Showing posts with label SureshThekethil. Show all posts
Showing posts with label SureshThekethil. Show all posts

#ഗീതൂട്ടി


എന്നാലും അവൾക്കെങ്ങെനെ തോന്നി
എന്നെ ഒഴിവാക്കാൻ... സ്നേഹത്തിന്റെ സ്വപ്നഗോപുരം പടുത്തുയർത്തി ഒറ്റ തൊഴിയ്ക്കുതകർത്തു കളഞ്ഞില്ലേ അവൾ " സന്ദീപ് വാസുദേവൻ മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ച് ഒരല്പം പോലും വെള്ളം ചേർക്കാതെ വിഴുങ്ങി.. " കഴിച്ചു ശീലമില്ലാത്തതിനാൽ അന്നനാളത്തെ പൊള്ളിച്ചുകൊണ്ട് ആ ദ്രാവകം ഇറങ്ങിപ്പോയി.
മാംസ നിബന്ധമല്ലനുരാഗമെന്നും മനസ്സുകൾ തമ്മിലുള്ള ഐക്യമാണെന്നും തനിക്കറിയാം എന്നിട്ടും അവൾ പ്രേരിപ്പിച്ചിട്ട് താനൊരു തെറ്റു ചെയ്തു.വീട്ടിൽ ആരോരുമില്ലാത്ത സമയത്ത് എന്നെ ഫോണിൽ വിളിച്ച് വരുത്തിയിട്ട് തെറ്റു ചെയ്യാൻ പ്രേരിപ്പിച്ചു..
എല്ലാം കഴിഞ്ഞിട്ടും ഒരു കൂസലുമില്ലായിരുന്നു അവൾക്ക്.. എന്നാൽ താൻ ചെയ്ത തെറ്റിന്റെ വലിപ്പം തന്നെ മഥിയ്ക്കാൻ തുടങ്ങി.. അവളെ എത്രയും വേഗം തന്റെതാക്കാൻ വെമ്പൽ പൂണ്ടു ഞാൻ.. പക്ഷെഒരു വിവാഹത്തിന് അവൾ ഒരുക്കമല്ല എന്നറിഞ്ഞപ്പോൾ അന്തം വിട്ടുപ്പോയി.. അതു മാത്രമല്ല ഇനി മേലാൽ അവളെ കാണുകയോ വിളിയ്ക്കുകയോ ചെയ്യരുതെന്ന് വിലക്കിയിരിയ്ക്കുന്നു..
സാധാരണ പുരുഷൻമാരാണ് ഇത്തരം സാഹചര്യത്തിൽ ഇങ്ങനെ പെരുമാറുള്ളത്.. പക്ഷെ ഇവിടെ ഒരു സത്രീ..ഇതിനു മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്.. വെറും കാമസംതൃപ്തിയ്ക്കു വേണ്ടി മാത്രമാണോ ഇവൾ എന്നെ സ്നേഹിച്ചത്.. അല്ലെങ്കിൽ സ്നേഹം നടിച്ചത്.
സന്ദീപ് അവസാനപെഗ്ഗും അകത്താക്കി..സിരകളിൽ അല്പാല്പമായി ലഹരി പതഞ്ഞുയരാൻ തുടങ്ങി., മിഴികൾ കൂമ്പിയടഞ്ഞു. "ഗീതൂട്ടി.... ഓ.. ഡിയർ,, നിന്റെ ശബ്ദം കേൾക്കാതെ ഒരു രാത്രി പ്പോലും ഞാൻ ഉറങ്ങിയിട്ടില്ല.. " . ടേബിളിൽ തല വെച്ച് അവൻ ഉറങ്ങി..
.................
ഒരു മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ തൃശൂർ ഡിവിഷൻ മാർക്കറ്റിങ്ങ് മാനേജരാണ് സന്ദീപ് വാസുദേവൻ, കോഴിക്കോട് സ്വദേശി.. കമ്പനിയുടെ തൃശൂർ ഡിസ്ട്രിബ്യൂട്ടർ പോളേട്ടന്റെ പെരുവനത്തുളള വീടിന്റെ ഔട്ട് ഹൗസിലാണ് സന്ദീപിന്റെ താമസം.. യാതൊരു ദുശീലങ്ങളുമില്ലാത്ത, തികഞ്ഞ ഈശ്വരവിശ്വാസിയായ ചെറുപ്പക്കാരനായിരുന്നു സന്ദീപ്.
പെരുവനത്തെശിവക്ഷേത്രത്തിൽ വെച്ചാണ് സംഗീതയെ ആദ്യമായി കാണുന്നത്.. വിഷാദം സ്ഫുരിയ്ക്കുന്ന കണ്ണുകളുള്ള സുന്ദരിയായ സംഗീതയെ ഒറ്റനോട്ടത്തിൽ തന്നെ സന്ദീപിന് ഇഷ്ടമായി..എന്നും അമ്പലത്തിൽ വെച്ച് കാണുന്നതു കൊണ്ട് അവർ പരസ്പരം പരിചയപ്പെട്ടു.. പരിചയം പ്രണയത്തിലേക്ക് വഴിമാറി.. സംഗീത സന്ദീപിന്റെ ഗീതൂട്ടിയായി.. സന്ദീപ് ഗീതൂട്ടിയുടെ സന്ദുവുമായി
മുംബൈയിൽ ബിസ്സുക്കാരനായിരുന്ന രാമചന്ദ്രമേനോനാണ് സംഗീതയുടെ അച്ഛൻ. ഇപ്പോൾ നാട്ടിൽ സെറ്റിൽ ഡാണ്...അമ്മ വാണി സംഗീതാദ്ധ്യാപിക.. സംഗീത ഇവരുടെ ഏകമകൾ..
സന്ദീപിന്റെ കുലീനതയുള്ള പെരുമാറ്റവും ആഢ്യത്വവും സംഗീതയുടെ അച്ഛനും അമ്മയ്ക്കും വളരെ ഇഷ്ടമായിരുന്നു,, കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് സന്ദീപിനെ അവർ കണ്ടിരുന്നത്.
...........
പിറ്റെ ദിവസം വളരെ വൈകിയാണ് സന്ദീപ് ഉണർന്നത്.. തലേ ദിവസത്തെ മദ്യപാനം ശരിയ്ക്കും അവനെ തളർത്തിയിരുന്നു.
"ജീവിതത്തിൽ ആദ്യമായാണ് മദ്യം കഴിയ്ക്കുന്നത്.. എന്നും ഫോണിൽ കൂടി അവളുടെ ശബ്ദം കേൾക്കാതെ തനിയ്ക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല.. ഇപ്പോൾ രണ്ടു മൂന്നു ദിവസങ്ങളായി ഫോൺ ചെയ്താൽ ഒന്നുകിൽ സ്വിച്ച്ട് ഓഫ് അല്ലെ കിൽ റിംഗ് ചെയ്താലും കട്ട് ചെയ്യപ്പെടുകയാണ്..
ഈ അവഗണന ഇങ്ങനെ തുടർന്നാൽ ഈ മദ്യപാനം ഒരു ശീലമാക്കി മാറ്റും ഞാൻ .. നശിക്കട്ടെ.. ഞാൻ നശിക്കട്ടെ അവൾ സന്തോഷിക്കട്ടെ... വഞ്ചകി..." സന്ദീപ് വാശിയോടെയും അതിലേറെ വിഷമത്തോ ടെ യും തീരുമാനിച്ചുറച്ചു.
" മേനോനങ്കിളിനെ കണ്ടിട്ടു തന്നെ കാര്യം " സന്ദീപ് വേഗം കുളിച്ച് വേഷം മാറി സംഗീതയുടെ വീട്ടിലേക്ക് പുറപ്പെട്ടു. സംഗീതയും അച്ഛനും അമ്മയും അവിടെയില്ലെന്നും ഒരു മാസം കഴിഞ്ഞേവരുകയുള്ളൂ എന്നും അയൽക്കാരി പറഞ്ഞു. അവർ എവിടേക്കാണ് പോയതെന്ന് അവർക്ക് അറിയില്ലായിരുന്നു. വളരെ നിരാശയോടെയാണ് സന്ദീപ് മടങ്ങിയത്..
മേനോനങ്കിളിന്റെ ഫോണിലേക്ക് സന്ദീപ് വിളിച്ചു. എവിടെയാണെന്ന് ചോദിച്ചിട്ട് വ്യക്തമായ മറുപടി അദ്ദേഹം പറഞ്ഞില്ല. "എല്ലാം ഞാൻ വന്നിട്ട് പറയാം.. സന്ദീപ് " എന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ
ദിവസങ്ങൾ ഓരോന്നായി കടന്നു പ്പോയി,, നിരാശയുടെ പടുകുഴിയിൽ വീണ സന്ദീപ് എല്ലാം മറക്കാൻ മദ്യത്തെ ശരണം പ്രാപിച്ചു.
ഏകദേശം 15 ദിവസം കഴിഞ്ഞപ്പോൾ സന്ദീപിന് ഒരു കത്തു കിട്ടി.. ഫ്രം അഡ്രസ്സില്ലാത്തത് മുംബൈയിൽ നിന്ന്..വളരെ ആകാംക്ഷയോടെ അവൻ ആ കത്ത് പൊട്ടിച്ചു.. അവന്റെ ഗീതൂട്ടിയുടെ കത്തായിരുന്നു അത് .
" എന്റെ ജീവന്റെ ജീവനായ സന്ദുവിന്... എന്നോട് ക്ഷമിക്കടാ... നിന്നെ എനിക്കെന്തിഷ്ടമാണെന്നോ.. നമ്മൾ പരിചയപ്പെട്ട ആ ചുരുങ്ങിയ കാലയളവാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടം.. നമ്മൾ പറഞ്ഞ തമാശകൾ .. നിന്റെ പാട്ട്.. പിന്നെ.. പിന്നെ എന്റെ ആഗ്രഹം നീ നിറവേറ്റിത്തന്ന നിമിഷം..
...മറക്കാൻ പറ്റില്ല എനിക്കൊരിക്കലും അത്.. അത് ഓർത്ത് നടക്കാനും പറ്റില്ല.. നീ അത്ഭുതപ്പെടുന്നുണ്ടാവും ഇവളെന്താ ഇങ്ങിനെ എഴുതിയത് എന്ന്.. അതേ ടാ ഞാൻ ഒരിയ്ക്കലും നിനക്കർഹയല്ല.. ഒരിയ്ക്കലും നമ്മൾ സ്നേഹിക്കരുതായിരുന്നു..
ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്ന ഒരു ബ്ലഡ് ക്യാൻസർ പേഷ്യന്റാണു ഞാൻ.. ഇവിടെ മുംബൈയിൽ ടാറ്റ ക്യാൻസർ റിസർച്ച് സെന്ററിലെ ചികിത്സയിലായിരുന്നു ഞാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷനിലൂടെയായിരുന്നു എന്റെ ജീവൻ നിലനിർത്തി കൊണ്ടുപോന്നിരുന്നത്.. ഈയിടെ രോഗം അല്പം മൂർച്ഛിച്ചു.. അതാണ് നിന്നെ അറിയിയ്ക്കാതെ ഞങ്ങൾ ഇവിടേയ്ക്കു പോന്നത്...
നമ്മുടെ സ്നേഹം ഒരിയ്ക്കലും പൂർണ്ണതയിലെത്തില്ലെന്ന് എനിയ്ക്കറിയാമായിരുന്നു. ഏതൊരു പെണ്ണിനെയും പ്പോലെ ഒരു വിവാഹ ജീവിതം ഞാനും കൊതിച്ചിരുന്നു. ആഗ്രഹങ്ങളും അഭിലാഷങ്ങളും എനിയ്ക്കുമുണ്ടായിരുന്നു.
നിന്നോട് എന്റെ ആഗ്രഹം പറഞ്ഞപ്പോൾ നിനക്കത്ഭുതമായിരുന്നു. എന്നെ ഒരു ചീത്ത പെണ്ണായി നീ ഒരിയ്ക്കലും കാണരുതേ...
എന്റെ മനസ്സുനിറഞ്ഞെടാ എനിക്കിനി സന്തോഷത്തോടെ മരിയ്ക്കാം.. ഇനിയൊരു ജന്മമുണ്ടെങ്കിൽ നിന്റെ ഭാര്യയായി എനിക്ക് ജീവിച്ച് നിനക്കു മുമ്പേ മരിക്കണം.. എനിക്ക് കരച്ചിൽ വരുന്നു. ഇനിയൊന്നും എഴുതാൻ പറ്റുന്നില്ല.. ഈ കത്ത് നിനക്ക് കിട്ടുമ്പോഴേയ്ക്കും ഒരു പക്ഷെ ഞാൻ..........
എന്ന് നിന്റെ സ്വന്തമായിരുന്ന
ഗീതൂട്ടി..
END

Suresh TT

തൃശൂരിൽനിന്നും കോഴിക്കോട്ടേക്ക്

Friends,,,,യാത്രയിലുണ്ടായ ഒരു അനുഭവ കുറിപ്പാണ്. വായിച്ച് അഭിപ്രായം പറയണേ....
നീണ്ട ഏഴു വർഷങ്ങൾ... ഏഴു വർഷങ്ങൾ ഇത്ര നീണ്ടതാണോ...?! എന്ന് നിങ്ങൾക്ക് തോന്നാമെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം 7 വർഷം 7 യുഗം പ്പോലെ തോന്നുന്നു.. "ന്താ ഇപ്പോ അങ്ങനെ തോന്നാൻ...?"നിങ്ങളുടെ മനസ്സിൽ അങ്ങിനെയൊരു ചോദ്യം ഉയർന്നു വന്നിട്ടുണ്ടാകും.. ജനിച്ചു വളർന്ന കോഴിക്കോടു നഗരത്തെ ഉപേക്ഷിച്ച് ഈ തൃശൂരിൽ വന്ന് താമസമാക്കിയിട്ട് ഏഴു വർഷങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു .. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ എന്താണെന്നു പറയട്ടെ... "ഈ തൃശൂരിൽ നിന്നും ഇത്ര ദൂരെയാണോ കോഴിക്കോട്.. ഈ പല്ലന്റെ അടുക്കൽ നിന്നും മൂക്കന്റെ അടുത്തേയ്ക്കുള്ളദൂരമല്ലേ യുള്ളൂ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് .. ഇയ്യാളുടെ പറച്ചിൽ കേട്ടാ തോന്നും ഇയാളങ്ങ് ഉഗാണ്ടയിലാണോയെന്ന്... " ഇതല്ലേ മനസ്സിൽ ശരിയ്ക്കും എത്രയോ ദൂരെയായപ്പോലെയാണെനിയ്ക്കു തോന്നുന്നത്.
കോഴിക്കോട്ടിപ്പോൾ എന്റെ ജ്യേഷ്ഠൻ താമസിയ്ക്കുന്നുണ്ട് ,മലാപറമ്പിൽ .അദ്ദേഹം ഇവിടെ വരാറുണ്ടെങ്കിലും എനിയ്ക്കിതുവരെ അങ്ങോട്ടൊന്നു പോകുവാൻ കഴിഞ്ഞിട്ടില്ല.. ഇപ്പോൾ അതിനുള്ള അവസരം ഒത്തുവന്നിരിക്കയാണ്...
രാവിലെ ബ്രേക്ക്ഫാസ്റ്റും കഴിച്ച് ഒന്നുരണ്ടു ദിവസം ചേട്ടന്റെ വീട്ടിൽ തങ്ങു വാനുള്ള ഡ്രസ്സും മറ്റും ബാഗിലാക്കി ഞാൻ തൃശൂർ ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ എത്തി.. കോഴിക്കോടിനു പോകുന്ന ബസ്സുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് സ്റ്റാൻഡിൽ.. ഞാൻ നെയിംബോർഡു നോക്കി ഏതിൽ കയറണം എന്ന ശങ്കയോടെ നിന്നു.. "സാറെ വരൂ .. ഇതാണ് ആദ്യം പോകുന്ന വണ്ടി".. എന്നു പറഞ്ഞു കൊണ്ട് ഒരു വിധം കാലിയായ ബസ്സിലേക്ക് ഒരു കണ്ടക്ടർ ആനയിച്ചു.. "സാറെ,, ആദ്യം പോകുന്ന വണ്ടി ദാ അതാണ്.. സ്റ്റാർട്ടു ചെയ്തു വെച്ചിരിയ്ക്കുന്നതു കണ്ടില്ലേ ".. എവിടെ നിന്നോ ഒരു കിളി എന്റെ മുന്നിലേക്ക് പറന്നു വീണു കൊണ്ടു പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ ബസ്സിൽ നല്ല തിരക്കുണ്ട്." അതിൽ സീറ്റൊന്നും ഇല്ലല്ലോ..?" " സീറ്റൊക്കെത്തരാം സാറേ സാറു വാ ".. അവൻ എന്റെ കൈപ്പിടിച്ചു വലിച്ചു.. എന്നെ ഫ്രണ്ട് ഡോറിലൂടെ ബസ്സിൽ കയറ്റി ഗിയർബോക്സിനടുത്തുള്ള ഒരു സിംഗിൾ ലേഡീസ് സീറ്റിൽ കൊണ്ടിരുത്തി.അതിനു സമീപത്തുള്ള സൈഡ് സീറ്റിൽ നിറച്ചും സ്ത്രീകൾ ..
"ടോ, ഇതിൽ ഞാൻ എങ്ങിന്യാ ഇരിക്ക്യാ.. സത്രീകൾ ആരെങ്കിലും വന്നാൽ എഴുന്നേറ്റു കൊടുക്കണ്ടേ...?" ഞാൻ ചൂടായി .
"സാറതിലിരിയ്ക്ക് സാറെ എഴുന്നേൽക്കാനൊന്നും പോണ്ട "അവന്റെ മറുപടി കേട്ട് മനസ്സിലാ മനസ്സോടെ ഞാനിരുന്നു.
കണ്ടക്ടർ ടിക്കറ്റെടുക്കാൻ വന്നപ്പോൾ കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിലേയ്ക്കുള്ള ടിക്കറ്റെടുത്തു. മീഞ്ചന്ത എന്നുള്ളത് സ്ഥല പേരാണ് കേട്ടോ... ലോംഗ് റൂട്ടു ബസ്സുകളെല്ലാം ടൗൺ ടച്ച് ചെയ്യാതെ ബൈപ്പാസിലൂടെ നേരെ കോഴിക്കോട് മാവൂർ ബസ്സ് സ്റ്റാൻഡിലേയ്ക്കു പോകുന്നതു കൊണ്ടാണ് ഞാൻ മീഞ്ചന്ത ബൈപ്പാസ് സ്റ്റോപ്പ് ടിക്കറ്റ് എടുത്തത്. അവിടെ ഇറങ്ങിയാൽ ടൗണിലേയ്ക്കുള്ള സിറ്റി ബസ്സു കിട്ടും. ടിക്കറ്റുമെടുത്ത് ഞാൻ ചൂളിപ്പിടിച്ചിരുന്നു. ബാഗ് സീറ്റിനടിയിലേക്ക് തിരുകി വെച്ചു.
ബസ്സ് കുന്നംകുളം സ്റ്റാൻഡിലെത്തിയപ്പോൾ കുറച്ചു സ്ത്രീകൾ കൂടി കയറി ബോക്സിന്റെ അടുത്തായി അവർ കൂട്ടം കൂടി നിന്നു.ബസ്സു നീങ്ങി തുടങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു യുവതി എന്നെ വല്ലാത്ത രീതിയിൽ നോക്കുന്നതു കണ്ടു. ഒന്നും അറിയാത്തവനെപ്പോലെ ഞാൻ സീറ്റിൽ ഉറക്കം നടിച്ചു കിടന്നു.
കുറച്ചു കഴിഞ്ഞ് കണ്ടക്ടർ ടിക്കറ്റു ചോദിച്ചു കൊണ്ട് മുന്നോട്ടുവന്നു.. "ഇങ്ങോരെന്താ പെണ്ണങ്ങൾടെ സീറ്റിൽ ഇരിക്ക്ണേ.. ഇങ്ങോരോട് ണീയ്ക്കാൻ പറഞ്ഞേ.." അവർ കണ്ടക്ടറോട് തട്ടിക്കയറി... കണ്ടക്ടറും കിളിയും ഒരു വളിച്ച ച്ചിരിയോടെ എന്നെ നോക്കി.. എനിയ്ക്കാകെ കലി വന്നു.. "ഇവരാണ് എന്നെ ഇവിടെ പിടിച്ചിരുത്തിയത്.. പെങ്ങളെ.. ഞാൻ പറഞ്ഞതാ സീറ്റില്ലെങ്കിൽ ഞാൻ കയറുന്നില്ലാന്ന് '' ഞാൻ ആ യുവതിയോടു പറഞ്ഞു..
ഞാൻ ബാഗുമെടുത്ത് കുറച്ചു പുറകിലേയ്ക്കു മാറി ഒരു കമ്പിയിൽ ചാരി നിന്നു.. ബാഗ് ഞാൻ നിൽക്കുന്നതിന്റെ അടുത്തുള്ള സീറ്റിന്റെ അരികിൽ വെച്ചു.. " മറ്റേബസ്സിലായിരുന്നെങ്കിൽ ഇരുന്നു പോകാമായിരുന്നു.. ഒന്നു മയങ്ങുകയും ചെയ്യാം.. " ഞാൻ നഷ്ടബോധത്തോടെ ചിന്തിച്ചു.
ബസ്സ് ചങ്കരകുളത്തെത്തിച്ചേർന്നു.നേരത്തെ എന്നെ എഴുന്നേൽപ്പിച്ച യുവതി അവിടെ ഇറങ്ങുന്നതു കണ്ടു. അവൾ സീറ്റിൽ നിന്നും എഴുന്നേറ്റ ഉടനെ ഒരു ഉമ്മ കയറി അവിടെ ഇരുന്നു.. " അതു ശരി ഇത്ര ദൂരം മാത്രം വരുന്നതിനു വേണ്ടിയായിരുന്നോ അവൾ എന്നെ എഴുന്നേൽപ്പിച്ചത്... സാമർത്ഥ്യക്കാരി തന്നെയാണ് അവൾ " ..എനിക്കവളോടാരാധന തോന്നി.
എടപ്പാൾ എത്തി. ഞാൻ നിന്നിരുന്നതിന്റെ അടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്നവർ അവിടെ ഇറങ്ങി. കൂടുതൽ നേരം എന്നെ നിർത്താതെ സീറ്റു തന്ന ദൈവത്തോട് ഞാൻ നന്ദിപ്പറഞ്ഞു.
എടപ്പാളിൽ നിന്നും കുറച്ചാളുകൾ കയറി.. ബസ്സ് ഓടി തുടങ്ങി.ഞാൻ കണ്ണുകളടച്ച് സീറ്റിൽ ചാരിയിരുന്നു .മനസ്സ് അപ്പോഴേയ്ക്കും ഗൃഹാതുരമായ ഓർമ്മകളെ കൊണ്ട് നിറഞ്ഞിരുന്നു.
"കോഴിക്കോട് കല്ലായിൽ ആണ് ഞങ്ങൾ താമസിച്ചിരുന്നത്. ടൗൺ ഏരിയയാണെങ്കിലും പ്രശാന്ത സുന്ദരമായ ഒരു സ്ഥലമായിരുന്നു,, കല്ലായി.. കല്ലായിപ്പുഴ, പുഴയുടെ തീരങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സോമില്ലുകൾ. ഒരു കാലത്ത് മര വ്യവസായ രംഗത്ത് ലോക ശ്രദ്ധയാകർഷിച്ച വ്യാപാര കേന്ദ്രമായിരുന്നു കല്ലായി .. "
"എന്റെ വീടിനടുത്ത് പുഴയോടു ചേർന്ന് ഒരു സോമില്ലുണ്ടായിരുന്നു.. അതിനടുത്തായിരുന്നു ഞാൻ പഠിച്ച സ്ക്കൂൾ,, കല്ലായ് ഗവ: ഗണപത് സ്ക്കൂൾ,, നാലേക്കറിലായി പരന്നു കിടക്കുന്ന ഹൈസ്ക്കൂൾ അങ്കണം. കോഴിക്കോട് ഒരു സ്ക്കൂളിനുമില്ല ഇത്രയേറെ സ്ഥലം. പകുതിയിലേറെ സ്ഥലം മുൾച്ചെടികൾ നിറഞ്ഞ ചതുപ്പുനിലമായിരുന്നു. സ്ക്കൂൾ അധികൃതരുടെ അനുവാദത്തോടെ നാട്ടുക്കാർ ഈ കാട് വെട്ടി തെളിച്ച് വലിയൊരു ഗ്രൗണ്ട് ഉണ്ടാക്കിയെടുത്തു.. ഇവിടെയായിരുന്നു ഞങ്ങളുടെ കളി. ക്രിക്കറ്റ് ടൂർണമെന്റ്, ഫുട്ബോൾ ടൂർണമെന്റ് എല്ലാം സംഘടിപ്പിച്ചിരുന്നു. എന്തൊരു രസമായിരുന്നു ആ കുട്ടി കാലം "..
ബസ്സ് വല്ലാത്തൊരു ശബ്ദത്തോടെ ബ്രേക്ക് ചെയ്തപ്പോൾ ഞാനൊന്നു മുന്നോട്ടാഞ്ഞു. നെറ്റി ചെറുതായി മുന്നിലെ സീറ്റിൽ ഇടിച്ചു. വേദനയൊന്നും തോന്നിയില്ല..ഞാൻ കുറച്ചു കൂടുതൽ നേരം ഉറങ്ങിയെന്നു തോന്നുന്നു.. നേരത്തെ എന്റെയടുത്തിരുന്ന പ്രായം ചെന്നയാൾ ഇറങ്ങി എന്നു മനസ്സിലായി.. ഇപ്പോൾ ഏകദേശം 18 വയസ്സു തോന്നിയ്ക്കുന്ന പയ്യനാണ് എന്റെ അടുത്തിരിയ്ക്കുന്നത്.." യൂണിവേഴ്സിറ്റി കഴിഞ്ഞോ.?" ഞാൻ അവനോട് ചോദിച്ചു. "ആ... കഴിഞ്ഞു.. " അവൻ മറുപടി പ്പറഞ്ഞു. ഏകദേശം 1 മണിക്കൂറോളം ഞാൻ ഉറങ്ങിപ്പോയിരുന്നു.
ബസ്സ് പൊയ്കൊണ്ടിരുന്നു... ഇടയ്ക്ക് രണ്ടു സ്റ്റോപ്പുകളിൽ കൂടി നിർത്തി ഫറോക്കിലെത്തിച്ചേർന്നു.. ബസ്സ് ഫറോക്ക് പാലത്തിലേക്ക് കടന്നു.. പലപ്പോഴും എനിയ്ക്കു തോന്നിയിട്ടുണ്ട് ഫറോക്ക് തെക്കുഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് നഗരത്തിലേയ്ക്കുള്ള ഗേറ്റ് വേ ആണെന്ന്.. ഈ പാലം കഴിഞ്ഞാൽ പിന്നെ നഗരകാഴ്ചകളാണ്.. ഒരു ഉന്മാദാവസ്ഥയിലായിരുന്നു ഞാൻ.. ഏഴു വർഷത്തിനു ശേഷം കാണുന്ന കാഴ്ചകൾ ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ നോക്കി കണ്ടു.. മീഞ്ചന്ത അടുത്തു കൊണ്ടിരിയ്ക്കുന്നു.
സമയം 2 മണിയായി, ഓടികൊണ്ടിരിയ്ക്കുന്ന റോഡിൽ നിന്നും ബസ് വലതു വശത്തേക്ക് വളച്ച് ബൈപ്പാസ് റോഡിലേയ്ക്കു കയറി. സ്റ്റോപ്പിൽ നിർത്തി. "മീഞ്ചന്ത ബൈപ്പാസ് ഇറങ്ങിക്കോളൂ. ട്ടോ " കണ്ടക്ടർ വിളിച്ചു പറഞ്ഞു.
ഞാനടക്കം കുറച്ചു പേർ അവിടെ ഇറങ്ങി.. സ്റ്റോപ്പിന്റെ പുറകുവശത്തായുള്ള ഹോട്ടലിൽ നിന്നും മസാല ദോശയും ചായയും കഴിച്ചതിനു ശേഷം റോഡ് ക്രോസ് ചെയ്ത് സിറ്റി ബസ്സുകളുടെ സ്റ്റോപ്പിൽ എത്തിയപ്പോഴേയ്ക്കും ഒരു മൂന്നു ടൗൺ ബസ്സുകൾ സ്റ്റോപ്പിലേക്ക് ചീറി പാഞ്ഞെത്തി.മിക്കതിലും ആളുകളുണ്ടെങ്കിലും തിരക്കുണ്ടായിരുന്നില്ല. ഞാൻ ഒരു ബസ്സിൽ കയറി മാനാഞ്ചിറയ്ക്ക് ടിക്കറ്റെടുത്തു.
ബസ്സ് കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.പുറകെ വരുന്ന ബസ്സുകൾ ഓവർ ടേക്ക് ചെയ്യാതിരിക്കാനാണ് ഈ മത്സരയോട്ടം.. ബസ്സ് കല്ലായി സ്റ്റോപ്പിൽ എത്തിച്ചേർന്നു. സ്റ്റോപ്പിന്റെ ഓപ്പോസിറ്റായിക്കാണുന്ന VK കൃഷ്ണമേനോൻ റോഡിൽ കൂടി അരകിലോമീറ്റർ പ്പോയാൽ മതി ഞാൻ താമസിച്ചിരുന്ന വീട്ടിലെത്താൻ. എന്റെ മനസ്സ് വല്ലാതെ തുടിച്ചു.. അതാ ഗംഗാരേട്ടന്റെ നാഷണൽ ഫാർമസി .. കോയാക്കയുടെ പച്ചക്കറിക്കട, ചാത്തുക്കുട്ടി അച്ഛന്റെ സ്റ്റേഷനറി ക്കട എല്ലാത്തിനും പറയത്തക്ക മാറ്റങ്ങളൊന്നുമില്ലെങ്കിലും, VK കൃഷ്ണമേനോൻ റോഡ് ആകെ പരിഷ്കൃതമായിട്ടുണ്ട് .. പണ്ടത്തെ വൃത്തിഹീനത മാറി .. എത്രയെത്ര പ്രാവശ്യം ഈറോഡിലൂടെയും മറ്റും ബൈക്കിലും സൈക്കിളിലുമൊക്കെയായി കറങ്ങിയിരിയ്ക്കുന്നു.
മാനാഞ്ചിറ അടുക്കാറായി ,സിറ്റിയിലേക്ക് പ്രവേശിച്ചതോടെ ബസ്സ് പതുക്കെയാണ് പൊയ്ക്കൊണ്ടിരിയ്ക്കുന്നത്.. സിറ്റി സ്റ്റാൻഡ് സ്റ്റോപ്പ് കഴിഞ്ഞ് ക്രൗൺ തിയ്യറ്റർ.. തിയ്യറ്ററിൽ ബാഹുബലി 2 കളിയ്ക്കുന്നു.. പഠിയ്ക്കുന്ന കാലത്ത് ഇംഗ്ലീഷ് ചിത്രങ്ങൾ മാത്രം കളിച്ചിരുന്ന തിയ്യറ്ററാണ്. ഇവിടെ നിന്നും എത്രയെത്ര ക്ലാസിക് ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നു..
മാനാഞ്ചിറയിൽ ബസ്സുനിർത്തി എല്ലാവരും ഇറങ്ങി.. മാനാഞ്ചിറ വരെയുള്ള ബസ്സായിരുന്നു അത്. ഇനി ഇവിടെ നിന്നും ചേട്ടന്റെ വീട്ടിൽ പോകണമെങ്കിൽ വെള്ളിമാടുകുന്ന് അല്ലെങ്കിൽ മലാപറമ്പ് വഴി പോകുന്ന ബസ്സിൽ കയറണം. മൂന്ന് ബസ്സ് സ്റ്റോപ്പുകളാണ് മാനാഞ്ചിറയിൽ അടുത്തടുത്തായി ഉള്ളത്.. ആദ്യത്തെതിൽ മലാപ്പറമ്പ് ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകളും രണ്ടാമത്തെതിൽ വെസ്റ്റ്ഹിൽ ഭാഗത്തേയ്ക്കും മൂന്നാമത്തതിൽ ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകളുമാണ് നിർത്തുക.
ഞാൻ ആദ്യത്തെ ബസ് സ്റ്റോപ്പിൽ നിലയുറപ്പിച്ചു. വീതിയേറിയതും ടൈൽസ് പാകിയതുമായ ഫുട്പാത്തിൽ ഞാൻ നിന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു സുന്ദരിയായ സ്ത്രീ മൊബൈലിൽ സംസാരിച്ചുകൊണ്ട് എന്റെ ഇടതുവശത്ത് കുറച്ചു മുൻപിലായി വന്നു നിന്നു.. നീലസാരിയാണ് വേഷം, അല്പം മോഡേണാണ്.. അവർ ഫോണിൽ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഫ്രീക്കൻ എന്റെ വലതു വശത്ത് മുൻപിലായി സ്ത്രീയക്ക് പാരലലായി നിലകൊണ്ടു. അവൻ ഇടതു വശത്തേയ്ക്കു തല തിരിച്ച് അവളെ തന്നെ അംഗ പ്രത്യംഗം നോക്കുകയാണ്.. കുറച്ചു സമയം കഴിഞ്ഞ് ഒരു ബസ്സു വരുന്നതു കണ്ടു, എനിയ്ക്കു പോകേണ്ട ബസ്സായിരുന്നില്ല. വെസ്റ്റ്ഹിൽ ബസ്സാണ് അത്. ഞങ്ങൾ നിൽക്കുന്ന സ്റ്റോപ്പിനെയും കടന്ന് അത് അടുത്ത സ്റ്റോപ്പിൽ നിന്നു.. ഈ സമയത്ത് ആ ഫ്രീക്കൻ എന്നെ മറികടന്ന് ആ സത്രീയുടെ പൃഷ്ഠഭാഗത്ത് അമർത്തി കൊണ്ട് ബസ്സിനെ ലക്ഷ്യമാക്കി ഓടി..
പെട്ടെന്നു തിരിഞ്ഞു നോക്കിയ അവർ കണ്ടത് എന്നെയാണ്. എന്നെ രൂക്ഷമായി നോക്കി കൊണ്ട് എന്റെ നേരെ ചീറിയടുത്തു.
" How dare you to touch my back".. അവർ ആക്രോശിച്ചു. എന്നെ ഒന്നും അങ്ങോട്ടു പറയാൻ സമ്മതിയ്ക്കാതെ അവർ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു. ആളുകൾ ചുറ്റും കൂടി.. ഞാനെന്തോ അപരാധം ചെയ്തപ്പോലെ എല്ലാവരും എന്നെ രൂക്ഷമായി നോക്കി .എനിക്ക് തല കറങ്ങുന്നതുപ്പോലെ തോന്നി... ഈ സ്ത്രീ ഞാനാണ് അവരുടെ പൃഷ്ഠം പിടിച്ചത് എന്നാണ് ധരിച്ചു വെച്ചിരിയ്ക്കുന്നത്
ആ സമയത്ത് ദൈവദൂതനെപ്പോലെ ഒരു ലോട്ടറി കച്ചവടക്കാരൻ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ഒരു 55 വയസ്സ് പ്രായം തോന്നിയ്ക്കും അയാൾക്ക്.
" അല്ല മേഡം.. ങ്ങ് ളെ കുണ്ടീമ്മല് പിടിച്ച ആള് ബസ്സില് കേറിപ്പോയി.. ങ്ങള് ബെറ്തേ ഇബരോട് തട്ടിക്കേറണ്ട .. ഒരു ഊശാൻ താടിക്കെ വെച്ച് ഒരു ചെക്കൻ ബ്ടെ നിന്ന്റ്ന്നിലേ.. ഓനാണ് പിടിച്ചത്.. ഓൻ പിടിക്കലും കയ്ഞ്ഞ്, പോക്കും കയ്ഞ്ഞ് "
ആളുകൾ ചിരിച്ചു കൊണ്ട് പിരിഞ്ഞു. സ്റ്റോപ്പിലുണ്ടായിരുന്നവർ ബസ്സും കാത്തു നിന്നു.ഞാൻ ആ ചേട്ടനോട് നന്ദിയും പറഞ്ഞ് ഒരു കാരുണ്യയും എടുത്തു. അല്പം കഴിഞ്ഞപ്പോൾ എനിക്ക് പോകേണ്ട ബസ്സ് വന്നു.. "ആ ചേട്ടനില്ലായിരുന്നെങ്കിൽ ഇന്ന് ഇവരെല്ലാവരും കൂടി എന്നെ പഞ്ഞിക്കിട്ടേനെ .. Thank God " .. എന്നു മനസ്സിൽ ദൈവത്തിനു നന്ദിയും പറഞ്ഞ് ഞാൻ ആ ബസ്സിൽ കയറി... നേരെ മലാപറമ്പിലേക്ക്.....

Suresh Thoppil Thekkethil

സാഫല്യം (ചെറുകഥ)

Image may contain: 1 person

ഹോട്ടൽ സഫയറിൽ നിന്നും ഊണു കഴിച്ച് കൈകഴുകുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത് .. കൈകൾ വേഗം കർച്ചീഫിൽ തുടച്ച് അയാൾ ഫോണെടുത്തു . അമ്മയാണ്.... "മോനേ... രഘൂ.... നീ ഇനി എന്നാ വരുന്നത് . എത്ര കാലമായെടാ പോയിട്ട് . കണ്ണടയുന്നതിന് മുൻപ് എന്റെ ആഗ്രഹം നടക്കുമോ..? അമ്മയുടെ ആഗ്രഹം എന്താണെന്നറിയാമെങ്കിലും രഘു വെറുതെ ചോദിച്ചു.. "എന്താ ... അമ്മേ...?"..." ഒന്നു പോടാ അവിടുന്ന്.. നിന്റെ കല്ല്യാണ കാര്യം തന്നെ .. നിനക്കിഷ്ടമുള്ള ആരെ വേണമെങ്കിലും കല്ല്യാണം കഴിയ്ക്കാം.. അമ്മയ്ക്ക് ഒരു വിരോധവുമില്ല മോനേ... നീ ഒരു വിവാഹം കഴിച്ചു കണ്ടാൽ മതി എനിയ്ക്ക് .. "... " ഞാൻ പിന്നെ വിളിയ്ക്കാം... അമ്മേ.." രഘു ഫോൺ കട്ട് ചെയ്തു.
ഒരഞ്ചു കൊല്ലം മുൻപ് അമ്മയുടെ ആഗ്രഹം ഇപ്രകാരമായിരുന്നെങ്കിൽ അമ്മയുടെ സമ്മതത്തോടുകൂടിത്തന്നെ എനിക്ക് ലിസിയെ വിവാഹം കഴിയ്ക്കാമായിരുന്നു.... അന്ന് അമ്മ വളരെ കർക്കശ സ്വഭാവക്കാരിയും യഥാസ്ഥിതിക മനോഭാവമുള്ളവളുമായിരുന്നു... മരണം വരെ അച്ഛൻ എന്നും അമ്മയുടെ നിഴൽ മാത്രമായിരുന്നു.. അന്യ മതത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ ഇഷ്പ്പെട്ടു എന്നറിഞ്ഞാൽ മതി പിന്നെ സ്ഥാനം പടിയ്ക്കു പുറത്തായേനേ.....
ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് രഘു Quarters ൽ എത്തിചേർന്നു... വാച്ച് മാൻ ഗോപാലേട്ടൻ ആരേയോ പ്രതീക്ഷിച്ചു ഗെയിറ്റിനു വെളിയിൽ നിൽക്കുന്ന തുകണ്ടു... "ആരേകാത്തു നിൽക്കുകയാ ഗോപാലേട്ടാ...?... "ങാ... സാറു വന്നോ ഞാൻ സാറിനെ പ്രതീക്ഷിച്ചു നിൽക്കുകയാ..." രമേഷ് സാറും അനിൽ സാറും പുറത്തു പ്പോയിരിയ്ക്കയാ... താക്കോ ൽ സാറിനെ ഏൽപ്പിക്കാൻ പറഞ്ഞു... എനിക്കൊന്നു വീട്ടിൽപ്പോയിവരണം"...
ഗോപാലേട്ടനിൽ നിന്നും താക്കോൽ വാങ്ങി രഘു വാതിൽ തുറന്നകത്തുകയറി..... " ഇന്ന് Sunday ആയതുകൊണ്ട് അവന്മാർ അടിച്ചു പൊളിയ്ക്കാൻ പോയതായിരിയ്ക്കും.... ഉം... വരുമ്പോൾ വരട്ടെ..." സമയം രണ്ടു മണി കഴിഞ്ഞു. ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ രഘു കട്ടിലിൽ മലർന്നുകിടന്നു..... അമ്മയുടെ ശബ്ദം മനസ്സിൽ മുഴങ്ങുന്നു.... '' അമ്മയുടെ ഈ മകൻ അമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കഴിഞ്ഞല്ലോ... അമ്മേ.. 5 വർഷം മുൻപ് മകൻ വിവാഹിതനായിരിയ്ക്കുന്നു.... 6 മാസം മാത്രം നീണ്ടു നിന്ന ദാമ്പത്യം .. എല്ലാം എന്റെ തെറ്റ്... എന്റെ Ego....രഘുവിന്റെ ഇരുകണ്ണുകളിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങി....
*************************
8 വർഷം മുൻപ് University College ൽ Engish dept Asst. Professor ആയി ചാർജെടുത്തതാണ് രഘു ... രണ്ടു വർഷത്തിനു ശേഷം ഒന്നാം വർഷ PG Engish Literature ക്ലാസ്സിൽ പഠിയ്ക്കാൻ വന്ന കുട്ടികളിൽ വളരെ സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഇടതൂർന്ന നീണ്ട മുടിയുള്ള, നീണ്ട കണ്ണുകളോടുകൂടിയ വെളുത്ത് കൊലുന്നനെ യുള്ള കോട്ടയത്തുകാരി ഒരു ക്രിസ്ത്യാനി പെൺകുട്ടി.. ലിസി പൗലോസ് ... പ്രമാണിയായ പ്ലാൻറർ പൗലോസിന്റ മകൾ..
രഘുവും ലിസിയും അടുക്കാൻ അധികം സമയം വേണ്ടി വന്നില്ല... 6 മാസത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിയ്ക്കാൻ രണ്ടു പേരും തീരുമാനിച്ചു.....മകളുടെ പ്രണയബന്ധത്തെ കുറിച്ചറിഞ്ഞ പൗലോസ് ഗുണ്ടകളെ വിട്ട് രഘുവിനെ മർദ്ദിച്ചു. .ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം എതിർപ്പുകളെ അവഗണിച്ച് രഘുവും ലിസിയും വിവാഹം കഴിച്ചു. ഇത്രയൊക്കെ സംഭവ വികാസങ്ങൾ ഉണ്ടായിട്ടും രഘു തന്റെ അമ്മയെ വിവരമൊന്നും അറിയിച്ചില്ല. അമ്മയെ ഭയമായിരുന്നു രഘുവിന്.....
മകൾ സ്വന്തം ഇഷ്ടപ്രകാരം കല്ല്യാണം കഴിച്ചതോടു കൂടി പ്ലാന്റർ പൗലോസ് ആകെ തകർന്നു.. എല്ലാം ക്ഷമിയ്ക്കാൻ അയാൾ തയ്യാറാവുകയായിരുന്നു..... പക്ഷെ തന്നെ മർദ്ദിച്ച് അവശനാക്കിയ പൗലോസിനോട് ക്ഷമിക്കാൻ രഘു തയ്യാറായിരുന്നില്ല. അയാൾ ലിസിയെ അപ്പനെ കാണുവാൻ പോകാൻ അനുവദിച്ചില്ല... കടുത്ത പകയായിരുന്നു രഘുവിന് പൗലോസിനോട് .... ഒരിക്കൽ അപ്പനും അമ്മച്ചിയും ഒരു ആക്സിഡന്റിൽപ്പെട്ട് മരണത്തോടു മല്ലടിച്ചു കഴിയുകയാണെന്ന വിവരം അറിഞ്ഞ് ലിസി അവരെ കാണുവാൻ പോകാൻ വാശിപ്പിടിച്ചു.... രഘുവിന്റെ എതിർപ്പുകളെ അവഗണിച്ച് അവൾ പോകാൻ തയ്യാറായി ...." ഇവിടെ നിന്നും പ്പോയാൽ നീ ഇനി തിരിച്ചു വരണമെന്നില്ല"... എന്ന് രഘു തീർത്തു പറഞ്ഞു.രഘുവിന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ ലിസി യാത്രയായി.....
...... ലിസിപ്പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ പൗലോസും ഭാര്യയും മരിച്ചുപ്പോയി എന്ന് രഘു അറിഞ്ഞു.... പക്ഷെ അയാൾ അവിടേയ്ക്ക് തിരിഞ്ഞു നോക്കിയില്ല.... ആഴ്ചകൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായി ലിസി തിരിച്ചുവന്നില്ല.
**************************
വാതിലിൽ ശക്തിയായ മുട്ടുകേട്ട് രഘു ഞെട്ടി ഉണർന്നു..... നേരം സന്ധ്യയോടടുത്തിരിയ്ക്കുന്നു..... "ടാ.... അളിയാ..... വാതിൽ തുറക്കെടാ...." " ഓ... ഇവന്മാരായിരുന്നോ....." ... രഘു ബോൾട്ട് നീക്കി വാതിൽ തുറന്നു..... "എന്തൊരു ഉറക്കമാടാ ഇത് ....!!"..... അനിൽ ചോദിച്ചു.... രഘു ഒരു വിഷാദം കലർന്ന ചിരി ചിരിച്ചു.....
"എന്തുപ്പറ്റിയെടാ...?" രമേഷ് തിരക്കി....
ഒന്നുമില്ലെന്നർത്ഥത്തിൽ രഘു ചുമലിളക്കി കാണിച്ചു....
......... അങ്ങിനെ ആ ഒരു ഒഴിവു ദിവസവും കൊഴിഞ്ഞു വീണു.
പതിവുപ്പോലെ ജോലി ഭാരത്തിന്റെ ദിനങ്ങൾ കടന്നു പ്പോയി.... ഇതിനിടയ്ക്ക് രണ്ടു മൂന്നു പ്രാവശ്യം അമ്മ വിളിച്ചു പതിവു പല്ലവി ആവർത്തിച്ചു.... വീണ്ടും ഒരു ഞായറാഴ്ച....
രാവിലെ സെൽ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് രഘു ഉണർന്നത് . കാര്യസ്ഥൻ രാമൻ നായരാണ് വിളിയ്ക്കുന്നത്.. .. "എന്താ രാമേട്ടാ രാവിലെ ....?!!!... " രഘു ഒരല്പം ആധിയോടെ ചോദിച്ചു... "പേടിയ്ക്കാനൊന്നുമില്ല കുഞ്ഞേ "... അമ്മ അമ്പലത്തിൽ നിന്നും വരുന്ന വഴി റോഡിൽ ഒന്നു വഴുക്കി വീണു.... കാലിൽ ഒരല്പം ഫ്രാക്ചറുണ്ട്.... ഒരാഴ്ചയായി കിടപ്പിലാണ് കുഞ്ഞിനെ അറിയിക്കണ്ടാന്നു പറഞ്ഞതുകൊണ്ടാണ് വിളിക്കാതിരുന്നത് ".... "അയ്യോ..ഞാൻ ദേ ഇപ്പോൾ തന്നെ പുറപ്പെടാം..."
കോളേജിൽ ഒരാഴ്ചത്തേക്കുള്ള ലീവ് അപ്ലിക്കേഷൻ എഴുതി രമേഷിനെ ഏൽപ്പിച്ച് രഘു വീട്ടിലേക്ക് പുറപ്പെട്ടു. ഡ്രൈവു ചെയ്യുമ്പോഴെല്ലാം അമ്മയെ കുറിച്ചുള്ള ഓർമ്മകളായിരുന്നു മനസ്സുനിറയെ.... എത്ര അനാരോഗ്യമുണ്ടെങ്കിലും അമ്മ അതിരാവിലെയുള്ള അമ്പലത്തിൽ പോക്ക് മുടക്കാറില്ല.
വീട്ടിലെത്തിയ രഘു പൂമുഖത്ത് ആരെയും കണ്ടില്ല ... വാതിൽ അല്പം തുറന്നു കിടപ്പുണ്ട്. രഘു നേരെ അമ്മയുടെ കിടപ്പുമുറിയിലേക്ക് ചെന്നു. വലതുകാലിൽ പ്ലാസ്റ്റർ ഇട്ട് ഒരു തലയിണയുടെ മുകളിൽ കാൽ കയറ്റിവെച്ച് അമ്മ കിടക്കുന്നു ... തലയിൽ മുറിവ് വെച്ചു കെട്ടിയിരിക്കുന്നു.... രാമേട്ടൻ പറഞ്ഞതിനേക്കാൾ സീരിയസ്സായിട്ട് രഘുവിന് തോന്നി... കാൽ പെരുമാറ്റം കേട്ട് അമ്മ ഉണർന്നു..... "മോൻ വന്നോ.... !".. പരുക്കിനെ കുറിച്ച് ഓർക്കാതെ എഴുന്നേൽക്കാൻ ശ്രമിച്ച അമ്മയെ രഘു താങ്ങിപ്പിടിച്ചു.... " കിടന്നോളൂ.... അമ്മേ... എഴുന്നേൽക്കണ്ട... രാമേട്ടനവിടെ ?" "തേങ്ങയിടാൻ ആളു വന്നിട്ടുണ്ട്... രാമൻ അങ്ങോട്ടു പോയിരിയ്ക്കയാണ്.. ".. "ഇതെന്താ തലയ്ക്കും മുറിവ് പറ്റിയിട്ടുണ്ടല്ലോ ..." "എനിയ്ക്കൊരു കുഴപ്പവും ഇപ്പോ തോന്നുന്നില്ല മോനേ...ആ കുട്ടി കണ്ടില്ലായിരുന്നെങ്കിൽ എനിക്കെന്തെങ്കിലും സംഭവിച്ചേനേ.... തക്ക സമയത്ത് വണ്ടി വിളിച്ച് ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നെങ്കിൽ രക്തം വാർന്ന് അമ്മ പോയേനെ.... പുലർച്ച സമയമല്ലേ റോഡിലാരെങ്കിലും വേണ്ടേ..."
"ഏതു കുട്ടി അമ്മേ....!! " രഘു ഉദ്വേഗം മറച്ചുവെയ്ക്കാതെ ചോദിച്ചു...... " ങാ... നീ അവളെ കണ്ടില്ലായിരുന്നു അല്ലേ... ഇവിടേണ്ട് അവൾ... മോളേ.... " അമ്മ നീട്ടി വിളിച്ചു.
" ദാ.... വരുന്നു അമ്മേ " .. അടുക്കളയിൽ നിന്നുമുള്ള മറുപടി കേട്ട് രഘു അങ്ങോട്ടു നോക്കി....
കയ്യിൽ ഒരു കപ്പു ചായയുമായി ബെഡ് റൂമിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ട യുവതിയെ കണ്ട് രഘുവിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി....
"... ലിസി ---- ലിസി പൗലോസ് ... അല്ല മിസിസ്സ് ലിസി രഘുനന്ദൻ, ഒരിക്കൽ എന്റെ എല്ലാമെല്ലാമായവൾ... എന്റെ ഭാര്യ.."
ഒരു ഭാവഭേദവുമില്ലാതെ ലിസി കയ്യിലിരുന്ന ചായ കപ്പ് രഘുവിനു നേരെ നീട്ടി... വിറയാർന്ന കൈകൾ കൊണ്ട് രഘു ചായ കപ്പു വാങ്ങുമ്പോൾ എല്ലാം അറിയാമെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് ഒരു ഗൂഢ മന്ദസ്മിതത്തോടെ അമ്മ ഇരുവരെയും മാറി മാറി നോക്കുകയായിരുന്നു........

BY: 

#പുനർജന്മം (ചെറുകഥ)


************
" ശാന്തി മെൻറൽ സാനിറ്റോറിയം & ഡി അഡിക്ഷൻ സെൻറർ " നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും 10 km വടക്കോട്ട് പോകുമ്പോൾ കാണുന്ന പ്രശസ്തമായ മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ പാർക്കിംഗ് ഏരിയയിലേക്ക് മിസ്സിസ് അനുപമ ശങ്കർ തന്റെ BMW കാർ ഓടിച്ചു കയറ്റി, ധൃതിയിൽ ഡോർ തുറന്നു പുറത്തിറങ്ങി ...റിമോട്ട് കീ ഉപയോഗിച്ച് ഡോർ ലോക്ക് ചെയ്തതിനു ശേഷം അവർ OP ലക്ഷ്യമാക്കി നടന്നു...
.... മിസ്സിസ് അനുപമ ശങ്കർ --- നഗരത്തിലെ പ്രശസ്തമായ സമുദ്രോല്പന്നങ്ങളുടെ exporting കമ്പനിയായ Sanker's Sea Foods ന്റെ ഉടമ N. V. ശങ്കറിന്റെ ഭാര്യ.. ഏകദേശം 40 വയസ്സു തോന്നിയ്ക്കുന്ന പ്രൗഢഗാംഭീര്യമുള്ള സുന്ദരിയായ സ്ത്രീ. ഇവർക്ക് ഒരേ ഒരു മകൻ രാഹുൽ ശങ്കർ, പ്ലസ് 1 ന് പഠിയ്ക്കുന്നു.... അഞ്ച് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു കാർ ആക്സിഡൻറിൽ NV ശങ്കർ മരണപ്പെട്ടതിനു ശേഷം കമ്പനിയുടെ ചുമതല ഏറ്റെടുത്തിരിയ്ക്കുകയാണ് അനുപമ
.... അനുപമ ശങ്കർ വാച്ചിലേക്കു നോക്കി.. "3 മണിയ്ക്കാണ് ഡോക്ടറുടെ appointment എടുത്തിരിയ്ക്കുന്നത്...ഇപ്പോൾ സമയം 3 മണി കഴിഞ്ഞ് 5 min ആയിരിയ്ക്കുന്നു... അവർ സെൽ ഫോണെടുത്ത് കോൾ ചെയ്തു കൊണ്ട് OP ലക്ഷ്യമാക്കി നടന്നു.....
...OP യിൽ "Dr. John Sakharia MD, DPM " എന്ന ബോർഡിനു കീഴെ നാലഞ്ചു പേർ ഇരിയ്ക്കുന്നത് അവർ കണ്ടു... "ഹലോ ഡോക്ടർ,... ഞാൻ ഒ പി യുടെ മുൻപിൽ ഉണ്ട്. അവർ ഡോറിനടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.... " അനുപമ ... U please wait for some time.... I'll come soon..Better u wait in the Guest Room.. ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിനോടു ചേർന്നുള്ള ഒരു മുറിയിലേക്ക് നഴ്സ് അവരെ കൊണ്ടുപ്പോയി....
.... മനോഹരമായി ഫർണിഷ് ചെയ്ത എയർ കണ്ടീഷൻഡ് മുറിയായിരുന്നു അത്. കയറി വരുമ്പോൾ മുറിയുടെ വലതുവശത്തുള്ള വലിയ ഷോകേസിൽ വിവിധ തരത്തിലുള്ള സംഗീതോപകരണങ്ങൾ യഥോചിതം വെച്ചിരിക്കുന്നു. ചിലപ്പോൾ മ്യൂസിക് തെറാപ്പിയും കാണുമായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് അനുപമ ശങ്കർ സെറ്റിയിൽ ചാരിയിരുന്ന് കണ്ണുകൾ അടച്ചു കൊണ്ട് മകനെപ്പറ്റി ഓർത്തു....
" രാഹുലിനെ തെന്തു പ്പറ്റി.... ഇങ്ങനെയൊക്കെയായിത്തീരാൻ... അദ്ദേഹത്തിന്റെ മരണശേഷം തനിക്ക് ഉത്തരവാദിത്വങ്ങൾ കുറെ കൂടിയിട്ടുണ്ടെങ്കിലും അവന്റെ കാര്യത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലായിരുന്നല്ലോ...?.. എന്നിട്ടും... എത്ര സമർത്ഥമായി പഠിച്ചു കൊണ്ടിരുന്ന കുട്ടിയായിരുന്നു... ഇപ്പോൾ പഠിത്തവും ഉഴപ്പിയിരിക്കുന്നു... "... കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഭവം അനുപമ ഓർത്തു.... " രാഹുൽ പഠിക്കുന്നുണ്ടോ എന്നറിയാനായി അവന്റെ റൂമിൽ കയറിയതായിരുന്നു... അപ്പോൾ അവൻ കംപ്യൂട്ടറിനു മുൻപിൽ ഹെഡ് ഫോണും ചെവിയിൽ വെച്ച് കണ്ണടച്ചിരിയ്ക്കുന്നു താൻ വന്നതു പ്പോലുമറിയാതെ... കണ്ടപ്പോൾ കാലിൽ നിന്നും ഒരു പെരുപ്പ് കയറിതുപ്പോലെയാണ് തോന്നിയത്... ദേഷ്യം കൊണ്ട് തനിക്ക് കണ്ണു കാണാതായിപ്പോയി.. അവന്റെ ഹെഡ് ഫോൺ വലിച്ചെടുത്ത് ദൂരെക്ക് ഒരേറുവെച്ചു കൊടുത്തു... അപ്പോൾ അവനിലുണ്ടായ ഭാവമാറ്റം ആരേയും ഭയപ്പെടുത്തുന്നതായിരുന്നു..... തന്നെ ഒരു ശത്രു വിനെപ്പോലെ തുറിച്ചു നോക്കുകയും ഭ്രാന്തെടുത്തവരെപ്പോലെ അലറി വിളിച്ച് എന്തൊക്കെയോ തന്റെ നേരെ വലിച്ചെറിയുകയും ചെയ്തു... ഈശ്വരാ ഓർക്കാൻ വയ്യ ഡസ്കും കംപ്യൂട്ടറും ചെയറുമെല്ലാം തന്റെ നേരെ ....ഹൊ... ശബ്ദം കേട്ട് വന്ന വീട്ടുവേലക്കാരാണ് അവനെ വട്ടംപ്പിടിച്ച് കൈകൾ കൂട്ടിക്കെട്ടി ഇങ്ങോട്ടു കൊണ്ടുവരാൻ സഹായിച്ചത്... ഡോക്ടറിൽ നിന്നും അവൻ മയക്കുമരുന്നുപയോഗിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ.... ഈശ്വരാ ... തകർന്നു പ്പോയി... " അനുപമയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി...
..... "ഹലോ ഗുഡ് ആഫ്റ്റർ നൂൺ.... അനുപമ .... ബോറടിച്ചോ ?" ഡോക്ടർ ജോൺ സക്കറിയയുടെ ശബ്ദം കേട്ടപ്പോൾ അനുപമ ചിന്തയിൽ നിന്നും ഉണർന്നു...
6 അടി ഉയരവും ഒരു പട്ടാളക്കാരന്റെ ശാരീരിക ക്ഷമതയുമുള്ള സുമുഖനായ ഒരു വ്യക്തിയാണ് ഡോ.ജോൺ സക്കറിയ ... ഏകദേശം അൻപതിനോടടുത്ത് പ്രായം വരും ...സ്വതവേ പ്രസന്നമായ മുഖഭാവമായിരുന്നു അദ്ദേഹത്തിന്..
" കുടിയ്ക്കാനെന്തെങ്കിലും എടുക്കെട്ടെ .." ഡോക്ടർ ചോദിച്ചു.
" വേണ്ട ഡോക്ടർ... രാഹുലിന്റെ കാര്യം "... അനുപമ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് കൊണ്ടു ചോദിച്ചു.
" Sit down please...don't worry.... രാഹുലിന് ഒരു കുഴപ്പവുമില്ല" ഡോകടർ വാതിലിനഭിമുഖമായി സെറ്റിയിൽ ഇരുന്നു കൊണ്ടു പറഞ്ഞു....
"പിന്നെ ....?" അനുപമ ചോദ്യഭാവത്തിൽ നോക്കി.
" അനുപമാ...I want to know something about Rahul...... രാഹുലിന്റെ extra curricular activities നെപ്പറ്റി എന്തെങ്കിലും അറിയാമോ..?
" അത്.... അത്... എനിക്കറിയില്ല സർ "
" എന്തുകൊണ്ടറിയില്ല...?" ഡോക്ടർ ചോദ്യഭാവത്തിൽ അവളെ നോക്കി...." അറിയാൻ നിങ്ങൾ ശ്രമിച്ചിട്ടില്ല.. മിസിസ് അനുപമ ശങ്കർ.... സോറി.... നിങ്ങൾക്കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്...."you are the culprit here"
"what do u mean doctor ..?"
"I mean what I said " .. ഡോക്ടർ ജോൺ സക്കറിയായുടെ ശബ്ദം അല്പം ഉയർന്നു.... " അനുപമ ...you should remember one thing... പല parents ഉം കുട്ടികളെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല..... അവർക്ക് പൊങ്ങച്ചം കാണിയ്ക്കുവാനുള്ള കരുക്കൾ മാത്രമാണ് കുട്ടികൾ... എഞ്ചിനിയറും ഡോക്ടറുമായാൽ എല്ലാം തികഞ്ഞു എന്നാണോ...?
of course പഠന കാര്യത്തിൽ ശ്രദ്ധ വേണം... പക്ഷെ മുഴുവൻ സമയവും പഠിയ്ക്കു ,പഠിയ്ക്കൂ എന്ന് പറഞ്ഞ് പുറകെ നടന്നാൽ മാനസിക സമർദ്ധമേറുകയേയുള്ളൂ.... പഠന കാര്യത്തിൽ രാഹുൽ തീരെ താഴെയല്ല ...ഒന്നോ രണ്ടോ മാർക്കു കുറയുമ്പോൾ നിങ്ങൾ അവനെ വല്ലാതെ ടോർച്ചർ ചെയ്യുന്നു. നിങ്ങളുടെ സഹപ്രവർത്തകരുടെ മക്കളുമായി കംപയർ ചെയ്തു സംസാരിയ്ക്കുന്നു..... നിങ്ങൾക്കറിയാമോ അവന്റെ കഴിവുകളെ കുറിച്ച് ..? എന്നെങ്കിലും നിങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ ?... നിങ്ങളെ അവൻ വല്ലാതെ സ്നേഹിക്കുന്നുണ്ട്., ഭയക്കുന്നുമുണ്ട്... നിങ്ങൾ അവനെ മനസ്സിലാക്കുന്നില്ല. കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നുമില്ല. അമ്മയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാൻ തനിക്ക്സാധിക്കുന്നില്ലേ.....എന്ന ആധിയുമുണ്ട് അവന്റെ മനസ്സിൽ... വീട്ടിലെ ഈ അവസ്ഥയും ടെൻഷനുമാണ് പതുക്കെ പതുക്കെ മയക്കുമരുന്നിന്റെ ഉപയോഗത്തിലേക്ക് തിരിയാൻ അവൻ പ്രേരിതനായത്...."
" എന്തോ... ഈശ്വരകൃപകൊണ്ട് അവൻ അഡിക്ടായില്ല... ഇനിയും ഈ രീതി തുടർന്നാൽ തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടാകും... So ...don't spoil him in the budding stage..." ഇനി നിങ്ങൾക്കവനെ വീട്ടിലേക്ക് കൊണ്ടു പോകാം "
.... തുടർന്ന് ഡോക്ടർ കോളിംഗ് ബെല്ലിൽ വിരലമർത്തി നഴ്സിനെ വിളിച്ചു..... " റൂം നമ്പർ 105ലുള്ള പേഷ്യന്റിനെ കൊണ്ടു വരൂ.... "
അല്പനേരം കഴിഞ്ഞ് വെളുത്ത് സുന്ദരനായ ഒരു കൗമാരക്കാരനും ബൈ സ്റ്റാൻഡറും കയറി വന്നു.
കണ്ണുകളിൽ വിഷാദ ഭാവവും ചുണ്ടിൽ ചെറുപുഞ്ചിരിയുമായി രാഹുൽ ഡോക്ടറുടെ മുൻപിൽ നിന്നു
"Are u feeling well Rahul .....?"
"fine ucle"
"അമ്മയെ കണ്ടില്ലേ....?.. ഡോകടർ ചോദിച്ചു
അപ്പോഴാണ് രാഹുൽഅമ്മയെ ശ്രദ്ധിച്ചത്.അമ്മയെ കണ്ടപ്പോൾ അവന്റെമുഖത്ത് ഭയം നിഴലിച്ചു.
"മോനേ.... " എന്നു വിളിച്ചു കൊണ്ട് അനുപമ രാഹുലിനെ കെട്ടിപ്പിടിച്ചു.
"Rahul.... U r perfectly alright now.. ഇനി നിനക്ക് നിന്റെ വീട്ടിൽ പോകാം മരുന്ന് ഒരു മാസം കണ്ടിന്യൂ ചെയ്യണം..."
" yes uncle..."
"പിന്നെ നീ എനിയ്ക്കു വേണ്ടി ഒരു കാര്യം ചെയ്യുമോ ..?"
" എന്താ.... അങ്കിൾ ? "
" U please sing a song....you can Rahul"
"But uncle അമ്മ...?"
" Don't worry Rahul, come on... അമ്മയും കേൾക്കട്ടെ
ഡോകടർ ഷോ കെയ്സിൽ നിന്നും ഒരു ഓർഗണെടുത്ത് രാഹുലിന്റെ മുൻപിൽ വെച്ചു.....
രാഹുൽ പാടി..... മനോഹരമായ ഒരു ഗാനം .. സ്നേഹ ശൂന്യതയും ഏകാന്തതയും നഷ്ടബോധവുമെല്ലാം വിഷയമായ മനോഹരമായ ഒരു മെലഡി....
പാട്ടുകേട്ട് അനുപമയുടെ മനസ്സ് വിങ്ങിപ്പൊട്ടി..." ഈശ്വരാ എന്റെ മകൻ ഇത്ര നന്നായി പാടു മാ യി രുന്നോ'...? അവന്റെ കഴിവുകൾ മറ്റൊരാൾ പറഞ്ഞു തന്ന് അറിയേണ്ടിവന്നല്ലോ "... അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.... പാട്ടുകഴിഞ്ഞപ്പോൾ അനുപമ മകനെ കെട്ടിപ്പുണർന്നു.... "മോനേ.... അമ്മയോട് ക്ഷമിക്കെടാ... നിന്റെ കഴിവുകൾ ഞാൻ തിരിച്ചറിഞ്ഞില്ല.. "
" ഈ ഗാനം കംപോസ് ചെയ്തതതും എഴുതിയതും രാഹുലാണല്ലേ....?"
"അതെ.... അങ്കിൾ... "
" അനുപമ... നിങ്ങൾക്കറിയാമോ.... രാഹുൽ ഈ ഗാനത്തിന്റെ റെക്കോഡ് കോപ്പി കേൾക്കുമ്പോഴാണ് നിങ്ങൾ അവന്റെ ഹെഡ് ഫോൺ എറിഞ്ഞുടച്ചത്..."
അനുപമ ലജ്ജ കൊണ്ട് തല കുനിച്ചു.
"Well done my boy.... keep it up... ഇത് നിന്റെ പുനർജന്മമാണ്.... The entire world is waiting for you.... Go ahead... God bless u "... ഡോക്ടർ രാഹുലിന്റെ ശിരസ്സിൽ കൈവെച്ച് പറഞ്ഞു.
നന്ദിയും പറഞ്ഞ് അമ്മയുടെ കൈയ്യും പ്പടിച്ച് സന്തോഷത്തോടെ നടന്നു നീങ്ങുന്ന ആ പ്രതിഭയെ ഡോ.ജോൺ സക്കറിയ നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ നോക്കി നിന്നു.....
ശുഭം.....

Suresh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo