Showing posts with label VivekVR. Show all posts
Showing posts with label VivekVR. Show all posts

പുഷ്പകവിമാനം

"എന്റെ ചെറുക്കനെ ഇതാ തല്ലിക്കൊല്ലാന്‍ പോകുന്നെ,നിനക്ക് അവനെ ഇനിയും കാണണമെന്നുണ്ടെങ്കില്‍ എത്രയും വേഗം വന്ന് അവനെ കൊണ്ട് പൊയ്ക്കോ",ഇത്രയും പറഞ്ഞു ഫോണ്‍ കട്ട് ചെയ്യേണ്ട താമസം,രതിയമ്മ ഓട്ടോയും പിടിച്ചു വീട്ടിലെത്തി.....
ഡോക്ടര്‍മാര്‍ കുറിപ്പ് എഴുതുന്നത്‌ പോലെ,ഓരോന്നു വീതം മൂന്നു നേരം എന്ന കണക്കില്‍,എല്ലാ ദിവസവും ഞാനും അനിയനും തമ്മില്‍ അടി കൂടാറുണ്ടായിരുന്നുവെങ്കിലും,അന്നു വൈകുന്നേരം നടന്നത് ഒരു മഹാഭാരത യുദ്ധം തന്നെയായിരുന്നു.വീട്ടുകാരുടെ കണ്ണില്‍ അവന്‍ എപ്പോഴും നല്ലവനായ ഭീമസേനനും,ഞാന്‍ ദുഷ്ട്ടനും ക്രൂരനുമായ ദുര്യോധനനും...😏
വൈകുന്നേരം ഓഫീസ് കഴിഞ്ഞു വരുന്ന അമ്മ കാണുന്ന കാഴ്ച എന്തെന്നാല്‍,ദ്വന്ദ്വ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭീമനെയും ദുര്യോധനനെയുമാണ്‌.
നിരാലംബനായി നിലത്തു വീണു കിടക്കുന്ന ഭീമന്റെ നെഞ്ചില്‍ കാലും കയറ്റി വച്ച്,ഗദയ്ക്ക് പകരം കയ്യില്‍ ക്രിക്കറ്റ്‌ ബാറ്റുമേന്തി,ഭവാന്റെ കാല്‍പ്പാദങ്ങളിലൊന്ന് തല്ലിയൊടിക്കാനുള്ള ഉദ്യമത്തിലായിരുന്നു ഈ പാവം ദുര്യോധനന്‍....
ഏതൊരു മാതാശ്രീയ്ക്കും തന്റെ പുത്രന്മാര്‍ ഈ വിധം കുത്സിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് കാണാന്‍ സാധിക്കില്ലയോ,അപ്രകാരം തന്നെ നമ്മുടെ മാതാവും അത്യധികം ഹൃദയ വ്യഥയോടെ ഇപ്രകാരം മൊഴിഞ്ഞു....
അല്ലയോ പുത്രാ ദുര്യോധനാ,നിന്റെ ബാലിഷ്ട്ടമായ ഈ കരങ്ങള്‍ കൊണ്ട്,അഞ്ചു വയസ്സിനു ഇളയതായ പാവം ഭീമസേനനെ നീ ഇപ്രകാരം പ്രഹരിക്കുകയാണെങ്കില്‍,അവന്‍ തല്‍ക്ഷണം മൃതിയടയുകയും,തദ്വാരാ,നിയമപാലകര്‍ വന്നു നിന്നെ കയ്യാമം ചെയുകയും,നീ നിന്റെ ശിഷ്ട്ട കാലം ബന്ധനസ്ഥനായി തടവറയ്ക്കുള്ളില്‍ കഴിയേണ്ടാതയും വരുന്നു...
ചുരുക്കി പറഞ്ഞാല്‍,എടാ മഹാ പാപീ,കാലമാടാ,എന്റെ കൊച്ചിനെ നീ അടിച്ചു കൊല്ലാതെടാ,അവനെ കൊന്നിട്ടു നീ ഇവിടെ സുഖിച്ചു കഴിയാമെന്നു ഒരിക്കലും കരുതണ്ടാ,പോലീസ് വന്നു നിന്നെ പിടിച്ചോണ്ട് പോയി ജയിലില്‍ അടയ്ക്കും.നിന്റെ ജീവിതകാലം മുഴുവന്‍ നെ അവിടെ കിടന്നു നരകയാതന അനുഭവിക്കും,നീ വേണേല്‍ ആരെ വേണോ കൊന്നിട്ടൂ ജയിലില്‍ പൊക്കോ,എന്റെ ചെറുക്കനെ വെറുതെ വിട്....😀
മാതാശ്രീയുടെ ഇത്തരത്തിലുള്ള ജല്പനങ്ങളെ പുചിച്ചു മാത്രം ശീലിച്ച ഞാന്‍,നിഷ്കരുണം തികഞ്ഞ അവജ്ഞയോടെ അവയെ തള്ളികളഞ്ഞു.
നോമിന്റെ ഉന്നം അപ്പോഴും അവന്റെ പിഞ്ചു പാദങ്ങളിലായിരുന്നു.ഇടതു കാല്‍ ഓടിക്കണോ അതോ വലതു കാല്‍ തല്ലി ഓടിക്കണോ എന്നൊരു കണ്ഫ്യുഷനില്‍ ആയിരുന്നു ഈ പാവം ഞാന്‍.
അതിലൊരെണ്ണം തല്ലിയോടിക്കാതെ നോമിന്റെ കലി അടങ്ങുകില്ല മാതാശ്രീ,...അടങ്ങുകില്ല..ഈ വിധമുള്ള നമ്മുടെ അലര്‍ച്ച കാരണമാണ് ഭവതി ദൂത് മുഖേനേ വലിയമ്മയെ കാര്യം ധരിപ്പിക്കുന്നതും,അവര്‍ അപ്പൊ തന്നെ പുഷ്പക വിമാനം ചാര്‍ട്ട് ചെയ്തിങ്ങു പോന്നതും...
എന്തുകൊണ്ട് വല്യമ്മയെ വിളിച്ചു എന്നായിരിക്കും വായനക്കാരായ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.സംഭവം വളരെ സിമ്പിള്‍...കുടുംബത്തില്‍ ആരെയെങ്കിലും പേടിയുണ്ടെങ്കില്‍ അത് വല്യമ്മയെയും വല്യച്ചനെയും മാത്രമായിരുന്നു.
പ്രസവിച്ചു എന്നൊരു കര്‍മ്മം മാത്രമേ അമ്മ ഭീമന്റെ കാര്യത്തില്‍ ചെയ്തിരുന്നുള്ളൂ.കുഞ്ഞിലേ മുതല്‍ക്കു തന്നെ ദിവസ്സേനെ ലിറ്റര്‍ കണക്കിന് ആട്ടിന്‍ പാലും പശുവിന്‍ പാലും,ശുദ്ധമായ തൈരും ഒക്കെ കുത്തി നിറച്ചാണ് വല്യമ്മ അവനെ വളര്‍ത്തിയത്..തത്ഫലമായി അവനു എന്തെങ്കിലും ആപത്തു സംഭവിക്കാന്‍ പോകുമ്പോള്‍ അമ്മ ആരെയാ വിളിക്കേണ്ടത്,സ്വാഭാവികമായും വല്യമ്മയെതന്നെ,ശേരിയല്ലേ...
അങ്ങനെ പുഷ്പക വിമാനത്തില്‍ പറന്നെത്തിയ വല്യമ്മ അവനെയും കൊണ്ടു തിരിച്ചു പറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.അംഗ വസ്ത്രങ്ങള്‍ ഒക്കെ പായ്ക്ക് ചെയ്തു.ഗുരുകുല വിദ്യാഭ്യാസത്തിനു പോകുമ്പോള്‍ വേണ്ട പേന,ബുക്ക്‌,പെന്‍സില്‍ തുടങ്ങി കയ്യില്‍ കിട്ടിയതൊക്കെ പെറുക്കികൂട്ടി..
തിരക്കിനിടയില്‍ നോമിന്റെ വളരെ അത്യാവശ്യം വേണ്ട ഒന്ന് രണ്ടു അംഗ വസ്ത്രങ്ങള്‍ കൂടി അവര്‍ വരിക്കെട്ടിയത്തിനു ഇടയില്‍ പെട്ട് പോയി.തദ്വാരാ തുടര്‍ന്നുള്ള രണ്ടു മൂന്നു ദിവസം നോം,ഗുരുസമക്ഷം പഠനത്തിനായി പോകുമ്പോള്‍ അവ ധരിക്കാതെയായിരുന്നു പോയിരുന്നത് എന്നുള്ളത് വ്യാസന സമേതം ഈ അവസരത്തില്‍ പറഞ്ഞുകൊള്ളട്ടെ...
അവനെയും കൂട്ടി പടിയിറങ്ങാന്‍ നേരം മാതാശ്രീ വക ഒരു ഉഗ്ര ശാപം ഞങ്ങളുടെ മേല്‍ പതിക്കുകയുണ്ടായി.ഇന്നുമുതല്‍ നിങ്ങള്‍ തമ്മില്‍ മുഖാമുഖം നോക്കുകയോ സംസാരിക്കുകയോ ചെയ്യരുത്.
മാതാവിന്റെ ശാപം ഉഗ്രമായിരിക്കും എന്നറിയാവുന്നത് കൊണ്ടു തന്നെ തുടര്‍ന്നുള്ള ഒരു വര്ഷം ഭീമനും ദുര്യോധനനും തമ്മില്‍ യാതൊരു ഇടപെടലുകളും നോക്കാലോ വാക്കാലോ ഉണ്ടായിട്ടില്ല..
ഒരു ദിവസത്തെ സംഭവ പരമ്പരകളുടെ അവസാനമാകുകയാണ്.
പുഷ്പകവിമാനം ഡ്രൈവര്‍ കിക്കര്‍ അടിച്ചു സ്റ്റാര്‍ട്ട്‌ ആക്കി.ക്ലച്ചു പിടിച്ചു വണ്ടി ഫസ്റ്റ് ഗിയറില്‍ ഇട്ടതും നമ്മുടെ അനുജന്‍ അതില്‍ നിന്നും താഴേക്ക്‌ ചാടി ഇറങ്ങിയതും ഒരുമിച്ചായിരുന്നു..
നിറകണ്ണുകളോടെ,അവര്‍ പോകുന്ന ദിക്കിലേക്ക് നോക്കി നിന്ന എന്റെ അടുക്കലേയ്ക്ക് ഒരു ചെറിയ മാന്‍പേടയെപ്പോലെ അവന്‍ ഓടിയടുത്തു.ശേഷം വാരി പുണരാനായി കൈ നീട്ടിയ എന്നെ കുനിച്ചു നിറുത്തി മുതുകത്ത് ഒരൊന്നൊന്നര ഇടിയങ്ങ് ഇടിച്ചു.
രണ്ടു മിന്നല് വെട്ടിയതും,അധികം പ്രകാശിക്കാത്തതുമായ ഏതാനം മിന്നാമിനുങ്ങുകളെയും മാത്രം നോക്കി ഭൂമിദേവിയോട് ചേര്‍ന്ന് മുഖം പൊത്തിക്കിടക്കാന്‍ മാത്രമേ എനിക്കപ്പോള്‍ സാധിക്കുമായിരുന്നുള്ളൂ.....

Vivek VR

മൂന്നാംപക്കം

ചുറ്റിനും മത്സ്യങ്ങളും, വിവിധ തരത്തിലുള്ള കടല്‍ ജീവികളും മാത്രം.പല പല വലിപ്പത്തില്‍,നിറത്തില്‍ അവയങ്ങനെ നീന്തി നടക്കുകയാണ്.ഏറ്റവും ചെറിയ മീന്‍ കുഞ്ഞുങ്ങളെ മുതല്‍ വമ്പന്‍ സ്രാവുകളെ വരെ ഈ ചെറിയൊരു യാത്രക്കിടയില്‍ ഞാന്‍ കണ്ടു.മനുഷ്യന്‍ മത്സ്യങ്ങളെ ഭക്ഷിക്കുന്നത് മാത്രമേ ഞാനിതുവരെ കണ്ടിരുന്നുള്ളൂ,എന്നാല്‍ ആദ്യമായി അവ മനുഷ്യരെ കഴിക്കുന്നത്,ആല്ലെങ്കില്‍ അവയുടെ മാംസത്തിനോടുള്ള ആര്‍ത്തി ഞാനിന്നു നേരിട്ടു കാണുകയാണ്,എന്നിലൂടെ തന്നെ.
ഒരുപക്ഷെ,അവരുടെ അനുവാദമില്ലാതെ,അവയുടെ സാമ്രാജ്യത്തേക്ക് അതിക്രമിച്ചു കയറിയതിന്റെ വിദ്വേഷമായിരിക്കാം അവയെന്നോട് കാണിക്കുന്നത്.ചെറിയവനെന്നോ വയിയവനെന്നോ യാതൊരു വ്യത്യാസവുമില്ലാതെ കണ്ണില്‍ കാണുന്ന മത്സ്യങ്ങള്‍ എല്ലാം തന്നെ എന്നെ കൊത്തിപറിക്കുകയാണ്.
കൈകാലുകളിലെ മാംസവും,എന്റെ കരളും ഹൃദയവും എന്തിനേറെ കണ്ണുകള്‍ വരെ നഷ്ട്ടപെട്ടുകഴിഞ്ഞു.എന്നിട്ടും എന്തേ ഞാന്‍ വേദന അറിയുന്നില്ല??എനിക്ക് അത്ഭുദം തോന്നി.സത്യത്തില്‍ എനിക്ക് എന്താണ് സംഭവിച്ചത്?? ഞാന്‍ എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടത്??മത്സ്യങ്ങള്‍ ഭക്ഷിച്ചു ബാക്കിയാക്കിയ എന്റെ തലച്ചോറിനുള്ളിലെ ഓര്‍മകളിലേക്ക് ഞാനൊന്ന് ഊളിയിടട്ടെ...
ഒരാഴ്ച്ച മുന്നേയാണ്‌ ഞാന്‍ ഗള്‍ഫില്‍ നിന്നും ലീവിന് വന്നത്.അതില്‍ ആദ്യം കിട്ടിയ ഞായറാഴ്ച തന്നെ കൂട്ടുകാരുമൊത്ത് ബീച്ചിലേക് പോന്നു.എപ്പോഴൊക്കെ ബീച്ചിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങുന്നുവോ,അപ്പോഴൊക്കെയും അമ്മ ഉപദേശിക്കാറുണ്ടായിരുന്നു,പോകുന്നതൊക്കെ കൊള്ളം,കടലില്‍ കുളിക്കരുതെന്ന്.കുളിക്കാനല്ലെങ്കില്‍ പിന്നെന്തിനാ അമ്മേ അങ്ങോട്ടു പോകുന്നത് എന്ന സ്ഥിരം പരിഹാസത്തോട്‌ കൂടിയുള്ള ചോദ്യം തിരിച്ചു ചോദിച്ചിട്ടാണ് വീട് വിട്ടിറങ്ങിയത്..
ആവശ്യത്തിലധികം അര്‍മാദിച്ചു കുളിച്ച് തിരിച്ച് കയറാനൊരുങ്ങിയ കൂട്ടുകാരോട് ഞാനാണു പറഞ്ഞത്,അല്‍പ സമയം കൂടി ചിലവഴിക്കാമെന്ന്.സന്ധ്യ സമയം അടുക്കുംതോറും തിരയുടെ ശക്തി കൂടി വരുമെന്നും,നിങ്ങളെല്ലാം തിരിച്ചു കയറണമെന്നുമുള്ള ലൈഫ് ഗാഡിന്റെ വാകുകള്‍ക്ക് യാതൊരു വിലയും നല്‍കിയില്ല,പകരം പുശ്ചിച്ചു തള്ളി.
ജീവിതത്തില്‍ വലിയ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ കേവലം നിമിഷങ്ങള്‍ മാത്രം മതിയെന്ന് ഏറെ വൈകാതെ എനിക്ക് മനസ്സിലായി.കാരണം അത്രയും നേരം ഞങ്ങളെ തഴുകി കടന്നു പോയ തിരകള്‍ക്കു പകരം അപ്പോള്‍ വന്നത് ഒരു കൂറ്റന്‍ തിരമാലയയിരുന്നു.
ജീവിതത്തില്‍ അന്നുവരെ ഇണപിരിയാ സുഹൃത്തുക്കള്‍ ആയിരുന്ന ഞങ്ങള്‍ ആ തിരയിലും ഒരുമിച്ചായിരുന്നു.എല്ലാത്തിനും കാരണം ഞാനായിരുന്നു,എന്നെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു അവരും,എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,എന്റെ കണ്ഠമിടറുന്നു.
ആദ്യമാദ്യം കടലിനോടു ചേരുമ്പോള്‍ ഒരു തരം ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നെങ്കിലും,അല്പ സമയം കഴിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അത് മാറിക്കിട്ടി.കൈകള്‍ കോര്‍ത്തു പിടിച്ച നിലയില്‍,ഒരുമിച്ച് പതിയെപ്പതിയെ ഞങ്ങള്‍ ആ കടലിനോട് അലിഞ്ഞു ചേര്‍ന്നു..
ഓരോരുത്തരായി കൈകളിലെ പിടി അയഞ്ഞ്,അകന്നകന്നു പോകുന്നത് എനിക്കു കാണാമായിരുന്നു.അവസാനമായി പരസ്പരം ഒന്ന് യാത്ര പറഞ്ഞു പിരിയാന്‍ പോലും ഞങ്ങള്‍ക്കര്‍ക്കുമായില്ല.ഒരു ചുടു നിശ്വാസമോ,ഒരു തുള്ളി കണ്ണുനീരോ പോലും പൊഴിക്കാന്‍ കഴിയാതെ ജീവശ്ചവമായി ഞാന്‍ അതെല്ലാം നോക്കി നിന്നു.
ഈ പറഞ്ഞതൊക്കെയും കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്.കടലിന്റെ നിയമമനുസരിച്ച് നാളെയാണ് എന്റെ ദിനം.കരയില്‍ നിന്നും കിട്ടിയ ഒന്നിനെയും കടലില്‍ സൂക്ഷിക്കുന്ന പതിവ് കടലമ്മയ്ക്ക് ഇല്ലത്രെ.മൂന്നാം ദിനം അവര്‍ കരയ്ക്ക്‌ തന്നെ നമ്മളെ തിരിച്ചു നല്‍കും...!!!
ഈ അവസ്ഥയില്‍ നാളെ എന്നെ കാണുമ്പോള്‍ വീട്ടുകാര്‍ എന്നെ തിരിച്ചറിയുമോ??
മത്സ്യങ്ങള്‍ ഭക്ഷിച്ചു തീര്‍ത്ത വെറുമൊരു അസ്ഥിപഞ്ജരം മാത്രമാണ് ഞാനിപ്പോള്‍.പക്ഷെ ഉള്‍ക്കാഴ്ച കൊണ്ട് എനിക്കിപ്പോള്‍ പഴയതിനേക്കാള്‍ വ്യക്തമായി എല്ലാം കാണാം,കേള്‍ക്കാം,സംസാരിക്കാം.
എനിക്കു പുറകിലായി വളര്‍ന്നു വരുന്ന വലിയൊരു തലമുറയോട് എനിക്ക് വിളിച്ചു പറയണമെന്നുണ്ട് കടലില്‍ കുളിക്കുന്നതിന്റെ അപടകങ്ങളെപ്പറ്റി,അതു വാക്കുകളാല്‍ മനസ്സിലാക്കിതരുന്ന അമ്മമാരെ അനുസരിക്കാതിരിക്കുമ്പോള്‍ സംഭാവിക്കവുന്ന ദുരന്തത്തെപ്പറ്റി,പക്ഷെ പേരും,ആളും,അര്‍ത്ഥവും എല്ലാമെല്ലാം വിട്ടൊഴിഞ്ഞു പോയി,വെറുമൊരു *ബോഡി*മാത്രമായിപ്പോയ എന്നില്‍ നിന്നും ആരും തന്നെ ഒന്നും കേള്‍ക്കാന്‍ പോകുന്നില്ല,എനിക്കും സംഭവിച്ച ദുരന്തത്തില്‍ നിന്നും ആരും ഒന്നും പഠിക്കാനും പോകുന്നില്ല.ഒരുപക്ഷെ അങ്ങനെ അല്ലായിരുന്നുവെങ്കില്‍,ഈ കാര്യങ്ങളൊക്കെയും പുറം ലോകത്തോട്‌ വിളിച്ചു പറയണമെന്ന ആവേശത്തോടെ,എന്നാല്‍ ഒന്നു മിണ്ടാന്‍ പോലും കഴിയാതെ കടലിന്റെ ആഴങ്ങളിലാണ്ടു പോയ അനേകമനേകം എന്നെപോലെയുള്ള ആത്മാക്കളുടെ ദീന രോദനങ്ങള്‍ നമ്മള്‍ ഇതിനു മുന്നേ കെട്ടേനെ,വീണ്ടും വീണ്ടും ഇതുപോലുള്ള ദുരന്തങ്ങളില്‍ പെടാതെ സ്വയം സൂക്ഷിച്ചേനെ....
വേദനയും സങ്ങടങ്ങളും എല്ലാം വിട്ടൊഴിഞ്ഞ്‌,രണ്ടു ദിവസത്തെ ജല വാസത്തിനു ശേഷം *മൂന്നാംപക്കം* കരയടിയാമെന്നുള്ള പ്രതീക്ഷകളുമായി ലക്ഷ്യ ബോധമേതുമില്ലാതെ കടലിനോപ്പം ഒഴുകുകയാണ് ഞാന്‍....!!!!
NB: പ്രചോദനം,ഈ കഴിഞ്ഞ ദിവസങ്ങളിലെ പത്ര വാര്‍ത്തകള്‍..

Vivek 

ആണ്‍കുട്ടികളും എല്ലാം അറിഞ്ഞിരിക്കണം

ഇന്നു മുതല്‍ ഓരോ ദിവസവും ഓരോരുത്തര്‍ വീതമാണ് ഭക്ഷണം പാകം ചെയ്യേണ്ടത്.ഉച്ചക്ക് ആക്രാന്തത്തോടെ ചോറ് വാരി വിഴുങ്ങുകയായിരുന്ന എന്റെ മസ്തിഷ്കത്തിലേക്ക്‌ ചാട്ടുളി കണക്കെയാണ്‌ ഫൈസലിക്കാന്റെ ആ വാക്കുകള്‍ തുളഞ്ഞു കയറിയത്...
ഇടി വെട്ടിയവനെ പാമ്പ് കടിച്ചല്ലോ ദൈവമേ എന്ന ചിന്ത കാരണം, വായ്ക്കുള്ളിലേയ്ക്ക് തിരുകി കയറ്റിയ ചോറുരുളയും,കൂടെ കുത്തിക്കയറ്റിയ മത്തിയുടെ തലയും,മസ്തിഷ്ക സ്തംഭനാവസ്ഥ മൂലം,ഏറെ നേരം ഫൈസലിക്കാനെത്തന്നെ തുറിച്ചു നോക്കിയിരുന്നു....
പ്രവാസികളായ ഞങ്ങള്‍ റൂമില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കാറാണ് പതിവ്.കാലാകാലങ്ങളായി പിന്തുടര്‍ന്ന് പോകുന്ന ഈ കലാപരിപാടിക്ക്‌ *മെസ്സ്* എന്നാണ് പറയുക......
സഹമുറിയനായി ഉണ്ണിഇക്ക ഉണ്ടായിരുന്നതു കാരണം ഏറെക്കാലമായി മെസ്സിന്റെ കാര്യമെല്ലാം പുള്ളിയാണ് കൈകാര്യം ചെയ്തിരുന്നത്.സമയാസമയത്ത് സ്വന്തം വീട്ടില്‍ എന്നപോലെ കൈകഴുകി ഭക്ഷണം കഴിക്കാന്‍ ചെന്നിരിക്കുകയാണ് പതിവ്.മാസാമാസം മെസ്സിന്റെ കാശു കൂട്ടി നോക്കുമ്പോള്‍ എന്റെ വിഹിതം കൊടുക്കുക എന്നൊരു ചടങ്ങ് മാത്രമേ,മെസ്സിന്റെ കാര്യത്തില്‍ ഞാന്‍ നിറവേറ്റിയിരുന്നുള്ളൂ..
പല വിധ ചിന്തകള്‍ അല്‍പ നേരം കൊണ്ട് എന്റെ മനസ്സില്ലൂടെ കടന്നുപോയി.
നീ കഴിക്കുന്നില്ലേ,എന്ന ഫൈസല്‍ഇക്കാന്റെ ചോദ്യമാണ് എന്നെ വീണ്ടും സ്വബോധത്തിലേക്ക് തിരികെ കൊണ്ട് വന്നത്.
എളിമ കൊണ്ടും,പ്രവര്‍ത്തി കൊണ്ടും മഹാനായ ഉണ്ണിഇക്ക നാട്ടില്‍ പോയത് കാരണമാണ് ഇപ്പൊ റൂമില്‍ ഇങ്ങനൊരു പ്രതിസന്ധി ഉടലെടുത്തത്.എല്ലാ പ്രവാസി റൂമുകളിലും ഉണ്ടാകും കാരണവരെപ്പോലെ ഒരാള്‍.അദ്ദേഹത്തിന്റെ വാക്കുകളാണ് എല്ലാ കാര്യങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നത്.ഇന്നലെ വരെ അത് ഉണ്ണിഇക്ക ആയിരുന്നുവെങ്കില്‍ ഇന്ന് മുതല്‍ അത് ഫൈസലിക്കയാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ചേ മതിയാകു.
ഉച്ചയൂണൊക്കെ കഴിഞ്ഞ് പതിവ് മയക്കത്തിലേക്ക് പോകുന്നതിനു മുന്നേയാണ്‌ ഞാന്‍ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.ആരൊക്കെ എന്നൊക്കെ മെസ്സ് ഉണ്ടാക്കണമെന്നുള്ള കാര്യം,എല്ലാവരും വട്ടം കൂടിയിരുന്ന്,ഒരു പരാതിക്ക് ഇടവരാത്ത വണ്ണം,നറുക്കിട്ടെടുക്കുന്നു.അങ്ങനെ ബുധനാഴ്ച എന്ന ദിവസം എന്റെ തലയിലായി...
കാത്തുകാത്തിരുന്ന ആ സുദിനം എന്നെത്തേടിയെത്തി.കല്യാണം കഴിഞ്ഞു ആദ്യമായി വീട്ടിലേക്ക് വന്നു കയറിയ പുതുമണവാട്ടിയെപ്പോലെ വലതുകാല്‍ വച്ച് ഞാന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു.
പല വിധത്തില്‍,വലുപ്പത്തില്‍,കാഴ്ച്ചയില്‍ മനോഹരമായതും അല്ലാത്തതുമായ പാത്രങ്ങള്‍ എന്നെത്തന്നെ തുറിച്ചു നോക്കി ഇരിക്കുന്നു.മേശ വലിപ്പ് തുറന്നപ്പോള്‍ അതില്‍ നിറയെ പണിയായുധങ്ങള്‍.കത്തി.കത്രിക,വെട്ടുകത്തി തുടങ്ങി പേരോ,ഉപയോഗമോ പോലും അറിഞ്ഞു കൂടാത്ത കുറെ ഉപകരണങ്ങള്‍..ഈ അടുക്കളയില്‍ കത്രികയ്ക്കു എന്താണാവോ കാര്യം?? സ്ഥാനം തെറ്റി എങ്ങാനും വന്നതാകുമോ?
നിസ്സംഗ ഭാവത്തില്‍,വളരെ വേഗത്തില്‍ അടുത്ത് കണ്ടവരെ ഒക്കെയും ഞാന്‍ പരിചയപ്പെട്ടു.കൂട്ടത്തില്‍ മൌനമായി ഒരു കൈ സഹയവും ആവശ്യപ്പെട്ടു...മനസ്സിലായിക്കാണുമോ ആവോ...
ഏതൊക്കെ പച്ചക്കറികള്‍ എങ്ങനൊക്കെ വേവിച്ചാല്‍ എന്തൊക്കെ ആയിത്തീരുമെന്നു തലേദിവസം രാത്രി തന്നെ അമ്മ എനിക്ക് ഒരു സ്റ്റഡി ക്ലാസ് തന്നിരുന്നു.പിന്നൊട്ടും അമാന്തിച്ചില്ല,കയ്യില്‍ കിട്ടിയ പച്ചക്കറികള്‍ ഒക്കെയും വെട്ടിക്കൂട്ടി കുക്കറിലിട്ടു.ആവശ്യത്തിനാണോ,അനാവശ്യത്തിനാണോ എന്നറിയില്ല,മൂന്നു നാലു കപ്പ് വെള്ളം ഒഴിച്ചു.നിരത്തി വച്ചിരിക്കുന്ന ചെറിയ പ്ലാസ്ടിക് കുപ്പികള്‍ ഓരോന്നായി തുറന്ന്,മസാലപ്പൊടികള്‍ എല്ലാം ഓരോ സ്പൂണ് വീതം അതിലേക്കു തട്ടി.
ഏഴു പേര്‍ക്ക് ചോറില്‍ ഒഴിക്കാന്‍ ഇതു മതിയാകുമോ എന്ന സംശയം കാരണം രണ്ടു കപ്പ് വെള്ളം കൂടി ചേര്‍ത്തു.ഇനി കറി തികഞ്ഞില്ലാന്നു ആരും കുറ്റം പറയരുതല്ലോ...കുക്കര്‍ അടച്ചു വച്ച് തീയും കത്തിച്ചു..
മൂന്നു വിസ്സിലുകള്‍ കേള്‍ക്കുമ്പോള്‍ അണയ്ക്കാം എന്ന് ആരോ പറഞ്ഞതായി ഒരോര്‍മ്മ.മത്തി വെട്ടുന്നതിനിടയില്‍ കേട്ടത് മൂന്നാണോ അതോ രണ്ടാണോ എന്നൊരു സംശയം.അങ്ങനെ വിടാന്‍ പറ്റില്ലലോ.ഒന്നു മുതല്‍ മൂന്നു വരെ കുക്കറിനെ കൊണ്ട് വീണ്ടും വിസ്സിലടിപ്പിച്ച ശേഷം ഞാന്‍ തീ കെടുത്തി.അടപ്പ് തുറന്ന ഞാന്‍ നയനാനന്ദകരമായ ആ കാഴ്ച കണ്ടു.
*മസാല വെള്ളത്തില്‍ ഒഴുകി നടക്കുന്ന പച്ചക്കറി കഷ്ണങ്ങള്‍.*
എന്റെ ആദ്യത്തെ പാചകം..ആദ്യത്തെ കുഞ്ഞ്.ഒട്ടും താമസിയാതെ തന്നെ ഞാന്‍ അവനു സാംബാര്‍ എന്ന് നാമകരണം നല്‍കി പേരിടല്‍ ചടങ്ങ് പൂര്‍ത്തിയാക്കി..
കഴിച്ചവര്‍ ആരും തന്നെ എന്റെ കുഞ്ഞിനെ സാംബാര്‍ എന്ന് വിളിക്കാന്‍ തയ്യാറാകാത്തത് എന്നെ നന്നേ വിഷമിപ്പിച്ചു.കൂടാതെ നന്നായി വറുത്തു കൊടുത്ത എന്റെ മത്തിക്കുട്ടന്മാരെയും അവര്‍ നിഷ്കരുണം വലിച്ചു പുറത്തേക്കെറിഞ്ഞു.ഇതിലും ഭേദം ജീവനുള്ള മത്തി ആയിരുന്നത്രെ.
ഇത്രയും *രുചികരമായ* ഭക്ഷണം മുന്‍പൊരിക്കലും കഴിച്ചിട്ടില്ലാത്തത് കാരണം അവര്‍ അടിയന്തരമായി മെസ്സ് കമ്മറ്റി കൂടി,പാചകം എന്ന കലയില്‍ നിന്നും എന്നെ ഒഴിവാക്കി.
ഉള്ളില്‍ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി.മെസ്സില്‍ പണിയെടുക്കേണ്ട..ഭക്ഷണവും കഴിക്കാം.എന്റെ ചിന്തകളെയെല്ലാം അസ്ഥാനത്താക്കി ഫൈസല്‍ ഇക്കാന്റെ അടുത്ത പ്രഖ്യാപനം വന്നു.എന്താന്നല്ലേ,എല്ലാ ദിവസവും ബാകിയുള്ളവരെ മെസ്സില്‍ സഹായിക്കണമത്രേ.ഒരു മാസം കൂടെ നിന്ന് പഠിച്ച ശേഷം പാചകം ചെയ്താല്‍ മതിയെന്ന്....!!!!
വാല്‍ : ആണ്‍ മക്കളെ അടുക്കളയില്‍ കയറ്റാത്ത എല്ലാ അമ്മമാര്‍ക്കും ഈ കഥ ഒരു പാഠമായിരിക്കട്ടെ..തുല്യ നീതി വീടുകളില്‍ നിന്ന് തുടങ്ങട്ടെ...പെണ്‍കുട്ടികള്‍ ചെയ്യുന്ന എല്ലാ വീട്ടുജോലികളും ആണ്‍കുട്ടികളും ചെയ്യട്ടെ....(ഒരു പരിധി വരെ ആണ്‍കുട്ടികളും എല്ലാം അറിഞ്ഞിരിക്കണം എന്ന ചിന്തയില്‍ നിന്നും ഉരിത്തിരിഞ്ഞ കഥ ).....

Vivek

നഷ്ട പ്രണയം

നഷ്ട പ്രണയം
പ്രണയത്തിനു നിറം ഉണ്ട്,അഴക്‌ ഉണ്ട്,സ്വപ്നം കാണിക്കാനും സന്തോഷിപ്പിക്കാനും ഒക്കെ ഉള്ള കഴിവുണ്ട്.എന്നാല്‍ എന്റെ ഓര്‍മകളില്‍ ഉള്ള പ്രണയത്തിനു ഇതൊന്നും ഇല്ലയിരുന്നുവെങ്കിലും രണ്ടു കാര്യങ്ങള്‍ ഉറപ്പായും ഉണ്ടായിരുന്നു.അല്ലെങ്കിലും ഒരു അഞ്ചാം ക്ലാസ്സുകാരന്റെ പ്രണയത്തിന് എന്ത് നിറം,എന്ത് സ്വപ്നം ..??അപ്പൊ നിങ്ങള്‍ ചോദിക്കും പിന്നെ എന്താ ഉണ്ടായിരുന്നതെന്ന്???
ഗന്ധവും നെഞ്ചിടിപ്പും മാത്രമായിരുന്നു എന്റെ പ്രണയത്തിനു ഉണ്ടായിരുന്നത്.ഇപ്പോഴും ഓര്‍മകള്‍ ഒന്ന് ചികഞ്ഞു എടുത്താല്‍ എനിക്ക് നന്നായി ആ ഗന്ധം ആസ്വദിക്കാന്‍ കഴിയും.ബോര്‍ഡില്‍ എഴുതുന്ന ചോക്കിന്റെ,മായ്ക്കാന്‍ ഉപയോഗിക്കുന്നത് ആണെങ്കിലും എറിഞ്ഞു കളിക്കുന്ന ടെസ്റ്റെറിന്റെ എന്തിനേറെ,സ്ലേറ്റു മായ്ക്കാനായി അവള്‍ കൊണ്ടുവരുന്ന ഞവര ഇലയുടെയും,മഷി തണ്ടിന്റെയും,വാഴ തടയുടെയും മണം....ഒരു മയില്‍പ്പീലിയുടെ നയിര്‍മല്യം പോലായിരുന്നു എന്റെ പ്രണയം.ആരും കാണാതെ, പുറംലോകം പോലും അറിയാതെ, പുസ്തകമാകുന്ന മനസ്സില്‍ ഞാനത് ഒളിപ്പിച്ചു വച്ചു,ഒരു നാള്‍ ആരും കാണാതെ അവള്‍ക്കു കൊടുക്കാന്‍.എപോഴൊക്കെ മനസ്സ് തുറന്ന് മയില്‍‌പ്പീലി അവള്‍ക്കു കൊടുക്കണമെന്ന് കരുതിയോ,അപ്പോഴൊക്കെയും നെഞ്ചിടിപ്പിന്റെ വേഗത ഒന്ന് മാത്രമാണ് എന്നെ പിന്നോട്ട് വലിച്ചത്.
ഇങ്ങനെ പോയാല്‍ സെന്റി ആകും...അല്പം തമാശ ആക്കാനുള്ള ഒരു ശ്രമം ആണേ....
എന്നിലെ ആധിയും വെപ്രാളവും കണ്ടിട്ടാകണം അവള്‍ ഒരുനാള്‍ എന്നോട് പറഞ്ഞു,എനിക്ക് ഒരു കാര്യം പറയാനുണ്ട്,കഴിയുമെങ്കില്‍ സ്ടെജിന്റെ പുറകിലേക്ക് വരിക.അവസാനം കാത്തു കാത്തു നിന്ന ആ നിമിഷം വന്നണയുകയാണ്.എന്റെ മനസ്സില്‍ അഞ്ചാറു ലഡ്ഡു പൊട്ടി,ഷെമിക്കണം അന്ന് ലഡ്ഡുവിന്റെ പരസ്യം ഇറങ്ങീട്ടില്ല,അഞ്ചാറു നാരങ്ങാ മിട്ടായി മിന്നി.അവള്‍ പറഞ്ഞു തുടങ്ങി....നാലാം ക്ലാസ്സു മുതല്‍ അവള്‍ക്കും ഇഷ്ടമായിരുന്നത്രെ,പക്ഷേ തുറന്ന് പറയാന്‍ മടി,നീ വേറൊന്നും വിചാരിക്കരുത്(ഞാന്‍ എന്ത് വിചാരിക്കാന്‍,ഇത് കേള്‍ക്കാന്‍ വേണ്ടിയാണല്ലോ ഞാനും നില്‍ക്കുന്നത്)എന്റെ ഈ ഇഷ്ടം നീ ശരതിനോട് ഒന്ന് പറയണം,എന്ന് പറഞ്ഞു അവള്‍ ക്ലാസ്സിലേക്ക് ഓടിപ്പോയി...
ശരത്,ആരാ ഈ ശരത് എന്നല്ലേ?? എന്‍ നന്‍പന്‍,എന്റെ ഏറ്റവും അടുത്ത സുഹൃത്ത്.എന്ത് ചെയ്യണം എന്നറിയാതെ നിന്ന ആ നിമിഷത്തിലും പെരുമ്പറ കൊട്ടുന്ന ശബ്ദത്തില്‍ എന്റെ ഹൃദയം മിടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു...കാലങ്ങളായി മാനം കാണിക്കാതെ പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന മയില്‍‌പ്പീലി പെട്ടെന്നൊരു നാള്‍ പുറം ലോകത്തേക്ക് എടുത്തെറിയപ്പെട്ട ഒരവസ്ഥയിലായിരുന്നു ഞാന്‍ അപ്പോള്‍........

Vivek

യുവജനോത്സവം

യുവജനോത്സവം
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം.എന്റെ ഓര്‍മയില്‍ ആദ്യമായി ഞാന്‍ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മൂന്നാം തരത്തില്‍ പഠിക്കുമ്പോഴാണ്.ഇന്നത്തെ പോലെ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെക്കാള്‍ ടെന്‍ഷന്‍ ആ സമയത്ത് അവരുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല.ഞാന്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയാണ് എന്ന് ഏതെങ്കിലും ഒരു കുട്ടി വീട്ടില്‍ പറയുകയാണെങ്കില്‍ പോലും,അത്ര വലിയ പ്രോത്സാഹനമോന്നും വീടുകളില്‍ നിന്ന് കിട്ടാത്ത കാലം.എന്നാല്‍ എന്റെ സ്ഥിതി നേരെ മറിച്ചായിരുന്നു.കാണുന്ന എല്ലാ മത്സരങ്ങളിലും ഞാന്‍ പങ്കെടുക്കുമായിരുന്നു.അതിനു ഏറ്റവും വലിയ പ്രോത്സാഹനവും,പ്രചോദനവും അമ്മ ആയിരുന്നു.കവിതാ പാരായണം,പ്രച്ചന്നവേഷം,പ്രസംഗ മത്സരം തുടങ്ങിയവയൊക്കെ ആയിരുന്നു എന്റെ പ്രധാന പരിപാടികള്‍....
പ്രൈമറി വിഭാഗത്തില്‍ സ്കൂളില്‍ നിന്നും പ്രച്ഛന്ന വേഷത്തിനും പ്രസംഗത്തിനും ഞാന്‍ വിജയിച്ചു,ഉപ ജില്ലാ സ്കൂള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം കിട്ടി.വലിയൊരു പാറക്കല്ല് വളരെ കഷ്ടപ്പെട്ട് തള്ളി നീക്കി,ഒടുവില്‍ അതിനു സാധിക്കാതെ കുഴഞ്ഞു വീണു മരിക്കുന്ന ഒരു കാട്ടാളന്റെ വേഷമായിരുന്നു പ്രച്ഛന്ന വേഷ മത്സരത്തിനായി എന്നിക്ക് വേണ്ടി അധ്യാപകര്‍ ഒരുക്കിയിരുന്നത്.ജന്മനാ ഒരു കാട്ടാളന്റെ വേഷപകര്‍ച്ച കിട്ടിയത് കൊണ്ടാകണം,വളരെ കുറച്ചു മേക്അപ് മാത്രമേ വേണ്ടി വന്നുള്ളൂ.എവിടെയോ കിടന്ന ഒരു പഴയ ചണച്ചാക്കൊക്കെ വലിച്ചു കീറി എന്നെ ഉടുപ്പിച്ചു,കരിപുരണ്ട നിറമുള്ള എന്റെ ദേഹത്ത് വേണ്ടും കരി വാരിത്തേച്ചു.അങ്ങനെ മേക്അപ് ഒക്കെ അവസാനിച്ച് ഞാന്‍ ഊഴവും കാത്തിരിക്കുകയാണ്.മനസ് നിറയെ അധ്യാപകര്‍ പറഞ്ഞു തന്ന കാര്യങ്ങളാണ്.രണ്ടു തവണ പാറക്കല്ല് വലിച്ചു നിരക്കണം ,പിന്നെ കുഴഞ്ഞു വീഴണം,അതിനു ശേഷം ചോര തുപ്പണം...
പെട്ടെന്ന് എന്റെ റോള്‍ നമ്പര്‍ അനൌണ്‍സ് ചെയ്തു.ശെരിക്കും ഞെട്ടിയത് ഇവിടെയാണ്‌.വിളിച്ചത് പ്രസംഗ മത്സരത്തിനായിരുന്നു.വേഷം മാറാനോന്നും സമയമില്ല.അച്ഛന്‍ എന്നെ ആ വേഷത്തില്‍ തന്നെ പൊക്കിയെടുത്ത് പ്രസംഗ വേദിയില്‍ കൊണ്ട് നിറുത്തി.ഇതിനിടയില്‍ അകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷന്‍ ആയതു ഒരു പാവം മൂന്നാം ക്ലാസ്സുകാരനായിരുന്നു.കര്‍ട്ടന്‍ ഉയര്‍ന്നു,കാണാപാഠം പഠിച്ച പ്രസംഗം ഞാന്‍ ഉരുവിടാന്‍ തുടങ്ങി.മാന്യ സദസിനു എന്റെ വിനീതമായ കൂപ്പുകൈ...,ഇത്രയും പറഞ്ഞതും കര്‍ട്ടന്‍ മുഴുവന്‍ പൊങ്ങുകയും,മുന്‍പിലിരുന്ന ആള്‍ക്കാര്‍ എന്നെ ശെരിക്കൊന്നു കാണുകയും ചെയ്തു.എന്താണെന്നറിയില്ല,എല്ലാവരും ചിരിച്ചു മറിയുന്നു,നിന്നും ഇരുന്നുമൊക്കെ ചിരിക്കുന്നു.അന്നെനിക്ക് മനസിലായില്ലെങ്കിലും ഇപ്പൊ നന്നായിട്ട് മനസിലാകുന്നു,എന്റെ കോലം കണ്ടിട്ടാണ് അവര്‍ ചിരിച്ചതെന്ന്...
പറയാന്‍ വന്ന ബാകി കാര്യങ്ങളൊക്കെ, ആള്‍ക്കാരുടെ ചിരി കണ്ടു എന്നിലേക്ക്‌ തന്നെ ഇറങ്ങിപോയി.ഇത് പോയെങ്കില്‍ പൊട്ടെ,അടുത്തത് പിടിക്കാം..ഉള്ള സമയം പാഴാക്കാതെ പ്രച്ഛന്ന മത്സര വേദിയില്‍ കയറി തകര്‍ത്തു അഭിനയിച്ചു.എന്റെ ഓര്‍മ്മയില്‍ ഈ രണ്ടു മത്സരങ്ങള്‍ക്കും പ്രതേകിച്ചു സമ്മാനമൊന്നും കിട്ടിയില്ല.മത്സരമെല്ലാം കഴിഞ്ഞു വീട്ടില്‍ വന്നപ്പോഴും പരാജയപ്പെട്ടു പോയതിനു ആരും തല്ലുകയോ,വഴക്ക് പറയുകയോ ചെയ്തില്ല,കാരണം മത്സരങ്ങളില്‍ വിജയിക്കണമെന്നല്ല,പങ്കെടുക്കണം എന്ന് മാത്രമാണ് വീട്ടുകാര്‍ പഠിപ്പിച്ചിരുന്നത്.
അന്നത്തെ ദിവസം അമ്മ ഒരുപാട് കഷ്ടപെട്ടു,രണ്ടു വലിയ *ബാറ് സോപ്പും* രണ്ടു തേങ്ങയുടെ ചകിരിയും വേണ്ടി വന്നു എന്റെ ദേഹത്തിലെ കരി കഴുകി കളയാന്‍..ഇന്ന് സ്വന്തം മക്കളുടെ ചെറിയൊരു സമ്മാനത്തിനു വേണ്ടി പോലും (അത് അര്‍ഹിച്ചതാന്നെങ്കിലും അല്ലെങ്കിലും) യുവജനോത്സവ വേദികളില്‍ പരസ്പരം പോരടിക്കുന്ന മാതാപിതാക്കളെ കാണുമ്പോള്‍,ആ പഴയ നന്മ നിറഞ്ഞ കാലഘട്ടത്തിലേക്ക് ഞാന്‍ അറിയാതെ തിരിച്ചു പോകാറുണ്ട്.....

Vivek

അനിയന്‍

അനിയന്‍
ഓര്‍മ വച്ച കാലം മുതല്‍ അമ്മയുടെ പുറകേ വാലു പോലെ നടന്ന എനിക്ക് അഞ്ചാം വയസില്‍ ഒരു കുഞ്ഞു സമ്മാനം കിട്ടി.കണ്ടപ്പോള്‍ ഒരു കുഞ്ഞു പാവ കണക്കെ കിടന്ന അവനെ ചൂണ്ടി അമ്മ പറഞ്ഞു,അതാണ്‌ നിന്റെ അനുജന്‍.കുഞ്ഞുവാവ വളര്‍ന്നത് വളരെ പെട്ടന്നായിരുന്നു.ഇഴയാന്‍ തുടങ്ങി,എണീറ്റ്‌ ഇരിക്കാനും പിന്നീട് പിടിച്ചു നില്‍ക്കാനുമുള്ള ശ്രമമായി.ചുവരില്‍ പിടിച്ച് എണീറ്റ്‌ നില്‍ക്കാന്‍ ശ്രമിക്കുകയും,അതിനു സാധിക്കാതെ പരാജയപ്പെടുകയും വീണ്ടും അത് തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്ന കുഞ്ഞനുജന്റെ മുഖം,ഇപ്പോഴും എന്റെ ഓര്‍മമകളില്‍ എവിടെയോ ഒളിമങ്ങാതെ കിടപ്പുണ്ട്.അവന്റെ നില്‍ക്കാനുള്ള ശ്രമങ്ങള്‍ കണ്ടപ്പോള്‍ എന്നിലുണ്ടായ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല,കാരണം ഓടാനും കളിക്കാനുമൊക്കെ എനിക്കൊരു കൂട്ട് കിട്ടുമല്ലോ..
കാലം പിന്നെയും കഴിഞ്ഞു.സ്കൂളില്‍ പോയി വരുന്ന എന്നെയും നോക്കി വൈകുന്നേരങ്ങളില്‍ അമ്മയുടെ മടിയില്‍ അവന്‍ കാത്തുകാത്തിരിക്കും.വീട്ടിലെത്താറാകുമ്പോള്‍ ഓടി വന്നു എന്റെ ബാഗു വാങ്ങി അവന്റെ കഴുത്തിലിടും.അത്രയും നേരം കളിക്കാന്‍ ഒരു കൂട്ടില്ലാതെ ഒറ്റയ്ക്ക് ഇരുന്നതിന്റെ നിരാശ മുഴുവന്‍ അവന്റെ മുഖത്ത് നിന്ന് മെല്ലെ മാഞ്ഞുപോകുന്നത് എനിക്ക് കാണുവാന്‍ സാധിക്കും.എന്നാല്‍ സംഭവിക്കുന്നതോ,ദുഷ്ടനായ ഞാന്‍,കടയില്‍ പോയി മിട്ടായി വാങ്ങി വരാമേ എന്ന് പറഞ്ഞു മറ്റു കൂടുകാരുമായി കളിയ്ക്കാന്‍ പോകും.പാവം,കളിയൊക്കെ കഴിഞ്ഞു ഞാന്‍ തിരിച്ചു വരുന്നത് വരെ എന്നെ കാത്തു അവന്‍ ഇരിപ്പുണ്ടാവും.എന്നെ വീണ്ടും കാണുമ്പോഴുള്ള അവന്റെ സന്തോഷം ഒരിക്കലും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.പിന്നീട് ജീവിതത്തില്‍ എപ്പോഴൊക്കെ ഈ സന്ദര്‍ഭം ഞാന്‍ ആലോചിക്കുമോ,അപ്പോഴൊക്കെയും ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍ പടരുന്നത് എനിക്ക് അറിയാന്‍ പറ്റും.
പിന്നീടു വരാനിരിക്കുന്ന കാലഘട്ടം അടിപിടിയുടെയും,ഗുസ്തികളുടെയും ഒക്കെ ആയിരിക്കുമെന്ന് അന്ന് അറിയില്ലായിരുന്നു.ഒരു ജ്യേഷ്ഠന്‍ എന്നുള്ളതിന്റെ സര്‍വ്വ ഗര്‍വ്വും,മേല്‍ക്കോയ്മയും ഒരിക്കലും അവന്റെ അടുത്ത് ചിലവാകുമായിരുന്നില്ല.അങ്ങനെ വരുന്ന സമയങ്ങളിലാണ് അടിപിടി,ബഹളം തുടങ്ങിയ വിവിധ തരത്തിലുള്ള കലാപ പരിപാടികളൊക്കെ അരങ്ങേറുന്നത്.അന്നും അമ്മ പറയുന്നൊരു കാര്യമുണ്ട്,നിങ്ങള്‍ സഹോദരങ്ങളാണ്,എപ്പോഴും സ്നേഹത്തോടെ പെരുമാറണം,കഴിയണം എന്നൊക്കെ..
എന്റെ അനുഭവത്തില്‍ നിന്ന് പറയുകയാണെങ്കില്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ നമുക്ക് ഒരിക്കലും സഹോദര സ്നേഹം എന്താണ് എന്നുള്ളത് മനസിലാക്കുവാന്‍ സാധിക്കില്ല,കാരണം അടിപിടി കഴിഞ്ഞൊരു നേരം കിട്ടിയിട്ട് വേണ്ടേ സ്നേഹിക്കാന്‍.ഒരു പക്ഷേ അങ്ങനെ അല്ലായിരുന്നുവെങ്കില്‍ എന്തോ ചെറിയ പ്രശ്നത്തിന്റെ പേരില്‍,ഒരു വര്‍ഷത്തോളം അവനുമായി ഒരക്ഷരം പോലും മിണ്ടാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു.ഇപ്പോള്‍ ഒന്ന് തിരിജു നോക്കുമ്പോള്‍ ജീവിതത്തില്‍ ആഘോഷമാക്കമായിരുന്ന എത്രയോ നല്ല മുഹൂര്‍ത്തങ്ങള്‍ ആണ് ഞാന്‍ കാരണം വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ട് പോയത് എന്ന് തോന്നി പോകുന്നു.
കാലം ഇന്നവനെ പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ രൂപത്തിലും,എന്നെ ജീവിതത്തില്‍ നേട്ടങ്ങള്‍ എത്തിപിടിക്കാന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ രൂപത്തിലും എത്തിച്ചിരിക്കുകയാണ്.പരസ്പരം മനസിലാക്കാന്‍ സാധിക്കുന്ന അല്ലെങ്കില്‍ അറിയുവാന്‍ സാധിക്കുന്ന ഒരു മനസും,ഹൃദയവും ഈ കാലഘട്ടങ്ങള്‍ക്കിടയില്‍ എവിടെയോ വച്ച് ദൈവം ഞങ്ങള്‍ രണ്ടു പേര്‍ക്കും ഫിറ്റ് ചെയ്തു തന്നു.ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു,സഹോദര സ്നേഹമെന്തെന്നും അത് നഷടപെട്ടാല്‍ എന്ത് മാത്രം മുറിവ് ഹൃദയത്തിലുണ്ടാകുമെന്നും.....എന്നും ഫോണ്‍ വിളിക്കനമെന്നോ,മറ്റുള്ളവരുടെ മുന്നില്‍ കെട്ടിപിടിച്ചു നടക്കനമെന്നോ അതിനര്‍ത്ഥമില്ല,ഒരു വിഷമഘട്ടം വരുമ്പോള്‍ പരസ്പരം സഹായിക്കാന്‍ സ്വന്തം സഹോദരങ്ങള്‍ മാത്രമേ കാണുകയുള്ളൂ എന്നൊരു തിരിച്ചറിവ് കാലം ഞങ്ങളില്‍ വരുത്തിയിരിക്കുന്നു.......ഫീലിംഗ് ഇത് എഴുതുമ്പോള്‍ നിന്നെ ഞാന്‍ ഒരുപാട് മിസ്സ്‌ ചെയ്യുന്നു,എന്റെ പ്രിയപ്പെട്ട സോദരാ......

Vivek

ഭ്രാന്തി

*വയറു നിറയെ പ്രഭാത ഭക്ഷണവും കഴിച്ചു സ്കൂളില്‍ പോകുന്ന കുട്ടികള്‍* എല്ലാ കാല ഘട്ടങ്ങളിലും അച്ഛനമ്മമാരുടെ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.എന്തുകൊണ്ടെന്നറിയില്ല,പഠിക്കാനായി സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങള്‍ രാവിലെ ആഹാരം കഴിക്കുന്നത് പേരിനു മാത്രമായിരിക്കും.എന്റെയും കുട്ടിക്കാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നില്ല.ക്ലാസ്സ് തുടങ്ങുന്നതിനു മുന്പ് കിട്ടുന്ന കുറച്ചു സമയം കൂട്ടുകാരുമായി കളിക്കാനുള്ള വെപ്രാളത്തില്‍ ഭക്ഷണം പോലും കഴിക്കാതെ ഒറ്റയോരോട്ടമാണ് സ്കൂള്‍ മൈതാനത്തേക്ക്‌....
അങ്ങനെ കളിയും കഴിഞ്ഞു,ആദ്യത്തെ രണ്ടു പീരിയഡും കഴിഞ്ഞു കഴിയുമ്പോള്‍ നന്നായി വിശക്കാന്‍ തുടങ്ങും.അഞ്ചു മിനിട്ട് ഇന്റെര്‍വെല്ലിനുള്ള മണി അപ്പോഴേക്കും മുഴങ്ങി കഴിഞ്ഞിരിക്കും.ഈ സമയം ടീച്ചര്‍മാര്‍ ഒക്കെ ഇരിക്കുന്ന സ്റ്റാഫ്‌ റൂമിന് മുന്നിലൂടെ നടക്കാന്‍ നല്ല രസമാണ്.കാരണം എന്താണെന്നല്ലേ,നമ്മുടെ വിശപ്പിന്റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ട് പല തരത്തിലുള്ള പലഹാരങ്ങളുടെ സുഗന്ധം അകത്തു നിന്നും പ്രവഹിക്കുന്നത് ഈ സമയത്താണ്.ഉഴുന്ന് വട,പരിപ്പ് വട,പഴ കേക്ക് തുടങ്ങി നാട്ടില്‍ കിട്ടാവുന്ന ഒരുവിധത്തില്‍ പെട്ട എല്ലാ പലഹാരങ്ങളും അവിടെ ഹാജരുണ്ടാകും.
ഞങ്ങളുടെ സ്കൂളില്‍ ഒരു *ഭ്രാന്തി ടീച്ചര്‍* ഉണ്ടായിരുന്നു.ജോലിയില്‍ നിന്ന് വിരമിച്ചിട്ടു പോലും,ചെറിയൊരു ഭാണ്ഡവും കയ്യില്‍ തൂക്കി ഒരു ദിവസം പോലും മുടങ്ങാതെ ഞങ്ങളുടെ സ്കൂളിന്റെ പടി കടന്നു അവര്‍ വരാറുണ്ട്.കുട്ടികള്‍ക്കെല്ലാം അവരെ വലിയ പേടിയായിരുന്നു.ഒറ്റയ്ക്കിരുന്നു സംസാരിക്കലാണ് ടീച്ചറുടെ പ്രധാന വിനോദം.കൂടുതലും കഥയും കവിതകളുമാണ് അവര്‍ പുലമ്പിക്കൊണ്ടിരുന്നത്.ഒറ്റയ്ക്കിരുന്നു ആരോടെന്നില്ലാതെ സംസാരിക്കുന്നത് കൊണ്ടാകാം ഒരു പക്ഷെ എല്ലാവരും ചേര്‍ന്ന് അവരെ ഭ്രാന്തി ടീച്ചര്‍ എന്ന് വിളിച്ചിരുന്നത്.എല്ലാ മാസവും ബാക്കിയുള്ള അധ്യാപകര്‍ എല്ലാവരും ചേര്‍ന്ന് അവരവരുടെ ശമ്പളത്തില്‍ നിന്ന് കുറച്ചു കാശ് സ്വരൂപിച്ചു ഒരു മാസ ശമ്പളമെന്ന പോലെ ടീച്ചര്‍ക്ക്‌ നല്കാറുണ്ട്.
പേടിയുള്ളതു കാരണം ഞാനൊഴികെ മറ്റു കുട്ടികള്‍ ആരും തന്നെ ടീച്ചറുടെ അടുത്ത് പോവുകയില്ല.എനിക്കാണെങ്കില്‍ അവരെ വലിയ കാര്യവുമായിരുന്നു.എന്ത് കൊണ്ടെന്നല്ലേ,ഇന്റെര്‍വെല്‍ സമയത്ത് സ്റ്റാഫ്‌ റൂമില്‍ വാങ്ങിക്കുന്ന പലഹാരങ്ങളില്‍ നല്ലൊരു പങ്ക് ടീച്ചര്‍ക്കും കിട്ടിയിരുന്നു.യഥാര്‍ത്ഥത്തില്‍ ടീച്ചറിനെയാണോ അതോ അവരിലൂടെ കിട്ടുന്ന പലഹാരങ്ങളെയാണോ ഞാന്‍ കൂടുതല്‍ സ്നേഹിച്ചിരുന്നത് എന്ന കാര്യം ഇപ്പോഴും ഒരു ചോദ്യ ചിഹ്ന്നമായി അവശേഷിക്കുന്നു.
അതിഭയങ്കരമായി വിശക്കുന്ന ദിവസങ്ങളില്‍,ഇന്റെര്‍വെല്‍ സമയത്ത് ഞാന്‍ നേരെ അവരുടെ അടുത്ത് പോകും.ഏതെങ്കിലുമൊരു പലഹാരം ഉണ്ടാകും ടീച്ചറുടെ കയ്യില്‍,നിധി പോലെ. എന്നെ കാണുന്നതും അതുവരെ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങളൊക്കെ അവര്‍ മറന്നുപോകും.ഒരിക്കലും നമുക്ക് അര്‍ഥം മനസ്സിലാക്കുവാന്‍ സാധിക്കാത്ത കഥയും കവിതകളുമൊക്കെ പറയാന്‍ തുടങ്ങുകയും ചെയ്യും.ഇടയ്ക്ക് ഇടയ്ക്ക് കയ്യിലിരിക്കുന്ന പലഹാരം ചെറിയ ചെറിയ കഷ്ണങ്ങള്‍ ആക്കി തന്നുകൊണ്ടിരിക്കും.എപ്പോള്‍ അവരുടെ കയ്യിലെ പലഹാരം തീരുമോ,അപ്പോള്‍ തന്നെ ഒരു നന്ദി വാക്കോ,ഒരു ചിരിയോ പോലും തിരിച്ചു നല്‍കാതെ കൂട്ടുകാരുമൊത്ത് കളിക്കുവാനായി ഞാന്‍ ഇറങ്ങി ഓടും.പിറ്റേദിവസം വീണ്ടും അടുത്ത് ചെല്ലുമ്പോള്‍ യാതൊരു വിധ പരിഭവങ്ങളും അവര്‍ കാണിക്കുകയില്ല.തലേ ദിവസം എന്ത് സംഭവിച്ചോ,അത് തന്നെ ആവര്‍ത്തിക്കുകയും ചെയ്യും.ഒരു പക്ഷെ ഭ്രാന്തി എന്നൊരു പേരുള്ളത് കൊണ്ടാകാം,ഒരു ആശ്വാസ വാക്കോ,ഒരു പുഞ്ചിരിയോ അവര്‍ ആരുടെ അടുത്തു നിന്നും പ്രതീക്ഷിക്കുന്നുണ്ടായിരിക്കില്ല ....
വര്‍ഷങ്ങള്‍ക്കിപ്പുറം,ചെറിയ ചെറിയ ഇഷ്ടങ്ങള്‍ക്കും,ഇഷ്ടക്കേടുകള്‍ക്കു പോലും പരസ്പരം മുഖം വീര്‍പ്പിച്ചിരിക്കുന്ന ബുദ്ധി കൂടിയ എന്ന് സ്വയം അവകാശപെടുന്ന ആള്‍ക്കാരുള്ള ഈ ലോകത്ത് ജീവിക്കുമ്പോള്‍, ഇടയ്കിടെ ഞാന്‍ കൊതിച്ചു പോകും,എനിക്കും ഭ്രാന്തി ടീച്ചറിനെപോലെ ഒന്ന് ആകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്.വേറൊന്നിനുമല്ല,ആരില്‍ നിന്നും ഒരു നല്ല വാക്ക് പോലും പ്രതീക്ഷിക്കാതെ,ആരോടും ഒരു പരിഭവവും കാണിക്കാതെ ഈ കാലഘട്ടത്തില്‍ ഒന്ന് ജീവിച്ചു പോകണമെങ്കില്‍,ഒരു ഭ്രാന്തനായി മാറേണ്ടി വരുമെന്ന് കൊഴിഞ്ഞു വീഴുന്ന ഓരോ ദിനങ്ങളും എന്നെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കുന്നു........

Vivek

ആദ്യത്തെ അഭിമുഖം അഥവാ ദ ഫസ്റ്റ് ഇന്റര്‍വ്യൂ....

ആദ്യത്തെ അഭിമുഖം അഥവാ ദ ഫസ്റ്റ് ഇന്റര്‍വ്യൂ....
കോളേജ് കാലഘട്ടം കഴിഞ്ഞു നില്‍ക്കുന്ന സമയം.കൂട്ടുകാരുടെ കണ്ണുകള്‍ ഒഴിച്ച്,ബാകി എന്നെ കാണുന്ന എല്ലാപേരുടെയും കണ്ണുകളില്‍ ഒരു ചോദ്യചിഹ്ന്നം നോം ദര്‍ശിച്ചു.ചോദ്യചിന്ഹത്തിനു തൊട്ടു മുന്‍പ് ഇനിയെന്ത്?? എന്ന ചോദ്യവും.സ്ഥിരം ഇത് ദര്‍ശിച്ചു സായൂജ്യമടയുകയും,എന്നെ കാണിക്കാന്‍ വേണ്ടി മാത്രം ചോദ്യചിന്ഹങ്ങളുമായി വരുന്ന കണ്ണുകളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി.ജോലി ഇല്ലാതിരിക്കുന്ന സമയങ്ങളിലാണ് ദിവസങ്ങള്‍ വേഗത്തില്‍ പോകുന്നതെന്നു എനിക്കിപ്പോള്‍ മനസിലാകുന്നു,കാരണം ചെറിയൊരു ജോലി ഉള്ള ഇന്നിപ്പോ ദിവസങ്ങള്‍ വളരെ കഷ്ടപ്പെട്ട് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത് എന്നൊരു തോന്നല്‍.എന്ത് തന്നെ ആയാലും ആ കാലഘട്ടങ്ങളില്‍ നെഞ്ചില്‍ ഒരു വലിയ ഐസ് കട്ട എടുത്തു വച്ച് തന്നാല്‍ എങ്ങനെയിരിക്കുമോ,അതുപോലത്തെ ഒരു പ്രതീതിയായിരുന്നു.കാണുന്നവര്‍ക്ക് സഹതാപം,നമുക്ക് മറ്റുള്ളവരോട് പുച്ഛം,അല്പം കൂടി കടന്നാല്‍ നമുക്ക് നമ്മളോട് തന്നെ സഹതാപം,ഇത്യാദി സംഭവ വികാസങ്ങളിലേക്ക് നമ്മള്‍ അറിയാതെ തന്നെ ആനയിക്കപ്പെടും...
കാണുന്ന എല്ലാ ഒഴിവുകളിലേക്കും അപേക്ഷകള്‍ തുരുതുരാ അയച്ചു.ഞങ്ങളുടെ നാട്ടിലെ പോസ്റ്റ്‌ ഓഫീസിനാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയിരുന്നത്.അവിടുന്ന് വാങ്ങിയ സ്ടാമ്പിനു കയ്യും കണക്കുമില്ല.മാത്രമല്ല അപേക്ഷ അയക്കാനുള്ള കവറും ഒട്ടിക്കാനുള്ള പശയും ഒക്കെ വാങ്ങി *കരുണന്‍ മാമന്റെ*കടയെയും ഞാന്‍ നന്നായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.അങ്ങനെ കാത്തുകാത്തിരുന്നു,എന്റെ അപേക്ഷകളില്‍ ഒരെണ്ണത്തിനു മറുപടി വന്നു.മറുപടി കൈപറ്റി തൊട്ടടുത്ത ദിവസമാണ് ഇന്റര്‍വ്യൂ.ഒരു ബാങ്കിന്റെ എക്സിക്യൂട്ടീവ് പോസ്റ്റിലേക്കുള്ള ഒഴിവാണ്,പേര് എസ് ബാങ്ക്.പണ്ട് നസീറിന്റെയും,ഉമ്മറിന്റെയും ഒക്കെ സിനിമകളില്‍ കണ്ടിരുന്ന രംഗങ്ങളാണ് മനസ്സിലേക്ക് ആദ്യമേ ഓടിയെത്തിയത്.ഓഫീസില്‍ പോകുന്നു,അവര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നു,യു ആര്‍ അപ്പോയിന്‍ടെഡ് എന്ന് പറയുന്നു.അടുത്ത് കാണിക്കുന്നത് ഒരു പഴയ പോടീ പിടിച്ച ടൈപ്പ് റൈറ്ററിനു മുന്പിലിരുന്നു *ടക് ടക്* എന്ന് അടിച്ചുകൊണ്ടിരിക്കുന്നതാണ്.പിന്നെ എപ്പോഴൊക്കെ ആ കഥാപാത്രത്തെ കാണിക്കുമോ,അപ്പോഴൊക്കെയും അയാള്‍ ഇങ്ങനെ ഇരുന്നു കൊട്ടുന്നതായിരിക്കും കാണിക്കുക....
ചിന്തകളൊക്കെ അവസാനിപ്പിച്ചു കിടന്നുറങ്ങി.പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലതിലോക്കെപ്പോയി,കണ്ണില്‍ കണ്ടവരോടൊക്കെ കാര്യം പറഞ്ഞു.വീട്ടിലെത്തി അച്ഛന്റെയും അമ്മയുടെയും,അയല്‍പക്കത്തുള്ളവരുടെയുമൊക്കെ കാലു വാരി,അനുഗ്രഹവും വാങ്ങി ഞാന്‍ യാത്രയായി.ബാങ്കിലെത്തിയപ്പോള്‍ എന്നെ കൂടാതെ വേറെയും രണ്ടു മൂന്നുപേര്‍ അവസരവും കാത്തിരിക്കുന്നത് ഞാന്‍ കണ്ടു.അല്പം കഴിഞ്ഞപ്പോള്‍ എന്റെ പേര് വിളിച്ചു,ഞാന്‍ അകത്തു കയറി.ഒരു ഗുട്മോര്‍നിംഗ് ഒക്കെ പരസ്പരം കൈമാറി.സിനിമ രംഗങ്ങളൊക്കെ മനസ്സില്‍ ഓര്‍മിച്ചുകൊണ്ട്,സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ഞാന്‍ മാനേജര്‍ക്ക് കൊടുത്തു,*ഇപ്പൊ കിട്ടും ജോലി* ഞാന്‍ മനസ്സില്‍ കരുതി...
എസ് ബാങ്കിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം,ആരാണ് ഇതിന്റെ സ്ഥാപകന്‍,എവിടെയാണ് ഇതിന്റെ ആസ്ഥാനം,തുടങ്ങി പട പടാന്ന് മൂന്നു നാല് ചോദ്യം,അതും ഇംഗ്ലീഷില്‍.നേരത്തെ ഒരു വലിയ ഐസ് കട്ട മാത്രമാണ് നെഞ്ചില്‍ ഉണ്ടായിരുന്നതെങ്കില്‍,*ടൈറ്റാനിക്* കപ്പലില്‍ വന്നിടിച്ച ആ കൂറ്റന്‍ മഞ്ഞു മലയാണ് ഇപ്പൊ എന്റെ നെഞ്ചില്‍ എന്ന് എനിക്ക് തോന്നിപ്പോയി.(ഇത് വായിക്കുന്ന നിങ്ങള്ക്ക് എന്റെ അപ്പോഴത്തെ അവസ്ഥ എന്തുമാത്രം മനസിലാകും എന്നെനിക്കറിയില്ല).ഞാന്‍ അവരെ നോക്കി ചെറുതായി ഒന്ന് ചിരിചു,മനപൂര്‍വമല്ല അറിയാതെ വന്നുപോയ ചിരിയാണ്.എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു.സര്‍ട്ടിഫിക്കറ്റ് തിരിച്ചു തന്നു.കിട്ടിയ അടുത്ത വണ്ടിക്കു തന്നെ ഞാന്‍ വീട് പിടിച്ചു..
അന്ന് അതിനകത്ത് നടന്ന സംഭവങ്ങള്‍ ഓര്മയിലുള്ളത് കൊണ്ടാകണം,പിന്നീടു വന്ന ഏതൊരു ഇന്റര്‍വ്യൂവിനും കമ്പനിയെ കുറിച്ചും,ചെയ്യാന്‍ പോകുന്ന ജോലിയെക്കുറിച്ചുമൊക്കെ വ്യക്തമായ ധാരണയോട് കൂടി മാത്രമേ ഞാന്‍ പോകാറുണ്ടായിരുന്നുള്ളൂ.ജീവിതത്തില്‍ എപ്പോഴും ആദ്യമായി സംഭവിക്കുന്ന ഒരു കാര്യം അത് വിജയിച്ചാലും,ഇല്ലെങ്കിലും പിന്നീടു നമ്മുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ഒരു വഴികാട്ടി ആയി തീരുമെന്ന് അന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യമാണ്.......

Vivek

മത്സ്യകന്യക

മത്സ്യകന്യക
അല്പം പഴയൊരു കഥയാണ്‌.വരൂ സുഹൃത്തുക്കളെ 2009 വര്‍ഷത്തിന്റെ അവസാന മാസങ്ങളിലേയ്ക്ക്...
കോളേജ് കാലഘട്ടത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ അവസാനിക്കുകയാണ്.തുടര്‍ച്ചയായ മൂന്നാം തവണയും ഇംഗ്ലീഷ് പേപ്പര്‍ സപ്പ്ളി പരീക്ഷയും എഴുതിയാണ് ഞാന്‍ കോളേജ്നോട് വിടപറയുന്നത്.മാസങ്ങള്‍ കടന്നുപോയി..
അങ്ങനെ ഒരു വിധം പരൂഷ പാസ്സായി ഞാനും ഒരു ഡിഗ്രിക്കാരനായി...ഒരു അഞ്ചാറു മാസം ഡിഗ്രി കാരന്‍ എന്ന ലേബലില്‍ വിലസി നടന്നു.ജോലി കിട്ടണമെന്നും അല്ലെങ്കില്‍ വേറെ ഏതെങ്കിലും കോഴ്സ്നു ചേരണമെന്നും നമുക്കോ നമ്മുടെ വീട്ടുകാര്‍ക്കോ ഉള്ളതിനേക്കാള്‍ തോന്നല്‍ നാട്ടുകാര്‍ക്ക് ആണ് എന്ന് ആ സുന്ദരമായ കാലഘട്ടം നമുക്ക് മനസിലാക്കി തരും...
നാട്ടുകാരുടെ ചോദ്യ ശരങ്ങള്‍ കേട്ട് മടുത്ത ഞാന്‍ ഒരു തീരുമാനമെടുത്തു,പുതിയൊരു കോഴ്സ്നു ചേരുക.യാത്രകളൊക്കെ ഒരുപാടു ഇഷ്ടപെടുന്ന ആളായതുകൊണ്ട് തന്നെ ട്രാവല്‍ ആന്‍ഡ്‌ ടൂറിസത്തിന്റെ കോഴ്സ് ആണ് ഞാന്‍ ഉദ്ദേശിച്ചത്.ചേരുന്നതിനു മുന്പ് ചെറിയൊരു അഭിമുഖ സംഭാഷണം ഒക്കെയുണ്ടെന്നു അവിടെ എത്തിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്,,അതും ഇംഗ്ലീഷില്‍..
*സന്തോഷമായി ഗോപിയേട്ടാ* ഇറങ്ങി ഓടാനും അടങ്ങി ഇരിക്കാനും പറ്റാത്ത അവസ്ഥ,കാരണം എനിക്ക് അത്രമാത്രം അറിവാണല്ലോ ഇംഗ്ലീഷില്‍...
അഭിമുഖം തുടങ്ങി,പേരും മേല്‍വിലാസവും വയസ്സുമൊക്കെ പറഞ്ഞു കയ്യിലുള്ള ഇംഗ്ലീഷ് ഒക്കെ തീര്‍ന്നിരിക്കുകയാണ് ഞാന്‍.നമ്മുടെ ഇരിപ്പ് കണ്ടപ്പോഴേ ചോദ്യ കര്‍ത്താക്കളില്‍ ഉള്ള ഒരു *മാഡത്തിനു* കാര്യം മനസിലായി.അവര്‍ വളരെ സൌമ്യമായി എന്നോട് പറഞ്ഞു,തിരുവനന്തപുരത്തെ വിനോദ സഞ്ചാര സ്ഥലങ്ങളെപ്പറ്റി ആംഗലേയ ഭാഷയില്‍ സംസാരിക്കുക.സൂപ്പര്‍, അടിപൊളി..ഞാന്‍ *പ്രതീക്ഷിക്കാത്തത്* തന്നെ സംഭവിച്ചു.
കാണാനുള്ള സ്ഥലങ്ങളെപ്പറ്റി ഒരുവിധത്തില്‍ ഞാന്‍ മന്ഗ്ലിഷില്‍ പറഞ്ഞൊപ്പിച്ചു.തീര്‍ന്നില്ല, അവര്‍ക്ക് വീണ്ടും കുരു പൊട്ടി..ശങ്ഗുമുഗത്ത്‌ കാഴ്ചകള്‍ എന്തൊക്കെ കാണാനുണ്ട് എന്നായി അവര്‍.യാതൊരു വിധ പേടിയുമില്ലാതെ ഞാന്‍ പറഞ്ഞു ബീച്ച്,എയര്‍പോര്‍ട്ട്,പിന്നെ *മത്സ്യകന്യക*.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്‌.....ബീച്ച്, എയര്‍പോര്‍ട്ട് ഓക്കെ,ആ കള്ള കെളവിക്കു മത്സ്യകന്യകയുടെ ഇംഗ്ലീഷ് വാക്ക് അറിയണം.
എന്തായാലും പെട്ടു,ഇനി പറഞ്ഞെ പറ്റു..അറിയില്ല എന്ന വാക്ക് ആ ഒരു പ്രായത്തില്‍ എന്റെ നിഖണ്ടുവിലേ ഉണ്ടായിരുന്നില്ല.ഞാന്‍ തല പുകഞ്ഞു ആലോചിക്കുന്നതായി അഭിനയിച്ചു...നെറ്റി തടവി, തല ചൊറിഞ്ഞു, എന്നിട്ട് പതിയെ മനസ്സില്‍ പറഞ്ഞു നോക്കി, മത്സ്യം=ഫിഷ്‌, കന്യക=ലേഡി..പിന്നൊന്നും ചിന്തിച്ചില്ല,ഞാന്‍ ഉറക്കെ അലറി ഫിഷ്‌ലേഡി, മത്സ്യകന്യകയുടെ ഇംഗ്ലീഷ് *ഫിഷ്‌ലേഡി*...
പിന്നത്തെ കാഴ്ച ഭയാനകമായിരുന്നു.അഭിമുഖം നടത്തിയവര്‍ ശ്വാസം കിട്ടാതെ ഇരുന്നും നിന്നും കിടന്നുമൊക്കെ ചിരിക്കുന്നു..ചോദ്യം ചോദിച്ച മാഡം ബ്ലിംഗോ ബ്ലിംഗസ്യ എന്ന രീതിയില്‍ കണ്ണും മിഴിച്ചിരിക്കുന്നു.ഞാനോ ഫീലിംഗ് സീതാദേവി..ഭൂമി ഒന്ന് രണ്ടായി പിളര്‍ന്നെങ്കില്‍...
ആര്‍ക്കെങ്കിലും ചിരി വരുന്നുണ്ടെങ്കില്‍ അധികം ചിരിക്കണ്ട,ഈ വായിക്കുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാതെ പറയാന്‍ അറിയാമോ മത്സ്യകന്യകയുടെ ഇംഗ്ലീഷ് വാക്ക്..... 

Vivek
 

ഒരു ഫ്രീക്കന്റെ അന്ത്യം

ഒരു ഫ്രീക്കന്റെ അന്ത്യം
സിനിമകള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ???നിങ്ങള്‍ എപോഴെങ്കിലും ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ??അല്‍പ നേരം ഒന്ന് ആലോചിച്ചു നോക്കു,നിങ്ങള്‍ക്കും കാണും ഏതെങ്കിലും സിനിമ കാരണം സംഭവിച്ച രസകരമായ എന്തെങ്കിലും അനുഭവങ്ങള്‍.ഉറപ്പായും നാം കാണുന്ന സിനിമകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍,നമ്മില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും.സ്പിരിറ്റ്‌ എന്ന സിനിമ കണ്ടിട്ട് മദ്യപാനം നിറുത്തിയെന്നോ,അല്ലെങ്കില്‍ ദൃശ്യം എന്ന ചലച്ചിത്രം കണ്ടിട്ട് കൊലപാതകം നടത്തിയെന്നോ ഇതിനര്‍ത്ഥമില്ല.പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ സാധിക്കാത്ത,എന്നാല്‍ ചെറിയ ചില മാറ്റങ്ങള്‍,വളരെ ചെറിയൊരു കാലയളവിലേക്ക് എങ്കിലും നമ്മില്‍ പല സിനിമകളും കൊണ്ട് വന്നിട്ടുണ്ട്.ഞാന്‍ എന്ന സാങ്കല്‍പിക കഥാപാത്രത്തിന് ഉണ്ടായ ഒരു രസകരമായ അനുഭവം നിങ്ങള്‍ക്കായി പങ്കു വയ്ക്കുകയാണ്....
അന്ന്യന്‍ എന്ന ചലച്ചിത്രം തമിഴ് ലോകത്ത് മാത്രമല്ല,മലയാള മണ്ണില്‍ വരെ വലിയ വിജയം നേടിയ ഒരു ചിത്രമാണ്.പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള മാറ്റമാണ് യുവാക്കള്‍ക്കിടയില്‍ ഈ ഒറ്റ ചിത്രം കൊണ്ടുണ്ടായത്.ആ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച് എല്ലാവരും അതുപോലെ നടക്കാന്‍ തുടങ്ങി.മുടി വെട്ടുന്ന രീതിയില്‍ മാറ്റം,മുടിയുടെ നിറത്തില്‍ മാറ്റം,അങ്ങനെയങ്ങനെ അകെ മൊത്തം കണ്ടു കഴിഞ്ഞാല്‍ കുളിയും ജപവുമൊന്നുമില്ലാതെ നടക്കുന്ന കുറെ രൂപങ്ങള്‍.കോളേജില്‍ പഠിക്കുന്ന പയ്യന്മാര്‍ മുതല്‍,ശശി മേസ്തിരിയുടെ കൂടെ വാര്‍ക്കപണിക്കു പോകുന്ന ഷിബുവും,രാഘവനും വരെ അടിമുടി മാറി...
എന്റെ ഓര്‍മയില്‍ സ്കൂളില്‍ പഠിക്കുന്ന സമയമായിരുന്നു അത്.കൂടെ പഠിക്കുന്നവര്‍ എല്ലാം ഫ്രീക്കന്മാരായി.നമ്മള്‍ ഇപ്പോഴും പഴഞ്ചന്‍ തന്നെ.അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ,അടുത്ത തവണ മുടി വെട്ടുമ്പോള്‍ എനിക്കും ഫ്രീക്കനാകണം എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.കാത്തു കാത്തിരുന്ന സമയമെത്തി.പോക്കറ്റില്‍ നിന്ന് കാശു എടുത്തു തരുമ്പോള്‍ അച്ഛന്‍ പറഞ്ഞു,*കഴിഞ്ഞ തവണത്തെ പോലെ വെട്ടരുത്,മുടി കൂടുതല്‍ ആയിരുന്നു,നീര്‍താഴ്ച വന്നു അസുഖം പിടിക്കും,അതുകൊണ്ട് പറ്റെ വെട്ടിയിട്ട് വേണം വരാന്‍*.ഞാന്‍ കൂടെ വരണോ എന്ന് ചോദിച്ചു തീരുന്നതിനു മുന്നേ ഞാന്‍ പറഞ്ഞു,വേണ്ട അച്ഛാ,കുട്ടിയൊന്നുമല്ലല്ലോ,ഞാന്‍ തനിയെ പോയ്ക്കൊള്ളം.പിന്നൊരു ഓട്ടമായിരുന്നു,പുതിയതായി തുടങ്ങിയ ബാര്‍ബര്‍ഷോപ്പിലേക്ക്...
എന്റെ ഇഷ്ടത്തിന് മുടിയൊക്കെ വെട്ടി.അങ്ങനെ ഞാനും ഒരു അര ഫ്രീക്കനായി.അച്ഛന്‍ ജോലിക്ക് പോയിക്കാണും എന്ന ചിന്തയില്‍ ഞാന്‍ നേരെ വീട്ടിലേക്കു തന്നെ വച്ച് പിടിച്ചു. ചെന്ന് കേറിയത്‌ തന്നെ അച്ഛന്റെ മുന്‍പിലായിപ്പോയി.എന്താടാ ഇത് എന്ന ഒറ്റ ചോദ്യമായിരുന്നു.(സുരേഷ്ഗോപി പറയുന്നത് പോലെ ഒരൊറ്റ ചോദ്യം മതി ജീവിതം മാറിപോകാനെന്നു അന്നെനിക്ക് മനസിലായി)ഞാന്‍ പറഞ്ഞു സ്ട്രൈറ്റ്‌ ചെയ്തതാ,എന്ത് ചെയ്തതാ,കണ്ടിട്ട് പശു നക്കിയതു പോലുണ്ടല്ലോ,വാടാ ഇവിടെ,എന്നും പറഞ്ഞു എന്നെയും വലിച്ചിഴച്ചു നേരെ ആ കടയിലേക്ക് പോയി.അവിടെ കണ്ട കാഴ്ച എരി തീയില്‍ എണ്ണ ഒഴിക്കുന്നതായിരുന്നു.രണ്ടു പേരെ ഫ്രീക്കന്മാരാക്കി കൊണ്ടിരിക്കുന്നു,മൂന്നു നാല് പേര്‍ ഫ്രീക്കന്മാരാകാന്‍ അവസരവും കാത്തിരിക്കുന്നു..
പിന്നീടു സംഭവിച്ചതൊക്കെയും ചരിത്രമാണ്.അവിടെ കേട്ടുകൊണ്ടിരുന്ന പടിഞ്ഞാറന്‍ സംഗീതം നിലച്ചു.ആകെ ശോക മൂകമായ അന്തരീക്ഷം.ഒരു പക്ഷേ ലോകത്തില്‍ ഇത്ര വേഗത്തില്‍ ഒരാളെ മൊട്ടയടിചിട്ടുണ്ടെങ്കില്‍ അത് അന്ന് എന്നെ ആയിരിക്കും.എല്ലാം കഴിഞ്ഞു,അച്ഛന്റെ പുറകെ വാലുപോലെ ഞാന്‍ വീട്ടിലെത്തി.കണ്ടു കഴിഞ്ഞപ്പോള്‍ അമ്മ ഉള്‍പ്പെടെ എല്ലാവര്‍ക്കും വലിയ സന്തോഷം...
പക്ഷേ അവരാരും അന്നറിഞ്ഞില്ല,സ്വന്തം മുടിയോടൊപ്പം അവരെല്ലാം കൂടി ചേര്‍ന്ന് വെട്ടി കളഞ്ഞത് ഒരു ഫ്രീക്കന്റെ കിറുക്കന്‍ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നെന്ന്....

Vivek

ന്നെ കുറിച്ച് നിങ്ങള്‍ എല്ലാം എന്താ കരുതിയത്??


ന്നെ കുറിച്ച് നിങ്ങള്‍ എല്ലാം എന്താ കരുതിയത്??എന്ത് പറഞ്ഞാലും അനുസരിക്കുമെന്നാണോ??ഞാന്‍ വെറും പാവമാണ് എന്നാണോ??ദിവസത്തില്‍ ഇരുപത്തി നാലു മണിക്കൂറും എന്നെ പോലെ വിശ്രമമില്ലാതെ പണിയെടുക്കുന്ന വേറെ ആരെയെങ്കിലും നിങ്ങള്‍ക്ക് കണി കാണാന്‍ കിട്ടുമോ??ജനിച്ചതു മുതല്‍ ഈ നിമിഷം വരെ വിശ്രമം എന്തെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല.ആ എന്നെയാണ് നീയൊക്കെ എല്ലാം കൂടി ചേര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി കൊല്ലാക്കൊല ചെയ്യുന്നത്.സംസാരം എല്ലാം കേട്ട് അത്രയും നേരം സഹിച്ചിരുന്ന അയല്‍ക്കാരനായ ആമാശയം ഹൃദയത്തോട് ചോദിച്ചു,എന്താ അളിയാ,എന്ത് പറ്റി,നീ ഇങ്ങനെ ഇമോഷണല്‍ ആകാതെ കാര്യം എന്താണെന്നു വച്ചാല്‍ തുറന്നു പറ??
ആമാശയത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഹൃദയം തന്റെ കദന കഥ പറഞ്ഞു തുടങ്ങി..
എടാ ആമാശയമേ,രാവിലെ,ഉച്ചക്ക് അത് കഴിഞ്ഞാല്‍ രാത്രി,ഈ മൂന്നു നേരം ആഹാരം വല്ലതും എത്തി കഴിയുമ്പോള്‍ മാത്രമാണ് നിനക്ക് കാര്യമായി എന്തെങ്കിലും പണിയുള്ളത്.ബാക്കിയുള്ള മുഴുവന്‍ സമയവും നിനക്ക് വിശ്രമം കിട്ടുന്നുണ്ട്.ചുരുക്കി പറഞ്ഞാല്‍ സമയാ സമയം തിന്നുക ഉറങ്ങുക,തിന്നുക ഉറങ്ങുക,ഇത് തന്നെ.ഇനി തീരുമാനങ്ങള്‍ എടുക്കുന്ന കാര്യസ്ഥന്റെ കാര്യം നോക്കു,തീരുമാനങ്ങള്‍ എടുക്കുന്ന കാര്യസ്ഥനോ,അതാരാ?? ആമാശയം ഇടയ്ക്കു കയറി ചോദിച്ചു.ഹൃദയത്തിനു ദേഷ്യം വന്നു,എടാ പൊട്ടാ തലച്ചോറിന്റെ കാര്യമാ പറയുന്നത്.അവന്റെ വിചാരം അവന്‍ ആണ് ഓള്‍ ഇന്‍ ഓള്‍ എന്ന്‍.എന്നാല്‍ അവനും മനസിലാക്കുന്നില്ല അവനു വേണ്ട ഫുഡും കാര്യങ്ങളും ബ്ലഡ്‌ അളിയന്‍ വഴി മുകളിലേക്ക് പമ്പ് ചെയ്തു വിടുന്നത് ഞാന്‍ ആണെന്ന്.ഇതൊക്കെ മറന്നുള്ള ഇടയ്ക്കിടയ്ക്കുള്ള അവന്റെ ഓര്‍ഡര്‍ ഇടീല്‍ കണ്ടാല്‍ ഒരു പൊട്ടീര് അങ്ങ് പൊട്ടിക്കാന്‍ തോന്നും.
നീ ചുറ്റിലുമുള്ള എല്ലാവരെയും ഒന്ന് നോക്കൂ ആമാശയമേ,ഒന്നുകില്‍ റെസ്റ്റ് കിട്ടുന്ന എന്തെങ്കിലും പണി,അല്ലെങ്കില്‍ നമ്മുടെ വൃക്ക അളിയനെ പോലെ പണി പങ്കിട്ടെടുക്കാന്‍ ഒരാള്‍ കൂടി കാണും.ആമാശയം ചുറ്റിലും നോക്കി.ഹൃദയം പറയുന്നത് വളരെ ശെരിയാണ്,രണ്ടു ശ്വാസകോശം,രണ്ടു കുടല്‍,രണ്ടു മൂക്ക്,രണ്ടു ചെവി,എന്തിനേറെ തലച്ചോറിനു വരെ രണ്ടു ഭാഗം.ഹൃദയത്തിന്റെ കാര്യം കഷ്ടം തന്നെ,പണിയെടുത്ത്, പണിയെടുത്ത് ലവന്റെ ഊപ്പാട് വരുന്നുണ്ടായിരിക്കും,ആമാശയം മനസ്സില്‍ കരുതി..
തെല്ല് വിഷമം അഭിനയിച്ചുകൊണ്ട് ആമാശയം ചോദിച്ചു,അല്ലളിയാ,ഇപ്പൊ ഇത്രയും വിഷമം തോന്നാന്‍ എന്താ കാരണം??ഇത്രയും കാലത്തിനിടക്ക് ഇപ്പോഴാണല്ലോ നീ ഇങ്ങനൊക്കെ പറയുന്നത്.എന്തേലും ഇപ്പൊ സംഭവിച്ചോ,നീ പറയു,ഞാന്‍ കേള്‍ക്കട്ടെ?മനസ്സില്ലാ മനസ്സോടെ ഹൃദയം വീണ്ടും തുടര്‍ന്നു,അളിയാ കഴിഞ്ഞ മൂന്നു മാസമായി ഞാന്‍ ഇപ്പൊ ചെയ്യുന്നതിന്റെ ഇരട്ടി ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.നല്ല ജോലി,നല്ല ശമ്പളം എന്നൊക്കെ പറഞ്ഞ് ആ കള്ള തലച്ചോറാണ് ഇവനെ പ്രവാസിയാക്കിയത്.സംഭവമൊക്കെ കൊള്ളാം,പോകെപ്പോകെയാണ് എനിക്കൊരു കാര്യം മനസ്സിലായത്,ആകാംഷ സഹിക്കാന്‍ വയ്യാതെ ആമാശയം ചോദിച്ചു എന്ത് കാര്യം??
ഹൃദയം പറഞ്ഞു വേറൊന്നുമല്ലടാ ഇവന്‍ നടക്കുമ്പോഴും,ഇരിക്കുമ്പോഴും എന്തിനേറെ പറയുന്നു,കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം ആ തലച്ചോറ് ഇവനെ നാട്ടിലെ കാര്യങ്ങള്‍ ഒരു സിനിമാ തീയറ്ററില്‍ ഇരുത്തിയെന്നപോലെ,മനസ്സിലെ സ്ക്രീനില്‍ കാണിച്ചു കൊടുത്തു കൊണ്ടേയിരിക്കുന്നു.ചുരുക്കി പറഞ്ഞാല്‍ ഇരുപത്തി നാല് മണിക്കൂറും സിനിമയോട് സിനിമ.
ഇവന്‍ മനസ്സില്‍ എപ്പോഴൊക്കെ അച്ഛനമ്മ മാരെയും,ബന്ധു ജനങ്ങളെയും,കൂട്ടുകാരെയുമൊക്കെ കാണുമോ,അപ്പോഴൊക്കെ ഒരു പ്രാവശ്യം പണിയെടുക്കേണ്ട ഞാന്‍ ചുരുങ്ങിയത് മൂന്നു തവണ എങ്കിലും കൂടുതല്‍ കിടന്നു ഇടിക്കേണ്ടി വരും.അല്ലെങ്കില്‍ അപ്പൊ വിളി വരും,പല ഭാഗത്ത്‌ നിന്നും,എനിക്ക് ഓക്സിജന്‍ കിട്ടീലാ,എന്നെ ആരും നോക്കുന്നില്ല എന്നൊക്കെ പറഞ്ഞ്.അവനൊക്കെ അവിടെയിരുന്നു ഓര്‍ഡര്‍ ഇട്ടാല്‍ മതി,ഞാനാ ഇവിടെ കിടന്ന് കഷ്ടപ്പെട്ട് പമ്പ് ചെയ്തു എല്ലാവനും എത്തിച്ചുകൊടുക്കാന്‍.
എന്റെത് ഒരു വല്ലാത്ത ഗതി കേട്ട ജന്മം ആയിപ്പോയളിയാ,പറഞ്ഞിട്ട് കാര്യമില്ല.ഇപ്പൊ തന്നെ നോക്ക്,സമയം വെളുപ്പാന്‍ കാലം രണ്ടേ മുക്കാല്‍.ഇവനെപ്പോലൊരു പ്രവാസി അല്ലാതെ മറ്റാരെങ്കിലും ഈ സമയത്ത് പേനയും പിടിച്ച് പേപ്പറില്‍ കുത്തി കുറിചിരിക്കുമോ??എഴുതാന്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ടെന്‍ഷന്‍ പിടിക്കും,അപ്പോഴും പണി എനിക്ക് തന്നെ,രണ്ടിടി ഞാന്‍ കൂടുതല്‍ ഇടിക്കേണ്ടി വരും.ആ ഇനി പറഞ്ഞിട്ട് കാര്യമില്ല,വരുന്നിടത്ത് വച്ച് കാണാം,നീ പോയി ഉറങ്ങിക്കോ ആമാശയമേ,രാവിലെ പണിയെടുക്കേണ്ടത് അല്ലെ,നമുക്ക് ഇതുപോലെ ഇടയ്ക്കു ഇടയ്ക്കു കാണാം,ഗുഡ് നൈറ്റ്...

Vivek

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: ഇത് എന്റെ കഥയല്ല


നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: ഇത് എന്റെ കഥയല്ല,എന്റെ കഥ ഇങ്ങനെയല്ല,ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ,മരിച്ചുപോയവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദ്രിശ്ചികമല്ല,മനപ്പൂര്‍വമാണ്‌.......
സ്കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാ കാര്യങ്ങളിലും ഒന്നാമനായിരുന്നു ഞാന്‍,പഠനത്തിലോഴികെ.കുഞ്ഞിലേ മുതല്‍ക്കു തന്നെ സസ്യ ജാലങ്ങലോടും,സഹജീവികളോടും എനിക്ക് വല്ലാത്ത ഒരു അനുകമ്പയായിരുന്നു.ചെടികള്‍ നട്ടു വളര്‍ത്തുന്നതിലും,അവയെ വെള്ളമൊഴിച്ച് പരിപാലിക്കുന്നതിലും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പൂന്തോട്ടം എന്നൊരു ആശയം ആയിടക്കാണ്‌ സ്കൂളിലെ ഏതോ ഒരു ടീച്ചറുടെ ബുദ്ധിയില്‍ ഉദിച്ചത്.ഓരോ ക്ലാസ്സിനും ഓരോ പൂന്തോട്ടം.എന്റെ ഓര്‍മയില്‍ ഞാന്‍ അന്ന് അഞ്ചാം തരത്തിലാണ് പഠിക്കുന്നത്.ഞങ്ങളുടെ ക്ലാസിനു മുന്നിലുള്ള ചെടികള്‍ക്ക്,സ്കൂള്‍ തുറക്കുന്നതിനും അര മണിക്കൂര്‍ മുന്നേ എത്തി ഞാനായിരുന്നു വെള്ളമോഴിച്ചിരുന്നത്,നേരത്തെ പറഞ്ഞ സഹജീവി അനുകമ്പ ആയിരുന്നു കാരണം.ഇതില്‍ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല എനെറെ സഹജീവി സ്നേഹം..
ഉച്ചക്കഞ്ഞിക്ക് മണി മുഴങ്ങുമ്പോള്‍ എല്ലാ കുട്ടികളും വരിവരിയായി വരാന്തയില്‍ നിരന്നിരിക്കും,പാത്രങ്ങളുമായി.പക്ഷേ മഹാനായ ഞാനോ,കഞ്ഞിപ്പുരയിലേക്കയിരിക്കും ഓടുന്നത്.എന്തിനാണെന്നോ,കഞ്ഞി വിളമ്പുന്നതിനു ടീച്ചര്‍മാരെ സഹായിക്കാന്‍.ചുരുക്കി പറഞ്ഞാല്‍ സേവന പ്രവര്‍ത്തനങ്ങളിലൂടെ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയാകുക എന്നുള്ളതായിരുന്നു എന്റെ രഹസ്യ അജണ്ട....
അങ്ങനെ എന്ത് കാര്യത്തിനും മുന്നില്‍ നില്‍ക്കുന്ന എന്നെ കുറിച്ച് അവര്‍ക്കെല്ലാം നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.പഠിച്ചിരുന്ന സമയത്ത് ഞാന്‍ തളര്‍ന്നു പോകുമായിരുന്ന ചില വിഷയങ്ങളുടെ ക്ലാസുകള്‍ ഉണ്ട്.ദിവസത്തില്‍ രണ്ടു വീതം ഉണ്ടായിരുന്ന കണക്കു മാഷിന്റെ ക്ലാസ്സുകളായിരുന്നു അവയില്‍ പ്രധാനം.എല്ലാ വിഷയങ്ങളിലും *തത്തി പൊത്തി*ജയിക്കാനുള്ള മാര്‍ക്ക് വാങ്ങുമായിരുന്നെങ്കിലും,കണക്കിന്റെ കാര്യത്തില്‍ എനിക്ക് തന്നെ ഒരു ഉറപ്പുമില്ലയിരുന്നു,ജയിച്ചാല്‍ ജയിച്ചു,അത്ര തന്നെ.അതുപോലെ തന്നെ ബാകി എല്ലാ ടീച്ചര്‍മാരുടെയും അടുത്ത് ഞാന്‍ പതപ്പിച്ചിരുന്ന സോപ്പ്,കണക്കു മാഷിന്റെ അടുത്ത് പതയുമായിരുന്നില്ല...
അഞ്ചാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് സ്കൂള്‍ തുറന്ന സമയം.പ്രാധനാധ്യാപിക ക്ലാസ്സില്‍ വന്നു പറഞ്ഞു,നാളെ നിങ്ങളുടെ മാതാ പിതാക്കളെ വിളിച്ചു കൊണ്ട് വരണം,പി ടി എ മീറ്റിംഗ് ആണ്.വലിയ സംഭവമായി തോന്നിയില്ല,കാരണം ഇടയ്ക്കു ഇടയ്ക്കു ഇത് നടത്തുന്നതാണ്.എന്നത്തേയും പോലെ ഇത്തവണയും മീറ്റിങ്ങിനായി അമ്മ തന്നെ എത്തി.പതിവുപോലെ എല്ലാ ടീച്ചര്‍ മാര്‍ക്കും എന്നെ കുറിച്ച് നല്ല അഭിപ്രായം മാത്രം.എന്നാല്‍ എന്റെ കണക്കു കൂട്ടലുകള്‍ തെറ്റാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.
സത്യത്തില്‍ മീടിങ്ങിനു പകരം അന്നവിടെ സംഘടിപ്പിച്ചത് പരസ്യമായി മാര്‍ക്ക് വിളിച്ചു പറയുന്ന ഒരു കൂതറ ഏര്‍പ്പാടായിരുന്നു.കണക്കൊഴികെ ബാകിയെല്ലാ മാര്‍ക്കും പറഞ്ഞു കഴിഞ്ഞു.ദൈവം സഹായിച്ച് ഇതുവരെയും പരിക്കൊന്നും പറ്റിയില്ല.അടുത്തതായി കണക്കു മാഷ്‌ എഴുന്നേറ്റു.പേര്,കിട്ടിയ മാര്‍ക്ക് ഈ ക്രമത്തിലാണ് വായന.പേര് വിളിക്കുമ്പോള്‍ കുട്ടി എണീറ്റ്‌ നില്‍ക്കണം.വായന തുടങ്ങി,ശരത് (എന്റെ ഉറ്റ തോഴനാണ് അവന്‍) അമ്പതിന് നാലര മാര്‍ക്ക്.കൂട്ടച്ചിരി മുഴങ്ങി,വേറാരുമല്ല നമ്മുടെ അച്ഛനമ്മമാര്‍ തന്നെ.കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ടത് എന്റെ അമ്മയുടെ ചിരി ആയിരുന്നു എന്നാണ് എന്റെ ഓര്‍മ...
എല്ലാവരുടെ ചിരി തീര്‍ന്നിട്ടും സിനിമയിലെ ശ്രീനിവാസനെപ്പോലെ അമ്മ ചിരിക്കുന്നതിന്റെ ശബ്ദം അപ്പോഴും കേള്‍ക്കാമായിരുന്നു.രണ്ടു മൂന്നു പേരുകള്‍ കൂടി കഴിഞ്ഞു എന്റെ പേര് വിളിച്ചു.വിവേക്,ഞാന്‍ എണീറ്റു.(സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ വചനങ്ങള്‍ എന്റെ കാതുകളില്‍ അലയടിച്ചു.*വിത്ത് ഔട്ട്‌ മാത്ത മടിക്സ് ഭൂമി ഒരു വട്ട പൂജ്യം*)കാതുകളില്‍ അലയടിച്ച വചനങ്ങളെ അര്‍ത്ഥവത്താക്കിക്കൊണ്ട് മാഷ്‌ ഉച്ചത്തില്‍ പറഞ്ഞു,അമ്പതിന് പൂജ്യം.ഇതുവരെ മുഴങ്ങിയതിനെക്കാള്‍ ഉച്ചത്തിലാണ് ഇപ്പൊ ചിരി കേള്‍ക്കുന്നത്.അമ്മയാണെങ്കിലോ,പ്ലിങ്ങോട് പ്ലിംഗ്.തലകറക്കം അനുഭവപ്പെട്ട അമ്മയെ ഞങ്ങളെല്ലാം കൂടി ചേര്‍ന്ന് താങ്ങിയെടുത്ത് വീട്ടില്‍ എത്തിച്ചു.
അമ്പതിന് നാലര മാര്‍ക്ക് വാങ്ങിയ ശരത്തിന്റെ അമ്മ അന്ന് മുഴുവന്‍ എന്റെ അമ്മയെ അടുത്തിരുന്നു ആശ്വസിപ്പിചതാണ് അന്നത്തെ ഹൈലൈറ്റ്.........

Vivek VR

പാല്‍ ഐസ്* അഥവാ *പാലൈസ്*


പാല്‍ ഐസ്* അഥവാ *പാലൈസ്*
ചോകോബാര്‍,കോണ്‍ തുടങ്ങി ഓര്‍മയില്‍ പോലും പേര് സൂക്ഷിക്കാന്‍ കഴിയാത്ത തരത്തില്‍ ഐസ്ക്രീമുകള്‍ ഉള്ള ഒരു കാലത്തിലാണ് നാമിപ്പോ ജീവിക്കുന്നത്.ആദ്യം പറഞ്ഞ ഈ രണ്ടു പേരുകള്‍ ഒഴികെ അധികമൊന്നും എനിക്കും അറിയില്ല, ധാരാളമായി കഴിക്കാത്തത് കൊണ്ടായിരിക്കണം ഓര്‍മയില്‍ നില്‍ക്കാത്തത്.എന്നാല്‍ എല്ലാവരെയുമെന്നപോലെ ധാരാളമായി കഴിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു.ഇപ്പോഴത്തെ ന്യൂ ജെനെറേഷന്‍ ഫ്രീക്കി ബ്രോസ്സിനൊന്നും ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള ഐസ്ക്രീമും കുട്ടിക്കാലവും.ഒരു പക്ഷേ എന്റെ തലമുറയില്‍ പെട്ടവര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിഞ്ഞൊരു സുവര്‍ണ്ണ കാലഘട്ടം...
സ്കൂള്‍ അവധി കിട്ടിയിരുന്ന മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ശെരിക്കുമൊരു കൊയ്തുകാലമായിരുന്നു.വിളവെടുപ്പ് കഴിഞ്ഞ് അടുത്ത മഴയ്ക്കായി കത്ത് കിടക്കുന്ന വിണ്ടു കീറിയ പാടങ്ങളും,പറമ്പുകളും എല്ലാം ഞങ്ങള്‍ കുട്ടികളുടെ കാല്‍ ചുവട്ടിലായിരുന്നു,ഈ രണ്ടു മാസവും.ക്രിക്കറ്റ്‌ കളിക്കാനായി പാടത്തു കുറ്റി അടിച്ചുകഴിഞ്ഞാല്‍ (സ്ടംപ് എന്നൊക്കെ വേണേല്‍ ഗമക്ക് പറയാം)എവിടെ നിന്നാണ് എന്നറിയില്ല പിള്ളേരുടെ ഒരു ഒഴുക്കാണ്.രാവിലെ തുടങ്ങുന്ന കളി ഉച്ചയൂണ് പോലും മറന്നു സൂര്യന്‍ അസ്തമിക്കുന്നത് വരെ തുടരും...
അപാര ചൂടുള്ള മാസങ്ങളില്‍ പൊരിവെയിലത്തു ആണ് ഈ കളിയൊക്കെ.മിക്കവാറും ദിവസങ്ങളില്‍ കളിക്കിടയില്‍ കുടിക്കുന്ന പച്ച വെള്ളം അല്ലെങ്കില്‍ ആരെങ്കിലും എറിഞ്ഞിട്ടു കൊണ്ടുവരുന്ന മാങ്ങയോ പുളിയോ മാത്രമാണ് ഭക്ഷണം.ഇങ്ങനെയുള്ള ദിവസങ്ങളില്‍ ചിലതില്‍ ദൈവദൂതനെപ്പോലെ ണീം.. ണീം..മണിയും കിലുക്കി സൈക്കിളില്‍ ചിലര്‍ കടന്നുവരും.മണിയൊച്ച കേള്‍ക്കാന്‍ കത്ത് നിന്നപോലെ ഞങ്ങള്‍ എല്ലാം ഓടും,കണ്ട ഇടവഴിയും പാടവും മതിലും ഒക്കെ ചാടികടന്ന്,വീട്ടിലേക്കാണ് ഈ ഓട്ടം.കാരണം എന്താണെന്നല്ലേ,ഈ മണിയും മുഴക്കി വരുന്നത് ഐസ് ക്രീമാണ്,പുരാതന ഭാഷയില്‍ പറഞ്ഞാല്‍ വല്ല ആണ്ടുക്കും ആവണിക്കുമൊക്കെ മാത്രം കണി കാണാന്‍ കിട്ടുന്ന സാധനം.പാല്‍ കൊണ്ട് ഉണ്ടാക്കിയത് എന്ന് കൊണ്ടുവരുന്നവന്‍ തന്നെ അവകാശപെടുന്ന പാല്‍ഐസാണ് പ്രധാന ഐടം.ഭാഗ്യം ഉണ്ടേല്‍ വീട്ടിലെത്തി അമ്മയെയോ അച്ഛനെയോ സോപ്പിട്ടുടനെ പൈസ കിട്ടും,കൂടുതലും അടിയാണ് കിട്ടിയിരുന്നത്,വേറൊന്നിനുമല്ല,സമയത്തിന് ഭക്ഷണം കഴിക്കാന്‍ വരാത്തതിനാണ് അടി....
ചെറിയൊരു വഴിത്തിരിവാണ് കഥയില്‍...
അന്നും കളിക്കിടയില്‍ മണിയൊച്ച കേട്ട് ആറു അറുപതില്‍ ഓടി ഞാന്‍ വീട്ടിലെത്തി.നോക്കുമ്പോള്‍ ആട്ടുകല്ലില്‍ അമ്മ അരി അരച്ചുകൊണ്ടിരിക്കുന്നു.ചോദിച്ചു ഞാന്‍ ഒരു രൂപ.വീടും സ്ഥലവും എന്റെ പേരില്‍ എഴുതി തരുമോ എന്ന് ചോദിച്ചപോലെ അമ്മ എന്നെ ഒരു നോട്ടം നോക്കി.അന്നൊക്കെ ഒരു നോട്ടം തന്നെ ധാരാളം,ഞാന്‍ നിന്നിടത്തു നിന്ന് തന്നെ ദഹിച്ചുപോയി.ബഹളം വച്ച് നോക്കി,കലാപം നടത്തി നോക്കി,അവസാനത്തെ പയറ്റ് എന്ന രീതിയില്‍ കരഞ്ഞു നോക്കി,എവിടെ ഏല്‍ക്കാന്‍,പാല്‍ഐസ് വേണം എന്നുള്ള എന്റെ അഭ്യര്‍ത്ഥന ഒന്നും തന്നെ അമ്മ ചെവിക്കൊണ്ടില്ല....എന്തായാലും ഇനി ഐസ്ക്രീം കിട്ടില്ല,അമ്മയോട് പ്രതികാരം ചെയ്യണം.കേവലം ഒരു രൂപ ചോദിച്ചതിനു എന്നെ നോക്കി ദഹിപ്പിച്ചതല്ലേ..ആറാം തമ്പുരാനില്‍ ലാലേട്ടന്‍ പറയുന്നതുപോലെ ഒരു പിടി പച്ചമണ്ണു വാരി അമ്മ അരച്ചുകൊണ്ടിരുന്ന ആട്ടുകല്ലിലേക്ക് ഇട്ടു.....ശേഷം ചിന്ത്യം.........
എന്തായാലും ഇപ്പൊ ഏതു ഐസ്ക്രീം കഴിച്ചാലും, അമ്മ അന്ന് നനഞ്ഞ തോര്‍ത്തു കൊണ്ട് തലങ്ങും വിലങ്ങും, ഓടിച്ചിട്ട്‌ അടിച്ച അടി അറിയാതെ ഓര്‍മയില്‍ വരും..........ഫീലിംഗ് അമ്മയെ കാണണം.....
Vivek VR

ഹിന്ദി ടീച്ചര്‍.

ഹിന്ദി ടീച്ചര്‍.
ഡിഗ്രിക്ക് കോളേജില്‍ ചേരുന്ന സമയത്ത് പ്രധാന വിഷയമായി എടുത്തിരുന്നത് സാമ്പത്തിക ശാസ്ത്രം ആയിരുന്നു.സെക്കണ്ട് ലാംഗ്വേജ് എന്നൊരു സമ്പ്രദായമുണ്ട്.മലയാളം അല്ലേല്‍ ഹിന്ദി അല്ലേല്‍ തമിള്‍.ഗമക്ക് ഒട്ടും കുറവ് വരരുതല്ലോ,എന്നാ പിന്നെ ഹിന്ദി തന്നെ ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു.ദോഷം പറയരുതല്ലോ,ഒരു വര്‍ഷം കഴിഞ്ഞിട്ടും ഹിന്ദി ക്ലാസുകള്‍ നടക്കുന്ന കെട്ടിടം ഏതാണെന്ന് പോലും ഞാന്‍ കണ്ടില്ല.അങ്ങനെ പഠിത്തവും പഠിപ്പിക്കലുമൊക്കെയായി രണ്ടാം വര്‍ഷം പകുതി ആയപോഴാണ് വീട്ടില്‍ സഹോദരിയുടെ കല്യാണം ഉറപ്പിക്കുന്നത്.പിന്നെല്ലാം പെട്ടെന്നായിരുന്നു.തിരക്കോട് തിരക്ക്.കല്യാണം വിളി ആയിരുന്നു പ്രധാന ഐടം...
ഒരറ്റത്ത് നിന്ന് തുടങ്ങി കാണുന്ന വീട് വീടാന്തരമെല്ലാം കയറി ഇറങ്ങി കല്യാണം വിളി വളരെ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.അങ്ങനെ അവസാനം ആ വീട്ടിലുമെത്തി.എല്ലായിടത്തും എന്ന പോലെ അവിടെയും അമ്മയും വല്യമ്മയും ഒക്കെ ചേര്‍ന്ന് എനിക്ക് വലിയ ഇന്‍ട്രോടക്ഷന്‍ ഒക്കെ കൊടുക്കുകയാണ്.*ഭയങ്കര ബില്‍ഡ് അപ്പ്‌*. യുനിവേര്‍സിറ്റി കോളേജില്‍ പഠനം,പഠനത്തിനെല്ലാം വളരെ മുന്നിലാണ്,ബ്ല..ബ്ല...ബ്ല..ബ്ല..ബ്ല..ബ്ല......എന്ന് തുടങ്ങി ആവശ്യം ഉള്ളതും ഇല്ലാത്തതും ഒക്കെ പറയുകയാണ്‌...
ഇതിനിടയില്‍ വീട്ടില്‍ നിന്ന സുന്ദരിയായ ആന്റി എന്നോട് ഒരു ചോദ്യം.സെക്കന്റ്‌ ലാംഗ്വേജ് ഏതാ??ഞാന്‍ പറഞ്ഞു ഹിന്ദി.ഒരു ക്ലാസും മിസ്സ്‌ ചെയ്യാറില്ല,നല്ല ടീച്ചേര്‍സ് ആണ്,നന്നായി പഠിപ്പിക്കും,അങ്ങനെ വായില്‍ വന്നതൊക്കെ ഞാനും തട്ടി വിട്ടു.അവസാനം അവര്‍ ചായ കൊണ്ട് വന്നപ്പോള്‍ അത് കുടിക്കാനായി ഞാന്‍ അല്‍പനേരം സംസാരം നിറുത്തി.എന്നിട്ട് ചായ കുടിക്കാനായി കയ്യിലെടുത്തു...
എന്റെ പ്രസങ്ങമെല്ലാം കേട്ട് നിന്ന സുന്ദരിയായ ആന്റി എന്നോട് ഒന്ന് കൂടി ചോദിച്ചു,എന്നെ എവിടേലും വച്ച് കണ്ടിട്ടുണ്ടോ??എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല,ഞാന്‍ അപ്പൊ തന്നെ മറുപടി കൊടുത്തു,ഇല്ല ഞാന്‍ ഇതുവരെ കണ്ടിട്ടേ ഇല്ല.അല്ല ആന്റി എവിടെയാ ജോലി ചെയ്യുന്നത്??ജോലിക്ക് പോകുന്ന വഴി വല്ലതും കണ്ടിട്ടുന്ടെങ്കിലോ???
അല്പം ഗൌരവം കലര്‍ന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു,ഞാന്‍ യുനിവേര്‍സിടി കോളേജിലെ ഹിന്ദി പഠിപ്പിക്കുന്ന പ്രധാന അധ്യാപികയാണ്....!!
പഞ്ചാബി ഹൌസിലെ ദിലീപേട്ടനെപോലെ പെട്ടെന്ന് ഞാന്‍ മൂങ്ങനും ബധിരനുമായിപോയി..ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു,ടെന്‍ഷന്‍ കൊണ്ടാണോ എന്നറിയില്ല,പറയാന്‍ വന്നത് തൊണ്ടയില്‍ കുരുങ്ങി ജബഹ എന്നോ യമഹയെന്നോ ഒക്കെ ആയിപ്പോയി.അപ്പൊ അവര്‍ പറഞ്ഞു,യമഹ അല്ലടാ, ടീച്ചര്‍ നിന്റെ ഹിന്ദി ടീച്ചര്‍...പിന്നൊട്ടും അമാന്തിച്ചില്ല,കല്യാണ ലെറ്റര്‍ മുന്നില്‍ ഇരുന്ന ടേബിളിലേക്ക് വലിച്ചെറിഞ്ഞു,അമ്മയും വല്യമ്മയും അടുക്കള വാതില്‍ വഴി ഓടി രക്ഷപെട്ടു.കിട്ടിയ ഗ്യാപ്പില്‍ കൈ വച്ച് മുഖം അല്‍പ്പം മറച് വിവേകെ എന്ന് ഞാന്‍ തന്നെ വിളിച്ചിട്ട്,എന്തോ ഞാന്‍ ഇതാ വരുന്നേ എന്നും പറഞ്ഞു ഞാനും ഓടി ആറു അറുപതില്‍.............ഫീലിംഗ് വൈകിട്ട് സ്വന്തം വീട്ടില്‍ കയറ്റുമോ എന്തോ???????
Vivek V

എന്നാലും എന്താ ഇത്ര കറുത്ത് പോയത്?


എന്നാലും എന്താ ഇത്ര കറുത്ത് പോയത്??കറുത്ത നിറമുള്ള ആളുകളെ ഞാനും ഒരുപാട് കണ്ടിട്ടുണ്ട്.ഇതുപക്ഷേ,ഇങ്ങനെയും കറുക്കുമോ??
ആദ്യമാദ്യം കൂട്ടുകാരുടെ വായില്‍ നിന്നും തമാശ രൂപേണ കേള്‍ക്കാന്‍ തുടങ്ങിയ ഈ വിധത്തിലുള്ള മഹത് വചനങ്ങള്‍,പിന്നെപ്പിന്നെ എന്നെ ആദ്യമായി കാണുന്നവരും ചോദിച്ചു തുടങ്ങി.ഓര്‍മ വച്ച നാള്‍ മുതല്‍ പലരില്‍ നിന്നായി ഇത് കേള്‍ക്കുന്നത് കൊണ്ടാകാം,ആദ്യമൊക്കെ വിഷമം തോന്നിയിരുന്നുവെങ്കിലും പിന്നീടതൊരു ജീവിതചര്യ ആയി മാറി,ഒരു ദിവസം ഒരാളെങ്കിലും നിറത്തെ പറ്റി ചോദിച്ചില്ലെങ്കില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത ഒരവസ്ഥയിലായി.
അമ്മയോട് പല പ്രാവശ്യം ഞാന്‍ ചോദിച്ചിട്ടുണ്ട്,ഒരല്പം,ഒരു പൊടിക്ക് എങ്കിലും അമ്മയുടെ നിറം എനിക്ക് തന്നു കൂടായിരുന്നോ??അതെങ്ങനെ,മുഴുവനും വാരിക്കോരി നമ്മുടെ ബ്രോയ്ക്ക് ആണല്ലോ കൊടുത്തത്.പണ്ടൊക്കെ അമ്മ അതിനുത്തരമായി പറഞ്ഞിരുന്നത്,*മക്കളേ കറുപ്പിനാണ് ഏഴഴക്* എന്നതായിരുന്നു.കാലം കടന്നു പോകവേ,ഏതോ ഒരു തല തിരിഞ്ഞ *ന്യൂ ജെനെറേഷന്‍ ബ്രോ*പുതിയൊരു ഡയലോഗ് ഇറക്കി,ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനാണത്രെ.അത്രയും കാലം അമ്മ പറഞ്ഞു തന്നിരുന്ന ആ ഒറ്റ ഡയലോഗില്‍ പിടിച്ചു നിന്നിരുന്ന ഞാന്‍ അതോടെ തകര്‍ന്നു തരിപ്പണമായി..മലയാളത്തില്‍ തന്നെ ഒരു ചൊല്ലുണ്ടല്ലോ,*ശശി വീണ്ടും ശശി ആയി*.....
വര്‍ഷങ്ങള്‍ വീണ്ടും കൊഴിഞ്ഞു വീണു.സ്കൂള്‍ മാറി കോളേജ് ആയി.ചോദ്യം പഴയത് തന്നെ ആവര്‍ത്തിക്കപ്പെട്ടു.എന്ത് കൊണ്ടെന്നറിയില്ല പരിചയ പെടുന്ന പെണ്‍കുട്ടികള്‍ക്കൊക്കെ ഞാന്‍ *ബ്രോ* ആണ് പോലും *ബ്രോ*.എനിക്കാണെങ്കില്‍ പെങ്ങന്മാരുമില്ല.പോകപ്പോകെ പെങ്ങന്മാരെ തട്ടീം മുട്ടീം നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി ഞാന്‍.അപ്പോള്‍ ദേ വരുന്നു വേറൊരു പച്ച പരിഷ്കാരി.ചുരുക്കി പറഞ്ഞാല്‍ എന്റെ കാലന്‍.അവന്‍ പറയുകയാണ്‌,പണ്ട് കാലം മുതല്‍ക്കേ ഇങ്ങനൊക്കെ തന്നെയാണ്,ഞാന്‍ ചോദിച്ചു എങ്ങനൊക്കെ?? അവന്‍ തുടര്‍ന്നു,അളിയാ കാണാന്‍ കൊള്ളില്ലാത്ത പയ്യന്മാരെ കാണുമ്പോള്‍ സകല പെണ്‍കുട്ടികളും ഇങ്ങനെ തന്നെയാ,ബ്രോയെന്നേ വിളിക്കൂ പോലും.അതുവരെ എന്നെ ബ്രോ എന്ന് നീട്ടി വിളിച്ച സകല അവളുമാരെയും ഞാന്‍ മനസ്സിരുത്തി ശപിച്ചു...നീയൊക്കെ അടുത്തൊരു ജന്മമുണ്ടെങ്കില്‍ കറുത്ത് കരിമന്ധി ആയി പോട്ടേ.......
എന്നത്തേയും പോലെ അന്നും അത് തന്നെ സംഭവിച്ചു,ആത്മാവിനു ഏറ്റ ക്ഷതമെല്ലാം ഒരു രോഷാഗ്നി കണക്കെ അമ്മയുടെ അടുത്ത് വാരി വിതറി.രജനീകാന്തിന്റെ ശിവാജി എന്ന ചിത്രം ഇറങ്ങിയ സമയമായിരുന്നു അത്.എന്റെ സ്ഥിരം പല്ലവിയായ *എനിക്കെന്തേ നിറം തരാത്തൂ*എന്ന ചോദ്യത്തിന്,അമ്മ ശിവാജി സിനിമയിലെ ഡയലോഗ് വച്ചങ്ങു കാച്ചി.നിന്നെ *വെള്ളയായി പെറ്റിരുന്നെങ്കില്‍ പൊടിയും അഴുക്കുമൊക്കെ പിടിച്ച് പെട്ടെന്ന് അഴുക്കായി പോകില്ലേ*
ഇതാകുമ്പോ അഴുക്കായാലും അറിയില്ലല്ലോ..പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ സത്യന്‍ മാഷൊക്കെ നില്‍ക്കുന്നത് പോലെ രണ്ടു കൈയ്യും ഇടുപ്പില്‍ വച്ച് ഞാന്‍ പറഞ്ഞു,*അമ്മേ ഈ ചതി അമ്മയുടെ മോനോട് വേണ്ടായിരുന്നമ്മേ*..ഞാനോര്‍ത്തു,അമ്മയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല,നമ്മള്‍ എന്നും ശശി അണ്ണന്‍ തന്നെ..
അങ്ങനെ വീട്ടിലും ശശി,പഠിക്കുന്നിടത്തും ശശിയായി നടക്കുന്ന ആ സമയത്ത് പേരുമാറ്റി ശശി എന്നാക്കിയാലോ എന്ന് പോലും ഞാന്‍ ചിന്തിച്ചു.ഒരു അറ്റ കൈ ശ്രമം എന്നോണം ഞാന്‍ പുതിയൊരു ഡയലോഗ് കണ്ടുപിടിച്ചു.ഇപ്പോള്‍ നിറത്തെ പറ്റി ചോദിക്കുന്നവരോട് ഞാന്‍ ഇങ്ങന പറയും,കുഞ്ഞുങ്ങളെ കുളിപ്പിച്ച ശേഷം അല്‍പ സമയം വെയിലത്ത്‌ കിടത്തുന്ന ഒരു ഏര്‍പ്പാടുണ്ട്,എന്റെ അമ്മ വളരെയധികം തിരക്ക് പിടിച്ച ഒരു വീട്ടമ്മ ആയതുകൊണ്ട് കുഞ്ഞായ എന്നെ വെയിലത്ത്‌ കിടത്തിയിട്ട് പോകും,സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിട്ടായിരിക്കും എന്നെ അവിടെ നിന്ന് എടുത്തു മാറ്റുന്നത്.കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ കൈകല്‍ രണ്ടും മുറുകെ പിടിച്ചാണല്ലോ കിടക്കുന്നത്,അത് കൊണ്ട് മാത്രം എന്റെ ഉള്ളം കൈ കറുത്തില്ല.പിന്നെയും സംശയം ബാക്കി നില്‍ക്കുന്നവര്‍ക്ക് ഞാന്‍ എന്റെ ഉള്ളം കൈ കാണിച്ചു കൊടുക്കും.എല്ലാപേരെയും എല്ലാകാലത്തും പറഞ്ഞു പറ്റിക്കാന്‍ പറ്റത്തില്ല എന്നെനിക്കറിയാം.*ക്യോംകി* ഈ ഡയലോഗിനും ഒരു മറു ഡയലോഗുമായി ഏതു നിമിഷവും ഒരു ന്യൂ ജെനെറേഷന്‍ തെണ്ടി കടന്നു വരാം......
വാല്‍ കഷ്ണം:ഇനിയും അത് പോലോരുത്തന്‍ വരുവാണേല്‍ ഞാന്‍ എന്ത് പറഞ്ഞു പിടിച്ചു നില്‍ക്കും എന്റെ ഈശ്വരാ..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo