ഡാവിഞ്ചിയും പിക്കാസോയും:വിപരീത സ്വപ്നങ്ങളുടെ കഥ
*****************************************************************************
ഇരുപതു വര്‍ഷം പോലീസ് സേവനത്തിനു ശേഷം മറിയാമ്മ വര്‍ക്കി വിരമിച്ചത് ഹെഡ്കോണ്‍സ്റ്റബിള്‍ ആയിട്ടാണ്. കുറച്ചു നാള്‍ വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് മടുത്തു.അങ്ങിനെയാണ് നഗരത്തിലെ തിരക്കേറിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സെക്യൂരിറ്റി ഓഫീസര്‍ ആയി അവര്‍ കയറിയത്.
*****************************************************************************
ഇരുപതു വര്‍ഷം പോലീസ് സേവനത്തിനു ശേഷം മറിയാമ്മ വര്‍ക്കി വിരമിച്ചത് ഹെഡ്കോണ്‍സ്റ്റബിള്‍ ആയിട്ടാണ്. കുറച്ചു നാള്‍ വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് മടുത്തു.അങ്ങിനെയാണ് നഗരത്തിലെ തിരക്കേറിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സെക്യൂരിറ്റി ഓഫീസര്‍ ആയി അവര്‍ കയറിയത്.
ആ ആശുപത്രിയിലെ പ്രധാന ഡോക്ടര്‍മാരില്‍ ഒരാളായ കാര്‍ഡിയാക് സര്‍ജന്‍ ഡോക്ടര്‍ ലളിതാംമ്പികയുടെ മുറിയുടെ മുന്നില്‍ തിക്കും തിരക്കും കൂട്ടുന്ന രോഗികളെ നിയന്ത്രിക്കുകയായിരുന്നു മറിയാമ്മയുടെ ജോലി.തടിച്ചു പൊക്കം കുറഞ്ഞ ശരീരവും മാംസം മുറ്റിയ മുഖവും വലിയ കണ്ണുകളും ചുണ്ടില്‍ തങ്ങുന്ന ചിരിയും ഉള്ള മറിയാമ്മയെ കണ്ടാല്‍ ഒരു സംസാരപ്രിയ ആണെന്ന് തോന്നുമെങ്കിലും അവര്‍ നേരെ തിരിച്ചായിരുന്നു.മരുന്നിന്റെ മണമുള്ള ആശുപത്രി കോറിഡോറില്‍ അപരിചിതമായ മുഖങ്ങളെ നോക്കി നില്‍ക്കെ മറിയാമ്മ തിരഞ്ഞു കൊണ്ടിരുന്നത് ഒരു മനുഷ്യനെ മാത്രമാണ്.സര്‍വീസില്‍ നിന്ന് പിരിഞ്ഞിട്ടും ഇത് വരെ അവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന ഒരു മനുഷ്യനെ.
സര്‍വീസില്‍ പ്രവേശിച്ച കാലത്തായിരുന്നു ആ സംഭവം. .നഗരത്തിന് സമീപം ഒരു കൊലപാതകം നടന്ന സ്ഥലത്ത് ജഡത്തിന് രാത്രി കാവല്‍ ഡ്യൂട്ടി ആയിരുന്നു മറിയാമ്മ.അത് അവരുടെ ആദ്യത്തെ അനുഭവമായിരുന്നു.ഭീതി നിറഞ്ഞ രാത്രിയില്‍ എപ്പോഴോ മറിയാമ്മ ഉറങ്ങി.ചൂട് നിശ്വാസം മുഖത്ത് തട്ടിയപ്പോള്‍ അവര്‍ ഞെട്ടി ഉണര്‍ന്നു.ആരോ തന്നെ ചുംബിക്കാന്‍ ശ്രമിക്കുന്നു.മുഖം വ്യക്തമല്ല.
ശവത്തിന്റെയും ചോരയുടെയും മണമുള്ള വായു അവരുടെ ആത്മാവില്‍ നിന്ന് ഒരു മൃഗത്തെ അഴിച്ചു വിട്ടു.അവര്‍ പോലും തന്നില്‍ ഉണ്ടെന്നു അറിയാത്ത മൃഗം.തന്നെ ആക്രമിച്ച അജ്ഞാതനെ ആ പോലീസുകാരി ആക്ക്രമിച്ചു.ആ നാക്ക് അവര്‍ കടിച്ചു മുറിച്ചു.പാതി മുറിഞ്ഞ ചോരിയിറ്റുന്ന നാക്കുമായി അലറിക്കരഞ്ഞു കൊണ്ട് ആ അജ്ഞാതന്‍ ഇരുട്ടില്‍ ഓടി മറഞ്ഞു.
അയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. അയാള്‍ ചികിത്സ തേടുമെന്നു കരുതി ആശുപത്രികളില്‍ മുഴുവന്‍ പോലീസ് തിരഞ്ഞു.ഫലമുണ്ടായില്ല.
ജഡത്തിന് കാവല്‍ ഇരുന്ന ആ രാത്രിയിലെ അറപ്പും വെറുപ്പും ഭയവും നിറഞ്ഞ അനുഭവം മറിയാമ്മയില്‍ എന്തോ മാറ്റമുണ്ടാക്കി.ഭംഗിയുള്ള വെളുത്ത ശൂന്യമായ കടലാസില്‍ ആരോ കുത്തിവരച്ചതു പോലെ.അവര്‍ വിവാഹം വേണ്ടെന്നു വച്ചു.അത് മറക്കാന്‍ ഇത്രയും നാള്‍ ആയിട്ടും അതിന് കഴിഞ്ഞില്ല.വര്‍ഷങ്ങള്‍ തിരഞ്ഞിട്ടും അവര്‍ക്ക് ഒരു സൂചനയും ലഭിച്ചതുമില്ല.
ഡോക്ടര്‍ ലളിതാംബികക്ക് പുതിയ സെക്യൂരിറ്റി ഓഫീസറെ ഇഷ്ടമായി.അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു.സദാ ദു:ഖഭാവം നിഴലിക്കുന്ന വെളുത്ത മുഖമുള്ള ഡോക്ടറെ മറിയാമ്മക്കും ഇഷ്ടമായിരുന്നു.
ദിവസങ്ങള്‍ കടന്നു പോയി.തിരക്ക് കുറവുള്ള ഒരു ദിവസം മറിയാമ്മ ഡോക്ടറുടെ മുറിയുടെ വെളിയിലെ വെളുത്ത ഭിത്തിയില്‍ തൂക്കിയിട്ട ഡാവിഞ്ചി വരച്ച വിട്രൂവിയന്‍ മനുഷ്യന്റെ ചിത്രം നോക്കി നില്‍ക്കുകയായിരുന്നു.ഒരു ഉറുമ്പ് ആ മനുഷ്യന്റെ പാദത്തില്‍ നിന്ന് മുകളിലേക്ക് കയറി പോകുന്നത് അവര്‍ കണ്ടു.ആ ഉറുമ്പിന്റെ സഞ്ചാരം മറിയാമ്മ കൗതുകത്തോടെ നോക്കി നിന്നു. വേഗതയില്‍ പോവുകയായിരുന്ന ഉറുമ്പ് മനുഷ്യന്റെ നാവിന്റെ മുന്നില്‍ എത്തിയതും ഒരു നിമിഷം നിന്നു.കാരണമില്ലാതെ മറിയാമ്മയുടെ നെഞ്ചിടിച്ചു.ഇല്ല.ഉറുമ്പ് യാത്ര തുടരുന്നില്ല..നെഞ്ചിലൂടെ വേദനയുടെ ഒരു കൊള്ളിയാന്‍ പാഞ്ഞു.അവര്‍ ബോധരഹിതയായി നിലത്തു വീണു.
ബോധം വീഴുമ്പോള്‍ അവര്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു.ഡോക്ടര്‍ ലളിതാംബിക അവരുടെ അരികില്‍ ഇരുപ്പുണ്ടായിരുന്നു.പരിശോധനക്ക് ശേഷം അവര്‍ പറഞ്ഞു.
“രണ്ടു ബ്ലോക്ക് ഉണ്ടായിരുന്നു. സര്‍ജറി ചെയ്തു മാറ്റി.ഇപ്പോള്‍ മറിയാമ്മക്ക് ഒരു കുഴപ്പവുമില്ല.”
മറിയാമ്മ ഡോക്ടര്‍ക്ക് ഒരു തളര്‍ന്ന ചിരി സമ്മാനിച്ചു.
“മറിയാമ്മക്ക് ഇത്ര മാനസിക സമ്മര്‍ദം എന്തിനാണ്..റിട്ടയര്‍ ചെയ്തു പീസ്‌ഫുള്‍ ആയി ജീവിക്കുകയല്ലേ..?”
മറിയാമ്മക്ക് ഡോക്ടര്‍ പറഞ്ഞത് മനസ്സിലായില്ല.
“സര്‍ജറിക്ക് മുന്‍പ് പാതി ബോധത്തില്‍ നിങ്ങള്‍ ഏതോ ദു:സ്വപ്നം കണ്ടു കരയുന്നുണ്ടായിരുന്നു...എന്തോ നാക്കിന്റെ സ്വപ്നം..എന്താണത്..”
മറിയാമ്മ നിശബ്ദയായി.പിന്നെ പറഞ്ഞു.
“അത് സ്ഥിരം ഞാന്‍ കാണുന്ന സ്വപ്നമാണ് ഡോക്ടര്‍..ഒരു വാ തുറന്നു നില്‍ക്കുന്നു..അതില്‍ നിന്ന് നാക്ക് പുറത്തു ചാടുന്നു.ആ നാക്ക് എന്നെ കൊല്ലാന്‍ വരുന്നു.ഞാന്‍ മുറിക്കുമ്പോള്‍ ആ നാക്ക് വീണ്ടും പഴയതാകും..എത്ര മുറിച്ചാലും ചോരയിറ്റു വീഴുന്ന ആ നാക്കിന്റെ നീളം കുറയില്ല...”മറിയാമ്മ ലേശം കിതപ്പോടെ പറഞ്ഞു.
ഡോക്ടറുടെ മുഖവും വിളറി വെളുത്തു.അവര്‍ മെല്ലെ പറഞ്ഞു.
“അത് പോലെ ഒരു സ്വപ്നം ഞാനും ഇടക്ക് കാണാറുണ്ട് മറിയാമ്മേ.പക്ഷെ മറിയാമ്മ കാണുന്ന സ്വപ്നത്തിന്റെ നേരെ വിപരീതമാണ് ഞാന്‍ കാണുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഭര്‍ത്താവിന്റെ നാക്കും മുറിഞ്ഞു സംസാരശേഷി നഷ്ടപെട്ടു.അത് എങ്ങനെ സംഭവിച്ചു എന്ന് ഇന്നും എനിക്കറിയില്ല.അതിനു ശേഷം അയാള്‍ വീടിനു പുറത്തിറങ്ങിയിട്ടില്ല.ഒരു തരം മാനസിക വിഭ്രാന്തി.പക്ഷെ ഞാന്‍ കാണുന്ന സ്വപ്നത്തില്‍ നാക്ക് ഇല്ലാതാകുകയാണ്.എത്ര കൂട്ടിപിടിപ്പിച്ചാലും ഇല്ലാതാകുന്ന നാവ്.”
മറിയാമ്മ ഡോക്ടറുടെ മുഖത്തേക്ക് ഉറ്റു നോക്കി.അവര്‍ എന്തോ ഒളിക്കുന്നുണ്ടോ?പക്ഷെ ആ മുഖം ഒരു വെളുത്ത തൂവാല പോലെ ശൂന്യമായിരുന്നു.അവരുടെ കണ്ണുകള്‍ മുറിയിലെ രണ്ടു.പെയിന്റിങ്ങുകളിലാണ്.
അതില്‍ ഒന്ന് മറിയാമ്മ എന്നും കാണുന്ന ഡാവിഞ്ചിയുടെ വിട്രൂവിയന്‍ മാന്‍ എന്ന ചിത്രവും മറ്റൊന്ന് പിക്കാസോ യുടെ " ഗേള്‍ ബിഫോര്‍ എ മിറര്‍ " എന്ന ചിത്രവുമായിരുന്നു.ഡോക്ടറുടെ കണ്ണുകള്‍ ആ "കണ്ണാടിയുടെ മുന്‍പിലെ പെണ്‍കുട്ടിയിലാണ്."
ആ ചിത്രത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി കണ്ണാടിയില്‍ നോക്കി പുഞ്ചിരിക്കുന്നു.പക്ഷെ അവള്‍ കാണുന്നത് മറ്റൊരു പ്രതിബിംബമാണ്.വൈരൂപ്യം നിറഞ്ഞ കരയുന്ന ഒരു മുഖമാണ് കണ്ണാടിയില്‍ പ്രതിഫലിക്കുന്നത്.
“ആശുപത്രിയില്‍ നിന്ന് ഇറങ്ങിയിട്ട് കുറെ നാള്‍ വിശ്രമിക്കണം.യാത്രകള്‍ ഒഴിവാക്കണം..” കുറച്ചു നേരം ആ പെയിന്റിംഗ് നോക്കിയിരുന്നതിനു ശേഷം ഡോക്ടര്‍ അവരോട് പറഞ്ഞു.
മറിയാമ്മ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടറുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.
“ഒരാളെ കാണണം എന്നുണ്ടായിരുന്നു ഡോക്ടര്‍.ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിച്ചു.ദു:സ്വപ്നങ്ങള്‍ കണ്ടു പേടിക്കാതെ ഇനിയുള്ള ദിവസങ്ങള്‍ ഉറങ്ങാന്‍ സാധിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.”
ഡോക്ടര്‍ പോയതിനു ശേഷം മറിയാമ്മയുടെ കണ്ണുകളും ഭിത്തിയിലെ ചിത്രങ്ങളില്‍ പതിഞ്ഞു.ഒരു ഉറുമ്പ് ഡാ വിഞ്ചിയുടെ വിട്രൂവിയന്‍ മനുഷ്യന്റെ പാദത്തില്‍ നിന്ന് യാത്ര തുടങ്ങുന്നതു അവര്‍ കണ്ടു.അത് ആ മനുഷ്യന്റെ വായും കടന്നു പിക്കാസോയുടെ കണ്ണാടിയില്‍ നോക്കുന്ന പെണ്‍കുട്ടിയുടെ പുഞ്ചിരിക്കുന്ന കണ്ണുകളിലേക്ക് സഞ്ചരിക്കുന്നത് കണ്ടു കൊണ്ട് അവര്‍ സമാധാനപൂര്‍വ്വം ഉറങ്ങാന്‍ തുടങ്ങി.
(അവസാനിച്ചു )
സൂചന :
വിട്രൂവിയന്‍ മാന്‍ :ലിയനാർഡോ ഡാ വിഞ്ചിയുടെ പ്രശസ്ത കലാരചനയാണ് വിട്രൂവിയൻ മാൻ.(Vitruvian Man) പ്രഗല്ഭനായ റോമൻ വാസ്തുശില്പി മാർകസ് വിട്രൂവിയസിന്റെ പേരിൽ നിന്നാണ് ഈ പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഒരു നഗ്നപുരുഷൻ കൈകളും കാലുകളും വിരിച്ചുവെച്ച് ഒരു ചതുരത്തിലും വൃത്തത്തിലും കൃത്യമായി വരത്തക്കവിധം നിൽക്കുന്നു. മനുഷ്യശരീരത്തിന്റെ ഘടനയിലെ അളവുകളിലേക്ക് വെളിച്ചം വീശുന്ന ഈ ചിത്രം മിക്കവാറും ആശുപത്രി ഭിത്തികളില്‍ ഒരു പെയിന്റിംഗ് ആയി ഉപയോഗിക്കാറുണ്ട്.
"ഗേള്‍ ബിഫോര്‍ എ മിറര്‍:പിക്കോസൊയുടെ പ്രശസ്ത പെയിന്റിംഗ്.വിപരീതങ്ങളെ കുറിക്കുന്ന ഇമേജ്.കണ്ണാടിയില്‍ കാണുന്നത് യാഥാര്‍ദ്ധ്യത്തിന്‍റെ വിപരീതം എന്ന് അര്‍ത്ഥമുള്ള ചിത്രം.കഥയിലെ രണ്ടു വിപരീത സ്വപ്നങ്ങളെ സൂചിപ്പിക്കുവാൻ തിരഞ്ഞെടുത്തതാണ്.
Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക