നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു എപ്പിസോഡിന്റെ ശുഭപര്യാവസാനം ! (കഥ )

ഒരു എപ്പിസോഡിന്റെ ശുഭപര്യാവസാനം ! (കഥ )
കഥക്ക് കുറച്ചു പഴക്കമുണ്ട്.. പഴക്കമെന്നു പറഞ്ഞാൽ സുരേഷ് ഗോപി ഏഷ്യാനെറ്റിൽ “ഞാൻ കോടീശ്വരൻ” തുടങ്ങിയ കാലത്തോളം പഴക്കം...
അപ്പോൾ ദേ.. ഞാൻ കഥ തുടങ്ങുവാണെ ..
ഒരു ശുഭ ദിനം ..നേരം പുലർച്ചെ ഞാൻ ചാരു കസേരയിൽ കട്ടൻ ചായയും മോന്തി പത്രത്തിൽ ലോട്ടറി ടിക്കറ്റിന്റെ ഫലം ശുഭ പ്രതീക്ഷയോടെ വീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ അതാ സംഹാര രുദ്രയായി എന്റെ ഭാര്യ..
“നിങ്ങളിങ്ങനെ ലോട്ടറിയും നോക്കിയിരുന്നോ...”
ഇതൊക്കെ യവളുടെ പതിവ് സ്വഭാവമായതിനാൽ ഞാൻ അവളെയൊന്നു നോക്കി വീണ്ടും ലോട്ടറിയിലേക്കു ശ്രദ്ധ തിരിച്ചു.ഏതു സമയവും ഇന്നസെന്റിനെ പോലെ “അടിച്ചു മോളെ” എന്ന ഡയ ലോഗുമായി കസേരയിൽ നിന്നും ഉയരാൻ പാകത്തിലിരുന്നു…
“ഓരോ ആണുങ്ങൾ എന്തെല്ലമാ കാട്ടി കൂട്ടുന്നതു?”
(കർത്താവെ, ഇവള് ഞാൻ അറിയാതെ വേലി ചാടിയോ ..)
“കോടീശ്വരനിൽ പോയി ആ ഓട്ടോക്കാരൻ റഷീദിനെ മൂന്ന് ലക്ഷം രൂപ കിട്ടി ..”(അപ്പോളതാണ് കാര്യം.. വേലിയും മതിലുമല്ല.. വെറും അസൂയ )
“അത് ഞാൻ ലോട്ടറി വാങ്ങാൻ കവലയിൽ പോയപ്പോൾ കേട്ടതാ” ഞാൻ കൂളായി പറഞ്ഞു...
“അവൻ വെറും പത്താം ക്ലാസ്സാ ..”
(ഈ കാര്യങ്ങളൊക്കെ ഇവള് എങ്ങനെയെങ്കിലും മണത്തറിഞ്ഞിരിക്കും..)
“ഒന്നുമില്ലെങ്കിലും നിങ്ങളോരു എം എ ക്കാരനല്ലെ ?( ആദ്യമായി അവൾ ക്കെന്നെ കുറിച്ച് ഒരു മതിപ്പൊക്കെ വന്നു തുടങ്ങി.ഞാനൊന്നു ഞെളിഞ്ഞിരുന്നു )
“ഞാൻ ഓഡിഷന് നിങ്ങളുടെ പേരും അയച്ചിട്ടുണ്ട്” ( ഓ ഇവളെന്റെ നെഞ്ചത്തോട്ടു കേറാനുള്ള പരിപാടിയാണ് )
ഞാൻ കസേരയിൽ അമർന്നു…ഒപ്പം എന്റെ വായ തുറന്നു..
“എപ്പാ ..?” (ചില സാങ്കേതിക കാരണങ്ങളാൽ വായ അടയാൻ കുറച്ചു സമയം വേണ്ടി വന്നു )
“അതൊക്കെയുണ്ട്.. സുരേഷ് ഗോപി നമ്മളെയുടനെ വിളിക്കും” (സുരേഷ് ഗോപി ഇവളുടെ…. എന്നെ കൊണ്ട് വെറുതെ പറയിക്കല്ലേ…)
ദേ ..അവളാകെ ചുവക്കുന്നു.പെണ് കാണാൻ ചെന്നപ്പോൾ പോലുംഇവളിങ്ങനെ നാണിച്ചിട്ടില്ല.. കാൽ നഖം കൊണ്ട്ഏതാണ്ടൊക്കെ ചിത്രപ്പണികൾ നടത്തുന്നു..( അടുക്കള പണി പോലും നേരെ ചൊവ്വേ അറിയാത്തവൾ)
“എടി ..അതിനോക്കെ നല്ല അറിവ് വേണ്ടേ ?” (എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റിയിലേൽ പണി കിട്ടും )
“അതിനല്ലേ ഇത്” അവളെന്റെ നേർക്ക് കുറെ കൊച്ചു പുസ്തകങ്ങൾ വെച്ചു നീട്ടി..
കല്യാണം കഴിഞ്ഞ സമയത്തു ഇതു പോലൊരു കൊച്ചു പുസ്തകം നീട്ടിയതിനു കലി തുള്ളിയവളാണ്.. ഇനി ഈ വയസു കാലത്തു എന്നെ കൊണ്ട്...
“നോക്ക് മനുഷ്യ “എന്ന് പറഞ്ഞു കൈ വെള്ളയിൽ വെച്ച പുസ്തകങ്ങൾ ഞനൊന്നേ നോക്കി ഉള്ളു... കൊച്ചു പുസ്തകത്തെ കുറിച്ചുള്ള കണക്കു കൂട്ടലുകൾ എനിക്ക് വീണ്ടും തെറ്റി.. അവളുടെ അപ്പൂപ്പനും അമ്മൂമ്മയും എഴുതിയ പി എസ് സി മുത ലിനി ഞങ്ങളുടെ കൊച്ചു മക്ക ളെഴുതാൻ പോവുന്ന പരീക്ഷകളുടെ ചോദ്യാവലിയടങ്ങിയ GK പുസ്തക കെട്ടുകൾ..
“രണ്ടു ഫ്ലാസ്കിൽ കട്ടനിട്ടു തരും. ജോലി കഴിഞ്ഞു വന്നു 12 മണി വരെയിരുന്നു പഠിക്കണം .പിന്നെ രാവിലെ 4 മണിക്ക് എഴുന്നേൽക്കണം.. “അവൾ പത്തു കല്പനകൾ പുറപ്പെടുവിച്ചു തുടങ്ങി .
പുസ്തകവുമായി അന്തം വിട്ട പെരുച്ചാഴിയെ പോലെയിരിക്കുന്ന എന്റെ നേർക്ക് വന്ന് ഏതെങ്കിലും കാര്യാ സാധ്യത്തിനു വേണ്ടി മാത്രം നല്കുന്ന സ്പർശന സുഖം നൽകി അവൾ അടുത്ത ഡയ ലോഗ് (ഇന്നലെയിങ്ങിനെയൊന്ന് തലോടാന് ചെന്നപ്പോൾ പള്ളക്കിട്ടൊരു കുത്തു കുത്തി തിരിഞ്ഞു കിടന്നവളാ..)
“എനിക്കൊരു പുതിയ സാരി വാങ്ങണം... ഓഡിഷന് പോവുമ്പോൾ ഉടുക്കാൻ..” (ഓഡിഷൻ അല്ല.. അവളുടെ ഒടുക്കത്തെ .. ഇവളാര് ? ചിത്രയോ ? എന്തൊരു കുയിൽ നാദം...")
“കഴിഞ്ഞ മാസമല്ലേ ഗീതയുടെ കല്യാണത്തിന് 4000
രൂപയുടെ സാരി വാങ്ങിയത്.... അതുടുത്താൽ പോരെ ?” (കടുത്ത സാമ്പത്തിക ബാധ്യതകൾ മുൻനോക്കി കണ്ടു ഞാൻ മുരടനക്കി )
“അയ്യേ.. ആ മഞ്ഞ കളർ എനിക്ക് ചേരുന്നില്ല “
അവളുടെ മോന്ത മഞ്ഞപിത്തം വന്ന പോലെയായി
(ഗീതയുടെ കല്യാണം കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നും മാറാതെ “ഹോ ഈ സാരിയിൽ എന്നെ നല്ല ശെലെന്നു എല്ലാരും പറഞ്ഞെന്നു” പറഞ്ഞവളാ....ഈ പെണുങ്ങൾ എന്തൊരു കാലു മാറി കളാണ്..)
“എന്തായാലും സുരേഷ് ഗോപി വിളിക്കട്ടെ...” ഞാൻ തത്കാലം തടി തപ്പി..
പിനീടങ്ങോട്ടു എന്റെകഷ്ട കാലം തുടങ്ങി.. പ്ലസ് ടു വിനു പഠിക്കുന്ന മോളോടൊത്തു രാത്രിയും രാവിലെയും പഠിപ്പു.. ഇടക്കൊന്നു കണ്ണടച്ചാൽ ആ കുരുത്തം കെട്ടവൾ വിളി തുടങ്ങും..”അമ്മെ, ദേ അച്ഛൻ….. ”
അവളുടെ ഇളയവൻ പത്തു വയസുകാരൻ എന്നെ കാണുമ്പോൾ വീടിനു ചുറ്റും ഓട്ടം തുടങ്ങും..“ദേ പോയി..ദാ വന്നു “
പണ്ട് പഠിച്ചിരുന്ന കാലത്തു ചെയ്തപോലെ പുസ്തക കൂമ്പാരത്തിനു മുന്നിൽ കട്ടനുമടിച്ചു ഞാൻ സ്വപ്നലോകത്തു വിഹരിക്കാൻ തുടങ്ങി..
അങ്ങിനെ കാര്യങ്ങളൊരു വിധം നന്നായി മുന്നോട്ടു നീങ്ങവേ ഭാര്യ യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ - “ഞാൻ ചൊവ്വാഴ്ച അന്തോണീസ് പുണ്യാളന്റെയടുത്ത് നൊവേനക്ക്പോവാൻ തുടങ്ങി.. പുണ്യാളൻ വിളി കേൾക്കും... സുരേഷ് ഗോപി വിളിക്കാതെയിരിക്കില്ല..”
കർത്താവെ, വിളിച്ചാൽ വിളി പുറത്തെത്തുന്ന പുണ്യാളൻ! എന്റെ ചങ്കു കത്തി.. ഇവളെനിക്ക് പണി തരും..
ഒരു ദിവസം നൊവേന കഴിഞ്ഞു വന്നു അവളെനിക്ക് സ്പർശന സുഖം തന്നു കൊണ്ട് പറഞ്ഞു...”ഇന്ന് എന്റെ അടുത്തിരുന്ന പെണ്ണ് ഉടുത്തിരുന്ന സാരി കാണണം...ഹോ എന്ന ശേല് .. ചോദിച്ചപ്പോ കല്യാണി ന്നു വാങ്ങിയതാണ് ..നമുക്ക്കും അവിടെ പോയി വാങ്ങണം കോടീശ്വരന്റെ ഫൈനലിൽ എത്തുമ്പോളുടുക്കാൻ..പതിനായിരം
രൂപയെങ്കിലും ആവും. സാരമില്ല.. കോടിയെല്ലേ കിട്ടാൻ പോവുന്നതു?”
(ഇവള് പിന്നേം കാലുമാറി ..കഴിഞ്ഞ പെരുന്നാളിന് തെക്കേതിലെ “ലിസ്സിയുടുത്ത സാരി കൊള്ളാലോ” എന്ന് ഞാൻ പറഞ്ഞതിന് ഇവളെന്നെ കൊല്ലാക്കൊല ചെയ്തതാണ്... " നിങ്ങള് പള്ളിയിൽ പോവുന്നത് പെണ്ണുങ്ങളുടെ..... " ബാക്കി പറയാൻ കൊള്ളൂല ..)
എനിക്കൊരു പിടിവള്ളി കിട്ടി ..അതിൽ കയറി ഞാൻ പിടിച്ചു .അല്ലേലും മുങ്ങി താഴുന്നവന് എന്തോന്ന് നോക്കാൻ..
“നീ പ്രാർത്ഥിക്കാൻ തന്നെയാണോ പോവുന്നത് അതോ സാരി നോക്കാനോ ?പുണ്യാളൻ പണി തരുമെ പറഞ്ഞില്ലെന്നു വേണ്ട...? കഷ്ടപ്പെട്ട് ഉറക്കം നിന്ന് പഠിച്ചു അവസാനം സുരേഷ് ഗോപി യെന്നെ വിളിച്ചില്ലെങ്കിൽ ഓർത്തോ നീ തന്നെയതിനു കാരണം..” ഗദ്ഗദ കണ്ഠനായി ഞാൻ പറഞ്ഞു. അതിഷ്ടപ്പെടാത്ത മട്ടിൽഅവളൊന്നു നോക്കി കണ്ണുരുട്ടിയകത്തേക്ക് പോയി..
സുരേഷ് ഗോപിയെന്നെ വിളിച്ചില്ല...
“എന്നാലുമാ സുരേഷ് ഗോപി..” സുരേഷ് ഗോപിയുടെ പേര് പറയുമ്പോൾ അവളുടെ മോന്ത കറി കലം പോലെ .. എന്തൊരു മുഴുപ്പ് ..എന്തൊരു കറുപ്പ്!
ഓഫീസിലേക്ക് പോവുമ്പോഴും വരുമ്പോഴും ഭാര്യയറിയാതെ പള്ളിയിൽ കയറി ആത്മാർത്ഥമായി പ്രാർഥിച്ചയെന്റെ പ്രാർത്ഥന പുണ്യാളൻ കേട്ടു.. കുറച്ചു മെഴുകുതിരി കത്തിച്ച നഷ്ടം ഞാൻ നഷ്ടമായി കാണുന്നില്ല.. കുറച്ചു നിദ്ര വിഹീനങ്ങളായ രാവുകളും നഷ്ടം..സാരമില്ല, ഇനി മനസമാധാനത്തോടെ ഉറങ്ങാം.. നാട്ടുകാരുടെ മുന്നിൽ നാണം കെടാതെ പുണ്യാളൻ കാത്തില്ലേ ?
പള്ളിയിൽ പോവുന്ന ഭാര്യക്ക് ഒരു കൊട്ട് കൊടുക്കാനും വകയായി.... “ആരുടേയും സാരിയിൽ നോക്കല്ലേ പൊന്നേ ... പണി കിട്ടുമേ.. ദൈവങ്ങളിപ്പോൾ പഴയ പോലെയല്ല..”
എന്തായാലും വലിയ കേടുപാടുകളില്ലാതെ ആ എപ്പിസോഡ് തീർന്നു കിട്ടി..
എന്നാലുമിടക്ക് ആ കാന്താരിയെന്നെ കളിയാക്കും.. ദേ പോയി...
ദേ വന്നു..** Sani John.. എല്ലാവർക്കും ഓണാശംസകൾ...


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot