നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എരട്ടപ്പിള്ളേരാടോ

വഴിയിൽ ഒരു ആൾക്കൂട്ടം കണ്ടാണ് കാർ നിർത്തിയത്. കാറൊരെണ്ണം നിർത്തിക്കിട്ടാൻ നോക്കിയിരുന്നതു പോലെ ആളൊഴിഞ്ഞു. ഒന്നുരണ്ടു പേർ വളരെ അധികാരത്തോടെ വന്ന് പുറകിലെ വാതിൽ തുറന്നു. പിന്നെ ആൾക്കൂട്ടത്തിനു കാരണമായ ഒരു വല്യമ്മയെ ചോരയൊലിപ്പിക്കുന്ന രൂപത്തിൽ കാറിനകത്തേക്കിരുത്തി. പിന്നെ വാതിലടച്ചു കൊണ്ട് ഉറക്കെ പറഞ്ഞു.
വണ്ടി ആസ്‌പത്രിയിലേക്കു പോട്ടെ.. ഓരോരുത്തന്മാര് വന്നോളും..വഴീക്കൂടെ ആർക്കും നടക്കാൻ പോലും പറ്റില്ല. ഇടിച്ചാ നിർത്തുവോ അതുമില്ല. പോട്ടെ..പോട്ടെ...
ചുരുക്കിപ്പറഞ്ഞാൽ ആരോടും എന്താ കാര്യം എന്നു ചോദിക്കാൻ പോലും പറ്റുന്നതിനു മുൻപ് ഞാനും വല്യമ്മയും കാറിൽ ഒറ്റയ്‌ക്കായി.
ഈ വല്യമ്മയെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. ഞാൻ സ്‌ഥിരം ജോലിക്കു പോകുന്ന വഴിയിലെ ഒരു വീടിന്റെ മുറ്റത്ത് മിക്കവാറും പ്രാഞ്ചി പ്രാഞ്ചി നടക്കുന്നുണ്ടാവും കക്ഷി. പല അവസരങ്ങളിലും തന്നേക്കാൾ വലിയ ഒരു കെട്ട് വിറകോ പുല്ലോ ഒക്കെ അവരുടെ തലയിൽ ചുമക്കുന്നുണ്ടാകും..
ആരെങ്കിലും കൂടെയുണ്ടായാലും ഇല്ലെങ്കിലും ഈ കണ്ടീഷനിൽ ഇവരെ വഴീലിടാൻ പാടില്ലാത്തതിനാൽ ഞാൻ അവരെ അടുത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടു പോയി. ചോര കുറേ പോയെങ്കിലും പരിക്ക് സാരമുള്ളതല്ലാത്തതിനാൽ ഒരുപാടു പാച്ച് വർക്കുകൾ വേണ്ടി വന്നില്ല. ഇടിച്ച വണ്ടി ഏതാണെന്ന് വല്യമ്മ കൃത്യമായി പറഞ്ഞു കൊടുത്തതിനാൽ ഞാൻ ഇടിച്ചിട്ടതാണെന്ന പതിവു ചോദ്യത്തിനും ഞാൻ സമാധാനം പറയേണ്ടി വന്നില്ല.
ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ നേരം ഞാൻ വല്യമ്മ പറഞ്ഞ പ്രകാരം വീട്ടിൽ കൊണ്ടാക്കി. അവിടെ വല്യമ്മയുടെ മകനും കുടുംബവും താമസമുണ്ട്. വല്യമ്മയെ കാറിൽ നിന്ന് ഇറക്കി പതിയെ നടത്തി ഞാൻ അവരുടെ വീടിനകത്ത് ഒരു കട്ടിലിൽ കിടത്തി.
ഇതിനിടെ മകന്റെ ഭാര്യ നെഞ്ചത്തടിയും കരച്ചിലുമായി വന്നെങ്കിലും വലിയ പരിക്കുകളൊന്നുമില്ല എന്നറിഞ്ഞതു കൊണ്ടാകണം വല്യമ്മയെ ചീത്ത പറയാൻ ആരംഭിച്ചു.
ഓഫീസിൽ പോകേണ്ട സമയമായതിനാൽ കാര്യങ്ങൾ വീട്ടുകാരെ ധരിപ്പിച്ച് ഞാൻ വേഗം തന്നെ വീട്ടിൽ നിന്നിറങ്ങി.
മുറ്റത്ത് കാറിനരികത്ത് ഞാൻ എത്തി ഡ്രൈവിംഗ് ഡോറിനടുത്തേക്ക് നീങ്ങവേ അൽപം സംശയം കലർന്ന നോട്ടവുമായി ഒരു പെൺകുട്ടി ഗേറ്റ് കടന്ന് വരുന്നത് ഞാൻ കണ്ടു. ആരാ? എന്താ ഇവിടെ? അമ്മയും അമ്മൂമ്മയും എവിടെ? അങ്ങനെ പല ചോദ്യങ്ങളും അവളുടെ മുഖത്തുണ്ടായിരുന്നു.
വല്യമ്മയെ ഏതോ വണ്ടി ഇടിച്ചതാണെന്നും ഞാൻ വീട്ടിലാക്കാൻ വന്നതാണെന്നും ഹോസ്‌പിറ്റലിൽ കൊണ്ടുപോയെന്നും പരിക്ക് സാരമുള്ളതല്ലെന്നും ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു.
പ്രശ്‌നമില്ലെന്നു തോന്നിയതിനാലാകണം മനോഹരമായി ആ പെൺകുട്ടി ഒന്ന് പുഞ്ചിരിച്ചു.
ഞാൻ ഓഫീസിലേക്ക് പോകുകയും ചെയ്തു.
പിന്നീട് എപ്പോഴൊക്കെ അതു വഴി പോയാലും വല്യമ്മ പുല്ലുകെട്ടുമായി നടക്കുന്നുണ്ടോ എന്നു നോക്കുന്നതിനൊപ്പം ആ സുന്ദരിപ്പെൺകുട്ടി അവിടെയുണ്ടോ എന്നു കൂടി ഞാൻ നോക്കാനാരംഭിച്ചു.
ഒന്നുരണ്ടു ദിവസങ്ങൾക്കു ശേഷം അതിലേ പോകുമ്പോൾ ഞാൻ ആ വീട്ടിലേക്കു ശ്രദ്ധ പായിച്ചു. അതാ മുറ്റത്തു തന്നെ ആ പെൺകുട്ടി. ഏറെക്കാലമായി കാണാൻ ആഗ്രഹിച്ച ഒരാളെ കണ്ടപോലെ, എന്നാൽ വെറും സൗഹൃദം പുതുക്കാൻ എന്ന പോലെ ഞാൻ ഒന്നു ചിരിച്ചു. അന്ന് കിട്ടിയ പുഞ്ചിരി ഒന്നു കൂടി പ്രതീക്ഷിച്ച എന്നെ തീർത്തും നിരാശപ്പെടുത്തിക്കൊണ്ട് ഇത്തവണ പെൺകുട്ടി എന്നെ ഒരു വായിനോക്കി എന്ന മട്ടിൽ ക്രുദ്ധയായി നോക്കി.
ഞാൻ ആകെ കൺഫ്യൂഷനിലായി. ഇനി വല്യമ്മയുടെ റിലേ വല്ലതും പോയി ഞാൻ ഇടിച്ചെന്നോ മറ്റോ മൊഴി മാറ്റിപ്പറഞ്ഞു കാണുമോ? അല്ലെങ്കിൽ എന്നെ മറന്നു കാണുമോ? അങ്ങനെ പല വിചാരങ്ങളിലൂടെ ഞാൻ കടന്നു പോയി.
പിറ്റേന്ന് ഞാൻ വീണ്ടും അതുവഴി തന്നെ പോയി.
ആ വീടിനു മുൻപിൽ എത്തിയപ്പോൾ അതാ വീണ്ടും അതേ പെൺകുട്ടി മുറ്റത്ത്. ഒരു ചെറിയ സംശയം ഉണ്ടെങ്കിലും ഞാൻ ഒരു ചമ്മിയ ചിരി മുഖത്തു വരുത്തി.
അദ്‌ഭുതം!
അന്നത്തെ അതേ പത്തരമാറ്റ് പുഞ്ചിരി.
എന്റെ മനസ്സു നിറഞ്ഞെങ്കിലും കൺഫ്യൂഷൻ വല്ലാതെ കൂടി. ഇനി അയാൾ ഇതു വഴി പോയി എന്നു വല്യമ്മയോടു പറഞ്ഞു കാണുമോ? ഇടിച്ചതയാളാണെങ്കിലും ആശുപത്രിയിൽ ഒക്കെ കൊണ്ടു പോയതല്ലേ എന്നൊക്കെ പറഞ്ഞ് മനസ്സു മാറ്റിക്കാണുമോ....
പിറ്റേന്ന് വീണ്ടും ഞാൻ അതിലേ പോയി. വണ്ടി വളരെ സ്ലോ ചെയ്താണ് യാത്ര. ഇന്ന് അൽപം കൂടുതൽ സമയം ആ കുട്ടിയെ കാണണം. ആ കണ്ണുകളിലേക്കു നോക്കണം. പുഞ്ചിരിക്കണം. ഞാൻ ഒരു നല്ല മനുഷ്യനാണെന്ന് തോന്നിക്കും വിധം വേണം പെരുമാറാൻ...
മുറ്റത്ത് ഒരു പുസ്തകവുമായി നിൽക്കുകയായിരുന്ന അവൾ എന്നെ ശ്രദ്ധിക്കുന്നില്ല. ഞാൻ കാറിന്റെ ഹോൺ ചെറുതായി മുഴക്കി. തലയുയർത്തിയ അവൾ എന്നെക്കണ്ട് വീണ്ടും അന്നത്തെ ആ കലിപ്പ് നോട്ടം നോക്കി. കൂടുതൽ സമയം അവളെ നോക്കാൻ കരുതിയിരുന്ന ഞാൻ വേഗം സ്‌ഥലം കാലിയാക്കി.
എന്തോ ചില കാരണങ്ങളാൽ അന്ന് എനിക്കു ഉച്ചയ്‌ക്കു ശേഷം ഓഫീസിൽ നിന്ന് ലീവെടുക്കേണ്ടി വന്നു.
ഡ്രൈവ് ചെയ്ത് ആ വീടിനു മുന്നിലെത്തിയപ്പോൾ അവളതാ റോഡിൽ നിന്ന് വീട്ടിലേക്ക് കയറാൻ പോകുന്ന പോലെ നിൽക്കുന്നു. എന്റെ കാർ കണ്ടതും ഒരു പ്രത്യേക സന്തോഷത്തിൽ അവൾ അതേ പുഞ്ചിരി തന്നു. പിന്നെ ചെറുതായി കൈ വീശിക്കാണിച്ചു.
അമ്പരപ്പ് കാരണം തൊട്ടു മുൻപിലുള്ള വണ്ടിക്കിട്ട് ഇടിക്കാതിരിക്കാൻ ഞാൻ അമ്പേ പാടുപെട്ടു. ചെറുതായി ഒരു ചമ്മലോടെ ഞാനും കൈ വീശിക്കാണിച്ചു. ചിരിച്ചെന്നു വരുത്തി. പിന്നെ വിട്ടു പോന്നു.
എന്തിനായിരിക്കും അവൾ ഇങ്ങനെ പെരുമാറുന്നത്?
ഉത്തരം കിട്ടാതെ ഞാൻ ആകെ ടെൻഷൻ ആയി. ഇനി എന്തു വന്നാലും കാര്യം അറിയണം എന്ന് എന്റെ മനസ്സു പറഞ്ഞു. രാവിലെ പോകുന്ന വഴിക്ക് അവിടെ നിർത്തണം. ഞാൻ ആശുപത്രിയിൽ നിന്ന് എന്റെ കാറിൽ കൊണ്ടുവന്ന് അവിടെ കിടത്തിയിട്ടുള്ള ഒരു പാവം മനുഷ്യ ജീവൻ ഉണ്ട് അവിടെ. അതിന് എന്തു പറ്റിയെന്ന് അറിയണം. അക്കൂടെ ഇതും തെരക്കാം...
ഇങ്ങനെ പല വിചാരങ്ങളിലൂടെ ഞാൻ കിടന്നു. പുഞ്ചിരി തൂകുന്ന അവളുടെ മുഖവും പല്ലിറുമ്മുന്ന പോലത്തെ അവളുടെ ഭാവവും എന്റെ മനസ്സിൽ മിന്നി മറഞ്ഞു. ഒരുവിധത്തിൽ ഞാൻ നേരം വെളുപ്പിച്ചു.
രാവിലെ പോകുന്ന വഴി ഞാൻ കാർ അവിടെ മുറ്റത്തേക്ക് കയറ്റി നിർത്തി. ചെറുതായി ഒരു ഹോൺ മുഴക്കി.
ശബ്‌ദം കേട്ടതും മുൻവാതിൽ തുറന്ന് അവൾ പ്രത്യക്ഷപ്പെട്ടു. മുഖത്തതാ അവളുടെ ട്രേഡ്‌മാർക്ക് പുഞ്ചിരി.
ചിരിക്കുന്ന മുഖം തന്നെ എന്റെ മനസ്സു കുളിർപ്പിച്ചു. ഇനി എന്തു ചോദിക്കാനും എനിക്കു ഭയക്കണ്ട.
അമ്മൂമ്മയ്‌ക്കെങ്ങനെയുണ്ട്? ഞാൻ ചോദിച്ചു.
ഇപ്പോ കൊഴപ്പമില്ല. നടക്കാൻ തൊടങ്ങി..അവളുടെ മറുപടി.
കാണാൻ പറ്റുമോ?
പിന്നെന്താ....അകത്തെ മുറിയിലുണ്ട്. കയറിക്കോ...ഷൂസ് അഴിക്കണ്ട.
അവൾ അങ്ങനെ പറഞ്ഞെങ്കിലും ഷൂ അഴിക്കാതെ അകത്തു കടക്കാൻ എന്റെ മനസ്സനുവദിച്ചില്ല. കുനിഞ്ഞ് ഷൂ അഴിച്ച് നിവർന്ന എന്റെ നേരെ ദഹിപ്പിക്കുന്ന മുഖഭാവവുമായി അതാ അവൾ....
ആരെടീ ഇതു?
ഒറ്റ ഞെട്ടലോടെ പുറകിലേക്കു തിരിഞ്ഞു നോക്കിയ ഞാൻ വീണ്ടും ഞെട്ടി!
മുറ്റത്തതാ അതേ പുഞ്ചിരിയുമായി അവൾ മറുപടി പറയുന്നു...
നമ്മുടെ അമ്മൂമ്മയെ അന്നു വണ്ടിയിടിച്ച ദിവസം ആശുപത്രിയിൽ കൊണ്ടോയി തിരിച്ച് വീട്ടിലാക്കിയ ചേട്ടനാ...
ഓ....
പകപ്പു മാറാത്ത മുഖവുമായി ഞാൻ മുന്നോട്ടും പുറകോട്ടും നോക്കി.
ഒരേ പോലെ പാവാടയും ഒരേ ഉടുപ്പും ധരിച്ച് ഒരേ പോലത്തെ പൊട്ടു തൊട്ട് ഒരേ ഉയരവും ഒരേ വണ്ണവും ഉള്ള രണ്ടു പെൺകുട്ടികൾ!
ഒരാളുടെ മുഖത്ത് നിറ പുഞ്ചിരി. മറ്റേയാളുടെ മുഖത്ത് പുഞ്ചിരിയിലേക്ക് നടന്നടുക്കുന്ന ദേഷ്യം...
എരട്ടപ്പിള്ളേരാടോ..........മാഷേ....
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
#panikkathy

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot