ഒരു ഫ്രീക്കന്റെ അന്ത്യം
സിനിമകള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ???നിങ്ങള്‍ എപോഴെങ്കിലും ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ??അല്‍പ നേരം ഒന്ന് ആലോചിച്ചു നോക്കു,നിങ്ങള്‍ക്കും കാണും ഏതെങ്കിലും സിനിമ കാരണം സംഭവിച്ച രസകരമായ എന്തെങ്കിലും അനുഭവങ്ങള്‍.ഉറപ്പായും നാം കാണുന്ന സിനിമകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍,നമ്മില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും.സ്പിരിറ്റ് എന്ന സിനിമ കണ്ടിട്ട് മദ്യപാനം നിറുത്തിയെന്നോ,അല്ലെങ്കില്‍ ദൃശ്യം എന്ന ചലച്ചിത്രം കണ്ടിട്ട് കൊലപാതകം നടത്തിയെന്നോ ഇതിനര്‍ത്ഥമില്ല.പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ സാധിക്കാത്ത,എന്നാല്‍ ചെറിയ ചില മാറ്റങ്ങള്‍,വളരെ ചെറിയൊരു കാലയളവിലേക്ക് എങ്കിലും നമ്മില്‍ പല സിനിമകളും കൊണ്ട് വന്നിട്ടുണ്ട്.ഞാന്‍ എന്ന സാങ്കല്‍പിക കഥാപാത്രത്തിന് ഉണ്ടായ ഒരു രസകരമായ അനുഭവം നിങ്ങള്‍ക്കായി പങ്കു വയ്ക്കുകയാണ്....
അന്ന്യന്‍ എന്ന ചലച്ചിത്രം തമിഴ് ലോകത്ത് മാത്രമല്ല,മലയാള മണ്ണില്‍ വരെ വലിയ വിജയം നേടിയ ഒരു ചിത്രമാണ്.പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള മാറ്റമാണ് യുവാക്കള്‍ക്കിടയില്‍ ഈ ഒറ്റ ചിത്രം കൊണ്ടുണ്ടായത്.ആ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച് എല്ലാവരും അതുപോലെ നടക്കാന്‍ തുടങ്ങി.മുടി വെട്ടുന്ന രീതിയില്‍ മാറ്റം,മുടിയുടെ നിറത്തില്‍ മാറ്റം,അങ്ങനെയങ്ങനെ അകെ മൊത്തം കണ്ടു കഴിഞ്ഞാല്‍ കുളിയും ജപവുമൊന്നുമില്ലാതെ നടക്കുന്ന കുറെ രൂപങ്ങള്‍.കോളേജില്‍ പഠിക്കുന്ന പയ്യന്മാര്‍ മുതല്‍,ശശി മേസ്തിരിയുടെ കൂടെ വാര്‍ക്കപണിക്കു പോകുന്ന ഷിബുവും,രാഘവനും വരെ അടിമുടി മാറി...
എന്റെ ഓര്‍മയില്‍ സ്കൂളില്‍ പഠിക്കുന്ന സമയമായിരുന്നു അത്.കൂടെ പഠിക്കുന്നവര്‍ എല്ലാം ഫ്രീക്കന്മാരായി.നമ്മള്‍ ഇപ്പോഴും പഴഞ്ചന്‍ തന്നെ.അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ,അടുത്ത തവണ മുടി വെട്ടുമ്പോള്‍ എനിക്കും ഫ്രീക്കനാകണം എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.കാത്തു കാത്തിരുന്ന സമയമെത്തി.പോക്കറ്റില്‍ നിന്ന് കാശു എടുത്തു തരുമ്പോള്‍ അച്ഛന്‍ പറഞ്ഞു,*കഴിഞ്ഞ തവണത്തെ പോലെ വെട്ടരുത്,മുടി കൂടുതല്‍ ആയിരുന്നു,നീര്‍താഴ്ച വന്നു അസുഖം പിടിക്കും,അതുകൊണ്ട് പറ്റെ വെട്ടിയിട്ട് വേണം വരാന്‍*.ഞാന്‍ കൂടെ വരണോ എന്ന് ചോദിച്ചു തീരുന്നതിനു മുന്നേ ഞാന്‍ പറഞ്ഞു,വേണ്ട അച്ഛാ,കുട്ടിയൊന്നുമല്ലല്ലോ,ഞാന്‍ തനിയെ പോയ്ക്കൊള്ളം.പിന്നൊരു ഓട്ടമായിരുന്നു,പുതിയതായി തുടങ്ങിയ ബാര്‍ബര്‍ഷോപ്പിലേക്ക്...
എന്റെ ഇഷ്ടത്തിന് മുടിയൊക്കെ വെട്ടി.അങ്ങനെ ഞാനും ഒരു അര ഫ്രീക്കനായി.അച്ഛന്‍ ജോലിക്ക് പോയിക്കാണും എന്ന ചിന്തയില്‍ ഞാന്‍ നേരെ വീട്ടിലേക്കു തന്നെ വച്ച് പിടിച്ചു. ചെന്ന് കേറിയത് തന്നെ അച്ഛന്റെ മുന്‍പിലായിപ്പോയി.എന്താടാ ഇത് എന്ന ഒറ്റ ചോദ്യമായിരുന്നു.(സുരേഷ്ഗോപി പറയുന്നത് പോലെ ഒരൊറ്റ ചോദ്യം മതി ജീവിതം മാറിപോകാനെന്നു അന്നെനിക്ക് മനസിലായി)ഞാന്‍ പറഞ്ഞു സ്ട്രൈറ്റ് ചെയ്തതാ,എന്ത് ചെയ്തതാ,കണ്ടിട്ട് പശു നക്കിയതു പോലുണ്ടല്ലോ,വാടാ ഇവിടെ,എന്നും പറഞ്ഞു എന്നെയും വലിച്ചിഴച്ചു നേരെ ആ കടയിലേക്ക് പോയി.അവിടെ കണ്ട കാഴ്ച എരി തീയില്‍ എണ്ണ ഒഴിക്കുന്നതായിരുന്നു.രണ്ടു പേരെ ഫ്രീക്കന്മാരാക്കി കൊണ്ടിരിക്കുന്നു,മൂന്നു നാല് പേര്‍ ഫ്രീക്കന്മാരാകാന്‍ അവസരവും കാത്തിരിക്കുന്നു..
പിന്നീടു സംഭവിച്ചതൊക്കെയും ചരിത്രമാണ്.അവിടെ കേട്ടുകൊണ്ടിരുന്ന പടിഞ്ഞാറന്‍ സംഗീതം നിലച്ചു.ആകെ ശോക മൂകമായ അന്തരീക്ഷം.ഒരു പക്ഷേ ലോകത്തില്‍ ഇത്ര വേഗത്തില്‍ ഒരാളെ മൊട്ടയടിചിട്ടുണ്ടെങ്കില്‍ അത് അന്ന് എന്നെ ആയിരിക്കും.എല്ലാം കഴിഞ്ഞു,അച്ഛന്റെ പുറകെ വാലുപോലെ ഞാന്‍ വീട്ടിലെത്തി.കണ്ടു കഴിഞ്ഞപ്പോള്‍ അമ്മ ഉള്‍പ്പെടെ എല്ലാവര്‍ക്കും വലിയ സന്തോഷം...
പക്ഷേ അവരാരും അന്നറിഞ്ഞില്ല,സ്വന്തം മുടിയോടൊപ്പം അവരെല്ലാം കൂടി ചേര്‍ന്ന് വെട്ടി കളഞ്ഞത് ഒരു ഫ്രീക്കന്റെ കിറുക്കന്‍ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നെന്ന്....
പക്ഷേ അവരാരും അന്നറിഞ്ഞില്ല,സ്വന്തം മുടിയോടൊപ്പം അവരെല്ലാം കൂടി ചേര്‍ന്ന് വെട്ടി കളഞ്ഞത് ഒരു ഫ്രീക്കന്റെ കിറുക്കന്‍ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നെന്ന്....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക