Slider

ഉപേക്ഷിച്ച മൂലക്കല്ല്‌...........[ ചെറുകഥ ]

0
ഉപേക്ഷിച്ച മൂലക്കല്ല്‌...........[ ചെറുകഥ ]
...........................
‘’കാര്‍ അവിടെ പാര്‍ക്ക് ചെയ്തോളു’.
ഡ്രൈവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയതിനുശേഷം അയാള്‍ ആ തുരുമ്പിച്ച ഇരുമ്പ് ഗെയ്റ്റ് തള്ളിത്തുറന്നു,
വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം തറവാട്ടുമുറ്റത്ത്‌ കാലുകുത്തിയപ്പോള്‍ കാലുകള്‍ക്ക് വല്ലാത്ത വിറയല്‍ അനുഭവപ്പെട്ടു, ഒരിക്കലും ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നതല്ല അയാള്‍ ചുറ്റും കണ്ണോടിച്ചു, മുറ്റവും തൊടിയും കരിയിലയും പക്ഷികളുടെ വിസര്‍ജ്ജ്യവും കൊണ്ടു നിറഞ്ഞിരിക്കുന്നു...ഒരിക്കല്‍ പ്രൌഢിയുടെ പ്രതീകമായിരുന്ന തറവാട് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥ…..
മുറ്റത്തെ ആളനക്കം കേട്ട് അകത്തെ ചാവടിയില്‍ നിന്നും മുഷിഞ്ഞ ഒറ്റമുണ്ടുടുത്ത ഒരു വൃദ്ധന്‍ വെളിയിലേക്കു വന്നു മാര്‍ട്ടിന്‍ അയാളെ ഇമപൂട്ടാതെ നോക്കിനിന്നു. തന്‍റെ അപ്പച്ചന്‍.. പ്രായവും രോഗവും അപ്പച്ചനെ തീര്‍ത്തും അവശനാക്കിയിരിക്കുന്നു... തിമിരം ബാധിച്ച കണ്ണുകള്‍ക്ക് മുകളിലായി കൈപ്പത്തികല്‍ വെച്ചു കൊണ്ടു ആ വൃദ്ധന്‍ അവനെ ഉറ്റുനോക്കി
‘മോനേതാ മനസ്സിലായില്ലല്ലോ...’’
വിറയാര്‍ന്ന ചുണ്ടുകളോടെ അയാള്‍ അപ്പച്ചനെ നോക്കി മന്ത്രിച്ചു
‘ഞാനാ.... മാര്‍ട്ടിന്‍’
‘ഏതു മാര്‍ട്ടിന്‍....?’
‘തെക്കേതിലെ പുന്നൂസിന്‍റെ മോനാണോ...?
‘അല്ല അപ്പച്ചാ’
‘ഇരുപതു വര്‍ഷം മുമ്പ് നാടുവിട്ടുപോയ അപ്പച്ചന്‍റെ മകന്‍....
‘മോനേ.....അവസാനം നീ വന്നൂ അല്ലേ’
ആ വൃദ്ധന്‍റെ വിറയാര്‍ന്ന ശബ്ദം
ആരാ അവിടെ...?
അടുക്കളയില്‍ നിന്നും ഒരു വൃദ്ധയുടെ വിറയാര്‍ന്ന സ്വരം
എടിയേ നമ്മുടെ മോന്‍ മാര്‍ട്ടിന്‍ വന്നിരിക്കുന്നു’
അടുക്കളയില്‍ നിന്നും ഒരു സ്ത്രീരൂപം വേച്ചു വേച്ചു അവന്‍റെ അടുക്കലേക്കു നടന്നെത്തി, അത്ഭുതം കൊണ്ടു മിഴിഞ്ഞ കണ്ണുകളുമായി അവര്‍ അവനെ നോക്കിനിന്നു, പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ടു മകനെ കെട്ടിപ്പുണര്‍ന്നു... അവരോടൊപ്പം അയാള്‍ വീടിനു അകത്തേക്ക് കയറി. വീടിന്‍റെ ഓരോ മുറികള്‍ക്കും പറയുവാനുണ്ടാകും
ചവിട്ടിമെതിക്കപ്പെട്ട ഒരു ബാല്യത്തിന്‍റെ വേദനയുടെ കഥകള്‍... അന്നു രാത്രി തറവാട്ടില്‍ അന്തിയുറങ്ങി....
പിറ്റേ ദിവസം അതിരാവിലെ ത്തന്നെ യാത്രയായി, തനിച്ചായിരുന്നില്ല, കൂട്ടത്തില്‍ വൃദ്ധരായ മാതാപിതാക്കളുമുണ്ടായിരുന്നു....
കാറ് വിട്ടു മുറ്റത്ത് എത്തിയപ്പോള്‍ ഓടിയെത്തിയ സുന്ദരിയായ യുവതിയെ കണ്ട് ആ മാതാപിതാക്കള്‍ മകന്‍റെ മുഖത്തേക്ക് നോക്കി...
‘’ എന്‍റെ ഭാര്യ ആനി’’
മാര്‍ട്ടിന്‍ ഭാര്യയെ അവര്‍ക്ക് പരിചയപ്പെടുത്തികൊടുത്തു, കാറിന്‍റെ ഡോര്‍ തുറന്ന് വെളിയിലേക്കിറങ്ങിയ ആ വൃദ്ധ ദമ്പദികള്‍ മകന്‍റെ മനൊഹര സൗധം കണ്ടു അന്ധാളിച്ചുനിന്നു,. തങ്ങള്‍ ഒരിക്കലും ഗുണം പിടിക്കില്ലന്നു എഴുതിതള്ളിയവന്‍,
മരമണ്ടനെന്നും, തെമ്മാടിയെന്നും മുദ്രകുത്തപ്പെട്ട് നാട്ടുകാരും, വീട്ടുകാരും പരിഹസിച്ചുതള്ളിയ തങ്ങളുടെ മൂത്ത മകന്‍ .....!! അപ്പന്‍റെയും അമ്മയുടെയും ,കൈയും പിടിച്ചുകൊണ്ടു അയാള്‍ വീടിനകത്തേക്കു കയറി പിന്നെ അവരെ ഭാര്യ ആനിയെ ഏല്‍പ്പിച്ചു.....
ലിവിംഗ് റൂമിലെ സോഫയില്‍ ഇരുന്നുകൊണ്ടു, അന്നത്തെ പത്രപ്പേജുകള്‍ ഓരോന്നായി അയാള്‍ മറിച്ചുനോക്കി, മനസ്സ് വല്ലാതെ കലുഷിതമായിരിക്കുന്നു. കണ്ണുകള്‍ അക്ഷരങ്ങളില്‍ പതിയുന്നില്ല. പകരം മിഴികളില്‍ തെളിഞ്ഞു നിന്നിരുന്നതു ചവിട്ടിമെതിക്കപ്പെട്ട തന്‍റെ ബാല്യത്തിന്‍റെ ചിത്രങ്ങളായിയിരുന്നു....
ഗ്രാമത്തിലെ പേരുകേട്ട ഒരു പുരാതന തറവാട്ടിലെ രണ്ടു ആണ്‍മക്കളില്‍ മൂത്തവന്‍ ... പഠിക്കാന്‍ മണ്ടന്‍. കൂട്ടത്തില്‍ സംസാര തടസ്സവും.... പഠിത്തമൊഴിച്ചു ഏതു ജോലിയും വളരെ ശുഷ്കാന്തിയോടെ ചെയ്യുമായിരുന്നു, എന്നാല്‍ അനിയന്‍ പഠനത്തില്‍ ബഹു സമര്‍ത്ഥനായിരുന്നു, ഓരോ ക്ലാസുകളിലും ഉയര്‍ന്ന മാര്‍ക്കു മേടിച്ചിരുന്ന ഇളയമകനോടായിരുന്നു അപ്പനും അമ്മക്കും എപ്പോഴും പ്രിയം, പുതിയ വസ്ത്രങ്ങള്‍ മേടിച്ചാലും വിശേഷപ്പെട്ട പലഹാരമുണ്ടാക്കിയാലും, എല്ലാം അനിയനായിരുന്നു ആദ്യം കൊടുത്തിരുന്നത്....
ഒന്നിനും കൊള്ളാത്ത മരമണ്ടന്‍, അതായിരുന്നു മാതാപിതാക്കള്‍ക്ക് താനെന്നും....,
എപ്പോഴും ‘’അവനെക്കണ്ടുപഠിക്കു’’
എന്ന ആവര്‍ത്തിച്ചുള്ള പല്ലവി കേട്ട് മനസ്സും ശരീരവും മരവിച്ചുപോയിരുന്നു...
‘’അവനൊരു പോത്താണ് എന്നാല്‍ ഇളയവന്‍ അങ്ങനെയല്ല ബഹുമിടുക്കനാണ്’’
അപ്പച്ചന്‍ സ്വന്തം കൂട്ടുകാരോടു പറയുന്ന വാക്കുകള്‍കേട്ടു പല രാത്രികളിലും.കണ്ണുനീരുകൊണ്ട് കിടക്ക നനഞ്ഞിട്ടുണ്ട്...
ഇടക്കെപ്പോഴോ വന്ന ചുഴലിദീനം കു‌ടിയായപ്പോള്‍ എല്ലാവര്‍ക്കും താനൊരു അപസ്മാര രോഗിയുമായി.... വീട്ടില്‍ വരുന്ന അതിഥികള്‍ക്കു മുന്നില്‍ അനിയനായിരുന്നു ഹീറോ... കുറേശ്ശെയായി അനിയനെ വെറുത്തുതുടങ്ങി, ഒപ്പം മാതാപിതാക്കളെയും.... വീട്ടില്‍ നിന്നും ലഭിച്ച അവഗണന, തന്‍റെ സ്വഭാവത്തിലും പ്രതിഫലിച്ചിരുന്നു... മനസ്സില്‍ ഉരുണ്ടുകൂടിയ വെറുപ്പും അപകര്‍ഷതാബോധവും ദേഷ്യമായി പരിണമിച്ചപ്പോള്‍ കൂട്ടുകാരോരുത്തരായി തന്നില്‍നിന്നു അകന്നുമാറി ....
തന്നെ അവഗണിക്കുന്നവരുടെ മുന്നില്‍ പേരും പ്രശസ്തിയും നേടണം, രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ അതായിരുന്നു ലക്ഷ്യം...
എന്നാല്‍ ഒന്നിനും കൊള്ളാത്തവനെന്ന്‍ വീടും സമൂഹവും മുദ്രകുത്തിയ തനിക്കു അവിടെയും പിടിച്ചുനില്ക്കാനായില്ല .ഈ കാലയളവിനുള്ളില്‍ പ്രശസ്തമായ വിജയം വരിച്ചുകൊണ്ടു അനിയന്‍ മുന്നേറിക്കൊണ്ടിരുന്നു. എന്തൊക്കെ നല്ലകാര്യങ്ങള്‍ ചെയ്താലും ഒരു പ്രോത്സാഹന വാക്കുവരെയും എവിടെനിന്നും ലഭിച്ചിരുന്നില്ല.....
മനസ്സുകൊടുത്ത് സ്നേഹിച്ച കളിക്കൂട്ടുകാരിയും തള്ളിപ്പറഞ്ഞപ്പോള്‍, പിന്നെയൊരിക്കലും ആ നാട്ടില്‍ നില്ക്കുവാന്‍ തോന്നിയില്ല എങ്ങോട്ടൊന്നില്ലാതെ വണ്ടികയറി, എവിടെയൊക്കെയൊ അലഞ്ഞുത്തിരിഞ്ഞു, കിട്ടിയ ജോലികളൊക്കെ മാറിമാറി ചെയ്തു, താന്‍ വെറുക്കുന്ന കുടുംബാഗങ്ങളുടെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍ എത്ര പ്രയാസമുള്ള ജോലിയും എളുപ്പമായി തോന്നി, പണമുണ്ടാക്കണം ,ഒന്നിനും കൊള്ളാത്തവനെന്നു എഴുതിത്തള്ളിയ ഈ മണ്ടനെ എല്ലാവരും ബഹുമാനിക്കണം, അതു മാത്രമായിരുന്നു മനസ്സില്‍..
നോര്‍ത്ത് ഇന്‍ഡ്യയിലെ ഒരു റസ്റ്റോറണ്ടില്‍ കുക്കായി ജോലി ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു റസ്റ്റോറണ്ടു ഉടമയുടെ,
കുവൈറ്റിലുള്ള ഒരകന്ന ബന്ധു നാട്ടില്‍ വന്നതും, പരിചയപ്പെടുവാന്‍ ഇടയായതും, തന്‍റെ കഠിനാധ്വാനവും പാചകത്തിലുള്ള മികവും അയാളെ വല്ലാതെ ആകര്‍ഷിച്ചു....
അയാളുടെ കുവൈറ്റിലുള്ള ഒരു റസ്റ്റോറണ്ടില്‍ കുക്കായി ജോലി വാഗ്ദാനം നല്‍കിയപ്പോള്‍ ഒരു സാമ്രാജ്യം പിടിച്ചടക്കിയ സന്തോഷമായിരുന്നു, അതിനുള്ള വിസക്കായി ജോലി
ചെയ്തുണ്ടാക്കിയ എല്ലാ സമ്പാദ്യങ്ങളും ചിലവഴിച്ചു...
, ഈ നാളുകളില്‍ ഒരിക്കല്‍ പോലും വീടുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നില്ല, അയാളുടെ സഹായത്തോടെ കുവൈറ്റിലെത്തുകയും സ്വന്തം അധീനതയിലുള്ള ഒരു റസ്റ്റോറണ്ടില്‍ കുക്കായി ജോലി നല്‍കുകയും ചെയ്തു, രാപ്പകല്‍ വിശ്രമമില്ലാതെ ജോലിചെയ്തു ധാരാളം സമ്പാദിക്കണം. തന്നെ അവഗണിച്ചവരുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കണം, ആര്‍ത്തു പെയ്യുന്ന പെരുമഴപോലെ ആരോടെക്കെയോയുള്ള വൈരാഗ്യം മനസ്സില്‍ നുരഞ്ഞുപൊന്തി....
ഹോട്ടലിലെ പഴയ ഫര്‍ണിച്ചറുകള്‍ക്കു പകരം കുറെ നല്ല ഫര്‍ണിച്ചറുകള്‍ വാങ്ങിക്കണം ഹോട്ടല്‍ ഉടമയുടെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ ആവശ്യങ്ങള്‍ക്കായുള്ള ഫര്‍ണിച്ചറും വാങ്ങി തിരിച്ചുവരുകയായിരുന്ന മിനി ട്രക്ക് ഒരാക്സിഡണ്ടില്‍പ്പെട്ടു തന്‍റെ രണ്ടു കാലുകള്‍ക്കും സാരമായ പരിക്കേറ്റു. കുറച്ചു ദിവസം ഹോസ്പിറ്റലില്‍ അഡ്മിറ്റായി കിടക്കേണ്ടി വന്നു, അവിടെ വെച്ചായിരുന്നു തന്നെ പരിചരിക്കാനെത്തിയ ആനിയെന്ന നേഴ്സിനെ പരിചയപ്പെടാനിടയായത്....
ഏതോ ഒരു കോണ്‍വെന്‍റിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വളര്‍ന്ന ഒരനാഥപ്പെണ്‍കുട്ടി ,അദ്യമൊന്നും ആനിയോടു തനിക്കൊരു മമതയും തോന്നിയില്ല, സ്നേഹപൂര്‍വ്വം തന്നെ പരിചരിക്കുന്ന ആ മാലാഖക്കുട്ടിയോട് സൌമ്യമായി സംസാരിക്കുവാന്‍പോലും അറിഞ്ഞുകൂടായിരുന്നു...
ഇതിനകം തന്‍റെ സ്വഭാവത്തിലുള്ള എല്ലാ വൈകൃതങ്ങളും അവള്‍ മനസിലാക്കിയിരുന്നു ,അവളുടെ സ്നേഹപൂര്‍വ്വമായ ഇടപെടല്‍, ക്ഷമ... ഇതൊക്കെ തന്നെ പുതിയ മനുഷ്യനായി മാറ്റുകയായിരുന്നു,
അവള്‍ മാറ്റിയെടുക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി..
.വെറുപ്പും വിദ്വാഷവും ആധിപത്യം സ്ഥാപിച്ചിരുന്ന തന്‍റെ മനസ്സിലേക്ക്‌ വഴിതെറ്റിയെത്തിയ സൌഖ്യത്തിന്‍റെ തിരിനാളമായിരുന്നു അവളുടെ സ്നേഹം.... അവള്‍ പതിവായി ഷോപ്പിംഗിനെത്താറുണ്ടായിരുന്ന ഷോപ്പിംഗ് കോപ്ലെക്സില്‍ വെച്ച് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി, ഹൃദയങ്ങള്‍ പങ്കുവെച്ചു.....
പിന്നീട് ഒരേ തോണിയിലെ യാത്രക്കാരുമായി...
.ആ നിഷ്കളങ്ക സ്നേഹത്തിനുമുന്നില്‍ മാതാപിതാക്കളോടുള്ള വെറുപ്പ് അലിഞ്ഞില്ലാതായി.
ഈശ്വരവിശ്വാസമെന്തന്നു പഠിച്ചതും ആനിയില്‍ നിന്നുമായിരുന്നു താന്‍ കുവൈറ്റില്‍വന്നതും, ആനിയെ വിവാഹം ചെയ്തതും മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല,, അവളുടെ നിര്‍ബ്ബന്ധമായിരുന്നു നാട്ടില്‍ ഒരു വീടുവെയ്ക്കണമെന്നുള്ളത്... അതിനായി നാട്ടില്‍ വന്നപ്പോഴാണറിഞ്ഞത് അനിയന്‍ പഠിച്ചു വലിയ ഉദ്യോഗസ്ഥനായെന്നും, അവനിഷ്ടപെട്ട പെണ്ണിനെ വിവാഹം ചെയ്തു ഭാര്യയുടെയും, ഭാര്യാ വീട്ടുകാരുടേയും ആജ്ഞാനുവര്‍ത്തിയായി കഴിയുകയാണെന്നും..... രോഗികളായ അപ്പനും അമ്മയും ജീര്‍ണിച്ചു നിലം പൊത്താറായ ആ പഴയ തറവാട്ടില്‍, ആരും ആശ്രയം ഇല്ലാതെ തനിച്ചാണന്നുള്ള കഥകള്‍......,
വീടുപണി കഴിഞ്ഞപ്പോള്‍ ആനിയുടെ നിര്‍ബ്ബന്ധമായിരുന്നു, അപ്പച്ചനെയും അമ്മച്ചിയെയും കൂട്ടികൊണ്ടുവന്നു തങ്ങളുടെ കു‌ടെ പാര്‍പ്പിക്കണമെന്ന്‍... അങ്ങനെയായിരുന്നു അപ്പച്ചനെയും, അമ്മച്ചിയെയും ഞാന്‍ പുതിയ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്......
‘മോനേ....’’
അയാള്‍ പിറകിലേക്കു തിരിഞ്ഞുനോക്കി
‘എന്താ അപ്പച്ചാ’
നിനക്ക് ഞങ്ങളോട് പൊറുക്കാന്‍ പറ്റില്ലന്നറിയാം
എങ്കിലും ന്‍റെ മോന്‍ ഈ പാവം അപ്പച്ചനോട്‌ പൊറുക്കണം’
‘അറിയില്ലായിരുന്നു മക്കളുടെ മനസ്സറിഞ്ഞു പെരുമാറാന്‍....’
ആ പിതാവിന്‍റെ കണ്ണുകളില്‍ നനവ്‌ പടര്‍ന്നു
ഇളയ മകന്‍ ചെയ്ത ക്രൂരതകളോരോന്നും, മൂത്ത മകനോടു എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ ആ വൃദ്ധന്‍റെ ചുണ്ടുകള്‍ വിതുമ്പി, ഗദ്ഗദം കൊണ്ടു ശബ്ദം പുറത്തുവന്നില്ല...
അപ്പോള്‍ അവരുടെ അടുക്കലേക്കു ആനി ഓടിയെത്തി...
ആ വൃദ്ധ മാതാപിതാക്കളുടെ ശോഷിച്ച കരങ്ങള്‍ സ്വന്തം കൈവെള്ളയില്‍ ചേര്‍ത്തുവെച്ചുകൊണ്ട് അവള്‍ അവരെ സ്വന്തം നെഞ്ചോടുചേര്‍ത്തു,. തങ്ങള്‍ മരമണ്ടന്നെന്നു എഴുതിത്തള്ളിയ മകന്‍റെയും, മരുമകളുടെയും ശക്തമായ കരങ്ങള്‍ ഇളയമകനു വിഴുപ്പായി മാറിയ ആ മാതാപിതാക്കളുടെ... മൂലക്കല്ലായി മാറുകയായിരുന്നു..... 

Sibi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo