Slider

“നിങ്ങൾ മാവേലി ആയാൽ “എന്ന വിഷയത്തെ ആസ്പദമാക്കി എഴുതിയ രചന..

0
“നിങ്ങൾ മാവേലി ആയാൽ “എന്ന വിഷയത്തെ ആസ്പദമാക്കി എഴുതിയ രചന..
ദൂരെ നിന്നും “സ്പടിക:ത്തിലെ ലാലേട്ടനെ പോലെ ചുവന്ന ഷർട്ടും മടക്കി കുത്തിയ മുണ്ടുമുടുത്ത് ഒരാൾ! മുണ്ടിനെക്കാൾ നീളത്തിൽ അടിയിൽ കറുത്ത നിക്കർ.. അക്രമം കണ്ടാൽ മുണ്ടു പറിച്ചു കരണത്തടിക്കാൻ തന്നെ എന്ന് കണ്ടാലറിയാം.
മുഖത്തെ കള്ള ലക്ഷണം മറക്കാൻ വലിയൊരു കൂളിംഗ് ഗ്ലാസും(റേ ബാൻ തന്നെയാവും ) വെച്ചിട്ടുണ്ട്.. ആൾ അടുത്തെത്തിയപ്പോൾ എന്റെ നല്ല ഛായ !
“കർത്താവെ ഞാൻ എന്താ ഈ വേഷത്തിൽ “... അറിയാതെ ഉറക്കെ വിളിച്ചു പോയി
കർത്താവ് ഉടനെ പ്രത്യക്ഷപ്പെട്ടു.. “സാനി, ഓണം വരികയല്ലേ ?ഈ ദിനം നീ മാവേലിയായി നാട് കാണൂ.. നാടിനു വേണ്ടി എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്ക്..”
“ എന്നാലും കർത്താവെ.. നീ തന്നെ ഇതു ചെയ്യണം. എന്നെ മാവേലിയാക്കാൻ ശ്രീ കൃഷ്ണനോ ശ്രീ രാമനോ അല്ലെ വരേണ്ടത് ?” ഞാൻ സംശയ രൂപത്തിൽ കർത്താവിനെ നോക്കി.. ( എനിക്ക് സാരി മതിയായിരുന്നു .ശീമാട്ടിയിലോ ജയാ ലക്ഷ്മിയിലോ ചെന്നാൽ അടിപൊളി സാരി കിട്ടിയേനെ ..മാവേലി സാരി ഉടുത്തു കൂടാ എന്നില്ലല്ലോ)
കർത്താവിനും നല്ല മത സൗഹാർദ്ദം !
എന്റെ ആത്മ ഗതം മനസിലാക്കി കർത്താവ് പറഞ്ഞു-“ ഓർക്കു വെറും 24 മണിക്കൂർ മാത്രം ... 12 മണിക്കൂർ പോത്തു പോലെ ഉറങ്ങുന്ന നിനക്ക് ഈ സമയം വളരെ കുറവാണു. അത് കൊണ്ട് വേഗം വിട്ടോ..”
എന്നാലും കർത്താവെ ... ഞാൻ കർത്താവിനെ തിരിഞ്ഞു നോക്കി മുണ്ടു മടക്കി ഓടി തുടങ്ങി.. ഓടിയ ഓട്ടത്തിൽ കണ്ടു ഒരു ചുവന്ന ആന ബസ്.. ബസിൽ പോവുന്നത് തന്നെ നല്ലതു.. നടന്നാൽ എന്ത് മാത്രം നടക്കും ?
കുറച്ചു അകലെയായി ബസ് നിർത്തി. എല്ലാവരുമെന്നെ തുറിച്ചു നോക്കുന്നുണ്ട്.. സാരമില്ല .. മാവേലിയായി ഒന്ന് വിലസിയിട്ടു തന്നെ കാര്യം....
പെട്ടെന്നാണ് മുന്നിൽ നിന്നും ഒരൊച്ച.. “ചേട്ടാ ഒന്ന് നിർത്തു .. പ്ളീസ് “
നോക്കിയപ്പോൾ ഒരു പത്തു നാൽപതു വയസുള്ള ചേച്ചി ഡ്രൈവറുടെ അടുത്ത് കെഞ്ചുന്നു..
“ രാവിലെ പുറത്തു നിന്ന് കഴിച്ചതിന്റെയ .. വയറിനു സുഖമില്ല ഒന്ന് നിർത്തു.. പ്ളീസ്”
“ എന്റെ ചേച്ചി.. നിർത്തിയാലും നിങ്ങളിതെവിടെ പോവാൻ.. ഒരു ടോയ്ലറ്റ് കാണാൻ ആലപ്പുഴ വരെ പോവണം. സമാധാനമായി ഇരിക്ക്..”
“ അയ്യോ..” ചേച്ചി സീറ്റിലിരുന്നു ഞെളിയുന്നു. പിരിയുന്നു.. എനിക്ക് വിഷമം തോന്നി. ശരിയാണ്.. പാവം സ്ത്രീകൾ.. ദീർഘ ദൂര യാത്രയിൽ ഇതൊരു പ്രശനം തന്നെ.. സ്ത്രീകളിലെങ്കിൽ എന്ത് ലോകം.. ഇവർക്ക് വേണ്ടി വഴിവക്കിൽ വൃത്തിയുള്ള ശുചി മുറികൾ പണിതിട്ട് തന്നെ കാര്യം..... ഞാനെന്ന മാവേലി തീരുമാനിച്ചു... (പുരുഷന്മാർക്ക് ഇതു ബാധകമല്ല .ഏതു വഴിവക്കിലും അവർ കാര്യം സാധിക്കും.. അതും നിർത്തിയിട്ടു തന്നെ കാര്യം.. സ്ത്രീകൾക് പാടില്ലാത്തതു പുരുഷന്മാർക്കും വേണ്ട.. അല്ലെങ്കിൽ തന്നെ നമ്മുടെ കേരളം നമുക്ക് വൃത്തിയാക്കണ്ടേ ? )
ആദ്യത്തെ തീരുമാനം ഏതാണ്ടൊരു തീരുമാനത്തിലെത്തിയപ്പോൾ ഇനിയെന്ത് എന്ന മട്ടിൽ ഒന്നു ചുറ്റും നോക്കി...അടുത്തിരിക്കുന്നയാളുടെ വർത്തമാന പത്രത്തിൽ വാർത്ത " പ്രമുഖ നടന്റെ ജാമ്യാപേക്ഷ നാളെ "
ഇതാണ് സ്ത്രീകൾ നേരിടുന്ന വേറൊരു വലിയ പ്രശ്നം. പീഡനം. സത്യത്തിൽ ശരിയായ ശിക്ഷ കൊടുക്കാത്തതിനാൽ അല്ലെ ഈ പീഡനങ്ങൾ വർധിക്കുന്നത്.. ഇവർക്കൊക്കെ ഫഹദ് ഫാസിൽ “ 22 ഫീമെയിൽ കോട്ടയം “ എന്ന ചിത്രത്തിൽ കിടക്കുന്ന ആ കിടപ്പുണ്ടല്ലോ.. അത് തന്നെ ശിക്ഷ. മാവേലി ഉറപ്പിച്ചു. ഒരു തരം ..രണ്ടു തരം..
രണ്ടു സുപ്രധാന തീരുമാനങ്ങളെടുത്ത മാവേലി ബസിന്റെ സീറ്റിൽ ചാരിയിരുന്നു.. മുകളിലെ സ്റ്റാൻഡിൽ പലതരത്തില് പച്ചക്കറികൾ.. ഓ.. ഓണമടുത്തല്ലോ ..മാർക്കറ്റിൽ ഓണത്തിനായുള്ള പച്ചക്കറികൾ എത്തി കഴിഞ്ഞു. ഇതു കഴിച്ചു കേരളത്തിൽ എത്ര പേര് രോഗികളാവും ?
വിഷമില്ലാത്ത പച്ചക്കറികളും ഭക്ഷ്യ വസ്തുക്കളുമാണ് ഇനി മാവേലിയുടെ സ്വപ്നം.. അതെന്താണെന്നു വെച്ചാൽ അടുക്കളയിൽ നിന്നാണ് നമ്മുടെആരോഗ്യം.. ..
വീട്ടിലുള്ളവർക്കു ആരോഗ്യമുണ്ടായാൽ സമൂഹം ആരോഗ്യമുള്ളവരാകും.. അങ്ങനെ ലോകത്തിൽ മൊത്തം ആരോഗ്യം വിളയാടും .മാവേലി മന്ദഹസിച്ചു..
“ ലോക സമസ്ത സുഖിനോ.....”
ചുണ്ടുകൾ ഉച്ചരിക്കാൻ തുടങ്ങിയപ്പോൾ ഒരു അപശബ്ദം.. “ സൂര്യൻ ഉച്ചിയിൽ വന്നുദിച്ചു. അവളുടെ ഒരുറക്കം. പോയി ചായ എടുക്കെടി “
ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു...അടുക്കളയിലേക്ക് ഓടി.. നമ്മുക്ക് ഈ അടുക്കള തന്നെ ശരണം..... തത്കാലം ഒരു ചായ ഇട്ടു കൊടുക്കാം. അതാണെന്റ് ആരോഗ്യത്തിനു നല്ലതു.. അത് കഴിഞ്ഞല്ലേ നാട്ടുകാരുടെ ആരോഗ്യം..
അല്ല പിന്നെ!
NB: ഇതാരും ഞാൻ കാണാതെ വേറെ ഗ്രൂപ്പിൽമത്സരങ്ങളിൽ ഇടരുത്. സ്വപ്നമായതിനാൽ സമ്മാനം കിട്ടില്ല** Sanee John.


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo