Showing posts with label BalaveniNovel. Show all posts
Showing posts with label BalaveniNovel. Show all posts

ബാലവേണി - ഭാഗം 30- Last Part

Final Part
"എന്ത് പറ്റി  മോളെ?എന്താ മുഖം വല്ലാതിരിക്കുന്നത് ?"വെപ്രാളത്തോടെ ഓടി വരുന്ന ശ്യാമയെ കണ്ട്  സുമ ചോദിച്ചു.
"മാഡം നന്ദനെ കാണുന്നില്ല!" ശ്യാമ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
"കാണുന്നില്ലേ?മുകളിലും  താഴത്തെ  മുറികളിലെല്ലാം ശരിക്കും നോക്കിയോ?"മിഥില  ചോദിച്ചു.
"വന്നേ നമുക്ക് ഒന്നൂടെ  നോക്കാം.ചിലപ്പോ വെളിയിൽ എവിടെയെങ്കിലും ഉണ്ടാവും "ശ്രീബാല ശ്യാമയെ സമാധാനിപ്പിച്ച് അവളെയും കൊണ്ട് വീട് മുഴുവനും പിന്നെ വെളിയിലും ഒക്കെ നോക്കി.ശ്യാമ കരഞ്ഞുതുടങ്ങിയിരുന്നു.എല്ലാവരും വീടിനകത്തും വെളിയിലും നന്ദനെ അന്വേഷിച്ചു.
സുമ ജിതേഷിനെയും ഹരിയേയും  വിളിച്ച് കാര്യം പറഞ്ഞു.
പെട്ടെന്ന് ശ്യാമയുടെ കണ്ണുകൾ കുറുകി.അവളുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ! കുറച്ച് ദിവസങ്ങൾക്ക്  മുൻപ് നന്ദൻ പറഞ്ഞത് ശ്യാമ ഓർത്തു.തന്നെയും മിഥിലയെയും ആക്രമിച്ചവനെ   കൈയിൽ കിട്ടിയാൽ നന്ദൻ അയാളെ പൊലീസിന് വിട്ടുകൊടുക്കില്ല തന്റെയും മിത്തുവിന്റെയും ജീവിതം തകർത്തതിന് അയാളെ നന്ദൻ തന്നെ കൊല്ലുമെന്ന്! ഭോലയെ കണ്ടനേരമത്രയും നന്ദന്റെ മുഖത്ത്  ഭയം ആയിരുന്നില്ല എന്ന് ശ്യാമ ഭീതിയോടെ ഓർത്തു.അവൾ പെട്ടെന്ന് വീടിനകത്തേക്കോടി.ആർക്കും കാര്യമെന്തെന്ന്  മനസ്സിലായില്ല.ഡൈനിങ്ങ് ടേബിളിന്റെ സൈഡിൽ ഉള്ള വാതിൽ തുറന്ന് ബേസ്‌മെന്റിന്റെ സ്ലോപ്പിലൂടെ താഴേക്ക്  ഓടി. മിഥിലയുടെ  വീൽ ചെയറിന്റെ സൗകര്യത്തിന് വേണ്ടി ആയിരുന്നു അവിടെ സ്റ്റെയർകേസിന്‌ പകരം സ്ലോപ്പ് വെച്ചത്.
"ഈ കുട്ടി എന്താ കാണിക്കുന്നത്?ശ്യാമേ അങ്ങോട്ട് പോവരുത്!" സുമ പിറകെ ഓടിക്കൊണ്ട് വിളിച്ച് പറഞ്ഞു.
അവിടേക്ക് ചെന്ന ശ്യാമ  ഞെട്ടിത്തരിച്ചു! പിറകെ ഇറങ്ങിവന്ന സുമയും ശ്രീബാലയും മിഥിലയും ഹോം നേഴ്സ്  വത്സലയും ആ കാഴ്ച കണ്ട് നടുങ്ങിപ്പോയി!
അവിടെ നിലത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന ഭോല! അയാളുടെ നെഞ്ചിൽ  ഒരു കത്തി കുത്തി ഇറക്കിയിട്ടുണ്ടായിരുന്നു! പിടിവലികൾ  നടന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നു ആ മുറിയിൽ. സാധനങ്ങൾ വലിച്ച് വാരി ഇട്ടിരിക്കുന്നു.ശ്യാമയുടെ കണ്ണുകൾ നന്ദനെ തിരഞ്ഞു.കുറച്ച് ഉള്ളിലേക്ക് മാറി ഒരു ഞരക്കം കേട്ടു! ശ്യാമ പെട്ടെന്ന് അങ്ങോട്ടേക്ക്  ചെന്നു..ആ കാഴ്ച്ച കണ്ട് ശ്യാമ അലറി വിളിച്ചു! ശ്രീബാല രണ്ടു കൈകളും കൊണ്ട് മുഖം പൊത്തി! മിഥില വത്സലയുടെ കൈകളിൽ മുറുകെ പിടിച്ചു! സുമ നെഞ്ചിൽ കൈവെച്ച് തരിച്ച് നിന്നു ! അവിടെ ദേഹം മുഴുവൻ ചോരപ്പാടുമായി നന്ദൻ പുറം തിരിഞ്ഞ് കിടപ്പുണ്ടായിരുന്നു! ശ്യാമ അവനെ വലിച്ചെടുത്ത്  അവളുടെ മടിയിലേക്ക് വെച്ചു.അപ്പോഴാണ് അവന്റെ  നെഞ്ചിന് താഴെ ആയി ഒരു തടിക്കഷണത്തിന്റെ കൂർത്ത അറ്റം തറഞ്ഞ് കയറി ഇരിക്കുന്നത് കണ്ടത് !
"ഞാൻ പറഞ്ഞതല്ലേ?എനിക്ക് വേറാരുമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ?എന്നിട്ടും എന്തിനായിരുന്നു?"ശ്യാമ ആർത്തലച്ച് കരഞ്ഞുകൊണ്ട് ചോദിച്ചു.
"ജയിലിൽ നിന്നും അവൻ പുറത്തിറങ്ങിയേനേം  ശ്യാമേ..എന്നിട്ട്..അവൻ വീണ്ടും നമ്മളെ എല്ലാവരെയും ഉപദ്രവിക്കും..ഇതിപ്പോ നിങ്ങൾക്കെല്ലാവർക്കും പേടിക്കാതെ കഴിയാമല്ലോ..ശാരി ചിറ്റയുടെ ഭാഷയിൽ പറഞ്ഞാൽ ഈ പേടിത്തൊണ്ടനെ  കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായല്ലോ.."നന്ദന്റെ വാക്കുകൾ ഇടറി..ചുണ്ടിൽ ഒരു വാടിയ ചിരി തെളിഞ്ഞു. ശ്രീബാല ഓടിപ്പോയി  ഫോൺ എടുത്ത് ആംബുലൻസ് വിളിച്ചു.ഹരിയേയും ജിതേഷിനെയും വിളിച്ച് നന്ദന്റെ അവസ്ഥ  അറിയിച്ചിട്ട്   തിരികെ വന്നു.
"പേടിക്കണ്ട ആംബുലൻസ് വിളിച്ച് പറഞ്ഞിട്ടുണ്ട്..ജിത്തു ഏട്ടനും ഹരിയേട്ടനും ഇപ്പൊ വരും..നന്ദന് ഒരു കുഴപ്പവും വരില്ല.."ശ്രീബാല കണ്ണീരോടെ പറഞ്ഞു.സുമയും മാറി നിന്ന് കരയുകയായിരുന്നു.
"ഇല്ല..ഞാൻ രക്ഷപ്പെടില്ല..സുമ മാഡത്തോട് ചോദിച്ചോളൂ..ഇല്ലേ ഡോക്ടർ?"നന്ദൻ സുമയെ നോക്കി.അവർ അവിടെ നിന്ന്  വാ പൊത്തി  കരഞ്ഞു...നന്ദൻ ശ്വാസം വലിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
"നീ എന്ത് അവിവേകമാ കാണിച്ചത് നന്ദാ.."മിഥില അവനെ നോക്കി പൊട്ടിക്കരഞ്ഞു.
"അവൻ ഒരാൾ കാരണം നമ്മടെ എല്ലാവരുടെയും ജീവിതം തകർന്നില്ലേ മിത്തു?അന്ന് നിന്നെ രക്ഷിക്കാൻ എനിക്കായില്ല.പക്ഷെ..ഇപ്പൊ എനിക്ക് ആ കടം വീട്ടാൻ പറ്റി.."നന്ദൻ പറഞ്ഞു.ശ്യാമ കരഞ്ഞുകൊണ്ട് നന്ദന്റെ മുഖത്തെ വിയർപ്പുതുള്ളികൾ തുടച്ച് നീക്കി.
"എനിക്ക് കുറച്ച് വെള്ളം തരാമോ ശ്യാമേ.. നിന്റെ കൈകൊണ്ട്?"നന്ദൻ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു.ശ്യാമ വിങ്ങിപ്പൊട്ടി...
സുമ വേഗം ചെന്ന് സ്പൂണും ഒരു കപ്പിൽ വെള്ളവുമായി വന്ന്  ശ്യാമയെ ഏൽപ്പിച്ചു.ശ്യാമ സ്പൂണിൽ കുറച്ച് വെള്ളം അവന്റെ വായിലേക്ക് ഇറ്റിച്ച് കൊടുത്തു.
"ഇനി എനിക്കിങ്ങനെ വാരി തരേണ്ടി വരില്ലല്ലോ അല്ലെ.."നന്ദൻ ചോദിച്ചത് കേട്ട് ശ്യാമ പൊട്ടിക്കരഞ്ഞു!
അവന്റെ കണ്ണുകൾ അടഞ്ഞ് വന്നു.
"നന്ദാ കണ്ണുകൾ അടയ്ക്കാതെ..പ്ളീസ് ഹോസ്‌പിറ്റലിൽ എത്തുന്നത് വരെ കണ്ണുകൾ തുറന്ന് പിടിച്ച് ഇരിക്കണേ..എനിക്ക് വേറെ ആരുമില്ല നന്ദാ!എന്നെ ഒറ്റയ്ക്കാക്കല്ലേ !"ശ്യാമ നന്ദന്റെ തല നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് കരഞ്ഞു.
"എന്റെ ജിത്തു പാവമാ..അവനെ വിട്ടേച്ച്  പോവരുത്.."നന്ദൻ ശ്രീബാലയെ നോക്കി പറഞ്ഞു.ശ്രീബാല ഏങ്ങലടിച്ച് കരഞ്ഞു..
"ഞാൻ പോവാ ശ്യാമേ..എനിക്ക്.."നന്ദന്റെ ശബ്ദം കുഴഞ്ഞു.
"എനിക്ക് ശാരി ചിറ്റയോട്  ദേഷ്യം ഒന്നും ഇല്ലായിരുന്നു എന്ന് പറയണം..എന്റെ  ഓർമ്മകളിൽ  ജീവിതം പാഴാക്കരുത്..നിന്റെ കൂടെ ജീവിച്ച് കൊതി തീർന്നില്ല മോളെ..എനിക്ക് നിന്നെ..നിന്നെ  ഒരുപാടിഷ്ടമായിരുന്നു..."നന്ദന്റെ കണ്ണുകൾ അടഞ്ഞു!
ആ മുറിയിൽ നിന്ന എല്ലാവരും പൊട്ടിക്കരഞ്ഞു!
ശ്യാമ അനങ്ങിയില്ല.അവൾ ഒരു മരവിപ്പോടെ അവന്റെ തല നെഞ്ചോട് ചേർത്ത് പിടിച്ച് ഇരുന്നു.
അപ്പോഴേക്കും ആംബുലൻസും പിറകെ ജിതേഷും  ഹരിയും വന്നു.ഭോലയുടെ  ശരീരം മറികടന്ന് അവർ നന്ദന്റെ അടുത്തേക്ക് വേഗം ചെന്നു.
ജിതേഷ് ഓടി വന്ന് നന്ദനെ ശ്യാമയുടെ കൈകളിൽ നിന്നും എടുത്തു.
"നന്ദാ മോനെ എഴുന്നേൽക്ക് കണ്ണ് തുറന്നെ.." ജിതേഷ് നന്ദന്റെ കവിളിൽ തട്ടി വിളിച്ചു.
"ടാ കളിക്കാതെ..കണ്ണ് തുറന്നെ..എല്ലാവരും നോക്കി നിൽക്കുന്നു..ശ്യാമ ഇരിക്കുന്നത് കണ്ടില്ലേ..അവളെ വെറുതെ വിഷമിപ്പിക്കാതെ..നിന്റെ തമാശ കുറച്ച് കൂടുന്നുണ്ട്..എഴുന്നേൽക്കെടാ.."ജിതേഷ് നന്ദന്റെ  മുഖത്തു ചെറുതായി അടിച്ചു.ശ്രീബാല കരഞ്ഞുകൊണ്ട്  ജിതേഷിന്റെ അടുത്ത് വന്ന് അവന്റെ തോളിൽ പിടിച്ചു.ശ്യാമ അതൊന്നും ശ്രദ്ധിക്കാതെ എങ്ങോട്ടോ  നോക്കി ഇരുന്നു.
"പോയി ജിത്തു! നന്ദൻ പോയി.."സുമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ജിതേഷ് പൊട്ടിക്കരഞ്ഞുകൊണ്ട്‌ നന്ദന്റെ മുഖത്തൊക്കെ ഉമ്മ വെച്ചു.
"ഞാനാർക്ക് വേണ്ടിയാടാ ഇതൊക്കെ കാട്ടിക്കൂട്ടിയത്! കണ്ട് കൊതി തീർന്നില്ലല്ലോടാ നിന്നെ..പറയാൻ ഒരുപാട് വിശേഷങ്ങൾ ബാക്കി വെച്ച് എന്നെ ഇട്ടേച്ച് പോയി കളഞ്ഞല്ലോടാ ദുഷ്ടാ!"ജിതേഷ് നന്ദനെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു! ഹരിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
"പറഞ്ഞതാ..എനിക്ക് വേറാരുമില്ലെന്ന് ഞാൻ  പറഞ്ഞതാ..എന്നിട്ടും  എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയേക്കുന്നു..ഒന്നും തനിയെ ചെയ്യാൻ അറിയത്തില്ല..എല്ലാത്തിനും ഞാൻ വേണമായിരുന്നല്ലോ..ഇനി കാണാം അവിടെ ചെന്നാൽ പിറകെ നടന്ന് ആര് വാരിക്കൊടുക്കുമെന്ന്.."ശ്യാമ പിറുപിറുത്തു..ശ്രീബാല കരഞ്ഞുകൊണ്ട് ഹരിയെ കെട്ടിപ്പിടിച്ചു..****
നന്ദന്റെ ബോഡി നാട്ടിലേക്ക് കൊണ്ടുപോയി.നന്ദനെ  ചിതയിലേക്കെടുത്തതും അതുവരെ ഒരക്ഷരം ഉരിയാടാതെ ഇരുന്ന ശ്യാമ അലറിവിളിച്ച് കരഞ്ഞു! ആ കരച്ചിൽ ഹൃദയഭേദകമായിരുന്നു!കണ്ടുനിന്ന എല്ലാവരുടെയും കണ്ണ് നനയിച്ചു. അവിടെ ശ്യാമയുടെ വീടിന് പിന്നിലായി അവനെ ദഹിപ്പിച്ചു..ജിതേഷ് നന്ദന്റെ ചിതയ്ക്കരികിലായിരുന്നു.ശ്യാമ കട്ടിലിൽ കരഞ്ഞു തളർന്ന്  ഇരിക്കുകയായിരുന്നു..അവളുടെ കൈയിൽ നന്ദൻ ഏറ്റവും ഒടുവിൽ  വരച്ച് തീർത്ത ഒരു പടം അവൾ നെഞ്ചോടടുക്കി വെച്ചിട്ടുണ്ടായിരുന്നു. തൊട്ടടുത്ത് ശ്രീബാലയും മിഥിലയും  ഉണ്ട്.
ശാരി ആ മുറിയിലേക്ക് വന്നു.അവരുടെ കണ്ണുകൾ കരഞ്ഞ് വീർത്തിരുന്നു .നന്ദന്റെയും മിഥിലയുടെയും കഥകൾ അവർ അറിഞ്ഞിരുന്നു.താൻ അവനെ പേടിത്തൊണ്ടനെന്നും ആണത്തമില്ലാത്തവൻ എന്നും വിളിച്ച് എത്ര തവണ അധിക്ഷേപിച്ചിരിക്കുന്നു!നന്ദനോട് കാണിച്ചുകൂട്ടിയതൊക്കെ ഓർത്ത്  കുറ്റബോധം കൊണ്ട് അവരുടെ  തല കുനിഞ്ഞു! അവരുടെ നെഞ്ച് പുകഞ്ഞ്  നീറി.നന്ദനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നെകിൽ അവന്റെ കാലുകളിൽ പിടിച്ച് മാപ്പ് അപേക്ഷിച്ചേനേം എന്നവർ ഓർത്തു.
"ഇപ്പൊ സമാധാനമായോ?"ശ്യാമ അവരുടെ മുഖത്തേക്ക് നോക്കാതെ  ചോദിച്ചു.ശാരി ഒന്നും മിണ്ടിയില്ല.
"നന്ദന്റെ ശ്വാസം നിലയ്ക്കണമേയെന്ന് ചിറ്റ പല തവണ ആഗ്രഹിച്ചിട്ടില്ലേ ?അതിന് വേണ്ടി എന്തെല്ലാം ക്രൂരതകൾ കാട്ടിയിരുന്നു.."ശ്യാമയുടെ  ചോദ്യം കേട്ട് ശാരി വാ പൊത്തി കരഞ്ഞു.
"അവസാന നിമിഷത്തിൽ പോലും നന്ദൻ ചിറ്റയുടെ പേര് പറഞ്ഞിരുന്നു..നിങ്ങളോട് ഒരു ദേഷ്യവുമില്ല എന്ന്.."ശ്യാമ പറഞ്ഞു.ശാരി അവിടെ ഭിത്തിയിലേക്ക് ചാരി നിന്ന് ഏങ്ങലടിച്ചു.
"പിന്നെ..ചിറ്റ പണ്ട് പറഞ്ഞതുപോലെ നന്ദൻ ആണത്തമില്ലാത്തവൻ അല്ല കേട്ടോ..നല്ല ഉശിരുള്ള ആൺകുട്ടി തന്നെയായിരുന്നു എന്റെ നന്ദൻ ! എനിക്കേറ്റവും വിലപ്പെട്ട ഒരു സമ്മാനം തന്നിട്ടാ എന്റെ നന്ദൻ തിരികെ പോയത്.."ശ്യാമ തന്റെ വയറിൽ  കൈവെച്ച് പറഞ്ഞു! ശ്രീബാലയും മിഥിലയും ശാരിയും ഒരുപോലെ ഞെട്ടി! ശ്യാമ തന്റെ കൈയിലിരുന്ന ക്യാൻവാസ് കട്ടിലിലേക്ക് വെച്ചു.അതിൽ നന്ദൻ വരച്ചു തീർത്ത ഒരു പെൺകുഞ്ഞിന്റെ പടം ഉണ്ടായിരുന്നു! ശ്യാമ അതിൽ കണ്ണീരോടെ വിരലോടിച്ചു.
ശാരി ഒരു പൊട്ടിക്കരച്ചിലോടെ ശ്യാമയെ ചേർത്ത് പിടിച്ചു.വാതിലിന് വെളിയിൽ അവരുടെ സംസാരം കേട്ടുകൊണ്ട് നിന്ന ജിതേഷ് കണ്ണുനീരിനിടയിലും ചെറുതായി പുഞ്ചിരിച്ചു.. ***
ശ്രീബാല വേണിയോട് കാര്യങ്ങൾ എല്ലാം അറിയിച്ചു.ഹരി തിരികെ മടങ്ങി എത്തിയതിൽ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത  സന്തോഷം തോന്നി.ഇത്ര നാളും  ഹരിയുടെ വിവരം തന്നിൽ നിന്ന് മറച്ചു വെച്ച ശ്രീബാലയോട് വേണിക്ക്  നല്ല പരിഭവം ഉണ്ടായിരുന്നു.ജിതേഷിന്റെയും നന്ദന്റെയും മിഥിലയുടെയും ശ്യാമയുടെയും കഥകൾ കണ്ണീരോടെ ആണ് അവൾ കേട്ടിരുന്നത്.ഭോലയെ പോലെ ഒരു ക്രിമിനലിമിന്റെ കൂടെ കഴിഞ്ഞിട്ടും ശ്രീബാലയ്ക്ക് ആപത്തൊന്നും സംഭവിക്കാതെ ഇരുന്നതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു.ശ്രീബാലയും ജിതേഷും വേണിയെ വിളിച്ചുകൊണ്ടുപോവാൻ നാളെ വരും എന്ന് ഗിരിയോട് വിളിച്ച് പറഞ്ഞു. കുട്ടൻ  വിവരം വേണിയെ അറിയിച്ചു.പല തവണ കേൾക്കാൻ കൊതിച്ച കാര്യമാണെങ്കിലും ഇപ്പൊ തിരികെ പോകുന്നു എന്ന ചിന്ത അവളുടെ  ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.നെഞ്ചിനകത്ത് വല്ലാത്തൊരു ഭാരം പോലെ..
വേണി ഗിരിയുടെ അടുത്ത് ചെന്നു.അയാൾ അടുക്കളയുടെ പാതകത്തിൽ ഫോണിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
"ഞാൻ തിരികെ പോവാ.."വേണി പറഞ്ഞു.
ഗിരി ഒന്നും മിണ്ടിയില്ല.
"എന്നോട് എന്തെങ്കിലും ഒന്ന് സംസാരിച്ചുകൂടെ?"വേണി കെഞ്ചി.
"ഞാൻ കാല്‌ പിടിച്ച് മാപ്പ് പറഞ്ഞില്ലേ?"വേണിയുടെ സ്വരം ഇടറുന്നത്  ഗിരി കേട്ടു.അവൻ ഫോണിൽ നിന്ന് മുഖം ഉയർത്തിയില്ല.
"നാളെ തിരികെ പോയാൽ ഇനി എന്ന് തമ്മിൽ കാണാൻ പറ്റുമെന്ന് അറിയില്ല.."വേണി പറഞ്ഞു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഞാൻ എന്താ ചെയ്യണ്ടേ?കാലിൽ വീണു മാപ്പ് പറഞ്ഞു..എന്നോട് സംസാരിക്കാൻ ഇതിൽ കൂടുതൽ ഞാൻ എന്താ ഇനി ചെയ്യേണ്ടത്?"വേണി കണ്ണീരോടെ ചോദിച്ചു.ഗിരി മിണ്ടിയില്ല  ഫോണിൽ നിന്ന് മുഖം ഉയർത്തിയതുമില്ല.
"എന്നെ തിരിച്ച് തല്ലിക്കൊ..ഞാൻ നിന്ന് കൊണ്ടോളാം..അതുകൊണ്ടെങ്കിലും  എന്നോടുള്ള ദേഷ്യം തീരുമോ?"വേണി ചോദിച്ചു.ഗിരി മൗനം പാലിച്ചു. വേണി കരഞ്ഞുകൊണ്ട് അടുക്കള വാതിൽ തുറന്ന് പിറകിൽ അരഭിത്തിയുടെ സൈഡിലേക്ക് പോയി..
കുട്ടൻ ഗിരിയുടെ അടുത്തേക്ക് വന്നു.
"നിങ്ങൾക്ക് നാളെ പി.എസ്.സി പരീക്ഷ ഉണ്ടോ?എന്തുവാ ഈ കുന്തത്തിനകത്ത് ഇത്ര തോണ്ടിക്കൊണ്ടിരിക്കുന്നത് "കുട്ടൻ ദേഷ്യപ്പെട്ടു . ചോദിച്ചു.ഗിരി ഒന്നും മിണ്ടിയില്ല.
"ഗിരിയേട്ടാ നിങ്ങൾ ഇപ്പൊ ഈ  കാണിക്കുന്നത് വൃത്തികേടാണ്..ആ ചേച്ചി എന്ത് മാത്രം വിഷമിക്കുന്നുണ്ടെന് അറിയാമോ?"കുട്ടൻ പറഞ്ഞത് കേട്ട് ഗിരി ഫോണിൽ നിന്ന് മുഖം ഉയർത്തി.അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് കുട്ടന് ചിരി വന്നു.
"ഇത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ എന്തിനാ ആ ചേച്ചിയോട് മുഖം വീർപ്പിച്ചിരിക്കുന്നത്?അത് നാളെ തിരികെ പോവും.പിന്നെ തമ്മിൽ എന്നെങ്കിലും കാണുമോ എന്ന് തന്നെ അറിയില്ല.."കുട്ടൻ പറഞ്ഞു.
"അവള് നല്ല കൊച്ചാടാ..എന്റെ കൂടെ കൂടി ജീവിതം തുലയ്ക്കണ്ട.."ഗിരി പതിയെ പറഞ്ഞു.
"നിങ്ങളിവിടെ കഞ്ചാവടിച്ചും പെണ്ണുപിടിച്ചുമൊന്നും നടക്കുകയല്ലല്ലോ നിങ്ങടെ കൂടെ കൂടി ജീവിതം തുലയ്ക്കാൻ..മാനമായിട്ട് അന്തസായിട്ട് തന്നെ അല്ലെ ജീവിക്കുന്നത് ..."കുട്ടൻ ചോദിച്ചു.
"പത്താം  ക്ലാസും ഗുസ്തിയുമായിട്ട് നടക്കുന്ന എന്നെ പോലത്തെ ഒരു മുരടൻ   അവൾക്ക് ചേരില്ലടാ..അവള് പൊക്കോട്ടെ..അതാ നല്ലത്.. "ഗിരി വെളിയിലേക്ക് പോയി.. ഗിരിക്കും കുട്ടനുമുള്ള ഭക്ഷണം എല്ലാം ഉണ്ടാക്കിയെങ്കിലും വേണി അന്ന് ആഹാരം കഴിച്ചില്ല.രാത്രി ഗിരി തിരികെ വന്നപ്പോഴും വേണി കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു.കുട്ടൻ  അവളെ വിളിച്ചെഴുന്നേല്പിച്ചു.
"ഞങ്ങടെ കൂടെ ഇരുന്ന് എന്തെങ്കിലും കഴിക്ക്..നാളെ തിരിച്ച് പോവുകയല്ലേ ...."കുട്ടൻ പറഞ്ഞു.വേണി എഴുന്നേറ്റ് അവരുടെ കൂടെ അടുക്കളയിൽ ഇരുന്നു.
വേണി ഗിരിയുടെ പ്ലേറ്റിലേക്ക് ആഹാരം വിളമ്പി കൊടുത്തു.ഗിരി അവളെ നോക്കാതെ അത് കഴിച്ച് തുടങ്ങി.
"നാളെ ഈ സമയം വീട്ടിൽ എല്ലാവരുടെയും കൂടെ ഇരുന്ന് ചേച്ചിക്ക് ആഹാരം കഴിക്കാമല്ലോ.."കുട്ടൻ സന്തോഷത്തോടെ ആണ് പറയാൻ ഉദ്ദേശിച്ചതെങ്കിലും അവന്റെ സ്വരം ഇടറി.കുട്ടന്  വേണി തിരിച്ചുപോവുന്നതിന്റെ നല്ല സങ്കടം ഉണ്ടായിരുന്നു.വേണിയെ അവൻ തന്റെ സ്വന്തം പെങ്ങളെ പോലെ ആണ് സ്നേഹിച്ചത്.
"ഞങ്ങളെ ഒക്കെ ഓർക്കുമോ ചേച്ചി?എവിടുന്ന് ! ഇവിടുന്ന് പോയാ പിന്നെ ചേച്ചി എല്ലാവരെയും മറക്കും..അല്ലെ ഗിരിയേട്ടാ ?"കുട്ടൻ ചോദിച്ചു.ഗിരിക്ക് തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങുന്നില്ലായിരുന്നു.അവൻ ആഹാരം  പാതിക്ക്  വെച്ച് നിർത്തി എഴുന്നേറ്റു.
കുട്ടനും വേണിയും അമ്പരപ്പോടെ അവനെ നോക്കി.ഗിരി ഒന്നും മിണ്ടാതെ ഭക്ഷണം കളയാതെ പാത്രം പാകത്തിൽ മൂടി വെച്ച്  വെളിയിലേക്കിറങ്ങി.
കഴിച്ചുകൊണ്ടിരുന്ന ആഹാരം പാതിക്ക്  വെച്ച് നിർത്തി എഴുന്നേൽക്കണമെങ്കിൽ ഗിരിയുടെ മനസ്സിൽ  എന്ത് മാത്രം വിഷമം  ഉണ്ടായിരിക്കുമെന്ന് വേണിക്കും  കുട്ടനും മനസ്സിലായി..
പിറ്റേന്ന് ശ്രീബാലയും ജിതേഷും അവിടെ എത്തി.ശ്രീബാലയും വേണിയും പരസ്പരം കെട്ടിപ്പിടിച്ചു.വേണിക്ക്  ജിതേഷിനോട്  തോന്നിയിരുന്ന എല്ലാ ദേഷ്യവും ഇതിനകം മാഞ്ഞുപോയിരുന്നു.ജിതേഷിന് വേണിയുടെ മുഖത്തു   നോക്കാൻ മടി തോന്നി. വേണി ഒരു ദേഷ്യവും കാണിക്കാതെ ജിതേഷിനോട്  കാര്യമായി സംസാരിച്ചു.
വീട്ടിലേക്ക് തിരികെ വരുന്നതിന്റെ സന്തോഷമൊന്നും വേണിയുടെ മുഖത്തില്ലെന്ന് ശ്രീബാല ശ്രദ്ധിച്ചു.വേണിക്ക് ഗിരിയോടുള്ള ഇഷ്ടം അവൾ നേരത്തെ മനസ്സിലാക്കിയിരുന്നു..കുട്ടനും ഗിരിയും  വെളിയിൽ ജിതേഷിനോട് സംസാരിച്ച് നിൽക്കുകയായിരുന്നു..
വേണി ബാഗ് എടുത്ത് ശ്രീബാലയുടെ കൂടെ വെളിയിലേക്ക് വന്നു.ജിതേഷ് കാറിൽ കയറി ഇരുന്നു..വേണി ഗിരിയെ നോക്കി.കുട്ടനും ശ്രീബാലയും വേണിയെയും ഗിരിയെയും  നോക്കി നിൽക്കുകയായിരുന്നു.
"നിങ്ങൾ വിട്ടോളു..എനിക്ക് ഓട്ടം ഉണ്ട്..ഞാൻ റെഡി ആവട്ടെ.."വേണി പോവുന്നത് കാണാൻ ശക്തി ഇല്ലാതെ ഗിരി ആരെയും നോക്കാതെ അകത്തേക്ക് കയറി..ഗിരി നേരെ അടുക്കളയുടെ പിറകിലുള്ള വാതിൽ തുറന്ന് ബാത്റൂമിന്റെ  സൈഡിലുള്ള അരഭിത്തിയുടെ അരികെ ഇരുന്നു.വേണിക്ക്  മനസ്സിന് എന്തെങ്കിലും വിഷമം വരുമ്പോൾ അവൾ എപ്പോഴും അവിടെ ആണ് ഇരുന്നിരുന്നതെന്ന് അയാൾ ഓർത്തു.വെളിയിൽ  കാർ  സ്റ്റാർട്ട് ചെയ്യുന്ന ശബ്ദവും പിന്നീട്  അത് അകന്നു പോവുന്ന ശബ്ദവും കേട്ടു.അവർ പോയി എന്ന് ഗിരിക്ക് മനസ്സിലായി.വേണിയെ താൻ മനപ്പൂർവം അവഗണിച്ചതാണ്.ഒരിക്കൽ പോലും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും തന്റെ ഇഷ്ടം അവൾക്ക് നന്നായി അറിയാമായിരുന്നു.അവൾക്ക് തന്നോടുള്ള പ്രണയം  ഗിരിയും  മനസ്സിലാക്കിയതാണ്.നെഞ്ചിൽ അവളോട് ഒരു കുന്നോളം ഇഷ്ടം ഉണ്ടായിരുന്നിട്ടും സ്വന്തവും ബന്ധവുമൊന്നും ഇല്ലാത്ത പഠിപ്പില്ലാത്ത താൻ അവൾക്ക് ചേരില്ല എന്ന് അയാൾ വിശ്വസിച്ചു.അവളോട് തോന്നിയ സ്നേഹം തന്റെ അത്യാഗ്രഹം ആണെന്ന്  അയാൾ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.ഒരിക്കൽ തന്റെ മുഴുവൻ കുടുംബത്തെയും തനിക്ക് നഷ്ട്ടപ്പെട്ടു.പിന്നീട് ജീവിതത്തിന് ഒരു അർത്ഥം  ഉണ്ടെന്ന് തോന്നിയത് വേണിയെ  കണ്ടതിന് ശേഷം ആണ്.അവളോട് അടുത്തപ്പോഴാണ്.പക്ഷെ അവളും തനിക്കിപ്പോ നഷ്ടമായിരിക്കുന്നു.വീട്ടിലെത്തി കുറച്ച് ദിവസങ്ങൾ കഴിയുമ്പോ അവൾ എല്ലാം മറക്കും.വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കും.  കുറച്ച് ദിവസങ്ങളെ വേണി  തന്റെ കൂടെ ഉണ്ടായിരുന്നുവെങ്കിലും അവൾ  ഇല്ലാത്ത വീട്ടിൽ ഒരു നിമിഷം പോലും നിൽക്കാൻ  ഗിരി  ആഗ്രഹിച്ചില്ല.വേണി മറ്റൊരാളുടേതാവുന്നതും അവളുടെ ദേഹത്ത് മറ്റാരെങ്കിലും തൊടുന്നതും ഒന്നും  അയാൾക്ക്  ചിന്തിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. ഇരുന്നിട്ട് അയാൾക്ക്  ഇരിപ്പുറച്ചില്ല. ഗിരി  കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റു.തിരിഞ്ഞു നോക്കിയതും അയാൾ  ഞെട്ടിപ്പോയി!
അവിടെ ഗിരിയെ  തന്നെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്ന വേണിയെ കണ്ടു! അവരുടെ കൂടെ  അവൾ പോയില്ല എന്നയാൾക്ക്  മനസ്സിലായി.
ഗിരി  ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു.വേണി ഓടി വന്ന്  പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാളുടെ നെഞ്ചിലേക്ക് വീണു!
"ഞാൻ പോവില്ല..ഞാൻ എങ്ങോട്ടും പോവില്ല..മുരടനാണെങ്കിലും കാണ്ടാമൃഗമാണെങ്കിലും അധികം സംസാരിക്കില്ലെങ്കിലും എനിക്കീ  പത്താം ക്‌ളാസും ഗുസ്തിയും മതി.."വേണി കരഞ്ഞുകൊണ്ട് പറഞ്ഞു.സന്തോഷം കൊണ്ട് ഗിരി  കരഞ്ഞുപോയി.
ഗിരി ഉടുമ്പടക്കം അവളെ കെട്ടിപ്പിടിച്ചു.എന്നിട്ട് അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു. ഗിരിയുടെ കൈകൾക്കുള്ളിൽ നിന്നുകൊണ്ട് വേണി എത്തിവലിഞ്ഞ് ഗിരിയുടെ മുഖം തന്റെ കൈക്കുമ്പിളിൽ എടുത്ത് അവനെ തുരു തുരെ ഉമ്മ വെച്ചു.ഗിരി അവളുടെ കഴുത്തിനടിയിലേക്ക് തന്റെ മുഖവും ചുണ്ടും  ഉരസിക്കൊണ്ട്  അവളെ ഒന്നുകൂടി മുറുകെ പിടിച്ചു. കുട്ടൻ വാതിലിന്റെ മറവിൽ ഇതെല്ലാം കണ്ടുകൊണ്ട് ചിരിയോടെ നിൽപ്പുണ്ടായിരുന്നു.
"അതെ ഒരു മയത്തിലൊക്കെ..ഇല്ലെങ്കിൽ ആ ചേച്ചിയുടെ കാര്യത്തിൽ ഇപ്പൊ തന്നെ ഒരു തീരുമാനം ആവും..ഇതുങ്ങടെ കെട്ട് കഴിഞ്ഞ് ഞാൻ  ഈ വീട്ടിൽ എന്തെല്ലാം കാഴ്ച്ചകള് കാണേണ്ടി വരുമോ ഭഗവാനെ.."
കുട്ടൻ പറഞ്ഞതുകേട്ട് ഒഴുകി വന്ന കണ്ണുനീർ തുടച്ച് ഗിരി വർഷങ്ങൾക്ക് ശേഷം  മനസ്സറിഞ്ഞ് ചിരിച്ചു!
****കുറച്ച് ദിവസങ്ങൾ കഴിഞ്ഞു..എല്ലാ കേസുകളിൽ നിന്നും കുറ്റ  വിമുക്തനായി ഹരി സ്വന്തം വീട്ടിലേക്ക്  തിരികെ വന്നു.ശ്രീബാല പറഞ്ഞ് ശേഖരൻ വിവരങ്ങൾ എല്ലാം  അറിഞ്ഞിരുന്നു.ആദ്യമായി കാണുന്നത് പോലെ ശേഖരൻ മകനെ നോക്കി നിന്നു .തന്റെ മകനെ വിശ്വസിക്കാത്തതിലും അവനെ തള്ളിപറയേണ്ടി വന്നതിലും ഉള്ള കുറ്റബോധവും സങ്കടവും  അദ്ദേഹത്തെ തളർത്തിയിരുന്നു..
"ശേഖരൻ മാഷ് വളർത്തിയ കുട്ടികൾ ഒരിക്കലും വഴി തെറ്റി പോവില്ല അച്ഛാ! "ഹരി പറഞ്ഞു.ശേഖരൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌  അവനെ ചേർത്ത് പിടിച്ചു..
ശ്രീബാലയും വേണിയും അവരുടെ കൂടെ ചേർന്നു.അച്ഛന്റെയും മക്കളുടെയും സ്നേഹപ്രകടനങ്ങൾ കഴിഞ്ഞ് ജിതേഷ് ശേഖരന്റെ മുൻപിൽ വന്ന് നിന്നു..ജിതേഷിന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കാനുള്ള ശക്തി ഇല്ലായിരുന്നു..അവൻ വിറയാർന്ന കൈകളാൽ വീടിന്റെ ആധാരം അദ്ദേഹത്തെ തിരിച്ചേൽപ്പിച്ചു.ശേഖരൻ അത് വാങ്ങി അവനെ നോക്കി.
"എന്നെ..എന്നെ ശപിക്കരുത്! ." ജിതേഷ് കൈകൾ കൂപ്പി അദ്ദേഹത്തിന്റെ കാൽക്കൽ  വീണു..ശേഖരൻ അവനെ പിടിച്ചെഴുന്നേല്പിച്ചു.
"ഒന്നും മനപ്പൂർവമായിരുന്നില്ല ...പക്ഷെ മുകളിൽ ഒരാൾ ഇതെല്ലം കാണുന്നുണ്ടായിരുന്നുവെന്ന് ഞാൻ മറന്നു..അങ്ങയോടും അങ്ങയുടെ പെണ്മക്കളോടും ചെയ്തതിനുള്ള ശിക്ഷ എനിക്ക് കിട്ടി.എന്റെ നന്ദൻ.."ജിതേഷിന്റെ വാക്കുകൾ ഇടറി.ശേഖരൻ അവനെ  കെട്ടിപ്പിടിച്ച്  ആശ്വസിപ്പിച്ചു.
വീട്ടിലേക്ക് കയറാതെ വെളിയിൽ  മാറി നിന്ന ഗിരിയെ ശേഖരൻ തന്റെ അടുത്തേക്ക് വരാൻ  കൈ കൊണ്ട് കാണിച്ചു.ഗിരി മടിച്ച് മടിച്ച് അങ്ങോട്ട്  ചെന്നു.ഒരടിയാണ് ഗിരി പ്രതീക്ഷിച്ചത്. പക്ഷെ  ശേഖരൻ ജിതേഷിനൊപ്പം  ഗിരിയെയും തന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു...
ശ്രീബാലയും വേണിയും ഹരിയും ആ കാഴ്ച്ച കണ്ട് കണ്ണുകൾ തുടച്ചു.****
***ശേഖരനും  ഹരിയും കണ്ണനും വേണിയുമായുള്ള ഡിവോഴ്‌സിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.ഡിവോഴ്സ് കിട്ടിയാൽ ഉടനെ തന്നെ വേണിയുടെയും ഗിരിയുടെയും കല്യാണം നടത്താമെന്ന് വാക്കാൽ ഉറപ്പിച്ചു.ഹരി മിഥിലയെയും കൂട്ടി  ശേഖരന്റെയും വേണിയുടേയും ഒപ്പം താമസം തുടങ്ങി..ശ്യാമയും ശാരിയും പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള  ഒരുക്കത്തിൽ ആയിരുന്നു.നന്ദന്റെ വിയോഗം ശ്യാമയെ തളർത്താതിരിക്കാൻ  ശാരി എപ്പോഴും നിഴൽ പോലെ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.ശ്രീബാലയും ജിതേഷും ഡൽഹിയിലേക്ക് മടങ്ങിപ്പോയി..വന്ന കാര്യങ്ങൾ പൂർത്തിയാക്കി സുമ തിരികെ ബോംബെയിലേക്ക്  മടങ്ങി.
ജിതേഷ് മുറിയിലേക്ക് വന്നപ്പോൾ ശ്രീബാല അവിടെ സോഫയിൽ കിടക്കുകയായിരുന്നു.
"ഇതെന്താ ഇവിടെ?"ജിതേഷ് അമ്പരന്നു.
"വന്നപ്പോൾ മുതൽ എന്റെ സ്ഥാനം ഇവിടെ ആയിരുന്നുവല്ലോ..ഇനി തുടർന്നും ഇവിടെ തന്നെ ആവട്ടെ എന്ന് കരുതി.."ശ്രീബാല കളിയായി പറഞ്ഞു.
ജിതേഷ് ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് ചെന്ന് അവളെ  തന്റെ കൈകളിൽ കോരിയെടുത്തു.പിന്നെ അവളെ കട്ടിലേക്ക് കിടത്തി അവനും അവളുടെ ഒപ്പം കിടന്നു.
"മനപ്പൂർവമായിരുന്നില്ല ബാലെ..നീ അടുത്ത് കിടന്നിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല.കാരണം നിന്നെ കണ്ട നിമിഷം തന്നെ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതാണ്.. പക്ഷെ നിന്റെ ഏട്ടനോടുള്ള പ്രതികാരത്തിൽ ആ ഇഷ്ടം മനസ്സിൽ എവിടെയോ മറഞ്ഞു കിടക്കുകയായിരുന്നു..ഇനി വേണം എനിക്കതിനുള്ള പ്രായശ്ചിത്തം ചെയ്ത് തുടങ്ങാൻ.."ജിതേഷ് ശ്രീബാലയുടെ വയറിലൂടെ കൈയിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു.അവളോട് ചേർന്ന് കിടന്ന് അവൻ അവളുടെ നെറ്റിയിലേക്ക് തന്റെ  ചുണ്ടുകൾ അമർത്തി.പിന്നെ അവളുടെ കണ്ണുകളിൽ ഉമ്മ വെച്ചു. ശ്രീബാലയുടെ മുഖം നാണം കൊണ്ട് ചുവന്നു.അവളുടെ രണ്ട് കവിളിലും അവൻ ചെറുതായൊന്ന് കടിച്ചു.പിന്നെ താൻ കടിച്ച് ചുവപ്പിച്ച  കവിളിലും അവളുടെ കഴുത്തിലും  അവൻ തന്റെ ചുണ്ടും നാവും കൊണ്ട് പൂക്കളം തീർത്തു..കരയിലകപ്പെട്ട മീനിനെ പോലെ അവൾ പിടഞ്ഞു..
പിന്നെ അവളുടെ കൈകളിൽ കൈകൾ കൊരുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു.രാവിന്റെ  ഉടയാടകൾ അഴിഞ്ഞ് വീണു! നക്ഷത്രങ്ങളെ സാക്ഷി നിർത്തി നിലാവ് രാവിന്റെ മാറിൽ ലയിച്ചു! ഒരിക്കൽ അവസാനിച്ചെന്ന് കരുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും വീണ്ടും അവിടെ തുടങ്ങുകയായിരുന്നു..പൂർവാധികം ശക്തിയോടെ...

==========The End====
(ബാലവേണിമാരുടെ ജീവിതം ഇവിടെ തുടങ്ങുകയാണ്..മാളുവിനെയും വർഷയെയും ദേവിയെയും പോലെ ബാലയെയും വേണിയേയും നിങ്ങൾ സ്വീകരിച്ചു എന്ന് വിശ്വസിച്ചോട്ടെ? ഒരുപാട് സമയമെടുത്ത് എന്നാൽ വളരെ ആസ്വദിച്ച് എഴുതിയ ഒരു നോവൽ ആയിരുന്നു ഇത്.നോൺ ലീനിയർ  നറേഷനിൽ കൂടിയാണ് ഞാൻ ഈ സ്റ്റോറി പറഞ്ഞിരുന്നത്.അതായത് മെയിൻ കഥയിൽ മറ്റ് പലരുടെയും കഥകൾ കൂടി ഉൾക്കൊള്ളിച്ച് കഥ പറഞ്ഞതുകൊണ്ടാണ് തുടക്കത്തിൽ കഥ എന്താണെന്നോ കഥാപാത്രങ്ങൾ ആരാണെന്നോ ഒന്നും പിടികിട്ടാതിരുന്നത്.ക്ലൈമാക്സ് അടുപ്പിച്ചേ എന്താണ് സംഭവിക്കുന്നതും കഥാപാത്രങ്ങളുടെ കണക്‌ഷൻ എന്തായിരുന്നുവെന്നും മുൻപുള്ള പാർട്ടുകളിൽ  പറഞ്ഞിരുന്ന ചെറിയ ചെറിയ സംഭവങ്ങൾ എന്തിനായിരുന്നുവെന്നും മനസ്സിലാവുമായിരുന്നുള്ളു..ഈ കഥ എന്റെയോ എനിക്കറിയാവുന്നവരുടെയോ അല്ലെങ്കിൽ എവിടെയെങ്കിലും സംഭവിച്ചതോ ഒന്നുമല്ല.എന്റെ മറ്റ് കഥകളെ പോലെ ഇതും എന്റെ ഭാവനയിൽ മെനഞ്ഞെടുത്ത ഒന്ന് മാത്രമാണ്.എന്റെ ഹൃദയത്തിൽ  നിന്നാണ് ഞാൻ ഓരോ വരിയും എഴുതിയിരിക്കുന്നത്.വളരെയധികം ആലോചിച്ചാണ് ഇതിലെ സസ്പെൻസുകൾ എഴുതിയതും  എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഫ്ളാഷ്ബാക്കും ഇപ്പോൾ നടക്കുന്ന സംഭവങ്ങളും കൂട്ടിയിണക്കിയതും.ഞാൻ കൂടുതലും മിസ്ടറി അല്ലെങ്കിൽ ദുരൂഹത ഇഷ്ട്ടപ്പെടുന്ന ഒരാൾ ആണ്. അതുകൊണ്ട് തന്നെയാണ്  സസ്പെൻസ് ത്രില്ലെർ കഥകൾ എഴുതുന്നതും.ശരിക്കും ഈ കഥ ഏഴ് പാർട്ടുകളിൽ അവസാനിപ്പിക്കാൻ ഇരുന്നതാണ്..പക്ഷെ  ഞാൻ പോലും അറിയാതെ  ഇത് നീണ്ടുപോയി..എല്ലാവരുടെയും ജീവിതം വളരെ വിശദമായി തന്നെയാണ് എഴുതിയിരിക്കുന്നത്.പിന്നെ നന്ദന്റെ വിയോഗം അത് അനിവാര്യമായിരുന്നു.ചിലപ്പോ നമ്മൾ ചെയുന്ന തെറ്റിന്റെ ഫലം നമ്മൾക്കായിരിക്കില്ല കിട്ടുന്നത് പക്ഷെ അത് അനുഭവിക്കേണ്ടി വരുന്നത് നമ്മളായിരിക്കും..ഈ കഥയിൽ ജിതേഷ് ചെയ്ത തെറ്റിന്റെ ശിക്ഷ കിട്ടിയത് നന്ദനാണ്.പക്ഷെ അത് അനുഭവിക്കുന്നത് ജിതേഷും! അതേപോലെ ശാരിക്കും നന്ദനെ ഓർത്ത് ജീവിതകാലം മുഴുവൻ നീറി നീറി കഴിയേണ്ടി വരും..ഒരുപാട് സംഘർഷത്തോട് കൂടിയാണ് ഓരോ പാർട്ടും ഓരോ വരിയും എഴുതിയിരിക്കുന്നത്. എല്ലാവരുടെയും കമന്റ്സ് എത്ര ആവേശത്തോടെയാണ് വായിച്ചിരുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.മനസ്സിൽ എന്നും ഓർത്തുവെയ്ക്കാൻ നിങ്ങൾ ഒരുപിടി നല്ല വരികൾ കമന്റ്സിലൂടെ എനിക്ക് സമ്മാനിച്ചിട്ടുണ്ട്.ഈ കഥ നിങ്ങളിലേക്കെത്തിക്കാൻ എനിക്കവസരം തന്ന നല്ലെഴുത്ത്  പേജിന്റെ അഡ്മിനോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു.ഇനി ഒരു മടങ്ങിവരവ് അടുത്തെങ്ങും  ഉണ്ടാവില്ല...ഇനി മാസങ്ങളെടുത്താലും ഒരു വർഷം  തന്നെ എടുത്താലും അഞ്ജന ബിജോയ് എന്ന ഈ പേര് മറന്നേക്കല്ലേ..ഇഷ്ടമായെങ്കിൽ എല്ലാവരും അഭിപ്രായങ്ങൾ എഴുതി ലൈക് ചെയ്തേക്കണേ..എന്റെ കഥകൾക്കായി കാത്തിരിക്കാൻ ആളുണ്ടെന്നറിയുന്നതാണ് മടങ്ങി വരാനുള്ള പ്രചോദനം..)

അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel

ബാലവേണി - ഭാഗം 29


അവിടെ നിൽക്കുന്ന ആളെ കണ്ട് ശ്രീബാല ഞെട്ടി വിറച്ചു!ഒരു തരിപ്പ് അവളുടെ ദേഹത്തൂടെ കടന്നുപോയി! കൺമുൻപിൽ  നിൽക്കുന്നത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ  അവൾ തന്റെ നെഞ്ചിൽ കൈവെച്ചു.അത് ഹരിയായിരുന്നു ! ജിതേഷും അതെ അവസ്ഥയിൽ ആയിരുന്നു.അവൻ ഹരിയെ  ആദ്യമായിരുന്നു നേരിട്ട് കാണുന്നത്.വർഷങ്ങളായുള്ള ഓട്ടപ്പാച്ചിലിൽ  അവന്റെ രൂപം തന്നെ മാറിപ്പോയിരുന്നു.പണ്ട് പത്രത്തിൽ  വന്നിരുന്ന ഹരിയുടെ തേജസുള്ള  മുഖവും ഇപ്പോഴത്തെ കോലവും അവൻ ഇത്രനാളും അനുഭവിച്ച മാനസിക സംഘർശം എത്രയെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു.
"ഹരിയേട്ടാ!"ശ്രീബാല ഓടി ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു.മരിച്ചെന്ന് കരുതിയ തന്റെ ഹരിയേട്ടൻ തിരികെ വന്നിരിക്കുന്നു! സന്തോഷം കൊണ്ടവൾ  പൊട്ടിക്കരഞ്ഞു.
"ഹരിയേട്ടൻ ഇനി തിരികെ  വരില്ല എന്ന് ആ സ്ത്രീ പറഞ്ഞത് കേട്ടപ്പോ ഞാൻ തകർന്നുപോയി ഹരിയേട്ടാ..ഞാൻ അനുഭവിച്ച വിഷമത്തിനും സങ്കടങ്ങൾക്കും കൈയും കണക്കുമില്ല.." ശ്രീബാല അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് തേങ്ങി.
"കരയാതെ മോളെ. ഹരിയേട്ടന്റെ അവസ്ഥ അതായിപ്പോയി..."ഹരി ശ്രീബാലയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
"നമ്മൾ ആദ്യം കാണുകയാണ്.."ഹരി ജിതേഷിന്റെ മുൻപിൽ വന്ന് നിന്നു. അവന്റെ മുഖത്തേക്ക് നോക്കും തോറും ജിതേഷിന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു.
"എന്നെ കെണിയിലാക്കാൻ വേണ്ടി എന്റെ പെങ്ങന്മാരുടെ ജീവിതം വെച്ചാണോടാ നീയൊക്കെ കളിച്ചത്!"ഹരി ജിതേഷിന്റെ കോളറിൽ പിടിച്ച് അവന്റെ കണ്ണുകളിലേക്ക്  രൂക്ഷമായി നോക്കി .ജിതേഷ് ഒന്നും മിണ്ടാതെ മുഖം താഴ്ത്തി.ജിതേഷ്  ശ്രീബാലയെ ഇപ്പൊ എത്ര മാത്രം  സ്‌നേഹിക്കുന്നുണ്ടെന്ന്  സുമ പറഞ്ഞ് ഹരി മനസ്സിലാക്കിയിരുന്നുവെങ്കിലും ജിതേഷിനെ നേരിട്ട് കണ്ടപ്പോൾ ഹരിക്ക് പിടിച്ച് നിൽക്കാനായില്ല. ജിതേഷിന്റെ നിൽപ്പ് കണ്ട് ശ്രീബാലയ്ക്ക് സഹിച്ചില്ല."ഹരിയേട്ടാ നമക്ക് ആ വിഷയം വിടാം.."ശ്രീബാല ഇടയിൽ കയറി ഹരിയുടെ കൈ വിടുവിച്ച് കൊണ്ട് പറഞ്ഞു..ഹരി ശ്രീബാലയെ ഒന്ന് നോക്കി.ശ്രീബാല ഒന്നും ചെയ്യല്ലേ എന്ന് അവനോട് കണ്ണുകൾ കൊണ്ട് അപേക്ഷിച്ചു.ഹരി ജിതേഷിനെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവന്റെ കോളറിൽ നിന്നും കൈ വിട്ടു.
പിന്നീട് ഹരി നടന്ന് ഭോലയുടെ മുൻപിൽ വന്ന് നിന്നു.
ഭോല അവനെ പകയോടെ നോക്കി.ഹരി കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നു..
"നീ ഒരുത്തൻ കാരണം ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് പട്ടിയെപ്പോലെ ഞാൻ അലയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇക്കാലമത്രയും ഓരോ നിമിഷവും ഞാൻ തള്ളി നീക്കിയത്   ഇതുപോലൊരു അവസരം എന്നെങ്കിലും എന്റെ കൈയിൽ കിട്ടും എന്നെനിക്കറിയാവുന്നത് കൊണ്ടായിരുന്നു..എന്റെ പെണ്ണിനേയും പാവം പിടിച്ച ഒരു പയ്യനെയും കൊല്ലാക്കൊല ചെയ്തതിന്  തരാൻ ഓങ്ങി ഓങ്ങി വെച്ചിരുന്ന ഒരു കണക്ക് ഉണ്ട്..അത് തീർത്തിട്ടാവാം ബാക്കി സംസാരം!"ഹരി പറഞ്ഞു.എന്നിട്ട് ഭോലയുടെ  കരണകുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു!
"എനിക്ക് കൊലക്കയറു വാങ്ങി തന്നിട്ട് നീ ഇവിടെ വന്ന് ഭോലയെന്നും തേങ്ങാക്കൊലയെന്നും പറഞ്ഞ് ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ കളിക്കുവാണോടാ പുല്ലേ?"ഹരി ഭോലയുടെ ചെവിക്കല് നോക്കി  ഒന്നുകൂടി പൊട്ടിച്ചു! ഭോല വേദനകൊണ്ട് അലറി വിളിച്ചു! സുമ പെട്ടെന്ന് ഹരിയെ പിടിച്ച് മാറ്റി..
"അന്ന് എന്നെ അമ്പലത്തിൽ കാണാൻ വന്നിരുന്ന സ്ത്രീ ആരായിരുന്നു?എന്തിനായിരുന്നു ഹരിയേട്ടൻ മരിച്ചെന്ന്  ഒരു കള്ളം അവരെ കൊണ്ട് പറയിച്ചത് ?"ശ്രീബാല വിഷമത്തോടെ ചോദിച്ചു.
"അതിന് മുൻപ് സുമ മാഡം പറഞ്ഞ് നിർത്തിയിടത്ത് നിന്ന് ഞാൻ തുടങ്ങാം..അല്ലെ ജാവേദ്?" ഹരി ഭോലയെ  നോക്കി ചോദിച്ചു.ഭോല ചോരയൊലിക്കുന്ന ചുണ്ടുകളുമായി പല്ലുകടിച്ചുകൊണ്ട് അവനെ നോക്കി.
"ഏക് ബാർ മുജേ ഇസ് റസി സെ നിക്കാൽദൊ ! ചോടുങ്കാ നയി! തും സബ്‌കോ മേം മാർ ടാലുങ്കാ !(ഒരു പ്രവശ്യം എന്റെ കെട്ടഴിച്ച് വിട് ! നിങ്ങളെ എല്ലാം ഞാൻ കൊന്നുകളയും!) " ഭോല എല്ലാവരെയും നോക്കി അലറി.
"നിനക്ക് കിട്ടിയത് പോരാ അല്ലെ?" ഹരി ദേഷ്യം കൊണ്ട് വിറച്ച് ഭോലയുടെ  അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും സുമ അവനെ തടഞ്ഞു.
"നന്ദാ നമുക്ക് തിരികെ റൂമിലേക്ക് പോവാം?"ശ്യാമ പേടിയോടെ നന്ദനോട് ചോദിച്ചു.
"വേണ്ട..എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയണം.ഹരിക്ക് പറയാനുള്ളതും എനിക്ക് കേൾക്കണം.അത് കഴിഞ്ഞേ ഞാൻ വരുന്നുള്ളു."നന്ദന്റെ സ്വരം ദൃഢമായിരുന്നു.ഹരി സംസാരിച്ച് തുടങ്ങി.
"മിത്തുവിൻറെ റിപ്പോർട്ട് തിരുത്തി എഴുതിയത് സുമ മാഡം ആണെന്നറിഞ്ഞ് ഒളിവിലായിരുന്ന സമയത്ത് ഞാൻ ശരത് ഡോക്ടർ അറിയാതെ മാഡത്തെ  കാണാൻ ചെന്നു.മോളി സിസ്റ്റർ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ മാഡത്തോട്  ചോദിച്ചു..ആദ്യമൊന്നും മാഡം   എന്റെ വാക്ക് കേൾക്കാൻ കൂട്ടാക്കിയില്ല.എന്റെ കൈയിൽ ശരത്തിനെതിരെ ഉള്ള എല്ലാ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞിട്ടും മാഡം  എന്റെ കൂടെ നില്ക്കാൻ തയാറായില്ല.അതൊരുപക്ഷേ മാഡത്തിന്റെ മകൾ മിന്നുവിനെ ശരത് അപായപ്പെടുത്താൻ ശ്രമിച്ചേക്കുമോ എന്ന് ഭയന്നായിരിക്കും മാഡം അയാൾക്കെതിരെ മൂവ് ചെയ്യാത്തതെന്ന് എനിക്ക് തോന്നി.പക്ഷെ അതല്ലാതെ മാഡം എന്തോ എന്നിൽ നിന്നും മറച്ച് പിടിക്കുന്നതായി എനിക്ക് തോന്നി.ഞാൻ മാഡത്തിന്റെ  ഓരോ നീക്കങ്ങളും നിരീക്ഷിച്ചു.പക്ഷെ അസ്വാഭാവികമായ ഒന്നും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.പിന്നീട് മാഡത്തിന്റെ   മകൾ മിന്നു മരിച്ച് കുറച്ച് നാൾ കഴിഞ്ഞ് അവർ എന്നെ  കോൺടാക്ട്  ചെയ്തു.ബോംബെയിലായിരുന്ന മാഡം എനിക്ക് ഡെൽഹിയിലെ  ഈ വീടിന്റെ അഡ്രസ് തന്നു.മാഡം പറഞ്ഞ തീയതി രാത്രി ആരും കാണാതെ ഇവിടെ എത്തണമെന്നും ഇവിടെ ആരോ എന്നോട് സംസാരിക്കാനായി കാത്തിരിപ്പുണ്ടെന്നും പറഞ്ഞു.അങ്ങനെ ബോംബെയിലായിരുന്ന ഞാൻ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഡെൽഹിയിൽ  എത്തി.മാഡം പറഞ്ഞതനുസരിച്ച് ഈ വീട്ടിൽ എത്തി.ഇവിടെ എത്തിയതും എനിക്ക് മനസ്സിലായി ഞാൻ സംശയിച്ചത് വെറുതെ അല്ല മാഡം സത്യത്തിൽ ശരത് സാറിനേക്കാൾ ബുദ്ധിമതി ആയിരുന്നു എന്ന്!" ഹരി ചെറിയൊരു ചിരിയോടെ സുമയെ നോക്കി.
"ചുപ് രഹോ സാലെ! തും ക്യാ ഭക്വാസ് കർ രഹെ ഹോ?ഇസ് കേസ് മേം മേരാ ഇൻവോൾവ്മെന്റ് ഭഗവാൻ കോ ബി നഹി മാലൂം ഹേ ! ഇസ് ദുനിയാ കെ സാംനെ തും ഏക് അപരാധി ഹോ. തുമാരെ ബാത് കോയി നഹി സുനേഗാ..(നീ എന്ത് വിഡ്ഢിത്തരം ആണീ  പറയുന്നത്! ഞാൻ ഈ കേസിൽ ഇൻവോൾവ്ഡ് ആണെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല.ഈ ലോകത്തിന് മുൻപിൽ നീ തെറ്റുകാരൻ ആണ്.നീ പറയുന്നത് ആരും വിശ്വസിക്കില്ല.)ഭോല പറഞ്ഞു.
"ഔർ യെ പാഗൽ ആദ്മി! ഇസ് പാഗൽ കെ ബാത് കോയി നഹി മാനേഗാ!"(ഈ വട്ടന്റെ വാക്ക് ആരും വിശ്വസിക്കില്ല)"ഭോല നന്ദനെ നോക്കി പുച്ഛത്തോടെ പറഞ്ഞു..
"ശെരിയാ ഇവരുടെ  വാക്ക് ആരും വിശ്വസിച്ചെന്ന്  വരില്ല .പക്ഷെ ഞാൻ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും ഭോല!"ആ ശബ്ദം കേട്ട് ശ്യാമ ഞെട്ടി തിരിഞ്ഞു നോക്കി! ഡൈനിങ്ങ് ടേബിളിന് സൈഡിൽ ഉള്ള അടച്ചിട്ട മുറിയുടെ വാതിൽ തുറന്ന് വീൽ ചെയറിൽ പുറത്തേക്കിറങ്ങി വരുന്ന രൂപത്തെ കണ്ട് ശ്യാമ  ഞെട്ടിത്തരിച്ചുപോയി! പ്രേതത്തെ കണ്ടത് പോലെ ശ്യാമയുടെ മുഖം വിളറി വെളുത്തു ! അവളുടെ മാത്രമല്ല ജിതേഷിന്റെയും നന്ദന്റെയും ഭോലയുടെയും  ഒക്കെ അവസ്ഥ അത് തന്നെ ആയിരുന്നു.
അത് മിഥിലയായിരുന്നു! എല്ലാവരും മരിച്ചെന്ന് കരുതിയ ശ്യാമയുടെ സ്വന്തം സഹോദരി മിഥില! അവിടെ വീൽ ചെയറിൽ ഇരിക്കുന്ന മിഥിലയുടെ  പിന്നിൽ വീൽ ചെയറിൽ പിടിച്ചുകൊണ്ട് ഒരു സ്ത്രീ ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.അവരെ കണ്ടതും ശ്രീബാലയുടെ മനസ്സിൽ  ഒരു കൊള്ളിയാൻ മിന്നി! അന്ന് അമ്പലത്തിൽ വന്ന് തന്റെ കൈയിൽ പെൻഡ്രൈവ് തന്നതും  ഹരി മരിച്ചെന്ന് തന്നോട് കള്ളം പറഞ്ഞതും  ഇവർ ആയിരുന്നു എന്നവൾ ഓർത്തെടുത്തു.
ശ്യാമ നിന്നിടത്ത് നിന്നും അനങ്ങിയില്ല.മിഥില അവളെ നോക്കി ചിരിച്ചെങ്കിലും ശ്യാമ ആകെ ഭയന്ന് നിൽക്കുകയായിരുന്നു.
"ഇത് ഞാനാ മോളെ..നിന്റെ മിത്തു!" മിഥിലയുടെ   ശബ്ദം കേട്ടതും ശ്യാമ ഒരു പൊട്ടിക്കരച്ചിലോടെ അവളുടെ അടുത്തേക്ക് ചെന്ന് വീൽ ചെയറിന്റെ അടുത്തിരുന്നു . മിഥിലയുടെ   മടിയിലേക്ക് മുഖം പൂഴ്ത്തി ശ്യാമ പൊട്ടിക്കരഞ്ഞു.നന്ദൻ വിശ്വാസം വരാതെ മിഥിലയെ തന്നെ നോക്കി നിന്നു.
"അടച്ചിട്ടിരുന്ന ആ വാതിൽ  ഈ വീടിന്റെ  ബേസ്‌മെന്റിലേക്കുള്ളതാണ് .കുറെ നാളുകളായി മിഥിലയുടെ  ലോകം അവിടെ ആണ്..കൂട്ടിന് ഹോം നേഴ്സ് വത്സലയും.."സുമ എല്ലാവരോടുമായി  പറഞ്ഞു.
"മിത്തു നീ മരിച്ചെന്നാണ് ഞങ്ങൾ എല്ലാം കരുതിയത്!  മിത്തു നിനക്കെന്താ സത്യത്തിൽ സംഭവിച്ചത്?നീ എങ്ങനെ ഇവിടെ ജീവനോടെ?എന്തൊക്കെയാ ഇവിടെ നടക്കുന്നത്?"ജിതേഷ് ഒന്നും മനസ്സിലാകാതെ ചോദിച്ചു.ഹരിയാണ്  മറുപടി പറഞ്ഞത്.
"അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന് ശേഷം മിത്തു  അൺകോൺഷ്യസ്  ആയിരുന്നുവല്ലോ.. ഇതിനിടയിൽ ശരത് സുമ മാഡത്തെ  കൊണ്ട് മിത്തു പ്രെഗ്നന്റ് ആണെന്ന് കള്ള റിപ്പോർട്ട് എഴുതിപ്പിച്ചു.പിന്നീട് അയാളുടെ അടുത്ത നീക്കം മിത്തുവിനെ ഇല്ലാതാക്കുക ആയിരുന്നു.ഇത് മനസ്സിലാക്കിയ സുമ മാഡം ഒരു കളി കളിച്ചു.മാഡം മിത്തുവിന്റെ അച്ഛനോട് അവളെ മാഡം റെഫർ  ചെയ്ത വേറെ ഒരു ആശുപത്രിയിലേക്ക് മാറ്റണമെന്നും  ഇവിടെ ലഭിക്കുന്നതിനെക്കാട്ടിലും ബെറ്റർ ട്രീറ്റ്മെന്റ്  അവിടെ കിട്ടുമെന്നും പറഞ്ഞു. പക്ഷെ താൻ പറഞ്ഞിട്ടാണ് മിത്തുവിനെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതെന്ന് ഒരു കാരണവശാലും മറ്റാരും അറിയരുതെന്നും അത് തന്റെ ഹോസ്പിറ്റലിന് നാണക്കേടാണെന്നും മാഡം  മിത്തുവിന്റെ അച്ഛനോട് കള്ളം പറഞ്ഞു. ശരത് എത്ര വിലക്കിയിട്ടും മിത്തുവിന്റെ അച്ഛൻ  അവളെ വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു.അവളെ ആംബുലൻസിൽ കൊണ്ടുപോയത് മാഡം  ഏർപ്പാടാക്കിയ ഒരു ഡ്രൈവറും സ്റ്റാഫും  ആയിരുന്നു..അയാൾ തനിക്കറിയാവുന്ന ഒരു കുറുക്ക് വഴിയിൽ ആംബുലൻസ് കയറ്റി.അതെ റോഡിൽ മറ്റൊരു ആംബുലൻസ് എല്ലാ സന്നാഹങ്ങളുമായി മിത്തുവിന് വേണ്ടി കാത്ത് കിടപ്പുണ്ടായിരുന്നു.മിത്തുവിനെ ആ ആംബുലൻസിലേക്ക് കയറ്റി.പകരം മിത്തുവിനോടും  അവളെ കൊണ്ടുവന്ന ഡ്രൈവെറോടും സ്റ്റാഫിനോടും രൂപ സാദൃശ്യമുള്ള അവരുടെ അതെ ഹൈറ്റും  വെയിറ്റും തോന്നിക്കുന്ന ഡെഡ്ബോഡികൾ ആദ്യത്തെ ആംബുലൻസിലേക്ക് കയറ്റി.തീവ്രവാദികളുടെ ആക്രമണം ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ  അതിൽ ബോംബ് വെച്ചു.... മിത്തുവിന്റെ മരണ വാർത്ത അറിഞ്ഞ് എല്ലാവരും ഞെട്ടി! അവളുടെ അച്ഛൻ തളർന്ന് വീണു! സുമ  മാഡത്തിന്   വിശ്വസ്തനായ ഒരു ഫോറൻസിക് സർജനെ കൊണ്ട്  മരിച്ചത് മിത്തുവാണെന്ന്  കൺഫേം ചെയ്യിച്ചു.മരിച്ചത് മിത്തു  തന്നെയാണെന്ന് എല്ലാവരും വിശ്വസിച്ചു!"ഹരി പറഞ്ഞു.എല്ലാവരും അപ്പോഴും  സ്തംഭിച്ച് നിൽക്കുകയായിരുന്നു.ഭോല പകയോടെ മിഥിലയെ നോക്കി.
"മിത്തുവിന്റെ നാട്ടിലുള്ള റിലേറ്റീവ്‌സിനോടൊന്നും അവളുടെ മരണവാർത്ത ശ്യാമയും അവളുടെ അച്ഛനും  അറിയിച്ചിരുന്നില്ല.സംഭവം നടന്ന്  കഴിഞ്ഞ് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് മിത്തുവിന്റെ മരണവാർത്ത നാട്ടിൽ ഉള്ളവർ അറിഞ്ഞത്..അത് ഒരു ആക്സിഡന്റ് ആയിരുന്നു എന്നാണ് ശ്യാമയും അവളുടെ അച്ഛനും എല്ലാവരോടും പറഞ്ഞിരുന്നത്..പക്ഷെ മിത്തുവിന്റെ അച്ഛന്റെ  മരണം സുമ മാഡം  ഒട്ടും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല.അത് സുമ മാഡത്തെ  വല്ലാതെ തളർത്തി.പക്ഷെ  മിത്തുവിന്റെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു മാഡത്തിന്റെ പ്രയോറിറ്റി.."ഹരി പറഞ്ഞു.പിന്നീട് സുമയാണ് സംസാരിച്ചത്.
"മിഥിലയുടെ   മരണം കൺഫേം ചെയ്യാൻ എന്റെ കൂടെ നിന്ന് എന്നെ  സഹായിച്ച അതെ ഡോക്ടർ വഴി  അവളെ  ഞങ്ങൾ ഡൽഹിയിലുള്ള ഓൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ടിലെക്ക് മാറ്റി.അവിടെ അദ്ദേഹത്തിന്   പരിചയമുള്ള  ഡോക്ടേഴ്സിനോട്  കാര്യങ്ങൾ പറഞ്ഞു.എല്ലാം രഹസ്യമായിരിക്കണമെന്നും അല്ലെങ്കിൽ അവളുടെ ജീവന് ആപത്താണെന്നും അവരെ അറിയിച്ചു.പിന്നീട് കുറെ നാൾ അവളുടെ ട്രീത്മെന്റ്റ് അവിടെ ആയിരുന്നു.
പക്ഷെ കുത്തേറ്റ് സ്‌പൈനൽ കോർഡിന് ക്ഷതം സംഭവിച്ചതിനാൽ  അവളുടെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നുപോയിരുന്നു.എങ്കിലും അവളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് പറ്റി .പതിയെ മിഥില ജീവിതത്തിലേക്ക് മടങ്ങി വന്നു.
പിന്നീട് മിഥില  തന്നെയാണ് എന്നോട് കാര്യങ്ങൾ പറഞ്ഞത്.മിനിസ്റ്ററുടെ കില്ലറിനെ കുറിച്ചും അയാൾ തന്നെയാണ് പാർക്കിൽ തന്നെയും നന്ദനെയും ആക്രമിച്ചതെന്ന് അയാളുടെ കൈയിലെ മൂന്ന് തലയുള്ള പാമ്പിന്റെ രൂപം കണ്ടതോടെ മനസ്സിലായെന്നും അവൾ പറഞ്ഞു.മിഥിലയുടെ ഫോൺ എന്റെ കൈയിൽ ഉണ്ടായിരുന്നു. അതിൽ അന്ന് ഹോസ്പിറ്റലിൽ വെച്ചെടുത്ത ജാവേദിന്റെ ഫോട്ടോ  അവൾ എന്നെ കാണിച്ചു.അത് ഞാൻ ബോംബെ പോലീസ് കമ്മീഷണറിന് കൈമാറി.അങ്ങനെ ആണ് മിനിസ്റ്ററുടെ കില്ലർ ഇന്റർനാഷണൽ ക്രിമിനൽ ജാവേദ് സമദ് ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത്..പക്ഷെ ജാവേദ്  എവിടെയാണെന്ന് ഒരു വിവരവുമില്ലായിരുന്നു.അതിനിടയ്ക്കാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഹരി മോളി സിസ്റ്റർ  പറഞ്ഞതിനെക്കുറിച്ച് ചോദിക്കാൻ എന്നെ കാണാൻ വന്നത് .പക്ഷെ ശരത്തിനെതിരായി മോളി സിസ്റ്റർ കൊടുത്ത തെളിവുകൾ ഹരിയുടെ കൈയിൽ ഉണ്ടായിരുന്നുവെങ്കിലും എന്റെ   മിന്നുവിന്റെ ജീവനെ കരുതി ഞാൻ ഹരിയോട് ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മിന്നു മരിച്ചപ്പോൾ ഞാൻ ഹരിയെ കോൺടാക്ട്  ചെയ്തു.അവനോട് ഡൽഹിയിലെ ഈ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.  ഇവിടെ വന്നപ്പോഴാണ് മിഥില ജീവനോടെ ഉണ്ടെന്ന് ഹരി മനസ്സിലാക്കുന്നതും അതെ പോലെ അന്ന് പാർക്കിൽ വെച്ച് തങ്ങളെ ആക്രമിച്ചത് ഹരിയും മോളി സിസ്റ്ററും വിചാരിച്ചിരുന്നത്പോലെ ശരത് ഏർപ്പാടാക്കിയ ക്രിമിനൽ അല്ല മറിച്ച് മിനിസ്റ്ററുടെ കില്ലറായ ഇന്റർനാഷണൽ ക്രിമിനൽ  ജാവേദ് ആണെന്ന് ഹരി അറിയുന്നതും.ഇത് എന്റെ ക്ലോസ്   ഫ്രണ്ടിന്റെ വീടാണ്. എയിംസിൽ നിന്നും സുഖം പ്രാപിച്ച ശേഷം ഇവിടുത്തെ ബേസ്‌മെന്റിൽ ആയിരുന്നു  ഞാൻ മിഥിലയെ ആരും കാണാതെ താമസിപ്പിച്ചിരുന്നത്.കൂട്ടിന് വത്സലയും.എനിക്ക് മിന്നുവിന്റെ  കൂടെ ബോംബയിൽ നിന്നും വിട്ട് നിൽക്കാൻ  പറ്റില്ലായിരുന്നു..പക്ഷെ ഈശ്വരൻ തിരികെ വിളിച്ചപ്പോൾ എന്റെ മിന്നു  ഒരു ദിവസം എന്നെ വിട്ട് പോയി..  "സുമ വിഷമത്തോടെ പറഞ്ഞു.അവർ പറഞ്ഞതൊക്കെയും എല്ലാവർക്കും ഒരു കടംകഥ പോലെ തോന്നി.ഒന്നും വിശ്വസിക്കാനാവാതെ ജിതേഷും ശ്രീബാലയും ശ്യാമയും നന്ദനും പരസ്പരം നോക്കി.
"ശ്യാമയെയും നന്ദനെയും ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞാണ് ഇപ്പൊ വിളിച്ച്  വരുത്തിയത്.പക്ഷെ മിഥില ജീവനോടെ ഉണ്ടെന്ന് മാത്രം ഞാൻ അവരെ അറിയിച്ചില്ല.."സുമ പറഞ്ഞു.
"ആ ഇൻസിഡന്റിന് ശേഷം നന്ദൻ കുറെ നാൾ അതിന്റെ മെന്റൽ ഷോക്കിൽ ആയിരുന്നു.ഓർമ്മപ്പിശകും മൂഡ് സ്വിങ്ങും ഒക്കെ ഉണ്ടായിരുന്നു.നന്ദൻ പലപ്പോഴും ഹരിയല്ല തങ്ങളെ ഉപദ്രവിച്ചതെന്ന് പറയാൻ ശ്രമിച്ചെങ്കിലും സാഹചര്യ തെളിവുകൾ എല്ലാം ഹരിക്ക് എതിരായതിനാലും നന്ദന്റെ മാനസിക നില തകരാറിലായതിനാലും ജിതേഷ് അവന്റെ വാക്കുകൾ മുഖ വിലയ്ക്ക് എടുത്തില്ല.പക്ഷെ ഹരി ആണ് മിഥിലയെയും നന്ദനെയും  കൊല്ലാൻ   ശ്രമിച്ചതെന്ന്  ശ്യാമ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നന്ദന്റെ നാവിൽ നിന്ന് തന്നെ ആ ക്രിമിനലിനെ  പറ്റി  എന്തെങ്കിലും ക്ലൂ  കിട്ടുമെന്ന് പ്രതീക്ഷിച്ചാണ്  ശ്യാമ നന്ദനെ നാട്ടിൽ അവളുടെ ഫ്രണ്ടും സൈക്കാർട്ടിസ്റ്റും ആയ ഡോക്ട്ടർ ബിന്ദുവിനെ കാണിച്ചുകൊണ്ടിരുന്നത്.."സുമ പറഞ്ഞു.ജിതേഷ് വേദനയോടെ ശ്യാമയെയും നന്ദനെയും നോക്കി. നന്ദൻ ഭോലയെ  കണ്ണിമ വെട്ടാതെ പകയോടെ നോക്കി നിൽക്കുന്നത് ജിതേഷ് ശ്രദ്ധിച്ചു.
" എന്റെ മിന്നുവിന്റെ മരണത്തിന് ശേഷം ആണ് ഞാൻ ബോംബയിൽ നിന്നും ഡൽഹിയിൽ എത്തുന്നതും ഈ വീട്ടിൽ മിഥിലയുടെയും വത്സലയുടെയും കൂടെ താമസമാക്കുന്നതും. ജിതേഷ് ഇവിടെ ആണ് താമസിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.എന്നെങ്കിലും എല്ലാം കലങ്ങി തെളിയുമ്പോൾ മിത്തുവിനെ ജിതേഷിന്റെ അടുത്ത് ഏൽപ്പിക്കാൻ ആയിരുന്നു എന്റെ ഉദ്ദേശം."സുമ പറഞ്ഞു.
"ഭോലയാണ് ജാവേദ് എന്ന് മാഡത്തിന് എപ്പോഴാണ് മനസ്സിലായത്?"ജിതേഷ്  ചോദിച്ചു.
"ഒരിക്കൽ  ഞാൻ ശ്രീബാലയെ കാണാൻ വീട്ടിൽ പോയി ..അന്ന് ഭോല ആണ് എനിക്ക് കോഫി തന്നത്.അന്ന് ഭോലയുടെ  കൈയിൽ മൂന്ന് തലയുള്ള പാമ്പിന്റെ പച്ച കുത്തിയത് കണ്ടു.ഭോലയെ  നേരിട്ട് കണ്ടിട്ടില്ലെങ്കിലും മിഥില പറഞ്ഞ് എനിക്ക് ആ ഐഡന്റിഫിക്കേഷൻ മാർക്ക് നന്നായി അറിയാമായിരുന്നു.സംശയം തോന്നിയപ്പോ അത് കൺഫേം ചെയ്യാൻ ഞാൻ അപ്പൊ തന്നെ ഹരിയെ അറിയിച്ചു..അന്ന് വൈകിട്ടായിരുന്നു  ഹരി ശ്രീബാലയെ കാണാൻ അമ്പലത്തിൽ വരാമെന്ന് പറഞ്ഞ ദിവസവും.ശ്രീബാല അമ്പലത്തിൽ പോവുമ്പോൾ  ഭോല വെളിയിൽ നിൽക്കാറുള്ളത് എനിക്ക് അറിയാമായിരുന്നു.ഞാൻ അത് ഹരിയെ അറിയിച്ചു.ഹരി വന്നില്ലെന്നോർത്ത് ശ്രീബാല വിഷമത്തോടെ മടങ്ങിയില്ലേ അന്ന് ജിതേഷിന്റെ കൂടെ?അന്ന് ഹരി അവിടെ വന്നിരുന്നു .അമ്പലത്തിനു വെളിയിൽ നിൽക്കുന്ന ഭോലയെ  കണ്ടിരുന്നു..അന്ന് ബോംബെയിലെ  പാർക്കിൽ വെച്ച് ഭോലയുടെ  ശെരിക്കുള്ള രൂപം  ഹരി നേരിട്ട് കണ്ടതാണ്.  അതുകൊണ്ട് താടിയും മുടിയും വടിച്ച്  കളഞ്ഞാണ് ഭോല നടന്നതെങ്കിലും ഹരിക്ക് ആളെ മനസ്സിലായി.കൈയിലെ പച്ച കുത്തിയതും കൂടി കണ്ടപ്പോ, ഹരി ഉറപ്പിച്ചു അതെ ആളെ ആയിരുന്നു അന്ന് പാർക്കിൽ വെച്ച് കണ്ടതെന്നും അയാൾ തന്നെ ആണ് മിഥിലയെയും നന്ദനെയും ആക്രമിച്ചതെന്നും.."സുമ പറഞ്ഞു.
"അപ്പൊ ഹരിയേട്ടൻ അന്ന് എന്നെ കണ്ടിരുന്നോ അമ്പലത്തിൽ വെച്ച് ?"ശ്രീബാല ഹരിയോട് ചോദിച്ചു.സുമയാണ് മറുപടി പറഞ്ഞത്.
"ഇല്ല കുട്ടി.ഹരി നിന്നെ കണ്ടില്ല.നിന്റെ വീട്ടിൽ വന്നപ്പോൾ ഭോലയെ ഐഡന്റിഫൈ ചെയ്തു എന്നല്ലാതെ ശ്രീബാല ഹരിയുടെ  സിസ്റ്റർ ആണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നുവല്ലോ.ഹരിയോട് അതുകൊണ്ട് ഞാൻ ശ്രീബാലയെ കുറിച്ച്  ഒന്നും പറഞ്ഞിരുന്നില്ല.ഭോല ജിതേഷിന്റെ വൈഫിന്റെ കൂടെ  അമ്പലത്തിൽ വരാറുണ്ട് എന്ന് മാത്രമാണ്  ഞാൻ ഹരിയെ അറിയിച്ചത്.ബിസിനസ് മാഗ്നെറ്റ് ജിതേഷിന്റെ വൈഫ് തന്റെ പെങ്ങൾ ശ്രീബാലയാണെന്ന് ഹരിക്ക് അറിയില്ലായിരുന്നു.കാരണം നീ ഹരിയോട് പറഞ്ഞിരുന്ന കഥയിൽ ജിതേഷ് സ്കൂൾ  ടീച്ചർ ആയിരുന്നല്ലോ.."സുമ പറഞ്ഞു.
"പിന്നീട് എപ്പോഴാണ് ശ്രീബാല  ഹരിയുടെ  സിസ്റ്റർ ആണെന്ന് മാഡത്തിന് മനസ്സിലായത്?"ജിതേഷ്  ചോദിച്ചു.
"ശ്രീബാലയെ ഞാൻ   ആദ്യമായി അമ്പലത്തിൽ വെച്ച് കണ്ടപ്പോഴും അവൾ  ഹരിയുടെ സിസ്റ്റർ ആണെന്നോ  ജിതേഷിന്റെ വൈഫ് ആണെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു..ജിതേഷിന്റെ വീട്ടിൽ ഗാർഡൻ നനച്ചുകൊണ്ടിരുന്നപ്പോഴാണ്  ഞാൻ അവളെ   പിന്നീട് കാണുന്നത്.അപ്പോഴാണ് എനിക്ക് മനസ്സിലായത് നിങ്ങളുടെ കല്യാണം കഴിഞ്ഞതാണെന്ന്.പക്ഷെ ശ്രീബാല ഹരിയുടെ സിസ്റ്റർ ആണെന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു.അന്ന് കണ്ണൻ കാരണം ശ്രീബാല   ഹോസ്പിറ്റലിൽ ആയിരുന്ന സമയത്ത് ഞാൻ അവളെ കാണാൻ ചെന്നു.അന്നാണ് ജിതേഷ് ഹരിയോടെയുള്ള പ്രതികാരം തീർക്കാൻ  ആണ് ശ്രീബാലയെ കല്യാണം കഴിച്ചതെന്ന് അവൾ എന്നോട് പറഞ്ഞത്.ശ്രീബാല ഹരിയുടെ സിസ്റ്റർ ആണെന്നറിഞ്ഞാൽ ഭോല എങ്ങനെ പ്രതികരിക്കും എന്നെനിക്ക് അറിയില്ലായിരുന്നു.അതുകൊണ്ടാണ് അന്ന് ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ നേരം  സൂക്ഷിക്കണം  എന്ന് ഞാൻ ശ്രീബാലയോട്  പറഞ്ഞത്.പിന്നീട് ഹരിയെ ഞാൻ ഈ  വിവരങ്ങൾ എല്ലാം  അറിയിച്ചു."സുമ പറഞ്ഞു.
" ശ്രീബാലയോട് സത്യങ്ങൾ തുറന്ന്  പറഞ്ഞാൽ അവൾ ഒരിക്കലും പഴയത് പോലെ ആവില്ല ഭോലയോട് പെരുമാറുക.അവളുടെ  മുഖത്ത് എന്തെങ്കിലും ഭാവ വ്യത്യാസങ്ങൾ ഉണ്ടെന്ന്  ഭോല മനസ്സിലാക്കിയിരുന്നെങ്കിൽ ഭോല ഉറപ്പായും അവളെ വക വരുത്തുമായിരുന്നു.അത്കൊണ്ട് ശ്രീബാലയോട് ഒന്നും പറഞ്ഞില്ല.സത്യങ്ങൾ എല്ലാം എല്ലാരുടെയും മുൻപിൽ വെച്ച് പുറത്ത് കൊണ്ടുവരണം അതിനു വേണ്ടി ആദ്യം എന്റെ ഭർത്താവിനെ കുടുക്കണം .അതിനുള്ള ആദ്യ പടി ആയിട്ടാണ്  മോളി തന്ന തെളിവുകൾ എല്ലാം ഹരി വത്സലയുടെ കൈയിൽ കൊടുത്ത് വിട്ടത്. ശ്രീബാല എന്നോട് അതിനെപ്പറ്റി ചോദിച്ച് ഇവിടെ ഒരു വാഗ്‌വാദം  ഉണ്ടാവുമെന്നറിഞ്ഞ് കൊണ്ടുതന്നെയാണ് ഞാൻ നിങ്ങളെ ഇവിടേക്ക് ലഞ്ചിന് ക്ഷണിച്ചത്.മിഥിലയുടെ  കാര്യം ഇവിടെ  ചർച്ചാവിഷയമായപ്പോൾ ഞാൻ ഭോലയെ  ശ്രദ്ധിച്ചു.അവൻ  ഏത് നിമിഷവും പ്രതികരിക്കാൻ റെഡി ആയി നിൽക്കുകയായിരുന്നു.ശരത്തും ഞാനും  അറസ്റ്റ് ചെയ്യപ്പെട്ടു.ഞങ്ങളെ  അറസ്റ്റ് ചെയ്യുകയും ഹരി മരിച്ചു എന്ന് പറഞ്ഞ് ശ്രീബാല പൊട്ടിക്കരയുകയും  ചെയ്തതോടെ ഭോല തന്നെ ഇനി ആരും സംശയിക്കില്ല എന്ന് സന്തോഷിച്ച് തൽക്കാലം   അടങ്ങി.  അല്ലായിരുന്നുവെങ്കിൽ  ഇവൻ  നമ്മളെ എല്ലാരേയും കൊന്നൊടുക്കിയെനേം...അതിന് മുൻപേ  ഞാൻ ഇവന്റെ ജ്യൂസിൽ  സ്ലീപ്പിങ് പിൽസ്  ആഡ് ചെയ്തിരുന്നു.അത് കഴിച്ചാണ് ഇവൻ പിന്നീട് ബോധം കെട്ടത് . അല്ലാതെ ഇവനെ   പിടിക്കാൻ  നമ്മൾ ശ്രമിച്ചിരുന്നെങ്കിൽ എന്തെങ്കിലും ഒരു നീക്കം ഇവന് നേരെ നടക്കുന്നതായി എന്തെങ്കിലും സംശയം തോന്നിയിരുന്നെങ്കിൽ ഒന്നെങ്കിൽ ഇവൻ കഴുത്തിലെ രുദ്രാക്ഷത്തിൽ കൊണ്ടുനടക്കുന്ന സയനൈഡ് കഴിച്ച് സൂയിസൈഡ് ചെയ്തേനേം ഇല്ലെങ്കിൽ നമ്മളെ ഇല്ലാതാക്കിയേനേം! "സുമ കിതപ്പോടെ പറഞ്ഞ്  നിർത്തി.
ജിതേഷ് പതിയെ ഭോലയുടെ  അടുത്തേക്ക് ചെന്നു.
"നമ്മൾ പരിചയപ്പെട്ടിട്ട് അധികം നാളായില്ല.ഒരു ജോലി തേടി നീ എന്റെ അടുത്തേക്ക് വന്നപ്പോ ഞാൻ ഒരക്ഷരം പറയാതെ നിന്നെ വിശ്വസിച്ച് എന്റെ കൂടെ നിർത്തി.എന്റെ ഒരു മൂത്ത ജ്യേഷ്ഠൻ ആയിട്ടേ നിന്നെ ഞാൻ കണ്ടിരുന്നുള്ളൂ.എന്നിട്ടും നീ എന്നെ ചതിച്ചു.എല്ലാത്തിന്റെയും പിന്നിൽ നീ ആയിരുന്നു അല്ലേടാ പന്ന #$@%^!" ജിതേഷ് ഭോലയുടെ കവിളിൽ ആഞ്ഞടിച്ചു.
"ജിതേഷ് മതി! അയാളെ പൊലീസിന് കൈമാറാനുള്ളതാണ്.."ഹരി അവനെ വിലക്കി.എന്നിട്ടും ജിതേഷിന്റെ  രോഷം അടങ്ങുന്നില്ലായിരുന്നു.അവൻ പിന്നെയും ഭോലയെ അടിക്കാനായി   കൈയോങ്ങി.
"മതി ജിത്തു! അവനെ നമുക്ക് നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ട?ഹരിയുടെ നിരപരാധിത്വം തെളിയിക്കണ്ടേ?"മിഥില ചോദിച്ചു.
"അതിന് ഇവൻ ജീവനോടെ വേണമെന്ന് നിർബന്ധമില്ലല്ലോ..ഇവന്റെ ശവം ആയാലും മതി..നിയമത്തിന് ഇവനെ തൊടാനാവില്ല മിത്തു.. ഇവനെപോലെയുള്ള ക്രിമിനലുകളെ പുറത്തിറക്കാൻ കോടികളുമായി അനേകംപേർ കാത്തിരിപ്പുണ്ടാവും.. നഷ്ടം എന്നും നമുക്കായിരിക്കും "ജിതേഷ് പകയോടെ പറഞ്ഞു.ജിതേഷ് പറഞ്ഞത് കേട്ട് നന്ദന്റെ കണ്ണുകൾ കുറുകി.
"നിനക്ക് ജീവിതം ഇനിയും ബാക്കി  ഉണ്ട് ജിത്തു.ഒരു മനുഷ്യമൃഗത്തിന് വേണ്ടി നീ അത് നശിപ്പിക്കരുത്.ഈ ഒരു അവസരത്തിന് വേണ്ടിയാണ് ഹരി ഇത്രയും കാലം ഒളിവിൽ കഴിഞ്ഞത്.മോളി സിസ്റ്റർ ശരത്തിനെതിരെ ഉള്ള തെളിവുകൾ എല്ലാം ഹരിയുടെ കൈയിൽ ഏൽപ്പിച്ചിരുന്നെങ്കിലും ഹരിക്ക് വേണ്ടിയിരുന്നത് മിഥിലയെയും നന്ദനെയും ഇല്ലാതാക്കാൻ ശ്രമിച്ചവനെ ആയിരുന്നു.ജീവനോടെയോ അല്ലാതെയോ  അയാളെ കൈയിൽ കിട്ടിയാലേ ഹരിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റുമായിരുന്നുള്ളു.വർഷങ്ങളായി  ഹരി ജാവേദിനെ അന്വേഷിച്ചുള്ള ഓട്ടത്തിൽ ആയിരുന്നു.ജാവേദ് ഡൽഹിയിൽ ഭോലയായി ജിത്തുവിന്റെ  അടുത്തേക്ക് വേഷം മാറി വന്നത് എന്തിനായിരുന്നുവെന്നോ? ഒളിവിൽ പോയ ഹരി എന്നെങ്കിലും സത്യങ്ങൾ കണ്ടുപിടിച്ച് ജിത്തുവുമായി   ബന്ധപ്പെടാൻ ശ്രമിക്കുമോ എന്നറിയാൻ വേണ്ടി ആണ്.അങ്ങനെ എങ്കിൽ ഹരിയേയും ജിത്തുവിനെയും  ഒറ്റയടിക്ക് ഇല്ലാതാക്കാൻ വേണ്ടി ആയിരുന്നു.."  മിഥില പറഞ്ഞു.ജിതേഷ് രോഷത്തോടെ ഭോലയെ  നോക്കി.
"ജാവേദിനറിയില്ലായിരുന്നു ശ്രീബാല ഹരിയുടെ പെങ്ങൾ ആണെന്ന്.അറിഞ്ഞിരുന്നെങ്കിൽ ജിത്തു അവളെ വെച്ച് ഹരിക്ക് വേണ്ടി വല വീശിയത് പോലെ അയാളും  അവളെ ഏതെങ്കിലും രീതിയിൽ ഉപദ്രവിച്ചേനേം.."മിഥില ശ്രീബാലയെ നോക്കി പറഞ്ഞു.
അവൾ ഭോലയെ  നോക്കി.ആ നോട്ടത്തിൽ അവളുടെ  കണ്ണുകളിൽ പകയും വെറുപ്പും രോഷവും എല്ലാം ഉണ്ടായിരുന്നു.സൺ അലർജി  ആണെന്ന്  കള്ളം പറഞ്ഞ് വെളിയിലിറങ്ങുമ്പോൾ ഭോല മുഖവും ശരീരവും എപ്പോഴും മറച്ച് നടന്നത് തന്നെ ആരും മനസ്സിലാക്കാതിരിക്കാനായിരുന്നു എന്ന് ശ്രീബാലയ്ക്ക് മനസ്സിലായി. ആ വീട്ടിൽ ശ്രീബാല ഏറ്റവും കൂടുതൽ സ്നേഹിച്ചത് ഭോലയെ  ആയിരുന്നു.അയാളെ അവൾ സ്വന്തം സഹോദരനെ പോലെ ആയിരുന്നു കണ്ടിരുന്നത്..അമ്പലത്തിൽ നിന്ന് കിട്ടുന്ന പ്രസാദം ജിതേഷിന് പോലും കൊടുക്കാതെ അവൾ മാറ്റിവെച്ചത് ഭോലയ്ക്ക്  വേണ്ടി ആയിരുന്നു.എന്ത് കിട്ടിയാലും അതിന്റെ ഒരു പങ്ക് അവൾ ഭോലയ്ക്ക്  വേണ്ടി മാറ്റിവെയ്ക്കുമായിരുന്നു.അത്രയ്ക്ക് ഇഷ്ടമായിരുന്നു അവൾക്ക് അയാളെ  . ഒരിക്കൽ പോലും കരുതിയിരുന്നില്ല തന്റെയും തന്റെ കുടുംബത്തിന്റെയും പതനത്തിന്റെ മുഖ്യ  കാരണം ഭോല ആയിരിക്കുമെന്ന്.
"പ്രശ്നങ്ങൾ എല്ലാം കലങ്ങി തെളിഞ്ഞല്ലോ..ഞാൻ ഇൻസ്‌പെക്ടർ ശേഖറിനോട് കാര്യങ്ങൾ എല്ലാം നേരത്തെ അറിയിച്ചിരുന്നു.അദ്ദേഹത്തിന് കാര്യങ്ങൾ എല്ലാം അറിയാം.അദ്ദേഹവും കൂടി അറിഞ്ഞുകൊണ്ടായിരുന്നു നേരത്തെ ശരത്തിന്റെ കൂടെ എന്നെയും അറസ്റ്റ് ചെയ്യുന്ന നാടകം കളിച്ചത്. ഞങ്ങൾ പോയ പിന്നാലെ ഞാൻ കൊടുത്ത ജ്യൂസ് കുടിച്ച് ഭോല ബോധംകെട്ട് വീണു !ജീപ്പിൽ നിന്നും  പാതിക്ക് വെച്ച് ഞാൻ ഇറങ്ങി.തിരികെ വന്നപ്പോൾ ഭോല അൺകോൺഷ്യസ് ആയി താഴെ വീണു കിടക്കുന്നു അത് കണ്ട് തൊട്ടടുത്ത് ജിതേഷും ശ്രീബാലയും ഞെട്ടി നിൽക്കുന്നു.ഭോലയെ ബന്ധനസ്ഥനാക്കാൻ ജിതേഷിന്റെ സഹായം ചോദിച്ചപ്പോഴും ഞാൻ ജിതേഷിനോടോ ബാലയോടോ പറഞ്ഞില്ല എന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന്..ഇപ്പോൾ ശേഖർ  സാർ  മേലധികാരികളോട്  സംസാരിച്ചുകൊണ്ടിരിക്കുയാണ്.അവർ ഇന്റർപോളിന്റെ കൺഫർമേഷൻ   കിട്ടിയതിന് ശേഷം ഇങ്ങോട്ട്  വരും ജാവേദിനെ  അറസ്റ്റ്  ചെയ്യാൻ.അതുവരെ ഇവനെ നമുക്ക് ഇവിടെ ബേസ്‌മെന്റിൽ ഇടാം."സുമ പറഞ്ഞു.ജിതേഷും ഹരിയും ചേർന്ന് ഭോലയെ  കെട്ടുകൾ അഴിക്കാതെ തന്നെ കസേരയിൽ  എടുത്ത് മിഥില താമസിച്ചിരുന്ന ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി.നന്ദൻ അത് നോക്കി നിന്നു.ഭോല ഹിന്ദിയിൽ എന്തൊക്കെയോ ചീത്ത വിളിച്ച് പറയുന്നുണ്ടായിരുന്നു.
"നന്ദാ.റൂമിൽ പോയി കുറച്ച് റസ്റ്റ് എടുക്കാം.."ശ്യാമ നന്ദനെ അവിടെ നിന്നും മനപ്പൂർവം മാറ്റാനായി പറഞ്ഞു.
ജിതേഷും ഹരിയും പോലീസ് വിളിപ്പിച്ചതനുസരിച്ച് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക്  പോയി.ശ്യാമ നന്ദനെ റൂമിൽ കിടത്തി മിഥിലയുടെ  അടുത്തേക്ക് പോയി.മിഥിലയും  ശ്യാമയും ശ്രീബാലയും സുമയും എല്ലാം തങ്ങളുടെ സന്തോഷം പങ്കുവെച്ചു.പ്രശ്നങ്ങൾ  എല്ലാം അവസാനിച്ചതിൽ എല്ലാവരും ദൈവത്തോട് നന്ദി പറഞ്ഞു.ശ്രീബാല വേണിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.കുറച്ച് കഴിഞ്ഞ് ശ്യാമ മുറിയിൽ വന്ന് നോക്കിയതും നന്ദൻ അവിടെ ഇല്ലായിരുന്നു!
=======
(വിട്ടുപോയ കണ്ണികൾ എല്ലാം തനിയെ കൂടിച്ചേർന്നിരിക്കുന്നു..കഥ എന്താണെന്നും സസ്പെൻസുകൾ എന്തിനായിരുന്നുവെന്നും എല്ലാവർക്കും മനസ്സിലായല്ലോ അല്ലെ?അഭിപ്രായങ്ങൾ പറയണേ..)

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

ബാലവേണി - ഭാഗം 28


കണ്ണുകൾ തുറന്നപ്പോൾ അയാൾ ഏതോ ഒരു മുറിയിലായിരുന്നു.അധികം വെളിച്ചമില്ലാത്തത്കൊണ്ട്  താൻ എവിടെയാണെന്ന് പെട്ടെന്ന് അയാൾക്ക് മനസിലായില്ല.അത് സുമയുടെ വീട്ടിലെ ഒരു ബെഡ്‌റൂം ആണെന്ന് മനസ്സിലായതും അയാൾ പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.അപ്പോഴാണ്  തന്റെ കൈ കാലുകൾ കൂട്ടിക്കെട്ടി താൻ ഒരു കസേരയിൽ  ബന്ധനസ്ഥനായിരിക്കുകയാണെന്ന് അയാൾക്ക് മനസ്സിലായത്.പെട്ടെന്ന് മുറിയിലെ ലൈറ്റ് തെളിഞ്ഞു.മുൻപിൽ നിൽക്കുന്ന ആളെ  കണ്ടതും അയാളുടെ കണ്ണുകൾ കുറുകി.
"വെൽക്കം മിസ്റ്റർ ജാവേദ് അലിയാസ് ഭോല !" ആ ശബ്ദം സുമയുടേതായിരുന്നു!
"ആപ് യഹാം! ആപ്കോ പോലീസ് നെ ഗിരഫ്താർ കിയാ  താ  നാ? "(നിങ്ങളോ! നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതല്ലേ?)ഭോല വിശ്വാസം വരാതെ ചോദിച്ചു.
"അതെങ്ങനെ ശരിയാവും  ഭോലാ..പോലീസിനെ ഇങ്ങോട്ട് വിളിച്ച് വരുത്തിയ ആളെ തന്നെ അവർ അറസ്റ്റ് ചെയ്യുമോ?അത് ന്യായം ആണോ?"സുമ പരിഹസിച്ചു.
ഭോലയുടെ  കണ്ണുകളിൽ പക  നിറഞ്ഞു!
"തുംഹേ  സബ് കുച്ച് പത്താത്താ..നിങ്ങൾക്ക് എള്ളാം അറിയാമായിറുന്നു!" ഭോല പകയോടെ സുമയെ  നോക്കി.
"എനിക്കെല്ലാം അറിയാമായിരുന്നു.പക്ഷെ ദാ  ഇവർക്കൊന്നും മനസ്സിലായിട്ടില്ല .നമുക്ക് എല്ലാം വിശദമായിട്ട് ഇവരെ പറഞ്ഞ് കേൾപ്പിക്കാം അല്ലെ?"സുമ ജിതേഷിനെയും ശ്രീബാലയെയും ചൂണ്ടി പറഞ്ഞു.അപ്പോഴാണ് ഭോല  മുറിയുടെ വാതിൽക്കൽ  നിൽക്കുന്ന ശ്രീബാലയെയും ജിതേഷിനെയും കണ്ടത് .അവരെ കണ്ടതും അവന്റെ മുഖം മാറി.
"സാബ്..മുജ്‌കോ ബച്ചാവോ  സാബ്..യെ ഔരത് ക്യാ ബോൽ   രഹി  ഹേ ?മുജേ  കുച്ച് പത്താ നഹി.."("സാർ! എന്നെ രക്ഷിക്കു സാർ! ഈ സ്ത്രീ എന്താണ് സാർ പറയുന്നത്?എനിക്കൊന്നും അറിയില്ല..")ഭോല ജിതേഷിന്റെ മുഖത്തേക്ക്  നോക്കി കരഞ്ഞു.
"ബിട്ടിയാ ബച്ചാവോ ബിട്ടിയാ..മെയ്നെ കഹാ താ നാ കി യെ ഔരത് ടീക് നഹി ഹേ..ബച്ചാവോ മുജേ ബച്ചാവോ.."(മോളെ എന്നെ രക്ഷിക്കു! ഞാൻ പറഞ്ഞതല്ലേ ഈ സ്ത്രീ ശരി അല്ലെന്ന്?")ഭോലയുടെ  കണ്ണുനീർ കണ്ടിട്ടും ശ്രീബാലയോ ജിതേഷോ  അനങ്ങിയില്ല..എന്താണവിടെ സംഭവിക്കുന്നതെന്ന്  മനസ്സിലാവാതെ അവർ രണ്ടുപേരും സുമയെ നോക്കി.പെട്ടെന്ന് ഭോല  തന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷത്തിലേക്ക് നോക്കി.അത് അവിടെ ഇല്ലായിരുന്നു.
"നോക്കണ്ട ഭോല...അതവിടെ ഇല്ല! സോറി ഭോല അല്ലല്ലോ..ജാവേദ്! എത്ര മാറ്റിയാലും വിളിച്ച് ശീലിച്ച പേരെ വായിൽ വരൂ.."സുമ പറഞ്ഞു.
"ഞാൻ പറഞ്ഞ് വന്നത് നീ ഇപ്പൊ കഴുത്തിൽ തപ്പിയ സാധനം  ഇല്ലേ?പോലീസിന്റെ പിടിയിലാവുകയോ നിന്നെ ആരെങ്കിലും തിരിച്ചറിയുകയോ അങ്ങനെ എന്തെങ്കിലും   ആപത്ത് വന്നാൽ എടുത്ത് വിഴുങ്ങാൻ നീ എപ്പോഴും കഴുത്തിൽ ഇട്ടുകൊണ്ട് നടന്നിരുന്ന സൈനെയ്‌ഡ്‌ അടങ്ങിയ ലോക്കറ്റ്! അത് ഞങ്ങൾ ഇങ്ങ് എടുത്തു!"സുമ പരിഹാസത്തോടെ പറഞ്ഞു.
ഭോലയുടെ  കരച്ചിൽ നിന്നു!അവന്റെ മുഖം വികൃതമായി!
"തും സബ്‌ ലോഗോം  നെ മിൽകർ  മേരെ സാംനെ നൗട്ടങ്കി കിയ ഔർ  മുജേ ബേവകുഫ്   ബനായ!"("നിങ്ങൾ എല്ലാവരും എന്റെ മുൻപിൽ നാടകം കളിച്ചു എന്നെ വിഡ്ഢിയാക്കി!")ഭോല പല്ലുകടിച്ചു.
" ശെരിയാ ഞങ്ങൾ എല്ലാവരും നിന്റെ മുൻപിൽ നാടകം കളിക്കുകയായിരുന്നു.ഈ 'ഞങ്ങൾ' എന്ന് ഉദ്ദേശിച്ചത് ജിതേഷിനെയോ ബാലയെയോ അല്ല കേട്ടോ.അവർക്കിപ്പോഴും കാര്യം  എന്താണെന്ന് അറിയില്ല.ഞങ്ങൾ വേറെ കുറച്ച് പേർക്ക് മാത്രം അറിയാവുന്ന സത്യം ഇന്ന് ഇവരോടും ഞങ്ങൾ പറയാൻ പോവുകയാണ്..അത് പറയുന്നതിന് മുൻപ് നമുക്ക് മറ്റ് ചിലരെ  വിളിക്കാനുണ്ട്.."
സുമ പറഞ്ഞു.
പെട്ടെന്ന് ആ മുറിയിലേക്ക് രണ്ട് പേർ  വന്നു.അവരെ കണ്ട് ജിതേഷ് ഞെട്ടിപ്പോയി!
അത് നന്ദനും ശ്യാമയും ആയിരുന്നു!
“നന്ദാ മോനെ.."ജിതേഷ് നന്ദനെ കെട്ടിപ്പിടിച്ചു. ശ്രീബാല അവരെ രണ്ടുപേരെയും ആദ്യം കാണുകയായിരുന്നു..അന്ന് ജിതേഷിന്റെ പഴ്സിലെ ഫോട്ടോയിൽ കണ്ടത് ഇവരെ രണ്ടുപേരെയും ആയിരുന്നു എന്നവൾ ഓർത്തെടുത്തു.നന്ദൻ ശ്യാമയുടെ കൈകളിൽ പിടിച്ച് ഭോലയെ  നോക്കി നിൽക്കുകയായിരുന്നു.നന്ദന്റെ  കണ്ണുകളിൽ ഭീതി പടരുന്നത് ജിതേഷ് കണ്ടു..
"സാംപ്‌! സാംപ്‌!"നന്ദൻ പേടിയോടെ മന്ത്രിച്ചു!
"അന്ന് പാർക്കിൽ വെച്ച് മിഥിലയും  നന്ദനും അക്രമിക്കപ്പെട്ടപ്പോൾ അവർ രണ്ടുപേരും ഒരുപോലെ ശ്രദ്ധിച്ച ഒന്നുണ്ടായിരുന്നു.അവരെ ആക്രമിച്ച  ആളുടെ കൈയിൽ  പച്ച കുത്തിയിരിക്കുന്ന മൂന്ന് തലയുള്ള പാമ്പിന്റെ രൂപം! അതുകൊണ്ടാണ് നന്ദൻ പഴയ  ഇൻസിഡന്റ് ഓർക്കുമ്പോഴൊക്കെയും സാംപ്‌ എന്ന് ഹിന്ദിയിൽ അലറിവിളിച്ചുകൊണ്ടിരുന്നത്.."സുമ പറയുന്നത് കേട്ട് ജിതേഷ് നന്ദനെ നോക്കി.
നന്ദൻ ശ്യാമയുടെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു.
"അതും ഭോലയുമായി  എന്ത് ബന്ധം?" ജിതേഷ് കാര്യം മനസിലാകാതെ സുമയോട് ചോദിച്ചു.ശ്രീബാലയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല.
"അന്ന് പാർക്കിൽ വെച്ച് മിഥിലയെയും നന്ദനെയും ആക്രമിച്ചത് മറ്റാരുമായിരുന്നില്ല.ഇവനായിരുന്നു! ഈ ഭോല!" സുമ ഭോലയെ  നോക്കി വെറുപ്പോടെ പറഞ്ഞു.
"ഭോലയോ?എന്തൊക്കെയാണ് നിങ്ങളീ പറയുന്നത്?ഞങ്ങൾക്കൊന്നും മനസ്സിലാവുന്നില്ല.."ജിതേഷ് ഒന്നും പിടികിട്ടാതെ തലകുടഞ്ഞുകൊണ്ട് ചോദിച്ചു.
"ഈ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ?നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കേരളത്തിലേക്ക്  ജോലി തേടി  വന്ന ഒരു പാവപ്പെട്ട ബംഗാളി അല്ല ഈ ഭോല! ശത്രു രാജ്യങ്ങൾ ഏൽപ്പിക്കുന്ന ധൗത്യം കൃത്യമായി നിർവഹിക്കുന്ന  ഇന്റർനാഷണൽ ക്രിമിനൽ ജാവേദ്  സമദ്! കാര്യം സാധിക്കാൻ  വേണ്ടി നമ്മളിൽ ഒരാളായി നമ്മുടെ ഇടയിലേക്ക് ഇറങ്ങും.ലക്‌ഷ്യം നടന്ന് കഴിഞ്ഞാൽ പിന്നെ ഇവന്റെ പൊടി പോലും കിട്ടില്ല.പിന്നീട് പുതിയ വേഷത്തിൽ പുതിയ ഭാവത്തിൽ അടുത്ത ഇരയെ തേടി പോകും.ഇന്റർപോൾ ഇഷ്യൂ ചെയ്തിരിക്കുന്ന റെഡ് നോട്ടീസിൽ ഇവന്റെ പേരുമുണ്ട് !" സുമ പറഞ്ഞത് കേട്ട് ജിതേഷും ശ്രീബാലയും ഭോലയെ  കണ്ണ് മിഴിച്ച് നോക്കി!  ഭോലയുടെ  മുഖം വലിഞ്ഞ് മുറുകി.ശ്യാമ നന്ദനെ ശ്രദ്ധിച്ചു.നന്ദന്റെ   മുഖത്ത്  അപ്പോൾ ഭീതി ആയിരുന്നില്ല എന്ന് ശ്യാമ പേടിയോടെ കണ്ടു.അവൻ ഭോലയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.ജിതേഷും ശ്രീബാലയും ഭോലയുടെ  കൈയിലേക്ക്  നോക്കി.അയാളുടെ  കൈയിൽ  പച്ച കുത്തിയിരിക്കുന്ന മൂന്ന് തലയുള്ള പാമ്പിന്റെ രൂപം അവർ നേരത്തെ ശ്രദ്ധിച്ചതുമാണ്.പക്ഷെ അതും നന്ദനുമായി ഇങ്ങനെ ഒരു കണക്‌ഷൻ ഉണ്ടെന്ന് ജിതേഷിന് അറിയില്ലായിരുന്നു.
"നന്ദൻ ശ്യാമയുടെ കൂടെ നാട്ടിലേക്ക് പോയി ഒരുപാട് നാളുകൾ കഴിഞ്ഞാണ് ജിതേഷ് ഡെൽഹിയിലേക് താമസം മാറിയത്.ജിതേഷ് ഡെൽഹിയിൽ എത്തി കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഭോല വേഷം മാറി ജിതേഷിന്റെ അടുക്കൽ ജോലി തേടി വന്നു  ..നന്ദൻ പിന്നീട് നാട്ടിൽ തന്നെ ആയിരുന്നത്കൊണ്ട്  ഭോലയെ  നേരിൽ കാണാനുള്ള സാഹചര്യം ഉണ്ടായില്ല..കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ സത്യങ്ങൾ നേരത്തെ പുറത്തുവരുമായിരുന്നു.."സുമ പറഞ്ഞു.
"പക്ഷെ എന്തിന്?ഭോല എന്തിന് മിഥിലയെയും നന്ദനെയും ആക്രമിക്കണം?"ശ്രീബാല വിശ്വാസം വരാതെ ചോദിച്ചു.
"അന്ന് ശരത്തിനെ പറ്റിയും ഹോസ്പിറ്റലിൽ നടക്കുന്ന അനീതികളെ പറ്റിയും സംസാരിക്കാനായി മിഥില ചീഫ് മിനിസ്റ്റർ പ്രവീൺ റാവുവിന്റെ മുറിയിലേക്ക് ചെന്നു.അദ്ദേഹത്തിന്റെ റൂമിന് കാവലായി രണ്ട് പോലീസുകാർ ഉണ്ടായിരുന്നു.മിഥില ചെല്ലുമ്പോൾ അവരിൽ ഒരാൾ ക്യാന്റീനിലായിരുന്നു. മറ്റെയാൾ   അവിടെ തന്നെ കുറച്ച് ദൂരെ മാറി നിന്ന് ആരെയോ ഫോൺ വിളിച്ച് സംസാരിക്കുകയായിരുന്നതിനാൽ മിഥിലയെ കണ്ടില്ല.താൻ മിനിസ്റ്ററോട് സംസാരിക്കാൻ ചെല്ലുന്നത് ആരും അറിയണ്ട എന്ന് കരുതി അവൾ പോലീസിന്റെ കണ്ണ് വെട്ടിച്ച് മുറിക്കകത്ത് കയറി.പക്ഷെ അവിടെ കണ്ട കാഴ്ച്ച! കൈയിൽ ഒരു സിറിഞ്ചുമായി നിൽക്കുന്ന ഒരു ഡോക്ടറെയും അയാളുടെ മുൻപിൽ കിടന്ന് നെഞ്ചിൽ കൈവെച്ച് പിടയുന്ന ചീഫ് മിനിസ്റ്ററേയുമാണ്!"സുമ പറഞ്ഞു.ജിതേഷും ശ്രീബാലയും ഒരുപോലെ ഞെട്ടിപ്പോയി!
"വാട്ട് ഡു  യു മീൻ?മിനിസ്റ്റർ മരിച്ചത് അറ്റാക്ക് മൂലമായിരുന്നില്ലേ?"ജിതേഷ്  ചോദിച്ചു.
"അല്ല! അങ്ങനെ ആണെന്ന് വരുത്തി തീർത്തതാണ്.ഡോക്ടറുടെ വേഷത്തിൽ വന്ന് ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത ഒരു ഡ്രഗ് ഇൻജെക്ട്  ചെയ്ത് മിനിസ്റ്റർക്ക് സ്ട്രോക്ക് ഉണ്ടാക്കിയത് ഇവനാണ്! ഈ ജാവേദ്!" സുമ ഭോലയുടെ  നേരെ വിരൽ ചൂണ്ടി . ഭോല എതിർത്തില്ല.അവന്റെ മുഖം നിറയെ പുച്ഛവും പരിഹാസവും ആയിരുന്നു.
"മിഥില ആദ്യം ശ്രദ്ധിച്ചത് അയാളുടെ കൈയിലെ പച്ച കുത്തിയ പാമ്പിന്റെ രൂപം ആയിരുന്നു..അയാൾ  തിരിഞ്ഞ് നോക്കിയതും അവൾ പെട്ടെന്ന് തന്റെ കൈയിലിരുന്ന ഫോണിൽ  കൈയിൽ സിറിഞ്ചും പിടിച്ച് നിൽക്കുന്ന ജാവേദിന്റെയും മുൻപിൽ നിശ്ചലനായി കിടക്കുന്ന ചീഫ് മിനിസ്റ്ററുടെയും  ഫോട്ടോ ഫോണിലെ ക്യാമെറയിൽ  പകർത്തി. മിഥില ഫോട്ടോ എടുത്തത് അയാൾ അറിഞ്ഞില്ല പക്ഷെ അവൾ തന്റെ മുഖം കണ്ടുവെന്ന് മനസ്സിലാക്കിയതും ജാവേദ് അവിടെ നിന്നും അവളെ തള്ളി മാറ്റി ഇറങ്ങി ഓടി.മിഥില  അവിടെ മാറി നിന്ന പോലീസുകാരനോട് രക്ഷിക്കാൻ വിളിച്ച് പറഞ്ഞു.പക്ഷെ അയാൾ അനങ്ങിയില്ല.കൂടെ ഉണ്ടായിരുന്ന പോലീസുകാരനെ സൂത്രത്തിൽ ക്യാന്റീനിലേക്ക് പറഞ്ഞുവിട്ടിട്ട് ദൂരെ മാറി നിന്ന് ഫോൺ ചെയ്യുകയാണെന്ന വ്യാജേന അയാൾ  ജാവേദിന് അകത്ത് കടക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തതാണെന്ന് മിഥില ഭീതിയോടെ മനസ്സിലാക്കി.ഈ കാര്യം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ മിനിസ്റ്ററെ  തീർത്തത് പോലെ അവളെയും തീർക്കും എന്ന് പറഞ്ഞ്  ആ പോലീസുകാരൻ അവളെ ഭീഷണിപ്പെടുത്തി.
മിഥില  ആ ഷോക്കിൽ തിരികെ തന്റെ മുറിയിലേക്ക് വന്നു.അതുകൊണ്ടായിരുന്നു അവൾ മിനിസ്റ്ററുടെ മുറിയിൽ നിന്നും തിരികെ വന്നപ്പോൾ ഭയങ്കരമായി അപ്സെറ്റ് ആയിരുന്നു എന്ന് മോളി സിസ്റ്റർ പറഞ്ഞത്.അപ്പോഴേക്കും മിനിസ്റ്ററുടെ മരണ വാർത്ത ഹോസ്പിറ്റൽ  മുഴുവൻ അറിഞ്ഞു.അദ്ദേഹത്തിന്റെ കുടുംബത്തോട്  താൻ മിനിസ്റ്ററുടെ കൊലപാതകം നേരിൽ കണ്ടുവെന്ന   കാര്യം പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ബോഡി പോസ്റ്റ് മൊർറ്റം ചെയ്യാതെ ദഹിപ്പിക്കരുതെന്ന്  മിഥില അപേക്ഷിച്ചു.പക്ഷെ യാഥാസ്ഥിതികരായ അവർക്കതിന് സമ്മതമല്ലായിരുന്നു. .നെഞ്ചു  വേദന മൂലം ഉള്ള സ്വാഭാവിക മരണം ആണെന്ന് വിചാരിച്ച്  അവർ അവളുടെ അപേക്ഷ  മുഖ വിലയ്‌ക്കെടുത്തില്ല..പക്ഷെ തന്റെ കൈയിൽ മിനിസ്റ്ററുടെ ഘാതകന്റെ ഫോട്ടോ ഉള്ളത്കൊണ്ട് തനിക്കെന്ത് സംഭവിച്ചാലും കുഴപ്പമില്ല അത് പുറം ലോകം അറിയണമെന്ന് മിഥില  ഉറപ്പിച്ചു.അതിനായി അവളുടെ കാമുകനും ബോബെയിലെ 'മേരി ആവാസ്' പത്രത്തിലെ ജേർണലിസ്റ്റുമായ ഹരിയെ വിളിച്ചു. എന്തോ സംസാരിക്കാനുണ്ടെന്നും ഫോണിൽ കൂടി പറയാൻ പറ്റാത്ത കാര്യമാണെന്നും പിറ്റേന്ന് ചിൽഡ്രൻസ് പാർക്കിന്റെ മുൻപിൽ വന്നാൽ ഡീറ്റെയിൽസ് പറയാമെന്നും  അവൾ വിളിച്ചറിയിച്ചു. ഹരിയോട് എന്തോ പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ പോവുകയാണെന്നും അതുകൂടാതെ ഹോസ്പിറ്റലിൽ  ശരത് നടത്തിയിരുന്ന ക്രൂര  കൃത്യങ്ങളെ പറ്റിയും   ഹരിയെ അറിയിക്കുമെന്നും പിറ്റേന്ന് രാവിലെ തന്നെ  അവനെ കാണാൻ പോവുകയാണെന്നും അതുകൊണ്ട് ഹോസ്പിറ്റലിൽ വരാൻ  കുറച്ച് ലേറ്റ് ആവുമെന്നും മിഥില മോളി സിസ്റ്ററോട് പറഞ്ഞു. മിനിസ്റ്ററുടെ മരണം കൊലപാതകം ആണെന്നുള്ളതും  അതിനുത്തരവാദി ജാവേദ് ആണെന്ന  കാര്യവും  മിഥില മോളി സിസ്റ്ററിൽ നിന്നും മറച്ച് വെച്ചു. പിറ്റേന്ന് അവൾ പതിവ് സമയത്ത് നന്ദനെയും ശ്യാമയെയും  കോളേജിൽ വിടാൻ പാർക്കിൽ  എത്തി.പക്ഷെ നന്ദന് തിരികെ വീട്ടിൽ പോവേണ്ട അത്യാവശ്യം ഉള്ളത്കൊണ്ട് മിഥില  നന്ദനയെയും കൊണ്ട് തിരികെ കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് പാർക്കിൽ നിന്നും എന്തോ ശബ്ദം കേൾക്കുന്നതും അവിടേക്ക് ചെല്ലുന്നതും.അവിടെ അവരെ കാത്തിരുന്നത് ജാവേദ് ആയിരുന്നു! മിഥില ആ സമയം പാർക്കിന് മുൻപിൽ വരാറുണ്ടെന്ന് മനസിലാക്കി അയാൾ അവളെ  ഇല്ലാതാക്കാനായി അവിടെ കാത്തിരുന്നതായിരുന്നു.പക്ഷെ നന്ദനെ അയാൾ അവളുടെ കൂടെ പ്രതീക്ഷിച്ചിരുന്നില്ല. മിനിസ്റ്ററുടെ ഘാതകനായ തന്റെ മുഖം നേരിൽ കണ്ട മിഥിലയെയും കൂടെ ഉള്ള നന്ദനെയും   കൊന്നുകളയാൻ അയാൾ തീരുമാനിച്ചു.മിഥിലയെ അയാൾ അവളുടെ വയറ്റിലും  പുറത്തുമായി പല തവണ കുത്തി! അവളെ രക്ഷിക്കാൻ ശ്രമിച്ച  നന്ദനെ അടിച്ച് നിലത്തേക്കിട്ടു.നിലത്തേക്ക് വീണ്  കല്ലിൽ തലയിടിച്ച് വീണതും നന്ദന്റെ ബോധം പോയി.മരിച്ചെന്ന് കരുതി അയാൾ അവിടെ നിന്നും രക്ഷപെടാൻ തുടങ്ങി .മിഥിലയോട് വരാമെന്നേറ്റ സമയത്ത് ഹരിക്ക്  എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല.പാർക്കിന് മുൻപിൽ മിഥിലയുടെ  കാർ  കിടക്കുന്നത് കണ്ടപ്പോൾ അവൾ തന്നെയും കാത്ത് അകത്ത് എവിടെയെങ്കിലും ഇരിപ്പുണ്ടാവുമെന്ന് കരുതി അങ്ങോട്ട്  ചെന്നതായിരുന്നു ഹരി.അപ്പോഴാണ് ഹരി പാർക്കിനകത്ത് നിലത്ത് ബോധമില്ലാതെ കിടക്കുന്ന മിഥിലയെയും  നന്ദനെയും  പിന്നെ അവിടുന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന ജാവേദിനെയും കണ്ടത്! അയാളുടെ കൈയിലെ മൂന്ന് തലയുള്ള പാമ്പിന്റെ പടം  ഹരി ശ്രദ്ധിച്ചു..ജാവേദിന്റെ  മുഖം കണ്ടെങ്കിലും ഹരിക്ക് അയാളെ പിടിക്കാൻ  പറ്റിയില്ല.ജാവേദ് പാർക്കിന്റെ ഉള്ളിലേക്ക് ഓടി മറഞ്ഞു..അങ്ങോട്ട്  കൊടും കാടായിരുന്നതിനാൽ അയാളുടെ പിന്നാലെ പോയിട്ട് കാര്യമില്ലെന്ന് ഹരിക്ക് അറിയാമായിരുന്നു. ഹരി വെപ്രാളത്തോടെ മിഥിലയുടെ അടുത്തേക്ക് ചെന്നിരുന്നു.മിഥിലയെ തന്റെ മടിയിലേക്ക് കിടത്തി അവളുടെ  വയറ്റിൽ നിന്നും കത്തി വലിച്ചൂരി.അങ്ങനെ ഹരിയുടെ ഫിംഗർ പ്രിന്റ് അതിൽ പതിഞ്ഞു.മിഥിലയ്ക്കും നന്ദനും പൾസ്‌  ഉണ്ടായിരുന്നു. അവന്റെ ചിന്ത മുഴുവൻ അവരെ  എങ്ങനെ രക്ഷിക്കും എന്നായിരുന്നു.ആംബുലൻസ് വിളിച്ചാൽ അത് വരാൻ വൈകുമോ എന്ന് കരുതി ഹരി തന്റെ കാർ  എടുക്കാനായി പോയി. മിഥിലയുടെ  ശരീരത്തിലെ ചോര മുഴുവൻ അവന്റെ ഷർട്ടിൽ ഉണ്ടായിരുന്നു...രക്തക്കറ പുരണ്ട ഉടുപ്പുമായി  പാർക്കിന്റെ മെയിൻ എൻട്രൻസിലൂടെ പോയാൽ ശരി ആവില്ലായെന്ന്  ഹരിക്ക് തോന്നി.അതുകൊണ്ട്  പാർക്കിന്റെ പിറകിലുള്ള മതിൽ ചാടി ഹരി അധികം ആൾ സഞ്ചാരം ഇല്ലാത്ത റോഡിലെത്തി. അവിടെ ആയിരുന്നു ഹരി തന്റെ കാർ  പാർക്ക് ചെയ്തിരുന്നത്. ഹരി മതിൽ ചാടുന്ന ആ വീഡിയോ അവിടെയുള്ള  എടിഎം ക്യാമറയിൽ പതിഞ്ഞു.ആ വീഡിയോയും   ഹരിയുടെ ഫിംഗർ പ്രിന്റ് പതിഞ്ഞ കത്തിയും ആയിരുന്നു  പിന്നീട് പോലീസ് ഹരിക്കെതിരെ തെളിവായി ഉപയോഗിച്ചത്..ജാവേദ് ഗ്ലൗസ്  ഇട്ടിരുന്നത്കൊണ്ട് അയാളുടെ ഫിംഗർ പ്രിന്റ് ആ കത്തിയിൽ  വന്നിരുന്നില്ല... "സുമ പറഞ്ഞു.
"പക്ഷെ നിങ്ങൾ പറഞ്ഞത് നിങ്ങളുടെ ഭർത്താവ് ശരത് ഏർപ്പാടാക്കിയ ആരോ ആണ് മിത്തുവിനെയും നന്ദനെയും  അറ്റാക്ക് ചെയ്തത് എന്ന് അല്ലെ?"ജിതേഷ് മനസ്സിലാവാതെ ഇടയിൽ കയറി ചോദിച്ചു.
"ഞാൻ പറയട്ടെ..ഹരി തന്റെ കാർ എടുക്കാൻ പോയ അതെ  സമയം തന്നെ ആണ് എന്റെ ഭർത്താവ് ശരത് ഏർപ്പാടാക്കിയ വാടക കൊലയാളി  യൂസഫ് മിഥിലയെ അന്വേഷിച്ച് പാർക്കിൽ എത്തിയത്.മിഥില ഹോസ്പിറ്റലിനെതിരെ കേസ് കൊടുക്കാൻ തുടങ്ങുകയാണെന്നും അതിനുള്ള ആദ്യ പടിയായി കാര്യങ്ങൾ ഹരിയെ അറിയിക്കുകയാണെന്നും  മോളി സിസ്റ്റർ പറഞ്ഞ് ശരത് അറിഞ്ഞു.അല്ലെങ്കിലും മോളി സിസ്റ്റർ ശരത്തിനെ  മിഥിലയുടെ  എല്ലാ നീക്കങ്ങളും അറിയിക്കുന്നുണ്ടായിരുന്നല്ലോ...അതുകൊണ്ട് മിഥിലയെ വക വരുത്താനുള്ള ഒരവസരത്തിനായി ശരത്   കാത്തിരിക്കുകയായിരുന്നു.. മിഥിലയുടെ  കാർ  പാർക്കിന് വെളിയിൽ കിടക്കുന്നത് കണ്ട് യൂസഫ്  അകത്തേക്ക് ചെന്നു.പക്ഷെ അപ്പോഴാണ് അവിടെ അബോധാവസ്ഥയിൽ കിടക്കുന്ന മിഥിലയെയും നന്ദനെയും കണ്ടത്.മിഥില മരിച്ചെന്നാണ് അയാളും  കരുതിയത്.താൻ അല്ല അവരെ കൊന്നതെന്ന് ശരത്തിനോട് പറഞ്ഞാൽ ശരത് വാഗ്‌ദാനം ചെയ്ത ലക്ഷങ്ങൾ കിട്ടാതെ വരുമോയെന്ന്  യൂസഫ്  ഭയന്നു.താൻ അവരെ വക വരുത്തിയിട്ടുണ്ടെന്ന് അയാൾ ശരത്തിനെ വിളിച്ച് കള്ളം പറഞ്ഞു.രക്തത്തിൽ കുളിച്ച് കിടക്കുന്ന മിഥിലയുടെ ഫോട്ടോയും അയച്ചു.അപ്പോൾ തന്നെ ശരത് അയാളുടെ അക്കൗണ്ടിലേക്ക് ചെയ്ത ജോലി ഭംഗിയായി തീർത്തെന്ന് കരുതി പ്രതിഫലമായി വലിയൊരു തുക ടെപോസിറ്റ് ചെയ്തു.പിന്നീട് യൂസഫ്  അവിടുന്ന് എങ്ങോട്ടോ മുങ്ങി..അത് കഴിഞ്ഞ് ഹരി കാറുമായി പാർക്കിനകത്തേക്ക് ഡ്രൈവ് ചെയ്തു.പിന്നീട് മിഥിലയെയും  നന്ദനെയും ഹരി തന്നെയാണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ കൊണ്ടുവന്നത്.."സുമ പറഞ്ഞു.
"ഹരിയേട്ടൻ  തന്നെ ആണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചതെങ്കിൽ പിന്നെങ്ങനെ കുറ്റം ഹരിയേട്ടന്റെ തലയിൽ ആയി?"ശ്രീബാല ചോദിച്ചു.
“അത് ശരത്തിന്റെ  തലയിൽ ഉദിച്ച ബുദ്ധിയാണ്.ഹരി അവരെ ഹോസ്പിറ്റലിൽ ആക്കി.ഹരി ശരത്തിനോട് സംസാരിച്ചു.മിഥില താൻ സ്നേഹിക്കുന്ന കുട്ടിയാണെന്നും അവൾക്കും നന്ദനും ഒരാപത്തും സംഭവിക്കരുതെന്നും അവരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ഹരി അയാളോട് അപേക്ഷിച്ചു.പിന്നീട് ഹരി ജാവേദിനെ അന്വേഷിച്ച് പോയി. മിഥിലയും  നന്ദനും മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയതും അന്വേഷണം തന്റെ നേരെ വരുമോ എന്ന് ശരത് ഭയന്നു.കാരണം യൂസഫ് ആണ് അവരെ അറ്റാക്ക് ചെയ്തതെന്നാണ് ശരത് ധരിച്ചുവെച്ചിരുന്നത്.അങ്ങനെ പറഞ്ഞാണല്ലോ യൂസഫ് ശരത്തിന്റെ കൈയിൽ  നിന്നും ലക്ഷങ്ങൾ തട്ടി എടുത്തത്.അന്വേഷണം തനിക്ക് നേരെ തിരിയാതിരിക്കാൻ ശരത് കണ്ടുപിടിച്ച വഴി ആയിരുന്നു കുറ്റം ഹരിയുടെ മേൽ കെട്ടിവെയ്ക്കുക എന്നത്. ഹരിയാണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് ഞങ്ങളുടെ ഹോസ്പിറ്റലിലെ  സ്റ്റാഫ്   കണ്ടതുമാണ്.പക്ഷെ ശരത് പറഞ്ഞതനുസരിച്ച് അവർ അത് പോലീസിൽ നിന്നും മറച്ചുവെച്ചു.അതിനോടനുബന്ധിച്ച  ഹോസ്പിറ്റലിലെ സി.സി.ടി.വി യിലെ ഫൂട്ടേജും   നശിപ്പിച്ചു.മിഥിലയുടെ ബ്ലീഡിങ് മെൻസസിന്റെ ആണെന്ന് കൺഫേം ചെയ്ത് ഡോക്ടർ  ശ്രീനിവാസൻ എഴുതിയ റിപ്പോർട്ട് ശരത്  എന്നെക്കൊണ്ട് തിരുത്തി എഴുതിച്ചു.അങ്ങനെ എഴുതിയില്ലെങ്കിൽ അയാൾ ഒറ്റ ഒരുത്തൻ കാരണം വർഷങ്ങളായി  പാരലൈസ്ഡ് ആയി കിടക്കുന്ന എന്റെ മിന്നുവിനെ കൊന്നുകളയുമെന്ന് ശരത്  എന്നെ ഭീഷണിപ്പെടുത്തി..എന്റെ മോൾടെ  ജീവൻ രക്ഷിക്കാൻ ഞാൻ മിഥില പ്രെഗ്നന്റ് ആണെന്ന് കള്ള റിപ്പോർട്ട് എഴുതി.ഹരിയാണ് എല്ലാത്തിനും  പിന്നിൽ എന്ന് ശരത് പോലീസിനെ വിളിച്ചറിയിച്ചു.മീഡിയ അത് കൊട്ടി  ഘോഷിച്ചു.ഹരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.വീട്ടിലും ജോലി ചെയ്തിരുന്ന ഓഫീസിലും ഒന്നും ചെല്ലാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ആ പാവത്തിന്..തനിക്കെതിരെ എന്തൊക്കെയോ ചതികൾ അരങ്ങിൽ നടക്കുന്നുണ്ടെന്ന്  മനസിലാക്കിയ  ഹരി പോലീസിൽ പിടി കൊടുക്കാതെ ഒളിവിൽ പോയി.തനിക്കെതിരെ ഉള്ള കള്ള ആരോപണങ്ങൾ ഹരി ദിവസേന പത്രത്തിൽ വായിച്ചു.എന്താണ് സംഭവിക്കുന്നതെന്നും ആരെയൊക്കെയാണിതിന് പിന്നിലെന്നും ഹരിക്ക് മനസ്സിലായില്ല.പോലീസ് ലുക്ക്  ഔട്ട് നോട്ടീസ് ഇഷ്യൂ ചെയ്തിരുന്നത് കൊണ്ട് ഹരിക്ക് വെളിയിലിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി.അന്ന് മിഥില എന്ത് സംസാരിക്കാൻ ആണ് പാർക്കിൽ വരാൻ  തന്നോട് പറഞ്ഞതെന്ന് ഹരിക്ക് അറിയില്ലായിരുന്നു.ജാവേദ് ആരായിരുന്നുവെന്നും എന്തിനാണ് അയാൾ മിഥിലയെയും നന്ദനെയും വക വരുത്തിയതെന്നും ആ കുറ്റം തന്റെ മേൽ എങ്ങനെ വന്നുവെന്നും ഹരിക്ക്  മനസ്സിലായില്ല. വർഷങ്ങളായി   ഹരി പല സ്ഥലങ്ങളിലായി ഒളിവിൽ തന്നെ ആയിരുന്നു.ഒളിവിൽ ആയിരിക്കുമ്പോഴും ഹരി വേഷം മാറി ഇടയ്ക്ക് പുറത്തിറങ്ങും.ശ്രീബാലയുമായി ഫോണിൽ കൂടി ബന്ധപ്പെട്ടു.കേസിന്റെ ഡീറ്റെയിൽസ് ഒന്നും ഹരി ശ്രീബാലയോട് പറഞ്ഞിരുന്നില്ല.സത്യങ്ങൾ എല്ലാം കണ്ടെത്തിയതിന് ശേഷമേ അവൻ തിരികെ വരുള്ളൂ എന്നവളോട് പറഞ്ഞു. ജാവേദിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഹരിക്ക് അറിയില്ലായിരുന്നു.പക്ഷെ ഓരോ ആൾക്കൂട്ടത്തിനിടയിലും അവൻ ജാവേദിന്റെ  മുഖവും കൈയിലെ പച്ച കുത്തിയ പാമ്പിന്റെ രൂപവും  തിരഞ്ഞു.
നാളുകൾ കഴിഞ്ഞട്ടും നിരാശ ആയിരുന്നു ഫലം.പക്ഷെ ഒരിക്കൽ ഹരി ഒരു അനാഥ  മന്ദിരത്തിൽ വെച്ച് ഒരാളെ കണ്ടുമുട്ടി. മോളി സിസ്റ്ററിനെ!"സുമ പറഞ്ഞു.
"ഹരി ആരാണെന്ന് മനസ്സിലാക്കിയതും അവർ ഹരിയുടെ മുൻപിലിരുന്ന്  പൊട്ടിക്കരഞ്ഞു.ഹോസ്പിറ്റലിൽ നടക്കുന്ന അനീതികളെ പറ്റി  മിഥില അന്വേഷണം നടത്തിയിരുന്നുവെന്നും എല്ലാത്തിന്റെയും പിന്നിൽ ശരത് ആണെന്നും ഹരിയുടെ പത്രത്തിൽ കൂടി അത് പുറം ലോകത്തെ അറിയിക്കാനാണ്  അവൾ ഹരിയോട് പാർക്കിൽ വരൻ പറഞ്ഞതെന്നും , ശരത് ഏർപ്പാടാക്കിയ ആൾ  ആണ് മിഥിലയെയും നന്ദനെയും ഉപദ്രവിച്ചതെന്നും  ശരത് തന്നെയാണ് ഹരിയെ കുടുക്കിയതെന്നും മോളി സിസ്റ്റർ പറഞ്ഞു.തനിക്ക് ഹോസ്പിറ്റലിൽ നടക്കുന്ന അനീതികളെ പറ്റി അറിയാമായിരുന്നുവെന്നും താൻ  തന്നെയാണ് മിഥിലയെ  ശരത്തിന് ഒറ്റുകൊടുത്തതെന്നും  പറഞ്ഞ് മോളി സിസ്റ്റർ പൊട്ടിക്കരഞ്ഞു.."സുമ പറഞ്ഞു.
"മോളി സിസ്റ്ററിന്  അറിയില്ലായിരുന്നുവോ ഭോലയുടെ..അല്ല ജാവേദിന്റെ  കാര്യം?മിഥില പറഞ്ഞിരുന്നില്ലേ മോളിയോട്?"ജിതേഷ് ഭോലയെ  നോക്കിക്കൊണ്ട് സുമയോട്  ചോദിച്ചു.
"ഇല്ല..ഞാൻ പറഞ്ഞല്ലോ..മിനിസ്റ്ററുടെ കൊലപാതകം താൻ കണ്ടുവെന്നോ ജാവേദ് ആണ് അതിന് ഉത്തരവാദി എന്നോ മിഥില ആരോടും പറഞ്ഞിരുന്നില്ല.എന്തോ പ്രധാനപ്പെട്ട വിഷയം ഹരിയോട് സംസാരിക്കാൻ പോവുകയാണെന്നാണ് മിഥില  മോളിയോട് പറഞ്ഞത്.കൂട്ടത്തിൽ ശരത്തിന്റെ കാര്യവും പറയുമെന്ന് പറഞ്ഞു..ശരത്തിനെ പറ്റിയും മിനിസ്റ്ററുടെ കില്ലർ ജാവേദിനെ പറ്റിയും  ഹരിയോട് പറയാൻ ഇരുന്ന അന്നാണല്ലോ  അവൾ ആക്രമിക്കപ്പെട്ടത്.. " സുമ പറഞ്ഞു.
"മോളി സിസ്റ്റർ വിചാരിച്ചത് ശരത് ഏർപ്പാടാക്കിയ ആള് തന്നെയാവാം മിഥിലയെ കൊന്നതെന്നാണ്.മോളി ഹരിയോട് പറഞ്ഞതുവെച്ച് അവനും വിചാരിച്ചത് അന്ന് താൻ പാർക്കിൽ കണ്ട കൈയിൽ പാമ്പിന്റെ പച്ച കുത്തിയ ക്രിമിനൽ ശരത് ഏർപ്പാടാക്കിയ ആള് ആവുമെന്നാണ്. അന്ന് ഹോസ്പിറ്റൽ വിഷയം കൂടാതെ  മിനിസ്റ്ററുടെ മർഡറിനെ പറ്റിയും അതിന് ഉത്തരവാദിയായ ജാവേദ് എന്ന ഇന്റർനാഷണൽ ക്രിമിനലിനെ പറ്റി  സംസാരിക്കാനും കൂടി  ആയിരുന്നു മിഥില തന്നെ വിളിച്ചു വരുത്തിയതെന്ന് ഹരിക്ക് അപ്പോഴും അറിയില്ലായിരുന്നു.” സുമ പറഞ്ഞ് നിർത്തി .സുമ പറഞ്ഞതെല്ലാം കേട്ട് ശ്വാസം വിടാൻ പോലും മറന്ന് നിൽക്കുകയായിരുന്നു ജിതേഷും ശ്രീബാലയും.നന്ദൻ ഭോലയെ ഐഡന്റിഫൈ ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ  സുമ  ശ്യാമയെയും നന്ദനെയും സത്യങ്ങൾ എല്ലാം പറഞ്ഞ് വിളിച്ച് വരുത്തിയതായിരുന്നു. നന്ദൻ പകയോടെ ഭോലയെ നോക്കുന്നത് ശ്യാമ ഭീതിയോടെ കണ്ടു..അവൾക്ക് നന്ദനെയും കൊണ്ട് അവിടെ നിന്ന് എങ്ങനെയെങ്കിലും ഒന്ന് രെക്ഷപെട്ടാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു...ഭോല കൈയിലെ കെട്ടഴിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.പക്ഷെ അവന് അനങ്ങാൻ സാധിച്ചില്ല.
“മിഥിലയുടെ  മരണത്തോടെ ചെയ്തത് തെറ്റാണെന്ന ബോധം ഉണ്ടായപ്പോൾ മോളി ഹോസ്പിറ്റലിൽ നിന്നും റിസൈന്‍ ചെയ്തു.പക്ഷെ  പിന്നീടാണ് അവർക്ക് കാൻസർ ബാധിച്ചത്..ശരത് അവരെ തിരിഞ്ഞു നോക്കിയില്ല.ശരത്തിന് തന്റെ ശരീരം മാത്രമായിരുന്നു ആവശ്യം എന്നവർ വേദനയോടെ മാനസ്സിലാക്കി. ആരോരും നോക്കാനില്ലാതെ ചെയ്തുകൂട്ടിയ  പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങി അവർ ദൂരെ ഒരു അനാഥ മന്ദിരത്തിൽ  കുറച്ച് വർഷങ്ങൾ ജീവിച്ചു. ഒരു പക്ഷെ കഥകൾ എല്ലാം ഹരിയെ അറിയിക്കാനായി ദൈവം അവർക്ക് അത്രയും നാൾ ആയുസ്സ് കൊടുത്തതായിരിക്കാം. ശരത്തിനെതിരെ ഉള്ള തെളിവുകൾ എല്ലാം മിഥില തന്റെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും  മിഥിലയുടെ  മരണത്തിന് ശേഷം അത് നശിപ്പിക്കാൻ ശരത് ആവശ്യപ്പെട്ടിട്ടും  താൻ അത് നശിപ്പിച്ചില്ലെന്നും എല്ലാം  ശരത് അറിയാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും മോളി ഹരിയോട് പറഞ്ഞു. എല്ലാം ഹരിയെ ഏൽപ്പിച്ചതിന്റെ പിറ്റേന്ന് അവർ ഈ ലോകം വിട്ട് പോയി! "സുമ പറഞ്ഞു.ശ്രീബാല കൈയിലിരുന്ന ഫോണിലെ മോളി സിസ്റ്ററിന്റെ വിഡിയോയിലേക്ക് ഒന്ന് കൂടി നോക്കി.ഹോസ്പിറ്റലിനെതിരെ ഉള്ള തെളിവുകൾ കൂടാതെ മോളി സിസ്റ്റർ മിഥില അഡ്മിറ്റ് ആയതിന് ശേഷമുള്ള അവളുടെ ശരിക്കുള്ള  റിപ്പോർട്ടും ഞാൻ തിരുത്തി എഴുതിയ മെഡിക്കൽ   റിപ്പോർട്ടും ഹരിക്ക് നൽകി.അതിൽ നിന്നാണ് ഹരിക്ക് മനസ്സിലായത് മിഥില പ്രെഗ്നന്റ് ആണെന്ന് കള്ള റിപ്പോർട്ട് എഴുതിയത് ഈ ഞാൻ ആണെന്ന്..അങ്ങനെ ഹരി എന്നെ കാണാൻ വന്നു!"സുമ പറഞ്ഞു.
"ബാക്കി ഞാൻ പറയാം!" ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട്  നോക്കി.
 (കഥ ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ?ഇപ്പൊ മനസ്സിലായല്ലോ അല്ലെ യഥാർത്ഥ വില്ലൻ ആരാണെന്ന്?)

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

ബാലവേണി - ഭാഗം 27


ഫോണിലെ വിഡിയോയിൽ  സംസാരിച്ച് തുടങ്ങിയ ആ സ്ത്രീരൂപത്തെ കണ്ട് സുമയും ശരത്തും ഒരുപോലെ ഞെട്ടിത്തരിച്ചു!
"മോളി സിസ്റ്റർ!" തലമുടിയും പിരികവും  മുഴുവൻ കൊഴിഞ്ഞ് കണ്ണുകൾ കുഴിഞ്ഞ് മുഖം കറുത്ത്  കരിവാളിച്ച് എല്ലും തോലുമായി ഇരിക്കുന്ന അവരെ  കണ്ട് സുമയുടെ ചുണ്ടുകൾ മന്ത്രിച്ച പേര്  ജിതേഷ് കേട്ടു.
"ഇത് മോളി സിസ്റ്ററിന്റെ കൺഫെഷൻ വീഡിയോ ആണ്..പൊലീസിന് നൽകാൻ വേണ്ടി അവർ റെക്കോർഡ് ചെയ്യിച്ചത്..."ശ്രീബാല അതിലേക്ക് നോക്കി പറഞ്ഞു.
"എന്റെ പേര് മോളി ഫിലിപ്പ്.ഈ വീഡിയോ പുറംലോകം കാണുമ്പോ ഞാൻ ഈ ഭൂമി വിട്ട് പോയിട്ടുണ്ടാവും..എനിക്കനുവദിച്ച ദിവസങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ്..അതിന് മുൻപ് ചില സത്യങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്.. ഞാൻ ബോംബെയിലെ സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  വർഷങ്ങളായി  സേവനമനുഷ്ഠിച്ച വ്യക്തിയാണ്.എനിക്ക് പറയാനുള്ളത് പണ്ട് ബോംബെ ചിൽഡ്രൻസ് പാർക്കിൽ നടന്ന ഒരു മർഡർ അറ്റെംപ്റ്റിനെ  പറ്റിയും അതുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളുമാണ്..."മോളിയുടെ സ്വരം  തളർന്നതെങ്കിലും ഓരോ അക്ഷരവും സ്ഫുടമായിരുന്നു.
"ഞാൻ സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നേഴ്സ് ആയി  ജോലി ചെയ്തുകൊണ്ടിരുന്ന കാലത്തായിരുന്നു ഡോക്ടർ മിഥില അതെ ഹോസ്പിറ്റലിൽ  ജോയിൻ ചെയ്യുന്നത്.നല്ല ചുറുചുറുക്കും സാമർത്യവും  ബുദ്ധിയും ഉള്ള ഒരു പെൺകുട്ടിയായിരുന്നു മിഥില.കുറച്ച് ദിവസം കൊണ്ടുതന്നെ അവൾ അവിടെ എല്ലാവരുടെയും സ്നേഹം പിടിച്ച് പറ്റി..അവിടെ കൺസൽടേഷന്  വരുന്ന പാവപ്പെട്ട രോഗികളുടെ കൈയിൽ നിന്ന് അവൾ കാശ് വാങ്ങാറില്ലായിരുന്നു. ചിലരെയൊക്കെ  സ്വന്തം കൈയിൽ നിന്നും കാശ് മുടക്കി ചികിൽസിച്ചിരുന്നു.എന്നോട് വലിയ കൂട്ടായിരുന്നു..എന്ത് കാര്യമുണ്ടെങ്കിലും എന്നോടായിരുന്നു ആദ്യം പറഞ്ഞിരുന്നത്..പലപ്പോഴും പറഞ്ഞിരുന്നു എന്നെ കാണാൻ അവളുടെ അമ്മയെ പോലെ ഉണ്ടെന്ന്..എന്നെ വലിയ ഇഷ്ടമായിരുന്നു അവൾക്ക്..പക്ഷെ ഞാൻ..!"പറഞ്ഞതും മോളിയുടെ കുഴിഞ്ഞ കണ്ണുകൾ  നിറഞ്ഞൊഴുകി .ജിതേഷും ഭോലയും  അവരുടെ വാക്കുകൾക്കായി കാത് കൂർപ്പിച്ചു.
" ഒരു ദിവസം മിഥിലയ്ക്ക് നൈറ്റ് ഷിഫ്റ്റ് ആയിരുന്നു.അന്ന് അവിടെ ഒരു പേഷ്യന്റിനെ  കൊണ്ടുവന്നു.സത്യാ എന്ന് പേരുള്ള ഒരു ബിൽഡിംഗ് തൊഴിലാളി..വീട്ടിലേക്ക് പോവുന്ന വഴിക്ക് ഏതോ വണ്ടി ഇടിച്ചതാണ് .കുറെ നേരം റോഡിൽ കിടന്നു.പിന്നെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചിട്ട് മുങ്ങി.മിഥില ആണ് ആ കേസ് അറ്റൻഡ് ചെയ്തത്..വരുന്ന വഴിക്ക് തന്നെ അയാൾ മരിച്ചിരുന്നു.അയാളുടെ പഴ്സിൽ അയാളുടെ ഭാര്യയുടെയും മകന്റെയും ഫോട്ടോയും ഒരു ഫോൺ നമ്പറും  ഉണ്ടായിരുന്നു.പോലീസിനെ വിവരമറിയിക്കണമെന്നും പഴ്സിലുള്ള നമ്പറിൽ സത്യയുടെ  വീട്ടിലേക്ക് വിവരം വിളിച്ച് പറയണമെന്നും പറഞ്ഞ് മിഥില   ആരെയോ ഏൽപ്പിച്ചു.വീട്ടുകാർ  വരുന്നത് വരെ ബോഡി മോർച്ചറിയിൽ വെക്കാൻ പറഞ്ഞേൽപ്പിച്ചിട്ട് അവൾ  വീട്ടിലേക്ക് തിരികെ പോയി. പിറ്റേന്ന് വൈകിട്ട് ഡ്യൂട്ടിക്ക് വന്നപ്പോൾ സത്യയുടെ  ഭാര്യയും മകനും ഹോസ്പിറ്റലിൽ കൗണ്ടറിൽ നിൽക്കുന്നത്   കണ്ടു.ചോദിച്ചപ്പോൾ സത്യയ്ക്ക് എന്തോ ഓപ്പറേഷൻ വേണമെന്നും  കാശ് കെട്ടി വെച്ചാലേ  ഓപ്പറേഷൻ നടക്കുകയുള്ളെന്ന് ഡോക്ടർ പറഞ്ഞുവെന്നും  അതിനായി തന്റെ പേരിലുള്ള ഒറ്റ മുറി വീട് പണയപ്പെടുത്തിയ  തുകയുമായി നിൽക്കുകയാണെന്നും  അവർ പറഞ്ഞത് കേട്ട് മിഥിലയ്ക്ക് ഒന്നും മനസ്സിലായില്ല. അവർ കൈയിലിരുന്ന കുറെ റിപ്പോർട്ട് അവളെ കാണിച്ചു.കുറെ ബ്ലഡ് ടെസ്റ്റുകളും പിന്നെ ഇസിജി ഇഇജി  തുടങ്ങി എയ്ഡ്‌സിനുള്ള 'എലിസ' ടെസ്റ്റ് വരെ അതിനകത്ത് കുറിച്ചിരിക്കുന്നത് കണ്ട് മിഥിലയുടെ കണ്ണ് മിഴിഞ്ഞു. ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ സത്യ  മരിച്ചിരുന്നു  എന്നത് മിഥില  തലേ രാത്രി  തന്നെ കൺഫേം ചെയ്തതാണ്..പിന്നെ എന്തിന്റെ പേരിലാണ് ഈ ടെസ്റ്റുകൾ  എന്നും മരിച്ച ആളെ എന്തിനാണ് ഓപ്പറേഷന് വിധേയനാക്കുന്നതെന്നും  അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. .എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
സത്യക്ക് വേണ്ടി ഈ ടെസ്റ്റുകൾ കുറിച്ചതും ഓപ്പറേഷൻ വേണമെന്ന് ആവശ്യപ്പെട്ടതും സീനിയർ ഡോക്ടർ സത്യമൂർത്തി എന്നൊരാൾ ആയിരുന്നു.മിഥില നേരെ അയാളെ കാണാൻ പോയി.പക്ഷെ മിഥിലയ്ക്ക് തെറ്റ് പറ്റിയെന്നും സത്യക്ക് ജീവൻ ഉണ്ടായിരുന്നുവെന്നും ജീവനുള്ള ആളെ മരിച്ചെന്നും പറഞ്ഞ് മോർച്ചറിയിൽ  കയറ്റിയത്  പുറത്താരെങ്കിലും അറിഞ്ഞാൽ മിഥിലയ്ക്ക് തന്നെയാണ് കുഴപ്പം എന്നും പറഞ്ഞ് അയാൾ അവളെ ഭീഷണിപ്പെടുത്തി.പക്ഷെ തനിക്കങ്ങനെ ഒരു പിഴവ് ഒരിക്കലും സംഭവിക്കില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.മിഥില  എന്നോട് വന്ന് കാര്യം പറഞ്ഞു.ഞാൻ അത് ചിരിച്ച് തള്ളി.പക്ഷെ മിഥില വിടുന്ന മട്ടില്ലായിരുന്നു.അവൾ പിന്നീട് അവിടെ വരുന്ന ഓരോ കേസും നിരീക്ഷിക്കാൻ തുടങ്ങി..അപ്പോഴാണ് അവൾക്ക് ഞെട്ടിക്കുന്ന ചില സത്യങ്ങൾ മനസ്സിലായത്.സത്യയുടേത് സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  നടക്കുന്ന ആദ്യത്തെ സംഭവം അല്ല എന്നത്.ഹോസ്പിറ്റലിൽ എത്തുന്നതിന്  മുൻപേയും ഹോസ്പിറ്റലിൽ കൊണ്ടുവന്ന് കഴിഞ്ഞും  മരിച്ച രോഗികളെ ഡോക്ടർമാർ  ജീവനുണ്ടെന്നും പറഞ്ഞ് കുറെ ടെസ്റ്റുകൾക്ക് വിധേയരാക്കും..രോഗികളുടെ ബന്ധുക്കളെ ആരെയും അങ്ങോട്ട്  അടുപ്പിക്കില്ല. ഓപ്പറേഷൻ നടത്തിയാലേ രക്ഷപെടുള്ളുവെന്നും  ഓപ്പറേഷൻ നടത്തണമെങ്കിൽ  ഒരു വൻ തുക കെട്ടിവെക്കണമെന്നും ആവശ്യപ്പെടും . ഇത് പാവപ്പെട്ട അക്ഷരാഭ്യാസമില്ലാത്ത ആളുകളുടെ അടുത്ത് മാത്രമല്ല സാധാരണക്കാരുടെയും അടുത്ത്  ഇത് തന്നെയാണ് നടന്നുപോവുന്നത്.അവർക്ക് ആ ടെസ്റ്റുകൾ എന്തിന് വേണ്ടി ഉള്ളതാണെന്നോ അത് ശെരിക്കും വേണ്ടിയത് തന്നെയാണോ എന്നൊന്നും അറിയത്തുമില്ല  അതൊന്നും ചിന്തിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരിക്കത്തുമില്ല.അകത്ത് കിടക്കുന്ന പ്രിയപ്പെട്ടവരേ എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്ന ഒറ്റ ചിന്തയെ അവർക്ക് കാണുള്ളൂ.അതിന് വേണ്ടി അവർ എന്തും ചെയ്യും.ഇല്ലാത്ത കാശ് എവിടുന്നെങ്കിലും ഉണ്ടാക്കി കൊണ്ടുവരും..മിഥില ഇത് നേരെ ഞങ്ങളുടെ ഡീനിനെ അറിയിച്ചു.എത്രയും പെട്ടെന്ന് ആക്ഷൻ എടുക്കാം എന്ന് അദ്ദേഹം അവൾക്ക് ഉറപ്പ് നൽകി.പക്ഷെ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.പഴയതെല്ലാം വീണ്ടും ആവർത്തിച്ചു.അത് ചോദിച്ചപ്പോൾ ഡീനിൽ നിന്നും തണുത്ത പ്രതികരണം ആണ് ലഭിച്ചത്.അവൾ പറഞ്ഞതിനെ കുറിച്ച് അന്വേഷിച്ചുവെന്നും അങ്ങനെ ഒന്നും അവിടെ നടന്നിട്ടില്ലെന്നും അതെല്ലാം അവളുടെ തോന്നലുകൾ മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു.
മിഥിലയ്ക്ക്  അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി.പിന്നീട്  അയാളും  അവളുടെ നിരീക്ഷണത്തിലായി.താമസിയാതെ  അവൾക്ക് മനസ്സിലായി എല്ലാത്തിന്റെയും ചുക്കാൻ പിടിക്കുന്നത് മറ്റാരുമല്ല അദ്ദേഹം തന്നെയാണെന്ന്..ഞങ്ങളുടെ ഡീൻ ഡോക്ടർ ശരത് ! "മോളി പറഞ്ഞത് കേട്ട് ജിതേഷ് വിശ്വാസം വരാതെ സുമയെയും ശരത്തിനെയും നോക്കി.
"എന്തൊക്കെ അസംബന്ധം ആണീ സ്ത്രീ പറയുന്നത്? സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഇത്രയും റെപ്യുട്ടെഷൻ   ഉള്ള ഒരു സ്ഥാപനത്തെ പറ്റി   ഇങ്ങനെ ഒരു അലിഗേഷൻ ഇതുപോലൊരു സ്ത്രീ നടത്തുമ്പോൾ തന്നെ കാര്യം മനസ്സിലായില്ലേ?ഇതൊക്കെ   കാശ് തട്ടാനുള്ള എന്തെങ്കിലും അടവായിരിക്കും എന്ന്.."ശരത് പുച്ഛിച്ചു.
"ശ്ശ്..ലെറ്റ് ഹേർ കമ്പ്ലീറ്റ്.."ജിതേഷ് ശരത്തിനോട് പറഞ്ഞു.
"പ്രൊട്ടെസ്റ്റ്   ചെയ്തിട്ട് കാര്യമില്ലെന്ന് മിഥിലയ്ക്ക്  അറിയാമായിരുന്നു.കാരണം ആ ഹോസ്പിറ്റലിലെ മിക്കവരും ശരത്തിന്റെ  ചൊൽപ്പടിക്ക് നിൽക്കുന്നവർ ആയിരുന്നു.മിഥില  അവരിൽ  ഒരാളാവാൻ തീരുമാനിച്ചു.അവരിൽ ഒരാൾ ആണെന്ന് പ്രിറ്റെന്റ്  ചെയ്ത് അവരുടെ കൂടെ നിന്ന് അവർക്കെതിരെ തെളിവുകൾ ശേഖരിക്കുക.പിന്നെ അത്  ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക..എല്ലാം അവൾ അപ്പപ്പോ എന്നെ അറിയിക്കുന്നുണ്ടായിരുന്നു.."മോളി  സിസ്റ്റർ പറഞ്ഞു.
"മരിച്ച ആളെ പലവിധ ടെസ്റ്റുകൾക്ക് വിധേയനാക്കുന്നതും  രക്ഷിക്കാനെന്ന പേരിൽ ബന്ധുക്കളിൽ നിന്നും വൻ തുക തട്ടിയെടുക്കുന്നതും ഓപ്പറേഷൻ  തിയേറ്ററിൽ ശവം ഓപ്പറേഷൻ ടേബിളിൽ കിടത്തിയിട്ട് ഡോക്ടർമാരും  മറ്റ് സ്റ്റാഫും  അപ്പുറവും ഇപ്പുറവും നിന്ന് അന്നുണ്ടാക്കിയ ലാഭത്തെ പറ്റി പറഞ്ഞ് ചിരിക്കുന്ന ക്രൂരതയും 
 അത് കഴിഞ്ഞ് വെളിയിലിറങ്ങി ഒരു കൂസലുമില്ലാതെ രോഗിയുടെ ബന്ധുവിനോട് ഓപ്പറേഷൻ കഴിഞ്ഞെങ്കിലും അയാളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പറയുന്നതും എല്ലാം മിഥില  വീഡിയോ  റെക്കോർഡ് ചെയ്തു.ഒന്നല്ല അങ്ങനെ അനേകം കേസുകൾ..എല്ലാത്തിന്റെയും ബില്ലും ഡോക്യൂമെൻറ്സും വീഡിയോ റെക്കോർഡിങ്ങും അങ്ങനെ എല്ലാ  തെളിവുകളും  അവൾ എന്നെ ഏൽപ്പിച്ചു. അവൾ ആവശ്യപ്പെടുമ്പോൾ അത് തിരികെ നൽകണമെന്നും പറഞ്ഞു..അവൾക്ക് ആ ഹോസ്പിറ്റലിൽ ആകെ വിശ്വസിക്കാൻ പറ്റുന്നത് എന്നെ മാത്രമാണെന്ന് എന്നും പറയുമായിരുന്നു." മോളി സിസ്റ്റർ പുച്ഛത്തോടെ പറഞ്ഞു.
" അന്നത്തെ ഡൽഹി ചീഫ് മിനിസ്റ്റർ ആയിരുന്ന പ്രവീൺ റാവു  എന്തോ ആവശ്യത്തിന് ബോംബെയിലേക്ക് വരികയും നെഞ്ചുവേദനയെ തുടർന്ന്    ഞങ്ങളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തു.. മറ്റാരും അദ്ദേഹത്തിന്റെ അടുത്തില്ലാത്ത സമയം അദ്ദേഹത്തോട് ഹോസ്പിറ്റലിൽ ശരത്തും മറ്റ് ഡോക്ടർസും നടത്തുന്ന  തോന്നിവാസങ്ങളെ പറ്റി   അവതരിപ്പിക്കാൻ മിഥില  തീരുമാനിച്ചു.അദ്ദേഹം കറ കളഞ്ഞ മനുഷ്യൻ ആയിരുന്നു.ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.മിനിസ്റ്ററെ  റൂമിലേക്ക് മാറ്റിയ അന്ന് രാത്രി അവൾ അദ്ദേഹത്തെ കാണാൻ ചെന്നു.പക്ഷെ അതെ രാത്രി തന്നെയായിരുന്നു ഹാർട്ട് അറ്റാക്ക് മൂലം അദ്ദേഹത്തിന്റെ മരണം സംഭവിച്ചതും. തിരികെ വന്ന മിഥില ഭയങ്കരമായി അപ്സെറ്റ് ആയിരുന്നു..പിറ്റേന്ന് താൻ  ഹരിയെ മീറ്റ്  ചെയ്യാൻ പോവുകയാണെന്നും അത് കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് വരാൻ കുറച്ച് വൈകും എന്നും  എന്നോട് പറഞ്ഞു.മിഥില സ്നേഹിച്ചിരുന്ന ആൾ ആയിരുന്നു 'മേരി ആവാസ്' പത്രത്തിൽ വർക്ക് ചെയ്തിരുന്ന ഹരി. പക്ഷെ പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയ ഞാൻ കാണുന്നത് ചിൽഡ്രൻസ് പാർക്കിൽ നിന്നും ആരുടെയോ കുത്തേറ്റ് ബോധമില്ലാതെ  അവിടെ അഡ്മിറ്റ് ആയ മിഥിലയെയാണ്.."മോളിയുടെ സ്വരം ഇടറി..
" മിഥില സ്നേഹിച്ചിരുന്ന ഹരി എന്നയാൾ  ആണ് അവളെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നായിരുന്നു അന്ന് പുറം ലോകം അറിഞ്ഞത്  .പക്ഷെ സത്യം അതായിരുന്നില്ല!" മോളി സിസ്റ്റർ പറഞ്ഞു. ജിതേഷിന്റെ മനസ്സിൽ  ഒരു കൊള്ളിയാൻ മിന്നി!
താൻ എന്താണ് കേൾക്കാൻ പോവുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ  ജിതേഷിന്റെ ഹൃദയം ധൃതവേഗത്തിൽ മിടിച്ചു.
"അത് ചെയ്യിച്ചത് ഡോക്ടർ ശരത്തായിരുന്നു!"ആ ഓർമ്മയിൽ മോളിയുടെ മുഖത്തു  ഭീതി പടർന്നു. കേട്ടത് വിശ്വസിക്കാനാവാതെ ജിതേഷ് തരിച്ച്  നിന്നു!
"മിഥിലയുടെ  നീക്കങ്ങൾ ശരത് അറിയുന്നുണ്ടായിരുന്നു.അയാൾക്കെതിരെ ഉള്ള  തെളിവുകൾ അവളുടെ കൈവശം ഉണ്ടെന്ന് അയാൾ അറിഞ്ഞിരുന്നു.തങ്ങളുടെ കൂട്ടത്തിൽ ഒരാളായി മാറിയെന്ന മിഥിലയുടെ  അഭിനയം ശരത്  വിശ്വസിച്ചെന്ന് നടിച്ചു.അതെ സമയം അയാൾ അവൾക്കായുള്ള വല വിരിച്ചു.ലക്ഷങ്ങൾ കൂലി കൊടുത്ത് ഒരു വാടക കൊലയാളിയെ ഏർപ്പാടാക്കി മിഥിലയെ ഇല്ലാതാക്കാൻ.പാർക്കിന്റെ മുൻപിൽ അവൾ അവളുടെ അനിയത്തി ശ്യാമയെയും  വേറൊരു പയ്യനെയും കോളേജ് ബസ് കയറ്റിവിടാൻ എന്നും പോവാറുണ്ടായിരുന്നു.അന്നും പതിവ് പോലെ മിഥില അവിടെ എത്തി.ശ്യാമ കോളേജ് ബസിൽ പോയി.പക്ഷെ അവളുടെ കൂടെ ആ പയ്യനുണ്ടായിരുന്നു..നന്ദൻ..ശരത് ഏർപ്പാടാക്കിയ ക്രിമിനൽ  ആണ് അവരെ രണ്ടുപേരെയും പാർക്കിൽ ഇട്ട് വക വരുത്തിയത്.."മോളി സിസ്റ്റർ ഭയാനകമായ ആ ഓർമ്മയിൽ മുഖം പൊത്തി  കരഞ്ഞു.
"എല്ലാവർക്കും  ഒരു ചോദ്യം ബാക്കി ഉണ്ടാവാം..മിഥില ഹോസ്പിറ്റലിനെതിരെ രഹസ്യമായി നടത്തിയ അന്വേഷണം എങ്ങനെ ശരത് അറിഞ്ഞുവെന്ന്..ശരത്തിനോട് മിഥിലയുടെ  എല്ലാ നീക്കങ്ങളും അപ്പപ്പോ പറഞ്ഞുകൊടുത്തതും അവളെ ഒറ്റു കൊടുത്തതും ഈ ഞാൻ തന്നെയായിരുന്നു! ശരത്തിന്റെ വെപ്പാട്ടിയായിരുന്ന ഈ ഞാൻ !"മോളി സിസ്റ്റർ  പൊട്ടിക്കരഞ്ഞു.ശ്രീബാല വീഡിയോ പോസ് ചെയ്തു.
അവർ പറയുന്നതൊന്നും വിശ്വസിക്കാനാവാതെ ഞെട്ടി വിറച്ച് നിൽക്കുകയായിരുന്നു  ജിതേഷ് ! തന്റെ നന്ദന്റെ അവസ്ഥക്ക് പിന്നിലും മിത്തുവിന്റെ മരണത്തിന് പിന്നിലും ഹരി ആണെന്നാണ് ജിതേഷ് ഇതുവരെ ധരിച്ച് വെച്ചിരുന്നത്.അതിനു വേണ്ടിയായിരുന്നു ശ്രീബാലയുടെയും വേണിയുടെയും ജീവിതം നശിപ്പിച്ചതും. ഇത്രയും കാലം ഹരിയോട് മനസ്സിൽ സൂക്ഷിച്ച് വെച്ചിരുന്ന പകയും പ്രതികാരവും ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാവുന്നത് അവൻ അറിഞ്ഞു.അവൻ ശരത്തിന് നേരെ പാഞ്ഞടുത്തു.
"അരുത്! ഒന്നും ചെയ്യരുത്!"സുമ പെട്ടെന്ന് ശരത്തിന്റെ മുൻപിൽ കയറി നിന്നു.അവരുടെ മുഖത്തെ ഭാവം എന്തെന്ന് ജിതേഷിന്  വായിച്ചെടുക്കാൻ പറ്റിയില്ല.
"എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഇപ്പൊ ഒന്നും ചെയ്യരുത് അല്ലെ?നിങ്ങൾ ഒരു മനുഷ്യൻ ആണോ?ഡോക്ടർ എന്ന വാക്കിന്റെ അർഥം എന്താണെന്ന് നിങ്ങൾക്ക് അറിയുമോ?നിങ്ങളുടെ പ്രൊഫെഷന്റെ മഹത്വം എന്താണെന്ന് നിങ്ങൾക്ക് അറിയുമോ?ദൈവത്തെ പോലെയാണ് ഓരോ ആളും ഡോക്‌ടേഴ്‌സിനെ  കാണുന്നത്..ശ്വാസം നിലച്ച ശരീരം ഓപ്പറേഷൻ ടേബിളിൽ ഇട്ട് ഓപ്പറേഷൻ നടത്തുകയാണെന്ന വ്യാജേന കീറിമുറിച്ച് നിങ്ങൾ ഓരോ പേക്കൂത്തുകൾ കാണിച്ച് കൂട്ടുമ്പോൾ , അകത്ത് കിടക്കുന്ന തങ്ങളുടെ  പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി വെളിയിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന ഓരോ മനുഷ്യന്റെയും കണ്ണീരിന്റെ ശാപം നിങ്ങളുടെ തലയിൽ വീണുകൊണ്ടിരിക്കുകയാണെന്ന് മറന്ന് പോയി അല്ലെ.."ശ്രീബാല ദേഷ്യം കൊണ്ട് വിറച്ചു.സുമ ഒന്നും മിണ്ടിയില്ല.
"തെളിവുകൾ  എല്ലാം നശിപ്പിച്ചെന്ന് എനിക്ക് വാക്ക് തന്നിട്ട് എന്നെ ചീറ്റ് ചെയ്തു അല്ലെ! ബ്ലഡി ബിച്ച്  !" ശരത് ശ്രീബാലയുടെ കൈയിലിരുന്ന ഫോണിലെ മോളിയുടെ വിഡിയോയിലേക്ക് നോക്കി പല്ലുകടിച്ചുകൊണ്ട് പിറുപിറുത്തു.
ജിതേഷ് സുമയുടെ പിറകിൽ നിന്നിരുന്ന ശരത്തിന്റെ കോളറിൽ പിടിച്ച് വലിച്ച് അയാളുടെ ചെകിടത്ത് മാറി മാറി അടിച്ചു.
സുമ തടയാൻ ചെന്നെങ്കിലും ജിതേഷ് വിട്ടില്ല.
"ഹരിയാണ് ഇതിന് പിന്നിലെന്ന് ഓർത്ത് ഞാൻ എന്തെല്ലാം പാതകങ്ങൾ ചെയ്ത് കൂട്ടിയെന്ന്   നിങ്ങൾക്ക് അറിയാമോ?ഒന്നുമറിയാത്ത രണ്ട് പെൺകുട്ടികളുടെ ജീവിതം ഞാൻ നശിപ്പിച്ചു.ഞാൻ മൂലം  ഒരു കുടുംബം മുഴുവനും കണ്ണീരിലായി ! എല്ലാം നിങ്ങൾ ഒറ്റ ഒരാൾ കാരണം! മിത്തുവിനെ നിങ്ങൾ കൊന്നു! എന്റെ നന്ദനെ  നിങ്ങൾ മാനസികമായി തകർത്തു! മക്കളുടെ അവസ്ഥയിൽ മനം നൊന്ത് എന്റെ അച്ഛനും മിത്തുവിന്റെ അച്ഛനും ഈ ഭൂമി വിട്ട് പോയി!  അന്ന് എനിക്കും ശ്യാമയ്ക്കും നഷ്ടപ്പെട്ടത് ഞങ്ങളുടെ ജീവിതമാണ്.എല്ലാത്തിനും നിങ്ങളെക്കൊണ്ട് ഞാൻ കണക്ക് പറയിക്കും!" ജിതേഷ് പകയോടെ പറഞ്ഞു. ജിതേഷ് ശരത്തിന്റെ  കഴുത്തിൽ പിടി മുറുക്കി.അയാൾ ശ്വാസം കിട്ടാതെ പിടഞ്ഞു.ശ്രീബാല അനങ്ങിയില്ല. ഭോല അവനെ തടഞ്ഞു.
"കുറ്റം ഹരിയേട്ടന്റെ തലയിൽ കെട്ടിവെയ്ക്കുക..കേസിന് കുറച്ച് കൂടി ബലം കിട്ടാനായി ഹരിയേട്ടന്റെ കുഞ്ഞ് മിഥിലയുടെ വയറ്റിൽ ഉണ്ടെന്ന് പറഞ്ഞ് നിങ്ങൾ ഭാര്യയെ കൊണ്ട് മിഥിലയുടെ റിപ്പോർട്ട് തിരുത്തി എഴുതിച്ചു..ശരി അല്ലെ?"ശ്രീബാല ചോദിച്ചു.
സുമ മൗനം പാലിച്ച് നിന്നതേ ഉള്ളു.
"സന്തോഷത്തോടെ കഴിഞ്ഞിരുന്ന  ഞങ്ങളുടെ  കുടുംബം നിങ്ങൾ തകർത്തെറിഞ്ഞു! സ്വന്തം മകൻ ഒരു കൊലയാളി ആണെന്ന നാട്ടുകാരുടെ പരിഹാസം കേട്ട് ഞങ്ങടെ അച്ഛൻ ഹരിയേട്ടനെ വെറുത്തു! തന്റെ നിരപരാധിത്വം തെളിയിക്കാൻ പോലീസിൽ പിടികൊടുക്കാതെ ഹരിയേട്ടൻ അന്ന് തൊട്ട് അലയുകയായിരുന്നു.പക്ഷെ..എന്നിട്ടും..!"ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
"നീ വിഷമിക്കണ്ട.ഇനി ഹരിക്കൊരു പ്രോബ്ളവും ഉണ്ടാവില്ല..എവിടെയാണെങ്കിലും തിരികെ വരാൻ  പറഞ്ഞോളൂ.. എന്തിനും ഏതിനും ഞാൻ ഉണ്ടാവും ഹരിയുടെ  കൂടെ "ജിതേഷ് പറഞ്ഞു.അത് കേട്ട് ശ്രീബാല പൊട്ടിക്കരഞ്ഞു!
"എന്താ?എന്താ ബാലെ?"ജിതേഷ് അവളുടെ അടുത്തേക്ക് വന്നു..
"ഇനി അതിന്റെ ആവശ്യം വരില്ല..എന്റെ ഹരിയേട്ടൻ..ഹരിയേട്ടൻ മരിച്ചു!"ശ്രീബാല ജിതേഷിന്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞു.
ജിതേഷിന്  ഒരു നിമിഷത്തേക്ക് വാക്കുകൾ കിട്ടിയില്ല!
"ഒരു പോലീസ് എൻകൗണ്ടർ..ആരോ ഒറ്റു  കൊടുത്തതാ.." ശ്രീബാല ഏങ്ങലടിച്ച് കരഞ്ഞു.ജിതേഷിന്റെ മനസ്സിൽ  ഹരിയുടെ മുഖം തെളിഞ്ഞു. ശ്രീബാല ഒരു പെൻഡ്രൈവ് കൈയിലെടുത്തു.
"ഈ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ്... തനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് എന്റെ കൈയിൽ എത്തിക്കണമെന്ന് പറഞ്ഞ്  ഹരിയേട്ടൻ ആരെയോ ഏൽപ്പിച്ചിരുന്നു.അവർ കഴിഞ്ഞ ദിവസം അമ്പലത്തിൽ വെച്ച് എനിക്കിത് തന്നു..ഹരിയേട്ടന്റെ മരണ  വാർത്തയും അവർ പറഞ്ഞാണ് ഞാൻ അറിയുന്നത്.."ശ്രീബാലയ്ക്ക് കരച്ചിലിനിടയിൽ വാക്കുകൾ കിട്ടിയില്ല.ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കാൻ ഒരു നിമിഷത്തേക്കെങ്കിലും ഹരിയെ ദൈവം  തന്റെ മുൻപിൽ ഒന്ന് കൊണ്ടുവന്ന്  നിർത്തിയിരുന്നനെകിൽ എന്ന് ജിതേഷ് അതിയായി ആഗ്രഹിച്ചു.താങ്ങാനാവാത്ത കുറ്റഭാരത്തോടെ അവൻ ശ്രീബാലയെ  തന്നിലേക്ക് ചേർത്ത് പിടിച്ചു.
പെട്ടെന്ന് വെളിയിൽ ഒരു പോലീസ് ജീപ്പ്  വന്നു.
അതിൽ നിന്നും ഇൻസ്‌പെക്ടർ ശേഖർ ഇറങ്ങി.അയാൾ ജിതേഷിനെ   മാറ്റി നിർത്തി കുറച്ച് നേരം  സംസാരിച്ചു.പിന്നെ ശരത്തിനെയും സുമയെയും കൈയാമം വെച്ച് അവിടുന്ന് ഇറങ്ങി. സുമ കരഞ്ഞില്ല.അവരുടെ മുഖത്ത് സങ്കടത്തിന്റെ ഒരു ലാഞ്ചന പോലും ഇല്ലായിരുന്നു.ജീപ്പിലേക്ക് നടക്കുമ്പോൾ അവർ ആരെയും നോക്കിയില്ല.ശരത് എന്തൊക്കെയോ ദേഷ്യത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.പോലീസ് ജീപ്പ് കണ്ട് കുറച്ച് ആളുകൾ അപ്പുറത്തും ഇപ്പുറത്തും നിന്ന് എത്തി നോക്കുന്നുണ്ടായിരുന്നു. പോലീസ് ജീപ്പ് അവരെയും കൊണ്ട് മെയിൻ റോഡിലേക്ക് കടന്നു.പെട്ടെന്ന് എന്തോ നിലത്തേക്ക് വീഴുന്ന ഒച്ച കേട്ട് ജിതേഷ് ഞെട്ടലോടെ തിരിഞ്ഞു നോക്കി. ആ കാഴ്ച്ച കണ്ട് അവൻ സ്തംഭിച്ച് നിന്നു!
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

ബാലവേണി - ഭാഗം 26



ജിതേഷ് വന്നപ്പോൾ ശ്രീബാല ഭയങ്കര കരച്ചിലായിരുന്നുവെന്നും കാര്യം ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും ഭോല അവനോട് പറഞ്ഞു.
ജിതേഷ് മുറിയിലേക്ക് വന്നപ്പോൾ ശ്രീബാല ഉറക്കം പിടിച്ചിരുന്നു.അവളെ കുറച്ച് നേരം നോക്കി നിന്നിട്ട് അവൾ  ഉറങ്ങിയെഴുന്നേൽക്കുമ്പോൾ കാര്യം തിരക്കാമെന്ന് കരുതി അവളെ ഉണർത്താതെ അവൻ ബാത്റൂമിലേക്ക് പോയി..
പിറ്റേന്ന് ഉണർന്നെഴുന്നേറ്റപ്പോൾ ജിതേഷ് ശ്രീബാലയോട്  കാര്യം തിരക്കി.അവൾ മറുപടി ഒന്നും പറഞ്ഞില്ല.അവളുടെ മനസ്സിൽ കാര്യമായി എന്തോ വിഷമം തട്ടിയിട്ടുണ്ടെന്ന് ജിതേഷിന്  മനസ്സിലായി പക്ഷെ എത്ര ചോദിച്ചിട്ടും  എന്താണ് കാര്യമെന്ന് മാത്രം അവൾ പറഞ്ഞില്ല. അവളുടെ മനസ്സൊന്ന് ശാന്തമാകുമ്പോൾ ഒരുപക്ഷെ അവൾ കാര്യമെന്താണെന്ന് തന്നോട് തുറന്ന് പറയുമെന്ന് അവന് തോന്നി.അവൻ അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി പിന്നെ ഒന്നും ചോദിച്ചില്ല.*****

ഗിരി ഒരിക്കൽ പോലും വേണിയോട് സംസാരിക്കാൻ കൂട്ടാക്കിയില്ല.വേണി എന്നൊരാൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും മറന്ന മട്ടിലായിരുന്നു അയാളുടെ പെരുമാറ്റം.വേണി പലപ്പോഴും സംസാരിക്കാനായി ഗിരിയുടെ മുൻപിൽ വന്നെങ്കിലും അയാൾ ഒഴിഞ്ഞു മാറി.
ഒരു ദിവസം രാവിലെ ഗിരി കുട്ടനെ അടുക്കളയിലേക്ക് വിളിപ്പിച്ചു.വേണി അവിടെ തന്നെ  നിൽപ്പുണ്ടായിരുന്നു.
പോക്കറ്റിൽ നിന്നും ഒരു പൊതിക്കെട്ട്   എടുത്ത് ഗിരി കുട്ടന്റെ കൈയിൽ വെച്ച് കൊടുത്തു.
"ഇതെന്താ ഗിരിയേട്ടാ?" കുട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു.വേണിയും അത് എന്താണെന്ന മട്ടിൽ ഗിരിയെ നോക്കി.
"ഞാൻ ഇതുവരെ ഓട്ടം ഓടി സമ്പാദിച്ചതും അറിയാവുന്ന കുറച്ച് പേരുടെ കൈയിൽ നിന്നും കടം മേടിച്ചതും ഒക്കെ ആയിട്ട് ഉള്ള തുകയാണ്.. ഈ തുക ശരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ..കുറച്ച് കാശ് മുതലാളി അടുത്ത ആഴ്ച്ച കടം തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.എല്ലാം കൂടി കൂട്ടിയാൽ ജിതേഷ് സാറിന്റെ  കൈയിൽ നിന്നും  വാങ്ങിച്ചതിന്റെ പകുതി തുകയെ വരുള്ളൂ.എന്നാലും ഒന്നും ഇല്ലാത്തതിനെക്കാട്ടിലും  ഭേദമാണല്ലോ..മുതലാളി തരാമെന്നേറ്റ കാശ് കൂടി കിട്ടിയാൽ ഗിരിജയുടെ കുഞ്ഞിന്റെ ഓപ്പറേഷന് വേണ്ടി മേടിച്ചതിന്റെ ചെറിയൊരു പങ്ക് നമ്മുക്ക് ജിതേഷ് സാറിന് കൊടുത്ത് തീർക്കാനാകും.അത് കഴിഞ്ഞാൽ നീ വേണിയെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടേക്കണം.ബാക്കി ഉള്ള കാശ് ഞാൻ എങ്ങനെയെങ്കിലും കൊടുത്ത് തീർത്തോളാം  ..നമുക്ക് ഈ കളി ഇതോടെ അവസാനിപ്പിക്കാം.."ഗിരി കുട്ടനോട് പറഞ്ഞു.വേണി എല്ലാം കേൾക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..ഗിരി ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.വേണി അങ്ങോട്ട്  ചെന്നു.അവൾ അവിടെ നിൽക്കുന്നുണ്ടെന്ന് അറിയാമെങ്കിലും ഗിരി അങ്ങോട്ട്  നോക്കിയതേ ഇല്ല.
എങ്ങോട്ടോ  പോവാൻ വേണ്ടി അവൻ ഷർട്ട്  എടുത്തിട്ടു.പെട്ടെന്ന് വേണി ഒരു പൊട്ടിക്കരച്ചിലോടെ ഗിരിയുടെ  കാൽക്കൽ വീണു."എന്നോട് പൊറുക്കണേ..എനിക്കറിയില്ലായിരുന്നു..എനിക്കൊന്നും അറിയില്ലായിരുന്നു.."വേണിയുടെ ശബ്ദം ഇടറി.
"ഞാൻ അറിയാതെ ചെയ്തുപോയതാ..എനിക്ക് മാപ്പ് തരണം.എന്നെ തിരിച്ച് തല്ലിക്കോളു..വഴക്ക് പറഞ്ഞോ ദേഷ്യപ്പെട്ടോളൂ ..പക്ഷെ എന്നെ ഇങ്ങനെ അവഗണിക്കരുതേ..."വേണി രണ്ടു കൈകൾ കൊണ്ടും ഗിരിയുടെ കാലുകളിൽ പിടിച്ച് ഏങ്ങലടിച്ച് കരഞ്ഞു.ഗിരി ഒന്നും മിണ്ടാതെ അവളുടെ കൈകൾ പതിയെ വിടുവിച്ച് അവളോടൊരക്ഷരം സംസാരിക്കാതെ വീടിന് വെളിയിലേക്ക് ഇറങ്ങി.വേണി അത് കണ്ട്‌ കാലുകളിൽ മുഖം പൂഴ്ത്തി കരഞ്ഞുകൊണ്ടിരുന്നു."****
ആ ഞായറാഴ്ച്ച ആയിരുന്നു സുമയുടെ വീട്ടിൽ പോവേണ്ടിയിരുന്നത്.ശ്രീബാലയും ജിതേഷും ഭോലയും പറഞ്ഞ സമയത്ത് തന്നെ സുമയുടെ വീട്ടിലെത്തി.
സുമ എല്ലാം തയ്യാറാക്കി വെച്ച് അവരെ കാത്തിരിക്കുകയായിരുന്നു.ജിതേഷും ഭോലയും ലിവിങ് റൂമിൽ തന്നെ ഇരുന്നു.സുമ ശ്രീബാലയെ അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി.ശ്രീബാലയുടെ മുഖത്ത് ഒട്ടും തെളിച്ചമില്ലായിരുന്നുവെന്ന് സുമ ശ്രദ്ധിച്ചു.
"എന്ത് പറ്റി?ആകെയൊരു മൂഡ് ഔട്ട്?" സുമ ചോദിച്ചു.
ശ്രീബാല അവരെ സൂക്ഷിച്ച് നോക്കിയതല്ലാതെ അതിന് മറുപടി പറഞ്ഞില്ല.
സുമ ജ്യൂസ് എടുത്ത് ശ്രീബാലയ്ക്കും പിന്നെ ലിവിങ് റൂമിൽ ചെന്ന് ജിതേഷിനും ഭോലയ്ക്കും  കൊടുത്തു.
"ശരത് സാറിനെ കണ്ടില്ലല്ലോ?" ജിതേഷ് ചോദിച്ചു.
"ശരത്തേട്ടൻ ഉടനെ വരും.പുള്ളി അടുത്ത് ഒരു ഹോട്ടലിലാ താമസം.."സുമ പറഞ്ഞു. ജിതേഷും താനും  ജ്യൂസ് കുടിച്ച   ഗ്ലാസ് ഭോല അടുക്കളയിലേക്ക് കൊണ്ടുപോവാൻ തുടങ്ങി.
സുമ അത് അയാളുടെ കൈയിൽ നിന്നും മേടിച്ചു.
"ക്യാ മേ ആപ്കേ ടോയ്ലറ്റ്  കാ ഇസ്തെമാൽ കർ സക്താ  ഹും?"(ഞാൻ നിങ്ങളുടെ ബാത്റൂം   ഒന്ന് ഉപയോഗിച്ചോട്ടെ?)ഭോല ചോദിച്ചു.
"സരൂർ. ടോയ്ലറ്റ്  വഹാ ഹേ .."(തീർച്ചയായും.ബാത്റൂം അവിടെ ആണ്.)ഡൈനിങ്ങ് ടേബിളിന്റെ പിന്നിൽ ഉള്ള വാതിലിന് നേർക്ക് നോക്കി സുമ  പറഞ്ഞു. എന്നിട്ട് ജ്യൂസിന്റെ  ഗ്ലാസ്  അടുക്കളയിൽ കൊണ്ടുപോയി വെച്ചു.തിരികെ  വന്നപ്പോൾ ഭോല ഡൈനിങ്ങ് ടേബിളിന്റെ സൈഡിലുള്ള അടച്ചിട്ട വാതിൽ ബാത്റൂം  ആണെന്ന് കരുതി തുറക്കാൻ ശ്രമിക്കുകയായിരുന്നു.
"നയി വോ ദർവാജ നയി ദൂസരാ..ഉസ് കമരെ മേ  പുരാനാ  സാമാൻ   രഖാ ഹുവാ  ഹേ   "(അല്ല ആ വാതിൽ അല്ല.. മറ്റേതാണ്.ഇത് പഴയ സാധങ്ങൾ വെച്ചിരിക്കുന്ന മുറിയാണ്. ) സുമ പറഞ്ഞു.സുമയുടെ വെപ്രാളം കണ്ട് ഭോലയ്ക്കും  ജിതേഷിനും  കാര്യമെന്താണെന്ന് മാനസ്സിലായില്ല.  അന്ന് ജോലിക്ക് വരുന്ന രേണുകയും ഇതേ വാതിൽ തുറക്കാൻ തുടങ്ങിയപ്പോൾ അത് വാട്ടർ ബോയ്ലർ പൈപ്പ് ഇരിക്കുന്ന മുറി ആണെന്നാണ് സുമ പറഞ്ഞതെന്ന് ശ്രീബാല ഓർത്തെടുത്തു.ഇപ്പോൾ അവർ പറയുന്നു അത് പഴയ സാധനങ്ങൾ വെച്ചിരിക്കുന്ന മുറിയാണെന്നും.അവൾ പക്ഷെ അതേക്കുറിച്ച് ഒന്നും ചോദിച്ചില്ല.
കുറച്ച് കഴിഞ്ഞ് ശരത്ത് അങ്ങോട്ടേക്ക് കയറി വന്നു.
ജിതേഷ് എഴുന്നേറ്റ് അയാൾക്ക്  കൈ കൊടുത്തു.
"വന്നിട്ട് കുറച്ച് നേരം ആയി അല്ലെ.സോറി കേട്ടോ.ബ്ലോക്കിൽ പെട്ടു.അതാ ലേറ്റ് ആയത്.."ശരത് ക്ഷമാപണം  നടത്തി.അന്ന് ഇവിടുന്ന് അലറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ട് ഇറങ്ങിപ്പോയ ആളെ അല്ലല്ലോ  ഇതെന്ന്  ശ്രീബാല അത്ഭുതത്തോടെ ഓർത്തു.
"നമ്മക്ക് ലഞ്ച് കഴിക്കാം..എന്നിട്ടാവാം  സംസാരം.ആൾറെഡി ഞാൻ കാരണം ഒരുപാട് ലേറ്റ് ആയില്ലേ.."ശരത് പറഞ്ഞു.എല്ലാവരും ആഹാരം കഴിക്കാനായി ഇരുന്നു.ഭോലയും ശ്രീബാലയും ചേർന്ന് എല്ലാം എടുത്ത് വെക്കാൻ സുമയെ സഹായിച്ചു.
ജിതേഷ് ഇടയ്ക്കിടെ ശ്രീബാലയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവളുടെ മുഖം മൂടിക്കെട്ടി ഇരുന്നു.സുമയുടെ അടുത്ത് വരുമ്പോ എങ്കിലും അവൾ ഒന്ന് ചിരിച്ച് കാണുമെന്നാണ് അവൻ കരുതിയത്.പക്ഷെ അവൾ സുമയോടും അധികം സംസാരിക്കുന്നില്ലെന്ന് അവൻ ശ്രദ്ധിച്ചു.
ശരത്തും ജിതേഷും എന്തൊക്കെയോ ജോലി സംബന്ധമായ കാര്യങ്ങൾ സംസാരിച്ചു.ഭോല ആരെയും ശ്രദ്ധിക്കാതെ ആഹാരം ആസ്വദിച്ച് കഴിച്ചു.ശ്രീബാല വെറുതെ പ്ലേറ്റിൽ കൈയിട്ട് ഇളക്കികൊണ്ടിരുന്നു.
"നിങ്ങളുടെ കമ്പനി ആദ്യം ബോംബെ ബേസ്ഡ് ആയിരുന്നില്ലേ?അടുത്തിടെ ആണല്ലേ ഇവിടെ ഔട്ട്ലെറ്റ് തുടങ്ങിയത്.."ശരത് ചോദിച്ചു.
"അതെ സാർ..ഞാൻ ഡൽഹിയിൽ എത്തിയിട്ട്  കുറച്ച് നാൾ ആയതേ ഉള്ളു.."ജിതേഷ് പറഞ്ഞു.
"ഞാൻ നിങ്ങളുടെ ബോംബെ  ഔട്ലെറ്റിൽ വന്നിട്ടുണ്ട്..അവിടെ ഞങ്ങൾ പുതിയ വീട് മേടിച്ചപ്പോ ഫർണിച്ചർ നിങ്ങളുടെ ഷോപ്പിൽ നിന്നാ വാങ്ങിയത് ..അന്ന് ജിതേഷിന്റെ അച്ഛൻ എനിക്ക് വൻ ഡിസ്‌കൗണ്ട് ആണ്  തന്നത്..ജിതേഷ് അന്ന് കോളേജിൽ പഠിക്കുന്ന സമയം ആയിരുന്നു  എന്ന് തോന്നുന്നു.എന്നെ കണ്ട് കാണാൻ വഴിയില്ല "ശരത് പഴയ ഓർമ്മയിൽ ചിരിച്ചു.
"അതെ..സാറിനെ കണ്ടിട്ടില്ല..പക്ഷെ എനിക്ക് സാറിനെ അറിയാമായിരുന്നു.എന്റെ ഒരു ഫ്രണ്ട് സാറിന്റെ ഹോസ്പിറ്റലിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്.."ജിതേഷ് പറഞ്ഞു.
"ഈസ് ഇറ്റ്?ആരാ അത്?പറഞ്ഞാൽ ചിലപ്പോ അറിയുമായിരിക്കും.."ശരത് ചോദിച്ചു.
"ഒരു ഡോക്ടർ മിഥില.."ജിതേഷ് പറഞ്ഞതും ശരത്തിന്റെ കൈയിലിരുന്ന വാട്ടർ ഗ്ലാസ് താഴെ വീണ് പൊട്ടി ചിതറി! ശരത്തിന്റെ മുഖം വിവർണ്ണമായി!
അയാളുടെ മുഖത്തെ ഭാവമാറ്റം ജിതേഷും ശ്രീബാലയും ഭോലയും  ഒരുപോലെ ശ്രദ്ധിച്ചു.
"അത് അറിയാതെ കൈയിൽ നിന്നും.."ശരത് മുഖത്ത് ഒരു ചിരി വരുത്തി പറഞ്ഞു.
"ഇറ്റ്സ് ഓക്കേ ശരത്തേട്ടാ ..ഞാൻ ക്ലീൻ ചെയ്തോളാം .."സുമ അദ്ദേഹത്തെ സമാധാനിപ്പിച്ചു.
"എനിക്കറിയാം..ഷീ  വാസ് എ ബ്രില്ലിയൻറ് ഗേൾ.ആ കുട്ടി നല്ല ഡെഡിക്കേറ്റഡ് ആൻഡ് ഹാർഡ് വർക്കിംഗ് ആയിരുന്നു..പക്ഷെ എന്ത് ചെയ്യാം..ഫെയിറ്റ്!"ശരത് ഒരു നെടുവീർപ്പോടെ  പറഞ്ഞു.
"ആ കുട്ടിയുടെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നല്ലോ?അവളെ രക്ഷപെടുത്താൻ ശ്രമിച്ച ഒരു യങ്ങ്  മാൻ?"ശരത് ചോദിച്ചു.ജിതേഷ് കഴിച്ചുകൊണ്ടിരുന്നത് നിർത്തി..
"അതെ.. നന്ദൻ..എന്റെ ബ്രദർ ആണ്.."ജിതേഷ് പറഞ്ഞു.
"ഓ മൈ ഗോഡ്! ഐ ആം സൊ സോറി! എനിക്കറിയില്ലായിരുന്നു.." ശരത് വിഷമത്തോടെ പറഞ്ഞു.
"ആ ക്രിമിനലിനെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ലല്ലോ..ഹരി?"ശരത് ചോദിച്ചു.ശ്രീബാല പല്ലുകടിച്ചു.ജിതേഷ് അവളെ നോക്കി.
സുമയുടെയും ശ്രീബാലയുടെയും കണ്ണുകൾ പരസ്പരം കൂട്ടി മുട്ടി.താൻ ഹരിയുടെ സിസ്റ്റർ ആണെന്ന് താൻ സുമയോട് പറഞ്ഞത് സുമ ശരത്തിനോട് പറഞ്ഞിരിക്കില്ല എന്നവൾക്ക് തോന്നി.അതായിരിക്കണമല്ലോ തന്റെ മുൻപിൽ വെച്ച് ഹരിയേട്ടനെ പറ്റി  ഇങ്ങനെ ഒരു ചോദ്യം അയാൾ ചോദിച്ചത്.
"നമ്മൾക്ക് ഈ ടോപ്പിക്ക് വിടാം..വേറെ എന്തൊക്കെ നല്ല കാര്യങ്ങൾ സംസാരിക്കാനുണ്ട്.."സുമ വിഷയം മാറ്റി. "ശരിയാണ് കണ്ട ക്രിമിനൽസിനെ  പറ്റി നമ്മൾ എന്തിനാ സംസാരിച്ച് നമ്മടെ മൂഡ് കളയുന്നത്.."ശരത് ചിരിച്ചുകൊണ്ട് പറഞ്ഞു.ശ്രീബാലയ്ക്ക് എഴുന്നേറ്റ് അയാളുടെ കരണത്ത് ഒരെണ്ണം  പൊട്ടിക്കണമെന്ന് തോന്നി.ജിതേഷ് സ്പൂണും ഫോർക്കും താഴെ പ്ലേറ്റിൽ വെച്ച് ടേബിളിനടിയിൽ കൂടി അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ ഇടതു കൈ എടുത്ത് പൊതിഞ്ഞ് പിടിച്ചു..എന്നിട്ട് വീണ്ടും കഴിച്ച് തുടങ്ങി.
“ബാല  പറഞ്ഞു കാണുമല്ലോ ഞങ്ങൾ തമ്മിൽ കുറച്ച് ഇഷ്യൂസ്  ഉണ്ടായിരുന്നു.അതെല്ലാം സോർട് ഔട്ട് ചെയ്ത് ഞങ്ങൾ പുതിയൊരു ലൈഫ് തുടങ്ങാൻ പോവുകയാണ്..ഞാൻ ഉടനെ തന്നെ ഇദ്ദേഹത്തിന്റെ കൂടെ തിരികെ ബോംബെയിലേക്ക് പോവും.അതിന് മുൻപ് ചെറിയൊരു ഗെറ്റ് ടുഗെതർ.അത്രയേ ഉദ്ദേശിച്ചുള്ളൂ.." സുമ പറഞ്ഞു.
"ഉവ്വ്..ബാല എന്നോട് പറഞ്ഞിരുന്നു.അവൾക്ക് മാഡത്തെ  പറ്റി പറയുമ്പോ നൂറ് നാവാണ്.."ജിതേഷ് ചിരിയോടെ പറഞ്ഞു.
"എന്നിട്ടെന്താ ആൾക്കിന്ന് ഒരു ഉഷാറില്ലാത്തത്?" സുമ ശ്രീബാലയെ നോക്കി ജിതേഷിനോട്  ചോദിച്ചു.
ജിതേഷ് എന്ത് പറയണമെന്നറിയാതെ ശ്രീബാലയെ നോക്കി.
"അത് ചിലപ്പോ ഞാൻ കൂടെ ഉള്ളത് കൊണ്ടാവും സുമേ."ശരത് പറഞ്ഞു.
"ശ്രീബാലയ്ക്ക് എന്നെ പറ്റിയുള്ള ഫസ്റ്റ് ഇമ്പ്രെഷൻ അത്ര നല്ലതല്ല കേട്ടോ ജിതേഷ്..ഒരിക്കെ  ശ്രീബാല ഇവിടെ വന്നപ്പോൾ ഞാനും സുമിയും അത്ര നല്ല ഫോമിൽ അല്ലായിരുന്നു.വീ  വേർ  ഹാവിങ് എ ഹീറ്റെഡ് ആർഗ്യുമെന്റ് ആൻഡ് വീ  വേർ  ഷൗട്ടിങ് അറ്റ് ഈച്ച് അദർ..എന്റെ പ്രെസെൻസ്  ശ്രീബാലയ്ക്ക് അത്ര  കംഫർട്ടബിൾ ആയിരിക്കില്ല.. "ശരത് വിഷമത്തോടെ പറഞ്ഞു.
"അയ്യോ അതൊന്നുമല്ല സാർ..അവൾ കുറച്ച് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.മാഡം പറഞ്ഞു കാണുമല്ലോ..അവൾ  ആ ഷോക്കിൽ നിന്നും റിക്കവർ ആയി വരുന്നതേ ഉള്ളു.. ആള് നല്ല ടയേർഡ് ആണ്."ജിതേഷ് പറഞ്ഞു.
"യെസ് യെസ്..സുമ പറഞ്ഞിരുന്നു.."ശരത് പറഞ്ഞു.
"മോളൊന്നും കഴിക്കുന്നുമില്ലല്ലോ.. എന്ത് പറ്റി  വിശപ്പില്ലെ?"ശരത്ത് ചോദിച്ചു.
"വിശപ്പില്ല.."ശ്രീബാല ഗൗരവത്തിൽ പറഞ്ഞു.
"വിശപ്പില്ല.. ടയേർഡ്  ആണ്..എന്തോ മണക്കുന്നുണ്ടല്ലോ?ജൂനിയർ ജിതേഷ് വരുന്ന ലക്ഷണം കാണുന്നുണ്ടല്ലോ.."സുമ ശ്രീബാലയെ കളിയാക്കി.
ജിതേഷ് അത് കേട്ട് വല്ലാതായി.അവൻ ശ്രീബാലയെ നോക്കി.
"അങ്ങനെ എന്തെങ്കിലും ആണെങ്കിൽ  നേരെ ഞങ്ങളുടെ കൂടെ ബോംബെയിലേക്ക് വന്നോളൂ. അവിടെ ഞങ്ങളുടെ ഹോസ്പിറ്റൽ ഉണ്ടല്ലോ..ഡെലിവറി വരെ ഉള്ള എല്ലാ കാര്യങ്ങളും ഫ്രീ.നിങ്ങൾ ആയത് കൊണ്ട് സ്പെഷ്യൽ കൺസിഡറേഷൻ.."ശരത് ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതെ! ഇല്ലാത്ത ഗർഭം ഉണ്ടെന്ന് പറഞ്ഞ് കള്ള റിപ്പോർട്ട് എഴുതി ആളുകളെ വിശ്വസിപ്പിക്കാൻ  നിങ്ങൾ പണ്ടേ മിടുക്കർ ആണല്ലോ!"
ശ്രീബാല പറഞ്ഞത് കേട്ട് സുമയും ശരത്തും സ്തബ്ധരായി ഇരുന്നുപോയി!
കണ്ണൻ അന്ന് ഉപദ്രവിക്കാൻ ശ്രമിച്ച  ഷോക്കിൽ അവൾ എന്തെങ്കിലും പിച്ചും പെയ്യും പറയുകയാണോ എന്നോർത്ത് ജിതേഷ് അവളുടെ കൈയിൽ ചെറുതായൊന്ന് തട്ടി.
"നീ എന്താ ബാലെ  ഈ  പറയുന്നത്?" ജിതേഷ് അവളെ ശാസിച്ചു.ശ്രീബാലയുടെ ഭാവമാറ്റം കണ്ട് ഭോലയും കഴിപ്പ് നിർത്തി. സുമയും ശരത്തും ആകെ പകച്ചിരിക്കുകയാണ്.
"ഞാൻ പറഞ്ഞത് ശെരി അല്ലെന്ന് ഇവർ പറയട്ടെ.."ശ്രീബാല രണ്ടുപേരെയും നോക്കി.
"കുട്ടി എന്താ ഈ പറയുന്നത്?ആര് എന്ത് കള്ള റിപ്പോർട്ട് ഉണ്ടാക്കി എന്നാ?" ശരത്ത് ചോദിച്ചു.
"ഒന്നുമറിയില്ല അല്ലെ?അന്ന് പാർക്കിൽ വെച്ച് നടന്ന ആ സംഭവത്തിന് ശേഷം മിഥിലയെ നിങ്ങളുടെ  സേവാ മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ തന്നെയായിരുന്നു അഡ്മിറ്റ് ചെയ്തിരുന്നത്.. "ശ്രീബാല പറഞ്ഞുതുടങ്ങി.എന്നിട്ട് തന്റെ ഫോണിലെ ഗാലറിയിൽ രണ്ട് ഫോട്ടോസ് എടുത്തു. അത് എന്തൊക്കെയോ  ഡോക്യുമെന്റ്സ്  ആയിരുന്നു.."എന്റെ ഫോണിൽ മിഥിലയുടെ രണ്ട് മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. ഈ രണ്ടാമത്തെ   റിപ്പോർട്ടിൽ ആണ്  ഫിസിക്കൽ ചെക്കപ്പ്  കഴിഞ്ഞ്  മിഥില പ്രഗ്നൻറ്  ആണെന്ന് കൺഫേം ചെയ്തിരിക്കുന്നത്.ഒന്നാമത്തെ റിപ്പോർട്ട് അതായത് മിഥിലയെ അഡ്മിറ്റ് ചെയ്ത്  കഴിഞ്ഞ് നടത്തിയ ആദ്യ ഫിസിക്കൽ  ചെക്കപ്പിന്റെ ഡീറ്റെയിൽസ്  അടങ്ങിയ  റിപ്പോർട്ട്  ഇതുവരെ പുറം ലോകം കണ്ടിരുന്നില്ല.അങ്ങനെ ഒരു റിപ്പോർട്ട് ഉണ്ടെന്ന് പോലും ആ ഹോസ്പിറ്റലിലെ കുറച്ച് സ്റ്റാഫിനല്ലാതെ   മിഥിലയ്‌ക്കോ അവളുടെ കുടുംബത്തിനൊ മറ്റാർക്കും തന്നെ അറിയാമായിരുന്നില്ല. " ശ്രീബാല കസേരയിൽ  നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു..ശരത്ത് വിയർത്ത് തുടങ്ങി.സുമയുടെ മുഖത്തും നല്ല വെപ്രാളം ഉണ്ടായിരുന്നു.
"പറയണം സുമ മാഡം.. ആദ്യത്തെ റിപ്പോർട്ട് എഴുതിയിരിക്കുന്നത് ഡോക്ടർ ശ്രീനിവാസൻ എന്നൊരാൾ ആണ്.പക്ഷെ അദ്ദേഹം അന്ന് തന്നെ ആ ഹോസ്പിറ്റലിൽ നിന്നും റിസൈന്‍  ചെയ്തു.അല്ലെങ്കിൽ ചെയ്യിച്ചു! അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു വൻ തുക ഒഴുകിയെത്തിയതും അദ്ദേഹം ബോംബെ വിട്ടു. അൺകോൺഷ്യസ്   ആയിരുന്ന മിഥിലയെ പിന്നീട്  ചികിൽസിച്ചതും  ആദ്യത്തെ റിപ്പോർട്ട് തിരുത്തി അവൾ പ്രെഗ്നന്റ് ആണെന്ന് കാണിച്ച് രണ്ടാമതൊരു റിപ്പോർട്ട് എഴുതിയതും മറ്റാരുമല്ല..ആ പേപ്പറിൽ  നിങ്ങളുടെ പേരും ഒപ്പും തന്നെ അല്ലെ ഉള്ളത്  ഡോക്ടർ.സുമ ശരത്?"ശ്രീബാലയുടെ ചോദ്യം കേട്ട് സുമ കുറ്റം പിടിപ്പിക്കപ്പെട്ടവളെ  പോലെ മുഖം താഴ്ത്തി ഇരുന്നു!
ജിതേഷ് അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി അവൾ പറഞ്ഞ രണ്ട് റിപ്പോർട്ടുകളും വായിച്ച് തുടങ്ങി.അതിൽ ഫസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ചതും അവന്റെ തലയ്ക്കകത്ത് ഒരു സ്ഫോടനം നടന്നു!അവൻ വിശ്വാസം വരാതെ സുമയെയും ശരത്തിനെയും മാറി മാറി നോക്കി.
ജിതേഷിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.അവന്റെ കണ്ണുകൾ കുറുകി.
"ഇതിൽ പറഞ്ഞിരിക്കുന്നത് സത്യം ആണോ?"ജിതേഷ് അവരെ നോക്കി ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല.
"എന്താണതിൽ പറഞ്ഞിരിക്കുന്നതെന്നറിയാതെ എന്ത് പറയാൻ ആണ്?"ശരത് നീരസത്തോടെ ചോദിച്ചു.
" മിഥിലയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ അവൾക്ക് ബ്ലീഡിങ് ഉണ്ടായിരുന്നുവെന്നും അത്  റേപ്പ്  ആണെന്ന് പ്രഥമദൃഷ്ടിയാൽ തോന്നുമെങ്കിലും അതല്ല മറിച്ച് അത് മെൻസസിന്റെ ബ്ലീഡിങ് ആയിരുന്നു എന്നും  ഡോക്ടർ ശ്രീനിവാസൻ കൺഫേം ചെയ്തിരിക്കുന്ന റിപ്പോർട്ട് ആണിത്..  പിന്നെങ്ങനെ ആണ് മിഥില പ്രെഗ്നന്റ് ആണെന്ന് നിങ്ങൾ കൺഫേം ചെയ്തത്?"ജിതേഷിന്റെ സ്വരം കനത്തു.സുമ ഒന്നും മിണ്ടാതെ ഇരുന്നു.ശരത്  നന്നേ വിയർക്കുന്നുണ്ടായിരുന്നു.
"ഇങ്ങനെ ഒരു റിപ്പോർട്ടിനെ പറ്റി ഞങ്ങൾക്കറിയില്ല..  ശ്രീബാലയ്ക്ക് ഇത്  എവിടുന്ന് കിട്ടി?ഞങ്ങളോട് വിരോധം ഉള്ള ആരെങ്കിലും മനപ്പൂർവം കെട്ടിച്ചമച്ച റിപ്പോർട്ട് ആയിരിക്കുമിത്."ശരത് ശ്രീബാലയോട് ചോദിച്ചു.
"അതെ കെട്ടിച്ചമച്ചതാണ്..വേറാരുമല്ല.നിങ്ങൾ തന്നെ!"ശ്രീബാല സുമയുടെയും ശരത്തിന്റെയും നേരെ വിരൽ ചൂണ്ടി.
"കുറച്ച് മുൻപ് നിങ്ങൾ വിളിച്ചില്ലേ  ക്രിമിനൽ എന്ന്?ആ ക്രിമിനലിന്റെ സ്വന്തം പെങ്ങളാ ഞാൻ!"ശ്രീബാല ശരത്തിനെ നോക്കി പല്ലുകടിച്ചു.
ശരത് അത് കേട്ട് കണ്ണ് മിഴിച്ചു.ഹരിയും ശ്രീബാലയുമായി അങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് അയാൾക്ക് അറിയില്ലായിരുന്നു.
"ഓഹോ?ആങ്ങളയും പെങ്ങളേയും കൂടി ഉള്ള ഒത്തുകളി ആണല്ലേ?എവിടുന്നോ ഒരു കള്ള റിപ്പോർട്ടും കൊണ്ടുവന്ന് കുറ്റം എല്ലാം ഞങ്ങളുടെ തലയിൽ കെട്ടിവെച്ചാൽ നിന്റെ  ആങ്ങളയ്ക്ക് രെക്ഷപെടാനാവുമല്ലോ.കൊള്ളാം ! ബുദ്ധി കൊള്ളാം ! "ശരത് അവളെ പുച്ഛിച്ചു.
"ഈ റിപ്പോർട്ട് കണ്ടിട്ട് അത് ഫോർജ്ഡ് ആണെന്ന് എനിക്ക് തോന്നുന്നില്ല.ഇതിൽ സാറിന്റെ വൈഫിന്റെ സിഗ്നേച്ചർ തന്നെ ആണുള്ളത്.."ജിതേഷ് ഫോൺ ശരത്തിന് നേരെ നീട്ടി പറഞ്ഞു.
"ഒരു സിഗ്നേച്ചർ കോപ്പി ചെയ്യാൻ ഇത്ര പ്രയാസമാണോ  ജിതേഷ്?താങ്കളുടെ ഒപ്പ് കാണിച്ച് തരു.താങ്കൾക്ക് പോലും സംശയം തോന്നാത്ത വിധം താങ്കളുടെ കള്ളയൊപ്പിടുന്ന അനേകം പേരെ ഞാൻ കാണിച്ച് തരാം.."ശരത് വെല്ലു വിളിച്ചു.
"ശരി..സമ്മതിച്ചു.ഈ റിപ്പോർട്ട് വിശ്വസിക്കേണ്ട.പക്ഷെ നിങ്ങൾ എല്ലാവരും മറന്നുപോയ ഒരു മുഖമുണ്ട്.."ശ്രീബാല ജിതേഷിന്റെ കൈയിൽ നിന്നും അവളുടെ ഫോൺ വാങ്ങി അതിൽ ഒരു വീഡിയോ പ്ലേയ് ചെയ്തു.
ഫോണിലെ വിഡിയോയിൽ  സംസാരിച്ച് തുടങ്ങിയ ആ സ്ത്രീരൂപത്തെ കണ്ട് സുമയും ശരത്തും ഒരുപോലെ ഞെട്ടിത്തരിച്ചു!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

ബാലവേണി - ഭാഗം 25


ഒരു പാർക്കിന്റെ പിൻ വശത്തുള്ള മതിൽ ചാടിക്കടന്ന് ഹരി റോഡിലേക്ക് ഇറങ്ങി ഓടുന്ന വിഡിയോ ആയിരുന്നു അത്..അവന്റെ ഷർട്ടിൽ  മുഴുവൻ ചോരക്കറ ഉണ്ടായിരുന്നു! മുഖത്ത് നല്ല പരിഭ്രമവും.
"ഇത് സംഭവം നടന്ന അന്ന് പാർക്കിന്റെ പിന്നിൽ ഉള്ള ഒരു എ.ടി.എമ്മിൽ  നിന്നും കിട്ടിയ സി.സി.ടി.വി ഫൂട്ടേജ്  ആണ്.മിത്തുവിനെയും നന്ദനെയും വക വരുത്തിയിട്ട് ഹരി  അവിടെ നിന്നും രക്ഷപെടുന്ന വീഡിയോ.ഇപ്പൊ നിഷേധിക്കുന്നുണ്ടോ?"ജിതേഷ് പരിഹാസത്തോടെ ചോദിച്ചു.
"ഇല്ല ഇതിൽ എന്തോ ചതിയുണ്ട്.എന്റെ ഹരിയേട്ടൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല!" ശ്രീബാല വിശ്വസിക്കാൻ തയ്യാറായില്ല.
"ശ്യാമയും ഇത് തന്നെയാണ് പറയുന്നത്.ഹരിയും മിത്തുവും തമ്മിലുള്ള പ്രണയം അവൾക്ക് അറിയാമായിരുന്നു.പക്ഷെ മിത്തു  പ്രെഗ്നന്റ് ആണെന്ന വിവരം ശ്യാമ  അറിഞ്ഞിരുന്നില്ല.എന്നിട്ടും ഹരി അല്ല ഈ കൊലപാതകത്തിന് പിന്നിലെന്ന്  ശ്യാമ ഇന്നും ഉറച്ച് വിശ്വസിക്കുന്നു..നിനക്ക് നിന്റെ ഹരിയേട്ടനെ ശരിക്കറിയില്ല ബാലെ.ഏതോ ഒരു മർഡർ  കേസിൽ ഇൻവോൾവ്ഡ് ആണ് എന്നല്ലാതെ ആ പെൺകുട്ടി ആരാണെന്നും മറ്റുമുള്ള ഡീറ്റെയിൽസ് നിനക്ക് അറിയാമായിരുന്നോ?നിനക്കെന്നല്ല ആർക്കും അറിയില്ല.അന്ന് മിത്തുവിന്റെയും ശ്യാമയുടെയും  അച്ഛന്റെ അപേക്ഷ മാനിച്ച് മിത്തുവിന്റെ പേരും ഡീറ്റെയ്ൽസും പോലീസ് പുറത്ത് വിട്ടില്ല. വിവാഹം കഴിക്കാതെ മകൾ കാമുകനിൽ നിന്നും ഗർഭിണി ആവുക പിന്നീട് അതെ കാമുകനാൽ ആക്രമിക്കപ്പെടുക  ഇതൊന്നും  പുറം ലോകം അറിയാൻ അദ്ദേഹം ആഗ്രഹിച്ചില്ല.മിത്തുവിന്റെ റിലേറ്റീവ്‌സിന്  പോലും അറിയില്ല മിത്തുവിന്റെ മരണം കൊലപാതകമായിരുന്നുവെന്ന്.ഒരു ആക്സിഡന്റ് ആണെന്നാണ് അന്ന് ശ്യാമയും അവളുടെ അച്ഛനും എല്ലാവരോടും പറഞ്ഞിരുന്നത്.."ജിതേഷ് പറഞ്ഞു.
ശ്രീബാല അപ്പോഴും വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു.താൻ അറിയുന്ന ഹരിയേട്ടൻ ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യില്ല എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു.അതുകൊണ്ട് തന്നെയാണ് തന്റെ നിരപരാധിത്വം തെളിയിക്കാനായി പോലീസിൽ കീഴടങ്ങാതെ  അവൻ ഇത്ര നാളായി ഒളിവിൽ കഴിയുന്നതും.
"ഹരി  നിനക്ക് കൊടുത്തയച്ച രഹസ്യ ഫോൺ വഴി പരസ്പരം വിശേഷങ്ങൾ കൈമാറിയിരുന്നപ്പോൾ ഒരിക്കൽ പോലും അവൻ നിന്നോടിതൊന്നും പറഞ്ഞിരുന്നില്ല അല്ലെ?"ജിതേഷ് ചോദിക്കുന്നത് കേട്ട് ശ്രീബാല ഞെട്ടി അവനെ നോക്കി.
"നീ പറഞ്ഞത് ശരി ആണ്.ഞാൻ ഹരിയുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.അങ്ങനെ ഹരി നീയുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി.പക്ഷെ അവന്റെ  ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചില്ല.പെങ്ങന്മാർക്കൊരാപത്ത് വന്നാൽ ഹരി  അവിടെ പറന്നെത്തും എന്നൊരു ബുദ്ധി അപ്പോഴാണ് മനസ്സിൽ തോന്നിയത്.പിന്നീടങ്ങോട്ട്  അതിന് വേണ്ടിയുള്ള പ്ലാനിംഗ് ആയിരുന്നു.എന്റെ സ്റ്റാഫ് ആയിരുന്ന കണ്ണനെയും കൂടെ കൂട്ടി നിങ്ങടെ നാട്ടിൽ വന്നു.ബ്രോക്കർ  രാഘവനെ കണ്ടു.പണം മനുഷ്യനെ പിശാചാക്കുമെന്നാണല്ലോ..കുറച്ച് കാശ് കൊടുത്തപ്പോൾ അയാൾ ഫ്ലാറ്റ്! നാടക സമിതിയിലെ അഭിനേതാക്കളെ  വാടയ്ക്കെടുത്തു.സുധിയുടെയും  കുടുംബത്തിന്റെയും റോൾ അവർ ഭംഗിയായി അവതരിപ്പിച്ചു..പിന്നീട് നിങ്ങളുടെ സ്നേഹം പിടിച്ച് വാങ്ങുകയായിരുന്നു അടുത്ത സ്റ്റെപ്. ഇല്ലാത്ത ഒരു റിയൽ എസ്റ്റേറ്റ് ഡീൽ നടക്കാതെ പോയെന്ന് കള്ളം പറഞ്ഞ്  കല്യാണം  നീട്ടി വെച്ചു.പെണ്മക്കളുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും പോവാൻ ശേഖരൻ  മാഷ് തയ്യാറാകുമെന്ന് എനിക്കറിയാമായിരുന്നു. കാലൻ സാബുവിന്റെ കാര്യം രാഘവൻ വഴി ഈ ഞാൻ തന്നെയാണ് നിന്റെ അച്ഛന്റെ  അടുത്ത് അവതരിപ്പിച്ചത്.അങ്ങനെ സ്വന്തം വീട് പണയത്തിൽ വെച്ച് അദ്ദേഹം ഈ കല്യാണം നടത്തി.പിന്നീട് സത്യങ്ങൾ അറിയുമ്പോ രക്ഷപ്പെട്ടോടാൻ കഴിയാത്ത വിധം നിങ്ങളെ പൂട്ടി ഇടുക എന്ന ഉദ്ദേശയമായിരുന്നു  അതിന് പിന്നിൽ..പക്ഷെ.."ജിതേഷ് പറഞ്ഞ് നിർത്തി .എന്നിട്ട് ശ്രീബാലയെ  നോക്കി.അവൾ  കരഞ്ഞുകൊണ്ട് അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. കഴിഞ്ഞുപോയ സംഭവങ്ങൾ എല്ലാം ഒരു സിനിമ കണക്കെ അവളുടെ മനസ്സിൽ  കൂടി കടന്നുപോയി.
"പക്ഷെ.. ഇതിനിടയിൽ നിന്നെ എപ്പോഴാണ് ഞാൻ സ്നേഹിച്ചു തുടങ്ങിയതെന്ന് എനിക്കറിയില്ല ബാലെ.. നിന്റെ ആബ്സെൻസ് എന്നെ ഒട്ടും ബാധിക്കില്ല എന്നാണ് ഞാൻ കരുതിയത്..പക്ഷെ നീ അന്ന് രാത്രി അമ്പലത്തിൽ  പോയിട്ട് തിരികെ വരാൻ വൈകിയപ്പോൾ ഞാൻ അനുഭവിച്ച ടെൻഷൻ ഭയം ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല.നിന്നെ വെറുക്കാൻ ശ്രമിക്കുമ്പോഴും അകറ്റി നിർത്താൻ ശ്രമിക്കുമ്പോഴും നീ കൂടുതൽ എന്നിലേക്ക് അടുത്തുകൊണ്ടിരുന്നു.ഹോട്ടൽ റൂമിൽ നീ രക്തത്തിൽ കുളിച്ച് കിടക്കുന്ന ആ കാഴ്ച്ച ! അന്ന് ഞാൻ മാനസ്സിലാക്കി നീ എന്റെ ജീവന്റെ ഒരു ഭാഗം ആണെന്ന്.നീ  ഇല്ലാതെ എനിക്കൊരു നിമിഷം പോലും സങ്കൽപ്പിക്കാനാവില്ല  എന്ന് !"ജിതേഷ് പറഞ്ഞു. ശ്രീബാലയ്ക്ക് സന്തോഷം കൊണ്ട് വീർപ്പുമുട്ടി.പക്ഷെ അതെ സമയം ഹരിയെക്കുറിച്ച് അറിഞ്ഞതെല്ലാം ഓർത്ത് അവളുടെ മനസ്സ്  നീറിപ്പുകഞ്ഞു.
"ഞാൻ കാലുപിടിക്കാം..എന്റെ ഹരിയേട്ടനെ ഒന്നും ചെയ്യരുത്.സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണം.എന്റെ ഹരിയേട്ടനെ രക്ഷിക്കണം!" ശ്രീബാല കരഞ്ഞു പറഞ്ഞു.
ജിതേഷ് അവളെ രൂക്ഷമായൊന്ന് നോക്കി.പിന്നെ ഒന്നും മിണ്ടാതെ മുറിയിൽ  നിന്നും ഇറങ്ങിപ്പോയി.കരയുകയല്ലാതെ ശ്രീബാലയ്ക്ക് വേറെ വഴിയൊന്നും ഇല്ലായിരുന്നു...
പിന്നീട് ശ്രീബാല ഹോസ്പിറ്റലിൽ ആണെന്ന വിവരം അറിഞ്ഞ് സുമ അവളെ കാണാൻ എത്തി.ജിതേഷ് മുറിയിൽ ഇല്ലായിരുന്നു.ശ്രീബാല കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു.
ശ്രീബാലയുടെ കൈ എടുത്ത് സുമ തന്റെ കൈക്കുള്ളിൽ വെച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്റെ മോളെ എന്തിനാടാ  നീ ഇങ്ങനെ ഒരു കടും കൈ കാണിച്ചത്?"സുമ അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് ചോദിച്ചു.
ശ്രീബാല കരഞ്ഞുകൊണ്ട് അവരെ നോക്കി.
"അതിന് പകരം നിനക്ക് ആ ചെകുത്താനെ ഒറ്റ കുത്തിന്  കൊന്നുകൂടായിരുന്നോ?ഞാൻ രെക്ഷിക്കുമായിരുന്നല്ലോ നിന്നെ."സുമ പറഞ്ഞത് കേട്ട് ശ്രീബാല വിഷാദത്തോടെ ചിരിച്ചു.
"ഞാൻ മരിക്കുന്നത് തന്നെയാണമ്മെ  നല്ലത്..ജീവിച്ചിരിക്കണമെന്ന് എനിക്കൊട്ടും ആഗ്രഹമില്ല.."ശ്രീബാല തളർന്ന സ്വരത്തിൽ പറഞ്ഞു.
"നല്ല അടി ഞാൻ വെച്ച് തരും കേട്ടോ.എന്ത് വർത്തമാനമാ നീ ഈ പറയുന്നത്?" സുമ അവളെ വഴക്ക് പറഞ്ഞു.
"ഞാൻ പറഞ്ഞത് സത്യമാ അമ്മെ..എന്റെ പ്രശ്നങ്ങൾ അമ്മയ്ക്കറിയില്ല.ആർക്കുമറിയില്ല.."ശ്രീബാല കരഞ്ഞുപോയി.
"എന്താടാ?എന്താ മിന്നു കാര്യം പറയ്..എന്തിനാ മോള് കരയുന്നത്?"സുമ ചോദിച്ചതും ശ്രീബാല കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു.
അവൾ ഇതുവരെ സംഭവിച്ച കാര്യങ്ങളൊക്കെ സുമയെ  വിശദമായി പറഞ്ഞ് കേൾപ്പിച്ചു.എല്ലാം കേട്ട് സുമ തരിച്ചിരുന്ന് പോയി!അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"മോള്..മോള് ഹരിയുടെ സിസ്റ്റർ ആയിരുന്നോ?" സുമ വിശ്വാസം വരാതെ ചോദിച്ചു..
"അതെ അമ്മെ..അമ്മയ്ക്കറിയുമോ ഹരിയേട്ടനെ?"ശ്രീബാല ചോദിച്ചു.
"അത് പിന്നെ..അറിയില്ല..അന്ന് ന്യൂസ് പേപ്പറിൽ ഒക്കെ വായിച്ചിരുന്നു ഈ കേസിനെ പറ്റി.അതാ ചോദിച്ചത്.."സുമ പറഞ്ഞത് കള്ളമാണെന്ന് ശ്രീബാലയ്ക്ക് തോന്നി.അവർ എന്തോ മറയ്ക്കാൻ പാടുപെടുന്നത് പോലെ.
"മോള് ഒന്നുമോർത്ത് വിഷമിക്കണ്ട.ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ച് തരും.."സുമ അവളെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.
അപ്പോഴാണ് ജിതേഷ് ഫോണിൽ സംസാരിച്ചുകൊണ്ട് മുറിക്കകത്തേക്ക് വന്നത്..
സുമ അവനെ കണ്ട് പെട്ടെന്ന് എഴുന്നേറ്റു.ജിതേഷ് അതാരാണെന്ന  ഭാവത്തിൽ ശ്രീബാലയെ നോക്കി.
"ഞാൻ പറയാറില്ലേ..ഡോക്ടർ സുമ?  .."ശ്രീബാല പറഞ്ഞു.
"ഓഹ് അറിയാം..ബോംബെയിലെ  സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ   ഓണർ..അല്ലെ?"ജിതേഷ് സുമയ്ക്ക്  കൈകൊടുത്തുകൊണ്ട് പറഞ്ഞു.
അവർ തിരിച്ചും കൈകൊടുത്തു.പക്ഷെ ജിതേഷിനോട്  സംസാരിക്കുമ്പോഴൊക്കെയും  സുമയുടെ  മുഖത്ത് എന്തോ പരവേശം ഉള്ളതായി ശ്രീബാലയ്ക്ക് തോന്നി.
"നാളെ ഡിസ്ചാർജ് ആവുമല്ലോ അല്ലെ...എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.." സുമ ശ്രീബാലയുടെ അടുത്ത് വന്ന് പറഞ്ഞു.പിന്നെ അവളുടെ നെറ്റിയിൽ ഉമ്മ കൊടുക്കാനെന്ന വ്യാജേന അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.
"സൂക്ഷിക്കണം! മനസ്സറിഞ്ഞ് ദൈവത്തെ വിളിച്ചോളൂ.!"അവർ അവളുടെ  ചെവിയിൽ പറഞ്ഞു.സുമ പറഞ്ഞതെന്തെന്ന് മനസ്സിലാവാതെ അന്താളിപ്പോടെ ശ്രീബാല അവർ പോവുന്നതും നോക്കി കിടന്നു
******
വേണി കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു.മനസ്സിൽ ഇത്രയും സങ്കടങ്ങൾ കൊണ്ടുനടന്നിരുന്ന ഒരാളായിരുന്നു ഗിരി എന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.വീട്ടിൽ നിന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞ് ഇറങ്ങിയിട്ട് തിരികെ വന്ന് കയറുമ്പോൾ സ്വന്തം അമ്മയുടെയും പെങ്ങളുടെയും അനിയന്റെയും  തണുത്ത് വിറങ്ങലിച്ച ശരീരം കാണേണ്ടി വന്ന  ഒരു പതിനഞ്ചു   വയസുകാരന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് അവൾക്ക് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു. തന്നെ അയാൾ എന്നും സ്നേഹിച്ചിട്ടേ ഉള്ളു.എല്ലാ അപകടങ്ങളിൽ നിന്നും രെക്ഷിച്ചിട്ടേ ഉള്ളു.എന്നിട്ടും താൻ അയാളുടെ കരണത്തടിച്ചു.അതും അയാളുടെ വിയർപ്പു കൊണ്ടുണ്ടാക്കിയ ചോറ് കഴിച്ച അതെ കൈകൊണ്ട്. ഓർക്കുന്തോറും അവളുടെ നെഞ്ച്  വേദനിച്ചു.ആ നിമിഷത്തെ അവൾ ശപിച്ചു. ഗിരി പോയിട്ട് ദിവസങ്ങളായി.കുട്ടനെ ഫോണിൽ വിളിക്കുന്നത് കേൾക്കാറുണ്ട്.പക്ഷെ തന്നെ പറ്റി എന്തെങ്കിലും ചോദിക്കുകയോ അന്വേഷിക്കുകയോ ഒന്നും ചെയ്യാറില്ലായിരുന്നു.
കുട്ടൻ പഴയത്പോലെ അല്ലെങ്കിലും അവളോട് വീണ്ടും സംസാരിച്ച് തുടങ്ങിയിരുന്നു.വേണി അവനോട് ഗിരി എവിടെയാണെന്ന് തിരക്കുമ്പോഴൊന്നും അവൻ കാര്യമായി ഒരു ഉത്തരം പറഞ്ഞിരുന്നില്ല.
പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ടപ്പോൾ വേണി  പേടിച്ചു.അന്നത്തെ തമിഴനും കൂട്ടരും പിന്നെയും വന്നതാവുമോ എന്നവൾ ഭയന്നു.കുട്ടൻ ബാത്‌റൂമിൽ ആയിരുന്നത് കൊണ്ട് അവൾ അങ്ങോട്ട്  ചെന്നു.വീണ്ടും മുട്ട് കേട്ടു.വാതിൽ തുറക്കണോ  വേണ്ടയോ എന്നവൾ സംശയിച്ചു. മുട്ടിന്റെ ശക്തി കൂടിയപ്പോൾ അവൾ പെട്ടെന്ന് അടുക്കളയുടെ സൈഡിൽ കിടന്ന ഒരു വാക്കത്തി കൈയിൽ എടുത്തു.
പെട്ടെന്ന് കുട്ടൻ ബാത്റൂമിന്റെ  വാതിൽ തുറന്ന് അടുക്കളയിലോട്ട് വന്നു.അവൻ മുൻവശത്തെ വാതിൽ തുറക്കാൻ ഭാവിച്ചപ്പോൾ വേണി അവനെ തടഞ്ഞു.
അവൻ അത് ശ്രദ്ധിക്കാതെ വാതിൽ തുറന്നു.മുൻപിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ വേണിയുടെ കൈയിൽ നിന്നും കത്തി താഴേക്ക് വീണു.അത് ഗിരിയായിരുന്നു! അവനെ കണ്ടതും വേണിയുടെ മനസ്സിൽ ഒരു കടലിരമ്പി! അവളുടെ മുഖത്ത് സന്തോഷവും സങ്കടവും ദേഷ്യവും പരിഭവവും അങ്ങനെ ഒരുപാട് വികാരങ്ങൾ തെളിഞ്ഞു.
ഗിരി വേണിയെ  ശ്രദ്ധിക്കാതെ അകത്ത് കയറി.അവൾ അയാളെ  തന്നെ നോക്കി നിൽക്കുകയായിരുന്നു.ഗിരി മുറിയിൽ കയറി തന്റെ ഷർട്ട്  എടുത്ത് അടുക്കള വാതിൽ തുറന്ന് ബാത്‌റൂമിൽ  കയറി.വേണി അപ്പോഴേക്കും ഗിരിക്ക്  കഴിക്കാൻ ഉള്ളതൊക്കെ പ്ലേറ്റിലേക്ക് എടുത്ത് വെച്ച് അയാളെ  കാത്തിരുന്നു.കുട്ടൻ ചെയ്തോളാം എന്ന്  പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല..കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ അടുക്കളയിൽ ആഹാരവുമായി തന്നെ കാത്തിരിയ്ക്കുന്ന വേണിയെ ഗിരി കണ്ടു.പക്ഷെ അയാൾ   അവളെ ശ്രദ്ധിച്ചതേ  ഇല്ല .ഗിരി തന്നെ ഒന്ന് നോക്കുമെന്നും വഴക്ക് പറയാനായിട്ടെങ്കിലും തന്നോട് എന്തെങ്കിലും ഒന്ന് സംസാരിക്കുമെന്നും  അവൾ കൊതിച്ചു.ഗിരി പോക്കറ്റിൽ നിന്നും കുട്ടന്റെ കൈയിൽ കുറച്ച് കാശെടുത്ത് കൊടുത്തു.
"തട്ടുകടയിൽ  പോയ് എന്തെങ്കിലും മേടിച്ചിട്ട് വാ.."ഗിരി പറഞ്ഞു.
അയാൾ തന്നെ മനപ്പൂർവം അവഗണിക്കുകയാണെന്ന് വേണിക്ക്  മനസ്സിലായി.അവൾക്കത് സഹിക്കാനായില്ല..അവൾ എഴുന്നേറ്റ് ഭക്ഷണത്തിന്റെ  പ്ലേറ്റ് എടുത്ത് കണ്ണീരോടെ ഗിരിയുടെ മുൻപിലേക്ക് നീട്ടി.ഗിരി അത് കാണാത്ത ഭാവത്തിൽ വേറെ എങ്ങോട്ടോ നോക്കി ഇരുന്നു.കുട്ടൻ അവളെ ഒന്ന് നോക്കിയിട്ട് വാതിൽ തുറന്ന് ഭക്ഷണം വാങ്ങാനായി പുറത്തേക്ക് പോയി.
ഗിരി ഫോൺ എടുത്ത് അതിൽ നോക്കി ഇരുന്നു.വേണി പ്ലേറ്റ് കൈയിൽ പിടിച്ച് അതെ നിൽപ്പ് തുടർന്നു.ഗിരി അവളെ നോക്കുകയോ അവളോടൊരക്ഷരം സംസാരിക്കുകയോ ചെയ്തില്ല.കുട്ടൻ വരുന്നത് വരെ അവൾ അതെ നിൽപ്പ് തുടർന്നു.കുട്ടൻ കൊണ്ടുവന്ന ഭക്ഷണത്തിന്റെ പൊതി ഗിരി വാങ്ങി.അയാൾ അത് തുറന്ന് കഴിച്ച് തുടങ്ങി.വേണി തൊട്ടടുത്ത് നിൽക്കുന്നതും അവളുടെ കരച്ചിലും ഒന്നും ഗിരി കണ്ട ഭാവം നടിച്ചില്ല.കുട്ടൻ വിഷമത്തോടെ വേണിയെ നോക്കി. അവൾ ഒന്നും മിണ്ടാതെ പ്ലേറ്റ് തിരികെ വെച്ച് ഏങ്ങലടിച്ചുകൊണ്ട് മുറിയിലേക്ക് പോയി...*****
ശ്യാമ മുറിയിലേക്ക് വന്നപ്പോൾ നന്ദൻ കട്ടിലിൽ എന്തോ ആലോചിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു..
"എന്താ നന്ദാ ആലോചിക്കുന്നത്?"ശ്യാമ കട്ടിലിൽ അവന്റെ അടുത്ത് ഇരുന്ന് അവന്റെ ഒരു കൈ അവളുടെ തോളത്ത് ഇട്ടുകൊണ്ട് ചോദിച്ചു.
"നിനക്കെന്നോട് ദേഷ്യമുണ്ടോ ശ്യാമേ?"നന്ദന്റെ ചോദ്യം കേട്ട് ശ്യാമ അവനെ അമ്പരന്ന് നോക്കി.
"നിന്റെ മിത്തുവിനെ രക്ഷിക്കാൻ എന്നെക്കൊണ്ടായില്ലല്ലോ ശ്യാമേ..."നന്ദൻ കുറ്റബോധത്തോടെ പറഞ്ഞു.
ശ്യാമ അവന്റെ മുഖം തന്റെ കൈകളിൽ എടുത്തു.. "മനപ്പൂർവം അല്ലാലോ നന്ദാ.നന്ദനെ കൊണ്ടാവും പോലെ ശ്രമിച്ചില്ലേ?ബോധം മറയുന്നത് . വരെ അവൾക്ക് വേണ്ടി നന്ദൻ പൊരുതി നിന്നില്ലേ ?ഈശ്വര നിശ്ചയം അങ്ങനെ ആയിരിക്കും.."ശ്യാമ പറഞ്ഞു.
"ഇപ്പൊ എനിക്ക് ഭയമില്ല ശ്യാമേ...പോലീസിന്റെ കൈയിൽ അവനെ ഞാൻ വിട്ടു കൊടുക്കില്ല..എന്നെങ്കിലും ഒരിക്കൽ അവനെ എന്റെ മുൻപിൽ  കിട്ടും.അന്ന് എന്നോടും മിത്തുവിനോടും ചെയ്തതിനൊക്കെയും ഞാൻ അവനെക്കൊണ്ട് എണ്ണി എണ്ണി  കണക്ക് പറയിപ്പിക്കും.അവനെ ഞാൻ കൊല്ലും ശ്യാമേ!" നന്ദന്റെ  മുഖം കണ്ട് ശ്യാമയ്ക്ക് പേടി തോന്നി.
"അബദ്ധം ഒന്നും കാണിക്കല്ലേ നന്ദാ..എനിക്ക് നന്ദനല്ലാതെ മറ്റാരുമില്ല. ഞാൻ ജീവിക്കുന്നതെ നന്ദന് വേണ്ടിയാ..അറിയാമല്ലോ.."ശ്യാമ കണ്ണീരോടെ പറഞ്ഞു.നന്ദൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.അവൾ അവന്റെ നെഞ്ചിലേക്ക് പറ്റി  ചേർന്നിരുന്നു.**
ജിതേഷ് ശ്രീബാലയെയും  കൊണ്ട്  വീട്ടിൽ എത്തി.ഭോല അവളെ അടുക്കളയിലേക്ക് അടുപ്പിച്ചതെ ഇല്ല.എല്ലാ പണികളും അയാൾ സ്വയം ചെയ്തു.ശ്രീബാലയ്ക്ക് വേണ്ടതെല്ലാം ഉണ്ടാക്കി കൊടുത്തു.സുമ എല്ലാ ദിവസവും അവളുടെ അടുത്ത് വന്നിരുന്ന് അവൾക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു.ഇടയ്ക്ക് ഫോൺ കാൾ  വരുമ്പോൾ അവരുടെ മുഖം അസ്വസ്ഥമാകുന്നതും  അവർ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.
ഒരിക്കൽ ഒരു പുതിയ വാർത്തയുമായാണ് സുമ ശ്രീബാലയുടെ അടുത്ത് വന്നത്.
"ഞാൻ അയാൾക്ക് മാപ്പ് കൊടുക്കാൻ തീരുമാനിച്ചു മോളെ..ശരത്തിന്.."സുമ പറഞ്ഞത് കേട്ട് ശ്രീബാല വിശ്വാസം വരാതെ അവരെ നോക്കി.
"എന്ത് പറ്റി  അമ്മെ പെട്ടെന്നിങ്ങനെ ഒരു തീരുമാനം?അയാൾ കാരണം അല്ലെ മിന്നുവിന്..?"ശ്രീബാല ചോദിച്ചു.
"അതെ..പക്ഷെ വേറെ നിർവാഹം ഇല്ല.എന്റെ അച്ഛൻ രണ്ട് അറ്റാക്ക് കഴിഞ്ഞിരിക്കുന്ന ആൾ ആണ്.അന്ന് മിന്നുവിനെ പ്രെഗ്നന്റ് ആയിരിക്കുമ്പോ ആദ്യം ഉപേക്ഷിക്കാൻ എന്നെ നിർബന്ധിച്ചെങ്കിലും പിന്നീട് എന്റെ വാശി സമ്മതിച്ച് എന്റെ അച്ഛൻ എന്റെ കൂടെ നിന്നു. ആ കടപ്പാട് എനിക്ക് അദ്ദേഹത്തോട് വീട്ടണം.മിന്നുവിന്റെ അച്ഛൻ ശരത്ത് അല്ല എന്ന്  പുറം ലോകം അറിഞ്ഞാൽ എന്റെ അച്ഛൻ പിന്നെ ജീവിച്ചിരിക്കില്ല.ഈ വയസ്സ് കാലത്ത് ഞാനായിട്ട്   അദ്ദേഹത്തെ വിഷമിപ്പിക്കുന്നതെന്തിനാ.പിന്നെ തെറ്റുകൾ പറ്റാത്ത മനുഷ്യർ  ഇല്ലല്ലോ..എന്നോടുള്ള സ്നേഹം  കൊണ്ടായിരിക്കാം ഒരുപക്ഷെ എന്റെ കൂടെ ജീവിക്കണം എന്നുള്ള മോഹം കൊണ്ടായിരിക്കാം  ശരത് അതും ഇതും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്റെ ജീവിതത്തിലേക്ക് മടങ്ങി വരാൻ  ശ്രമിക്കുന്നത്..ശരത്തിന് ഒരവസരം കൂടി കൊടുക്കാൻ ഞാൻ തീരുമാനിച്ചു.."സുമ പറഞ്ഞ കാര്യങ്ങൾ ഒന്നും ശ്രീബാലയ്ക്ക് ഒട്ടും ദഹിച്ചില്ല.അവളുടെ മുഖത്ത് അത് പ്രകടമായിരുന്നു.
സുമ അത് കാര്യമാക്കിയില്ല.
"ഞാൻ ഇറങ്ങട്ടെ മോളെ..പിന്നെ അടുത്ത ആഴ്ച്ച എല്ലാവർക്കും  എന്റെ വീട്ടിൽ ഒരു ലഞ്ച് ഉണ്ട്..ശരത്തും ഉണ്ടാവും കൂടെ..നിങ്ങളെല്ലാവരും  തീർച്ചയായും വരണം."സുമ പറഞ്ഞു.
സുമ അവളോട്  യാത്ര പറഞ്ഞ് ഇറങ്ങി. സുമ വീട്ടിലേക്ക് ക്ഷണിച്ച കാര്യം ശ്രീബാല ഭോലയോട് പറഞ്ഞു.
"മേ നഹി ആവുങ്ക.. വോ ഔരത്ത്  സീദി സാദി നഹി ലഗ്ത്തി.."(ഞാൻ എങ്ങും വരുന്നില്ല.. ആ സ്ത്രീയെ കണ്ടിട്ട് നല്ല ലക്ഷണം തോന്നുന്നില്ല) ഭോല മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
"അവര് നേരിട്ട് വന്ന് വിളിച്ചതല്ലേ ഭോല..പോയിട്ട് വരാം.."ശ്രീബാല നിർബന്ധിച്ചത് കൊണ്ട് ഭോല സമ്മതിച്ചു.
ശ്രീബാല തിരികെ മുറിയിലേക്ക് പോയി.ജിതേഷ് ഹരിയെ പറ്റി പറഞ്ഞതൊക്കെ ഓർത്ത് അവളുടെ മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു. ഹോസ്പിറ്റലിൽ  നിന്നും തിരികെ വന്ന് പല തവണ ഹരിയെ വിളിച്ച് നോക്കിയെങ്കിലും അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
അന്ന് വൈകിട്ട് ശ്രീബാല ഭോലയുടെ  കൂടെ അമ്പലത്തിൽ  പോയി.അവിടെ എത്തുമ്പോഴാണ് അവൾക്ക് കുറച്ച് ആശ്വാസം കിട്ടുന്നത്.ശ്രീബാല പടിക്കെട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുകയായിരുന്നു.പെട്ടെന്ന് ഒരു സ്ത്രീ അവളുടെ തൊട്ടടുത്ത് വന്നിരുന്നു.ആരും കാണാതെ ശ്രീബാലയുടെ കൈകളിലേക്ക് ഒരു ചെറിയ കവർ വെച്ചുകൊടുത്തു.ശ്രീബാല അന്തം വിട്ട് അവരെ നോക്കി.
"നിന്റെ കൈയിൽ തരാൻ ഹരി എന്നെ ഏൽപ്പിച്ചതായിരുന്നു..." അവർ കണ്ണുകളടച്ച് മന്ത്രം ജപിക്കുകയാണെന്ന വ്യാജേന അവളോട് പറഞ്ഞു.ശ്രീബാല വിശ്വാസം വരാതെ അവരെ  നോക്കി.പിന്നീട് അവർ അവളുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.അവർ പറഞ്ഞത് കേട്ട് ശ്രീബാല അവിടിരുന്ന് പരിസരം പോലും മറന്ന്  പൊട്ടിക്കരഞ്ഞു! ആ സ്ത്രീ ഒന്നും മിണ്ടാതെ ആൾക്കൂട്ടത്തിന് നടുവിലേക്ക് അപ്രത്യക്ഷയായി..
ആരൊക്കെയോ ശ്രീബാലയുടെ അടുത്ത് വന്നിരുന്ന്  കാര്യം തിരക്കി.അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും വെളിയിലേക്ക് ഓടി.അവിടെ ഭോല അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു.
കാര്യമെന്താണെന്ന് ഭോല എത്ര തിരക്കിയിട്ടും ശ്രീബാല ഒന്നും മിണ്ടിയില്ല.വീട്ടിലെത്തിയതും അവൾ മുറിയിൽ കയറി വാതിലടച്ചു.ആ സ്ത്രീ തന്ന കവർ അവൾ സാരിക്കുള്ളിൽ ഒളിപ്പിച്ച് വെച്ചിരുന്നു.അത് തുറന്ന് നോക്കിയപ്പോൾ ഒരു പെൻഡ്രൈവ് കണ്ടു.അവൾ പെട്ടെന്ന് അത് അവിടിരുന്ന കമ്പ്യൂട്ടറിൽ കണക്ട് ചെയ്തു.അതിൽ ഹരി അവൾക്കായി എഴുതിയ ഒരു കുറിപ്പും പിന്നെ എന്തൊക്കെയോ ഡോക്യൂമെൻസിന്റെ സോഫ്റ്റ് കോപ്പിയും കുറച്ച് ഫോട്ടോസും വിഡിയോസും ഉണ്ടായിരുന്നു.അതെല്ലാം കണ്ട്  അവൾ ഞെട്ടിത്തരിച്ചിരുന്നുപോയി! പിന്നെ കമ്പ്യൂട്ടർ ടേബിളിൽ മുഖം കുനിച്ചിരുന്ന്  അവൾ പൊട്ടിക്കരഞ്ഞു!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo