നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഈ പ്രണയത്തിന് ഉദ്യാനനഗരി സാക്ഷി.

ഈ പ്രണയത്തിന് ഉദ്യാനനഗരി സാക്ഷി..
********************************************
അങ്കമാലി ഡിപ്പോയിലേക്ക് കയറിയ ബാംഗ്ലൂർക്കുള്ള KSRTC മൾട്ടി ആക്സ്സിൽ വോൾവോയ്‌ക്കുള്ളിലേ പതിനാലാം നമ്പർ സീറ്റിൽ ഇരുന്ന് മഴതുള്ളികൾ പറ്റി പിടിച്ച സൈഡ് ഗ്ലാസിലൂടെ ഞാൻ പുറത്തേക്കു നോക്കി. ആർത്തലച്ചു പെയ്തിരുന്ന മഴക്ക് ഇപ്പോൾ ഒരു ചെറിയ ശമനം ആയിരിക്കുന്നു.
ഈ വിൻഡോസീറ്റിൽ ആരായിരിക്കും വരാനുള്ളത്.അവർ വരുമ്പോൾ ഈ സീറ്റ് മാറിക്കൊടുക്കേണ്ടി വരുമോ..?പറഞ്ഞാൽ മാറിക്കൊടുക്കാം. ഇപ്പോൾ സമയം അഞ്ചരമണി. സായാഹ്നത്തിന്റെ മനോഹാരിത മാറി ഇരുൾ പരക്കുന്നതും, ആകാശത്തെ ചന്ദ്രനും, മേഘങ്ങളും കൂടെ ഓടുന്നതും കാണാൻ സൈഡ് സീറ്റിൽ ഇരിക്കണം.
"ഹലോ.. "
ഞാൻ പുറത്തേക്കു നട്ടിരുന്ന കണ്ണുകൾ പിൻവലിച്ച് അകത്തേക്ക് നോക്കി.
ഒരു സുന്ദരിപെണ്ണ്. ചെറുതായി മഴ നനഞ്ഞിട്ടുണ്ട്. തലമുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികൾ മൂക്കിൻത്തുമ്പിലൂടെയും, കവിളിലൂടെയും ഒക്കെ ഊർന്നു വരുന്നത് നോക്കിയിരുന്നപ്പോൾ'എന്തിനാ വിളിച്ചത് ' എന്ന് ചോദിക്കാൻ ഞാൻ മറന്നു.
"മാഷിന്റെ സീറ്റ് നമ്പർ എത്രയാ". ?
"പതിനഞ്ച്. "ഞാൻ പറഞ്ഞു.
"വിൻഡോസീറ്റ് പതിനാല് അല്ലേ".. ?
"അതേ."
"എന്നാൽ ഇങ്ങോട്ട് ഒന്ന് ഇറങ്ങിയാൽ എനിക്ക് ആ സീറ്റിലോട്ടിരിക്കാമായിരുന്നു".
"ആയിക്കോട്ടെ".സൈഡ് സീറ്റ് പോയ വിഷമത്തിൽ ഞാൻ ഇറങ്ങി ക്കൊടുത്തു.
കെട്ടും, കിടക്കയും ഒക്കെ മുകളിൽ വെക്കത്തില്ലേ ഈ സാധനത്തിന്.
കയ്യിലുള്ള ബാഗുകളൊക്കെ ഇരിക്കുന്നിടത്തു തന്നെ കുത്തിത്തിരുകുന്നത് കണ്ട് ഞാൻ മനസ്സിലോർത്തു.
ഞാൻ സീറ്റിലേക്കിരുന്നു പുറത്തേക്കു നോക്കി. സൈഡ് ഗ്ലാസിൽ അവളുടെ മുഖം.പുറത്ത് പെയ്യുന്ന മഴയുടെ കുളിര് എന്റെ മനസ്സിലും.
"മാഷേ.. അടങ്ങിയിരുക്കുവല്ലോ അല്ലേ .?എന്തേലും ചെയ്താൽ ഞാൻ ഉറക്കെ കാറും ".
അവൾ ചോദിച്ചതിന് മറുപടിയില്ലാതെ ഞാൻ ആ മുഖത്തേക്ക് നോക്കി.
അവൾ ഒരു കൊലച്ചിരി എനിക്ക് സമ്മാനിച്ചു.
'ഇതെന്തൊരു സാധനമാണോ '.ഞാൻ എന്റെ സൈഡിലേക്ക് ഒന്നും കൂടി ചേർന്നിരുന്നു.അറിയാതെങ്ങാനും ഒന്ന് മുട്ടിപ്പോയാൽ.ഓർത്തപ്പോൾ തന്നെ ഞാൻ നടുങ്ങി.
പുറത്തേക്കുള്ള നോട്ടം പോലും ഞാൻ വേണ്ടാന്ന് വെച്ചു. കണ്ണടച്ചു ഇരുന്നു . ഇനിയെങ്ങാനും ഉറങ്ങിവീണാലോ. ?
വേണ്ട. ഉറങ്ങണ്ട. ഞാൻ മുന്നിലേക്ക്‌ നോക്കി ഇരുന്നു.
പാലക്കാട്‌ എത്തിയപ്പോൾ ഒരു ഹോട്ടലിന്റെ മുൻപിൽ ബസ്സ് നിർത്തി.
"ഇരുപതു മിനിറ്റ് സമയം ഉണ്ട്. ഭക്ഷണം കഴിക്കാൻ".
കണ്ടക്ടർ സാർ വിളിച്ചു പറഞ്ഞു.
കൃത്യം ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ വണ്ടി എടുത്തു. ഒന്ന് ഉറങ്ങണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അടുത്തിരിക്കുന്നവളെ പേടിച്ച് ഉറങ്ങിയില്ല. മൊബൈൽ എടുത്തു കണ്ട് മടുത്ത ഒരു സിനിമ കണ്ടുകൊണ്ടിരുന്നു. ഇവൾ ഒന്നുറങ്ങുവാണങ്കിൽ എനിക്കും ഉറങ്ങാമായിരുന്നു എന്ന എന്റെ ആഗ്രഹം വെറുതെയാണന്നു മുന്നോട്ട് പോകുംതോറും എനിക്ക് മനസ്സിലായി.
സിനിമ കണ്ടുകൊണ്ടിരുന്ന ഞാൻ ഒരു പ്രത്യേക ഒച്ച കേട്ടപ്പോൾ അവളിലേക്ക് ചെറുതായി ഒന്ന് ദൃഷ്ടി പായിച്ചു. എക്കിൾ എടുക്കുന്ന സൗണ്ട് ആണ്. നമ്മൾക്കെന്തു കാര്യം.ഞാൻ വീണ്ടും സിനിമയിൽ ശ്രെദ്ധിച്ചു. സമ്മതിക്കുന്ന ലക്ഷണമില്ല. എക്കിൾ ഇപ്പോൾ നോൺ സ്റ്റോപ്പ്‌ ആയി. ഒന്ന് ചിരിച്ചുകൊണ്ട് ഞാനവളെ നോക്കിയിട്ട് എന്റെ കയ്യിലുള്ള ബോട്ടിലിൽ നിന്നും വെള്ളം എടുത്തു കുടിച്ചു.
അവൾ നോക്കുന്നുണ്ട്. ഇതിന്റെ കയ്യിൽ വെള്ളമില്ലേ.. ?ആ.. ഇല്ലേലും കൊടുക്കുന്നില്ല.അടുത്ത് വന്നിരുന്നപ്പോളേ എന്നോട് പീഡിപ്പിക്കുവോന്നു ചോദിച്ചവളോട് എനിക്ക് ഒരു ദേഷ്യം തോന്നാതിരിക്കുമോ.. ?
നിർത്താതെയുള്ള എക്കിളിന്റെ ഒച്ച കേട്ട് ബസ്സിലുള്ളവരെല്ലാം ശ്രെദ്ധിക്കാൻ തുടങ്ങി. അതിന്റെ ചമ്മൽ അവളുടെ മുഖത്തുണ്ട്.
"കുറച്ച് വെള്ളം കുടിക്കൂ കൊച്ചേ.."
എതിർവശത്തിരുന്ന ചേച്ചി അവളോട്‌ പറഞ്ഞു.
"വെള്ളം ഇല്ല ചേച്ചി. "
അവൾ പറഞ്ഞതുകേട്ട് ആ ചേച്ചി എന്നോട് ഒരു പറച്ചിൽ.
"ഇച്ചിരി വെള്ളം കൊടുക്ക്‌ ആ കൊച്ചിന്."
"ഇതാ ".
ഇഷ്ട്ടമില്ലേലും ഞാൻ വെള്ളമെടുത്തു കൊടുത്തു.
ഒരു രക്ഷയുമില്ല. എക്കിൾ നിക്കുന്നില്ല. എനിക്ക് പിന്നെയും സന്തോഷം തോന്നി.എക്കിൾ നിക്കാൻ അമ്മ പറഞ്ഞു തന്ന ഗുട്ടൻസ് എനിക്കോർമ്മ വന്നെങ്കിലും ഇവളോട് എനിക്ക് അത് പ്രയോഗിക്കാൻ തോന്നിയില്ല.
ഞാൻ അവളുടെ കയ്യിലിരിക്കുന്ന വെള്ളം ബോട്ടിലിലേക്ക് നോക്കി. വെള്ളം തീർന്നുകൊണ്ടിരിക്കുന്നു. ഇനി ബാംഗ്ലൂർ വരെ വെള്ളം കുടിക്കാതെ ഇരിക്കണം.
"മാഷേ...ഇനി വണ്ടി ഭക്ഷണം കഴിക്കാൻ നിർത്തുവോ.. "?
അവൾ ചോദിച്ചു.
"ഇല്ല.. നേരത്തെ നിർത്തിയപ്പോൾ എന്താ കഴിക്കാതിരുന്നേ.. "?
"എന്റെ കയ്യിൽ ഫുഡ്‌ ഉണ്ടന്നുള്ള വിചാരത്തിലാണ് ഞാൻ ഇരുന്നത്. രാത്രിയിൽ കഴിക്കാനുള്ള ഫുഡും, വെള്ളവുമൊക്കെ ബസ്സ്റ്റാൻഡിലേക്കു വന്ന ഓട്ടോയുടെ പുറകിൽ നിന്നും എടുക്കാൻ മറന്നു. ഈ എക്കിൾ മാറണമെങ്കിൽ എനിക്ക് എന്തേലും കഴിക്കണം. വിശന്നാൽ എനിക്ക് എക്കിളെടുക്കും."
എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഒരു 'ശ്ശോ 'ഭാവത്തോടെ അവളോട്‌ ചോദിച്ചു.
"ഇനി എന്ത് ചെയ്യും." ?
നിസ്സഹായതയോടെ അവൾ എന്നേ നോക്കി. ആ നോട്ടത്തിൽ എനിക്ക് അവളോടുള്ള ദേഷ്യത്തിൽ ഒരു ചെറിയ അയവുണ്ടായി.
"കല്യാണം കഴിഞ്ഞതാണോ.." ?
"അല്ല.. "
ഒന്ന് കടുപ്പിച്ചാണവൾ പറഞ്ഞത്.
"എന്താ പേര് . "?
"അർപ്പിത .."
"ഇന്നലെ അർപ്പിതയോടൊപ്പം കണ്ട ആളാരാ.. ?ലൈനാണോ.. "?
"എപ്പോൾ കണ്ടു.. ?മാഷ് കണ്ടോ.." ?
" അർപ്പിത അല്ലായിരുന്നോ ഒരു മഞ്ഞ ചുരിദാർ ഒക്കെ ഇട്ട് ഒരാളുടെ കൂടെ മുട്ടിയുരുമ്മി നടന്നത്.. "?
"ഞാൻ ഒന്നും അല്ല.!!!!. എനിക്കാണെങ്കിൽ മഞ്ഞ ചുരിദാർ പോലും ഇല്ല. "
"എന്നാൽ ഒരു മഞ്ഞ ചുരീദാർ മേടിക്കണം കേട്ടോ. തനിക്ക് നന്നായിട്ട് ചേരും മഞ്ഞക്കളർ"..
ദേഷ്യത്തിൽ നോക്കിയ അവളോട്‌ ഞാൻ ചോദിച്ചു.
"എക്കിൾ പോയില്ലേ.. "?
"യ്യോ പോയി !!!".
അത്ഭുതത്തിൽ വിടർന്ന ഒരു ചെറുചിരിയോടെ അവൾ പറഞ്ഞു.
"അമ്മ പറഞ്ഞു തന്ന ടെക്നിക്കാ. മനസ്സറിയാത്ത കാര്യം ചോദിച്ചാൽ എക്കിൾ പമ്പ കടക്കുമെന്ന്".
"ഓ.അതിനായിരുന്നോ അങ്ങനെ ചോദിച്ചത്..?അടുത്ത എക്കിൾ വരുന്നതിനു മുൻപ് എനിക്ക് കഴിക്കാൻ എന്തേലും കിട്ടുമോ." ?
"ഞാൻ ഒന്ന് കണ്ടക്ടർസാറിനോട് ചോദിച്ചിട്ട് വരാം "..
കണ്ടക്ടറുടെ അടുത്ത് ചെന്നപ്പോൾ ആളു നല്ല ഉറക്കം. പയ്യെ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു. പലപ്പോഴും കണ്ടിട്ടുള്ളതിനാൽ ആ പരിചയത്തിൽ ആളൊന്നു ചിരിച്ചു.ഞാനുമൊന്ന് ചിരിച്ചു. ഡ്രൈവറെ സോപ്പിട്ടു അടുത്ത കടയുടെ മുൻപിൽ വണ്ടി നിർത്തിപ്പിച്ചു. ഞാൻ ഓടിയിറങ്ങിപോയി രണ്ട് പൊറോട്ടയും, വെജിറ്റബിൾ കുറുമായും മേടിച്ചു കൊണ്ട് വന്നു.
മേടിച്ചു കൊണ്ട് വന്നത് വെട്ടി വിഴുങ്ങുന്നതും നോക്കി ഇരുന്നപ്പോൾ തോന്നി എനിക്കും കൂടി മേടിക്കണ്ടതായിരുന്നു എന്ന്.
"മാഷേ ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല കേട്ടോ".പക്ഷേ ഒരു രണ്ട് പൊറോട്ടയും കൂടി മേടിക്കണ്ടതായിരുന്നു.നല്ല രുചിയായിരുന്നു".
"തീറ്റ കണ്ടപ്പോൾ തോന്നി നല്ല രുചിയായിരുന്നെന്ന്. ഇപ്പൊ എനിക്കും തോന്നുന്നുണ്ട് രണ്ടെണ്ണം കഴിക്കാൻ.. "
വായിൽ വന്ന വെള്ളം ഇറക്കികൊണ്ടു ഞാൻ പറഞ്ഞു.
"എന്നാ മേടിക്കാം..എനിക്കാണെങ്കിൽ വിശപ്പൊട്ടു പോയതുമില്ല. "
"ഇനിയും വണ്ടി നിർത്താവോന്നു ചോദിച്ചാൽ ഡ്രൈവർ ചേട്ടൻ ഓടിക്കും."
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ കിറി ചുളിച്ചു അവളെന്നെ നോക്കി.
"ഇപ്പൊ സേലം എത്തും. അവിടെ ഇറങ്ങാൻ തയ്യാറാണോ.. "?
"ഇറങ്ങാനോ.. ?എന്നിട്ടോ.. ?
"നല്ല ചൂട് നെയ്‌റോസ്റ്റ്.. കൂടെ ചമ്മന്തിയും, സാമ്പാറും, മുളക് ചാലിച്ചതും. വേണമെങ്കിൽ ഓരോ ഓംബ്ലെറ്റും കൂടി കഴിച്ചിട്ട് പയ്യെ തമിഴ്നാടിന്റെ ബസ്സിൽ കയറി പോകാം."
"കൊതിപ്പിക്കുന്ന കാര്യങ്ങളാണ്...പക്ഷേ.. ഞാനൊരു പെണ്ണ്.. നാലോ, അഞ്ചോ മണിക്കൂർ മുൻപ് മാത്രം കണ്ട മാഷിന്റെ കൂടെ ഈ നട്ടപ്പാതിരയ്ക്കു എന്ത് വിശ്വസിച്ചു ഇറങ്ങിവരും"...?
"എനിക്ക് തന്നെ വിശ്വസിപ്പിക്കാൻ ഒന്നും കഴിയില്ല. ഞാൻ ഒന്ന് ഉറപ്പ് തരാം. തന്റെ അനുവാദമില്ലാതെ ഞാൻ തന്നെ തൊടില്ല.
"എന്നാൽ എഴുന്നേറ്റോ.. ഞാൻ റെഡി. "
എല്ലാവരും ഉറങ്ങിത്തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ബാഗും എടുത്തു പതിയേ മുൻവശം ലക്ഷ്യമാക്കി നീങ്ങി.
കോയമ്പത്തൂർ റോഡിൽനിന്ന് സേലം -ബാംഗ്ലൂർ ഹൈവേയിലേക്കു തിരിയുന്നിടത്തു ഞങ്ങൾ ഇറങ്ങി. ഒരു ഓട്ടോയിൽ കയറി നേരെ സേലം ബസ്റ്റാന്റിൽ ചെന്നിറങ്ങി.
രാത്രിയെന്ന് തോന്നില്ല.. അതുപോലെ തിരക്ക്. എങ്ങോട്ടോക്കൊയോ പോകുന്നവർ. എവിടേക്കും ബസ്സുകൾ ഇഷ്ട്ടം പോലെ.
ഞങ്ങൾ അതിലേ പതിയെ നടന്നു.വല്യ കുഴപ്പമില്ലാത്ത ഒരു തട്ടുകട നോക്കുവായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഓരോ കടയുടെ മുൻപിലും ആളെ വിളിച്ചുകയറ്റാൻ അണ്ണാച്ചിമാർ നിൽപ്പുണ്ട്. അവർ ഓരോ ഭക്ഷണസാധനങ്ങളുടെയും പേര് വിളിച്ചുപറഞ്ഞു കസ്റ്റമേഴ്സിന്റെ ശ്രെദ്ധ ആകർഷിക്കാൻ പരിശ്രമിക്കുന്നു. തട്ടുപൊളിപ്പൻ സിനിമാഗാനങ്ങൾ വലിയ ബോക്സിലൂടെ ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്നു.പാട്ടുകളുടെ താളത്തിനനുസരിച്ചു കടയിലുള്ളവരുടെ ചലനങ്ങൾക്കും മാറ്റം വന്ന് കൊണ്ടിരിക്കുന്നു.
മുന്നിൽ കണ്ട ഒരു ഹോട്ടലിലേക്ക് ഞങ്ങൾ കയറി. നെയ്‌റോസ്റ്റിനു ഓർഡർ കൊടുത്തു വായിൽ വെള്ളം ഇറക്കികൊണ്ടിരുന്ന ഞാൻ അവളോട്‌ ചോദിച്ചു..
"എപ്പടി ഇരിക്ക്.. "?
"സൂപ്പർ.ഇതുവരെ ലൈഫിൽ അനുഭവിക്കാത്ത ഒരു ഫീൽ."
"ഹ.. ഹ. അതെനിക്കറിയാവുന്നതു കൊണ്ടല്ലേ ഈ ഉറങ്ങാത്ത രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാൻ എനിക്ക് പറ്റിയ കമ്പനി ആണന്നു തോന്നിയ തന്നെയും കൊണ്ട് ചാടിയിറങ്ങിയത്".
"Thanks..ഈ മനോഹര നിമിഷങ്ങൾ സമ്മാനിച്ചതിന് "
"താങ്ക്‌സൊന്നും വേണ്ട..കഴിച്ച് കഴിയുമ്പോൾ കാശ് കൊടുത്താൽ മതി.
കുറേ വർഷങ്ങൾക്കു മുൻപ് ഞാനിതുപോലെ ആയിരുന്നു നാട്ടിൽ പോകുന്നത്. ബസ്സുകൾ കയറി ഇറങ്ങി ഓരോ സ്ഥലത്തെയും രീതികൾ കണ്ടറിഞ്ഞു രുചിഭേദങ്ങൾ അനുഭവിച്ച് രാത്രിയേ പ്രണയിച്ച് ഇങ്ങനെ പോകും. പിന്നെ എപ്പോഴോ അത് നിന്നുപോയി. "
ഇലക്രോണിക്‌സിറ്റി ടോൾ ഗേറ്റിൽ വണ്ടി നിർത്തിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. വിൻഡോയിലേക്ക് ചാരി ഇരുന്നുറങ്ങുന്ന അവളെ കണ്ണുകൾ വലിച്ചുതുറന്ന് നോക്കി. വിളിച്ചുണർത്താൻ തുടങ്ങിയെങ്കിലും കുറേനേരം കൂടി ആ മുഖത്തേക്ക് നോക്കിയിരിക്കണമെന്ന് തോന്നിയതിനാൽ മിണ്ടിയില്ല.'നീ എന്റെ മനസ്സിൽ കൂട് കൂട്ടിയെന്ന് എന്റെ ഉള്ളം അവളോട്‌ മൊഴിഞ്ഞു'. രാവിലെ റോഡിൽ തിരക്കില്ലാത്തതിനാൽ പതിനഞ്ചുമിനിറ്റിൽ മടിവാളയെത്തി.
അർപ്പിത കൂട്ടുകാരിയെ വിളിച്ചപ്പോൾ അഞ്ചുമിനിട്ടിനകം എത്തുമെന്ന മറുപടിയാണ് കിട്ടിയത്.
"ഇനി എപ്പോൾ കാണും.. "?
മുഖത്തു നോക്കാതെ ഞാൻ അവളോട്‌ ചോദിച്ചു.
"ഞാൻ വിളിക്കാം. എനിക്ക് ഇവിടെല്ലാം ഒന്ന് കറങ്ങണം. കുഴപ്പമില്ലല്ലോ.. "?
"ഏയ്‌.. എന്ത് കുഴപ്പം.. വിളിച്ചാൽ മതി.നമ്പർ വേണ്ടേ.., "?
"വേണം.മാഷിന്റെ നമ്പർ പറ. "
അവൾ മൊബൈൽ എടുത്തുകൊണ്ട് പറഞ്ഞു.
മൊബൈൽ നമ്പർ പറഞ്ഞുകൊടുത്തപ്പോഴേക്കും ഒരു ഓട്ടോ അടുത്ത് വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങിയ കൂട്ടുകാരി അവളെ കെട്ടിപ്പിടിച്ചു. എന്നേ കൂട്ടുകാരിക്ക്
പരിചയപ്പെടുത്തിയിട്ട് അവർ ബൈ പറഞ്ഞു.
കമ്മനഹള്ളി 4th ക്രോസിലെ പതിനൊന്നാം നമ്പർ വീടിനു മുൻപിൽ ഓട്ടോ നിർത്തിയപ്പോൾ ഞാൻ ഇറങ്ങി. പോർച്ചിൽ ഇരിക്കുന്ന എന്റെ പ്രിയ്യപ്പെട്ട ബുള്ളറ്റിനെ ഒന്ന് തലോടിയിട്ട് ഡോർ തുറന്ന് അകത്തേക്ക് കയറി. അലക്ഷ്യമായി സോഫയിലേക്ക് കിടന്നു. എന്തോ ഒരു വിഷമം. അർപ്പിതയുടെ മുഖം മനസ്സിൽ മുഴച്ചു നിൽക്കുന്നു. എഴുന്നേറ്റ് ഷെൽഫിൽ നിന്ന് ഒരു കുപ്പി എടുത്തു പൊട്ടിച്ചു. വെറും വയറ്റിൽ അകത്താക്കിയതിന്റെ ആയിരിക്കും ഒരു എരിച്ചിൽ. സോഫയിലേക്ക് ഇരുന്ന് മുന്നിൽ കിടന്ന ടീപ്പോയിലേക്കു കാലുകൾ എടുത്ത് വെച്ച് തല പിറകിലേക്ക് ചായ്ച്ചു. മുകളിൽ കറങ്ങുന്ന ഫാനിൽനിന്നും ഭിത്തിയിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന അപ്പന്റെ ഗാംഭീര്യമുള്ള ഫോട്ടോയിൽ കണ്ണുകൾ പതിഞ്ഞു.അതിനടുത്തായി അതിലും പഴയ ഫോട്ടോയിൽ അമ്മയുടെ ചിരിക്കുന്ന മുഖം. ഞാൻ പതിയേ കണ്ണുകൾ അടച്ചു. ചിന്തകൾ രണ്ട് ദിവസം പിന്നിലേക്ക് പോയി. രണ്ടാനമ്മയുടെയും, അനിയന്റെയും, വീട്ടുകാരുടെയും ഒക്കെ മുഖങ്ങളിൽ തന്നോടുള്ള ദേഷ്യം. അപ്പൻ എല്ലാം തന്റെ പേരിൽ എഴുതി വെച്ചതാണ് പ്രശ്നം. താൻ കളിച്ചുവളർന്ന വീട്.. അപ്പന്റെയും, അമ്മയുടെയും ആത്മാക്കൾ അന്തിയുറങ്ങുന്ന വീട്. അത് വിക്കണം പോലും. സമ്മതിക്കില്ല എന്ന്‌ പറഞ്ഞതിന്റെ ദേഷ്യമാണ്. വീട് മേടിക്കാൻ വന്ന റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഭീഷണി വേറൊരു സൈഡിൽ. ഒരു സ്മാൾ കൂടി അകത്താക്കിയപ്പോൾ ഒന്ന് കിടക്കണമെന്നു തോന്നി. സോഫയിലേക്ക് തന്നെ കിടന്ന് കണ്ണുകൾ അടച്ചു. അപ്പോൾ വീണ്ടും അർപ്പിതയുടെ മുഖം തെളിഞ്ഞു വന്നു. ഒന്ന് വിളിക്കാൻ നമ്പർ ഇല്ല. എല്ലാ ചിന്തകളും പതിയെ അലിഞ്ഞില്ലാതായി. ഉയർന്നു താഴുന്ന ശ്വാസഗതിയുടെ നേർത്ത ശബ്ദം മാത്രം.
കുറേ ദിവസങ്ങൾക്കു ശേഷം വെള്ളമടിച്ചു കൂർക്കം വലിച്ചുറങ്ങുമ്പോഴാണ് മൊബൈൽ നിർത്താതെ ശബ്ദിച്ചത്.. കെട്ട് വിട്ടിട്ടില്ല. തല പൊക്കാൻ കഴിയുന്നില്ല.കണ്ണുകൾ ആയാസപ്പെട്ട് തുറന്നു നോക്കി. ബെൽ നിന്നിരിക്കുന്നു.ആശ്വാസത്തോടെ വീണ്ടും കണ്ണുകൾ അടച്ചു. അപ്പോൾ അതാ വീണ്ടും ബെൽ.പക്ഷേ മൊബൈൽ എവിടെയാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു തരത്തിൽ എഴുന്നേറ്റിരുന്നു. ബെൽ കേൾക്കുന്ന ദിശ ലക്ഷ്യമാക്കി ഒന്ന് അടി വെച്ചു . ഓ.. പാന്റിന്റെ പോക്കറ്റിലാ മൊബൈൽ. പിന്നെ എങ്ങനെയാ കാണുന്നത്. അപ്പോഴാണ് ഞാൻ അരക്കു താഴോട്ട് നോക്കിയത്. അണ്ടർ വെയർ മാത്രമേ ഉള്ളൂ. ഈ പാന്റ് ഞാൻ എപ്പോഴാണോ ഊരിയത്. വന്ന ചിരി അടക്കി മൊബൈൽ എടുത്തു നോക്കി. പരിചയമില്ലാത്ത നമ്പർ.
"ഹലോ.. "
"ഹലോ.. ഇത്‌ ഞാനാ അർപ്പിത.. "
"ഏത് അർപ്പിത".. ?
"ഇത്ര പെട്ടന്ന് മറന്നോ" .. ?
"എന്റെ മാഷേ.. കഴിഞ്ഞ ദിവസം ബസ്സിൽ ഒരുമിച്ച് വന്ന അർപ്പിത.. ഓർക്കുന്നില്ലേ.. ?
"ഓ.. അർപ്പിത.ഇപ്പൊ ഓർക്കുന്നുണ്ട്."
"മാഷെവിടെയാ.. ഇപ്പോൾ".. ?
"ഞാൻ വീട്ടിൽ."
"നാളെ എന്താ പരിപാടി." ?
"നാളെ ശനിയാഴ്ച്ച അല്ലേ.. പത്ത്‌ മണിവരെ കിടന്നുറങ്ങണം എന്നുണ്ട്. അത് കഴിഞ്ഞാൽ പ്രത്യേകിച്ച് പോഗ്രാം ഒന്നുമില്ല".
"എന്നാൽ നാളെ ഒരു ഔട്ടിങ് പോയാലോ".
"പോയേക്കാം.. എങ്ങോട്ടെന്ന് തീരുമാനിച്ചോ .. " ?
"അത് ഞാൻ നാളെ പറയാം. മാഷ് വണ്ടിയിൽ ഫുൾ ടാങ്ക് പെട്രോളും അടിച്ചോണ്ട് പോരേ."
Nandihills-ൽ പോകാൻ തീരുമാനിച്ച ഞങ്ങൾ റിങ്‌റോഡിൽ കൂടി വന്ന് ഹെബ്ബാളിൽ നിന്ന് തിരിഞ്ഞു ബാംഗ്ലൂർ -ഹൈദരാബാദ് ഹൈവേയിലേക്കു പ്രവേശിച്ചു. ഞാൻ പതിയെ സൈഡ് മിററിലൂടെ നോക്കി. അർപ്പിത പാറി പറക്കുന്ന മുടി ഒതുക്കി വെക്കുന്നു.എന്നേ സ്പർശിക്കാതിരിക്കാൻ തക്കവണ്ണം അവളുടെ മുന്നിൽ വെച്ചിരിക്കുന്ന ബാഗിലേക്കു നോക്കിയപ്പോൾ എനിക്കൊരല്പം നിരാശ തോന്നി.ഇങ്ങനെ ഒരു യാത്രയിൽ പിന്നിലിരിക്കുന്ന പെൺകുട്ടിയുടെ കൈകളാൽ ചുറ്റിവരിയപ്പെടാൻ ആരാണ് ആഗ്രഹിക്കാത്തത്.
നാൽപ്പതു മിനിറ്റ് കഴിഞ്ഞപ്പോൾ ദൂരെ Nandihills എന്ന്‌ ഇടത്തേക്ക് സൈൻബോർഡ് കണ്ടു. ചെറിയ ടാർപോളിൻ കെട്ടി ഒരു വൃദ്ധൻ കരിക്ക് വിക്കുന്നതിന്റെ അടുത്ത് വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി. ഓരോ കരിക്കും കുടിച്ച് ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെയും നോക്കി നിന്നപ്പോൾ അവൾ എന്നേ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു .അപ്പോൾ ആ ചുണ്ടുകൾ ചുവന്നിരുന്നു. അവളുടെ കവിളിൽ ഒന്ന് ചുംബിക്കാൻ എന്റെ മനസ്സ് എന്നോട് പറഞ്ഞതുപോലെ.
"പോകാം. "
മനസ്സിൽ കൂടുതൽ എന്തേലും തോന്നുന്നതിന് മുൻപ് ഞാൻ അവളോട്‌ പറഞ്ഞു.
വളവുകൾ നിറഞ്ഞ ചെറിയ കയറ്റം കേറിചെല്ലുന്നതിനനുസരിച്ചു തണുപ്പ് കൂടി വന്നു.അവൾ ഒന്ന് കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്ന്‌ വീണ്ടും ഞാൻ ആശിച്ചു . പക്ഷേ അവൾ വഴിയരികിൽ കണ്ട കുരങ്ങന്മാരുടെ ചേഷ്ടകൾ ആസ്വദിച്ചിരിക്കുന്നതു കണ്ടപ്പോൾ എന്റെ ആഗ്രഹങ്ങൾ തണുത്തുറഞ്ഞു.
ഏറ്റവും മുകളിൽ ചെന്ന് തിരക്ക് കുറഞ്ഞ ഒരു ചാരുബെഞ്ചിൽ ഞങ്ങൾ ഇരുന്നു. അപ്പോളും ആ ബാഗ് ഒരതിർത്തിരേഖ പോലെ നടുക്കുണ്ട്. അതുകണ്ടിട്ടാണോ എന്നറിയില്ല രണ്ട് പക്ഷികൾ മുന്നിലെ മരച്ചില്ലയിലിരുന്നു കൊക്കുരുമ്മി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എന്റെ വർത്തമാനങ്ങൾ കേട്ട് അവൾ നിർത്താതെ ചിരിച്ചപ്പോൾ കണ്ണെടുക്കാതെ ഞാൻ അവളെ നോക്കി.എന്റെ മനസ്സിൽ ഉള്ളത് തുറന്ന് പറഞ്ഞാലോ എന്ന ചിന്തയാൽ ഞാൻ ഉഴറിയപ്പോൾ അവൾ വാ പൂട്ടാതെ സംസാരിച്ചു കൊണ്ടിരുന്നു.
"ഒരു കാര്യം പറയട്ടെ "...?
ഞാൻ ചോദിച്ചപ്പോൾ അവൾ കള്ളച്ചിരിയോടെ എന്നേ നോക്കി.
"എനിക്കറിയാം എന്താണെന്ന്.. ഈ കണ്ണുകളിൽ അതെനിക്ക് വായിക്കാൻ പറ്റും" .ഞാൻ എന്റെ കണ്ണുകൾ അവളിൽ നിന്ന് പിൻവലിച്ചു ദൂരേക്ക് നോക്കി.
"പക്ഷേ കാര്യമില്ല.. എന്നേ ഒരാൾക്ക് ഇഷ്ട്ടമാണ്."
അവൾ പറഞ്ഞതുകേട്ട് അതിശയത്തോടെ ഞാൻ ആ മുഖത്തേക്ക് നോക്കി.
തെളിഞ്ഞ മാനം മഴമേഘങ്ങൾ മൂടിയപോലെയായി അവളുടെ മുഖം. കുറേ നേരത്തേക്ക് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. മൗനം മുറിച്ചുകൊണ്ട് അവൾ എന്നോട് ചോദിച്ചു.
"ഒരു ജ്യൂസ് വാങ്ങി തരുമോ."?
ഞാൻ എഴുന്നേറ്റ് അടുത്ത് കണ്ട കടയിൽ പോയി രണ്ട് ജ്യൂസ് മേടിച്ചുകൊണ്ടു വന്നു.
"എന്നോട് ദേഷ്യം തോന്നുന്നുണ്ടോ".. ?
അവൾ എന്നോട് ചോദിച്ചു.
"ഒരിക്കലുമില്ല."
ഞാൻ അങ്ങനെ പറഞ്ഞിട്ട് അടുത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ നോക്കിയിരുന്നു.
"പിന്നെന്താ മിണ്ടാത്തത്".. ?
അല്പനേരത്തെ മൗനത്തിനു ശേഷം വീണ്ടും അവൾ എന്നോട് ചോദിച്ചു.
"വാക്കുകൾ പെട്ടന്ന് കിട്ടാതായതു പോലെ".
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ തുളുമ്പി ചാടാൻ വെമ്പി നിൽക്കുന്നു.
ഞാൻ കണ്ണുകൾ തിരിച്ചു കയ്യിലിരുന്ന ജ്യൂസ് കുടിക്കാൻ തുടങ്ങിയപ്പോൾ അവൾ പെട്ടന്ന് ആ ജ്യൂസ് എന്റെ കയ്യിൽ നിന്ന് വാങ്ങി. അവളുടെ കയ്യിലിരുന്ന ജ്യൂസ് എനിക്ക് തന്നു. ഞാൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി. നിറഞ്ഞ കണ്ണുകൾ തുടച്ച് ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു .
"നമ്മുക്ക് തിരിച്ചു പോയാലോ".. ?
ഞാൻ എഴുന്നേറ്റ് വണ്ടിക്കരികിലേക്കു നടക്കുമ്പോൾ കുടിച്ച് തീർന്ന ഗ്ലാസ്‌ വെയ്സ്റ്റ് ബോക്സിലേക്ക് ഇട്ടു. അവളും എന്റെ കയ്യിൽനിന്നും മേടിച്ച ഗ്ലാസ്‌ അതിനകത്തേക്ക് ഇട്ടു.
പക്ഷേ അവൾ ആ ജ്യൂസ് കുടിച്ചിട്ടില്ലന്ന് എനിക്കുറപ്പായിരുന്നു.
പിന്നെ കുറേ ദിവസത്തേക്ക് അർപ്പിതയുടെ വിളി ഉണ്ടായില്ല. പലപ്പോഴും ആ സ്വരം ഒന്ന് കേൾക്കാൻ തോന്നിയെങ്കിലും മനസ്സിനെ അടക്കി. അവൾ തുറന്നു പറഞ്ഞത് നന്നായി. അല്ലങ്കിൽ മനക്കോട്ട കെട്ടി വിഡ്ഢിയായേനെ.രണ്ടാഴ്ച കഴിഞ്ഞ് ഒരു വെള്ളിയാഴ്ച രാത്രിക്കാണ് വീണ്ടും അവളുടെ വിളി വരുന്നത്.
'നാളെ രാവിലെ അഞ്ചുമണിക്ക്‌ വരാവോ' എന്നുള്ള ചോദ്യത്തിന് പറ്റില്ലാന്ന് പറയാൻ കഴിഞ്ഞില്ല.
പിറ്റേദിവസം രാവിലെ അവളുടെ അടുത്തേക്ക് ബുള്ളറ്റ് പറപ്പിക്കുമ്പോൾ എന്റെ ചിന്ത മുഴുവൻ' ഈ കൊച്ചുവെളുപ്പാൻ കാലത്ത് ഇവൾക്ക് ഇതെവിടെ പോകാനായിരിക്കും 'എന്നായിരുന്നു. വീടിനു മുൻപിലെ റോഡിൽ കാത്തുനിന്നിരുന്ന അവൾ ചാടി ബൈക്കിൽ കയറിയിട്ട് ചോദിച്ചു.
" K R മാർക്കറ്റ് അറിയാമോ." ?
ഒന്നാലോചിച്ച എന്നോട് അവൾ ചോദിച്ചു.
"കോർപ്പറേഷൻ സർക്കിൾ അറിയാമോ.". ?
"അറിയാം.. "
"മൈസൂർ റോഡ് ബ്രിഡ്ജ്.. ?
"അറിയാം.. "
"അങ്ങോട്ട്‌ വിട്ടോ.. "
രാവിലെ തിരക്കില്ലാത്ത റോഡിൽകൂടി വണ്ടി ഓടിക്കാൻ നല്ല രസമായിരുന്നു.മഞ്ഞിൻകണങ്ങൾ ഇപ്പോഴും അകമ്പടിയായുണ്ട് . എത്ര ശാന്തമാണ് ഇപ്പോൾ ഈ നഗരം.
മൈസൂർ റോഡ് ബ്രിഡ്ജ് തുടങ്ങുന്നിടത്തു ഞാൻ വണ്ടി നിർത്തി. അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു റോഡ് ക്രോസ്സ് ചെയ്തു ഇടത്തേക്ക് നടന്നു. എന്റെ കൈ വിട്ട് അവൾ മുന്നോട്ട് ഓടി. അവൾ പിടിച്ചിരുന്ന കൈ ഞാൻ കവിളിൽ അമർത്തി. മുന്നോട്ട് നോക്കിയ എന്റെ കണ്ണുകൾ ഒരു നിമിഷം ഞാൻ അടച്ചു തുറന്നു. ചുറ്റിലും പലതരം പൂക്കളുടെ വർണ്ണപ്രപഞ്ചം.വർണ്ണിക്കാൻ വാക്കുകൾ ഇല്ല. കണ്ണുകൾ മഞ്ഞളിക്കുന്നു. തോട്ടങ്ങളിൽ നിന്നും അടർത്തി മാറ്റിയ പൂക്കൾ വിൽപ്പനക്ക് വെച്ചിരിക്കുവാണ്. ഒരിക്കലും ഒരു തോട്ടത്തിലും ഇത്രയും പൂക്കൾ കാണുവാൻ കഴിയില്ല. ഞാൻ അർപ്പിതയുടെ കൂടെ നടന്നു. ആറു വർഷമായി ബാംഗ്ലൂരിൽ ഉണ്ടായിട്ട് ഇതുവരെ ഇവിടെ വരാത്തതിൽ എനിക്ക് നഷ്ടബോധം തോന്നി. പൂക്കൾ മേടിക്കാൻ വന്നവരാണെന്നോർത്തു ഞങ്ങളെ കച്ചവടക്കാർ മാറി മാറി വിളിക്കുന്നു.
"എങ്ങനെ ഉണ്ട്.". ?
അവൾ എന്നോട് ചോദിച്ചു.
"അതിമനോഹരം.. തന്നെപ്പോലേ.."
"തമിൾ നാട്ടിലെ രാത്രിക്ക് പകരം എന്റെ വക ഇതിരിക്കട്ടെ ഒരു ഓർമ്മയ്ക്ക്.. "
ഞാൻ ഒരു കടും ചുവപ്പ് നിറമുള്ള റോസ് വാങ്ങി അവളുടെ നേരെ നീട്ടി.
"Thank youuu."
അപ്പോൾ അവളുടെ കണ്ണുകളിൽ എന്തായിരുന്നു എന്ന്‌ എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. പെണ്ണുങ്ങളുടെ മനസ്സ് വായിക്കാൻ കഴിയില്ലെന്ന് പറയുന്നത് എത്ര സത്യമാണെന്നു ഞാൻ ഓർത്തു.
തിരിച്ചു ഞങ്ങൾ പോകുമ്പോൾ അൾസൂർ ലേയ്ക്ക് കണ്ടപ്പോൾ അവൾ എന്നോട് ചോദിച്ചു..
"ഒന്ന് നിർത്തുമോ ഇവിടെ".. ?
ഞങ്ങൾ ലേയ്‌ക്കിന്റെ സൈഡിലൂടെ നടന്നു. സൈഡിൽ നിന്നിരുന്ന മരങ്ങളിൽ നിന്നും പൊഴിഞ്ഞ പൂക്കൾ നിലത്തു ചിതറികിടക്കുന്നു.
"ഇതിനു നല്ല ആഴമുണ്ടോ.."?
"ഉണ്ടാകും.. കൃത്യം അറിയണമെങ്കിൽ ചാടി നോക്കണം.. "
"എന്നാൽ ഒന്ന് നോക്കിയിട്ട് വാ.. "
പറഞ്ഞതും അവൾ എന്നേ പിടിച്ചു തള്ളി..
പ്രതീക്ഷിക്കാത്ത തള്ളലിൽ ഞാൻ വേച്ചു പോയി. പെട്ടന്ന് അവൾ എന്നേ കയറി പിടിച്ചു. ഒരു നിമിഷത്തേക്ക് എന്റെ ശ്വാസം നിലച്ചു. ഒന്ന് പൊട്ടിക്കാനാണ് എനിക്ക് തോന്നിയത്. ദേഷ്യത്തോടെ തിരിഞ്ഞ അവൾ എന്നോട് പറഞ്ഞു..
"സോറി.. ഞാൻ തമാശക്ക്.. "
വന്ന ദേഷ്യം അടക്കി ഞാൻ പറഞ്ഞു..
"വാ പോകാം.. "
പിന്നെ കുറേ ദിവസത്തേക്ക് അനക്കമില്ലായിരുന്നു.വിളിക്കണമെന്ന് തോന്നിയെങ്കിലും ഇങ്ങോട്ടും വിളിക്കാമല്ലോ എന്ന ചിന്തയോടെ ഞാനിരുന്നു. ഒരു ദിവസം രാവിലെ വിളിച്ചുണർത്തിയത് അവളുടെ കാൾ ആയിരുന്നു.
"ഹലോ.. "
"ഹലോ.. പിണക്കമാണോ.." ?
"ഇല്ല.."
"ഇന്ന് ഒന്ന് കാണാൻ പറ്റുമോ.?എനിക്കൊരു കാര്യം പറയാനുണ്ട്.. "
"ഊം.."ഞാൻ മൂളി..
"വീട്ടിലോട്ട് വന്നാൽ മതി.. ഞാൻ തന്നെയേ ഇവിടുള്ളൂ.. "
ശരി പറഞ്ഞിട്ട് ഞാൻ ഫോൺ വെച്ചു. എന്തായിരിക്കും അവൾക്ക് പറയാനുള്ളത്. ഇഷ്ട്ടമാണ് എന്നായിരിക്കുമോ.?. അപ്പോൾ അവളെ ഇഷ്ട്ടമുള്ള ആൾ.. അവളെ ഇഷ്ട്ടമാണന്നേ പറഞ്ഞിട്ടുള്ളൂ.. അവൾക്ക് ഇഷ്ട്ടമാണന്നു പറഞ്ഞിട്ടില്ല. അതിരുകളില്ലാത്ത പല ചിന്തകളും മനസ്സിലേക്ക് കടന്നു വന്നു..
പിന്നെ കിടക്കാൻ തോന്നിയില്ല. ഒരു മണിക്കൂർ എങ്ങനെയൊക്കെയോ തള്ളി നീക്കി.
വീടിന്റെ മുൻപിൽ വണ്ടി നിർത്തിയതേ അവൾ ഡോർ തുറന്നു ഇറങ്ങി വന്നു.
"വാ.. ഞാൻ നോക്കി ഇരിക്കുവാരുന്നു."
ഞങ്ങൾ വീട്ടിലേക്ക് കയറി. അവൾ വാതിൽ അടച്ചു. ഞാൻ നെഞ്ചിടിപ്പോടെ അവിടെ കണ്ട സോഫയിലേക്കിരുന്നു. എന്റെ അടുത്ത് വന്ന് അവളിരുന്നു. ഒന്നനങ്ങിയാൽ അവളെ സ്പർശിക്കുമെന്നു എനിക്ക് തോന്നി. എന്റെ ശ്വാസം നിലക്കുന്നപോലെ. ഹൃദയം ശക്തിയിൽ ഇടിക്കുന്നു. വായിൽ ഉമിനീർ പറ്റി. എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. കഴിയുന്നില്ല.
"മാഷേ.. "
അവൾ വിളിച്ചു..
ഞാൻ ആ മുഖത്തേക്ക് നോക്കി. അവളുടെ മുഖം ചുവന്നു തുടുത്തിരിക്കുന്നു.
"മാഷിന് എന്നേ ഇഷ്ടമാണോ".. ?
"അത് തനിക്ക് ഇനിയും മനസ്സിലായില്ലേ".. ?
"എന്നേ ഇഷ്ട്ടമാണെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കുമോ".. ?
അവളുടെ മുഖഭാവം മാറുന്നത് ഞാൻ കണ്ടു. എന്തായിരിക്കും ഇവളുദ്ദേശിക്കുന്നത്. എന്നിൽ വീണ്ടും ആശങ്ക ഏറി.
പെട്ടന്ന് അവൾ എഴുന്നേറ്റു പോയി. രണ്ട് ഗ്ലാസിൽ ജ്യൂസുമായി തിരിച്ചു വന്നു.
"മാഷേ.. ഈ ജ്യൂസ് കുടിക്കാമോ".. ?
"ഇതാണോ അനുസരിക്കേണ്ടത്.. ?ഞാനോർത്തു വേറെ എന്തോ ആണന്നു.."
ജ്യൂസ് എടുത്ത് കുടിക്കാൻ തുടങ്ങിയ എന്റെ കൈകളിൽ അവൾ പിടിച്ചു.
"ഈ ജ്യൂസിൽ ഞാൻ വിഷം കലർത്തിയിട്ടുണ്ട്. "!!!
ഞാൻ ഞെട്ടിപ്പോയി.. എന്റെ കയ്യിലിരുന്ന് ജ്യൂസ് ഗ്ലാസ്‌ വിറച്ചു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
"കഴിയുന്നില്ല മാഷേ.. എനിക്ക് നിങ്ങളെ കൊല്ലാൻ.. "
എന്ത് പറയണമെന്ന് അറിയാതെ തരിച്ചിരുന്ന എന്റെ കയ്യിൽ നിന്നും അവൾ ആ ഗ്ലാസ്‌ വാങ്ങി മേശമേൽ വെച്ചു.
"അർപ്പിതാ.. താൻ എന്തൊക്കെയാ ഈ കാണിക്കുന്നേ.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. എന്നേ കൊല്ലാൻ മാത്രം ഞാൻ നിന്നോട് എന്ത് ദ്രോഹം ചെയ്തു".. ?
"മാഷെനിക്കു ഒരു ഉപദ്രവവും ചെയ്തിട്ടില്ല. ഇത് എന്റെ നിവൃത്തികേടുകൊണ്ടും, വിവരമില്ലായ്മ കൊണ്ടും ഞാൻ ഏറ്റെടുത്ത ഒരു കരാർ.എന്റെ അനിയൻ കുട്ടിയെ രക്ഷിക്കാനുള്ള കാശിനു വേണ്ടി."
"ആരാണ് അർപ്പിതക്കു കരാർ തന്നത്.".?
"അതെന്നോട് ചോദിക്കരുത്.ഞാൻ പറയാം.പക്ഷേ ഇപ്പോൾ അല്ല.ഞാൻ മാഷിനെ രണ്ട് പ്രാവശ്യം കൊല്ലാൻ നോക്കി.പക്ഷേ അവസാനനിമിഷം ഞാൻ പിന്മാറി. മാഷിനറിയുമോ nandihills -ൽ വെച്ച് ജ്യൂസിൽ ഞാൻ വിഷം കലക്കിയിരുന്നു. അൾസൂർ ലെയ്ക്കിൽ തള്ളിയിടാൻ നോക്കിയതും മനപ്പൂർവം ആയിരുന്നു.എനിക്ക് കുടിക്കാനുള്ള ഈ ജ്യൂസിലും വിഷം ഉണ്ട്. മാഷിന് തന്നിരുന്നെങ്കിൽ ഇത് കുടിച്ച് ഞാനും ജീവിതം അവസാനിപ്പിച്ചേനെ.. "
അർപ്പിത പറഞ്ഞതെല്ലാം കേട്ട് പകുതി മരിച്ചിരിക്കുവായിരുന്നു ഞാൻ. എന്റെ മനസ്സിൽ പല മുഖങ്ങളും കടന്നു വന്നു. എന്റെ ജീവന് വിലയിട്ടവർ അവരിലാരായിരിക്കും.. ?
"ജീവിതത്തിൽ ദുഃഖമല്ലാതെ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല മാഷേ. മാഷിന്റെ കൂടെയുള്ള ദിവസങ്ങളാണ് ജീവിതത്തിൽ മനോഹരനിമിഷങ്ങളും ഉണ്ടന്ന് എനിക്ക് മനസ്സിലാക്കി തന്നത്. ഞാൻ തെറ്റ് ചെയ്തവളാണ്. എനിക്ക് ജീവിക്കാൻ അവകാശമില്ല. പക്ഷേ എന്റെ അനിയന്റെ മുഖം ഓർക്കുമ്പോൾ എനിക്ക് കഴിയുന്നില്ല മാഷേ.. അവന് വേറെ ആരുമില്ല ഈ ലോകത്ത്."
കരഞ്ഞു കൊണ്ട് അവൾ എന്റെ കാൽക്കലേക്കു വീണു. എന്റെ കണ്ണുകളും നിറഞ്ഞു. ഒരു നിമിഷം എനിക്ക് അവളോട്‌ തോന്നിയ ദേഷ്യമെല്ലാം എന്നിൽ നിന്ന് മാഞ്ഞു. ഞാൻ അവളെ പിടിച്ചെഴുന്നേല്പിച്ചു.. ആ കവിളുകളിലെ കണ്ണീർ തുടച്ചുമാറ്റി. എന്നിലേക്ക്‌ അവളെ ഞാൻ ചേർത്തു നിർത്തി. അപ്പോഴും അവൾ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നു. അവളുടെ മുഖം ഞാൻ കൈകളിൽ എടുത്തു.
"എന്റെ കൂടെ മരിക്കാൻ തുനിഞ്ഞ തനിക്ക് എന്റെ കൂടെ ജീവിച്ചു കൂടെ"..
ഞാൻ ചോദിച്ചത് കേട്ട് അവൾ വിശ്വാസം വരാതെ എന്നേ നോക്കി. ഞാൻ ആ ചുണ്ടിലേക്കു എന്റെ ചുണ്ടുകൾ മുട്ടിച്ചു. സമ്മതമെന്നോണം അവൾ കണ്ണുകൾ അടച്ചു.അപ്പോൾ മേശമേലിരുന്ന ജ്യൂസിൽ ഒരു മുഖം തെളിഞ്ഞുവരുന്നത് ഞാൻ കണ്ടു..
By.....ബിൻസ് തോമസ്..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot