Showing posts with label DrAnuja. Show all posts
Showing posts with label DrAnuja. Show all posts

പീഡനം - ( ലേഖനം )


ഫസ്റ്റ് റാങ്ക് അടിച്ചേ എന്ന ലാഘവത്തോടെയാണ് പലരും വർഷങ്ങൾക്കിപ്പുറം
"പീഡിപ്പിച്ചേ, സ്ഥലവും വിവരങ്ങളും ഉൾപ്പെടെ പറയാവേ "

ഇത്തരത്തിൽ വാർത്തകളിൽ നിറയുന്ന പീഡനവിധേയരോട് ഒരു ശരാശരി മലയാളിക്ക് പറയാൻ ചിലതുണ്ട്.(വിധിയുടെ ക്രൂരതയിൽ മുറിവേൽക്കപ്പെട്ടവരെ ഇതു നിങ്ങളെ ഉദ്ദേശിച്ചല്ല )

ആദ്യമൊന്നും പീഡനമാണ് നടക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല പോലും, പാവം, പിന്നീടെപ്പോഴോ ഒരു സുപ്രഭാതത്തിൽ മനസിലാക്കി കളഞ്ഞു,
തെറ്റു പറയാനാവില്ല,കാര്യങ്ങൾ ഒന്നും തിരിച്ചറിയാത്ത പ്രായമായിരുന്നു കാണണം!അതെങ്ങനെ ശരിയാകും സ്ഥലവും മറ്റുമൊക്കെ കൃത്യമായിട്ട് അറിയാല്ലോ, ശേ, വെറുതെ, ഒന്നും അറിയത്തില്ലെന്നേ,

അടുത്തിടെ കാണാനിടയായ ഒരു അഭിപ്രായം കൂടെ ചേർക്കുന്നു.

"ചാൻസ് തരാമെന്ന് പറഞ്ഞു പീഡിപ്പിച്ചു, ഒരു വർഷമായി ഭീക്ഷണിപെടുത്തി പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞ് മാധ്യമ ശ്രദ്ധ പിടിക്കാനും വ്യക്തിവൈരാഗ്യം തീർക്കാനും പീഡനം ഒരു ആയുധം ആക്കി എടുത്തപ്പൊ ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി. പണ്ടൊക്കെ പീഡനം എന്ന് പറഞ്ഞാൽ എല്ലാരും ഒറ്റ കെട്ടായി പെണ്ണിന്റെ കൂടെ മാത്രം നിൽക്കും പക്ഷെ ഇപ്പൊ fake rape കേസുകൾ കാരണം ജീവിതം തകരുന്നവരാണ് ബഹുഭൂരിപക്ഷവും അതുകൊണ്ട് ആളുകൾ തുടർച്ച ആയി പീഡിപ്പിച്ചെന്നൊക്കെ പറയുന്ന പരാതികൾ സംശയത്തോടെ കാണുന്നത്."

നിലവിലെ സാഹചര്യത്തിൽ, മേൽപ്പറഞ്ഞ അഭിപ്രായം ശെരി വയ്ക്കുന്നവരാണ് ഏറെപേരും.

മന്ത്രിയും സംവിധായകനും എന്നു വേണ്ട പ്രമുഖർ ഒക്കെ തങ്ങളെ പീഡിപ്പിച്ചു എന്നും പറഞ്ഞു കാലങ്ങൾ കഴിയുമ്പോൾ സമൂഹമാധ്യമങ്ങളിൽ തുറന്നു പറച്ചിൽ സീൻ ചെയ്യുന്നവരെ നിങ്ങളോട് പുച്ഛം മാത്രം. നിങ്ങളുടെ ആവശ്യങ്ങൾ കഴിയുമ്പോൾ പീഡനവും മറ്റുമായി വാർത്തകളിൽ ഇടം നേടാനുള്ള ഈ പരിപാടി അങ്ങു നിർത്തരുതോ, പ്രതികരിക്കേണ്ടിടത്തു നിശബ്ദരായിട്ട് കാലം കഴിയുമ്പോൾ മാത്രം സുബോധം വരുന്ന ഈ ഏർപ്പാടങ്ങു നിർത്തരുതോ , നീതി അർഹിക്കുന്നവരോടൊപ്പം സമൂഹം എന്നുമുണ്ടാകും.

നിങ്ങളുടെ പ്രഹസനങ്ങൾ കണ്ടു മടുത്തു, ഇവിടെ നീതി നിഷേധിക്കപ്പെടുന്ന ഒരുപാടു കുഞ്ഞുങ്ങളുണ്ട്, സ്ത്രീകളുണ്ട്, കുടുംബങ്ങളിൽ നിന്നു പോലും ക്രൂരതയേറ്റു വാങ്ങേണ്ടി വന്ന പാവങ്ങൾ,

പീഡന വാർത്തകൾ നിരന്തരം കേൾക്കുന്നോണ്ട് ഇന്നെല്ലാവർക്കും അതൊരു വിഷയമല്ല, രാവിലെ തൊട്ടു രാത്രി വരെ പീഡനവും തുറന്നു പറച്ചിലുമാണ്. ഇതിനിടയിൽ സമൂഹത്തിന്റെ ഇടപെടൽ വേണ്ടതായ പലതിനോടും ആൾക്കാർക്ക് പതിവ് നിസ്സംഗതാ മനോഭാവവും.

മുൻപൊക്കെ പീഡിപ്പിച്ചു എന്നു കേൾക്കുന്നതു പോലും വേദനയോടെ ആയിരുന്നെങ്കിൽ ഇന്നതല്ല സ്ഥിതി. എന്തോ prestige matter പോലാണ് പല തുറന്നുപറച്ചിലുകളും.ഇതിനൊരു അവസാനമില്ലേ എന്നു തോന്നിപ്പിക്കുന്ന വിധം.
പീഡനവിധേയയായ ആളോട് അവർക്ക് വേദനയോ അഭിമാന ക്ഷതമോ ഒന്നുമുണ്ടാകാതെ വേണം മൊഴി രേഖപെടുത്താൻ എന്ന നിബന്ധന പോലും തങ്ങൾക്ക് വേണ്ടെന്ന നിലപാടിൽ

" നിങ്ങൾ ചോദിച്ചില്ലേലും ശെരി വള്ളി പുള്ളി വിടാതെ പീഡന കഥകൾ പറയാനായി ready ആയി ഒരു കൂട്ടരും. കൃത്യം നടന്നു കഴിഞ്ഞപ്പോൾ പരാതിപ്പെടാനോ ഒന്നും മെനെക്കടാണ്ട് വർഷങ്ങൾ കഴിയുമ്പോൾ പീഡനമെന്നും പറഞ്ഞു മാധ്യമ ശ്രദ്ധ ലഭിക്കാൻ ഇത്തരത്തിൽ ഇറങ്ങി തിരിക്കുന്നവരെ ശിക്ഷിക്കാൻ നിയമം വല്ലോമുണ്ടായിരുന്നെങ്കിലെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരെ പ്രതിനിധികരിച്ചു.

Dr. Anuja Joseph,
Assistant Professor
Trivandrum.

സ്നേഹത്തെ കളങ്കപ്പെടുത്താതിരിക്കുക


ഉടുപ്പ് അങ്ങോടോ ഇങ്ങോടോ മാറികിടന്നാൽ ആർത്തിയോടെ ആ ശരീരഭാഗത്തേക്കു ആരേലും നോക്കുന്നുണ്ടേൽ അതൊരു പെൺശരീരമെന്നു സാരം.ഇന്നത്തെ കാലമായൊണ്ട് പ്രായവും വിഷയമല്ല,പെണ്ണായാൽ മതി.പിഞ്ചു കുഞ്ഞുങ്ങൾ മുതലിങ്ങോട് ഇരയാക്കപ്പെട്ടവരുടെ എണ്ണം കൂടുന്നതല്ലാണ്ട് ഒരു മാറ്റവുമില്ല.കൂട്ടബലാൽസംഗം ഇന്ന് വാർത്തകളിൽ ഒന്നോ രണ്ടോ ദിവസത്തേക്കുള്ളത് മാത്രം.
ഡൽഹിയും ഹൈദ്രാബാദും എന്നു വേണ്ട രാജ്യത്തു ഇന്ന് നടക്കുന്ന ഓരോ കൂട്ടബലാത്സംഗവും തുടർമരണങ്ങളും നമ്മളിൽ ഭീതി ജനിപ്പിക്കുന്നത് ഇന്നത്തെ അരക്ഷിതാവസ്ഥയാണെന്നതിൽ മാറ്റമില്ല.
നെഞ്ച് വിറപ്പിക്കുന്ന നിയമം വരണം,കാമവെറി പൂണ്ട നായ്ക്കളെ തല്ലിക്കൊല്ലണം,കത്തിക്കണം,ഇങ്ങനെ വികാരവിസ്ഫോടനങ്ങൾ നമ്മൾ ഇനിയും നടത്തും.ഇത് കഴിഞ്ഞാൽ ഈ അരുംകൊലകൾ അവസാനിക്കുമോ.
കഴിഞ്ഞ ദിവസം ഒരു വ്യക്തി എന്നോട് പറഞ്ഞ വാചകം "ഇനിയിപ്പോൾ നിങ്ങളുടെ എഴുത്തു വായിച്ചു നാട്ടിൽ ആരും കൊലചെയ്യാണ്ടിരിക്കുവല്ലേ,ഇതൊക്കെ ആവർത്തിക്കപെടും"
ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ മനുഷ്യന്റെ മനസ്സ് നന്നാകണം,മൃഗത്തിൽ നിന്നു മനുഷ്യനിലേക്ക് തിരിച്ചു വരണം.
എരിവും പുളിയും തിരുകികയറ്റിയ മസാലപ്പടങ്ങൾ ദിനംപ്രതി കണ്ടു രസിച്ചു തലച്ചോറ് മുഴുവൻ പെണ്ണുടലിനെ പ്രാപിക്കാനുള്ള ആവേശത്തിൽ ,മുന്നിൽ നിൽക്കുന്ന ഇരയോട് എന്ത് സഹാനുഭൂതി.അത് വല്ലോരുടെയും കുഞ്ഞായാലെന്തു,സ്വന്തം ചോരയായാലും പ്രശ്നമില്ല.
ആവേശം തീർത്തു,കത്തിച്ചു കളഞ്ഞപ്പോഴും അവന്റെയൊന്നും മനസ്സു പിടച്ചു കാണില്ല.പ്രിയങ്ക റെഡ്ഢിയെന്ന വെറ്റിനറി ഡോക്ടറുടെ മരണം വരെ എത്തി നിൽക്കുന്നു നമ്മുടെ രാജ്യത്തിൻറെ പുരോഗതി.
ഡൽഹി നിർഭയകേസിൽ കുറ്റവാളിയാക്കപ്പെട്ടവന് പ്രായപൂർത്തിവന്നിട്ടില്ല പോലും,അത്രയും കാടത്തം കാണിച്ച അവനൊക്കെ എന്തിനു നിയമസംരക്ഷണം നൽകണം.
മക്കളെ വളർത്തുമ്പോൾ പെണ്ണുടൽ കൗതുകവസ്തുവും ത്രസിപ്പിക്കുന്ന ഒന്നുമല്ലെന്നും അതിനെ പ്രാപിക്കാനുള്ള ആവേശമല്ല,മറിച്ചു സംരക്ഷിക്കാൻ,ബഹുമാനിക്കാൻ പഠിപ്പിക്കണം നാളത്തെ തലമുറയെ. ദേശത്തെ അതിക്രമങ്ങളിൽ,അരുംകൊലകളിൽഇന്ന് നിറഞ്ഞു നിൽക്കുന്ന പൈശാചികത, വരുംനാളുകളിൽ നമ്മളെ കാത്തിരിക്കുന്ന അരക്ഷിതാവസ്ഥ,ഈ ഭീതികരമായ അവസ്ഥ മാറണം. മനുഷ്യത്വമെന്ന വികാരം മരിപ്പിക്കാണ്ടിരിക്കുക,മനസ്സിൽ തിന്മക്കു പകരം നന്മയുടെ പ്രകാശം ജ്വലിക്കണം.
മുന്നിൽ നിൽക്കുന്നവനെ കേവലം ഇരയായി കണ്ടു ചാടി വീഴാണ്ട്,മനുഷ്യത്വത്തോടെ പെരുമാറാൻ ഓരോരുത്തർക്കും സാധിച്ചിരുന്നുവെങ്കിൽ.
"നിന്നിലും എന്നിലും ജ്വലിക്കുന്നതു ഒരേ തീ,
ആ തീ കെട്ടുപോയാൽ ചാരം മാത്രം"
"പെണ്ണുടൽ കൗതുകമുണർത്തും മാറിടങ്ങളും, പൊക്കിൾക്കൊടിയും അവളുടെ മടിത്തട്ടും ഈ ഭൂമിയിലേക്ക് പിറന്നുവീണ സമയം മുതൽ ഓരോ കുഞ്ഞിനും തണലേകിയ സ്നേഹമത്രെ,ആ സ്നേഹത്തെ,നിന്റെ അമ്മയിൽ നീ കണ്ട ആ സ്നേഹം എന്നും ഉള്ളിൽ സൂക്ഷിക്കുക,കാമത്താൽ ആ സ്നേഹത്തെ കളങ്കപ്പെടുത്താതിരിക്കുക. "
Dr. Anuja Joseph
Assistant Professor
Trivandrum.

രാഖി


തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഭാഗത്തു,അടുത്തിടെ രാഖി എന്ന യുവതി അസ്വാഭാവിക നിലയിൽ കൊല ചെയ്യപ്പെട്ട വിവരം നമ്മളോരോരുത്തരും വാർത്തകളിലൂടെ അറിഞ്ഞത് വളരെ വേദനയോടെയായിരുന്നു.
ആറു വർഷത്തെ പ്രണയത്തിനൊടുവിൽ, കാമുകി മറ്റൊരു വിവാഹത്തിന് തനിക്കു തടസ്സമാണെന്ന ബോധോദയം ലഭിച്ച അഖിൽ പ്രണയ സമ്മാനമായി അവളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, തൻറെ വീടിൻറെ പിന്നാമ്പുറത്തു എന്നെന്നേക്കുമായി ഉറക്കി.കൂടെ അഖിലിനു സഹായഹസ്തവുമായി അപ്പനും അമ്മയും ആങ്ങളയും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ആഘോഷമായി അവളെ ഈ ലോകത്തു നിന്ന് പറഞ്ഞയച്ചു.
ഈ സമയം ആ പെൺകുട്ടിയെ തിരക്കി അവളുടെ ഉറ്റവരും ബന്ധുക്കാരും നടക്കുന്നുണ്ടായിരുന്നു,മകൾ മരിച്ചതറിയാതെ.ഏതാണ്ട് ഒരു മാസത്തോളം,സത്യമെന്നതു ആർക്കും കുഴിച്ചു മൂടാനൊന്നും കഴിയില്ലാന്നു തെളിയിച്ചു കൊണ്ടു ആ കൊലപാതകം പുറംലോകമറിഞ്ഞു.ഏറെ ആശ്ചര്യം തോന്നിയത്,കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന രാഖിയുടെ കാമുകൻ അഖിൽ ഒരു പട്ടാളക്കാരനാണത്രെ.
സിനിമ സ്റ്റൈൽ കൊലപാതകം ആസൂത്രണം ചെയ്തപ്പോൾ ഇവനൊന്നും ബോധമില്ലായിരുന്നോ,
അവൻറെ കൂടെ ഈ പരിപാടിക്ക് ഇറങ്ങി തിരിച്ച വീട്ടുകാരെയും സമ്മതിക്കണം.
തെളിയിക്കപ്പെട്ടാൽ ലഭിക്കാനിടയുള്ള കോടതി കയറ്റവും ജയിൽവാസവും ഒക്കെ അറിയാത്ത ടീമുകളുമല്ല.അതിലുപരി ഒരു ജീവനെടുക്കാൻ ഇവർ കാണിച്ച അതിസാഹസികത,
മറ്റൊരു വീട്ടിലെ പ്രിയപെട്ടവളായിരുന്നവൾ,സ്നേഹിച്ചു പോയി എന്ന കാരണത്താൽ,കാമുകനെ അകമഴിഞ്ഞ് അവൾ വിശ്വസിച്ചിട്ടുണ്ടാവണം.
അവനു ആവശ്യം കഴിഞ്ഞു താല്പര്യം തീർന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവൾക്കുണ്ടായില്ല,
അതാണല്ലോ അവസാനമായി അവനോടൊപ്പം കാറിൽ കയറി തൻറെ കൊലക്കളമായ അവൻറെ വീട്ടിലേക്കു യാത്ര തിരിച്ചതും,
ഇവിടെ തെറ്റും ശരിയും അവലോകനം ചെയ്യാൻ കഴിയുന്നില്ല,പ്രണയം ഏറ്റവും സുന്ദരമാന്നെന്നതിൽ തർക്കമില്ല.എന്നാൽ അതിനെ കളങ്കപ്പെടുത്തുന്ന വാർത്തകളാണ് അടുത്തിടെ ഏറെ കേൾക്കുന്നതും.
ഇന്നത്തെ കാലത്തു,പ്രണയിക്കുന്നവർക്ക് കാത്തിരിപ്പിൻറെ ആവശ്യമില്ല,എന്തും ഞൊടിയിടയിൽ ലഭ്യമാകുന്ന ഹൈടെക് പ്രണയത്തിനൊടുവിൽ ചിലർക്ക് പ്രണയം തമാശ മാത്രം,ആ തമാശ രണ്ടു പേർക്കും ഒരേ പോലെ ആസ്വദിക്കാനും തിരിച്ചറിയാനും സാധിച്ചാൽ വസ്ത്രം മാറുന്ന ലാഘവത്തോടെ അടുത്ത ഇരയെ തേടാനും അവർക്കു കഴിയും.
ഇവിടെ രാഖിക്ക് ആ തമാശ ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല,അതവളുടെ മരണത്തിലേക്കും വഴി തെളിച്ചു.
ഒരു പ്രായം കഴിഞ്ഞാൽ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉപേദശം നടത്താൻ മാതാപിതാക്കൾക്ക് കഴിയണമെന്നില്ല,അത് ചെവിക്കൊള്ളാൻ കുട്ടികൾക്കും.
നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ,
ആർക്കും ആരുടെയും ജീവൻ എടുക്കാനുള്ള അവകാശമില്ലെന്ന സത്യം മനസ്സിലാക്കുക,
ആരുടെയെല്ലാം കണ്ണ് മൂടികെട്ടിയാലും പ്രപഞ്ച ശക്തി എന്നുള്ളതിൽ നിന്നും രക്ഷപെടാൻ കഴിയില്ലാർക്കും എന്നതിന് തെളിവാണ് മൂടിവയ്ക്കപ്പെട്ട രാഖി യുടെ കൊലപാതകം പുറംലോകമറിഞ്ഞത്.

Dr.Anuja Joseph,
Assistant Professor,
Trivandrum.

അവിയലും തോരനും



"ദേ തള്ളെ,ഒന്ന് രുചിയാംവണ്ണം എന്തേലുമൊന്നു ഉണ്ടാക്കിക്കൂടേ നിങ്ങൾക്ക്"
"എന്നും ഒരു അവിയലും തോരനും "
"ഇതൊക്കെ കഴിച്ചു ബാക്കിയുള്ളവന്റെ നാവിന്റെ കപ്പാസിറ്റര് പോലും അടിച്ചു പോയി"
മുന്നിലിരുന്ന ചോറ് പാത്രം തട്ടിയൊരേറു കൊടുത്തിട്ടു അനന്ദു എഴുനേറ്റു പോയി.
അനന്ദു ഡൈനിങ്ങ് ടേബിളിനെ ഒരു യുദ്ധഭൂമിയാക്കിയപ്പോൾ ദേവകിയമ്മക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആറ്റുനോറ്റിരുന്നു കിട്ടിയ മകനാണ്,അവനു ഇപ്പൊ വയസ്സ് ഇരുപത്തിഅഞ്ചായെങ്കിലും അവർക്കു ജീവന്റെ ജീവനാണ് മകൻ.ഭർത്താവു നഷ്ടപ്പെട്ടപ്പോൾ,ജീവിതത്തിന്റെ മധ്യഭാഗം മുതൽ ദേവകിയമ്മയുടെ ഏക പ്രതീക്ഷയായിരുന്നു അനന്ദു. അവനിന്നു വല്യ ഏതോ കമ്പന്യില് ഉദ്യോസ്ഥനാണ്.അവനു ജോലിക്കു പോകാൻ സൗകര്യത്തിനു എടുത്ത ഫ്ലാറ്റിലാണ് അവരുടെ താമസവും.നാടും വീടും ഒക്കെ ഉപേക്ഷിച്ചു മകനായി ജീവിച്ചോരമ്മ. വാർദ്ധക്യത്തിന്റെ പടിവാതിൽ ആണേലും അനന്ദു എന്ന് കേൾക്കേണ്ട താമസം ചുറുചുറുക്കോടെ ഏതു പണിയും ചെയ്യും.അന്ന് പതിവിനു വിപരീതമായി അനന്ദു ജോലിക്കു പോയി നേരത്തെ വന്നപ്പോൾ
"എന്താ മോനെ"
"എന്തേലും വയ്യായ്ക വല്ലോം?"
"അമ്മെ,ഇനി മുതൽ ഇവിടെ ഒരാളും കൂടെ താമസത്തിനുണ്ടാകും"
"അത് ആരാ മോനെ"
"എന്റെ കൂടെ വർക്ക് ചെയുന്ന കൊച്ചാ,ഞങ്ങൾ തമ്മിൽ ഇഷ്‌ടത്തിലാ"
"എന്താ മോനെ,നീ ഈ പറയുന്നേ"
"വേണ്ട, വളർത്തിയതിന്റെയും കഷ്‌ടപ്പെട്ടതിന്റെയും കണക്കാണ് പറയാൻ വരുന്നതെങ്കിൽ എത്രയെന്നു പറഞ്ഞാ മതി "
"മോനെ"
ആരും സഹായിക്കാനില്ലാതെ അച്ഛനില്ലാത്ത കൊച്ചിനെയും കൊണ്ട് ബന്ധുക്കാരുടെ വായിലിരിക്കുന്നതും കേട്ട് ,കളക്ടർ ഓഫീസിലിൽ ഒരു ജോലി ഉണ്ടായിരുന്നോണ്ട് മാനം കളയേണ്ടി വന്നില്ല, അവനെ വളർത്തി.അവനിന്നു കണക്കു തീർക്കണമത്രേ,
ദേവകിയമ്മക്ക് ചങ്കു പറിഞ്ഞ സംഗടം തോന്നിയെങ്കിലും അവർ തുടർന്നു
"മോനെ,ആ കുട്ടിയുടെ വീട്ടുകാരോട് "
"അവരൊന്നും സമ്മതിക്കില്ല"
"കല്യാണമെന്നൊക്കെ പറയുമ്പോൾ"
"അതിനു ആരാ ഇവിടെ കല്യാണം കഴിക്കുന്നേ,"
"പിന്നെ"
"ഞങ്ങൾ ലിവിങ് ടുഗെതർ അത്രേയുള്ളു"
എന്തായാലും കുറച്ചു കഴിയുമ്പോൾ ഞങ്ങൾക്കു മടുക്കും,
പിന്നെ എന്തിനാ ഒരു ആജീവനാന്ത ബന്ധം.
ദേവകിയമ്മക്ക് അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ
"എന്താ മോനെ,വിവാഹം നീ ഈ പറഞ്ഞ പോലെ,ഒരു തമാശയല്ല,ആണും പെണ്ണും ഒരു കൂരക്കുള്ളിൽ മനസ്സും ശരീരവും പങ്കിട്ടു,തമ്മിൽ താങ്ങും തണലുമായി,ഒരാൾക്ക് മറ്റൊരാൾ തുണയുണ്ടാവുമെന്നു ഉറപ്പിക്കുന്ന ബന്ധമാണ്"
"പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും കഴിയുന്ന ആ ജീവിതത്തെ,മോന്റെ തലമുറ ഊരാകുടുക്കെന്നു പറയുന്നത് എന്താന്ന് അമ്മക്ക് മനസിലാകുന്നില്ല "
"എന്റെ അമ്മെ,കല്യാണം കഴിച്ചിട്ട് റിസ്കെടുക്കാൻ വയ്യ,നമുക്ക് പറ്റിയില്ലെങ്കിൽ വെറുതെ"
"ജീവിതമെന്നു പറയുന്നത് രണ്ടു വ്യത്യസ്‍ത സാഹചര്യങ്ങളിൽ വളര്ന്നവർ തമ്മിൽ സ്നേഹിച്ചും കലഹിച്ചും,ഇഷ്‌ടങ്ങളിലും അനിഷ്‌ടങ്ങളിലും,പരസ്പരം പിരിയാനാകാതെ ഒന്ന് ചേരുന്നതാണ്,"
"അമ്മയോട് തർക്കിക്കൊനൊന്നും ഞാനില്ല, അവളുടെ പേര് എമിലിയ"
കൂടുതലായിട്ടൊന്നും പറയാതെ,അനന്ദു മുറിയിൽ കയറി വാതിലടച്ചു,
രാത്രിയായി , ഹാളിൽ ഇരിക്കുന്ന ദേവകിയമ്മയെ കണ്ട ഭാവം പോലുമില്ലാതെ അനന്ദു പുറത്തേക്കിറങ്ങി പോയി.
"ഇന്നത്തെ തലമുറയ്ക്ക് ഒരു വിചാരമുണ്ട്,അച്ഛെനെയും അമ്മയെയും തെറി വിളിച്ചാൽ അവർ എന്തൊക്കെയോ ആയെന്ന ഭാവം, അവരുടെ വാക്കുകൾക്ക് വില കൽപ്പിക്കാതെ നടക്കുമ്പോൾ ലോകം നേടിയെന്ന മട്ടാണ് ഇന്നത്തെ കുട്ടികൾക്കെന്നു ദേവകിയമ്മയോർത്തു "
കുറച്ചു കഴിഞ്ഞപ്പോൾ,ഒരു പെൺകുട്ടിയുമായി ഹാളിലേക്ക് കയറി വന്ന മകനെ കണ്ടിട്ട് അവർ നിർവികാരതയോടെ മുറിയിലേക്ക് പോയി.
അടുത്ത ദിവസം,രാവിലെ
"അമ്മെ"
അവർ തിരിഞ്ഞു നോക്കിയപ്പോൾ
വെളുത്തു കൊലുന്നനെ ഉള്ള ഒരു പെൺകുട്ടി,ജീൻസും ടോപ്പുമൊക്കെയിട്ട് കാണാൻ ഇച്ചിരി ഐശ്യര്യമൊക്കെ ഉണ്ടെന്നവർക്കു തോന്നി,
ഇതാണപ്പോള് തന്റെ മകന്റെ ഭാര്യ,ഇന്നലെ കണ്ടുവെങ്കിലും അവളുടെ മുഖം താൻ ശ്രദ്ധിച്ചില്ലെന്നതും വാസ്തവം.
"അമ്മക്കെന്നോട് വെറുപ്പുണ്ടോ"
"എന്തിനാ കുട്ടി,നിന്നെ ഞാൻ വെറുക്കുന്നെ"
"ചില തീരുമാനങ്ങൾ തെറ്റായിരുന്നുവെന്ന് അനുഭവം കൊണ്ടേ നമ്മൾ ഓരോരുത്തരും പഠിക്കു"
"ഇയാൾ ചായ കുടിക്കുവോ"
എമിലിയ തെല്ലു സങ്കോചത്തോടെ നിന്നെങ്കിലും ദേവകിയമ്മ അതൊന്നും ശ്രദ്ധിക്കണ്ട്‌ തന്റെ ജോലികളിൽ മുഴുകി.
അനന്ദുവിനോടൊപ്പം ജോലിക്കായി ഇറങ്ങുമ്പോഴും എമി ദേവകിയമ്മയെ തിരയുവാർന്നു.
ദിവസങ്ങൾ കടന്നു പോയി;
ഒരു രാത്രി,അനന്തുവിന്റെ പൊട്ടി തെറിക്കൽ കേട്ടായിരുന്നു ദേവകിയമ്മ മുറിക്കു പുറത്തിറങ്ങിയത്,
അനന്ദു വിന്റെ ആക്രോശം കേൾക്കുന്നുണ്ട് ;
"ഡി നീയൊക്കെ ഏതു ലെവൽ ആണ് എന്ന് എനിക്കറിയാം,ഞാൻ ഒന്ന് മെസ്സേജ് അയച്ചപ്പോൾ വാലും പൊക്കി ജനിപ്പിച്ച തന്തയെയും തള്ളയേയും വരെ കളഞ്ഞിട്ടു വന്നവൾ അല്ലെ,കൂടുതൽ എന്നെ ഭരിക്കാൻ വരണ്ട,ഞാൻ എനിക്കിഷ്‌ടമുള്ള അവളുമാരുമായിട്ടു തോന്നിയത് ചെയ്യും,നീ aradi അത് ചോദിക്കാൻ "
"അനന്ദു,"എമി യുടെ കരച്ചിൽ കേൾക്കുന്നുണ്ട് പതിഞ്ഞ ശബ്ദത്തിൽ;
രംഗം വഷളാകുമെന്നു കണ്ടപ്പോൾ ദേവകിയമ്മ ഇടപെട്ടു,
"അനന്ദു,വാതിൽ തുറക്ക്"
"എന്താ,നിങ്ങളിവിടെ"
"എന്താടാ ആ കൊച്ചിനെ കരയിപ്പിക്കുന്നെ"
"അമ്മെ,അനന്തുവിന്റെ സൗഹ്രദങ്ങളൊന്നും ശരിയല്ല" എമി ദേവകിയമ്മേടെ തോളിലേക്ക് ചാഞ്ഞു;
"എനിക്ക് തോന്നിയ പോലെ ജീവിക്കും "അനന്ദു ലവലേശം ദയയില്ലാതെ പറഞ്ഞതും അവന്റെ കവിളിൽ നിന്ന് പൊന്നീച്ച പറന്നതും ഒരുമിച്ചായിരുന്നു;
"എന്ത് പറഞ്ഞെടാ നീ,നിനക്കൊക്കെ തോന്നുമ്പോലെ ജീവിക്കാനാരുന്നോ എന്നെ പോലെ മക്കളെ പൊന്നെ പൊട്ടേയൊന്നും പറഞ്ഞു അച്ഛനമ്മമാര് മക്കളെ വളർത്തിയത്,ഇത്തിരി തണ്ടും തടിയും ജീവിക്കാൻ ശേഷിയും ആയപ്പോൾ എന്തും പറയാമെന്നോ,ഇവൾക്കും ഉണ്ടായിരുന്നു ഒരു അപ്പനും അമ്മയും,അവരെ പോലും മറന്നു നിന്റെ കൂടെ,നിന്നെ വിശ്വസിച്ചു ഇറങ്ങി തിരിച്ചതല്ലേടാ,"
"ഈശ്വരൻ നിനക്ക് ജീവിക്കാനുള്ളതൊക്കെ തന്നപ്പോൾ,അതിനു മേലെ നിനക്ക് ആഗ്രഹങ്ങളോ,വഴിയേ പോകുന്ന പട്ടികളെ പോലെ മണത്തു മണത്തു ലോകം മൊത്തം കാമുകിമാരെ ഉണ്ടാക്കികൊണ്ടു നടക്കുന്നു നാണം കെട്ടവൻ,"
അനന്ദു ദേവകിയമ്മയെ അത്രയും ദേഷ്യത്തിൽ ആദ്യമായിട്ട് കാണുകയായിരുന്നു;
"ഈ പെങ്കൊച്ചിനെ കണ്ണീരു കുടിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല ,നിനക്ക് വേണ്ടായെങ്കിൽ കൊണ്ട് വിട്ടേക്കണം ഇതിനെ ഇതിന്റെ അച്ഛനുമ്മയുടെ യും അടുത്ത്;അതല്ല മര്യാദക്ക് ജീവിക്കണേല് അവളോട്‌ മാത്രം കഴിഞ്ഞേക്കണം"
അടുത്ത ദിവസം,പ്രഭാതത്തിനു ഇച്ചിരി ചന്തം കൂടുതായിരുന്നു;പച്ച പട്ടു സാരിയുടുത്തു എമി അതീവ സുന്ദരിയായതു പോലെ,കൂടെ മുണ്ടിലും ഷർട്ടിലും ഗാംഭീര്യത്തിന്റെ പ്രൗഢി അറിയിച്ചു കൊണ്ട് അനന്ദുവും ;
"പോകാം"
മൂവരും കാറിൽ കയറി;
"അനന്ദു,അച്ഛൻ പരേതനായ രവീന്ദ്രൻ,'അമ്മ ദേവകി
എമിലിയ,അച്ഛൻ ആൻഡ്രൂസ് 'അമ്മ ലിസി
നിങ്ങൾക്ക് ഈ വിവാഹത്തിന് സമ്മതമാണല്ലോ അല്ലെ,സബ്‌രജിസ്ട്രാർ ഓഫീസിലിൽ എല്ലാവരും ആ ചോദ്യം കേട്ടു ചിരിച്ചു,
അനന്ദു ഒരു നിറപുഞ്ചിരിയോടെ എമിയുടെ കണ്ണിലേക്കു നോക്കിയിട്ടു
രെജിസ്ട്രാറില് ഒപ്പു വയ്ക്കുമ്പോൾ പിന്നാലെ എമിയും
ദേവകിയമ്മ ക്കു മനസ്സ് നിറഞ്ഞു;
എമിയുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങുമ്പോൾ അനന്ദുവിന്റെ കണ്ണിൽ ഒരു കടലോളം പ്രണയം നിറച്ചിരുന്നു അവളോട്;
"ഡി"
"ഉം"
"എന്താടാ ചെക്കാ"
കാറിൽ ദേവകിയമ്മ പിന്ഭാഗത്തായി ഒന്നും കാണാത്തഭാവത്തിൽ കണ്ണുകൾ ഇറുക്കിയടച്ചു മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഉറക്കം നടിച്ചു.

by: Dr Anuja Dhanoj

ആമി



ഓർക്കുന്തോറും ആമിക്ക് അരിശം വന്നു,എന്നാലും എന്നെ പറ്റിച്ചു കളഞ്ഞല്ലോ എന്ന ചിന്ത അവളെ തെല്ലൊന്നുമല്ല അലട്ടിയത്.അതെങ്ങനാ തന്നെ കുറിച്ച് വല്ല വിചാരോം ആൾക്കുണ്ടോ,ഒരു നല്ല ചടങ്ങിന് പങ്കെടുക്കാൻ പോയിട്ടു ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാനായിട്ടെങ്കിലും ആൾക്ക് സമയമുണ്ടോ.ഏതു നേരത്താണാവോ ഈ കുരിശു തമ്പുരാൻ തനിക്കു തന്നതെന്നോർത്തു അവൾ നെടുവീർപ്പിട്ടു.ആകെയുള്ള ഒരു കൂട്ടുകാരിയാ മിയ,അവളുടെ കല്യാണത്തിന് രാവിലെ തന്നെ എത്താമെന്ന് വാക്ക് പറഞ്ഞിട്ടു ഇപ്പോ കല്യാണവും കഴിയാറായിക്കാണും.ഇനിയിപ്പോ തനിച്ചു പോകാമെന്നു വച്ചാലും ചില അമ്മച്ചിമാരുടെ മുള്ളും മുനയും നിറഞ്ഞ ചോദ്യശരങ്ങൾ നേരിടേണ്ടി വരും.
"അയ്യോ ആമി കൊച്ചെ,കെട്ടിയോൻ വന്നില്ലേ,വര്ഷം രണ്ടു കഴിഞ്ഞപ്പോ തന്നെ ഇങ്ങനെ,അവൻ എങ്ങനാടി നിന്നെ നോക്കത്തില്ലേ, എന്ന് പറഞ്ഞു തുടങ്ങുവായി.ഒരു വേലയും കൂലിയും ഇല്ലാതെ ആരാണ്ടുടെ വീട്ടിലെ അടുക്കള നോക്കിയിരിക്കുന്നവരെ ഒന്നും പറയാൻ ഒക്കുകേല,അവര് ജീവിക്കുന്നത് തന്നെ സെൻസെസ് എടുക്കാനാണെന്ന് തോന്നിപോകും.
ഉടുത്തൊരുങ്ങി താനിങ്ങനെ എത്ര നേരമെന്നു വച്ചാ,
പുത്തൻ സാരിയാ,അതിന്റെ മിന്നിപ്പിലൊന്നു തിളങ്ങാന്നു വിചാരിച്ചിട്ട്,ഈ റോയിച്ചൻ,
വീണ്ടും അവൾ മൊബൈലെടുത്തു റോയി ടെ നമ്പറിലേക്കു വിളിച്ചു;
സ്ഥിരം പല്ലവി
"താങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന കസ്റ്റമർ പരിധിക്കു പുറത്താണ് "
ഇരുപത്തിനാലു മണിക്കൂറും പരിധിക്കു പുറത്തു,ഇങ്ങു വരട്ടെ;
ഇടയ്ക്ക് ക്ലോക്കിലേക്കു നോക്കിയിരുന്നു അവൾ മെല്ലെ ഉറങ്ങിപ്പോയി.
നേരം ഏതാണ്ട് ഇരുട്ടി തുടങ്ങിയിരുന്നു,അപ്പോഴേക്കും കാളിങ് ബെല്ലടിച്ചു
കല്യാണത്തിന് പോകാൻ പറ്റാത്ത അമർഷം ഉള്ളിലൊതുക്കി ആമി വാതിൽ തുറന്നു.
ഒരു കള്ളച്ചിരിയോടെ റോയ് നിൽക്കുണ്ടായിരുന്നു,ആമിയുടെ മുഖഭാവം കണ്ടപ്പോ കൂടുതലായൊന്നും ചോദിക്കാണ്ട് അവൻ വീടിനകത്തേക്ക് കയറി,
ബെഡിൽ പട്ടുസാരിയും ഉടുത്തു മുഖവും വീർപ്പിച്ചിരിക്കുന്ന ആമിയുടെ അടുത്തേക്ക് വന്നിരുന്നു,അവളുടെ കൈ പിടിച്ചു
"സോറി ഡി,ഇന്നൊരു ആക്സിഡന്റ് കേസുമായിട്ടു പോലീസ്‌സ്റ്റേഷനിൽ പോകേണ്ടി വന്നു,പോയിട്ടു വേഗം വരാന്നു കരുതിയാ ഞാൻ,,"
റോയി ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു;
"എനിക്കറിയാം നിന്റെ ഒരേ ഒരു കൂട്ടുകാരത്തിയുടെ കല്യാണം,ഞാനായിട്ട് "
"തല്ലികൊല്ലും ഞാൻ,എവിടേലും പൊയ്ക്കോ" ആമി തെല്ലൊരു ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു;
"സാമൂഹ്യസേവനവുമായിട്ടു നടന്നോ,എന്നെ നോക്കണ്ട"
കുറച്ചു നേരത്തെ നിശബ്‍ദതക്കൊടുവിൽ
"ദേ ഏട്ടാ,കഞ്ഞി എടുത്തു വച്ചിട്ടുണ്ട്,വന്നേ "
ഉമ്മറത്തു കസാലയിൽ ഇരുന്നിരുന്ന റോയി ഇടംകണ്ണിട്ടു ആമിയെ നോക്കി,പിന്നെ കൈലിയും മടക്കി കുത്തി ഡൈനിങ്ങ് ഹാളിലേക്ക് വച്ചടിച്ചു
അവന്റെ അടുത്തായി ആമിയിരുന്നു
"ഇന്നു വല്ലോം കഴിച്ചോ,സാമൂഹ്യപ്രവർത്തകൻ "
"ഇല്ലന്നറിയാം,മറ്റുള്ളോരുടെ സംഗടങ്ങൾ മാറ്റാൻ ഓടി നടക്കുന്ന ഈ ആളെ എനിക്ക് എങ്ങനാ വെറുക്കാൻ പറ്റുന്നെ"
റോയ്,അവളുടെ മുഖത്തേക്ക് തെല്ലൊന്നു നോക്കിയിട്ടു
"നിന്നെ പോലൊരുത്തിയാടി,എന്നെ പോലെ ഉള്ള പൊതുപ്രവർത്തകരുടെ ഊർജം "
"നിനക്ക് വിഷമമായോ,അതെ നാളെ തന്നെ നമ്മൾ നിന്റെ കൂട്ടുകാരത്തിയുടെ ഭവനം സന്ദർശിച്ചിരിക്കും "
"അതെ, ബഡായി വീരാ,റോയ് മുതലാളി,ഞാൻ സുല്ലിട്ടു "
അല്ലേലും ഭർത്താവിന്റെ സ്നേഹത്തിനു മുൻപിൽ ഏതു ഭാര്യയുടെയും ദേഷ്യം അലിയുമെന്നു പണ്ടാരാണ്ടോ പറഞ്ഞത് സത്യമാണെന്നു ആമിയോർത്തു.

By: Dr AnujaDhanoj

ഒന്നേ കൊടുത്തുള്ളൂ,പിന്നെ ചുറ്റിലുമുള്ളതൊന്നും.........


ഒന്നേ കൊടുത്തുള്ളൂ,പിന്നെ ചുറ്റിലുമുള്ളതൊന്നും കാണാൻ പറ്റിയില്ലെന്റെ സാറെ
അകാലത്തിൽ മരണമടഞ്ഞ തന്റെ ഭർത്താവിനെ കുറിച്ചോർത്തപ്പോൾ ഇന്ദുവിന്റെ കണ്ണിൽ നിന്നു ചോര പൊടിഞ്ഞു,മനസിന്റെ നീറ്റല് പുറത്തു കാണിക്കാതെ ,ഇന്ദു ആ വല്യ. വീടിന്റെ ഒരു മൂലയ്ക്ക് ചടഞ്ഞു കൂടി ഒരിരുപ്പായിരുന്നു. ആരൊക്കൊയോ വന്നു കണ്ടിട്ടു പോകുന്നുണ്ടവളെ, അവളുടെ ഹൃദയത്തെ തണുപ്പിക്കാൻ ആരുടെയും വാക്കുകൾക്ക് കഴിഞ്ഞില്ല.അഭി ഒരു വാക്ക് പോലും പറയാതെ തനിച്ചാക്കി പോയതിന്റെ പരിഭവത്തിലായിരുന്നു അവളപ്പോഴും.
"ഇന്ദു,എന്റെ മോളെ,ഇച്ചിരി കഞ്ഞി വെള്ളേലും കുടിക്കു" സാറ ചേട്ടത്തി ആവുന്നത്ര പറഞ്ഞെങ്കിലും ഒരു പ്രതിമ കണക്കെ അവളിരുന്നു.
"മോളെ,ഈ ഇരുപ്പു കണ്ടിട്ട് ചേട്ടത്തിക്ക് സഹിക്കണില്ല,അഭി കൊച്ചിനെ എടുത്തോണ്ട് നടന്ന കൈയായിതു,ചേട്ടത്തിക്ക് ഉള്ളു പൊള്ളിയിട്ടാ ഈ നിൽക്കുന്നെ "
അപ്പോഴേക്കും അവൾ ആ കൈകളിലേക്ക് ഒരു താങ്ങേന്നവണ്ണം ചാഞ്ഞിരുന്നു;
അവളുടെ കരഞ്ഞു കലങ്ങിയ മുഖം അവർക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
വർഷം രണ്ടു തികഞ്ഞിട്ടില്ല,മാളിയേക്കൽ ബംഗ്ലാവിൽ പരേതരായ ജേക്കബ് മാത്യൂന്റെയും അന്നമ്മയുടെയും മകനായ അഭിജിത്തിന്റെ നല്ല പാതിയായി അവൾ ജീവിതം തുടങ്ങിയിട്ട്. കുഞ്ഞു നാളിലെ അപ്പനമ്മമാരെ നഷ്ടപെട്ട അവനെ വളർത്തി വലുതാക്കിയത് അമ്മയുടെ അകന്ന ബന്ധുവായ സാറാമ്മ ചേട്ടത്തിയായിരുന്നു.ഒരുപാടു സ്വത്തിനാവകാശിയായിരുന്നേലും, സ്നേഹത്തിനായി ഒരുപാടു ആഗ്രഹിച്ച അവന്റെ മനസ്സു തന്റെ ജീവിത പങ്കാളിയെ തേടിയത് തന്നെ പോലെ സ്നേഹം കൊതിച്ച ഒരു പെൺകുട്ടിയെ ആയിരുന്നതിലും വിചിത്രമില്ല.അനാഥാലയത്തിൽ നിന്നു ഇന്ദു എന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോഴും അവനു പ്രതീക്ഷകൾ ഏറെയായിരുന്നു. അവൾ അവനു അമ്മയും കൂടെപ്പിറപ്പുമായിട്ടു മാറിയെന്നതും വാസ്തവം.ഇതിനിടയിലേക്ക് വില്ലനെ പോലെ വിധിയെത്തി,
എതിരെ വന്ന ലോറി മരണദൂതനായി അഭിയെ ഇന്ദുവിൽ നിന്നു തട്ടിയെടുത്തു.ആ ദുഃഖത്തിൽ ഇന്ദു തളർന്നിരിക്കുന്നു,ഒരു ആശ്രയവും ഇല്ലാതെ.അവിടേക്കു അഭിയുടെ അച്ഛന്റെ വകയിൽ ഒരു അമ്മാവനും കുടുംബവും വന്നു ,ഇന്ദുവിനെ വീട്ടിൽ നിന്നു പുറത്താക്കണമെന്ന ലക്ഷ്യത്തോടെയാണ് അവരുടെ വരവ്,അവളെ കൊല്ലാൻ പോലും മടിയില്ലാത്തവർ ആണ് അവരെന്ന് കണ്ടാൽ തന്നെ അറിയാം.
പെട്ടെന്ന്
കറന്റ് പോയി;
"അയ്യോ,നാശം പിടിക്കാനേ,ഈ കറന്റിനു പോവാൻ കണ്ട നേരം,എന്റെ ഇന്ദു അവൾക്കു "
വല്യമ്മ വല്യ വായേല് കരച്ചില് തുടങ്ങി;
"എന്റെ സരസ്വതി,നീ ഇങ്ങനെ നിലവിളിക്കല്ലേ,അയലുവക്കക്കാര് എന്നാ വിചാരിക്കത്തില്ല"
"ഒന്ന് പോ മനുഷ്യനെ,അവിടെ ഇന്ദുവിനെ ആ ദ്രോഹികള് കൊല്ലാൻ നിൽക്കുമ്പോഴാ നിങ്ങള്ടെ ഒരു ഉപദേശം "
ഭാര്യ ഒരു പൊടിക്കൊന്നും അടങ്ങില്ലെന്നു കണ്ട ഭർത്താവു മൗനാനീതനായി(വിനയനനീതനായി എന്നൊക്കെ പറയാറില്ലെ,ഇതും ഏതാണ്ട് അങ്ങനെ തന്നെ).
കറന്റ് വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
"എന്റെ ഇന്ദു" സരസ്വതിയമ്മ ഒരേ കരച്ചിൽ.
ചില നേരത്തു ഭർത്താക്കന്മാർ നിവർത്തികേട്‌ കൊണ്ട് തല്ലിപോകുമെന്നു പറയുന്നത് ശരി വെച്ച്
അവസാനം
ഒന്നേ കൊടുത്തുള്ള് ,പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ വയ്യാണ്ട് സരസ്വതിയമ്മ മോന്തായം തടവിക്കൊണ്ട്
"അവളുടെ ഒരു സീരിയൽ പ്രാന്ത്,ഇന്ദു,കയറി പോടീ അകത്തേക്ക്.കഥ യും യാഥാർഥ്യവും തിരിച്ചറിയാത്ത ഓരോന്നുങ്ങള് "
അപ്പോഴേക്കും ടീവീ യിൽ അടുത്ത ദുഃഖപുത്രിമാർ എത്തിക്കഴിഞ്ഞിരുന്നു.

Dr Anuja

അക്കൗണ്ടൻസി -ഭീകരനാണിവൻ,കൊടുംഭീകരൻ

അക്കൗണ്ടൻസി -ഭീകരനാണിവൻ,കൊടുംഭീകരൻ
കോമേഴ്‌സ് ,ബാങ്കിങ്, ബിസിനസ് മാനേജ്‌മന്റ് ഇത്യാദി ബിരുദങ്ങൾ സ്വന്തമാക്കിയവർക്കറിയാം അകൗണ്ടൻസി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഭീകരനെ (ചില ബുജികളൊഴിച്ചു,ബാക്കിയെല്ലാവരും ഇവന്റെ കരാളഹസ്തങ്ങളിൽ പെട്ടവരാണ്).പറഞ്ഞു വന്നത്,ബിരുദം ബാങ്കിങ് ആയപ്പോഴാണ് ഈ പുള്ളിക്കാരനെ ഞാൻ പരിചയപ്പെടുന്നത്.ഇവൻ നമുക്ക് ശരിയാവില്ലെന്നു ആദ്യമേ മനസിലായൊണ്ട് അക്കൗണ്ടൻസി ക്ലാസ്സിലൊക്കെ ഞാൻ ഭയങ്കരമായിട്ടു ശ്രദ്ധിച്ചായിരുന്നു,ക്ലാസ്സിൽ മുൻഭാഗത്തായി ഭിത്തിയിന്മേൽ തൂക്കിയിരുന്ന ക്ലോക്ക് ലെ ക്കായിരുന്നു ശ്രദ്ധയെന്നു മാത്രം.ഒരു ദിവസം അക്കൗണ്ടൻസി സർ എന്നോട് പറഞ്ഞു "ദേവിക,ക്ലോക്ക് ഓടിക്കോളും"
അതിൽപിന്നെ ക്ലോക്കിലേക്കുള്ള എന്റെ നോട്ടവും അവസാനിച്ചെന്ന് വേണം പറയാൻ.എന്റെ കൂട്ടുകാരായിന്നവരും ഏതാണ്ട് നമ്മളെ പോലെ തന്നെ,അക്കൗണ്ടൻസി വിരുദ്ധർ;ഡെബിറ്റ് എന്നും ക്രെഡിറ്റ് എന്നും ഓമന പേരിൽ അറിയപ്പെടുന്ന രണ്ടു പേരാണ് അക്കൗണ്ടൻസി യിലെ താരങ്ങൾ; അതായതു ഞങ്ങൾ അക്കൗണ്ടൻസി വിരുദ്ധരുടെ മുഖ്യശത്രുക്കൾ;ഇവര് പാവങ്ങളാണ്, അത് ഞാൻ മനസിലാക്കിയത് പിന്നൊരുവേളയിലാണു മാത്രം. പ്രോബ്ലം ചെയ്യൽ പരിപാടിയാണ് ഈ ക്ലാസ്സുകളിലെ മുഖ്യ പരിപാടി;ഡെബിറ്റ് കാരെ പിടിച്ചു ഒരു ഗ്രൂപ്പിലും ക്രെഡിറ്റ് കാരെ പിടിച്ചു മറ്റൊരു ഗ്രൂപ്പിലുമാക്കി അവസാനം രണ്ടു പേരെയും സന്തോഷിപ്പിച്ചു തുല്യരാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ പണി;(അതിനു ഡെബിറ്റ് കാർ ആരെന്നോ, ക്രെഡിറ്റ്കാർ ആരെന്നോ തിരിച്ചറിയാത്ത ഞങ്ങൾ പാവങ്ങള് ).ആറു മാസം കഴിയുമ്പോൾ അവസാനിക്കുന്ന ഓരോ സെമെസ്റ്ററിലും പരീക്ഷ എന്ന ചേട്ടായി വരുമ്പോൾ മാത്രമാണ് ഞങ്ങൾക്കു അപ്രിയം;ഒരു പ്രഫഷണൽ ബിരുദം ആയോണ്ട് ഞങ്ങൾക്കു ഓരോ പരീക്ഷ യോടൊപ്പം വൈവ എന്ന ചോദ്യം ചോദിക്കൽ പരിപാടി നിർബന്ധമായിരുന്നു;അങ്ങനെ ഒരു അക്കൗണ്ടൻസി വൈവ പ്രോഗ്രാം നടക്കുവായിരുന്നു;എന്റെ ഊഴമെത്തി;അക്കൗണ്ടൻസി അദ്ധ്യാപകർ,കൂടെ ഹെഡ് ഓഫ് ദി ഡിപ്പാർട്മെൻറ് സാറും(പുള്ളിക്കാരൻ,ഇച്ചിരി ദേഷ്യക്കാരനാ).
"എസ് ദേവിക, ടേക്ക് യുവർ സീറ്റ് "
പിന്നെയൊന്നും ഞാൻ അറിഞ്ഞില്ല,വെടിയൊച്ച പോലെ
"ദേവിക, കമ്മോൺ"
ഇല്ല സാറേ,ഞാനില്ല ഈ മത്സരത്തിന്;ചോദ്യ ശരങ്ങൾ കൊണ്ട് തളർന്ന ഞാൻ ദയനീയമായി എന്റെ അക്കൗണ്ടൻസി സാറിനെ നോക്കി;
"ഇതിലും ഭേദമെന്നെ കൊല്ലമായിരുന്നിലെ "എന്ന ഭാവത്തിൽ സർ
പെട്ടെന്ന്
"ദേവിക,യുവർ ലാസ്‌റ് കോസ്ററ്യൻ"
"വാട്ട് ഈസ് ബാഡ് ഡെബിറ്റ് "(കിട്ടാക്കടം)
എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി;ഇതിലെങ്കിലും തമ്പുരാനെ;
റിക്കവറി ചെയ്യാൻ പറ്റാത്ത കടം; അതിനു അക്കൗണ്ടൻസിയിൽ പറയുന്ന ഒരു പേരുണ്ടെ;
എന്റെ നാവിൽ നിന്നു ആ സംഭവം ഒട്ടു വരുന്നുമില്ല;ഏതാണ്ട് ഇർ(ഇർ രിക്ക വർഅബിൽ ഡെബിറ്റ് ആണ് കക്ഷി) വരെ വന്നു; അവസാനം ഒന്നിറങ്ങിപോകുമോ എന്ന ഭാവത്തിൽ അവരെന്നെ ഒരു നോട്ടം;
അങ്ങനെ നാലു വർഷത്തെ ബിരുദ പഠനത്തിടയിൽ എത്രയോ അക്കൗണ്ടൻസി വൈവ കൽ നമ്മളെ കടന്നു പോയി;ഒരു അക്കൗണ്ടൻസി കൊണ്ടും തളരില്ലന്നു വിചാരിച്ചു ഞാനും പഠിച്ചു; യു ജി യും പി ജി യും എന്നു വേണ്ട നമ്മളെ കൊണ്ട് പറ്റുന്ന സകല പഠിപ്പും കഴിഞ്ഞു.
**************************************************************
കുറെ നാളുകൾക്കു ശേഷം;
ഒരു കോളേജിൽ,അക്കൗണ്ടൻസി വൈവ നടക്കുന്നു;
ഒരു കുട്ടി വിയർത്തു കുളിച്ചു ചോദ്യ ശരങ്ങൾ നേരിടുന്നു;
പെട്ടെന്ന്
"വാട്ട് ഈസ് ബാഡ് ഡെബിറ്റ് "
"മാം, ദാറ്റ് ഈസ്......"
കുറച്ചു കഴിഞ്ഞു;വൈവ ഹാളിൽ നിന്നു; അക്കൗണ്ടൻസി ടെസ്റ്റും പിടിച്ചു ഒരാളിറങ്ങി;
"ദേവിക " വർഷങ്ങൾക്കു മുൻപ് അക്കൗണ്ടൻസി യെ പേടിച്ച ഞാനിന്നു ആ ഭീകരനെ സ്വന്തമാക്കി;കോളേജ് ലെക്ചർ ആയി
ഡെബിറ്റും ക്രെഡിറ്റിനെയും കൂട്ടുകാരാക്കി; വേണമെന്ന് വച്ചാ ചക്ക വേരേലും കായ്ക്കുമെന്റെ സുഹൃത്തുക്കളെ;

Dr Anuja

ഒഴിവാക്കാമായിരുന്നില്ലെ ജീവിതത്തിൽ പലതും

ഒഴിവാക്കാമായിരുന്നില്ലെ ജീവിതത്തിൽ പലതും
"ഹലോ"
"ഹലോ മോളെ ദേവു, അമ്മയാടാ കുട്ടാ,സുഖമാണോ നിനക്കവിടെ;രാജീവ് ജോലിക്കു പോയോ"
"സുഖമാണമ്മേ, ഏട്ടൻ രാവിലെ തന്നെ പോയി; ഇവിടത്തെ 'അമ്മ പറമ്പില് എന്തോ പണിയിലാ"
"അവിടെ എന്തോ ഉണ്ടു വിശേഷങ്ങൾ, അപ്പു സ്കൂളിൽ പോയോ, അച്ഛന് സുഖമല്ലേ "
"നീ പോയെ പിന്നെ,വീടുറങ്ങിയ പോലെ;കല്യാണം കഴിഞ്ഞിട്ട് ആറു മാസമായെന്നു വിശ്വസിക്കാൻ പറ്റണില്ല"
"നിനക്കെന്തു ആവശ്യമുണ്ടേലും വിളിക്കണം"
"ശരിയമ്മേ"
ഇതും പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ,ദേവിക മനസ്സിലോർത്തു തന്റെ അമ്മക്ക് എന്തൊരു ആധിയാണ് തന്നെകുറിച്ചോർത്തു;
ഒരു ദീര്ഹാനിശ്വാസത്തോടെ അവൾ അടുക്കളയിലേക്കു കയറി;
ശരിയാ, കല്യാണം കഴിഞ്ഞിട്ട് ഇതാന്നും പറഞ്ഞു ദിവസങ്ങൾ പോയി; രാജീവേട്ടൻ അടുത്തുള്ള വില്ലജ് ഓഫീസിലെ ക്ലാർക്ക് ആണ്;'അച്ഛൻ നേരത്തെ മരിച്ചോണ്ടു അമ്മയാണ് ഏട്ടന് സർവവും;ഇപ്പൊ ആ സ്നേഹക്കൂട്ടിൽ താനുമെത്തി;
നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു,വൈകുന്നേരം രാജീവ് എത്തി ,അത്താഴം കഴിക്കുമ്പോൾ പെട്ടെന്ന്
"മോനെ,ഈ കറിയൊന്നു കൂട്ടീ നോക്ക്, "അമ്മ ഉണ്ടാക്കിയതാ"
"നല്ല ടേസ്റ്റ് ഉണ്ടമ്മാ"
"ഡി കാന്താരി,ഇതൊക്കെ നോക്കി പഠിക്കു"
ദേവിക ഒരു ചിരിയോടെ നിന്നു;
അടുത്ത ദിവസം 'അമ്മ വിളിച്ചപ്പോ തലേ നാളത്തെ സ്പെഷ്യൽ കറിയുടെ കാര്യം പറയാൻ ദേവിക മറന്നില്ല;
"ദേവു,നിന്റെ ഭർത്താവിനെ കൈയിലെടുക്കാൻ നിനക്ക് പറ്റണം,അല്ലെങ്കിൽ നീ അമ്മയുടെയും മോൻറെയും അടിമയായിട്ടു ജീവിക്കേണ്ടി വരും"
ആ ദിവസം അവൾ അതിനെ കുറിച്ച്, ആലോചിക്കാതിരുന്നില്ല;സന്തോഷമായിട്ടു കഴിഞ്ഞിരുന്ന ആ വീട്ടിൽ വിഷം കയറ്റി ദേവികടെ 'അമ്മ;
വരും ദിവസങ്ങളിൽ അവൾ, രാജീവിന്റെ അമ്മയെ ഒരു ശത്രുവിനെ പോലെ നോക്കി കണ്ടു എന്നു പറയുന്നതാവും ശരി;
തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കുണ്ടാക്കി,രാജീവിന്റെ സമാധാനവും കെടുത്തി;അച്ഛനില്ലാതിരുന്ന കുറവ് അറിയിക്കാതെ തന്നെ വളർത്തിയ അമ്മയെ വേദനിപ്പിക്കാൻ അയാൾക്ക്‌ കഴിയുമായിരുന്നില്ല;ദേവിക കൂടുതലായി സ്വന്തം വീട്ടുകാരിലേക്കു നീങ്ങി;അതോടൊപ്പം ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും അകന്നു; കുറച്ചു കൂടെ കഴിഞ്ഞാൽ ഒരു ഡിവോഴ്‌സിലേക്കു അവൾ പോകുമായിരിക്കും;എന്തായാലും കഥ അവിടെ നിൽക്കട്ടെ;
*****************************************************************************
പെണ്കുട്ടികളെ കല്യാണം കഴിപ്പിച്ചു അയക്കുമ്പോൾ മാതാപിതാക്കൾ ഓർക്കണം,
അവൾ മറ്റൊരു വീടിന്റെ വിളക്ക് ആകേണ്ടവളാണ്,ആ വീട്ടിലെ ഓരോരുത്തരും അവളുടെ സ്വന്തമാകേണ്ടവരും.കല്യാണം കഴിപ്പിച്ചു വിടുന്നത് തന്നെ , മകൾ സന്തോഷമായിട്ടു ജീവിക്കുന്നത് കാണാനല്ലേ; നിരന്തരം ഫോൺ വിളിച്ചു മകൾക്കു ഉപദേശം നൽകുന്ന അമ്മമാർ ഓർക്കണം " നിങ്ങൾ സ്വന്തം മകളുടെ ഭാവി നശിപ്പിക്കുവാന്നു".
ഏതു സാഹചര്യങ്ങളുമായിട്ടും പൊരുത്തപ്പെടാൻ അവളെ പഠിപ്പിക്കേണ്ടവർ തന്നെ, നിസാര പ്രശ്നങ്ങള് ഊതി വീർപ്പിച്ചു,ഒരു ഡിവോഴ്സ് വരെ എത്തിക്കും കാര്യങ്ങൾ;എന്തും ആവശ്യത്തിന് മതി.അത് പോലെ പെൺകുട്ടികൾ,കല്യാണം കഴിഞ്ഞ ഉടനെ തന്നെ വന്നു കയറിയ വീട്ടിലെ കാര്യങ്ങൾ വിളിച്ചു സ്വന്തം വീട്ടിൽ പറയേണ്ട ആവശ്യമെന്താ;നിങ്ങളുടെ ഭർത്താവിന്റെ വീട് ഇനി നിങ്ങളുടേതു കൂടെയാണ്;ആ വീട്ടുകാർ ഇനി സ്വന്തക്കാരും.
അത് പോലെ മകൻ കല്യാണം കഴിച്ചോണ്ടു വരുമ്പോൾ, അമ്മമാർ ഒരു അല്പം ചിന്തയോടെ കാര്യങ്ങൾ ചെയ്താൽ പ്രശ്നങ്ങള് ഇല്ല,ഒരു പക്ഷെ കല്യാണം കഴിഞ്ഞു വരുന്ന പെൺകുട്ടിക്ക് സ്വന്തം ഭർത്താവിനോട് കൂടുതൽ താല്പര്യം മറ്റാരും കാണിക്കുന്നത് ഇഷ്‌ടപ്പെട്ടെന്നും വരില്ല(എല്ലാവരും അങ്ങനെ ആകണമെന്നില്ല).ആദ്യകാലങ്ങളിൽ ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ സ്വന്തം മകനോട് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യവും ഇതു തന്നെയാവും.കാലങ്ങൾ കഴിയുമ്പോൾ ബന്ധങ്ങളുടെ വില ആ പെൺകുട്ടി മനസിലാക്കുക തന്നെ ചെയ്യും;
ഒന്നു പറഞ്ഞു രണ്ടാമതു ഡിവോഴ്സ് എന്നും പറഞ്ഞു നീങ്ങുന്ന ഓരോരുത്തരോടും
"ജീവിതം ഫിസിക്സ് പറയുന്ന പോലെ,
"താഴ്ചകളും ഉയർച്ചകളുമടങ്ങിയ ഒരു തരംഗത്തെ പോൽ";
"ആരും തോൽക്കുന്നില്ല,ജയിക്കുന്നുമില്ല";
"വൃഥാ നമ്മൾ മത്സരിക്കുന്നു,ദിക്കറിയാതെ ഓടുന്നു "
"തെല്ലൊരു ശാന്തതയോടെ, ജീവിതം കൈകാര്യം ചെയ്യാമായിരുന്നിലേ എന്നു പിന്നെത്തേതിൽ ഓർക്കും;ആരും പൂർണ്ണരല്ല;ഏവരും കുറവുള്ള മനുഷ്യരത്രേ,സ്നേഹം കൊണ്ട് സുഖപ്പെടുത്താൻ കഴിയാത്ത ഒന്നുമില്ല "

Dr Anuja

ഏഴു സുന്ദര രാത്രികൾ-വിവാഹപൂർവ രാത്രികൾ


ഏഴു സുന്ദര രാത്രികൾ-വിവാഹപൂർവ രാത്രികൾ
"സ്നേഹിക്കാൻ ഒരു മനസ്സ് തരാവോ"
"ഇഷ്ടമെന്നാദ്യം ചൊല്ലിയതാരോ, അറിയില്ല ഞാനോ നീയോ"
കുളിമുറിയിൽ കയറി നിന്നാ പിന്നെ സംഗീതക്കച്ചേരി തുടങ്ങുകയായി,അതിപ്പോ ഏതു പാട്ടെന്നൊനും ഇല്ല,നമ്മൾ ഏതും പാടും; പാട്ടുകാരിയായിട്ടൊന്നും അല്ലന്നേ,ഒരു രസം;
പ്രായം പതിനേഴായാൽ പാതിയിളക്കം എന്നാണല്ലോ,അല്ലെ
പിന്നെ നാവിൽ ഇപ്പൊ ഇഷ്ടവും സ്നേഹവും എല്ലാം കൊണ്ട് ഒരു തിരുവാതിരയാണ് ദൈവമേ;ഈ ജാതി പാട്ടൊക്കെ കേട്ടിട്ടാവണം
പതിവ് പോലെ അമ്മയുടെ വിളിയെത്തി;
"ഡി നീ അവിടെ എന്തെടുക്കുവാ ,മണിക്കൂർ ഒന്നായി,കോളേജിൽ പോകണ്ടേ നിനക്ക് "
"ദാ, എത്തി 'അമ്മ "
" ഫൈവ് മിനുട്സ്, ഫുഡ് പ്രോഗ്രാം ഓവർ; ബ്യൂട്ടി പ്രോഗ്രാം ബാക്കി ,ബസ് വരാൻ നേരായി;"
തലമുടി ചീകി യിട്ടും ശരിയാവുന്നില്ല, ഇതാ ഈ തലമുടി വളർത്തിയാലുള്ള ദോഷങ്ങൾ;എങ്ങനെയൊക്കെയോ ആ പരിപാടി അവസാനിപ്പിച്ച്, ബാഗ് മെടുത്തു ബസ്സിനായിട്ടു കവലയിലോട്ടു നടന്നു;
പെട്ടെന്ന്
"ചാന്ദിനി"
"ചന്ദുട്ടി "
ആരാടപ്പനെ ഈ നേരം കേട്ട നേരത്തു എന്നും പറഞ്ഞു നോക്കുമ്പോളതാ നിൽക്കുന്നു
വെളുക്കനെ ചിരിച്ചോണ്ട്
എന്റെ ബാല്യകാല സുഹൃത്തും വായ്നോട്ടത്തിൽ മാസ്റ്റർ ഡിഗ്രി എടുത്ത കൂട്ടുകാരൻ "അരവിന്ദ് "
"ഡി എന്താടി ഒരു മൈൻഡ് ഇല്ലാണ്ട്"
"ഓ നിന്നെ കണ്ടിട്ടു ഞാൻ ഇനി,എന്റെ ബസ് വരാരാറായി "(ഞാനും അവനും തമ്മിൽ ഡാ പോടാ റിലേഷൻ ആയോണ്ടാ ഈ ജാതി വെറുപ്പിക്കല് )
"ശരിയെടി നീ നടന്നോ "
"അവൻ എന്തിനാണാവോ വിളിച്ചേ,ആ എന്തേലും ആകട്ടെ"
ഞാൻ തിരിഞ്ഞു നടന്നു ;
വൈകുന്നേരം ബസിൽ നിന്നിറങ്ങി, വീട്ടിലേക്കു നടക്കുമ്പോഴായിരുന്നു അത് കേട്ടത് ;
നമ്മുടെ വേലപ്പൻ ആശാരിയുടെ മോനില്ലേ അരവിന്ദ്,കൂട്ടുകാർക്കൊപ്പം തിരയിൽപ്പെട്ടു,രണ്ടു പേരുടെ ബോഡി കിട്ടി,തിരച്ചിൽ നടന്നോണ്ടിരിക്കുവെന്നും മറ്റും;
"ചെറുക്കനും രണ്ടു കൂട്ടുകാരും കൂടെ രാവിലെ കടല് കാണാൻ പോയതാ,കുളിക്കുന്നതിനിടയിൽ,,,,"
കവലയിൽ കേട്ടതൊക്കെ സത്യമാവരുതേ എന്നായിരുന്നു അപ്പോഴുള്ള എന്റെ പ്രാർത്ഥന
രാവിലെ അവൻ എന്നോട് സംസാരിക്കാൻ വന്നിട്ടും,ചില നേരങ്ങളിൽ നമ്മളിങ്ങനാ ആർക്കും കൊടുക്കാൻ നമുക്ക് ഇച്ചിരി സമയം കാണില്ല;പിന്നെ ഒരുനാൾ ആശിച്ചാലും നമുക്കവരെ കാണാൻ കഴിഞ്ഞെന്നും വരില്ല;അപ്പോഴേക്കും വിധിയവരെ നമ്മളിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ടാവും;
ദിവസങ്ങൾ കടന്നു പോയി,എന്റെ എഞ്ചിനീയറിംഗ് പഠനം അവസാനിക്കാൻ ആറു മാസങ്ങൾ ബാക്കി; പ്രോജക്റ്റും തിരക്കുകളുമായിട്ടു നടക്കുന്ന സമയം,
"മോളെ; ചാന്ദിനി കുട്ടി അമ്മയില്ലേ "
ഭാർഗവി 'അമ്മ, കല്യാണ ബ്രോക്കെർ ആണ് കക്ഷി ; മൂപ്പത്തിക്ക് ഈ ഇടയായിട്ടു നമ്മളോട് സ്നേഹം കൂടുതലാണ്;എനിക്ക് എന്തോ പാരയും കൊണ്ടുള്ള വരവാണ് അതെന്നു മനസ്സിലായി;
"അമ്മെ"
അടുക്കളയിൽ നിന്ന് 'അമ്മ ഹാജർ;
"നല്ല ഒരു ചുങ്കൻ ചെക്കൻ, സ്വന്തമായിട്ട് ഒരു ബാങ്ക് ഒക്കെ ഉണ്ടേ ആൾക്ക്,ഒറ്റ മോൻ,നമ്മുടെ ചന്ദുട്ടിക്കു ചേരും ,മോളുടെ കോഴ്സ് കഴിയാൻ അധിക നാളൊന്നും ഇല്ലല്ലോ "
"അതിപ്പോ, ഉടനെ ഒരു കല്യാണം ,അവൾക്കിനിയും പഠിക്കണമെന്നാ പറയുന്നേ "
"ഓ അവൻ പഠിപ്പിച്ചോളുമെന്നെ" അതും പറഞ്ഞിട്ടു മൂപ്പത്തിയാര് എന്നെ നോക്കി ഒരു ആക്കി ചിരി;
മനസ്സിൽ
"ആ കോഴ്സ് ഏതായാലും ഇപ്പൊ വേണ്ട "
"ഇതിലിപ്പോ ആലോചിക്കാൻ ഒന്നുമില്ല, നിങ്ങൾ കുട്ടിയുടെ അച്ഛനോട് കാര്യം പറയു, സമ്മതമെങ്കിൽ അടുത്താഴ്ച അവരിങ്ങോട്ടു വരും "
അവര് പോയ ഉടനെ
"അമ്മെ വേണ്ടാട്ടോ,എനിക്കിപ്പോ കല്യാണം വേണ്ട "
അമ്മയെന്നെ തറപ്പിച്ചൊരു നോട്ടം നോക്കി;
"നീ ഇവിടെ നില്ക്കാൻ പോവാണോ;നല്ല ആലോചന ആണേൽ ഞങ്ങളത് നടത്തും "
"രക്ഷയില്ല,ഞാൻ പെട്ടു മോനെ ദാസാ "
"അതെ ആ പയ്യനും കൂട്ടരും വരുന്നുണ്ടെന്നു ഈ ആഴ്ച " അനിയത്തി ലക്ഷ്മി അറിയിച്ചു;
വിവാഹത്തിന് താല്പര്യക്കേട് കാണിച്ചെങ്കിലും എന്റെ മനസ്സിലും ഒരു ഇത് ഇല്ലാതില്ല ;
ഇനിയിപ്പോ ജീവിതത്തിലെ കൂട്ടുകാരൻ ഇതായിരിക്കുവോ, കാണാൻ ഒരു കൊതിയൊക്കെ തോന്നാതിരുന്നില്ല;
എപ്പോഴായാലും കല്യാണം കഴിച്ചേ പറ്റൂ,അവര് വരട്ടെ
അങ്ങനെ ആ ദിവസമെത്തി,
പെണ്ണ് കാണൽ ചടങ്ങു; ഒരു നീല ചുരിദാറിൽ, മുടി ഒക്കെ വിടർത്തിയിട്ടു,സുന്ദരിയാണെന്ന് ഉറപ്പു വരുത്തി, ഉമ്മറത്തേക്ക് വരുമ്പോൾ എന്റെ ദേഹം ഒന്നടങ്കം വിയർത്തു ;
പയ്യന്റെ പെങ്ങളും ഭർത്താവുമാണ് കൂടെ
അതെ എന്റെ ചെക്കനെ ഞാൻ കണ്ടു;
"ഭാർഗവി 'അമ്മ പറഞ്ഞ പോലെ നല്ല ചുങ്കൻ ചെക്കൻ"
ആ സദസ്സിലേക്ക്,ആളുടെ പെങ്ങൾ എന്നെ കൂട്ടി കൊണ്ടിരുത്തി,
എന്തൊക്കൊയോ ചോദിക്കുണ്ട്
ഞാൻ ആകെ തണുത്തുറഞ്ഞ പോലെ;
ഇതാണാവോ എന്റെ ചെക്കൻ, വല്ലാത്തൊരു ഫീലിംഗ്
തിരിച്ചു പോകാൻ നേരം, കണ്ണുകൾ കൊണ്ട് ഞങ്ങൾ കഥ പറഞ്ഞു;"ഇഷ്ടമാണ് നിന്നെയെനിക്ക്"
വിവാഹം നിശ്ചയിച്ചു ;
ഫോൺ വിളിയും ചാറ്റിങ്ങും പടർന്നു പന്തലിച്ചു,കാണാതിരിക്കാൻ വയ്യെന്നായി;
ഒരാണിനോടൊപ്പം അവന്റെ കരുതൽ സ്നേഹം ഇതൊക്കെ അനുഭവിക്കാൻ പോകുന്നു എന്ന ചിന്ത എന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത് ; ഇതു വരെ എല്ലാവരും ഉണ്ടായിരുന്നു അച്ഛൻ 'അമ്മ ലക്ഷ്മി ,പക്ഷെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു രാജീവേട്ടൻ,എന്റെ ഏട്ടൻ വന്നതിൽ പിന്നെ ഒരായിരം ജന്മങ്ങളിലെ സ്നേഹം ഒരുമിച്ചു കിട്ടിയ പോലെ; ഏതവസ്ഥയിലും ഇനി ജീവിതത്തിൽ താങ്ങും തണലുമായിട്ടു ; സ്വന്തമെന്നു പറയാൻ ,എല്ലാം പങ്കിടാൻ ഒരാളു വരുന്നു ;;
;സ്നേഹം ആഗ്രഹിച്ചു കരുതൽ മോഹിച്ചു ഒരാളുടെ കൈ പിടിക്കാനൊരുങ്ങുന്നു; എങ്കിലും പത്രത്താളുകളിൽ ദിനംപ്രതി വരുന്ന വാർത്തകൾ എന്നെ അലട്ടിയിരുന്നു; ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്തവർ, അവരും വിവാഹത്തിന് മുൻപ് , എന്നെ പോലെ സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവില്ല;
കഴിഞ്ഞ ദിവസം അങ്ങേതിലെ പുഷ്പ്പ ചേച്ചി പറയുന്നുണ്ടായിരുന്നു
"മോളെ, യാഥാര്ഥ്യങ്ങൾ സ്വപ്നങ്ങൾ പോലെ ആയിരിക്കണമെന്നില്ല;ആ സത്യം മനസിലാക്കുന്നിടത്താണ് ജീവിത വിജയം "
" ഏതൊരു പെൺകുട്ടിയെയും പോലെ വിവാഹപൂർവ സ്വപ്നങ്ങൾ കടന്നു ജീവിതമെന്ന യാഥാർഥ്യത്തിലേക്ക് ഞാൻ എന്റെ കൂട്ടുകാരന്റെ കൈ പിടിക്കുവാണ് നാളെ , അതെ നാളെ എന്റെ വിവാഹമാണ് "
ചാന്ദിനി
വെഡ്സ്
രാജീവ്


Dr Anuja

അവളൊരു ഉഗ്രൻ കേസ് ആണെന്നേ


അവളൊരു ഉഗ്രൻ കേസ് ആണെന്നേ
"സാറേ, അവളെ കണ്ടാ തന്നെ അറിയാം ഒരു വശപിശകാന്നു"
" അല്ലേൽ വയസ്സ് പത്തു മുപ്പതു കഴിഞ്ഞിട്ടും ഇവളിങ്ങനെ മൂത്തു നരച്ചു നിൽക്കുവോ"
"പക്ഷെ പറയാതിരിക്കാൻ വയ്യ മാഷെ, അവളൊരു മുതലാ"
സ്റ്റാഫ് റൂമിലേക്ക്‌ കയറുമ്പോൾ എനിക്കൊന്നു തല പെരുത്തു; കണക്കു മാഷുമാരായ ശിവകുമാറും രാജീവനും പുതുതായി സ്കൂളിൽ ജോയിൻ ചെയ്ത മായാ ടീച്ചറിനെ കുറിച്ച് വാചാലമാകുന്നത് കേട്ടിട്ടു;
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചിട്ടു വർഷം കുറെയായി ;ഇതു പോലെ ഞരമ്പ് വാതം പിടിച്ച ഓരോരുത്തരെ കാണുന്നതും ആദ്യമായിട്ടല്ല ; എന്നാലും എനിക്ക് അങ്ങോടു രുചിച്ചില്ലന്നും പറയാം ;
എന്നെ കണ്ട ഉടനെ
ഇറക്കുമതി ചെയ്ത ഒരു പുഞ്ചിരി വരുത്തി, അവർ രണ്ടാളും
"ദേവിക ടീച്ചർ ഒരു സംഭവം തന്നെ, സയൻസ് ക്ലബ് ഇത്രയും നന്നായിട്ടു പോകുന്നത് തന്നെ ടീച്ചർ ഉള്ളത് കൊണ്ടാ"
വന്ന ദേഷ്യത്തെ മറച്ചു ഞാനൊന്നു ചിരിച്ചു
"കഷ്ട്ടം"
"വീട്ടിൽ നല്ല മൊഞ്ചുള്ള ഭാര്യ കാണും, എന്നാലും വഴിയേ പോകുന്ന ചാവാലി പട്ടിയെ പോലും വെറുതെ വിടാത്ത ജാതികൾ "
വൈകുന്നേരം സ്കൂളിൽ നിന്നും എല്ലാവരോടും ഹായ് പറഞ്ഞു,
പതിവ് പോലെ വീട്ടിലേക്കുള്ള ബസ് നോക്കി നിൽപ്പായിരുന്നു; അപ്പോഴതാ നിൽക്കുന്നു നമ്മുടെ മാഷുമാരുടെ മുതലേ,മായാ ദേവി ;
മായാ ദേവി നെ കണ്ടിട്ടു,ഞാൻ ഒന്നു ചിരിച്ചു
എന്നെ കണ്ട ഭാവം ഇല്ലാതെ ആള് നില്കുന്നു ;
"ഇച്ചിരി ജാഡ ടീം ആണോ ദൈവമേ " മനസിലോര്ത്തു നിൽകുമ്പോൾ പരിചയമുള്ള ഒരു ടീം എത്തി; കത്തി വയ്ക്കാൻ എന്നെ കഴിഞ്ഞേ മറ്റാരും ഉള്ളു എന്നത് കൊണ്ട് ബസ് പോയത് ഞാൻ അറിഞ്ഞില്ല;
അവസാനം ഏകാന്ത പഥികയായി ഞാനും;
ഇച്ചിരി താമസിച്ചിട്ടു ആണെങ്ളിലും എനിക്ക് ബസ് കിട്ടി;
വീട്ടിൽ എന്റെ രണ്ടു വയസ്സുകാരി പാറുകുട്ടിയെ നോക്കാൻ അമ്മയുള്ളോണ്ട് ആ ടെൻഷൻ നഹീം;
സമയം ഏതാണ്ട് ആറു അടുപ്പിച്ചായി, നേരം ഇരുട്ടി തുടങ്ങുന്നതേ ഉള്ളു;
സൈഡ് സീറ്റിൽ കാഴ്ച കണ്ടിരുപ്പായിരുന്നു;
പെട്ടെന്നു;ബസ് നിന്നു ;ഞാൻ നോക്കുമ്പോൾ ആക്സിഡന്റ് മണമടിച്ചു ;
"ആർക്കും ഒന്നും വരല്ലേയെന്നു പ്രാര്ഥിച്ചിരിക്കുമ്പോൾ "
ആരോ പറയുന്നത് കേട്ടു
ഏതോ പെങ്കൊച്ചിനെ ബൈക്ക് തട്ടിയെന്നും മറ്റോ
ബസ് പോകാൻ ഇനിയും സമയമെടുക്കും;
പുറത്തേക്കു നോക്കുമ്പോൾ ഒരു ഹാൻഡ്ബാഗ്, ചോറ് പാത്രം,കുറെ ബുക്കുകൾ എല്ലാം ചിതറിക്കിടക്കുന്നു "
"ആ ബാഗ് എവിടെയോ കണ്ട പോലെ "
"അതെ ഇതവൾ ടെ അല്ലെ ,മായാദേവിടെ "
"എന്റെ ദൈവമേ, അവളായിരുന്നോ"
ചാടി വീണു, ബസിൽ നിന്നിറങ്ങി, ആരൊക്കൊയോ പറഞ്ഞു തന്ന ഹോസ്പിറ്റലിലേക്ക് ഒറ്റ പോക്കായിരുന്നു ഞാൻ ;
അവൾ ഐ സി യു വില് ആണ് ;
കുറച്ചു കഴിഞ്ഞു നില വിളിച്ചോണ്ട് ഒരു അമ്മയും ഏതാണ്ട് പതിമൂന്നു പതിന്നാലു വയസ്സ് പ്രായം വരുന്ന പെൺകുട്ടിയും അവിടേക്കു വന്നു;
കണ്ടിട്ടു അവളുടെ അമ്മയും അനിയത്തിയും ആണെന് മനസിലായി;അവരോടൊപ്പം വന്ന പ്രായം കൂടിയ വല്യപ്പനിൽ നിന്നും
മായാദേവിടെ ജീവിതപശ്ചാത്തലം ഏറെക്കുറെ പിടി കിട്ടി;
അച്ഛൻ ഉപേക്ഷിച്ചു പോയ രണ്ടു പെൺകുട്ടികളെ 'അമ്മ ജോലിയെടുത്തും മാനം മര്യാദക്ക് വളർത്തി,പഠിപ്പിച്ചു;പറയാൻ മാത്രം ബന്ധുക്കാരില്ല; വിവാഹപ്രായം കഴിഞ്ഞിട്ടും സ്ത്രീധന കമ്പോളത്തിൽ പിടിച്ചു നില്ക്കാൻ പറ്റാത്തോണ്ടു മായയുടെ കല്യാണവും നടന്നില്ല;എന്നാലും മിടുക്കി ഒരു ജോലി സംബാധിച്ചല്ലോ ഇതിനിടക്ക്‌;
"ദൈവമേ അവൾക്കൊന്നും വരുത്തല്ലേയെന്നു ഞാനും"
"ജീവിതത്തോട് പട വെട്ടി, അവൾ ഇതു വരെ എത്തി,ഇനി അവൾ തോല്കരുത് "
സ്വന്തം വിഷമങ്ങൾ ആകാം അവൾ തന്നിലേക്ക് തന്നെ ഉൾവലിഞ്ഞതും;
കുറച്ചു മുൻപ് ജാഡ ആണെന്നു കരുതിയലോ ദൈവമേ;ഇതു പോലെ എത്ര മായാദേവിമാർ നമുക്ക് ചുറ്റിലും; അവരെ അറിയാത്ത ലോകത്തിനു മുൻപിൽ മൗനമായി ജീവിതം നയിക്കുന്നു;
.ആ ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ എന്റെ മനസ്സിൽ
" ആരെയും പുറംമോടി കണ്ടു വിലയിരുത്തരുത്; അവൾ തിരിച്ചു വരും കാരണം അവളുടെ ജീവിതത്തിൽ ഇനി തോൽവിയില്ല, സന്തോഷങ്ങൾ നിറഞ്ഞതായിരിക്കും"

അമ്മ


"മ്മ മ്മ " എന്നുറക്കെ
കരഞ്ഞപ്പോൾ
"മ്മ” അല്ലെന്നുണ്ണി
'അമ്മ, എന്നു പറഞ്ഞവൾ നീ.
ആദ്യപാഠം ചൊല്ലിത്തന്നതും,
വാത്സല്യച്ചൂടു പകർന്നെന്നെ
മാറോടണച്ചവളും നീ.
മുലപ്പാലിൻ മാധുര്യമേകി,
എൻ പാൽപുഞ്ചിരിയിൽ
പേറ്റുനോവിൻ വേദന മറന്നവൾ നീ.
പിച്ച വയ്കുന്നേരം എൻ
കാലടികൾ തെന്നീടവേ
"അയ്യോ, എന്നുണ്ണി,എന്നുറക്കെ
വിളിച്ചോടി വന്നെന്നെ
തലോടിയ കൈകളും നീ.
എനിച്ചു വേണ്ടമ്മേ എന്ന
ഭാവത്തിൽ അന്നത്തിനു നേരെ
മുഖം തിരിച്ചപ്പോൾ;
കാകാച്ചിയമ്മെയെ കാട്ടി,
ഓരോ ഉരുള ചോറും എൻ
വായിൽ നിറച്ചൊരാ
സ്നേഹമാണ് നീ.
ബാലാരിഷ്ടതകൾ വന്നൊരാ വേളയിലും,
എന്നുണ്ണി നീ കരയല്ലേ
എന്നെന്നെ മാറോടണച്ചു
പാലിച്ചവളും നീ.
അച്ഛൻ പോയൊരാ വേളയിലും ,
ഞാനുണ്ടാകും താങ്ങായി
നിങ്ങൾക്കു എന്നുര ചെയ്തവൾ നീ.
കാലചക്രം തിരിഞ്ഞീടവെ ,
ബാല്യകൗമാരഥികൾ കടന്നു
ഞാനിന്നെൻ യവ്വനത്തിലും,
കൂട്ടുകാരി എനിക്കുമുണ്ടായി
ജീവിതത്തിൽ ;
ഒരു നാൾ
"ഹേ മനുഷ്യാ,വൃത്തിയില്ലമ്മക്കു,
സൂക്കേട് ഒഴിഞ്ഞൊരു നേരമില്ലെന്നും”
അവൾ മൊഴിഞ്ഞപ്പോൾ
ഞാനുമൊന്നിളകി ;
എൻ പള പള മിന്നും
കുപ്പായത്തിനും മോടികൾക്കും
തെല്ലും ചേർന്നതെല്ലെന്നമ്മ തൻ രൂപമിന്നു;
ഉപയോഗമില്ലാതെല്ലാം കളവാൻ കുപ്പത്തൊട്ടിയുണ്ട്,
എന്നാൽ ജീവനുള്ളിവരെ ഞാൻ എവിടെ കളയും;
വൃദ്ധസദനമെന്ന ആശയം
ചിന്തയിൽ മുളച്ചു,
തെല്ലും വൈകാതെ
'അമ്മ തൻ കൈയും പിടിച്ചു
നടന്നു ഞാനാ സവിധത്തിലേക്കു
നോക്കിയതില്ല ഞാനാ മുഖത്തു
കണ്ണുകൾ ഈറനണിഞ്ഞോ എന്നു പോലും.
വീണ്ടും തിരക്കുകളിൽ മുഴുകി ഞാനും ,
പെറ്റമ്മ തൻ നോവും മറന്നുവല്ലോ;
പണമാണിന്നെൻ ഉറ്റ സ്നേഹിതൻ ;
ബന്ധങ്ങൾ തൻ നൂലിഴകളിൽ
കിടന്നീടുവാൻ തെല്ലും മനസ്സു ഇന്നെനിക്കില്ല ;
ഞാനിന്നത്തെ ലോകത്തിൻ പുത്രൻ .
Dr.Anuja.

മീര പിഴച്ചവളല്ല




മീര പിഴച്ചവളല്ല

“പിഴച്ചവൾ"
“സ്വന്തം ഭർത്താവിനെ കൊന്ന രാക്ഷസി ”
“ഇവളൊക്കെ മനുഷ്യജന്മം ആണോ ,ആ കുഞ്ഞിനെ പോലും ഓർത്തില്ലലോ അഴിഞ്ഞാട്ടക്കാരി ”
ഓരോ ജല്പനങ്ങളും കാതിൽ വന്നു അടിക്കുമ്പോഴും മീര ചിരിക്കുവാർന്നു; നീതി നിഷേധിക്കപ്പെട്ട ഒരുപാടു ജന്മങ്ങൾ തനിക്കു മുൻപും ഉണ്ടായിട്ടില്ലേ എന്ന ഭാവത്തിൽ
കോടതി മുറിയിൽ വിചാരണ നടത്തിയപ്പോഴും അവൾ മൗനം പാലിച്ചു .ഈ ലോകത്തോട് തനിക്കൊന്നും പറയാനില്ല ,ആ വാശിയുണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക് .പ്രായം ഏതാണ്ട് മുപ്പത്തിയഞ്ചു കഴിഞ്ഞുണ്ടാകും,പക്ഷെ ആ കണ്ണുകളിലെ നിസ്സംഗത ആരെയും തെല്ലൊന്നു അതിശയിപ്പിക്കും .ഈ സാധു സ്ത്രീക്ക് ഒരാളെ കൊല്ലാൻ കഴിയുമോ ,നൂറു നൂറു ചോദ്യങ്ങൾ ആർക്കും തോന്നാം .
അവസാനം
കോടതി മുറിയിൽ ആർത്തുഅട്ടഹസിച്ചു അര്ഥമില്ലാതെ അവൾ എന്തൊക്കെയോ പുലമ്പി ,ഒരു പക്ഷെ അവളുടെ സംഗടങ്ങൾ ആകാം.ഭ്രാന്തി എന്നു മുദ്ര കുത്തി അവൾ ഇവിടെ എത്തിയിട്ടു ഇന്നേക്ക് ആഴ്ച ഒന്നു കഴിഞ്ഞു .
ഭ്രാന്തിനെ ചികില്സിക്കുന്ന ഡോക്ടർക്ക് അവളുടെ ഭൂതകാലം അറിയാൻ ആകാംഷ തോന്നി, ഞാൻ അവളുടെ കേസ് ഹിസ്റ്ററി നോക്കിയതും അത് കൊണ്ടാവും ;മാധ്യമങ്ങളിലെ സെൻസേഷണൽ ന്യൂസിലെ നായിക;അവളെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ഒരു ശ്രമം നടത്തി .
അവൾ മീര ,
ഒരു ഇടത്തരം വീട്ടിൽ ജനിച്ചു വളർത്തപ്പെട്ടവൾ ,അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാർ ,ഒരു അനിയൻ ഉള്ളത് കോളേജിലോ മറ്റോ പഠിക്കുന്നു ,ജാതകദോഷത്തിന്റെ പേരിൽ നേരത്തെ തന്നെ അവളുടെ വിവാഹം വീട്ടുകാർ നടത്തി ,അവളെക്കാളും ഏറെ പ്രായകൂടുതൽ ഉണ്ടായിരുന്ന ഒരാളുമായിട്ടു ,അയാളും ഒരു സ്കൂൾ മാഷായിരുന്നു .പന്ത്രണ്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ സ്വന്തം മകളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞു കാമുകനോടൊപ്പം രതിസുഖം തേടി പോയെന്നും ,അതറിഞ്ഞു ചോദ്യം ചെയ്ത ഭർത്താവിനെ ദാരുണമായി അവൾ വെട്ടി കൊന്നെന്നുമാണ് അവള്കെതിരെ ആരോപിക്കപ്പെട്ട കുറ്റം .
വിചാരണവേളയിൽ അസ്വാഭാവികമായ അവളുടെ പെരുമാറ്റം കണ്ട ജഡ്ജി അവളെ മനോരോഗ ചികിത്സാലയത്തിലേക്കു അയക്കാൻ നിർദേശിച്ചു .
അങ്ങനെ അവൾ ഈ ആശുപത്രിയിൽ എത്തി .
എന്നാൽ അവളൊരു തെറ്റുകാരിയാണെന്നു വിശ്വസിക്കാൻ എന്റെ മനസ്സു ഒരുക്കമല്ലായിരുന്നു . സമൂഹത്തിലെ ഭ്രാന്ത് പിടിച്ച പല ചെന്നായ്കൾക്കും പകരം ശിക്ഷിക്കപ്പെടുന്നത് ഇതു പോലെയുള്ള ആട്ടിൻകുട്ടികൾ ആണെന്ന സത്യം എന്നെ കൂടുതൽ ചിന്താധീനയാക്കി .എന്റെ വര്ഷങ്ങളോളമുള്ള സേവനത്തിനിടയിൽ ഇതു ആദ്യമൊന്നുമല്ല ,ഓരോ രോഗിയും വരുന്നതും പോകുന്നതും .
ചിലരോട് നമുക്കു ഒരു ആത്മബന്ധം തോന്നും ,അവളോടും എനിക്ക് അങ്ങനെ തോന്നി .വരും ദിവസങ്ങളിൽ മീരയുമായി കൂടുതൽ സംസാരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ .അവളുടെ നീണ്ട മൗനം എന്നെ കുഴപ്പത്തിലാക്കി . എങ്കിലും എന്നെ ഒരു കൂടെപ്പിറപ്പിനെ പോലെ കണ്ടത് കൊണ്ടാവണം ഒരു ദിവസം ,
“ചേച്ചി "
എന്റെ കണ്ണുകളിലേക്കു നോക്കി അവൾ തുടർന്നു;
“ആർത്തിരമ്പിയ കടല് പോലെയായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി മനസ്സ്”
“ചങ്ങലകൾ കൊണ്ട് ബന്ധിച്ച ജീവിതത്തിൽ നിന്നും രക്ഷപെട്ടല്ലോ ,ആശ്വാസം ”.
“ഓർമ്മകൾ ചിലപ്പോ നെഞ്ച് കുത്തി തുളക്കുന്ന സങ്കടം കൊണ്ട് തരും ;
മറക്കാനായിട്ടു പറ്റുന്നില്ല ഒന്നും ; വിധിയായിരുന്നോ അറിയില്ല ”;
“ആരോടെങ്കിലും പറഞ്ഞു ഒന്നു ചങ്കു പൊട്ടി കരയാൻ തോന്നിയിട്ടു നാള് കുറച്ചായി ”
ഞാൻ അവളെ ആകാംഷയോടെ നോക്കി ,
മീര തുടർന്നു ;
“ഞാനാ അയാളെ കൊന്നേ ,വെട്ടി ,വെട്ടി ഞാൻ അയാളെ കൊന്നു ,എന്റെ കലി അടങ്ങുവോളം ”
“എനിക്ക് തെല്ലും സംഗടമില്ല ”
ഒരു ഭ്രാന്തിയെ കണക്കു അവൾ അതു പറയുമ്പോൾ മനസ്സ് പിടഞ്ഞിട്ടാവണം കണ്ണുനീർ ധാരധാരയായി ഒഴുകി
“എന്തിനാ കുട്ടി നീ അയാളെ ” ചോദ്യം മുഴുമിപ്പിക്കുന്നതുനു മുൻപ്
“ഹൈസ്കൂൾ മാഷായിരുന്നു അയാൾ ,സ്നേഹസമ്പൂർണമായ ദാമ്പത്യമായിരുന്നു ഞങ്ങളുടേതു ,നല്ല വാക്ചാതുര്യതയും ആരെയും വശീകരിക്കുന്ന പുറംഭാവോം അയാളെ എല്ലാവർക്കും സ്വീകാര്യനാക്കിയിരുന്നു ;അയാളുടെ ഭാര്യ എന്നു ഞാൻ അഹങ്ഗരിച്ച നാളുകൾ , ഞങ്ങൾക്കൊരു കുഞ്ഞു പിറന്നു
“ആരതി "
ഞങ്ങൾടെ പൊന്നോമനയായി അവൾ വളർന്നു ; എപ്പോഴും അച്ഛനെക്കുറിച്ചു വാ തോരാതെ പറയുമായിരുന്നു എന്റെ മോൾ ;
“മൈസെൽഫ് ആരതി ശ്രീകുമാർ ”
ശ്രീയും അവളെ അതു പോലെ സ്നേഹിച്ചിരുന്നു;
അഭിമാനത്തോടെ അവളതു പറയുമ്പോൾ ,എന്നെ നോക്കി ഒരു ചിരിയുണ്ട് ,അപ്പോഴേക്കും ഞാൻ
“ശരി,അച്ഛയുടെ മോള് തന്നെ ”
അവളുടെ മുൻപിൽ പിണക്കം അഭിനയിച്ചു തിരിഞ്ഞു നടക്കുമ്പോൾ ഓടി വന്നു ഒരു കെട്ടി പിടി ഉണ്ട്, “ഐ ലവ് യു 'അമ്മ ടൂ ”
എന്നിട്ടു എന്റെ കണ്ണിൽ തുരു തുരെ ഉമ്മ വെച്ചു എന്നെ ചിരിപ്പിക്കുമായിരുന്നു അവള് ,കാലങ്ങൾ വേഗത്തിൽ കടന്നു പോയി വയസ്സ് പതിനൊന്നു ആയെങ്കിലും മനസ്സു ഇപ്പോഴും ഒന്നാം ക്ലാസ്സിലെന്നു അവളെ ദേഷ്യം പിടിപ്പിക്കാനായി ഞാൻ പറയുമായിരുന്നു ,
ശ്രീകുമാർ ,പേരെടുത്ത കണക്കു മാഷായിരുന്നു സ്കൂളില്,സഹപ്രവർത്തകർക്കും രക്ഷകർത്തക്കൾക്കും വിശ്വസ്തൻ ; അതു കൊണ്ട് അയാൾക്കു ഒരുപാടു വീടുകളിൽ ടൂഷൻ പഠിപ്പിക്കലും ഉണ്ടായിരിന്നു ,അതൊക്കെ കഴിഞ്ഞു വീടെത്തുമ്പോഴേക്കും നേരം രാത്രിയാകും ;
ഡിഗ്രി വരെ പഠിച്ച എനിക്ക് ഒരു ആരാധ്യ പുരുഷനായിരുന്നു അയാൾ അന്ന് ;കണക്കിന്റെ എബിസിഡി അറിഞ്ഞൂടാത്ത എന്റെ മുൻപിൽ ഒരു എവറെസ്റ് എന്നൊക്കെ പറയാം ;
അയാളും മോളും പോയാൽ പിന്നെ, അലക്കലും വീട് അടിച്ചു വാരലും ഒക്കെയായിട്ടു ഞാനും കൂടും ;
അന്ന് പതിവില്ലാതെ ,ശ്രീ ടെ മുറി അടിച്ചു വാരുകയായിരുന്നു,ഒഫീഷ്യൽ കാര്യങ്ങൾക്കായിട്ടായിരുന്നു അയാളത് ഉപയോഗിച്ചിരുന്നത് ,ബെഡ്റൂമിൽ നമ്മുടെ മാത്രം ലോകം മതി മീര ,അവിടേക്കു സ്കൂളും തിരക്കുകളും വേണ്ടെന്നായിരുന്നു എപ്പോഴും പറയാറ് ;
അധികമൊന്നും ശ്രീയുടെ മുറിയിൽ ഞാൻ കയറാറില്ല , എന്നിട്ടും അന്ന്
മേശയിൽ കുറെ ബുക്കുകൾ വാരി വലിച്ചിട്ടുണ്ട് ,
അതൊക്കെ അടുക്കാനായി നോക്കിയപ്പോൾ ,അതിനിടയിൽ നിന്നും , ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ണിൽ പെട്ടു, തീർത്തും നഗ്നമായ അവസ്ഥയിൽ ;ഏകദേശം എന്റെ മോളുടെ പ്രായം കാണും
ഒന്നിന് പുറകെ ഒന്നായി ഒരുപാടു പേരുടെ ;
ഇതൊക്കെ ശ്രീയുടെ കൈയിൽ എങ്ങനെ , ആകെ വെപ്രാളം പിടിച്ചു ആ ദിവസം ;
മനസ്സിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം ഉടയുന്നത് സഹിക്കാനാവുമായിരുന്നില്ല ;
ജോലിത്തിരക്കുകൾ ഉണ്ടെന്നും പറഞ്ഞു ഒരുപാടു സമയം രാത്രി ശ്രീ ആ മുറിയിൽ ചിലവിടാറുണ്ടായിരുന്നു ”
ആ ഫോട്ടോകൾ ആരുടേതായിരുക്കും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു ;
“അയാൾ പഠിപ്പിക്കുന്ന കുട്ടികൾ ,ടൂഷൻ എടുക്കുന്ന കുട്ടികൾ ,ആരുടേതു വേണേലും ആകാം ”
“ദേഹം ഒന്നടങ്കം തളർന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ ;
പതിവ് പോലെ ,അയാൾ എത്തി ,
അത്താഴം വിളമ്പുമ്പോൾ ,
“എന്താ മീര ,മുഖത്തു കടന്നല് കുത്തിയ പോലെ തനിക്കു ഒരു സന്തോഷമില്ലല്ലോ ”
“ഒന്നുമില്ല ശ്രീയേട്ടാ ”ഇതും പറഞ്ഞു മുറിയിലേക്ക് നടക്കുമ്പോഴും മനസ്സു വിങ്ങിപൊട്ടുവാർന്നു ;
പിന്നങ്ങോട്ട് രാത്രികളിൽ ,
“അയാൾ തൊടുമ്പോഴൊക്കെ അറക്കുന്ന പോലെയായിരുന്നു എനിക്ക്,
കണ്ടതൊരു ദുർസ്വാപ്പ്നം പോലെ മറക്കാൻ ശ്രമിച്ചു ;
ദിവസങ്ങൾക്കു ശേഷം ,ആഴ്ചയവസാനം പതിവിനു വിപരീതമായി
“മീര ,ഇന്ന് ടൂഷൻ ഇവിടെ വീട്ടിൽ വച്ചാണ് ”
ഞാനൊന്നും പറഞ്ഞില്ല ;
വൈകുന്നേരം ;
കാളിങ് ബെൽ കേട്ടു ഞാൻ വാതിൽ തുറക്കുമ്പോൾ
“നല്ല വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ”
“സർ ഇല്ലേ ”
“എവിടെയോ കണ്ടു മറന്ന പോലെ ”അതെ ആ ഫോട്ടോകളിൽ ഒന്നിൽ ഞാൻ കണ്ട മുഖം ;
അവൾ ചിരിച്ചോണ്ട് അകത്തേക്കു കയറി ;
എന്നോടായി
“മാഡം, ഞാൻ അർച്ചന ,സർ ന്റെ ക്ലാസ്സിൽ ആണ് ” ആ സമയം ദേഹത്തൂടെ ഒരു മിന്നൽപിണർ കടന്നു പോയി;
പുറത്തേക്കു ഒന്നും ഇറങ്ങാറില്ല അല്ലെ”
“സ്കൂളില് ഫങ്ക്ഷന് ഒന്നും കാണാറില്ല ”
ഞാൻ ഒരു ചിരി വരുത്തി ,അപ്പോഴേക്കും അവൾ
ചോദിച്ചപ്പോ സർ പറഞ്ഞു “മാഡത്തിന് അതിൽ ഒന്നും താല്പര്യമില്ലാന്നു"
“എന്റെ ഈശ്വരാ,ഫങ്ക്ഷൻ ഒക്കെ വെറുതെ ആഭാസത്തരം ആണെന്നും എന്റെ മീര വരണ്ടാന്നും പറഞ്ഞ മനുഷ്യൻ ” “സർ ,റൂമിൽ ഉണ്ടല്ലോ അല്ലെ ”
വളരെ അധികാരപൂർവം അവൾ സംസാരിച്ചത് കണ്ടിട്ടു ഞാൻ അതിശയിച്ചു ;
“ഉള്ളിൽ തീമഴയായിരുന്നു ”
ചായയുമായി ശ്രീ യുടെ മുറിയിൽ പോയതായിരുന്നു ,
ശ്രീ അവൾക്കു കണക്കു പഠിപ്പിക്കുന്നു
“ഈശ്വരാ വിചാരിച്ച പോലെ ഒന്നും ഇല്ല, ഒരു ആശ്വാസത്തോടെ തിരിഞ്ഞു നടന്നു”പെട്ടെന്നു
ഇടിത്തീ പോലെ ആ വാക്കുകൾ
അവൾ ശ്രീയോടായി,
“സർ, ,ഇവർക്കു ഒരു മാനേഴ്സും ഇല്ലാലോ , ചായ കൊണ്ട് വരുമ്പോൾ ഒന്നു നോക്ക് ചെയ്യണ്ടേ അറ്റ്ലീസ്റ്റ് ,അല്ലെങ്കിൽ നമ്മള് പെട്ടേനെ ”
“അവളെ , പച്ചക്കു കത്തിക്കാനുള്ള ദേഷ്യം മനസിൽ തോന്നിയെങ്കിലും ,ഞാൻ തിരിഞ്ഞു നടന്നു ” എന്റെ ആരതിയുടെ പ്രായം കാണും അവൾക്കു ഏറിയാൽ ഒരു പതിമൂന്നു വയസ്സ് ,ആ കുട്ടിയുടെ ചെറിയ വായിലെ വാക്കുകളെക്കാളും മിണ്ടാതെയിരുന്നു അതു കേട്ട ശ്രീയുടെ മൗനം എന്നെ പൊള്ളിച്ചു;
ടൂഷൻ കഴിഞ്ഞു ശ്രീ മുറിയിൽ വരുമ്പോൾ ,കാരണമില്ലാതെ ഞാൻ ദേഷ്യപ്പെട്ടു ,അവസാനം
“മകളോളം പ്രായമുള്ള പെൺകുട്ടികളെ നിങ്ങൾ ,ഒരു മാഷ് എന്ന് വിളിക്കാൻ നിങ്ങൾക്കു എന്ത് യോഗ്യതയുണ്ട്, തന്നെ പോലെ ഒരു ഫ്രോഡ് ഒന്നും ജീവിക്കാൻ പാടില്ലാന്നു വരെ വിളിച്ചു കൂകി”
അപ്പോഴേക്കും അതു വരെ കണ്ടിരുന്ന ശ്രീയുടെ ഭാവം മാറി ;
“അതെ ,നീ കാണുന്നതില്മ് അപ്പുറമാണ് ഞാൻ ,ഇതു വല്ലോരോടും പറഞ്ഞു എന്നെ നാണം കെടുത്താൻ നോക്കിയാൽ നീയും നിന്റെ മോളും അതോടെ തീരും പറഞ്ഞേക്കാം ”
“ശ്രീ ”അറിയാതെ വിളിച്ചു പോയി ഞാൻ , അയാളിൽ ഞാൻ അന്ന് ആദ്യമായി ഒരു വന്യ ഭാവം കണ്ടു ,
മരിക്കാൻ ഭയമില്ലായിരുന്നു ,പക്ഷെ അച്ഛനെന്നും പറഞ്ഞു നടക്കുന്ന എന്റെ ആരതി കുട്ടി അവളിതു അറിയുന്ന നിമിഷം “അവൾ അച്ഛനെന്നു വിളിക്കുന്നത് നീലച്ചിത്രങ്ങളിൽ ഉന്മാദം പൂണ്ടു നടക്കുന്ന ,അവളോളം പ്രായമുള്ള പെൺകുട്ടികുൾടെ മാനം നശിപ്പിക്കുന്ന ഒരു വൃത്തികെട്ടവനെ ആണെന്നു അറിഞ്ഞാൽ ”
ഉപദേശം കൊണ്ടോ നല്ല വർത്തമാനം കൊണ്ടും അയാളെ മാറ്റാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി ,കാരണം ഒരുപാടു മുഖങ്ങൾ ഉള്ള ചെന്നായ ആയിരുന്നു അയാൾ “സ്വന്തം ഭാര്യയെ , മകളെ പോലും തള്ളി പറയാൻ മനസ്സൊരുക്കം ഉള്ളവൻ ”
അയാളുടെ കൈയിൽ നിന്നും എങ്ങനെ ഞാൻ ആ കുട്ടികളെ രക്ഷപ്പെടുത്തും , വളർന്നു വരുന്ന ആ കുരുന്നുകളെ നീലച്ചിത്രങ്ങൾ കാട്ടിയും പല രീതിയിൽ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെയാവും അയാൾ;
ഓർത്തപ്പോൾ തല പെരുക്കുന്ന പോലെ ആയിരുന്നു ;
പിന്നെയും ആഴ്ചകളും മാസങ്ങളും കടന്നു പോയി ;ഒന്നും ചെയ്യാൻ ആകാതെ ഞാനും ;
അന്നൊരു കല്യാണമുണ്ടായിരുന്നു ,ചിറ്റയുടെ മകന്റെ ,
അകലെ ആയതു കൊണ്ടും ,ലീവ് എടുക്കാൻ പറ്റില്ലെന്നും ഒക്കെ പറഞ്ഞു ശ്രീ ഒഴിഞ്ഞു മാറിയത് കൊണ്ട് ,
മോളെയും കൂട്ടിയായിരുന്നു പോയത് ;
വഴിയിൽ വെച്ചു ആരതിക്കു സുഖമില്ലാതെ ആയി ,അവളെയും കൂട്ടി ഞാൻ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി ;
മോളെ അവിടെ അഡ്മിറ്റ് ചെയ്തു ,അത്യവശ്യ സാധനങ്ങൾ എടുക്കാൻ വീട്ടിലേക്കു വന്നതായിരുന്നു അന്നേ ദിവസം;
വാതിൽ പതിയെ ചാരി വച്ചിട്ടുണ്ടെങ്കിലും താഴിട്ടിട്ടില്ല,
ആരുടെയോക്കൊയോ കരച്ചില് കേൾക്കുന്നുണ്ടായിരുന്നു പതിഞ്ഞ ശബ്ദത്തിൽ,ഒപ്പം അട്ടഹസിക്കുമ്പോലെ ,അതെ ശ്രീയുടെ ശബ്ദം , മുകളിലെ ശ്രീയുടെ മുറിയിലേക്ക് ഓടുകയായിരുന്നു ഞാൻ ;ജനാല വഴി കണ്ട ആ കാഴ്ചയിൽ എന്റെ ബോധം മറഞ്ഞു;
“അർദ്ധ നഗ്നയാക്കപ്പെട്ട അവസ്ഥയിൽ രണ്ടു പെൺകുട്ടികൾ ,സ്കൂൾ കുട്ടികൾ ,ശ്രീ പഠിപ്പിക്കുന്ന വർ ആയിരിക്കും ,
ശ്രീ അവരെ ബലപ്രയോഗത്തോടെ വരുതിയിൽ ആക്കുവാൻ ശ്രമിക്കുന്നു ,മദ്യം കുടിപ്പിക്കാൻ നിര്ബന്ധിപ്പിക്കുന്നു; ആ കുട്ടികളെ അയാൾ കൊല്ലാകൊല ചെയ്യുന്നതു നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല ,എന്റെ മോൾക്ക് നാളെ ഇങ്ങനെ ഒരു അവസ്ഥ വന്നാ ഞാൻ നോക്കി നിൽക്കുവോ ,
സമയം വൈകുന്തോറും അപകടം ആണെന്നു എനിക്ക് തോന്നി ,
അടുക്കളയിൽ നിന്നും വാക്കത്തിയും എടുത്തു ശരവേഗത്തിൽ ഞാൻ വാതിലിൽ മുട്ടി ,
വീണ്ടും വീണ്ടും തകൃതിയായി മുട്ടിയത് കൊണ്ടാവാം ,അയാൾ വാതിൽ തുറന്നു ;
ഒരു നിമിഷം ഞാൻ പകച്ചു എങ്കിലും , ആ കുട്ടികളെ മുറിക്കു പുറത്താക്കി , വാതിൽ അടച്ചു ,ഒരു കൂസലുമില്ലാതെ അയാൾ എന്നെ തല്ലാൻ നോക്കി. കൈയിൽ ഇരുന്ന വാക്കത്തി ഞാൻ അയാൾക്കു നേരെ വീശി , പിന്നെ എപ്പോഴോ ആ മല്പിടിത്തത്തിനിടയിൽ അയാൾക്ക് വെട്ടേറ്റു;
നിലത്തു ചോരയിൽ കുളിച്ചു കിടന്ന അയാളെ വീണ്ടും ഞാൻ വെട്ടി , ഒരു സഹതാപവും തോന്നിയില്ല ,എന്നോട് ചെയ്ത ചതിക്ക് ,പാവപെട്ട കുട്ടികളെ നശിപ്പിച്ചതിന് ,,
അയാളെ കൊന്നു ;
പക്ഷെ അയാൾ അതി ബുദ്ധിമാൻ ആയിരുന്നു , ഞാൻ ആരോടെങ്കിലും അയാളുടെ ചെറ്റത്തരങ്ങൾ പറയുമെന്നു വിചാരിച്ചു എല്ലാവരോടും ഞാൻ ഒരു ദുര്നടപ്പുകാരിയാന്നെന്നു അതിനോടകം വരുത്തിയിരുന്നു ;
അതറിയാൻ , അയാളുടെ ആ ചതി അറിയാൻ വൈകിപ്പോയി ;
അത് കൊണ്ട് തന്നെ അയാളെ ഞാൻ കൊന്നതിനു പലരും പല കഥകളും പറഞ്ഞു ;
അതിലൊന്നാണി അവിഹിതം ,
അയാളുടെ വീട്ടുകാർ എനിക്ക് എതിരെ കേസ് കൊടുത്തു ,എന്റെ മോളും വീട്ടുകാരും എല്ലാം എന്നെ തള്ളി പറഞ്ഞു ;
കോടതിയിൽ എന്റെ മാനത്തിനു പുല്ലു വിലയിട്ടു വക്കിലന്മാർ ചോദ്യശരങ്ങൾ എറിഞ്ഞപ്പോൾ സഹിക്ക വയ്യാതെ ഞാൻ നിലവിളിച്ചു ,കരഞ്ഞു
എല്ലാവരും കൂടെ എന്നെ ഇവിടെ വരെ എത്തിച്ചു ; ഇപ്പോ ഒരു ആശ്വാസമുണ്ട് ;ആരോടും പറയാതെ കൊണ്ടു നടന്ന സംഗടങ്ങൾ മഴ ആയി പെയ്തിറങ്ങിയപ്പോൾ , ഉള്ളു തണുത്ത പോലെ ,
അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു ; എല്ലാവരും ദുര്നടപ്പുകാരിയാക്കിയ ,ഭർത്താവിനെ കൊന്നവൾ എന്നു പറഞ്ഞു ശപിക്കുമ്പോഴും,ഉള്ളിന്റെ ഉള്ളിൽ അവൾ അനുഭവിച്ച സംഗടക്കടലിന്റെ ആഴം ആർകെങ്കിലും അറിയുമോ ; ഇതു പോലെ എത്രയോ പേർ ജയിലിലെ ഇരുമ്പഴിക്കുള്ളിൽ നീതി കിട്ടാതെ …
“അവൾ ചെയ്തത് ശരിയാർന്നോ, അയാളെ നിയമത്തിനു മുൻപിൽ ,അല്ലെങ്കിൽ നേർ വഴിക്കു നടത്താൻ അവസരങ്ങൾ ഉണ്ടായിരുന്നില്ലേ എന്നു നാളെ ഇതറിയുമ്പോൾ സമൂഹം ചോദിച്ചേക്കാം , എന്തിനു രക്ഷപെടുത്തണം ഇവനെയൊക്കെ ,കാമം തലയ്ക്കു പിടിച്ച പേപ്പട്ടികളെ കൊല്ലണ്ടേ ,വേറെ എന്ത് നിവൃത്തി ,അല്ലെങ്കിൽ നാളെ ജയിലറകളിൽ കിടന്നു തടിച്ചു കൊഴുത്തുരുണ്ടു നിയമത്തെ നോക്കി പല്ലിളിച്ചു കാണിക്കും ഈ ദുഷ്ട്ടന്മാർ ”
Dr.Anuja

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo