Showing posts with label FolkSong. Show all posts
Showing posts with label FolkSong. Show all posts

പൊഴിഞ്ഞ മാമ്പൂവ്!

Image may contain: Rajesh Damodaran

----------------------------------●
എനിക്കൊരിത്തിരി കാരിയം നിന്നോടു പറയുവാനുണ്ടെടീ, പെണ്ണാളെ പറയുവാനുണ്ടെടീ!
തനന്ന തന്നന തന്നാനാനന തനന്ന തന്നാനാ, തന്നാനാ തനന്ന തന്നാനാ!
കരിമഷിതേച്ച മിഴിയിൽ നോക്കുമ്പോ, മൊഴി മറന്നോടീ, പെണ്ണേ ഞാൻ മൊഴി മറന്നോടീ! (തനന്ന തന്നന)
വിരിഞ്ഞചുണ്ടിന്റെ ചൊമപ്പു കാണുമ്പോ
മനം തുടിക്കുന്നെടീ പെണ്ണേയെൻ മനം തുടിക്കുന്നെടീ! (തനന്ന തന്നന)
പഴുത്ത ചാമ്പക്കാ തുടുത്തപോലെയാക്കവിൾത്തടം കാണുമ്പോ പെണ്ണേയെന്നകം വിറയ്ക്കുന്നെടീ.! (തനന്ന തന്നന)
തറഞ്ഞുകേറുന്ന കൊരുത്ത നോട്ടത്തിലകം മുറിഞ്ഞോടീ, പെണ്ണേയെന്നകം മുറിഞ്ഞോടീ.? (തനന്ന തന്നന)
കനവിലെത്രയോ കഥകൾ ചൊല്ലിയെൻ കരളിലായവളെ പെണ്ണേയെൻ മനമറിഞ്ഞോടീ.? (തനന്ന തന്നന)
കൊതുമ്പുവള്ളത്തിൽത്തുഴഞ്ഞു പോകുമ്പോളടുത്തിരിക്കുമോടീ പെണ്ണേയെന്നടുത്തിരിക്കുമോടീ.? (തനന്ന തന്നന)
തനിച്ചുകാണുന്ന വഴിക്കടവിൽ ഞാനൊളിച്ചു നിന്നതല്ലേ, പെണ്ണേ പ്രേമം തുടിച്ചു നിന്നതല്ലേ..?
(തനന്ന തന്നന)
കടന്നുവന്നതാ ഒരുത്തനോടൊപ്പം ചിരിച്ചുകുഴഞ്ഞു നീ, കൊഞ്ചൽ കേട്ടു തരിച്ചുനിന്നുപോയ് ഞാൻ! (തനന്ന തന്നന)
തുടിച്ചനൊമ്പരം വടിച്ചുമാറ്റി ഞാനൊതുങ്ങി നിന്നീടവെ, പെണ്ണേ നീ കടന്നു പോയീടവേ..! (തനന്ന തന്നന)
വടക്കെമുറ്റത്തു പൊഴിഞ്ഞ മാമ്പൂ പോൽകൊഴിഞ്ഞതീമോഹവും, പെണ്ണേ ഞാനൊഴിഞ്ഞു പോകുന്നെടീ!
(തനന്ന തന്നന)
രാജേഷ് ദാമോദരൻ

ശകടചാലകൻ★ശീതങ്കന്‍ തുള്ളല്‍ (മല്ലിക)


ശങ്കരാത്മജനിന്നു നമ്മുടെ സങ്കടങ്ങളൊഴിക്കണം 
ശങ്കരാ മമ രക്ഷ ചെയ്യുക കവിതവന്നുഭവിക്കുവാൻ
പങ്കജത്തിലിരുന്നു സദ്ഗതി- യേകിടുന്ന സരസ്വതി
ശങ്കതീർന്നു വസിക്കുകെന്നുടെ ജിഹ്വതന്നിലരക്ഷണം!
വീട്ടിലുള്ള കടങ്ങളാൽ പണിപാളിവന്ന ദശാന്തരേ
നാട്ടിൽ നിന്നു കടന്നുഞാനൊരു ഫ്രീവിസയ്ക്കു മലേഷ്യയിൽ
കൂട്ടരൊത്തു വസിച്ചു പലവിധ ജോലിയൊക്കെയെടുക്കവേ
നാട്ടുകാരുടെ പൈസവാങ്ങി- യതൊക്കെ നല്കി മടക്കിഞാൻ
പട്ടിനക്കിയ തലവിധിക്കൊരു മാറ്റമാക്കിയെടുക്കുവാൻ
ചിട്ടയോടെ പണിക്കുപോയതി- ലൊട്ടു നോട്ടുലഭിച്ചതും
വീട്ടിലാക്കിയതിന്നു നല്ലൊരു കെട്ടിടംപണിതോർക്കണം
പൊട്ടിമുഴുവനുമക്ഷരാർത്ഥമൊരു പത്തുലക്ഷമുറുപ്പിക
ഇല്ല നമ്മുടെ കയ്യിലിന്നിയൊരു ചില്ലിപോലുമെടുക്കുവാൻ
വല്ല ജാതിയുമെത്തിവീണ്ടുമടുത്ത ഫ്ലൈറ്റിനു ദുബ്ബയിൽ
ചില്ലറപ്പണിയല്ല ദുബ്ബയിൽ നല്ല ജോലി ലഭിക്കുവാൻ
ഇല്ല ശമ്പളമധികമെങ്കിലു- മൊത്തു വേല തുണിക്കടേൽ
അങ്ങനൊരുവിധമാടലൊക്കെ യൊതുക്കി ഞാൻ പണിചെയ്യവെ
ചിങ്ങമാസമടുത്തു നമ്മുടെയെഗ്രിമെന്റു കഴിഞ്ഞഹോ
തിങ്ങിവന്ന കരച്ചിലൊക്കെയൊതുക്കി ഫ്ലൈറ്റിനു കേറി ഞാൻ
വീട്ടിലെത്തിയകാലമങ്ങനെ യാഴ്ച്ച രണ്ടുകഴിഞ്ഞവാർ
കൂട്ടുകാരനുമെത്തിയോതിയൊരു പെണ്ണുകാണുക നീയെടോ
പെണ്ണുകണ്ടു നമുക്കുമിഷ്ട മതീവസുന്ദരി ജാനകി
തിണ്ണമങ്ങുനടത്തുവാൻ ധൃതി പെണ്ണുവീടിനലംകൃതി
കാശുകിട്ടിയൊരു പത്തു ലക്ഷവുമത്ഭുതം മമ സ്ത്രീധനം
കീശവീർത്തനുകൂലമായി മമ മംഗലം പൊടിപൂരമായ്
വീശി ബാറിലിരുന്നു ചില്ലറ ബിയറു കൂട്ടരുമായി ഞാൻ
മോശമായി നടക്കവേയൊരു ചാൻസുവന്നിതു സൗദിയിൽ
സങ്കടം സഹിയാഞ്ഞു ജാനകി മുട്ടുകുത്തിയിരുന്നുപോയ്
സങ്കടത്തൊടു ഞാനുമിങ്ങിഹ സൗദിയിൽ പണിചെയ്യവേ
പങ്കജാക്ഷി മമ വലഭയ്ക്കൊരു ചിന്തിതം വലിയ കാറിനായ്
ശങ്കമാറ്റിയൊരു കാറെടുത്തവളുമോട്ടുവാനറിയില്ല പോൽ!
ഇംഗിതജ്ഞ പുനരോർത്തുചൊല്ലിയൊരു ഡ്രൈവറെ നിയമിക്ക നാം
ഇംഗിതം മുറപോലെകിട്ടിയൊരു സുന്ദരൻ ശകടചാലകൻ
വണ്ടിയേറിനടന്നു സുന്ദരിഭൈമി ജാനകിയൊട്ടുനാൾ
ഒട്ടുനാളുകഴിഞ്ഞു താതനു മെന്നെയൊന്നു വിളിച്ചുടൻ
ഞെട്ടിയാർത്തുകരഞ്ഞു ഞാനൊരു തട്ടുകിട്ടിയ മാതിരി
കെട്ടിയോളുചതിച്ചെടാ പണികിട്ടി നമ്മുടെ ഡ്രൈവറാ!!
പെട്ടിയൊക്കെയെടുത്തു പോയവൾ കൂട്ടിനായ് ശകടചാലകൻ!!
------------------------------------------
//സജി കണ്ണമംഗലം//

ഏന്റെ കിടാത്തി:


ഏനും കിടാത്തിയും ഓണനിലാവത്ത്
പാടവരമ്പത്തിരുന്നു ഒറ്റമുണ്ടിന്റെ കോന്തല കൊണ്ടോള് മാറ് മറച്ചങ്ങിരുന്നു മാറ് മറച്ചങ്ങിരുന്നു
വെറ്റിലചെല്ലത്തിൽ നിന്നും രണ്ട് വെറ്റില തപ്പിയെടുത്തു പച്ചനാമ്പു ള്ളൊരാ വെറ്റിലയിൽ ഓള് ചുണ്ണാമ്പ്
തേച്ചങ്ങ് വച്ചു
കൂടെ പുകയില കുനുകുനേ കുനുകുനേ കീറി മുറിച്ചതും ചേർത്ത് വെട്ടിമുറിച്ചൊരാ പാക്കിൽ നിന്നും പാതിയെടുത്തോളു തന്നു നാലും കൂട്ടി
മുറുക്കി തുപ്പിയ ലഹരിയിലേനുമിരുന്നു
ഓള് കണ്ണീല് നോക്കിയിരുന്നു ഏന്റെ കണ്ണീല് നോക്കിയിരുന്നു..........................
ഇന്നലെ കണ്ടൊരാ ചൊപ്പനത്തിന്റെ
കാരിയം ഏനൊന്നു ചൊല്ലി കാരിയം കേട്ടതും അയ്യോ കിടാത്തി പൊട്ടിച്ചിരിച്ചങ്ങിരുന്നു പിന്നെ പൊട്ടിപൊട്ടി കരഞ്ഞു പോയ കാലത്തിന്റെ ഓർമ്മയിലേനും പൊട്ടി തകർന്നങ്ങിരുന്നു ഓളേ മാറോടണച്ചങ്ങിരുന്നു......
കൂട്ടരും ഏനും കിടാത്തിയും കൂടന്ന്
ഉഴുതു മറിച്ചോരാ കണ്ടത്തില് വിത്തുകൾ പാകി അതു പിന്നെ ഞാനായി ഞാറു നടുന്നതും ഓർത്തു പോയി നട്ട ഞാറിൽ വന്ന കളകൾ പറിച്ചതും കതിരുകൾ നെല്ലായ് വിളഞ്ഞ കാലം നെൽമണി കൊത്തി പെറുക്കാൻ പനം തത്തകൂട്ടമായ് വന്നത് കണ്ട നേരം ഓടിയണഞ്ഞോള്
ആട്ടി പായിച്ചു എണ്ണ കറുപ്പുള്ള ഏൻ കിടാത്തി......................
എണ്ണ കറുപ്പുള്ള എന്റെ കിടാത്തി
ഇന്നിതാ പേക്കോലമായി മാറി
എങ്കിലും ചൊല്ലട്ടേ ഏന്റെ കിടാത്തി നീയെന്നുംഏനുടെ എണ്ണ കറുമ്പി
ഏനുടെ ചൊന്തം എണ്ണ കറുമ്പി
ഏനുടെ ചൊന്തം എണ്ണ കറുമ്പി.,,,,,,,
....................... സുരേഷ്. കാരാട്.

നാടൻപാട്ട്


നെന്മണികൊയ്യാൻ പോരുന്നോപെണ്ണെ
നെൽപ്പാടമിന്നില്ലല്ലോ പൊന്നെ
പൂമരംകാണാൻ പോരുന്നോപെണ്ണെ
പുങ്കാവനമിന്നില്ലല്ലോ പൊന്നെ
കിളിമൊഴികേൾക്കാൻ പോരുന്നോപെണ്ണെ
കിളിക്കൊഞ്ചലിന്നില്ലല്ലോ പൊന്നെ
ആമ്പലുനുള്ളുവാൻ പോരുന്നോപെണ്ണെ
ആമ്പൽക്കുളമിന്നില്ലല്ലോ പൊന്നെ
ഊയലാടാൻ പോരുന്നോപെണ്ണെ
ഊഞ്ഞാലുമിന്നില്ലല്ലോ പൊന്നെ
തെയ്യംകാണാൻ പോരുന്നോപെണ്ണെ
തെയ്യക്കോലമിന്നില്ലല്ലോ പൊന്നെ
പൂരംകാണാൻ പോരുന്നോപെണ്ണെ
പൂരപ്പറമ്പൊഴിഞ്ഞല്ലോ പോന്നെ
ആട്ടമാടാൻ പോരുന്നോപെണ്ണെ
ആട്ടവിളക്കുകൊളുത്തു പൊന്നെ
മോദമായാടാൻ പോരുന്നോപൊന്നെ
ആടിക്കളിച്ചങ്ങുപോയിടാം കണ്ണേ...
ജയൻ വിജയൻ
6/09/2016

നാട്ടുമ്പുറം


നാടൻ പാട്ടിൻ
ശീലുണ്ടെങ്കിൽ
നാലുകണ്ടം....
തനിയെക്കൊയ്യാം.
നാഴിക്കുത്തരി-
യിട്ടുതിളച്ചാൽ
നാലുനേരം...
കഞ്ഞികുടിക്കാം.
നാടൻ ചേമ്പും
ചീരയുമായി
നാലുകൂട്ടം...
കറിയൊരുക്കാം.
നാക്കിലവെട്ടി
ഉണ്ടുകഴിഞ്ഞാൽ
നാലും കൂട്ടി.....
മുറുക്കിത്തുപ്പാം.
നാലും കൂട്ടി
മുറുക്കിച്ചോന്നാൽ
നാടൻപായിൽ....
ഒന്നു മയങ്ങാം.
നാലുമണിപ്പൂ...
ചിരിച്ചുകണ്ടാൽ
നാടൻകള്ളും...
തേടിപ്പോകാം.
നാടൻ സ്വൽപ്പം
അകത്ത്ചെന്നാൽ
നാലുകാലിൽ...
തിരിച്ചുപോരാം.
നാലുകാലിൽ
ആയെന്നാലോ
നാട്ടുകാരെ....
തെറിവിളിക്കാം

By: 

Yem Yemmen

നാടൻ പാട്ട്


മീൻമിഴിയാളേ തേൻമൊഴിയാളേ
പൂവിളികേട്ടില്ലേ?
താരകരാജൻ പുഞ്ചിരിതൂകുന്ന
നേരമതായില്ലേ?
പൂവിളികേട്ടില്ലേ?
മധുവൂറ്റിമത്തനായ് ചാഞ്ഞുപറക്കുന്ന
വണ്ടിനെ കണ്ടില്ലേ?
കാറ്റിനാൽ മാടി വിളിക്കുന്ന തെച്ചിപ്പൂക്കുല കണ്ടില്ലേ?
പൂവിളി കേട്ടില്ലേ?
നല്മണമേറ്റിയുണർന്നിരിക്കുന്നോരു
ചെമ്പകം കണ്ടില്ലേ?
മഞ്ഞിൻ കണങ്ങളോ വെട്ടിത്തിളങ്ങുന്ന നേരമതായല്ലോ,
പെണ്ണേ , പൂക്കള് നുള്ളേണ്ടേ,?
പൂക്കളം തീർക്കേണ്ടേ?
മാവേലിത്തമ്പ്രാൻ നാടുകാണാനായ് വന്നെത്തിടും കാലം,
ഇത് കേരളപ്പൂക്കാലം.
വട്ടത്തിൽ വീടിന്റെ മുറ്റത്തിലായൊരു പൂക്കളം തീർക്കേണം.
പെണ്ണെ, പൂവിളി കേട്ടില്ലേ
ആർപ്പുവിളികളും കൊട്ടും കുരവയും
ഉത്സവമാകേണം.
നമ്മുടെ ആദ്യത്തെ ഒാണമല്ലേ?
ഒാണസ്സദ്യയൊരുക്കേണ്ടേ?
പെണ്ണെ ,നീയുണർന്നീടില്ലേ?
മീൻമിഴിയാളേ തേൻമൊഴിയാളേ
പൂവിളികേട്ടില്ലേ?
താരകരാജൻ പുഞ്ചിരിതൂകുന്ന
നേരമതായില്ലേ?
പൂവിളികേട്ടില്ലേ?
_________________________
രമേഷ് കേശവത്ത്...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo