശേഷിച്ചിരുന്നു!
വേദനയുടെ, പിരിഞ്ഞുപോകലിന്റെ, അവസാനിക്കാൻ പോകുന്ന സ്നേഹത്തിന്റെ.!
ഞങ്ങളെ ബസ്സ്സ്റ്റോപ്പിലേക്ക് അനുഗമിക്കാൻ ഇനിയവനില്ല!
സ്ക്കൂൾ വിട്ടുവരുന്ന ഞങ്ങളെക്കാത്തിരിക്കാനും വഴിയരികിലിനിയവനുണ്ടാവില്ല!
രാത്രിയിലെ ഇലയനക്കങ്ങളെ
ചോദ്യം ചെയ്യാൻ, മഴ നനയാതെ
പത്രങ്ങളെ ഉമ്മറത്തിണ്ണയിൽ നിക്ഷേപിക്കാൻ, ഇനിയവനുണ്ടാവില്ല...!
അവന്റെ കുണുക്കവും, വാലാട്ടലുമൊക്കെയിന്നു വേദനച്ചിത്രങ്ങളാകുന്നു..!
ശരിയാണ്! ആ നാശം പിടിച്ച പട്ടി ഞങ്ങൾക്കാരൊക്കെയോ ആയിരുന്നു.!
© രാജേഷ് ദാമോദരൻ.

വായനാനുഭവം- മൊയ്തീന്റെ ചെറിയ സ്പാനർ

No automatic alt text available.

വായനാനുഭവം
--------------------------®
മൊയ്തീന്റെ ചെറിയ സ്പാനർ
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ഇടുക്കി സ്വദേശിയും, ഇപ്പോൾ പ്രവാസിയുമായ പ്രിയസുഹൃത്ത് ശ്രീ. ഷൗക്കത്ത് മൊയ്തീൻ രചിച്ച ഹാസ്യകഥാസമാഹാരം "മൊയ്തീന്റെ ചെറിയ സ്പാനർ " വായിച്ചു.
നല്ലെഴുത്തു പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് "ശ്രീ. ബാബുപോൾ തുരുത്തി "യാണ്.
മലയാളഭാഷയുടെ വളർച്ചയും, പാരമ്പര്യവും മനോഹരമായി വിവരിക്കുന്ന എഡിറ്റോറിയൽ വളരെ മികച്ചതായിട്ടുണ്ട്.!
"ഞാനെഴുതുന്നൊരു മലയാളം.
നീയെഴുതുന്നൊരു മലയാളം.
നാമെഴുതുന്നില്ലൊരു മലയാളം!
ശരിമലയാളമെവിടെപ്പോയി?"
എന്നദ്ദേഹം ആകുലപ്പെടുന്നു.
പുതിയ തലമുറയിലെ ഓൺലൈൻ എഴുത്തുകാരുടെ
മലയാളഭാഷ തെറ്റില്ലാതെയാക്കാൻ സന്ധിയില്ലാതെ പരിശ്രമിക്കുന്ന അദ്ദേഹം മികച്ചരീതിയിൽതന്നെ കടമ നിർവ്വഹിച്ചിരിക്കുന്നു.
26 ചെറുകഥകളായി, 120 പേജുകളിൽ സംശുദ്ധനർമ്മത്തിന്റെ വിരുന്നൊരുക്കിയിരിക്കുകയാണ് കഥാകാരൻ. മുൻപുവായിച്ചിട്ടുള്ള കഥകൾ വീണ്ടും വായനക്കെടുക്കുമ്പോഴും ഊറിച്ചിരിച്ചു പോകും എന്നതാണ് ഷൗക്കത്ത് മൊയ്തീൻ കഥകളുടെ സവിശേഷത!
ആദ്യകഥയിലെ " കിടപ്പറയിൽനിന്ന് നിദ്രാദേവി കിട്ടിയ തുണിയും എടുത്തോണ്ട് ജനലുവഴി ഒരൊറ്റ ഓട്ടം!! " എന്നതിൽ തുടങ്ങി
" ഹ്രാ... യോ?! അതാരാടീ?!"
"നിങ്ങൾ തന്നെ. ഹസ്സിന്റെ "ഹ "യ്ക്ക് ചുറ്റിക്കെട്ട് കൊടുത്താൽ മതി, ഹ്രായാകും."
എന്ന ഭാര്യയുടെ മറുപടിയുമൊക്കെ വായനക്കാരനെ നിർദോഷഫലിതത്തിന്റെ രസകരമായ താളത്തിലെത്തിക്കുന്നു.
കുടുംബത്തിൽ സാധാരണ നടക്കുന്ന വിഷയങ്ങളെ ഇത്രയും രസകരമായി അവതരിപ്പിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല എന്നുപറയുന്നതിൽ ഒട്ടും അതിശയോക്തി കലർന്നിട്ടില്ല. പ്രത്യേകിച്ചും വർത്തമാനകാലത്തിലെ ഫേസ്ബുക്ക് പദപ്രയോഗങ്ങൾ രസകരമായും, സന്ദർഭോചിതമായും കഥകളിൽ കലർത്തിയിരിക്കുന്നു.
ചിരിയോടൊപ്പംതന്നെ സാമൂഹ്യവിമർശനങ്ങളും (അദ്ദേഹത്തിന്റെ ഭാഷയിൽ ഇലയ്ക്കും, മുള്ളിനും കേടില്ലാതെ) ചില കഥകളിൽ ഉൾച്ചേർത്തിരിക്കുന്നു. സ്ത്രീപീഢനവും, വസ്ത്രധാരണരീതികളും, മലയാളികളുടെ പൊങ്ങച്ചവും, പുരുഷ കേന്ദ്രീകൃത കുടുംബവ്യവസ്ഥയുമൊക്കെ രചയിതാവിന്റെ തൂലികക്ക് വിഷയമായിത്തീർന്നിട്ടുണ്ട്.
"തൊലിപോയ ചക്കക്കുരു " എന്ന കഥയിലെ ഒരു സംഭാഷണം ഇങ്ങനെയാണ്.
ഭാര്യ: " എന്റെ മനുഷ്യാ, നിങ്ങളെഴുതുന്ന നർമ്മകഥകളില്ലേ?? അതു വായിക്കണമെങ്കിൽ ഒരാളും കൂടി ഒപ്പം വേണം!! "
" അതിനെന്തിനാടീ രണ്ടു പേർ?!"
"ഒരാള് വായിക്കാനും ഒരാള് ഇക്കിളിയിടാനും. ഹഹഹ..!!"
ഇത്തരത്തിൽ ഒരുപാട് നർമ്മ മുഹൂർത്തങ്ങളുണ്ടീ സമാഹാരത്തിൽ.
മുന്നോട്ട് കുതിച്ചുപായുന്ന ജീവിതത്തിന്റെ ഉടുമുണ്ടിന്റെ തുമ്പിൽ തൂങ്ങിപ്പിടിച്ചു നമ്മോടൊപ്പം നിൽക്കുന്ന ഒരു മകളുണ്ട്.
" ഓർമ്മകൾ "
ഈ വാക്യം വളരെ കൗതുകകരമായി തോന്നി. ഇടയ്ക്കൊക്കെ പുനർവായനക്ക് പ്രേരിപ്പിക്കുന്ന ഈ നർമ്മസമാഹാരമെഴുതിയ ശ്രീ. ഷൗക്കത്ത് മൊയ്തീന് ( നല്ലെഴുത്തിലെ ഫലിതസാമ്രാട്ടിന്) ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
മലയാള സാഹിത്യത്തിൽ ഇന്ന് ഹാസ്യ കഥകൾക്ക് വേണ്ടത്രയഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ ഹാസ്യകഥാരചനയിൽ പുതിയ പന്ഥാവൊരുക്കുവാൻ അദ്ദേഹത്തിന് കഴിയെട്ടെയെന്നാഗ്രഹിക്കുന്നു. അതിനായി എല്ലാവരും ഈ പുസ്തകം വാങ്ങി വായിക്കണമെന്നു താൽപര്യപ്പെടുന്നു.
© രാജേഷ് ദാമോദരൻ

തോൽവി

Image may contain: Rajesh Damodharan

പത്തിലായിരുന്നീ,വർഷമിരുവരും
ബുദ്ധിമുട്ടിപ്പഠിച്ചിരുന്നെങ്കിലും,
ഫലമറിഞ്ഞപ്പോളവൾമാത്രം പുഞ്ചി-
രി,ച്ചഴലുപൊട്ടിച്ചിരിച്ചു ഞാനുംവൃഥാ!
ആകെയുള്ളതീഞങ്ങൾ ഇരട്ടകൾ
പൊന്നുമക്കളായച്ഛനുമമ്മയ്ക്കും,
അവളുപണ്ടേ പഠിയ്ക്കാൻ മിടുക്കി-
യെന്നറിയുമെങ്കിലു,മിതുവലിയ സങ്കടം!
ഊണുപേക്ഷിച്ചുറക്കവുമില്ലാതെ
നീ പഠിച്ചു ജയിച്ചതാണെങ്കിലും,
പ്രിയസോദരി,യഭിനന്ദനം തരാനാ-
വതില്ലയെൻ പെങ്ങൾ ക്ഷമിക്കുക!
എത്രയേറെത്തലപുകച്ചാലുമെൻ
ചിത്തരംഗത്തിലോർമ്മതൻശൂന്യത
വൃത്തിയായി പഠിച്ചപാഠങ്ങളു-
മുത്തരക്കടലാസ്സിൽപ്പിണങ്ങിയോ?
ചാണകംവാരാൻ പോകുവെന്നച്ഛനും
മൂന്നുനേരം വിഴുങ്ങിയതമ്മയും,
എത്രയേറെയെറിഞ്ഞു പരുഷമായ്
കൊള്ളിവാക്കുകൾ, നാണക്കേടായത്രേ?
പോകുകയെന്റെ കൺമുന്നിൽനിന്നു നീ,
ഭ്രാന്തനായി,യലറിയെൻ താതനും,
മൂക്കു ചീറ്റിപ്പറഞ്ഞമ്മ " യെന്തിനാ-
യിപ്രകാരം ഒരുമകൻ ഞങ്ങൾക്ക്?"
എന്തുചെയ്യാം, ക്ഷമിക്കുകയീമകൻ
എങ്ങനെയോ പിറന്നുപോയ്, മാപ്പിതാ!
നാണക്കേടിന്റെ മേലങ്കിയൂരി ഞാൻ
നാടുവിട്ടുപോകട്ടെ, സുനിശ്ചയം?
ബുദ്ധിശൂന്യനല്ലോർക്കുകയീ മകൻ
ശക്തിനേടിത്തിരിച്ചുവരുന്നനാൾ
ഓർത്തുവയ്ക്കുക മുതലുംപലിശയും
തീർത്തുനൽകിയിട്ടീ,പ്പടിചവിട്ടുഞാൻ!
© രാജേഷ് ദാമോദരൻ..✍️
മക്കൾ പരീക്ഷയിൽതോറ്റ എല്ലാ മാതാപിതാക്കളോടും
----------------------------------------------
ഒറ്റത്തോൽവിയല്ലീ,വലിയജീവിതം
താളുകൾപ്പുറകോട്ടു മറിക്കുക!
പണ്ടുകാലപ്പരാജയപ്രതിഭകൾ പിന്നെ
ലോകത്തെ കാൽക്കീഴിലാക്കിയോർ!

വാർത്താലേഖകൻ

വാർത്താലേഖകൻ
--------------------------------®
കരയും നേരംപോലും
പൊഴിയും മിഴി നിന്റെ
കരളിൽ നോക്കി കള്ള-
ച്ചിരിതൂകുന്നതെന്തേ..?
ചോദിച്ചുപോയി ഞാനാ-
വാർത്താലേഖകനോട്
ഇരതൻ ദുരിതങ്ങൾ
മുന്നിൽക്കണ്ടരിശത്തിൽ
വിടരുംമുമ്പേ തന്നെ
കൊഴിയും കുസുമത്തെ
വിറ്റു കാശാക്കുന്നതിൻ
ഗൂഢതന്ത്രത്താലാണോ..?
ദൈന്യമാം മൊഴിക്കൂടിൻ
കരളും തുരന്നു നീ
മഴു വച്ചിരിയ്ക്കയാണ-
യൊരുമോഹത്തിൻ വേരിൽ..?
സത്യത്തിൻ പുലബന്ധ-
മെത്തിനോക്കാത്ത വാർത്ത
തത്വത്തിൽ ചമയ്ക്കുമ്പോൾ
നിൻ കൈകൾ വിറയ്ക്കില്ലേ ...?
* * * * *
നോവതിൽ തെല്ലുമില്ല
ലാഭമാണെന്റെ ലക്ഷ്യം
സ്ഥാപനം തുടരുവാൻ
മറ്റേതുമില്ലാ വഴി...!
ഉണ്ടെനിക്കോരോ ലക്ഷ്യം
വാർത്തകൾ ചമയ്ക്കുമ്പോൾ
കണ്ണുനീർ ചൊരിഞ്ഞാലെൻ
കഞ്ഞി വേവുകയില്ല...!
സത്യം ഞാനെഴുതിയാൽ
തീർത്തുവായിക്കുമോ നീ..?
റേറ്റിങ്ങും, വിവാദവും
കാത്തുനിൽക്കുമീ നാട്ടിൽ..!
മാറ്റേണ്ടതെവിടെയാ-
ണോർക്കുക മനസ്സാലെ
പാഞ്ഞുനീ വരുന്നില്ലേ-
യിത്തരം വാർത്തയ്ക്കൊപ്പം..?
അന്യദു:ഖങ്ങൾ നിനക്ക-
ന്തിക്കു ചിരിയായ്
വിളമ്പും നേരത്തോർക്ക-
റേറ്റിംങ് റോക്കറ്റാകും
തേടിനീ പോകുംകാലം
വരെ,യിത്തരം കഥ
മിഴിവായ് ചമയ്ക്കുവാ-
നാളുകൾ കാണുംനാട്ടിൽ..!
ആരാണു തിരുത്തണ്ടതാ-
രാണതോർമ്മിക്കേണ്ട-
തറിവിൽ വിരാജിക്കും
മനമേ നിരീക്ഷിക്കൂ...!
ലേഖകൻ ചിരിച്ചു കൊ-
ണ്ടോതീയീ മറുമൊഴി
വാ തുറന്നിരിക്കുന്ന
പ്രതിയാമെന്നെനോക്കി..!
© രാജേഷ് ദാമോദരൻ.

തലമുറയ്ക്കായി..

Image may contain: 1 person

കനിവു മായുന്ന മത്സരത്തിരകളിൽ
മരണവേഗത്തിലലയുന്ന നേരവും
ഊറിയെത്തുന്ന നൻമതൻ പുഞ്ചിരി
പൂവുപോലെ പൊഴിച്ചകന്നീടുവാൻ
കരുതിവയ്ക്കുകയോരോ നിമിഷവും..
ഹൃദയമേ.....മറ്റെന്താണു ജീവിതം..?
പ്രണയമോരോ നിറത്തിലും പൂവിലും
പെയ്തിറങ്ങി നൽചാരുതയേകവേ
മഴമുകിൽത്തുമ്പിൽ നിന്നിറ്റു വീഴുന്ന
ജലകണങ്ങൾ ചിതറിത്തെറിക്കവേ
ആസ്വദിക്കുകയോരോ നിമിഷവും
മിഴിയടച്ചു നീ പോകുവതെത്രനാൾ..?
വിസ്മയത്തിന്റെ വർണ്ണപ്രഭാവങ്ങൾ
പരിലസിക്കുമീ തൂമഞ്ഞുതുള്ളിയിൽ
പുലരണം, സ്നേഹമാർദ്രഭാവങ്ങളും
ഹൃദയമേ..കണ്ട സ്വപ്നങ്ങളൊക്കെയും..
ഇനിയുമേറുക ആവോളമോമനേ...
തലമുറക്കായി... മറ്റെന്തു പോംവഴി..?
© രാജേഷ്.ഡി..✍️

പുത്രൻ

Image may contain: 1 person

കൈ ചൂണ്ടി വാക്കിൻ ശരങ്ങളിന്നച്ഛന്നു
നേരേ വലിച്ചെറിഞ്ഞാദ്യമായ്
തടസ്സം പിടിച്ചൊരെന്നമ്മയെ നിർദ്ദയം
തള്ളിയകറ്റി ഞാൻ, മുറിയടച്ചു...!
വാങ്ങിത്തരാനവർക്കാകില്ല പോലുമി -
ന്നിരുചക്രവാഹനമെനിക്കൊരെണ്ണം.
നാളെ ഞാനെങ്ങനെൻ വാക്കുപാലിച്ചിടും..?
എങ്ങനെ പോയിടും ഫ്രെണ്ട്സിനൊപ്പം.?
മുറിയിലവനരിശമൊടുങ്ങാതെ ഭിത്തിയിൽ
മുഷ്ടി ചുരുട്ടിയിടിച്ചു വീണ്ടും
"മക്കളെയറിയാത്ത മാതാപിതാക്കൾക്ക്
മറുപടിയിന്നെന്റെ മരണമോതും....!"
----------------------------------------------------------------
"മകനേ...! തുറക്കുകീ വാതിൽ " വിളിച്ചവളേറെനേരം, എത്തി ഞാനുമൊപ്പം..
വെട്ടിപ്പൊളിച്ചൊരാ വാതിലിനുള്ളിലായ്
കെട്ടിയാടുന്നൊരാ തൂങ്ങൽ മാത്രം..
പറയാതെ യാത്രയായെൻ മകനീവിധം
ദുരിതങ്ങൾ ഇല്ലാത്ത നാട്ടിലേക്ക്
അകതാരിലുണരുന്ന ഗദ്ഗദം മൂക - മെന്നടരുന്ന നീർമണിയിലായൊതുക്കി
ഒരു ക്രൂരനെപ്പോലെ നിന്നു ഞാൻ ജാലകയോരത്തൊരൽപം തണുപ്പിനായി..
മിഴി നനഞ്ഞൊഴുകുന്നു മനസിൽ
വിതുമ്പുന്നൊരോർമ്മകൾ വീണതിൽ കളിവഞ്ചിയായ്...
ആദ്യമായ് കോരിയെടുത്തോരു നിമിഷങ്ങളോർമ്മയിൽ,ഇങ്കു കൊടുത്തതൊപ്പം...
കൈവിരൽ തുമ്പിൽ പിടിച്ചവനാദ്യമായ്..
പിച്ചവെച്ചോടിയയീ ഇളംതിണ്ണയും...
ഉച്ചരിച്ചാദ്യമായ് അമ്മയെന്നും,
പിന്നെ അച്ചയെന്നും, ധന്യമായ നേരം..
കൊച്ചരിപ്പല്ലുകൾ.. ചേർത്ത് ചിരിച്ചവൻ...
നെഞ്ചിൽ കുളിർമ്മകൾ തീർത്ത കാലം...
കൺമുമ്പിൽ നിന്നു വളർന്നവൻ, സ്വപ്നമായ്
നിറയും പ്രതീക്ഷതൻ രൂപമായ്...
കുഞ്ഞേയെനിക്കു പിഴച്ചു പോയീയ-
ച്ഛനറിയുവാനായില്ല നിന്റെ ലോകം...!
വരമായിരുന്നു നീ, നിറമായിരുന്നെന്റെ...
കനവും, വസന്തവും, സൗഭാഗ്യവും...!
അലറിക്കരയുന്ന എൻ പ്രീയതമയുടെ..
മൊഴികളിടറിയ നേർത്ത ശബ്ദം..
"വാങ്ങിത്തരാം നിനക്കായിരം വണ്ടികൾ
വാതിൽത്തുറന്നു കയറി വാടാ...."?
ചേർത്തു പിടിച്ചു ഞാൻ ഭ്രാന്തിയാം ഭാര്യയെ..
നേർത്ത സ്വരത്തിൽ പറഞ്ഞു മെല്ലേ..
"ഇല്ല വരില്ലവൻ, വന്നിടാനാകില്ല..
ഇനിയുമൊരിക്കലുമീ ജഗത്തിൽ "
"കരയുക നീ നിനക്കാവോളമോമനേ....
കരളു പെയ്തൊഴിയുന്ന നിമിഷം വരെ."
ചിന്തിച്ചു പോയി ഞാൻ 'പുത്രൻ' എന്നോതിയാൽ
അർത്ഥവും വ്യാപ്തിയും,വ്യാകരണവും..
പിതാവിനെ നരകത്തിൽ നിന്നുമേറ്റാനായവതാരമേറ്റവൻ പുത്രനത്രേ...?
അളന്നില്ല......നീയെന്റെ ഹൃദയദൂരം കുഞ്ഞേ..!
പിതാവെന്ന വാക്കിന്റെ......സഹനദൂരം..?
© രാജേഷ്.ഡി..

മലയാളി (തുള്ളൽ പാട്ട് താളം )

Image may contain: 1 person

പണ്ടൊരു ജോത്സ്യൻ കവടിയുരുട്ടി
പത്തിൽ പത്തു പൊരുത്തം ചൊല്ലി
പതിയും, പത്നിയും രണ്ടു കിടക്കയിൽ
പരുവം കിട്ട്യാ ജോൽസ്യന് കോളാ....!
മനമോടാത്ത കുമാർഗ്ഗവുമില്ല
കുമാർഗ്ഗമൊഴിഞ്ഞൊരു ചിത്തവുമില്ല
ഉദരനിമിത്തം ബഹുകൃതവേഷം
ഉള്ളതു പറയാം, ചിരി തൂകരുതേ...
നാളുകൾ നോക്കിയെടുക്കും ബന്ധം
നാരികളെത്ര വലഞ്ഞു കഷ്ടം
നാടുകളെത്ര തിരഞ്ഞെന്നാലും
നാട്ടാചാരം ഇങ്ങനെയുണ്ടോ..?
ചൊവ്വാദോഷം ചാർത്തി മുടിച്ചൊരു
ചൊവ്വാകാത്ത മനങ്ങളിതെത്ര....?
ചൊവ്വയിൽ പോയൂണു കഴിക്കാൻ
ചൊവ്വായിട്ടും, മാറ്റവുമില്ല.
പ്രായാധിക്യം പഴമ മൊഴിഞ്ഞാൽ
പ്രായം ചിന്തിച്ചതു തളളീടാം
പാന്റും, കോട്ടും ഇട്ട വസൂരികളീ-
പ്രകാരം ഇതെന്തൊരു കഷ്ടം..?
വേറൊരു കൂട്ടം നാട്ടിൽ മുഴുവൻ
വേദിയിലോതും ആദർശങ്ങൾ
വേളിക്കൊപ്പം രാത്രിയിലെത്തും
വേലി പൊളിച്ചും ജോൽസ്യന്നരികിൽ
പല്ലി ചിലച്ചാൽ, കാക്ക കരഞ്ഞാൽ
പൂച്ചകൾ വട്ടം ചാടി മറഞ്ഞാൽ
പിന്നൊരു പുകിലാണന്നൊരു ദിനവും
പൊയ്പ്പോയെന്നൊരു പരിവേദനവും
ആരെങ്കിലുമൊരു നൻമ പറഞ്ഞാൽ
അമ്മയൊരോട്ടമടുപ്പിൻ മൂട്ടിൽ
അൽപം മുളക് കറക്കിയൊരേറ്
"അയ്യോ "അവളുടെ കരിനാക്കാണേ"
ഒന്നാം തീയതി കേറാനായിട്ട്
ഒറ്റയൊരുത്തനും വീട്ടിൽ വരില്ല
ഒറ്റയൊരേറാ ബൈക്കിൽ നിന്നും
ഓർമ്മപ്പേടിയിൽ പത്രക്കാരൻ
ചില്ലിക്കടവും ചോദിച്ചതിരിൽ
ചൊവ്വാഴ്ച്ച കടക്കില്ലാരും
ചില്ലറ പോലും നൽകില്ലച്ഛൻ
ചൊവ്വല്ലത്രേ... ചൊവ്വാഴ്ച്ച..?
മലയാളിക്കിതു പുതുമയുമല്ല
മാതൃകയത്രേ ഗോഡ്സോൺ കൺട്രി...?
മകുടിയിലൂതും മധുരമനോഹര-
മാനസഗീതം, എന്തൊരു ഭംഗി..?
ഈക്കുളമാകെ തവളകളേപ്പോൽ
ഈ വിധമിങ്ങനെ ചിന്തിക്കുമ്പോൾ
ഇറങ്ങണം രാഹുവിൻ കാലം മുന്നേ
ഇന്നൊരു യാത്ര, പിന്നെക്കാണാം...!
© രാജേഷ്.ഡി..✍️

എന്റെ ഫോൺ

എന്റെ ഫോൺ
-------------------------®
ഓഫീസിലെ തിരക്കിനിടയിൽ, ഫോണിൽ ഭാര്യയുടെ ചിത്രം തെളിഞ്ഞപ്പോൾ , പെട്ടന്ന് കോളെടുത്തിട്ട്, ഫോൺ തോളിനും ചെവിക്കുമിടയിലേക്ക് ചേർത്തുവച്ച്, യാതൊരു മാർദ്ദവവുമില്ലാതെ സ്പീഡിൽ പറഞ്ഞു....!
" ടീ.... ഞാൻ നല്ല തിരക്കിലാ... പെട്ടന്ന് കാര്യം പറ..."
അപ്പുറത്തു നിന്ന് ഘനഗംഭീരമായ ഒരു പുരുഷശബ്ദം...? ഇനി അവളുടെ അച്ഛനെങ്ങാനും...? ദൈവമെ... വീട്ടിലെ അലമാരിയിലിരിക്കുന്ന ജോണിവാക്കർ...? കണ്ടാൽ കെളവനൊറ്റക്ക് തീർക്കും....?
"ഹലോ.. ആനന്ദ്... ആർ യു ഇൻ റെസിഡൻസ്...?"
"ഈശ്വരാ... പണി പാളി... " സീനിയർ മാനേജർ...ജയമോഹൻ സാറിന്റെ സ്വരമാണല്ലോ..?
"അല്ല സാർ.. ഇല്ല.. സാർ... ഞാൻ ഓഫീസിലുണ്ട് സാർ...'' വിക്കലുകളുടെ ഘോഷയാത്ര.... ഒരു തരത്തിൽ കാര്യം പറഞ്ഞ് ഫോൺ കട്ടു ചെയ്തു.
എന്നാലും ജയമോഹൻ സാറു വിളിക്കുമ്പോൾ എങ്ങനെ എന്റെ ഭാര്യയുടെ..ഫോട്ടോ...? പെട്ടന്ന് ഭാര്യയുടെ നമ്പർ അടിച്ചു നോക്കി. യ്യോ.... ജയമോഹൻ സാറിന്റെ ഫോട്ടോ...? വിളിക്കുമ്പോൾ ജയമോഹൻ സാറിനാണ് കോളു പോകുന്നത്... വീണ്ടും ജയമോഹൻ സാറിന്റെ നമ്പരിൽ വിളിച്ചു..! "ദേ... അവള് ഫോണെടുക്കുന്നു...???? ഇതെന്തൊരു മറിമായം...? കൂട്ടുകാരോട് പറഞ്ഞാലുണ്ടാകുന്ന കളിയാക്കലുകൾ... കായംകുളവും, ചായക്കടയും, പട്ടണപ്രവേശവുമൊക്കെ ഒരു നിമിഷം മനസ്സിൽ കൂടി മിന്നി മറഞ്ഞു.
തുടർന്നുള്ള നിരന്തരമായ ഗവേഷണത്തിലൂടെയും, അപാരമായ ബുദ്ധിയിലൂടെയും ഞാനാ ദു:ഖസത്യം ചൂഴ്ന്നെടുത്തു... ആരേ വിളിച്ചാലും കിട്ടുന്നത്, മറ്റൊരാളിനെയാണ്... ഫോൺ റ്റോട്ടലി... അൺ ഓർഡർ.... ഇഞ്ചൻ.. ഓട്ട് കംപ്ലിറ്റ്ലി....!
ഇന്ന് രാവിലെ സോഫ്റ്റ് വെയർ അപ്ഡേഷൻ ചെയ്യാനുള്ള നോട്ടിഫിക്കേഷൻ കണ്ടു. അപ്പോത്തന്നെ അപ്ലെ ചെയ്തു. അതിത്ര പുകിലാകുമെന്നാരറിഞ്ഞു..?
അപ്ഡേഷൻ കംപ്ലീറ്റായപ്പോൾ ഫോൺ റീസ്റ്റാർട്ടാകുമെന്ന് നേരത്തെ നോട്ടിഫിക്കേഷൻ കണ്ടിരുന്നു. എന്നാൽ കുറേ സമയമായിട്ടും റീസ്റ്റാർട്ടാകുന്നില്ല. പ്രസവമടുക്കാഞ്ഞപ്പോൾ ആകാംക്ഷ മൂത്ത് വയർ തിരുമ്മിയ ഗാന്ധാരിയെ പോലെ ഞാനും ഫോണിൽ ചില്ലറ സമ്മർദ്ദങ്ങൾ ചെലുത്തി. അത് പക്ഷെ പാതിയെത്തിയ സോഫ്റ്റ് വെയർ അപ്ഡേഡേഷന്റെ അബോർഷനിലാണ് കലാശിച്ചത്.
ഇപ്പോ ചെകുത്താന്റെയും, കടലിന്റെയും നടുക്കായ അവസ്ഥ. ഫോണിലെ ഒരു ഫംഗ്ഷനും കൃത്യമായി വർക്കു ചെയ്യുന്നില്ല. കോൺടാക്സും, മെസേജും ഒന്നും ഓപ്പണാകുന്നിമില്ല.
----------------------------------------------------------------
"സാർ, സോഫ്റ്റ് വെയർ കൃത്യമായി അപ്ഡേഷൻ ചെയ്യണം, ഡേറ്റാസ് എല്ലാം പോകും, കോൺടാക്സ് ജീമെയിലിലുള്ളതിനാൽ റിക്കവറി ചെയ്യാം... ഓക്കേ... സിം ഊരിയെടുത്തിട്ട് ഫോൺ ഇങ്ങു തരൂ..."
സ്മാർട് ഫോണിലെ സിം ഊരുന്നതിനുള്ള പിൻ നീട്ടിയിട്ട് കസ്റ്റമർ സർവ്വീസിലെ പെൺകുട്ടി സുന്ദരമായ ശബ്ദത്തിൽ മൊഴിഞ്ഞു.
" അതേ പോലെ മിനിമം ഒരു മണിക്കൂറെടുക്കും സാർ, ഈ ഫോം ഒന്നൊപ്പിട്ടിട്ട് പൊയ്ക്കോളൂ.... "
ഞാൻ ഫോമിലേക്ക് നോക്കി...
ഭാര്യയുടെ പ്രസവ സമയത്ത് ഓപ്പറേഷൻ തീയറ്ററിനു മുൻപിൽ വച്ച് പണ്ട് ഇതേപോലൊരു ഫോം ഒപ്പിട്ടിരുന്നു.. "എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല " എന്ന കാര്യം നൈസായിട്ട് അവതരിപ്പിക്കുന്ന ഫോം...!
വിറയാർന്ന കൈയ്യാൽ ഒപ്പിട്ടു കൊടുത്തിട്ട്, ആയുധം നഷ്ടപ്പെട്ട പടയാളിയെപ്പോലെ നഗരത്തിന്റെ തിരക്കിലേക്കിറങ്ങി.
എന്തോ ഒന്നു നഷ്ടപ്പെട്ടതു പോലെ...?നടക്കുന്നതിനിടയിൽ ഇടക്കിടക്ക്, ഫോൺ പോക്കറ്റിലുണ്ടോ എന്ന സംശയത്തിൽ മാറിലേക്ക് വീണ്ടും, വീണ്ടും കൈയ്യമർത്തിപ്പോകുന്നു..!
ജീവിതത്തിൽ ഏറ്റവും പ്രീയപ്പെട്ടതെന്താണെന്ന് ഇപ്പോൾ ആലോചിച്ചു പോകുന്നു..?
ഭാര്യയേയോ, പൊന്നുമക്കളേയോ, അച്ഛനേയോ, അമ്മയേയോ.... ഇത്രയും സ്നേഹിക്കുന്നുണ്ടോ..?
ഉണരുമ്പോൾ മുതൽ പാതിരാത്രി ഉറങ്ങുന്നത് വരെ സന്തത സഹചാരി..! പങ്കുവയ്ക്കുന്ന ഏതു വികാരത്തിനുമിടയിലെ മീഡിയേറ്റർ...! എല്ലാ രഹസ്യങ്ങളും കേൾക്കുന്ന, മറ്റാരോടും വിശദീകരിക്കാത്ത ഏക സുഹൃത്ത്.!
"ഈശ്വരാ.... ഫോണിനു നല്ലതു മാത്രം വരുത്തണേ..." നെഞ്ചുരുകിയുള്ള പ്രാർത്ഥനയാണ്...പെറ്റ തള്ള ആശുപത്രിയിൽ കിടന്നിട്ട്... ഇത്രയും മനസ്സുരുകി പ്രാർത്ഥിച്ചിട്ടില്ല... ദൈവത്തിന് കേൾക്കാതിരിക്കാനാകുമോ..?
ഒരു ഹോട്ടലിൽ കയറി ചായക്ക് ഓർഡർ ചെയ്തു. കുടിച്ചു കൊണ്ടിരുന്നപ്പോൾ മുൻപിലിരിക്കുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. അയാൾ അയാളുടെ മൊബൈലിലേക്ക് നോക്കി.. ചായ കുടിക്കുന്നു. ഇടക്ക് ഗ്ലാസ് താഴെ വച്ചിട്ട് വലതു കൈവിരൽ കൊണ്ട് സ്ക്രീനിൽ വലത്തോട്ട് നിരക്കുന്നു. പേജുകൾ മാറ്റുകയാണ്.
" ഹൊ.. " കൊതി തോന്നിപ്പോകുന്നു..! ഞാൻ വലതു കൈവിരലുകൾ വെറുതെ അന്തരീക്ഷത്തിലിട്ടു നിരക്കി...!
"എന്താ വേണ്ടത്...." ? സപ്ലയർ അടുത്തുവന്നു ചോദിച്ചു...!
"ഒന്നും വേണ്ട.. " ഞാൻ പറഞ്ഞു..
"പിന്നെന്തിനാ കൈയ്യാട്ടി വിളിച്ചത്...?" അയാൾ ദേഷ്യപ്പെട്ട് തിരികെപ്പോയി..!
"ങേഹ്...????"
ഒരു മണിക്കൂറിന് ശേഷം കസ്റ്റമർ കെയറിൽ തിരികെയെത്തി. ഫോൺ റെഡിയായിട്ടില്ല. പണ്ട് ഓപ്പറേഷൻ തിയേറ്ററിന്റെ വെളിയിൽ നിന്ന അതേ അക്ഷമയോടെ കസ്റ്റമർ ലോഞ്ചിൽ കാത്തിരുന്നു. ഒടുവിൽ അകത്തെ ഡോർ തുറന്ന് ഒരു ദൈവദൂതൻ സ്വർണ്ണത്തളികയിൽ ദാ എന്റെ ഫോണുമായി വരുന്നു....!
ഇരുപത്തെട്ടും, കുമ്പാളയുമില്ലാത്ത അവനെ കൈയ്യിലേക്ക് ഏറ്റു വാങ്ങിയപ്പോൾ, അപകടത്തിൽപ്പെട്ട കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയ ഒരു ഫീൽ....!
© രാജേഷ്.ഡി.

മരണവ്യാപാരികൾ

Image may contain: 1 person

കല്ലുകൾ കൂട്ടിയുരച്ചു തീ കത്തിച്ച
കാലത്ത് നമ്മൾ മനുഷ്യരത്രേ..!
വയറെരിഞ്ഞപ്പോഴും വെന്തമാംസം
മാത്രം ഭോജിച്ചിരുന്ന മനുഷ്യരത്രേ...!
അന്യഗ്രഹത്തിലിരുന്നിന്നു നാം തമ്മിൽ
ഉന്നം തൊടുക്കും ശരത്തിലെല്ലാം
പച്ച മാംസത്തിന്റെ ഗന്ധം പരത്തു-
വാനുത്തമമായ രസക്കൂട്ടുകൾ
കാണുന്നതൊക്കെയും കാഴ്ച്ചക്കു മാത്രമീ,
പൊള്ളച്ചിരികളിന്നുള്ളു ശൂന്യം.
വെള്ളം കൊടുക്കുമാ കൈകൾക്കു പോലു-
മിന്നുള്ളം കൊടുക്കാത്ത നാടകങ്ങൾ.
വംശീയതക്ക് നിറം പകർന്നാടുന്ന
മരണ വ്യാപാരികളിന്നു നമ്മൾ
രുധിര പാനത്തിനാലുൻമത്തമാം മനം, 
കരുതി വയ്ക്കുന്നതിതു, മോക്ഷമാർഗ്ഗം..?
ലാഭങ്ങളില്ലാതെ ലോകമില്ല,യെന്നാൽ
പോകുന്ന കൈകളൊഴിഞ്ഞു തന്നെ..
കാലങ്ങളെത്ര കടന്നു പോയി 
മനക്കോലങ്ങളീവിധമാർക്കു വേണ്ടി..?
© രാജേഷ്.ഡി..✍️

അളിയനു കിട്ടിയ എട്ടിന്റെ പണി

Image may contain: 1 person

"എനിക്കിവനെയങ്ങിഷ്ടപ്പെട്ടളിയാ..."
മൂന്നര വയസ്സുള്ള മകനേ എടുത്ത് പൊക്കിക്കൊണ്ട് അളിയൻ എന്നോടു പറഞ്ഞു...
"അങ്ങനെ പറഞ്ഞോർക്കൊക്കെ........... അവൻ എട്ടിന്റെ പണി കൊടുത്തിട്ടുണ്ടളിയാ..." ഞാൻ ചിരിച്ചു കൊണ്ടൂന്നി പറഞ്ഞു.
അപ്പച്ചിയുടെ മകൾ പ്രീയയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇന്നലെ വൈകുന്നേരം അവൾ ഭർത്താവിനോടൊപ്പം "നല്ല വിരുന്ന്" വന്നതാണ് ഞങ്ങളുടെ വീട്ടിലേക്ക്. ഗൾഫുകാരനായ അളിയൻ അതിന്റെ പകിട്ട് കാണിയ്ക്കാൻ സർവ്വാഭരണ വിഭൂഷിതനായാണ് വരവ്. ഇടതു കൈയ്യിലെ അഞ്ചു വിരലുകളും മോതിരങ്ങൾ കൊണ്ടലങ്കരിച്ചിരിക്കുന്നു. നടുവിരലിലെ വൈരക്കല്ല് മോതിരം എന്റെ മോതിരവിരലിലെ വെളുത്ത പാടിനെ നോക്കി പരിഹസിച്ചു ചിരിച്ചതു പോലെ..?
മാല പുറത്തു കാണിക്കാൻ വേണ്ടിയെന്ന വിധം രണ്ട് ബട്ടനുകൾ തുറന്നിട്ടിരിക്കുന്നു. തുടലു പോലെയുള്ള കയറു പിരിയൻ മാലയും, വലതു കൈയ്യിലെ ഘടാഘടിയനായ ചങ്ങലയും അളിയന്റെ പ്രതാപവും, എന്റെ ഭാര്യയുടെ സങ്കടവും വലുതാക്കുന്നു.
രാത്രി കിടന്നപ്പോൾ അവൾ, എന്റെ കൺകണ്ട സാമ്പത്തീക ദൈവങ്ങളെയൊക്കെ ഒടുക്കത്തെ പ്രാക്കാണ് പ്രാകിയത്." വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന്..." എന്ന സാർവ്വദേശീയഗാനം ഞാനിനി വീട്ടിൽ പാടിയാൽ " ലാലേട്ടനെതിരെ " കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞ് കുറേക്കരഞ്ഞു.
നിറയെ സ്വർണ്ണവുമായി വലതുകാൽ വച്ച് ഈ വീട്ടിലേക്ക് കയറി വന്ന അവളെ ഞാൻ ചതിക്കുകയായിരുന്നത്ര.?
തിരിച്ചടിക്കാൻ ഒരു വാക്ക് നോക്കിയിരുന്ന എനിക്ക് " ചതിച്ചു " എന്ന വാക്ക് ഒരത്യാധുനിക ആയുധമായി മാറി. അതിൽ പിടിച്ച് വേണമെങ്കിൽ, അമേരിക്കയെ പോലും ആക്രമിക്കാൻ ഞാൻ തയ്യാറായിരുന്നു.എന്നിട്ടും ഉള്ളിലുണർന്നു വന്ന ഉട്ടോപ്യൻ ഡയലോഗുകളെ പണിപ്പെട്ട് വന്ന വഴി തിരിച്ചയച്ചു. കാരണം വെള്ളിയാഴ്ച്ച ചിട്ടിപ്പൈസാ കൊടുക്കണമെങ്കിൽ ഈ പാട്ട് വീണ്ടും പാടേണ്ടി വരും.
ഇവിടെ ക്ഷമയും, സെന്റിയുമാണ് ശരണം. എല്ലാ ഭർത്താക്കൻമാരേയും പോലെ ഞാനും സെന്റിയായി....!
"ന്നാലും, പറഞ്ഞു കളഞ്ഞല്ലോ... കൂട്ടുകാരി.. നീ... ഞാൻ ചതിച്ചൂ... ന്ന് "
"എടാ അളിയാ... എന്റെ സ്വൊര്യ ജീവിതം തകർത്ത നിന്നോട് ദൈവം ചോദിച്ചോളും....." എന്നു മനസ്സിൽ പറഞ്ഞ്, അൽപം തുപ്പൽ വിരലാൽ തോണ്ടിയെടുത്ത് കൺപീലികളിൽ പുരട്ടി...!
അവൾ മൈൻഡു പോലും ചെയ്തില്ല.
അങ്ങനെ ആ രാത്രിയും അവസാനിച്ചു.
..................................................................
രാവിലെ കുളി കഴിഞ്ഞ് വന്നപ്പോൾ അളിയനും, പ്രീയയും കൂടി സ്വീകരണമുറിയിൽ ഒരുമിച്ചിരുന്നു പത്രം വായിക്കുന്നു. മകൻ ഇൻറ്റർനാഷണൽ വഴക്കാളിത്തരവുമായി കൂടെയുണ്ട്.
അവർ വായന നടത്തുന്ന പത്രത്തിൽ അവൻ കൈ കൊണ്ട് തല്ലുകയാണ്. ആദ്യമൊക്കെ അളിയനൊരു രസം തോന്നി... പിന്നെപ്പിന്നെ അത് പ്രീയയുടെ കണ്ണുരുട്ടലായ് മാറി..! എന്തു ഫലം...? അവൻ കൂടുതൽ ആക്രമണകാരിയായി മാറി...
"ടാ..."!!!! ഞാൻ ഒറ്റ അലറൽ....
അവൻ ഒറ്റയോട്ടം അടുക്കളയിലേക്ക്... അളിയനും പേടിച്ചു പോയി എന്ന് വ്യക്തം. പ്രീയക്ക് പിന്നെ നേരത്തെ മുതലെ എന്റെ സ്വഭാവം അറിയാമല്ലോ..?
"അളിയാ.... കുട്ടികളെയിങ്ങനെ ഭയപ്പെടുത്തരുത്.. അതവരുടെ മാനസീക നിലയെ ബാധിക്കും. തന്നെയുമല്ല കുട്ടികളോട് വളരെ സോഫ്റ്റായി മാത്രമെ പെരുമാറാവൂ... അവൻ കളിച്ചു വളരട്ടെ.......!"
സ്വീകരണമുറിയിലിരുന്ന പൂച്ച ദയനീയമായി എന്നെ നോക്കി... ഇനീ അവനെ കൂടുതൽ കളിക്കാൻ വിട്ടാൽ എന്റെ കഴുത്ത്....? എന്നാണാ നോട്ടത്തിനർത്ഥം..!
കഴിഞ്ഞയാഴ്ച്ച അയൽപക്കത്തെ ചേച്ചി സ്നേഹത്തോടെ അവനെ എടുത്തു കൊണ്ടു പോയതും, കക്കൂസ് കഴുകുന്ന ലോഷൻ അവനെടുത്ത് കിണറ്റിലിട്ടതും, ചേച്ചിയും, ചേച്ചിയുടെ മകളും കൂടി നിസ്സാരമായി മൂന്ന് മണിക്കൂർ നിർത്താതെ മോട്ടറടിച്ച് വെള്ളം വറ്റിച്ചതും, കൊണ്ടുപോയ സാധനം അതിലേറെ സ്നേഹത്തോടെ തിരിച്ചു കൊണ്ടുത്തന്നതും അഭിമാനത്തോടെ ഓർത്തു പോയി...!
ഞാനൊന്നും മിണ്ടിയില്ല. വിധിയെ തോൽപ്പിക്കാൻ വില്ലേജോഫീസർ വിചാരിച്ചാൽ പറ്റുമോ...? എന്ന ഭാവത്തിൽ ഒരുങ്ങാൻ പോയി.
"കൊച്ചേ.... എടീ.. നിങ്ങള് ഒരാഴ്ച്ച കഴിഞ്ഞു പോയാ മതി.. കേട്ടോ.."
ജോലിക്കു പോകാനൊരുങ്ങിയെത്തിയ ഞാൻ എല്ലാ ഗൃഹനാഥൻമാർ പറയുന്നതുപോലെ വിരുന്നുകാരിയോട് പറഞ്ഞു . ഒപ്പം പറയുന്നതു പോലെ അനുസരിക്കുമോ എന്നു ഭയപ്പെടുകയും ചെയ്തു.
"അമ്പലത്തിലെ ഉത്സവമൊക്കെ കഴിഞ്ഞിട്ട് പോയാ മതി.... ഇന്നാണ് ഘോഷയാത്ര... " ഏതോ ഒരു വഴി രംഗപ്രവേശനം ചെയ്ത അമ്മ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയുമടിച്ചു.
" അതേ... സുമൂ... നമുക്ക് രണ്ടീസം കഴിഞ്ഞു പാം...? ഇവിടുത്തെ അമ്പലത്തിലെ ഘോഷയാത്ര ഫെയ്മസാ..... എനിക്കതൊന്നു കാണണോന്നുണ്ട്..?
പ്രീയ, പാതി കൊഞ്ചലോടെ അളിയനോട് പറഞ്ഞു...
"Ofcourse........" അവളുടെ കൊഞ്ചൽ കണ്ട് അളിയൻ ഫ്ലാറ്റ്.!
ഇത് കണ്ടു കൊണ്ടുവന്ന ഭാര്യ എന്നെയൊന്നു നോക്കി, ഇടതു ചുണ്ടിന്റെയറ്റം ഒന്നു വക്രിച്ചു കാട്ടി എന്റെ പുറത്ത് വിശ്രമിച്ച ബാഗിലേക്ക് ടിഫിൻ ബോക്സ് നിക്ഷേപിച്ചു.
"ഭർത്താക്കൻമാരുടെ സ്നേഹം... കണ്ട് പഠിക്ക്.. " എന്നതാണ് ആ വക്രീരിന്റെ അർത്ഥമെന്ന് ടിഫിൻ ബോക്സിന്റെ ബാഗിലേക്കുള്ള വയ്ക്കലിന്റെ ശക്തിയിൽ നിന്ന് എനിക്കറിയാനായി.
ഒരു മാസമല്ലാ.... ആയൊള്ളോ....? പൊന്നളിയൻ ഇനി എത്ര ഫ്ലാറ്റുകൾ പണിയുമോ.... എന്തോ.?
"ഇന്നെങ്കിലും നേരത്തേ വരണേ..?" ഇറങ്ങുമ്പോൾ ഭാര്യയുടെ പരിഭവം.
" ഇല്ല, സിനിമാക്ക് പോയിട്ടേ വരൂ..."
തറുതലയും പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി.
.............................................................
വൈകീട്ട് ഇറങ്ങിയപ്പോൾ സമയം ഏഴ് മണി. നേരത്തെ ഇറങ്ങണമെന്ന് കരുതിയതാണ്, പക്ഷെ ഓഡിറ്റിങ് നടക്കുന്നതിനാൽ സാധിച്ചില്ല. ഇന്നു കട്ടകലിപ്പായിരിക്കും പെണ്ണുമ്പിള്ള.. ! മനസ്സിലുറപ്പിച്ചു. ഒരു പക്ഷെ എല്ലാവരും ഘോഷയാത്രക്ക് പോയിട്ടുണ്ടാവും...." ഈശ്വരാ.... കാത്തോണേ....!
വീട്ടിലേക്ക് ബൈക്ക് കയറ്റിയപ്പോഴെ ഞെട്ടി... രണ്ടു പേരും വരാന്തയിലുണ്ട്...
"ങേ.... ആരും അമ്പലത്തിൽ പോയില്ലേ..?"
ബൈക്ക് സ്റ്റാൻഡിൽ വയ്ക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു...!
"ചേട്ടനെന്താ ഫോൺ വിളിച്ചിട്ടെടുക്കാത്തത്..? എത്ര തവണ വിളിച്ചു....?" ഭാര്യയുടെ ദേഷ്യം നിറഞ്ഞ ചോദ്യം...!
"ശ്ശോ".....!!! ഫോൺ ചാർജ്ജു ചെയ്യാൻ CPU വിന് മുകളിൽ വച്ചിരിക്കുന്ന കാര്യം അപ്പോഴാണോർത്തത്
ഓഫീസിലെത്തിയാൽ സൈലന്റ് മോഡാക്കുന്നതിനാൽ ആരും വിളിച്ചതറിഞ്ഞതുമില്ല. ഓഡിറ്റിങ് ടീമിന് ഫയലുകൾ എടുത്തു കൊടുക്കുന്ന തിരക്കിൽ മൊബൈലിന്റെ കാര്യം മറന്നും പോയി.
"ഫോൺ ഓഫീസിൽ ചാർജ്ജു ചെയ്യാൻ കുത്തിയിട്ടിരിക്കുവാ... എടുക്കാൻ മറന്നു പോയി.... എന്താ.. എന്തു പറ്റി.... കുഞ്ഞെന്തിയേ...?"
പേടിയോടെ, ആകാംക്ഷയോടെ ഞാൻ ചോദിച്ചു...!
"കുഞ്ഞകത്തുണ്ട്... ക്ഷീണം കാരണം ഉറങ്ങുന്നു... " താടിക്ക് കൈ കൊടുത്ത് വരാന്തയിലിരുന്ന അമ്മ പറഞ്ഞു.
" അവരെന്തിയേ.... അളിയനും, പ്രീയേം...? അമ്പലത്തിപ്പോയോ..? ഞാൻ വീണ്ടും അമ്മയോടു ചോദിച്ചു.
" ങാ.... അവരിപ്പോ തിരിച്ചു പോയി.... " അമ്മ കാൽമുട്ടിൽ കൈ ചേർത്ത്, ബദ്ധപ്പെട്ട് എഴുന്നേറ്റ് അകത്തേക്ക് നടന്നു..
" അവരു പോയോ.... എന്താടി.... എന്തു പറ്റി.. "...? എനിക്ക് ദേഷ്യം വന്നു തുടങ്ങി.
" ചേട്ടൻ ഇങ്ങോട്ടു വാ.... പറയാം...!" അവൾ ബാഗ് തോളിൽ നിന്ന് വാങ്ങി അകത്തേക്ക് നടന്നു. ഞാൻ ആശങ്കാകുലനായി പുറകേയും...!
കിടപ്പുമുറിയിലേക്ക് കയറിയയുടനെ ഭാര്യ കതക് ചാരി, എന്നിട്ടെന്റെ കൈയ്യിൽ പിടിച്ച് കട്ടിലിൽ ബലമായിരുത്തി... എന്നിട്ട് പറഞ്ഞു..
" ഇന്ന് മോനൊരു പണി കാണിച്ചു... "
" അതിൽ വെല്ല്യ പുതുമയൊന്നുമില്ലല്ലോ... ഇന്നെന്താ..?" കട്ടിലിൽ രണ്ടു കയ്യും, കാലും മലർത്തി കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി ഞാൻ ചോദിച്ചു.
" അതേ...... " ഭാര്യ രഹസ്യം പറയുന്നതുപോലെ ചെവിക്കരികിലേക്ക് വന്നു.
"വൈകിട്ട് സുമേഷ് ചോദിച്ചു.. അമ്പലത്തിൽ അവർ രണ്ടു പേരും കൂടിപ്പോകുമ്പോൾ കുഞ്ഞിനെക്കൂടി കൊണ്ടു പൊയ്ക്കോട്ടേയെന്ന്..., ഒത്തിരി നേരം ചോദിച്ചപ്പോൾ ഞാനും, അമ്മയും സമ്മതിച്ചു. അവന് കുസൃതിയുണ്ട്, നന്നായി ശ്രദ്ധിക്കണമെന്നും അമ്മ പറഞ്ഞു.. "
ഭാര്യ ശ്വാസമെടുക്കാനായി ഒന്നു നിർത്തി.
" എന്നിട്ട്.. "?
" വൈകിട്ടത്തെക്കിനുള്ള ആഹാരമൊക്കെയുണ്ടാക്കി, ആറ് മണിക്ക് ശേഷമാണ് ഞാനുമമ്മയും ഇറങ്ങിയത്. അപ്പോഴേക്കും ഘോഷയാത്ര അമ്പലത്തിലെത്തിയിരുന്നു. തൊഴുതതിനു ശേഷം സുമേഷ്, ഒരു കൈയ്യിൽ കുഞ്ഞിനെയുമെടുത്തു കൊണ്ട്, പ്രീയയുടെ കൈയ്യും പിടിച്ച് ഘോഷയാത്രയുടെ തിരക്കിലേക്ക് കയറി. ആൾക്കാരുടെ ഉന്തിലും, തള്ളിലും പെട്ടു നീങ്ങവെ... തൊട്ടു മുൻപിൽ പോയ സ്ത്രീ തിരിഞ്ഞു നിന്ന് സുമേഷിന്റെ കരണക്കുറ്റിക്ക് ഒറ്റയടി....!!!!!
കണ്ണു കലങ്ങിപ്പോയ സുമേഷിന്റെ മുഖത്തേക്ക് കൈ ചൂണ്ടി ആ സ്ത്രീ അലറിയത്രേ.... ?
" കുറേ നേരമായി ഞാൻ സഹിക്കുന്നു... നിന്റെ നെഞ്ചത്ത് പിടുത്തം... മേലാൽ................! ഒരു പെണ്ണിനോടും.. ഈ തോന്ന്യാസം കാണിക്കരുത്.." എന്ന്...????
"യ്യോ..." എന്റെ കണ്ണു മിഴിഞ്ഞു പോയി.. " അളിയൻ അത്തരക്കാരനാണോ...?"
" ന്റെ....... പൊന്നു ചേട്ടാ..... അതൊന്നുമല്ല കാര്യം... നമ്മുടെ കുഞ്ഞ് പിടിച്ചതാണന്നാ.. സുമേഷ് കരഞ്ഞുകൊണ്ട് പറയുന്നത്...!"
" കുഞ്ഞോ.... " ?????? എനിക്ക് ചിരിയും, കരച്ചിലും കൂടി ഒരുമിച്ച് വന്നു...!
" എന്നിട്ടവളെന്തു പറഞ്ഞു... പ്രീയ..?"
" അവളെന്തു പറയാൻ... മുഖത്ത് ചോരമയമില്ലാതെയാ അവള് തിരികെ വന്നത്. വന്നയുടനെ പോകുകയാണന്ന് പറഞ്ഞ് അവളിറങ്ങുകയും ചെയ്തു.. അവനും, പ്രീയേന്നു വിളിച്ച് പുറകെ....! അതു പറയാനാ ഞാൻ ചേട്ടനെ വിളിച്ചത്....! "
ഞാൻ വീണ്ടും മോന്റെ മുഖത്തേക്ക് നോക്കി... ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിവേരു പിഴുതെടുത്തിട്ട് അവൻ നിഷ്ക്കളങ്കമായി ഉറങ്ങുന്നു...!!!
എന്തു പറയാൻ.. അല്ലങ്കിൽ തന്നെ ഇനി പറഞ്ഞിട്ടെന്തു കാര്യം.. മരണം വരെ തുമ്മാനായിരിക്കും എന്റെ വിധി...?
(അനുഭവമല്ല, കഥ മാത്രം)
© രാജേഷ്.ഡി..✍️

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo