നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പഴയ ഞായറാഴ്‌ച്ച കഥ !

ഒരു പഴയ ഞായറാഴ്‌ച്ച കഥ !
"രാവിലേമുതൽ ഉച്ചക്ക്‌ രണ്ടുമണി വരെ പഠിച്ചാലേ വൈകുന്നേരത്തെ സിനിമ കാണിക്കൂ"... അമ്മ രാവിലെതന്നെ നയം വ്യക്തമാക്കി .
അനിയനും ഞാനും ഞായാഴ്ച്ച വൈകിട്ടുള്ള ദൂരദർശനിലെ സിനിമ കാണാൻ എന്തു ത്യാഗവും ചെയ്യാൻ തയ്യാറായിരുന്നു ..
"അപ്പം ജൈന്റ്‌ റോബോട്ട് കാണണ്ടേ?".. അനിയൻ പ്രതീക്ഷയോടെ അമ്മയെ നോക്കി 
"അവന്റെ ഒരു റോബോട്ട്..ഈ സാധനത്തിനെയൊക്കെ ആരാണോ ഉണ്ടാക്കുന്നത് ... മിണ്ടാതിരുന്നു പഠിക്കെടാ.. അപ്പോഴത്തെ കാര്യം അപ്പോളാലോചിക്കാം " അമ്മ കലിപ്പിലാണ്.
അനിയൻ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല ... ഇനിയും അമ്മയോട് തർക്കിച്ചാൽ ഈ ആഴ്ച്ചത്തെ സിനിമ അല്ല, ഈ നൂറ്റാണ്ടിലെ സിനിമ കാണൽ തന്നെ അമ്മ റദ്ദുചയ്തു കളയും.. !! വീട്ടിലെ വിദ്യാഭ്യാസവും ആഭ്യന്തരവും വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അമ്മ ആയതു കൊണ്ട് ഫിനാൻസ് ആൻഡ് റെവന്യൂ കൈകാര്യം ചെയ്യുന്ന അച്ഛൻ ഇതിലൊന്നും ഇടപെടില്ല.
ഇനി അഥവാ ഇടപെട്ടാലും " പിള്ളേരു തലതിരിഞ്ഞു പൊയാൽ പിന്നെ എന്നെ കുറ്റം പറഞ്ഞെക്കരുത്‌.." അല്ലെങ്കിൽ " ഇനി മുതൽ ഇത്ങ്ങളെ പഠിപ്പിക്കുന്നതൊക്കെ അച്ഛൻ തന്നെ ആയിക്കോളൂ "... തുടങ്ങിയ ഡയലോഗസ്‌ ഒക്കെ അടിച്ച് അമ്മ ഡിഫെന്റ് ചെയ്യും ! .. ഞങ്ങളെ പഠിപ്പ്പിക്കുക എന്ന ഹൈ റിസ്ക് ടാസ്ക്‌ ഏറ്റെടുക്കുന്നതിലും ഭേദം തെങ്ങിൽ കയറി കൈ വിടുന്നതാണെന്ന് അച്ഛനു നന്നായറിയാം....!!!
ഞങ്ങൾ രണ്ടും അതിഭീകരമായ പഠിത്തം തുടങ്ങുകയായി ... ഫ്രഞ്ചുവിപ്ലവം.. റഷ്യൻ വിപ്ലവം... പാരിണാമാസിദ്ധാന്തം ..ചെറുശ്ശേരി .. ആശാൻ.. എന്നുവേണ്ട ഗണിതശാസ്‌ത്രം വരെ അനർഗനിർഗ്ഗളമായി പ്രവഹിക്കും.. അതും മാക്സിമം വോളിയത്തിൽ.. പറമ്പിൽ പച്ചക്കറിക്ക് വെള്ളമൊഴിക്കുന്ന അമ്മ കേൾക്കണം അതാണ് ലക്‌ഷ്യം ..
അങ്ങനെ കാത്തുകാത്തിരുന്ന മുഹൂർത്തം വരികയായി ... രാവിലെമുതലുള്ള അദ്ധ്വാനത്തിന്റെ ആഘാതത്തിൽ വല്ലാതെ ക്ഷീണിച്ചീട്ടുണ്ടാവും ഞങ്ങൾ .... അച്ഛൻ റ്റിവി ഓൺ ചെയ്യുകയായി ... പരസ്യമാണ്.. 'വാഷിംഗ് പൗഡർ നിർമ്മ'... അതു കഴിഞ്ഞു.. സിനിമ തുടങ്ങുകയായി..സിനിമയുടെ പേരെഴുതി കാണിച്ചു .. അഭിനേതാക്കളുടെ പേരുവന്നു.. .. ക്യാമറ.. പ്രൊഡക്ക്ഷൻ.. പിന്നെ കഥ ,തിരക്കഥ ,സംഭാഷണം , സംവിധാനം ......... ഠിം.. കഴിഞ്ഞു ... കറന്റുപോയി..!!!!
ഇൻവെർട്ടറും സോളാറും ഒന്നും ഇല്ലാത്ത കാലത്താണ് ബഹുമാനപ്പെട്ട വൈദ്യുതി ബോർഡ് രണ്ടു നിസ്സഹായ ബാല്യങ്ങളോട് ഇങ്ങനെ ഒരു അന്യായം പ്രവർത്തിച്ചത് ..!! ഞങ്ങളുടെ ചങ്കു തകരും .! പിന്നെ കറന്റ് ഒന്നു വേഗം വരാൻ അന്യായ പ്രാർത്ഥന ആണ് ... എന്താണെന്നറിയില്ല, ഞങ്ങളുടെ ഈ ആപ്ലിക്കേഷൻ മിക്കപ്പോഴും രണ്ടര മണിക്കൂർ കഴിഞ്ഞേ ഭഗവാൻ പരിഗണിക്കാറുള്ളൂ ..അതുകൊണ്ടുതന്നെ സിനിമയുടെ അവസാനം 'ശുഭം' എന്നെഴുതി കാണിക്കുന്നതു കാണാൻ മാത്രം ആയിരുന്നു മിക്കപ്പോഴും ഞങ്ങൾക്ക് യോഗം....!!!
റിമോട്ട് ഞെക്കിയാൽ അഞ്ഞൂറിൽ പരം ചാനാലുകളിലായി പല ഭാഷകളിൽ ഉള്ള പരിപാടികൾ കാണാൻ ഭാഗ്യം സിദ്ധിച്ച പുതുതലമുറക്ക്‌ ഇതു കേൾക്കുമ്പോൾ പുച്ഛം തോന്നുന്നുണ്ടാകും ...അവർക്കറിയില്ലല്ലോ ഒരാഴ്ച്ച മുഴുവൻ നല്ലനടപ്പു പരിശീലിച്ച് നമ്മൾ നടിയെടുക്കുന്ന അവാർഡാണ് ഞായറാഴ്ച്ച വൈകുന്നേരത്തെ ആ രണ്ടര മണിക്കൂർ എന്ന് ...!!
വന്ദന 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot