....... കനലാട്ടം.......
'' മോളെ സൂര്യേ ഇല്ലത്തേക്ക് ഇന്ന് നീ പോവണം, എനിക്കിത്തിരി വയ്യായ്ക ഉണ്ട്. ഇല്ലത്തമ്മേടെ പുടവയൊക്കെ ശ്രദ്ധിച്ചു അലക്കണം. മറപ്പുരയുടെ കോലായിൽ സോപ്പ് കായ ഉണ്ട്, പിന്നെ അലക്കി കഴിഞ്ഞാൽ തിരുമേനിയുടെ മുണ്ട് ഇളം കഞ്ഞിവെള്ളത്തിൽ മുക്കണം, അവിടെവിടേം കളിച്ചോണ്ടിരിക്കണ്ട നേരത്തെ വരണം, അച്ഛന് കളിങ്ങോത്ത് തെയ്യമുണ്ട്. നിന്നെ കാണാണ്ടായാൽ എനിക്കാരിക്കും ഇരിക്ക പൊറുതി തരാത്തത്.. ''
സൂര്യശോഭയാർന്ന പതിനെട്ടുകാരി, സൂര്യ. പുരാണകഥകളിലെ രാജകുമാരിമാരെ പോലും വെല്ലുന്ന സൗന്ദര്യധാമം. ഈന്തിൻ കുലകളെ പോലെ നീളമേറിയ കാർ കൂന്തൽ.കേശഭാരത്താലെന്ന പോലെ മുഖമുയർത്തിയാണ് നടപ്പ്. ചെറുകുഴിയാനവട്ടത്തിനെ അനുസ്മരിക്കുന്ന നുണക്കുഴി. മന്ദഹസിക്കുമ്പോൾ, വിടരുന്ന മുല്ലമൊട്ടു പോലെ നുണക്കുഴിയും വിടരും. കണ്ണുകളിലെ കുസൃതിത്തം ആരെയും ആകർഷിക്കും.പതിനെട്ടിന്റെ പരിപൂർണ്ണ അംഗലാവണ്യം സൂര്യ..
മനുഷ്യരൂപം പൂണ്ട ദൈവഗണങ്ങൾ ആണ് തെയ്യങ്ങൾ, ദേവൻ കർണ്ണമൂർത്തി കെട്ടിയാടാത്ത തെയ്യക്കോലങ്ങളില്ല. നോറ്റിരിപ്പിന്റെ ഒരു ശാസ്ത്രമുണ്ട്. തെയ്യക്കോലത്തിന്റെ ' അടയാളം' വാങ്ങിക്കഴിഞ്ഞാൽ അത് അനുശാസിക്കുന്ന വ്രതത്തിൽ നിന്നും കർണ്ണമൂർത്തി വ്യതിചലിക്കില്ല. അതു കൊണ്ടാവും നാൽപ്പത്തിരടി ഉയരമുള്ള തിരുമുടി ഒറ്റെയ്ക്കെടുത്ത് മൂന്ന് വട്ടം ചുറ്റമ്പലം നടന്ന് വന്ന ഒരൊറ്റയാളേ ഉള്ളൂ അത് ദേവൻ കർണ്ണമൂർത്തിയാണ്. എട്ട് ദിക്പാലരെ അനുസ്മരിച്ച്, എട്ട് വലിയ പന്തങ്ങൾ അരയിൽ ചുറ്റിയ കുരുത്തോലൊയ്ക്ക് മുകളിൽ കെട്ടിവച്ച് ഒറ്റക്കാലിൽ ഉറഞ്ഞാടാൻ ദേവൻ കർണ്ണമൂർത്തിയെ വെല്ലാൻ മറ്റാർക്കുമാവില്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തിയ മഹാരഥൻ. തന്റെ നല്ല പ്രായത്തിൽ തന്നെ ദൈവദത്തമായ കഴിവ് പിൻതലമുറയ്ക്ക് വേണ്ടി ത്യജിച്ചു. വളർന്നു വരുന്ന പുതു വംശത്തിലെ ചെറുപ്പക്കാർക്ക് വേണ്ടി താൻ സ്വായത്തമാക്കിയ കഴിവുകൾ പകർന്നു നൽകി. ആത്മസഖി പൂമാത പുഷ്പ്പിണിയായപ്പോൾ തന്നെ തെയ്യക്കോലങ്ങളോട് വിട പറഞ്ഞു. എങ്കിലും ദേവൻ കർണ്ണമൂർത്തിയെ ക്ഷണിക്കാത്ത, കളിയാട്ടമോ, തെയ്യം കെട്ടോ ആ നാട്ടിൽ ഉണ്ടായിരുന്നില്ല. ഏകമകൾ സൂര്യയുടെ കയ്യും പിടിച്ച് നീളമേറിയ നെറ്റിത്തടത്തിൽ വിലങ്ങനെ ചന്ദന കുറിയണിഞ്ഞ്, ഒത്ത നടുക്കായി വട്ടത്തിലൊരു കുങ്കുമ ചുവപ്പും, തന്റെ അടയാളചിഹ്നമായ ചുവന്ന പട്ടിൽ സ്വർണ്ണ കസവ് നൂൽനൂറ്റ വലിയെ മുണ്ടും വലത് തോളത്തിട്ട്, ആയംങ്കര തറവാട്ടിൽ നിന്നും കോടോത്ത് ജന്മിമാർ സമ്മാനിച്ച അഞ്ചു പവന്റെ 'വളയുമണിഞ്ഞ് ആഡ്യത്തോടെയുള്ള വരവ് കണ്ടാൽ തന്നെ ആരുമൊന്ന് എഴുന്നേൽക്കും. മകൾ സൂര്യ ചെറുപ്പത്തിൽ തന്നെ അച്ഛന്റെ വാമൊഴിയിൽ നിന്നും സ്വായത്തമാക്കിയ 'തോറ്റംപാട്ടുകൾ ' പതിവുകൾ തെറ്റിച്ച് തെയ്യക്കോലങ്ങൾക്ക് വേണ്ടി പാടുമായിരുന്നു. അച്ഛനും, മകളും മാറി മാറി തോറ്റങ്ങൾ ചൊല്ലി തെയ്യത്തെ മനുഷ്യ മെയ്യിലേക്ക് ആവാഹിച്ചു.
പാരമ്പര്യമായി കിട്ടിയ സ്വത്ത് വകകൾ തുലോം പരിമിതമെങ്കിലും താൻ സംബാദിച്ച് കൂട്ടിയ സമ്പത്ത് ദേവൻ കർണ്ണമൂർത്തിക്ക് കുറച്ചുണ്ട്. അത് കൊണ്ട് തന്നെ ആരുടെ മുമ്പിലും കൈ നീട്ടേണ്ടി വന്നിട്ടില്ല. ഒരു ദുശ്ശീലവും ഇല്ലാത്ത പച്ചമനുഷ്യൻ.എങ്കിലും പരമ്പരാഗതമായ ചില ആചാരങ്ങൾക്കും, കീഴ് വഴക്കങ്ങൾക്കും അദ്ദ്ദേഹം വലിയ വില കൽപ്പിക്കുന്നു. അത് കൊണ്ട് തന്നെയാണ് ആത്മസഖി പൂമാതയെ ഇല്ലത്തെ തിരുവസ്ത്രങ്ങൾ അലക്കുവാൻ പറഞ്ഞ് വിടുന്നത്. മകളെ അങ്ങനെ വിടുന്നതിനോട് താൽപര്യ കുറവുണ്ട്. എങ്കിലും ആ ഇല്ലം തന്ന അന്നം ഒരുപാട് കഴിച്ചിട്ടുള്ളത് കൊണ്ട് നീരസം പ്രകടമാക്കാറില്ല.
ഏറെ വൈകിയിട്ടും ഇല്ലത്തേക്ക് പോയ മകളെ കാണാഞ്ഞ് പൂമാത പരവശയായി.ദേവൻ കർണ്ണമൂർത്തിക്ക് ഇന്ന് തെയ്യത്തിനും പോവാനുള്ളതാണ്. പോകാൻ നേരം മകളെ കാണണം എന്നും അച്ഛന്. ആചാര സ്ഥാനമായ പട്ടും വളയും മകൾ തന്നെ നൽകണമെന്ന് നിർബന്ധമുണ്ട്, മകളുടെ നെറ്റിയിൽ ഒരു സ്നേഹചുംബനം നൽകി മാത്രമേ തെയ്യങ്ങൾക്ക് തോറ്റം ചൊല്ലാൻ പോവാറുള്ളു. ഇന്നു ആ പതിവ് തെറ്റിച്ചു. മകളുടെ അഭാവത്തിൽ കർണ്ണമൂർത്തി തന്നെ സ്വയം പട്ടും,വളയുമണിഞ്ഞ് യാത്രയായി.
ആ നുണക്കുഴികളിൽ വെള്ളം നിറഞ്ഞിരുന്നു. ഈന്തിൻ കുലപോലുള്ള കാർകൂന്തലിലെ വെള്ളം മെടഞ്ഞ പച്ചയോലയും കവിഞ്ഞ് പുറത്തേക്കൊഴുകുന്നു. ശോഭയാർന്ന കണ്ണുകൾ അടഞ്ഞിട്ടുണ്ട്.
'' മോളെ... കണ്ണുതുറക്കൂ മോളെ. മോളുടെ അച്ഛനല്ലെ വന്നു നിൽക്കുന്നത്. ഒന്നു നോക്കൂ മോളേ.... ''
പൂമാത പിന്നെയും എന്തൊക്കയോ പുലംമ്പികൊണ്ടിരുന്നു.
''ആ കുളത്തിൽ നല്ല അടിയൊഴുക്കുണ്ട്. പിന്നെ ചെളിയും, അതുമല്ല ഇല്ലത്തെ മൂത്ത തിരുമേനിയുടെ വേളിയും മുങ്ങി മരിച്ച കുളമാ.''
'' മോളെ... കണ്ണുതുറക്കൂ മോളെ. മോളുടെ അച്ഛനല്ലെ വന്നു നിൽക്കുന്നത്. ഒന്നു നോക്കൂ മോളേ.... ''
പൂമാത പിന്നെയും എന്തൊക്കയോ പുലംമ്പികൊണ്ടിരുന്നു.
''ആ കുളത്തിൽ നല്ല അടിയൊഴുക്കുണ്ട്. പിന്നെ ചെളിയും, അതുമല്ല ഇല്ലത്തെ മൂത്ത തിരുമേനിയുടെ വേളിയും മുങ്ങി മരിച്ച കുളമാ.''
ആരോ അടക്കം പറയുന്നത്,ദേവൻ കർണ്ണമൂർത്തി കേട്ടു. തനിക്കെന്തേ കരച്ചിൽ വരാത്തത്.?, തന്റെ കണ്ണുകൾ എന്തേ ഈറനണിയാത്തത്? തന്റെ ചുണ്ടുകൾ എന്തേ വിതുമ്പാത്തത്.? കർണ്ണമൂർത്തി ഒന്നിനുമാവാതെ തളർന്നിരുന്നു. പക്ഷെ സ്വന്തം മകളുടെ പട്ടടയിൽ ഓല വെളിച്ചം പകർന്നപ്പോൾ ആ കണ്ണുകളിൽ 'തീ ചാമുണ്ഡിയമ്മ 'യുടെ കനലായിരുന്നു.
'' ചെറിയ തിരുമേനി
ഇപ്രാവിശ്യം 'രക്തജാത 'ന്റ തെയ്യക്കോലം അടിയന് ആഗ്രഹമുണ്ട്. എന്താണെന്നറിയില്ല. ആ തെയ്യക്കോലത്തോടെ എല്ലാം മതിയാക്കണം. ഇനി ആർക്ക് വേണ്ടിയാണ് ചെറിയ തിരുമേനി ഞാൻ...''
ഇപ്രാവിശ്യം 'രക്തജാത 'ന്റ തെയ്യക്കോലം അടിയന് ആഗ്രഹമുണ്ട്. എന്താണെന്നറിയില്ല. ആ തെയ്യക്കോലത്തോടെ എല്ലാം മതിയാക്കണം. ഇനി ആർക്ക് വേണ്ടിയാണ് ചെറിയ തിരുമേനി ഞാൻ...''
വാക്കുകൾ പൂർത്തികരിക്കാൻ ദേവൻ കർണ്ണമൂർത്തിക്ക് കഴിഞ്ഞില്ല. ഇല്ലത്തെ പ്രധാന ഉപാസന മൂർത്തിയാണ് രക്തജാതൻ.പണ്ട് ഇല്ലത്തിന് ശത്രുക്കൾ തീയ്യിട്ടപ്പോൾ ഇല്ലത്ത് നിന്നും സ്വജീവൻ പണയപ്പെടുത്തി തിരുമേനിമാരെയും, പരിവാരങ്ങളേയും രക്ഷിച്ചത് രക്ത ജാതനെന്ന പേരായ കാര്യസ്ഥനാണത്രേ.തന്റെ പ്രാണൻ ത്യജിച്ചും ജീവൻ രക്ഷിച്ച 'രക്തജാതനെ 'ഇല്ലത്തിൽ തന്നെ കുടിയിരുത്തി.
"ഇപ്രാവിശ്യം'രക്തജാതനെ 'കോലം കൊള്ളുന്നത് ദേവൻ കർണ്ണമൂർത്തിയാണത്രേ.... '' കാട്ടൂ തീ പോലെ ആ വാർത്ത നാടുനീളെ പരന്നു. പതിനെട്ടു വർഷത്തിന് ശേഷം ദേവൻ കർണ്ണമൂർത്തി മുഖത്തെഴുതുന്നു. കേട്ടറിവ് മാത്രമുള്ള പുതിയ തലമുറയും, കണ്ടറിഞ്ഞ് വിസ്മയം പൂണ്ട പഴയ തലമുറയും ഇല്ലത്തിലെ തെയ്യത്തറയിലേക്ക് നിർഗ്ഗമിച്ചു. അപൂതപൂർവ്വമായ ജനസാഗരത്തെകണ്ട് എല്ലാവരും അന്ധാളിച്ചു. ദേവൻ കർണ്ണമൂർത്തിയുടെ 'രക്തജാത 'നെ കാണാനും തെയ്യത്തിന്റെ അനുഗ്രഹാശ്ശിസിൽ നിർവൃതി കൊള്ളാനും ഒരോ മൺ തരിപോലും കൊതിച്ചു.
ഇരുപത്തേഴടി നീളത്തിലും ഇരുപത്തിമൂന്നടി വീതിയിലും, ഇരുപത്തൊന്നടി ഉയരത്തിലും പ്ലാവും, കാഞ്ഞിരവും, ഇരൂളും, നെല്ലിയും ചേർത്തുണ്ടാക്കിയ 'നിരിപ്പ്' അഥവ തീ കൂമ്പാരം. രക്തജാതൻ തെയ്യത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ഈ കനലാട്ടം. പണ്ട് കൊടും തീയ്യിൽ നിന്നും ഇല്ലത്തെ തിരുമേനി മാരെ രക്ഷിച്ചതിന്റെ പുനരാവിഷ്ക്കരണം. തെയ്യത്തിന്റെ കൈ പിടിച്ച് ഇല്ലത്തിലെ ഇളയ തിരുമേനി ആ കനലാട്ടം വിലക്കണം എന്നാണ് ചടങ്ങ്. എന്നാൽ അത് വകവെയ്ക്കാതെ രക്ത ജാതൻ തീക്കനലാടണം.
താമരയിതൾ പോലുള്ള തിരുമുടി യേറി, പട്ടുടുത്ത് കണ്ണിൽ രക്തജാതനെ ആവാഹിച്ച് ദിക്കുകൾ പൊട്ടുമാറുച്ചത്തിൽ ഇരമ്പിയാർക്കുന്ന അസുരതാളത്തിൽ കാൽപാദങ്ങൾ ദ്രുതതാളത്തിൽ ചലിപ്പിച്ച് ഇടതുകാലിന്റെ പെരുവിരലിൽ കുത്തി കറങ്ങുകയാണ് ദേവൻ കർണ്ണമൂർത്തി. ആളുകൾ അത് കണ്ട് അറിയാതെ തൊഴുതു പോയി. പതിനെട്ടു വർഷത്തിന് ശേഷവും ദേവൻ കർണ്ണമൂർത്തി ദേവൻ തന്നെയാണ്. തെയ്യക്കോലക്കാരുടെ ദേവൻ.
ഇനിയാണ് ആ പ്രധാനപ്പെട്ട ചടങ്ങ് ,തീക്കനലാട്ടം. തീനിരുപ്പിൽ നിന്നും അഗ്നിനാളങ്ങൾ തിരമാലകളെ പോലെ ആകാശത്തിലേക്കുയർന്നു. ഇളയ തിരുമേനിയുടെ കൈപിടിച്ച് രക്തജാതൻ തീക്കനലിലേക്ക്.
''ചെറിയ തിരുമേനി.....
ഓർക്കുന്നുണ്ടോ എന്റെ മോളെ.. സൂര്യശോഭ മുഖമാർന്ന എന്റെ മോൾ സൂര്യയെ? മുപ്പതടിയാഴത്തിൽ കുത്തിയൊഴുകുന്ന പയസ്വിനി പുഴ ഒറ്റകൈയ്യാൽ നീന്തി കരപറ്റിയ എന്റെ മോൾ.. അവൾ ഇല്ലത്തെ പൊട്ടകുളത്തിൽ മുങ്ങി മരിച്ചല്ലേ....? നാട്ടുകാർ വിശ്വസിക്കും, എന്റെ പൂമാത വിശ്വസിക്കും, ഞാനും, എന്റെ ഉപാസന മൂർത്തിയും വിശ്വസിക്കില്ല. പിച്ചിചീന്തി കുളത്തിൽ താഴ്ത്തിയില്ലേ താൻ. അത് കണ്ട കാര്യസ്ഥൻ വേലായുധന് നാല് പൊൻപണം നൽകി. ഞാൻ കെട്ടിയാടുന്ന മൂർത്തി എന്നെ ചതിക്കില്ല. ചാരം മൂടിയ സത്യം ഞാൻ അറിഞ്ഞിട്ട് തന്നയാ പതിനെട്ട് വർഷത്തിന് ശേഷവും ഈക്കോലം തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത്. നിന്റെ അവസാനം എന്റെ കൈയ്യാൽ തന്നെ, എന്റെ മോൾക്ക് നൽകുന്ന പിതാവിന്റെ തർപ്പണം......''
''ചെറിയ തിരുമേനി.....
ഓർക്കുന്നുണ്ടോ എന്റെ മോളെ.. സൂര്യശോഭ മുഖമാർന്ന എന്റെ മോൾ സൂര്യയെ? മുപ്പതടിയാഴത്തിൽ കുത്തിയൊഴുകുന്ന പയസ്വിനി പുഴ ഒറ്റകൈയ്യാൽ നീന്തി കരപറ്റിയ എന്റെ മോൾ.. അവൾ ഇല്ലത്തെ പൊട്ടകുളത്തിൽ മുങ്ങി മരിച്ചല്ലേ....? നാട്ടുകാർ വിശ്വസിക്കും, എന്റെ പൂമാത വിശ്വസിക്കും, ഞാനും, എന്റെ ഉപാസന മൂർത്തിയും വിശ്വസിക്കില്ല. പിച്ചിചീന്തി കുളത്തിൽ താഴ്ത്തിയില്ലേ താൻ. അത് കണ്ട കാര്യസ്ഥൻ വേലായുധന് നാല് പൊൻപണം നൽകി. ഞാൻ കെട്ടിയാടുന്ന മൂർത്തി എന്നെ ചതിക്കില്ല. ചാരം മൂടിയ സത്യം ഞാൻ അറിഞ്ഞിട്ട് തന്നയാ പതിനെട്ട് വർഷത്തിന് ശേഷവും ഈക്കോലം തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത്. നിന്റെ അവസാനം എന്റെ കൈയ്യാൽ തന്നെ, എന്റെ മോൾക്ക് നൽകുന്ന പിതാവിന്റെ തർപ്പണം......''
ചെറിയ തിരുമേനിയുടെ കൈകൾ കൂട്ടി ചേർത്ത് ആർത്തലച്ചുലഞ്ഞ് കത്തുന്ന തീ കൊട്ടാരത്തിലേക്ക് 'രക്തജാതന്റ ' കനലാട്ടം..
James
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക